Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മാസങ്ങൾ നീണ്ട വാദ പ്രതിവാദങ്ങൾക്ക് ശേഷം ബ്രിട്ടനിൽ വൻ കോളിളക്കം സൃഷ്ടിച്ച റുവാണ്ട ബിൽ യാഥാർത്ഥ്യമാകുന്നു. ബ്രിട്ടനിലേയ്ക്ക് അനധികൃതമായി വരുന്ന കുടിയേറ്റക്കാരെ റുവാണ്ടയിലേയ്ക്ക് അയക്കുന്നതിനുള്ള നിയമത്തിനെതിരെ തുടക്കത്തിൽ കടുത്ത വിമർശനങ്ങളാണ് ഉയർന്നു വന്നിരിക്കുന്നത്. ബില്ലിനെ പ്രതിപക്ഷ പാർട്ടികൾ രൂക്ഷമായി വിമർശിച്ചെങ്കിലും നിരവധി ചർച്ചകൾക്ക് ശേഷം തിങ്കളാഴ്ച വൈകി അവർ തങ്ങളുടെ എതിർപ്പ് ഉപേക്ഷിച്ചു.

റുവാണ്ടയിലേയ്ക്ക് അനധികൃത കുടിയേറ്റക്കാരെയും കൊണ്ടുള്ള വിമാനങ്ങൾ 10 മുതൽ 12 ആഴ്ചയ്ക്കുള്ളിൽ പുറപ്പെടുമെന്ന് പ്രധാനമന്ത്രി ഋഷി സുനക് അറിയിച്ചു. ബിൽ പാസാക്കിയത് അനധികൃത കുടിയേറ്റം നിർത്താനുള്ള ഞങ്ങളുടെ പദ്ധതിയിലെ നാഴികക്കല്ലാണെന്ന് ആഭ്യന്തര സെക്രട്ടറി ജെയിംസ് ക്ലെവർലി പറഞ്ഞു. റുവാണ്ട പദ്ധതി നിയമവിരുദ്ധമാണെന്ന് യുകെ സുപ്രീം കോടതി ഏകകണ്ഠമായി വിധിച്ച 2023 നവംബർ മുതൽ സർക്കാരിനെ ബാധിച്ച പ്രതിസന്ധി ഇതോടെ ഒഴിവായി.

നിയമനിർമ്മാണം പാസായ ഉടൻ അനധികൃത കുടിയേറ്റക്കാരെ റുവാണ്ടയിലേയ്ക്ക് കൊണ്ടുപോകാനുള്ള എല്ലാ നടപടികളും പൂർത്തിയായതായി പ്രധാനമന്ത്രി പറഞ്ഞു. ഇതിനായി 500 ജീവനക്കാരെയാണ് നിയമിച്ചിരിക്കുന്നത്. ബിൽ ഔദ്യോഗികമായി പാസാക്കി രാജാവിൻറെ അംഗീകാരത്തിനായി അടുത്ത ദിവസം സമർപ്പിക്കും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ ബില്ലിനെതിരെ ശക്തമായ എതിർപ്പാണ് മനുഷ്യാവകാശ പ്രവർത്തകർ ഉയർത്തുന്നത്. സുരക്ഷിതമായി ജീവിക്കാനും ഏറ്റവും ആവശ്യമുള്ളപ്പോൾ സംരക്ഷണം തേടാനുമുള്ള അവസരത്തിന് നാമെല്ലാവരും അർഹരാണ് എന്നാണ് ആംനസ്റ്റി ഇൻ്റർനാഷണലിനും ലിബർട്ടിക്കും ഒപ്പം ഫ്രീഡം ഫ്രം ടോർച്ചർ എന്ന ചാരിറ്റി ഒരു പ്രസ്താവനയിൽ പറഞ്ഞത്.

ചൈനയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയ രണ്ടുപേർ യുകെയിൽ അറസ്റ്റിലായി. ഇവർക്കെതിരെ ഔദ്യോഗിക രഹസ്യ നിയമ പ്രകാരം ആണ് കേസെടുത്തിരിക്കുന്നത് . പാർലമെന്ററി ഗവേഷകനായ ക്രിസ്റ്റഫർ കാഷ് (29), ക്രിസ്റ്റഫർ ബെറി (32) എന്നിവർക്കെതിരെ ആണ് കേസെടുത്തിരിക്കുന്നത് .


