Latest News

അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയില്‍ യുവ സംവിധായിക കുഞ്ഞില മാസ്സിലാമണിയുടെ സിനിമ ഒഴിവാക്കിയ വിവാദങ്ങള്‍ക്കിടെ കുഞ്ഞിലക്കെതിരെ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്ത് രംഗത്ത്.

കുഞ്ഞില മാസ്സിലാമണിയുടെ അറസ്റ്റില്‍ ചലച്ചിത്ര അക്കാദമിക്ക് പങ്കില്ലെന്ന്
രഞ്ജിത്ത് പറഞ്ഞു. ചെറുകിട നാടകം കൊണ്ട് മേളയുടെ മികവ് കുറയ്ക്കാനാവില്ലെന്ന് രഞ്ജിത്ത് വിമര്‍ശിച്ചു. കുഞ്ഞിലയുടേത് ‘വികൃതി’യെന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പരിഹസിച്ചു.

കുഞ്ഞിലയുടെ സിനിമ അസംഘടിതര്‍ പ്രദര്‍ശിപ്പിക്കാത്തതില്‍ ചലച്ചിത്ര അക്കാദമിയുടെ വിശദീകരണത്തില്‍ കുഞ്ഞില പ്രതികരിച്ചിരുന്നു. ഒ.ടി.ടി റിലീസ് ചിത്രങ്ങള്‍ രാജ്യാന്തര വനിതാ ചലച്ചിത്രോത്സവ വേദിയില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയില്ലെന്നാണ് അക്കാദമി പറയുന്നത്.

അങ്ങനെയെങ്കില്‍ സുധ കൊങ്ങര പ്രസാദിന്റെ ‘സൂരരൈ പോട്ര്’ അടക്കമുള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് എങ്ങനെയെന്ന് മാസിലാമണി ചോദിച്ചിരുന്നു.

കുഞ്ഞില മാസിലാമണിയുടെ സിനിമ ഒഴിവാക്കിയത് പുതിയ സിനിമകള്‍ക്ക് അവസരം നല്‍കാനെന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയി പ്രതികരിച്ചിരുന്നു. ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കുന്നതിനെ സ്വാഗതം ചെയ്യുന്നു.

കുഞ്ഞിലയുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണ്. എന്നാല്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി കുഞ്ഞിലയുടെ സിനിമയായ അസംഘടിതര്‍ ഈ മേളയില്‍ പ്രദര്‍ശിപ്പിക്കില്ല വിധു വിന്‍സെന്റിന്റെ പ്രതിഷേധത്തെ മാനിക്കുന്നുവെന്ന് അജോയി കൂട്ടിച്ചേര്‍ത്തു.

കുറച്ചുനാളുകളായി ഇന്റർവ്യൂകളിലും മറ്റും മോശം സംസാരം കൊണ്ടും പെരുമാറ്റ രീതികൾ കൊണ്ടും വിവാദങ്ങളിൽ പെടുന്ന സംഭവത്തിൽ മാപ്പ് പറഞ്ഞ് ഷൈൻ ടോം ചാക്കോ. ഇത്തരം മോശം പെരുമാറ്റങ്ങൾക്ക് ഒക്കെ കാരണം തന്റെ ചിത്രങ്ങൾ വിജയിച്ചപ്പോഴുണ്ടായ അഹങ്കാരമാണെന്നു ഷൈൻ പറയുന്നു. അതിനെല്ലാം മാപ്പ് ചോദിക്കുന്നു എന്നും ഷൈൻ പറയുന്നു.

ടൊവിനോ തോമസ് നായകനായി എത്തുന്ന ഖാലിദ് റഹ്‌മാൻ ചിത്രം തല്ലുമാലയുടെ ട്രെയ്‌ലർ ലോഞ്ചിങ് വേദിയിലായിരുന്നു ഷൈനിന്റെ പ്രതികരണം. ‘കഴിഞ്ഞ കുറെ നാളുകളായി മോശമായി പെരുമാറികൊണ്ടിരിക്കുന്ന ആളാണ് ഞാൻ. അതിന് കാരണം ഭീഷ്മപർവം, കുറുപ്പ് ഒക്കെ കുറെ ആളുകൾ കാണുകയും അതൊക്കെ ഒരുപാട് പേർക്ക് ഇഷ്ടപെടുകയും ചെയ്തപ്പോൾ എന്റെ ഉള്ളിൽ ഉണ്ടായ അഹങ്കാരമാണ്.’- ഷൈൻ വ്യക്തമാക്കി

ചെയ്യുന്ന വർക്ക് ആളുകൾ അംഗീകരിക്കുമ്പോൾ കിട്ടുന്ന എനർജി മൂലം ഉണ്ടായതാണ് അതൊക്കെ എല്ലാവരും പൊറുക്കണമെന്നും ഷൈൻ പറഞ്ഞു. എനർജി തരുന്നത് പ്രേക്ഷകരാണെന്നും അവരുടെ എനർജിയാണ് എന്നിലൂടെ പുറത്ത് വരുന്നത് എന്നും കാട്ടികൂട്ടലുകൾ അങ്ങനെ സംഭവിച്ചു പോയതാണെന്നും ഷൈൻ പറയുന്നു.

പുറത്തിറങ്ങിയ തല്ലുമാലയുടെ ട്രെയ്ലറിന് വൻ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഓഗസ്റ്റ് 12നാണ് തല്ലുമാല തിയേറ്ററിൽ എത്തുക. ടൊവിനോയാണ് ചിത്രത്തിലെ നായകൻ. ഷൈനും ലുക്മാനും കല്യാണി പ്രിയദർശനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്, ഗാനരചന മുഹ്‌സിൻ പരാരി, എഡിറ്റിങ് നിഷാദ് യൂസഫ്. ചിത്രം ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാനാണ് നിർമ്മിക്കുന്നത്. മുഹ്‌സിൻ പരാരിയും അഷറഫ് ഹംസയും ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.

ജേക്കബ് പ്ലാക്കൻ

ഊ ..ഊ… ചുണ്ടുരുട്ടി ….ഊക്കോടെ …
ഊതി തെളിക്കുന്നു കനൽപ്പൊരികൾ …!
ഉമിതീയിലുരുകിതെളിയുന്നു പൊന്ന് …!
ഊതിക്കാച്ചുന്നു പൊന്നാശാരി യാ മിന്ന് …!

മെല്ലെ മെല്ലെ … ശുദ്ധ ഹൃദയനാം മിടയൻ
ഇല്ലി തണ്ടിലൂതിയൂതി ഗാനാമൃതം പൊഴിക്കെ …!
ഹൃദയ വീണയിൽ മയങ്ങും രഹസ്യ രാഗമാലിക ….
മൃദുവിരലാൽ തൊട്ടുണർത്തുന്നു രസവതിയാളും .!

കാറ്റൂതും സ്വര ഘനരാഗങ്ങളാൽ
പേരാലിനിലകൾ യാദ്യതാളാനുഭൂതിയിലാടവേ …
കുയിൽപ്പാട്ടിലൊരു ചെമ്പകപൂമണംപോൽ
പുലർകാല രശ്മികളോഴുകിപരക്കുമ്പോൾ …!
അസഹ്യമാം തണുപ്പിനുടപ്പെറിഞ്ഞു സഹ്യാദ്രി
ധൂസരകിരണങ്ങളേറ്റുണരവെ …!
ഊതി യൂതി തെളിച്ചൊരു ചെങ്കനലായി
ഊര്‍ധ്വ സ്ഥായിലെത്തുന്നു സൂര്യബിംബവും …!

വാക്കുകൾ കണ്ഠങ്ങളിലുടഞ്ഞവർ വകതേടി
വയലുകൾ തോറും കാവതികാക്കളായിപാറവെ ..!
വെയിൽ വേകുമാ ചേറ്റുമാറിലും മവർ
ഞാറ്റുപാട്ടിനിരടികളിൽ …തീ …മറക്കുന്നു …
ഞാറുപാകുന്നു …! നിര്‍വൃതിനുകരുന്നു …!

വെണ്ണിലാവിൻ മനസ്സുള്ളവരവർതൻ
വിയർപ്പു മണികളാലുട്ടുന്നു നമ്മളെയും …!
ഉള്ളിലവർകിളിർത്തുന്നു ഒലിവിലതളിരുകൾ ..!
ഉലകിഴിയുന്നു പൂക്കതിരിൻ സ്നേഹ പരിമളം …!

ജേക്കബ് പ്ലാക്കൻ

മുന്നോറോളം കവിതകളുടെ രചയിതാവ്. രണ്ട് നാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ച അതുല്യ പ്രതിഭ. ദീപിക ദിനപത്രത്തിൻ്റെ മുൻ സർക്കുലേഷൻ മാനേജർ. ഇപ്പോൾ നോർത്തേൻ അയർലെൻ്റിൽ ലണ്ടൻ ഡെറിയിൽ താമസിക്കുന്നു. കോട്ടയം ജില്ലയിൽ ആർപ്പൂക്കര പ്ലാക്കിൽ കുടുംബാംഗമാണ്.

