Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടനിൽ നിന്ന് ശേഖരിച്ച മലിനജല സാമ്പിളിൽ പോളിയോ രോഗത്തിന് കാരണമാകുന്ന വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു. യുകെയിൽ കുട്ടികൾക്ക് പോളിയോയ്ക്ക് എതിരെ വാക്സിനേഷൻ നൽകാറുണ്ട്. എന്നാൽ ലണ്ടനിൽ പോളിയോയ്ക്ക് എതിരെ വാക്സിൻ എടുക്കുന്നവരുടെ എണ്ണം മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് കുറവാണെന്നത് കടുത്ത ആശങ്കയാണ് ഉളവാക്കിയിരിക്കുന്നത്. ലണ്ടനിൽ 86% ആൾക്കാരേ മൂന്ന് ഡോസ് പോളിയോ വാക്സിൻ എടുത്തിട്ടുള്ളൂ എന്നാൽ രാജ്യത്തെ മറ്റ് സ്ഥലങ്ങളിൽ ഇത് 92 ശതമാനമാണ്.

1950 -കളിൽ യുകെയിൽ പോളിയോ രോഗം സർവ്വസാധാരണമായിരുന്നു. പക്ഷെ 2003 – ഓടെ പോളിയോ വൈറസിനെ പൂർണ്ണമായി തുടച്ചു നീക്കുന്നതിൽ രാജ്യം വിജയം കണ്ടിരുന്നു. അടുത്തിടെ വിദേശത്തുനിന്നും വന്ന ആരിലൂടെയോ എത്തിപ്പെട്ടതാകാം പോളിയോ വൈറസ് എന്നാണ് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ അനുമാനം.

നിലവിൽ അപകടസാധ്യത കുറവാണെങ്കിലും മാതാപിതാക്കൾ തങ്ങളുടെ കുട്ടികൾക്ക് രോഗത്തിനെതിരെ പ്രതിരോധ കുത്തിവെപ്പ് നൽകിയിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടു. യുകെയിലെ ഭൂരിഭാഗം പേർക്കും കുട്ടിക്കാലത്തുതന്നെ പോളിയോ വാക്സിൻ നൽകപ്പെട്ടിട്ടുണ്ട്. പക്ഷേ ചില പ്രത്യേക വിഭാഗത്തിൽ പെട്ടവർ വാക്സിൻ എടുക്കാത്തത് അക്കൂട്ടരിൽ അപകടസാധ്യത ഉയർത്തുന്നതായി യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയിലെ കൺസൾട്ടന്റ് എപ്പിഡെമിയോളജിസ്റ്റ് ഡോ. വനേസ സലിബ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- അമിതവേഗത്തിൽ വാഹനമോടിക്കുന്നവരുടെ പേടിസ്വപ്നമാണ് നിരീക്ഷണ ക്യാമറകൾ എന്നാൽ യാത്രക്കാരുടെ എല്ലാവരുടെയും സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ ഇത്തരം ക്യാമറകൾ വഹിക്കുന്ന പങ്ക് വലുതാണ്. യുകെയിൽ ഏറ്റവും കൂടുതലുള്ള ഡ്രൈവിംഗ് കുറ്റകൃത്യം അമിതവേഗമാണ്. എന്നാൽ ഇത്തരം അമിതവേഗം അപകടങ്ങൾ ക്ഷണിക്കുമെന്നതിനാലാണ് സ്പീഡ് ക്യാമറകൾ എല്ലാ സ്ഥലങ്ങളിലും പ്രവർത്തിപ്പിക്കുന്നത്. നിലവിലെ ടെക്നോളജിയുടെ വളർച്ച മൂലം ഒരു കിലോമീറ്റർ മുൻപ് വരെയുള്ള വാഹനത്തിന്റെയും ഡ്രൈവർമാരുടെയും ചിത്രങ്ങൾ ഇപ്പോഴത്തെ ക്യാമറകൾക്ക് ലഭിക്കും. മിക്ക ക്യാമറകളും റോഡിലെ അടയാളങ്ങൾ ഉപയോഗിച്ച് , വാഹനം നിശ്ചിത സമയത്തിനുള്ളിൽ എത്ര ദൂരം സഞ്ചരിച്ചു എന്നത് ആശ്രയിച്ചാണ് സ്പീഡ് കണക്കാക്കുന്നത്. കാർ ലീസ് സ്പെഷ്യൽ ഓഫറസ് നടത്തിയ അന്വേഷണങ്ങൾ പ്രകാരം ഏറ്റവും കൂടുതൽ ആക്ടീവായ ക്യാമറകൾ വെസ്റ്റ് യോർക്ഷെയറിലാണ് എന്നാണ് കണ്ടെത്തിയിരിക്കുന്നത്.