ഒരു വിദേശ രാജ്യത്തിന് പ്രധാനപ്പെട്ട രേഖകൾ നൽകിയെന്നാണ് ഇവർക്കെതിരെയുള്ള ആരോപണം എന്ന് മെറ്റ് പോലീസ് പറഞ്ഞു. തീവ്രവാദ വിരുദ്ധ പോലീസ് ഇവർക്കെതിരെയുള്ള ആരോപണങ്ങൾ വളരെ ഗൗരവതരമാണെന്ന് വിശേഷിപ്പിച്ചു. ഓക്‌സ്‌ഫോർഡ്‌ഷെയറിലെ വിറ്റ്‌നിയിൽ നിന്നുള്ള മിസ്റ്റർ ബെറി, ലണ്ടനിലെ വൈറ്റ്‌ചാപലിൽ നിന്നുള്ള മിസ്റ്റർ കാഷ് എന്നിവരെ അന്വേഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാർച്ചിൽ അറസ്റ്റ് ചെയ്തിരുന്നു.


അറസ്റ്റിലായ കാഷിന് ഉന്നത രാഷ്ട്രീയ നേതാക്കളുമായി പ്രത്യേകിച്ച് കൺസർവേറ്റീവ് എംപിമാരുമായും ഒരു മിനിസ്റ്ററുമായും നല്ല ബന്ധമുണ്ടായിരുന്നു. ഇയാൾ തൻറെ സൗഹൃദം രഹസ്യ വിവരങ്ങൾ ചോർത്താൻ ദുരുപയോഗിച്ചു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. 2022 ജനുവരി 20നും 2023 ഫെബ്രുവരി 3 നും ഇടയിലാണ് കാഷ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയത്. 2021 ഡിസംബർ 28 നും 2023 ഫെബ്രുവരി 3 നും ഇടയിലാണ് ബെറി രഹസ്യ വിവരങ്ങൾ ചോർത്തിയത്.എന്നാൽ തങ്ങൾക്ക് വേണ്ടി ചാരവൃത്തി നടത്തി എന്ന പേരിൽ രണ്ട് ബ്രിട്ടീഷ് പൗരന്മാർ യുകെയിൽ അറസ്റ്റിലായ സംഭവം ദുരുദ്ദേശപരമായ അപവാദം എന്നാണ് ചൈന വിശേഷിപ്പിച്ചത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

തുർക്കിയിലെ ഹോട്ടലിലെ 5-ാം നിലയിൽ നിന്ന് താഴെ വീണ് ബ്രിട്ടീഷുകാരനായ ടൂറിസ്റ്റിന് ദാരുണാന്ത്യം. ഏപ്രിൽ 18 -ന് പുലർച്ചെ ആൻ്റാലിയ്ക്ക് സമീപമുള്ള ഹോട്ടലിൽ താമസിക്കുമ്പോഴാണ് 21 വയസ്സുകാരനായ ആൻറണി മാക്സ്വെൽ ദാരുണമായി മരിച്ചത് . പുറത്തേയ്ക്ക് സിഗരറ്റ് മേടിക്കാൻ ഇറങ്ങിയ ആൻറണി സുരക്ഷിതമല്ലാത്ത ബാൽക്കണിയിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ . 33 വയസ്സ് പ്രായമുള്ള കാമുകിയും ഒപ്പം ഉണ്ടായിരുന്നു.


സംഭവത്തെ തുടർന്ന് അടിയന്തരമായി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ആൻറണിയുടെ ജീവൻ രക്ഷിക്കാനായില്ല. ട്രെയിൻ ഓപ്പറേറ്റർ ആയിരുന്ന ആൻറണി എസെക്സിലെ മാൺഡണിൽ ആണ് താമസിച്ചിരുന്നത്. സംഭവത്തിന് ശേഷം അവന്റെ കാമുകിയെ പോലീസ് ചോദ്യം ചെയ്തിരുന്നു. സംഭവത്തിന്റെ സാക്ഷിയായി അവളുടെ പേര് പോലീസ് ഉൾപ്പെടുത്തിയിട്ടുണ്ട്.


