Latest News

രാധാകൃഷ്ണൻ മാഞ്ഞൂർ

2022 ജനുവരി 16 – ന് അരങ്ങൊഴിഞ്ഞു കടന്നുപോയ ആലപ്പി രംഗനാഥ് നാടക സിനിമാ രംഗത്തെ അപൂർവ പ്രതിഭയായിരുന്നു.

നാടക രചന , സംവിധാനം , ഗാനരചന , സംഗീതം, നൃത്ത സംവിധാനം ഇങ്ങനെ കൈവച്ച മേഖലകളിലെല്ലാം തന്റെ സാന്നിധ്യം അറിയിച്ചു.

ആലപ്പുഴ വേഴപ്ര കുഞ്ഞു കുഞ്ഞു ഭാഗവതരുടെ മകൻ സംഗീതത്തിൻറെ അപൂർവ്വ താളങ്ങളിലേക്ക് സഞ്ചരിച്ചു . ജീവിത സായാഹ്‌നത്തിലേക്ക് കടന്നപ്പോൾ പൂർണമായും സംഗീതത്തിന് സമർപ്പിച്ചു.

ഈ ആത്മാർപ്പണത്തിൽ നിന്നാണ് കനകാംഗി മുതൽ രസിക പ്രിയ വരെ 72 മേള കർത്താ രാഗങ്ങൾ പിറന്നത് …..

72 മഹാ പ്രതിഭകളെ കുറിച്ചുള്ള 72 കീർത്തനങ്ങൾ …..( 72 മേള കർത്താ രാഗങ്ങളാണ് കർണ്ണാട്ടിക് സംഗീതത്തിന്റെ അടിസ്ഥാനം) വർഷങ്ങൾ നീണ്ട ഗവേഷണത്തിലൂടെ ത്യാഗരാജസ്വാമികളുടെ ഓർമ്മയ്ക്ക് പഞ്ചരത്ന കൃതികൾ ചിട്ടപ്പെടുത്തി അവതരിപ്പിച്ചു. സംഗീതത്തിൻറെ കൈവഴികളിൽ താൻ ചെയ്യുന്ന പ്രവർത്തനങ്ങൾ സഹൃദയർ നെഞ്ചേറ്റുന്നുവെന്നറിയുമ്പോൾ രംഗനാഥൻ മാഷ് സന്തോഷിക്കുന്നു. അവാർഡുകൾക്ക് വേണ്ടിയോ , അംഗീകാരങ്ങൾക്ക് വേണ്ടിയോ ആരുടെയും കാല് പിടിക്കാൻ മാഷ് ശ്രമിക്കാറില്ല…. ഒരുപക്ഷേ അതുകൊണ്ടാവാം സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്നും, നാടക രംഗത്തു നിന്നു മൊക്കെ ഒരു പിൻവാങ്ങൽ സംഭവിച്ചത്.

1992 മെയ് മാസത്തിലെ ഒരു വേനൽ പകലിലാണ് കാഞ്ഞിരപ്പള്ളി ‘കാരാമയിൽ ലോഡ്ജിൽ ‘ രംഗനാഥൻ മാഷിനെ കാണാൻ ചെല്ലുന്നത്. ‘നിഷേധം ‘ മാസികയ്ക്ക് വേണ്ടി അദ്ദേഹത്തിന്റെ ഇൻറർവ്യൂ എടുക്കണം. അസോസിയേറ്റ് എഡിറ്റർ സുനിൽ ഓച്ചിറ (സീബ്ലൂ സുനിൽ) പ്രകാശ് സ്വദേശി എന്നിവരും എന്നോടൊപ്പമുണ്ടായിരുന്നു .

