Latest News

നടിയെ ആക്രമിച്ച കേസിൽ പ്രതി ദിലീപിനെതിരായ സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകൾ സത്യമെന്ന് സംവിധായകൻ ബൈജു കൊട്ടാരക്കര. ഈ തെളിവുകൾ ജുഡീഷ്യറിക്ക് നിരാകരിക്കാൻ സാധിക്കില്ലെന്നും കേസിൽ പുനരന്വേഷണം ഉണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു.

ആ കുടുംബവും ദിലീപുമായി അത്രയും അടുത്ത ബന്ധം ബാലചന്ദ്രകുമാറിനുണ്ട്. അഭയ കേസിൽ അടയ്ക്കാ രാജു എന്നൊരാൾ വന്നത് പോലെയാണ് ഈ കേസിൽ ഇപ്പോൾ ബാലചന്ദ്ര കുമാർ വന്നത്. ഇത്രയും വൃത്തികെട്ട ഒരു കാര്യം ചെയ്തിട്ടുണ്ടെങ്കിൽ 200 ശതമാനം ശിക്ഷ ലഭിക്കും.

ജയിൽ ഇടിഞ്ഞാൽ പോലും ദിലീപ് പുറത്ത് വരാത്ത അത്ര ശക്തമായ തെളിവുകളാണ് ഇതിലുള്ളത്. ആ തെളിവുകൾ ഇപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ഇരിക്കുന്നത്. ബാലചന്ദ്ര കുമാറിനെ പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥർ പോലും അറിയുന്നത് ഇപ്പോഴാണ്. ഈ ഓഡിയോകൾ വ്യാജമാണോയെന്ന് പരിശോധിക്കട്ടെ. അത് വ്യാജമാണെങ്കിൽ താങ്കളുടെ ടീവിയിലൂടെ സാഷ്ടാഗം മാപ്പ് ചോദിക്കാൻ ഞാൻ തയ്യാറാണെന്നും ബൈജുകൊട്ടാരക്കര റിപ്പോർട്ടർ ടീവിയോടെ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസിലും ഇപ്പോൾ ആ തെളിവുകളുണ്ട്. അതിനാൽ തന്നെ മുഖ്യമന്ത്രിക്കും ഉത്തരവാദിത്തമുണ്ട്. ഇവിടുത്തെ നീതിന്യായ വ്യവസ്ഥയ്ക്കും ഉത്തരവാദിത്തമുണ്ട്. വിചാരണ ചെയ്ത ആന്റോ ജോസഫ് ഉൾപ്പടേയുള്ള ഏഴ് ആളുകളെ വീണ്ടും വിചാരണ ചെയ്യണം. അതുപോലെ പ്രതികൾ ആരെയെല്ലാം വിളിച്ചുവെന്ന് വ്യക്തമാക്കുന്ന തെളിവുകൾ കോടതിയിൽ ഹാജരാക്കിയപ്പോൾ അത് പറ്റില്ല എന്നാണ് പറഞ്ഞത്. എന്തുകൊണ്ട് പറ്റില്ല.

കോടതി തെളിവുകൾ സ്വീകരിക്കണ്ടേ, സാക്ഷികളെ വിസ്തരിക്കണ്ടേ. സമയമില്ലെങ്കിൽ കോടതിയിൽ പോയി വീണ്ടും സമയം വാങ്ങിക്കണം. അഭയ കേസ് എത്ര വർഷങ്ങൾ നീണ്ടു പോയി. അവസാനം അടയ്ക്കാ രാജു വന്നപ്പോഴല്ലെ വിധി വന്നത്. അതുപോലെ ഒരു വിധി ഈ കേസിലും ഉണ്ടാവും. ബാലചന്ദ്രൻ പോയാൽ മൂന്നോ നാലോ ബാചചന്ദ്രൻമാർ വേറെ വരുമെന്നും റിപ്പോർട്ടർ ചാനലിൽ സംവിധായകൻ ബൈജുകൊട്ടാരക്കര പറയുന്നു.

സാഗർ എന്ന് പറയുന്ന ലക്ഷ്യയിൽ ജോലി ചെയ്യുന്നയാൾ അഞ്ച് ലക്ഷം രൂപയോളം വാങ്ങി കൂറുമാറിയെന്ന വ്യക്തമായ ഒഡിയോ സന്ദേശമുള്ളപ്പോഴും, അയാൾ ഫിലിപ്പ് എന്ന വക്കീലിനെ കാണാൻ പോയെന്ന് ദിലീപിന്റെ വായിൽ നിന്ന് തന്നെയും വരുമ്പോൾ, അനിയനുമായി ചെറിയ വാക്ക് തർക്കം ഉണ്ടായപ്പോൾ എനിക്ക് വേണ്ടിയല്ല വേറെ ഒരു പെണ്ണിന് വേണ്ടിയാണെന്നൊക്കെ പറയുന്ന ദിലീപിനെ കണ്ടു എന്ന് ബാലചന്ദ്രകുമാർ വെളിപ്പെടുത്തുന്നത് സത്യം തന്നെയാണെന്നാണ് എന്റെ വിശ്വാസം.- ബൈജു കൊട്ടാരക്കര പറയുന്നു.

