Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ഹാരി പോട്ടർ സിനിമകളിൽ ഹാഗ്രിഡായി വേഷമിട്ട പ്രമുഖ നടൻ റോബി കോൾട്രെയിൻ (72) അന്തരിച്ചു. ഹാരി പോട്ടർ സിനിമകൾക്ക് പുറമേ, ഐറ്റിവിയിലെ ഡിറ്റക്ടീവ് ഡ്രാമ ആയിരുന്ന ക്രാക്കറിലും, ജെയിംസ് ബോണ്ട് സിനിമകളായ ഗോൾഡൻഐ, ദി വേൾഡ് ഈസ്‌ നോട്ട് ഇനഫ് എന്നിവയിലും അദ്ദേഹം ശ്രദ്ധിക്കപ്പെട്ട വേഷങ്ങൾ ചെയ്തു. സ്കോട്ട്ലൻഡിലെ ഫാൽകിർക്കിനടുത്തുള്ള ആശുപത്രിയിൽ വച്ചായിരുന്നു അദ്ദേഹത്തിന് മരണമെന്ന് റോബിയുടെ വക്താവ് അറിയിച്ചു. മൂന്നുവർഷം അടുപ്പിച്ച് മികച്ച നടനുള്ള ബാഫ്റ്റാ അവാർഡിന് അദ്ദേഹം അർഹനായിട്ടുണ്ട്. അദ്ദേഹത്തിന്റെ മരണത്തിൽ ഹാരി പോർട്ടർ രചയിതാവ് ജെ കെ റൗലിങ്, എമ്മ വാട്സൺ ഉൾപ്പെടെയുള്ളവർ ദുഃഖം രേഖപ്പെടുത്തി. സ്കോട്ട്ലാൻഡ് പ്രഥമ മന്ത്രി നിക്കോള സ്റ്റർജിയോനും അദ്ദേഹത്തിന്റെ മരണത്തിലുള്ള ദുഃഖം അറിയിച്ചു.


വളരെയധികം പ്രതിഭാശാലിയായ ഒരാളായിരുന്നു റോബിയെന്ന് ജെയിംസ് ബോണ്ട് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് പ്രതികരിച്ചു. ആന്റണി റോബർട്ട്‌ മക് മില്യൻ എന്ന പേരിൽ 1950 ൽ സൗത്ത് ലങ്കാഷെയറിലാണ് അദ്ദേഹം ജനിച്ചത്. അധ്യാപകനും പിയാനിസ്റ്റുമായ ജീൻ റോസിന്റെയും ജനറൽ പ്രാക്ടീഷണറായ ഇയാൻ ബാക്സ്റ്റർ മക് മില്ലന്റെയും മകനായിരുന്ന കോൾട്രെയ്ൻ. 1979-ൽ പ്ലേ ഫോർ ടുഡേ എന്ന ടിവി സീരീസിലൂടെയാണ് നടന്റെ കരിയർ ആരംഭിച്ചത്, എന്നാൽ ബിബിസി ടിവി കോമഡി സീരീസായ എ കിക്ക് അപ്പ് ദ എയ്റ്റീസ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്, അതിൽ ട്രേസി ഉൾമാൻ, മിറിയം മാർഗോളീസ്, റിക്ക് മയൽ എന്നിവരും അഭിനയിച്ചു. അദ്ദേഹത്തിന്റെ മരണത്തിൽ നിരവധി പേരാണ് തങ്ങളുടെ ദുഃഖം അറിയിച്ചിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ബ്രിട്ടനിൽ ധനകാര്യ മന്ത്രി ക്വാസി ക്വാർട്ടെങിനെ പുറത്താക്കിയതായുള്ള തീരുമാനം അറിയിച്ചിരിക്കുകയാണ് പ്രധാനമന്ത്രി ലിസ് ട്രെസ്സ്. അതോടൊപ്പം സാമ്പത്തിക രംഗത്തെ ഉദ്ദേജിപ്പിക്കുന്നതിനായി മുൻപ് പ്രഖ്യാപിച്ച ടാക്സുകൾ കുറയ്ക്കുവാനുള്ള തീരുമാനം പിൻവലിക്കുകയാണെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. നിലവിലുള്ള സാമ്പത്തിക രംഗത്തെ ഉത്തേജിപ്പി ക്കുന്നതിനായി സെപ്റ്റംബർ 23 നാണ് ധനമന്ത്രിയായിരുന്ന ക്വാർട്ടെങ്ങ് ടാക്സുകൾ കുറയ്ക്കുവാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. എന്നാൽ ഈ തീരുമാനത്തോട് വാണിജ്യ സമൂഹവും വിപണിയും ശക്തമായ എതിർപ്പാണ് പ്രകടിപ്പിച്ചത്. എന്നാൽ സമ്പദ്‌വ്യവസ്ഥയുടെ വളർച്ച കൈവരിക്കുന്നതിനു വേണ്ടിയുള്ള തന്റെ ദൗത്യം നിറവേറ്റുവാൻ പ്രധാനമന്ത്രിയായി തുടരുമെന്ന് ലിസ് ട്രെസ്സ് ഉറപ്പിച്ചു പറഞ്ഞു. യുഎസ് ഉച്ചകോടിയിൽ നിന്ന് നേരത്തെ മടങ്ങിയെത്തിയ പ്രധാനമന്ത്രി ക്വാസി ക്വാർട്ടെങിനെ സ്ഥാനത്തു നിന്നും പുറത്താക്കിയ ശേഷമാണ് എട്ട് മിനിറ്റ് നീണ്ട വാർത്താ സമ്മേളനം നടത്തിയത്. ചില ടോറി എംപിമാർ തന്നെ വാർത്താ സമ്മേളനത്തെത്തുടർന്ന് പ്രധാനമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