ആലപ്പി രംഗനാഥ്

അഭിമുഖത്തിൽ കാഞ്ഞിരപ്പള്ളിയുമായുള്ള അപൂർവ്വ ബന്ധത്തെപ്പറ്റി വാചാലമായി. 1968 -ൽ മലയാളം വിദ്വാൻ പഠിക്കാൻ പൊൻകുന്നത്ത് കൊച്ചിച്ചന്റെ വീട്ടിലേക്ക് താമസം മാറിയതോടെ കലാരംഗം കാഞ്ഞിരപ്പള്ളി യിലേക്ക് പറിച്ചു നടപ്പെട്ടു. ഈ കാലഘട്ടത്തിലാണ് കാഞ്ഞിരപ്പള്ളിയിൽ പീപ്പിൾസ് ആർട്ട്സ് ക്ലബ്ബിന് നാടകം രചിക്കുകയും ഗാനങ്ങൾ ചിട്ടപ്പെടുത്തുകയും ചെയ്തിരുന്നു. പി .എ .തോമസ് എന്ന സിനിമാ നിർമാതാവ് ‘ജീസസ് ‘ എന്ന സിനിമയ്ക്കുവേണ്ടി ഗാനമെഴുതിയ അഗസ്റ്റിൻ വഞ്ചിമലയെ പരിചയപ്പെടുത്തുന്നു. തോമസിൻറെ ‘ജീസസിൽ’ അവർക്കൊപ്പം ഈണം നൽകി. അക്കാലത്ത് ‘വഞ്ചി – രംഗൻ’ ടീം വളരെ പ്രശസ്തമായിരുന്നു. പിന്നീട് അഗസ്റ്റിൻ വഞ്ചിമല ‘ന്യൂസ് ഇന്ത്യ ‘ എന്ന പത്രവുമായി തമിഴ്നാട്ടിൽ ഒതുങ്ങി . ഇടയ്ക്ക് തമിഴ്നാട് രാഷ്ട്രീയത്തിൽ ജയലളിതയ്ക്കൊപ്പം പ്രവർത്തിച്ചു. 2020ഫെബ്രുവരിയിൽ അഗസ്റ്റിൻ വഞ്ചിമല രോഗബാധിതനായി മരണപ്പെട്ടു .

അഗസ്റ്റിൻ വഞ്ചിമല യ്ക്കൊപ്പമുള്ള നാടകക്കാലങ്ങൾ ഒരിക്കലും മറക്കാനാവില്ലന്ന് രംഗനാഥൻ മാഷ് പറയുന്നു .

യേശുദാസിന്റെ തരംഗിണി സ്റ്റുഡിയോയിൽ സ്ക്രിപ്റ്റ് സ്ക്രൂട്ടിനൈസിങ്ങ് ഓഫീസറായി ജോലി ചെയ്തത് മഹാഭാഗ്യം .

ഈ കാലയളവിലാണ് നിരവധി മ്യൂസിക് ആൽബങ്ങൾ മലയാളത്തിന് സമ്മാനിച്ചു. യേശുദാസിനു വേണ്ടി തന്നെ 200-ൽ പരം ഗാനങ്ങൾ ചിട്ടപ്പെടുത്തുവാൻ സാധിച്ചത് മറ്റൊരു മഹാഭാഗ്യം .

മധുരഗീതങ്ങൾ, എന്റെ വാനമ്പാടി ഈ ആൽബങ്ങൾ സ്വയം പാട്ടെഴുതി ചിട്ടപ്പെടുത്തി.

ഇൻറർവ്യൂവിൽ മുഴുവൻ സംഗീതവുമായുള്ള തൻറെ ആത്മബന്ധം തുറന്നു പറയുകയായിരുന്നു. കലയെ ഉപാസിക്കുന്നവന് എല്ലാം സമൃദ്ധമായി തിരികെ ലഭിക്കുമെന്നുള്ള പ്രകൃതി നിയമത്തെ ഓർമ്മപ്പെടുത്തി കൊണ്ടാണ് അഭിമുഖം അവസാനിച്ചത്.

ഹരിവരാസനം പുരസ്കാരം സ്വീകരിച്ച് ദിവസങ്ങൾക്കുള്ളിൽ മരണം കോവിഡ് രൂപത്തിൽ വരുകയായിരുന്നു ….. ഒരുപക്ഷേ പല സ്വപ്നപദ്ധതികളും പാതിവഴിയിൽ ഉപേക്ഷിച്ചാവാം മരണം അദ്ദേഹത്തെ കൊണ്ടുപോവുന്നത് ……

എങ്കിലും സംഗീതത്തിലെ പുതുതലമുറ ‘ ഗുരുരത്ന പഞ്ചകം’ പോലുള്ള മഹത്തായ കൃതികളെ തൊട്ടറിയും…..
കാലം എല്ലാറ്റിനും സാക്ഷിയാകും.

ഉപരേഖ

അഭിമുഖത്തിൽ ഞങ്ങൾ ചോദിച്ച ഒരു ചോദ്യവും അതിനുള്ള മറുപടിയും വളരെ പ്രസക്തമാവുന്നു.

ചോദ്യം :- ‘ ഇല്ലിമുളം കാടുകളിൽ ‘ ‘ബലികുടീരങ്ങളെ ‘ ഇങ്ങനെയുള്ള നാടകഗാനങ്ങൾ എക്കാലത്തും ഹിറ്റായി നിലനിൽക്കുന്നു . ഇന്നും നാടകങ്ങൾ പിറക്കുന്നുണ്ട് , നാടകഗാനങ്ങളും ഉണ്ടാവുന്നുണ്ട് …… പക്ഷെ മഹത്തായ ഗാനങ്ങൾ എന്തുകൊണ്ട് ഉണ്ടാവുന്നില്ല ?

