Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- പ്രധാനമന്ത്രിയായി ചുമതലയേറ്റ് കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ നിരവധി പ്രതിസന്ധികൾ നേരിടുന്ന പ്രധാനമന്ത്രി ലിസ് ട്രസിനെതിരെ വിമർശനങ്ങൾ ഉന്നയിക്കുന്ന ടോറി എംപിമാർക്ക് താക്കീത് നൽകിയിരിക്കുകയാണ് ചാൻസലർ ജെറെമി ഹണ്ട്. ലിസ് ട്രസ്സിന്റെ ടാക്സ് കുറയ്ക്കുന്നത് സംബന്ധിച്ചുള്ള സാമ്പത്തിക നയങ്ങൾ വൻ തിരിച്ചടികൾ ഉണ്ടാക്കിയിരിക്കുന്നതിനാൽ അവരെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന് ചില പാർട്ടി എംപിമാർ തന്നെ രഹസ്യമായി ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇത്തരത്തിലുള്ള എല്ലാവിധ ചർച്ചകളും അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രിക്ക് പൂർണ്ണമായ പിന്തുണ നൽകണമെന്നുമാണ് ഹണ്ട് എംപിമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. പുതിയ സാമ്പത്തിക നയങ്ങൾ രൂപീകരിക്കുന്നത് സംബന്ധിച്ച് പ്രധാനമന്ത്രിയുമായി ചാൻസിലർ കൂടിക്കാഴ്ച നടത്തി. ടാക്സുകൾ വർദ്ധിപ്പിക്കുന്നത് സംബന്ധിച്ചും, ഗവൺമെന്റിന്റെ ചിലവുകൾ കുറയ്ക്കുന്നത് സംബന്ധിച്ചുമുള്ള തീരുമാനങ്ങൾ ഒക്ടോബർ 31ഓടു കൂടി ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മിനി ബജറ്റിൽ പ്രഖ്യാപിച്ച നികുതി വെട്ടിക്കുറവിനെ വിമർശിച്ചത് പ്രധാനമന്ത്രി ലിസ് ട്രസ്സിന് കൂടുതൽ തിരിച്ചടിയായി. അതിസമ്പന്നരുടെ നികുതി വെട്ടിക്കുറയ്ക്കുക എന്ന ആശയത്തോട് തനിക്ക് വിയോജിപ്പുണ്ടെന്നും എന്നാൽ ബ്രിട്ടനാണ് ഇത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിലെ പാർട്ടി ചട്ടങ്ങൾ പ്രകാരം ഒരു വർഷത്തേക്ക് നേതൃമാറ്റത്തിൽ നിന്നും ലിസ് ട്രസ് സുരക്ഷിതയാണെങ്കിലും, ചില ടോറി എംപിമാർ പ്രധാനമന്ത്രിയെ പുറത്താക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിരവധി കുറ്റപ്പെടുത്തലുകൾ വിവിധ ഇടങ്ങളിൽ നിന്നും പ്രധാനമന്ത്രിക്കും ഗവൺമെന്റിനും നേരെ ഉയരുന്നുണ്ട്. പാർട്ടിയിലുടനീളം പിന്തുണ വർദ്ധിപ്പിക്കുന്നതിന് മന്ത്രിസഭ പുനഃസംഘടിപ്പിക്കണമെന്ന് മുൻ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു. ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ഇനി ഉണ്ടാകുന്ന ഏത് തീരുമാനവും വളരെ ശക്തമായ രീതിയിൽ തന്നെ പ്രധാനമന്ത്രിയുടെ നിലനിൽപ്പിനെ ബാധിക്കുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ എല്ലാം തന്നെ വ്യക്തമാക്കുന്നത്.

ബിന്ദു തെക്കേത്തൊടി

ലണ്ടൻ: ആംബുലൻസിന് കടന്നുപോകാൻ വഴിമാറി കൊടുത്തതിന് 130 പൌണ്ട് പിഴയീടാക്കിയതിൽ പ്രതിഷേധം പങ്കുവെച്ച് ജെയിംസ് ഷെറിഡൻ-വിഗോർ . ആംബുലൻസിന് കടന്നുപോകാനായി ബസ് ലൈനിലേക്ക് കാർ കയറ്റി നിർത്തി എന്നതാണ് ജെയിംസിനെതിരെ പിഴ ചുമത്താനുണ്ടായ കുറ്റം.

വാൽതം സ്റ്റോവിലെ വിപ്പ്സ് ക്രോസ്റോഡിലൂടെ വാഹനമോടിക്കുമ്പോഴായിരുന്നു ജയിംസിന് ഈ ദുരനുഭവം ഉണ്ടായത്.ഇക്കഴിഞ്ഞ സപ്തംബർ പത്തൊമ്പതിനായിരുന്നു സംഭവം നടന്നത്. രോഗിയുമായി സൈറൺ മുഴക്കി പാഞ്ഞുവന്ന ആംബുലൻസിന് പെട്ടെന്ന് കടന്നുപോകാനായി മുന്നിലുള്ള ബസ്പാതയിലേക്ക് ജയിംസ് കാർ കയറ്റി നിർത്തുകയായിരുന്നു.

