Main News

കടുത്ത മഞ്ഞുവീഴ്ചയെ തുടർന്ന് മാഞ്ചസ്റ്റർ വിമാനത്താവളത്തിലെ രണ്ട് റൺവേകളും അടച്ചു. യാത്രക്കാരുടെ സുരക്ഷ പരിഗണിച്ച് രണ്ട് റൺവേകളും താൽക്കാലികമായി അടച്ചിരിക്കുകയാണെന്നും എത്രയും പെട്ടെന്ന് തന്നെ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനുള്ള സംവിധാനങ്ങൾ തങ്ങൾ ഏർപ്പെടുത്തുമെന്നും മാഞ്ചസ്റ്റർ എയർപോർട്ടിൻെറ ട്വിറ്റർ പേജിൽ അധികൃതർ അറിയിക്കുകയായിരുന്നു. തങ്ങളുടെ ഫ്ലൈറ്റിനെ പറ്റിയുള്ള ഏറ്റവും പുതിയ വാർത്തകൾ അറിയുവാനായി എയർലൈൻസുമായി ബന്ധപ്പെടാനും യാത്രക്കാരോട് എയർപോർട്ട് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

രാവിലെ ടേക്ക് ഓഫ് ചെയ്യേണ്ട തന്റെ ഫ്ലൈറ്റ് ഉച്ചയോടെയാണ് യാത്ര തിരിച്ചത് എന്ന് ഒരു യാത്രക്കാരൻ മാധ്യമങ്ങളോട് പറഞ്ഞു. ഡബ്ലിൻ വിമാന താവളത്തിൽ നിന്നും ഫ്ലൈറ്റുകൾ റദ്ദാക്കിയിട്ടുണ്ട്. ശനിയാഴ്ച ഇതുവരെ 23 ഔട്ട്ബൗണ്ട് ഫ്ലൈറ്റുകളും 27 ഇൻബൗണ്ട് ഫ്ലൈറ്റുകളും റദ്ദാക്കി. വെള്ളിയാഴ്ച വൈകുന്നേരം 69 ഡിപ്പാർട്ടിങ് ഫ്ലൈറ്റുകളും 74 ഇൻബൗണ്ട് വിമാനങ്ങളുമാണ് റദ്ദാക്കിയത്. അതേസമയം മഞ്ഞുവീഴ്ച്ച മൂലമുണ്ടാകുന്ന തടസ്സങ്ങൾ കുറഞ്ഞത് ഒരാഴ്ചയെങ്കിലും നീണ്ടുനിൽക്കുമെന്ന് കാലാവസ്ഥ ഉദ്യോഗസ്ഥർ പറഞ്ഞു. ഈയാഴ്ച സ്കോട്ട്ലാൻഡ് നോർത്ത് അയർലൻഡ് വെയിൽസ് പടിഞ്ഞാറൻ ഇംഗ്ലണ്ട് എന്നീ ഭാഗങ്ങളിലെ ഉയർന്ന പ്രദേശങ്ങളിൽ ശക്തമായ മഞ്ഞുവീഴ്ച ഉണ്ടാകും.

ഇംഗ്ലണ്ടിന്റെ പടിഞ്ഞാറൻ തീരം, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിൽ ശനിയും ഞായറും ശക്തമായ മഞ്ഞുവീഴ്ച ഉണ്ടായിരിക്കുമെന്ന് നേരത്തെ കാലാവസ്ഥ നീരീക്ഷകർ മുന്നറിയിപ്പ് നൽകിയിരുന്നു. സ്കോട്ട്‌ലൻഡിലെ ചില പ്രദേശങ്ങളിലും ശനി, ഞായർ ദിവസങ്ങളിൽ മഞ്ഞുവീഴ്ചയെ തുടർന്ന് യെലോ അലേർട്ട് പ്രഖ്യാപിച്ചു.

ജോജി തോമസ്

ആറു വർഷത്തിലേറെ നീണ്ടുനിന്ന സ്തുത്യർഹമായ സേവനത്തിനു ശേഷം സീറോ മലബാർ സഭയുടെ ലീഡ്സ് ഇടവകയുടെ വികാരി ഫാ.മാത്യു മുളയോലില്‍ ബെക്സ്ഹിൽ ഓണ്‍സിയിലേയ്ക്ക് സ്ഥലമാറ്റമായി. തങ്ങളുടെ പ്രിയപ്പെട്ട മുളയോലില്‍ അച്ചനോടുള്ള ആദര സൂചകമായി കാറിലും ബസ്സിലുമായി നിരവധി പേരാണ് ലീഡ്സിൽ നിന്ന് 300 ഓളം മൈൽ അകലെയുള്ള ബെക്സ്ഹിൽ ഓൺസിയിലേയ്ക്ക് ഫാ. മാത്യു മുളയോലിയെ അനുഗമിച്ചത്.

ഒരു മികച്ച സംഘാടകനായി അറിയപ്പെടുന്ന ഫാ. മാത്യു മുളയോലിൽ മലയാളം യുകെയുടെ ബെസ്റ്റ് ഓർഗനൈസർ ഓഫ് ദി ഇയർ അവാർഡിന് അർഹനായിരുന്നു. മലയാളം യുകെയ്ക്ക് വേണ്ടി ഡയറക്ടർ ബോർഡ് മെമ്പറും അസ്സോസിയേറ്റീവ് എഡിറ്ററുമായ ജോജി തോമസ് ഫാ . മാത്യു മുളയോലിയെ ആശംസകൾ അറിയിച്ചു. 2016 ജൂലൈയിൽ ലീഡ്‌സിലെ സീറോ മലബാർ സഭയുടെ ചാപ്ലിനായി ചുമതലയേറ്റ ഫാ. മാത്യു മുളയോലിയുടെ നേതൃത്വത്തിലാണ് ലീഡ്സിലെ സീറോ മലബാർ വിശ്വാസികൾ സ്വന്തമായി ദേവാലയം കരസ്ഥമാക്കിയത് . ബ്രിട്ടനിലെ സീറോ മലബാർ സഭയുടെ ചരിത്രത്തിൽ ലീഡ്സിലാണ് ഒരു ചാപ്ലിൻസി ആദ്യമായി ദേവാലയം വാങ്ങുന്നത്. സീറോ മലബാർ സഭയുടെ ലീഡ്സ് രൂപതാ ചാപ്ലിനായിരുന്ന ഫാ. ജോസഫ് പൊന്നോത്ത് നാട്ടിലേയ്ക്ക് മടങ്ങിയ അവസരത്തിലാണ് ഫാ. മാത്യു മുളയോലിൽ സഭാ സേവനത്തിനായി ലീഡ്സിൽ എത്തിച്ചേരുന്നത്. ആറ് വർഷത്തിലേറെ നീണ്ടുനിൽക്കുന്ന സേവനത്തിലൂടെ ലീഡ്സിലേ സീറോ മലബാർ സമൂഹത്തെ മിഷനായും, ഇടവകയായും വളർത്തുന്നതിൽ ഫാ. മാത്യു മുളയോലിൽ വിജയിച്ചു.