ഉത്തരം :- പണ്ട് ഒരു മാസവും , രണ്ടു മാസവുമൊക്കെ സംഗീതസംവിധായകന്റെ വീട്ടിൽ താമസിച്ചാണ് ഓരോ ഗാനങ്ങളും ചിട്ടപ്പെടുത്തിയത് ….. പക്കമേളക്കാരും , ഗായകരും , ഗാനരചയിതാക്കളും ഉൾപ്പെടുന്ന ഒരു ടീം വർക്കായിരുന്നു. ഇന്ന് വളരെ ഫാസ്‌റ്റായിട്ടുള്ള വർക്കുകളാണ് നടക്കുന്നത് . ആദ്യം ട്യൂണിടുന്നു. പിന്നീട് ട്യൂണിനനുസരിച്ച് പാട്ടെഴുതുന്നു ….. എന്തൊരു വികലമായ രീതിയാണ് പിന്തുടരുന്നത്. ഇതിനിടയിൽ എങ്ങനെയാണ് ഒരു എവർഗ്രീൻ സോങ് സൃഷ്ടിക്കാനാവുന്നത് …?

നടിയെ ആക്രമിച്ച കേസുമായി  ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ദിലീപിനെ  ചോദ്യം ചെയ്യുന്നത് കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ. ദിലീപ് ഉള്‍പ്പടെ അഞ്ച് പ്രതികളും നാളെ രാവിലെ ഒമ്പത് മണിക്ക് ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് മറ്റുള്ള പ്രതികള്‍.

അന്വേഷണസംഘത്തിന് ദിലീപിനെ നാളെയും മറ്റന്നാളും തിങ്കളാഴ്ചയും ചോദ്യം ചെയ്യാമെന്നും, രാവിലെത്തൊട്ട് വൈകിട്ട് വരെ ചോദ്യം ചെയ്ത ശേഷം ഇനി കേസ് പരിഗണിക്കുമ്പോൾ റിപ്പോർട്ട് നൽകണമെന്നുമാണ് ഹൈക്കോടതി പ്രോസിക്യൂഷന് ഇന്ന് നിർദേശം നൽകിയത്. രാവിലെ 9 മണി മുതൽ രാത്രി 8 മണി വരെ ചോദ്യം ചെയ്യാം. എന്നാല്‍, ഈ മാസം 27 വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.

പ്രതികൾ എല്ലാ തരത്തിലും അന്വേഷണവുമായി സഹകരിക്കണം. അന്വേഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തടസ്സമുണ്ടാക്കിയാൽ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി. ബുധനാഴ്ച വരെ കേസ് തീർപ്പാക്കുന്നില്ല എന്നും, അത് വരെ ദിലീപ് അടക്കമുള്ള ആറ് പ്രതികൾ അന്വേഷണവുമായി സഹകരിക്കട്ടെ എന്നും കോടതി വ്യക്തമാക്കി.

ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ കോൺഗ്രസി​െൻറ സഖ്യസാധ്യതകൾ സൂചിപ്പിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ബിജെപിയല്ലാത്ത ആരുമായും കോൺഗ്രസ് തെരഞ്ഞെടുപ്പിനുശേഷം സഖ്യത്തിനു തയാറാണെന്ന് പ്രിയങ്ക വ്യക്തമാക്കി. എന്നാൽ, ബിജെപിക്കു സമാനമായ രാഷ്ട്രീയമാണ് സമാജ്‌വാദി പാർട്ടിക്കുമുള്ളതെന്നും അവർ ആരോപിച്ചു.

കോൺഗ്രസിന്റെ വാതിൽ ബിജെപിക്കു മുന്നിൽ അടച്ചിട്ടിരിക്കുകയാണ്. എന്നാൽ, ബാക്കിയുള്ളവരുമായെല്ലാം സഖ്യത്തിന് തയാറാണ്. എസ്പിയും ബിജെപിക്കും എസ്പിക്കും ഒരേ രാഷ്ട്രീയശൈലിയാണുള്ളത്. ആ രാഷ്ട്രീയത്തിൽനിന്ന് അവർ നേട്ടംകൊയ്യുകയും ചെയ്യുന്നുണ്ട്. കോൺഗ്രസിനു പറയാനുള്ളത് സാധാരണക്കാർക്കാണ് നേട്ടമുണ്ടാകേണ്ടത്.