എന്തു കാരണം കൊണ്ടായാലും ബസ് ലൈനിൽ കാർ കയറ്റിയതിന് 130 പൌണ്ട് പിഴ അടയ്ക്കണം എന്നായിരുന്നു കൗൺസിൽ തീരുമാനം. പിഴ ഈടാക്കിയ സംഭവം ജെയിംസ് തന്നെ ഫേസ്ബുക്കിലൂടെ അറിയിക്കുകയായിരുന്നു.

ഒരാളുടെ ജീവൻ രക്ഷിക്കാനായി വഴിമാറുക മാത്രമാണ് താൻ ചെയ്തതെന്നും ട്രാഫിക് നിയമങ്ങൾ ലംഘിക്കാനോ വാഹനങ്ങളെ ഓവർടേക്ക് ചെയ്യാനോ അല്ല താൻ ബസ് ലൈനിൽ കയറിയതെന്നും ജെയിംസ് ഫേസ്ബുക്കിൽ കുറിച്ചു. എന്നിട്ടും തനിക്ക് കൌൺസിൽ പിഴ വിധിക്കുകയായിരുന്നു.

‘അടിയന്തര ഘട്ടങ്ങളിൽ ബസ് ലൈനുകൾക്ക് മുകളിലൂടെ ആംബുലൻസുകൾക്കും സഞ്ചരിക്കാൻ അനുവാദമുണ്ട്. ആംബുലൻസ് വരുന്നു എന്ന കാരണത്താൽ ബസ് ലൈനിലേക്ക് കാർ കയറ്റിയതു വഴി ആംബുലൻസിൻറെ തന്നെ വഴി തടയുകയാണ് ജെയിംസ് ചെയ്തതെന്നാണ് കൌൺസിലിൻറെ മറുപടി.

തൻറെ മുന്നിൽ ബസ് ലൈനിൽ ഒരു ബസ് നിർത്തിയിട്ടിട്ടുണ്ടായിരുന്നു.അതുകൊണ്ടുതന്നെ ബസ് ലൈനിലൂടെ ആ സമയത്ത് സഞ്ചരിക്കാൻ ആംബുലൻസിന് കഴിയില്ലായിരുന്നുവെന്നും ജെയിംസ് മറുപടി നൽകി. താൻ വഴിമാറിയില്ലായിരുന്നുവെങ്കിൽ മുന്നിൽ ബസ് കിടക്കുന്നത് കാരണം ആംബുലൻസിന് സഞ്ചാരം തടസ്സപ്പെടുമായിരുന്നു. ബസ് ലൈനിൽ നിർത്തിയിട്ട ബസിന് മുകളിലൂടെ ആംബുലൻസ് പറക്കുമായിരുന്നോ എന്ന ചോദ്യവും ജെയിംസ് ഉന്നയിച്ചിട്ടുണ്ട്.

ഫേസ്ബുക്കിൽ സംഭവം പങ്കുവെച്ചതോടുകൂടി ആയിരക്കണക്കിന് ആളുകളാണ് ജെയിംസിന് പിന്തുണ നൽകികൊണ്ട് എത്തിയിരിക്കുന്നത്. പലർക്കും ഇങ്ങനെ സംഭവിച്ചിട്ടുണ്ടെന്നും , അടിയന്തര ഘട്ടത്തിൽ രോഗികളെ സഹായിച്ചത്കൊണ്ട് കയ്യിലുള്ള പണം പിഴ നൽകി പണം  നഷടപ്പെട്ടെന്നും പലരും അനുഭവം പങ്കുവെച്ച് രംഗത്തെത്തി. ബസ് ലൈനിലേക്ക് മറ്റ് വാഹനങ്ങൾ കയറുന്നത് നിയമവിരുദ്ധമായതിനാൽ ഏതു സാഹചര്യത്തിലും അത് ചെയ്യാൻ അനുവാദമില്ലെന്ന എതിരഭിപ്രായങ്ങളും ഫേസ്ബുക്കിൽ ഉയർന്നിട്ടുണ്ട്.

എന്തു തന്നെയായാലും രണ്ട് തവണ അപ്പീൽ നൽകിയിട്ടും തീരുമാനത്തിൽ നിന്ന് പിന്തിരിയാതെ മർക്കട മുഷ്ടി കാണിച്ചിരുന്ന കൗൺസിൽ ഫേസ്ബുക്ക് പോസ്റ്റ് വന്നതോടെ അല്പമൊന്ന് അയഞ്ഞു .ജെയിംസിൻറെ ഭാഗത്ത് ന്യായമുണ്ടെന്നാണ് കൌൺസിലിൻറെ ഇപ്പോഴത്തെ നിലപാട്. 130 പൌണ്ട് പിഴ ഈടാക്കിയതും കൗൺസിൽ റദ്ദു ചെയ്തു.