മുൻ ആരോഗ്യമന്ത്രിയായിരുന്ന ജെറെമി ഹണ്ടിനെ പുതിയ ധനമന്ത്രിയായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. നിലവിലെ സാഹചര്യങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ ഉണ്ടാകുമെന്നും പുതിയ സാമ്പത്തിക പദ്ധതികൾ ഈ മാസം അവസാനം പുതിയ ചാൻസലർ പ്രഖ്യാപിക്കുമെന്നും അവർ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കുറ്റകൃത്യ നിരക്കിൽ കേരളം ഒന്നാമത്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യുറോ നടത്തിയ പഠനത്തിലെ കണക്കുകൾ പ്രകാരമാണിത്. കേരളത്തിൽ അരങ്ങേറുന്ന കുറ്റകൃത്യങ്ങളിൽ ഏറ്റവും കൂടുതൽ കൊച്ചിയിലാണ്. സമീപകാലത്ത് നടന്ന പല സംഭവങ്ങളും ഇത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. കുറ്റകൃത്യ നിരക്ക് 421.4 ആണ്.

ഉത്തർപ്രദേശ് ഉൾപ്പടെയുള്ള പല സംസ്ഥാനങ്ങളെയും പിന്തള്ളിയാണ് കേരളം ഒന്നാമത് എത്തിയത്. സമീപകാലത്തായി ഏറെ കുറ്റകൃത്യങ്ങൾ സംസ്ഥാനത്ത് നടക്കുന്നുണ്ട്. രാഷ്ട്രീയപരമായതുൾപ്പെടെ പല കാരണങ്ങളും അതിനു പിന്നിലുണ്ട്.

