Latest News

അമേരിക്കയിലെ എന്നല്ല ലോകത്തിലെ തന്നെ എണ്ണപ്പെട്ട സാങ്കേതിക സർവകലാശാലയായ മാസച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി) 1972ൽ ഒരു പഠനത്തിലൂടെ പ്രവചനം നടത്തി– 21–ാം നൂറ്റാണ്ടിന്റെ മധ്യം ആവുമ്പോഴേക്കും ലോകമാകെ സാമൂഹിക തകർച്ച ഉണ്ടാവും. കുടുംബവും സമൂഹവും സാമൂഹിക സ്ഥാപനങ്ങളും തകർന്നു കൂട്ടക്കുഴപ്പമാവും. സാമ്പത്തിക പുരോഗതി നിലയ്ക്കും, പരിസ്ഥിതി നാശം വിതയ്ക്കും…!!!

കുറേ സാങ്കേതികവിദഗ്ധരുടെ വെറും പ്രവചനം എന്നു കരുതി തഴയാൻ കഴിയില്ലെങ്കിലും മറവിയിൽ മുങ്ങിയ ഈ പഠന റിപ്പോർട്ടിലെ നിരീക്ഷണങ്ങൾ ഇപ്പോൾ പ്രസക്തമാവുന്നു. ഇക്കൊല്ലം കെപിഎംജി നടത്തിയ പഠനത്തിൽ ഞെട്ടിക്കുന്ന യാഥാർഥ്യങ്ങളുണ്ട്. 1972ൽ അരനൂറ്റാണ്ട് മുൻപ് നടത്തിയ പ്രവചനങ്ങൾക്കനുസരിച്ചാണു ലോകത്തിന്റെ ഇതുവരെയുള്ള പോക്ക്. 2021ലും അതിലെ നിരീക്ഷണങ്ങൾ കൃത്യമാണ്. ലോകം സാമൂഹികമായി തകർച്ചയിലേക്കുള്ള പ്രയാണം കൃത്യമായി തുടരുന്നു…!!!

എംഐടി വിദഗ്ധരുടെ പഠനം ശരിയായോ തെറ്റിയോ എന്നു തെളിയിക്കുന്നതിനുള്ള വിശകലനത്തിന് നേതൃത്വം കൊടുത്തത് കെപിഎംജിയിലെ സസ്റ്റെയ്നബിലിറ്റി ആൻഡ് ഡൈനാമിക് സിസ്റ്റം അനാലിസിസ് വിഭാഗം മേധാവിയായ ഗയ ഹെറിംഗ്ടണാണ്. നിരന്തരം മാറ്റത്തിനു വിധേയമാകുന്ന 10 പ്രധാന വിഷയങ്ങളിലെ (വേരിയബിൾസ്) മാറ്റങ്ങളാണ് വിശകലനം ചെയ്തത്. ജനസംഖ്യ, വ്യവസായ ഉത്പാദനം, മലിനീകരണം തുടങ്ങിയവ. എല്ലാം പതിവുപോലെ നടന്നോളുമെന്ന നമ്മുടെ മനോഭാവത്തിനു വൻ തിരിച്ചടി നേരിടാൻ പോകുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു.

എംഐടിയുടെ പഠനത്തിൽ 21–ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ സമൂഹനാശം എന്നാണു പറഞ്ഞിരുന്നതെങ്കിൽ കെപിഎംജിയുടെ പഠനത്തിൽ അതു 10 വർഷം മുൻപേ തുടങ്ങും. 2040ൽ. സാമൂഹിക തകർച്ച എന്നാ‍ൽ ഉദ്ദേശിക്കുന്നത് ജീവിത നിലവാര തകർച്ച, ഭക്ഷ്യോൽപ്പാദനും വ്യവസായ ഉത്പാദനത്തിലും തകർച്ച എന്നിവ മാത്രമല്ല. മനുഷ്യന്റെ ജനസംഖ്യയിലും കുറവു വരും. കോവിഡ് 19 മഹാമാരി അതിന്റെ തുടക്കമാണോ? ആരും പ്രതീക്ഷിച്ചിരുന്നില്ലല്ലോ ഇങ്ങനെയൊരു മഹാമാരിയും അതുവഴിയുള്ള സാമ്പത്തിക തകർച്ചയും ലക്ഷങ്ങളുടെ മരണവും?

എംഐടി 1900 മുതൽ 2060 വരെയുള്ള കാലം പഠനത്തിനു വിധേയമാക്കിയിരുന്നു. വേൾഡ് വൺ എന്ന കംപ്യൂട്ടർ പ്രോഗ്രാം അതിനായി ഉപയോഗിച്ചു. എംഐടി പഠനത്തിലുൾപ്പെട്ട ജെറി ഫോസ്റ്റർ അതേക്കുറിച്ച് ഒരു വിഡിയോയും തയാറാക്കിയിരുന്നു. അതിലെ ഗ്രാഫുകളെല്ലാം 1972നു ശേഷം മുകളിലേക്കാണ്. പക്ഷേ 2000 കഴിഞ്ഞ് ഏതാനും വർഷമെത്തുമ്പോൾ മുകളിലേക്കു കയറുന്ന ഗ്രാഫ് താഴേക്കാവുന്നു. തകർച്ചയാണതു സൂചിപ്പിക്കുന്നത്. ജനസംഖ്യയും വ്യവസായ ഉത്പാദനവുമെല്ലാം അതിലുൾപ്പെടും. ജീവിത നിലവാരം 2040 വരെ ഉയർന്നിട്ട് പിന്നെ താഴേക്ക് പോകുന്നു.

ഞെട്ടിപ്പിക്കുന്ന മറ്റൊരു കണ്ടെത്തൽ അതിലുണ്ട്. മാനവരാശിയുടെ തകർച്ചയുടെ തുടക്കവർഷം ഏതാണെന്നാ? 2020!!! അതെ! മഹാമാരി തുടങ്ങിയ വർഷം. ജനസംഖ്യ അമിതമാവും, ജനങ്ങൾ പരസ്പരം കൊല്ലും, ഇന്നു കാണുന്ന സിവിൽ സമൂഹം 2040–2050ൽ ഇല്ലാതാവും.