ഈ കേസിൽ പുതുതായി കക്ഷിചേരാൻ നൂറ് കണക്കിന് ആളുകളുണ്ടെന്ന കാര്യ ഉറപ്പാണെന്നും ബൈജു കൊട്ടാരക്കര പറയുന്നു. ബാലചന്ദ്രകുമാർ മാത്രമല്ല, ഇക്കാര്യത്തിൽ വ്യക്തമായ കാര്യങ്ങൾ അറിയാവുന്ന ചിലർ കൂടി പുറത്ത് വരാനുണ്ട്. കുറേ ആളുകളെ പേടിപ്പിച്ചും പണം കൊടുത്തുമൊക്കെ ഒതുക്കി നിർത്തിയിരിക്കുകയായിരുന്നു. കുറേ ആളുകളെ പ്രലോഭനങ്ങളിലും നിർത്തി. ഈ കേസിൽ സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമം നടക്കും, പണം കൊടാക്കാനുള്ള ശ്രമം ഉണ്ടാവും എന്നൊക്കെ തുടക്കം മുതൽ എന്നേപ്പോലുള്ളവർ പറയുന്നുണ്ട്.- ബൈജു കൊട്ടാരക്കരയുടെ പ്രതികരണമിങ്ങനെ.

വിദേശത്ത് ജോലി ചെയ്ത ശേഷം മടങ്ങിയെത്തി നാട്ടിൽ സ്ഥിരതാമസമാക്കിയ വ്യക്തിയാണോ നിങ്ങൾ? ഒരു സംരംഭം തുടങ്ങാൻ താൽപ്പര്യമുണ്ടോ? എങ്കില്‍ നിങ്ങൾക്ക് കിട്ടും 30 ലക്ഷം രൂപ വരെ വായ്പ; അതും 15 ശതമാനം മൂലധന സബ്സിഡി (പരമാവധി 3 ലക്ഷം) യോടെ. പിന്നെ 3% പലിശ ഇളവ് വേറെയും ലഭിക്കും. ഇത്രയേറെ ആനുകൂല്യങ്ങളുള്ള ഈ പ്രവാസി സംരംഭകത്വ പദ്ധതി നോർക്കയാണ് നടപ്പാക്കുന്നത്.

∙രണ്ടു വർഷത്തിലധികം വിദേശത്തു ജോലി ചെയ്ത് നാട്ടിൽ തിരിച്ചെത്തിയവർക്ക് അപേക്ഷിക്കാം.

∙വായ്പയ്ക്കൊപ്പം സംരംഭകത്വ പിന്തുണയും നോർക്ക നൽകുന്നുണ്ട്.

∙സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉൾപ്പെടെ കേരളത്തിലെ 16 ധനകാര്യ സ്ഥാപനങ്ങളുടെ ആറായിരത്തോളം ശാഖകളിൽ നിന്ന് വായ്പ ലഭിക്കും.

∙നോർക്ക പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റസ് (എൻ.ഡി.പി.ആർ.എം) എന്ന ഈ പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

www.norkaroots.org എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കണം. തിരിച്ചെത്തിയ പ്രവാസികളുടെ സൊസൈറ്റികൾ, ട്രസ്റ്റുകൾ, കമ്പനികൾ എന്നിവയ്ക്കും വായ്പ ലഭിക്കും. ചെറുകിട സംരംഭങ്ങൾ, കൃഷി, വ്യവസായം, കച്ചവട സംരംഭങ്ങൾ തുടങ്ങിയ പദ്ധതികൾക്കാണ് വായ്പ അനുവദിക്കുന്നത്. പ്രോജക്ട് റിപ്പോർട്ട്, പാസ്പോർട്ട് / വിസ എന്നിവയുടെ പകർപ്പ്, ഫോട്ടോ തുടങ്ങിയവ അപേക്ഷയോടൊപ്പം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്:1800 425 3939.

ന്യൂഡൽഹി : കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ജോര്‍ജ് ഓണക്കൂറിന്. ‘ഹൃദയരാഗങ്ങള്‍’ എന്ന ആത്മകഥക്കാണ് ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം. കെ.പി. രാമനുണ്ണി, ഡോ. കെ.എസ്. രവികുമാര്‍, ഡോ. എം.ലീലാവതി എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്.

1941 നവംബര്‍ 16ന് മൂവാറ്റുപുഴയ്ക്കടുത്ത് ഒാണക്കൂറിലാണ് ജോർജ് ഓണക്കൂർ ജനിച്ചു. നോവലിസ്റ്റ്, കഥാകാരൻ, സാഹിത്യ വിമർശകൻ ,തിരക്കഥാകൃത്ത്, സഞ്ചാരസാഹിത്യകാരൻ എന്നീ നിലകളിൽ പ്രശസ്തൻ. സംസ്ഥാന സർവ്വവിഞ്ജാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ പ്രഥമ അനൗദ്യോഗിക ചെയർമാൻ.

‘ബാലകൈരളി’ വിജ്ഞാനകോശത്തിന്റെ ശില്പി. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായി അഞ്ചു വർഷം നിസ്തുല സേവനം അർപ്പിച്ചതിന് ജവഹർലാൽ നെഹ്‌റു അവാർഡ്, ഗവേഷണ പ്രബന്ധത്തിന് ഇന്ത്യൻ സര്‍വകലാശാലകളിൽ സമർപ്പിച്ച മികച്ച കലാസാഹിത്യ പ്രബന്ധത്തിനുള്ള പുരസ്കാരം ,ഇന്ത്യൻ എഴുത്തുകാരനുള്ള യുറോ–അമേരിക്കൻ പ്രഥമ പ്രവാസി പുരസ്കാരം ,കേരള സാഹിത്യ അക്കാദമി അവാർഡ് (രണ്ടു തവണ–നോവലിനും യാത്രാവിവരണത്തിനും,) മദർ തെരേസ അവാർഡ്, കേരളശ്രീ അവാർഡ്, കേശവദേവ് ജന്മശതാബ്ദി പുരസ്കാരം, തകഴി അവാർഡ്, ദർശന അവാർഡ്, കെ സി ബി സി അവാർഡ്, സഹോദരൻ അയ്യപ്പൻ അവാർഡ്, കേശവദേവ് അവാർ‌ഡ് തുടങ്ങിയ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.