വികസനവിഷയങ്ങളാണ് ഉയർത്തേണ്ടത്. മതവർഗീയതയുടെയും ജാതീയതയുടെയുമെല്ലാം അടിസ്ഥാനത്തിൽ മുന്നോട്ടുപോകുന്നവർക്ക് ഒരേയൊരു അജണ്ടയേയൂള്ളൂ. അവർ പരസ്പരം അതിൽനിന്ന് നേട്ടമുണ്ടാക്കുകയും ചെയ്യുന്നുണ്ട്-പ്രിയങ്ക പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

കോൺഗ്രസിന്റെ പ്രധാന എതിരാളികൾ തൊഴിലില്ലായ്മയും വിലക്കയറ്റവും ഉത്തർപ്രദേശിലെ സാഹചര്യവും കർഷകരുടെ അവസ്ഥയുമെല്ലാമാണെന്നും പ്രിയങ്ക വ്യക്തമാക്കി. ഇതിനെല്ലാമെതിരെയാകും ഞങ്ങളുടെ പോരാട്ടം. ഭാവി പറയാനറിയില്ല. സീറ്റുകൾ പ്രവചിക്കുന്നതും അപക്വമാകും. എല്ലാം 2022 തെരഞ്ഞെടുപ്പോടുകൂടി അവസാനിക്കാൻ പോകുന്നില്ല. യുപിയിൽ ജനങ്ങളുടെ പ്രശ്‌നങ്ങൾക്കുവേണ്ടി നിലകൊള്ളുന്ന ഏറ്റവും പ്രധാന പാർട്ടിയാകാൻ പോകുകയാണ് കോൺഗ്രസെന്നും അവർ കൂട്ടിച്ചേർത്തു.

യുകെയിൽ നിർണായക മാറ്റങ്ങളുമായി പുതുക്കിയ ഹൈവേ കോഡ് ജനു. 29 മുതൽ പ്രാബല്യത്തിൽ. സൈക്കിൾ യാത്രക്കാർക്ക് ഡ്രൈവർമാരേക്കാൾ വ്യക്തമായ മുൻഗണന നൽകുന്നത് ഉൾപ്പെടെ സൈക്കിൾ യാത്രക്കാരെ ഓവർടേക്ക് ചെയ്യുമ്പോൾ എത്ര സ്ഥലം അനുവദിക്കണമെന്ന് വാഹനമോടിക്കുന്നവർക്ക് പ്രത്യേക നിർദ്ദേശങ്ങൾ അടങ്ങിയതാണ് പുതിയ കോഡ്.

യുകെയിലെ റോഡുകളിലെ ആളുകൾക്കുള്ള ഉപദേശങ്ങളുടെയും നിയമങ്ങളുടെയും പുതിയ ലിസ്റ്റ് ജനുവരി 29 മുതൽ അപ്‌ഡേറ്റ് ചെയ്യപ്പെടും, റോഡ് ഉപയോക്താക്കളുടെ അപകടസാധ്യത കുറയ്ക്കുന്നതിന് അടിസ്ഥാനമാക്കിയുള്ള നിയമങ്ങളാണ് അവതരിപ്പിക്കുക.

സൈക്ലിംഗ് പ്രചാരകർ ഈ മാറ്റങ്ങളെ സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും, അവ ആശയവിനിമയം നടത്തുന്നതിൽ സർക്കാർ വളരെ നിശബ്ദത പാലിക്കുന്നുവെന്ന് ആക്ഷേപമുണ്ട്. കാൽനടയാത്രക്കാർ, കുട്ടികൾ, പ്രായമായവർ, വികലാംഗർ എന്നിവർക്ക് പ്രത്യേക ഊന്നൽ നൽകിക്കൊണ്ടാണ് നിയമങ്ങൾ.

ജംഗ്ഷനുകളിൽ കാൽനടയാത്രക്കാർക്ക് മുൻഗണന. ഒരു ജംഗ്ഷനിൽ, ഡ്രൈവർമാരും മോട്ടോർ സൈക്കിൾ യാത്രക്കാരും കാൽനടയാത്രക്കാർക്ക് ക്രോസ് ചെയ്യുന്നതിനോ ക്രോസ് ചെയ്യാൻ കാത്തിരിക്കുന്നവർക്കോ വഴി നൽകണം. മുമ്പ് ജംഗ്ഷനുകളിൽ വാഹനങ്ങൾക്കാണ് മുൻഗണന നൽകിയിരുന്നത്. കൂടാതെ, സൈക്കിൾ യാത്രക്കാർ പങ്കിട്ട സൈക്കിൾ ട്രാക്കുകളിൽ കാൽനടയാത്രക്കാർക്ക് വഴി നൽകണം.