“ഞങ്ങൾ ഈ സംഭവം അന്വേഷിച്ചു, പിഴ ചുമത്തിയതിൽ ഞങ്ങൾക്ക് തെറ്റുപറ്റി, അത് റദ്ദാക്കിയിരിക്കുന്നു. തെറ്റിന് ഞങ്ങൾ ക്ഷമ ചോദിക്കുന്നു.”കൗൺസിൽ വക്താവ് പറഞ്ഞു. ഒരു കാരണവശാലും ബസ് ലൈനിലൂടെ വണ്ടി ഓടിക്കരുത് എന്നതിന് ഈ സംഭവം വലിയ പാഠമാണ് നൽകുന്നത് എന്നാണ് ഫേസ്ബുക്കിലൂടെ ഉയരുന്ന സന്ദേശം.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ലൈംഗിക പീഡന കേസിൽ മുഖ്യ കുറ്റവാളിയായ ജെഫ്രി എപ്സ്റ്റിനെ സഹായിച്ച കുറ്റത്തിന് 20 വർഷം ജയിൽ ശിക്ഷ അനുഭവിക്കുന്ന ഗിസ്ലയിൻ മാക്സ്വെൽ ആദ്യമായി തന്റെ സുഹൃത്തായ ആൻഡ്രൂ രാജകുമാരനെ സംബന്ധിച്ച് വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ്. ജയിലിനുള്ളിൽ വച്ച് തന്നെ നടന്ന അഭിമുഖത്തിലാണ് ഈ പുതിയ തുറന്നു പറച്ചിലുകൾ ഇവർ നടത്തിയിരിക്കുന്നത്. ഈ വിവാദത്തിൽ ഉൾപ്പെട്ടതിനെ തുടർന്ന് തന്റെ സുഹൃത്തായ ആൻഡ്രൂ രാജകുമാരൻ അനുഭവിച്ച പ്രശ്നങ്ങളെ സംബന്ധിച്ച് തനിക്ക് ദുഃഖമുണ്ടെന്ന് അവർ പറഞ്ഞു. ജെഫ്രി എപ്‌സ്റ്റീനുമായുള്ള  സുഹൃദ് ബന്ധം കൊണ്ട് മാത്രമാണ് അദ്ദേഹം ഇത്രയും വില കൊടുക്കേണ്ടി വന്നതെന്ന് മാക്സ്വെൽ വ്യക്തമാക്കി. അമേരിക്കൻ ജയിൽ അധികാരികൾ ഇത്തരത്തിലുള്ള അഭിമുഖങ്ങൾക്ക് അംഗീകാരം നൽകുന്നത് അപൂർവമാണ് . ഇതോടൊപ്പം തന്നെ ആൻഡ്രൂ രാജകുമാരനും മാക്സ്വെലും 17 വയസ്സുള്ള വിർജെനിയ ഗിഫ്രെയോടൊപ്പമുള്ള വിവാദകരമായ ചിത്രം ഫേക്ക് ആണെന്നും, അതിൽ യാതൊരു സത്യവും ഇല്ലെന്നും മാക്സ്വെൽ അഭിമുഖത്തിൽ തുറന്നു പറഞ്ഞു. മുൻപ് തന്നെ ആൻഡ്രൂ രാജകുമാരൻ ഈ ചിത്രത്തിൽ യാതൊരു സത്യമില്ലെന്നും അത് സൃഷ്ടിക്കപ്പെട്ടതാണെന്നും വ്യക്തമാക്കിയിരുന്നു.

2006-ൽ വിൻഡ്‌സർ കാസിലിലേക്ക് – മാക്‌സ്‌വെല്ലിനൊപ്പം അമേരിക്കൻ വ്യവസായിയായ എപ്‌സ്റ്റിനെ ക്ഷണിച്ചപ്പോൾ അദ്ദേഹത്തിനെതിരെ ലൈംഗിക കുറ്റകൃത്യങ്ങൾ ചുമത്തിയതായി തനിക്ക് അറിയില്ലായിരുന്നുവെന്ന് ആൻഡ്രൂ രാജകുമാരൻ വ്യക്തമാക്കിയിരുന്നു. ഇപ്പോഴത്തെ ഈ തുറന്നു പറച്ചിൽ എത്തരത്തിലുള്ള പ്രതികരണങ്ങളാണ് ഉണ്ടാക്കുക എന്നത് ഏവരും ശ്രദ്ധയോടെ കാത്തിരിക്കുകയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ടാക്സുകളെ സംബന്ധിച്ചും, സർക്കാർ ചെലവുകളെ സംബന്ധിച്ചും നിലവിലെ സാഹചര്യത്തിൽ കടുത്ത നടപടികൾ ആവശ്യമാണെന്ന് ഓർമ്മപ്പെടുത്തിയിരിക്കുകയാണ് പുതിയ ചാൻസലർ ജെറെമി ഹണ്ട്. ക്വാസി ക്വാർട്ടെങ്ങിനു പകരമായി ചാൻസലർ പദവി ഏറ്റെടുത്ത ശേഷം നടത്തിയ ആദ്യ വാർത്ത സമ്മേളനത്തിലാണ്, നിലവിലെ സാഹചര്യം പരിഹരിക്കുന്നതിനായി ചില ടാക്സുകൾ വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അതിനോടനുബന്ധിച്ച് സർക്കാർ ചെലവുകൾ കുറയ്ക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം വ്യക്തമാക്കിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നിലവിലെ മന്ത്രിസഭയുടെ ഭാഗമാകാതിരുന്ന മുൻ വിദേശകാര്യ സെക്രട്ടറി ഹണ്ടിനെ ചാൻസലറായി നിയമിച്ച് പ്രധാനമന്ത്രി ലിസ് ട്രസ് അവരുടെ സർക്കാരിൽ വിശ്വാസം പുനഃസ്ഥാപിക്കാൻ ശ്രമിച്ചത്. മറ്റൊരു നാടകീയ നീക്കത്തിൽ സെപ്റ്റംബർ 23 ലെ മിനി ബഡ്ജറ്റിൽ പ്രഖ്യാപിച്ച കോർപ്പറേഷൻ നികുതി മരവിപ്പിക്കാനുള്ള തീരുമാനവും റദ്ദാക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ബിബിസി ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിച്ച ജെറെമി ഹണ്ട്, ലിസ് ട്രസിന്റെയും ക്വാർട്ടങ്ങിന്റെയും സാമ്പത്തിക നയങ്ങളിൽ നിന്ന് വലിയൊരു മാറ്റത്തിന്റെ സൂചന നൽകിയത്. ജനങ്ങൾ പ്രതീക്ഷിച്ച അത്ര നികുതി ഇളവ് ഉണ്ടാകില്ലെന്നും, ചില നികുതികൾ വർധിപ്പിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സർക്കാർ വകുപ്പുകളും കാര്യക്ഷമമായ പ്രവർത്തനത്തിലൂടെ കൂടുതൽ നിക്ഷേപങ്ങൾ കണ്ടെത്തുവാൻ ശ്രമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.