വിവരാവകാശ നിയമപ്രകാരം പോലീസ് അധികൃതർക്ക് നൽകിയ അപേക്ഷയിലാണ് ജനുവരി 2019 മുതൽ വെസ്റ്റ് യോർക്ഷെയറിൽ മാത്രം 1,005,830 ആക്ടിവേഷനുകളാണ് നടന്നതെന്ന് വെളിപ്പെട്ടിരിക്കുന്നത്. ഒരു ദിവസം ശരാശരി 848 ഫ്ലാഷുകൾ ഉണ്ടാകുന്നുണ്ട് എന്ന രീതിയിലാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. മെട്രോപോളിറ്റൻ, സസ്സെക്സ്, വെസ്റ്റ് മിഡ്ലാൻഡ്സ്, കെന്റ്, സറെ, എന്നിവിടങ്ങളാണ് ലിസ്റ്റിൽ തൊട്ടുപുറകിൽ ഉള്ളത്. ദീർഘദൂര യാത്രകൾക്ക് പോകുന്നവർ ഇത്തരം ക്യാമറകൾ ശ്രദ്ധിച്ച് സ്പീഡ് ലിമിറ്റ് കുറയ്ക്കണമെന്നും സർവ്വേ ആവശ്യപ്പെടുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- സ്പെയിനിലെ മല്ലോർക്കയിലുള്ള ഹോട്ടലിലെ സ്വിമ്മിങ് പൂളിൽ മുങ്ങിത്താണ പെൺകുട്ടിയെ രക്ഷപ്പെടുത്തിയെങ്കിലും, രണ്ടു ദിവസത്തിന് ശേഷം ആശുപത്രിയിൽ വച്ച് മരണപ്പെട്ടു. മല്ലോർക്കൻ തലസ്ഥാനമായ പാൽമയിലെ സൺ എസ്പാസസ് ആശുപത്രിയിൽ വച്ച് ബുധനാഴ്ചയോടു കൂടിയാണ് മരണം സംഭവിച്ചത്. ഫോർ സ്റ്റാർ ഹോട്ടലായ എച്ച് വൈ ബി യൂറോക്ലാസ് ഹോട്ടലിൽ വെച്ച് നടന്ന സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയോടു കൂടിയാണ് പെൺകുട്ടിയെ മുങ്ങിത്താണ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാനായി പോലീസ് വഴികൾ ക്ലിയർ ചെയ്തെങ്കിലും, രണ്ടുദിവസത്തിനുശേഷം പെൺകുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. വെള്ളത്തിൽ നിന്ന് പുറത്തെടുത്ത ശേഷം, പെൺകുട്ടിക്ക് ലൈഫ് ഗാർഡുകൾ സിപിആർ ഉടൻ തന്നെ നൽകി. പിന്നീട് സ്ഥലത്തെത്തിയ പാരാമെഡിക്കൽ ടീം പെൺകുട്ടിയെ ആംബുലൻസിൽ ആശുപത്രിയിലെത്തിക്കാൻ നേതൃത്വം നൽകി.

സമാനമായ സംഭവങ്ങൾ നടന്നിട്ടുള്ളതായി നിരവധി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്. ജൂൺ അഞ്ചിന് നോർത്ത് ബെൽഫാസ്റ്റിൽ നിന്നുള്ള ആറു വയസ്സുകാരൻ കോറെ ഓഗ്യ മല്ലോർക്കയിലെ റിസോർട്ടിൽ വച്ച് സ്വിമ്മിംഗ് പൂളിൽ വീണ് മരണപ്പെട്ടിരുന്നു. കഴിഞ്ഞമാസം മറ്റൊരു ബ്രിട്ടീഷ് കുട്ടിയും കോസ്റ്റ ബ്ലാങ്കയിൽ വെച്ച് ഇത്തരത്തിൽ മരണപ്പെട്ടിരുന്നു. നിലവിലെ സംഭവത്തിൽ പോലീസ് അന്വേഷണം ശക്തമായി തന്നെ നടക്കുന്നുണ്ട്. മരണപ്പെട്ട പെൺകുട്ടിയുടെ കുടുംബാംഗങ്ങളോടുള്ള ദുഃഖം അധികൃതർ അറിയിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