Phone # 00447757683814

മാത്യൂ ചെമ്പുകണ്ടത്തിൽ

കുറ്റമില്ലാത്ത രക്തത്തെ ഒറ്റിക്കൊടുക്കാൻ യൂദാസിൻ്റെ മുന്നിൽ 30 വെള്ളിക്കാശ് കിലുക്കിക്കാണിച്ചവരുടെ പിൻഗാമികൾ സഭാസമൂഹത്തെ വിഡ്ഡികളാക്കുന്നതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് എറണാകുളം അങ്കമാലി അതിരൂപതയുടെ PRO ഫാ മാത്യൂ കിലുക്കൻ പുറത്തിറക്കിയ പത്രക്കുറിപ്പ്.

ഭൂമിയിടപാട് വിഷയത്തിൽ സീറോ മലബാർ സഭയുടെ അധ്യക്ഷൻ കർദ്ദിനാൾ ജോർജ് ആലഞ്ചേരി പിതാവിന് ക്ളീൻ ചിറ്റ് നൽകി സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. അതിരൂപതയുടെ നേതൃത്വം ഒത്തുകൂടി സത്യവാങ്മൂലത്തെ ഔദ്യോഗികമായി അപലപിച്ചപ്പോൾ, ചില വ്യക്തികളെ മുന്നിൽ നിർത്തി ഇപ്രകാരം ഒരു കേസ് നടത്തിയതിനു പിന്നിൽ തങ്ങൾ ആയിരുന്നു എന്ന് അതിരൂപതാ നേതൃത്വം സമ്മതിക്കുകയായിരുന്നു.

സത്യവാങ്മൂലത്തെ ഔദ്യോഗികമായി അപലപിക്കുന്ന അതിരൂപതാ നേതൃത്യത്തിന് ഉത്തരം പറയാൻ ബാധ്യതയുള്ള നിരവധി ചോദ്യങ്ങളാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. ചില വ്യക്തികളെ മുന്നിൽ നിർത്തി സീറോ മലബാർ സഭയുടെ തകർച്ചയ്ക്ക് വേണ്ടി ഇവിടെ കളിച്ച നാറിയ കളികളെല്ലാം എറണാകുളം അങ്കമാലി അതിരൂപതയുടെ ഔദ്യോഗിക തീരുമാനമായിരുന്നോ ? കോടതി വ്യവഹാരങ്ങൾക്കും കേസു നടത്തിപ്പിനും വേണ്ട സഹായങ്ങൾ ചെയ്തു കൊടുത്തത് നിങ്ങൾ തന്നെ ആയിരുന്നോ ? ചോദ്യങ്ങൾ ഇനിയുമുണ്ട്.

”സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയതിൻ്റെ പേരിൽ ഇൻകം ടാക്സ് ഡിപ്പാർട്ട്മെൻ്റ ആറ് കോടി രൂപയോളം അതിരൂപതയ്ക്ക് പിഴ ചുമത്തി” എന്ന് അതിരൂപത ഔദ്യോഗികമായി പ്രസ്താവിക്കുന്നു. ഇതിൽ എത്ര രൂപയാണ് കാപ്പിറ്റൽ ഗെയിൻ ടാക്സ് അടച്ചത് ? എത്ര രൂപയാണ് പിഴ ചുമത്തിയത് ? രാജ്യത്തെ capital gain tax നിയമപരമായി 30%വരെ നൽകേണ്ടതുണ്ട് എന്നു പറയുമ്പോൾ നിങ്ങൾ നൽകിയ 6 കോടി രൂപയും പിഴ മാത്രമായിരുന്നോ ? അങ്ങനെയെങ്കിൽ ടാക്സ് ഇനത്തിൽ യാതൊന്നും നൽകിയില്ലേ ? ടാക്സ് നൽകാതെ പിഴ മാത്രമേ നൽകിയുള്ളൂ എങ്കിൽ ടാക്സ് ഇളവു ലഭിക്കാൻ എന്തായിരുന്നു കാരണം ?

ഭൂമി വിവാദം ഉണ്ടായ ഉടനേ ഫൈനാൻസ് മാനേജർ ആയിരുന്ന ഫാ. ജോഷി പുതുവയെ മാറ്റി മറ്റൊരു വൈദികന് അതിരൂപതയുടെ സാമ്പത്തിക കാര്യങ്ങമുടെ ചുമതല നൽകിയില്ലേ ? ഭൂമി വിൽപ്നയിലൂടെ അക്കൗണ്ടിലേക്കു വന്ന പണത്തെ സംബന്ധിച്ച വസ്തുതകൾ ആ ഉദ്യോഗസ്ഥൻ മറച്ചു വച്ചതുകൊണ്ടല്ലേ “പിഴ” നൽകേണ്ടി വന്നത് ? അങ്ങനെ നൽകേണ്ടി വന്ന ആറു കോടി രൂപയ്ക്ക് എറണാകുളം -അങ്കമാലി അതിരൂപതയുടെ സാമ്പത്തിക വിഭാഗത്തിനു മാത്രമല്ലേ ഉത്തരവാദിത്വമുള്ളത് ?

കർദ്ദിനാളിനെ ആക്ഷേപിക്കാൻ കിട്ടിയ അവസരങ്ങളെല്ലാം ഉപയോഗിക്കുന്നവർ ഇത്ര വലിയ തുക മാസങ്ങൾക്കു മുമ്പ് പിഴ നൽകിയിട്ടും ഇപ്പോൾ മാത്രമാണ് ഔദ്യോഗികമായി അക്കാര്യം പുറത്തറിയിക്കുന്നത്; ഇത് നിങ്ങളുടെ പ്രകൃതം അറിയുന്നവർക്ക് വിശ്വസിക്കാൻ കഴിയുന്നതല്ല. ഇക്കാര്യം ഇതുവരെ എന്തുകൊണ്ടായിരുന്നു നിങ്ങൾ മൂടിവച്ചത് ?

അതിരൂപതയുടെ പിഴത്തുകയേ സംബന്ധിച്ച വിശദീകരണത്തിൽ വിശ്വാസികൾക്ക് ഇങ്ങനെ നിരവധി സംശയങ്ങളുമുണ്ട്. അതിനാൽ ഇൻകം ടാക്സുകാർ കണ്ടുപിടിച്ച ക്രമക്കേടുകളെ സംബന്ധിച്ച അവർ അതിരൂപതയുമായി നടത്തിയ കത്തിടപാടുകളും അതിനു മറുപടിയായി നിങ്ങൾ നൽകിയ വിശദീകരണങ്ങളും പരസ്യപ്പെടുത്താൻ എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് ധൈര്യമുണ്ടോ ? “പിഴ” ഒടുക്കുവാൻ ടാക്സ് ഡിപ്പാർട്ട്മെൻ്റ് നിർദേശിക്കുന്ന ഓർഡറുകളും കത്തിടപാടുകളും പരിഭാഷയില്ലാതെതന്നെ പ്രസിദ്ധീകരിക്കുവാൻ നിങ്ങൾ തയ്യാറാകണം. തുക യഥാർത്ഥത്തിൽ “പിഴ” ആണോ, അതോ “ടാക്സ്” ആണോ എന്ന് വിശ്വാസികൾക്ക് നേരിട്ട് മനസിലാകുമല്ലോ. KPMG റിപ്പോർട്ട് മലയാളത്തിൽ പരിഭാഷപ്പെടുത്തി പ്രചരിപ്പിച്ചവർക്ക് തൻ്റേടമുണ്ടോ ടാക്സ് ഡിപ്പാർട്ട്മെൻ്റും അതിരൂപതയും നടത്തിയ കത്തിടപാടുകൾ പരിഭാഷപ്പെടുത്തി പ്രചരിപ്പിക്കാൻ ?

