Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലങ്കാഷെയർ : ബ്രിട്ടീഷ് മലയാളികൾക്ക് വേദനയായി മറ്റൊരു മരണം. ലങ്കാഷെയർ ഹോസ്പിറ്റലിലെ ഡോക്ടറായിരുന്ന അനു (32) ആണ് മരിച്ചത്. ക്യാൻസറിനെ തുടർന്ന് ലിവർപൂൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് അന്ത്യം. കൊട്ടാരക്കര സ്വദേശിനിയാണ്. ആറു മാസം മുൻപാണ് ക്യാൻസർ സ്ഥിരീകരിച്ചത്. തുടർന്ന് ചികിത്സയിലായിരുന്നു. എന്നാൽ, ഇത്ര പെട്ടെന്നുള്ള മരണം കുടുംബത്തിനും സുഹൃത്തുകൾക്കും തീരാവേദനയായി.

ലങ്കാഷെയർ ഹോസ്പിറ്റലിലെ തന്നെ ഡോക്ടറായ റോണിയാണ് ഭർത്താവ്. അഞ്ചു വയസ്സിൽ താഴെയുള്ള രണ്ട് കുട്ടികളാണ് ദമ്പതികൾക്ക്. ആറു മാസം മുൻപ് കടുത്ത വയറുവേദനയെ തുടർന്ന് വൈദ്യ സഹായം തേടിയെങ്കിലും ആദ്യഘട്ടത്തിൽ പെയിൻ കില്ലേഴ്സ് കൊടുക്കുകയും എന്നാൽ രോഗശമനം വരാത്തതിനെ തുടർന്ന് കൂടുതൽ വൈദ്യ പരിശോധനകൾ നടത്തിയപ്പോഴാണ് ക്യാൻസർ തിരിച്ചറിഞ്ഞത്. രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ, ചികിത്സയ്ക്ക് വേണ്ടിയാണ് റോണിയും അനുവും ലിവർപൂളിലേക്ക് താമസം മാറിയത്. ജീവിതത്തിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും ഇന്നലെ രാത്രി പതിനൊന്നു മണിയോടെ മരണം സംഭവിക്കുകയായിരുന്നു. യുവഡോക്ടറുടെ മരണത്തിൽ സഹപ്രവർത്തകരും തീരാദുഃഖത്തിലാണ്.

അനുവിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

യു.കെ യിലെ പ്രമുഖ ചാരിറ്റി മലയാളി അസോസിയേഷനുകളിൽ ഒന്നായ സഹൃദയ, ദി കെന്റ് കേരളൈറ്റ്സ്, അതിന്റെ മഹത്തായ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലാകുവാൻ പോകുന്ന ഒരു തീരുമാനം കൂടി എടുത്തിരിക്കുകയാണ്.

സഹൃദയ അഭിമാന പുരസരം അണിയിച്ചൊരുക്കുന്ന ആദ്യ അഖില യു. കെ ഡ്രാഗൺ ബോട്ട് റേസ് 2022 ” കെന്റ് ജലോത്സവം ” ഒക്ടോബർ ഒന്നാം തീയതി ശനിയാഴ്ച്ച കെന്റിലെ വാട്ട്ഹർസ്റ്റിൽ ഉള്ള ബിവൽ വാട്ടർ ജലാശയത്തിൽ നടക്കും.

ഏതാണ്ട് 800 ഏക്കർ വിസ്തീർണത്തിൽ കെന്റ്- ഈസ്റ്റ് സസക്സ് അതിരുകൾക്കിടയിൽ പ്രകൃതി സൗന്ദര്യത്തിന്റെ എല്ലാ വശ്യതകളും ആവാഹിച്ച് കാനന ഭംഗിയുടെ മനം കുളിരുന്ന കാഴ്ച ഒരുക്കുന്ന ബിവൽ വാട്ടറിന്റെ ഓളപ്പരപ്പിൽ സഹൃദയ പുതു ചരിത്രം രചിക്കുമ്പോൾ അത് ബ്രിട്ടണിൽ ഉള്ള എല്ലാ ജലോത്സവ പ്രേമികൾക്കും ആവേശം പകരുമെന്നതിൽ സംശയം ഇല്ല.

