Latest News

അടച്ചുറപ്പുള്ള സുരക്ഷിത ഭവനമാണ് എല്ലാവരുടെയും സ്വപ്‌നം. ടാര്‍പോളിന്‍ ഷീറ്റ് വലിച്ചു കെട്ടിയ വീട്ടില്‍ നിന്നും ഷോക്കേറ്റ് മരിച്ച അജ്ന ജോസെന്ന പതിനൊന്ന് വയസ്സുകാരി കോവിഡ് കാലത്തെ തീരാ നൊമ്പരമായിരുന്നു.

ഓണ്‍ലൈന്‍ പഠനത്തിനായി മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റാണ് ആറാം ക്ലാസ് വിദ്യാര്‍ഥിനിയായ അജ്ന ജോസ് മരിച്ചത്. ഓയൂര്‍ വാളിയോട് മറവന്‍കോട് മിച്ചഭൂമി കോളനിയില്‍ അജോ ഭവനില്‍ ജോസ് അനിത ദമ്പതികളുടെ മകളാണ്.

അടച്ചുറപ്പുള്ള വീട് എന്ന സ്വപ്നത്തിലേക്ക് എത്താന്‍ കൊതിച്ച കുടുംബത്തിന് വിശ്വശാന്തി ഫൗണ്ടേഷന്റെ ശാന്തി ഭവനം എന്ന പദ്ധതി ആ സ്വപ്‌നം യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ്.

അജ്‌ന ജോസിന്റെ കുടുംബത്തിന് കൈത്താങ്ങായിരിക്കുകയാണ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍. ‘ശാന്തിഭവനം’ പദ്ധതിയുടെ ഭാഗമായി ആദ്യമായൊരുക്കിയ വീട് അജ്‌നയുടെ കുടുംബത്തിന് കൈമാറിയിരിക്കുകയാണ്. മോഹന്‍ലാല്‍ തന്നെയാണ് ഈ സന്തോഷം അറിയിച്ചത്.

അജ്നയെ തങ്ങളുടെ പ്രാര്‍ത്ഥനകളില്‍ എപ്പോഴും ഓര്‍ക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. സമൂഹത്തിലെ നിര്‍ദ്ധനരായവര്‍ക്ക് ഗുണമേന്മയുള്ള വീട് നല്‍കാനുള്ള വിശ്വശാന്തിയുടെ സംരംഭമാണ് ‘ശാന്തിഭവനം’. ഇത് സാധ്യമാക്കാന്‍ ഞങ്ങളോടൊപ്പം പ്രവര്‍ത്തിച്ചതിന് ‘ലാല്‍ കെയേഴ്സ് കുവൈറ്റി’ന് ഈ അവസരത്തില്‍ നന്ദി അറിയിക്കുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഈ പദ്ധതിയിലൂടെ, ആവശ്യക്കാരായ കൂടുതല്‍ പേരെ സഹായിക്കാന്‍ ശ്രമിക്കുമെന്നും നടന്‍ പറഞ്ഞു.

2015ലാണ് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മോഹന്‍ലാല്‍ വിശ്വശാന്തി ഫൗണ്ടേഷന്‍ ആരംഭിക്കുന്നത്. മോഹന്‍ലാലിന്റെ മാതാപിതാക്കളുടെ പേരിലാണ് ഫൗണ്ടേഷന്‍ ആരംഭിച്ചത്. ഇതിനോടകം തന്നെ നിരവധി ആളുകള്‍ക്ക് സഹായ ഹസ്തവുമായി മോഹന്‍ലാലും സംഘടനയും രംഗത്തെത്തിയിരുന്നു.

ഏറെ വർഷങ്ങളായി മലാളം സിനിമാ സീരിയൽ രംഗത്ത് തിളങ്ങി നിൽക്കുന്ന താരമാണ് നടി ബീനാ ആന്റണി. നിരവധി സിനമകളിൽ ശ്രദ്ദേയമായ വേഷം ചെയ്തിട്ടുണ്ടെങ്കിലും സീരിയലുകളിൽ സജീവമായതോടെയാണ് ബീന ആന്റണി കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയത്.  അടുത്തിടെ കോവിഡ് ബാധയെ തുടർന്ന് ബീന ആന്റണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഭർത്താവും നടനുമായ മനോജ് കുമാർ പങ്കുവച്ചിരുന്നു.

ദിവസങ്ങൾക്കകം രോഗമുക്തി നേടി താരം വീട്ടിലേക്ക് മടങ്ങി വന്നെങ്കിലും മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ ആയിരുന്നു രോഗകാലമെന്നു താരം തുറന്നു പറയുന്നു.ആരോഗ്യം തീർത്തും മോശമായ സമയത്തും ആശുപത്രിയിലേക്കു പോകാതെ വീട്ടിൽ തന്നെ ഇരുന്നതാണ് തനിക്കു പറ്റിയ വലിയ തെറ്റെന്നു ബീന പറഞ്ഞിരുന്നു.