കൊച്ചിയിലെ ക്രൈം റേറ്റ് 1879.8 ആണ്. ഇത് മറ്റേത് നഗരത്തിലേക്കാളും വളരെ കൂടുതലാണ്. കലൂരിൽ ഈ അടുത്ത് ആവർത്തിച്ചു കൊലപാതകങ്ങൾ നടന്നിരുന്നു. പുറത്ത് വന്ന കണക്കുകൾ ഏറെ പേടിപ്പെടുത്തുന്നതാണ്. ദൈവത്തിന്റെ സ്വന്തം നാടെന്ന് അവകാശപ്പെടുമ്പോഴും നാട് കടന്നു പോകുന്നത് ഭീകരമായ സാഹചര്യത്തിലേക്കാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു തൊടുപുഴ കോളജിലെ ചോദ്യപേപ്പർ വിവാദവും അതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളും. പോപ്പുലർ ഫ്രന്റ് എന്ന സംഘടനയാണ് ഈ ദാരുണമായ കൃത്യം ചെയ്തത്. സംഘടനയെ ഇന്ത്യയിൽ നിരോധിച്ചുകൊണ്ട് ഈ അടുത്ത് നിയമം വന്നിരുന്നു. അതിനു കാരണമായി ചൂണ്ടിക്കാട്ടുന്ന പ്രധാന കാരണങ്ങളിൽ ഒന്ന് ഇതാണ്.

കേവലമൊരു ചോദ്യത്തിന്റെ പേരിൽ കൈയ്യറുത്തു മാറ്റപ്പെട്ട അധ്യാപകൻ പ്രൊഫ. ടി ജെ ജോസഫിന്റെ സംഭവത്തെ കുറിച്ച് ബിബിസി തയ്യാറാക്കിയ ഫീച്ചർ ഇപ്പോൾ ചർച്ചയാകുകയാണ്.

കൈയ്യറുത്ത് മാറ്റപ്പെട്ട കറുത്ത ദിനത്തെ കുറിച്ച് അദ്ദേഹം ഓർത്തെടുക്കുകയാണ്. ജൂലൈ മാസത്തിൽ ഒരു ഞായറാഴ്ച്ച ഉറ്റവരോടൊപ്പം പള്ളിയിൽ പോകുമ്പോഴാണ് ആ ദാരുണമായ സംഭവം നടന്നത്. വീടിനു സമീപത്തു വന്നു നിന്ന കാറിൽ നിന്നു അക്രമികൾ ചാടി ഇറങ്ങി കൈ അറുത്തു മാറ്റിയത് മലയാള നാടിന് ഇന്നും വേദനയാണ്. മിനിവാനിന്റെ വാതിൽ തുറന്ന് ആറ് പേർ പുറത്തേക്ക് വന്നു. അതിലൊരാൾ പ്രൊഫ.ജോസഫിന്റെ കാറിനടുത്തേക്ക് ഓടി. അയാൾ ഒരു കോടാലി ചുമന്നിരുന്നതായും ബിബിസി യിൽ പ്രസിദ്ധീകരിച്ച കുറിപ്പിൽ പറയുന്നു.

തുടർന്ന് അക്രമികൾ അദ്ദേഹത്തെ ദാരുണമായി അക്രമിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയും അടിയന്തിര ശസ്ത്രക്രിയ നടത്തിയതിലൂടെയുമാണ് അദ്ദേഹത്തിന് ജീവൻ തിരികെ ലഭിച്ചത്. അബോധാവസ്ഥയിലേക്ക് വഴുതിപ്പോയ പ്രൊഫ. ജോസഫിനെ 50 കിലോമീറ്റർ (31 മൈൽ) അകലെയുള്ള ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ആറ് ഡോക്ടർമാർ 16 മണിക്കൂർ എടുത്ത് 16 കുപ്പി രക്തം ഉപയോഗിച്ച് ശസ്ത്രക്രിയ നടത്തുകയും അറ്റുപോയ കൈ തുന്നിക്കെട്ടുകയും കൈത്തണ്ടയും കൈയും ശരിപ്പെടുത്തുകയും ചെയ്തെന്നും കുറിപ്പിൽ പറയുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