എത്ര തിരക്ക് ഉണ്ടെങ്കിലും ഞായറാഴ്ച കുർബാനയ്ക്ക് ശേഷം വിശ്വാസികൾക്ക് ഇടയിലൂടെ ഓടിനടന്ന് പരമാവധി ഇടവകാംഗങ്ങളെ ഒരു ചെറുപുഞ്ചിരിയുമായി കാണാനും ക്ഷേമാന്വേഷണം നടത്താനും പ്രത്യേകം ശ്രദ്ധിച്ചിരുന്ന ഫാ. മാത്യു മുളയോലിയുടെ എളിമയും , വിനയവും നിറഞ്ഞ പെരുമാറ്റമാണ് വിശ്വാസികളെ കൂടുതൽ ആകർഷിച്ചിരുന്നത്. മറ്റെന്തിനേക്കാളും ഉപരിയായി ആത്മീയ ശുശ്രൂഷയ്ക്ക് മുൻതൂക്കം നൽകിയിരുന്ന ഫാ. മാത്യു മുളയോലിൽ, ഞാനെന്ന ഭാവമില്ലാതെ ഒരു സമൂഹത്തെ എങ്ങനെ നയിക്കാം എന്നതിൻറെ മാതൃകയാണ്.

ഫാ.മാത്യു മുളയോലിയുടെ ഔപചാരികമായ യാത്ര അയപ്പ് ഡിസംബർ 4-ാം തീയതി വി. കുർബാനയ്ക്ക് ശേഷം സീറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്തിൽ ഇടവകാംഗങ്ങൾ നടത്തിയിരുന്നു . പ്രസ്തുത പരിപാടിയിൽ മാർ . ജോസഫ് സ്രാമ്പിക്കൽ ഫാ. മാത്യു മുളയോലിൽ ലീഡ്സിലെ ഇടവക സമൂഹത്തിനു വേണ്ടി ചെയ്ത സേവനങ്ങളെ അനുമോദിക്കുകയും, ഭാവി പ്രവർത്തനങ്ങളിൽ വിജയം ആശംസിക്കുകയും ചെയ്തു. വിവിധ ഭക്ത സംഘടനകളെ പ്രതിനിധീകരിച്ച് ഭാരവാഹികൾ ഫാ. മാത്യു മുളയോലിയ്ക്ക് ആശംസകൾ നേർന്നു. കണ്ണൂർ പേരാവൂർ സ്വദശി ആയ ഫാ . മാത്യു മുളയോലിൽ നേരത്ത മിഷൻ ലീഗിൻെറ ഡയറക്ടറായി സേവനം അനിഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ സിറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ മിഷൻ ലീഗിന്റെ ചുമതല ഫാ .മാത്യു മുളയോലിക്കാണ് . കണ്ണൂർ ജില്ലയിലെ പേരാവൂർ സ്വദേശിയായ ഫാ. മാത്യു മുളയോലിൽ തലശ്ശേരി രൂപതാംഗമാണ്

 

 

            

   

 

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : കിരീടവും കൊണ്ട് ഖത്തറിലെത്തിയ ഫ്രഞ്ച് പട അതുമായി തന്നെ മടങ്ങാനുള്ള പോരാട്ടത്തിനായി ഇന്നിറങ്ങുന്നു. ഇറ്റ്സ് കമിങ് ഹോം എന്ന് പാടാൻ ഇംഗ്ലണ്ടും. കടലാസിലും കളത്തിലും കരുത്തരാണ് ഇംഗ്ലീഷ് നിര. ടീമിലെ വമ്പൻ പേരുകളെ നന്നായി വിനിയോഗിക്കാൻ സൗത്ത് ഗേറ്റിനാകുന്നുണ്ട്. കരുത്തുള്ള പ്രതിരോധവും കളി മെനയുന്ന മധ്യനിരയും ഗോൾ അടിക്കാൻ മടിയില്ലാത്ത മുന്നേറ്റവും ഫ്രാൻസിന് ഭീഷണിയാകും.

അതേസമയം, ഫ്രാൻസിന്റെ കുതിപ്പ് വിസ്മയിപ്പിക്കുന്നതാണ്. ഗോളടിച്ചു കൂട്ടുന്ന കിലിയൻ എംബാപ്പെ ആ പണി തുടർന്നാൽ ഫ്രാൻസിന് സെമിയിലേക്കുള്ള പോക്ക് എളുപ്പമാകും. ജിറൂദും ഗ്രീസ്മാനും ഡെംബലെയും ഫോമിൽ തന്നെ. ഗോൾ വലയ്ക്ക് കീഴിലുള്ള ഹ്യൂഗോ ലോറിസന്‍റെ പ്രകടനവും നിർണായകമാകും. 1982ന് ശേഷം ഇതാദ്യമായാണ് ഇരുവരും ലോകകപ്പിൽ ഏറ്റുമുട്ടുന്നത്.