കഴിഞ്ഞ അഞ്ചു വർഷങ്ങൾ കൊണ്ട് തങ്ങൾ കെട്ടിപ്പൊക്കിയ നുണയുടെ കൊത്തളങ്ങൾ സത്യത്തിന്റെ മുന്നിൽ തകർന്നു വീഴുന്നതിലുള്ള വിമത വിഭാഗത്തിൻ്റെ മോങ്ങലുകൾ മാത്രമാണ് അതിരൂപതയുടെ PRO ഒപ്പുവച്ച് ഇറക്കിയിരിക്കുന്ന പത്രക്കുറിപ്പ് എന്ന് ആർക്കും ബോധ്യമാകും. പീലാത്തോസിനു മുന്നിൽ നിൽക്കുന്നവൻ കുറ്റക്കാരനാണെന്ന് വിധിക്കുവാൻതക്ക തെളിവുകൾ ഒന്നും ഇല്ലെന്നു ബോധ്യമായപ്പോൾ പുരോഹിതവർഗ്ഗത്തിൻ്റെ അടുത്ത തന്ത്രമായിരുന്ന ജനങ്ങളെ ഇളക്കിവിട്ട് “അവനെ ക്രൂശിക്കുക” എന്ന് വിളിച്ചു പറയിപ്പിക്കുക എന്നത്. നിരപരാധിയെ വെറുതെവിട്ടാൽ “നീ സീസറിന്റെ സ്നേഹിതനല്ല” എന്ന് ആക്രോശിച്ചവരുടെ അധ:പതിച്ച നീതിബോധത്തിൻ്റെ തനിപ്പകർപ്പായിട്ടാണ് സർക്കാർ സത്യവാങ്മൂലത്തെ അപലപിച്ച് അതിരൂപത ഇറക്കിയ പത്രകുറിപ്പിനെയും കാണുന്നത്.

വിമത സംഘത്തിൻ്റെയും PROയുടെയും കിളികളെല്ലാം പറന്നു പോയി എന്നതിൻ്റെ തെളിവായി പത്രക്കുറിപ്പിലെ ഒരു പ്രസ്താവന നോക്കുക: “അതിരൂപതയുടെ ഭരണപരമായ കാര്യങ്ങൾ നൈയാമികമായി നടത്തപ്പെടുന്നത് ആലോചനാ സമിതി, വൈദിക സമിതി, അജപാലന സമിതി എന്നീ കാനോനിക സമിതികളിലൂടെ” ആണെന്നും “ഈ കാനോനിക സമിതികൾ നടത്തിയ സാമ്പത്തിക ക്രമക്കേടുകൾ അന്വേഷണ കമ്മീഷൻ കണ്ടെത്തിയത് കാനോനിക സമിതികൾ ശരിവച്ചു” 😂😆🙃 ഇങ്ങനെയൊക്കെ എഴുതണമെങ്കിൽ നിങ്ങളുടെ മനോനിലയ്ക്ക് കാര്യമായ തകരാറുകൾ സംഭവിച്ചു കാണുമല്ലോ കിലുക്കൻ അച്ചാ ? സുബോധമുള്ളവർ ആരുമില്ലേ ഈ സംഘത്തിൽ ?

കാനോനിക സമിതികൾ ഒരുമിച്ചു ചേർന്നു തീരുമാനിച്ചു നടപ്പാക്കിയെന്ന് പറയുന്ന കാര്യങ്ങൾ ശരിയാണോ എന്നറിയാൻ ആ സമിതികളുടെ തീരുമാനങ്ങൾ വിശ്വാസികളുടെ മുന്നിൽ അവതരിപ്പിച്ചാൽ മാത്രം മതിയാകുമല്ലോ? പിന്നെ എന്തിനാണ് അന്വേഷണ കമ്മീഷനുകൾ തെറ്റുകൾ കണ്ടെത്തിയെന്ന് അവകാശപ്പെടുന്നത്. കമ്മീഷൻ റിപ്പോർട്ടുകളാണോ കാനോനിക സമിതികളുടെ തീരുമാനങ്ങൾ രേഖപ്പെടുത്തിയ മിനുട്സ്കളാണോ സത്യം അറിയാൻ നല്ലതു? ഈ രണ്ട് കാര്യങ്ങളും പരിശോധിച്ചതിന് ശേഷമല്ലേ ഇന്ത്യൻ ശിക്ഷാനിയമം അനുസരിച്ചു കർദ്ദിനാൾ യാതൊരു കുറ്റവും ഭൂമി ഇടപാടിൽ ചെയ്തിട്ടില്ല എന്ന് കേരളാ പോലീസ് രണ്ട് വർഷങ്ങൾ മുൻപ് കോടതിയിൽ റിപ്പോർട്ട് നൽകിയത് ? പരാതിക്കാരനായ വ്യക്തി എന്തുകൊണ്ടാണ് രണ്ട് വർഷം കഴിഞ്ഞിട്ടും ഇതിനെതിരെ protest ഫയൽ ചെയ്യാതിരുന്നത്? “ഈ നീതിമാനിൽ ഞാൻ കുറ്റം ഒന്നും കാണുന്നില്ല എന്ന്” പീലത്തോസ് പറഞ്ഞതിന് സമാനമല്ലേ സംസ്ഥാന പോലീസ് കോടതിയിൽ നൽകിയ റിപ്പോർട്ട്? കിലുക്കന്മാർ ഇതിനെല്ലാം മറുപടി പറയാൻ ബാധ്യസ്ഥനാണ്.

സംശയങ്ങളുടെ പുകമറകൾ തീർത്ത് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നത് അവസാനിപ്പിച്ചു കാനോനിക സമിതികളുടെ മിനുട്സ് പുറത്തു വിടാനും അതോടൊപ്പം ഇൻകം ടാക്സുകാർ കണ്ടുപിടിച്ച ക്രമക്കേടുകളെ സംബന്ധിച്ച കത്തിടപാടുകളും അവരുടെ “പിഴ” ഒടുക്കുവാൻ നിർദേശിക്കുന്ന ഓർഡറുകളും പരിഭാഷ ഇല്ലാതെതന്നെ പ്രസിദ്ധീകരിക്കുവാനും അതിരൂപതയുടെ ഭരണം നിയന്ത്രിക്കുന്നവർ തയ്യാറാവുക. ഇല്ലാത്ത പൂച്ചയെ ഇരുട്ടത്തു തപ്പുന്നവർ മാത്രമേ കോമാളികളാവുകയുള്ളൂ എന്നത് മറക്കേണ്ട.

ബേസിൽ ജോസഫ്

കേരളത്തിന്റെ രുചിയുടെ തലസ്ഥാനമാണ് കോഴിക്കോട് എന്ന് പലരും പറയാറുണ്ട്. പാരഗണിലേയും റഹ്മത്ത് ഹോട്ടലിലേയുമൊക്ക പൊറോട്ടയും കറികളും ബോംബേ ഹോട്ടലിലെ ബീഫ് ബിരിയാണിയും മേമ്പൊടിക്ക് മിൽക്ക് സർബത്തുമൊക്കെയായി കോഴിക്കോടൻ രുചി സാമ്രാജ്യം അങ്ങനെ പരന്നുകിടക്കുകയാണ്. ചൂടുകാലത്ത് കൊച്ചിക്കാർക്കു പ്രിയപ്പെട്ടത് കുലുക്കി സർബത്ത് ആണെങ്കിൽ കോഴിക്കോട്ടുകാർക്ക് അവൽ മിൽക്കിനോടാണ് താത്‌പര്യം. ചൂടുകാലത്ത് വയറുനിറച്ച് ഭക്ഷണം കഴിക്കാൻ ആർക്കും പറ്റില്ല. പക്ഷേ മനസും വയറും നിറയ്ക്കുകയും ശരീരം തണുപ്പിക്കുകയും ചെയ്യുന്ന മാജിക്കാണ് തനി കോഴിക്കോടനായ അവൽമിൽക്ക് കാണിക്കുന്നത്. വിശപ്പും ദാഹവും ഒരുമിച്ചു ശമിപ്പിക്കും. പണ്ട് ജയൻ പുറത്തു ചാക്കുകെട്ടും തലയിൽ ചുവന്ന കെട്ടുമായി നടന്ന അങ്ങാടി സിനിമ ഇറങ്ങിയ കാലത്തുതന്നെ അവൽമിൽക്ക് കോഴിക്കോട്ടുകാരുടെ സൂപ്പർസ്റ്റാറായിരുന്നു. അതായത് പുണ്യപുരാതന കാലം തൊട്ടേ കോഴിക്കോട്ടെ വല്യങ്ങാടിയും മിട്ടായിത്തെരുവിലും പുതിയ സ്റ്റാൻഡിലും കല്ലായിലുമൊക്കെ എല്ലാ കടകളിലും സുലഭമായിരുന്നു കക്ഷി. എന്റെ മംഗലാപുരം -മണിപ്പാൽ പഠന -ജോലി കാലഘട്ടത്തിൽ കോഴിക്കോട് വഴിയുള്ള യാത്രകളിൽ പലപ്പോഴും അവൽ മിൽക്കിന്റെ രുചി അറിഞ്ഞിട്ടുണ്ട് .

ഒരു നീളൻ ഗ്ലാസിൽ അവിൽമിൽക്ക് തയാറാക്കി ഗ്ലാസിന്റെ അങ്ങേയറ്റം വരെ തൊടാൻനീളമുള്ള സ്പൂണുമിട്ട് മുന്നിലേക്കു നീട്ടിയാലുണ്ടല്ലോ, എന്റെ സാറേ…പിന്നെ മുന്നിലുള്ളതൊന്നും കാണാൻ പറ്റൂല…..