ഓണം ; സത്യവും സൗന്ദര്യവും : ഡോ . ജോർജ് ഓണക്കൂർ

ജോജി തോമസ്

സ്ഥാപിതമായിട്ടുണ്ട് 125 വർഷങ്ങൾ പിന്നിട്ട കേരളത്തിലെ സുറിയാനി കത്തോലിക്കരുടെ ആദ്യവിദ്യാലയമായ ചങ്ങനാശ്ശേരിയിലെ സെൻറ് ബർക്കുമാൻസ് സ്കൂൾ കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത് വളരെ അപൂർവ്വമായ ഒരു ഗുരുശിഷ്യ സമാഗമത്തിന്. ഒരു പക്ഷെ കേരളത്തിലെ ആദ്യ റസിഡൻഷ്യൽ സ്കൂളുകളിൽ ഒന്നായ സെൻറ് ബർക്കുമാൻസ് ബോർഡിംഗിലെ പൂർവവിദ്യാർത്ഥികളാണ് തങ്ങളുടെ ഗതകാല സ്മരണകൾ അയവിറക്കാനും ബോർഡിംഗിൻ്റെ   റെക്ടറായി ദീർഘനാൾ സേവനമനുഷ്ഠിച്ച ഫാ. ജോസ് പി കൊട്ടാരത്തെ ആദരിക്കുന്നതിനുമായി ഡിസംബർ 28 -ന് ഉച്ചതിരിഞ്ഞ് ഒരു കാലത്ത് തങ്ങൾ പഠിച്ചു കളിച്ചും, ഉണ്ടു ഉറങ്ങിയും ജീവിതത്തിൻ്റെ ബാലപാഠങ്ങൾ അഭ്യസിച്ച സ്കൂളിൻ്റെയും ബോർഡിംഗിൻ്റെയും പരിസരത്ത് ഒത്തുകൂടിയത്. ലോകത്തിൻ്റെ പല ഭാഗത്തുമായി വിവിധ ഇടങ്ങളിൽ ജീവിക്കുന്ന എസ്.ബി. ബോർഡിംഗിലെ പൂർവ്വ വിദ്യാർത്ഥികൾക്ക് സമാനതകളില്ലാത്ത അനുഭവമാണ് ഒത്തു ചേരൽ സമ്മാനിച്ചത്. ചങ്ങനാശ്ശേരി അതിരൂപതാ അധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം ഫാ. ജോസ്‌. പി. കൊട്ടാരം തുടങ്ങി രൂപതയിലെ നിരവധി വൈദികരും, അധ്യാപകരും പൂർവ വിദ്യാർത്ഥി സംഗമത്തിൽ പങ്കെടുത്തിരുന്നു.


1891 – ൽ ചങ്ങനാശ്ശേരി രൂപതയുടെ ആദ്യ ബിഷപ്പായ മാർ ചാൾസ് ലെവ്ന്ത് ആണ് എസ് ബി ഹൈസ്കൂളും, ബോർഡിങും സ്ഥാപിക്കുന്നത്. ഉള്ളൂരിനെപ്പോലെ ഉള്ള പ്രമുഖരായ അധ്യാപകർ പഠിപ്പിച്ചിട്ടുള്ള എസ് ബി ഹൈസ്കൂളും, ബോർഡിങും വിദ്യാഭ്യാസരംഗത്തെ മാതൃകയായി ഉയർത്തിക്കൊണ്ടുവരാനും നിലനിർത്താനും ചങ്ങനാശ്ശേരി രൂപത എക്കാലവും ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടുതന്നെ ചങ്ങനാശ്ശേരി രൂപതാ അധ്യക്ഷൻ്റെ രക്ഷാകർതൃത്തിലാണ് എസ് ബി ബോർഡിംഗും സ്കൂളും പ്രവർത്തിക്കുന്നത്. എസ് ബി സ്കൂളിൻ്റെ പിന്തുടർച്ചയായി ആണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് പിന്നീട് പ്രശസ്തമായ എസ് ബി കോളേജ് ചങ്ങനാശ്ശേരി അതിരൂപത ആരംഭിക്കുന്നത്.


