Latest News

ഫളവേഴ്സ് ചാനലിലെ സ്റ്റാര്‍ മാജിക് എന്ന ഷോ യുമായി ബന്ധപ്പെട്ട് ചില വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. നടന്‍ സന്തോഷ് പണ്ഡിറ്റിനെ വിളിച്ച് വരുത്തി അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് അദ്ദേഹം തന്നെ രംഗത്ത് വരികയായിരുന്നു. പിന്നാലെ ബിനു അടിമാലിയെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയ സന്തോഷിന്റെ വീഡിയോയും പുറത്ത് വന്നു. ഇതോടെ വിവാദങ്ങള്‍ തലപൊക്കി.

സന്തോഷ് പണ്ഡിറ്റിന് പരിപാടിയുടെ രീതികള്‍ അറിയാത്തത് കൊണ്ട് സംഭവിച്ചതാണെന്ന് പറയുകയാണ് നടന്‍ അസീസ്. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറയുന്നത്.സ്റ്റാര്‍ മാജിക്കിനെ കുറിച്ച് പറയുന്ന സുഹൃത്തുക്കളോട് ഒറ്റ കാര്യമേ പറയാനുള്ളു. സത്യസന്ധമായി പറയുകയാണെങ്കില്‍ ഞങ്ങള്‍ ആരെയും ദ്രേഹിക്കാറില്ല. നമ്മള്‍ ജനിച്ച് വളര്‍ന്നപ്പോള്‍ മുതല്‍ കൂടെ ഉണ്ടായിരുന്ന കൂട്ടുകാരെല്ലാം പിന്നീട് ഒത്തൊരുമിക്കുന്നത് പോലെയാണ് സ്റ്റാര്‍ മാജിക്കില്‍ എത്തുന്നത്.

ഞങ്ങള്‍ കൂട്ടുകാര്‍ പറയുന്ന തമാശകള്‍ മാത്രമാണ് അതില്‍ നടക്കുന്നത്. ചിലര്‍ക്ക് അറ്റാക്ക് ചെയ്യുന്നത് പോലെ തോന്നും. പക്ഷേ സുഹൃത്തുക്കള്‍ ഒത്തൊരുമയോടെ കൂടുമ്പോള്‍ സംഭവിക്കുന്ന കാര്യങ്ങള്‍ മാത്രമാണ് അവിടെ നടക്കുന്നത്. അത് ക്യാമറ വെച്ച് ഷൂട്ട് ചെയ്യുകയാണ്. ആരെയും അവഹേളിക്കുന്ന രീതിയിലോ കളിയാക്കുന്ന തരത്തിലോ ഞങ്ങള്‍ ഒന്നും ചെയ്തിട്ടില്ല. അങ്ങനെ ആയിരുന്നെങ്കില്‍ ഞാന്‍ എന്നേ പോയേനെ. ഷിയാസ് ഒക്കെ എപ്പോഴേ കളഞ്ഞിട്ട് പോയേനെ. നമ്മുടെ ആ പരിപാടിയിലെ ഒരു ജോണര്‍ ആണത്. ഇപ്പോള്‍ സന്തോഷ് ചേട്ടന്‍ വന്നപ്പോള്‍ ഉണ്ടായ വിഷയത്തെക്കുറിച്ച് ഞാന്‍ വിളിച്ചു അന്വേഷിച്ചു.

എനിക്കും വിഷമമായി തോന്നി. അതില്‍ പറഞ്ഞിരിക്കുന്ന കാര്യം ഞാന്‍ ഇങ്ങനെ പാടും. അന്നേരം നിങ്ങള്‍ ഇതുപോലെ മാറ്റി പാടണമെന്ന് പുള്ളി തന്നെ പറഞ്ഞതാണെന്നാണ്. അങ്ങനെ പുള്ളിക്കാരന്‍ പറഞ്ഞിട്ടാണ് ചെയ്തിട്ടുള്ളത്. അത് പുള്ളിക്ക് കളിയാക്കല്‍ ആയി തോന്നിയെങ്കില്‍ തൊട്ടടുത്ത ദിവസത്തെ എപ്പിസോഡില്‍ പറയാമായിരുന്നു. ഇന്‍ട്രോ ഒന്നും സ്‌ക്രീപ്റ്റഡ് അല്ല. നമ്മള്‍ പറഞ്ഞത് ശരിയായില്ലെങ്കില്‍ അന്നേരം തന്നെ വിളിച്ച് പറയും. സത്യം പറഞ്ഞാല്‍ നമ്മള്‍ മനസില്‍ എഡിറ്റ് ചെയ്താണ് അവിടെ ഓരോ കാര്യങ്ങളും പറയുന്നത്.

