Latest News

ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് പരമ്പര കൈവിട്ടതിന് പിന്നാലെ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനമൊഴിയുകയാണെന്ന് പ്രഖ്യാപിച്ച് വിരാട് കോഹ്‌ലി. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് കോഹ്‌ലി സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ചത്.

2014-ൽ എംഎസ് ധോണിയിൽ നിന്ന് ടെസ്റ്റ് ടീം ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത കോഹ്‌ലി ഈ വർഷം വരെ 68 ടെസ്റ്റുകളിലാണ് ടീം ഇന്ത്യയെ നയിച്ചത്. 40 മത്സരങ്ങളിലെ വിജയത്തോടെ 58.82 ആണ് കോഹ്‌ലിയുടെ ടെസ്റ്റിലെ വിജയശതമാനം.

ഓസ്‌ട്രേലിയയിൽ രണ്ടു തവണ ഇന്ത്യൻ ടീം ടെസ്റ്റ് പരമ്പര നേടിയപ്പോൾ കോഹ്‌ലിയായിരുന്നു ക്യാപ്റ്റൻ. ഈ പരമ്പരകളിൽ ഏതാനും മത്സരങ്ങളിൽ കോഹ്‌ലിയുടെ അഭാവത്തിൽ ടീമിനെ നയിച്ചത് അജിങ്ക്യ രഹാനെയായിരുന്നു. ഇംഗ്ലണ്ടിലും കോഹ്‌ലിയുടെ നേതൃത്വത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ടീമിനായിരുന്നു.

നേരത്തെ ട്വന്റി 20 ലോകകപ്പിനു ശേഷം അദ്ദേഹം ഇന്ത്യൻ ട്വന്റി 20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനവും ഒഴിഞ്ഞിരുന്നു. ഇതിനു പിന്നാലെ ബിസിസഐ അദ്ദേഹത്തെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്തു നിന്നും മാറ്റുകയും പകരം രോഹിത്ത് ശർമ്മയെ നായകനായി പ്രഖ്യാപിച്ചതും ഏറെ വിവാദമായിരുന്നു. കോഹ്‌ലിയെ ഈ തീരുമാനം പ്രകോപിപ്പിക്കുകയും ചെയ്തിരുന്നു.

സൗദിയിൽ ഓൺലൈൻ തട്ടിപ്പിൽപ്പെട്ടു മലയാളി നഴ്സുമാർക്കു ലക്ഷങ്ങൾ നഷ്ടമായി. ദമാമിലെ ആശുപത്രിയിൽ ജോലി ചെയ്യുന്ന മൂന്നു മലയാളി നഴ്സുമാർക്കാണു പണം നഷ്ടമായത്. നാട്ടിലെ കട ബാധ്യതകൾ തീർക്കാൻ ബാങ്കിൽ നിന്നു ലോണെടുത്ത പണം ഇവരുടെ അക്കൗണ്ടിൽ എത്തിയതിന്‍റെ രണ്ടു ദിവസം കഴിഞ്ഞാണു തട്ടിപ്പ് നടന്നത്.

അക്കൗണ്ട് നമ്പർ പറഞ്ഞിട്ട് ഇതു നിങ്ങളുടെ പേരിലുള്ളതല്ലേ എന്നുള്ള ഒരു ഫോൺ കോൾ വരികയായിരുന്നു ആദ്യം. തങ്ങളുടെ അക്കൗണ്ട് നമ്പർ കേട്ടതോടെ ഫോൺ വിളി ബാങ്കിൽ നിന്നാണെന്നു വിശ്വസിച്ചുപോയ ഇവർ സംസാരിക്കാൻ തുടങ്ങി. ചില വിവരങ്ങൾ അറിയാനുണ്ടെന്ന വ്യാജേന 10 മിനിറ്റിലധികം ഫോൺ കട്ട് ചെയ്യാതെ ഇവരെ ലൈനിൽ തന്നെ നിർത്തി. ഈ സമയത്തിനുള്ളിലാണ്, ഒരാളുടെ അക്കൗണ്ടിലുണ്ടായിരുന്ന 38,000 റിയാലും മറ്റു രണ്ടു പേരുടെ അക്കൗണ്ടുകളിൽ നിന്ന് 40,000 റിയാൽ വീതവും തട്ടിപ്പുകാർ മറ്റൊരു അക്കൗണ്ടിലേക്കു മാറ്റിയത്​.

ഒടിപി നമ്പർ ഫോണിലെത്തിയത് ചോദിക്കുകയോ മറ്റോ ചെയ്തിട്ടില്ല. എന്നാൽ ഫോൺ കട്ട് ചെയ്യാതെ കിട്ടിയ 10 മിനിറ്റ് സമയത്തിനുള്ളിൽ അതിലെത്തിയ ഒടിപി നമ്പർ തട്ടിപ്പുകാർ മറ്റേതോ മാർഗത്തിലൂടെ കൈക്കലാക്കിയെന്നാണു കരുതുന്നത്. പുറം രാജ്യത്തെ ഒരു അക്കൗണ്ടിലേക്കാണ് ഇവർ പണം മാറ്റിയത്. വിദേശത്തെ ബാങ്കിലേക്കാണു പണം മാറ്റിയത് എന്നതിനാൽ പണം തിരിച്ചു പിടിക്കാൻ പ്രയാസമാകുമെന്ന തരത്തിലാണ് ബാങ്ക് അധികൃതരുടെ ഭാഗത്തു നിന്നു ലഭിച്ച മറുപടി.