ഇനിയുള്ള വർഷങ്ങളിൽ ഒരു തവണയെങ്കിലും ഒത്തുകൂടാനുള്ള തീരുമാനം ഉണ്ടായ സംഗമത്തിൽ തലമുറകളുടെ ഗുരുനാഥൻ എന്ന് വിശേഷിപ്പിക്കുന്ന ഫാ. ജോസ് പി കൊട്ടാരത്തിന് പൂർവവിദ്യാർത്ഥികൾ സ്നേഹാദരങ്ങൾ അർപ്പിച്ചത് ഗുരുശിഷ്യ ബന്ധത്തിൻ്റെ നേർ കാഴ്ച ആയി . 1987മുതൽ 2018 വരെ മൂന്നു പതിറ്റാണ്ടിലേറെ നീളുന്ന കാലയളവിൽ ചങ്ങനാശ്ശേരി അതിരൂപതയുടെ വികാരി ജനറാൾ സ്ഥാനം വഹിച്ച സമയമൊഴികെ ഫാ. ജോസ്‌ പി കൊട്ടാരം ആയിരുന്നു ബോർഡിംഗിൻ്റെ റെക്ടർ. ഇടക്കാലത്ത് നിന്നുപോയ ബോർഡിങ് 1987 -ൽ അന്നത്തെ രൂപതാ അദ്ധ്യക്ഷനായിരുന്ന മാർ ജോസഫ് പൗവ്വത്തിലിൻ്റെ പ്രത്യേക താത്പര്യപ്രകാരം പുനരാരംഭിച്ചതിനുശേഷമുള്ള വളർച്ചയിൽ ഫാ. ജോസ് . പി . കൊട്ടാരത്തിൻ്റെ സംഭാവനകൾ വളരെ വലുതാണ്. കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ സ്കൂളുകൾ ഉള്ള ചങ്ങനാശ്ശേരി അതിരൂപതയുടെ കോർപ്പറേറ്റ് മാനേജർ പദവി വഹിക്കുന്ന അവസരത്തിൽ തന്നെയാണ് ഫാ. ജോസ് .പി. കൊട്ടാരം ബോർഡിംഗിൻ്റെ റെക്ടർ സ്ഥാനം വഹിച്ച് നിരവധി തലമുറകൾക്ക് പിതൃതുല്യമായ സ്നേഹം സമ്മാനിച്ചത്. വരുംവർഷങ്ങളിലും ഒത്തുകൂടി സ്നേഹം പുതുക്കണമെന്നും, ഗൃഹാതുരസ്മരണകൾ അയവിറക്കണമെന്നുമുള്ള ദൃഢനിശ്ചയത്തിലാണ് വിദ്യാരംഗത്തേ മുത്തശ്ശിയെന്ന് വിശേഷിപ്പിക്കാവുന്ന എസ്. ബി ബോർഡിംഗിൻ്റെ പൂർവ്വവിദ്യാർത്ഥികൾ യാത്ര പറഞ്ഞത്.

സ്വന്തം ലേഖകൻ

ഡിവൈസിസ് : യുകെയിലെ സാമൂഹ്യ മേഖലകളിൽ സജീവ പ്രവർത്തകരായ സോണി കൊച്ചുതെള്ളിയുടെയും, സോജി കൊച്ചുതെള്ളിയുടെയും പിതാവ് അപ്പച്ചൻ ( കെ.ജെ. ആൻറണി ) 83 വയസ്സ് നാട്ടിൽ വച്ച് നിര്യാതനായി. കേരള പോലീസിൽ നിന്ന് വിരമിച്ച്  വിശ്രമ ജീവിതം നയിച്ചിരുന്ന അദ്ദേഹത്തിന് ശ്വാസതടസ്സം അനുഭവപ്പെട്ടതിനാൽ കഴിഞ്ഞ ഒരാഴച്ചയായി ചെത്തിപ്പുഴ സെൻറ് തോമസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിതാവിന്റെ ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനായി സോണിയും സോജിയും കുടുംബത്തോടൊപ്പം ഇന്ന് വൈകിട്ട് നാട്ടിലേയ്ക്ക് തിരിക്കുന്നതാണ്. ശവസംസ്കാരം ജനുവരി ഒന്ന് ശനിയാഴ്ച്ച രാവിലെ 11 മണിക്ക് പുതുക്കരി സെൻറ് സേവ്യേയേഴ്‌സ് പള്ളി സെമിത്തേരിയിൽ വച്ച് നടത്തപ്പെടുന്നതായിരിക്കും.

ഭാര്യ റോസമ്മ ആൻറണി ചമ്പക്കുളം, കടുക്കാത്തറ കുടുംബാഗമാണ്. മക്കൾ സോണി ( ഡിവൈസിസ്, യുകെ ) , സോജി ( ഡിവൈസിസ്, യുകെ ), സോളി രാമങ്കരി ഗ്രാമ പഞ്ചായത്തംഗം  ( മണലാടി ).

മരുമക്കൾ ജൂലി ( വാണിയപ്പുരയ്ക്കൽ, മുട്ടാർ  ) , അന്തോനിച്ചൻ ( ചിറയിൽ , മണലാടി ), ജോമോൾ (പാലംമൂട്ടിൽ , വടാട്ടുപാറ).

പിതാവിന്റെ നിര്യാണത്തിൽ ദുഃഖാർത്ഥരായ കുടുംബാംഗങ്ങളെ മലയാളം യുകെ ടീമിന്റെ അനുശോചനം അറിയിക്കുന്നു.

ബിനോയ് എം. ജെ.

എപ്പോഴൊക്കെ ധർമ്മത്തിന് ച്യുതിയും അധർമ്മത്തിനു ഉയർച്ചയും ഉണ്ടാകുന്നുവോ അപ്പോഴെല്ലാം സാധുക്കളെ സംരക്ഷിക്കുന്നതിനും, ദുഷ്ടരെ ഹനിക്കുന്നതിനും, ധർമ്മം പുനഃസ്ഥാപിക്കുന്നതിനും വേണ്ടി ഈശ്വരൻ യുഗം തോറും അവതരിക്കുന്നതായി ഭഗവത്ഗീതയിൽ പറയുന്നു. ഈശ്വരൻ സർവ്വശക്തനാണല്ലോ, അവനൊന്ന് കൽപിച്ചാൽ എന്തും സംഭവിക്കുമല്ലോ പിന്നെന്തിനാണ് ക്ലേശങ്ങൾ സഹിച്ചു കൊണ്ട് ഈശ്വരൻ അവതരിക്കുന്നത് എന്ന് പലരും ചോദിച്ചേക്കാം.. അതിനുള്ള ഉത്തരം ലളിതമാണ്- മുങ്ങിച്ചാകുന്നവനെ കരക്കിരുന്നുകൊണ്ട് രക്ഷിക്കുവാൻ ആവില്ല. അതിനു വേണ്ടി കുളത്തിലേക്ക് ചാടുക തന്നെ വേണം.