മുൻ കാലങ്ങളിൽ തുടർച്ചയായ അഞ്ചു വർഷം അഖില യു കെ വടം വലിയും, ഓൾ യു.കെ ക്രിക്കറ്റ് ടൂർണമെന്റും, ഓൾ യു.കെ അത്തപ്പൂക്കള മത്സരവും നടത്തി തഴക്കവും പഴക്കവും ഉള്ള വെസ്റ്റ് കെന്റിലെ ചുണക്കുട്ടന്മാർ വീണ്ടും വള്ളംകളി എന്ന ചിരകാല സ്വപ്നം യാഥാർത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ കടന്നു വരുമ്പോൾ യു കെയിലെ എല്ലാ വള്ളം കളി പ്രേമികളും സഹൃദയയോടൊപ്പം ഉണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ്.

കെന്റ് ജലോത്സവത്തിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ പ്രസിഡന്റ് അജിത് വെൺമണി, സെക്രട്ടറി ബിബിൻ എബ്രഹാം, പ്രോഗ്രാം കോർഡിനേറ്റർ വിജു വർഗീസ്, ട്രെഷറർ മനോജ് കോത്തൂർ , വൈസ് പ്രസിഡന്റ് ലിജി സേവ്യർ, ജോയിന്റ് സെക്രട്ടറി ബ്ലെസ്സൻ സാബു , സഹൃദയ ബോട്ട് ക്ലബ് ടീം ക്യാപ്റ്റൻ ജോഷി സിറിയക് , ബിജു ചെറിയാൻ, മജോ തോമസ് , ബേസിൽ ജോൺ, സ്‌നേഹ സുജിത്ത് എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ചു.

ഈ ജലമാമാങ്കത്തിലേക്ക് യു. കെയിലെ എല്ലാ വള്ളംകളി പ്രേമികളെയും ടീമുകളെയും സഹൃദയ ഈ ഉദ്യാന നഗരത്തിലേക്ക് സഹർഷം സ്വാഗതം ചെയ്യുകയാണ്. ടീം രെജിസ്ട്രേഷനും ഉടൻ തന്നെ ആരംഭിക്കുന്നതായിക്കും.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

വെസ്റ്റ്‌ യോർക്ക്ഷെയർ : ഒടുവിൽ ജനം വിധിയെഴുതി; ഇനി കൺസർവേറ്റീവ് എംപിമാർ തങ്ങൾക്ക് വേണ്ട. വെയ് ക് ഫീൽഡ്, ടിവേര്‍ടണ്‍ & ഹോണിടൺ ഉപതെരഞ്ഞെടുപ്പുകളിൽ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവുകള്‍ വന്‍ പരാജയം ഏറ്റുവാങ്ങി. ടോറി പാര്‍ട്ടിയുടെ സിറ്റിംഗ് സീറ്റായ വെയ് ക് ഫീൽഡ് പിടിച്ചെടുത്ത ലേബർ പാർട്ടി തങ്ങളുടെ കോട്ടയിലേക്ക് രാജകീയ തിരിച്ചുവരവാണ് നടത്തിയത്. ലേബർ സ്ഥാനാർഥി സൈമൺ ലൈറ്റ്‌വുഡ് 4,925 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചുകയറി. ഇതോടെ ലേബറിനൊപ്പം നിന്ന മലയാളികൾ ഉൾപ്പെടെയുള്ളവരുടെ തീവ്രശ്രമം ഫലം കണ്ടു. 2019ലെ തോൽവിക്കുള്ള ഒരു മധുരപ്രതികാരം കൂടിയായി ഈ മിന്നും വിജയം. വെയ് ക് ഫീൽഡിലെ വിജയം തന്റെ പാർട്ടിയുടെ മികച്ച വിജയങ്ങളിൽ ഒന്നാണെന്നു നേതാവ് കെയർ സ്റ്റാർമർ പ്രതികരിച്ചു.