അൻപത് വയസ്സിന് മുകളിലുള്ള എല്ലാവർക്കും തങ്ങളുടെ ശരത്കാലത്ത് കോവിഡ് ബൂസ്റ്റർ ഡോസുകളും ഫ്ലൂ ജാബുകളും നാളെ മുതൽ ബുക്ക് ചെയ്യാം. ഏറ്റവും പുതിയ കോവിഡ് വാക്സിനു വേണ്ടി 50 മുതൽ 64 വയസ്സ് വരെ പ്രായമുള്ള ഏകദേശം 12 ദശലക്ഷം ആളുകളാണ് യോഗ്യരായിരിക്കുന്നത്. ഈ ശൈത്യകാലത്ത് കോവിഡിനോടൊപ്പം തന്നെ ഉയർന്ന അളവിൽ പനി പടരുമെന്ന ആശങ്ക ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ ഉന്നയിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഇംഗ്ലണ്ടിലുടനീളം ആയിരക്കണക്കിന് കമ്മ്യൂണിറ്റി ഫാർമസികളിലും ജിപി സർജറുകളിലുമായി വാക്സിനുകൾ നൽകാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ആഴ്ച മാത്രം ഏകദേശം രണ്ടു മില്യൻ വാക്സിനുകളാണ് ഇതിനായി കൊണ്ടുവന്നത്. രാജ്യത്തുടനീളം ജനങ്ങളുടെ ക്ഷേമത്തിനായി അക്ഷീണം പ്രയത്നിക്കുന്ന മുൻനിര ആരോഗ്യ പ്രവർത്തകരെ അഭിനന്ദിച്ചുകൊണ്ട് എൻഎച്ച്എസ് ചീഫ് എക്‌സിക്യൂട്ടീവ് അമൻഡ പ്രിച്ചാർഡ് രംഗത്ത് വന്നു. ഈ വർഷം മാത്രം ഏകദേശം 33 ദശലക്ഷം ആളുകൾക്കാണ് സൗജന്യ വാക്സിൻ ലഭിക്കാൻ അർഹതയുള്ളത്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഈ ശരത്കാലത്ത് വാക്സിൻ സ്വീകരിക്കാനായി രജിസ്റ്റർ ചെയ്ത ആളുകളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഒരുപക്ഷേ വലിയ വെല്ലുവിളിയാകാൻ സാധ്യതയുള്ള ഈ ശൈത്യകാലത്തെ സമീപിക്കുമ്പോൾ കോവിഡ്, ഫ്ലൂ എന്നിവയ്ക്ക് എതിരായുള്ള സംരക്ഷണം നേടേണ്ടത് അത്യന്താപേക്ഷിതമാണെന്ന് മിസ് പ്രിച്ചാർഡ് കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ടോറി എംപി മാരുടെ യോഗത്തിൽ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനം. കുറച്ചു ദിവസങ്ങളായി ലിസ് ട്രസും പാർട്ടിയും തമ്മിൽ ഏറ്റുമുട്ടുന്നതിനിടയിലാണിത്. പുത്തൻ നയങ്ങൾ പ്രധാനമന്ത്രിക്ക് തന്നെ തിരിച്ചടിയാകുമെന്നും എം പി മാർ വിലയിരുത്തി. എന്നാൽ ലിസ് ട്രസ് അനുകൂലികൾ പിന്തുണയുമായി രംഗത്തുണ്ട്. നികുതി വെട്ടികുറയ്ക്കാനുള്ള തീരുമാനം കനത്ത പ്രഹരമായിരിക്കും ഏൽപ്പിക്കുന്നത് എന്നുള്ളതും വിമർശനമായിട്ട് ഉയർന്നു വന്നു.

യോഗത്തിൽ നികുതി ഒഴിവാക്കുന്ന നടപടിയെ ലിസ് ട്രസ് ന്യായീകരിച്ചു. സെപ്തംബർ 23-ന് ചാൻസലറുടെ മിനി-ബജറ്റ്, വായ്പയെടുത്ത് ഫണ്ട് ചെയ്ത 45 ബില്യൺ പൗണ്ട് നികുതി വെട്ടിക്കുറവ് എന്നിവ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളി വിട്ടെന്നും പെൻഷൻ ഫണ്ടുകൾ സംരക്ഷിക്കാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഇടപെടേണ്ടി വന്ന സാഹചര്യത്തെയും യോഗം വിലയിരുത്തി.