അദ്ദേഹം ഗസ്റ്റ് ആയിട്ടല്ല, ഞങ്ങളെ പോലെ മത്സരത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് വന്നത്. സന്തോഷേട്ടന് സത്യത്തില്‍ നമ്മുടെ പരിപാടിയുടെ ജോണര്‍ അറിയില്ല. മുന്‍പൊരിക്കല്‍ അദ്ദേഹം സ്റ്റാര്‍ മാജിക്കില്‍ വന്നപ്പോള്‍ നിങ്ങളുടെ ഒരു ആരാധിക ഇവിടെ വന്നിട്ടുണ്ടെന്ന് പറഞ്ഞ് ലക്ഷ്മി ഒരാളെ വിളിച്ചു. വന്നത് തങ്കച്ചന്‍ ആയിരുന്നു. അതൊരു ക്യാരക്ടര്‍ ആയിരുന്നെങ്കിലും പുള്ളിക്ക് അത്ര ഇഷ്ടം ആയില്ല. നിങ്ങളെന്നോട് കാണിച്ചത് ശരിയായില്ല, ഇത് ചീറ്റിങ്ങ് ആണെന്നൊക്കെ പുള്ളി പറഞ്ഞു. തങ്കച്ചനും സന്തോഷേട്ടനും തമ്മിലൊരു ഡാന്‍സ് വരെ പ്ലാന്‍ ചെയ്തെങ്കിലും ഒടുവില്‍ ശശാങ്കന്റെ കൂടെയാണ് തങ്കു ഡാന്‍സ് കളിച്ചത്

ഈ ഷോയുടെ രീതി അദ്ദേഹത്തിന് മനസിലായില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഒരിക്കലും ഒരു താരത്തെ വിളിച്ച് വരുത്തി കളിയാക്കാന്‍ നോക്കില്ല. ആ വ്യക്തി ഞങ്ങള്‍ക്കൊരു ശല്യമായിട്ടില്ല. പുള്ളിയുടെ കരിയര്‍ തകര്‍ക്കാനോ അവസരങ്ങള്‍ ഇല്ലാതാക്കാനോ ആരും ശ്രമിച്ചിട്ടില്ല. അദ്ദേഹം ഒറ്റയ്ക്ക് വന്ന് ഒറ്റയ്ക്ക് സിനിമ തിയേറ്ററില്‍ എത്തിച്ച വ്യക്തിയാണ്. പുള്ളി ബുദ്ധി കൊണ്ട് കളിക്കുന്ന ആളാണെന്ന് ഞാന്‍ പറയും. അസീസ് പറയുന്നു.

 

പാലായിൽ കൊല്ലപ്പെട്ട വിദ്യാർത്ഥിനി നിഥിനയുടെ പോസ്റ്റുമോർട്ടം നാളെ നടക്കും. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായെന്നും നിതിനയുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവാണെന്ന് വൈക്കം എംഎൽഎ സി.കെ ആശ പറഞ്ഞു.

നിലവിൽ പാലാ മരിയൻ മെഡിക്കൽ നിതിനയുടെ സെന്ററിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. നാളെ രാവിലെ 8.30 ഓടെയായിരിക്കും മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തിക്കുക. ഒൻപത് മണിയോടെ പോസ്റ്റ്‌മോർട്ടം നടപടികൾ നടക്കും. ഇതിന് ശേഷം മൃതദേഹം നിഥിനയുടെ സ്വദേശമായ തലയോലപറമ്പിലേക്ക് കൊണ്ടുപോകും. തുടർന്ന് ഒരു മണിക്കൂറോളം പൊതുദർശനത്തിന് വയ്ക്കും. ബന്ധുവിന്റെ വീട്ടിലായിരിക്കും മൃതദേഹം സംസ്‌കരിക്കുക.