പൊലീസിലും ബാങ്കിലും ഇവർ പരാതി നൽകിയിട്ടുണ്ട്. ഒട്ടും സംശയിക്കാത്ത നിലയിലായിരുന്നു തട്ടിപ്പ് സംഘം കെണി ഒരുക്കിയത്. ബാങ്കുകളിൽ നിന്ന് ആരും ഇടപാടുകാരുടെ അക്കൗണ്ട് വിവരങ്ങൾ ഫോണിലൂടെ കൈകാര്യം ചെയ്യില്ലെന്നു​ ബാങ്ക്​ അധികൃതർ പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്​.

ലോക്ക്ഡൗണ്‍ കാലത്തെ ഡൗണിംഗ് സ്ട്രീറ്റ് ഗാര്‍ഡനിലെ വെള്ളമടി പാര്‍ട്ടി മൂലം പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ കസേര ഇളകവേയാണ് ഫിലിപ്പ് രാജകുമാരന്റെ ശവസംസ്‌കാര ചടങ്ങുകള്‍ക്ക് തലേന്ന് ‘വെള്ള പാര്‍ട്ടി’ നടന്നതായുള്ള റിപ്പോര്‍ട്ട് പുറത്തുവന്നത്. ഫിലിപ്പ് രാജകുമാരന്റെ ശവസംസ്‌കാര ചടങ്ങുകള്‍ക്ക് തലേന്ന് രാത്രി 10-ാം നമ്പറില്‍ രണ്ട് സ്റ്റാഫ് പാര്‍ട്ടികള്‍ക്ക് ഡൗണിംഗ് സ്ട്രീറ്റ് വേദിയായെന്ന് ദ ടെലഗ്രാഫ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ വിഷയത്തില്‍ ബക്കിംഗ്ഹാം കൊട്ടാരത്തോട് ക്ഷമാപണം നടത്തി. ദേശീയ ദുഃഖാചരണത്തിന്റെ സമയത്താണ് ഇത് സംഭവിച്ചത് എന്നത് വളരെ ഖേദകരമാണെന്ന് പ്രധാനമന്ത്രിയുടെ വക്താവ് പറഞ്ഞു.

2021 ഏപ്രില്‍ 16-ന് ആയിരുന്നു ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്ത ഒത്തുചേരലുകള്‍. ഇത് പുലര്‍ച്ചെ വരെ തുടര്‍ന്നു. പുലര്‍ച്ചെ വരെ മദ്യം കുടിച്ചും സംഗീതത്തില്‍ നൃത്തം ചെയ്തും 30 ഓളം ആളുകള്‍ ഒത്തുചേര്‍ന്നെന്ന് ടെലിഗ്രാഫ് പറയുന്നു. വ്യത്യസ്ത വീടുകള്‍ തമ്മിലുള്ള ഇന്‍ഡോര്‍ മിക്സിംഗ് നിരോധിച്ചിരുന്ന കാലത്താണ് അതും. അക്കാലത്തെ നിയന്ത്രണങ്ങള്‍ ഇപ്പോഴും ഉണ്ട്.

ബോറിസ് ജോണ്‍സന്റെ മുന്‍ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ജെയിംസ് സ്ലാക്ക്, ദി സണ്‍ ദിനപത്രത്തിന്റെ ഡെപ്യൂട്ടി എഡിറ്ററായി പുതിയ റോള്‍ ഏറ്റെടുക്കുന്നതിന് മുന്നോടിയായി സഹപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ‘ഒരു വിടവാങ്ങല്‍ പാര്‍ട്ടി നടത്തി’ എന്ന് സ്ഥിരീകരിച്ചു.

തന്റെ കണ്‍ട്രി എസ്റ്റേറ്റായ ചെക്കേഴ്സില്‍ വാരാന്ത്യത്തില്‍ ചെലവഴിക്കുന്നതിനാല്‍ ബോറിസ് ജോണ്‍സണ്‍ ഒരു സമ്മേളനത്തിലും ഉണ്ടായിരുന്നില്ല. ആദ്യ ലോക്ക്ഡൗണ്‍ സമയത്ത് ഡൗണിംഗ് സ്ട്രീറ്റ് ഗാര്‍ഡനില്‍ വെള്ളമടി പാര്‍ട്ടിയില്‍ പങ്കെടുത്തതിന്റെ പേരില്‍ ബോറിസ് കുരുക്കിലായ സമയത്താണ് പുതിയ വെളിപ്പെടുത്തലുകള്‍.

