Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ജീവിത ചിലവുകൾ വർധിക്കുന്നതിനോടൊപ്പം തന്നെ കാറുകൾക്കും വില കൂടുകയാണ്. കഴിഞ്ഞ വർഷത്തേക്കാളും തീവിലയാണ് നിലവിൽ പുതിയ കാറുകൾക്ക് ഉള്ളത്. അതുകൊണ്ട് തന്നെ സെക്കന്റ്‌ ഹാൻഡ് കാർ വിപണിയ്ക്ക് ആവശ്യക്കാർ ഏറെയാണ്. ദിസ് ഈസ്‌ മണിയും ക്യാപ് എച്ച്പിഐയും സംയുക്തമായി നടത്തിയ പഠനത്തിലാണ് കഴിഞ്ഞ ഒരു വർഷം കൊണ്ട് ഏറ്റവും കൂടുതൽ വിലവർദ്ധനവ് ഉണ്ടായ കാറുകളുടെ വിവരങ്ങൾ പുറത്ത് വന്നത് .

സുബാരു ഔട്ട്ബാക്ക് ഡീസൽ, സ്കോഡ റാപ്പിഡ് ഡീസൽ, ഫിയറ്റ് ഡോബ്ലോ ഡീസൽ, ടൊയോട്ട പ്രിയസ്, സിട്രോൺ സി1 പെട്രോൾ,ഹ്യുണ്ടായ് i10 പെട്രോൾ, നിസ്സാൻ GT-R പെട്രോൾ, സാങ്‌യോങ് ടിവോലി പെട്രോൾ എന്നീ മോഡലുകൾക്കാണ് കഴിഞ്ഞ ഒരു വർഷത്തിനിടയിൽ വിലയിൽ വൻ വർദ്ധനവ് ഉണ്ടായിരിക്കുന്നത്. കോവിഡിന് ശേഷം സെക്കന്റ്‌ ഹാൻഡ് കാർ വിപണിയിൽ 35% ത്തിന്റെ വില വർധനവാണ് രേഖപ്പെടുത്തിയത്.

കോവിഡ് 19ന് ശേഷം കാർ വിപണിയിൽ മുൻപെങ്ങും ഇല്ലാത്ത വിധത്തിലുള്ള വിലയുടെ കുതിച്ചു ചാട്ടമാണ് രേഖപ്പെടുത്തിയത്. അതേസമയം പാർട്സ് ലഭ്യമല്ലാത്തതിനെ തുടർന്ന് പ്രതിസന്ധിയിലായ ധാരാളം കാർ ബ്രാൻഡുകളും ഉണ്ട്. ഇവ ബുക്ക്‌ ചെയ്യുന്നവർക്ക് ചുരുങ്ങിയത് ഒരു വർഷമെങ്കിലും കാലതാമസം നേരിടേണ്ടി വരും. സെക്കന്റ്‌ ഹാൻഡ് വിപണിയുടെ വളർച്ചയ്ക്ക് ഒരു പ്രധാന കാരണവും ഇത് തന്നെയാണ്. ആവശ്യക്കാർ കൂടുന്നതും വിലവർദ്ധനവിലേക്ക് നയിക്കുന്നതിനുള്ള ഒരു കാരണമാണ്.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യോർക്കിൽ ചാൾസ് രാജാവിന് നേരെ മുട്ടയെറിഞ്ഞ സംഭവത്തിൽ പ്രതിയുടെ വിചാരണ ജനുവരി 20 ന് നടക്കും. നവംബർ 9 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചാൾസ് രാജാവിനെതിരായ ആക്രമണത്തിൽ 23 കാരനായ പാട്രിക് തെൽവെല്ലിനെതിരെ കേസെടുക്കാൻ നോർത്ത് യോർക്ക്ഷയർ പോലീസിനെ ചുമതലപ്പെടുത്തിയതായി ക്രൗൺ പ്രോസിക്യൂഷൻ സർവീസ് (സിപിഎസ്) അറിയിച്ചു.

1986 ലെ പബ്ലിക് ഓർഡർ ആക്‌ട് സെക്ഷൻ 4. ന് വിരുദ്ധമായി ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് കേസെടുത്തത്. സംഭവത്തിൽ 23കാരനായ പ്രതിയെ അടുത്ത വർഷം ജനുവരി 20 ന് യോർക്ക് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും. യോർക്കിൽ എലിസബത്ത്‌ രാജ്ഞിയുടെ പ്രതിമ അനാച്ഛാദനം ചെയ്യാൻ രാജാവും രജ്ഞിയും എത്തിയപ്പോഴാണ് മുട്ടയേറ് ഉണ്ടായത്.