ഹെറിങ്ടൺ ഇതേ മോഡൽ പഠനത്തിന് ഉപയോഗിച്ചു. അതിൽ ജനസംഖ്യാവളർച്ചാ നിരക്കും, മരണനിരക്കും സേവനങ്ങളും ഊർജസ്രോതസുകളും പരിസ്ഥിതി നാശവുമെല്ലാം ഉൾപ്പെടുത്തി. പഠന റിപ്പോർട്ട് യേൽ സർവകലാശാലയുടെ ഇൻഡസ്ട്രിയൽ ഇക്കോളജി ജേണലിൽ പ്രസിദ്ധീകരിച്ചു. പക്ഷേ കെപിഎംജിയുടെ പഠനത്തിൽ ശുഭാപ്തി നൽകുന്ന ഒരു കണ്ടെത്തലുമുണ്ട്–സാങ്കേതിക പുരോഗതിയും പൊതുസേവനങ്ങളുടെ വർധനയും സമ്പൂർണ തകർച്ചയിൽ മാറ്റം വരുത്താം. അതിന് മനുഷ്യരാശി കൂട്ടായി ശ്രമിക്കണം. എല്ലാം മുറപോലെ എന്നു കരുതി അലസമായിരുന്നാൽ സർവനാശം!!

കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള ഭര്‍ത്താവില്‍ നിന്നു തന്നെ ഗര്‍ഭം ധരിക്കണമെന്ന ഭാര്യയുടെ പരാതിയില്‍ ഹൈക്കോടതിയുടെ അനുകൂല വിധി. അസാധാരണമാം വിധം അടിയന്തര സാഹചര്യമെന്ന് വിശേഷിപ്പിച്ച് ബീജം ശേഖരിക്കാനാണ് കോടതി വഡോദരയിലുള്ള ആശുപത്രിക്ക് നിര്‍ദേശം നല്‍കിയത്.

ഒരുവര്‍ഷംമുമ്പായിരുന്നു പരാതിക്കാരിയുടെ വിവാഹം. അടുത്തിടെ, കോവിഡ് ബാധിച്ച ഭര്‍ത്താവിന്റെ അവയവങ്ങള്‍ പലതും തകരാറിലായി. വെന്റിലേറ്ററില്‍ കഴിയുന്ന ഇദ്ദേഹം ജീവിതത്തിലേക്ക് മടങ്ങാനുള്ള സാധ്യത കുറവാണെന്ന് ഡോക്ടര്‍മാരും അറിയിച്ചു. അദ്ദേഹത്തിന്റെ കുഞ്ഞിനെത്തന്നെ തനിക്ക് ഗര്‍ഭം ധരിക്കണമെന്ന് ഒടുവില്‍ ഭാര്യ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു.

ബീജം ഐ.വി.എഫ്. (ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍), എ.ആര്‍.ടി. (അസിസ്റ്റഡ് റിപ്രൊഡക്ടീവ് ടെക്നോളജി) വഴി ശേഖരിക്കണമെങ്കില്‍ ദാതാവിന്റെ സമ്മതം ആവശ്യമാണ്. എന്നാല്‍ രോഗിക്ക് ബോധമില്ലാത്തതിനാല്‍ സമ്മതമില്ലാതെ ബീജം ശേഖരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് അശുതോഷ് ജെ. ശാസ്ത്രി അനുമതി നല്‍കി. ബീജം ശേഖരിച്ച് ആശുപത്രിയില്‍ സൂക്ഷിക്കാമെങ്കിലും തുടര്‍നടപടികള്‍ ഹര്‍ജിയുടെ അന്തിമതീര്‍പ്പിന് വിധേയമായിരിക്കും.

പ്രമുഖ ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും, കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ റേഡിയോ ജോക്കിയും ആദ്യ ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥിയുമൊക്കെയായി പ്രശസ്തയായ അനന്യ അലക്സിന്റെ തിരോധാനം ആർക്കും വിശ്വസിക്കാൻ കഴിയാത്ത ഒന്നായിരുന്നു. കൊല്ലം പെരുമൺ സ്വദേശിനിയായ അനന്യയുടെ പ്രായം വെറും 28 വയസ്സ് മാത്രമായിരുന്നു. റേഡിയോ ജോക്കിയായി മാത്രമല്ല അവതാരകയായും , രാഷ്ട്രീയ പ്രവർത്തകയായും തിളങ്ങിയിരുന്നു അനന്യ. ട്രാൻസ്ജെൻഡറുകൾ നേരിടുന്ന പ്രശ്നങ്ങൾ സമൂഹത്തിലെ മുഖ്യധാരയിൽ എത്തിക്കാൻ അനന്യ ശ്രമിച്ചിരുന്നു. മാത്രമല്ല അവരെ സമൂഹത്തിൽ നിന്നും മാറ്റി നിർത്തുന്നതിനെതിരെയും അനന്യ ശക്തമായി പ്രതികരിച്ചു രംഗത്തെത്തിയിരുന്നു.

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഒന്നാകെ കണ്ണീർ പടർത്തുന്നത്, അനന്യ യുടെ അവസാന നിമിഷങ്ങൾ ആണ്. മരിക്കുന്നതിന് ഏതാനും മണിക്കൂറുകൾ മുമ്പ് തന്റെ വിഷമങ്ങളും, താൻ അനുഭവിക്കുന്ന തീരാവേദനയും, ഒപ്പം താൻ അകപ്പെട്ട ചതിക്കുഴികളെയും പറ്റി ഓർത്തോർത്ത് വിതുമ്പുകയാണ് അനന്യ. ട്രാൻസ്ജെൻഡർ വുമൺ ഹെൽദി സാധിയയുടെ യൂട്യൂബ് അക്കൗണ്ടിലൂടെയാണ് അനന്യയുടെ വെളിപ്പെടുത്തലുകൾ. വളരെ വിഷാദ ഭാവത്തിൽ, ഒരുപാട് നൊമ്പരങ്ങൾ പേറിയാണ് അനന്യ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. അനന്യ പറയുന്നത് ഇങ്ങനെ.

മനസ്സുകൊണ്ട് പെണ്ണാകാൻ ആഗ്രഹിച്ചത് പോലെ തന്നെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു ശരീരം കൊണ്ടും ഒരു പെണ്ണ് ആകണം എന്നത്. അതിനായി താൻ കൂട്ടി വച്ചിരുന്ന സമ്പാദ്യം മുഴുവൻ ചിലവഴിച്ചു.