ടെലിഗ്രാഫ് പറയുന്നതനുസരിച്ച്, സ്ലാക്കിന്റെ വിടവാങ്ങല്‍ പാര്‍ട്ടി പ്രധാനമന്ത്രിയുടെ സ്വകാര്യ ഫോട്ടോഗ്രാഫര്‍മാരില്‍ ഒരാളുടെ 10-ാം നമ്പര്‍ ബേസ്‌മെന്റില്‍ നടന്ന മറ്റൊരു ഒത്തുചേരലുമായി കൂടിച്ചേര്‍ന്നു . ഒരു സ്യൂട്ട്കേസുമായി ജീവനക്കാരെ അടുത്തുള്ള കടയിലേക്ക് അയച്ചു, അത് വൈന്‍ നിറച്ച് തിരികെ കൊണ്ടുവന്നതായി പത്രം പറഞ്ഞു.

ബേസ്‌മെന്റ് ഒത്തുചേരലിനിടെ, ഒരു ‘പാര്‍ട്ടി അന്തരീക്ഷം’ ഉണ്ടെന്ന് ഉറവിടങ്ങള്‍ അവകാശപ്പെട്ടു. 10-ാം നമ്പര്‍ പൂന്തോട്ടത്തില്‍ ഇരുപാര്‍ട്ടികളും ഒരുമിച്ച് ചേരുകയും അര്‍ദ്ധരാത്രി കഴിഞ്ഞിട്ടും അത് തുടരുകയും ചെയ്തു.

ആ സമയത്ത്, ഇംഗ്ലണ്ട് ‘ഘട്ടം രണ്ട്’ നിയന്ത്രണങ്ങള്‍ക്ക് കീഴിലായിരുന്നു, ആളുകള്‍ക്ക് അവരുടെ വീട്ടിലുള്ളവരുമായോ പിന്തുണയുള്ള ബബിളുമായോ അല്ലാതെ ഇടപഴകാന്‍ കഴിയില്ലെന്ന വ്യവസ്ഥ ഉള്ളപ്പോഴായിരുന്നു അത്. പുറത്തു ആറ് ആളുകളോ രണ്ട് വീടുകളോ ഉള്ള ഗ്രൂപ്പുകളായി മാത്രമേ ആളുകള്‍ക്ക് വെളിയില്‍ ഇടപഴകാന്‍ അനുമതിയുണ്ടായിരുന്നുള്ളൂ. അക്കാലത്തെ മറ്റ് നിയന്ത്രണങ്ങളില്‍ പബ്ബുകളും റെസ്റ്റോറന്റുകളും ഉപഭോക്താക്കള്‍ക്ക് പുറത്ത് സേവനം നല്‍കാന്‍ മാത്രമേ അനുവദിക്കുമായിരുന്നുള്ളൂ.

ലോക്ക്ഡൗണ്‍ കാലത്തെ വെള്ളമടി പാര്‍ട്ടിയില്‍ പാര്‍ലമെന്റില്‍ ക്ഷമാപണം നടത്തിയ ബോറിസിന്റെ രാജി ആവശ്യവുമായി പ്രതിപക്ഷം ശക്തമായി രംഗത്തുള്ളപ്പോഴാണ് ഫിലിപ്പ് രാജകുമാരന്റെ ശവസംസ്‌കാര ചടങ്ങുകള്‍ക്ക് തലേന്നും പാര്‍ട്ടികള്‍ നടന്നതായി വാര്‍ത്ത പുറത്തുവന്നത്.

അതിനിടെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് മദ്യസത്കാരങ്ങള്‍ നടത്തി വിവാദത്തില്‍പ്പെട്ടതോടെ പിന്‍ഗാമിയെ തേടി ബ്രിട്ടീഷ് മാധ്യമങ്ങള്‍. പ്രധാനമന്ത്രി പദത്തിലേക്ക് ഇന്ത്യന്‍ വംശജനായ ചാന്‍സലര്‍ റിഷി സുനകിന് സാധ്യതയേറെയെന്ന് മാധ്യമങ്ങള്‍ പറയുന്നത്. ബോറിസിന്റെ രാജിയുണ്ടായാല്‍ നോര്‍ത്ത് യോര്‍ക്ഷറിലെ റിച്ച്മണ്ടില്‍ നിന്നുളള റിഷി പ്രധാനമന്ത്രി പദത്തിലെത്തുമെന്ന സൂചന ശക്തമാണ്.

ഫര്‍ലോ സ്കീമിലൂടെ സുനകിന്റെ ജനപ്രീതി വളരെയധികം കൂടി. നേരത്തെ തെരേസ മേ മന്ത്രിസഭയില്‍ ഭവനകാര്യ സഹമന്ത്രിയായിരുന്നു സുനക്. ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗമായിരുന്ന അദ്ദേഹം പ്രമുഖനായ ബാങ്കര്‍ കൂടെയാണ്. 41 കാരനായ സുനക് ഗോള്‍ഡ്മാന്‍ സാച്ചസില്‍ ആയിരുന്നു നേരത്തെ പ്രവര്‍ത്തിച്ചിരുന്നത്. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ധനമന്ത്രാലയത്തിന്റെ ചുമതലയില്‍ എത്തുന്ന പ്രായം കുറഞ്ഞവരില്‍ ഒരാള്‍ കൂടെയാണ് ഋഷി.