വെസ്റ്റ് യോർക്ക്ഷെയർ : വെയ് ക് ഫീൽഡ് , ഹോണിറ്റൺ മണ്ഡലങ്ങളിലെ മലയാളികൾ ഉൾപ്പെടുന്ന വോട്ടർമാർ നാളെ ബ്രിട്ടീഷ് പാർലമെന്റിലേക്കുള്ള തങ്ങളുടെ എംപിയെ തിരഞ്ഞെടുക്കുന്നതിനായി സമ്മതിദാനവകാശം രേഖപ്പെടുത്തും. വെയ് ക് ഫീൽഡ് പരമ്പരാഗതമായി ലേബറിന്റെ കോട്ടയായിരുന്നു. എന്നാൽ കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ, ബ്രിട്ടീഷ് ചരിത്രത്തിൽ ഇന്നേ വരെ കാണാത്ത തരത്തിലുള്ള സാമുദായിക ദ്രുവീകരണം നടത്തിയാണ് മലയാളികളുമായി അടുത്ത ബന്ധമുണ്ടായിരുന്ന മേരി ക്രെയ്ഗിനെ പരാജയപ്പെടുത്തി കൺസർവേറ്റീവ് വെയ് ക് ഫീൽഡ് പിടിച്ചെടുത്തത്. മലയാളികൾ ഉൾപ്പെടുന്ന ലേബർ പാർട്ടി അനുഭാവികൾ വെയ് ക് ഫീൽഡ് തിരിച്ചുപിടിക്കാനുള്ള കഠിന പ്രയത്നത്തിലാണ്. വെയ് ക് ഫീൽഡിലെ മുൻ കൺസർവേറ്റീവ് എംപി ഇമ്രാൻ അഹമ്മദ് ഖാൻ 2008-ൽ 15 വയസ്സുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് ഇപ്പോൾ ജയിലിൽ കഴിയുകയാണ്. കോമൺസ് ചേമ്പറിൽ ഇരുന്ന് രണ്ടുതവണ തന്റെ ഫോണിൽ അശ്ലീലദൃശ്യം കണ്ടതായി സമ്മതിച്ച് ടോറി എംപി നീൽ പാരിഷ് രാജിവച്ചതോടെയാണ് ഹോണിറ്റണിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

വെസ്റ്റ് യോർക്ക്ഷെയറിലെ വെയ് ക് ഫീൽഡ് 1932 മുതൽ ലേബർ സീറ്റായിരുന്നു. 2019 ലെ പൊതുതെരഞ്ഞെടുപ്പിലാണ് ഈ സീറ്റ് നഷ്ടമായത്. 2019ൽ 3,358 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ടോറികൾ വിജയിച്ചത്. എന്നാൽ ഇത്തവണ മണ്ഡലം പഴയ പ്രതാപത്തിലേക്ക് തിരിച്ചു പിടിക്കാമെന്ന ശുഭപ്രതീക്ഷയിലാണ് ലേബർ പാർട്ടി. രണ്ട് മണ്ഡലങ്ങളിലും കൺസർവേറ്റീവുകൾ പരാജയപ്പെട്ടാൽ അത് ബോറിസ് ജോൺസന് മേൽ കനത്ത സമ്മർദ്ദമുണ്ടാക്കുമെന്നത് മറ്റൊരു വസ്തുത.

 

അടുത്തിടെ വെയ് ക് ഫീൽഡിൽ നടന്ന സർവേഷൻ പോളിലും ജെഎൽ പാർട്ണർസ് പോളിലും ലേബർ പാർട്ടി മണ്ഡലം തിരിച്ചുപിടിക്കുമെന്ന് പറയുന്നു. വെയ് ക് ഫീൽഡിൽ സൈമൺ ലൈറ്റ് വുഡ് ആണ് ലേബർ പാർട്ടി സ്ഥാനാർത്ഥി. നദീം അഹമ്മദ് ആണ് കൺസർവേറ്റീവ് സ്ഥാനാർത്ഥി . ഹോണിറ്റണിൽ ലിസ് പോൾ ആണ് ലേബർ പാർട്ടി സ്ഥാനാർത്ഥി . കൺസർവേറ്റീവിന്റെ ഹെലൻ ഹർഫോർഡും മത്സരരംഗത്തുണ്ട്. ജൂൺ 24 ന് അതിരാവിലെ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവരും.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

