literature

ഡോ.ഉഷാറാണി.പി.

“ഒരത്തപ്പൂക്കളമിടാനുള്ള പൂക്കൾ കവിളത്തുണ്ടായിരുന്നല്ലോ!” എന്ന് വാട്സ് ആപ്പ് വഴി അദ്ദേഹത്തിൻ്റെ സന്ദേശം ലഭിച്ചപ്പോൾ “പ്രണയംകൊണ്ടായിരിക്കും ” എന്നൊരു കുസൃതിനിറഞ്ഞ മറുപടി കൊടുത്താലോ എന്നാദ്യം കരുതി. എങ്കിലും മൊബൈൽ ഫോൺ ഇമോജികളിലൊന്നിലൊതുക്കി.
കാരൂരിൻ്റെ ‘മരപ്പാവകളി’ലെ നായികയുടെ സംസാരമാണ് അപ്പോൾ ഓർമ്മവന്നത്.
ഉള്ളിലാകെ വീണ്ടുമൊരു പൊന്നോണം പൊട്ടിവിടർന്നു.
ഒന്നരവർഷത്തോളം നീണ്ട വാട്സ് ആപ്പ് ബന്ധത്തിൻ്റെ സാക്ഷാത്കാരമുഹൂർത്തമായിരുന്നു ഇന്നു നടന്നത്; അപ്രതീക്ഷിതമായി.
ഒരു യാത്രാമദ്ധ്യേ പെട്ടെന്നു സന്ദേശങ്ങളിലൂടെ തീരുമാനിച്ചതിൻപ്രകാരം കെ.എസ്.ആർ.ടി.സി.ബസ്സ്റ്റാൻഡിലെ തിരക്കിനിടയിൽവച്ചൊരു കൂടിക്കാഴ്ച. പത്തുപതിനഞ്ചു മിനിട്ടുകൾമാത്രം.
കവിയായ അദ്ദേഹത്തിന് അവിടെയടുത്തൊരു സാഹിത്യസമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കാനുള്ളതുകൊണ്ടും എനിക്കു യാത്രതുടർന്ന് ലക്ഷ്യസ്ഥാനത്തിലെത്തേണ്ടതുകൊണ്ടും.
പ്രായവും പക്വതയുമുള്ള ഞങ്ങളുടെ മനസ്സിൽ അന്യോന്യംതോന്നിയിരുന്ന അടുപ്പത്തിനെ പ്രണയമെന്നു വകഭേദംചെയ്താലതിൽ തെറ്റില്ല. അല്ലെങ്കിലും പൂവുപോലുള്ള ഈ ഓമനക്കൗതുകത്തിന് എന്താണു തെറ്റ്?
ഇന്നു കാണാൻ സാധിച്ചത് എൻ്റെ നിർബ്ബന്ധപ്രകാരമാണ്.
ഞാനപ്പോൾ ബസിലിരുന്ന് അതുവഴി കടന്നുപോവുകയാണെന്നു പകൽകഴിഞ്ഞനേരം സാധാരണപോലെ സന്ദേശമയച്ചിരുന്നു. ആ ഭാഗത്തുനടക്കുന്ന കവിയരങ്ങിൻ്റെ കാര്യം അദ്ദേഹവും പങ്കുവച്ചു.അതിൻ്റെ സമയവുമായി സമയവായപ്പെടുത്താൻ കഴിയുമോയെന്നു സംശയമുള്ളതുകൊണ്ട് അദ്ദേഹം ഒഴികഴിവുകൾ പറഞ്ഞു.
അപരിചിതത്വത്തിൻ്റെ മഞ്ഞുരുകി സ്നേഹത്തിൻ്റെയും സൗഹൃദത്തിൻ്റെയും വെയിലും തണലും ഒരുപോലെകൊള്ളാൻ തുടങ്ങിയതുമുതലുള്ള എൻ്റെ പരിഭവവും പിണക്കവും ഇവിടെയും തുടർന്നു.
എന്നെക്കാണാൻ വരാൻ വിമുഖതകാണിക്കുന്നത് ഇഷ്ടക്കുറവുകൊണ്ടാണെന്ന് ഞാൻ വൃഥാ പറഞ്ഞു.
മുമ്പൊരിക്കൽ എൻ്റെ നഗരത്തിൽ ഒരാവശ്യാർത്ഥം വന്നു തങ്ങുമ്പോൾ കാണാനാകുമോയെന്നു ഞാൻ ചോദിച്ചതിന് അവിടുത്തെ ഗണപതി ഭഗവാൻ അനുവദിക്കാത്തതിനാൽ പറ്റില്ലയെന്നു പറഞ്ഞതോർമ്മിപ്പിച്ച് ഇക്കുറി ഞാൻ ശരിക്കും വഴക്കടിച്ചു.
പ്രസിദ്ധമായ ഗണപതിക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലവാസിയായതിനാൽ സ്വാഭാവികമായും വിഘ്നേശ്വരഭക്തനായ അദ്ദേഹത്തോട് ആ ഗണപതിയും സമ്മതിക്കുന്നില്ലേയെന്നു ഞാൻ ചൊടിച്ചു.
അപ്പോഴും അക്ഷോഭ്യനായിരുന്ന അദ്ദേഹമപ്പോൾ അന്ന് തനിക്കുള്ള മറ്റു കർത്തവ്യങ്ങളെക്കുറിച്ചെനിക്കെഴുതി.
എങ്കിൽ അതൊക്കെച്ചെന്നു നിറവേറ്റിക്കൊള്ളാനും ഞാനാരെയും പിടിച്ചുവച്ചിട്ടില്ലയെന്നും മറുപടി കൊടുത്തു. എന്നാൽ അദ്ദേഹത്തെ ഞാൻ പിടിച്ചുവച്ചിരിക്കുകയാണല്ലോയെന്നയർത്ഥത്തിൽ ‘ തന്നെ’ എന്നാണെനിക്കു മറുകുറിപ്പുവന്നത്.
ഉരുളയ്ക്കുപ്പേരിപോലെ എപ്പോഴും മറുപടി തരുന്ന കാര്യത്തിൽ അഗ്രഗണ്യനാണെന്നത് എനിക്ക് പരിചിതമല്ലാത്തതല്ല. മിക്കകവിതകളിലും കാണുന്ന നാടൻശീലുകൾകൊണ്ടുള്ള കൂട്ടിക്കെട്ടൽപോലെ ഉത്തരംനൽകുന്നതിലുള്ള വികടസരസ്വതിയും എനിക്കു പലപ്പോഴും കീറാമുട്ടിയായിരുന്നു.
സൗഹാർദ്ദത്തിൻ്റെ മേൽപ്പുതപ്പ് മെല്ലെ മെല്ലെ നീക്കി മധുരമുള്ള ആഴങ്ങളിലേക്കിറങ്ങിത്തുടങ്ങിയപ്പോൾ എനിക്കേറെയിഷ്ടമുണ്ടായതും ഈ സംസാരരീതിയോടുതന്നെയായിരുന്നു. ഉത്തരംമുട്ടിയും ചിലപ്പോളതിൻ്റെ സുഖത്തിൽ ഉത്തരം കൊടുക്കാതിരിക്കുകയും ഞാൻ ചെയ്തുപോന്നിരുന്നത് അദ്ദേഹത്തോടു പറഞ്ഞിരുന്നു.
ഇന്ന്, ഈ രണ്ടക്ഷരത്തിലെ ആർദ്രതയും ആത്മാർത്ഥതയും എന്നെ പൊട്ടിച്ചിരിപ്പിച്ചു. ഞാൻ ബന്ധനവിമുക്തനാക്കുന്നുവെന്നും ഇഷ്ടംപോലെ വിഹരിച്ചുകൊള്ളാനും പറഞ്ഞു.
എന്നിട്ടും ഓണത്തിൻ്റെ അലകളിനിയുമടങ്ങിയിട്ടില്ലാത്ത പശ്ചാത്തലത്തിൽ ഉച്ചയ്ക്കു ഞങ്ങൾ കണ്ടുമുട്ടി. ജൂബ്ബയും മുണ്ടും ധരിച്ച് ചന്ദനക്കുറിയുമണിഞ്ഞ് ഒരു മാതൃകാ കവിയുടെ രൂപത്തിൽ എൻ്റെ മുന്നിലെത്തി. ഷർട്ടും മുണ്ടും ധരിച്ചു കാണുന്നതാണ് എനിക്കിഷ്ടമെന്ന് ഫോട്ടോകൾ കാണുമ്പോൾ ഞാൻ പറഞ്ഞിരുന്നു.
എൻ്റെ ഓണത്തിൻ്റെ സൗന്ദര്യത്തിനു മാറ്റുകൂടിയതായി എനിക്കു തോന്നി.മനസ്സിൽനിറഞ്ഞ ലജ്ജയും സന്തോഷവും മുഖത്തു പ്രതിഫലിക്കുന്നുണ്ടെന്ന് ഞാനറിഞ്ഞു.ഹൃദയംനിറഞ്ഞിരുന്നതിനാൽ വാക്കുകൾ പുറത്തുവരാൻ മടിച്ചു.
എത്രയോ തവണ പിണങ്ങുകയും ഇണങ്ങുകയും ചെയ്തു. പരുഷവാക്കുകളോതി. അന്തർഗതങ്ങൾ കവിതകളിലൂടെ കൈമാറി.
ഒരു സോഷ്യൽമീഡിയാ ബന്ധം എന്നതിലുപരി പരിചയമാർന്ന് സ്നേഹസാന്ത്വനങ്ങൾ പങ്കുവച്ചു.ആശയസംഘട്ടനങ്ങളും അരങ്ങേറി.
ഇന്ന് പരിഭ്രമത്തോടെ മുൻപിൽ നിൽക്കുന്ന എന്നെനോക്കിയദ്ദേഹം നിറചിരി പൊഴിച്ചു.
കാതങ്ങളകലെയായിരുന്ന ഞങ്ങൾ അടുത്തടുത്തു നിന്നു. ഞങ്ങൾക്കിരുവശത്തുകൂടെ അപരിചിതർ ശബ്ദിച്ചും അല്ലാതെയും പൊയ്ക്കൊണ്ടിരുന്നു.അവർ ബസ് സ്റ്റാൻഡിലെ സ്റ്റാളുകളിൽനിന്ന് ശീതളപാനീയങ്ങളും മധുരമുള്ളതും എണ്ണയിൽ പൊരിച്ചതുമായ പലഹാരങ്ങളും വാങ്ങി രുചിച്ചു.കണ്ടുമറന്ന ഏതോ ചലച്ചിത്രത്തിലെ രംഗം ആവർത്തിക്കപ്പെടുന്നതായി എനിക്കു തോന്നി.ഞാനതാസ്വദിച്ചു.
എനിക്കു പോകാനുള്ള ബസ്സിൽക്കയറുമ്പോൾ അദ്ദേഹത്തിനു കൈകൊടുത്തു പിരിഞ്ഞതും ബൈക്കിനടുത്തുപോയിനിന്ന് അകന്നുപോകുന്ന ബസ്സിലിരുന്ന് തിരിഞ്ഞുനോക്കിയ എനിക്കുനേരെ കൈവീശിയതും ക്രമേണയൊരു നൊമ്പരമായി എന്നിലിറങ്ങി.ഞാൻ പ്രിയപ്പെട്ടയൊന്നിൽനിന്ന് അടർത്തിമാറ്റപ്പെട്ടതുമാതിരി. ഓണം ഓർമ്മകൾക്കുകൂടിയുള്ളതാണല്ലോ.

ഡോ.ഉഷാറാണി .പി

തിരുവനന്തപുരം ജില്ലയിൽ മണക്കാടിനടുത്ത് 1975 ൽ ജനനം. കെ.ജി.പ്രഭാകരനാചാരിയും കെ.പത്മവുമാണ് മാതാപിതാക്കൾ. ഗവ.സ്കൂൾ മണക്കാട്, ആൾ സെയിൻ്റ്സ് കോളേജ് തിരുവനന്തപുരം, ഗവ.യൂണിവേഴ്സ് റ്റി കോളേജ് തിരുവനന്തപുരം, ശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റി തിരുവനന്തപുരം കേന്ദ്രം എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം കഴിഞ്ഞ് കേരള യൂണിവേഴ്‌സിറ്റിയിൽ നിന്നും മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റു നേടി. സ്വകാര്യ മേഖലയിലെ വിദ്യാലയങ്ങളിലെ അദ്ധ്യാപികയായിരുന്നു. ഇപ്പോൾ ആറ്റുകാൽ ചിന്മയ വിദ്യാലയത്തിൽ. ആനുകാലികങ്ങളിൽ സാഹിത്യരചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ആത്മ നിവേദനം’ എന്ന കവിതാ സമാഹാരവും പ്രസിദ്ധീകരിച്ചു.

വിലാസം: പ്രഭാതം, ടി.ആർ.ഏ-39, താവലോട് നഗർ, മുട്ടത്തറ, തിരുവനന്തപുരം – 8.
ഫോൺ – 9746201959

ജേക്കബ് പ്ലാക്കൻ

ഓണം , പൊന്നോണം …
പൂമുറ്റത്തൊരു പൂവോണം …
കളിമുറ്റത്തൊരു കളിയോണം …
വയലും വീടും ഒന്നെന്നുള്ളൊരു …
ഉൾവിളിയോണം …
തിരുവോണം .!

