Latest News

പ്രധാനമന്ത്രി ബോറിസ് ജോൺസൻ്റെ ഭാവി ഡൗണിംഗ് സ്ട്രീറ്റ് പാര്‍ട്ടികളെക്കുറിച്ചുള്ള സ്യൂ ഗ്രേയുടെ നേതൃത്വത്തിലുള്ള ആഭ്യന്തര അന്വേഷണം റിപ്പോര്‍ട്ടിനെ ആശ്രയിച്ചിരിക്കുമെന്ന് സൂചന. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ സ്യൂ ഗ്രേയുടെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷൻ്റെ റിപ്പോർട്ടിനായി കാക്കുകയാണ് എംപിമാര്‍. വിഷയത്തില്‍ പ്രധാനമന്ത്രിയ്ക്ക് വീഴ്ച സംഭവിച്ചെന്ന പരാമര്‍ശം ഉണ്ടായാല്‍ രാജി ആവശ്യം കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെയും ടോറി വിമതരുടെയും തീരുമാനം.

എന്നാല്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അതു തെളിയിക്കാൻ പോരാടുമെന്നും ബോറിസ് ജോണ്‍സണ്‍ പ്രതിജ്ഞ ചെയ്യുന്നു. ബുധനാഴ്ച പ്രതീക്ഷിച്ചിരുന്ന സ്യൂ ഗ്രേയുടെ അന്വേഷണത്തിന്റെ കണ്ടെത്തലുകള്‍ പുറത്തുവന്നിട്ടില്ല. പ്രധാനമന്ത്രിയുടെ ചോദ്യങ്ങളില്‍, റിപ്പോര്‍ട്ട് പൂര്‍ണ്ണമായി പ്രസിദ്ധീകരിക്കുമെന്ന വാഗ്ദാനം പാലിക്കാന്‍ ലേബര്‍ നേതാവ് സര്‍ കെയര്‍ സ്റ്റാര്‍മര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

ജോണ്‍സണിന് ലഭിക്കുന്ന ഫോര്‍മാറ്റില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുക എന്നത് ആണ് തങ്ങളുടെ ഉദ്ദേശ്യം എന്ന് ഡൗണിംഗ് സ്ട്രീറ്റ് പറഞ്ഞു. ഗ്രേയുടെ റിപ്പോര്‍ട്ട് അവര്‍ ഇതുവരെ പ്രധാനമന്ത്രിക്ക് അയച്ചിട്ടില്ല. റിപ്പോര്‍ട്ട് കാണാന്‍ എംപിമാര്‍ക്ക് വ്യാഴാഴ്ച വരെയോ അതിനുശേഷമോ കാത്തിരിക്കേണ്ടി വരുമെന്ന് തോന്നുന്നു. കോമണ്‍സ് പ്രസ്താവന നടത്തുന്നതിന് മുമ്പ് അതിന്റെ ഉള്ളടക്കം പഠിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് സമയം നല്‍കുമെന്ന് ബോറിസ് പറഞ്ഞു.

ഡൗണിംഗ് സ്ട്രീറ്റ് പാര്‍ട്ടികളെക്കുറിച്ചു മെട്രോപൊളിറ്റന്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട് . ആദ്യ ലോക്ക്ഡൗണ്‍ സമയത്ത് പത്താം നമ്പറില്‍ നടന്ന പാര്‍ട്ടികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി മെറ്റ് പോലീസ് കമ്മീഷണര്‍ ക്രെസിഡ ഡിക്ക് ആണ് വെളിപ്പെടുത്തിയത്. 2020 മുതല്‍ ഡൗണിംഗ് സ്ട്രീറ്റിലും വൈറ്റ്ഹാളിലും ‘കോവിഡ് -19 ചട്ടങ്ങളുടെ ലംഘനങ്ങള്‍ ‘ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു വരികയാണെന്ന് ക്രെസിഡ ഡിക്ക് പറഞ്ഞു. ലോക്ക്ഡൗണ്‍ പാര്‍ട്ടികളെക്കുറിച്ചു പോലീസ് അന്വേഷണം കൂടി പുറത്തുവന്നതോടെ പ്രതിപക്ഷം ബോറിസിന്റെ രാജിയാവശ്യം ശക്തമാക്കിയിരുന്നു.