അതേസമയം, കണ്‍സര്‍വേറ്റീവുകള്‍ക്ക് മുൻപ് സുരക്ഷിത സീറ്റായിരുന്ന ടിവേര്‍ടണ്‍ & ഹോണിടണില്‍ ലിബറല്‍ ഡെമോക്രാറ്റുകളാണ് വിജയിച്ചത്. 2019 ല്‍ മൂന്നാം സ്ഥാനത്തായിരുന്ന റിച്ചാര്‍ഡ് ഫുഡ് ഇത്തവണ 6,000-ത്തിലധികം വോട്ടുകള്‍ക്ക് മണ്ഡലം പിടിച്ചു. പ്രധാനമന്ത്രിക്ക് പുറത്തേക്കുള്ള വാതിൽ ഒരുക്കിയാണ് ലിബറൽ ഡെമോക്രാറ്റുകൾ വിജയം ആഘോഷിച്ചത്. ബോറിസ് ജോൺസണ് സ്വന്തം പാർട്ടിയുടെയും ജനങ്ങളുടെയും വിശ്വാസം നഷ്ടപ്പെട്ടുവെന്ന് നേതാവ് എഡ് ഡേവി തുറന്നടിച്ചു.

ഉപതിരഞ്ഞെടുപ്പുകളിലെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കൺസർവേറ്റീവ് പാർട്ടി കോ-ചെയർമാൻ ഒലിവർ ഡൗഡൻ രാജിവച്ചു. ലിബറൽ ഡെമോക്രാറ്റുകളും ലേബറും വിജയിച്ചതോടെ കൺസർവേറ്റീവിനും പ്രധാനമന്ത്രിക്കും രാഷ്ട്രീയ രംഗത്ത് കനത്ത തിരിച്ചടിയാണ് ഉണ്ടായത്. പാർട്ടിയിൽ ജനങ്ങൾക്കുള്ള വിശ്വാസം കുറയുന്നതിന്റെ സൂചന കൂടിയാണിത്.

ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ മികച്ചതല്ലെന്ന് തുറന്നു സമ്മതിച്ചെങ്കിലും രാജി വയ്ക്കാൻ ജോൺസൻ ഒരുക്കമല്ല. ഭാര്യ കാരിയ്‌ക്കൊപ്പം ആഫ്രിക്ക, യൂറോപ്പ് സന്ദര്‍ശനത്തിലാണ് പ്രധാനമന്ത്രി. ജോൺസനെതിരായ വിമതനീക്കങ്ങൾ വരും ദിനങ്ങളിൽ ശക്തിപ്പെട്ടേക്കും. പുതിയ നേതൃത്വത്തിന് കീഴിൽ മാത്രമേ പാർട്ടിയും രാജ്യവും ശക്തിപ്പെടൂ എന്ന് മുൻ കൺസർവേറ്റീവ് നേതാവ് മൈക്കൽ ഹോവാർഡ് പ്രതികരിച്ചു. കഴിഞ്ഞ ആഴ്ചയാണ് സ്വന്തം എംപിമാരുടെ അവിശ്വാസ വോട്ടെടുപ്പില്‍ നിന്നും പ്രധാനമന്ത്രി രക്ഷപ്പെട്ടത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു എസ് :- യു എസിൽ ഇനിമുതൽ ലക്ഷക്കണക്കിന് സ്ത്രീകൾക്ക് അബോർഷൻ ചെയ്യാനുള്ള തങ്ങളുടെ അവകാശം നഷ്ടമാകും. അബോർഷൻ ചെയ്യാനുള്ള ഭരണഘടനാപരമായ അവകാശം നീക്കം ചെയ്തുള്ള വിധിയാണ് ഇപ്പോൾ യുഎസ് സുപ്രീം കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. 50 വർഷം മുൻപ് റോ വി വേഡ് കേസിൽ പുറപ്പെടുവിച്ച വിധിയാണ് ഇപ്പോൾ നീക്കം ചെയ്തിരിക്കുന്നത്. ഇതോടെ ഓരോ സംസ്ഥാനങ്ങൾക്കും അബോർഷൻ നിരോധിക്കാനുള്ള അനുമതി ലഭിച്ചിരിക്കുകയാണ്. പകുതിയോളം സംസ്ഥാനങ്ങൾ ഇത്തരത്തിൽ അബോർഷൻ നിരോധിക്കാനുള്ള നീക്കം നടത്തുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പതിമൂന്നോളം സംസ്ഥാനങ്ങൾ അതിനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു. യുഎസിന്റെ ചരിത്രത്തിലെ ദുഃഖകരമായ ദിനമാണെന്ന് വിധിയെക്കുറിച്ച് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു. അതോടൊപ്പം തന്നെ അബോർഷൻ അനുവദിക്കാനുള്ള നിയമങ്ങൾ സംസ്ഥാനങ്ങൾ പാസാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