മത്തപ്പൂ വിരിയുമ്പോ…
ളത്തം വന്നു …
മത്താപ്പ് വിരിയുമ്പോളോണം വന്നു ..
അത്തം കഴിഞ്ഞാൽ പത്തോണം …..
ഒന്നെന്നുള്ളൊരു പൊന്നോണം…നമ്മളെല്ലാരും മെല്ലാരും ഒന്നായിത്തീരും
തിരുവോണം ……
ചിങ്ങക്കൊയ്ത്തോണം …!

മത്തപ്പൂ ..മഞ്ഞപ്പൂ
മഞ്ഞപ്പൂ..അത്തപ്പൂ
മത്ത പൂത്താലത്തം..
അത്തത്തിനു ചമയം…
അറനിറ പൊലിക്കും നെല്ല് …!
കറുമുറെ കഴിക്കുന്ന നാള് ..!

അന്നല്ലോ മണ്ണാകെ പൊന്നോണത്തിൻ ശംഖൊലി
…മലയാളത്തിൻ ശംഖൊലി…!

മലയാള മുറ്റത്തെല്ലാം
പൂക്കളങ്ങൾ ..
മാനത്തെ …മാണിക്യം നാണിക്കും …
പൂക്കളങ്ങൾ
സ്നേഹപൂക്കളങ്ങൾ ….!

അക്കുത്തിക്കുത്താനവരമ്പേൽ ഓണത്താറ് …
ചക്കരമാവിൻ കൊമ്പത്തൊരു
ഊഞ്ഞാലാട്ടം ..
അക്കുകളത്തിൽ
പെൺകളിയാട്ടം ..
പകിടയുരുട്ടും ആണുങ്ങളുടെ ആറാട്ടം …

ചിങ്ങപൊന്ന് കൊയ്യാൻ തെക്കൻകാറ്റ് ..
തെങ്ങോല ….തുമ്പാലെ കാവടിയാട്ടം …
ഉത്സവ കാവടിയാട്ടം ..
മലയാളിമങ്കമാർക്ക് വെപ്രാളം ..
ഉത്രാടവെപ്രാളം …!

അത്തം പത്തിന് തിരുവോണം ..
പുത്തനുടുപ്പിൻ പൊന്നോണം ..
നിനക്കൊരോണം .. എനിക്കൊരോണം ..
ഞാനും നീയും ഒന്നായിത്തീരും തിരുവോണം … നമ്മുടെ പൊന്നോണം…!

ശ്രാവണപൗർണ്ണമി നാളിൽ ..തിരുവോണ തിരുനാളിൽ ..
തൃക്കാക്കരയപ്പൻ …യെൻ മുറ്റത്തെ തുമ്പക്കുടത്തിൽവന്നു …
തുളസിപ്പൂവിൽനിന്നു ..
യെന്നാല്മാവിലരുളുന്നു “സമാധാനം ..”
എന്നോണസമ്മാനം …!
തിരുവോണ സമ്മാനം …!

ജേക്കബ് പ്ലാക്കൻ

മുന്നോറോളം കവിതകളുടെ രചയിതാവ്. രണ്ട് നാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ച അതുല്യ പ്രതിഭ. ദീപിക ദിനപത്രത്തിൻ്റെ മുൻ സർക്കുലേഷൻ മാനേജർ. ഇപ്പോൾ നോർത്തേൻ അയർലെൻ്റിൽ ലണ്ടൻ ഡെറിയിൽ താമസിക്കുന്നു. കോട്ടയം ജില്ലയിൽ ആർപ്പൂക്കര പ്ലാക്കിൽ കുടുംബാംഗമാണ്.

Phone # 00447757683814

ഡോ . ഐഷ വി

ഓണാഘോഷം വീട്ടുമുറ്റങ്ങളിൽ നിന്ന് വായനശാലകളുടേയും ആർട്ട്സ് ആന്റ് സ്പോട്സ് ക്ലബ്ബുകളുടേയും മുറ്റത്തേയ്ക്ക് മാറിയപ്പോൾ പുതിയമാനവും രീതികളും കൈവന്നു. എല്ലാ വാർഡ് നിവാസികളിൽ നിന്നും പിരിവെടുത്ത് അത്തം നാളിൽ റോഡ് വക്കിലോ ക്ലബ്ബ് മുറ്റത്തോ വലിയൊരു പൂക്കളമിടുന്നതോടെ ഓണാഘോഷത്തിന് തുടക്കമിടുകയായി. പൂക്കളത്തിൽ പൂവുകൾ കൂടാതെ, ഉപ്പ്, വർണ്ണപ്പൊടികൾ, ഇലകൾ എന്നിവയും കണ്ടേക്കാം. മഴ നനഞ്ഞ് പൂക്കളം അലങ്കോലമാകാതിരിക്കാൻ ചിലർ ഓലപ്പന്തൽ കൊണ്ടൊരു മേൽ കൂരയൊരുക്കും. പൂക്കളില്ലാത്ത കൃതൃമ പൂക്കളമാണെങ്കിൽ അത്തം മുതൽ പത്തു ദിവസവും അത് കേടാകാതെ അതുപോലെ കിടക്കും.

ക്ലബ്ബുകൾ പ്ലാൻ ചെയ്യുന്ന രീതിയിൽ വിവിധ മത്സരങ്ങളോടെ ഓണാഘോഷം ഗംഭീരമാക്കും. മൂന്നോ നാലോ ദിവസം നീണ്ടു നിൽക്കുന്ന മത്സര ഇനങ്ങളിൽ ഓട്ട മത്സരം ഹർഡിൽസ്, മാരത്തോൺ ഓട്ടം , തലയണയടി, ഗ്രീസ് പുരട്ടിയ തൂണിൽ കയറുക, കെട്ടിത്തൂക്കിയിട്ട ബിസ്കറ്റുകൾ ചാടി കടിയ്ക്കുക , തീറ്റ മത്സരം, വിവിധ സാഹിത്യരചനാ മത്സരങ്ങൾ, ഉറിയടി മത്സരം , ചില ക്ലബ്ബുകളിൽ ഓണ സദ്യ , ഓണ പായസം, രാത്രി സ്റ്റേജിൽ കലാപരിപാടികളും മത്സരങ്ങളും . സാംസ്കാരിക സമ്മേളനങ്ങളും നടക്കും. അല്പം സാമ്പത്തിക ശേഷി കൂടിയ ക്ലബ്ബുകൾ പ്രദേശത്തെ പാവപ്പെട്ടവർക്ക് ഓണപ്പുടവ, ഓണക്കിറ്റ് എന്നിവ നൽകും. ടൗണിലെ ക്ലബ്ബുകൾ അമച്ച്വർ നാടകങ്ങളും കളിച്ചിരുന്നു. തിരുവനന്തപുരം പോലുള്ള നഗരങ്ങളിൽ സർക്കാർ വക ഓണാഘോഷങ്ങളും വിവിധ ആശയങ്ങളെ ആവിഷ്ക്കരിക്കുന്ന പ്പോട്ടുകളും കാണും.

പാർശ്വവത്കരിക്കപ്പെട്ടവർക്ക് ക്ലബ്ബുകളുടെ ഓണാഘോഷങ്ങളിൽ പങ്കെടുക്കാൻ ആദ്യ കാലങ്ങളിൽ മടിയായിരുന്നു. അവർ പരമ്പരാഗത രീതിയിൽ പുലികളി, മറ്റ് കലാരൂപങ്ങൾ എന്നിവയുമായി രാത്രി വീടുവീടാന്തരം കയറിയിറങ്ങി പെട്രോമാക്സിന്റെ വെളിച്ചത്തിൽ ചില പരിപാടികൾ അവതരിപ്പിച്ച് ചില്ലറകൾ നേടി. കുറച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ ആ പതിവും ഇല്ലാതായി.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. മലയാളം യുകെയിൽ എഴുതിയ ലേഖനങ്ങളുടെ സമാഹാരം ഓർമ്മച്ചെപ്പ് തുറന്നപ്പോൾ എന്ന പേരിൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സ്നേഹപ്രകാശ്. വി. പി.

കാത്തുനില്പിന്റെ ഒരു നിമിഷാർദ്ധം. സിഗരറ്റിനുവേണ്ടി പാന്റ്സിന്റെ പോക്കറ്റിൽ കൈ തിരുകുമ്പോൾ അങ്ങു ദൂരെനിന്നും നടന്നു വരുന്ന സുമിത. താൻ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന പെൺകുട്ടി. നരച്ച മുഖമുള്ള, നഗരത്തിലെ തിരക്കുപിടിച്ച ബിസിനസ്സുകാരനായ കമൽദേവിന്റെ ഏക പുത്രി.

“സോറി.. രമേഷ്.. അയാം എ ബിറ്റ് ലേറ്റ്.. ഡാഡി ഇന്ന് വീട്ടിൽത്തന്നെ കൂടിയിരിക്കയാ കമ്പ്യൂട്ടറിനു മുന്നിൽ. അവസാനം ലൈബ്രറിയിലേക്കാണെന്ന് പറഞ്ഞു രക്ഷപ്പെട്ടു…. ”

ചുണ്ടുകൾക്കിടയിലൂടെ പുറത്തു വരാൻ മടിച്ചു നിൽക്കുന്ന ദന്തനിര.

വല്ലപ്പോഴും മാത്രം കൈകൾ കൊണ്ട് മുഖംപൊത്തി ചിരിക്കാറുള്ള സുമിതയെ ഓർത്തു. തന്റെ ഭാവനയിലെ സുമിതയുടെ ഏറ്റവും സൗന്ദര്യമുള്ള ഭാവം.

“ഹോ… ഇറ്റ്സ് ഓക്കേ… ”

ചിരിച്ചുകൊണ്ടുതന്നെ പറഞ്ഞു.

“പിന്നെ എന്തെല്ലാമാണ് രമേഷ്… ”

അവൾ കൺപുരികങ്ങൾ ഉയർത്തി.

“സുമി പറയു…ഇന്ന് ഞാൻ കേൾക്കാനുള്ള മൂഡിലാണ്… വരൂ നമുക്ക് ബീച്ചിലേക്ക് പോവാം…”

റോഡിന്റെ ഓരത്തായി കെട്ടിയുയർത്തിയ അരമതിലിൽ ആരെല്ലാമോ കാറ്റുകൊള്ളാനിരിക്കുന്നു. കടല വില്പനക്കാരന്റെയും, ഐസ്ക്രീമുകാരന്റെയും വണ്ടികൾക്കിടയിലൂടെ അരമതിലിനിടയിലെ ഒതുക്കുകളിറങ്ങി കടൽത്തീരത്തേക്ക് നടന്നു. കാറ്റാടി മരങ്ങൾക്കിടയിലൂടെ പഞ്ചാര മണലിലൂടെ നടക്കവേ അസൂയ നിറഞ്ഞ നോട്ടങ്ങൾ കണ്ടില്ലെന്നു നടിച്ചു.

ഇന്ന് ഒഴിവുദിവസമായതു കൊണ്ടായിരിക്കാം കടൽത്തീരത്ത് പതിവിൽകൂടുതൽ ആൾക്കാരുണ്ട്. ആർത്തുല്ലസിച്ച് ബഹളം വെച്ചു നടന്നു നീങ്ങുന്ന യുവാക്കളുടെ കൂട്ടം. പിന്നെ കുടുംബാംഗങ്ങളോടൊത്ത് ഒഴിവുദിവസമാഘോഷിക്കാനെത്തിയവർ. കഴുത്തിൽ തൂക്കിയിട്ട ബാഡ്ജുകളുമായി ഏതോ സ്കൂളിൽ നിന്നും വന്ന ഒരു വിനോദയാത്ര സംഘം. വിദ്യാർത്ഥികളുടെ സുരക്ഷയിൽ ശ്രദ്ധിച്ചുകൊണ്ട് അദ്ധ്യാപകർ.

“നമുക്കിവിടെയിരിക്കാം…”

നടന്നു, നടന്ന് ആളൊഴിഞ്ഞ ഒരു ഭാഗത്തെത്തിയപ്പോൾ അവൾ പറഞ്ഞു.

ഒരു സിഗരറ്റിനു തീ കൊളുത്തിക്കൊണ്ട് അവൾക്കരികിലായി ഇരിക്കവേ.

“രമേഷ്.. ഞാനൊന്നു ചോദിച്ചോട്ടെ..”

“ഒന്നല്ല സുമി.. ഒരായിരം ചോദ്യങ്ങൾ ചോദിക്കൂ…”

കാറ്റിൽ പറക്കുന്ന അവളുടെ മുടിയിഴകൾ ശ്രദ്ധിച്ചുകൊണ്ട് പറഞ്ഞു.

“രമേഷിന് എന്നെ ഇഷ്ടമാണോ…”

അവൾ തന്റെ കണ്ണുകളിലേക്ക് കുസൃതിയോടെ നോക്കി.