45 ബില്യൺ പൗണ്ടിന്റെ നികുതിയിളവുകളും മറ്റും പ്രഖ്യാപിച്ച സെപ്റ്റംബറിലെ മിനി ബഡ്ജറ്റ് സാമ്പത്തിക വിപണിയിൽ പ്രക്ഷുബ്ദതയുണ്ടാക്കിയതിനെ തുടർന്ന് പ്രധാനമന്ത്രിയായി 39 ദിവസം മാത്രമായ ലിസ് ട്രസിനു മേൽ ഇതിനകം തന്നെ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ സമ്മർദ്ദം ഉയർന്നു കഴിഞ്ഞു. ലിസ് ട്രസ്സിന്റെ നേതൃത്വത്തിലുള്ള ഗവൺമെന്റ് ഇതിനകം ചില തെറ്റായ തീരുമാനങ്ങൾ എടുത്തതായി ഹണ്ട് വ്യക്തമാക്കി. ഏറ്റവും കൂടുതൽ വരുമാനമുള്ളവർക്കുള്ള നികുതി നിരക്ക് വെട്ടിക്കുറച്ചത് തെറ്റായ തീരുമാനമായിരുന്നുവെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഇതോടൊപ്പം തന്നെ ഓഫീസ് ഫോർ ബജറ്റ് റെസ്പോൺസിബിലിറ്റിയുടെ റിപ്പോർട്ടുകൾ ഒന്നും കൂടാതെ തന്നെ മിനി ബഡ്ജറ്റ് പ്രഖ്യാപിച്ചതും തെറ്റായ തീരുമാനമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇവ രണ്ടും ശരിയാക്കാനുള്ള പ്രക്രിയയിലാണ് താൻ ഇപ്പോഴെന്നും അദ്ദേഹം പറഞ്ഞു. ബിബിസിയുമായുള്ള അഭിമുഖത്തിൽ ഗവൺമെന്റിന്റെ മിനി-ബജറ്റിനെക്കുറിച്ച് ചാൻസലർ മറ്റ് നിരവധി പ്രസ്താവനകൾ നടത്തുകയും, അതോടൊപ്പം തന്നെ തന്റെ പുതിയ റോളിനുള്ള സാധ്യതകളെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- സർക്കാർ തീരുമാനിച്ച പുതിയ പദ്ധതികൾ പ്രകാരം നിലവിലുള്ള സൗജന്യമായ എൻ എച്ച് എസ് പാർക്കിംഗ് സംവിധാനങ്ങൾ വെട്ടി കുറയ്ക്കുവാൻ തീരുമാനം ഉണ്ടാകാൻ ഇടയുണ്ടെന്ന് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഈ തീരുമാനം നടപ്പിലായാൽ  ആശുപത്രിയിൽ എത്തുന്ന  വികലാംഗർക്കും  കുഞ്ഞുങ്ങളുടെ മാതാപിതാക്കൾക്കുമെല്ലാം തന്നെ പാർക്കിംഗ് സൗകര്യം നഷ്ടമാകും. സൗജന്യ പാർക്കിംഗ് നൽകുന്നതിലൂടെ  നിരവധി മില്യൻ പൗണ്ടുകളാണ് സർക്കാരിന് നഷ്ടം ഉണ്ടാകുന്നതെന്നും, അത് ഒഴിവാക്കാനാണ് ആരോഗ്യ സെക്രട്ടറി തെരെസ് കോഫിയുടെ ഡിപ്പാർട്ട്മെന്റിൻെറ പുതിയ തീരുമാനമെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഈ തീരുമാനം ഡോക്ടർമാരെയും, രാത്രി ഷിഫ്റ്റുകളിലും മറ്റും ജോലി ചെയ്യുന്ന നേഴ്സുമാരെയും ബാധിക്കും എന്നുള്ളത് ആശങ്കയ്ക്ക് കാരണമാകുന്നു. ഈ തീരുമാനത്തിനെതിരെ നേഴ്സുമാരുടെ സംഘടനകൾ ഭൂരിഭാഗവും രംഗത്തെത്തിയിട്ടുണ്ട്. സർക്കാരിന്റെ പുതിയ ഈ തീരുമാനം 2019ൽ അധികാരത്തിൽ എത്തുമ്പോൾ, അത്യാവശ്യക്കാർക്ക് അന്യായമായ ഹോസ്പിറ്റൽ കാർ പാർക്കിംഗ് ചാർജുകൾ അവസാനിപ്പിക്കുമെന്ന് ടോറി ഗവൺമെന്റ് നടത്തിയ പ്രസ്താവനയ്ക്ക് വിരുദ്ധമാണ്. ഇംഗ്ലണ്ടിൽ നിലവിലെ ക്രമീകരണങ്ങൾ പ്രകാരം, ആശുപത്രി ട്രസ്റ്റുകൾ വികലാംഗർ, ഒരു മാസത്തിൽ കുറഞ്ഞത് മൂന്ന് ആശുപത്രി അപ്പോയിന്റ്‌മെന്റുകളുള്ള ഔട്ട്‌പേഷ്യന്റ്‌സ്, രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്ന ആശുപത്രി ജീവനക്കാർ, രാത്രിയിൽ ആശുപത്രിയിൽ അഡ്മിറ്റ് ആകുന്ന  കുട്ടികളുടെ മാതാപിതാക്കൾ എന്നീ നാലു വിഭാഗങ്ങൾക്കാണ് സൗജന്യ പാർക്കിംഗ് സംവിധാനം നൽകേണ്ടത്.