ഈശ്വരന്റെ മനുഷ്യാവതാരത്തെക്കുറിച്ച് വിവിധ മതങ്ങളിൽ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളാണ് കാണുന്നത്. സർവ്വവും പടച്ച അള്ളാഹുവിന് മനുഷ്യനായി ജനിക്കാൻ ആവില്ല, അതിന്റെ ആവശ്യവുമില്ല എന്ന് ഇസ്ളാമിൽ പറയുന്നു. ലോക രക്ഷയ്ക്കുവേണ്ടി ഈശ്വരൻ മനുഷ്യനായി അവതരിക്കുമെന്ന് വീണ്ടും വീണ്ടും പ്രവചനങ്ങൾ ഉണ്ടായിരുന്നിട്ടും സാക്ഷാൽ ദൈവപുത്രൻ ഭൂമിയിൽ അവതരിപ്പിച്ചപ്പോൾ അവിടുത്തെ അറിയുവാനോ ശ്രവിക്കുവാനോ യഹൂദന്മാർക്ക് കഴിഞ്ഞില്ല എന്ന് മാത്രമല്ല താൻ ദൈവപുത്രനാണ് എന്ന് പറഞ്ഞു എന്ന ഒറ്റക്കാരണത്താൽ അവിടുത്തെ കുരിശിൽ തറയ്ക്കുവാനും അവർ മടി കാട്ടിയില്ല എന്നതിൽ നിന്നും അവരുടെ അവതാര സങ്കൽപത്തിന്റെ പൊള്ളത്തരം നമുക്ക് തിരിച്ചറിയാൻ കഴിയും. ക്രിസ്തുമതത്തിൽ യേശു മാത്രമാണ് ഈശ്വരന്റെ അവതാരം എന്നും മറ്റൊരു അവതാരം ഉണ്ടായിട്ടില്ല ഉണ്ടാവുകയുമില്ല എന്ന് ശക്തമായി വാദിക്കുമ്പോൾ ഹിന്ദുമതത്തിൽ അവതാരങ്ങളുടെ ഒരു വലിയ നിര തന്നെ കാണുന്നു.

ഈ രീതിയിൽ ചിന്തിക്കുമ്പോൾ അവതാര സങ്കല്പം വളരെയധികം നിഗൂഢമായ ഒരു ആശയം ആണെന്ന് കാണുവാൻ കഴിയും . ഈശ്വരൻ പലതവണ അവതരിച്ചിട്ടുണ്ടെങ്കിലും യേശുക്രിസ്തുമാത്രമാണ് പൂർണ്ണ അവതാരമെന്ന് പലതുകൊണ്ടും സമ്മതിച്ച് കൊടുത്തേ തീരൂ. മറ്റ് അവതാരങ്ങൾക്കെല്ലാം തന്നെ പൂർവ ജനങ്ങളുടെയും മൃഗ ജന്മങ്ങളുടെയും ഒരു ചരിത്രം ഉള്ളപ്പോൾ യേശു മിശിഹായ്ക്ക് അങ്ങനെ ഒരു പൂർവജന്മ ചരിത്രമില്ല. അവിടുന്ന് ഒരിക്കൽ മാത്രമേ ജനിച്ചിട്ടുള്ളൂ. അതും അജ്ഞാനത്തെ ഒട്ടും തീണ്ടാതെ. പാപി അല്ലാതിരുന്നിട്ടും അവിടുന്ന് ഏറ്റവും വലിയ പാപിയെപ്പോലെ മരിച്ചു. മൂന്നു നാൾക്ക് ശേഷം ഉയിർത്തെഴുന്നേൽക്കുകയും ചെയ്തു. യേശുക്രിസ്തു വഴിയാണ് മാനവരാശിക്ക് മോക്ഷം കിട്ടിയതെന്നും പ്രസ്തുത മോക്ഷം നേടിയെടുത്തതല്ല; മറിച്ച് മനുഷ്യന് ദാനമായി കിട്ടിയതാണെന്നും ക്രിസ്തുമതം ലോകസമക്ഷം പ്രഖ്യാപിക്കുന്നു.

ഏതൊരു മനുഷ്യനും മോക്ഷം കിട്ടിയ ശേഷം അയാൾ വീണ്ടും ജനിക്കുകയാണെങ്കിൽ ആ ജനനം അയാൾക്ക് വേണ്ടി അല്ല മറിച്ച് ലോകഹിതാർത്ഥം ആണെന്നും അതിനാൽ തന്നെ അത് അവതാരമാണെന്നും സാമാന്യമായി പറയാം. ലോകത്തിന് മോക്ഷം ലഭിച്ചത് യേശുദേവൻ വഴിയാണെങ്കിൽ ആ മോക്ഷത്തിലെത്തിയ ലക്ഷക്കണക്കിനാളുകൾ ലോകത്ത് ഇതുവരെ ഉണ്ടായിരുന്നു എന്നും അവരിൽ ആയിരക്കണക്കിനാളുകൾ മോക്ഷപ്രാപ്തിക്ക് ശേഷം വീണ്ടും ജനിച്ചിട്ടുണ്ട് എന്നും അതിനാൽ തന്നെ അവരെല്ലാം തന്നെ അവതാരങ്ങൾ ആണെന്നും സമ്മതിച്ചേ തീരൂ . അവരെ ‘അംശാവതാരങ്ങൾ’ എന്ന് വിളിക്കാം. യേശു ജനിക്കുന്നതിനു മുമ്പ് തന്നെ ധാരാളം അവതാരങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അത് എങ്ങനെ സംഭവിച്ചു എന്നും നിങ്ങൾ ചോദിച്ചേക്കാം. ഉത്തരം ലളിതമാണ് -ഈശ്വരനിൽ സമയമില്ല . ചലനം ഉള്ളിടത്തേ സമയം ഉള്ളൂ .ഈശ്വരനിൽ എല്ലാം നിത്യതയിൽ സംഭവിക്കുന്നു.