പുതിയ വിധി വന്നതോടെ 36 മില്യനോളം സ്ത്രീകൾക്കാണ് അബോർഷൻ ചെയ്യാനുള്ള തങ്ങളുടെ അവകാശം നഷ്ടമാകുന്നതെന്ന് ഹെൽത്ത് കെയർ സംഘടനയായ പ്ലാൻഡ് പേരെന്റ്ഹൂഡ് നടത്തിയ ഗവേഷണത്തിൽ വ്യക്തമാക്കുന്നുണ്ട്. വിധിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും പ്രകടനവുമായി കോടതിക്ക് പുറത്ത് എത്തിയിരുന്നു. ഇവരെ ബലം പ്രയോഗിച്ചാണ് പൊലീസ് ശാന്തമാക്കിയത്.1973 ലായിരുന്നു പ്രശസ്തമായ റോ വി വേഡ് കേസിൽ കോടതി സ്ത്രീകൾക്ക് അബോർഷൻ ചെയ്യാനുള്ള അവകാശം ഭരണഘടനാപരമായ അവകാശമാക്കി തീർത്തത്. ഈ വിധിയോടെ ആദ്യത്തെ മൂന്നു മാസങ്ങളിൽ എപ്പോൾ വേണമെങ്കിലും അബോർഷൻ ചെയ്യാനുള്ള അനുമതി സ്ത്രീകൾക്ക് ലഭിച്ചിരുന്നു. എന്നാൽ സെക്കന്റ്‌ ട്രൈമെസ്റ്ററിൽ അബോർഷൻ ചെയ്യുന്നതിന് അപ്പോഴും നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു.

15 ആഴ്ചകൾക്കു ശേഷമുള്ള എല്ലാ അബോർഷനും നിരോധിക്കാനുള്ള മിസ്സിസ്സിപ്പിയുടെ തീരുമാനത്തിനെതിരെ ഡോബ്ബസ്‌ v/s ജാക്ക്സൺ സ്ത്രീ സംഘടന നൽകിയ കേസിലാണ് ഇപ്പോൾ സുപ്രീം കോടതി വിധി ഉണ്ടായിരിക്കുന്നത്. കോടതിയുടെ വിധിയോട് സമ്മിശ്ര പ്രതികരണങ്ങളാണ് സമൂഹത്തിൽനിന്നും ഉണ്ടായിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യുകെയിൽ കോവിഡ് കേസുകൾ വീണ്ടും വർദ്ധിക്കുന്നതിന്റെ ആശങ്കയിലാണ് ആരോഗ്യവിദഗ്ധർ . ഒമിക്രോണിന്റെ പുതിയ വകഭേദങ്ങളാണ് ഇപ്പോഴത്തെ വർദ്ധനവിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം കഴിഞ്ഞ ആഴ്ച മാത്രം 1.7 ദശലക്ഷം ആളുകൾക്കാണ് രോഗം ബാധിച്ചത്.