മാഞ്ചസ്റ്റർ : സെക്കന്ററി സ്കൂൾ വിദ്യാർഥികൾക്ക് ആലിംഗനം ചെയ്യാനും, ഷെയ്ക്ക് ഹാൻഡ് നൽകാനും ഹൈ ഫൈവിങ് നൽകാനും നിരോധനമെർപ്പെടുത്തി സ്കൂൾ അധികൃതർ. ഗ്രേറ്റർ മാഞ്ചസ്റ്ററിലെ മോസ്സെലി ഹോളിലിൻസ് ഹൈസ്കൂളിലാണ് സംഭവം. ഇതേത്തുടർന്ന് രക്ഷിതാക്കൾ സ്ഥലത്തെത്തിയതോടെ സംഭവം വിവാദമായി. മറ്റൊരു വിദ്യാർഥിയെ യാതൊരു കാരണവശാലും തൊടരുത് എന്നാണ് സ്കൂൾ ന്യൂസ് ലെറ്ററിലൂടെ പ്രിൻസിപ്പൽ ആൻഡ്രിയ ദിൻ അറിയിച്ചത്. ഇതിനു പിന്നാലെ വിദ്യാർഥികളിൽ പലരും പ്രതിഷേധവുമായി രംഗത്തെത്തി. ചിലർ സമൂഹ മാധ്യമങ്ങളിൽ തങ്ങളുടെ എതിർപ്പ് പ്രകടിപ്പിച്ചു. അടുത്തിരിക്കുന്ന സുഹൃത്തിന് വേദനിച്ചാൽ, അവരെ ചേർത്തുപിടിക്കാൻ അധ്യാപകരുടെ അനുവാദം ചോദിക്കേണ്ടി വരുന്നത് ന്യായമല്ല എന്നായിരുന്നു ഒരു വിദ്യാർത്ഥി കുറിച്ചത്.

854 വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിൽ ഇത്തരമൊരു തീരുമാനം എടുത്തത് പൊതു സമൂഹത്തെയും ചൊടിപ്പിച്ചു. ഇത്തരമൊരു തീരുമാനത്തിലൂടെ വിദ്യാർഥികളെ യന്ത്രമനുഷ്യന്മാരാക്കുകയാണെന്ന് മാതാപിതാക്കൾ പറഞ്ഞു. എന്നാൽ ഈ തീരുമാനം വിദ്യാർത്ഥികളെ പരസ്പരം ബഹുമാനമുള്ള നല്ല പൗരന്മാരാക്കുമെന്നും സ്കൂൾ സംസ്കാരം മെച്ചപ്പടുമെന്നും സ്കൂൾ അധികൃതർ വാദിച്ചു.

 

പൂർവവിദ്യാർത്ഥികളും തങ്ങളുടെ കാഴ്ചപ്പാടുകളുമായി രംഗത്തെത്തി. ഈ വിവാദ നീക്കത്തെ ആരും പിന്തുണക്കില്ലെന്ന് സമൂഹ മാധ്യമ പോസ്റ്റുകളിൽ നിന്ന് വ്യക്തമാകുന്നു. ഇത് വിദ്യാർത്ഥികൾക്ക് കൂടുതൽ സമ്മർദ്ദം നൽകും, ഇതവരെ ജീവിതത്തിൽ നിന്നും ഓടിയൊളിക്കുന്നവരാക്കും എന്നുള്ള അഭിപ്രായങ്ങളും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു. സ്കൂൾ അധികൃതർക്ക് നേരെ ശക്തമായ പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ നടക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- രാജ്യത്തെമ്പാടും നടന്ന ഫാമിലി ഡോക്ടർമാരുടെ സർവ്വേയിൽ, അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 19000 ത്തോളം ജനറൽ പ്രാക്ടീഷണറുമാർ ഇല്ലാതാകുമെന്ന് വ്യക്തമായിരിക്കുകയാണ്. സർവ്വേ നടത്തിയതിൽ 42 ശതമാനം പേർ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ സേവനം അവസാനിപ്പിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മറ്റു 10% പേർ അടുത്തവർഷം തന്നെയും, 19 ശതമാനം പേർ അടുത്ത രണ്ടു വർഷത്തിനുള്ളിലും ജോലി അവസാനിപ്പിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ പ്രതിസന്ധി ജനങ്ങളെ കാര്യമായി ബാധിക്കുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സമയകൂടുതൽ , ജോലിഭാരം, അമിത സ്ട്രസ്സ്, ജോലിയിലുള്ള സന്തോഷമില്ലായ്മ എന്നിവയെല്ലാം തന്നെയാണ് വിട്ടുപോകാനുള്ള കാരണങ്ങളായി 60 ശതമാനത്തോളം പേർ വ്യക്തമാക്കിയത്. എൻ എച്ച് എസിലും നിരവധി പേർ മുൻകൂട്ടി റിട്ടയർമെന്റ് എടുത്തതോടെ അവിടെയും ജനറൽ പ്രാക്ടീഷണറുമാരുടെ കുറവ് അനുഭവപ്പെടുന്നുണ്ട്. ട്രെയിനി ഡോക്ടർമാരുടെ എണ്ണം ഈ കുറവിനെ നികത്തുവാൻ തികയുന്നില്ല എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അതിനാൽ തന്നെ രോഗികൾക്ക് നീണ്ട മണിക്കൂറുകളുടെ കാത്തിരിപ്പിനുശേഷം മാത്രമാണ് ഒരു ജനറൽ പ്രാക്ടീഷണറെ നിലവിലെ സാഹചര്യത്തിൽ കാണുവാൻ സാധിക്കുക.