“അങ്ങിനെയിപ്പോൾ കേട്ടു സുഖിക്കണ്ട. എനിക്ക് സുമിയെ ഒട്ടും ഇഷ്ടമല്ല…”

അവൾ മുഖം കോട്ടി.

സിഗരറ്റിന്റെ പുക അന്തരീക്ഷത്തിൽ തീർക്കുന്ന വൃത്തങ്ങളെ ശ്രദ്ധിച്ചുകൊണ്ട് പറഞ്ഞു.

“നോക്കൂ സുമി… എന്റെ ജീവിതത്തിലേക്ക് ഇതിനിടെ എത്രയോ പെൺകുട്ടികൾ കടന്നു വന്നിരിക്കുന്നു. പലരും പലപ്പോഴായി പിരിഞ്ഞു പോയി. സുമി അവരിൽ നിന്നെല്ലാം വ്യത്യസ്ഥയാണെന്നെനിക്കറിയാം. അതുകൊണ്ടുതന്നെ ഞാൻ ഒരു ചോദ്യം ചോദിക്കട്ടെ..”

തന്റെ മുഖത്തുതന്നെ കണ്ണു നട്ടിരിക്കുന്ന സുമിത. അവളുടെ കണ്ണുകളിൽ കടലിന്റെ നീലിമ.

“എന്തേ സുമിത എന്നെ ഇത്രമാത്രം ഇഷ്ടപ്പെടാൻ…”

ഓർമിക്കാൻ ശ്രമിച്ചു. കോളേജിൽ തന്നോടൊപ്പം പഠിച്ചിരുന്ന പ്രവീണ, രാത്രിയുടെ അന്ത്യയാമങ്ങളിൽ മനസ്സും ശരീരവും തനിക്കു പങ്കുവെക്കാറുണ്ടായിരുന്ന നീത ജോർജ് എന്ന കോളേജ് ബ്യൂട്ടി, ഓഫീസിൽ കൂടെ ജോലി ചെയ്യുന്ന ലത. അങ്ങിനെ എത്ര പേർ. എല്ലാം എത്ര പെട്ടെന്നാണ് മടുത്തു പോവുന്നത്. ആത്മാർത്ഥമായ സ്നേഹം, അതിനായിരുന്നു തന്റെ മനസ്സ്‌ എപ്പോഴും കൊതിച്ചത്. ഉപാധികളൊന്നുമില്ലാതെ പരസ്പരം സ്നേഹിച്ചു കൊണ്ടേയിരിക്കാൻ. ഒടുവിൽ താൻ അന്വേഷിച്ചത് സുമിതയിൽ കണ്ടെത്തിയിരിക്കുന്നു.

” രമേഷ്… ”

ഓർമകളിൽ കുരുങ്ങിപ്പോയ മനസ്സ്‌ ഞെട്ടിയുണർന്നു.

” ഈ ചോദ്യത്തിന് മറുപടി തരാൻ എനിക്കാവില്ല രമേഷ്. എന്നേക്കാൾ കൂടുതലായി ഞാൻ രമേഷിനെ ഇഷ്ടപ്പെടുന്നു. ഒരുപാട്, ഒരുപാട് ഇഷ്ടം. അതിനുള്ള കാരണം…അതുമാത്രം എനിക്കറിയില്ല രമേഷ്. ആട്ടെ… ഈ ചോദ്യം ഞാൻ തിരിച്ചു ചോദിച്ചാലോ…”

കടലിനു മുകളിൽ വട്ടമിട്ടു പറക്കുന്ന പരുന്തുകളെ നോക്കിക്കൊണ്ട് പറഞ്ഞു.

” സുമി സുന്ദരിയാണ്. ഞാൻ കണ്ടിട്ടുള്ളതിൽ വെച്ചേറ്റവും സുന്ദരി. പക്ഷേ എന്നിൽ രതി ഉണർത്താൻ പറ്റാത്ത ഒരേ ഒരു സുന്ദരിയാണ് സുമി. ഞാൻ അന്വേഷിച്ചതും അതായിരുന്നു. വർഷങ്ങളായുള്ള എന്റെ അന്വേഷണം …എന്റെ ഏറ്റവും വലിയ സ്വപ്നം….”

കടലിലേക്കു നോക്കി. സൂര്യൻ മിക്കവാറും കടലിൽ താഴ്ന്നു കഴിഞ്ഞിരുന്നു. ഒരു ചെറിയ പൊട്ടുമാത്രം കടലിനുമുകളിൽ ദൃശ്യമായിരുന്നു. കടൽ ചെഞ്ചായം പൂശിയതുപോലെ ചുവന്നുതുടുത്തിരുന്നു. പറവകളെല്ലാം കൂടുതേടി പറന്നു പോയ്കൊണ്ടിരിക്കുന്നു. കടൽത്തിരകളിൽ കളിച്ചു മതിവരാതെ, കരയിലേക്കു കയറാൻ കൂട്ടാക്കാതെ വാശി പിടിക്കുന്ന കുട്ടികളെ ശകാരിക്കുന്ന ഏതോ ഒരമ്മയുടെ ശകാര വാക്കുകൾ ചെവികളിൽ പതിക്കുന്നു. ഏതോ വിദ്യാർത്ഥിയിൽ നിന്നും വീണു പോയൊരു ബാഡ്ജ് പാതിയും പൂഴിയിൽ പുതഞ്ഞു കിടക്കുന്നു. കടൽത്തീരത്തുള്ളവർ ഓരോരുത്തരായി എഴുന്നേറ്റുതുടങ്ങിയിരുന്നു.

ഇപ്പോൾ സൂര്യൻ പൂർണമായും കടലിൽ മറഞ്ഞുകഴിഞ്ഞിരിക്കുന്നു. രാത്രിയും പകലുമല്ലാത്ത അവസ്ഥ. ഓരോ അസ്തമയവും ഓരോ മരണമായാണ് അനുഭവപ്പെടാറ്. ഓരോ പകലിന്റെയും മരണം. പെട്ടെന്ന് കടൽത്തീരത്തു നിശബ്ദത പരക്കുന്നത് പോലെ തോന്നി. ദുഃഖം ഘനീഭവിച്ചു നിൽക്കുന്ന ഏതോ തുരുത്തിൽ എത്തിപ്പെട്ടതു പോലെ. ചിന്തകളിൽ നിന്നും മനസ്സിനെ വേർപെടുത്തി, കടലിലേക്കുള്ള നോട്ടം പിൻവലിച്ച് തിരിഞ്ഞു നോക്കുമ്പോൾ സുമിത നടന്നു മറഞ്ഞിരുന്നു.

സ്നേഹപ്രകാശ്.വി. പി.

കോഴിക്കോട് ബേപ്പൂർ, അരക്കിണർ സ്വദേശി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിവിധ ശാഖകളിൽ മാനേജർ ആയിരുന്നു. വിരമിച്ചതിനു ശേഷം ആനുകാലികങ്ങളിലും, നവ മാധ്യമങ്ങളിലും കവിതകൾ, കഥകൾ, കുറുംകഥകൾ, ഓർമക്കുറിപ്പുകൾ തുടങ്ങിയവയുമായി എഴുത്തിൽ സജീവമാണ്. 2008 ൽ ബഷീർ ജന്മ ശതാബ്‌ദിയോടനുബന്ധിച്ച് കാഞ്ഞങ്ങാട് നെഹ്‌റു കോളേജിന് വേണ്ടി അംബികാസുതൻ മാങ്ങാട് പുറത്തിറക്കിയ “നൂറ് ബഷീർ” എന്ന പുസ്തകത്തിലെ ഓർമക്കുറിപ്പിലാണ് ആദ്യമായി അച്ചടി മഷി പുരണ്ടത്.
പിന്നീട് ചില കൂട്ടായ്മകളുടെ സമാഹാരങ്ങളിൽ. കവിതകൾ എഴുതിയിട്ടുണ്ട്. .”ഉടലുകൾ ” എന്ന 60 കുറുംകഥകളുടെ സമാഹാരം 2021 ൽ പ്രസിദ്ധീകരിച്ചു .

ശിവജ കെ.നായർ

മനുഷന്മാരുടെ ഓണവിശേഷങ്ങൾ നിറച്ചു വച്ചിട്ടുള്ള പത്തായത്തില് അധികമൊന്നും ബാക്കിയില്ലാണ്ടായിരിയ്ക്കുന്നുവത്രേ! പക്ഷേ, അത്രയ്ക്കങ്ങ് ഇല്ലാണ്ടായിട്ടൊന്നുമില്ലെന്നേ. ഉണ്ടായിരുന്നതൊക്കെ ഓരോരുത്തരങ്ങ് വാരിയെടുത്തെഴുതിപ്പൊലിപ്പിയ്ക്കുകയല്ലേ . പിന്നെങ്ങനെയാ ബാക്കിയുണ്ടാവുക. പക്ഷേ സങ്കടം വേണ്ട കേട്ടോ . ഈ പൊലിപ്പിക്കലുകൾ പൂത്തു വിരിഞ്ഞ് കായ്ച് പാകം വന്ന് കാറ്റിൽ പൊട്ടിത്തെറിച്ച് വീണിടങ്ങളിൽ മുള പൊട്ടി തഴച്ചുവളർന്ന് വേരുകളിൽ പിന്നെയും പൊട്ടിപ്പടർന്ന് തഴച്ചങ്ങനെ മുട്ടൻ മരങ്ങളാവും. പൂക്കും. കായ്ക്കും. വിത്തെടുത്ത് നമ്മൾ പത്തായം നിറയ്ക്കും.

ചുട്ടുപൊള്ളിയ രാവുകൾ മാത്രമാണിക്കുറി കർക്കിടകം തന്നു പോയത്. രാമായണത്താളിൽ അക്ഷരങ്ങൾ ചുട്ടുപൊള്ളി നിന്ന പോലെ …..! ഇരുട്ടു വീണാൽ പറമ്പിലെ റമ്പുട്ടാൻ മരത്തിൽ നിറയെ വവ്വാലുകൾക്ക് ആഘോഷരാവാണ്. ചിറകു കുടഞ്ഞും, ചില്ലയുലച്ചും അവരങ്ങനെ അടിച്ചു പൊളിക്കും. വ്യവസ്ഥകളില്ലാതെ പടർന്നു കായ്ച്ച ആ മറുനാടൻ മരം അവർക്ക് ആഹാരസമൃദ്ധിയുടെ ഓണം കൊണ്ടുവന്നു. ഇരുട്ടിനെ കീറിമുറിച്ച് അവരങ്ങനെ പറന്നു പോകുമ്പോഴും ഊഴമിട്ടൂഴമിട്ട് ചില്ലകളിൽ അമർന്ന് തൂങ്ങുമ്പോഴും പതിറ്റാണ്ടുകൾക്കപ്പുറത്ത് ആറ്റുതീരത്തെ പുളിമരച്ചില്ലയുലച്ചുയർന്ന് ഒരൂഞ്ഞാൽ ഓർമ്മകളുടെ മേഘത്തുണ്ടുകളിലേയ്ക്കങ്ങനെ ഊളിയിട്ടു പോയിട്ടുണ്ടാവും. വെട്ടിയൊതുക്കി ചട്ടം പഠിപ്പിക്കാതെ കാടു കയറി വളർന്നുല്ലസിക്കാൻ വിട്ട പേരമരം വെളിച്ചം കാണുന്നിടത്തേയ്ക്കൊക്കെയും തല നീട്ടി നീട്ടി കൂസലില്ലാതെ കായ്ച്ചു നിൽക്കുമ്പോൾ അതിൽ കേൾക്കാം പച്ചിലക്കുടുക്കകളുടെ ഓണപ്പാട്ട് . പഴങ്ങളുടെ ചുവപ്പൻ കാമ്പിലേയ്ക്ക് കൊതി കൊത്തി വച്ചിട്ടുണ്ടാവും അവരപ്പോൾ !

പരന്ന പഞ്ചായത്തിൽ പത്തടി വയ്ക്കുമ്പോഴേയ്ക്ക് ഒരു വീടാണ്. ചുരുക്കം ചില വീടുകൾക്ക് മാത്രമാണ് വിശാലമായ പറമ്പുള്ളത്. ഇത്തരം പറമ്പുകളിൽ മഞ്ഞക്കറുപ്പിന്റെ മിന്നലാട്ടം തീർക്കുന്ന ” കോമള ബാലന്മാരായ “ഓണക്കിളികളെ കാണാം. കറുപ്പഴകുള്ള മേനിയിൽ ഇത്തിരി വെള്ളപ്പൊട്ട് വീഴുമ്പോൾ കാക്കകൾക്ക് ഓണമായെന്നാണ് പറച്ചിൽ . ഉച്ചവെയിൽ തളർന്ന് മയങ്ങുന്ന നേരത്ത് അണ്ണാറക്കണ്ണൻമാർ മരത്തടിമേൽ അമർന്നിരുന്ന് ആഹരിയ്ക്കുന്നതു കാണാം. ഒരു മരത്തിന്റെ കായ്ക്കാലം അവർ ഓണമാക്കുകയാണ്.