സെനഗലിനെതിരെയുള്ള കളിയിൽ ക്യാപ്റ്റൻ കെയ്ൻ, ഹെൻഡേഴ്‌സൺ, ബുകയോ സാക എന്നിവർ സ്കോർ ചെയ്തിരുന്നു. ഇംഗ്ലണ്ടും ഫ്രാൻസും 31 തവണയാണ് ഇതുവരെ ഏറ്റുമുട്ടിയത്. അതിൽ പതിനേഴിലും ജയം ഇംഗ്ലണ്ടിനൊപ്പമാണ്. ഒൻപത് കളികൾ ഫ്രാൻസ് ജയിച്ചപ്പോൾ അഞ്ചെണ്ണം സമനിലയിൽ പിരിഞ്ഞു. ലോകകപ്പിൽ മുൻപ് രണ്ടു തവണ ഏറ്റുമുട്ടിയപ്പോളും ജയം ഇംഗ്ലണ്ടിനൊപ്പമായിരുന്നു.

ഏറ്റവും മികച്ച മുന്നേറ്റ നിരയുള്ള ഇംഗ്ലീഷുകാർ ടൂർണമെന്റിൽ ഇതുവരെ പന്ത്രണ്ട് ഗോളുകൾ സ്‌കോർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ അഞ്ചു മാച്ചുകളിലായി ഇംഗ്ലണ്ട് പരാജയം അറിഞ്ഞിട്ടില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഇംഗ്ലണ്ടിലെ എൻ എച്ച് എസ് ആശുപത്രികളിൽ വെയ്റ്റിംഗ് ലിസ്റ്റിൽ 7 ദശലക്ഷത്തിലധികം ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. മൊത്തം ജനസംഖ്യയുടെ എട്ടിൽ ഒരാൾ വെയ്റ്റിംഗ് ലിസ്റ്റിൽ ആണെന്നാണ് കണക്കുകൾചൂണ്ടിക്കാണിക്കുന്നത്. പലരും ഡോക്ടർമാരെ കാണാൻ മാസങ്ങളോളമാണ് വെയ്റ്റിംഗ് ലിസ്റ്റിൽ കാത്തുനിൽക്കേണ്ടതായി വരുന്നത് .

ഓസ്റ്റിയോ ആർത്രൈറ്റിസ് രോഗം ബാധിച്ച ജെയ്ൻ പ്രോബിൻ എന്ന സ്ത്രീ മൂന്നു വർഷത്തിലധികമായി എൻഎച്ച്എസിന്റെ വെയ്റ്റിംഗ് ലിസ്റ്റിൽ തുടരുകയാണ്. 2020 ഒക്ടോബറിൽ ഹിപ് ഓപ്പറേഷൻ നടത്താൻ തീരുമാനിക്കുകയും, എന്നാൽ കോവിഡ്-19 രോഗബാധയെ തുടർന്ന് മാറ്റി വയ്‌ക്കേണ്ടതായി വരുകയും ചെയ്തു. 2022 മാർച്ചിൽ ജെയ്നിന്റെ വലത് ഹിപ്പ് സർജറി നടത്തി. എന്നാൽ ഇടത് ഹിപ്പിന്റെ സർജറി ഇതുവരെ നടത്താൻ സാധിച്ചിട്ടില്ല. ഇപ്പോഴും തീവ്രമായ വേദനയിലൂടെയാണ് താൻ കടന്ന് പോകുന്നതെന്നും നടക്കാൻ കഴിയാത്തത് കൊണ്ട് വോക്കറിനെയാണ് ആശ്രയിക്കുന്നതെന്നും ജെയ്‌ൻ പറയുന്നു.

ഓർത്തോപീഡിക്ക് ചികിത്സയുടെ ഭാഗമായി ജെയ്ൻ മാത്രമല്ല വെയ്റ്റിംഗ് ലിസ്റ്റിൽ തുടരുന്നത്. ഏകദേശം 80,000 ത്തിലധികം രോഗികൾ പതിനെട്ട് ആഴ്ചയിലധികമായി വെയ്റ്റിംഗ് ലിസ്റ്റിലാണ്. ചികിത്സ ലഭിക്കുക എന്ന രോഗിയുടെ അവകാശം കൂടിയാണ് ഇവിടെ നിഷേധിക്കപ്പെടുന്നത്. വെയ്റ്റിംഗ് ലിസ്റ്റിൽ തുടരുന്നത് പലരിലും ശരീരികവും മാനസികാവുമായ പ്രയാസങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും, പലരും വിഷാദരോഗങ്ങൾക്ക് അടിമപ്പെടുകയാണെന്നും ചാരിറ്റി വേഴ്സസ് ആർത്രൈറ്റിസ് ചീഫ് എക്സിക്യൂട്ടീവായ ഡെബോറ അൽസീന പറഞ്ഞു.

ഹൃദ്രോഗ സംബന്ധമായും ആളുകൾ വെയ്റ്റിംഗ് ലിസ്റ്റിൽ തുടരുന്നുണ്ടെന്നാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു വസ്തുത. അടിയന്തിര ചികിത്സ ലഭിക്കാത്തപക്ഷം മരണംവരെ സംഭവിക്കാൻ സാധ്യതയുള്ള അവസ്ഥയിൽ മൂന്ന് ലക്ഷത്തിലധികം രോഗികളാണ് ഡോക്ടറിനെ കാണുവാനായി 18 ആഴ്ച്ചയിലധികമായി കാത്തിരിക്കുന്നത്. ഇവരിൽ പലരും സർജറി മുതൽ അടിയന്തിര ചികിത്സ ആവശ്യമുള്ളവരാണ്. എസെക്സിൽ നിന്നുള്ള 62 കാരനായ ഗാരി കോഗൻ, കഴിഞ്ഞ വർഷമാണ് ഹൃദയഘാതത്തെ തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. ട്രിപ്പിൾ ഹാർട്ട് ബൈപാസ് സർജറി വേണമെന്നായിരുന്നു വിദഗ്ധരുടെ അഭിപ്രായം. എന്നാൽ ഇതുവരെ സർജറി നടന്നിട്ടില്ല. അടുത്ത വർഷമെങ്കിലും നടക്കുമെന്നുള്ള പ്രതീക്ഷയിലാണ് ഗാരി കോഗൻ.