ആശുപത്രിയിൽ പോയാൽ പിന്നെ മടങ്ങി വരുമോ എന്ന ചിന്തയാണ് തനിക്ക് ആദ്യം ഉണ്ടായിരുന്നതെന്നും അതിനു കാരണം തന്റെ പ്രിയപ്പെട്ട ബെന്നിന്റെ മരണമാണെന്നും  അഭിമുഖത്തിൽ ബീന പറയുന്നു.ആറ് മാസം മുൻപാണ് ബീനയുടെ ചേച്ചി ബിന്ദുവിന്റെ മകൻ ഇരുപത്തി മൂന്നു വയസ്സുകാരൻ ബെൻ കോവിഡ് ബാധിച്ച് മരിച്ചത്.

ബെൻ ആശുപത്രിയിൽ പ്രിയപ്പെട്ടവരെ കാണാൻ കഴിയാതെ കിടന്നു. പിന്നെ മടങ്ങി വന്നില്ല. ആശുപത്രിയിൽ പ്രവേശിച്ചാൽ ആ വിധി തനിക്കുമുണ്ടാകുമോയെന്ന ഭയം ഉണ്ടായിരുന്നുവെന്നു ബീന പറയുന്നു. ബീനാ ആന്റണിയുടെ വാക്കുകൾ ഇങ്ങനെ:

അവന്റെ മരണം ഞങ്ങളെയൊക്കെ പിടിച്ചുലച്ചു. മോൻ പോയി ആറു മാസം കഴിഞ്ഞിട്ടും അതിന്റെ ഞെട്ടലിൽ നിന്നു കുടുംബം മോചിതരായിട്ടില്ല. ചെറിയ പ്രായമല്ലേ. ഇരുപത്തി രണ്ട് വയസ്സ്. ബിടെക്ക് കഴിഞ്ഞിട്ടേയുണ്ടായിരുന്നുള്ളൂ. ഏതു പ്രായമായാലും മക്കളെ നഷ്ടപ്പെടുന്നതിന്റെ ദുഖം വളരെ വലുതാണല്ലോ. ബെൻ ഫ്രാൻസിസ് എന്നാണ് മോന്റെ പേര്. ഞങ്ങളുടെ വീട്ടിൽ മൂന്ന് പെൺകുട്ടികളാണല്ലോ.

ആദ്യം ഉണ്ടായ ആൺകുട്ടിയാണ്. എല്ലാവരും കൂടി ഓമനിച്ചാണ് വളർത്തിയത്. ഞാൻ ഷൂട്ടിന് പോകാതെ അവനെ നോക്കിയിരുന്നിട്ടുണ്ട്. ഞാൻ ബെന്നാച്ചി എന്നാണ് വിളിച്ചിരുന്നത്. ഞങ്ങളുടെ വീട്ടിലെ ഓമനയായിരുന്നു ബെന്നാച്ചി. ആരോടും ദേഷ്യപ്പെടുകയൊന്നുമില്ല. എപ്പോഴും ചിരി നിറഞ്ഞ മുഖമാണ്. എപ്പോഴും കുടുംബങ്ങൾ ഒത്തു കൂടും.

ഞങ്ങളെ കാത്തിരിക്കലാണ് അവന്റെ സന്തോഷം. കഴിഞ്ഞ വർഷം പോകാൻ പറ്റിയില്ല. അവനതിൽ വലിയ സങ്കടമായിരുന്നു. ഇനി എന്റെ മോൻ ഇല്ല, എന്നെ കാത്തിരിക്കാൻ. അവന്റെ ബോഡി പോലും ആരും കണ്ടില്ല….ഞാനും അതോടെ മെന്റലിയും ഫിസിക്കലിയും തകർന്നു പോയി എന്ന് ബീന ആന്റണി പറയുന്നു.

തമിഴിലും മലയാളത്തിലും ഒരേ സമയം പുറത്തിറങ്ങിയ ചിത്രമാണ് നന്ദിനി. പരമ്പരയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയായി നടന്‍ റിയാസ് ഖാന്‍ അഭിനയിച്ചിരുന്നു. എന്നാല്‍ അതേ സെറ്റില്‍ വെച്ച് ഒരു ട്രാന്‍സ് നായികയ്ക്ക് ഉണ്ടായ ക്രൂര അനുഭവം കേട്ടതോടെ എല്ലാവര്‍ക്കും വേണ്ടി ക്ഷമ പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍.

ഒരു മാധ്യമത്തിന് റിയാസ് ഖാനെ അഭിമുഖം ചെയ്യാനായി എത്തിയപ്പോഴാണ് കത്രീന എന്ന നടിയോട് നന്ദിനി എന്ന പരമ്പരയില്‍ അഭിനയിച്ചതിനെ കുറിച്ച് റിയാസ് ഖാന്‍ പറഞ്ഞത്. സുന്ദര്‍ സി ആണ് തന്നെ വിളിച്ച് ഇങ്ങനെ ഒരു റോളുണ്ടെന്ന് പറഞ്ഞത്. കേട്ടപ്പോള്‍ വളരെ ഇന്‍ട്രസ്റ്റിങ് ആയി തോന്നി. ഒട്ടും ആലോചിക്കാതെയാണ് യെസ് പറഞ്ഞത്.- റിയാസ് ഖാന്‍ പറഞ്ഞു.