ഓണമെന്നും പ്രകൃതിയിലാണ് ആദ്യം വെട്ടപ്പെടുന്നത്. വലുതും ചെറുതുമായ ഒരു പാട് പൂക്കളിൽ നിറവും മണവുമാകുന്നത് , നിലാവിന് ചേലു ചാർത്തുന്നത് , അതിനെയെല്ലാം ഓരോ ജീവസാന്നിദ്ധ്യങ്ങളും തങ്ങളോട് ചേർത്തു വയ്ക്കുമ്പോഴാണ് ഓണം ഉത്സവമാവുന്നത്. മനുഷന്മാര് തമ്മിൽ കാണുമ്പോൾ വല്ലാതെ അടുപ്പക്കാരാകും. ആശംസിച്ചാശംസിച്ചങ്ങ് ഓണമാക്കിക്കളയും . പക്ഷിമൃഗാദികളെപ്പോഴും തമ്മിൽ ഒരു മനോഹര ദൂരം സൂക്ഷിയ്ക്കും. അകലവും അടുപ്പവും മനോഹങ്ങളായിരിയ്ക്കട്ടെ . ഉത്സവ സീസണുകളിൽ ആശംസിയ്ക്കാനായി മാത്രം എവിടെയും കടന്ന് ചെല്ലുകയും അടുത്ത ഉത്സവത്തിന് മാത്രം വീണ്ടും വരികയും ചെയ്യുന്ന പോളീഷ് ചിരികളെ മാറ്റി നിർത്തി ഓണമെന്ന ആശയത്തെ ആഴത്തിൽ സംഭവിപ്പിക്കുന്ന ബന്ധങ്ങളെ ചേർത്തുപിടിയ്ക്കാം. ഓണം ഓളവും മേളവും മാത്രമല്ല അത് ഒരിയ്ക്കലും പിഴയ്ക്കാത്ത ,ഹൃദയ ബന്ധങ്ങളുടെ താളം കൂടിയാണ്. –

ശിവജ കെ.നായർ.

ചങ്ങനാശ്ശേരി തൃക്കടിത്താനം സ്വദേശിയാണ് , തൃക്കടിത്താനം എൻ എസ്സ് എസ്സ് സ്കൂൾ അധ്യാപിക.
ആകാശവാണിയിൽ കഥ,കവിത എന്നിവ പ്രക്ഷേപണം ചെയ്തിട്ടുണ്ട്.

[email protected]

മിന്നു സൽജിത്ത്‌

നിന്റെ ധ്വനികൾക്കിടയിൽ
മറഞ്ഞിരുന്ന്
എന്റെ പാദങ്ങളെ
ഇക്കിളിപ്പെടുത്തിയ,
ഇരുളടഞ്ഞ പാതകളുള്ള ഒരു ദ്വീപ് നിനക്കറിയാമോ?
നിന്റെ
ഹൃദയത്തിന്നാഴങ്ങളിൽ പെയ്തൊഴിഞ്ഞ
മഴനൂലിഴകളെ
ചേർത്തു വച്ച്,
ഉത്തരത്തിൽ കുരുക്ക് തീർത്ത ഒരു കൂട്ടുകാരിയെ നീ ഓർക്കുന്നുവോ?
അവളുടെ പ്രാണൻ നിന്റെ പ്രയാണവീഥികൾക്കപ്പുറം
ഒരു മഴതോരാത്ത ദ്വീപിൽ പ്രണയത്തിന്റെ,
വിരഹത്തിന്റെ,
ആപ്ത്ത വചനങ്ങളുടെ ചുള്ളികാടുകളിൽ കുരുങ്ങി കിടക്കുകയാണെന്ന്
നീയറിഞ്ഞുവോ?
ചത്ത നത്തുകൾ രാശിയുടെ
സർപ്പദംശനമേറ്റു ആത്മാക്കളെ തേടുന്ന പാതയോരത്തിലൂടെ നീ യാത്രപോയിട്ടുണ്ടോ?
ഊതവർണ്ണങ്ങളെ
ആർത്തിയോടെ നോക്കിയ
ആത്മാക്കളെ നീ
രുദ്രാക്ഷത്തിൽ കുരുക്കി അണിയുമ്പോൾ,
നിന്റെ നക്ഷത്ര കണ്ണുകളിൽ വിരിഞ്ഞ പ്രണയത്തിന്റെ ചിരാത് കെട്ടണഞ്ഞ്പോയതും
എന്റെ മഴ തോരാത്ത
ദ്വീപുകളിലെവിടെയോ
ആയിരുന്നുവെന്ന് നീയറിഞ്ഞുവോ?

മിന്നു സൽജിത്ത്‌

സ്വദേശം എറണാകുളം ജില്ലയിൽ വടക്കൻ പറവൂർ.
എയർഡേൽ ഹോസ്പിറ്റലിൽ നഴ്സ് ആയി ജോലിചെയ്യുന്നു.
പ്രസിദ്ധീകരണങ്ങളിൽ ചെറുകഥകളും കവിതകളും എഴുതാറുണ്ട്.
ഭർത്താവ് – സൽജിത്ത്
മകൻ – സമന്വയ്

ശുഭ

ഈ നല്ല രാവിൽ നീ ഒന്നു പാടു പ്രേമാർദ്രമായ്

ഈ നീലവാനിൽ രണ്ടു താരകംപോൽ മിന്നിനിൽക്കാം.

താനെ മൂളും മുളംതണ്ടാകാം,

ചേർന്നൊഴുകുന്നൊരു പുഴയായ് മാറാം

നീയും ഞാനും രാഗാനദിയായ് ഒഴുകാം .

ഓർമ്മചിരാതിൻ തോണിയിലേറാം
,
ഓളങ്ങൾപോലെ നിന്നിലലിയാം

നിൻറെ ചൊടികളിൽ ചുംബനമാകാം

നിന്റെ മിഴികളിൽ സ്വപ്‌നങ്ങൾ ആകാം

നിൻ ഹൃദയത്തിൻ സ്‌പന്ദനമാകാം .

ഈ നല്ല രാവിൽ നീ ഒന്നു പാടു പ്രേമാർദ്രമായ്.

ഈ നീലവാനിൽ രണ്ടു താരകംപോൽ മിന്നിനിൽക്കാം.

ശുഭ

കേരള ഹൈക്കോടതിയിൽ ഐ.ടി സെക്ഷനിൽ സോഫ്റ്റ്‌വെയർ ടെക്നിക്കൽ ലീഡ് ആയി വർക്ക് ചെയ്യുന്നു. വായിക്കാൻ ഏറെ ഇഷ്ടം വയലാർ കവിതകൾ. പ്രണയരാവ്, മഴ എന്നി രണ്ടു കവിതകൾ മലയാളംയുക്കെ യിൽ പ്രസിദ്ധികരിച്ചിട്ടുണ്ട്. വരികൾ എഴുതുന്നതിനൊപ്പം അതിന് ഈണം കൊടുത്ത് പാടി നോക്കുന്നത് അതിലേറെ ഇഷ്ടപ്പെടുന്നു. എഴുത്തിൻ്റെ പ്രധാന ഇടം സാമൂഹ്യ മാധ്യങ്ങൾ തന്നെ .
മറ്റു രചനകൾ
കവിതകൾ – ഒറ്റ മന്ദാരം, ഇനി എത്രനാൾ ,ഓർമ്മ ,നീകാത്തിരുന്നാൽ,തിരികെ വരുമോ ? .
ചെറുകഥകൾ – അന്ന് പെയ്ത അതേ മഴ, കശാപ്പിൻ്റെ അന്ത്യം, കണ്ണിൽ നിന്നും കണ്ണിലേക്ക്, അമ്മക്കിളി,നിറക്കൂട്ട്

ഭർത്താവ് – അജേഷ്

ഷാനോ

ആദി കാലങ്ങളിൽ അകത്തമ്മക്ക് പുറമെ അകത്തും പുറത്തും വേലിയില്ലാതെ സംബന്ധങ്ങളുടെ തേർവാഴ്ചകൾ നടത്തിയിരുന്ന കാലം. മേൽവർണ്ണകോയ്മയുടെ വീരത്തം കാട്ടിൽ നായാടാനിറങ്ങുമ്പോൾ പൊട്ടി വരുന്ന മദം തീർക്കാൻ ചെറുമത്തികളുടെ ചെറ്റകുടിലുകളുടെ മുളംഭിത്തികൾക്കുള്ളിൽ ഉയർന്നു താഴ്ന്നു ഉല്ലസിച്ചിരുന്നതിന്റെ ശീൽക്കാര ശബ്ദം. പക്ഷെ, പനിയൻ എന്ന ചെറുമന്റെ ഉള്ളിൽ രോഷാഗ്നി ആളിക്കത്തിക്കുകയാണുണ്ടായത്. സ്വന്തം ഉടപ്പിറന്നവളുടെ അഴകിന്റെ നിമ്നോന്നതങ്ങളിൽ ദാഹം തീർത്ത മേനവനെ അരിവാളുകൊണ്ടായിരുന്നു പനിയൻ യാത്രയയച്ചത്.

കുറ്റബോധം കൊണ്ടാണോ അതോ കിരാതമായ സമ്പ്രദായത്തോടുള്ള മനം മടുപ്പു കൊണ്ടോ ആയിരിക്കാം പനിയന്റെ അരിവാളിനിരയായ മേനവന്റെ മേനവത്തി പനിയന്റെ പെങ്ങളുടെ ഗർഭവും ഗർഭ രക്ഷയും രഹസ്യമായി ഏറ്റെടുത്തു. അതല്ലായിരുന്നെങ്കിൽ കാടുകയറാൻ വന്ന സകല തമ്പുരാക്കന്മാർക്കും വിരുന്നൊരുക്കുവാൻ പനിയനും അരിവാളും ഭ്രാന്തെടുത്തു നടക്കുകയായിരുന്നു. അപ്പോഴാണ് മേനവത്തി പുറം പണിക്കു വന്ന റായിരപ്പൻ മുഖാന്തിരം പനിയന്റെ പെങ്ങളുടെ ഭാവി ഏറ്റെടുത്തത്. അത് കൊണ്ടു മാത്രം അയാള് തണുത്തു. എങ്കിലും തന്റെ അരിവാൾ അയാൾ കോലായുടെ കഴുക്കോലിൽ തിരികെ വച്ചില്ല. ഊരിലെ സ്ത്രീത്വത്തിനു മുഴുവൻ ഒരു കരുതൽ കൊടുക്കുവാൻ അയാൾ സ്വയം തീരുമാനിച്ചത് പോലെ ആയിരുന്നു അയാളുടെ പെരുമാറ്റ രീതികൾ. അത് കൊണ്ടെന്തായാലും ഊരിലെ പെണ്ണുങ്ങളുടെ മാനം അവരവരുടെ സ്വകാര്യമായി മാറിത്തുടങ്ങി.

മേനവത്തി ഏറ്റെടുത്തത് കൊണ്ടവർ അടിയാത്തിയുടെ കുട്ടിക്ക് നില എന്ന് പേരിട്ടു വിളിച്ചു. അച്ഛനില്ലാതെ അമ്മയുടെയും അമ്മാവന്റെയും സംരക്ഷണയിൽ അവൾ വളർന്നു നിളയെപ്പോലെ ഒഴുകുന്ന സൗന്ദര്യവതിയായി കാടിന്റെ ശ്യാമ വർണ്ണത്തിലും അവൾ ശോഭ ചൊരിഞ്ഞു. കാട് കയറുവാൻ വന്ന പല കുട്ടിത്തമ്പുരാക്കന്മാരും അവളുടെ മേനിയഴകിൽ ഭ്രമിച്ചു വശക്കേടായി എങ്കിലും പനിയന്റെ അരിവാളിന്റെ ഹുങ്കാരം അവരുടെയുള്ളിലുറങ്ങിക്കിടന്ന സദാചാരബോധത്തെ ഉണർത്തി വിട്ടു.
ഊരിലെ പെൺജാതിയുടെ മാനത്തിനും ജീവനും കാവലാളായിരുന്നത് കൊണ്ട് പനിയൻ കല്യാണം ചെയ്തിരുന്നില്ല. ഒടുവിൽ പനിയന്റെ കയ്യാൽ തീർന്നുപോയ വലിയ മേനവന്റെ അനന്തരവൻ രാഘവ മേനവന്റെ തോക്കിനു ഇരയായപ്പോൾ അയാൾക്കുവേണ്ടി കരയുവാൻ പെങ്ങളല്ലാതെ മറ്റൊരുത്തി കൂടിയുണ്ടായിരുന്നു. കല്ല്യാണം കഴിക്കാതെ വീര വ്രതമനുഷ്ഠിച്ച പനിയനെ ശുശൂഷിക്കാനും അവന്റെ ചെറുമകിടാങ്ങളെ താലോലിക്കുവാനും ഉള്ളറിഞ്ഞു കൊതിച്ചു കാത്തിരുന്ന ചീരു ആയിരുന്നു ആ പെണ്ണൊരുത്തി.