ആദ്യ ലോക്ക്ഡൗണ്‍ നിലവിലിരിക്കെ ബോറിസ് ജോണ്‍സന്റെ ജന്മദിനം ആഘോഷിക്കാന്‍ 10-ാം നമ്പറില്‍ ജീവനക്കാര്‍ ഒത്തുകൂടിയെന്ന് ഡൗണിംഗ് സ്ട്രീറ്റ് കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. പ്രധാനമന്ത്രിക്ക് ജന്മദിനാശംസകള്‍ നേരാന്‍ ജീവനക്കാര്‍ ചെറുതായി ഒത്തുകൂടി എന്ന് നമ്പര്‍ 10 പറഞ്ഞു, അദ്ദേഹം 10 മിനിറ്റില്‍ താഴെ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ എന്നും ഡൗണിംഗ് സ്ട്രീറ്റ് കൂട്ടിച്ചേര്‍ത്തു. രണ്ടില്‍ കൂടുതല്‍ ആളുകളുടെ ഇന്‍ഡോര്‍ ഒത്തുചേരലുകള്‍ നിരോധിച്ചിരുന്ന സമയമായിരുന്നു അത്.

2020 ജൂണിലെ ഇവന്റില്‍ 30 പേര്‍ വരെ പങ്കെടുത്ത് ഹാപ്പി ബര്‍ത്ത്‌ഡേ പാടുകയും കേക്ക് വിളമ്പുകയും ചെയ്തതായി ഐടിവി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2020 ജൂണ്‍ 19 ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് ശേഷമാണ് കാബിനറ്റ് റൂമില്‍ ജന്മദിന പരിപാടി നടന്നതെന്ന് ഐടിവി ന്യൂസ് പറഞ്ഞു,

അന്നു വൈകുന്നേരം പ്രധാനമന്ത്രിയുടെ വസതിയില്‍ കുടുംബസുഹൃത്തുക്കള്‍ക്ക് ആതിഥ്യമരുളിയതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇത് തീര്‍ത്തും അസത്യമാണ് എന്നാണ് 10-ാം നമ്പര്‍ വക്താവ് പറഞ്ഞത് . അന്നത്തെ നിയമങ്ങള്‍ക്കനുസൃതമായി, ആ വൈകുന്നേരം പ്രധാനമന്ത്രി കുറച്ച് കുടുംബാംഗങ്ങള്‍ക്ക് പുറത്ത് ആതിഥേയത്വം വഹിച്ചു എന്നാണ് ന്യായീകരണം. ജോണ്‍സന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം നമ്പര്‍ 10 ഗാര്‍ഡനില്‍ ബാര്‍ബിക്യൂ നടത്തിയിരുന്നതായി ഈ രണ്ടാം സമ്മേളനത്തില്‍ ഒരു സ്രോതസ് ബിബിസിയോട് പറഞ്ഞു.

പ്രധാനമന്ത്രിയുടെ അന്നത്തെ പ്രതിശ്രുതവധു കാരി സിമണ്ട്സ് ക്യാബിനറ്റ് റൂമില്‍ കേക്ക് സംഘടിപ്പിച്ചുവെന്നും ദമ്പതികളുടെ ഡൗണിംഗ് സ്ട്രീറ്റ് ഫ്ലാറ്റിന്റെ നവീകരണം നടത്തിയ ഇന്റീരിയര്‍ ഡിസൈനറായ ലുലു ലൈറ്റിലിനൊപ്പം ചടങ്ങില്‍ എത്തിയെന്നും ഒരു ഉറവിടം ബിബിസിയോട് പറഞ്ഞു. സാന്‍ഡ്‌വിച്ചുകളും പിക്‌നിക് ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ടെന്നും സാമൂഹിക അകലം പാലിക്കുന്നതിനെക്കുറിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും 30 പേര്‍ വരെ പങ്കെടുത്തിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