റീനൽ മെഡ്സിറ്റിയിലെ ഡോക്ടർ അർജുൻ അശോകന്റെ നേതൃത്വത്തിൽ നടത്തിയ വളരെ വിജയകരമായി പൂർത്തിയാക്കേണ്ട തന്റെ ലിംഗമാറ്റ ശസ്ത്രക്രിയ അതീവ പരാജയം ആക്കി തന്നു ഈ ഡോക്ടർ. കഴിവുറ്റ ഡോക്ടറാണെന്ന് തരത്തിലുള്ള നിരവധി അവകാശവാദങ്ങൾ ഉന്നയിച്ചതിന് ശേഷമാണ് ഇത്തരമൊരു വൈകൃതം തന്റെ ശരീരത്തിനുമേൽ കാണിച്ചത്. വജൈന എന്ന് വിളിക്കാൻ പോലും പറ്റാത്ത മാംസപിണ്ഡം, കീറിമുറിച്ച് വെട്ടിപ്പിളർന്ന അവസ്ഥയിൽ ആക്കി തന്നു തന്റെ സ്വകാര്യ അവയവം. അസഹനീയമായ വേദനയോടൊപ്പം, ഒന്ന് മൂത്രമൊഴിക്കാൻ പോലും പറ്റാത്ത അവസ്ഥ. ദിവസവും എട്ടു മുതൽ 12 പാടുകളാണ് വേണ്ടത്. രക്തം വാർന്നു വാർന്നു പോകുന്ന അവസ്ഥ. കഴിഞ്ഞ 13 മാസങ്ങളായി താൻ ഈ വേദനയിലൂടെ കടന്നുപോവുകയാണ്.

പാഡില്ലാതെ നിൽക്കാനോ കിടക്കാനോ ഉറങ്ങാനോ കഴിയാത്ത അവസ്ഥ. കുനിയാനോ, ചുമക്കാനോ, ശ്വാസം എടുക്കാനോ ഒന്ന് കരയാൻ പോലും പറ്റാത്ത അവസ്ഥയിൽ, തീ തിന്നുന്ന വേദന അനുഭവിക്കുകയാണ് താൻ. വയറിന് രണ്ടുവശവും വെട്ടിപ്പിളർന്നു വെച്ചിരിക്കുകയാണ്. ശാരീരിക അവസ്ഥ വളരെ മോശമാണ്. ഒപ്പം മാനസികാവസ്ഥ അതിലേറെ അസ്വസ്ഥം. മേക്കപ്പ് ആർട്ടിസ്റ്റ് ആയ തനിക്ക് കുനിഞ്ഞു നിന്ന് ജോലി ചെയ്യാൻ പോലും സാധിക്കുന്നില്ല. കൊറോണക്കാലം ആയതു മുതൽ ജോലിയുമില്ല. ചുരുക്കിപ്പറഞ്ഞാൽ ഒരു കവർ പാഡ് പോയിട്ട്, വിശപ്പടക്കാൻ വേണ്ടി കുറച്ച് അരി വാങ്ങാൻ പോലും നിവൃത്തിയില്ലാത്ത അവസ്ഥയായി മാറി. വജൈനയിൽ നിന്നും മാംസപിണ്ഡങ്ങൾ പുറന്തള്ളി നിൽക്കുകയും, രക്തത്തോടൊപ്പം മറ്റൊരുതരം സ്രവവും സ്രെവിക്കുന്നുണ്ട്. സ്വകാര്യ അവയവം വൃത്തിയാക്കാനോ, അത് വൃത്തിയോടെ സൂക്ഷിക്കാനും സാധിക്കുന്നില്ല. കാരണം അത്രയേറെ അമാനുഷികമായി ആ അവയവത്തെ കീറിമുറിച്ചിരിക്കുന്നു, ഇതിനെ ഒരിക്കലും വജൈന എന്നു വിളിക്കാൻ കൂടി സാധിക്കില്ല.

സംസാരിക്കുമ്പോൾ അസഹനീയമായ വയറുവേദന മൂലം വയറു പൊത്തിപ്പിടിച്ച് ആണ് താൻ സംസാരിക്കുന്നത്, ഒപ്പം ശ്വാസംമുട്ടലും ഉണ്ട്. തന്നോടു കാണിച്ച ക്രൂരതയിൽ മനസ്സാന്നിധ്യം നഷ്ടപ്പെട്ട് പലപ്പോഴും ജീവിതം അവസാനിപ്പിക്കണമെന്ന് തോന്നിയെങ്കിലും, താൻ ഒരു ശക്തയായ സ്ത്രീ ആണെന്നും ജീവിതത്തെ വളരെ പോസിറ്റീവായി കാണുന്ന ആളാണെന്നും അതുകൊണ്ട് തനിക്ക് ഇനിയും മുന്നോട്ടു ജീവിക്കണമെന്നും അനന്യ പറയുന്നു. ഒപ്പം ഇത് കാണുന്ന പ്രേക്ഷകർ തന്റെ ജീവിതം രക്ഷിക്കാനായി ഇത് റീ ഓപ്പറേറ്റ് ചെയ്യാനുള്ള എന്തെങ്കിലും ഒരു ചെറു സഹായം നൽകണമെന്നും അപേക്ഷിക്കുകയാണ് അനന്യ. മാത്രമല്ല ഈ ഹീന പ്രവർത്തിക്ക് എതിരെ പ്രതികരിക്കാൻ ആരും ഇല്ലാത്തതുകൊണ്ട് ക്ലബ് ഹൗസിൽ അനന്യയുടെ പ്രൊഫൈൽ പിക്ചറും ചതഞ്ഞരഞ്ഞ വജൈന എന്ന് വിളിക്കാൻ സാധിക്കാത്ത മാംസപിണ്ഡം ആണ് എന്ന ഹൃദയഭേദകമായ ഈ വാക്കുകളും ദൃശ്യങ്ങളും കണ്ണീര് അടക്കാതെ കാണാൻ സാധിക്കില്ല.