പനിയന്റെ മരണം ഊരിലോ നാട്ടിലോ അത്ര വലിയ വാർത്ത ആയില്ലെങ്കിലും ഊരിലെ പെൺകിടാങ്ങളുടെയുള്ളിൽ അറിയാതെ ഒരു ഭയം പതിയെ ഗ്രസിച്ചു തുടങ്ങിയിരുന്നു. സമയം തെറ്റിയുള്ള പുറം നാട്ടുകാരുടെ വരത്തു പോക്കുകൾ കൂരിരുട്ടിൽ കുടിലുകൾക്കുള്ളിലും അവർക്കു മേല്കച്ച അഴിഞ്ഞുപോയ പോലെ തോന്നിച്ചു. അത്രമേൽ ഉയരത്തിലായിരുന്നു ആജ്ഞകൾക്കു മീതെയുള്ള ആ ചെറുമത്തികളുടെ അഭിമാന ബോധം. അതുണ്ടാക്കി കൊടുത്തവന്റെ കാവൽ ഇല്ലതാനും.
ചീരു ഒരുപാട് ആശിച്ചിരുന്നതാണ് അവൾക്കു നഷ്ടമായത്. പനിയന്റെ പെങ്ങളേക്കാൾ നിലയെ സ്നേഹിച്ചിരുന്നു പനിയൻ. അതുകൊണ്ടായിരിക്കാം ചീരുവിനു നിലയെ ജീവനായിരുന്നു. അവളുടെ എന്താവശ്യങ്ങൾക്കു വേണ്ടിയും ചീരു അഹോരാത്രം അദ്ധ്വാനിക്കുവാൻ തയ്യാറായിരുന്നു. ചെറുമത്തികളുടെ മാനം കാക്കാൻ പനിയൻ സഹിച്ച ദുരിതവും അയാളുടെ ജീവത്യാഗവുമെല്ലാം ചീരു നിലയ്ക്കു പറഞ്ഞു കൊടുക്കുമായിരുന്നു. പനിയന്റെ മകളല്ലെങ്കിലും താൻ കൊതിച്ചവന്റെ ജീവനായിരുന്നു നിലയ. ചീരു അളവറ്റു സ്നേഹിച്ചിരുന്നു.

നിലയുടെ അമ്മ മരിച്ചു പോയപ്പോഴും ഒരു കടം വീട്ടുന്ന പോലെ ചീരു നിലക്കുവേണ്ടി സ്വന്തം ജീവിതത്തെ മാറ്റിവെച്ചു. ഒടുവിൽ മകളുടെ ജീവിതം വഴിമുട്ടി ഉറവ വറ്റിപോകുന്ന പുഴ പോലെ മാറുന്നതിൽ മനംനൊന്ത റായിരപ്പൻ മനക്കലമ്മയായ വലിയ മേനവത്തിയോട് സങ്കടപ്പെട്ടതിന്റെ ഫലമായി മേനവത്തി നില തന്റെ ഭർത്താവിന്റെ തന്നെ രക്തമാണെന്ന തിരിച്ചറിവുണ്ടായിരുന്നതുകൊണ്ടും അവളോട് ഒരു താല്പര്യമുള്ളതു കൊണ്ടും നിലയെ മനക്കലേക്ക് കൂട്ടികൊണ്ടു വരുവാൻ റായിരപ്പനോട് ആവശ്യപ്പെടുകയാണുണ്ടായത്.
മേനവത്തി തന്നെയായിരുന്നല്ലോ നിളയുടെ ചിലവുകൾ വഹിച്ചിരുന്നതും. മനയ്ക്കലെ പത്തായ പുരയിൽ താമസമാക്കിയത് കാരണം അമ്മാവന്റെ മരണത്തോടെ നിന്ന് പോയ വിദ്യാഭ്യാസം പുനരാരംഭിച്ചു. പഠിക്കുവാൻ മിടുക്കിയായ നില പക്ഷെ മേനവത്തി സ്വന്തം ഉദരത്തിൽ ജന്മം നൽകിയ രണ്ടു പെൺസന്തതികൾക്കു വലിയ അപമാനമായിരുന്നു.

അവർ മൂന്നാളും ഒരേ സ്കൂളിലായിരുന്നു പഠിച്ചിരുന്നത് , വർണ്ണബോധം തന്നെ കാരണം , അച്ഛന്റെ മകളാണെങ്കിലും സ്വസഹോദരിയാണെന്നു ഉള്ളിൽ അറിയുമെങ്കിലും സഹപാഠികളുടെയും സർവദാ സദാചാര വാദികളായ അധ്യാപകരുടെയും പുച്ഛ പരിഹാസങ്ങൾ മനയ്ക്കലെ മേനവന്റെ പെൺ കുട്ടികൾക്ക് താങ്ങാനാവുന്നതിലും അപ്പുറത്തായിരുന്നു. അവർ പഠിപ്പു നിർത്തുമെന്ന ഘട്ടം ആയപ്പോൾ മനക്കലമ്മ നിലയെ പട്ടണത്തിലുള്ള സ്കൂളിലേക്ക് പറിച്ചു നട്ടു.

പട്ടണത്തിന്റെ ഗാംഭീര്യം അവളിൽ സ്ഫോടനാത്മകമായ മാറ്റങ്ങൾ സൃഷ്ട്ടിച്ചു കൊണ്ടിരുന്നു. എല്ലാ തരത്തിലും ഒന്നാമതായി അവൾ മുന്നേറികൊണ്ടിരുന്നു എങ്കിലും കൊച്ചു മേനവത്തികൾക്കു അവളെന്നും തീണ്ടാപ്പാടകലെ ആയിരുന്നു. കൊഴുത്ത ജാതി വിവേചനം നിശ്ശബ്ദമായിരുന്ന ചോര ഊറ്റികുടിക്കുന്ന പട്ടണത്തിലും നിലയുടെ മേൽവിലാസം മേനവത്തിയുടേതായിരുന്നു. അത് അവൾക്കു സമൂഹത്തിൽ ഇരിപ്പിടങ്ങൾ നല്കിക്കൊണ്ടേയിരുന്നു. വല്ലപ്പോഴും ഒരവധിക്കു മനക്കലെത്തുമ്പോൾ പത്തായ പുരയിലേക്കു മാത്രം പോയിരുന്ന അവൾ മനക്കലമ്മയെ കാണുവാൻ വേണ്ടി മാത്രം അകത്തളത്തിലേക്കു വരുമായിരുന്നു. അവളുടെ സാമീപ്യം പോലും സവർണ്ണ കിടാത്തികൾക്കു അസഹനീയമായിരുന്നു. അവൾ പക്ഷെ ഉറച്ച മനസ്സുള്ളവൾ ആയിരുന്നതിനാൽ ഇ ജാതിക്കോമരങ്ങളെ അവഗണിച്ചു. എങ്കിലും അർദ്ധ സഹോദരികൾക്കു വേണ്ടി വരുമ്പോഴൊക്കെ ഒരുപാട് പുസ്തകങ്ങൾ നില വാങ്ങിക്കൊണ്ടു വരുമായിരുന്നു. അവളുടെ മുന്നിൽ വെച്ചവർ ആ അറിവിന് വാതായനങ്ങൾ തുറക്കുവാൻ മുതിരില്ലെങ്കിലും അവൾ പോയി കഴിഞ്ഞാലവർ ആ പുസ്തകങ്ങൾ എല്ലാം തന്നെ ഹൃദിസ്ഥമാകുമായിരുന്നു.

അറിവിന്റെ ലോകത്തേക്ക് പുതിയ വെളിച്ചം വീശിയ നിലയെ അവർക്കു വിരോധമില്ലെങ്കിലും നിറം എന്ന രാപിശാചുക്കളുടെ ദുർഗന്ധമുള്ള കരവലയത്തിൽ നിന്നും അവർ മോചിതരായിരുന്നില്ല. ആ ചിന്തകൾ അവരെ നിലയിൽ നിന്നും അകറ്റി നിർത്തി.

ചോര ഇറ്റു വീഴുന്ന അരിവാളുമായി പത്തായ മാളികയുടെ മട്ടുപ്പാവിൽ ഉഗ്ര കാളിയെ പോലെ കലി പൂണ്ടു നിന്ന നിലയെ വലിയ മേനവത്തി ഒന്നേ നോക്കിയുള്ളൂ. ദാരിക വധം കഴിഞ്ഞു കലിതുള്ളി നിൽക്കുന്ന കാളിയെപോലെ നിലയുടെ മറുകയ്യിൽ ഒരു ശിരസ്സുണ്ടായിരുന്നു , അനന്തിരവൻ രാഘവ മേനവന്റെ ആയിരുന്നു അത് ബോധ രഹിതയായി നിലപതിച്ച വലിയമേനവത്തി കൺ‌തുറന്നു നോക്കുമ്പോൾ കണ്ടത് പത്തായ മാളികക്ക് പിന്നിൽ വെട്ടിയ കുഴിയിലേക്ക് രാഘവ മേനവനെ വലിച്ചിഴച്ചു കൊണ്ടുപോകുന്ന നിലയെന്ന ഉഗ്രരൂപിയെയായിരുന്നു. എഴുന്നേൽക്കാനാവാതെ അത്യന്തം തകർന്ന മനസ്സോടു കൂടി കോലായിൽ നിർബാധം കണ്ണുനീർ പൊഴിച്ച് വിലപിച്ചിരുന്ന മേനവത്തിയുടെ അർദ്ധനഗ്നമായ മേനിയിലേക്ക് അയയിൽ നിന്നും മേൽമുണ്ട് വലിച്ചെടുത്തു പുതപ്പിച്ചു കൊണ്ട് നില പറഞ്ഞു ” അമ്മ കരയണ്ട അമ്മയെ തിരിച്ചറിയാത്ത പട്ടികളോട് അരിവാളുകൊണ്ടു പറയുവാനാ പനിയന്റെ പരമ്പരക്കറിയു . ”

തൻറെ മാനത്തിനു മേൽ കാമം ശമിപ്പിക്കുവാൻ വന്ന അനന്തരവനെ കാലപുരിക്കയച്ച തന്റെ വളർത്തു മകളെ കെട്ടിപിടിച്ചു ആ അമ്മ നിർത്താതെ അലമുറയിട്ടു.

രാഘവ മേനവന്റെ മരണം വലിയ മേനവന്റെ കുടുംബത്തിൽ നിന്നും അയിത്തത്തെ ഇല്ലാതാക്കുവാൻ തുടങ്ങി. പൂർണ്ണമായും ഇല്ലാതായി എന്ന് തന്നെ വേണം പറയുവാൻ , കാരണം ഇന്ന് അമ്മയോടെങ്കിൽ നാളെയതു ഞങ്ങളോടായിരിക്കും എന്ന് വലിയ മേനവന്റെ രണ്ടു പെൺകുട്ടികൾക്കും അറിയാമായിരുന്നു. അവരുടെ രക്ഷകയുടെ ഉഗ്രരൂപം അവരെ അടിമുടി മാറ്റിക്കളഞ്ഞു. ആ മാറ്റം അവരെ വർണ്ണ വിവേചനത്തിന്റെ തടവറയിൽ നിന്നും മോചിപ്പിക്കുകയാണുണ്ടയത്. രാഘവ മേനവന്റെ കൊലപാതകമാവട്ടെ ആരും അറിഞ്ഞില്ലതാനും. നാടുവിട്ടു പോയെന്നൊരു നാട്ടു വർത്തമാനവും കാണ്മാനില്ലെന്നൊരു പരാതിയിലും ഒതുങ്ങിപോയിരുന്നു അയാളുടെ മരണം.

അധികാരത്തിലും അജ്ഞതയിലും മുങ്ങികിടന്ന അയിത്തത്തിന്റെ വിഷപ്പുക നീങ്ങിയപ്പോൾ തെളിഞ്ഞത് നിലയ്ക്ക് മുന്നിൽ നീണ്ടു നിവർന്നു കിടക്കുന്ന അറിവിന്റെ അസ്തമിക്കാത്ത വെളിച്ചവും ഒടുങ്ങാത്ത വഴികളും ആയിരുന്നു. മേനവ കുട്ടികളുടെ ഏട്ടത്തിയായി മനക്കൽ അമ്മയുടെ സ്നേഹവാത്സല്യം നുകരുവാൻ കഴിഞ്ഞ ആ ഉജ്ജ്വലര്തനമായ പെൺകൊടിക്കു മുന്നിലേക്ക്‌ ഉന്നത വിദ്യാഭ്യാസത്തിന്റെ നിരവധി വഴികൾ തുറക്കപ്പെട്ടു.