അതേസമയം, പബ്ലിക്‌ ഓർഡർ വകുപ്പിന്റെ സെക്ഷൻ 4 അനുസരിച്ചാണ് കേസെടുത്തിരിക്കുന്നതെന്നും, ജനുവരി 20 ന് കോടതി വാദം കേൾക്കുമ്പോൾ താൻ കുറ്റകാരനല്ലെന്ന് സമൂഹത്തിന് ബോധ്യപ്പെടുമെന്നുമാണ് പാട്രിക് തെൽവെൽ പറയുന്നത്.

പ്രതിക്കെതിരെ നടപടികൾ എടുത്തത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും, യോർക്ക് നഗരത്തിൽ വെച്ച് രാജാവിന് നേരെയുണ്ടായത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയാത്ത സംഭവമാണെന്നും സിപിഎസ് സ്പെഷ്യൽ ക്രൈം ആൻഡ് കൗണ്ടർ ടെററിസം വിഭാഗം മേധാവി നിക്ക് പ്രൈസ് പറഞ്ഞു

ലണ്ടൻ : 1975ൽ 15 കാരിയായ ജാക്വലിൻ മോണ്ട്‌ഗോമറിയെ അവളുടെ വീട്ടിൽ വച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ഡെന്നിസ് മക്‌ഗ്രോറി അൻപതു വർഷങ്ങൾക്ക് ശേഷം കുറ്റക്കാരനെന്ന് തെളിഞ്ഞു. മദ്യപാനിയായ മക്‌ഗ്രോറി ജാക്വലിന്റെ അമ്മായിയായ ജോസിയുടെ പങ്കാളിയെ അന്വേഷിക്കുകയും ഈ വിവരം നൽകാത്തതിലുള്ള പക മൂലം ജാക്വലിനെ ആക്രമിക്കുകയുമായിരുന്നു. മക്ഗ്രോറി കൊലപാതകം നിഷേധിക്കുകയും തെളിവുകൾ വളരെ ദുർബലമാണെന്ന് കണ്ടെത്തുകയും ചെയ്തതിന് ശേഷം 1976-ൽ ഓൾഡ് ബെയ്‌ലിയിലെ ജഡ്ജി കേസ് തള്ളി.

എന്നാൽ ജാക്വലിന്റെ ശരീരത്തിൽ നിന്നെടുത്ത് സൂക്ഷിച്ച യോനി സ്രവങ്ങൾ പുതിയ ശാസ്ത്രീയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് വീണ്ടും പരിശോധിച്ചു. ഇതിൽ നിന്ന് ബലാത്സംഗം നടന്നിട്ടുണ്ടെന്ന് വ്യക്തമായി. ഇപ്പോൾ 74 വയസ്സുള്ള മക്ഗ്രോറിയോട് വിധി കേൾക്കാൻ കോടതിയിലേക്ക് എത്താൻ ജഡ്ജി ഉത്തരവിട്ടു.