ചില സാഹചര്യങ്ങളിൽ സൈക്കിൾ യാത്രക്കാർക്ക് മുൻഗണന നൽകേണ്ട ഡ്രൈവർമാർ ഉദാഹരണത്തിന് റൗണ്ട് എബൗട്ടിൽ, ജംഗ്ഷനിൽ നിന്ന് പുറത്തേക്കോ അകത്തേക്കോ തിരിയുമ്പോഴോ പാത മാറുമ്പോഴോ സൈക്കിൾ യാത്രക്കാർക്ക് മുൻഗണന നൽകണമെന്ന് പുതിയ നിയമങ്ങൾ ഡ്രൈവർമാരോടും മോട്ടോർ സൈക്കിൾ യാത്രക്കാരോടും ആവശ്യപ്പെടുന്നു. റൗണ്ട് എബൗട്ടുകളിലോ മന്ദഗതിയിലുള്ള ട്രാഫിക്കിലോ സൈക്കിൾ യാത്രക്കാർക്കിടയിൽ സുരക്ഷിതമായ ദൂരം നൽകാനും ഡ്രൈവർമാരെ പ്രോത്സാഹിപ്പിക്കുന്നു.

യുഎസ്-കാനഡ അതിര്‍ത്തിയില്‍ നാലുപേരടങ്ങുന്ന ഇന്ത്യന്‍ കുടുംബം തണുത്ത് മരിച്ചു. എമേഴ്‌സണിലെ മാനിറ്റോബയ്ക്ക് സമീപം ഒരു വയലിലാണ് പിഞ്ച് കുഞ്ഞും സ്ത്രീയും ഉള്‍പ്പെടുന്ന കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അതിര്‍ത്തി കടന്ന് അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ അപകടത്തില്‍ പെടുകയായിരുന്നു എന്നാണ് വിവരം. മരിച്ച നാല് പേരെയും അതിര്‍ത്തിയുടെ 9-12 മീറ്ററിനുള്ളില്‍ നിന്നാണ് കണ്ടെത്തിയത്. മൈനസ് 35 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടുത്തെ താപനില. ഇതോടൊപ്പം അതികഠിനമായ ശൈത്യക്കാറ്റും മഞ്ഞുവീഴ്ചയും ഉണ്ടായിരുന്നതായാണ് പറയപ്പെടുന്നത്.

അനധികൃതമായി അതിര്‍ത്തി കടന്നതിന് എമേഴ്‌സണ് സമീപം ഒരു സംഘത്തെ ബോര്‍ഡര്‍ സെക്യൂരിറ്റി അറസ്റ്റ് ചെയ്തിരുന്നു. ഇതിലൊരാള്‍ പിഞ്ച് കുഞ്ഞിനാവശ്യമായ ഭക്ഷണവും മറ്റും കയ്യില്‍ സൂക്ഷിച്ചിരുന്നുവെങ്കിലും സംഘത്തില്‍ കുഞ്ഞിനെ കാണാഞ്ഞതിനാല്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൂരിരുട്ടില്‍ സംഘത്തില്‍ നിന്ന് കുടുംബം വേര്‍പ്പെടുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

സംഭവം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ടുള്ളതാണോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഇതേത്തുടര്‍ന്ന് ഒരു യുഎസ് പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. കസ്റ്റഡിയിലെടുത്ത മറ്റ് ഏഴ് ഇന്ത്യക്കാരില്‍ ഒരാളെ അതിശൈത്യത്തെത്തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

യുഎസിലും കാനഡയിലുമുള്ള ഇന്ത്യന്‍ പ്രതിനിധികള്‍ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. സംഭവത്തില്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ ഖേദം പ്രകടിപ്പിച്ചു.

അമേരിക്കയില്‍ നിന്ന് കാനഡയിലേക്കും തിരിച്ചും അതിര്‍ത്തി കടക്കുന്നത് സര്‍വസാധാരണമായ കാര്യമാണെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭരണകാലത്ത് നിരവധി പേര്‍ ഇത്തരത്തില്‍ കാനഡയിലേക്ക് കുടിയേറിയിരുന്നു. അതിര്‍ത്തി കടന്നെത്തിയ മറ്റ് ഇന്ത്യക്കാരെ ചോദ്യം ചെയ്തത് പ്രകാരം ഇവരെ അമേരിക്കയില്‍ ആരോ കാത്തുനില്‍ക്കാമെന്നേറ്റിരുന്നുവെന്നാണ് അറിയുന്നത്.

മുംബൈയിൽ ബഹുനില കെട്ടിടത്തിന് തീപ്പിടിച്ച് ഏഴ് പേർ മരിച്ചു. 16 പേർ പരിക്കുകളോടെ ചികിത്സയിലാണ്. മുംബൈയിലെ ഭാട്ടിയ ആശുപത്രിക്ക് സമീപമുള്ള കമലാഹൈറ്റ്സ് എന്ന കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്.