ചേരുവകൾ

അവൽ – 50 ഗ്രാം
നെയ്യ് – 2 ടി സ്പൂൺ
ആൽമണ്ട്സ് – 5 എണ്ണം
കശുവണ്ടി – 5 എണ്ണം
ബനാന – 1 എണ്ണം
കണ്ടെൻസ്ഡ്‌ മിൽക്ക് – 1 ടേബിൾ സ്പൂൂൻ
മിൽക്ക് – 100 ml (തിളപ്പിച്ച്‌ ,തണുപ്പിച്ചത്‌ )
ഷുഗർ – 1 ടീസ്പൂൺ
റോസ് സിറപ്പ് – 1/ 2 ടീസ്പൂൺ
വാനില ഐസ് ക്രീം – 1 സ്കുപ്
ഏലക്കാപ്പൊടി- ഒരു നുള്ള്

തയ്യാറാക്കുന്ന വിധം

ഒരു പാനിൽ നെയ്യ് ചൂടാക്കി ആൽമണ്ട്സ്,കശുവണ്ടി (ചെറുതായി പൊടിച്ചിട്ട് ) എന്നിവ വറത്ത് എടുത്ത് മാറ്റി വയ്ക്കുക ,അതെ പാനിൽ അവൽ ഇട്ട് നല്ല ക്രിസ്പി ആവുന്നതു വരെ ഫ്രൈ ചെയ്യുക .ഒരു ചെറിയ മിക്സിങ്ങ് ബൌളിൽ ബനാന മാഷ് ചെയ്ത് അതിലേയ്ക്ക് കണ്ടെൻസ്ഡ്‌ മിൽക്ക് കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്ത്‌ വയ്ക്കുക .തയാറാക്കി വച്ചിരിക്കുന്ന പാലിലേയ്ക് ഷുഗർ ,റോസ് സിറപ്പ് ,ഒരു നുള്ള് ഏലക്കാപ്പൊടി എന്നിവ ചേർത്ത് ഒരു വിസ്ക് കൊണ്ട് നന്നായി മിക്സ്‌ ചെയ്യുക .ഇനി ഒരു നല്ല നീളമുള്ള ഗ്ലാസ്‌ എടുത്ത് അതിലേയ്ക്ക് ആദ്യം ബനാന മാഷ് ചെയ്തു വച്ചത് ഒഴിക്കുക .വറത്തുവച്ച ആൽമണ്ട്സ്,കശുവണ്ടി എന്നിവയിൽ നിന്നും പകുതി എടുത്തു ഇതിന് മുകളിൽ നിരത്തുക . അതിന് മുകളിൽ അവൽ കൂടി ചേർക്കുക .അവൽ മൂടി വരുന്നത്‌ വരെ പാൽ ഒഴിക്കുക .വാനില ഐസ് ക്രീം കൊണ്ട് ടോപ്‌ ചെയ്ത് ബാക്കി വച്ചിരിക്കുന്ന ആൽമണ്ട്സ്,കശുവണ്ടി കൊണ്ട് അലങ്കരിച്ച് സെർവ് ചെയ്യുക. നീളമുള്ള സ്പൂണെടുത്ത് നന്നായി ഇളക്കിചേർത്താൽ നല്ല കിടിലൻ അവൽമിൽക്ക് റെഡി… ഒറ്റവലിക്ക് അകത്താക്കാം എന്നു കരുതരുത്. പതുക്കെ സ്പൂൺ ഉപയോഗിച്ച് ആസ്വദിച്ച് കഴിക്കണം.

ബേസിൽ ജോസഫ്

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

 

 

 

ഡോ. ഐഷ വി

രംഗം : തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് .
തീയതി: 9/7/2022
സമയം: 5 മണി.
പരിപാടി : പുസ്തക പ്രകാശനം.

കഴിഞ്ഞ രണ്ടുവർഷമായി മലയാളം യുകെ . കോമിൽ പ്രസിദ്ധീകരിച്ചു വന്നിരുന്ന ഓർമ്മചെപ്പ് തുറന്നപ്പോൾ എന്ന പംക്തി , ശ്രീ റ്റിജി തോമസിന്റെ സ്നേഹമസൃണമായ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ആദ്യ നൂറ് അധ്യായങ്ങൾ ചേർത്ത് പുസ്തകമാക്കാൻ തീരുമാനിച്ചു. ശ്രീ റ്റിജി തോമസ് തന്നെ പ്രസാധന രംഗത്ത് 3 പതിറ്റാണ്ടോളം പ്രവൃത്തിപരിചയമുള്ള കാർട്ടൂണിസ്റ്റ് ശ്രീ ഒ സി രാജുവിനെ ഏർപ്പാടാക്കി തന്നു. ISBN നമ്പർ എടുക്കുന്നതു മുതൽ പുസ്തകത്തിന്റെ കവർ ഡിസൈൻ, ചില വരകൾ, എഡിറ്റിംഗ് , പ്രിന്റിംഗ് , പ്രിന്റ് ചെയ്ത കോപ്പി എന്റെ വീട്ടിലെത്തിയ്ക്കൽ, പ്രകാശന പരിപാടിയുടെ നോട്ടീസ്, രസീത് ബുക്കിന്റെ പ്രിന്റിംഗ് എല്ലാം ശ്രീ ഒ സി രാജു തന്നെ ചെയ്തു തന്നു. അക്കാര്യത്തിൽ എനിക്ക് യാതൊരു പ്രയാസവും നേരിടേണ്ടി വന്നില്ല. പ്രകാശന ചടങ്ങിനായി തിരുവനന്തപുരം പ്രസ്ക്ലബ് ബുക്കു ചെയ്യുക , വിഡിയോ, ഫോട്ടോ എന്നിവ ഏർപ്പാടാക്കുക എന്നിവ ചെയ്തത് എന്റെ പൂർവ്വ വിദ്യാർത്ഥിയും യുവ കവിയുമായ ശ്രീ അഖിൽ പുതുശ്ശേരിയായിരുന്നു. ചായ , ലഘു ഭക്ഷണം എന്നിവ എന്റെ ഭർത്താവിന്റെ അനുജൻ ശ്രീ സജിലാൽ ഏർപ്പാടാക്കിയിരുന്നു. സ്വീകരണ കമ്മിറ്റിയുടെ നേതൃത്വം എന്റെ സഹോദരൻ അനിൽ കുമാറും കുടുംബവും ഏറ്റെടുത്തു. ചില വിശിഷ്ടാഥിതികളെ ക്ഷണിക്കുക പുസ്തകങ്ങൾ അവർക്ക് പരിചയപ്പെടാനായി എത്തിക്കുക എന്നിവയും എന്റെ സഹോദരൻ ഏറ്റെടുത്തു. എന്റെ ഭർത്താവ് ബി ശ്യാംലാൽ വിശിഷ്ടാഥിതികളേയും സഹൃദയരേയും ക്ഷണിയ്ക്കുന്നതിൽ മുൻകൈയെടുത്തു. രചനകൾ വരകൾ കൊണ്ടനശ്വരമാക്കിയ അനുജ സജീവിനേയും ഒസി രാജുവിനേയും പുസ്തക പ്രകാശന ചടങ്ങിൽ എത്തിക്കാമെന്ന് ശ്രീ റ്റിജി തോമസ് സർ പറഞ്ഞിരുന്നു.

പ്രകാശന ദിവസം 2 മണിയോടുകൂടി ഞങ്ങൾ കൊല്ലം ചിറക്കരയിലെ വീട്ടിൽ നിന്നിറങ്ങി. ഞങ്ങളുടെ വാർഡ് മെമ്പർ ശ്രീമതി സജില റ്റി ആർ ഞങ്ങളോടൊപ്പം തിരുവനന്തപുരത്തേയ്ക്ക് യാത്ര തിരിച്ചു. ഞങ്ങളുടെ കാർ ആറ്റിങ്ങൽ പൂവൻപാറ പാലത്തിനടുത്തു നിന്ന് വലതു സർവ്വീറോഡിലിറങ്ങി ശിവക്ഷേത്രം റോഡിലേയ്ക്ക് തിരിഞ്ഞ് റോസ് ഗാർഡനിലെത്തി. നവതിയിലെത്തിയ ഊർജ്ജ്വസ്വലനായ കവി ശ്രീ ആറ്റിങ്ങൽ ദിവാകരൻ സാറിന്റെ വസതിയാണ് റോസ് ഗാർഡൻ . കൊറോണക്കാലം മുഴുവൻ വീട്ടിലിരിക്കേണ്ടി വന്ന കവി ഉത്സാഹഭരിതനായി പരിപാടികളിൽ മുഴുവൻ സമയം പങ്കെടുക്കാൻ തയ്യാറാണെങ്കിലും പുറത്തു പോകുന്നതിൽ അദ്ദേഹത്തിന്റെ മക്കൾ ചില വിലക്കുകൾ ഏർപ്പെടുത്തിയിരുന്നു. എന്നിട്ടും അദ്ദേഹം കൊറോണക്കാലത്ത് മാറ്റത്തിന്റെ മാറ്റൊലികൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. ഞങ്ങൾ അദ്ദേഹത്തെ വിളിക്കാൻ പോകുന്നതിനിടയിൽ തിരുവനന്തപുരത്ത് താമസിക്കുന്ന അദ്ദേഹത്തിന്റെ മകൾ രേഖ എന്നെ വിളിച്ചു അച്ഛന് പുസ്തകം നൽകി പ്രകാശനം കഴിഞ്ഞാലുടൻ ഞാൻ ഞങ്ങളുടെ വീട്ടിലേയ്ക്ക് കൊണ്ടു പൊയ് ക്കോളാം. അച്ഛൻ വിശ്രമിക്കട്ടെ . നിങ്ങൾ തിരികെ പോകുമ്പോൾ വിളിച്ചു കൊണ്ടുപോയാൽ മതി എന്നായിരുന്നു നിർദ്ദേശം.