ഹണ്ടിംഗ്ഡൺ ലോ കോടതിയിലെ പുതിയ ജൂറി, ജാക്വലിൻ കൊല്ലപ്പെട്ട് ഏതാനും മണിക്കൂറുകൾക്ക് ശേഷം മക്ഗ്രോറിയുടെ അറസ്റ്റിൽ എടുത്ത ഫോട്ടോകൾ കണ്ടു. അവന്റെ ചുണ്ടിലും ചെവിയുടെ പുറകിലും മുറിവുകൾ കാണാം. ഇത് ജാക്വലിനുമായുണ്ടായ മല്പിടുത്തതിനിടെ ഉണ്ടായ പരിക്കുകളാണന്ന് പ്രോസിക്യൂഷൻ പറഞ്ഞു. അങ്ങനെ അൻപത് വർഷങ്ങൾക്ക് ശേഷം തെളിവുകളില്ലാതെ തള്ളിയ കേസിൽ വിധി. പുതിയ തെളിവുകൾ പുറത്തുവന്നാൽ കുറ്റവിമുക്തരാക്കപ്പെട്ട പ്രതികളുടെ പുനരന്വേഷണം അനുവദിക്കുന്നതിനായി 2003-ൽ നിയമം ഭേദഗതി ചെയ്തു. ഓരോ കേസും ന്യായവും പൊതുതാൽപ്പര്യവുമാണെന്ന് ഡയറക്ടർ ഓഫ് പബ്ലിക് പ്രോസിക്യൂഷൻസിന് (ഡിപിപി) ബോധ്യപ്പെട്ടു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഇന്ന് ഡിസംബർ 20-ാം തീയതി രാജ്യത്തുടനീളമുള്ള ഒരു ലക്ഷത്തിൽ പരം നേഴ്സുമാർ പണിമുടക്കിനിറങ്ങും. റോയൽ കോളേജ് ഓഫ് നേഴ്സിങ് യൂണിയൻ പ്രഖ്യാപിച്ച പണിമുടക്കിന്റെ രണ്ടാംഘട്ടമാണ് ഇന്ന് നടക്കുന്നത്. രണ്ടുദിവസങ്ങളിലായി പ്രഖ്യാപിച്ചിരുന്ന സമരത്തിന്റെ ആദ്യദിവസം ഡിസംബർ 15 -ാം തീയതി നടന്നിരുന്നു. ഡിസംബർ 15 -ാം തീയതി നേഴ്സുമാർ സമരം നടത്തിയതോടെ 76 സർക്കാർ ആശുപത്രികളുടെയും നല്ലൊരു ശതമാനം ആരോഗ്യ കേന്ദ്രങ്ങളുടെയും പ്രവർത്തനം പൂർണമായോ ഭാഗികമായോ തടസ്സപ്പെട്ടിരുന്നു.

പണിമുടക്കിൽ നിന്ന് കീമോതെറാപ്പി, ഡയാലിസിസ്, ഇന്റൻസീവ് കെയർ മേഖലകളെ ഒഴിവാക്കിയിരുന്നു. പണപെരുപ്പത്തിനും ജീവിത ചിലവ് വർദ്ധനവുകൾക്കും ആനുപാതികമായിട്ടുള്ള ശമ്പള വർദ്ധനവ് വേണമെന്നുള്ളതാണ് നേഴ്സിങ് യൂണിയനുകളുടെ പ്രധാന ആവശ്യം . എന്നാൽ ശമ്പള വർദ്ധനവ് നിർണയിക്കുന്ന സമിതി നിശ്ചയിച്ച 4-5 ശതമാനത്തിൽ കൂടുതൽ നൽകാൻ പറ്റില്ലെന്ന കടുംപിടുത്തമാണ് സർക്കാരിന് . സർക്കാരിൻറെ ഭാഗത്തുനിന്നും ചർച്ചകളും അനുകൂല നിലപാടുകളും ഉണ്ടാകുകയാണെങ്കിൽ പണിമുടക്കിൽ നിന്ന് പിന്മാറാമെന്ന് യൂണിയനുകൾ അറിയിച്ചിട്ടുണ്ട്.

യുകെ മലയാളികളിൽ ഭൂരിപക്ഷവും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്. അതുകൊണ്ടുതന്നെ സമരത്തിൻറെ ഓരോ ചലനങ്ങളും യുകെ മലയാളി സമൂഹത്തിൽ നന്നായി പ്രതിഫലിക്കുന്നുണ്ട്. ജീവിത ചിലവ് വർദ്ധനവ് മൂലം നേരിടുന്ന പ്രശ്നങ്ങൾ കടുത്ത പ്രതിസന്ധി യുകെയിലെ മിക്ക മലയാളി കുടുംബങ്ങളെയും കടുത്ത പ്രതിസന്ധിയിലേക്ക് തള്ളി വിട്ടിരിക്കുകയാണ്. ശൈത്യകാലം അതിൻറെ ആക്കം കൂട്ടിയിട്ടുണ്ട്. പലരും കനത്ത ബില്ലുകളെ ഭയന്ന് വീട്ടിലെ ഹീറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നത് കുറച്ചിരിക്കുകയാണ്. ഒരു സാധാരണ കുടുംബത്തിന് 300 പൗണ്ട് ആണ് എനർജി ബില്ലിനായി ഇപ്പോൾ തന്നെ ചിലവഴിക്കേണ്ടതായി വരുന്നത്. യുകെയിൽ എത്തിയ ഒട്ടേറെ നേഴ്സുമാർ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾക്കും ശമ്പളത്തിനുമായി ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങളിലേക്ക് കുടിയേറുന്ന പ്രവണത നിലവിലുണ്ട്. നിലവിൽ ജീവനക്കാരുടെ കുറവ് മൂലം എൻഎച്ച്എസ് നേരിടുന്നത് കടുത്ത പ്രതിസന്ധിയാണ്. സമരം തീവ്രമാവുകയാണെങ്കിൽ അത് എൻഎച്ച്എസിന്റെ പ്രവർത്തനത്തെ താളം തെറ്റിക്കുമെന്ന ആശങ്ക ശക്തമാണ്