2015 ലാണ് അദ്ദേഹം പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. യുകെ ട്രഷറിയുടെ ചീഫ് സെക്രട്ടറി എന്ന നിലയിലും പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം ബിസിനസ്, ഇന്‍ഡസ്ട്രിയല്‍ സ്ട്രാറ്റജി തുടങ്ങിയ വിഭാഗത്തിന്റെ പാര്‍ലമെന്ററി പ്രൈവറ്റ് സെക്രട്ടറി എന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. റിച്ച്മണ്ടില്‍ നിന്നുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിയാണ് സുനക്. പാര്‍ട്ടിയുടെ പ്രചാരണ പരിപാടികളുടെ സമയത്ത് ടിവി ഷോകളില്‍ ഉള്‍പ്പെടെ പ്രത്യക്ഷപ്പെട്ട് താരപരിവേഷം നേടിയ സുനക് രാഷ്ട്രീയത്തില്‍ എത്തുന്നതിന് മുമ്പ് വന്‍കിട നിക്ഷേപക കമ്പനിയുടെ അമരക്കാരനുമായിരുന്നു.

ബലാത്സംഗ കേസില്‍ കോടതി വെറുതെ വിട്ട ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പി സി ജോര്‍ജിനെ സന്ദര്‍ശിച്ചു. ഈരാറ്റുപേട്ടയിലെ പി സി ജോര്‍ജിന്റെ വീട്ടിലെത്തിയാണ് ഫ്രാങ്കോ മുളയ്ക്കല്‍ കൂടിക്കാഴ്ച്ച നടത്തിയത്. വിട്ടിലെത്തിയ ഫ്രാങ്കോ മുളയ്ക്കനെ ആലിംഗനം ചെയ്തും കൈയില്‍ മുത്തിയുമാണ് പിസി ജോര്‍ജ്ജ് സ്വാഗതം ചെയ്തത്.സ്വാഭാവിക സന്ദര്‍ശനം മാത്രമാണ് നടന്നതെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പി സി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. ബിഷപ്പ് നന്ദിയുള്ളവനാണെന്ന് വ്യക്തമായെന്നും പി സി ജോര്‍ജ് പറഞ്ഞു. മതവിശ്വാസവും കുടുംബ ജീവിതവും തകര്‍ത്ത് നക്‌സലിസവും കമ്മ്യൂണിസവും വളര്‍ത്താനാകുമെന്ന് തെറ്റായ ധാരണയാണ് ഇതിനെല്ലാം കാരണമെന്നും പി സി ജോര്‍ജ് പറഞ്ഞു.

‘ഫ്രാങ്കോ പിതാവ് മോശം സ്വഭാവമുള്ളവനാണെന്ന് പറഞ്ഞാല്‍ സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും സഭയോടുള്ള വിശ്വാസം നഷ്ടമാകും. അദ്ദേഹം തെറ്റുചെയ്‌തെന്ന് പറഞ്ഞാല്‍ സ്വാഭാവികമായി കത്തോലിക്കാ ക്രിസ്റ്റ്യന്‍ മതവിശ്വാസികള്‍ക്ക് തന്നെയാണ് പരാജയം ഉണ്ടാകുന്നത്.’അതുതന്നെയാണ് ശബരിമല വിഷയത്തിലും കണ്ടത്. മതവിശ്വാസം തകര്‍ക്കാനുള്ള ശ്രമങ്ങളാണ് കണ്ടത്. ഭരണാധികാരികള്‍ ചെയ്ത മര്യാദകേടാണ് താന്‍ ചൂണ്ടികാണിക്കുന്നതെന്നും പിസി ജോര്‍ജ് അവകാശപ്പെട്ടു. ലോകം മുഴുവന്‍ ബ്ലാക്ക് മാസിന്റെ പ്രവര്‍ത്തിയാണ് നടക്കുന്നതെന്നും കേസിലെ വാദിഭാഗം ബ്ലാക്ക് മാസിന്റെ ഭാഗമാണെന്നും പി സി ജോര്‍ജ് കുറ്റപ്പെടുത്തി.

കേസിന്റെ വിധി പുറത്തുവന്നപ്പോള്‍ പ്രതിഷേധം രേഖപ്പെടുത്തിയ മുന്‍ കോട്ടയം ഡിവൈഎസ്പി ഹരിശങ്കറിനെതിരെ പി സി ജോര്‍ജ് ആരോപണം ഉയര്‍ത്തി. അപ്പീല്‍ കൊടുക്കാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ഹരിശങ്കര്‍ സംസാരിച്ചത് ജഡ്ജിയെ അപമാനിക്കുന്നത് പോലെയാണെന്നും ജോര്‍ജ് പറഞ്ഞു. ഉദ്യോഗസ്ഥനെന്തിനാണ് ഇത്രയും ആവേശമെന്നും ഡിവൈഎസ്പിയേയും സര്‍ക്കിളിനേയും മഠത്തില്‍ നിന്നും ഓടിച്ചത് താനാണെന്നും പി സി ജോര്‍ജ് ആരോപിച്ചു. താന്‍ രാത്രിചെല്ലുമ്പോള്‍ കുടിച്ച് കൂത്താടുകയായിരുന്നുവെന്നും വിശദമായ പത്രസമ്മേളനം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താനൊരു ദേശീയ ചിന്താ​ഗതിക്കാരനാണെന്ന് സിനിമാ താരം ഉണ്ണി മുകുന്ദൻ. ഇന്ത്യക്കെതിരെ എന്തു വന്നാലും എനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. അതിന് ഞാന്‍ ഗണ്ണ് പിടിച്ചു നില്‍ക്കണമെന്നില്ലെന്നും അഭിമുഖത്തിൽ ഉണ്ണി മുകുന്ദൻ പറഞ്ഞു. നേരത്തെ വലതുപക്ഷ സംഘടനകളോട് ചേർന്നു നിൽക്കുന്ന രാഷ്ട്രീയമാണ് ഉണ്ണി മുകുന്ദന്റേത് എന്ന തരത്തിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. സഹപ്രവർത്തകനായ സന്തോഷ് കീഴാറ്റൂർ താരത്തിനെതിരെ നടത്തിയ വിമർശനവും സമൂഹ മാധ്യമങ്ങളിൽ പ്രധാന്യം നേടിയിരുന്നു.

