Latest News

ക്യാപ്റ്റന്‍ സഞ്ജു വി. സാംസണ്‍ മികച്ച ബാറ്റിംഗ് തുടര്‍ന്നപ്പോള്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റില്‍ കേരളം ക്വാര്‍ട്ടറില്‍. അവസാന പതിനാറില്‍ ഹിമാചല്‍ പ്രദേശിനെ എട്ട് വിക്കറ്റിന് മറികടന്നാണ് കേരളത്തിന്റെ മുന്നേറ്റം. ആദ്യം ബാറ്റ് ചെയ്ത ഹിമാചല്‍ പ്രദേശ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെടുത്തു. ചേസ് ചെയ്ത കേരളം 19.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 147 റണ്‍സെടുത്ത് വിജയത്തിലെത്തിച്ചേര്‍ന്നു.

സഞ്ജുവിന്റെ അര്‍ദ്ധ ശതകമാണ് കേരളത്തിന്റെ ജയത്തില്‍ നിര്‍ണായകമായത്. 39 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും സഹിതം 52 റണ്‍സെടുത്ത സഞ്ജു പുറത്താകാതെ നിന്നു. 22 റണ്‍സുമായി ഓപ്പണര്‍ രോഹന്‍ കുന്നുമ്മല്‍ മടങ്ങിയെങ്കിലും സഞ്ജുവും മുഹമ്മദ് അസറുദ്ദീനും ക്രീസില്‍ നിന്നപ്പോള്‍ കേരളം അനായാസ ജയത്തിലേക്ക് നീങ്ങി. എന്നാല്‍ 18-ാം ഓവറിന്റെ അവസാന പന്തില്‍ അസറുദ്ദീന്‍ (60, നാല് ബൗണ്ടറി, രണ്ട് സിക്‌സ്) വീണതോടെ കേരളം സമ്മര്‍ദ്ദത്തിലായി. എങ്കിലും സച്ചിന്‍ ബേബിയും (10 നോട്ടൗട്ട്) സഞ്ജുവും ചേര്‍ന്ന മൂന്ന് പന്തുകള്‍ ബാക്കിവെച്ച് കേരളത്തെ വിജയതീരമണച്ചു.

നേരത്തെ, രാഘവ് ധവാന്‍ (65), പ്രശാന്ത് ചോപ്ര (36) എന്നിവരുടെ പ്രകടനമാണ് ഹിമാചലിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. കേരളത്തിനു വേണ്ടി എസ്. മിഥുന്‍ രണ്ട് വിക്കറ്റ് പിഴുതു. ബേസില്‍ തമ്പി, മനുകൃഷ്ണന്‍, ജലജ് സക്‌സേന, സജീവന്‍ അഖില്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

കാറിലെത്തിയ യുവാവ് ഫോണില്‍ സംസാരിച്ച്‌ കൊണ്ടു ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കി. പള്ളിക്കത്തോട് ആനിക്കാട് വെസ്റ്റ് മുകളേല്‍ ത്രയീശം വീട്ടില്‍ ഹരികൃഷ്ണന്‍ പത്മനാഭന്‍ (37) ആണ് മരിച്ചത്.

രാവിലെ ജോലി സ്ഥലത്തേക്കു പോകുംവഴി മുട്ടമ്ബലം റെയില്‍വെ ക്രോസിന് സമീപത്തായിരുന്നു സംഭവം. കോട്ടയത്ത് കെടിഎം ഇരുചക്ര വാഹന ഷോറൂമില്‍ ജനറല്‍ മാനേജറായിരുന്നു ഹരികൃഷ്ണന്‍.

രാവിലെ 10 മണിയോടെ റെയില്‍വേ ഗേറ്റിന്റെ ഭാഗത്തു കാറിലെത്തിയ ഹരികൃഷ്ണന്‍, വാഹനം നിര്‍ത്തി പുറത്തിറങ്ങി. ഫോണ്‍ വിളിച്ചുകൊണ്ടു റെയില്‍വേ ട്രാക്കിലേക്ക് നടന്നു. ട്രെയിന്‍ വന്നപ്പോള്‍ മുന്നിലേക്കു ചാടുകയായിരുന്നെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. ലക്ഷ്മി വര്‍മയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.