കേരളത്തിലാദ്യമായി നീലത്തിമിംഗിലത്തിന്റെ ശബ്ദം വിഴിഞ്ഞത്തിനടുത്ത് ഗവേഷകർ റെക്കോഡ്‌ ചെയ്തു. ഇതുവഴി ദേശാടനം നടത്തിയ ഒന്നോ രണ്ടോ തിമിംഗിലങ്ങളുടെ ശബ്ദമാണു റെക്കോഡ്‌ ചെയ്തത്. ഗവേഷകർ അത് അപഗ്രഥിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യൻ തീരക്കടലിനടുത്ത് തിമിംഗിലങ്ങളുണ്ടോ എന്നറിയാൻ അഹമ്മദാബാദിലെ ദിപാനി സുപാരിയയെന്ന ശാസ്ത്രജ്ഞയുടെ നേതൃത്വത്തിൽ പഠനം നടക്കുന്നുണ്ട്. കേരള സർവകലാശാല അക്വാട്ടിക് ബയോളജി വകുപ്പ് മേധാവി ഡോ. എ. ബിജുകുമാറും വിഴിഞ്ഞം കരിങ്കുളം സ്വദേശിയായ ഗവേഷകൻ കുമാർ സഹായരാജുവും ഈ ഗവേഷണത്തോട് സഹകരിക്കുന്നുണ്ട്.

പഠനത്തിന്റെ ഭാഗമായി, വിഴിഞ്ഞത്തിനും പൂവാറിനുമിടയിൽ തീരത്തുനിന്ന് അമ്പതു മീറ്റർ മാറി കടലിൽ, മൂന്നു മാസം മുമ്പ് ഉപകരണങ്ങൾ സ്ഥാപിച്ചിരുന്നു. ഇവയിൽ നിന്നാണ് നീലത്തിമിംഗിലത്തിന്റെ ശബ്ദം കിട്ടിയെന്ന് മനസ്സിലായത്. വിഴിഞ്ഞത്തിനടുത്ത് റെക്കോഡ്‌ ചെയ്ത ഓഡിയോക്ലിപ്പിൽ മൂന്നു തവണ ശബ്ദം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽനിന്ന് വിഴിഞ്ഞത്തിനടുത്തുകൂടി ഒന്നിലേറെ നീലത്തിമിംഗിലങ്ങൾ പോയിട്ടുണ്ടെന്നാണ് ഗവേഷകർ കരുതുന്നത്. കൂനൻ തിമിംഗിലം (ഹംപ്ബാക്ക് വേൽ) എന്നയിനം നമ്മുടെ തീരത്തിനടുത്തുകൂടി ദേശാടനം നടത്താറുള്ളതായി നേരത്തേ ഗവേഷകർക്ക് സൂചന ലഭിച്ചിരുന്നു.

ചലച്ചിത്ര നടൻ കെടിഎസ് പടന്നയിൽ അന്തരിച്ചു. 88 വയസായിരുന്നു. കടവന്തറയിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാവിലെയാണ്‌ മരണം സംഭവിച്ചത്. തൃപ്പൂണിത്തുറയിൽ വീട്ടിൽ വാർധക്യസഹചമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു അദ്ദേഹം. നാടകത്തിൽ നിന്നാണ് അദ്ദേഹം സിനിമയിലെത്തിയത്.

1990കള്‍ മുതല്‍ മലയാള സിനിമയില്‍ സജീവമായിരുന്നു. പിന്നീട് സീരിയലുകളിലും അഭിനയിച്ചു. 100ലധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. നടനായിട്ടും ത‍ൃപ്പുണിത്തുറ കണ്ണംകുളങ്ങരയിൽ ചെറിയ കട നടത്തിയിരുന്നു. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കൺമണി, അനിയൻബാവ ചേട്ടൻ ബാവ എന്നിവ ശ്രദ്ധേയ സിനിമകളാണ്.

നീണ്ട നാടക ജീവിതത്തിനൊടുവിൽ രാജസേനന്റെ ചേട്ടൻ ബാവ, അനിയൻ ബാവ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ തുടങ്ങിയത്. ചാൻസ് ചോദിച്ച് രാജസേനനെ കാണാൻ ചെന്ന പടന്നയിലിനെ അദ്ദേഹം അവിടെ ഇല്ല എന്ന് പറഞ്ഞു മടക്കിയെങ്കിലും, ഒരു നിമിത്തം പോലെ രാജസേനൻ അദ്ദേഹത്തെ കാണുകയും തന്റെ ചിത്രത്തിൽ ഒരു വേഷം നൽകുകയുമായിരുന്നു.

ഒരു കാലത്ത് രാജസേനൻ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു കെ.ടി.എസ്. ഹാസ്യവേഷങ്ങളിലൂടെ മലയാളിയെ ചിരിപ്പിച്ച പടന്നയിലിന്റെ കഥാപാത്രങ്ങള്‍ ഇന്നും ഹിറ്റാണ്. ആദ്യത്തെ കൺമണി, ശ്രികൃഷ്ണപുരത്തെ നക്ഷത്രങ്ങൾ, വൃദ്ധന്മാരെ സൂക്ഷിക്കുക തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ഇന്നും ഏറെ ചിരിപ്പിക്കുന്നവയാണ്‌.

മധ്യചൈനയെ തകര്‍ത്ത് വന്‍പ്രളയം. പ്രളയ ജലം കുത്തിയൊലിച്ചെത്തിയതോടെ അണക്കെട്ടുകള്‍ തകര്‍ന്നത് പ്രതിസന്ധി രൂക്ഷമാക്കി. പതിനായിരകണക്കിന് പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. അത്യന്തം ഗുരുതര സ്ഥിതിയാണ് പ്രളയം മൂലം ഉണ്ടായിരിക്കുന്നതെന്ന് ചൈനീസ് പ്രസിഡന്‍റ് പറഞ്ഞു

ഹൈവേകളിലൂടെ ഒഴുകി പോകുന്ന കാറുകള്‍, തകരുന്ന അണക്കെട്ടുകള്‍, വെള്ളം കയറിയ മെട്രോ ട്രെയിനുകള്‍. മധ്യ ചൈന ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതു വരെ 12 പേരാണ് മരിച്ചതെന്നാണ് ഔദ്യോഗിക അറിയിപ്പെങ്കിലും മരണ സംഖ്യ കൂടാനാണ് സാധ്യത.