ഇന്ന് രാവിലെയാണ് ദാരുണമായ സംഭവം നടന്നത്. പാലാ സെന്റ് തോമസ് കോളജിലെ ഫുഡ് പ്രോസസിങ് ടെക്‌നോളജി അവസാന വർഷ വിദ്യാർത്ഥിനിയായിരുന്ന നിഥിനതയെ സഹപാഠിയായ അഭിഷേക് കഴുത്തിൽ കുത്തി കൊലപ്പെടുത്തുകയായിരുന്നു

ആരോഗ്യ സ്ഥിതി മോശമായത് കൊണ്ട് വിദഗ്ധ ചികിത്സയ്ക്കായി കേരളത്തിലേക്ക് വരണമെന്ന് കാണിച്ച് ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിലെ പ്രതി അബ്ദുല്‍ നാസര്‍ മദനി നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.

അനാരോഗ്യം കണക്കിലെടുത്ത് നാട്ടിലേയ്ക്ക് പോകാന്‍ അനുവദിക്കണമെന്നായിരുന്നു മദനിക്കായി കോടതിയില്‍ ഹാജരായ പ്രശാന്ത്ഭൂഷണ്‍ വാദിച്ചത്. കോവിഡ് സാഹചര്യവും മദനിയുടെ പിതാവ് കിടപ്പിലാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ മദനിയുടെ വാദങ്ങള്‍ ഒന്നും തന്നെ കോടതി അംഗീകരിച്ചില്ല.

അതേസമയം, മദനിക്ക് ജാമ്യം നല്‍കരുതെന്ന് കര്‍ണാടക ശക്തമായി വാദിച്ചു. കേസ് വിചാരണഘട്ടത്തിലെന്നും ചില സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്നും കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.സംസ്ഥാന സര്‍ക്കാരിന്റെ വാദം ശരിവെച്ച് ജസ്റ്റിസ് എസ് അബ്ദുല്‍ നസീര്‍ അധ്യക്ഷനായ ബെഞ്ച് മദനിക്ക് ജാമ്യം നിഷേധിക്കുകയായിരുന്നു.

മോന്‍സനേയും കൊണ്ട് മ്യൂസിയത്തിലെത്തി തെളിവെടുപ്പ് നടത്തി പൊലീസ് ഉദ്യോഗസ്ഥര്‍. ചില യഥാര്‍ത്ഥ പുരാവസ്തുക്കളും തന്റെ മ്യൂസിയത്തില്‍ ഉണ്ടെന്നായിരുന്നു തെളിവെടുപ്പിനിടെ മോന്‍സന്‍ അവകാശപ്പെട്ടത്.

വിഗ്രഹങ്ങളെ കുറിച്ച് മോന്‍സന്റെ വിശദീകരണങ്ങള്‍ തമാശമട്ടിലാണ് ഉദ്യോഗസ്ഥര്‍ കേട്ടത്. പൊട്ടിച്ചിരിയും ബഹളവുമായിട്ടായിരുന്നു മ്യൂസിയത്തിലെ തെളിവെടുപ്പ് നടന്നത്.

മുന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ മ്യൂസിയത്തിലേക്ക് ക്ഷണിച്ചത് താന്‍ തന്നെയാണെന്ന് തെളിവെടുപ്പിനിടെ മോന്‍സന്‍ പറഞ്ഞു.
ബെഹ്‌റ മനോജ് എബ്രഹാമിനെയും കൂടെ കൂട്ടുകയായിരുന്നെന്നും ഇരുവരെയും വഞ്ചിക്കാന്‍ ഉദ്ദേശമില്ലായിരുന്നു എന്നും മോന്‍സന്‍ പറഞ്ഞു.

ബെഹ്‌റയെ തനിക്ക് പരിചയപ്പെടുത്തിയത് അനിത പുല്ലയില്‍ ആണ്. എസ്.പി സുജിത് ദാസിന്റെ കല്യാണ തലേന്നാണ് താന്‍ ബെഹ്‌റയെ മ്യൂസിയത്തിലേക്ക് ക്ഷണിച്ചത്. ബെഹ്‌റയും മനോജും ഉള്ള ചിത്രം താന്‍ സമൂഹമാധ്യമങ്ങളില്‍ ഇട്ടിട്ടില്ല. ഡ്രൈവര്‍ അജിയാണ് ഫോട്ടോ പോസ്റ്റ് ചെയ്തത്. ഇതേ കുറിച്ച് പൊലീസ് അന്വേഷിക്കണം. തന്റെ എഫ്.ബി അക്കൗണ്ടും പരിശോധിക്കാമെന്നും മോന്‍സന്‍ പറഞ്ഞു.