രാവിലെ 7 മണിയോടെയാണ് കെട്ടിടത്തിന്‍റെ 18ാം നിലയിൽ തീ പടർന്നത്. തീയും പുകയും വേഗത്തിൽ പടർന്നതോടെ മുകൾ നിലയിലുള്ളവരും കുടുങ്ങി. 13 ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി മൂന്ന് മണിക്കൂറിലേറെ പണിപ്പെട്ടാണ് തീയണച്ചത്.

പരിക്കേറ്റവരെ ഭാട്ടിയ ആശുപത്രിയിലും, കസ്തൂർഭാ ആശുപത്രിയിലും, നായർ ആശുപത്രിയിലുമായാണ് പ്രവേശിപ്പിച്ചത്. മൂന്ന് പേർ ആശുപത്രിയിലെത്തും മുൻപ് തന്നെ മരിച്ചിരുന്നു. മേയർ കിഷോരി പഡ്നേക്കർ അടക്കമുള്ളവർ സ്ഥലത്ത് നേരിട്ടെത്തി രക്ഷാ ദൗത്യത്തിന് നേതൃത്വം നൽകി. ഷോർട് സ‍ക്യൂട്ടാണ് അപകടകാരണമെന്നാണ് വിവരം. അഗ്നി ശമന സംവിധാനങ്ങളൊന്നും കെട്ടിടത്തിലില്ലായിരുന്നു എന്നും പ്രഥാമികമായ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് അടക്കമുള്ള പ്രതികളെ നാളെ മുതല്‍ മൂന്ന് ദിവസം ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി. രാവിലെ ഒമ്പത് മുതല്‍ രാത്രി എട്ട് വരെയാണ് ചോദ്യം ചെയ്യാന്‍ അനുവദിച്ചിരിക്കുന്ന സമയം. വ്യാഴാഴ്ച വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി ഉത്തരവ്.

ചോദ്യം ചെയ്യലിന് ശേഷം വിവരങ്ങള്‍ കോടതിയെ അറിയിക്കണം. വ്യാഴാഴ്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി വീണ്ടും പരിഗണിക്കും. ദിവസം അഞ്ചോ ആറോ മണിക്കൂര്‍ ചോദ്യം ചെയ്യലിന് തയ്യാറാകാമെന്നും അറസ്റ്റ് ഒഴിവാക്കണമെന്നും ദിലീപ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

ദിലീപിന് പുറമേ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടി എന്‍ സൂരജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ദിലീപിന്റെ സുഹൃത്ത് ആലുവ സ്വദേശി ശരത് എന്നിവരാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയിരുന്നത്. ഇവരും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ ഹാജരാകണം.

പ്രോസിക്യൂഷന്‍ കൈമാറിയ തെളിവുകളില്‍ പലതും അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. നിയമവിരുദ്ധമായ കാര്യങ്ങള്‍ക്കായി ഗൂഢാലോചന നടത്തുന്നത് കുറ്റകരമാണെന്നും ദിലീപിനെതിരെയുള്ള ആരോപണങ്ങള്‍ ഗൗരവതരമാണെന്നും കോടതി ചൂണ്ടിക്കാട്ടി. അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കാനോ കേസില്‍ യാതൊരു തരത്തിലുള്ള ഇടപെടലുകളും നടത്താനോ പാടില്ലെന്ന് ദിലീപിന് കോടതി കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

കോട്ടയം വൈക്കപ്രയാറില്‍ അമ്മയെ മകന്‍ തോട്ടില്‍ മുക്കി കൊന്നു. ഒഴുവില്‍ സുരേന്ദ്രന്റെ ഭാര്യ മന്ദാകിനി(68)യാണ് മരിച്ചത്. മദ്യലഹരിയിലായിരുന്ന മകന്‍ ബൈജുവാണ് അമ്മയെ മര്‍ദിച്ചതിനു ശേഷം തോട്ടില്‍ മുക്കി കൊലപ്പെടുത്തിയത്.

വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് ബൈജുവും മന്ദാകിനിയും പ്രശ്‌നങ്ങളുണ്ടായിരുന്നു. കൂടാതെ ഇയാള്‍ സ്ഥിരമായി മദ്യപിച്ചെത്തി അമ്മയെ മര്‍ദിക്കുകയും ചെയ്തിരുന്നു.