2020 മെയില്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കവെ നടന്ന പാര്‍ട്ടി നടക്കുന്നതിന് മുന്‍പ് ബോറിസുമായി ഇക്കാര്യം ചര്‍ച്ച ചെയ്‌തെങ്കിലും തന്റെ ആശങ്കകള്‍ തള്ളിക്കളയുകയാണ് ഉണ്ടായതെന്ന് പ്രധാനമന്ത്രിയുടെ മുന്‍ ഉപദേശകന്‍ ഡൊമനിക് കമ്മിംഗ്‌സ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ദേശീയ ദുഃഖാചരണമായിട്ടും ഫിലിപ്പ് രാജകുമാരന്റെ സംസ്കാര ചടങ്ങിന് തലേന്നും ഡൗണിംഗ് സ്ട്രീറ്റ് പാര്‍ട്ടികള്‍ നടന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഫിലിപ്പ് രാജകുമാരന്റെ ശവസംസ്‌കാര ചടങ്ങുകള്‍ക്ക് തലേന്ന് രാത്രി 10-ാം നമ്പറില്‍ രണ്ട് സ്റ്റാഫ് പാര്‍ട്ടികള്‍ക്ക് ഡൗണിംഗ് സ്ട്രീറ്റ് വേദിയായെന്ന് ദ ടെലഗ്രാഫ് ആണ് റിപ്പോര്‍ട്ട് ചെയ്തത്.

ബോളിവുഡ് നടിയായ ശ്വേത തിവാരി (Shweta Tiwari) വിവാദത്തില്‍. പുതിയ വെബ് സീരീസ് (Web series) റിലീസിനോടനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലെ പരാമര്‍ശമാണ് ഇപ്പോള്‍ അവരെ വെട്ടിലാക്കിയിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഭോപ്പാലില്‍ ശ്വേത തിവാരി വാര്‍ത്താസമ്മേളനത്തിനിടെ വിവാദ പ്രസ്താവന നടത്തിയത്.

രോഹിത് റോയ്, ദിഗംഗാന സൂര്യവന്‍ഷി, സൗരഭ് രാജ് ജെയിന്‍ എന്നിവരാണ് സീരീസിലെ മറ്റ് അഭിനേതാക്കള്‍. ഫാഷന്‍ പശ്ചാത്തലമായിട്ടാണ് വെബ് സീരീസ് ഒരുങ്ങുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെ മേരേ ബ്രാ കി സൈസ് ഭഗവാന്‍ ലേ രഹേ ഹെ (എന്റെ ബ്രായുടെ അളവെടുക്കുന്നദ് ദൈവമാണ്) എന്ന് ശ്വേത പറയുന്ന വീഡിയോയാണ് വൈറലായത്.

ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ രംഗത്തെത്തി. മഹാഭാരതം സീരിയലില്‍ കൃഷ്ണനായി അഭിനയിച്ച സൗരഭ് ജെയിനാണ് സീരീസിലെ ബ്രാ ഫിറ്റര്‍ റോളില്‍ അഭിനയിക്കുന്നത്. ഇക്കാര്യം തമാശരൂപേണ സൂചിപ്പിച്ചതാണ് നടി. നടിക്കെതിരെ അന്വേഷണം നടത്തി അറസ്റ്റ് ചെയ്യണമെന്ന് നിരവധി പേര്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആഭ്യന്തര മന്ത്രി നരോത്തം മിശ്ര ഭോപ്പാല്‍ എസ്പിക്ക് നിര്‍ദേശം നല്‍കി.

അട്ടപ്പാടിയില്‍ മധു കൊലപാതക കേസില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് കോടതി വിമര്‍ശനം നേരിട്ടതിന് പിന്നാലെ വിശദീകരണവുമായി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വി.ടി രഘുനാഥ്. സംസ്ഥാനത്തെ കോവിഡ് സാഹചര്യത്തിലാണ് പല സമയത്തും എത്താന്‍ കഴിയാത്തതെന്നും പകരം അഭിഭാഷകനെ ചുമതലപ്പെടുത്തിയിരുന്നെന്നും വി ടി രഘുനാഥ് പറഞ്ഞു.