രാജ്യത്തുടനീളം കോവിഡ് ബാധിച്ച് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണവും ക്രമാതീതമായി ഉയർന്നിട്ടുണ്ട്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്ററ്റിക്സിന്റെ കണക്കുകൾ പ്രകാരം രോഗബാധിതരുടെ എണ്ണത്തിലുള്ള വർദ്ധനവ് ഒരാഴ്ചയ്ക്കുള്ളിൽ 23 ശതമാനമാണ്. 2021 ജനുവരിയിലെ വൈറസിന്റെ രണ്ടാം തരംഗത്തിനേക്കാൾ ഉയർന്ന നിലയിലാണ് ഇപ്പോഴത്തെ വർദ്ധനവ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നിലവിലെ രോഗവ്യാപനത്തിന്റെ തോത് അനുസരിച്ചാണെങ്കിൽ ഇംഗ്ലണ്ട് 40 -ൽ ഒരാൾക്ക് രോഗബാധ ഉണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഹാഡഴ്‌സ് ഫീല്‍ഡില്‍ മലയാളി വിദ്യാര്‍ത്ഥിയെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ആശങ്കകളൊഴിയാതെ മലയാളി സമൂഹം . ഒത്തിരി മോഹങ്ങളുമായിട്ട് വെറും ആറു മാസത്തിനു മുൻപ് ഉപരി പഠനത്തിനായി കേരളത്തിൽനിന്നും യുകെയിലെത്തിയ ഹാഡഴ്സ് ഫീൽഡ് യൂണിവേഴ്സിറ്റിയിലെ മലയാളി വിദ്യാർത്ഥി ഇന്നലെ ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞു.

ഉപരി പഠനത്തിനായി അടുത്തകാലത്തായിട്ട് വൻതോതിൽ കേരളത്തിൽനിന്ന് യുകെയിലേയ്ക്ക് മലയാളികൾ കുടിയേറുന്ന സാഹചര്യത്തിൽ ഈ സംഭവം യുകെയിലെ മലയാളി സമൂഹത്തെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. വിദ്യാർത്ഥിയുടെ പേരോ മറ്റു വിവരങ്ങളോ പുറത്തുവിടാനായിട്ട് നിയമപരമായ തടസ്സങ്ങൾ ഉള്ളതിനാൽ ഞങ്ങൾ പുറത്തു വിടുന്നില്ല. മരണമടഞ്ഞ വിദ്യാർത്ഥിയുടെ സഹോദരിയും യുകെയിൽ ഉപരിപഠനാർത്ഥം ഉണ്ടെന്നാണ് ലഭ്യമായ വിവരം. എന്നാൽ സഹോദരി രോഗബാധിതനായ പിതാവിനെ സന്ദർശിക്കാനായിട്ട് നാട്ടിലേയ്ക്കുള്ള യാത്രയിലാണ്.

യോർക്ക്‌ ഷെയറിലുള്ള ഹാഡഴ്സ് ഫീൽഡിൽ ഉപരി പഠനത്തിനായിട്ട് നിരവധി മലയാളികളാണ് എത്തിയിരിക്കുന്നത് . മലയാളി വിദ്യാർഥികൾക്ക് വേണ്ടുന്ന സൗകര്യങ്ങളും മറ്റും ഒരുക്കുന്നതിനായിട്ട് പ്രാദേശികരായ മലയാളികൾ വളരെയധികം ശ്രദ്ധ ചെലുത്താറുണ്ടായിരുന്നു. ഹാഡഴ്സ് ഫീൽഡ് യൂണിവേഴ്സിറ്റി വിദ്യാർത്ഥികളായിട്ട് എത്തിയിരിക്കുന്ന മലയാളികൾ അസോസിയേഷനുകളിലും ദേവാലയങ്ങളിലും വളരെ സജീവമായ ഇടപെടലുകളാണ് നടത്തുന്നത്. താമസ സൗകര്യത്തിനും മറ്റ് ആവശ്യങ്ങൾക്കും പ്രാദേശികരായ മലയാളികൾ എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കാറുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം നടന്ന അതിദാരുണമായ സംഭവം പ്രാദേശികരായ മലയാളി സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്. വലിയൊരു ലോണെടുത്ത് വന്നതിന്റെ സാമ്പത്തിക ബാധ്യതകൾ പല മലയാളി വിദ്യാർഥികളെയും അലട്ടുന്നുണ്ടെന്നാണ് സൂചന.