‘ഞാന്‍ ഭയങ്കര ദേശീയ ചിന്താഗതിക്കാരനാണ്. രാഷ്ട്രീയ ബന്ധമൊന്നും ഇതിലില്ല. Iam very natinalist in my terms. അത് കൊണ്ട് എനിക്ക് ചില കാര്യങ്ങള്‍ ഒ.ക്കെയല്ല, ചില കാര്യങ്ങള്‍ ഒ.കെയാണ്. വിത്ത് പൊളിറ്റിക്സ് പൊളിറ്റിക്കല്‍ വ്യൂ കാണുമ്പോള്‍ പ്രോബ്ളമാറ്റിക്ക് ആയി തോന്നിപോകും. എന്നെ സംബന്ധിച്ച് ഇന്ത്യക്കെതിരെ എന്തു വന്നാലും എനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. അതിന് ഞാന്‍ ഗണ്ണ് പിടിച്ചു നില്‍ക്കണമെന്നില്ല. ഞാന്‍ കൃത്യമായി തന്നെ നികുതി അടക്കുന്ന പൗരനാണ്. Anything going against my country against me എന്നാണ്. ഇതാണ് എന്‍റെ രാഷ്ട്രീയം. ഇതില്‍ റൈറ്റ് വിങ് ഫീല്‍ ചെയ്യുകയാണെങ്കില്‍ എനിക്ക് നിങ്ങളെ രക്ഷിക്കാനാവില്ല’; ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

ദൈവങ്ങളെ ആരാധിക്കുന്ന കുടുംബത്തില്‍ തന്നെയാണ് ജനിച്ചു വളർന്നത്. വീട്ടിൽ കൃഷ്ണനും രാമനും ശിവനും ഹനുമാൻ സ്വാമിയും ഉൾപ്പെടെയുള്ളവരുടെ ചിത്രങ്ങളുണ്ട്. ഇവരെ ആരേയും രാഷ്‌ട്രീയ പാർട്ടികളുടെ പ്രതീകങ്ങളായല്ല കാണുന്നത്. അതിനാലാണ് താൻ ആരാധിക്കുന്ന ഹനുമാൻ സ്വാമിയെ അപമാനിച്ചപ്പോൾ പ്രതികരിച്ചതെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. സന്തോഷ് കീഴാറ്റൂരിന്റെ വിമർശനത്തിനോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.

മക്കളെ ഉപേക്ഷിച്ച് സുഹൃത്തുക്കൾക്കൊപ്പം നാടുവിട്ട യുവതികളും ഇവർക്കൊപ്പമുണ്ടായിരുന്ന യുവാക്കളും പോലീസിന്റെ പിടിയിൽ. പള്ളിക്കൽ കെ.കെ.കോണം ഹീബ മൻസിലിൽ ജീമ(29), ഇളമാട് ചെറുവക്കൽ, വെള്ളാവൂർ നാസിയ മൻസിൽ നാസിയ(28) എന്നിവരാണ് മക്കളെ ഉപേക്ഷിച്ച് നാടുവിട്ടത്.

വർക്കല രഘുനാഥപുരം ബി.എസ്.മൻസിലിൽ ഷാൻഷൈൻ(38), കരുനാഗപ്പള്ളി, തൊടിയൂർ, മുഴങ്ങോട് മീനത്തോട്ടത്തിൽവീട്ടിൽ റിയാസ്(34) എന്നിവരുടെ കൂടെയാണ് വീട്ടമ്മമാർ കടന്നുകളഞ്ഞത്. നാലുപേരുമാണ് പള്ളിക്കൽ പോലീസിന്റെ പിടിയിലായത്. 26-ന് രാത്രി 9.30-നാണ് അടുത്ത ബന്ധുക്കൾ കൂടിയായ സ്ത്രീകൾ നാടുവിട്ടത്.