‘2019 അവസാന കാലത്താണ് മധു കേസില്‍ എന്നെ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കുന്നത്. രണ്ടുതവണ ഞാന്‍ കേസില്‍ വിചാരണ വേളയില്‍ ഹാജരായി. പിന്നെ രണ്ടോ മൂന്നോ തവണ എനിക്ക് വേണ്ടി ശ്രീജിത്ത് എന്ന പാലക്കാട് നിന്നുള്ളയാളാണ് ഹാജരായത്. കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി എത്തിപ്പെടാന്‍ സാധിക്കാതിരുന്നതിനാലാണ് എന്റെ തന്നെ നിര്‍ദേശ പ്രകാരം അദ്ദേഹം എത്തിയത്’ വി ടി രഘുനാഥ് പറഞ്ഞു.

താനുള്ളത് കൊണ്ട് മാത്രം നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയില്ലെന്നും കേസില്‍ പ്രതികള്‍ക്ക് നല്‍കേണ്ട ഡിജിറ്റല്‍ തെളിവുകളുടെ കോപ്പി പൊലീസ് നല്‍കാന്‍ കാലതാമസം നേരിടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2018 ഫെബ്രുവരി 22 നാണ് കേരളത്തെ നടുക്കിയ മധുവിന്റെ കൊലപാതകം നടന്നത്. മോഷണക്കുറ്റം ആരോപിച്ച് അട്ടപ്പാടി മുക്കാലിക്കടുത്ത് കടുകുമണ്ണ ആദിവാസി ഊരിലെ മധുവിനെ ഒരു സംഘം ആളുകള്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയും പൊലീസിന് കൈമാറുകയും ചെയ്തു. പൊലീസ് വാഹനത്തില്‍ ആശുപത്രിയില്‍ കൊണ്ട് പോവുന്ന വഴി യുവാവ് മരണപ്പെട്ടു. മധുവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. കേസിലെ പ്രതികള്‍ എല്ലാം ഇപ്പോള്‍ ജാമ്യത്തിലാണ്.

18 വർഷത്തെ വിവാഹബന്ധം വേർപ്പെടുത്താൻ ഒരുങ്ങുന്ന ധനുഷ് – ഐശ്വര്യ ദമ്പതികളെ കൂട്ടിയിണക്കാനായി ഐശ്വര്യയുടെ പിതാവ് സൂപ്പർസ്റ്റാർ രജനികാന്ത് നന്നെ രംഗത്തെത്തുന്നു. വിവാഹമോചനത്തെ കുറിച്ചുള്ള പ്രഖ്യാപനം വന്നതു മുതൽ സൂപ്പർസ്റ്റാർ അസ്വസ്ഥനാണെന്നും അനുനയത്തിനായി ശ്രമിക്കുന്നെന്നുമാണ് റിപ്പോർട്ട്.ഈ നിമിഷം വരയെും ഐശ്വര്യയെയും ധനുഷിനെയും ഒന്നിപ്പിക്കാനുള്ള ശ്രമങ്ങൾ രജനികാന്ത് നടത്തുകയാണെന്ന് അദ്ദേഹത്തിന്റെ കുടുംബത്തോടടുത്ത വൃത്തങ്ങൾ പറയുന്നത്.

മകളുടെയും മരുമകന്റെയും ഈ തീരുമാനത്തിൽ രജനികാന്ത് കൂടുതൽ അസ്വസ്ഥനാണെന്ന് ആണ് റിപ്പോർട്ടുകൾ. അനുനയ ശ്രമത്തിനായി രജനികാന്ത് ധനുഷിനെ കാണാൻ പുറപ്പെട്ടു എങ്കിലും ധനുഷ് വീട്ടിൽ ഇല്ലെന്നാണ് വിവരം ലഭിച്ചത്. ഈ കൂടിക്കാഴ്ച്ച ഒഴിവാക്കാനും അനാദരവ് കാട്ടാതിരിക്കാനും ധനുഷ് മനപൂർവ്വം വീട്ടിൽ നിന്ന് മാറി നിൽക്കുക ആയിരുന്നുവെന്നാണ് സൂചന.