മരണത്തിൽ മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോ എന്ന കാര്യത്തിൽ മറ്റ് സംശയങ്ങൾ ഒന്നും ഇല്ല എന്ന് കുടുംബം വെളിപ്പെടുത്തി. സംഭവത്തിനു മുമ്പ് ആന്റണിയും കാമുകിയും തമ്മിൽ വഴക്കുണ്ടായിരുന്നോ, അപകടം അതുമായി ബന്ധപ്പെട്ടതാണോ തുടങ്ങിയ സംശയങ്ങൾ കുടുംബം തള്ളി കളഞ്ഞു. 39 വയസ്സുകാരിയായ ജെയ്സിന്റെ മൂന്നു മക്കളിൽ ഏറ്റവും മൂത്തയാളാണ് ആൻറണി. ആന്റണിയുടെ മൃതദേഹം വീട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇതിന് ആവശ്യമായ 6000 പൗണ്ട് സമാഹരിക്കാനായി ഗോ ഫണ്ടിങ്ങിൽ തുടങ്ങിയ ധനശേഖരണം നിലവിൽ 4500 പൗണ്ട് സമാഹരിച്ചു കഴിഞ്ഞു . പതിമൂന്നും അഞ്ചും വയസ്സുള്ള രണ്ട് ഇളയ സഹോദരങ്ങൾ ആൻറണിക്ക് ഉണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്മാർട്ട് മോട്ടോർ വേകളുടെ പിന്നിലെ സാങ്കേതികവിദ്യകൾ സ്ഥിരമായി പണിമുടക്കുന്നതായുള്ള വാർത്തകൾ പുറത്തുവന്നു. നിർണ്ണായകമായ സുരക്ഷാ ഉപകരണങ്ങൾ പ്രവർത്തനരഹിതമായതിന്റെ നൂറുകണക്കിന് സംഭവങ്ങൾ ആണ് വെളിച്ചത്ത് വന്നത്. സ്മാർട്ട് മോട്ടോർ വേകളിലെ ഗതാഗതത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുന്നതിനും തിരക്ക് ലഘൂകരിക്കുന്നതിനും സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.


സ്മാർട്ട് മോട്ടോർ വേകളിലെ പല റഡാറുകളും ക്യാമറകളും തകരാറിലായതുമൂലം ബ്രേക്ക് ഡൗൺ ആയ വാഹനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ശരിയായ രീതിയിൽ കൈമാറ്റം ചെയ്യപ്പെടുന്നില്ലെന്ന പരാതി വ്യാപകമായുണ്ട്. 2022 ജൂണിനും 2024 ഫെബ്രുവരിക്കും ഇടയിൽ സ്മാർട്ട് മോട്ടോർ വേകളിൽ പവർ നഷ്ടമായതിനോട് അനുബന്ധിച്ച് ഒട്ടേറെ പ്രശ്നങ്ങൾ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2023 ജൂലൈ അഞ്ച് ദിവസത്തേയ്ക്ക് എം 6-ൽ ജംഗ്ഷൻ 18 -ൽ സിഗ്നലുകളോ, ക്യാമറയോ റഡാറോ ഇല്ലായിരുന്നു.


സുഗമമായ സഞ്ചാരത്തിനും പ്രധാന റോഡുകളിലെ തിരക്ക് കുറയ്ക്കുന്നതിനുമായി സ്മാർട്ട് മോട്ടോർ വേകൾ യുകെയിൽ ആരംഭിച്ചത് 2000- ത്തിന്റെ തുടക്കത്തിലാണ്. തിരക്ക് അനുസരിച്ച് സാങ്കേതികവിദ്യയുടെ സഹായത്തോടെ വേഗത നിയന്ത്രിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഉൾപ്പെടുന്ന മോട്ടോർ വേകൾ യുകെയുടെ ഗതാഗത സംവിധാനത്തിന് വിപ്ലവകരമായ മാറ്റങ്ങളാണ് വരുത്തിയത്. ചിലവും മറ്റ് സുരക്ഷാപ്രശ്നങ്ങളും കാരണം പുതിയ സ്മാർട്ട് മോട്ടോർ വേകൾ നടപ്പിലാക്കാൻ പദ്ധതിയില്ലെന്ന് കഴിഞ്ഞ വർഷം സർക്കാർ പ്രഖ്യാപിച്ചിരുന്നു. നിലവിലുള്ള മോട്ടോർ വേകൾ സുരക്ഷിതമാക്കാനുള്ള സാങ്കേതികവിദ്യയ്ക്കായി 900 മില്യൺ പൗണ്ട് ചെലവഴിക്കാനാണ് സർക്കാർ പദ്ധതി തയ്യാറാക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പരിസ്ഥിതിക്ക് ഹാനികരമായ പ്ലാസ്റ്റിക് കലർന്ന വെറ്റ് വൈപ്പുകൾ ബ്രിട്ടൻ നിരോധിക്കുന്നു. ഇത്തരം വെറ്റ് വൈപ്പുകളുടെ നിർമ്മാണവും വിതരണവും ലോകത്ത് ആദ്യമായി നിരോധിക്കുന്ന രാജ്യം ബ്രിട്ടനാണ്. പലപ്പോഴും ടോയ്‌ലറ്റുകളിൽ ഉപയോഗിക്കുന്ന വൈപ്പുകൾ മൈക്രോപ്ലാസ്റ്റിക് ആയി വിഘടിക്കുകയും ജലവിതരണത്തെ മലിനമാക്കുകയും ചെയ്യുന്നതായി കണ്ടെത്തിയിരുന്നു . അഴുക്കുചാലുകൾ അടയ്ക്കുകയും പരിസ്ഥിതിയെ നശിപ്പിക്കുകയും ആരോഗ്യത്തിന് ഭീഷണിയുയർത്തുകയും ചെയ്യുന്നതായി വെറ്റ് വൈപ്പുകളെ കുറിച്ച് പരാതി ഉയർന്ന് വന്നിരുന്നു. മൈക്രോപ്ലാസ്റ്റിക് ആയി വിഘടിക്കുന്ന ഈ കണങ്ങൾ മറ്റ് ജീവികളെയും ആവാസവ്യവസ്ഥയെയും ദോഷകരമായി ബാധിക്കുമെന്നും മനുഷ്യൻ്റെ ആരോഗ്യത്തിന് പോലും ഭീഷണിയാകുകയും ചെയ്യും .