ഒക്‌ടോബർ 31-ന് എങ്ങനെ പാക്കേജിന് ധനസഹായം നൽകുമെന്നും കടം കുറയ്ക്കുമെന്നും ക്വാസി ക്വാർട്ടെംഗ് തീരുമാനിക്കും. പൊതുചെലവ് വെട്ടിക്കുറയ്ക്കാൻ നടപടികൾ കൈകൊള്ളൂമെന്ന വാർത്ത ലിസ് ട്രസ് നിഷേധിച്ചു. എന്നാൽ കടം കുറയ്ക്കുന്നതിലാണ് സർക്കാരിന്റെ ശ്രദ്ധയെന്നും അവർ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ജെറ്റ് 2 വിമാനത്തിന് നേരെയുണ്ടായ ബോംബ് ഭീഷണി തടയാൻ അടിയന്തിര നടപടികളുമായി രാജ്യം. വിവരം ലഭിച്ചതിനെ തുടർന്ന് വിമാനം നിലത്തിറക്കുകയായിരുന്നു. ദലമാനിൽ നിന്ന് മാഞ്ചസ്റ്ററിലേക്കുള്ള ജെറ്റ് 2 വിമാനം രാത്രി 8 മണിക്ക് മുമ്പ് ലിങ്കൺഷെയറിലെ എത്തിയപ്പോഴാണ് റാഫ് കോണിംഗ്‌സ്ബൈയിൽ നിന്ന് രണ്ട് ജെറ്റുകളും ഒപ്പം നീങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടത്. പാസഞ്ചർ വിമാനം സ്റ്റാൻസ്റ്റഡ് എയർപോർട്ടിൽ ഇറങ്ങുന്നതിന് മുമ്പ് എസെക്സിലെ വ്യോമാതിർത്തിയിലൂടെ ജെറ്റിനെ അകമ്പടി സേവിക്കാൻ സൈനിക വിമാനം ദൃശ്യമാകുന്നതായി ഫ്ലൈറ്റ് ട്രാക്കിംഗ് ഡാറ്റ വ്യക്തമാക്കുന്നുണ്ട്.

ബോംബ് ഭീഷണിയെക്കുറിച്ചുള്ള റിപ്പോർട്ടുകൾക്കിടയിൽ ടെർമിനലുകളിൽ നിന്ന് അകലെയുള്ള സ്റ്റാൻഡിലേക്ക് അത് നീങ്ങുന്നതിനിടയിലാണ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഉടൻ തന്നെ പോലീസുൾപ്പെടെയുള്ള സംവിധാനങ്ങൾ അതിനെ നേരിട്ടു. ഫയർ എഞ്ചിനുകൾ, ആംബുലൻസുകൾ, എന്നിവയുൾപ്പെടെ ഒന്നിലധികം അടിയന്തിര സേവനങ്ങൾ വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്നതായി പുറത്തു വന്നു ദൃശ്യങ്ങൾ സൂചിപ്പിക്കുന്നുണ്ട്.