പ്രായമായ രോഗികൾ മാത്രമല്ല വെയ്റ്റിംഗ് ലിസ്റ്റ് കാരണം ദുരിതത്തിലായിരിക്കുന്നത്. 3,60,000 ത്തിലധികം സ്കൂൾ വിദ്യാർത്ഥികൾ ഈ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. സർജറി മുതൽ വിവിധ ചികിത്സ ആവശ്യമായി ഉള്ളവരാണ് ഇവരിൽ ഏറെയും. മതിയായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് ഇവരിൽ പലരും സ്കൂളിൽ പോകാത്തതുകൊണ്ട് ക്ലാസുകൾ നഷ്ടപ്പെടുകയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: രാജ്യത്തെ മികച്ച സ്കൂളുകളുടെ ലിസ്റ്റ് പുറത്തിറക്കി. സൺ‌ഡേ ടൈംസാണ് പേരെന്റ് പവർ ഗൈഡ് 2023 എന്ന പേരിൽ സ്റ്റേറ്റ്, പ്രൈവറ്റ്, ഇൻഡിപെൻഡന്റ് എന്നിങ്ങനെ സ്കൂളുകളെ മികവിന്റെ അടിസ്ഥാനത്തിൽ തരംതിരിച്ചത് . 1600 ലധികം സ്കൂളുകൾ ഈ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സ്കൂളുകളെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും മാതാപിതാക്കൾക്ക് അറിയാൻ ഇതിലൂടെ സാധിക്കും. നേട്ടങ്ങളും കോട്ടങ്ങളും ഒരുപോലെ ചർച്ചയാകുന്ന പട്ടിക കഴിഞ്ഞ ദിവസമാണ് പ്രസിദ്ധീകരിച്ചത്.

ഈ വർഷത്തെ സ്കൂളുകളുടെ പട്ടിക തയ്യാറാക്കുമ്പോൾ പ്രധാനമായും ലക്ഷ്യം വെച്ചത് കുട്ടികളുടെ ഭാവിയോടൊപ്പം മാനസിക ആരോഗ്യത്തെയും, ക്ഷേമത്തെയും ആണെന്ന് ദി സൺഡേ ടൈംസ് പേരന്റ് പവർ ഗൈഡിന്റെ എഡിറ്റർ ഹെലൻ ഡേവിസ് പറഞ്ഞു. പഠനത്തോടൊപ്പം തന്നെ മുഖ്യ പരിഗണന നൽകേണ്ട വിഷയമാണ് കുട്ടികളുടെ മാനസിക ആരോഗ്യം. പഠനത്തെ കുട്ടികളുടെ മാനസിക ആരോഗ്യവും ബാധിക്കും. പട്ടികയിൽ പല മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സ്കൂളുകളെ തരംതിരിച്ചിരിക്കുന്നത്.

ലണ്ടനിലെ സെന്റ് പോൾസ് ഗേൾസ് സ്കൂളാണ് ഇത്തവണത്തെ ഇൻഡിപെൻഡന്റ് സ്കൂളുകളിൽ ഒന്നാം സ്ഥാനത്ത്. അക്കാദമിക് പ്രകടനത്തിൽ ഏറ്റവും മികച്ച സെക്കൻഡറി സ്കൂളായി ഹെൻറിറ്റ ബാർനെറ്റ് സ്കൂൾ ഹാംപ്സ്റ്റെഡ്, ലണ്ടനെ തിരഞ്ഞെടുത്തു. സെക്കണ്ടറി സ്കൂളുകളിൽ വൈകോംബ് ഹൈസ്കൂളാണ് പട്ടികയിൽ ഇടം പിടിച്ചത്. പഠനത്തോടൊപ്പം മറ്റ് പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നതിൽ സെന്റ് പീറ്റേഴ്സ് കാത്തലിക് സ്കൂൾ, ഗിൽഡ്ഫോർഡും ലിസ്റ്റിലുണ്ട്.

സ്കൂളുകളുടെ വിശദമായ പട്ടിക താഴെ പറയുന്ന ലിങ്കിൽ ലഭ്യമാണ്.

https://www.thetimes.co.uk/article/best-uk-schools-guide-parent-power-tr95xdztg

ബ്രിട്ടനിലെ കാലാവസ്ഥ അതിന്റെ ഏറ്റവും വലിയ ഫ്രീസിങ് നിലയിലേക്ക് ഓരോ ദിവസവും കടന്നുപോകുന്നു. എല്ലാവരുടെയും ചങ്കിടിപ്പ് കൂട്ടി മൈനസ് 9 ലേക്ക്. അടുത്ത ഏഴ് ദിവസത്തേക്ക് എന്നുള്ള മെറ്റ് ഓഫീസിന്റെ പ്രവചനം. കൂടെ കൂടെ ചെറിയ രീതിയിൽ മഞ്ഞും കൂടി…. ഇത്തരം കാലാവസ്ഥ മുൻപും വന്നിട്ടുണ്ട്. ഇവിടെയുള്ള ഇംഗ്ലീഷുകാരും മലയാളികളും അതിജീവിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ യുകെയിൽ നിലനിക്കുന്ന വിലക്കയറ്റം ആണ് എല്ലാവരുടെയും ആശങ്കകളെ ഇരട്ടിയാക്കുന്നു.

ഗ്യാസ് ആൻഡ് ഇലെക്ട്രിസിറ്റി ആണ് ഇവിടുത്തെ വില്ലൻ. യുക്രൈൻ റഷ്യ യുദ്ധം മുൻപെങ്ങും ഇല്ലാത്തതുപോലെ ഒട്ടുമിക്ക യൂറോപ്പ്യൻ രാജ്യങ്ങളെയും ഒരു പോലെ ബാധിച്ചിരിക്കുന്നു. മുൻ വർഷങ്ങളിൽ ഒരു 150-180  പൗണ്ട് ആണ് വിന്റർ സമയത്തു ഒരു നാല് കിടക്കകളുള്ള വീടിനുണ്ടായിരുന്നതെങ്കിൽ ഇപ്പോൾ അത് 350 – 450 പൗണ്ടായി ഉയർന്നിരിക്കുന്നു മുൻകാലങ്ങളിലേതുപോലെ ഹീറ്റിങ് നിലനിർത്തുവാൻ. ഈ ഒരു ഒറ്റ കാരണത്താൽ തന്നെ പല മലയാളികളും ഹീറ്റിംഗ് തന്നെ കുറക്കുന്ന സാഹചര്യം നിലനിൽക്കെ ആണ് അങ്ങനെ ചെയ്യുന്നതിലെ അപകടം നിങ്ങളെ അറിയിക്കുവാൻ മലയാളം യുകെ ആഗ്രഹിക്കുന്നത്.