അമിത ജോലിഭാരം ആണ് ഭൂരിഭാഗം ഡോക്ടർമാരും പരാതിയായി പറയുന്നത്. രോഗികളെ ശരിയായ രീതിയിൽ പരിശോധിക്കാനുള്ള സമയം പോലും ലഭിക്കുന്നില്ല എന്ന് 68 ശതമാനം പേർ വ്യക്തമാക്കി. നിലവിൽ ബ്രിട്ടണിലെ സാഹചര്യം മോശമാണെന്നും രോഗികൾക്ക് രോഗനിർണ്ണയം പോലും നടത്തുവാൻ സാധിക്കുന്നില്ലെന്നും ഷാഡോ ഹെൽത്ത് സെക്രട്ടറി കുറ്റപ്പെടുത്തി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- നോർത്ത് ലണ്ടനിലെ ബാർനെറ്റിൽ സ്ത്രീയെയും അഞ്ചു വയസ്സുള്ള കുട്ടിയെയും കുത്തി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയതായി പോലീസ് അധികൃതർ വെളിപ്പെടുത്തിയിരിക്കുകയാണ്. ചൊവ്വാഴ്ച ഉച്ചക്ക് ഏകദേശം ഒന്നരയോടെയാണ് ബാർനെറ്റിലെ ബ്രൂക്ക്സൈഡ് സൗത്തിലേക്ക് പോലീസ് അധികൃതരെ വിളിച്ചത് എന്ന് അവർ വ്യക്തമാക്കി . മരണപ്പെട്ടത് അമ്മയും മകനും ആണ് എന്നതാണ് നിലവിലെ നിഗമനം. സംഭവസ്ഥലത്ത് വെച്ച് തന്നെ ഇരുവരും മരിച്ചതായി പോലീസ് അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന മുപ്പത്തിയേഴുകാരനായ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മരണപ്പെട്ട സ്ത്രീയെയും കുട്ടിയേയും പരിചയമുള്ള ആളാണ് ഇയാളെന്നും, മറ്റാർക്കും തന്നെ പങ്കുണ്ടെന്ന നിലവിലെ സാഹചര്യത്തിൽ വ്യക്തമാക്കാൻ ആവില്ലെന്നും അധികൃതർ പറഞ്ഞു.

മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളോടുള്ള ദുഃഖം അറിയിക്കുന്നതായി ചീഫ് സൂപ്രണ്ട് സാറ ലീച്ച് പറഞ്ഞു. അന്വേഷണം സുഗമമായി തന്നെ മുന്നോട്ടു പോവുകയാണെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി. സംഭവത്തെ സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻതന്നെ അധികൃതരെ അറിയിക്കണം എന്നുള്ള നിർദേശവും നൽകി കഴിഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏറ്റവും ഒടുവിലത്തെ തീരുമാനം അനുസരിച്ച്, ഓവര്‍സീസ് സിറ്റിസന്‍സ് ഓഫ് ഇന്ത്യ (ഒ സി ഐ) കാര്‍ഡ് ഉടമകൾക്ക് കൃഷിഭൂമി, ഫാം ഹൗസ്, തോട്ടങ്ങള്‍ എന്നിവ ഒഴികെയുള്ള ഭൂമി വാങ്ങുവാനും വില്‍ക്കുവാനും ആർബിഐയുടെ പ്രത്യേക അനുമതി വേണ്ട. എന്നാൽ ഇത് സംബന്ധിച്ച് ഇപ്പോഴും സംശയം നിലനിൽക്കുന്നുണ്ട്. കാരണം ഒരു സുപ്രീം കോടതി വിധിയാണ്. വിദേശ പൗരത്വം എടുത്തിട്ടുള്ള ഇന്ത്യക്കാർക്ക് നാട്ടിൽ ഉള്ള സ്വത്തുക്കൾ വിൽക്കാനും പണയപ്പെടുത്താനുമൊക്കെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രത്യേക അനുമതി ആവശ്യമായി വരുമെന്ന് കഴിഞ്ഞ വർഷം സുപ്രീം കോടതി വിധിച്ചിരുന്നു. എന്നാൽ ഇത് 2021 മാർച്ച്‌ മാസം ആയിരുന്നു. അതും ഒരു പ്രത്യേക കേസിൽ. 2021 ഡിസംബർ അവസാനമാണ് എന്‍ആര്‍ഐകള്‍ക്കും ഒസിഐ കാര്‍ഡ് ഉള്ളവര്‍ക്കും നാട്ടിലെ ഭൂമി കൈമാറ്റം ചെയ്യാൻ പ്രത്യേക അനുമതി ആവശ്യമില്ലെന്ന് ആര്‍ബിഐ വ്യക്തമാക്കിയത്.

സുപ്രീം കോടതി വിധി – 2021 മാർച്ച്‌

ഫോറിൻ എക്സ്ചേഞ്ച് റെഗുലേഷൻ ആക്ട് (ഫെറ) 1973 ലെ സെക്ഷൻ 31 ഉയർത്തിപ്പിടിച്ചാണ് ജസ്റ്റിസ് എ എം ഖാൻവില്ലർ അധ്യക്ഷനായ സുപ്രീം കോടതി ബഞ്ച് ഈ വിധി പുറപ്പെടുവിച്ചത്. ഇതനുസരിച്ച്, ഇന്ത്യൻ പൗരനല്ലാത്ത ഒരാൾക്ക് ഇന്ത്യയിലെ സ്വത്തുക്കൾ വിൽക്കുവാനോ പണയപ്പെടുത്തുവാനോ റിസർവ് ബാങ്കിന്റെ പ്രത്യേകാനുമതി ആവശ്യമാണെന്നായിരുന്നു. ബംഗളൂരൂവിലെ ഒരു സ്വത്തു കൈമാറ്റവുമായി ബന്ധപ്പെട്ട കേസിലാണ് ഈ സുപ്രധാന വിധി വന്നത്. 1977-ൽ ചാൾസ് റൈറ്റ് എന്ന വിദേശിയുടെ വിധവ റിസർവ് ബാങ്ക് അനുമതി വാങ്ങാതെ സ്വത്ത് വിറ്റതുമായി ബന്ധപ്പെട്ട കേസായിരുന്നു അത്. അനുമതി വേണമെന്ന് ഉറപ്പിച്ചു പറയുമ്പോഴും പഴയ കാര്യങ്ങൾ ചികഞ്ഞെടുക്കേണ്ടതില്ല എന്ന തീരുമാനത്തിൽ ഈ സ്ഥലത്തിന്റെ ഇടപാട് നിയമവിധേയമാക്കുകയും ചെയ്തു. ഫെറ നിയമത്തെ പിന്നീട് 1999 -ലെ ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (ഫെമ) കൊണ്ട് മാറ്റിയെങ്കിലും ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 142 നല്‍കുന്ന പ്ലീനറി അധികാരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ആ വിധി പ്രഖ്യാപനം.