ഈശ്വരന് മനുഷ്യനായി ഭൂമിയിൽ അവതരിക്കണമെങ്കിൽ അവിടുത്തേക്ക് അജ്ഞാനത്തിന്റെ മൂടുപടമണിഞ്ഞേ തീരൂ . ഈ അജ്ഞാനത്തെ അവർ തപസ്സിലൂടെ നീക്കിക്കളയുന്നു. അജ്ഞാനത്തിന്റെ മൂടുപടം അണിയാതെ ഒരു അവതാരം മാത്രമേ ഉണ്ടായിട്ടുള്ളൂ- അത് യേശുക്രിസ്തുവും ആകുന്നു. അവിടുത്തേക്ക് എല്ലാം തുടക്കം തൊട്ടേ അറിയാമായിരുന്നു .അതിനാൽ തന്നെ യേശുക്രിസ്തു മറ്റ് അവതാരങ്ങളിൽ നിന്നും ഭിന്നനും ആകുന്നു. മറ്റ് അവതാരങ്ങൾ ജീവിക്കുവാൻ വേണ്ടി അവതരിച്ചപ്പോൾ യേശുദേവൻ ആകട്ടെ മരിക്കുവാൻ വേണ്ടിയാണ് അവതരിച്ചത്.

‘നിർവിതർക്കസമാധി’യിൽ നിന്നും മടങ്ങി വരുവാൻ അവതാരങ്ങൾക്കേ കഴിയൂ. സാധാരണക്കാർക്ക് അതിനുള്ള കഴിവില്ല. സാധാരണക്കാർ നിർവിതർക്കസമാധിയിൽ ശാശ്വതമായി ലയിച്ചു പോകുന്നു.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

തിരുവനന്തപുരം പേട്ടയിൽ കോളജ് വിദ്യാർഥി അയൽവീട്ടിൽ കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രതിയുടെ മൊഴി തള്ളി പൊലീസ്. പേട്ട ആനയറ പാലത്തിനു സമീപം ഐശ്വര്യയിൽ അനീഷ് ജോർജ്(19) ആണ് പേട്ട ചായക്കുടി ലെയ്നിലെ സൈമൺ ലാലന്റെ വീടായ ഏദനിൽ കുത്തേറ്റു മരിച്ചത്. സംഭവത്തിൽ സൈമൺ ലാലനെ(51) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അനീഷിനെ കുത്തിയ വിവരം പേട്ട പൊലീസ് സ്റ്റേഷനിലെത്തി സൈമൺ തന്നെയാണ് അറിയിച്ചത്. പൊലീസ് എത്തി അനീഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുന്നതിനിടെ മരിച്ചു. ബുധനാഴ്ച പുലർച്ചെ 3.15ന് ആയിരുന്നു സംഭവം

കള്ളനാണെന്നാണു കരുതിയതെന്നും പ്രതിരോധിക്കുന്നതിനിടെ പ്രാണരക്ഷാർഥം കുത്തിയതാണെന്നുമാണ് പ്രതി സൈമൺ ലാലന്റെ മൊഴി. എന്നാൽ പൊലീസ് ഇതു തള്ളുന്നു. സൈമണിന്റെ പ്ലസ് വൺ വിദ്യാർഥിനിയായ മകളും അനീഷും സുഹൃത്തുക്കളാണ്. പെൺകുട്ടിയെ കാണാനാകണം അനീഷ് ഈ വീട്ടിൽ എത്തിയതെന്നാണു പൊലീസ് കരുതുന്നത്. പെൺകുട്ടിയും അനീഷും മാതാവും പേട്ട പള്ളിമുക്കിലുള്ള ക്രൈസ്തവ ദേവാലയത്തിലെ ഗായകസംഘത്തിലെ അംഗങ്ങളായിരുന്നു.

ഇരുനില വീടിന്റെ മുകളിലത്തെ നിലയിലാണു സൈമണും ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്. താഴത്തെ നിലയിൽ വാടകയ്ക്കു താമസിക്കുന്നവർ ഇന്നലെ സ്ഥലത്തില്ലായിരുന്നു. ഇവിടെ നിന്നു മുക്കാൽ കിലോമീറ്റർ മാറിയാണ് അനീഷിന്റെ വീട്. പുലർച്ചെ മകളുടെ മുറിയിൽ സംസാരം കേട്ടു സൈമൺ എത്തി വാതിലിൽ മുട്ടിയെങ്കിലും തുറന്നില്ല. തുടർന്നു ബലം പ്രയോഗിച്ചു കതകു തുറന്നപ്പോൾ അനീഷുമായി കയ്യേറ്റമുണ്ടായെന്നും കത്തി കൊണ്ടു കുത്തിയെന്നുമാണു പൊലീസ് പറയുന്നത്.