അതിരിക്കട്ടെ കത്രീന എന്തുകൊണ്ടാണ് സീരിയലില്‍ നിന്നും പെട്ടന്ന് പിന്മാറിയത്. സംവിധായകനോട് ചോദിച്ചപ്പോള്‍ നിങ്ങള്‍ക്ക് ഡേറ്റ് ഇല്ലാത്തത് കൊണ്ട് പിന്മാറിതാണ് എന്നാണ് പറഞ്ഞത്. സത്യത്തില്‍ അത് തന്നെയാണോ കാരണം എന്ന് റിയാസ് ഖാന്‍ കത്രീനയോട് ചോദിച്ചു. അപ്പോഴാണ് നടി കണ്ണീരോടെ തന്റെ അനുഭവം പറഞ്ഞത്. നിങ്ങള്‍ കൂടെ സെറ്റില്‍ ഉള്ള സമയത്താണ്, സംവിധായകന്റെ പേര് പറയാന്‍ ആഗ്രഹിക്കുന്നില്ല, അയാള്‍ മൈക്കിലൂടെ വിളിച്ച് ചോദിച്ചു ‘മുകളില്‍’ എന്താണ് ഉള്ളത് എന്ന്. സത്യത്തില്‍ അത് തന്നെയാണോ അദ്ദേഹം ചോദിച്ചത് എന്ന് എനിക്ക് സംശയമായി. മറ്റെന്തോ ആയിരിയ്ക്കും എന്ന് കരുതി ഞാന്‍ വിട്ടു. പക്ഷെ വീണ്ടും ചോദ്യം ആവര്‍ത്തിച്ചു. അപ്പോള്‍ ഒന്നും പറഞ്ഞില്ല. പക്ഷെ അന്ന് ഞാന്‍ മുറിയില്‍ പോയി ഒരുപാട് കരഞ്ഞു.

അടുത്ത ദിവസം വന്നപ്പോഴും അതേ ചോദ്യം. ‘താഴെ’ എന്താണ് ഉള്ളത്, ‘മുകളില്‍’ എന്താണ് ഉള്ളത് എന്നൊക്കെയുള്ള ചോദ്യം സഹിച്ചും ഞാന്‍ നിന്നു. നല്ലൊരു അഭിനേത്രി ആവാം, കുറച്ച് സഹിച്ചാല്‍ മതി എന്ന് കരുതി. നല്ലൊരു ഭാവി മാത്രമായിരുന്നു മുന്നില്‍. ഒരു പെണ്ണിനോട് ഒരിക്കിലും ഇങ്ങനെ ചോദിക്കാന്‍ അവര്‍ ധൈര്യപ്പെടില്ല. ഞങ്ങള്‍ക്ക് എവിടെ പോയാലും ഇത് തന്നെയാണ് അവസ്ഥ. ആരോടും പരാതി പറയാന്‍ പറ്റില്ല. പക്ഷെ ഒരു ദിവസം ഞങ്ങള്‍ ഡ്രസ്സ് മാറിക്കൊണ്ടിരിയ്ക്കുമ്പോള്‍ നിര്‍ത്താതെ വാതില്‍ മുട്ടാന്‍ തുടങ്ങി. ഡ്രസ്സ് മാറുകയാണ് എന്ന് പറഞ്ഞിട്ടൊന്നും കേള്‍ക്കുന്നില്ല. അറിയാവുന്ന ആരെങ്കിലും ആയിരിക്കുമോ എന്ന് അറിയാന്‍ ലോക്ക് നീക്കി പുറത്തേക്ക് നോക്കുമ്പോഴേക്കും അയാള്‍ അകത്തേക്ക് തള്ളിക്കയറി ‘മുകളില്‍’ കടിച്ചു- കണ്ണുനീര്‍ അടക്കി പിടിച്ച് കത്രീന പറഞ്ഞു.

ഇങ്ങനെ ഒരു സംഭവം നടന്ന കാര്യം ഞാന്‍ അറിഞ്ഞില്ല. ഞാനും ആ സീരിയലില്‍ അഭിനയിച്ചു എന്ന കാരണത്താല്‍ എല്ലാവര്‍ക്കും വേണ്ടി മാപ്പ് പറയുന്നു എന്ന് റിയാസ് ഖാന്‍ കത്രീനയോട് പറഞ്ഞു. കത്രീനയെ ചേര്‍ത്ത് പിടിച്ചുകൊണ്ട് നടന്‍ ആശ്വസിപ്പിക്കുകയും ചെയ്തു.

മൂർഖൻ പാമ്പിന്‍റെ കടിയേറ്റ് കോട്ടയം  മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്ന ശുഭകരമായ സൂചനയാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്നത്. ഹൃദയത്തിന്റെ പ്രവർത്തനം സാധാരണ നിലയിലായെന്ന് കോട്ടയം മെഡിക്കൽ കോളേജിൽ അദ്ദേഹത്തെ സന്ദർശിച്ച ശേഷം മന്ത്രി പി എൻ വാസവൻ വ്യക്തമാക്കി. എന്നാൽ അപകടനില പൂർണ്ണമായും തരണം ചെയ്തിട്ടില്ല എന്നും മന്ത്രി വാസവൻ വ്യക്തമാക്കി.തലച്ചോറിലേക്ക് രക്തം എത്താത്തത് മൂലം തലച്ചോറിന്റെ പ്രവർത്തനം സാധാരണ നിലയിൽ ആയിട്ടില്ല. പൂർണ്ണമായും പ്രതീക്ഷയുണ്ട് എന്ന് തന്നെയാണ് ഡോക്ടർമാർ പറയുന്നത് എന്നും മന്ത്രി വി എൻ വാസവൻ വ്യക്തമാക്കി.