ഓരോ വർഷവും യുകെയിൽ ഏകദേശം 11 ബില്യൺ വൈപ്പുകൾ ആണ് ഉപയോഗിക്കുന്നത്. അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ ബ്രിട്ടനിലെ ബീച്ചുകളിൽ ഓരോ 100 മീറ്ററിലും ശരാശരി 20 വെറ്റ് വൈപ്പുകൾ ആണ് കണ്ടെത്തിയത് .ഇംഗ്ലണ്ട് , വടക്കൻ അയർലൻഡ്, സ്കോ ട്ട്‌ലൻഡ്, വെയിൽസ് എന്നിവടങ്ങളിൽ നിരോധനം ഏർപ്പെടുത്താനുള്ള നിയമ നിർമ്മാണം അന്തിമ ഘട്ടത്തിലാണ് . പ്ലാസ്റ്റിക് അടങ്ങിയ വെറ്റ് വൈപ്പുകൾ നമ്മുടെ ജലപാതകളെ മലിനമാക്കുകയും മൈക്രോപ്ലാസ്റ്റിക്കുകൾ പരിസ്ഥിതിയിലേക്ക് പ്രവേശിക്കാൻ ഇടയാക്കുകയും ചെയ്യുമെന്ന് പരിസ്ഥിതി സെക്രട്ടറി സ്റ്റീവ് ബാർക്ലേ പറഞ്ഞു.

നിരോധനം മുന്നിൽ കണ്ട് പല നിർമ്മാതാക്കളും പ്ലാസ്റ്റിക് രഹിത വെറ്റ് വൈപ്പുകൾ നിർമ്മിക്കാൻ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. നിരോധനത്തിനായി ദീർഘകാലമായി പ്രവർത്തിച്ചു വന്നിരുന്ന സംഘടനകൾ സർക്കാർ ഇതിനായി നിയമനിർമാണം നടത്താനുള്ള നടപടികളെ സ്വാഗതം ചെയ്തിട്ടുണ്ട്. പ്ലാസ്റ്റിക് കലർന്ന വെറ്റ് വൈപ്പുകൾ നിരോധിക്കാനുള്ള തീരുമാനം സ്വാഗതാർഹമാണെന്നും എന്നാൽ നടപടി ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാ പ്ലാസ്റ്റിക് ഉത്പന്നങ്ങളിലേക്കും വ്യാപിപ്പിക്കണമെന്നും റിവർ ആക്ഷൻ ചീഫ് എക്സിക്യൂട്ടീവ് ജെയിംസ് വാലസ് പറഞ്ഞു. യുകെയിൽ പ്രതിപക്ഷം 10.8 ബില്യൺ വെറ്റ് വൈപ്പുകൾ ഉപയോഗിക്കുന്നതായാണ് ഏകദേശം കണക്ക് സൂചിപ്പിക്കുന്നത്. ഒരു വ്യക്തി ജീവിത കാലത്ത് ഏതാണ്ട് 38,000 വെറ്റ് വൈപ്പുകൾ ഉപയോഗിക്കുന്നതായുള്ള കണക്കുകൾ പുറത്തുവന്നിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പാർട്ടി ഫണ്ട് ദുരുപയോഗം ചെയ്തതുൾപ്പെടെയുള്ള ആരോപണങ്ങളുടെ പേരിൽ കൺസർവേറ്റീവ് എംപിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ലങ്കൻ ഷെയറിലെ ഫിൽഡെ മണ്ഡലത്തിലെ 2010 മുതലുള്ള എംപിയായ മാർക്ക് മെൻസീസനാണ് നടപടി നേരിട്ടത്. ഇതോടെ അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അദ്ദേഹത്തിൻറെ സാധ്യതയും ഇല്ലാതായി.