ദശലക്ഷക്കണക്കിന് പൗണ്ട് ലാഭിക്കുന്നതിനായി, രോഗികളായ കുട്ടികളുടെ മാതാപിതാക്കളുടെയും,  വികലാംഗരുടെയും സൗജന്യ പാർക്കിംഗ് ഇല്ലാതാക്കാൻ ആരോഗ്യ സെക്രട്ടറി തെരേസ് കോഫിയുടെ വകുപ്പ് ശ്രമിക്കുന്നു എന്ന ആരോപണമാണ് ഇപ്പോൾ ഉയർന്നു വരുന്നത്. എൻ എച്ച് എസ് ജീവനക്കാരുടെ മുഖത്തടിക്കുന്ന തരത്തിലുള്ള സമീപനമാണ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന് ഷാഡോ ഹെൽത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിങ് കുറ്റപ്പെടുത്തി. സർക്കാർ നേഴ്സുമാരെ സഹായിക്കാനാണ് ശ്രമിക്കേണ്ടതെന്ന് റോയൽ കോളേജ് ഓഫ് നേഴ്സിങ് ചീഫ് എക്സിക്യൂട്ടിവ് പാറ്റ് ക്യൂലനും ഓർമ്മപ്പെടുത്തി. സർക്കാരിന് ഭാഗത്ത് നിന്നും അവസാനമായി എന്ത് തീരുമാനം ഉണ്ടാകുമെന്ന കാത്തിരിപ്പിലാണ് ജനങ്ങൾ.

ഷെഫ് ജോമോൻ കുര്യാക്കോസ്

സ്‌കൂളിൽ പഠിക്കുന്ന കാലം മുതൽക്കേ ജോമോന് മോഹൻലാൽ ഒരു അഭിനിവേശം ആണ് .ജീവിത ചക്രം മുൻപോട്ട് ചലിച്ചപ്പോൾ ആ അഭിനിവേശത്തിന്റെ ആഴവും പരപ്പും കൂടി ഷെഫ് ആയപ്പോൾ മുതൽ ജോമോന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു ലാലേട്ടന് ഒരു നേരത്തെ ആഹാരം വെച്ച് വിളമ്പി കൊടുക്കണം എന്നത് . ലാലേട്ടൻ കഴിഞ്ഞ തവണ ലണ്ടനിൽ വന്നപ്പോൾ നിർഭാഗ്യവശാൽ ഈ ആഗ്രഹം സാധിക്കാൻ പറ്റിയില്ല എന്നാൽ മോഡേൺ ട്വിസ്റ്റ് ഉള്ള ഒരു 7 കോഴ്സ് മെനു ജോമോന്റെ കിച്ചണിൽ റെഡി ആയിരുന്നു . തന്റെ കൈയിൽ ഇരുന്ന മെനു ആർക്കും ഉണ്ടാക്കി കൊടുക്കുകയോ അതിന്റെ സീക്രട്ട് ചേരുവകളും പാചകം ചെയ്യുന്ന വിധവും രീതിയും ഒന്നും വെളിയിൽ വിടാതെ നിധി കാക്കുന്നതു പോലെ ജോമോൻ സൂക്ഷിച്ചു വച്ചു .