ഇന്ന് വൈകിട്ടോടെ അമ്മയെ ക്രൂരമായി മര്‍ദിച്ച് അവശയാക്കിയ ബൈജു വീടിന് സമീപത്തെ തോട്ടില്‍ വച്ച് അമ്മയെ മുക്കി കൊല്ലുകയായിരുന്നു.

സംഭവം കണ്ട നാട്ടുകാര്‍ മന്ദാകിനിയെ വൈക്കത്തെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു.

കൊടുങ്ങലൂരിൽ ഭാര്യയെയും മക്കളെയും വീട്ടിൽ നിന്ന് പുറത്താക്കിയതായി പരാതി. കൊടുങ്ങലൂർ സ്വദേശി ശ്രീജേഷിനെതിരെ ഭാര്യ സവിതയാണ് പരാതിയുമായി രംഗത്തെത്തിയത്. മൊബൈൽ ഫോണിലൂടെ പകർത്തിയ വീഡിയോയിലൂടെയാണ് സവിത ഇക്കാര്യം വെളിപ്പെടുത്തിയത്. ശ്രീജേഷിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലായിരുന്നു താമസമെന്നും ശ്രീജേഷ് വിവാഹമോചനത്തിനായി കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും ഇതിന് പിന്നാലെയാണ് തന്നെയും മകനെയും അമ്മയെയും വീട്ടിൽ നിന്ന് ഇറക്കി വിട്ടതെന്നും സവിത വീഡിയോയിൽ പറയുന്നു.

സ്വത്ത് കൈക്കലാക്കാൻ വേണ്ടിയാണ് ശ്രീജേഷ് ഇതൊക്കെ ചെയ്യുന്നതെന്നും സവിത പറയുന്നു. കേസിന് പോകാൻ തന്റെ കയ്യിൽ പണമില്ലെന്നും. നിലവിലുള്ള കേസിന് പുറകെ പോയി ഉണ്ടായിരുന്ന ജോലിയും തനിക്ക് നഷ്ടപ്പെട്ടെന്നും സവിത പറയുന്നു. കൊടുങ്ങലൂർ മേൽശാന്തിയുടെ മകനാണ് തന്റെ ഭർത്താവ് ശ്രീജേഷ് എന്നും യുവതി വീഡിയോയിൽ പറയുന്നു.

വീട് പുറത്ത് നിന്നും പൂട്ടിയ അവസ്ഥയിലാണെന്നും കുഞ്ഞുങ്ങൾക്ക് ഭക്ഷണം ഉണ്ടാക്കി കൊടുക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണെന്നും സവിത വീഡിയോയിൽ പറയുന്നു. താൻ മാനസിക സമർദ്ദത്തിലാണെന്നും തനിക്ക് നീതി ലഭിക്കണമെന്നും സവിത വീഡിയോയിൽ പറയുന്നു.

അലി അക്ബർ സംവിധാനം ചെയ്ത 1921 പുഴമുതൽ പുഴ വരെ എന്ന ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് അന്തരിച്ച കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തതിന് ശേഷമാണ് ആർഎൽവി രാമകൃഷ്ണന്റെ പ്രതികരണം. ആദ്യമായി തന്നെ ക്യാമറയ്ക്ക് മുന്നിൽ നിർത്തിയത് അലി അക്ബർ ആണെന്നും. മണിച്ചേട്ടന്റെ മരണത്തിന് ഇപ്പുറവും അദ്ദേഹം തന്നെ മറന്നിട്ടില്ലെന്നും ആർഎൽവി രാമകൃഷ്ണൻ പറയുന്നു.

ധാരാളം സിനിമ സംവിധായകർ ഉണ്ടെങ്കിലും ഇത്പോലെ ചേർത്ത് നിർത്തലും സമാശ്വാസവും ഉണ്ടായത് അലി അക്ബറിൽ നിന്ന് മാത്രമാണെന്നും ആർഎൽവി രാമകൃഷ്ണൻ പങ്കുവെച്ച ഫേസ്ബുക് കുറിപ്പിൽ പറയുന്നു. ചാത്തൻ പുലയൻ എന്ന കഥാപാത്രത്തെയാണ് ആർഎൽവി രാമകൃഷ്ണൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

ആർഎൽവി രാമകൃഷ്ണൻ പങ്കുവെച്ച ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ രൂപം.