മരണമടഞ്ഞ മലയാളി വിദ്യാർത്ഥിയുടെ പിതാവ് നാട്ടിൽ രോഗബാധിതനായതും പഠനം സംബന്ധമായ സമ്മർദങ്ങൾ മൂലവും അടുത്തകാലത്തായിട്ട് പലതരത്തിലുള്ള മാനസിക സമ്മർദ്ദങ്ങൾ അനുഭവിച്ചതായിട്ടാണ് അറിയുന്നത്.

മലയാളി വിദ്യാർത്ഥിയുടെ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : അനാഥനായ പതിനഞ്ചുകാരന്റെ അവയവങ്ങൾ എടുക്കുന്നതിനായി അവനെ യുകെയിലേക്ക് കടത്തിയ നൈജീരിയൻ സെനറ്ററും ഭാര്യയും പോലീസ് പിടിയിൽ. ഇരുവരെയും ഇന്നലെ കോടതിയിൽ ഹാജരാക്കി. 19 വർഷമായി പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രവർത്തകനായിരുന്ന ഇകെ എക്വെറെമാഡു, ഭാര്യ ബിയാട്രിസ് ന്വന്നേക്ക എക്വെറെമാഡു എന്നിവരാണ് പ്രതികൾ. രാജ്യത്തെ സെനറ്റിന്റെ ഡെപ്യൂട്ടി പ്രസിഡന്റുമായിരുന്നു എക്വെറെമാഡു. നോർത്ത് ലണ്ടനിലെ വില്ലെസ് ഡനിൽ ദമ്പതികൾക്ക് സ്വന്തമായി വീടുണ്ട്. വൃക്ക തകരാറിലായ മകൾക്ക് അവയവമാറ്റം നടത്തുന്നതിന് വേണ്ടിയാണ് പതിനഞ്ചുകാരനെ ലാഗോസിൽ നിന്ന് യുകെയിൽ എത്തിച്ചതെന്ന് പറയുന്നു.

തുർക്കിയിലേക്ക് വിമാനം കയറാൻ ശ്രമിച്ച ദമ്പതികളെ രണ്ട് ദിവസം മുമ്പ് ഹീത്രൂ വിമാനത്താവളത്തിൽ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ സമയത്ത് 60 കാരനായ എക്വെറെമാഡുവിന്റെ കൈവശം 20,000 പൗണ്ട് ഉണ്ടായിരുന്നുവെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു. കുട്ടി ഇപ്പോൾ സുരക്ഷാ അധികൃതരുടെയും മെട്രോപൊളിറ്റൻ പോലീസിന്റെയും സംരക്ഷണയിലാണ്. അവയവങ്ങൾ എടുക്കുന്നതിനായി നടത്തിയ മനുഷ്യക്കടത്താണിതെന്നും ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പ്രോസിക്യൂട്ടർ ദാംല അയാസ് പറഞ്ഞു.