ശില്‍പി സുരേഷിനൊപ്പമായിരുന്നു മ്യൂസിയത്തിലെ തെളിവെടുപ്പ്. താന്‍ നിര്‍മിച്ച വിഷ്ണുവിന്റെ വിശ്വരൂപം ഉള്‍പ്പെടെ സുരേഷ് കാട്ടിക്കൊടുത്തു. അഞ്ച് വര്‍ഷം കൊണ്ടാണ് വിശ്വരൂപം നിര്‍മിച്ചതെന്ന് സുരേഷ് പറഞ്ഞു.

കുമ്പിള്‍ തടിയില്‍ നിര്‍മിച്ചതാണിത്. നിര്‍മിച്ചപ്പോഴുള്ള ഫോട്ടോയും സുരേഷ് ഉദ്യോഗസ്ഥര്‍ക്ക് കാണിച്ച് കൊടുത്തു. പിന്നീട് പെയിന്റടിച്ച് മോന്‍സന്‍ അത് മോടിപിടിപ്പിച്ചു. മോന്‍സന്‍ തട്ടിച്ചില്ലായിരുന്നുവെങ്കില്‍ താന്‍ ഓണ്‍ലൈനിലൂടെ അത് വില്പന നടത്തിയേനെയെന്നും
സുരേഷ് പറഞ്ഞു.

മയിലുകളെ വേട്ടയാടി തല്ലിക്കൊന്ന് ശവം സൂക്ഷിച്ച സംഭവത്തില്‍ വൈദികന്‍ അറസ്റ്റില്‍. തൃശൂര്‍ രാമവര്‍മ്മപുരം വിയ്യാനി ഭവന്‍ ഡയറക്ടര്‍ കൂടിയായ ഫാ.ദേവസി പന്തല്ലൂക്കാരനെയാണ് പിടികൂടിയത്.

രണ്ട് മയിലുകളെ വലയില്‍പ്പെടുത്തി പിടികൂടി അടിച്ചു കൊലപ്പെടുത്തുകയും ജഡം കൈവശം സൂക്ഷിച്ചുവെച്ചുവെന്നുമാണ് കേസ്. തൃശൂര്‍ ഫ്ളയിങ് സ്‌ക്വാഡ് റേഞ്ച് ഓഫീസര്‍ ഭാസി ബാഹുലേയന്റെ നേൃതൃത്വത്തിലുള്ള സംഘമാണ് ഫാദറിനെ അറസ്റ്റ് ചെയ്തത്.

സെക്ഷന്‍ ഫോറസ്റ് ഓഫിസര്‍ എം.എസ്. ഷാജി, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ എന്‍.യു. പ്രഭാകരന്‍, ഷിജു ജേക്കബ്, കെ. ഗിരീഷ്‌കുമാര്‍, ഫോറസ്റ് ഡ്രൈവര്‍ സി.പി. സജീവ് കുമാര്‍ എന്നിവരും പങ്കെടുത്തു.

കേസ് തുടരന്വേഷണത്തിനായി പട്ടിക്കാട് ഫോറസ്റ്റ് സ്റ്റേഷന് കൈമാറി. സമീപകാലത്ത് മയിലുകള്‍ നാട്ടിന്‍ പുറങ്ങളിലെ കൃഷിയിടങ്ങളില്‍ എത്തി കൃഷി നശിപ്പിക്കുന്ന സംഭവങ്ങള്‍ വ്യാപകമാണ്.ദേശീയപക്ഷിയും വന്യജീവി സംരക്ഷണ നിയമം 1972 ഒന്നാം ഷെഡ്യൂള്‍ പ്രകാരം സംരക്ഷിക്കുന്ന ജീവിയാണ് മയില്‍.