വിദ്യയുടെ നിരവധി പടവുകൾ അനായാസം അവൾ ചവിട്ടിക്കയറി. മനക്കലമ്മയുടെ വിലാസം അവൾക്കു അംഗീകാരങ്ങൾ വാങ്ങിക്കൊടുത്തു. സവർണ്ണന്റെ മുന്നിൽ തുറക്കുന്ന എല്ലാ വാതിലുകളും നിലയെന്ന പെൺകുട്ടിയുടെ മുന്നിലും തുറന്നു കിടന്നു. അവൾ ജില്ലാ ഭരണാധികാരിയായി ചുമതലയേറ്റപ്പഴും അവൾക്കു വർണത്തിന്റെ അംഗീകാരങ്ങൾ കിട്ടിക്കൊണ്ടിരുന്നു. അഹങ്കാരത്തോടെയല്ലെങ്കിലും അവളും ആ വർണ്ണ മാധുരിയിൽ അറിയാതെ ലയിച്ചു പോയിരുന്നു. വർഷങ്ങൾ നീണ്ട സർക്കാർ സേവനത്തിന്റെ ഒഴുക്കിൽ അവളും അങ്ങനെ മുങ്ങിപോയിരുന്നു.

കാരാഗൃഹത്തിന്റെ ഇരുണ്ട മുഷിഞ്ഞ അഴികളിൽ പിടിച്ചു വിചാരണ തടവ് കഴിയുവാൻ കാത്തു നില്കുമ്പോഴും നില എന്ന മുൻ ജില്ല ഭരണാധികാരിക്ക് അല്പം പോലും കുറ്റബോധമുണ്ടായിരുന്നില്ല. ഉത്തരവാദിത്വങ്ങൾ അഴിമതിയില്ലാത്ത അർഹത പെട്ടവർക്ക് വേണ്ടി നിറവേറ്റി വരുമ്പോഴാണ് ആദ്യമായി അവൾക്കു അധികാരത്തിന്റെ വെള്ളക്കുപ്പായം ധരിച്ച മന്ത്രി മാന്യൻ പനിയന്റെ പെങ്ങളെ തിരിച്ചറിഞ്ഞത്. അയാളുടെ കാമ ദണ്ഡ് ജില്ലാ ഭരണകാര്യാലയത്തിലെ പാറാവുവാരന്റെ തോക്കിൻ മുന്നിലെ കത്തി കൊണ്ട് അരിഞ്ഞു വീഴ്ത്തിയപ്പോഴും അവളിലെ ചെറുമത്തി സട കുടഞ്ഞെഴുന്നേറ്റിരുന്നു. കാലത്തിനോ കഴിവുകൾക്കോ മായ്ക്കുവാൻ കഴിയാത്ത നിറം എന്ന നിറമില്ലാത്ത ശാപം ഊരിൽ മാത്രമല്ല ഉലകം മുഴുവനും ബാധിച്ച ഒരു ഇരുൾ പിശാചാണെന്നു നിലയെപോലെ തിരിച്ചറിഞ്ഞവർ നിരവധിയായിരുന്നു. നിർഭാഗ്യമെന്നേ പറയാവു അവരെല്ലാം ” നില ” എന്ന സങ്കല്പ നായികയെപ്പോലെ വിചാരണ തടവുകാരാണ്.

ഷാനോ

കോട്ടയം ജില്ലയിൽ പെരുവ സ്വദേശിയാണ്. സാഹിത്യ രംഗത്ത് ഷാനോയുടെ സംഭാവനകൾ നിരവധിയാണ്.
യുകെയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. കുടുംബം : ഭാര്യ കീർത്തി NHS ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. മകൾ വേദശങ്കരി ഒന്നാം വർഷ വിദ്യാർത്ഥിനി.

ലത മണ്ടോടി

“മേഡം ഇറങ്ങിക്കോളൂ. ഇതാണ് നിങ്ങള് പറഞ്ഞ സ്ഥലം…”

“ഇത്ര പെട്ടെന്ന് ഇവിടെയെത്തിയോ സുഗുണാ…?ഞാനൊന്നും അറിഞ്ഞില്ലല്ലോ… ”

“അതിനു മേഡം ഇരുന്നുറ ങ്ങുകകയായിരുന്നില്ലേ. എ സി യുടെ തണുപ്പിൽ ഉറങ്ങിപ്പോയി അല്ലെ….”

അല്ലെങ്കിലും യാത്രയിൽ ഞാനെപ്പോഴും ഉറങ്ങാറാണല്ലോ. എത്ര ചെറിയ യാത്രയായാലും. വഴിയിലെ കാഴ്ചകൾ അതെത്ര മനോഹരമായാലും എന്റെ ഉറക്കത്തെ അലോസരപ്പെടുത്താറില്ല.

“സാന്ത്വനം എത്തി.. മേഡം ഇറങ്ങൂ…”

സുഗുണന്റെ ശബ്ദം വീണ്ടും.

“ഞാൻ കാർ പാർക്ക്‌ ചെയ്യട്ടെ.ഇവിടെ സൂചി കുത്താൻ പോലും സ്ഥലമില്ല…. പോവാനായാൽ വിളിച്ചാൽ മതി..…”

ഞാൻ ഇറങ്ങി.

“സുഗുണനെന്തെങ്കിലും വാങ്ങിക്കാനുണ്ടോ.. ഉണ്ടെങ്കിൽ പൊയ് ക്കോളൂ …ആയാൽ വിളിക്കാം.പിന്നെ
പൈസ എന്തെങ്കിലും വേണോ…?”

“ഇപ്പോൾ വേണ്ട….”

സുഗുണൻ കുറച്ചു എക്സ്പെൻസീവ് ആണ്. എന്നാലും എന്തു സഹായവും ചെയ്തു തരും.

ആക്രികടകളുടെ നടുക്കാണ് സാന്ത്വനം.താഴെ പഴയ ഇരുമ്പ് വെട്ടി പ്പൊളിക്കുന്ന സ്ഥലം . മുകളിൽ സാന്ത്വനം ഹോം കെയർ..ചെവി കൊട്ടിയടയ്ക്കുന്ന ശബ്ദങ്ങൾക്കു നടുവിലൂടെ ഞാൻ നടന്നു.

“മേഡം ശ്രദ്ധിക്കണം, പഴയ തകരമാണ്… മുറിയും…”
ഈ ശബ്ദവും ഒരു സാന്ത്വനമാണല്ലോ. തിരിഞ്ഞു നോക്കിപ്പോയി ഞാൻ.

ഹാൻസ് ചവച്ചുകൊണ്ടൊരുത്തൻ.എനിക്കവൻ മഞ്ഞിച്ച പല്ലുകാട്ടിയൊരു വികൃത ചിരി സമ്മാനിച്ചു . പെട്ടെന്ന് മുന്നിൽ പ്രത്യക്ഷപ്പെട്ട സ്ത്രീ ലൈംഗികത ചിരിപ്പിച്ചപോലെയൊരു വഷളൻ ചിരി.

പഴയൊരു കെട്ടിടത്തിന്റെ മുകളിലാണ് ഓഫീസ്. കഴിഞ്ഞ എഴുകൊല്ലം അതിനൊരു മാറ്റവും വരുത്തിയിട്ടില്ല. വരുന്ന വഴി ഞാൻ മറന്നിരുന്നു.വീണ്ടും ഓർക്കാൻ ഞാൻ ഉണർന്നിരുന്നുമില്ല.

“പഴയ കോണിയാണ്…. സൂക്ഷിക്കണം..”

വീണ്ടും അതെ ശബ്ദം.

അവനെന്നെ വിട്ടിട്ടില്ലേ. പ്രായം അവനൊരു പ്രശ്നമല്ലെന്നു തോന്നുന്നു.

പറഞ്ഞപോലെ കോണി ദ്രവിച്ചിരുന്നു. ആടിയുലയുന്ന കൈവരികൾ. പണ്ടിത് കയറാൻ ഇത്ര ബുദ്ധിമുട്ടില്ലായിരുന്നു.
അന്നെനിയ്ക്കും കോണിയ്ക്കും കുറച്ചുംകൂടി ചെറുപ്പമായിരുന്നു.കോണികയറിക്ക ഴിഞ്ഞപ്പോൾ അങ്ങിനെയാണ് തോന്നിയത്.

പരിചിതമല്ലാത്തൊരു സ്ഥലം പോലെ. എന്നാലും ചുമരിൽ തൂക്കിയിട്ട മദർ തെരെസയുടെ ചിത്രം അതുപോലെ തന്നെയുണ്ട്. വെള്ള യിൽ നീലക്കരയുള്ള സാരിയിൽ സമാധാനത്തിന്റെ സന്ദേശവുമായി ഒരു വിശുദ്ധ.

“മേഡം.. ഇരിയ്ക്കു…”
പുരുഷന്റെ ഗാംഭീര്യമുള്ള ശബ്ദം.

“മുന്നേ…ഞാൻ ഇവിടെ വരുമായിരുന്നു. അന്നൊരു സ്ത്രീയായിരുന്നു ഇവിടെ ഇരുന്നത്.അവരില്ലേ ഇപ്പോൾ…?”

“നടത്തിപ്പുകാരേ മാറിയില്ലെ ..മേഡം. ഇപ്പോൾ ഞങ്ങളാണ്. പക്ഷെ എല്ലാവരെയും അറിയാം ഞങ്ങൾക്ക്. നിങ്ങൾ ആവശ്യം പറഞ്ഞോളൂ..”

“അച്ഛനെ നോക്കാൻ ഒരാളെത്തേടിയാണ് ഏഴു കൊല്ലം മുന്നെ ഞാനിവിടെ വന്നത്.അന്നൊരു ശിഖയെയാണ് അവരയച്ചു തന്നത്.ആ കുട്ടി ഇപ്പോൾ ഇവിടെയുണ്ടോ.?”

മേശപ്പുറത്തുള്ള ഫയൽ എടുക്കാൻ വന്ന സ്ത്രീയെ നോക്കി അയാൾ പറഞ്ഞു.
“ശിഖയെ അന്വേഷിച്ചിറങ്ങിയതാണ്..ശിഖരങ്ങൾ തഴച്ചു വളർന്നു ശാഖിയായത് ഇവരറിഞ്ഞു കാണില്ല…”

“എന്നോടാണോ? “ഞാൻ ചോദിച്ചു.

“ഇവിടെ പറഞ്ഞതാ…”

“അവരിവിടെയില്ല. ഞങ്ങൾക്കൊട്ടറിയു
മില്ല.നിങ്ങൾക്ക് ഹോംനഴ്സിനെയാണ് വേണ്ടതെങ്കിൽ ഞാൻ അയച്ചു തരാം…”

“ശിഖയുടെ അഡ്രസ് ഉണ്ടോ കയ്യിൽ.?”

“നിങ്ങൾക്കാരെ നോക്കാനാണ്…”

“എന്റെ ഹസ്ബൻഡിനെ… കിടപ്പാണ്…”

ഭൂതവും വാർത്തമാനവും ചില സമയത്തു എന്നിൽ കൂടിക്കുഴയും.

“ആണുങ്ങളെ നോക്കാൻ ഇവിടെ ആളില്ല….”
അന്ന് ആ സ്ത്രീ പറഞ്ഞത് ഞാൻ പെട്ടെന്ന് ഓർത്തു പോയി.

അന്നത്തെ എന്റെ ഉത്തരവും എന്നിൽ തികട്ടി…
“അച്ഛൻ ഒറ്റക്കല്ല. ഒരുമെയ്ഡ് ഉണ്ട് സ്ഥിരം.പക്ഷെ …അവര് വൈകുന്നേരം വീട്ടിൽ പോവും. ഇപ്പോൾ അച്ഛൻ ഒന്ന് വീണ് കിടപ്പിലുമായി.അച്ഛനെ നോക്കാനാണ് ഞാൻ കാലിഫോർണിയയിൽ നിന്ന് വന്നത്. ഞാൻ കൂടെയുണ്ടാവും നിങ്ങൾ ഒരാളെ പറഞ്ഞയച്ചു തരൂ.പെണ്ണുങ്ങളായാലും മതി…”

“ചാർജ് കുറച്ചു കൂടും…”

“ആയിക്കോട്ടെ. അത് പ്രശ്നമല്ല..”

ശിഖയെയാണ് അവരന്നു പറഞ്ഞയച്ചു തന്നത്.
അവൾ അച്ഛനെ നല്ലപോലെ നോക്കി.അച്ഛൻ മരിച്ചശേഷം ഞാൻ തിരിച്ചുപോവുമ്പോഴാണ് അവളും പോയത്. പിന്നെ വിളിക്കാം എന്നൊക്കെ അന്ന് പറഞ്ഞിരുന്നു. അതൊന്നും പിന്നെ ഉണ്ടായില്ല.

“മേഡം.. ഒന്നും പറഞ്ഞില്ല….”
ശബ്ദഗാംഭീര്യം എന്നെ വാർത്തമാനത്തിൽ തന്നെ പിടിച്ചു നിർത്തി.

“ശിഖയുടെ അഡ്രസ് ഇവിടെ ഉണ്ടാവുമോ ഉണ്ടെങ്കിൽ ഒന്ന് നോക്കു…”

“ഇവിടെ ആണുങ്ങളെ നോക്കുന്നവരുണ്ട് ഇപ്പോൾ…”

“ആ അഡ്രസ് ഉണ്ടെങ്കിൽ ഒന്ന് തരൂ..”

എന്റെ ആവശ്യവും അയാളുടെ ആവശ്യവും ഒന്നുരഞ്ഞു.

“അവളെ കിട്ടിയില്ലെങ്കിൽ ഞാൻ തീർച്ചയായും വരും..”