എന്നാൽ, മനുഷ്യക്കടത്ത് സംബന്ധിച്ച ആരോപണങ്ങൾ എക്വെറെമാഡു നിഷേധിച്ചു. അടുത്ത മാസം വാദം കേൾക്കുന്നതിന് മുന്നോടിയായി രണ്ട് പ്രതികളെയും കസ്റ്റഡിയിൽ വിട്ടു. മെറ്റിന്റെ സ്പെഷ്യലിസ്റ്റ് ക്രൈം ടീമാണ് അന്വേഷണം നടത്തിയത്. പത്ത് ദിവസം മുമ്പ് ലിങ്കണിൽ ബ്രിട്ടനിലെ നൈജീരിയൻ കമ്മ്യൂണിറ്റി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ എക്വെറെമാഡു കഴിഞ്ഞ രണ്ടാഴ്ചയോളമായി യുകെയിലുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ഭാര്യ മരിച്ചതിനു ശേഷം മുൻപ് തയ്യാറാക്കിയ ഭ്രൂണം വാടക ഗർഭപാത്രത്തിൽ ഉപയോഗിക്കുവാൻ കോടതി അനുമതി നൽകിയിരിക്കുകയാണ്. ടെഡ് ജെന്നിങ്സ് എന്ന മുപ്പത്തെട്ടുകാരനാണ് ഈ ആവശ്യം സംബന്ധിച്ച് കോടതിയിൽ എത്തിയത്. 2019 ൽ ഇരട്ട കുട്ടികളെ ഗർഭം ധരിച്ചിരുന്ന അവസ്ഥയിൽ മരണപ്പെട്ടതാണ് ടെഡിന്റെ ഭാര്യ നാല്പതുകാരിയായിരുന്ന ഫെൺ മേരി ചോയ. തന്റെ ഭാര്യയുടെ എല്ലാവിധ സമ്മതത്തോടെയുമാണ് ഈ ഭ്രൂണം തയാറാക്കിയതെന്ന് ടെഡ് കോടതിയിൽ പറഞ്ഞു. അതിനാൽ തന്നെ ചോയയുടെ ലിഖിതമായ അനുമതി ആവശ്യമില്ലെന്ന് കോടതി വിലയിരുത്തി. മുൻപ് ഹ്യൂമൻ ഫേർട്ടിലൈസേഷൻ ആൻഡ് എംബ്ര്യയോളജി അതോറിറ്റി ടെഡിന്റെ ആവശ്യം തള്ളിക്കളഞ്ഞിരുന്നു. ടെഡിന്റെ ഭാര്യയുടെ മരണം അപ്രതീക്ഷിതമായിരുന്നുവെന്നും, അതിനാൽ തന്നെ അനുവാദം നൽകാനുള്ള സമയം ഉണ്ടായില്ലെന്നും കോടതി വിലയിരുത്തി.

 

ഭാര്യയ്ക്ക് തന്റെ ആവശ്യത്തിൽ യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നില്ലെന്നുള്ള ടെഡിന്റെ വാദമാണ് കോടതി മുഖ വിലയ് ക്കെടുത്തത്. ട്രിനിഡാഡിൽ നിന്നും യു കെ യിലെത്തിയ ദമ്പതികൾക്ക് മുൻപ് രണ്ടു തവണ ഗർഭധാരണം സംഭവിച്ചെങ്കിലും, അത് അലസി പോവുകയായിരുന്നു. പിന്നീട് ഉണ്ടായ ഗർഭധാരണത്തിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും അത് തുടരുവാൻ ദമ്പതികൾ തീരുമാനിക്കുകയായിരുന്നു. ഇരട്ടക്കുട്ടികൾ ആണെന്ന് അറിഞ്ഞതിനുശേഷവും തന്റെ ഭാര്യ ഗർഭധാരണം തുടരുവാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ടെഡ് കോടതിയിൽ വെളിപ്പെടുത്തി. ടെഡിന്റെ ആഗ്രഹം നിരാകരിക്കുന്നത് ന്യായമല്ല എന്നാണ് കോടതി വിലയിരുത്തിയത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

റെയിൽ സമരം ഇംഗ്ലണ്ടിലും വെയിൽസിലും സ്കോട്ട്‌ലൻഡിലും വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത് . ഇതിനിടെ സമരം മൂലം ബുദ്ധിമുട്ടുന്ന ജനങ്ങളെ ടാക്സി കമ്പനികൾ കൊള്ളയടിക്കുകയാണെന്ന പരാതി ഉയർന്നു. വെറും 4 മിനിറ്റ് യാത്രയ്ക്ക് 64 പൗണ്ട് ഊബർ ഈടാക്കിയതായി ഒരു യാത്രക്കാരൻ ട്വീറ്റ് ചെയ്തു.

റെയിൽ പണിമുടക്ക് കാരണം ഡിമാൻഡ് വർധിച്ച സാഹചര്യത്തിലാണ് ഊബർ ചാർജ് വർധിപ്പിച്ചത് . ജോലിക്കും സ്കൂളിലേയ്ക്കും മറ്റും പോകാൻ റെയിൽ സമരം മൂലം കഷ്ടപ്പെടുന്ന സമയത്തുള്ള കൊള്ളലാഭമെടുക്കലിനെ കുറിച്ച് വൻ രോഷത്തോടെയാണ് ജനങ്ങൾ പ്രതികരിച്ചത്.