നേരത്തെ ഉയർന്നുവന്ന ആരോപണങ്ങളെ അദ്ദേഹം ശക്തിയായി നിഷേധിച്ചിരുന്നു. എംപിമാരുടെ പെരുമാറ്റ രീതികൾക്ക് വിരുദ്ധമായ പ്രവർത്തികൾ പലതും ഇദ്ദേഹം ചെയ്തതായുള്ള ആരോപണങ്ങളാണ് ഉയർന്ന് വന്നിരിക്കുന്നത്. ഒരു പാർട്ടി പ്രവർത്തകനെ വിളിച്ച് 5000 പൗണ്ട് ആവശ്യപ്പെട്ടതായുള്ള ആരോപണം ഉയർന്ന് വന്നത് കഴിഞ്ഞ വർഷം ഡിസംബർ മാസത്തിലാണ് . തൻറെ മെഡിക്കൽ ബില്ലുകൾ അടയ്ക്കാൻ 14,000 പൗണ്ട് പാർട്ടി ഫണ്ട് ഉപയോഗിച്ചതായി മറ്റൊരു ആരോപണവും ഇദ്ദേഹത്തിനെതിരെ ഉണ്ട്.

എം പിക്കെതിരെയുള്ള ആരോപണങ്ങളെ കുറിച്ച് കൺസർവേറ്റീവ് പാർട്ടി ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു. ഇദ്ദേഹത്തിനെതിരെയുള്ള ആരോപണത്തെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് വെള്ളിയാഴ്ച ലേബർ പാർട്ടി നേതാവ് ആനിലീസ് ഡോഡ്‌സ്  ലങ്കാ ഷെയർ പോലീസിന് കത്തയച്ചിരുന്നു. പാർട്ടിയിൽ നിന്ന് പുറത്തായെങ്കിലും അടുത്ത് തിരഞ്ഞെടുപ്പ് വരെ മെൻഡിസ് സ്വതന്ത്ര എംപിയായി തുടരും . അതുകൊണ്ട് അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് ഉണ്ടാവുകയില്ല.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പരേതയായ എലിസബത്ത് രാജ്ഞിയുടെ സ്‌മാരകം, രാജ്ഞിയുടെ 98-ാം ജന്മദിനത്തിൽ അനാച്ഛാദനം ചെയ്‌തു. രാജ്ഞിയുടെ പ്രിയപ്പെട്ട വളർത്തു നായ്ക്കളെയും സ്‌മാരകത്തിൽ കാണാം. ജനക്കൂട്ടത്തിൻെറ സാന്നിധ്യത്തിൽ വച്ച് നടത്തിയ ചടങ്ങിൽ വെൽഷ് കോർഗി ഇനത്തിൽ പെട്ട 50 ഓളം കോർഗികളും ചടങ്ങിൽ പങ്കെടുത്തു.

ഏഴടി വരുന്ന ഈ വെങ്കല പ്രതിമ രാജ്ഞിയുടെ ജന്മദിനമാണ് അനാച്ഛാദനം ചെയ്‌തത്‌. സ്മാരകത്തിൽ 5 അടി 4 ഇഞ്ച് ഉയരത്തിൽ രാജ്ഞിയെ ചിത്രീകരിച്ചിരിക്കുന്നു. രാജകീയ വസ്ത്രങ്ങൾ അണിഞ്ഞ രാജ്ഞിയുടെ കാൽ ചുവട്ടിൽ വിശ്വസ്തരായ മൂന്ന് കോർഗി നായ്ക്കളെയും കാണാം. രാജ്ഞിയുടെ 70 വർഷത്തെ വിജയകരമായ ഭരണത്തെ എടുത്ത് കാട്ടുന്ന പ്രതിമ വൻ ജനസ്വീകാര്യതയാണ് നേടിയിരിക്കുന്നത്.