ഗുജറാത്തിലെ ജാംനഗറില്‍ ഹിന്ദുസേന സ്ഥാപിച്ച നാഥുറാം ഗോഡ്‌സെയുടെ പ്രതിമ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ത്തു. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ദിഗുഭ ജഡേജയും കൂട്ടാളികളും ചേര്‍ന്നാണ് പ്രതിമ തകര്‍ത്തത്.

ചൊവ്വാഴ്ച്ച രാവിലെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിമ തകര്‍ത്തത്. പ്രതിമ തകര്‍ക്കുന്നതിനിടെ അവര്‍ അതിന് ചുറ്റും കാവിത്തുണി കെട്ടിയിരുന്നു.

ജാംനഗറില്‍ ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിക്കാന്‍ തീരുമാനിച്ച കാര്യം ഓഗസ്റ്റില്‍ ഹിന്ദുസേന പറഞ്ഞിരുന്നു. എന്നാല്‍ പ്രാദേശിക അധികാരികള്‍ സ്ഥലം നല്‍കാതിരുന്നതിനെ തുടര്‍ന്ന് ‘നാഥുറാം ഗോഡ്സെ അമര്‍ രഹേ’ എന്ന മുദ്രാവാക്യം ഉയര്‍ത്തി സംഘടന പ്രതിമ ഹനുമാന്‍ ആശ്രമത്തില്‍ സ്ഥാപിക്കുകയായിരുന്നു.

മഹാത്മാഗാന്ധിയുടെ ഘാതകനായ ഗോഡ്‌സെയെ 1949 നവംബര്‍ 15നാണ് ഹരിയാനയിലെ അംബാല സെന്‍ട്രല്‍ ജയിലില്‍ തൂക്കിലേറ്റിയത്. അവിടുത്തെ മണ്ണ് കൊണ്ടുവന്ന് അത് ഉപയോഗിച്ച് ഗോഡ്‌സെയുടെ പ്രതിമ നിര്‍മ്മിക്കുമെന്ന് ഹിന്ദു മഹാസഭ പറഞ്ഞിരുന്നു.

കഴിഞ്ഞയാഴ്ചയാണ് ഗോഡ്സെയെയും നാരായണ്‍ ആപ്തെയെയും വധിച്ച അംബാല ജയിലില്‍ നിന്ന് മഹാസഭ പ്രവര്‍ത്തകര്‍ മണ്ണ് കൊണ്ടുവന്നത്. ഈ മണ്ണ് ഉപയോഗിച്ച് ഗോഡ്സെയുടെയും ആപ്തെയുടെയും പ്രതിമകള്‍ നിര്‍മ്മിക്കുകയും അവ ഗ്വാളിയോറിലെ മഹാസഭയുടെ ഓഫീസില്‍ സ്ഥാപിക്കുകയും ചെയ്യുമെന്ന് ഹിന്ദു മഹാസഭ ദേശീയ വൈസ് പ്രസിഡന്റ് ഡോ. ജൈവീര്‍ ഭരദ്വാജ് പറഞ്ഞതായി വാർത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ഏറെ നാളത്തെ ഇടവേളക്ക് ശേഷം സുരേഷ് ഗോപിയുടെ ശക്തമായ തിരിച്ചുവരവ് പ്രതീക്ഷിക്കുന്ന സിനിമയാണ് ‘കാവല്‍’. നിഥിന്‍ രണ്‍ജി പണിക്കരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നവംബര്‍ 25 നാണ് ചിത്രം തിയേറ്ററിലെത്തുന്നത്.

ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് പോസ്റ്റര്‍ ചെയ്തുകൊണ്ട് നിര്‍മാതാവ് ജോബി ജോര്‍ജ് ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ‘ഇത് തമ്പാന്‍…സ്നേഹിക്കുന്നവര്‍ക്ക് കാവലാകുന്ന തമ്പാന്‍ നവംബര്‍ 25 മുതല്‍ കാവല്‍,’ എന്നായിരുന്നു പോസ്റ്റിലെ വാചകം.

എന്നാല്‍ മോഹന്‍ലാല്‍ നായകനായ ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസിനൊരുങ്ങുന്ന പശ്ചാത്തലത്തില്‍
കാവലിന്റെ റിലീസ് മാറ്റിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു ചിലര്‍ പോസ്റ്റിന് രംഗത്തെത്തിയത്.