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: കാലിഫോർണിയ മലയിടുക്കിലേക്ക് കാർ മറിഞ്ഞുണ്ടായ അപകടത്തിൽ ദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ചൊവ്വാഴ്ചയായിരുന്നു ദാരുണമായ സംഭവം നടന്നത്. ദമ്പതികളായ ക്ലോ ഫീൽഡും, ഭർത്താവ് ക്രിസ്റ്റ്യൻ സെലാഡയും ഏഞ്ചൽസ് നാഷണൽ ഫോറസ്റ്റിലൂടെ യാത്ര നടത്തുന്നതിനിടയിലാണ് അപകടം. പർവതത്തിന്റെ അരികിലൂടെ കാർ പോകുന്നതിനിടയിൽ 300 അടി താഴ്ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു.

ഇതിലൂടെ സ്ഥിരമായി യാത്ര നടത്താറുണ്ടെന്നും, അപകടം അപ്രതീക്ഷിതമാണെന്നും ആയിരുന്നു അപകടത്തിനു ശേഷം ഇരുവരുടെയും പ്രതികരണം. പുറകിൽ നിന്ന് മറ്റൊരു വാഹനം ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ, കാർ ഒതുക്കി കൊടുക്കാൻ ശ്രമിക്കുമ്പോഴാണ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞത്. പിന്നെ ഓർമ്മയുള്ളത് പാറക്കെട്ടുകൾക്ക് മുകളിലേക്ക് വാഹനം വീഴുന്നത് മാത്രമാണെന്ന് ദമ്പതികൾ വ്യക്തമാക്കി.

കാർ മറിഞ്ഞ ഉടൻ തന്നെ ഇരുവരും സീറ്റ്‌ബെൽറ്റ്‌ അഴിച്ചു കാറിനു പുറത്തേക്ക് നീങ്ങി. ഗുരുതര പരിക്കുകൾ ഇല്ലാതിരുന്നത് വിശ്വസിക്കാനായില്ലെന്നും ഇരുവരും പറയുന്നു. ശേഷം ‘മൊബൈൽ ഫോൺ തപ്പി എടുക്കാൻ കാറിനുള്ളിൽ നോക്കിയെങ്കിലും കിട്ടിയില്ല. എന്നാൽ പിന്നീട് ഫീൽഡ്സിന്റെ ഐഫോൺ 14 പാറയിടുക്കിൽ നിന്ന് കിട്ടിയതാണ് രക്ഷപ്പെടാൻ കാരണമായത്’ സെലാഡ പറഞ്ഞു.

അപകടത്തെ കുറിച്ച് ഫീൽഡ്സിന്റെ വാക്കുകൾ ഇങ്ങനെ..

‘പ്രദേശത്ത് മതിയായ നെറ്റ്‌വർക്ക് സംവിധാനം ഇല്ലെങ്കിലും എന്തോ ഭാഗ്യം പോലെ ഫോണിൽ അപകടം നടന്നതിനെ തുടർന്ന് എമർജൻസി സിസ്റ്റം പ്രവർത്തനം ആരംഭിച്ചു. ഇതാണ് ജീവിതത്തിലേക്ക് മടങ്ങിവരാൻ കാരണം. ഫോണിന്റെ സ്ക്രീൻ മുഴുവൻ പൊട്ടി തകർന്നെങ്കിലും അതിൽ മെസ്സേജ് അയക്കാൻ പറ്റുമായിരുന്നു. ഉടൻ തന്നെ എമർജൻസി നമ്പറിൽ ബന്ധപ്പെട്ടു. എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കുകയും തങ്ങൾക്ക് സഹായം ആവശ്യമാണെന്ന് അവരെ അറിയിക്കുകയും ചെയ്തു. തുടർന്ന് 30 മിനിറ്റിനുള്ളിൽ ഞങ്ങളെ മലയിടുക്കിൽ നിന്ന് എയർലിഫ്റ്റ് ചെയ്തു’.