നിരവധി വാദപ്രതിവാദങ്ങൾക്കൊടുവിൽ വാരിയൻകുന്നൻ പ്രധാന കഥാപാത്രമായി വരുന്ന അലി അക്ബർ സംവിധാനം ചെയ്യുന്ന 1921 പുഴ മുതൽ പുഴ വരെ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ്. ചാത്തൻ പുലയൻ എന്ന ഒരു മുഴുനീള കഥാപാത്രത്തെ ഞാൻ ഈ ചിത്രത്തിൽഅവതരിപ്പിക്കുന്നു എന്ന സന്തോഷം ഞാൻ നേരത്തെ നിങ്ങളുമായി പങ്കുവച്ചിരുന്നല്ലോ

ഞാൻ ആദ്യമായി മണി ചേട്ടനോടൊപ്പം ഒരു സിനിമാ ലൊക്കേഷനിലേക്ക് പോകുന്നത് പെരുമ്പാവൂരിൽ ചിത്രീകരണം നടന്ന അലി അക്ബർ സംവിധാനം ചെയ്ത മണി ചേട്ടൻ പ്രധാന വേഷം ചെയ്ത ബാംബൂ ബോയ്സിൻ്റെ ലൊക്കേഷനിലേക്കാണ്. അവിടെ ചെന്നപ്പോൾ യാദൃശ്ചികമായി എന്നെ കൊണ്ട് ഒരു കഥാപാത്രം ആ ചിത്രത്തിൽ ചെയ്യിപ്പിച്ചത് അലി അക്ബർ സാറായിരുന്നു. ജെ വില്യംസ് ക്യാമറ ചലിപ്പിച്ച ആ ചിത്രത്തിൽ ജഗതി ശ്രീകുമാർ എന്ന അതുല്യ നടനോടൊപ്പം ആയിരുന്നു ആദ്യ ഷോട്ട്. ഷൂട്ടിങ്ങ് എന്താണെന്ന് കണ്ടിട്ടില്ലാത്ത ഞാൻ വളരെ പരിഭ്രാന്തനായ നിമിഷം.ഒപ്പം കുറേ സിനിമാ നടൻമാരെ നേരിൽ കണ്ട സന്തോഷവും.

നാളുകൾക്കിപ്പുറം മണി ചേട്ടൻ്റെ വിയോഗശേഷം ആ സംവിധായകൻ എന്നെ മറന്നില്ല. ഈ ചിത്രത്തിൽ ചാത്തൻ പുലയൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ തിരഞ്ഞെടുത്ത് എന്നെയായിരുന്നു’. ഞങ്ങളുടെ പരിചയത്തിൽ ധാരാളം സിനിമാ സംവിധായകർ ഉണ്ടെങ്കിലും ഇങ്ങനെയൊരു ചേർത്തുനിർത്തലും സമാശ്വാസവും ഉണ്ടായത് അലി സാറിൽ നിന്നാണ് എന്ന് തുറന്നു പറയുന്നതിൽ യാതൊരു മടിയും ഇല്ല. ഒരു സംവിധായകരുടെയും മുൻപിൽ ചാൻസ് ചോദിച്ച് പോയിട്ടില്ലാത്ത എന്നെ വിളിച്ച് ഒരു അവസരം തന്ന ഈ സിനിമയെ ഉപേക്ഷിക്കാൻ തോന്നിയില്ല. കാരണം ഈ ചിത്രത്തിലെ ചാത്തൻ പുലയനെ പറ്റി പറഞ്ഞപ്പോൾ അത്രയേറെ ഇഷ്ടമായി. ഒപ്പം ഒരു അടിപ്പൊളി ഗാനരംഗം എനിക്ക് വേണ്ടിയുള്ളതാണെന്ന് പറഞ്ഞ ആ ഗാനം കേട്ടപ്പോൾ ഒട്ടും തന്നെ സംശയം തോന്നിയില്ല.

ഈ കഥാപാത്രത്തെ ഞാൻ അവതരിപ്പിക്കാം എന്ന് സമ്മതിച്ചതിൻ്റെ പിറ്റേ ദിവസം അലി അക്ബറും പ്രൊഡക്ഷൻ കൺട്രോളർ നിജിൽ ദിവാകരനും മറ്റും ചേർന്ന് ഞാൻ ജോലി ചെയ്യുന്ന കാലടി സംസ്കൃത സർവ്വകലാശാലയിൽ വന്ന് അഡ്വാൻസ് തന്ന് ഉറപ്പിച്ചു. എൻ്റെ സഹോദരനോടുണ്ടായിരുന്ന എല്ലാ ബഹുമാനവും സ്നേഹവും ആ ലൊക്കേഷനിൽ എനിക്ക് ലഭിച്ചത് ഞാൻ മറക്കില്ല.കല കാണാനും ആസ്വദിക്കാനും മാത്രമാണ്. സിനിമയായാലും സംഗീതമായാലും നൃത്തമായാലും എല്ലാം ഒരു പോലെ തന്നെ.

RECENT POSTS
Copyright © . All rights reserved