ജീമ, ഒന്നര, നാല്, പന്ത്രണ്ട് വയസ്സുകളുള്ള മൂന്ന് പെൺമക്കളെയാണ് ഉപേക്ഷിച്ചത്. നാസിയ ആകട്ടെ, അഞ്ച് വയസ്സുള്ള ആൺകുട്ടിയെയും. ഇരുവരുടെയും ഭർത്താക്കന്മാർ ഗൾഫിലാണ്. പിടിയിലായ സുഹൃത്തുക്കളിലെ ഷൈൻ ഇത്തരത്തിൽ ഭർത്താവും കുട്ടികളുമുള്ള അഞ്ച് സ്ത്രീകളെ കൂട്ടിക്കൊണ്ട് പോയിട്ടുണ്ടെന്ന് പോലീസ് പറയുന്നു. ഇയാളുടെ പേരിൽ എഴുകോൺ, ഏനാത്ത് പോലീസ് സ്റ്റേഷനുകളിലും, റിയാസിന് കരുനാഗപ്പള്ളി, ചവറ, ശാസ്താംകോട്ട, ശൂരനാട്, പോത്തൻകോട് പോലീസ് സ്റ്റേഷനുകളിലും നിരവധി കേസുകൾ നിലവിലുണ്ട്.

കുട്ടികളെ ഉപേക്ഷിച്ചിറങ്ങിയ സ്ത്രീകൾ അയൽവാസികളിൽ നിന്ന് 50,000 രൂപ കടം വാങ്ങിയിരുന്നു. ഈ തുകയുമായി നാലുപേരും ചേർന്ന് ബെംഗളൂരു, മൈസൂർ, ഊട്ടി, കോയമ്പത്തൂർ, തെന്മല, കുറ്റാലം എന്നിവിടങ്ങളിൽ കറങ്ങിയിരുന്നതായും പോലീസ് പറഞ്ഞു. അതേസമയം, ഉപേക്ഷിക്കപ്പെട്ടതിനെ തുടർന്ന് കുട്ടികളുടെ മനോനിലയും, ആരോഗ്യവും നഷ്ടപ്പെട്ടു. കുടുംബക്കാരുടെ പരാതിയെ തുടർന്ന് വിശദമായ അന്വേഷണത്തിനൊടുവിൽ പോലീസ് സംഘം തെന്മലയിലെ ഒരു റിസോർട്ടിൽ നിന്നാണ് പ്രതികളെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്.

സ്ത്രീകളെ കാട്ടിക്കൊടുക്കുന്നതിനായി ബന്ധുക്കളോട് ഷൈനും റിയാസും ചേർന്ന് രണ്ടു ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടതായും, പണ സമ്പാദിക്കാനായി സ്ത്രീകളെ വശീകരിച്ച് കടത്തിക്കൊണ്ടു പോയി ലൈംഗിക ചൂഷണം നടത്തുകയും, ബന്ധുക്കളിൽ നിന്ന് പണം ആവശ്യപ്പെടുന്നതുമായ ക്രിമിനൽ സ്വഭാവക്കാരാണ് പിടിയിലായതെന്ന് പോലീസ് വ്യക്തമാക്കി.

മൃഗങ്ങളെ വെറുതെ ഉപദ്രവിക്കുന്നത് ചിലക്ക് ഒരു ഹരമാണ്. നായകളെയും പൂച്ചകളെയും കന്നുകാലികളെയും എന്നുവേണ്ട ഉത്സവങ്ങൾക്ക് എഴുന്നള്ളിക്കുന്ന ആനകളെ പോലും ഇത്തരക്കാർ വെറുതെവിടാറില്ല. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. വെറുതേ പോകുന്ന ഒട്ടകത്തിന്റെ വാലില്‍ പിടിച്ച് വലിച്ച് യുവാവ് ചവിട്ട് മേടിച്ചു. അവനവന്‍ ചെയ്യുന്ന കര്‍മത്തിന്റെ ഫലം അവനവന്‍ അനുഭവിക്കണം എന്ന് പഴമക്കാര്‍ പറയാറുണ്ട്. ഈ ചൊല്ലിനെ ഓര്‍പ്പെടുത്തും വിധമുള്ള ഒരു സംഭവമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്ന ഒരു വീഡിയോയിലുള്ളത്.

യുവാവ് വാലില്‍ പിടിക്കുന്നതും പിന്‍കാലുകൊണ്ട് ഒട്ടകം തൊഴിച്ച് ഇയാളെ താഴെയിടുന്നതും ഞൊടിയിട കൊണ്ടാണ് സംഭവിക്കുന്നത്. സംഭവം നടന്നതെവിടെയാണെന്ന് വ്യക്തമല്ല.’കര്‍മ’ എന്ന അടിക്കുറിപ്പോടെ ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ ആണ് ദൃശ്യം ട്വിറ്ററില്‍ പങ്ക് വച്ചിരിക്കുന്നത്. ചെയ്യുന്ന കര്‍മത്തിനനുസരിച്ചാണ് ഫലവും എന്ന അടിക്കുറിപ്പോടെ നിരവധി പേര്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്ക് വയ്ക്കുന്നുണ്ട്.

 

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി വിഐപിയെ തിരിച്ചറിയാൻ പോലീസ് കാണിച്ച ചിത്രങ്ങളിൽ വ്യവസായി മെഹബൂബിന്റെ ഫോട്ടോയുമുണ്ടെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ. ഈ ഘട്ടത്തിൽ വിഐപി മെഹബൂബ് ആണെന്നോ അല്ലെന്നോ തനിക്ക് പറയാൻ സാധിക്കില്ലെന്നും പക്ഷെ കാണിച്ച മൂന്നു ഫോട്ടോകളിലൊന്നിൽ മെഹബൂബിന്റേതുമുണ്ടായിരുന്നെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. ഇതിനിടെ, വാർത്തകളിൽ പറയുന്ന വിഐപി താൻ അല്ലെന്ന് വ്യക്തിമാക്കി മെഹബൂബ് വാർത്താസമ്മേളനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബാലചന്ദ്രകുമാറിന്റെ പരാമർശം.