വെള്ളത്തിന് മുകളിൽ കടലാസ് പോലെ ഒഴുകി നടക്കുന്ന കാറുകൾ, ട്രെയിനുള്ളിൽ കഴുത്തറ്റം വെള്ളത്തിൽ കുടുങ്ങി പോയ യാത്രക്കാർ. കുത്തിയൊലിച്ച് എത്തുന്ന വെള്ളത്തിൽ ജീവന് വേണ്ടി പോരാടുന്ന ആയിരങ്ങൾ. കണ്ണീരിന്റെ കാഴ്ചയാണ് ചൈനയിൽ നിന്നും പുറത്തുവരുന്നത്. ചൈനയിലെ സെങ്സോയിലുണ്ടായ പ്രളയത്തിൽ ട്രെയിനിൽ കുടുങ്ങിയ 12 പേർ മരിച്ചു. 5 പേർക്ക് പരുക്കേറ്റു. ട്രെയിനിന്റെ മേൽ ഭാഗം പൊളിച്ചാണ് ബാക്കി യാത്രക്കാരെ രക്ഷപ്പെടുത്തിയത്. സബ്‌വെയിൽ കുടുങ്ങിയ നൂറോളം പേരെ രക്ഷപ്പെടുത്തി. പ്രളയത്തെത്തുടർന്ന് ഹെനൻ പ്രവിശ്യയിലെ 10 ദശലക്ഷം ആളുകളെ സൈന്യം ഒഴിപ്പിക്കുകയാണ്.

കനത്ത മഴയെത്തുടർന്ന് തെരുവുകളും റോഡുകളും വെള്ളത്തിനടിയിലായി. ആശയവിനിമയ സംവിധാനങ്ങളും താറുമാറായി. സെങ്സോ നഗരത്തിന് അടുത്തുള്ള യിഹെറ്റൻ ഡാം തകരാൻ സാധ്യതയുണ്ടെന്ന് സൈന്യം മുന്നറിയിപ്പ് നൽകി. സമീപത്തുള്ള ആളുകളെ ഒഴിപ്പിക്കുകയാണ്. കനത്ത മഴയിൽ പല സ്ഥലത്തേയും റോഡുകൾ ഒലിച്ചുപോയി. 60 വർഷത്തിനിടെ ഏറ്റവും ശക്തമായ മഴയാണ് സെങ്സോയിലുണ്ടായത്.

തന്റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള വ്യാജപ്രചരണങ്ങളില്‍ പ്രതികരണവുമായി ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍. സഹോദരന്‍ അര്‍ബാസ് ഖാന്‍ അവതാരകനായെത്തിയ ടോക്ക് ഷോയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ട്വിറ്ററില്‍ ഒരാള്‍ എഴുതിയ കുറിപ്പ് സല്‍മാന് മുന്‍പില്‍ അര്‍ബാസ് വായിച്ചു.

അതില്‍ അയാള്‍ എഴുതിയിരിക്കുന്നത് ഇങ്ങനെ… ‘ഹേ ഭീരു നിങ്ങള്‍ എവിടെയാണ് ഒളിച്ചിരിക്കുന്നത്. ഇന്ത്യക്കാര്‍ക്ക് മുഴുവന്‍ അറിയാം നിങ്ങള്‍ക്ക് ദുബായില്‍ നൂര്‍ എന്ന പേരില്‍ ഒരു ഭാര്യയും 17 വയസ്സ് പ്രായമുള്ള ഒരു മകളുമുണ്ടെന്ന്. എത്രകാലം ഞങ്ങളെ വിഡ്ഢികളാക്കാനാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത്?”

ഈ പരാമര്‍ശത്തോടുള്ള സല്‍മാന്‍ ഖാന്റെ പ്രതികരണം;

”ആളുകള്‍ക്ക് എല്ലാം അറിയാം. ഈ അബദ്ധങ്ങള്‍ ആരാണ് എഴുതിയതെന്നും എവിടെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നതെന്നും എനിക്കറിയല്ല. ഈ വ്യക്തി വിചാരിക്കുന്നത് ഞാന്‍ മറുപടി നല്‍കുന്നതിലൂടെ അയാളെ പരിഗണിക്കുമെന്നാണോ…. സഹോദരാ എനിക്ക് ഭാര്യയില്ല. ഞാന്‍ ജീവിക്കുന്നത് ഇന്ത്യയില്‍, ഒന്‍പതാമത്തെ വയസ്സുമുതല്‍ ഗാലക്സി അപ്പാര്‍ട്ട്മെന്റില്‍. ഞാന്‍ എവിടെയാണ് ജീവിക്കുന്നതെന്ന് ഇന്ത്യക്കാര്‍ക്ക് അറിയാം. നിങ്ങളൊന്നും മറുപടിയേ അര്‍ഹിക്കുന്നില്ല.

വയനാട് അമ്പലവയൽ മഞ്ഞപ്പാറയിലുള്ള ക്വാറിക്കുളത്തിൽ വീട്ടമ്മയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. മേപ്പാടി കുന്നമ്പറ്റ പെരിഞ്ചിറ സതീഷ്‌കുമാറിന്റെ ഭാര്യ മഞ്ജു (29) വിനെയാണ് ഇന്നലെ അമ്പലവയലിലുള്ള ക്വാറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മേപ്പാടി കുന്നമ്പറ്റയിലുള്ള മഞ്ജു എന്തിന് മഞ്ഞപ്പാറയിൽ വന്നുവെന്നതാണ് ദുരൂഹമായിരിക്കുന്നത്. ഇക്കാര്യം ബന്ധുക്കൾക്കും അറിയില്ല. അതേസമയം, തന്റെ മകൾ ആത്മഹത്യ ചെയ്യില്ലെന്നാണ് അമ്മ ശ്യാമള അന്വേഷണ സംഘത്തോട് പറയുന്നത്.

മഞ്ജുവിന്റെ അമ്മ വൃക്കേരോഗിയാണ്. ഇവർ ചികിത്സക്ക് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകുമ്പോൾ സാധാരണയായി മഞ്ജുവാണ് കൂടെ പോകുന്നത്. പതിവ് പോലെ ഞായറാഴ്ച അമ്മയെ ഡോക്ടറെ കാണിക്കണമെന്ന് പറഞ്ഞാണ് യുവതി ഭർത്താവിന്റെ വീട്ടിൽ നിന്നിറങ്ങിയത്. പിന്നീട് തിരിച്ച് വീട്ടിലെത്താതായതോടെ ഭർത്താവ് സതീഷ് മേപ്പാടി പോലീസിൽ പരാതി നൽകുകയായിരുന്നു. അമ്മയുടെ അടുത്തേക്ക് പോകുന്നുവെന്നാണ് യുവതി പറഞ്ഞതെങ്കിലും സതീഷ് അമ്മയെ വിളിച്ചപ്പോൾ അവിടേക്ക് എത്തിയില്ലെന്നായിരുന്നു മറുപടി. ഇതിന് ശേഷം വിളിച്ചു നോക്കിയപ്പോൾ മഞ്ജുവിന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ഇതോടെയാണ് പോലീസിനെ സമീപിച്ചത്.