പതിറ്റാണ്ടുകൾ നീണ്ട തൻറെ ഭരണ കാലയളവിൽ എലിസബത്ത് രാജ്ഞിക്ക് ഏകദേശം 30 കോർഗിസും ഡോർഗിസും (ഡാഷ്‌ഷണ്ട്, കോർഗി മിക്സുകൾ) ഉണ്ടായിരുന്നു. പിതാവ് ജോർജ്ജ് ആറാമൻ രാജാവ് എലിസബത്ത് രാജകുമാരിക്കും അവളുടെ ഇളയ സഹോദരി മാർഗരറ്റ് രാജകുമാരിക്കും ഏഴ് വയസ്സുള്ളപ്പോൾ പെംബ്രോകെഷെയർ വെൽഷ് കോർഗിയെ വാങ്ങിയത് മുതൽ തുടങ്ങിയ സ്‌നേഹം മരണം വരെയും ഉണ്ടായിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കുട്ടികളുടെ 1000- ലധികം അശ്ലീല ചിത്രങ്ങൾ നിർമ്മിച്ച ലൈംഗിക കുറ്റവാളിക്ക് യുകെയിൽ ശിക്ഷ വിധിച്ചു. ഇയാൾക്ക് 5 വർഷത്തേയ്ക്ക് ഏതെങ്കിലും എ ഐ (ആർട്ടിഫിഷ്യൽ ഇൻറലിജൻസ്) ട്യൂളുകൾ ഉപയോഗിക്കുന്നതിൽ നിന്ന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. 48 കാരനായ ആന്റണി ഡോവർ എന്നയാളാണ് പ്രതി. ഇത് കൂടാതെ കമ്മ്യൂണിറ്റി ഓർഡറും 200 പൗണ്ടിന്റെ പിഴ ശിക്ഷയും നൽകിയിട്ടുണ്ട്. ഇത്തരത്തിലുള്ള സംഭവത്തിന്റെ പേരിൽ യുകെയിൽ ശിക്ഷ വിധിക്കുന്ന ഏറ്റവും പുതിയ കേസാണിത്.

ടെക്സ്റ്റ് ടു ഇമേജ് ടൂളുകൾ ഉപയോഗിച്ചാണ് ഇയാൾ കുട്ടികളുടെ നഗ്നചിത്രങ്ങൾ നിർമ്മിച്ചു വന്നിരുന്നത്. എഴുതി കൊടുക്കുന്ന വിവരണങ്ങളുടെ അടിസ്ഥാനത്തിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ സാങ്കേതിക വിദ്യ ഉപയോഗിച്ച് ചിത്രങ്ങൾ നിർമ്മിക്കുന്ന രീതിയാണിത് . സാധാരണഗതിയിൽ ഉപയോഗിക്കുന്ന ഇത്തരം ടെക്സ്റ്റ് ടു ഇമേജ് സോഫ്റ്റ്‌വെയറുകൾ അനുവദനീയമല്ലാത്ത നിർദ്ദേശങ്ങൾ ഉണ്ടെങ്കിൽ ഇമേജുകൾ നിർമ്മിക്കില്ല. എന്നാൽ സൈബർ കുറ്റവാളികൾ ഇതിനായി ഡീപ്പ് ഫെയ്ക്ക് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.


കുട്ടികളുടേതെന്ന് തോന്നിപ്പിക്കുന്ന ലൈംഗിക ചിത്രങ്ങൾ കൃത്രിമമായി നിർമ്മിക്കുന്നത് കടുത്ത ശിക്ഷ നൽകുന്ന നിയമം 1990 -ൽ തന്നെ നിലവിൽ വന്നിരുന്നു. എ ഐ ജനറേഷൻ സാങ്കേതികവിദ്യ പ്രചാരത്തിൽ വന്നതോടെ ഇത്തരം കേസുകളുടെ എണ്ണത്തിൽ വൻ വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്. സമാനമായ ഒരു സംഭവത്തിൽ വെയ്ൽസിലെ ബെൻബിഗ് ഷെയറിൽ നിന്നുള്ള ഒരു 17 കാരൻ കൃത്രിമ സ്വഭാവമുള്ള ലൈംഗിക വീഡിയോകളും ചിത്രങ്ങളും നിർമ്മിച്ചതിന് കഴിഞ്ഞ ഫെബ്രുവരിയിൽ ശിക്ഷിക്കപ്പെട്ടിരുന്നു.