ബാലചന്ദ്രകുമാർ പറഞ്ഞത്: ”വിഐപി മെഹബൂബ് ആണെന്നോ അല്ലെന്നോ പറയാൻ സാധിക്കില്ല. പക്ഷെ പൊലീസ് കാണിച്ച ഫോട്ടോകളുടെ കൂട്ടത്തിൽ ഇദ്ദേഹത്തിന്റെ ഫോട്ടോയുമുണ്ടായിരുന്നു. അത് എനിക്ക് വ്യക്തമായി പറയാൻ സാധിക്കുന്ന കാര്യമാണ്. ഇദ്ദേഹത്തിന്റെ പേര് മെഹബൂബ് ആണെന്ന് ഇപ്പോഴാണ് അറിഞ്ഞത്. ആറു വ്യക്തികളുടെ ഫോട്ടോ കാണിച്ചു. അതിൽ മൂന്നെണ്ണമായി ചുരുക്കി. ഇതിലൊന്ന് ഇദ്ദേഹമായിരുന്നു. ഇദ്ദേഹത്തിന്റെ പേര് ഞാൻ പറഞ്ഞിട്ടില്ല. പേര് ഇപ്പോഴാണ് അറിഞ്ഞത്. ഇദ്ദേഹം നിരപരാധിയായിരിക്കാം. ആ ദിവസം എവിടെയാണെന്ന് മാത്രം പോലീസിനോട് പറഞ്ഞാൽ മതി.”-ബാലചന്ദ്രകുമാർ പറഞ്ഞു.

അതേസമയം, ദിലീപിന്റെ വീട്ടിൽ പോയ ദിവസം തനിക്ക് ഇപ്പോൾ ഓർമയില്ലെന്ന് മെഹബൂബ് പറഞ്ഞു. രേഖകൾ നോക്കി ആ ദിവസം കൃത്യമായി പറയാൻ സാധിക്കും. പോലീസിന് മുന്നിൽ സംശയം തോന്നുന്നവരുടെ ഫോട്ടോകൾ ഉണ്ടാകും. ഇത് ബന്ധപ്പെട്ടവരോട് ചോദിച്ചിരിക്കാം. അതു കൊണ്ട് ഞാൻ തെറ്റുകാരൻ ആവണമെന്നുണ്ടോ? ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥർ ഇതുവരെ തന്നെ വിളിച്ചിട്ടില്ലെന്നും മെഹബൂബ് പ്രതികരിച്ചു. തന്റെ പേരിൽ വ്യാജപ്രചരണം നടക്കുന്നത് കൊണ്ടാണ് മാധ്യമങ്ങളോട് പ്രതികരിക്കുന്നതെന്നും മെഹബൂബ് കൂട്ടിച്ചേർത്തു.

”ദേ പുട്ടിന്റെ ഖത്തർ ശാഖ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഒരു തവണ മാത്രമാണ് ദിലീപിന്റെ വീട്ടിൽ പോയത്. മൂന്ന് വർഷം മുൻപായിരുന്നു ദിലീപിനെ വീട്ടിൽ സന്ദർശിച്ചത്. അവിടെ ചെല്ലുമ്പോൾ കാവ്യയും അമ്മയും അച്ഛനും ഉണ്ടായിരുന്നു. മറ്റാരും ഇല്ലായിരുന്നു. ദിലീപിന്റെ സഹോദരനെയോ അളിയനെയോ അറിയില്ല. കാവ്യ തന്നെ വിളിക്കുന്നത് ഇക്കാ എന്നാണ്’- മെഹബൂബ് പറഞ്ഞു.

ചുരുങ്ങിയ കാലത്തെ ബന്ധം മാത്രമാണ് ദിലീപുമായുള്ളത്. ആ സമയത്ത് നല്ല രീതിയിലാണ് പെരുമാറിയത്. അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കുമെന്നും ആവശ്യമെങ്കിൽ നുണ പരിശോധനയ്ക്ക് തയ്യാറാണെന്നും മെഹബൂബ് പറഞ്ഞു.

കന്നഡ റിയാലിറ്റി ഷോ ബാലതാരം വാഹനാപകടത്തിൽ മരിച്ചു. ആറുവയസുകാരി സമൻവി രൂപേഷ് ആണ് മരണപ്പെട്ടത്. ‘നന്നമ്മ സൂപ്പർ സ്റ്റാർ’ റിയാലിറ്റിഷോയിലെ മികച്ച മത്സരാർഥിയായിരുന്നു സമൻവി.അമ്മയ്‌ക്കൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കവെയായിരുന്നു അപകടം നടന്നത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെ കനകപുരറോഡിലെ വജറഹള്ളി ക്രോസിൽ 223-ാം നമ്പർ മെട്രോ തൂണിനുസമീപം ടിപ്പർ സ്‌കൂട്ടറിലിടിക്കുകയായിരുന്നു.