ഐഫോണിൽ ഇപ്പോൾ നിലവിൽ വന്ന പുതിയൊരു ഫീച്ചറാണ് രക്ഷാപ്രവർത്തനത്തിനു കാരണമായത്. ഫോൺ പരിധിക്ക് പുറത്തോ ക്രാഷോ ആകുമ്പോൾ എമർജൻസി സർവീസ് ഒരുക്കുന്ന ക്രമീകരണം ആണിത്. ഇതനുസരിച്ചു ഉപയോക്താവിനെ എമർജൻസി സെന്ററുമായി ബന്ധിപ്പിക്കുന്നു.

രക്ഷപ്രവർത്തനത്തിന് ശേഷം ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ ഇവർ വീട്ടിൽ വിശ്രമത്തിലാണ്. ചെറിയ തലവേദനയും കഴുത്ത് വേദനയും ഒഴിച്ചാൽ മറ്റ് പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല. മരണത്തെ മുഖാമുഖം കണ്ടിട്ട് ജീവിതത്തിലേക്ക് മടങ്ങിവന്നതിന്റെ ഞെട്ടലിലാണ് ഇരുവരും.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ഫ്രാൻസിനെ തോൽപിച്ച് മൂന്നാമതും കാൽപന്തുകളിയിലെ രാജാക്കന്മാരായതിന്റെ ആഹ്ളാദത്തിമിർപ്പിലാണ് അർജന്റീനയും ആരാധകരും. ലോകകപ്പ് നേട്ടം മെസ്സിയും സംഘവും ആഘോഷിക്കുകയാണ്. ഡ്രസിങ് റൂമിലെ മേശയിൽ കപ്പുമായി കയറുന്ന മെസ്സി പാട്ടുപാടി നൃത്തം ചെയ്യുന്ന വീഡിയോ പുറത്തിറങ്ങിയിരുന്നു. ലോകകപ്പ് വിജയം ആഘോഷിക്കാൻ അർജന്റീന തലസ്ഥാനമായ ബ്വേനസ് ഐറിസിൽ ദശലക്ഷക്കണക്കിനാളുകളാണ് ഒത്തുകൂടിയത്.

21ാം നൂറ്റാണ്ടില്‍ കാലുകള്‍ കൊണ്ട് മാന്ത്രികത കാഴ്ചവെച്ച ഇതിഹാസമാണ് ലയണൽ ആന്ദ്രയസ് മെസി. ഫുട്‌ബോളിതിഹാസങ്ങളുടെ നിരയിലേക്ക് ആരോഹണം ചെയ്യപ്പെട്ടിരിക്കുകയാണ് അദ്ദേഹം. 86ൽ മറഡോണ പശ്ചിമ ജർമനിയെയാണ് കീഴടക്കിയതെങ്കിൽ 2022ൽ ഫ്രാൻസിനെയാണ് മെസ്സി മുട്ടുകുത്തിച്ചത്.

കുഞ്ഞുപൈതലിനെപോലെ കപ്പിനെ തലോടുന്ന മെസിയാണ് ഏറ്റവും മനോഹരമായ കാഴ്ച. ഈ നിമിഷത്തിനായിരുന്നു ലോകം കാത്തിരുന്നത്. കേവലം അർജന്റീനയെന്ന ഫുട്ബോൾ ടീമിന്റെ ആരാധകർ മാത്രമല്ല, കാൽപ്പന്തുകളിയെ നെഞ്ചിലേറ്റിയ ഭൂരിഭാഗം മനുഷ്യരുടെയും മനസ് അർജന്റീനയ്‌ക്കൊപ്പമായിരുന്നു. അതിന് കാരണം ആ മനുഷ്യൻ തന്നെയാണ്. ഏതൊരു ഫുട്‌ബോൾ പ്രേമിയുടെയും ഹൃദയം കീഴടക്കിയ ലയണൽ മെസ്സിയെന്ന അവതാരം.

ഫൈനൽ കളിച്ചതോടെ ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരങ്ങൾ കളിച്ച താരമെന്ന നേട്ടം മെസ്സിയുടെ പേരിലായി. 25 മത്സരങ്ങൾ കളിച്ച ജർമനിയുടെ ലോതർ മത്തേയൂസിനെയാണ് മറികടന്നത്. ഇറ്റലിയുടെ പോളോ മാൾഡീനിയെ പിന്നിലാക്കി ലോകകപ്പിൽ ഏറ്റവും കൂടുതൽ സമയം കളിച്ച താരമായും മാറി.