തലച്ചോറിലേക്ക് രക്തം എത്താത്തത് മൂലമാണ് പ്രവർത്തനം സാധാരണ നിലയിൽ ആകാത്തത്. ഇതുമൂലം അബോധാവസ്ഥയിൽ തുടരുകയാണ് വാവ സുരേഷ്. രണ്ടുതവണ ഇതിൽനിന്ന് മറികടക്കാനുള്ള ശ്രമം ഡോക്ടർമാരുടെ സംഘം നടത്തി. അടുത്ത അഞ്ച് മണിക്കൂറിനുള്ളിൽ തലച്ചോറിന്റെ പ്രവർത്തനം സാധാരണ നിലയിൽ ആകും എന്ന് പ്രതീക്ഷിക്കുന്നു എന്നും കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ പറഞ്ഞതായി മന്ത്രി വി എൻ വാസവൻ വ്യക്തമാക്കി. ആശുപത്രിയിൽ എത്തിച്ചപ്പോൾ 20 ശതമാനം മാത്രമായിരുന്നു ഹൃദയം പ്രവർത്തിച്ചിരുന്നത്. സിപിആർ നൽകിയശേഷമാണ് ഹൃദയത്തിന്റെ പ്രവർത്തനത്തിൽ പുരോഗതി ഉണ്ടായത്. ആദ്യം പ്രവേശിപ്പിച്ച കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും സിപിആർ നൽകിയിരുന്നു. പ്രാഥമിക ശുശ്രൂഷ മികച്ച രീതിയിലാണ് ഭാരത് ആശുപത്രിയിൽ നൽകിയത് എന്നും മന്ത്രി വ്യക്തമാക്കി.

ഹൃദയത്തിന്റെ പ്രവർത്തനം സാധാരണ നിലയിലായതിനുപുറമേ രക്തസമ്മർദ്ദം സാധാരണ നിലയിലായി എന്നും ഡോക്ടർമാരുടെ സംഘം വിലയിരുത്തി. കോട്ടയം മെഡിക്കൽ കോളേജിലെ സൂപ്രണ്ട് ഡോക്ടർ ടി കെ ജയകുമാറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് വാവാ സുരേഷിനെ ജീവൻ നിലനിർത്താൻ വേണ്ടി കഠിനപരിശ്രമം നടത്തുന്നത്. ഹൃദ്രോഗ വിഭാഗം മേധാവി ജയകുമാർ മറ്റു വിവിധ വകുപ്പുകളിലെ ഡോക്ടർമാർ എന്നിവർ ആശുപത്രിയിലെത്തി പരിശോധന നടത്തി. ആവശ്യമായ മരുന്നുകൾ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങളും നടത്തിയതായി മന്ത്രി വി എൻ വാസവൻ വ്യക്തമാക്കി.

ഇന്നു വൈകിട്ട് 4 15 നാണ് വാവ സുരേഷിനെ കോട്ടയം കുറിച്ചിയിൽ വച്ച് മൂർഖൻ പാമ്പ് കടിച്ചത്. പാമ്പിനെ ചാക്കിലേക്ക് കയറ്റാനുള്ള ശ്രമത്തിനിടെ വലതുകാലിലെ മുട്ടിനു മുകൾഭാഗത്ത് കടിക്കുകയായിരുന്നു. തുടർന്ന് പാമ്പിനെ വാവ സുരേഷ് ചാക്കിലേക്ക് തന്നെ മാറ്റി. അതിനുശേഷം കാറിൽ വാവ സുരേഷിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതിനിടെ സ്ഥിതി ഗുരുതരം ആയതോടെയാണ് കോട്ടയം നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ആണ് ആദ്യം പ്രവേശിപ്പിച്ചത്. ആദ്യം തന്നെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചാണ് വാവ സുരേഷിന് ചികിത്സ നൽകിയത്. മൂർഖൻ പാമ്പിന്‍റെ വിഷമായതിനാൽ തന്നെ വേഗത്തിൽ തലച്ചോറിലേക്ക് എത്തുകയായിരുന്നു എന്നും ഡോക്ടർമാർ വിലയിരുത്തി. ഏതായാലും അടുത്ത അഞ്ചുമണിക്കൂർ നിർണായകമാണെന്ന് ഡോക്ടർമാരുടെ സംഘം പറയുന്നു. വിദഗ്ധ ഡോക്ടർമാരുടെ സംഘം തന്നെ വാവസുരേഷിന്റെ പരിചരണത്തിന് നേതൃത്വം നൽകി വരികയാണ്.

പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള വാവ സുരേഷിന് സൗജന്യ ചികിത്സ നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിനെ വിളിച്ച് വാവ സുരേഷിന്റെ ആരോഗ്യ നിലയെ കുറിച്ച് ചോദിച്ചറിഞ്ഞു. എല്ലാവിധ വിദഗ്ധ ചികിത്സയും ഉറപ്പാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

 

മസ്‌ക്കറ്റ്: മലയാളി നഴ്സിന്റെ മരണത്തിൽ ഞെട്ടി കൂട്ടുകാരും ബന്ധുക്കളും. മസ്ക്കറ്റിലെ ഇൻ്റെർനാഷണൽ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സായി ജോലി ചെയ്‌തിരുന്ന  ഷീന ജോമോൻ(40) ആണ് ഇന്ന് പ്രാദേശിക സമയം 15.20 ന് മരണമടഞ്ഞിരിക്കുന്നത്. കോവിഡ് റിസൾട്ട് വരാനിരിക്കെയാണ് മരണം നടന്നിരിക്കുന്നത്.

ഹാർട്ട് അറ്റാക്കിനെ തുടർന്ന് സ്ട്രോക്ക് വരികയും കൗള ആശുപത്രിയിൽ കഴിഞ്ഞ 4 ദിവസമായി വെൻ്റിലേറ്ററിൽ ചികിത്സയിൽ ഇരിക്കെയാണ് ഇന്ന് മരണം സംഭവിച്ചിരിക്കുന്നത്. ഭർത്താവ് 3 വർഷം മുൻപ് മരണപ്പെട്ടിരുന്നു. പന്ത്രണ്ട് വയസ്സുള്ള ഒരു മകളുണ്ട്. തൃശ്ശൂർ സ്വദേശിയാണ് എന്നാണ് അറിയുന്നത്. അപ്പനും അമ്മയും നഷ്ടപ്പെട്ട പെൺകുട്ടിയെക്കുറിച്ചു ഓർത്താണ് സഹപ്രവർത്തകരുടെയും വിഷമം ഇരട്ടിക്കുന്നത്.

തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലെ സ്റ്റാഫായിരുന്നു മുൻപ്. ശവസംക്കാരം സംബന്ധിച്ചു തീരുമാനം ആയിട്ടില്ല. നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു എന്നാണ് അറിയുന്നത്.

ഷീന ജോമോന്റെ അകാല നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സഹപ്രവർത്തകരെയും അറിയിക്കുന്നു.

കോട്ടയം: മൂര്‍ഖന്‍ പാമ്പിനെ പിടികൂടുന്നതിനിടയില്‍ വാവ സുരേഷിന് കടിയേറ്റു. കോട്ടയം ജില്ലയിലെ കുറിച്ചിയില്‍ വെച്ചാണ് അപകടം. വാവ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ സ്ഥിതി ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

കുറിച്ചിയിലെ ഒരു വീടിന് സമീപത്തുളള കൽക്കെട്ടിൽ മൂർഖനുണ്ടെന്ന വിവരം അറിയിച്ചതിനെ തുടർന്നാണ് വാവ സുരേഷ് സ്ഥലത്ത് എത്തിയത്. മൂർഖനെ പിടികൂടി ചാക്കിലേക്കാക്കുന്നതിനിടെയാണ് വാവ സുരേഷിന് കടിയേറ്റത്. കാലിന്റെ മുട്ടിന് മുകളിലായിട്ടാണ് കടിയേറ്റത്. എങ്കിലും പാമ്പിനെ വാവ സുരേഷ് സുരക്ഷിതമായി ചാക്കിലാക്കി. അതിന് ശേഷമാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ട് പോയത്. ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് തൊട്ട് മുൻപ് വരെ വാവ സുരേഷ് സംസാരിച്ചിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്നവർ പറയുന്നു. ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് ഏതാനും മിനിറ്റുകൾക്ക് മുൻപ് അദ്ദേഹത്തിന് ബോധക്ഷയം ഉണ്ടായി.

കടിച്ച മൂർഖനെ അടക്കമാണ് ആശുപത്രിയിലേക്ക് എത്തിച്ചത്. മെഡിക്കൽ കോളേജിലേക്കാണ് ആദ്യം കൊണ്ട് പോകാൻ ശ്രമിച്ചത് എങ്കിലും വഴിയിൽ വെച്ച് ഛർദ്ദിച്ചതോടെ വാവ സുരേഷ് തന്നെ തൊട്ടടുത്ത ആശുപത്രിയിലേക്ക് കൊണ്ട് പോകാൻ ഒപ്പമുളളവരോട് നിർദേശിക്കുകയായിരുന്നു. ആന്റി വെനം അടക്കം നൽകിയെങ്കിലും വാവ സുരേഷിന്റെ സ്ഥിതി ഗുരുതരമായി തുടരുകയാണ് എന്നാണ് റിപ്പോർട്ടുകൾ. നിലവിൽ അദ്ദേഹം വെന്റിലേറ്ററിലാണ്. സ്വകാര്യ ആശുപത്രിയിൽ നിന്നും അദ്ദേഹത്തെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയേക്കും.