ശ്രീലത മധു പയ്യന്നൂർ

കൂപ്പുവിൻ സഹജരേ, നിങ്ങൾ
മഹാത്മാവിൻ ജന്മദിനം
നൂറു നൂറോർമ്മതന്നോളങ്ങളിൽ
പുണ്യമായ് നിറയുന്നു ബാപ്പുജി
ലാത്തിയടിയും, വെടിയും വിരിമാറു-
കാട്ടിയേറ്റിടുന്നു പൂമഴ പോലവെ
ഹിംസയേ അഹിംസയാൽ വെല്ലുന്നു
ഗാന്ധിജി ജീവിക്കുന്നു നമ്മിലുറങ്ങീടുമാത്മാവുണരുമീ പുത്തൻപുലരിയിൽ!
നന്മതൻ കളിയരങ്ങിൽ പൊന്നൊളി തൂകി ജഗത്തിനെ നയിച്ചവൻ
വാനത്തുമന്ദം മന്ദമണയുന്ന സൂര്യശോഭ പോൽ
തഴുകി തലോടുന്നു മണ്ണിൻ മക്കളെ നീ
കണ്ണിന് കുളിർമ്മയായ് വിളഞ്ഞ നെല്പാടം പോൽ ഭവ്യ സൂചന കാട്ടും നിൻ്റെ കാലടി പാതകൾ
ചേറിൽ പൊതിഞ്ഞ കർഷകനെയുംചാളയിലെ അടിമയെയും മാറോടു ചേർത്തു നീ ചൊരിയുന്നു
സ്നേഹാമൃതം
ഓർത്തു പോകുന്നൂ നമ്മൾ
ഇടയ്ക്കിടെയാകാശത്തിൽ
വിരിഞ്ഞ നക്ഷത്രത്തിൻ പുഞ്ചിരി കാണുവാനായ്
സ്വാതന്ത്ര്യം നേടി തന്ന കർമ്മധീരനാം സത്യവൃത നെ!
ഭാരതഭാഗ്യത്തിൻ്റെ
ജന്മവാസരമേ നിൻ്റെ
സാധനാ പരിശുദ്ധി വാഴ്ത്തുന്നുയെന്നും നമ്മൾ
സോദരന്മാരെ തുറക്കുവിൻ കണ്ണുകൾ
മാറ്റുവിൻ കാലുകൾ
മഹാത്മാവു കാണിച്ച മാർഗ്ഗത്തിലൂടെ സഞ്ചരിച്ചീടുക നിങ്ങൾ !

 

ശ്രീലത മധു പയ്യന്നൂർ

1976 ൽ കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ കാറമേൽ പുതിയൻങ്കാവ് എന്ന സ്ഥലത്ത് ജനിച്ചു. പിതാവ് -കുറുന്തിൽ നാരായണ പൊതുവാൾ മാതാവ് – ആനിടിൽ പടിഞ്ഞാറ്റയിൽ തമ്പായി അമ്മ. വിദ്യാഭ്യാസം പ്രീഡിഗ്രി
സ്വാമി ആനന്ദ തീർത്ഥ സ്മാരക ഗ്രന്ഥാലയം ലൈബ്രേറിയൻ പുരസ്ക്കാരങ്ങൾ, തിരുനെല്ലൂർ കരുണാകരൻ കവിതാ സാഹിത്യ പുരസ്ക്കാരം, മൂന്നാമത് പായൽ ബുക്സ് സാഹിത്യ പുരസ്കാരം, ജീവകാരുണ്യ പ്രവർത്തനത്തിനുള്ള നവോത്ഥാന സംസ്കൃതി ശ്രേഷ്ഠ പുരസ്ക്കാരം, സ്വാമി ആനന്ദ തീർത്ഥ ട്രസ്റ്റിൻ്റെ കാരുണ്യ പുരസ്ക്കാരം, മാസികകളിൽ കവിത, കഥ, ലേഖനം എന്നിവ എഴുതുന്നു. ജില്ലാ കവി മണ്ഡലം പ്രവർത്തകയും ശ്രീനാരായണ വിദ്യാലയത്തിലെ ദളിത് മക്കളുടെ ടീച്ചറമ്മയുമാണ്

ഭർത്താവ് ‘കെ’ കെ മധുസൂദനൻ . മക്കൾ: ഐശ്വര്യ, ശ്യാം, അനശ്വര

യാത്രാച്ചട്ടം വിവാദത്തില്‍ തിരിച്ചടിച്ച് ഇന്ത്യ. ഇന്ത്യയിലെത്തുന്ന ബ്രിട്ടിഷ് പൗരന്മാർക്ക് 10 ദിവസം ക്വാറന്റീന്‍ നിര്‍ബന്ധമാക്കി. വാക്സീന്‍ സ്വീകരിച്ചവര്‍ക്കും ക്വാറന്റീന്‍ ബാധകമാണ്. തിങ്കളാഴ്ച മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും.

യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ സർട്ടിഫിക്കറ്റും കയ്യിലുണ്ടായിരിക്കണം. ഇന്ത്യയിൽ എത്തിയാൽ വിമാനത്താവളത്തിൽ വച്ചും ആർടിപിസിആർ പരിശോധനയുണ്ടാകും. നിർബന്ധിത ക്വാറന്റീൻ കഴിഞ്ഞ് വീണ്ടും ആർടിപിസിആർ എടുക്കണം.