ഫൈനലിൽ ഫ്രാൻസിനെതിരായ ജയത്തോടെ ലോകകപ്പിൽ കൂടുതൽ മത്സരങ്ങൾ ജയിച്ച കളിക്കാരനെന്ന ജർമനിയുടെ മിറാസ്ലാവ് ക്ലോസെയുടെ റെക്കോഡിനൊപ്പവും എത്തി. ലോകകപ്പിലെ ആദ്യ റൗണ്ടിലും പ്രീ ക്വാർട്ടറിലും ക്വാർട്ടറിലും സെമിഫൈനലിലും ഫൈനലിലും ഗോൾ നേടുന്ന ആദ്യ താരമെന്ന റെക്കോർഡും സ്വന്തമാക്കി. ലോകകപ്പ് ചരിത്രത്തിൽ രണ്ട് തവണ ഗോൾഡൻ ബാൾ നേടിയ ആദ്യ താരമായും മെസ്സി മാറി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഇംഗ്ലണ്ടിൽ പൊതുഗതാഗതം ഉപയോഗിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ ക്യാമ്പയിനുമായി സർക്കാർ. ഇതിന്റെ ഭാഗമായി ശൈത്യകാലത്ത് ബസ് നിരക്കുകൾ £2 ആയി പരിമിതപ്പെടുത്തും. പദ്ധതിക്ക് കീഴിൽ വരുന്ന എല്ലാ പ്രമുഖ ബസ് ഓപ്പറേറ്റർമാരുടെയും നിരക്കുകൾ ജനുവരി മുതൽ മാർച്ച്‌ വരെ ഇതേ തുകയായിരിക്കും.

60 മില്യൺ പൗണ്ട് സബ്‌സിഡിയാണ് സർക്കാർ മോട്ടോർ വാഹനവകുപ്പിന് ഇതിനായി അനുവദിച്ചത്. ഇതിലൂടെ ടിക്കറ്റ് വിലയുടെ മൂന്നിലൊന്ന് ലഭിക്കാമെന്നും, റോഡിൽ മലിനീകരണം ഉണ്ടാക്കുന്ന ഏകദേശം രണ്ട് മില്യൺ കാറുകളും പൊതുനിരത്തിൽ നിന്നും നീക്കം ചെയ്യുവാനും കഴിയുമെന്നാണ് അധികൃതർ പറയുന്നത്. കോവിഡിന് ശേഷം പൊതുഗതാഗതത്തെ ജനങ്ങളുമായി ബന്ധിപ്പിക്കാൻ സർക്കാർ നടത്തുന്ന ശ്രമങ്ങളെ ബഹുഭൂരിപക്ഷമാളുകളും സ്വാഗതം ചെയ്തിട്ടുണ്ട്.

നാഷണൽ എക്‌സ്‌പ്രസും സ്റ്റേജ്‌കോച്ചും ഉൾപ്പെടെ 130-ലധികം ബസ് ഓപ്പറേറ്റർമാർ നടപടിയെ സ്വാഗതം ചെയ്ത് രംഗത്ത് വന്നിട്ടുണ്ട്. 2 പൗണ്ടിനു യാത്ര എന്ന പുതിയ ആശയം, വർദ്ധിച്ചുവരുന്ന ജീവിത ചിലവുകൾക്കും, അതിനോടൊപ്പം പുതിയ യാത്ര രീതി എന്ന നിലയിലും ജനങ്ങൾക്ക് സഹായകരമാണെന്ന് കോൺഫെഡറേഷൻ ഓഫ് പാസഞ്ചർ ട്രാൻസ്‌പോർട്ടിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഗ്രഹാം വിഡ്‌ലർ പറഞ്ഞു.

അതേസമയം പൊതുനിരത്തിലെ ബസുകളുടെ നിലവാരം മെച്ചപ്പെടുത്താനും സർക്കാർ നടപടി സ്വീകരിക്കുന്നുണ്ട്. പുതിയ പദ്ധതിയോടുള്ള ബസ് ഓപ്പറേറ്റർമാരുടെ അനുഭാവപൂർണമായ സമീപനം മാതൃകപരമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി റിച്ചാർഡ് ഹോൾഡൻ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കെറ്ററിങ്ങിൽ മലയാളി നേഴ്സും രണ്ട് പിഞ്ചു കുട്ടികളും കൊല്ലപ്പെട്ട സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് പോലീസ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടത് . ബ്രിട്ടനിലെ മുൻനിര മാധ്യമങ്ങൾ എല്ലാം വളരെ പ്രാധാന്യത്തോടെയാണ് ദാരുണ കൊലപാതകത്തിന്റെ വാർത്ത പ്രസിദ്ധീകരിച്ചത്. പല മാധ്യമങ്ങളിലും ഏറ്റവും കൂടുതൽ പേർ വായിച്ച ന്യൂസ് അഞ്ജു അശോക് (35 ), മക്കളായ ജീവ (6) , ജാൻവി (4), എന്നിവർ കൊല്ലപ്പെട്ട വാർത്തയായിരുന്നു.