മന്ത്രി വിഎൻ വാസവൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ അടക്കമുളളവർ വാവ സുരേഷിന് മികച്ച ചികിത്സ ഉറപ്പാക്കാൻ ഇടപെട്ടിട്ടുണ്ട്. നേരത്തെയും പല തവണ വാവ സുരേഷിന് പാമ്പ് പിടുത്തത്തിനിടെ കടിയേറ്റിട്ടുളളതാണ്. 2020 ഫെബ്രുവരിയിൽ വാവ സുരേഷിന് അണലിയുടെ കടിയേറ്റിരുന്നു. തുടർന്ന് ഒരാഴ്ചയോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പത്തനാപുരത്തെ ഒരു വീട്ടിലെ കിണറിൽ നിന്നും അണലിയെ പിടികൂടുമ്പോഴായിരുന്നു സംഭവം.

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥസ്ഥര്‍ക്കെതിരെ വധഗൂഢാലോചന നടത്തിയ കേസില്‍ ഒന്നാം പ്രതി ദിലീപിന്റേത് ഉള്‍പ്പെടെ ആറു ഫോണുകള്‍ ഹൈക്കോടതിയില്‍ എത്തിച്ചു. എന്നാൽ കേസില്‍ നിര്‍ണായകം എന്ന് കരുതുന്ന നാലാമത്തെ ഫോണ്‍ കൈമാറിയില്ല.

ദിലീപിന്റെ മൂന്ന് ഫോണും സഹോദരന്‍ അനൂപിന്റെ കൈവശമുള്ള രണ്ട് ഫോണുകള്‍, സഹോദരി ഭര്‍ത്താവ് സുരാജിന്റെ കൈവശമുള്ള ഒരു ഫോണുമാണ് മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ചത്. ജൂനിയര്‍ അഭിഭാഷകന്‍ മുഖേനയാണ് എത്തിച്ചത്. ഇത് രജിസ്ട്രാര്‍ ജനറലിന് കൈമാറി.

ദിലീപ് ഒളിപ്പിച്ച ഫോണ്‍ നിര്‍ണായകമാണെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. ഈ ഫോണ്‍ ഉപയോഗിച്ചിട്ടില്ലായെന്ന ദിലീപിന്റെ വാദം കള്ളമാണെന്നും ദിലീപിന്റെ പേരിലുള്ള സിംകാര്‍ഡ് ഈ ഫോണില്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് വിശദീകരിക്കുന്നു. ഇതിന്റെ കോള്‍ രേഖകളും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്.

അതേസമയം ഫോണുകള്‍ കേരളത്തില്‍ പരിശോധിക്കരുത് എന്നും, കേന്ദ്ര ഏജന്‍സികള്‍ പരിശോധിക്കണമെന്നുമുള്ള ആവശ്യം ദീലിപ് നേരത്തെ ഉന്നയിച്ചിട്ടുണ്ട്.

അഭിഭാഷകരുമായി സംസാരിച്ചത് ഉള്‍പ്പെടെയുള്ള സംഭാഷണങ്ങൾ ഫോണില്‍ ഉണ്ട് . ഇത് പ്രിവിലേജ്ഡ് സംഭാഷണങ്ങളാണ് ഇവയെല്ലാം സംരക്ഷിക്കപ്പെടണമെന്ന വാദവും ദിലീപിന്റെ അഭിഭാഷകര്‍ ഉയര്‍ത്തിയിരുന്നു.

തിരുവനന്തപുരം: തിരവല്ലം വണ്ടിത്തടത്ത് സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിൽ മുക്കുപണ്ടം വെച്ച് 1,20,000 രൂപ തട്ടിയ കേസിലെ പ്രതികൾ പിടിയിൽ. പൂന്തുറ മാണിക്യം വിളാകം സ്വദേശി അബ്ദുൽ റഹ്മാൻ, രണ്ടാം ഭാര്യ വള്ളക്കടവ് സ്വദേശിനി റംസി എന്നിവരെയാണ് തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 15 നാണ് പ്രതികൾ വണ്ടിത്തടത്തെ അപർണ്ണ ഫിനാൻസിൽ നിന്ന് മുക്കുപണ്ടം വച്ച് തട്ടിപ്പ് നടത്തിയത്.

അന്നേ ദിവസം ഉച്ചയ്ക്ക് 2.30 ഓടെ വെള്ള മാരുതി സ്വിഫ്റ്റ് കാറിലെത്തിയ പ്രതികൾ സ്വർണ്ണം എന്ന വ്യാജേനെ 36 ഗ്രാം മുക്കുപണ്ടം പണയം വെച്ച് 1,20,000 രൂപയുമായി കടയില്‍ നിന്നും ഇറങ്ങി. എന്നാല്‍ പണം വച്ച സ്വർണ്ണത്തിൽ സംശയം തോന്നിയ സ്ഥാപന ഉടമ ഉടനെ പുറത്തിറങ്ങി കാറിൽ കയറാൻ തുടങ്ങിയ പ്രതികളെ വിളിച്ചെങ്കിലും, പ്രതികൾ കാറിൽ കയറി വേഗത്തിൽ ഓടിച്ചു പോകുകയായിരുന്നു. പ്രതികൾ പൂരിപ്പിച്ച് നൽകിയ ഫോമിൽ 9 അക്ക ഫോണ്‍ നമ്പറാണ് രേഖപ്പെടുത്തിയിരുന്നത്. സ്ഥാപനത്തിൽ സി.സി.ടി.വി ഇല്ലാതിരുന്നതിനാൽ പ്രതികളെ പെട്ടെന്ന് തിരിച്ചറിയുന്നതിനും തടസമായി.

ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വെള്ള സ്വിഫ്റ്റ്‌ കാർ കേന്ദ്രീകരിച്ച് സംഭവ സ്ഥലത്ത് നിന്ന് കുറച്ച് മാറിയുള്ള സി.സി.ടി വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഫോർട്ട് അസിസ്റ്റന്‍റ് കമ്മീഷണർ സി. ഷാജിയുടെ നേതൃത്വത്തിൽ തിരുവല്ലം സി.ഐ സുരേഷ് വി നായർ, എസ്.ഐ മാരായ ബിപിൻ പ്രകാശ്, വൈശാഖ്, സതീശ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പൂന്തുറ സ്റ്റേഷന്‍ പരിതിയില്‍ സമാനമായ മറ്റൊരു കേസിലും മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ ബൈക്ക് മോഷണക്കേസിലും പ്രതികൾക്കെതിരെ കേസ് നിലവിലുണ്ടെന്ന് തിരുവല്ലം പൊലീസ് പറഞ്ഞു.

സംവിധായകനും ദിലീപിന്റെ സുഹൃത്തുമായ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെയായിരുന്നു ദിലീപിനെതിരെ വീണ്ടും കേസെടുത്തത്. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്നതുള്‍പ്പടെയുള്ള കാര്യങ്ങളില്‍ ദിലീപിന് പങ്കുണ്ടെന്നായിരുന്നു ബാലചന്ദ്രന്‍ പറഞ്ഞത്. ഇതോടെയായിരുന്നു ദിലീപിനെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ഇതേക്കുറിച്ചുള്ള അന്വേഷണം നടന്നുവരികയാണ്. സത്യം കോടതിയില്‍ തെളിയട്ടെയെന്നും ദിലീപിനൊപ്പമാണ് താനെന്നും വ്യക്തമാക്കിയിരിക്കുകയാണ് അഭിനേതാവായ ജീവന്‍ ഗോപാല്‍. മൈ ബോസില്‍ ദിലീപിന്റെ അനന്തരവനായി അഭിനയിച്ചത് ജീവനായിരുന്നു.

ഫേസ്ബുക്ക് കുറിപ്പിലൂടെയായാണ് ജീവന്‍ ദിലീപിന് പിന്തുണ അറിയിച്ചിട്ടുള്ളത്.
ജീവന്റെ കുറിപ്പ്

കഷ്ടപ്പാടുകൾക്കിടയിൽനിന്ന് സ്വപ്രയത്നത്തിലൂടെ ഉന്നതങ്ങളിൽ എത്തിയ ദിലീപേട്ടന് എന്റെ എല്ലാ പിന്തുണയും. സത്യം കോടതിയിൽ തെളിയട്ടെ, ചാനലുകളിൽ വന്നിരുന്ന് ദിലീപേട്ടനെതിരെ കവലപ്രസംഗം നടത്തി പിന്നിൽ നിന്ന് കുത്തുന്ന, കൂടെനിന്ന് എല്ലാം നേടിയവർ ഒരു കാര്യം ഓർക്കുക, നേരം ഇന്ന് കൊണ്ട് ഇരുട്ടി വെളുക്കില്ല. ഒന്ന് ആത്‍മപരിശോധന നടത്തിയാൽ നന്ന് എന്നായിരുന്നു ജീവൻ ഫേസ്ബുക്കിൽ കുറിച്ചത്. ദിലീപ് ആരാധകർ ജീവന്റെ കുറിപ്പ് ഷെയർ ചെയ്തിട്ടുണ്ട്.

എല്ലാവരും കഷ്ടപ്പെട്ട് തന്നെ ആണ് ആക്ടറും ആക്ട്രസും ആയി നിലനിൽക്കുന്നത്. സത്യം എന്ത് തന്നെ ആയാലും തെളിയിക്കപ്പെടട്ടെ. അതുവരെ നമുക്ക് ആരെയും കുറ്റപ്പെടുത്താതെ ഇരിക്കാം. അതെ ജീവ അദ്ദേഹത്തെ അടുത്തറിയാവുന്നവർക്ക് ഈ മാധ്യമ വിചാരണയും പടച്ചുവിടുന്ന കെട്ടുകഥകളും വിശ്വസിക്കാൻ പ്രയാസമാണ് അന്നും, ഇന്നും ദിലീപേട്ടനൊപ്പം. സത്യം ഇതൊന്നും തുറന്നു പറഞ്ഞു പോസ്റ്റ് ഇടാൻ ഇപ്പൊ എല്ലാർക്കും മടിയാണ്. അദ്ദേഹം ആളാക്കിയ പലരും ഇതുവരെ ഒന്നും മിണ്ടിയിട്ടില്ലെന്നുമായിരുന്നു ആരാധകർ കമന്റ് ചെയ്തത്.