വിമാനത്തിന് ബോംബ് ഭീഷണി ഉണ്ടായതിനെ തുടർന്നാണ് നിലത്തിറക്കിയതെന്ന് എയർലൈൻ വൃത്തങ്ങൾ പറഞ്ഞതായി ഏവിയേഷൻ സോഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. തുടർന്നുള്ള അന്വേഷണത്തിൽ വിമാനത്തിൽ ഭീഷണിയില്ലെന്ന് കണ്ടെത്തിയതായും എല്ലാ യാത്രക്കാരും സുരക്ഷിതരായി ഇറങ്ങിയതായും പോലീസ് അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- വെളുത്ത വർഗ്ഗക്കാരെക്കാളും, സൗത്ത് ഏഷ്യയിലെ ജനങ്ങളെക്കാളും ഡിമൻഷ്യ ബാധിക്കാനുള്ള സാധ്യത കറുത്ത വർഗ്ഗക്കാർക്കാണെന്ന് യു കെയിൽ നിന്നുള്ള പുതിയ പഠന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മുൻപുണ്ടായിരുന്ന പഠന ഫലങ്ങളെ ശരിവെക്കുന്നതാണ് ഇപ്പോഴത്തെ കണ്ടെത്തലുകളെങ്കിലും, ഇതിന് പിന്നിലുള്ള കാരണങ്ങൾ സങ്കീർണമാണെന്ന് പഠനങ്ങൾ നടത്തിയ യൂണിവേഴ്സിറ്റി കോളേജ് ലണ്ടനിലെ ഗവേഷകർ വ്യക്തമാക്കി. ജനിതകഘടന, ഉയർന്ന രക്തസമ്മർദ്ദം, അമിതവണ്ണം മുതലായ ആരോഗ്യ പ്രശ്നങ്ങളെല്ലാം തന്നെ കറുത്ത വർഗ്ഗക്കാരിൽ ഡിമൻഷ്യ ഉണ്ടാക്കുന്ന കാരണങ്ങളാണ്. കൂടുതൽ കേസുകൾ എടുത്ത് വിശദമായി പഠിച്ചാൽ മാത്രമേ വ്യക്തമായ കാരണങ്ങൾ എന്തെന്ന് കൃത്യമായി പറയുവാൻ സാധിക്കൂ. 2050 തോടെ ലോകമെമ്പാടും 153 മില്യൻ ജനങ്ങൾക്ക് ഡിമൻഷ്യ ബാധിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. 2019 ലെ 57 മില്യൺ എന്ന കണക്കിൽ നിന്നും വളരെ ഉയർന്നതാണ് ഈ കണക്കുകൾ. 14 വർഷത്തോളം യുകെ ബയോബാങ്ക് പഠനത്തിൽ പങ്കെടുത്ത ഏകദേശം 300,000 ത്തോളം ആളുകളെയാണ് യൂണിവേഴ്സിറ്റി കോളേജ് ലണ്ടനിലെ ഗവേഷകർ പഠനത്തിനെടുത്തത്.