ലാലേട്ടന്റെ ഇത്തവണത്തെ സന്ദർശനത്തിൽ അദ്ദേഹം തന്റെ ഹോട്ടലിൽ വരുന്നു എന്നറിഞ്ഞപ്പോൾ ജോമോന് ഒന്നും ആലോചിക്കാൻ ഇല്ലായിരുന്നു .ആ 7 കോഴ്സ് മെനുവിൽ ലാലേട്ടന് ഏറ്റവും ഇഷ്ടപ്പെട്ട വിഭവം ആയ ഗ്രിൽഡ് വൈൽഡ് ആഫ്രിക്കൻ പ്രോണിന്റെ റെസിപ്പി ഈ വേൾഡ് ഫുഡ് ഡേയിൽ ജോമോൻ ഇന്ന് ആദ്യമായി മലയാളം യു കെയിലെ വീക്കെൻഡ് കുക്കിങ്ങിലൂടെ ലോക മലയാളികൾക്ക് പരിചയപ്പെടുത്തുന്നത്. ആറാംതമ്പുരാൻ സിനിമയിലെ ‘ജലഗിത്താറിന്റെ ഹൃദയ തന്ത്രികൾ ഈണം ഉതിർക്കുന്ന…’ എന്ന സംഭാഷണത്തിൽനിന്നു പ്രേരണ ഉൾക്കൊണ്ടാണ് ഈ വിഭവത്തിന്റെ പ്ലേറ്റിംഗ്‌ ജോമോൻ നടത്തിയത് .അവസാനം ജോമോനിൽ നിന്ന് ഓട്ടോഗ്രാഫും ഒപ്പിട്ട് മേടിച്ചാണ് അഭിനയത്തിന്റെ കുലപതി മടങ്ങിയത്

ഗ്രിൽഡ് വൈൽഡ് ആഫ്രിക്കൻ പ്രോൺ

കൊഞ്ച് -10 -15

മാരിനേഷന് വേണ്ട സാധനങ്ങൾ

ഓയിൽ -50 എംൽ

മഞ്ഞൾപൊടി -1 ടീസ്പൂൺ

ഇഞ്ചി അരിഞ്ഞത് -1 ടീസ്പൂൺ

പച്ച മുളക് അരിഞ്ഞത് -2 എണ്ണം

കറിവേപ്പില – 1 തണ്ട് ഇല പൊടിയായി അരിഞ്ഞത്

 

ഗ്‌ളൈസ് ഉണ്ടാക്കാൻ ആവശ്യം ഉള്ള സാധനങ്ങൾ

തേങ്ങാപ്പാൽപ്പൊടി – 1 കപ്പ്

ചെറു ചൂട് വെള്ളം -1 കപ്പ്

ലെമൺ ഗ്രാസ് -1 എണ്ണം

മഞ്ഞൾപ്പൊടി -1 ടീസ്പൂൺ

വെളിച്ചെണ്ണ -2 ടീസ്പൂൺ

പച്ചമുളക് -2 എണ്ണം

കറിവേപ്പില -1 തണ്ട്

ക്രഷ് ഡ് പെപ്പർ -1 ടീസ്പൂൺ

വെളുത്തുള്ളി അരിഞ്ഞത് -2 ടീസ്പൂൺ

പാചകം ചെയ്യേണ്ട വിധം

കൊഞ്ച് നീളത്തിൽ നടുവേ മുറിച്ചു നന്നായി കഴുകി എടുക്കുക . മാരിനേഷന് പറഞ്ഞിരിക്കുന്ന ചേരുവകൾ എല്ലാം നന്നായി മിക്സ് ചെയ്തെടുത്തു പേസ്റ്റ് രൂപത്തിൽ ആക്കി എടുക്കുക.ഈ പേസ്റ്റ് വൃത്തിയാക്കി വച്ചിരിക്കുന്ന കൊഞ്ചിൽ തേച്ചു പിടിപ്പിക്കുക . സോസ് പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ കറിവേപ്പില,വെളുത്തുള്ളി പച്ചമുളക് മഞ്ഞൾപൊടി എന്നിവ ചേർത്ത് വഴറ്റുക ,തേങ്ങാപ്പാൽ നല്ല കട്ടിയിൽ ഉണ്ടാക്കി പാനിലേയ്ക്ക് ചേർക്കുക .ഒപ്പം ലെമൺ ഗ്രാസും ചേർത്ത് ചെറു തീയിൽ സോസ് കുറുക്കി എടുക്കുക .ശേഷം ഒരു അരിപ്പയിൽ കൂടി അരിച്ചെടുക്കുക . മാരിനേറ്റ് ചെയ്തു വച്ചിരിക്കുന്ന കൊഞ്ച് ഒരു ഗ്രില്ലിൽ വച്ച് (ഫ്ലഷ് മുകളിൽ വരത്തക്ക രീതിയിൽ ) കുക്ക് ചെയ്യുക .കൂടെ ഉണ്ടാക്കി വച്ചിരിക്കുന്ന ലെമൺ ഗ്രാസ് ഗ്‌ളൈസ് ഫ്ളെഷിൽ ഒഴിച്ച് ഒരു 2 മിനിറ്റു കൂടി ഗ്രില്ലിൽ വയ്ക്കുക .180 ഡിഗ്രി പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 3 -4 മിനിറ്റ് കൂടി വച്ച് പൂർണ്ണമായും കുക്ക് ചെയ്‌തെടുക്കുക .