മലയാളസിനിമയിലെ പല വമ്പൻമാരും കാണിക്കാത്ത ഒരു ധൈര്യം ജീവൻ നിങ്ങൾ കാണിച്ചു. അഭിനന്ദനങ്ങൾ. അദ്ദേഹം തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം. ബട്ട്. കുറ്റം തെളിയട്ടെ അപ്പോൾ പോരെ. ഫേസ്ബുക്ക് പോലുള്ള സോഷ്യൽ മീഡിയയിൽ വന്നു ഇത്തരം ഒരു പോസ്റ്റ് ഇട്ടു സപ്പോർട്ട് കൊടുത്തതിനെ അഭിനന്ദിക്കുന്നു എന്നായിരുന്നു ഒരാൾ ജീവന്റെ പോസ്റ്റിന് താഴെയായി കുറിച്ചത്.

ബാലതാരമായി തുടക്കം കുറിച്ച ജീവന്‍ മമ്മി ആന്‍ഡ് മിയിലൂടെയായിരുന്നു ബിഗ് സ്‌ക്രീനില്‍ തുടക്കം കുറിച്ചത്. ദിലീപ്- മംമ്ത മോഹന്‍ദാസ് കൂട്ടുകെട്ടിലൊരുങ്ങിയ മൈ ബോസിലും ജീവന്‍ വേഷമിട്ടിരുന്നു. തുടക്കക്കാരനായ തന്നെ നല്ല രീതിയിലാണ് അദ്ദേഹം അന്ന് പിന്തുണച്ചത്. സംവിധായകന്‍ സീനിനെക്കുറിച്ച് പറയുന്ന സമയത്ത് അത് ഇങ്ങനെ ചെയ്താല്‍ മതിയെന്ന് പറഞ്ഞ് അദ്ദേഹം അഭിനയിച്ച് കാണിച്ച് തരുമായിരുന്നു. തന്റെ കരിയറിലെ തന്നെ വലിയൊരു ഭാഗ്യമായിരുന്നു അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാനായത് എന്നായിരുന്നു മുന്‍പൊരു അഭിമുഖത്തിനിടയില്‍ ജീവന്‍ ദിലീപിനെക്കുറിച്ച് പറഞ്ഞത്.

പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അംബേദ്കറിന്റെയും ഭഗത് സിംഗിന്റെയും ചിത്രങ്ങള്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ അധ്യക്ഷനുമായ അരവിന്ദ് കെജ്രിവാള്‍.

ഞായറാഴ്ചയായിരുന്നു കെജ്രിവാളിന്റെ പ്രഖ്യാപനം. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മുഖ്യമന്ത്രിയുടെയോ മറ്റ് രാഷ്ട്രീയപ്രവര്‍ത്തകരുടെയോ ചിത്രം സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.

‘ഞങ്ങള്‍ അധികാരത്തിലെത്തിയാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മുഖ്യമന്ത്രിയുടെയോ മറ്റ് രാഷ്ട്രീയക്കാരുടെയോ ചിത്രങ്ങള്‍ സ്ഥാപിക്കില്ലെന്ന് ഞാന്‍ ഉറപ്പു നല്‍കുന്നു. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ബാബാ സാഹേബ് അംബേദ്കറിന്റെയും ശഹീദ് ഭഗത് സിംഗിന്റെയും ചിത്രങ്ങള്‍ സ്ഥാപിക്കും. നമുക്കും അടുത്ത തലമുറയ്ക്കും പ്രചോദനമാകാനാണിത്,’ അദ്ദേഹം പറഞ്ഞു.

എഎപി അധികാരത്തിലെത്തിയാല്‍ ഡോര്‍സ്റ്റെപ് ഡെലിവറി സര്‍വീസുകളും മൊഹല്ല ക്ലിനിക്കുകളും ആരംഭിക്കുമെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.
കെജ്രിവാള്‍ സര്‍ക്കാര്‍ മുന്നോട്ടു വെക്കുന്ന പദ്ധതികളിലൊന്നാണ് മൊഹല്ല ക്ലിനിക്ക് എന്ന പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍. ഒരു ഡോക്ടര്‍, ഒരു മിഡ് വൈഫ് നേഴ്‌സ് എന്നിവരാണ് ക്ലിനിക്കില്‍ ഉണ്ടാവുക. സൗജന്യ മെഡിക്കല്‍ സേവനം എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് കെജ്രിവാള്‍ ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

ഇതോടൊപ്പം കോണ്‍ഗ്രസ് നേതാവ് സിദ്ദുവിനെതിരെയും ശിരോമണി അകാലി ദള്‍ നേതാവ് ബിക്രം മജിതിക്കെതിരെയും കെജ്രിവാള്‍ ആഞ്ഞടിച്ചു. ഇരുവരും ജനങ്ങളുടെ കാര്യം നോക്കാതെ കേവലം രാഷ്ട്രീയം കളിക്കുന്ന ‘രാഷ്ട്രീയ ആനകള്‍’ മാത്രമാണെന്നായിരുന്നു കെജ്രിവാള്‍ പറഞ്ഞത്.

സിദ്ദു അഴിമതിക്കെതിരെ പോരാട്ടം നടത്താനല്ല ശ്രമിക്കുന്നതെന്നും, പഞ്ചാബിന്റെ മുഖ്യമന്ത്രിയാവുക എന്നത് മാത്രമാണ് സിദ്ദുവിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 117 അംഗങ്ങളുള്ള മന്ത്രിസഭയിലേക്ക് ഫെബ്രുവരി 20നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

RECENT POSTS
Copyright © . All rights reserved