ഞങ്ങൾ റോസ് ഗാർഡനിലെത്തിയപ്പോൾ വളരെ കൃത്യനിഷ്ഠയുള്ള മുൻ ചീഫ് എഞ്ചിനീയറായിരുന്ന ശ്രീ ആറ്റിങ്ങൽ ദിവാകരൻ എന്ന കവി തയ്യാറായി നിൽപ്പുണ്ടായിരുന്നു. അദ്ദേഹം ഞങ്ങളുടെ കാറിൽ കയറാൻ വന്നപ്പോൾ അദ്ദേഹത്തിന്റെ പൗത്രൻ , മുതുമുത്തശ്ശൻ വീട്ടിൽ നിന്നും പോകുന്നതിലുള്ള അതൃപ്തി ഒരു കരച്ചിലിലൂടെ രേഖപ്പെടുത്തി. റോസ് ഗാർഡനിൽ നിന്നും വണ്ടി വിട്ടപ്പോൾ ഞാൻ അദ്ദേഹത്തിന്റെ പ്രിയ പുത്രി രേഖ പറഞ്ഞ കാര്യം സൂചിപ്പിച്ചു. അത് അദ്ദേഹത്തിന് അംഗീകരിക്കാൻ ബുദ്ധിമുട്ടായിരുന്നു. പരിപാടി മുഴുവൻ കാണണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. കാര്യങ്ങൾ മാറ്റിവയ്ക്കാതെ അപ്പപ്പോൾ ചെയ്യുന്ന കവിയെ എന്റെ പുസ്തകത്തിന്റെ സ്വീകർത്താവായി കിട്ടിയതിൽ എനിക്കഭിമാനം തോന്നി. അതു മാത്രമല്ല അഭിമാനിക്കാൻ കാരണം. അദ്ദേഹം ആറോളം കാവ്യസമാഹാരങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. നല്ല വൃത്തവും താളവും ആശയവും കാലിക പ്രസക്തിയുമുള്ള കവിതകൾ. അദ്ദേഹത്തിന്റെ കൃതികളിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് അദ്ദേഹം ശ്രീ നാരായണ ഗുരുവിന്റെ സംസ്കൃത ശ്ലോകങ്ങളിൽ എഴുതിയ ” ദർശനമാല”യ്ക്ക് നൽകിയ തത്തുല്യ മലയാള തർജ്ജമയും വ്യാഖ്യാനവുമാണ്. ഈ കൃതി മലയാള ഭാഷയ്ക്ക് വളരെയേറെ മുതൽ കൂട്ടാണ്. ഇക്കാലത്ത് മലയാളത്തിൽ വളരെ പാണ്ഡിത്യമുള്ളവർ പോലും ചെയ്തിരിയ്ക്കാനിടയില്ലാത്ത അതി സാഹസികത.

വണ്ടി കാര്യവട്ടത്ത് എന്റെ അനുജത്തിയുടെ ക്വാർട്ടേഴ്സിൽ എത്തി. ഒന്ന് വിശ്രമിച്ച് തേനൊഴിച്ച നാരങ്ങാ വെള്ളം കുടിച്ച് ( നല്ല കലോറി നൽകുന്ന ഒന്നാണ് ഈ പാനീയം) ഞങ്ങൾ വീണ്ടും യാത്ര തിരിച്ചു. അനുജത്തിയും കുടുംബവും എന്റെ മകനും അവരുടെ വണ്ടിയിൽ തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ എത്തിച്ചേരാമെന്ന് പറഞ്ഞിരുന്നു. ഞങ്ങൾ പ്രസ്സ് ക്ലബ്ബിന് മുന്നിലെത്തിയപ്പോൾ യുവകവി അഖിൽ പുതുശ്ശേരിയും കുടുംബവും ശ്രീ റ്റിജി തോമസും മക്കളും ശ്രീമതി അനുജയും എന്റെ അച്ഛനും സഹോദരൻ അനിൽ കുമാറും കുടുംബവും അവിടെ എത്തിയിരുന്നു. ശാരീരികാസ് കിതകൾ ഉള്ളതിനാൻ എന്റെ അമ്മ വന്നിരുന്നില്ല. ഡൽഹി യൂണിവേഴ്സിറ്റിയുടെ മിറാന്റ ഹൗസ് കോളേജിൽ പഠിക്കുന്നതിനാൽ എന്റെ മകളും പരിപാടിക്ക് എത്തിയിരുന്നില്ല.

പരിചയപ്പെടുത്തലുകൾക്ക് ശേഷം ഞങ്ങൾ പ്രസ്സ് ക്ലബ്ബ് ഹാളിലേയ്ക്ക് കയറി. വൈകിട്ട് നാലുമണി മുതൽ ഏഴ് മണി വരെയാണ് പ്രസ്സ്ക്ലബ്ബ് ഹാൾ ഞങ്ങൾക്കായി തുറന്ന് തന്നിരുന്നത്. 5 മണിയ്ക്ക് നടത്തേണ്ട പരിപാടി ഞാനും ശ്രീ റ്റിജി തോമസും എന്റെ സഹോദരനും ശ്രീ റ്റിജി തോമസിന്റെ മക്കളും കൂടി ഒന്നുകൂടി പ്ലാൻ ചെയ്തു. സ്റ്റേജിൽ കസേരകളുടെ വിന്യാസം , സ്വീകരിക്കുന്ന പൂക്കളോടൊപ്പം ശ്രീ ആറ്റിങ്ങൽ ദിവാകരൻ സാർ കൊണ്ടുവന്ന അദ്ദേഹത്തിന്റെ പുസ്തകങ്ങൾ വിശിഷ്ടാഥിതികൾക്ക് കൊടുക്കുന്ന കാര്യം, ഈശ്വരപ്രാർത്ഥന അങ്ങനെ നേരത്തേയുള്ള അജണ്ടയിലില്ലാത്ത പലതും അപ്പോൾ ചർച്ച ചെയ്തു. അപ്പോഴേയ്ക്കും അധ്യക്ഷ പദവി അലങ്കരിക്കേണ്ട പി ബുക്സ് കോ ഓർഡിനേറ്റർ ശ്രീമതി പിങ്കിയെത്തി. പിന്നെ പിങ്കിയും ആ ചർച്ചയിൽ പങ്കെടുത്ത് ചർച്ച അതിന്റെ പൂർണ്ണതയിലെത്തിച്ചു.