നിങ്ങളുടെ വീട്ടിലെ ഹീറ്റിങ് ഓഫ് ചെയ്തു ഇരിക്കുകയായാണോ ബില്ല് ലാഭിക്കാൻ? എങ്കിൽ നിങ്ങൾ നടന്നടുക്കുന്നത് നിങ്ങളുടെ തന്നെ മരണത്തിലേന്ന് ആരോഗ്യരംഗത്തെ വിദഗ്ദ്ധർ പറയുന്നു. എല്ലാമറിയുന്നവരാണ് എന്ന ചിന്ത മാറ്റി എത്രയാണ് നിങ്ങളുടെ വീട്ടിലെ ലിവിങ് റൂമിൽ വേണ്ട ചൂട്, അതുമല്ല കൊച്ചു കുട്ടികൾ ഉണ്ടെങ്കിൽ എത്ര എന്നിവയെല്ലാം അറിഞ്ഞിരിക്കുന്നത് നമുക്ക് മുകരുത്തൽ എടുക്കുന്നതുപോലെ തന്നെ ബില്ലുകൾ നിയന്ത്രിക്കുന്നതിനും സാധിക്കും എന്നറിയുക.  പുതുതായി എത്തിയവർ  വിദ്യാർത്ഥികൾ, നഴ്സുമാർ എന്നിവർ അറിയാതെ പോകരുത്.

ആദ്യമായി എങ്ങനെ ഹീറ്റിങ് ഉപയോഗം കുറക്കുന്നതിനെപ്പറ്റി. എയർ സോഴ്സ് ഹീറ്റിംഗ് പമ്പ് പലരും നിർദ്ദേശിക്കാറുണ്ട്. 7000 മുതൽ 13000 പൗണ്ട് വരെ ചിലവാകും. ഒരുത്തരുടേയും ഉപയോഗത്തിന്റെ തോത്, വീടിന്റെ വലിപ്പം എന്നിവ അനുസരിച്ചു ഹീറ്റ് പാമ്പിന്റെ വിലയിൽ മാറ്റം ഉണ്ടാകും.  വർഷം 1500 പൗണ്ട് വരെ ലഭിക്കാമെന്ന് വിദഗ്ദ്ധർ. എന്നാൽ ഇലക്ട്രിക്ക് സ്റ്റോറേജ് ഹീറ്റർ സംവിധാനം മാറ്റുമ്പോൾ മാത്രമാണ് ഈ ലാഭം. അതേസമയം ഒരു ജി റേറ്റഡ്‌ ഓയിൽ ബോയിലർ ആണെകിൽ ചെലവ് കൂടുമെന്ന് കണക്കു നിരത്തി വിദഗ്ദ്ധർ സമർത്ഥിക്കുന്നു. അതിനേക്കാളുപരി സ്ഥാപിക്കുന്നതിന് പുറത്തു മതിയായ സ്ഥലം, പ്ലാനിങ് പെർമിഷൻ എന്നിവ വേണ്ടിവരും.

നിങ്ങളുടെ ബോയിലറുകൾ കൃത്യമായി സർവീസ് ചെയ്‌താൽ തീർച്ചയായും ബില്ല് കുറക്കാൻ സാധിക്കും. വീടിന്റെ ഇൻസുലേഷൻ, നല്ല  ഡബിൾ ഗ്ലെയിസ് വിൻഡോസ് എന്നിവ.

ഒരു വീടിന്റെ ഉള്ളിലെ താപനില എത്രയായിരിക്കണം. ഒരു വീട്ടിൽ ഏറ്റവും കുറഞ്ഞത് ഒൻപത് മണിക്കൂർ എങ്കിലും ഹീറ്റിംഗ് ഇടണം. ലിവിങ് റൂമിൽ 18 മുതൽ 21 ഡിഗ്രി ആണ് യുകെയിൽ വേണ്ടത്. എന്നാൽ ബെഡ്‌റൂമിൽ അത് 18 ഡിഗ്രിയോ അതിൽ താഴെയോ ആണ് നിലനിർത്തേണ്ടത്. ഇത് പറയുന്നത് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ആണ്. പത്തു ഡിഗ്രി ആണ് റൂമിലെ താപനില എങ്കിൽ നിങ്ങൾ ഹീറ്റിംഗ് ഇടുന്നില്ല എന്നാണ്. ഇത് നിങ്ങളുടെ ജീവനെ  തന്നെ അപകടത്തിലാക്കും എന്ന് ജെയിംസ് എന്ന ആരോഗ്യ വിദഗ്ധൻ മുന്നറിയിപ്പ് നൽകുന്നു. എന്നാൽ കുഞ്ഞു കുട്ടികൾ ഉള്ള വീടുകൾ താപനില 16 ഡിഗ്രി മുതൽ 20 ഡിഗ്രി വരെ നിജപ്പെടുത്തേണ്ടതാണ്.

കാരണം ഇതാണ് സാധാരണയായി ശരീരോഷ്മാവ് 37 ഡിഗ്രി അടുത്താണ്. റൂമിലെ താപനില പത്തു ഡിഗ്രി ആണ് എങ്കിൽ നിങ്ങളുടെ വിരലുകളെ ശ്രദ്ധിച്ചാൽ മതി. അവ ചുവക്കുവാൻ തുടങ്ങുന്നു. അതോടെ കൂടുതൽ രക്തം വിരലുകളിൽ സ്റ്റോർ ചെയ്യപ്പെടുന്നു എന്നാണ് ഇത് അർത്ഥമാക്കുന്നത്.