പ്രതിയായ അഞ്‌ജുവിന്റെ ഭർത്താവ് 52 വയസ്സുകാരനായ സാജു പോലീസിനോട് കുറ്റസമ്മതം നടത്തിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ . കണ്ണൂർ ഇരിട്ടി പടിയൂർ കൊമ്പൻപാറ ചേലപാലൻ സാജുവിനെതിരെ അന്വേഷണം പൂർത്തിയാക്കി നോർത്താംപ്ടൺ പോലീസ് കുറ്റപത്രം സമർപ്പിച്ചു. ഇന്ന് നോർത്താംപ്ടൺ മജിസ്ട്രേറ്റ് കോടതിയിൽ സാജുവിനെ ഹാജരാക്കും. രണ്ടു പിഞ്ചു കുഞ്ഞുങ്ങൾ ഉൾപ്പെടെ മൂന്നുപേരുടെ കൊലപാതകം നടത്തിയ സാജുവിന് ശിഷ്ടകാലം മുഴുവൻ ജയിലിൽ കഴിയേണ്ടി വരുമെന്ന സൂചനകളാണ് നിയമവിദഗ്ധർ നൽകുന്നത്.

കൊല്ലപ്പെട്ട മൂന്നുപേരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ച്‌ മൃതസംസ്കാരം നടത്താനാണ് ബന്ധുക്കൾ ആഗ്രഹിക്കുന്നത്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ട് പുരോഗമിക്കുകയാണ്. ബ്രിട്ടനിലെ നിയമ നടപടിക്രമങ്ങൾ പൂർത്തിയായി എന്ന് മൃതദേഹങ്ങൾ നാട്ടിലെത്തിക്കാമെന്നതിനെ കുറിച്ചുള്ള അനിശ്ചിതത്വം തുടരുകയാണ്

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യുകെയിൽ മഞ്ഞുവീഴ്ച തുടരുന്ന സാഹചര്യത്തിൽ വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പുമായി അധികൃതർ. കനത്ത മഴയും മഞ്ഞുവീഴ്ചയും ഗതാഗത തടസ്സമുണ്ടാക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ മുന്നറിയിപ്പ്. പലയിടങ്ങളിലും ഐസ് തണുത്തുറഞ്ഞ സാഹചര്യവും നിലവിലുണ്ട്. റോഡിനു മുകളിൽ രണ്ടോ മൂന്നോ മില്ലിമീറ്റർ വരെ ഐസ് അടിഞ്ഞുകൂടാൻ സാധ്യതയുണ്ടെന്നും, ഇത് അപകടത്തിനു കാരണമായേക്കാമെന്നും കാലാവസ്ഥ കേന്ദ്രം പറയുന്നു.

24 മണിക്കൂറിനുള്ളിൽ, അറ്റ്ലാന്റിക്കിൽ നിന്ന് വരുന്ന കാറ്റ് താപനില ഉയരാൻ കാരണമായേക്കും. എന്നാൽ കഴിഞ്ഞയാഴ്ചത്തേതിൽ നിന്ന് വ്യത്യസ്തമായി തിങ്കളാഴ്ച യുകെയിലുടനീളമുള്ള പകൽസമയത്തെ കൂടിയ താപനില 11C മുതൽ 15C വരെ ആയിരിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തെ മറ്റ് സ്ഥലങ്ങളിൽ -10C മുതൽ -15C വരെ താഴ്ന്ന താപനിലയും രേഖപ്പെടുത്തിയിട്ടുണ്ട്.