കൊഞ്ചിൻറെ ഫ്ലെഷ് സൈഡ് എപ്പോഴും മുകളിലേയ്ക്കു വച്ചായിരിക്കണം കുക്ക് ചെയ്യേണ്ടത് .

ഷെഫ് ജോമോൻ കുര്യാക്കോസ്

 

 

 

 

 

 

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ബൈബിൾ കലോത്സവത്തിന് മുന്നോടിയായിട്ടുള്ള പ്രസ്റ്റൺ റീജിയണൽ ബൈബിൾ കലോത്സവം ലിവർപൂളിൽ പുരോഗമിക്കുന്നു. അത്യന്തം വാശിയേറിയ മത്സരം അഞ്ച് സറ്റേജുകളിലായിട്ടാണ് നടന്നുകൊണ്ടിരിക്കുന്നത്. ആദിമാതാപിതാക്കൾ മുതൽ ആദിമ ക്രൈസ്തവ സമൂഹം വരെയുള്ള സംഭവ കഥയുടെ ദൃശ്യാവിഷ്കാരങ്ങൾ ഓരോ സ്റ്റേജിലും മാറി മറിയുന്ന കാഴ്ചയാണിപ്പോൾ. സംഘാടക മികവുകൊണ്ട് കൃത്യ സമയത്ത് തന്നെ എല്ലാ സ്റ്റേജിലും മത്സരം പൊടിപൊടിക്കുകയാണ്.

മത്സരങ്ങളുടെ ആദ്യ ഫലങ്ങൾ പുറത്തു വന്നു തുടങ്ങി. പതിവ് തെറ്റിക്കാതെ ലീഡ്സ് സെൻ്റ് മേരീസ് ആൻ്റ് സെൻ്റ് വിൽഫ്രിഡ്സ് ഇടവക പോയിൻ്റ് വേട്ട തുടങ്ങി.

പ്രസ്റ്റൺ റീജിയനു പുറത്തു നിന്നുമുള്ള കാണികളടക്കം വലിയ ജന തിരക്കാണനുഭവപ്പെടുന്നത്.
സ്റ്റേജ് നമ്പർ 2 വിൽ സീനിയേഴ്സിൻ്റെ ഗ്രൂപ്പ് സോങ്ങും സ്റ്റേജ് നമ്പർ 1 ൽ മാർഗ്ഗംകളിയും നടക്കുകയാണിപ്പോൾ.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലിവർപൂൾ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത അതിരൂപതാ തലത്തിൽ സംഘടിപ്പിച്ചിരിക്കുന്ന രൂപതാ തല ബൈബിൾ കലോത്സവത്തിന് മുന്നോടിയായി ഐ പ്രെസ്റ്റൻ റീജിയണൽ ബൈബിൾ കലോത്സവത്തിന് ഇന്ന് ലിവർപൂളിൽ തിരി തെളിഞ്ഞു . ലിവർപൂൾ മർച്ചന്റ് ടെയ്‌ലർ ബോയ്സ് സ്‌കൂളിൽ ആണ് മത്സരങ്ങൾ നടക്കുന്നത്. നാനൂറോളം മത്സരാർഥികളാണ് വിവിധ വേദികളിലായി മത്സരങ്ങളിൽ പങ്കെടുക്കുന്നത്.

പ്രെസ്റ്റൻ റീജിയണിലെ വിവിധ ഇടവകകളിൽ നിന്നും മിഷനുകളിൽ ഉള്ള മത്സരാർഥികൾ ആണ് മത്സരത്തിൽ പങ്കെടുക്കാൻ എത്തിയത്. പരിപാടിയുടെ വിജയത്തിനായി വിപുലമായ കമ്മറ്റിയാണ് പ്രവർത്തിച്ചു വരുന്നത് . റെവ ഫാ ആൻഡ്രൂസ് ചെതലന്റെ നേതൃത്വത്തിൽ ലിവർപൂൾ ലിതെർലാൻഡ് ഔർ ലേഡി ക്വീൻ ഓഫ് ദി പീസ് ഇടവകയാണ് ബൈബിൾ കലോത്സവത്തിന് ആതിഥേയത്വം വഹിക്കുന്നത് .

ലിവർപൂളിൽ നടക്കുന്ന റീജിയൻ ബൈബിൾ കലോത്സവത്തിൻെറ വിശേഷങ്ങൾ ലോകമെങ്ങുമുള്ള മലയാളികളിലേയ്‌ക്കെത്തിക്കാൻ വിപുലമായ സജ്ജീകരങ്ങളാണ് മലയാളംയുകെ ന്യൂസ് ടീം ഒരുക്കിയിരിക്കുന്നത്.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: റോയൽ മെയിലിൽ തൊഴിൽ അവസരങ്ങൾ വെട്ടികുറയ്ക്കാനൊരുങ്ങി അധികൃതർ. അടുത്ത ഓഗസ്റ്റിൽ 10,000 തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കുമെന്നാണ് പുതിയ പ്രഖ്യാപനം. ഇതിന്റെ ഭാഗമായി 6,000 പേരെ പിരിച്ചുവിടാൻ ഒരുങ്ങുന്നുവെന്നും കമ്പനി മുന്നറിയിപ്പ് നൽകി.