നേരത്തെ ധനുഷിന്റെ പിതാവ് വിവാഹ മോചന വാർത്തകളെ തള്ളിയിരുന്നു. ധനുഷും ഐശ്വര്യയും ഇപ്പോൾ ചെന്നൈയിലില്ല. ഹൈദരാബാദിലാണ്. ഞാൻ രണ്ടുപേരെയും ഫോണിൽ വിളിച്ച് അവരെ ഉപദേശിച്ചു.

ഇത് ഭാര്യയും ഭർത്താവും തമ്മിലുള്ള ചെറിയൊരു പ്രശ്നമാണ്’, എന്നായിരുന്നു കസ്തൂരിരാജയുടെ പ്രതികരണം. ഇരുവരും സോഷ്യൽ മീഡിയ വഴിയാണ് വേർപിരിയുന്ന എന്ന വാർത്ത പുറംലോകത്തെ അറിയിച്ചത്.

കോഴിക്കോട് നാദാപുരം സ്വദേശിനിയായ യുവതിയെ ഖത്തറില്‍ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. നാദാപുരം വാണിമേൽ ചേന്നാട്ട് സുബൈർ-ഖമർലൈല ദമ്പതികളുടെ മകൾ ലഫ്സിന സുബൈർ(28)ആണ് മരിച്ചത്. ഷോക്കേറ്റതാണ് മരണത്തിന് ഇടയാക്കിയത്.

ഐൻ ഖാലിദിലെ വീട്ടിൽ കുളിമുറിയിൽ വെച്ചാണ് സംഭവം. ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഏറെ സമയമായിട്ടും കുളിമുറിയിൽ നിന്ന് പുറത്തുവരാത്തതിനെ തുടർന്ന് വാതിൽ തുറന്ന് നോക്കിയപ്പോഴാണ് ലഫ്‌സിനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുളിമുറിയിലെ വാട്ടർ ഹീറ്ററിൽനിന്ന് ഷോക്കേറ്റതാണെന്നാണ് പ്രാഥമിക നിഗമവം.

മൃതദേഹം ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്. തുടർനടപടികൾക്കായി കെഎംസിസി പ്രവർത്തകർ രംഗത്തുണ്ട്. ഭർത്താവ് മീത്തലെപീടികയിൽ സഹീർ ദോഹയിൽ സ്വന്തമായി ബിസിനസ് നടത്തുകയാണ്. മക്കൾ : അദാൻ മുഹമ്മദ് സഹീർ,ഐദ ഖദീജ,ഐദിൻ ഉസ്മാൻ.

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണം കൂടുതല്‍ ജില്ലകളിലേക്ക്. നാല് ജില്ലകളെ കൂടി സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളെയാണ് സി കാറ്റഗറിയില്‍ പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിന്റേതാണ് തീരുമാനം.

തിരുവനന്തപുരം ജില്ലയെ നേരത്തെ തന്നെ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. അത് തുടരും. സാമൂഹ്യ, സാംസ്‌കാരിക, മത, രാഷ്ട്രീയ, സാമുദായിക, രാഷ്ട്രീയ, പൊതു പരിപാടികള്‍ ഒന്നും തന്നെ സി കാറ്റഗറിയില്‍ അനുവദിക്കില്ല.