ഇങ്ങനെ ശരീരത്തിലെ താപനില നിലനിർത്തുവാനുള്ള ശ്രമം നടക്കുമ്പോൾ ഹാർട്ട് റേറ്റ്, പ്രഷർ എന്നിവ ക്രമാതീതമായി ഉയരുകയും രക്തം കൂടുതൽ കട്ടിയുള്ളതായി തീരുന്നതോടെ എന്ത് സംഭവിക്കുമെന്ന് ആർക്കും പറഞ്ഞു തരേണ്ടതില്ല. ആരോഗ്യവാനായ ഒരാൾക്ക് മൈനസ് 50 ഡിഗ്രി വരെ കഴിയാം അതിനു വേണ്ടുന്ന സംരക്ഷണ സംവിധാനങ്ങൾ ഉപയോഗിച്ച്. എന്നാൽ നമ്മുടെ ആരോഗ്യത്തെക്കുറിച്ചു നാം അറിഞ്ഞിയ്ക്കുക ഇത്തരം റിസ്ക് എടുക്കുമ്പോൾ.

മറ്റൊന്നാണ് കൊണ്ടെൻസേഷൻ. ഹാഫ് ലോക്ക് വിൻഡോ,exhaust ഫാൻ ഉപയോഗം എന്നിവ കണ്ടെൻസേഷൻ കുറക്കാൻ സാധിക്കും. വിൻഡോയിൽ കാണുന്ന പനിപ്പ് തുടച്ചുകളയുന്നതും ഹീറ്റിങ് നിലനിർത്താനും ബില്ല് കുറക്കുവാനും സഹായിക്കുന്നു. ചെറിയ ചൂടിൽ എല്ലാ സമയവും ഓണാക്കിയിടുക എന്ന അവസ്ഥ കാര്യമായി സഹായിക്കുന്നില്ല.

എല്ലാറ്റിനുമുപരിയായി നമ്മുടെ ആരോഗ്യത്തിന് പ്രാധാന്യം കൊടുക്കുക. ആരോഗ്യമുണ്ടെങ്കിൽ  മാത്രമേ പണി എടുക്കാൻ സാധിക്കു എന്ന അടിസ്ഥാന തത്വം ഓർക്കുക. ഏഴ് ദിവസവും ജോലി ചെയ്യുന്നവർ ടേക്ക് എവേ ഭക്ഷണവും കഴിച്ചു ജോലി സ്ഥലത്തു തന്നെ കുളിച്ചിട്ടുപോകുന്ന ആൾക്കാരും ഉണ്ട്. ഒരാൾ പറഞ്ഞത് രാവിലെ തന്നെ ഓൾ ഡേ ടിക്കറ്റ് എടുത്തു ബസിൽ സഞ്ചരിക്കുന്നു എന്ന്. ഹീറ്റിങ് ബില്ലോ വളരെ തുച്ഛം…. ഇതൊന്നും മലയാളിക്ക് സാധിക്കുമോ ? അറിയില്ല… ഒന്നുണ്ട് ഈ പ്രതിസന്ധിയും കടന്നുപോകും…

 

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ടെക്സസിലെ സൗത്ത് ഈസ്റ്റ് ഹൂസ്റ്റണിൽ നടന്ന കാർ അപകടത്തിൽ മലയാളി ഡോക്ടർ കൊല്ലപ്പെട്ടു.

രാമമംഗലം കിഴുമുറി കുന്നത്ത് ഡോ. മിനി വെട്ടിക്ക (52) ലാണ് മരിച്ചത്. ഫിസിഷ്യന്‍ എന്നതിനൊപ്പം നര്‍ത്തകി, മോഡല്‍, വ്‌ലോഗര്‍ തുടങ്ങിയ നിലകളിലും അറിയപ്പെട്ടിരുന്നു.

ഡോക്ടർ ഓടിച്ചിരുന്ന എസ്‌യുവിയിൽ ബൈക്കിടിക്കുകയായിരുന്നു. ബൈക്കോടിച്ചിരുന്ന യുവാവും മരിച്ചു.

26 വർഷത്തിലേറെയായി ആതുര സേവന രംഗത്ത് സേവനം അനുഷ്ഠിച്ച് വരുകയായിരുന്നു ഡോക്ടർ മിനി. നിലവിൽ ഹൂസ്റ്റണിൽ ഇന്റേണൽ മെഡിസിൻ സ്പെഷ്യലിസ്റ്റ് ആയി ജോലി ചെയ്‌ത്‌ വരികയാണ് അപകടം മിനിയുടെ ജീവൻ കവർന്നത്.
ഭര്‍ത്താവ്: ഈരാറ്റുപേട്ട അരുവിത്തുറ വെട്ടിക്കല്‍ കുടുംബാംഗം സെലസ്റ്റിന്‍ (ഐ.ടി. എന്‍ജിനീയര്‍). മക്കള്‍: പൂജ, ഇഷ, ദിയ, ഡിലന്‍, ഏയ്ഡന്‍. സംസ്‌കാരം തിങ്കളാഴ്ച ഹൂസ്റ്റണിലെ സെയ്ന്റ് ആന്‍ കത്തോലിക്ക പള്ളി സെമിത്തേരിയില്‍.

മിനി വെട്ടിക്കലിൻെറ നിര്യാണത്തിൽ മലയാളി യുകെ ന്യൂസിന്റെ അനുശോചനം ബന്ധുമിത്രാദികളെ അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : അത്യാഹിത വിഭാഗത്തിൽ നേഴ്സുമാർ നേരിടുന്നത് കടുത്ത മാനസിക സമ്മർദ്ദം. റോയൽ ബെർക്‌ഷെയർ ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിലെ ജീവനക്കാരുടെയും രോഗികളുടെയും അനുഭവത്തിൽ നിന്നുള്ള വിവരങ്ങളാണ് ഇവ. മൂന്നിലൊന്ന് രോഗികളും നാല് മണിക്കൂറിലധികം കാത്തിരിക്കുന്നു. രോഗിക്ക് ഡ്രിപ്പ് ഇടാൻ ശ്രമിക്കുന്നതിനിടെ കൈയിൽ കടിയേറ്റതായി സ്റ്റാഫ് നേഴ്സ് വെളിപ്പെടുത്തി. ആവശ്യത്തിന് ജീവനക്കാരില്ലാത്തത് അമിതസമ്മർദ്ദത്തിന് ഇടയാക്കുന്നതായും അവൾ പറഞ്ഞു.