‘ഈ ഒരു സമയത്ത് ഇറക്കണമായിരുന്നോ. മരക്കാര്‍ വരുന്നതോടെ തിയറ്ററിന്റെ എണ്ണം കുറയില്ലേ. അപ്പോള്‍ ഡേറ്റ് മാറ്റി നല്ല ഒരു ദിവസം നോക്കി ഇറക്കി നല്ല ഒരു തിരിച്ചുവരവ് കൊടുക്കുന്നതല്ലേ നല്ലത്. പറഞ്ഞെന്നേ ഉള്ളൂ,’ എന്നായിരുന്നു ഒരാളുടെ കമന്റ്.

ഇതോടെ മറുപടിയുമായി ജോബി ജോര്‍ജും എത്തി. ‘മോനെ ഞാന്‍ നേരത്തെ പ്ലാന്‍ ചെയ്തതാ, അത് മാത്രമല്ല പല കമ്മിറ്റ്മെന്റ്സ് ഉണ്ട്. ദയവു ചെയ്ത മനസിലാക്കൂ’ എന്നായിരുന്നു ജോബിയുടെ മറുപടി.

‘മരക്കാര്‍’ ഇറങ്ങുന്നതോടെ ഈ സിനിമയൊക്കെ തിയേറ്റര്‍ വിടേണ്ടി വരും എന്ന തരത്തിലുള്ള കമന്റുകളും പോസ്റ്റിന് താഴെയെത്തുന്നുണ്ട്. ‘ജോബിച്ചായോ ഈ കൊച്ചു പടമൊക്കെ ഇത്ര ബന്ധപ്പെട്ട് തീയേറ്ററില്‍ ഇറക്കണ്ട വല്ല കാര്യവും ഉണ്ടാരുന്നോ. ഡിസംബര്‍ 2 ആകുമ്പോള്‍ എന്തായാലും അടിച്ചു വെളിയില്‍ ചാടിക്കും. ഇനിയും സമയമുണ്ട് നല്ല തീരുമാനങ്ങള്‍ എടുക്കാന്‍,’ എന്നായിരുന്നു കമന്റ്.

അതേസമയം, ഒരാളുടെ കമന്റിന് ജോബി ജോര്‍ജ് നല്‍കിയ മറുപടിയും വൈറലാവുന്നുണ്ട്. ‘മരക്കാറിന് മുന്നില്‍ പിടിച്ചു നില്‍ക്കാനുള്ള ആമ്പിയര്‍ ഒക്കെ ഈ ഐറ്റത്തിന് ഉണ്ടോ?’ എന്നായിരുന്നു ചോദ്യം.

‘അതൊന്നും എനിക്കറിയില്ല. ഞാന്‍ പഠിച്ചിട്ടുണ്ട് ഒരു പൊട്ടനുറുമ്പ് ഒരു ആനയെ വീഴ്ത്തിയ കഥ’ എന്നായിരുന്നു ഇതിന് ജോബി ജോര്‍ജ് നല്‍കിയ മറുപടി. മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ആദ്യം ഒ.ടി.ടി പ്ലാറ്റ്ഫോമിലാണ് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് തിയേറ്റര്‍ റിലീസ് പ്രഖ്യാപിക്കുകയായിരുന്നു.

ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിലൊരുക്കിയ കാവല്‍ ഒരു ആക്ഷന്‍ ഫാമിലി ഡ്രാമയാണ്. തമ്പാന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. നിഖില്‍ എസ് പ്രവീണ്‍ ആണ് ഛായാഗ്രഹണം. രണ്‍ജി പണിക്കരും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ശങ്കര്‍ രാമകൃഷ്ണന്‍, സുരേഷ് കൃഷ്ണ, പത്മരാജ് രതീഷ്, ശ്രീജിത്ത് രവി, സാദ്ദിഖ്, രാജേഷ് ശര്‍മ്മ, സന്തോഷ് കീഴാറ്റൂര്‍, കിച്ചു ടെല്ലസ്, ബിനു പപ്പു, രാജേഷ് ശര്‍മ്മ, കണ്ണന്‍ രാജന്‍ പി. ദേവ്, ചാലി പാല, അരിസ്റ്റോ സുരേഷ്, ഇവാന്‍ അനില്‍, റേയ്ച്ചല്‍ ഡേവിഡ്, മുത്തുമണി, അഞ്ജലി നായര്‍, അനിത നായര്‍, പൗളി വത്സന്‍, അംബിക മോഹന്‍, ശാന്ത കുമാരി, ബേബി പാര്‍വ്വതി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ ബന്ധുക്കളായ അഞ്ച് പേർ വാഹനാപകടത്തിൽ മരിച്ചു. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറും മരിച്ചു. ബിഹാറിലെ ലക്ഷിസരായ് ജില്ലയിലെ ദേശീയപാത 333 ല്‍ വച്ചാണ് അപകടം നടന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ട്രാക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