ആർബിഐ തീരുമാനം – 2021 ഡിസംബർ

2021 മാർച്ചിലെ സുപ്രീം കോടതി വിധി ഒരു പ്രത്യേക കേസിനു മാത്രം ബാധകമായിട്ടുള്ള ഒന്നാണ്. അതല്ലാത്ത കേസുകള്‍ക്കെല്ലാം ഫെമ നിയമമായിരിക്കും ബാധകമാവുക. ഇതനുസരിച്ച്, പ്രത്യേക വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട ഭൂമി ഒഴിച്ച് വീടുൾപ്പടെയുള്ള മറ്റ് സ്വത്തുക്കള്‍ വാങ്ങുവാനും വില്‍ക്കുവാനും കൈമാറ്റം ചെയ്യുവാനും റിസര്‍വ് ബാങ്കിന്റെ പ്രത്യേക അനുമതി ആവശ്യമില്ല. എന്നാല്‍ ഇതു സംബന്ധിച്ച് പണമിടപാടുകള്‍ക്ക് ചില നിബന്ധനകളുണ്ട് എന്നുമാത്രം. ഈ പണമിടപാടുകളില്‍ പണം ഇന്ത്യന്‍ ബാങ്കുകളില്‍ എത്തണം. അല്ലെങ്കില്‍ ഫെമ 1999 അനുസരിച്ച് പ്രത്യേക അനുമതിയുള്ള എന്‍ ആര്‍ അക്കൗണ്ടുകളില്‍ എത്തണം. ട്രാവലേഴ്‌സ് ചെക്ക്, വിദേശ കറന്‍സി തുടങ്ങിയവയിലൂടുള്ള പണമിടപാടുകള്‍ അനുവദനീയമല്ല.

ചുരുക്കത്തിൽ, സുപ്രീം കോടതി വിധി വന്നെങ്കിലും പിന്നീട് ആർബിഐ അവരുടെ തീരുമാനം വ്യക്തമാക്കിയതാണ്. സുപ്രീം കോടതി വിധി ഒരു പ്രത്യേക കേസിനു മാത്രം ബാധകമായിട്ടുള്ളതാണ്. മറ്റ് കേസുകൾക്ക് ഫെമ നിയമമാണ് ബാധകം. എന്‍ആര്‍ഐകള്‍ക്കും ഒസിഐ കാര്‍ഡ് ഉള്ളവര്‍ക്കും കൃഷിഭൂമിയോ ഫാം ഹൗസോ തോട്ടങ്ങളോ ഒഴികെ എന്തും വാങ്ങാനോ വിൽക്കാനോ ആർബിഐ അനുമതി ആവശ്യമില്ല എന്ന് വ്യക്തം.

(സുപ്രീം കോടതി വിധി ഉയർത്തിപിടിച്ചുകൊണ്ടുള്ള വാർത്തകൾ പ്രചരിക്കുന്ന സാഹചര്യത്തിൽ തയ്യാറാക്കിയ റിപ്പോർട്ട്‌)

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- എലിസബത്ത് രാജ്ഞിയുടെ തികച്ചും മോശമായ ആരോഗ്യസ്ഥിതി മൂലം സെപ്റ്റംബർ വരെ യാതൊരുവിധ പൊതുപരിപാടികളിലും പങ്കെടുക്കുവാൻ സാധ്യതയില്ലെന്ന് റോയൽ കമെന്റെറ്റർമാരിൽ ഒരാൾ വ്യക്തമാക്കിയിരിക്കുകയാണ്. കോളമ്നിസ്റ്റ് ആയിരിക്കുന്ന ഡാനിയേല എൽസിർ ആണ് ഇക്കാര്യം പൊതുസമൂഹത്തിൽ പറഞ്ഞിരിക്കുന്നത്. തന്റെ 70 വർഷക്കാലത്തെ ഭരണത്തിനിടയിൽ ആദ്യമായാണ് രാജ്ഞി റോയൽ അസ്ക്കൊട്ട് കുതിരയോട്ട മത്സരത്തിൽ പങ്കെടുക്കാതിരിക്കുന്നത്. തികച്ചും മോശമായ അവസ്ഥയിൽ മാത്രമേ രാജ്ഞി ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കാതെ ഇരിക്കുകയുള്ളൂ എന്ന് രാജ്ഞിയുടെ വിശ്വസ്തയായിരുന്ന എയ്ഞ്ചലാ കെല്ലി തന്റെ പുസ്തകത്തിൽ രേഖപ്പെടുത്തിയിരുന്നത് ഡാനിയേല എൽസിർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ന്യൂസ്‌. കോം. എ യു എന്ന സൈറ്റിന് വേണ്ടി എഴുതിയ ലേഖനത്തിലാണ് എൽസിർ ഇത്തരം തികച്ചും മോശമായ ആരോഗ്യ സാഹചര്യങ്ങളിലൂടെയാണ് രാജ്ഞി കടന്നുപോകുന്നതെന്ന് വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ കാലം ഭരണാധികാരി ആയിരുന്ന എലിസബത്ത് രാജ്ഞിയെ ഇനിയും പൊതുപരിപാടികളിൽ കാണുവാൻ സാധിക്കില്ല എന്നും എൽസിർ വ്യക്തമാക്കുന്നുണ്ട്. ഭരണ സ്ഥാനത്ത് ഇരിക്കുന്നുണ്ടെങ്കിലും, യാതൊരുവിധ പൊതുപരിപാടികളിലും പങ്കെടുക്കാത്ത രാജ്ഞിയെ കുറ്റപ്പെടുത്തിയാണ് എൽസിർ തന്റെ ലേഖനം എഴുതിയിരിക്കുന്നത്.