അതിനിടെ മൃതദേഹം കണ്ടെത്തിയ മഞ്ഞപ്പാറ ഭാഗത്ത് യുവതി എത്തിയത് കണ്ടതായി പ്രദേശവാസികളിൽ ചിലർ പറയുന്നു. തനിച്ചുനിന്ന യുവതിയോട് എവിടെ പോകുന്നുവെന്ന് ചോദിച്ചപ്പോൾ ബന്ധുവീട്ടിൽ വന്നതാണെന്നായിരുന്നു മറുപടി. ഇതിന് ശേഷം ക്വാറിക്കുളങ്ങളുള്ള ഭാഗത്തേക്ക് നടന്നുപോയതായും പ്രദേശവാസികൾ പോലീസിനെ അറിയിച്ചിട്ടുണ്ട്. ഈ സമയം ഒരു ജീപ്പും ഈ വഴി പോയിരുന്നുവെന്നുള്ള വിവരവും ജനങ്ങൾ കൈമാറിയിട്ടുണ്ട്.

ചൊവ്വാഴ്ച എട്ടരയോടെ പ്രദേശവാസികൾ തന്നെയാണ് മൃതദേഹം കണ്ടത്. ബാഗും ചെരിപ്പും മാസ്‌കും യുവതി കഴിച്ചതെന്ന് കരുതുന്ന പഴത്തിന്റെ ബാക്കിയും കുളത്തിന്റെ കരയിൽ ഉണ്ടായിരുന്നു. എന്നാൽ മഞ്ജു ഉപയോഗിച്ച മൊബൈൽ ഫോൺ ഇവിടെ നിന്ന് കണ്ടെത്താനായില്ല. എഎസ്പി അജിത്കുമാർ, സുൽത്താൻബത്തേരി ഡിവൈഎസ്പി വി വി ബെന്നി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

തമിഴ്നാട് സ്വദേശിയായ വയോധികയെ എട്ടു വര്‍ഷത്തോളം അടിമയാക്കി ജോലിയെടുപ്പിച്ച കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ ഇന്ത്യന്‍ ദമ്പതികള്‍ക്ക് ജയില്‍ശിക്ഷ. ഇന്ത്യന്‍ സമൂഹത്തിന് ആകെ അപമാനകരമായ സംഭവത്തില്‍, വിക്ടോറിയയില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ കന്ദസ്വാമി, കുമുദിനി കണ്ണന്‍ എന്നിവര്‍ക്കാണ് സുപ്രീംകോടതി ജയില്‍ശിക്ഷ വിധിച്ചത്. 53 വയസുകാരിയായ കുമുദിനി കണ്ണന്‍ എട്ട് വര്‍ഷവും ഭര്‍ത്താവ് കന്ദസാമി കണ്ണന്‍ (57) ആറു വര്‍ഷവും ശിക്ഷ അനുഭവിക്കണം. വിധി കേള്‍ക്കാനായി കന്ദസാമിയെയും കുമുദിനിയെയും വിക്ടോറിയയിലെ സുപ്രീം കോടതിയില്‍ ഹാജരാക്കിയിരുന്നു.

2007 നും 2015 നും ഇടയിലാണ് മെല്‍ബണിലെ മൗണ്ട് വേവര്‍ലിയിലെ ഇവരുടെ വീട്ടില്‍ അറുപതുകാരിയായ വയോധികയെ രഹസ്യമായി താമസിപ്പിച്ച് അടിമവേല ചെയ്യിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലയളവ് അടിമയാക്കി വച്ചിരുന്ന കേസാണിതെന്നു പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. ഗാര്‍ഹിക അടിമത്തം സംബന്ധിച്ച ഒരു കേസ് ആദ്യമായാണ് ഓസ്ട്രേലിയന്‍ കോടതിയില്‍ വാദം കേള്‍ക്കുന്നത്.

പാചകവും ശുചീകരണവും മൂന്നു കുട്ടികളുടെ പരിപാലനവും അടക്കം ദിവസം 23 മണിക്കൂര്‍ വരെ നിര്‍ബന്ധിത ജോലികള്‍ ചെയ്യിക്കുകയും എട്ടു വര്‍ഷം അടിമയാക്കി വെയ്ക്കുകയും ചെയ്തു എന്നീ കുറ്റങ്ങളാണ് ഇരുവര്‍ക്കും മേല്‍ കോടതി ചുമത്തിയത്. ജോലികള്‍ തുടര്‍ച്ചയായി ചെയ്യിപ്പിച്ചതായും മതിയായ ഭക്ഷണം നല്‍കിയില്ലെന്നും കുമുദിനി ശാരീരികമായും മാനസികമായും പീഡിപ്പിപ്പിച്ചതായും വയോധിക വിചാരണയ്ക്കിടെ മൊഴി നല്‍കിയിരുന്നു.

അടിമത്തം മനുഷ്യരാശിക്കെതിരായ കുറ്റമായാണ് കണക്കാക്കപ്പെടുന്നതെന്നു ശിക്ഷ വിധിച്ച ജസ്റ്റിസ് ജോണ്‍ ചാമ്പ്യന്‍ അഭിപ്രായപ്പെട്ടു. പ്രതികളുടെ കുട്ടികളുടെ കണ്‍മുന്നിലാണ് വയോധിക അടിമയായി അവിടെ കഴിഞ്ഞത്. മറ്റൊരു സഹജീവിയോട് എങ്ങനെ പെരുമാറണം എന്നതിന്റെ ഏറ്റവും മോശമായ മാതൃകയാണ് കുട്ടികള്‍ക്ക് മാതാപിതാക്കള്‍ കാട്ടിക്കൊടുത്തത്.