മതപരമായ ആരാധനകള്‍ ഓണ്‍ലൈന്‍ ആയി മാത്രം നടത്തേണ്ടതാണ്. വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ. സിനിമ തീയേറ്ററുകള്‍, സ്വിമ്മിംഗ് പൂളുകള്‍, ജിമ്മുകള്‍ എന്നിവയുടെ പ്രവര്‍ത്തനം അനുവദിക്കില്ല. ബിരുദ-ബിരുദാനന്തര തലത്തിലെ ഫൈനല്‍ ഇയര്‍ ക്ലാസ്സുകളും, പത്ത്, പന്ത്രണ്ട് ക്ലാസ്സുകളും ഒഴികെയുള്ള എല്ലാ ക്ലാസ്സുകളും (ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെ) ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മാത്രമേ അനുവദിക്കൂ. തുടങ്ങിയവയാണ് സി കാറ്റഗറിയിലെ നിയന്ത്രണങ്ങള്‍.

കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം അടിസ്ഥാനമാക്കിയാണ് ജില്ലകളെ മൂന്ന് കാറ്റഗറിയായി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

തിരുവനന്തപുരം: മാധ്യമ പ്രവർത്തകയ്ക്ക് നേരെ രാത്രിയിൽ അതിക്രമം. രാത്രി ഒൻപത് മണിയോടെ ആറ്റിങ്ങൽ ബസ്റ്റാൻഡിലാണ് സംഭവം നടന്നത്. ബസ് കാത്ത് നിൽക്കുകയായിരുന്ന മാധ്യമപ്രവർത്തകയെ മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യം കാണിച്ച ശേഷം ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു.

ഇതോടെ യുവതി ബഹളം വയ്ക്കുകയും നാട്ടുകാർ ഓടികൂടുകയും ചെയ്തു. നാട്ടുകാർ അക്രമിയെ പിടികൂടിയെങ്കിലും ഇയാൾ ഓടി രക്ഷപ്പെട്ടു. പോലീസ് പ്രതിക്കായി തിരച്ചിൽ ആരംഭിച്ചു.

ബിനോയ് എം. ജെ.

ക്രിസ്തീയ വിശ്വാസപ്രകാരം വിലക്കപ്പെട്ട, അറിവിന്റെ വൃക്ഷത്തിന്റെ കായ് ഭക്ഷിച്ചപ്പോൾ മുതലാണ് മനുഷ്യന് ക്ലേശങ്ങൾ ഉണ്ടാവുന്നത്. ഇത് ഏറെക്കുറെ ശരിയുമാണ്. വാസ്തവത്തിൽ മനുഷ്യന് അറിവിന്റെ ആവശ്യമുണ്ടോ? ഈശ്വരന്റെ രൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യനിൽ അനന്തമായ അറിവും അനന്തമായ ശക്തിയും കുടികൊള്ളുന്നു. പിന്നെന്തിനാണ് മനുഷ്യൻ അറിവും ശക്തിയും പുറത്തന്വേഷിക്കൂന്നത്? വാസ്തവത്തിൽ മനുഷ്യൻ ആദ്യം ശക്തിയും രണ്ടാമത് അറിവും നഷ്ടപ്പെടുത്തുന്നു. ഇതെങ്ങനെ സംഭവിക്കുന്നു എന്ന് പരിശോധിക്കാം.

മനുഷ്യന്റെ ക്ലേശങ്ങളുടെയെല്ലാം അടിസ്ഥാനപരമായ കാരണം അവന്റെ നിഷേധാത്മക ചിന്തകളും ഉത്കണ്ഠയുമാവുന്നു. ആശയക്കുഴപ്പങ്ങൾ ഇല്ലാത്ത ഒരാൾക്ക് അവയെ എളുപ്പത്തിൽ അതിജീവിക്കുവാൻ കഴിയും. എന്നാൽ സാധാരണ ഗതിയിൽ മനുഷ്യന്റെ മനസ്സ് നിറയെ ആശയക്കുഴപ്പങ്ങളാണ്. ‘എങ്ങനെ ചിന്തിച്ചാൽ പണവും പ്രശസ്തിയും ആർജ്ജിച്ചെടൂക്കുവാൻ കഴിയും? ”എങ്ങനെ ചിന്തിച്ചാൽ അധികാരം കരസ്ഥമാക്കുവാൻ കഴിയും?’ ഈ ആശയക്കുഴപ്പങ്ങളുടെ നടുവിൽ അവൻ നിസ്സഹായനാണ്. അവന് തന്റെ ഇച്ഛാശക്തിയെ വേണ്ടവണ്ണം ഉപയോഗിക്കുവാൻ കഴിയാതെ പോകുന്നു. ആശയക്കുഴപ്പങ്ങൾ ദു:ഖങ്ങളിലേക്കും ക്ലേശങ്ങളിലേക്കുള്ള വാതായനം തുറന്നിടുന്നു. ആശയക്കുഴപ്പങ്ങളാവട്ടെ അറിവുമായി ബന്ധപ്പെട്ട് കിടക്കുന്നു.