ഊബർ പോലുള്ള കമ്പനികൾ ജനങ്ങളെ കൊള്ളയടിക്കുന്നതിനെതിരെ ശക്തമായ നടപടികൾ എടുക്കണമെന്ന് പലരും സമൂഹമാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടു. സിംഗ്ടണിൽ നിന്നും ലണ്ടനിലെ കിംഗ്സ് ക്രോസിലേയ്ക്കുള്ള മൂന്ന് മൈൽ യാത്രയ്ക്ക് 27 പൗണ്ട് ഈടാക്കിയതായി ഒരു ഉപഭോക്താവ് പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ഹീത്രൂ എയർപോർട്ടിലെ നൂറുകണക്കിന് ബ്രിട്ടീഷ് എയർവേയ്‌സ് ജീവനക്കാർ പണിമുടക്കിലേക്ക്. ചെക്ക്-ഇനിലുള്ള യുണൈറ്റ്, ജിഎംബി യൂണിയൻ അംഗങ്ങളാണ് പണിമുടക്കിനെ അനുകൂലിച്ച് ഇന്ന് വോട്ട് ചെയ്തത്. ഇപ്പോൾ തന്നെ പ്രതിസന്ധിയിലായ ബ്രിട്ടീഷ് വ്യോമയാനമേഖലയെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുന്നതാണ് ഈ നീക്കം. 700 ജീവനക്കാരാണ് വേനലവധിക്കാലത്ത് പണിമുടക്കാൻ ഒരുങ്ങുന്നത്. കോവിഡ് കാലത്ത് ഏർപ്പെടുത്തിയ പത്തു ശതമാനം ശമ്പള വെട്ടിക്കുറവ് പുനഃസ്ഥാപിക്കാത്തതിനെ തുടർന്നാണ് ഈ നടപടിയെന്ന് യൂണിയനുകൾ പറഞ്ഞു.

യുണൈറ്റിലെ 500 അംഗങ്ങൾ സമരത്തിനനുകൂലമായി 94.7% വോട്ട് രേഖപ്പെടുത്തി. അതേസമയം, 95% ജിഎംബി അംഗങ്ങൾ സമരത്തെ അനുകൂലിച്ചു. സമര തീയതികൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും. സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെങ്കിൽ ഹീത്രൂവിലെ മൂന്ന്, അഞ്ച് ടെർമിനലുകൾ കൂടുതൽ പ്രതിസന്ധിയിലാകും. മറ്റ് ബ്രിട്ടീഷ് എയർവേയ്‌സ് ജീവനക്കാർക്ക് 10% ബോണസ് നൽകിയിട്ടുണ്ടെങ്കിലും ചെക്ക്-ഇൻ സ്റ്റാഫിന് യാതൊരു നേട്ടവുമില്ലെന്ന് ജിഎംബി അറിയിച്ചു.

ഒരു പരിഹാരം കാണുന്നതിന് യൂണിയനുകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് എയർലൈൻ വ്യക്തമാക്കി. ജീവനക്കാരുടെ വേതനം ‘പ്രീ-പാൻഡെമിക്’ ഘട്ടത്തിലേക്ക് ഉയർത്തണമെന്നാണ് വ്യാപകമായ ആവശ്യം. യുകെയിലുടനീളമുള്ള നൂറുകണക്കിന് വിമാനങ്ങൾ പ്ലാറ്റിനം ജൂബിലി ആഴ്‌ചയിലും സ്‌കൂൾ അർദ്ധകാല അവധി ദിനങ്ങളിലും റദ്ദാക്കിയിരുന്നു. ജീവനക്കാരുടെ ക്ഷാമവും യാത്രക്കാരുടെ ബാഹുല്യവും മേഖലയ്ക്ക് വലിയ വെല്ലുവിളി ഉയർത്തുകയാണ്. ലഗേജുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം മുപ്പത്തിലേറെ വിമാനങ്ങൾ കഴിഞ്ഞാഴ്ച റദ്ദാക്കിയിരുന്നു.

RECENT POSTS
Copyright © . All rights reserved