ഡീപ്പ് ഫെയക്ക് ഇമേജുകൾ സൃഷ്ടിക്കാൻ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയുടെ ഉപയോഗത്തെ കുറിച്ച് കടുത്ത ആശങ്കയാണ് ഉയർന്നു വന്നിരിക്കുന്നത്. 12 വയസ്സുള്ള തൻറെ മകൻ സുഹൃത്തുക്കളുടെ നഗ്ന വീഡിയോ നിർമ്മിക്കാൻ എ ഐ ആപ്പ് ഉപയോഗിക്കുന്നതായി കണ്ടെത്തിയെന്ന് അടുത്തയിടെ നടന്ന ഒരു കേസിന്റെ വിസ്താരവേളയിൽ ഒരു പിതാവ് പറഞ്ഞത് വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ചികിത്സ ലഭിക്കാനുള്ള കാത്തിരിപ്പ് സമയത്തിന്റെയും പിഴവുകളുടെയും പേരിൽ എൻഎച്ച്എസ് ദിനംപ്രതി പ്രതിക്കൂട്ടിലായി കൊണ്ടിരിക്കുകയാണ്. മൂന്ന് പതിറ്റാണ്ടുകാലം സുത്യർഹമായി എൻഎച്ച്എസിൽ സേവനമനുഷ്ഠിച്ച പാറ്റ് ഡോസൻ്റെ മരണം എൻഎച്ച്എസ്സിന്റെ ചികിത്സാ പിഴവാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 73 വയസ്സായ അവർ ഉദര സംബന്ധമായ അസുഖങ്ങളുടെ പേരിലാണ് ഹോസ്പിറ്റലിൽ എത്തിയത്.

റോയൽ ബ്ലാക്ക് ബേൺ ഹോസ്പിറ്റലിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നത്. 90 വയസ്സുള്ള ഒരു മനുഷ്യനുമായി ബന്ധപ്പെട്ട ഡിഎൻ ആർ റിപ്പോർട്ട് പാറ്റ് ഡോസന്റേതായി തെറ്റിദ്ധരിക്കപ്പെട്ടതാണ് അവരുടെ മരണത്തിന് കാരണമായത്. മാരകമായ രോഗമോ മറ്റ് ഗുരുതരമായ ആരോഗ്യസ്ഥിതിയോ മൂലം ഹൃദയമോ ശ്വാസമോ നിലച്ചവർക്കാണ് ഡിഎൻആർ റിപ്പോർട്ട് കൊടുക്കുന്നത്. 90 വയസ്സുകാരൻ്റെ ഡിഎൻആർ റിപ്പോർട്ട് മാറി നൽകി ചികിത്സ നിഷേധിക്കപ്പെട്ട് മരണം വരിച്ച 73 വയസ്സുകാരിയുടെ ബന്ധുക്കൾ എൻഎച്ച്എസ്സിനെതിരെ കടുത്ത വിമർശനമാണ് ഉന്നയിച്ചിരിക്കുന്നത്.

തൻറെ ജീവിതം മുഴുവൻ എൻഎച്ച്എസ്സിനായി സമർപ്പിച്ച പാറ്റിൻ്റെ ജീവിതം എൻഎച്ച്എസ് സിസ്റ്റത്തിന്റെ കെടു കാര്യസ്ഥത കൊണ്ട് അപകടത്തിലായതിന്റെ ഞെട്ടലിലാണ് അവരുടെ സഹപ്രവർത്തകർ. അവർക്ക് ശരിയായ സമയത്ത് പരിചരണം ലഭിച്ചിരുന്നെങ്കിൽ ഈ ദുരന്തം സംഭവിക്കില്ലായിരുന്നു എന്നാണ് മിസ്സ് ഡോസൻ്റെ മകൻ ജോൺ വിഷമത്തോടെ പറഞ്ഞത് . ഇത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ദാരുണമായ കാര്യമാണെന്നും തുടർ നടപടികൾ സ്വീകരിക്കുമെന്നും ഈസ്റ്റ് ലങ്കാഷെയർ ഹോസ്പിറ്റൽസിലെ എക്സിക്യൂട്ടീവ് മെഡിക്കൽ ഡയറക്ടറും ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവുമായ ജവാദ് ഹുസൈൻ അറിയിച്ചു .