ഭാവാത്മകമായി ചിന്തിച്ചുകൊണ്ട് നിഷേധാത്മക ചിന്തകളെ തുരത്തുവാൻ ലൗകിക വിജ്ഞാനത്തിന്റെ ആവശ്യമില്ല. മറിച്ച് ലൗകിക വിജ്ഞാനം അതിനെ തടയുകയേ ചെയ്യുകയുള്ളൂ. അതിനാൽ ലൗകിക വിജ്ഞാനത്തിന്റെ പിറകെ ഓടാതെയിരിക്കുക. വാസ്തവത്തിൽ ലൗകിക വിജ്ഞാനമാണ് മനുഷ്യന്റെ ഏറ്റവും വലിയ പ്രശ്നം. ലൗകിക വിജ്ഞാനം ഭാഗികവും ആപേക്ഷികവും ആവുന്നു. അത് ഉള്ളിൽ കിടക്കുന്ന അനന്ത വിജ്ഞാനത്തെ മറക്കുകയേ ചെയ്യൂ…ഒരു ചോദ്യത്തിന് ഉത്തരം കണ്ടെത്തുമ്പോൾ തൊണ്ണൂറ്റി ഒൻപത് പുതിയ ചോദ്യങ്ങൾ ഉദിക്കുന്നു. ഇത് അന്തമില്ലാത്ത ഒരു പ്രകിയയാണ്. അതിനാൽ തന്നെ അത് അനാരോഗ്യകരവുമാകുന്നു. ശാസ്ത്രം ഇത്രയേറെ പുരോഗമിച്ചിട്ടും മനുഷ്യന്റെ വേദനകൾക്ക് എന്തെങ്കിലും കുറവുണ്ടോ ? ശാസ്ത്രം തെറ്റായ ദിശയിലാണ് ഓടുന്നതെന്ന് ആധുനിക ലോകം സമ്മതിച്ച് കൊടുക്കുമെന്ന് തോന്നുന്നില്ല.

‘സത്യം’ അഥവാ എല്ലാത്തിനെയും കുറിച്ചുള്ള അറിവ് മനുഷ്യന്റെയുള്ളിൽ കിടപ്പുണ്ട്. ഭാഗികവും ആപേക്ഷികവുമായി അറിവ് അതിനെ മറച്ച് കളയുന്നു. അനന്ത ജ്ഞാനം മറക്കപ്പെടുമ്പോൾ ബാഹ്യമായ അറിവിനു വേണ്ടിയുള്ള തൃഷ്ണയും വർദ്ധിക്കുന്നു. ഇത് സത്യത്തെ കൂടുതൽ മറയ്ക്കുകയും ഒരു ദൂഷിതവലയത്തിന് (vicious cycle) രൂപം കൊടുക്കുകയും ചെയ്യുന്നു. ഇതിൽ നിന്നും പുറത്തു കടക്കുക അത്ര എളുപ്പമുള്ള കാര്യമല്ല.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

 