വാക്സീൻ സ്വീകരിച്ച ഇന്ത്യൻ പൗരന്മാർക്ക് ബ്രിട്ടൻ നിർബന്ധിത ക്വാറന്റീൻ ഏർപ്പെടുത്തിയിരുന്നു. ഇതിനെതിരെ ഇന്ത്യ പ്രതിഷേധം അറിയിച്ചു. ബ്രിട്ടൻ നിലപാട് തിരുത്താൻ തയാറായില്ലെങ്കിൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പും നൽകി. എന്നിട്ടും ബ്രിട്ടൻ പിന്മാറിയില്ല. തുടർന്നാണ് സമാനമായ രീതിയിൽ തിരിച്ചടിക്കാൻ ഇന്ത്യ തീരുമാനിച്ചത്.

 

കാറും ബൈക്കും കൂട്ടിയിടിച്ച് പതിനാറുകാരൻ മരിച്ചു. മുപ്പത്തടം പയ്യപ്പള്ളി സുരേഷിന്റെ മകൻ പി.എസ്.മൃദുൽ ആണ് വെള്ളിയാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ മരിച്ചത്. അമിതവേഗത്തിലെത്തിയ ബൈക്ക്, കളമശേരി ടിവിഎസ് കവലയിൽവച്ച് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് പൂർണമായും കാറിന്റെ മുൻഭാഗവും ‍തകർന്നു.

മൃദുലിന്റെ ദുരന്തവാര്‍ത്ത അറിയിക്കാൻ വീട്ടിലേയ്ക്കു വിളിക്കുമ്പോൾ മകൻ മുകളിൽ കിടന്ന് ഉറങ്ങുകയാണെന്നായിരുന്നു മാതാപിതാക്കളുടെ പ്രതികരണം. മരണവിവരം ആശുപത്രി അധികൃതർ ഒരു ബന്ധുവിനെ വിളിച്ച് അറിയിക്കുകയായിരുന്നു. ബന്ധു ഇതു പറയാൻ മാതാപിതാക്കളെ വിളിച്ചപ്പോഴാണ് മകൻ വീട്ടിൽ ഇല്ലെന്ന വിവരം അവരും അറിയുന്നത്. രാത്രിയിൽ എപ്പോഴാണ് മൃദുൽ പുറത്തുപോയതെന്ന് സംബന്ധിച്ച് വീട്ടുകാർക്ക് അറിവില്ല. മാതാവ്: ലിജി, സഹോദരൻ: ഹൃദിൻ.

പുരാവസ്തുക്കളുടെ പേരില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോണ്‍സന്‍ മാവുങ്കലിന്റെ കൈവശമുള്ള പുരാവസ്തുക്കളില്‍ ഭൂരിഭാഗവും വ്യാജമാണെന്ന് കണ്ടെത്തി.കിളിമാനൂര്‍ സ്വദേശിയായ സന്തോഷാണ് ഭൂരിഭാഗം സാധനങ്ങളും മോണ്‍സന് നല്‍കിയത്. ഇതില്‍ പലതിനും 50 വര്‍ഷത്തില്‍ താഴേയേ പഴക്കമുള്ളു. ചില സാധനങ്ങള്‍ക്ക് 100 വര്‍ഷത്തോളം പഴക്കമുണ്ട്.

അതേസമയം, ടിപ്പുവിന്റെ സിംഹാസനം, മോശയുടെ വടി തുടങ്ങിയവയ്ക്ക് വളരെ ചുരുങ്ങിയ വര്‍ഷത്തെ പഴക്കം മാത്രമേയുള്ളുവെന്ന് പുരാവസ്തു വകുപ്പിന്റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി.മോശയുടെ അംശവടി എന്ന പേരില്‍ മോണ്‍സന്‍ പ്രചരിപ്പിച്ചിരുന്നത് ഒരു ഊന്നുവടിയാണ്. ഇത് 2000 രൂപയ്ക്കാണ് മോണ്‍സന് നല്‍കിയതെന്ന് സന്തോഷ് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. ടിപ്പുവിന്റേതെന്ന് അവകാശപ്പെട്ട് മോണ്‍സന്‍ കബളിപ്പിച്ച സിംഹാസനത്തിന് പഴക്കം വെറും അഞ്ച് വര്‍ഷം മാത്രമാണ്.