രാഷ്ട്രീയകാര്യ ലേഖകൻ , മലയാളം യുകെ

രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ബിജെപി നയിക്കുന്ന എൻഡിഎ . പക്ഷേ കേരളത്തിൽ ഈ ലോക്സഭാ ഇലക്ഷനിൽ എൻഡിഎ ഒരു സീറ്റെങ്കിലും നേടുമോ? രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ചോദ്യമാണ് ഇത്. ഒന്നിലേറെ തവണ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ നേരിട്ട് കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വന്നു കഴിഞ്ഞു . മോദി പ്രഭാവത്തിന് കേരളത്തിലെ രാഷ്ട്രീയത്തിൽ എന്തെങ്കിലും ചലനം സൃഷ്ടിക്കാൻ സാധിക്കുമോ?

രണ്ട് മുന്നണികളും തമ്മിൽ അധികം വോട്ട് വ്യത്യാസമില്ലാതെ ഒപ്പത്തിനൊപ്പം മത്സരിക്കുന്ന കേരളത്തിലെ ലോക്സഭാ മണ്ഡലങ്ങളിൽ മൂന്നാം മുന്നണിയെ നയിക്കുന്ന ബിജെപി കളം പിടിക്കാൻ പരിശ്രമിക്കുകയാണ്. തിരഞ്ഞെടുപ്പിൻ്റെ പടിവാതിലിൽ വച്ച് മറ്റു പാർട്ടികളെ ദുർബലമാക്കാനുള്ള വഴികളെല്ലാം അവർ നോക്കുന്നുണ്ട്. കേരളത്തിൽ മുഖ്യമന്ത്രിയായിരുന്ന എ കെ ആൻറണിയുടെ പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയാക്കിയത് ഇതിൻറെ ഭാഗമായാണ്. അതിനു പുറമേ തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കലാണ് മുൻ കോൺഗ്രസ് മുഖ്യമന്ത്രി കെ. കരുണാകരന്റെ പുത്രിയും ഒട്ടേറെ തവണ കോൺഗ്രസിന്റെ ചിഹ്നത്തിൽ മത്സരിക്കുകയും ചെയ്ത കെ.പത്മജ ബിജെപിയിൽ ചേർന്നത്.

മൂന്ന് മുന്നണികളുടെയും അനുഭാവികൾ യുകെയിലുണ്ട് . എങ്കിലും കേരളത്തിലെ സാധ്യതകളെ കുറിച്ച് ബിജെപി അനുഭാവമുള്ളവരിൽ തന്നെ അത്ര ശുഭാപ്തി വിശ്വാസം ഇല്ലന്നതാണ് സത്യം. ഒന്നോ രണ്ടോ സീറ്റികൾക്ക് അപ്പുറത്തേക്കുള്ള പ്രതീക്ഷകൾ കടുത്ത ബിജെപി അനുഭാവികൾ പോലും വെച്ച് പുലർത്തുന്നില്ല .

ഏതെങ്കിലും രീതിയിൽ ബിജെപിക്ക് സീറ്റ് ലഭിക്കുകയാണെങ്കിൽ തീർച്ചയായും അതിന് പിന്നിൽ ചില അടിയൊഴുക്കുകൾ കാണുന്നവരാണ് പലരും.  തെരഞ്ഞെടുപ്പിന് മുമ്പ് ഇഡിയുടെ ഉൾപ്പെടെയുള്ള പല ഇടപെടലുകൾക്കും പിന്നിൽ ഇത്തരം ചരടു വലികളാണോ എന്ന് നിരീക്ഷിക്കുന്നവരും കുറവല്ല. ഏതെങ്കിലും രീതിയിൽ ബിജെപി വിജയിക്കുകയാണെങ്കിൽ അത് സിപിഐ മത്സരിക്കുന്ന രണ്ട് സീറ്റുകൾ ആയിരിക്കാമെന്ന് പറഞ്ഞത് ഒരു മുതിർന്ന മാധ്യമപ്രവർത്തകനാണ്. പേര് പറയാതെ അദ്ദേഹം സൂചിപ്പിച്ചത് തൃശ്ശൂർ, തിരുവനന്തപുരം ലോക്സഭാ മണ്ഡലങ്ങളെ കുറിച്ചാണ്. അങ്ങനെ സംഭവിക്കുകയോ അവിടെ ഇടതുപക്ഷത്തിന്റെ വോട്ട് കുറയുകയോ ചെയ്താൽ കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ വൻ പൊട്ടിത്തെറിക്ക് വഴിയൊരുക്കുമെന്നത് തീർച്ചയാണ് . ഏതായാലും വരാനിരിക്കുന്ന ലോക്സഭാ മത്സരഫലങ്ങൾ കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ വൻ അലയൊലികൾ സൃഷ്ടിക്കും.

RECENT POSTS
Copyright © . All rights reserved