സുശാന്ത് സിംഗിന്റെ സഹോദരിയുടെ ഭര്‍ത്താവ് ഒ.പി സിംഗിന്റെ ബന്ധു ലാല്‍ജീത് സിംഗാണ് മരിച്ചവരില്‍ ഒരാള്‍. ഒ.പി സിംഗിന്റെ സഹോദരി ഗീത ദേവിയുടെ ഭര്‍ത്താവാണ് ലാല്‍ജീത് സിംഗ്. ഗീത ദേവിയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെയായിരുന്നു അപകടം.

ലാല്‍ജീത് സിംഗും അദ്ദേഹത്തിന്റെ മക്കളും ബന്ധുക്കളുമാണ് കാറില്‍ സഞ്ചരിച്ചിരുന്നത്. പട്നയില്‍ നിന്ന് മടങ്ങവെയാണ് അപകടം നടന്നത്. സംഭവ സ്ഥലത്ത് വച്ചു തന്നെ കാറിന്റെ ഡ്രൈവറടക്കം ആറ് പേര്‍ മരിച്ചു. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ലാല്‍ജിത് സിംഗിന്റെ മകളായ അമിത് ശേഖര്‍, രാം ചന്ദ്രസിംഗ് ബന്ധുക്കളായ ബേബി ദേവി, അനിത ദേവി ഡ്രൈവര്‍ പ്രീതം കുമാര്‍ എന്നിവരാണ് മരിച്ചത്.

ട്വന്റിഫോര്‍ ന്യൂസ് ചാനലിലെ മാധ്യമപ്രവര്‍ത്തകന്‍ സിജി ദില്‍ജിത് അന്തരിച്ചു. കോട്ടയം ചീഫ് റിപ്പോര്‍ട്ടര്‍ ആയിരുന്നു ദില്‍ജിത്.

തലയോലപ്പറമ്പ് ചെള്ളാശേരി ഗോപിയുടെയും അനിതയുടേയും മകനായ ദില്‍ജിത്ത്(32) കഴിഞ്ഞ ഏഴ് വര്‍ഷമായി ദൃശ്യമാധ്യ രംഗത്ത് സജീവമാണ്.

ഭാര്യ പ്രസീത. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.  സംസ്‌കാരം പിന്നീട് നടക്കും. മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.

ദിൽജിത്തിൻ്റെ അപ്രതീക്ഷിത വിയോഗത്തിൽ അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ് കുടുംബാംഗങ്ങളും സഹപ്രവർത്തകരും നാട്ടുകാരും. വളരെ എളിമയോടെ വാർത്തകൾ കൈകാര്യം ചെയ്തിരുന്ന റിപ്പോർട്ടറായിരുന്നു ദിൽജിത്ത്.ശ്രദ്ധേയമായ നിരവധി റിപ്പോർട്ടുകൾ കോട്ടയത്തു നിന്ന് ട്വൻ്റി ഫോറിന് വേണ്ടി അവതരിപ്പിച്ചിരുന്നു. ദിൽജിത്തിൻ്റെ നിര്യാണത്തോടെ മികച്ച മാധ്യമ പ്രവർത്തകനെയാണ് ദൃശ്യമാധ്യമ മേഖലയ്ക്ക് നഷ്ടമായിരിക്കുന്നത്.