എന്റെ ശബ്ദം ഇത്തിരി ഉയർന്നുവോ എന്നൊരു സംശയം.

ശിഖ
C/o മണികണ്ഠൻ
നായ്ക്കട്ടി
സുൽത്താൻ ബത്തേരി.

അയാൾ തന്ന തുണ്ട് കടലാസിൽ മഷി ഉണങ്ങാതെ പടർന്നു വികൃതമായ അക്ഷരങ്ങൾ.
താല്പര്യമില്ലാതെ ചലിച്ച വിരലുകളിൽ വന്നൊരു കൈപ്പട.
വിലാസം അതിനെന്തൊക്കെയോ എന്നോട് പറയാനുണ്ടെന്നെനിക്ക്അപ്പോൾ തോന്നി.ഞാൻ പെട്ടെന്ന് കോണിയിറങ്ങി. സുഗുണനെ വിളിച്ചു.

“സുഗുണാ നമുക്ക് നാളെ ബത്തേരി വരെ ഒന്ന് പോകണം. ഒരാളെ കണ്ടുപിടിക്കാനുണ്ട്.അഡ്രസ് കിട്ടിയിട്ടുണ്ട് കാർ ഒന്ന് ശരിയാക്കി വെച്ചോളൂ…”

“മേഡം… പരിചയക്കാരുണ്ടെങ്കിൽ എളുപ്പമായിരുന്നു…”

“ഞാൻ നോക്കി വെയ്ക്കാം…സുഗുണാ… നമുക്ക് രാവിലെ നേരത്തെ പുറപ്പെടണം.”

കൂടെ പഠിച്ച ബത്തേരിക്കാരൻ ഹാരിസ് . അവനെ വിളിക്കാം. പരിസ്ഥിതി പ്രവർത്തകനാണല്ലോ. സ്ഥലം അറിയുമായിരിക്കും. കോളേജ് ബാച്ചിന്റെ റിയൂണിയനു അവൻ വിളിച്ചിരുന്നു. അന്ന് വിവരങ്ങളൊക്കെ ഒന്ന് വെറുതെ അന്വേഷിച്ചതാണ്. അതെന്തായാലും നന്നായി എന്ന് മനസ്സിൽ കണക്കുകൂട്ടി. ഞാൻ ഉടനെ ഹാരിസിനെ വിളിച്ചു.

“എന്താടോ…ചാരു..ഒരു മുന്നറിയിപ്പുമില്ലാതെ..”

ഞാൻ ആവശ്യം പറഞ്ഞു.

“എന്തായാലും വാ.. ശിഖയെയൊക്കെ നമുക്ക് തപ്പികണ്ടുപിടിക്കാം.എനിക്ക് ചാരുനെയും ഒന്ന് കാണാലോ… ”

നിന്നെയൊന്നു നല്ലപോലെ കണ്ടോട്ടെടോ… എന്ന് പറഞ്ഞു കോണിച്ചോട്ടിൽ തടഞ്ഞുവെച്ചത്. എന്റെ മുഖഭാവം
കണ്ട്
എന്തേ തമ്പ്രാട്ടിക്കുട്ടിക്ക് ചൊടിച്ചോ.. എന്നു ചോദിച്ചത്…നായരുട്ടിയെ സംബന്ധം ചെയ്യാൻ മാപ്ല റെഡിയാണെ …. അതേ ഹാരിസ്.
അതേ ചിരി ഞാൻ അപ്പുറത്ത് കേട്ടു.

ഒരിക്കലും മോചനമില്ലാത്ത കിടപ്പിലുള്ള ഭർത്താവിനെ നോക്കാൻ ഒരാളെ അന്വേഷിച്ചു അവന്റെ അടുത്തേക്കാണ് ഞാൻ പോവുന്നത്.

“പിന്നെ ഒരു കാര്യം..
നായ്ക്കട്ടിയിൽ കടുവ ആക്രമണം രൂക്ഷമാണിപ്പോൾ പക്ഷേ താൻ പേടിക്കേണ്ട…”

ഹാരിസ് ഫോണിൽ തന്നെയാണ്.

“ഞാൻ മിക്കവാറും ഏതെങ്കിലും മീറ്റിംഗിലായിരിക്കും.… ഒരു മിസ്സ്‌ ഇട്ടു പുറകിൽ ഇരുന്നാൽ മതി. ഞാൻ വന്നോളും.”

ശരി എന്ന് പറഞ്ഞു ഞാൻ ഫോൺ വെച്ചു.

“മേഡം സാറിന്റെ അടുത്ത്.. ശ്യാമളേച്ചി വരുന്നവരെ.. ”
അടുത്ത ദിവസം രാവിലെ പുറപ്പെടാൻ നേരത്തു സുഗുണന്റെ ആശങ്ക.
എഴുകൊല്ലമായി യാന്ത്രികമായി ചെയ്തുപോരുന്ന ഉത്തരവാദിത്തങ്ങളിൽ ഒന്ന് മാത്രം. എന്നാലും അയാൾക്കു മറുപടി കൊടുത്തു

“അല്ല സുഗുണൻ… സാറിന്റെ പെങ്ങൾ . ഇന്നലെരാത്രി തന്നെ വന്നു. . നാളെയെ തിരിച്ചു പോവുള്ളു…”

യാത്ര തുടങ്ങിയതും കണ്ണുകളടഞ്ഞത് ഒരനുഗ്രഹമായി.

“നമ്മൾ അടിവാരം എത്തിട്ടോ… ഇനി ഉറങ്ങണ്ട..”

ഉറങ്ങണ്ടെങ്കിൽ ഉറങ്ങണ്ട. മങ്ങിയപ്രകാശത്തിൽനിന്നിങ്ങനെ ഉദിച്ചുയരുന്നതനുസരിച്ചു കറുപ്പിൽനിന്ന് പച്ചയിലേക്ക് നിരങ്ങിനീങ്ങുന്ന ചുരത്തിന്റെ ഭംഗി. കാടും കുന്നും താണ്ടി ഇറങ്ങി വന്ന കട്ടിമഞ്ഞാണ് ഇരുവശത്തും.മനസ്സിനുള്ളിലെ വിഷാദത്തിലേക്ക് അത് ഉരുകിയൊലിച്ചു. ഞാനൊരു അന്തർ മുഖിയെപ്പോലെ അതിനോടൊപ്പം ഉൾവലിഞ്ഞു. ഉണർന്നിരിക്കുന്ന എന്നിലെ കാഴ്ച കണ്ണുകളിൽ മാത്രമായി ശേഷിച്ചു.

“കട്ടനാണെങ്കിലും ഒരുന്മേഷം കിട്ടിയില്ലേ..”

കണ്ണ് തുറന്നും ഉറങ്ങാം എന്ന് സുഗുണന് മനസ്സിലായിക്കാണും.

വഴിവക്കിലെ പെട്ടിപ്പീടികയിലെ കട്ടൻ ചുറ്റുമുള്ള കുരങ്ങന്മാരെ നോക്കിയാണ് ഞാൻ കുടിച്ചത്. സ്വന്തം
പ്രേയസിയെയും മാന്തിപ്പറിക്കുന്ന വികൃതിക്കൂട്ടങ്ങൾ.

പിന്നെ ഉടുപ്പി യുടെ മുന്നിൽ ബ്രേക്ഫാസ്റ്റ് കഴിക്കാൻ നിർത്തിയപ്പോഴാണ് ശരിക്കും ഒന്ന് ഉണർന്നത്. ഹാരിസിൽ കൂടി എനിക്ക് ശിഖയിലെത്തണം . അതെന്റെ ഉറച്ച തീരുമാനമാണ്.

ചുരിദാറൊക്കെ നേരെയാക്കി മുടിയെല്ലാം ഒതുക്കി ഞാനൊന്നു വാഷ്റൂമിലെ കണ്ണാടിയിൽ നോക്കി. കുറെ കാലത്തിനു ശേഷം ഹാരിസിനെ കാണുകയല്ലേ.

മനസ്സിന്റെ അടിത്തട്ടിൽ നിന്നൊരു പച്ചപ്പെണ്ണ് തലപൊക്കിയോ..

ഏയ്‌ അതുണ്ടാവില്ല. എഴുകൊല്ലത്തെ ജീവിതം മൃദുലവികാരങ്ങളെയെല്ലാം ചുട്ടുകരിച്ചു. അതിനി ഊതികത്തിക്കാനാവില്ല.അത്രയും തണുത്തുറഞ്ഞുപോയി. കണ്ണാടിയിലെ എന്നെ നോക്കി ഞാനൊന്നു ചിരിച്ചു.

കടുവയിറങ്ങി ഇരുപതോളം വളർത്തു മൃഗങ്ങളെ കൊന്ന വെളുത്തൊണ്ടിയിൽ ഇതുവരെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല…..കോടിക്കണക്കിനു രൂപയുടെ പദ്ധതികളാണ് ഓരോ വർഷവും പ്രഖ്യാപിക്കുന്നത്. ഭൂരിഭാഗവും ഫയലുകളിൽ തന്നെ ഉറങ്ങിക്കിടക്കുകയാണ്.ആരോടോ പറഞ്ഞു ഹാരിസ് മുഖമുയർത്തിയത് എന്റെ നേർക്ക്.

ഉറങ്ങിക്കിടക്കുകയാണ്…. അവൻ പറഞ്ഞതിന്റെ വാല് അതെന്നെ ഉണർത്തി…നിസ്സംഗതയോടെ ഞാനവന്റെ മുഖത്തുനോക്കി.

“അയ്യോ സോറി… ചാരു… നീ വന്നിട്ട് കുറേനേരമായോ…? സർവകക്ഷിയോഗം കഴിഞ്ഞു ഇപ്പോൾ ഇറങ്ങിയതേ ഉള്ളു..ഞാൻ ലൊക്കേഷൻ തന്നിരുന്നുവല്ലോ..ബുദ്ധിമുട്ടുണ്ടായില്ലല്ലോ?

“ഏയ്‌.…ഇല്ല.

“നീയെന്താടോ ഇങ്ങിനെ… പണ്ടത്തെ ആ ചാരുലത എവിടെയൊ മിസ്സിംഗ്‌ ആണല്ലോ..”

“കാലം..”

“അല്ല നിനക്കെന്തുപറ്റി മുടിയൊക്കെ നരച്ചു….അത് പറയ്‌…”

“ഞാൻ പരിസ്ഥിതി അല്ലേടോ… പോരാത്തതിന് ജൈവവും.. ”
ഹാരിസ് ഉറക്കെ ചിരിച്ചു.

“കെട്ടിയെഴുന്നള്ളത്ത് ഇല്ല അല്ലേ…”
കൂടെ ഞാനും ഉള്ളുതുറന്നൊന്നു ചിരിച്ചു.

“എന്തുപറ്റി നിന്റെ ജയരാജന്?”

“ഓർമ്മയുണ്ടല്ലേ.. പേര്.”

“എല്ലാം ഓർമയിലുണ്ട്… അന്നത്തെ ആ ക്യാമ്പസ്‌. ഒരിക്കലും തിരിച്ചുകിട്ടാത്തത് മറക്കില്ല ഒരിക്കലും.”

“നീ ഇപ്പോൾ പറഞ്ഞ പോലെയുള്ള ഒരു കടുവ ജയനെയും അറ്റാക്ക് ചെയ്തു.അവിടുന്നാണ്.കയ്യിലുള്ള തോക്കുകൊണ്ടാണെന്നു മാത്രം. ഒരു ഡ്രഗ് അടിക്റ്റ് ആയിരുന്നു.
ഇപ്പോൾ ആൾക്ക് ബോധമൊക്കെ വന്നു. അത് പോലുമില്ലാതെ കുറേക്കാലം..എഴുവർഷത്തോളമായി ഏകദേശം കിടപ്പിൽ.
കുറച്ചു ആയുർവ്വേദം നോക്കാം എന്നു വിചാരിച്ചു നാട്ടിലേക്കു കൊണ്ടുവന്നു. ഒറ്റയ്ക്കു എനിക്ക് പറ്റില്ല. ഈ ശിഖ പണ്ട് അച്ഛനെ നോക്കാൻ വന്ന കുട്ടിയാണ് കിട്ടിയാൽ നന്നായിരുന്നു….”

ഉം…… ഹാരിസ് ഒന്ന് നീട്ടി മൂളി.എനിക്കറിയാം ആളെ …നീ പോയി കണ്ടോ. ഞാൻ കാണാൻ ഒരാള് വരുന്നുണ്ടെന്നറിച്ചിട്ടുണ്ട്.
ഹാരിസിൽ കൂടിയെന്റെ വഴി പിന്നെയും മുന്നോട്ട് പോയി. പാമ്പും കോണീം കളിക്കാൻ തുടങ്ങിയിട്ട്
കുറേ നേരായി.ബുദ്ധിപൂർവം കളിക്കാനൊന്നും പറ്റാത്ത കളിയല്ലേ.ഒരു ചില്ലറ പകിടകളി. സർപ്പത്തിന്റെ വായിൽ അകപ്പെടാതെ ഒന്ന് മുകളിൽ എത്തിയാൽ മതിയായിരുന്നു.