ടെലിവിഷൻ താരമായ അമ്മ അമൃത നായിഡുവിനെ (34) പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സമൻവിയുടെ അച്ഛൻ രൂപേഷ് ഹുളിമാവിൽ ട്രാഫിക് വാർഡനാണ്. ഷോപ്പിങ്ങിനുശേഷം അമൃതയും സമൻവിയും സ്‌കൂട്ടറിൽ വീട്ടിലേക്കു പോകവെയായിരുന്നു അപകടം നടന്നത്. ഈ സമയം കൊനനകുണ്ഡെ ക്രോസിൽനിന്ന് നൈസ് റോഡിലേക്ക് അതിവേഗത്തിൽ പോയ ട്രക്ക് സ്‌കൂട്ടറിന്റെ പിറകിൽ ഇടിച്ചു.

ഇതേത്തുടർന്ന് ഇരുവരും റോഡിലേയ്ക്ക് തെറിച്ചു വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സമൻവിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ടിപ്പർ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. പ്രമുഖ ഹരികഥ കലാകാരൻ ഗുരുരാജുലുവിന്റെ കൊച്ചുമകളാണ് സമൻവി.

കന്യാസ്ത്രീയെ വർഷങ്ങളോളം പീഡിപ്പിച്ചുവെന്ന കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട ബിഷപ്പ് ഫ്രാങ്കോ മുളയക്കലിന് ജന്മനാട്ടിൽ വൻ സ്വീകരണം. പൂമാലകൾ അണിയിച്ചും കതിനകൾ പൊട്ടിച്ചുമാണ് സ്വീകരിച്ചത്. വിശ്വാസികളും ബന്ധുക്കളും ഉൾപ്പടെ വൻ ജനാവലിയാണ് ഫ്രാങ്കോയെ സ്വീകരിക്കാനായി തൃശൂർ മറ്റത്ത് തടിച്ചു കൂടിയത്.

കാറിൽ വന്നിറങ്ങിയ ഉടനെ പൂമാലകൾ അണിയിക്കുകയായിരുന്നു. ആദ്യം ബിഷപ്പ് മറ്റം പള്ളിയിൽ പ്രിയപ്പെട്ടവരുടെ കുഴിമാടത്തിൽ പോയി പ്രാർത്ഥന ചൊല്ലി. തുടർന്ന് ദേവാലയത്തിലെ ആരാധനാ ചടങ്ങിൽ പങ്കെടുത്തു. ആഘോഷത്തിന്റെ ഭാഗമായി പള്ളി മുറ്റത്ത് 105 കതിനയാണ് പൊട്ടിച്ചത്. 105 ദിവസം നീണ്ട വിചാരണയുടെ പ്രതീകമായാണ് ഫ്രാങ്കോയ്ക്ക് വേണ്ടി 105 കതിനകൾ പൊട്ടിച്ചത്.

വീട്ടിൽ എത്തി ബന്ധുക്കളുമായി സംസാരിച്ച ശേഷമായിരുന്നു ഫ്രാങ്കോയുടെ മടക്കം. ചാലക്കുടി പള്ളിയിൽ സഹോദരിയുടെ കുഴിമാടത്തിനരികിലും പോയി. ഇവിടെയും നിരവധി പേരാണ് ബിഷപ്പിനെ സ്വീകരിക്കാനായി കാത്തുനിന്നത്. ബലാത്സംഗം, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ തുടങ്ങിയവ ഉൾപ്പെടെ ഏഴു വകുപ്പുകൾപ്രകാരമുള്ള കുറ്റങ്ങളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരുന്നത്.

ഈ കേസുകളിലെല്ലാം ബിഷപ്പിനെ കുറ്റവിമുക്തനാക്കി കൊണ്ടായിരുന്നു കോടതി വിധി. നാളിതുവരെ ബിഷപ്പിന്റെ നിരപരാധിത്വത്തിൽ വിശ്വസിച്ചവർക്കും നിയമസഹായം നൽകിയവർക്കും നന്ദി അറിയിക്കുന്നതായും ജലന്ധർ രൂപത അറിയിച്ചിരുന്നു. കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തിൽവെച്ച് 2014 മുതൽ 2016 വരെയുള്ള കാലയളവിൽ കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ 13 തവണ പീഡിപ്പിച്ചെന്നായിരുന്നു ഇയാൾക്ക് എതിരെ ചുമത്തിയ കേസ്. ജലന്ധർ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കൽ 13 തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴി.

തന്നെ, പ്രകൃതിവിരുദ്ധ പീഡനത്തിനിരയായെന്നും ബിഷപ്പ് ഭീഷണിപ്പെടുത്തിയെന്നും ഇവരുടെ പരാതിയിലുണ്ടായിരുന്നു. ഒട്ടേറെ പോരാട്ടങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിലാണ് ബിഷപ്പിന് എതിരെ കേസെടുത്തത്. തന്നെ വധിക്കാൻ ശ്രമിച്ചെന്നും കന്യാസ്ത്രീ ഇതിനിടെ പരാതി നൽകിയിരുന്നു.

RECENT POSTS
Copyright © . All rights reserved