സുഭിക്ഷം സുരക്ഷിതം ഭാരതീയ പ്രകൃതികൃഷി പദ്ധതിയിൽ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ അകലകുന്നത്തിന്റെ പാടശേഖരത്തിൽഉൾപ്പെട്ട ജൈവ കർഷകനായ ശ്രീ ജോസ് വർക്കി പണൂരിന്റെ കൃഷിയിടത്തിൽ പരമ്പരാഗത വിത്തിനമായ കൊടു കണ്ണി നെല്ല് ഉപയോഗിച്ചുള്ള ജൈവ കൃഷി യുടെ വിത ഉദ്ഘാടനം ബഹുമാനപ്പെട്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ രാജശേഖരൻ നായർ നിർവഹിച്ചു. പാമ്പാടി ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ശ്രീമതി ലെ ൻസി തോമസ് പദ്ധതി വിശദീകരണം നടത്തി. അകലക്കുന്നം ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ശ്രീ ബെന്നി വടക്കേടം ശ്രീ മാത്തുക്കുട്ടി ആന്റണി എന്നിവർ സന്നിഹിതരായിരുന്നു. കാവുംപടി തൊട്ടു പാടം പാടശേഖര സമിതി പ്രസിഡന്റ് ശ്രീ മാത്യു കരിപ്പാ മറ്റം സെക്രട്ടറി ശ്രീ വാസുപിള്ള കിഴക്കേയിൽനെൽ കർഷകനായ ശ്രീ ജോസഫ് മുരിങ്കാരി എന്നിവർ ആശംസകൾ അർപ്പിച്ചു. ഗ്രാമ പഞ്ചായത്ത്,ബ്ലോക്ക് പഞ്ചായത്ത് കൃഷി ഡിപ്പാർട്ട്മെന്റ്എന്നിവപാടശേഖരസമിതി കളുടെ വിവിധ പ്രവർത്തനങ്ങൾക്കായി കൂലിച്ചെലവ് സബ്സിഡി സുസ്ഥിര കൃഷി വികസനം എന്നീ പദ്ധതികൾ സംയോജിപ്പിച്ചു കൃഷിക്കാർക്ക് ധനസഹായം നൽകാനുള്ള എല്ലാ ക്രമീകരണങ്ങളും നടത്തിവരുന്നുണ്ട് കാലാവസ്ഥാവ്യതിയാനം ദോഷകരമായി ബാധിക്കാതിരിക്കാൻ വേണ്ട നടപടികൾ കൈകൊള്ളുന്നത് കർഷകരുടെ ആത്മവിശ്വാസം വർധിപ്പിക്കാൻ സഹായിക്കുമെന്ന് സെക്രട്ടറിയായ ശ്രീ.വാസുപിള്ള കിഴക്കയിൽ അഭിപ്രായപ്പെട്ടു. കൃഷി ഓഫീസർ ആയ ശ്രീമതി സ്നേഹലത മാത്യൂസ്, കൃഷി അസിസ്റ്റന്റ് ആയ ശ്രീ ബോബി വി വറുഗീസ് എന്നിവർ സംബന്ധിച്ചു. സുഭിക്ഷം സുരക്ഷിത ബി പി കെ പി പദ്ധതിയിലെ ഫാർമർ റെപ്രെസെന്ററ്റീവ് ശ്രീ ജോയ് ജോർജ് പോത്തനാമല ശ്രീമതി സുജാ ജോസഫ് എന്നിവർ ജൈവ കൃഷിയുടെ പ്രാധാന്യത്തെ പറ്റി വിശദീകരിച്ചു.

കൊടു കണ്ണി എന്ന പാരമ്പരാഗത നെൽ വിത്തിനമാണ് വിതയ്ക്കാനായി ഉപയോഗിച്ചത്. ബീജാമൃതം ഉപയോഗിച്ച് മുളപ്പിച്ച വിത്ത് ജൈവകൃഷി രീതികൾ മാത്രം അവലംബിച്ചാണ് കൃഷി ചെയ്യുന്നത്. ഘന ജീവാമൃതം അടിവളമായി നൽകിയശേഷം 15 ദിവസത്തെ ഇടവേളകളിൽ ജീവാമൃതം ഉപയോഗിച്ച് കൃഷി ചെയ്യുവാനാണ് ഉദ്ദേശിച്ചിട്ടുള്ളത്. കീടാരോഗ ബാധകളെ ജൈവമാർഗ്ഗങ്ങൾ മാത്രം ഉപയോഗിച്ച് നിയന്ത്രിക്കാൻ ലക്ഷ്യമിട്ടിട്ടുള്ളത്. ആയതിലേക്ക് ആയി ട്രൈക്കോ കാർഡുകൾ നീമാസ്ത്രം മറ്റുതരത്തിലുള്ള ജൈവ കീടനിയന്ത്രണ മാർഗ്ഗങ്ങളും ഉപയോഗിക്കാവുന്നതാണ്.