ശൈത്യകാലത്ത് സ്ഥിതി കൂടുതൽ സങ്കീർണമാകും. എമർജൻസി കെയർ സിസ്റ്റം ഇത്രയും വലിയ സമ്മർദ്ദങ്ങൾ നേരിട്ടിട്ടില്ലെന്ന് ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. 30% രോഗികളും ഡോക്ടറെ കാണാനായി നാല് മണിക്കൂറിൽ അധികം കാത്തിരിക്കേണ്ടി വരുന്നു. ആംബുലൻസുകളും വൈകിയാണ് എത്തുന്നത്.

താമസസ്ഥലത്തുതന്നെ ചികിത്സ സാധിക്കാത്തവരും ആശുപത്രിയിൽ കഴിയേണ്ടി വരുന്നവരുമായ രോഗികൾക്ക് പിന്നീട് കിടക്കയ്ക്കായി ദീർഘനേരം കാത്തിരിക്കേണ്ടി വരുന്നു. വീട്ടിൽ വീണു ഇടുപ്പ് പൊട്ടിയതിനെ തുടർന്ന് ആശുപത്രിയിൽ എത്തിയ ആൻ വിറ്റ്ഫീൽഡ്-റേ 15 മണിക്കൂറാണ് ട്രോളിയിൽ കിടന്നത്. ഇതുപോലുള്ള കാലതാമസം രോഗികളെ അപകടത്തിലാക്കുമെന്ന് റോയൽ കോളേജ് ഓഫ് എമർജൻസി മെഡിസിൻ മുന്നറിയിപ്പ് നൽകുന്നു. കിടക്കകളുടെ അഭാവമാണ് എ ആൻഡ് ഇയിലെ പ്രശ്‌നങ്ങൾക്ക് കാരണം. എല്ലാ ദിവസവും ഡിസ്ചാർജ് ചെയ്യാൻ തയ്യാറായ പകുതിയിലധികം രോഗികളെ ഡിസ്ചാർജ് ചെയ്യാനും സാധിക്കുന്നില്ല. ഇത്തരം ഗുരുതരം പ്രതിസന്ധി ഘട്ടങ്ങളിലൂടെയാണ് അത്യാഹിത വിഭാഗം കടന്നുപോകുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ശ്വാസകോശരോഗങ്ങളിലേക്ക് നയിക്കുന്നതിൽ പ്രധാന കാരണം തൊഴിൽ സാഹചര്യങ്ങളെന്ന് ഗവേഷണഫലം. സെന്റേർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ(സിഡിസി) നടത്തിയ പരിശോധനയിലാണ് ഇക്കാര്യം പുറത്തുവന്നത്. 2020 ൽ അമേരിക്കയിൽ മരണമടഞ്ഞതിൽ മൂന്ന് ലക്ഷത്തിലധികം പേരുടെയും മരണത്തിന് കാരണമിതാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

ഖനിത്തൊഴിലാളികളിലാണ് ഏറ്റവും അപകടസാധ്യത നിലനിൽക്കുന്നത്. വിഷാംശമുള്ള വായുവുമായി നിരന്തരം സമ്പർക്കത്തിലേർപ്പെടുന്നതിനാൽ ജാഗ്രത പുലർത്തണം. പട്ടികയിൽ രണ്ടാമതായി, വെയിറ്റർമാർ, പാചകക്കാർ, ഹോട്ടൽ തൊഴിലാളികൾ എന്നിവരുമുണ്ട്. പാചകത്തിന്റെ ഭാഗമായി ഉയരുന്ന പുകയാണ് ഇവരെ ദോഷകരമായി ബാധിക്കുന്നത്. കെട്ടിട നിർമാണ തൊഴിലാളികൾ മൂന്നാമതാണ്. അതേസമയം, അധ്യാപകർ, അഭിഭാഷകർ എന്നിങ്ങനെയുള്ള ജോലികൾ ഏർപ്പെടുന്നവർക്കും ഈ അവസ്ഥയുണ്ടാകാൻ സാധ്യത നിലനിൽക്കുന്നുണ്ട്.

ശ്വാസകോശരോഗങ്ങളാൽ മരണം വരെ സംഭവിക്കാൻ കാരണമാകുന്ന തൊഴിലുകൾ

1. ഖനിത്തൊഴിലാളികൾ
2. പാചക തൊഴിലാളികൾ
3. കെട്ടിട നിർമാണരംഗത്തുള്ളവർ
4. മിലിറ്ററി
5. ട്രക്ക് ഡ്രൈവർ
6. കാർഷികവൃത്തിയിൽ ഏർപ്പെടുന്നവർ
7. ഡോക്ടർമാർ, മറ്റുള്ളവർ

തൊഴിൽ രംഗത്ത് പുകപടലങ്ങളുമായി സമ്പർക്കത്തിൽ ഏർപ്പെടുന്ന ആളുകളിൽ രോഗത്തിനും അതുമൂലം മരണം സംഭവിക്കാനും സാധ്യത കൂടുതലാണെന്ന് സിഡിസിയിലെ ആരോഗ്യ ശാസ്ത്രജ്ഞയായ ഡോ. ഗിരിജ ശ്യാംലാൽ പറയുന്നു. അതേപോലെ തന്നെ പുകവലിയിൽ ഏർപ്പെടുന്നവരും പിന്നീട് സമാന സാഹചര്യത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്.

ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് ശ്വാസകോശത്തെ ബാധിക്കുന്നതിലൂടെ, ശ്വാസനാളം ചുരുങ്ങുന്നതിലേക്കാണ് പ്രധാനമായും നയിക്കുക. ശ്വാസനാളത്തെ ബാധിക്കുന്ന ബ്രോങ്കൈറ്റിസ്, വായു സഞ്ചികളെ ബാധിക്കുന്ന എംഫിസെമ എന്നിവ ഇതിനു ഉദാഹരണങ്ങളാണ്. രോഗത്തെ തുടർന്ന് പ്രധാനമായും ശ്വാസതടസം ഉണ്ടാകും. തുടക്കത്തിൽ വലിയ ബുദ്ധിമുട്ട് തോന്നിയില്ലെങ്കിലും ജീവനെടുക്കാൻ വരെ ഈ രോഗത്തിന് കഴിയും.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ബ്രിട്ടനിൽ മൂന്ന് പതിറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ മാറ്റങ്ങളിലൊന്ന് സാമ്പത്തിക നിയന്ത്രണങ്ങളിൽ വരുത്തുവാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. 2008 ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ചില ബാങ്കുകൾ തകർച്ച നേരിട്ടപ്പോൾ നിലവിൽ വന്ന ബാങ്കുകളുടെ നിയമങ്ങളിൽ പുതിയ തീരുമാനങ്ങൾ കൂടുതൽ ഇളവുകൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ബ്രിട്ടന്റെ സമ്പദ്‌വ്യവസ്ഥയുടെ ആവശ്യങ്ങൾക്കും ശക്തികൾക്കും അനുസൃതമായി നിയമങ്ങൾ ക്രമീകരിക്കാനുള്ള ബ്രെക്‌സിറ്റിനു ശേഷമുള്ള സ്വാതന്ത്ര്യത്തിന്റെ ഉദാഹരണമായി പുതിയ മാറ്റങ്ങളെ സർക്കാർ അവതരിപ്പിക്കും. എന്നാൽ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ഉൾക്കൊണ്ട മാറ്റങ്ങൾ മറക്കുന്നതിന് തുല്യമാകും ഇത്തരത്തിലുള്ള പുതിയ നിയമങ്ങളെന്ന് വിമർശകർ വ്യക്തമാക്കുന്നുണ്ട്. തങ്ങളുടെ റിസ്‌ക് ഇൻവെസ്റ്റ്‌മെന്റ് പ്രവർത്തനങ്ങളിൽ നിന്ന് റീട്ടെയിൽ ലെൻഡിംഗ് വിഭാഗത്തെ നിയമപരമായി വേർപെടുത്താൻ ബാങ്കുകളെ നിർബന്ധിക്കുന്ന നിയമങ്ങൾ, സീനിയർ ഫിനാൻസ് എക്‌സിക്യൂട്ടീവുകളുടെ നിയമനം, നിരീക്ഷണം എന്നിവയെ നിയന്ത്രിക്കുന്ന നിയമങ്ങൾ എന്നിവയിലെല്ലാം തന്നെ പുനർ വിചിന്തനം ഉണ്ടാകും.

ബാങ്കർമാരുടെ ബോണസിന്റെ പരിധി നിർത്തലാക്കുമെന്നും നിക്ഷേപം വർധിപ്പിക്കുന്നതിനായി ദീർഘകാല അസറ്റുകളായ ഹൗസിങ്, വിൻഡ്‌ഫാം പോലുള്ളവയിൽ ഇൻഷുറൻസ് കമ്പനികളെ നിക്ഷേപിക്കാൻ അനുവദിക്കുമെന്നും സർക്കാർ ഇതിനകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. 30 ലധികം റെഗുലേറ്ററി പരിഷ്കാരങ്ങളുടെ പാക്കേജ് പ്രഖ്യാപിക്കാനിരിക്കുന്ന ചാൻസലർ ജെറമി ഹണ്ട്, മാറ്റങ്ങൾ ബ്രിട്ടീഷ് ജനതയ്ക്ക് ജോലിയും അവസരങ്ങളും നൽകുന്നതിന് സമ്പദ്‌വ്യവസ്ഥയിലുടനീളം കൂടുതൽ നിക്ഷേപങ്ങൾ ഉണ്ടാകുമെന്ന് വ്യക്തമാക്കി. യൂറോപ്യൻ യൂണിയനിൽ നിന്നുള്ള മാറ്റം ബ്രിട്ടന്റെ റെഗുലേറ്ററി നിയമങ്ങളെ പുനർരൂപകൽപ്പന ചെയ്യുന്നതിനും അതോടൊപ്പം തന്നെ ശക്തമായ സാമ്പത്തിക സേവന മേഖലയുടെ മുഴുവൻ സാധ്യതകൾ കണ്ടെത്തുന്നതിനും ഒരു സുവർണ്ണാവസരം നൽകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ പരിഷ്‌കാരങ്ങൾ ചർച്ച ചെയ്യുന്നതിനായി യുകെയിലെ ഏറ്റവും വലിയ സാമ്പത്തിക സേവനങ്ങളുടെ മേധാവികളുമായി ചാൻസലർ ഹണ്ട് വെള്ളിയാഴ്ച എഡിൻബർഗിൽ കൂടിക്കാഴ്ച നടത്തും.

2008-ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം, യുകെ ബാങ്കിംഗ് സംവിധാനത്തെ പുനരുദ്ധരിക്കുന്നതിനായി ഗവൺമെന്റിന് കോടിക്കണക്കിന് പണം ചെലവഴിക്കേണ്ടി വന്ന സാഹചര്യത്തിൽ, മുതിർന്ന റിസ്ക്-ടേക്കിംഗ് സ്റ്റാഫുകളുടെ വ്യക്തിഗത ഉത്തരവാദിത്തം വർദ്ധിപ്പിക്കുന്നതിന് ഒരു പുതിയ നിയമസംവിധാനം നിലവിൽ വന്നിരുന്നു. അതോടൊപ്പം തന്നെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം, വലിയ ബാങ്കുകൾ തങ്ങളുടെ ആഭ്യന്തര ബാങ്കിംഗ് പ്രവർത്തനങ്ങളെ (മോർട്ട്ഗേജുകൾ, ലോണുകൾ മുതലായവ) കൂടുതൽ അപകടങ്ങൾ നിറഞ്ഞ നിക്ഷേപ ബാങ്കിംഗ് പ്രവർത്തനങ്ങളിൽ നിന്ന് (വിപണിയിലെ നിക്ഷേപം) വേർതിരിക്കുവാൻ നിർബന്ധിതരായിരുന്നു. പുതിയ മാറ്റങ്ങൾ വരുത്തുവാൻ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിൽ നിലവിലെ സാമ്പത്തിക നിയന്ത്രണങ്ങളിൽ ഇളവുകൾ ഉണ്ടാകുമെന്നാണ് വിദഗ്ധർ പ്രതീക്ഷിക്കുന്നത്.

RECENT POSTS
Copyright © . All rights reserved