സമയം 5 മണിയായപ്പോഴേയ്ക്കും വിശിഷ്ടാതിഥിയും ഉത്ഘാടകനുമായ ശ്രീ വിനോദ് വൈശാഖി എത്തി. കവി, ഹയർ സെക്കന്ററി അധ്യാപകൻ, നിരവധി പുരസ്ക്കാര ജേതാവ് , വൈലോപ്പള്ളി സംസ്കൃതിഭവന്റെ മുൻ ചെയർമാൻ എന്നീ നിലകളിൽ തിളങ്ങിയ വ്യക്തിത്വമാണ്. അദ്ദേഹമിപ്പോൾ മലയാളം മിഷന്റെ രജിസ്ട്രാർ ആണ്. ലോക രാഷ്ട്രങ്ങളിലുള്ള മലയാളികളുടെ മാതൃഭാഷാപ്രാവീണ്യം വർദ്ധിപ്പിക്കുന്നതിനായി പാഠ്യപദ്ധതികൾ രൂപപ്പെടുത്തുന്ന ചുമതല മലയാളം മിഷനാണ്. അങ്ങനെ കാതലായ ഒരു സ്ഥാപനത്തിന്റെ രജിസ്ട്രാറെ നമുക്ക് ഉത്ഘാടകനായി ലഭിച്ചതിൽ നമുക്കഭിമാനിക്കാം. അധികം താമസിയാതെ ആശംസയറിയിക്കേണ്ട ശ്രീ ഷാജി സേനൻ എത്തി ചേർന്നു. അദ്ദേഹം കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ റിട്ട. ഡപ്യൂട്ടി രജിസ്ട്രാറാണ്. അപൂർണവിരാമങ്ങൾ എന്ന കവിത , ഹയർ സെക്കന്ററി പഠനം സംബന്ധിച്ച ഒരു ഹാന്റ് ബുക്ക് , ഒരു ഇംഗ്ലീഷ് നോവൽ തർജ്ജമ തുടങ്ങിയവയുടെ രചയിതാവാണ് അദ്ദേഹം. ശ്രീ കുര്യച്ചൻ റ്റി ഡി യും എത്തി ചേർന്നു. ഐ എച്ച് ആർഡിയുടെ പ്രൊഡക്ഷൻ ആന്റ് മാനേജ്മെന്റ് ഡിവിഷന്റെ കോ ഓർഡിനേറ്ററും ഐ എച്ച് ആർഡി എംപ്ലോയിസ് യൂണിയന്റെ സാംസ്കാരിക കമ്മിറ്റി കൺവീനർ, വൈസ് പ്രസിഡന്റ് സർവ്വോപരി നവ മാധ്യമങ്ങളിൽ കവിതകൾ കുറിയ്ക്കുന്ന വ്യക്തിത്വവുമാണ് ശ്രീ കുര്യച്ചൻ. ആശംസകളർപ്പിക്കാനെത്തിയ ശ്രീ അഖിൽ പുതുശ്ശേരി എന്റെ പ്രിയ ശിഷ്യനാണ്. നിഴൽ കുപ്പായം, സ്വപ്നം കൊണ്ടെഴുതിയ ഒസൃത്ത് , മാമ്പൂവ് എന്നീ കവിതാ സമാഹാരങ്ങളുടെ രചയിതാവാണ്. കൂടാതെ ഒരു നോവലിന്റെ പണിപ്പുരയിലുമാണ് അഖിൽ. സിവിൽ സർവ്വീസിന് തയ്യാറെടുക്കുന്ന അഖിൽ സി എസ് ഐ ആറിൽ ജോലി ചെയ്യുന്നു.

എന്റെ അനുജത്തിയുo , യൂണിവേഴ്സിറ്റി ഓഫ് കേരളയുടെ സാമ്പത്തിക വിഭാഗം മേധാവിയുമാണ് ഡോ. അനിത വി. തന്റെ നിരവധി വിദ്യാർത്ഥികളുടെ കാലിക പ്രാധാന്യമുള്ള ലേഖനങ്ങൾ മലയാളം യുകെ കോമിൽ പ്രസിദ്ധീകരിക്കാൻ ഡോക്ടർ അനിത വി മുൻ കൈയെടുത്തിട്ടുണ്ട്. ശ്രീ ആർ രാധാകൃഷ്ണൻ സർ മികച്ച അധ്യാപകനുള്ള രാഷ്ട്രപതിയുടെ പുരസ്കാരം ലഭിച്ച വ്യക്തിത്വമാണ്. കൃത്യം 5 മണിയ്ക്ക് തന്നെ പരിപാടി ആരംഭിച്ചു. അഞ്ജു റ്റിജി ഓർമ്മചെപ്പിന്റെ ഒരു ചെറു വിവരണം അവതരിപ്പിച്ച് വിശിഷ്ടാഥിതികളെ സ്റ്റേജിലേക്കാനയിച്ചു.

എല്ലാവരും അവരവരുടെ ഇരിപ്പിടങ്ങളിൽ ആസനസ്ഥരായപ്പോൾ യോഗാധ്യക്ഷ ശ്രീമതി പിങ്കി എസ് ഈശ്വര പ്രാർത്ഥനയ്ക്കായി അനു റ്റിജിയെ  ക്ഷണിച്ചു. മാധുര്യമാർന്ന സ്വരത്തിലുള്ള പ്രാർത്ഥന എല്ലാവരും ഏഴുന്നേറ്റ് നിന്ന് ഐശ്വര്യ പൂർണ്ണമാക്കി. ഓർമ്മ ചെപ്പ് എന്നും റ്റിജി സാറിന്റെ കൈകളിലായിരുന്നു ആദ്യമെത്തിയിരുന്നത്. അദ്ദേഹം ഓർമ്മചെപ്പിനെ പറ്റി ആദ്യാന്ത്യാവലോകനം നടത്തിയ ശേഷം എല്ലാവർക്കും സ്വാഗതമാശംസിച്ചു. ശേഷം പിങ്കിയും ഓർമ്മ ചെപ്പിനെ പറ്റി സുദീർഘമായ അദ്ധ്യക്ഷ പ്രസംഗം നിർവ്വഹിച്ചു . പിന്നെ ഉത്ഘാടകന്റെ ഊഴമായിരുന്നു. അദ്ദേഹം ശ്രീ ആറ്റിങ്ങൽ ദിവാകരൻ സാറിന് പുസ്തകം കൈമാറി പ്രകാശന കർമ്മം പ്രകാശമാനമാക്കി. പിന്നെ അര മണിക്കൂറിലധികം അദ്ദേഹം ഉത്ഘാടന പ്രസംഗം നടത്തി. ഞാൻ തപാലിലയച്ച് തലേന്ന് അദ്ദേഹത്തിന്റെ കൈയ്യിൽ കിട്ടിയ പുസ്തകം അദ്ദേഹവും പ്രിയ പത്നിയും കൂടി രാത്രി ഒരു മണി വരെയും പിന്നെ വെളുപ്പാൻ കാലത്തും വായിച്ചു തീർത്തു. വൈജ്ഞാനികവും സാമൂഹികവും ജൈവികവും രാഷ്ട്രീയവുമായ അടിത്തറയുള്ള നാലു തൂണുകളിലാണ് ഓർമ്മചെപ്പ് ഉയർത്തിയിരിക്കുന്നതെന്ന് അദ്ദേഹം പ്രസംഗമധ്യേ അടിവരയിട്ടു പറഞ്ഞു. അധ്യായങ്ങളിലൂടെ കടന്നുപോയപ്പോൾ കിട്ടിയ കാതലായ അംശത്തെയെല്ലാം അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ശൈലിയിൽ വിവരിച്ചു. ചിലവയ്ക്ക് അദ്ദേഹത്തിന്റെ കാവ്യഭാവന ചിറകുവിരിച്ചുയർന്ന് പുതിയ മാനം നൽകിയത് വേദിയിലും സദസ്സിലുമിരുന്ന സഹൃദയർ വളരെയധികം ആസ്വദിച്ചു.

പ്രസംഗാന്ത്യം അദ്ദേഹത്തിനും ശ്രീ ആറ്റിങ്ങൽ ദിവാകരനും ഞാനും റ്റിജി സാറും കൂടി പൊന്നാടയണിയിച്ച് ആദരിച്ചു. തുടർന്ന് ശ്രീ ആറ്റിങ്ങൽ ദിവാകരൻ രചയിതാവിന് ആശംസകൾ നേർന്ന് സംസാരിച്ചു. പിന്നെ ശ്രീ ആർ രാധാകൃഷ്ണന്റെ ഊഴമായിരുന്നു. അദ്ദേഹം ഞങ്ങളെ മൂല്യബോധമുള്ളവരാക്കി വളർത്തിയ മാതാപിതാക്കളെ അഭിനന്ദിച്ചു. പിന്നെ ശ്രീ ഷാജി സേനൻ ഓർമ്മ ചെപ്പിലെ ഓരോ കഥാതന്തുവും ഒരു നോവലിന് സ്കോപ്പുള്ളതാണെന്നും രചയിതാവ് അതിനു വേണ്ടി ശ്രമിക്കണമന്നും ഉത്ബോധിപ്പിച്ചു. വാർഡ് മെമ്പർ ശ്രീമതി സജില എന്റെ വിവാഹ ദിനത്തിൽ അമിതാഭരണങ്ങൾ അണിയാതെ ഒറ്റ മാല മാത്രം അണിഞ്ഞത് മറ്റുള്ളവർക്കും അനുകരിയ്ക്കത്തക്ക കാര്യമാണെന്നും അത്തരം നിലപാടുകൾ സ്ത്രീധന നിരോധനത്തിലേയ്ക്ക് നയിക്കുമെന്നും സൂചിപ്പിച്ചു. ശ്രീ കുര്യച്ചൻ റ്റി ഡി ഐ എച്ച് ആർ ഡിയിലെ എന്റെയും ഭർത്താവിന്റെയും ഔദ്യോഗിക സംഭാവനകളെ കുറിച്ചും കൃഷിയെ കുറിച്ചും സാഹിത്യത്തെ കുറിച്ചും സൂചിപ്പിച്ചു. എന്റെ സഹോദരി ഡോക്ടർ അനിത വി എന്റെ നല്ല വിമർശകയാണെന്നും തന്റെ വിദ്യാർത്ഥികളോട് സാമ്പത്തിക കാര്യങ്ങൾ പരാമർശിക്കുന്ന ഏത് സാഹിത്യ സൃഷ്ടിയും വായിക്കണമെന്ന് സൂചിപ്പിക്കാറുണ്ടെന്നും പറഞ്ഞു. എന്റെ അനുജത്തിയായി ജനിച്ചതിൽ അഭിമാനമുണ്ടെന്നും സൂചിപ്പിച്ചു. അവസാനം എന്റെ കൃതജ്ഞതാപ്രസംഗത്തിലൂടെ ചടങ്ങിന് വിരാമമിട്ടു.