പാണ്ഡവര്‍ തങ്ങളുടെ കാലത്ത് ശക്തമായ അസ്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ഥലമായിരുന്നു ആസ്ത്രലിയ എന്ന ആര്‍ട് ഓഫ് ലിവിങ് ഫൗണ്ടേഷന്‍ സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കറിന്റെ പ്രസ്താവനയെ ട്രോേളിക്കൊന്ന് സോഷ്യല്‍ മീഡിയ. ഭക്തന്‍മാരില്‍ ഒരാളുടെ ചോദ്യത്തിനുത്തരമായാണ് രവിശങ്കര്‍ ഇക്കാര്യം പറഞ്ഞത്,

പാണ്ഡവര്‍ തങ്ങളുടെ ശക്തിയേറിയ അസ്ത്രങ്ങളായ ബ്രഹ്മാസ്ത്രം, പശുപതാസ്ത്രം തുടങ്ങിയവ എവിടെയായിരുന്നു സൂക്ഷിച്ചിരുന്നത് എന്നായിരുന്നു ഭക്തന്റെ ചോദ്യം. ഇതിനുത്തരമായാണ് രവിശങ്കര്‍ ഇക്കാര്യം പറഞ്ഞെത്.

ആസ്‌ത്രേലിയയിലായിരുന്നു പാണ്ഡവന്മാര്‍ അസ്ത്രങ്ങള്‍ സൂക്ഷിച്ചിരുന്നത് എന്നായിരുന്നു ശ്രീ ശ്രീ രവിശങ്കറിന്റെ ഉത്തരം. ‘നമ്മുടെ മഹാഭാരതത്തില്‍ അതിനെ അസ്ത്രാലയ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതാണ് പിന്നീട് ആസ്‌ത്രേലിയ ആയി മാറിയത്,’ അദ്ദേഹം പറഞ്ഞു.

ഇതോടെയാണ് ട്രോളന്‍മാര്‍ രവിശങ്കറിനെ എയറില്‍ കയറ്റിയത്. ഇതോടെ ഓരോ രാജ്യങ്ങള്‍ക്കും ‘പൗരാണികമായ’ പല പല നിര്‍വചനങ്ങളാണ് ട്രോളന്‍മാര്‍ നല്‍കുന്നത്.

യുദ്ധം ചെയ്ത് ബോറടിച്ചപ്പോള്‍ പാണ്ഡവര്‍ കപ്പലണ്ടി കൊറിച്ച സ്ഥലാണ് കൊറിയ എന്നും, പകിട കളിയില്‍ ശകുനി പാണ്ഡവന്‍മാര്‍ക്ക് ചെക്ക് പറഞ്ഞ സ്ഥലമാണ് ചെക്ക് റിപ്പബ്ലിക്കെന്നും ട്രോളന്‍മാര്‍ പറയുന്നു.

യുദ്ധം കഴിഞ്ഞ് പാണ്ഡവന്മാര്‍ സ്ലോ മോഷനില്‍ നടന്നു (വാക്ക് ചെയ്ത്) വന്ന സ്ഥലം ‘സ്ലോവാക്കിയ’. ദ്രോണര്‍ ഏകലവ്യനോട് ”ദക്ഷിണ താ ഫ്രീക്കാ” എന്ന് പറഞ്ഞ സ്ഥലം, ‘ദക്ഷിണാഫ്രിക്ക’. യുദ്ധത്തിന്റെ തലേന്ന് വെറും മുപ്പത്തഞ്ച് അമ്പ് കിട്ടിയാല്‍ ഞങ്ങള്‍ ജയിക്കും എന്ന് വീമ്പുപറഞ്ഞ ദുര്യോധനനോട് നമുക്ക് ”കാണാടാ” എന്ന് ഭീമന്‍ പറഞ്ഞ സ്ഥലം ‘കാനഡ’ തുടങ്ങിയവയാണ് ഏറെ ചിരിയുണര്‍ത്തുന്ന രാജ്യങ്ങളുടെ പേര് വന്ന വഴികള്‍.