സർക്കാർ ഉടമസ്ഥതയിലായിരുന്ന എയർ ഇന്ത്യ വിമാന കമ്പനി ഇനി ടാറ്റയ്ക്ക് സ്വന്തം. നടപടി ക്രമങ്ങൾ അവസാനഘട്ടത്തിലേക്ക്.വ്യാഴാഴ്ച (27) ടാറ്റ സൺസ് ഏറ്റെടുക്കും.കമ്പനിയുടെ ജനുവരി 20 വരെയുള്ള അന്തിമ വരവുചെലവ് കണക്കുകൾ കഴിഞ്ഞ തിങ്കളാഴ്ച എയർ ഇന്ത്യ ടാറ്റയ്ക്കു കൈമാറിയിരുന്നു.എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്പ്രസ് വിമാന സർവീസുകളുടെ 100 % ഓഹരികളും എയർ ഇന്ത്യയുടെ കാർഗോ വിഭാഗമായ എയർപോർട്ട് സർവീസസ് ലിമിറ്റഡിന്റെ (സാറ്റ്‌സ്) 50 ശതമാനവുമാണ് ടാറ്റ ഏറ്റെടുക്കുക.

കണക്കുകൾ പൂർണമായി അവലോകനം ചെയ്തതിനു ശേഷം മാറ്റങ്ങൾ ഉണ്ടെങ്കിൽ കമ്പനി ബുധനാഴ്ചതന്നെ വ്യക്തമാക്കുമെന്നു എയർലൈൻസ് ഫിനാൻസ് ഡയറക്ടർ വിനോദ് ഹെജ്മാദി ജീവനക്കാർക്ക് അയച്ച ഇ-മെയിൽ സന്ദേശത്തെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എയർ ഇന്ത്യയുടെ ലേല നടപടികളിൽ 18,000 കോടി രൂപയുടെ ടെൻഡർ സമർപ്പിച്ചാണ് ടാറ്റ അന്ന്‌ ഒന്നാമതെത്തിയത്.എയർ ഇന്ത്യയുടെ ആകെയുള്ള കടത്തിൽ 15,300 കോടി രൂപ ഏറ്റെടുക്കുന്ന ടാറ്റ, ടെൻഡർ തുകയിൽ ബാക്കിയുള്ള 2700 കോടി രൂപ കേന്ദ്രത്തിനു പണമായി ഇനി കൈമാറുന്നതാണ്.

മലയാളി നഴ്‌സ് സൗദിയില്‍ മരിച്ചു. കൊല്ലം മയ്യനാട് സ്വദേശിയായ യുവതി റിയാദില്‍ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കുറ്റിക്കാട് പള്ളിത്തൊടി അനശ്വര നിവാസില്‍ അശ്വതി വിജേഷ്‌കുമാര്‍ ആണ് റിയാദിലെ കിംഗ് സല്‍മാന്‍ ആശുപത്രിയില്‍ മരിച്ചത്. 32 വയസായിരുന്നു. റിയാദിലെ അല്‍ ജാഫല്‍ എന്ന സ്വകാര്യ ആശുപത്രിയില്‍ നാല് വര്‍ഷമായി നഴ്‌സായി ജോലി ചെയ്ത് വരികയായിരുന്നു.

ഭര്‍ത്താവ് വിജേഷ് കുമാര്‍ റിയാദില്‍ ഒപ്പമുണ്ട്. ഏകമകള്‍ അലംകൃത (4) നാട്ടിലാണ്. പിതാവ് – ബാബുരാജന്‍, മാതാവ് – ലത, സഹോദരി – അനശ്വര. നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങള്‍ക്കിടയിലാണ് മരണം. നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടില്‍ കൊണ്ടു പോകുമെന്ന് ഭര്‍ത്താവ് അറിയിച്ചു.

ഐ.സി.എഫ് റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി സാന്ത്വനം കോഡിനേറ്റര്‍ അബ്ദുറസ്സാഖ് വയല്‍ക്കര, സര്‍വ്വീസ് സെക്രട്ടറി ഇബ്രാഹീം കരീം അനസ് അമാനി , അഷ്റഫ് അഹ്‌സനി എന്നിവര്‍ രംഗത്തുണ്ട്.

RECENT POSTS
Copyright © . All rights reserved