രക്താതിമർദ്ദം, അല്ലെങ്കിൽ ഉയർന്ന രക്തസമ്മർദ്ദം, പൊണ്ണത്തടി, പുകവലി, സാമൂഹികമായ ഒറ്റപ്പെടൽ, വായു മലിനീകരണം, വിഷാദം, പ്രമേഹം, കേൾവിക്കുറവ് എന്നിവയെല്ലാം തന്നെ ഡിമൻഷ്യയ്ക്ക് കാരമാകുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്. 20 വർഷത്തെ ആശുപത്രി ആരോഗ്യ രേഖകൾ പരിശോധിച്ച ഗവേഷകർ കറുത്തവർഗ്ഗക്കാരിൽ വെളുത്തവരെ അപേക്ഷിച്ച് ഡിമെൻഷ്യ 22% കൂടുതലാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് കണ്ടെത്തി. ജനിതകപരമായ കാരണങ്ങളും, ആരോഗ്യ പ്രശ്നങ്ങളും എല്ലാം തന്നെ ഈ രോഗം ഉണ്ടാകുന്നതിനു ആക്കം കൂട്ടുന്നതായും ഗവേഷകർ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- യുകെയിലെത്തുന്ന കേരളീയ വിദ്യാർത്ഥികൾക്ക് യുകെയിലെ പഠന കാലയളവിലേയ്ക്കായി സ്വന്തമായി താമസസൗകര്യം കണ്ടെത്തുന്നത് വലിയ പ്രശ്‌നമായി മാറിയിരിക്കുകയാണ്. വിദ്യാർത്ഥികൾക്ക് താമസസൗകര്യം ഉറപ്പാക്കുവാൻ സർവ്വകലാശാലകൾക്ക് സാധിക്കാത്തതും , ചിലയിടങ്ങളിൽ സർവകലാശാല നൽകുന്ന താമസ സൗകര്യങ്ങൾ വിദ്യാർത്ഥികൾക്ക് താങ്ങാൻ ആവാത്തതുമാണ് ഈ പ്രതിസന്ധിയിലേക്ക് നയിച്ചിരിക്കുന്നത്.  വിദ്യാർത്ഥികളോടൊപ്പം ഭർത്താവോ കുട്ടികളോ ഉണ്ടെങ്കിൽ പ്രതിസന്ധി വീണ്ടും രൂക്ഷമാകുന്ന സാഹചര്യമാണ്. ലണ്ടനിലെ ഒരു പ്രശസ്ത സർവകലാശാലയിൽ നിയമത്തിൽ മാസ്റ്റേഴ്സ് ചെയ്യുന്ന ജയേഷ് പിള്ള വലിയ സാമ്പത്തിക പിന്തുണയില്ലാത്ത ഒരു ഇടത്തരം കുടുംബത്തിൽ നിന്നാണ് വരുന്നത്. അതുകൊണ്ട് തന്നെ തന്റെ 20 മണിക്കൂർ ജോലിയിൽ നിന്ന് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് സ്വയം കാര്യങ്ങൾ കൈകാര്യം ചെയ്യാനാണ് താൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലണ്ടനിലെ ആറ് മുറിയുള്ള വീട്ടിലാണ് അദ്ദേഹം താമസിക്കുന്നത്.  ഓരോ മുറിയിലും മൂന്ന് വിദ്യാർത്ഥികളുള്ള ഈ കെട്ടിടത്തിൽ ഒരു ടോയ്‌ലറ്റ് മാത്രമാണ് ഉള്ളത്. ഇതിനായി പ്രതിമാസം 350 പൗണ്ട് താൻ നൽകേണ്ടതായി വരികയും ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. അതോടൊപ്പം തന്നെ അദ്ദേഹത്തിന്റെ വീട്ടുടമസ്ഥൻ സ്വന്തം ഇഷ്ടപ്രകാരം വ്യത്യസ്ത വിദ്യാർത്ഥികളെ തന്റെ മുറിയിലേക്ക് കൊണ്ടുവരുന്നത് തുടരുകയും മുറി മാറുവാൻ ജയേഷിനോട് ആവശ്യപ്പെടുകയും ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. ഇതേ അവസ്ഥ നേരിടുന്ന നിരവധി പേരാണ്  ബ്രിട്ടനിലുള്ളത്. ലണ്ടനിലെ തെരുവുകളിൽ വിദ്യാർത്ഥികൾ ഭിക്ഷാടനം നടത്തുന്നതായി പോലും റിപ്പോർട്ടുകളുണ്ട്.