പിരിച്ചുവിടലുകൾക്ക് പുറമേ, പുതിയ പരിഷ്കാരങ്ങളുടെ ഭാഗമായി ധാരാളം വെട്ടി ചുരുക്കലുകൾ ഉണ്ടാകും. മുഴുവൻ വർഷവും നഷ്ടം 350 മില്യൺ പൗണ്ടിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി റോയൽ മെയിൽ പറഞ്ഞു. എട്ട് ദിവസത്തെ വ്യാവസായിക പ്രവർത്തനത്തിന്റെ നേരിട്ടുള്ള ആഘാതവും പോസ്റ്റ് ചെയ്യുന്ന പാഴ്സലുകളുടെ കുറഞ്ഞ അളവും ഇതിൽ ഉൾപ്പെടുന്നുവെന്നും കൂട്ടിച്ചേർത്തു.

എന്നാൽ തൊഴിലാളി സമരത്തെ തുടർന്ന് കമ്പനിയ്ക്ക് വലിയ നഷ്ടം ഉണ്ടായെന്നും ഇതിനെ മറികടക്കാൻ വേറെ നടപടി ഒന്നുമില്ലെന്നുമാണ് നൽകുന്ന വിശദീകരണം. തൊഴിലാളികളെ പിരിച്ചു വിടുന്നതിൽ സങ്കടം ഉണ്ടെന്നും, കമ്പനിയുടെ നിലവിലെ അവസ്ഥ മോശമായതുകൊണ്ടാണ് ഇത്തരമൊരു നടപടിയെന്നും റോയൽ മെയിലിന്റെ ചീഫ് എക്സിക്യൂട്ടീവ് സൈമൺ തോംസൺ പറഞ്ഞു. പ്രതിസന്ധികളെ തരണം ചെയ്യാൻ നിരന്തരം ശ്രമിച്ചിരുന്നുവെന്നും എന്നാൽ തുടർച്ചയായ സമരങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നടപടിയെന്നുമാണ് മാധ്യമങ്ങൾ പറയുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: എം പി മാരിൽ നിന്നും വീണ്ടും തിരിച്ചടി നേരിട്ട് ലിസ് ട്രസ്. ചാൻസലറെ പുറത്താക്കുകയും ഒരു പ്രധാന സാമ്പത്തിക നയത്തിൽ പിന്നോട്ട് പോവുകയും ചെയ്തതിന് ശേഷമാണിത്. ലിസ് ട്രസിന് ഇങ്ങനെ തുടരാനാവില്ലെന്നാണ് ഒരു മന്ത്രി വിഷയത്തിൽ പ്രതികരിച്ചത് . പ്രധാനമന്ത്രിയുടെ വാർത്താ സമ്മേളനത്തിന് ശേഷം പാർട്ടി നിരാശയുടെ അവസ്ഥയിലാണെന്ന് മറ്റൊരു ടോറി എംപി പറഞ്ഞു.

എന്നാൽ ട്രസ് അനുകൂല എം പി മാരും വിഷയത്തിൽ പ്രതികരണം നടത്തുന്നുണ്ട്. ട്രസ് പിന്തുണക്കാരനായ ക്രിസ്റ്റഫർ ചോപ്പ് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തു. പ്രധാനമന്ത്രി പദവി അവൾക്ക് നന്നായി കൈകാര്യം ചെയ്യാൻ അറിയാമെന്നും അതിനു ആരുടേയും അഭിപ്രായം ആവശ്യമില്ലെന്നും പറഞ്ഞു. അവളുടെ സ്ഥാനം സുരക്ഷിതമാക്കാൻ അവൾക്കറിയാമെന്നും ഇല്ലാത്തപക്ഷം അത് കാലം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലിസ് ട്രസിനെതിരെ പാർട്ടിയിൽ നിന്ന് തന്നെ രൂക്ഷവിമർശനം ഉയരുന്നതിനിടയിലാണ് എം പിമാരുടെ വാക്കുകൾ ചർച്ചയാകുന്നത്.

ലിസ് ട്രസ് ചാൻസലർ ക്വാസി ക്വാർട്ടെംഗിനെ പുറത്താക്കുകയും കോർപ്പറേഷൻ നികുതി 19% ൽ നിന്ന് 25% ആക്കാനുള്ള തീരുമാനം മാറ്റുകയും ചെയ്തിരുന്നു. ഈ മാസമാദ്യം ആദായനികുതിയുടെ ഉയർന്ന നിരക്ക് ഒഴിവാക്കാനുള്ള തന്റെ പദ്ധതി ലിസ് ട്രസ് റദ്ദാക്കിയതിന് ശേഷമുള്ള മിനി-ബജറ്റിലെ പ്രഖ്യാപനം പിന്നോട്ട് പോകുന്നതിനെ സൂചിപ്പിക്കുന്നു എന്നാണ് വിമർശകർ ചൂണ്ടികാട്ടുന്നത്.

RECENT POSTS
Copyright © . All rights reserved