അങ്ങനെ സുദീർഘമായ രണ്ട് മണിക്കൂറിലധികം ചടങ്ങ് നിറഞ്ഞ സദസ്സിനെ പിടിച്ചിരുത്തി. ഇതിനിടെ ലഘു ഭക്ഷണവും ചായയും വിതരണം ചെയ്തിരുന്നു. സഹൃദയരിൽ ചിലർ പുസ്തകങ്ങൾ വാങ്ങി രചയിതാവിന്റെ കൈയ്യൊപ്പും വാങ്ങിപ്പോയി. ബന്ധുക്കളും വിശിഷ്ടാഥിതികളും സഹൃദയരും ചേർന്ന് നിന്ന് ഫോട്ടോകൾ എടുത്തു . മാതൃഭൂമി റിപ്പോർട്ടറും കൈരളി ചാനലും ദൃശ്യങ്ങൾ പകർത്തി. കൂടാതെ സ്വകാര്യ വീഡിയോഗ്രഫി ഫോട്ടോഗ്രഫി എന്നിവയും ഉണ്ടായിരുന്നു. അങ്ങനെ ഹാളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒതുക്കിയ ശേഷം ഞങ്ങൾ വീട്ടിലേയ്ക്ക് തിരിച്ചു. അങ്ങനെ നമ്മൾ ഒരു ലക്ഷ്യം നേടാൻ തീരുമാനിച്ചു കഴിഞ്ഞാൽ ഈ പ്രപഞ്ചം മുഴുവൻ കൂടെയുണ്ടാകുമെന്ന പൗലോ കൊയ് ലോയുടെ ദി ആൽക്കെമിസ്റ്റിലെ വാചകം അന്വർത്ഥമായി.

പുസ്തകം:-

ഓർമ്മചെപ്പ് തുറന്നപ്പോൾ

രചന :ഡോ. ഐഷ വി

പ്രസിദ്ധീകരണം: അപ്പാസ് വിസ് ഡം പബ്ലിക്കേഷൻസ് ( സ്വയം പ്രസിദ്ധീകരിച്ചു.)

വില ₹400/-

ഗൂഗിൾ പേ ഫോൺ: 9495069307

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

       

ബി​ഗ് ബോസ് സീസൺ(Bigg Boss) നാലിലെ ഏറെ ശ്രദ്ധനേടിയ മത്സരാർത്ഥികളായിരുന്നു ദിൽഷയും(Dilsha) റോബിനും ബ്ലെസ്ലിയും. മൂവരും തമ്മിലുള്ള സൗഹൃദം ബി​ഗ് ബോസ് വീടിനകത്തും പുറത്തും ഏറെ ചർച്ചയായിരുന്നു. പകുതിയിൽ വച്ച് റോബിന് ഷോയിൽ നിന്നും പുറത്തുപോകേണ്ടി വന്നു. എന്നാൽ ദിൽഷയും ബ്ലെസ്ലിയും നൂറ് ദിവസം വരെ നിന്ന്, ഒരാൾ വിന്നറാകുകയും മറ്റൊരാൾ റണ്ണറപ്പാകുകയും ചെയ്തിരുന്നു. ഷോ കഴിഞ്ഞ് ആഴ്ചകൾ പിന്നിടുമ്പോൾ മൂവരും തമ്മിലുള്ള സൗഹൃദത്തിന് വിള്ളൽ വന്നിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ദിൽഷ പങ്കുവച്ച വീഡിയോയാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്. ഡോ. റോബിനു ബ്ലെസ്ലിക്കും എതിരെയാണ് ദിൽഷ രം​ഗത്തെത്തിയിരിക്കുന്നത്. തനിക്ക് ഇനി റോബിനും ബ്ലെസ്സലിയുമായി യാതൊരു ബന്ധവും ഇല്ലെന്നും ആ സൗഹൃദം അവസാനിച്ചെന്നും ദിൽഷ വീഡിയോയിൽ പറയുന്നു.

ദിൽഷയുടെ വാക്കുകൾ ഇങ്ങനെ

എല്ലാവർക്കും എന്നെ തട്ടി കളിച്ചു മതിയായെന്ന് തോന്നുന്നു. ഇനിയും തട്ടിക്കളിക്കാൻ ഉണ്ടോയെന്ന് അറിയില്ല. എനിക്ക് വരുന്ന ഓരോ മെസ്സേജിലും കമന്റിലും എല്ലാത്തിലും എന്നെ കുറ്റപ്പെടുത്തുകയാണ്. ഞാൻ എന്ത് തെറ്റാണു ചെയ്തതെന്ന് എനിക്ക് അറിയില്ല. ഓരോ ഇന്റർവ്യൂവിന് പോകുമ്പോഴും ഡോക്ടറെ കുറിച്ചും ബ്ലെസ്ലിയെ കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് സൂക്ഷിച്ചാണ് മറുപടി നൽകുന്നത്. സത്യസന്ധമായി മറുപടി പറയാൻ സാധിച്ചിട്ടില്ല. ബിഗ് ബോസ് വീടിനകത്ത് എങ്ങനെ ആയിരുന്നോ, അതുപോലെ തന്നെയാണ് പുറത്തും ഞാൻ ആ സൗഹൃദത്തിന് വില നൽകിയിരുന്നു. ഞാൻ അവരെ സപ്പോർട്ട് ചെയ്തേ നിന്നിട്ടുള്ളു. ഞാൻ അവർക്കെതിരെ എന്തെങ്കിലും പറയുകയോ ചെയ്യുകയോ ചെയ്തിട്ടില്ല. എന്നാൽ ഇപ്പോൾ എനിക്ക് മനസിലായി ഞാൻ മാത്രേ അത് ചെയ്തിട്ടുള്ളു ഞാൻ മാത്രമേ ആ സൗഹൃദത്തിന് വില നൽകിയിട്ടുള്ളൂ. കാരണം ഇത്രയും പ്രശ്നങ്ങള്‍ ഞാന്‍ നേരിട്ടപ്പോൾ എന്നെ സപ്പോർട്ട് ചെയ്യാൻ ആരും ഇല്ലായിരുന്നു. എനിക്ക് വേണ്ടി സംസാരിക്കുന്ന റോബിനെയോ ബ്ലെസ്ലിയയോ ഞാൻ കണ്ടിട്ടില്ല.

ഇവരുടെ കുടുംബം ഓരോ കാര്യങ്ങൾക്ക് വീഡിയോ ചെയ്യുമ്പോൾ എന്റെ ചേച്ചിയോ അനിയത്തിയോ ഒന്നും ചെയ്തിട്ടില്ല. അവർക്ക് അറിയാം അത് ഗെയിം ആണെന്ന്. ബിഗ് ബോസ് വീട്ടിൽ ഉള്ളത് ഒക്കെ അവിടെ കഴിഞ്ഞു. പുറത്തും ഞാനായി തന്നെയാണ് നിൽക്കുന്നത്. അവർ എന്നെ തട്ടി കളിക്കുകയാണ്. ഞാൻ അതിന്റെ ഇടയിലാണ്. എന്റെ കുടുംബം ഇതെല്ലാം കണ്ട് വിഷമിക്കുകയാണ്.

വിവാഹ കാര്യത്തെ പറ്റി ഞാനും റോബിനും തമ്മിൽ സംസാരിച്ചിരുന്നു. എനിക്ക് ചെറിയ ഇഷ്ടം ഉണ്ട്. അത് പ്രേമമാണോ എന്നൊന്നും എനിക്ക് അറിയില്ല. അത് മനസിലാക്കാനും വിവാഹത്തിലേക്ക് കടക്കാനും സമയം വേണമെന്നും പറഞ്ഞിരുന്നു. എന്നാൽ വീട്ടിലെ സമ്മർദ്ദം കൊണ്ട് ഉടനെ വിവാഹത്തിലേക്ക് കടക്കണം എന്നായിരുന്നു റോബിന്. എനിക്ക് എന്റെ വീട്ടുകാരെ എല്ലാം നോക്കണം. അതുകൊണ്ട് ഞാനൊരു യെസ് പറയാനോ നോ പറയാനോ നിന്നില്ല. അത് റോബിനു ഒരു പ്രശ്‌നം വരരുതെന്ന് ഓർത്തിട്ടാണ്. എന്നാൽ എന്നെ കുറിച്ച് ഒന്നും ചിന്തിച്ചിട്ടില്ല. എല്ലാവരും എന്നെ കുറ്റക്കാരിയാക്കി.