ഇത് മലയാളി വിദ്യാർഥികളുടെ മാത്രം പ്രശ്നമല്ല. യുകെയിൽ വിദ്യാർത്ഥികൾ നേരിടുന്ന പ്രതിസന്ധികളെ സംബന്ധിച്ച് കഴിഞ്ഞദിവസം ബിബിസി റിപ്പോർട്ട് ചെയ്തിരുന്നു. അതിനാൽ തന്നെ വിദ്യാർത്ഥികൾക്കുള്ള താമസ സൗകര്യം ഒരുക്കി നൽകണമെന്ന ആവശ്യമാണ് പൊതുവായി ഉന്നയിക്കപ്പെടുന്നത്. അതോടൊപ്പം തന്നെ കോൺസുലേറ്റ് ഈ പ്രശ്നങ്ങളിൽ ഇടപെടേണ്ടത് വളരെ ആവശ്യമാണെന്നും ഇവിടങ്ങളിൽ നിന്നും ആവശ്യങ്ങൾ ഉയർന്നിട്ടുണ്ട്. അതോടൊപ്പം തന്നെ താമസ സൗകര്യം ലഭിക്കാതെ മറ്റുള്ള കുടുംബാംഗങ്ങളെ കൊണ്ടുവരുവാൻ വിദ്യാർത്ഥികൾ ഒരിക്കലും ശ്രമിക്കരുതെന്നും നിലവിലെ സാഹചര്യങ്ങൾ സൂചിപ്പിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ബ്രിട്ടനിൽ ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണം മേയ് ആറിന്. ബക്കിംഗ്ഹാം കൊട്ടാരം ഔദ്യോഗികമായി ഇന്നലെ വൈകിട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടൊപ്പം ചാൾസിന്റെ ഭാര്യ കാമിലയും രാജപത്നിയായി (ക്വീൻ കൺസോർട്ട്) അവരോധിക്കപ്പെടും. എലിസബത്ത് രാജ്ഞിയുടെ മരണത്തെത്തുടർന്നാണ് ഒന്നാം കിരീടാവകാശിയായ മൂത്തമകൻ ചാൾസ് രാജാവായി ചുമതലയേറ്റത്.

അന്നുമുതൽ രാജാവിന്റെ എല്ലാ ചുമതലകളും വഹിക്കുന്നുണ്ടെങ്കിലും ആംഗ്ലിക്കൻ സഭയുടെ തലവൻകൂടിയായ രാജാവ് ഔദ്യോഗികമായി അഭിഷിക്തനാകുന്നതും പരമാധികാരത്തിന്റെ അടയാളമായ ഇംപീരിയൽ ക്രൗൺ (രാജകിരീടം) അണിയിക്കുന്നതുമെല്ലാം കീരീടധാരണ ചടങ്ങിലാണ്. ഇന്ത്യയിൽനിന്നുള്ള കോഹിനൂർ രത്നം അടങ്ങിയ കിരീടമാകും കാമിലയ്ക്കു ലഭിക്കുക.

കാന്റർബറി ആർച്ച്ബിഷപ്പ് റവ. ഡോ. ജസ്റ്റിൽ വെൽബിയുടെ മുഖ്യകാർമികത്വത്തിലാകും ചടങ്ങുകൾ. ആർച്ച്‌ബിഷപ്പ് തന്നെയാകും രാജാവിനെ കീരീടം അണിയിക്കുക. 70 വർഷങ്ങൾക്കു മുമ്പ് 1953 ജൂണിലായിരുന്നു എലിസബത്ത് രാജ്ഞിയുടെ കിരീടധാരണം.

ലോകനേതാക്കൾ ഉൾപ്പെടെയുള്ള നിരവധി വിശിഷ്ടാതിഥികൾ ചടങ്ങിൽ പങ്കെടുക്കും. രാജ്യം മുഴുവൻ ആഘോഷിക്കുന്ന ഈ ദിവസം പൊതു അവധിയായിരിക്കുമോ എന്നതു സംബന്ധിച്ചു തീരുമാനം ആയിട്ടില്ല. മേയ് ഒന്നാം തിയതി തിങ്കളാഴ്ച മേയ് ദിനത്തോടനുബന്ധിച്ചുള്ള ബാങ്ക് ഹോളിഡേ ആണ്. ഇതിന്റെ തുടർച്ചയായി കീരീടധാരണത്തിന് മറ്റൊരു ലോങ് വീക്കെൻഡിനുള്ള സാധ്യത ഏറെയാണ്.

കിരീടധാരണസമയത്ത് ചാൾസിന് 74 വയസ് പൂർത്തിയാകും. 900 വർഷത്തെ ചരിത്രത്തിൽ ബ്രിട്ടനിൽ സ്ഥാനമേൽക്കുന്ന ഏറ്റവും പ്രായം കൂടിയ രാജാവാണ് ചാൾസ് മൂന്നാമൻ

RECENT POSTS
Copyright © . All rights reserved