വയോധികയുടെ ജീവിതം പ്രതികള്‍ അവരുടെ വീടിനുള്ളില്‍ തളച്ചിട്ടു. അവരുടെ യഥാര്‍ഥ അവസ്ഥ പുറത്തുള്ളവര്‍ അറിയാതിരിക്കാന്‍ പ്രതികള്‍ വളരെയധികം ശ്രദ്ധിച്ചതായും കോടതി കണ്ടെത്തി. ഇവരുടെ പ്രവര്‍ത്തിയെ രൂക്ഷമായ ഭാഷയിലാണ് കോടതി വിമര്‍ശിച്ചത്.

അതേസമയം, വയോധികയെ അടിമയാക്കി വച്ചിരുന്നതായി ദമ്പതികള്‍ ഇപ്പോഴും അംഗീകരിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. തങ്ങള്‍ നിരപരാധികളാണെന്നു ശക്തമായി ഇരുവരും കോടതിയില്‍ വാദിക്കുകയും ചെയ്തു. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് നിങ്ങള്‍ രണ്ടുപേരും വിശ്വസിക്കുന്നതായി തനിക്ക് നല്ല ബോധ്യമുണ്ടെന്നു ജസ്റ്റിസ് ജോണ്‍ ചാമ്പ്യന്‍ പറഞ്ഞു. ചെയ്ത തെറ്റില്‍ യാതൊരു പശ്ചാത്താപമോ സങ്കടമോ ദമ്പതികള്‍ പ്രകടിപ്പിച്ചിട്ടില്ല എന്നതു ശ്രദ്ധേയമാണെന്നും കോടതി പറഞ്ഞു. വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്നു പ്രതികളുടെ അഭിഭാഷകര്‍ അറിയിച്ചു.

വയോധികയെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതിരുന്നതിനെതുടര്‍ന്ന് 2015-ല്‍ തമിഴ്‌നാട്ടിലുള്ള കുടുംബം ആവശ്യപ്പെട്ടതനുസരിച്ച് വിക്‌ടോറിയ പോലീസ് വീട്ടിലെത്തി അന്വേഷിച്ചപ്പോഴും തെറ്റിദ്ധരിപ്പിക്കുന്ന വിവരമാണ് ദമ്പതികള്‍ നല്‍കിയത്. 2007-നു ശേഷം വയോധികയെ കണ്ടിട്ടില്ലെന്നാണു പോലീസിനോടു പറഞ്ഞത്.

ശുചിമുറിയില്‍ വീണതിനെതുടര്‍ന്ന് ഗുരുതരാവസ്ഥയിലായ വയോധികയെ 2015 ജൂലൈയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാജ പേരിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 40 കിലോഗ്രാം മാത്രമായിരുന്നു ആ സമയത്ത് അവരുടെ ഭാരം. രക്തത്തില്‍ അണുബാധയുമുണ്ടായി. കുമുദിനി ഫ്രോസണ്‍ ചിക്കന്‍ എടുത്ത് തന്റെ തലയില്‍ അടിച്ചതായും ഭക്ഷണവും തിളച്ച വെള്ളവും തലയിലും കാലിലും ഒഴിച്ചതായും പരിഭാഷിയുടെ സഹായത്തോടെ വയോധിക ആശുപത്രിയില്‍ വച്ച് വെളിപ്പെടുത്തി. ഇതോടെയാണ്് അടിമവേലയെക്കുറിച്ച് പുറംലോകം അറിഞ്ഞത്.

എട്ട് വര്‍ഷമായി പ്രതിദിനം 3.36 ഡോളര്‍ മാത്രമാണ് ദമ്പതികള്‍ സ്ത്രീക്കു ശമ്പളമായി നല്‍കിയതെന്ന് പ്രോസിക്യൂട്ടര്‍ റിച്ചാര്‍ഡ് മെയ്ഡ്മെന്റ് ക്യുസി പറഞ്ഞു.

നീലചിത്ര നിർമാണ കേസിൽ അറസ്റ്റിലായ നടി ശിൽപ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ്​ കുന്ദ്രയെ ജൂലൈ 23വരെ രാജ്​ കുന്ദ്രയെ പൊലീസ്​ കസ്റ്റഡിയിൽ വിട്ടു. ചൊവ്വാഴ്ച കുന്ദ്രയെ കോടതിയിൽ ഹാജരാക്കിയിരുന്നു. ലണ്ടൻ ആസ്​ഥാനമായി പ്രവർത്തിക്കുന്ന അടുത്ത ബന്ധുവിന്‍റെ സ്​ഥാപനത്തിന്​ വേണ്ടിയാണ്​ രാജ്​ കുന്ദ്ര പ്രവർത്തിക്കുന്നതെന്നാണ്​ പൊലീസ്​ കണ്ടെത്തൽ. ഇന്ത്യയിലേക്ക്​ നീലചിത്രങ്ങൾ വിതരണം നടത്തുന്ന പ്രമുഖ കമ്പനിയാണിതെന്നും മുംബൈ പൊലീസ്​ പറഞ്ഞു.

നീല ചിത്രങ്ങൾ നിർമിക്കുകയും വൻതുകക്ക്​ മൊബൈൽ ആപ്ലിക്കേഷനുകളിലൂടെ വിതരണം ചെയ്​തുവരികയുമായിരുന്നു ഇവരുടെ രീതി. രാജ്​ കുന്ദ്രയുടെ വിയാൻ ഇൻഡസ്​ട്രീസിന്​ ലണ്ടൻ കമ്പനിയായ കെന്‍ റിനുമായി ബന്ധമുണ്ടായിരുന്നു. നീലചിത്രങ്ങൾ പ്രചരിപ്പിക്കുന്ന ഒരു​ ആപ്പിന്‍റെ ഉടമകളാണ്​ കെൻ റിൻ. കമ്പനി ലണ്ടനിൽ രജിസ്റ്റർ ചെയ്​തിട്ടുണ്ടെങ്കിലും നീല ചിത്ര നിർമാണം, ആപ്പിന്‍റെ പ്രവർത്തനം, അക്കൗണ്ടിങ്​ തുടങ്ങിയവ വിയാൻ ഇൻഡസ്​ട്രീസ്​ വഴിയാണെന്ന്​ ജോയിന്‍റ്​ കമീഷണർ മിലിന്ദ്​ ബരാ​ംബെ പറയുന്നു.