കേരള സംഗീത സാഹിത്യ അക്കാദമി ചെയര്‍മാനായി തന്നെ തെരഞ്ഞെടുത്തെന്ന തരത്തിലുള്ള വാര്‍ത്തകളോട് പ്രതികരിച്ച് എംജി ശ്രീകുമാര്‍. അക്കാദമി ചെയര്‍മാനായി തന്നെ നിയമിക്കാന്‍ തീരുമാനിച്ച കാര്യം മാധ്യമങ്ങളിലൂടെ മാത്രമാണ് അറിഞ്ഞതെന്നും സിപിഐഎം ഇങ്ങനെയൊരു തീരുമാനം എടുത്തതായി ഒരാളും തന്നെ അറിയിച്ചിട്ടില്ലെന്നും എംജി ശ്രീകുമാര്‍ പറഞ്ഞു.

”ഇപ്പോള്‍ ഉയരുന്ന വിവാദങ്ങള്‍ സംബന്ധിച്ചു കേട്ടുകേള്‍വി മാത്രമേ ഉള്ളൂ. കേട്ടു കേള്‍വി വച്ച് വിഷയത്തില്‍ പ്രതികരിക്കാന്‍ ഇല്ല. കലാകാരന്റെ രാഷ്ട്രീയം നോക്കിയല്ല സിനിമയടക്കം ഒരു കലാരൂപവും ആളുകള്‍ കാണാന്‍ പോകുന്നത്. കല ആസ്വദിക്കാനാണ്. സംഗീത നാടക അക്കാദമിക്കു രാഷ്ട്രീയ പ്രതിഛായ കൊടുക്കേണ്ട കാര്യമില്ല.

മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം സിപിഐഎമ്മിലെ കുറച്ചു നേതാക്കളെ മാത്രമേ പരിചയമുള്ളൂ. വകുപ്പ് മന്ത്രി സജി ചെറിയാനെ പരിചയം പോലുമില്ല.” എംജി ശ്രീകുമാര്‍ പ്രതികരിച്ചു.

എം.ജി ശ്രീകുമാറിനെ സംഗീത നാടക അക്കാദമി ചെയര്‍മാനായി നിയമിക്കാനുള്ള തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് സോഷ്യല്‍മീഡിയയില്‍ നിന്ന് അടക്കം ഉയര്‍ന്നിരുന്നത്.ശ്രീകുമാറിന്റെ സംഘപരിവാര്‍ ബന്ധമാണ് വിമര്‍ശകര്‍ ഉന്നയിക്കുന്നത്.

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് വി എൻ അനിൽ കുമാർ രാജിവെച്ചു. വിചാരണ കോടതി നടപടിയിൽ പ്രതിഷേധിച്ചാണ് രാജി. കേസിൽ രാജിവെക്കുന്ന രണ്ടാമത്തെ പ്രോസിക്യൂട്ടറാണ് അനിൽകുമാർ. മുന്‍ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. സുകേശനും സമാന സാഹചര്യത്തിലാണ് പ്രോസിക്യൂഷൻ പദവി ഒഴിഞ്ഞത്.സാക്ഷിയെ വിസ്തരിക്കാൻ അനുവദിക്കുന്നില്ല എന്നടതടക്കം പബ്ലിക് പ്രോസിക്യൂട്ടറുടെ ആവശ്യങ്ങള്‍ കോടതി പരിഗണിക്കുന്നില്ലെന്നാണ് ആരോപിച്ചാണ് രാജി. കോടതിയുടെ പ്രതികൂല നിലപാടില്‍ പ്രതിഷേധിച്ച് കഴിഞ്ഞദിവസം പ്രോസിക്യൂട്ടർ കോടതിയിൽ നിന്നും ഇറങ്ങിപ്പോയ സാഹചര്യവുമുണ്ടായിരുന്നു. നേരത്തെ വിചാരണ കോടതി നടപടികൾക്കെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയെയും സമീപിച്ചിരുന്നു. ഈ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

അതേസമയം, നടിയെ ആക്രമിച്ച കേസിലെ വിചാരണ നിർത്തിവെക്കണമെന്ന് എന്നാവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ നൽകി. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് അടക്കമുള്ള ദിലീപിനെതിരായ പുതിയ ആരോപണങ്ങളില്‍ അന്വേഷണം വേണമെന്നാണ് പൊലീസിന്റെ ആവശ്യം. സിആര്‍പിസി-173(8) പ്രകാരമാണ് തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചത്. കേസിലെ വിചാരണ നിര്‍ത്തിവയ്ക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി ഇന്ന് കോടതി പരിഗണിക്കും.

കേസിലെ പ്രതിപ്പട്ടികയിലുള്ള നടന്‍ ദിലീപിനെതിരെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളാണ് നിര്‍ണായകം. കേസില്‍ പിടിയിലായ പള്‍സര്‍ സുനിയുമായി നടന്‍ ദിലീപിന് അടുത്ത ബന്ധം, നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ജാമ്യത്തിലിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ ദിലീപിന് ഒരു വിഐപി വീട്ടിലെത്തിച്ചു നല്‍കി, സാക്ഷികളെ സ്വാധീനിച്ചു തുടങ്ങിയ വെളിപ്പെടുത്തലുകളാണ് ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് നടത്തിയത്. ഇക്കാര്യം വ്യക്തമാക്കുന്ന ശബ്ദരേഖകളും സന്ദേശങ്ങളും ഉള്‍പ്പെടുത്തി മുഖ്യമന്ത്രിക്ക് പരാതിയും നല്‍കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ദിലീപ് നടത്തിയ ഇടപെടലുകളുടെ ശബ്ദരേഖകളും ഇതിനകം പുറത്തു വന്നിട്ടുണ്ട്.