ഫര്‍ണിച്ചര്‍ കടയിലെ ശില്‍പിയെ കൊണ്ടാണ് സിംഹാസനം പണിയിപ്പിച്ചത്. വര്‍ഷങ്ങള്‍ പഴക്കമുണ്ടെന്ന് അവകാശപ്പെട്ട താളിയോലകളില്‍ ഏറിയപങ്കും വ്യാജമാണ്. ശബരിമലയുമായി ബന്ധപ്പെട്ട ചെമ്പോലയും വ്യാജമാണെന്ന് കണ്ടെത്തി.

മോണ്‍സണിന്റെ ശേഖരത്തിലുള്ള വിവിധ ശില്‍പങ്ങള്‍ നല്‍കിയത് തിരുവനന്തപുരം സ്വദേശിയായ സുരേഷാണ്. ഇയാളെ കഴിഞ്ഞ ദിവസം മോണ്‍സണിന്റെ കലൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. 80 ലക്ഷം രൂപയുടെ ശില്‍പങ്ങള്‍ സുരേഷില്‍നിന്ന് വാങ്ങിയതായി മോണ്‍സണ്‍ ചോദ്യംചെയ്യലില്‍ അന്വേഷണ സംഘത്തോട് സമ്മതിച്ചിരുന്നു.

എന്നാല്‍ ഏഴ് ലക്ഷം രൂപ മാത്രമേ സുരേഷിന് നല്‍കിയിട്ടുള്ളു. ബാക്കിതുക നല്‍കാനുണ്ടെന്നും മോണ്‍സണ്‍ ക്രൈംബ്രാഞ്ചിനോട് പറഞ്ഞതായാണ് വിവരം.ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും പുരാവസ്തു വകുപ്പും മോണ്‍സണിന്റെ ശേഖരത്തിലുള്ള വസ്തുക്കള്‍ വിശദമായി പരിശോധിക്കുകയാണ്. വസ്തുക്കളുടെ കൃത്യമായ കാലപ്പഴക്കം അടക്കം കണ്ടെത്താന്‍ ചിത്രങ്ങള്‍ പകര്‍ത്തി വിശദമായ പരിശോധനയും നടത്തും.

പാലാ സെന്റ് തോമസ് കോളേജിൽ വിദ്യാർത്ഥിനി സഹപാഠിയുടെ കുത്തേറ്റ് മരിച്ച ദാരുണ സംഭവത്തിന്റെ നടുക്കത്തിലാണ് നാട്ടുകാർ. തലയോലപ്പറമ്പ് സ്വദേശിനി നിതിന മോളെയാണ് സഹപാഠിയായ അഭിഷേക് കൊലപ്പെടുത്തിയത്. മൂന്നാം വർഷ ഫുഡ് പ്രോസസിംഗ് വിദ്യാർത്ഥികളാണ് ഇരുവരും. രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നും അടുത്തിടെ അകൽച്ച കാണിച്ചതാണ് കൊലപാതകത്തിന് കാരണമെന്നുമാണ് അഭിഷേക് പൊലീസിന് മൊഴി നൽകിയത്. കൊലപാതകത്തിന് ശേഷം പ്രതി രക്ഷപ്പെടാൻ ശ്രമിച്ചില്ലെന്നും കോളേജിൽ തുടരുകയായിരുന്നുവെന്നുമാണ് ദൃക് സാക്ഷികളും പറയുന്നത്.

പെൺകുട്ടിയുമായുള്ള ഇഷ്ടത്തെ കുറിച്ചു മകൻ സൂചന തന്നിരുന്നുവെന്നാണ് അഭിഷേകിന്റെ അച്ഛൻ ബൈജു പ്രതികരിച്ചത്. ”പക്ഷെ കൃത്യമായി അറിയില്ലായിരുന്നു. രാവിലെ വീട്ടിൽ നിന്നും പരീക്ഷയ്ക്ക് വേണ്ടി വന്നതാണ്. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ഇങ്ങനെ സംഭവിക്കും എന്നും കരുതിയില്ല. പൊലീസ് അറിയിച്ചപ്പോഴാണ് വിവരമറിഞ്ഞത്. പഠനത്തിൽ മിടുക്കൻ ആയിരുന്നു അഭിഷേക്. ഇപ്പോൾ ഫോണിൽ കൂടിയെല്ലാമാണ് പഠിക്കുന്നത്”. വിദേശത്തു പോയി പഠിക്കാനും ആഗ്രഹിച്ചിരുന്നുവെന്നും ഇങ്ങനെ സംഭവിക്കുമെന്ന് കരുതിയില്ലെന്നും ബൈജു പറഞ്ഞു.