ഒരു തേയിലത്തോട്ടത്തിന്റെ നടുക്ക് നല്ല ഭംഗിയുള്ള ഒരു വീട്ടുമുറ്റത്തു സുഗുണൻ കാർ നിർത്തി.ഹാരിസിനെ കണ്ടശേഷം യാത്ര അധികം ഉണ്ടായില്ല.
പുറത്തു കൂട്ടിൽ കടുവയെപ്പോലുള്ള വലിയൊരു നായ ഉച്ചത്തിൽ കുരച്ചു.വരവുവെച്ചപോലെ ഉള്ളിൽ നിന്നും ആരോ കുരച്ചു.

വാതിൽ തുറന്നു ശിഖ പുറത്തു വന്നു..ഒരു മേക്ക് ഓവർ സ്റ്റുഡിയോയിൽ നിന്നു പുറത്തു വന്നപോലെ.
ഏഴുകൊല്ലം മുന്നെ ഞാൻ കണ്ട ഒരു സിനിമയിലെ ഡാൻസർ ആണെന്ന് തോന്നി.

“ചേച്ചിയോ… ഇവിടെ? ഹാരിസിക്ക ഒരാൾ വരുന്നുണ്ടെന്നു പറഞ്ഞപ്പോൾ… ”

.ഇപ്പോഴത്തെ സ്റ്റാറ്റസിനെ കുറിച്ച് ചോദ്യവും സംശയവും വരുമെന്ന് ഉറപ്പുള്ളതിനാൽ അവൾ സംഭാഷണ ത്തിനു തുടക്കമിട്ടു.

“ഒരിക്കലും കാണരുത് എന്ന് വിചാരിച്ചതാണ്.
വരു…ചേച്ചി ..അകത്തിരിക്കാം..”

“നല്ല സൗകര്യത്തിലാണല്ലോ.. അല്ലേ…സന്തോഷം…”

” സൗകര്യം…അവൾ ഒരു പുച്ഛച്ചിരി ചിരിച്ചു.
അതെങ്ങനയാണെന്നറിയ ണ്ടെ …ചേച്ചിക്ക്.

അവിടുത്തെ അച്ഛനെ നോക്കിയശേഷം ആണുങ്ങളെ നോക്കാൻ മാത്രമേ അവർ എന്നെ പറഞ്ഞയച്ചുള്ളൂ. അതിന് അവർ കൂടുതൽ പൈസയും വാങ്ങിയിരുന്നു.

“ഒരിക്കൽ ഞാൻ ഒരപകടത്തിൽ പരിക്ക് പറ്റിയ ആളെ നോക്കാൻ നിന്നു. സ്പയ്നലിന് ചെറിയ ക്ഷതം ഉണ്ടായിരുന്നു. അതുകൊണ്ട് കിടപ്പായിരുന്നു. ഒരു എൻ ആർ ഐ ആണ്. ഇഷ്ടം പോലെ പണം. പക്ഷേ നോക്കാൻ ആളില്ലായിരുന്നു. ഞാൻ നല്ലപോലെ നോക്കും എന്നുറപ്പായപ്പോൾ ആരും പിന്നെ എത്തിനോക്കാതെയായി.അയാൾക്കും ഞാൻ തന്നെ മതിയായിരുന്നു.

സുഖം പ്രാപിച്ചു വരുന്നതോടുകൂടി അയാൾ കിടക്കുന്ന മുറിയിൽ പ്രകാശം കുറഞ്ഞുതുടങ്ങി.
ഇരുട്ടിനെയാണയാൾ
പിന്നെ സ്നേഹിച്ചത്.ഇരുട്ടിൽ കാണുന്ന കാഴ്ചകളെയും.

വാലിൽ ഉയർന്നു നിൽക്കുന്ന ഒരു സർപ്പത്തെ ആ ഇരുണ്ട മുറിയിൽ ഞാൻ പലപ്പോഴും കണ്ടു. അത് വാസസ്ഥലം തിരഞ്ഞു നടന്നു. പലപ്പോഴും അതിന്റെ വിഷപ്പല്ലുകൾ കൊണ്ട് പലയിടത്തും എനിക്ക് മുറിഞ്ഞു.വിഷം ചീറ്റുന്ന അതിനെ ഒരു പാപിയെപ്പോലെ ഞാൻ പലപ്പോഴും ആവാഹിച്ചു…”
.
വനയോര മേഖലയിലെ
വന്യമൃഗങ്ങളെ പിടിച്ചു കാട്ടിലേക്കയക്കാം. ജനങ്ങളുടെ ഇടയിൽ ശീലിച്ചാൽ അവര് തിരിച്ചു പോവില്ലത്രെ. ഹാരിസ് അങ്ങിനെ പറഞ്ഞിരുന്നു . അങ്ങിനെ ശീലിച്ച ഒരുകൂട്ടം കടുവകൾ ഒരുമിച്ച് ആക്രമിച്ച ഒരു ഇരയുടെ അഗ്രെസ്സീവ്നെസ്സ് ശിഖയുടെ കണ്ണുകളിൽ..

ചേച്ചീ… അവൾ നീട്ടി വിളിച്ചു
ഞാൻ ഉറങ്ങിയിട്ടില്ല ഇന്ന് ഞാൻ ഉറങ്ങുകയുമില്ല .സാധാരണ കണ്ണുതുറന്നു ഉറങ്ങുന്ന ഞാൻ കണ്ണടച്ച് അവളെ കേൾക്കുകയായിരുന്നു.

അയാൾ എനിക്ക് കൈ നിറയെ പണം തന്നിരുന്നു .
ഏജൻസിയ്ക്കും കൊടുത്തു. അവർക്കതുകൊണ്ട് ഞാൻ അവിടെത്തന്നെ നിന്നാൽ മതിയായിരുന്നു. എല്ലാവരും സന്തുഷ്ടരായിരുന്നു.സംതൃപ്തരായിരുന്നു.

വന്യ ജീവികൾ ആക്രമിച്ചാലും നഷ്ടപരിഹാരത്തിനു കാലതാമസമു ണ്ടായിരുന്നില്ല. ഞാൻ ഒരു ദീർഘ നിശ്വാസമെടുത്തു.

പിന്നീട് രോഗി എഴുന്നേറ്റു നടക്കാൻ തുടങ്ങി.പലരും അവിടെ വരാൻ തുടങ്ങി.. സർപ്പങ്ങളുടെ എണ്ണം കൂടിത്തുടങ്ങി. അവ കെട്ടുപിണഞ്ഞു ആ മുറി നിറയെ ഇഴഞ്ഞു നടന്നു.ഒടുവിൽ ഞാൻ എല്ലാം ഇട്ടെറിഞ്ഞു ചുരം കയറി. ഏജൻസിക്കാർ എന്നെ വിളിച്ചു ചീത്ത പറഞ്ഞു. നന്ദികേട് കാണിച്ചു എന്നാക്ഷേപിച്ചു.

ഇവിടെ വന്നു ഞാൻ ഫിസിയോതെറാപ്പി സർട്ടിഫിക്കറ്റ് കോഴ്സ് ചെയ്തു. അപ്പോഴേക്കും വയനാട്ടിൽ കൂന് പോലെ റിസോർട്ടുകൾ മുളച്ചു പൊങ്ങിയിരുന്നു. താത്കാലിക ഷെഡ് കെട്ടി ഞാൻ പല റിസോർട്ടുകളിലും മസ്സാജ് പാർലർ തുടങ്ങി.പിന്നെ എനിക്ക് ചുരം ഇറങ്ങേണ്ടി വന്നിട്ടേ ഇല്ല.

മസ്സാജ് എല്ലാവർക്കും ഇഷ്ടമാണ് ചേച്ചി.ചുരം കേറി എന്നെ തിരഞ്ഞു വരുന്നവരുണ്ട്.
ചില ആൺ അഹങ്കാരങ്ങൾക്കുമുകളിൽ ആത്‍മാവിന്റെയോ മനസ്സിന്റെയോ വലുപ്പംകൊണ്ട് ഒന്നും നടക്കില്ല.ശരീരഭാഷയുടെ മിടുക്കുകൊണ്ടേ ആധിപത്യം നേടാനാവൂ. ഇതും ഞാൻ പഠിച്ച ഒരു പഠിപ്പാണ് ചേച്ചി..

“ഊണ് കഴിക്കണ്ടേ…”

“വേണ്ട കുട്ടി വയറു നിറഞ്ഞു….”

“എന്തിനാണ് ചേച്ചി വന്നതെന്നുപോലും ഞാൻ ചോദിച്ചില്ല..”

“നിന്നെ കാണാൻ തോന്നി വന്നു.അനിയന്മാർ രണ്ടാളും. ഇരട്ടകളല്ലേ അവർ.. എന്തു ചെയ്യുന്നു.?

“അവർ ബിടെക്കിന് ചെന്നൈയിൽ പഠിക്കുന്നു. കുഴപ്പമില്ല ചേച്ചി.”

“ചേച്ചി വെറുതെ ഇത്രദൂരം വന്നതെന്തിന്?”

ഹാരിസിനെ കാണണമായിരുന്നു. ഞങ്ങൾ ഒരുമിച്ചു പഠിച്ചതാണ്. അപ്പോൾ നിന്നെയും ഒന്ന് കാണണമെന്നുതോന്നി.

ഇറങ്ങുമ്പോൾ ചുരത്തിനു വല്ലാത്തൊരു മാദകത്വം. അതിന്റെ നിമ്നോന്നതങ്ങളിൽ കയറി ഇറങ്ങുന്ന പല വാഹനങ്ങൾ. പല ഇന്ധനങ്ങളും കത്തുന്നവ. കയറ്റം കഴിഞ്ഞാൽ ഏതും ഒന്നണയ്ക്കും.ചൂടും ചൂരുമുള്ള ചുരം.ആ വലിയ സർപ്പത്തിന്റെ വായിൽ അകപ്പെട്ട് ഒരിക്കലും ജയിക്കാതെ ഞാൻ താഴോട്ടിറങ്ങി.

“മേഡം…
നമുക്കൊരു ചായ കുടിയ്ക്കാം…..”

ലത മണ്ടോടി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് വിരമിച്ച ശ്രീമതി ലത മണ്ടോടി ഓൺലൈൻ മാധ്യമങ്ങളിൽ സ്ഥിരമായി കഥകളെഴുതാറുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഒരു കൂട്ടായ്മയുടെ അക്ഷരങ്ങൾ എന്ന മാഗസിനിന്റെ സബ് എഡിറ്റർ ആണ്.. കഥകളുടെ ആദ്യസമാഹാരം പണിപ്പുരയിലാണ്.

 

ഉദയ ശിവ്ദാസ്

പുതുമഴയൊരു പുലർവേളയിലെൻ
തൊടിയാകെച്ചിറകുവിരിച്ചു.

താളത്തിൽത്തുള്ളികളൂർന്നെൻ
കാതിൽ സ്വരരാഗമുതിർത്തു.

കണ്ണുകളോ നിദ്ര വെടിഞ്ഞു
മനസ്സിൽക്കുളിർമാരി ചൊരിഞ്ഞു

ജാലകവിരിയപ്പുറമകലേ –
യ്ക്കാവോളം മിഴികളയച്ചു

പുതുമണ്ണിൻഗന്ധം പേറി
തരളിതമൊരുതെന്നലണഞ്ഞു.

മിന്നൽപ്പിണറിടയിടെമിന്നി
ഇടിനാദം നെഞ്ചുതകർത്തു

കാറ്റൊപ്പം വീശിയടിക്കെ
ചെറുശാഖികൾ മുറിയുന്നിടയിൽ

നനുനനെയില പവനനൊടൊപ്പം
തലയാട്ടി നീർമണി ചൂടി

പൊരിവേനലിലുരുകിയ മണ്ണോ
കൊതിതീരെ ദാഹംതീർത്തു.

മഴ മാറിൽ വീണു നനഞ്ഞാ –
ധരയുടെ ഋതുഭാവമുണർന്നു

പുലർമങ്ക കുളിച്ചു ദിവാകര –
പൂജയ്ക്കായ് തൊഴുതുകരങ്ങൾ .

മനസ്സിൽ മഴ നിറയുന്നു ഹാ!
പുലരിയ്ക്കും പുതിയൊരു ലഹരി.

ഉദയ ശിവ്ദാസ് : പാലക്കാട് ധോണിയിൽ പൈറ്റാംകുന്നം എന്ന സ്ഥലത്ത് താമസിക്കുന്നു. വീട്ടു പേര് ശിവ് നന്ദനം. വീട്ടമ്മയാണ് . ഭർത്താവ് ഹൃദയാഘാതത്തെ തുടർന്ന് 2013 ൽ മരണപ്പെട്ടു. ഒരു മകളുണ്ട്. മകൾ ഇപ്പോൾ ബാഗ്ലൂരിൽ ആപ്കോലൈറ്റ് എന്ന കമ്പനിയിൽ ജോലി നോക്കുന്നു.

RECENT POSTS
Copyright © . All rights reserved