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ അപ്രതീക്ഷിതമായി ലഭിച്ച കച്ചിത്തുരുമ്പ് എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. വിചാരണയുടെ അവസാന ഘട്ടത്തില്‍ പ്രോസിക്യൂഷന്‍ സാക്ഷികള്‍ കൂട്ടംകൂട്ടമായി കൂറു മാറുമ്പോള്‍ ഈ വെളിപ്പെടുത്തലുകള്‍ കേസിന് സഹായകരമാകുമെന്നാണ് പ്രതീക്ഷ.

ഒമിക്രോൺ വ്യാപന സാഹചര്യത്തില്‍ ലോകം നേരിടാനിരിക്കുന്നത് കൊവിഡ് സുനാമിയെന്ന് ലോകാരോഗ്യ സംഘടന. ഒമിക്രോൺ, ഡെൽറ്റ വകഭേദങ്ങൾ ഒന്നിച്ച് ഉയർത്തുന്ന ഭീഷണി വലുതാണെന്നും ഇതിനകം തളർന്നിരിക്കുന്ന ആരോഗ്യ സംവിധാനങ്ങള്‍ക്ക് വലിയ പ്രതിസന്ധി കാലമാണ് മുന്നോട്ടുള്ളതെന്നും ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഡാനം മുന്നറിയിപ്പ് നൽകി.ഡെൽറ്റ വകഭേദത്തോടൊപ്പം അതി തീവ്രവ്യാപനശേഷിയുള്ള ഒമിക്രോണും പടരുന്നതോടെ അത്​ കൊവിഡ്​ സുനാമിക്ക്​ കാരണമാകും പുതിയ കൊവിഡ് കേസുകളുടെ എണ്ണം റെക്കോർഡ് ഉയരത്തിലേക്ക് വർദ്ധിക്കാന്‍ സാധ്യതയുണ്ട്. ആരോഗ്യപ്രവർത്തകർക്കിടയില്‍ അതിവേഗം രോഗവ്യാപനമുണ്ടാകുന്ന നിലവിലെ സാഹചര്യത്തില്‍ ആരോഗ്യ സംവിധാനങ്ങളുടെ താളം തെറ്റും, ടെഡ്രോസ് അഡാനം പറഞ്ഞു.

ഇത് ആഗോള തലത്തില്‍ മരണനിരക്കിലും കുത്തനെയുള്ള വർദ്ധനവിന് കാരണമാകുമെന്നാണ് ലോകാരോഗ്യ സംഘടന നിരീക്ഷിക്കുന്നത്. ഒമിക്രോണിന് ഡെല്‍റ്റയുടേതിന് സമാനമായ തീവ്ര വ്യാപനമുണ്ടാകില്ലെന്നാണ് നിരീക്ഷിക്കപ്പെടുന്നതെങ്കിലും പഠനങ്ങള്‍ തുടരുന്നതിനാല്‍ ഇക്കാര്യത്തില്‍ ഒരു സ്ഥിരീകരണം സാധ്യമല്ലെന്നും ടെഡ്രോസ് കൂട്ടിച്ചേർത്തു. ഒരു ഓൺലൈൻ മാധ്യമത്തിന്​ നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ആശങ്ക പങ്കുവെച്ചത്.

കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കയിലാണ് ഒമിക്രോണ്‍ ആദ്യമായി സ്ഥിരീകരിച്ചത്. പിന്നാലെ ചുരുങ്ങിയ സമയത്തിനുള്ളില്‍ മറ്റ് രാജ്യങ്ങളിലേക്കും പടർന്ന വകഭേദത്തിന്റെ അതിവേഗ വ്യാപനത്തിനാണ് യുഎസും ഫ്രാന്‍സ് ഉള്‍പ്പടെയുള്ല യൂറോപ്യന്‍ രാജ്യങ്ങളും സാക്ഷ്യം വഹിക്കുന്നത്. ആഗോള കൊവിഡ് നിരക്കില്‍ 11 ശതമാനത്തിന്റെ ഉയർച്ചയാണ് കഴിഞ്ഞയാഴ്ച ഉണ്ടായിരിക്കുന്നത്. വാക്സിൻ എടുത്തവരിലും രോഗം വന്നുപോയവരിലും ഒമിക്രോൺ വകഭേദം സ്ഥിരീകരിക്കുന്ന സാഹചര്യമാണുള്ളത്. എന്നാല്‍ വാക്സിന്‍ സ്വീകരിക്കാത്തവരിലാണ് മരണനിരക്ക് കൂടുകയെന്നും ടെഡ്രോസ് അഡാനം ചൂണ്ടിക്കാട്ടി.

ഈ സാഹചര്യത്തില്‍ ലോകാ​രോഗ്യസംഘടനയിൽ അംഗങ്ങളായ 194 രാജ്യങ്ങളിൽ 92 രാജ്യങ്ങളിലെ 40 ശതമാനം പേർക്കും വാക്സിനേഷന്‍ പൂർത്തീകരിച്ചിട്ടില്ല എന്നത് അപമാനകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2022 ജൂലൈയോടെ ലോകത്തെ 70 ശതമാനം പേർക്കും വാക്സിൻ നൽകുകയെന്ന ലക്ഷ്യം നേടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, ഇന്ത്യയിലും ഒമിക്രോൺ ആശങ്ക വിതക്കുകയാണ്​. രാജ്യത്ത്​ 900 പേർക്ക്​ ഇതുവരെ പുതിയ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്​.

RECENT POSTS
Copyright © . All rights reserved