കേരളത്തിലെ പ്രസിദ്ധമായ ‘എടപ്പാളോട്ട’ത്തേയും ട്രോളന്‍മാര്‍ ഒരു രാജ്യവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. പാണ്ഡവരുടെ കാലത്തെ മിത്രങ്ങള്‍ എടപ്പാളുകാരോട് സന്ധിയില്ലാ സമരം പ്രഖ്യാപിച്ച നാട്, ”നോ എടപ്പാള്‍” ആണ് കാലാന്തരത്തില്‍ നേപ്പാള്‍ ആയതെന്നാണ് ട്രോളന്‍മാരുടെ നിര്‍വചനം.

ഏതായാലും രവിശങ്കറിനെ ഇപ്പോഴൊന്നും താഴെയിറക്കണ്ട എന്നാണ് ട്രോളന്‍മാരുടെ നിലപാട്. അവര്‍ ഇപ്പോഴും രാജ്യങ്ങളുടെ ‘പൗരാണികമായ’ പഴയ പേരുകള്‍ തേടിക്കൊണ്ടിരിക്കുകയാണ്.

ഇതാദ്യമായല്ല രവിശങ്കര്‍ ഇത്തരം പ്രസ്താവനകളുമായി രംഗത്ത് വരുന്നത്. കര്‍ഷക ആത്മഹത്യകള്‍ക്ക് കരണം ആത്മീയതയുടെ അഭാവമാണെന്നും, ആത്മീയതയ്ക്കായി യോഗ ശീലിക്കണമെന്ന രവിശങ്കറിന്റെ പ്രസ്താവനയ്‌ക്കെതിരെ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു.

മുൻ ഭാര്യയാണെന്നുകരുതി ‌ ബാങ്ക്‌ ജീവനക്കാരിയെ വെട്ടിപ്പരിക്കേൽപ്പിച്ചു. നന്മണ്ട സഹകരണ ബാങ്കിലെ ജീവനക്കാരി മണ്ണാമ്പൊയിൽ സ്വദേശി മാവരുകണ്ടി ശ്രീഷ്‌മക്കാണ്‌ വെട്ടേറ്റത്‌. നന്മണ്ട 12ലെ മാക്കടമ്പത്ത്‌ ബിജു(47)വിനെ ബാലുശേരി പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. സാരമായി പരിക്കേറ്റ ശ്രീഷ്‌മ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലാണ്‌.

തിങ്കളാഴ്ച ഉച്ചക്ക്‌ രണ്ടോടെയാണ്‌ സംഭവം. ഡെപ്പോസിറ്റ് കൗണ്ടറിലിരിക്കുകയായിരുന്ന ശ്രീഷ്‌മയുടെ പിന്നിലൂടെ എത്തി കഴുത്തിലാണ്‌ വെട്ടിയത്‌. ആ സമയത്ത് ബാങ്കിലുണ്ടായിരുന്ന നരിക്കുനി, ബാലുശേരി ബ്രാഞ്ചുകളിലെ മാനേജര്‍മാര്‍ ചേർന്ന്‌ ബിജുവിനെ പിടിച്ച്‌ പൊലീസിൽഏൽപ്പിച്ചു. ബിജുവിന്റെ മുൻ ഭാര്യ ബാങ്കിലെ സ്ഥിരം ജീവനക്കാരിയാണ്‌. ഇവർതിങ്കളാഴ്‌ച അവധിയായതിനാൽഈ സീറ്റിലാണ് ശ്രീഷ്‌മ ഇരുന്നത്. ശ്രീഷ്‌മ‌ മാസ്‌ക്‌ ധരിച്ചതിനാൽ മുഖം വ്യക്തമായിരുന്നില്ല.