അതേ സമയം നിധിനയും അഭിഷേകും ഇഷ്ടത്തിലായിരുന്നുവെന്ന് പെൺകുട്ടിയുടെ വീട്ടിലും അറിയാമായിരുന്നുവെന്ന് നിതിനയുടെ സുഹൃത്ത് ബ്രിജിത് പറഞ്ഞു. ”പെൺകുട്ടിയുടെ അമ്മക്ക് എതിർപ്പ് ഉണ്ടായിരുന്നില്ല. യുവാവ് കല്യാണം ആലോചിച്ചപ്പോൾ പഠിത്തം കഴിയട്ടെ എന്ന മറുപടിയാണ് നൽകിയത്. നിതിനയും അഭിഷേകും തമ്മിൽ പ്രശ്നങ്ങൾ ഉള്ളതായി അറിയില്ലെന്നും നേരത്തെ ചെറിയ പിണക്കങ്ങളുണ്ടായിരുന്നുവെന്നും പെൺകുട്ടിയുടെ സുഹൃത്തായ ബ്രിജിത് പറഞ്ഞു.

‘നിതിനമോളെ കൊലപ്പെടുത്തണമെന്ന് ഉദ്ദേശിച്ചിരുന്നില്ല’, കൊലപാതകത്തിന്റെ കാരണം വെളിപ്പെടുത്തി അഭിഷേക്
   കുറ്റസമ്മതം നടത്തി പ്രതി അഭിഷേക്. പ്രണയനൈരാശ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അഭിഷേകിന്റെ മൊഴി. രണ്ട് വർഷമായി താനും നിതിനമോളും പ്രണയത്തിലായിരുന്നുവെന്നും അടുത്തിടെ നിതിനമോൾ ബന്ധത്തിൽ അകൽച്ച കാണിച്ചതാണ് വൈരാഗ്യത്തിന് കാരണമായതെന്നും അഭിഷേക് പറഞ്ഞു.
അതേസമയം കൊലപ്പെടുത്തണമെന്ന് ഉദ്ദേശിച്ചായിരുന്നില്ല താൻ വന്നതെന്നാണ് അഭിഷേക് പറഞ്ഞത്. കത്തി കൊണ്ടുവന്നത് സ്വന്തം കൈഞരമ്പ് മുറിച്ച് നിതിനമോളെ ഭയപ്പെടുത്താനായിരുന്നുവെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.
കൂത്താട്ടുകുളം സ്വദേശി അഭിഷേകാണ് തലയോലപ്പറമ്പ് സ്വദേശിയായ നിതിനമോളെ കൊലപ്പെടുത്തിയത്. കഴുത്തറുത്താണ് കൊലപാതകം നടത്തിയത്. ഓഫീസ് കത്തി ഉപയോഗിച്ചാണ് കൃത്യം നടത്തിയത്.മൂന്നാം വർഷ ഫുഡ് ടെക്നോളജി വിദ്യാർത്ഥികളായ ഇരുവരും പരീക്ഷയെഴുതാൻ വന്നതായിരുന്നു. പരീക്ഷയ്ക്ക് ശേഷം രണ്ടുപേരും കോളേജ് ഗ്രൗണ്ടിൽ നിൽക്കുന്നത് പലരും കണ്ടിരുന്നു. പിന്നീട് പെൺകുട്ടി വീണ് കിടക്കുന്നത് കണ്ട് ഇവിടേക്ക് രണ്ട് കുട്ടികൾ വന്നു. അപ്പോഴാണ് മുറിവേറ്റ് രക്തംവാർന്നുപോകുന്ന നിലയിൽ നിതിനയെ കണ്ടത്.

ഈ സമയത്ത് അഭിഷേക് തൊട്ടടുത്ത് നിതിനയെ നോക്കിക്കൊണ്ട് നിൽക്കുകയായിരുന്നു. കുട്ടികൾ അറിയിച്ചതിനെ തുടർന്ന് കോളേജ് അധികൃതരാണ് നിതിനയെ ആശുപത്രിയിലേക്ക് എത്തിച്ചത്. കോളേജ് ഗ്രൗണ്ടിൽ നിന്ന് ആശുപത്രിയിലെത്തിക്കുന്നത് വരെ നിതിനയ്ക്ക് ജീവനുണ്ടായിരുന്നു. എന്നാൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Copyright © . All rights reserved