അടുത്ത രണ്ട് ദിവസങ്ങളിൽ രാത്രിയും പകലും താപനില ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ നിരീക്ഷണ വിദഗ്ധൻ മാർക്കോ പെറ്റാഗ്ന പറഞ്ഞു. കഴിഞ്ഞ ആഴ്ചയിൽ വടക്ക് നിന്നാണ് തണുത്ത കാറ്റ് വീശിയതെന്നും, എന്നാൽ ഈ ആഴ്ച തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും പറഞ്ഞ അദ്ദേഹം,നിലവിലെ സാഹചര്യത്തിൽ നിന്നും കാര്യങ്ങൾ തികച്ചും വ്യത്യസ്തമാണെന്നും കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കെറ്ററിംഗിൽ മലയാളി നേഴ്സും രണ്ടു മക്കളും കൊല്ലപ്പെട്ട സംഭവത്തിൽ പോലീസ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടു. ശ്വാസംമുട്ടിയാണ് അഞ്ജു അശോക് (35) മക്കളായ ജീവ സാജു (6), ജാൻവി സാജു (4) എന്നിവർ മരിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഉള്ളത്. ലെസ്റ്ററിലെ റോയൽ ഇൻഫർമറിയിലാണ് പോസ്റ്റ്മോർട്ടം പരിശോധനകൾ നടന്നത്. ശ്വാസം മുട്ടിയാണ് മരണം എന്നാണ്  പോസ്റ്റുമോർട്ടം റിപ്പോർട്ടും പറയുന്നത്. തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി എന്നാണ് അനുമാനിക്കുന്നത്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

മൂവരുടെയും കൊലപാതകത്തിൽ പ്രതിയായ ഭർത്താവ് സാജുവിനെ (52) തിങ്കളാഴ്ച നോർത്താംപ്ടൺ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും . കൊല്ലപ്പെട്ട അഞ്ജുവിന്റെയും ജീവയുടെയും ജാൻവിയുടെയും കുടുംബത്തിന് പിന്തുണ നൽകുന്നതിനും നീതി ലഭിക്കുന്നതിനുമായി വേണ്ടതെല്ലാം ചെയ്യുമെന്ന് അന്വേഷണത്തിന് നേതൃത്വം വഹിക്കുന്ന സീനിയർ ഡിക്ടറ്റീവ് ഇൻസ്പെക്ടർ സൈമൺ ബാൺസ് പറഞ്ഞു.

ഇതിനിടെ പ്രണയിച്ച് വിവാഹിതരായ സാജുവിന്റെയും അഞ്ജുവിന്റെയും ജീവിതത്തിൽ യുകെയിൽ വരുന്നതിനു മുമ്പ് തന്നെ അസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നെന്ന വിവരങ്ങൾ പുറത്തുവന്നു. സൗദിയിൽ വച്ച് സാജുവിന്റെ ക്രൂരതകൾക്കും അഞ്ജുവിന് മർദ്ദിക്കുന്നതിനും താൻ സാക്ഷിയാകേണ്ടതായി വന്നുവന്ന് അഞ്‌ജുവിന്റെ രണ്ടാനമ്മ കൃഷ്ണമ്മ ഇന്നലെ വെളിപ്പെടുത്തിയിരുന്നു.

കെറ്ററിംഗ് ജനറൽ ആശുപത്രിയിൽ ഓർത്തോപീഡിക് വാർഡിലെ നേഴ്സായിട്ടായിരുന്നു അഞ്‌ജു ജോലി ചെയ്തിരുന്നത്. അഞ്ജുവിനേറ്റ ദുരന്തം കനത്ത ആഘാതമാണ് സഹപ്രവർത്തകരിലും സുഹൃത്തുക്കളിലും സൃഷ്ടിച്ചത്. തങ്ങളുടെ സഹപ്രവർത്തകയെ കുറിച്ച് ഒട്ടേറെ പേരാണ് അനുശോചന സന്ദേശങ്ങൾ കുറിച്ചത്. ഒട്ടേറെ പേർ അഞ്ജുവിന്റെ താമസസ്ഥലത്ത് എത്തി പൂക്കളും സന്ദേശങ്ങളും അർപ്പിച്ചു. അഞ്ജു ഏറ്റുവാങ്ങിയ ദുരന്തത്തിൽ സഹപ്രവർത്തകരുടെ വേദനയെക്കുറിച്ചും അവർ പങ്കുവെച്ച അനുസ്മരണ സന്ദേശങ്ങളെകുറിച്ചും ഡെയ്ലി മെയിൽ ഉൾപ്പെടെയുള്ള ബ്രിട്ടീഷ് മാധ്യമങ്ങൾ ഒട്ടേറെ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്.

RECENT POSTS
Copyright © . All rights reserved