രണ്ട്​ ബിസിനസ്​ സ്​ഥാപനങ്ങളും തമ്മിലുള്ള ബന്ധം കണ്ടെത്തുന്നതിനായി തെളിവുകൾ ശേഖരിച്ചതായും പൊലീസ്​ പറഞ്ഞു. വാട്​സ്​ആപ്​ ഗ്രൂപ്പുകൾ, ഇമെയിലുകൾ, അക്കൗണ്ടിങ്​ വിവരങ്ങൾ, നീല ചിത്രങ്ങൾ തുടങ്ങിയവ രാജ്​ ക​ുന്ദ്രയുടെ മുംബൈയിലെ ഓഫിസിൽനിന്ന്​ കണ്ടെത്തിയിരുന്നു.

സിനിമയും സീരിയലും ലക്ഷ്യമി​ട്ടെത്തുന്ന യുവതികൾക്ക്​ അവസരം വാഗ്​ദാനം ചെയ്​ത്​ ഭീഷണിപ്പെടുത്തി അശ്ലീല രംഗ​ങ്ങൾ ചിത്രീകരിക്കുകയാണ്​ ഇവരുടെ പതിവ്​. സംഭവത്തിൽ കുന്ദ്രയുടെ മുൻ ജീവനക്കാരനായ ഉമേഷ്​ കാമത്ത്​ നേരത്തേ അറസ്​റ്റിലായിരുന്നു. നഗ്​നയായി ഓഡീഷനിൽ പ​ങ്കെടുക്കാൻ നിർബന്ധിച്ചതായി നടി സാഗരിക ഷോണ ഉമേഷിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. കൂടാതെ രാജ്​ കുന്ദ്രക്കെതിരെ ഷെർലിൻ ചോപ്രയും പൂനം പാണ്ഡെയും രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയിൽ മുംബൈ ​െപാലീസ്​ ക്രൈംബ്രാഞ്ച്​ രജിസ്റ്റർ ചെയ്​ത കേസിലാണ്​ നടപടി. ഒമ്പതു പേർ നേരത്തെ പിടിയിലായിട്ടുണ്ട്​. തിങ്കളാഴ്​ച ചോദ്യം ചെയ്യാനായി വിളിപ്പിച്ച കുന്ദ്രയുടെ അറസ്റ്റ്​ രേഖപ്പെടുത്തുകയായിരുന്നു. നീലച്ചിത്രങ്ങൾ നിർമിച്ച്​ മൊബൈൽ ആപുകൾ വഴി വിൽപന നടത്തിയ സംഭവത്തിൽ ആസൂത്രകനാണെന്ന്​ തിരിച്ചറിഞ്ഞാണ്​ നടപടിയെന്ന്​ മുംബൈ പൊലീസ്​ കമീഷണർ ​ഹേമന്ദ്​ നഗ്രാലെ പറഞ്ഞു.

വഞ്ചനാകുറ്റത്തിന്​ പുറമെ പൊതു സ്​ഥലങ്ങളിൽ അശ്ലീല രംഗങ്ങളിൽ ഏർപെടൽ, അശ്ലീല സാഹിത്യം പ്രചരിപ്പിക്കലും പൊതു ഇടങ്ങളിലും പ്രദർശിപ്പിക്കലും തുടങ്ങിയ കുറ്റങ്ങളാണ്​ ചുമത്തിയത്​. 18 മാസം മുമ്പാണ്​ കുന്ദ്ര ബിസിനസ്​ ആരംഭിച്ചതെന്ന്​ ജോയിന്‍റ്​ കമീഷണർ മിലിന്ദ്​ ബരാംബെ മാധ്യമ​ങ്ങളോട്​ പറഞ്ഞു. നീലചിത്രങ്ങൾ നിർമിച്ച ശേഷം വിഡിയോകൾ ലണ്ടനിലേക്ക്​ അയച്ചുനൽകും. അവിടെനിന്ന്​ ആപ്പുകളിൽ അപ്​​േലാഡ്​ ചെയ്യും. ഒരു ആപ്പ്​ വിലക്കിയാൽ മറ്റു ആപ്പുകളിലൂടെ വിതരണം തുടരും.

ലോക്​ഡൗണിൽ ബിസിനസ്​ പടർന്നുപന്തലിച്ചതോടെ പ്രതിദിനം ലക്ഷങ്ങൾ വരുമാനമായി നേടി. യു.കെ ആസ്​ഥാനമായ ​അടുത്ത ബന്ധുവായ പ്രദീപ്​ ബക്ഷിയുടെ കെന്‍ റിൻ ലിമിറ്റഡുമായി പങ്കാളിത്തത്തിലേർ​െപ്പട്ടായിരുന്നു പിന്നീടുള്ള പ്രവർത്തനം. രാജ്​ കുന്ദ്ര വിഡിയോകൾ ഇന്ത്യയിൽനിന്ന്​ ആപ്പുകളിൽ അപ്​ലോഡ്​ ചെയ്​തിരുന്നില്ല. വിട്രാൻസ്​ഫർ വഴി വിദേശത്തേക്ക്​ അയച്ചുനൽകുകയും അവിടെവെച്ച്​ ആപ്പുകളിൽ അപ്​ലോഡ്​ ചെയ്യുകയുമായിരുന്നു. വിഡിയോ ഉള്ളടക്കങ്ങളുടെ ചിത്രീകരണവും നിർമാണവുമെല്ലാം കുന്ദ്രയുടെ ഓഫിസിൽ വെച്ചായിരുന്നു.

അതേസമയം അശ്ലീല ചിത്ര നിര്‍മാണവുമായി നടി ശില്‍പ ഷെട്ടിക്ക് പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിക്കുകയാണ്. കേസില്‍ ശില്‍പ ഷെട്ടിക്ക് പങ്കുണ്ടോ എന്ന് പ്രത്യക്ഷത്തില്‍ തെളിഞ്ഞിട്ടില്ലെന്നാണ് പോലീസ് നിലപാട്. സൂപ്പര്‍ ഡാന്‍സര്‍ 4 എന്ന ഡാന്‍സ് റിയാലിറ്റി ഷോയുടെ ജഡ്ജ് ആയിരുന്ന ശില്‍പ ഷെട്ടി കുന്ദ്രയുടെ അറസ്റ്റിന് ശേഷം ഷോയില്‍ നിന്ന് പിന്‍മാറിയെന്നാണ് റിപ്പോര്‍ട്ട്. ശില്‍പക്ക് പകരം കരിഷ്മ കപൂറായിരിക്കും ഷോയില്‍ പങ്കെടുക്കുക.

RECENT POSTS
Copyright © . All rights reserved