ആക്രമിക്കാനുപയോഗിച്ച ആയുധം പൊലീസ് കസ്റ്റഡിയിലെടുത്തു. ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തി. ബാങ്കിന്റെ ബാലുശേരിയിലുള്ള ഈവനിങ്‌ ബ്രാഞ്ചിൽ മുൻ ഭാര്യ ജോലിചെയ്‌തിരുന്നപ്പോഴും അവരെ ആക്രമിക്കാൻ ബിജു ശ്രമിച്ചിരുന്നു. ആ സംഭവത്തിലും പൊലീസ്‌ കേസുണ്ട്‌. കോൺഗ്രസ്‌ നിയന്ത്രണത്തിലുള്ള ബാങ്കാണിത്‌. കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്ന ബിജുവിന്‌ നൽകാനിരുന്ന ജോലി അന്ന്‌ ഭാര്യ‌ക്ക്‌ നൽകുകയായിരുന്നു.

ഹരീഷ് പേരടി എന്ന നടന്‍ ഒരു അഭിനേതാവ് എന്നതിലുപരി സമൂഹത്തില്‍ നടക്കുന്ന എല്ലാതരം വിഷയങ്ങളെ കുറിച്ചും തന്റേതായ അഭിപ്രായങ്ങള്‍ എല്ലാവരുമായും പങ്കുവെയ്ക്കുന്ന വ്യക്തി കൂടിയാണ്. നാടക വേദിയില്‍ നിന്ന് ആയിരുന്നു വെള്ളിത്തിരയിലേക്കുള്ള നടന്റെ വരവ്. താരം തന്‌റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി പങ്കുവെയ്ക്കുന്ന കാര്യങ്ങള്‍ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറുന്നത്.

ഇപ്പോഴിതാ തെലുങ്കില്‍ നിന്ന് വന്ന അവാര്‍ഡിനെ കുറിച്ചും അത് നിരസിക്കാന്‍ ഉണ്ടായ കാരണത്തെ കുറിച്ചുമാണ് നടന്‍ തുറന്നു പറയുന്നത്. ജനാധിപന്‍ സിനിമയിലെ അഭിനയത്തിന് തെലുങ്കിലെ സന്തോഷം മാഗസിനും സുമന്‍ ടിവിയും ചേര്‍ന്ന് നടത്തുന്ന അവാര്‍ഡ് നിശയിലേക്ക് 2019 -ലെ മലയാളത്തിലെ ഏറ്റവും നല്ല സ്വഭാവനടനായി തിരഞ്ഞെടുത്ത വിവരം രണ്ടാഴ്ച്ച മുമ്പ് ഒരു ദൂതന്‍ വഴി എന്നെ അറിയിച്ചിരുന്നു.

ക്യാഷ് അവാര്‍ഡ് ഇല്ലാതെ വെറും സോപ്പുപെട്ടി വാങ്ങാന്‍ വേണ്ടി 5,6 മണിക്കൂറുകള്‍ ഒരേ കസേരയില്‍ ഇരിക്കാന്‍ വയ്യാ എന്ന് ഞാന്‍ ആ ദൂതനെയും അറിയിച്ചു. അത് മറ്റാരെങ്കിലും വാങ്ങിയിട്ടുണ്ടാകും എന്നും അദ്ദേഹം പറയുന്നു. ആശംസകള്‍, ക്യാഷ് അവാര്‍ഡ് ഉണ്ടായിരുന്നെങ്കില്‍ ഒരു ജോലിയായി കണ്ട് ഇരിക്കാമായിരുന്നു. ഇത് നിങ്ങളെ അറിയിക്കാന്‍ കാരണം അവാര്‍ഡുകള്‍ കിട്ടുമ്പോള്‍ മാത്രമല്ല അത് വേണ്ടന്ന് വെയ്ക്കുമ്പോളും

നിങ്ങള്‍ അറിയണമെന്ന് തോന്നി. അതുകൊണ്ട് മാത്രം, എന്തായാലും കൃത്യമായി ശമ്പളം തന്ന നിര്‍മ്മാതാവ് ബാലാജി സാറിനും തിരക്കഥാകൃത്തും സംവിധായകനുമായ തന്‍സീര്‍ മുഹമ്മദിനും മലയാളികള്‍ക്ക് തോന്നാത്ത തോന്നല്‍ ഉണ്ടായ സുമന്‍ ടിവിക്കും സന്തോഷം മാഗസിനും എന്റെ ഹൃദയം നിറഞ്ഞ നന്ദിയെന്നുമായിരുന്നു ഹരീഷ് പേരടിയുടെ കുറിപ്പ്.

RECENT POSTS
Copyright © . All rights reserved