ഒരു തരി പോലും ഫേയ്ക്ക് അല്ലാതെ ഞാനായി നിന്ന് തന്നെയാണ് ഈ സൗഹൃദം മുന്നോട്ട് കൊണ്ടുപോയത്. ഞാന് എങ്ങനെയാണ് ബന്ധങ്ങൾക്ക് വില കല്പിക്കുന്നതെന്ന് എന്നെ അറിയാവുന്നവർക്ക് അറിയാം. അവരെ ഇല്ലാതാക്കി ട്രോഫിയുമായി ഇവിടെ നിനക്കണമെന്ന് ആ​ഗ്രഹിക്കുന്നില്ല ഞാൻ. ബിഗ് ബോസ് വീടിനുള്ളിൽ താൻ തന്റെ നൂറ് ശതമാനം നൽകിയാണ് നിന്നത്. ഫിസിക്കൽ ടാസ്കിൽ ഉൾപ്പെടെ മികവ് കാണിച്ചു. ഞാൻ വിന്നറാകാൻ ഡിസർവിങ് അല്ലെന്ന് പറയുന്നത് അംഗീകരിക്കാൻ കഴിയില്ല. ഈ ട്രോഫി ആർക്കും ‌നൽകാൻ ഉദ്ദേശിക്കുന്നില്ല. ഞാൻ ലവ് ട്രാക്ക് കളിച്ചിട്ടില്ല. അങ്ങനെ തോന്നുന്നുവെങ്കിൽ വോട്ട് ചെയ്യണ്ട എന്ന് അന്ന് തന്നെ പറഞ്ഞിരുന്നു. എന്തായാലും ഞാനും ബ്ലെസ്ലിയും റോബിനുമായിട്ടുള്ള പേഴ്സൺ റിലേഷൻഷിപ്പ് ഇവിടെ ഞാൻ നിർത്തുകയാണ്. കാരണം ഇനിയും എനിക്കിതിൽ അനുഭവിക്കാൻ വയ്യ.

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് വാണി വിശ്വനാഥും ബാബുരാജും. നായികമാർ പൊതുവെ അത്ര കണ്ട് ശോഭിക്കാറില്ലാത്ത സ്റ്റണ്ട്- ആക്ഷൻ സിനിമകളിൽ തിളങ്ങിയ വാണിയെ ആക്ഷൻ റാണിയെന്ന് വിശേഷിപ്പിക്കാനാണ് പ്രേക്ഷകർക്ക് ഇഷ്ടം.

ഒരു കാലത്ത് വില്ലൻ വേഷങ്ങളിലൂടെ​ ശ്രദ്ധ നേടിയ ബാബുരാജ് ആവട്ടെ, ഇന്ന് ക്യാരക്ടർ റോളുകളിലേക്ക് കൂടുമാറി പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ്.ഏഴു വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ് വാണി വിശ്വനാഥ്. ‘ദി ക്രിമിനല്‍ ലോയര്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് വാണിയുടെ മടങ്ങി വരവ്.

ഒരിടവേളയ്ക്ക് ശേഷം വാണി വീണ്ടുമെത്തുമ്പോൾ ചിത്രത്തിൽ നായകനാവുന്നത് ഭർത്താവും നടനുമായ ബാബുരാജ് തന്നെയാണ്.ബാബുരാജ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വാണിയുടെ ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. “ജസ്റ്റ് ഹായ്,” എന്നാണ് വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.

മക്കളായ ആര്‍ദ്രയുടെയും ആര്‍ച്ചയുടെയും പഠനാർത്ഥം ചെന്നൈയിലെ വീട്ടിലാണ് വാണി. സോഷ്യൽ മീഡിയയിലും വാണി ആക്റ്റീവ് അല്ല.

 

 

View this post on Instagram

 

A post shared by Baburaj Jacob (@baburajactor)

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യുകെ മലയാളിയായ രാജ് പോളിന്റെ പിതാവ് പി. കെ. പൗലോസ് വാക്‌സോപ്പിൽ നിര്യാതനായി. കേരളത്തിൽ ചാലക്കുടിക്കടുത്ത് ചട്ടികുളം മണലായി പരേതനായ പരിയായം കുര്യപ്പന്റ് മകനാണ് . മെയ് 22 ാം തീയതിയാണ് യുകെയിലെത്തിയത്. ചെറിയ ശ്വാസ തടസ്സത്തെ തുടർന്ന് ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴാണ് മരണം സംഭവിച്ചത്. നേരത്തെ ഹൃദയസംബന്ധമായ അസുഖങ്ങൾ അലട്ടിയിരുന്നു. പരേതന് 72 വയസ് ആയിരുന്നു.

മേരി പൗലോസാണ് ഭാര്യ . മക്കൾ : രാജ് പോൾ, രജന , രഞ്ജി .മരുമക്കൾ : സിമി, രവീഷ്, വിൻ മോൻ

മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണ് കുടുംബം.

കഴിഞ്ഞ 12 വര്‍ഷമായി യുകെ മലയാളിയാണ് രാജ്. ഇദ്ദേഹം പോര്‍ട്‌സ്മൗത്തില്‍ നീണ്ട കാലം കഴിഞ്ഞ ശേഷമാണു വര്‍സോപ്പില്‍ ജോലിക്കെത്തുന്നത്. ഡോണ്‍കാസ്റ്റര്‍ ബസ്സറ്റലോ ഹോസ്പിറ്റലിലാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. ഇതേ ആശുപത്രിയില്‍ തന്നെയാണ് അസുഖബാധിതനായ പിതാവിനെ ചികിത്സക്ക് എത്തിച്ചതും.

രാജ് പോളിന്റെ പിതാവിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

കടുവയുടെ ചിത്രീകരണ സമയത്ത് താരങ്ങളെ മാറ്റേണ്ടി വന്നതിനെപ്പറ്റി മനസ്സ് തുറന്ന് തിരക്കഥകൃത്ത് ​ജിനു.വി. എബ്രഹം. ഷൂട്ട് തുടങ്ങിയ ശേഷം പല കാരണങ്ങള്‍ കൊണ്ടും താരങ്ങളെ മാറ്റേണ്ടി വന്നിട്ടുണ്ടെന്ന് ജിനു ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ചിത്രത്തില്‍ ബൈജു അവതരിപ്പിച്ച കഥാപാത്രം ആദ്യം ചെയ്തത് ദിലീഷ് പോത്തന്‍ ആയിരുന്നെന്നും ചില കാരണങ്ങള്‍ കൊണ്ട് അദ്ദേഹത്തിന് സിനിമയില്‍ നിന്ന് പിന്മാറേണ്ടി വന്നെന്നുമാണ് ജിനു പറയുന്നത്.ബൈജു ചേട്ടന്‍ ചെയ്ത റോള്‍ ആദ്യം ചെയ്തത് ദിലീഷേട്ടന്‍ ആയിരുന്നു. ഒരാഴ്ചയോളം അദ്ദേഹം ഷൂട്ടിനായി വന്നിരുന്നു. അതിനിടെ അദ്ദേഹത്തിന്റെ കാല് ഒടിയുകയും റെസ്റ്റിന് പോകുകയുമായിരുന്നു.

അങ്ങനെ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കാന്‍ പറ്റാതെ അദ്ദേഹത്തിന് മടങ്ങേണ്ടിയും വന്നിരുന്നു. അങ്ങനെയാണ് ബൈജു ചേട്ടന്‍ കടുവയിലേയ്ക്ക് വരുന്നത്. ദീലീഷ് പോത്തന്‍ ചെയ്ത രംഗങ്ങള്‍ ഒക്കെ പിന്നീട് ബൈജു ചേട്ടനെ വെച്ച് റീ ഷൂട്ട് ചെയ്യുകയായിരുന്നുവെന്നും ജിനു പറഞ്ഞു.

അരവിന്ദ് സ്വാമിക്ക് പകരമാണ് വിവേക് ഒബ്രോയി എത്തിയതെന്നും അദ്ദേഹം പറഞ്ഞു. കടുവയില്‍ ഏതൊക്കെ താരങ്ങള്‍ വേണമെന്നായിരുന്നു നിര്‍ബന്ധം എന്ന ചോദ്യത്തിന് പൃഥ്വിരാജ് ഈ ചിത്രത്തില്‍ ഉണ്ടാകണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു എന്നായിരുന്നു ജിനുവിന്റെ മറുപടി.

RECENT POSTS
Copyright © . All rights reserved