രാജ്ഞിക്ക് നടക്കുവാനും മറ്റും വളരെയധികം ബുദ്ധിമുട്ടുണ്ടെന്നാണ് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അതിനാൽ തന്നെ രാജ്ഞിയുടെ ആരോഗ്യനിലയെ സംബന്ധിച്ചുള്ള ആശങ്കകൾ ജനങ്ങൾക്കിടയിൽ തന്നെയുണ്ട്. അടുത്തിടെ നടന്ന പൊതുപരിപാടികളിൽ ഒന്നുംതന്നെ രാജ്ഞി തന്റെ സാന്നിധ്യം അറിയിച്ചിരുന്നില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ചൂടേറിയ കാലാവസ്ഥയാണ് ഇപ്പോൾ ബ്രിട്ടനിൽ . കടുത്ത സൂര്യപ്രകാശത്തിൽ വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് ഈ രംഗത്തെ വിദഗ്ധർ നൽകിക്കഴിഞ്ഞു. ഡ്രൈവിങ്ങിനിടെ സൂര്യപ്രകാശത്തിന്റെ കാഠിന്യവും ഡാഷ്ബോർഡിൽ തിളങ്ങുന്ന വസ്തുക്കൾ ഉള്ളതോ അപകടങ്ങൾ വിളിച്ചു വരുത്തിയേക്കാം. കടുത്ത വെയിലിൽ വാഹനം ഓടിക്കുന്നവർ സൺഗ്ലാസ്സ് ധരിക്കുന്നത് ഈ രീതിയിൽ ഉണ്ടാകാൻ സാധ്യതയുള്ള അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കുമെന്നാണ് വിദഗ്ധാഭിപ്രായം.

വെയിലുള്ള കാലാവസ്ഥയിൽ സൺഗ്ലാസ് ധരിക്കണമെന്ന് ബ്രിട്ടനിൽ നിയമപരമായ നിബന്ധനയില്ല. എന്നാൽ ഹൈവേ കോഡിന്റെ റൂൾ 237 അനുസരിച്ച് വെയിലത്ത് സൺഗ്ലാസ്സ് ധരിക്കാത്തതിനെ ശ്രദ്ധയില്ലാതെ വാഹനമോടിക്കുന്നതായി പോലീസിന് കണക്കാക്കാൻ സാധിക്കും. ഈ നിയമത്തിൽ കടുത്ത സൂര്യപ്രകാശത്തിൽ വാഹനമോടിക്കുമ്പോൾ വേഗത കുറയ്ക്കണമെന്ന് നിർദ്ദേശിക്കുന്നുണ്ട്. അതോടൊപ്പം തന്നെ ഡ്രൈവർമാർ കണ്ണട ധരിക്കണമെന്ന നിർദ്ദേശവുമുണ്ട്. ഈ കുറ്റത്തിന് 100 പൗണ്ട് പിഴയും ലൈസൻസിൽ 3 പോയന്റുകൾ നൽകുന്നതിനും കാരണമായേക്കാം എന്ന് നിയമ വിദഗ്ധർ അഭിപ്രായപ്പെട്ടു. അതുപോലെതന്നെ ധരിക്കുന്ന സൺഗ്ലാസ് സി ഇ മാർക്കുള്ളതും യൂറോപ്യൻ സ്റ്റാൻഡേർഡ് BS EN 1836: 2005 അനുസരിച്ചുള്ളതുമായിരിക്കണം.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച രാജ്യത്ത് പലയിടങ്ങളിലും താപനില 32.7 ഡിഗ്രി സെല്‍ഷ്യസ് വരെയായി ഉയര്‍ന്നിരുന്നു. എന്നാൽ വാരാന്ത്യത്തിൽ അത് 15 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നു. വരും ദിനങ്ങളിൽ താപനില 28 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് കാലാവസ്ഥ നിരീക്ഷകർ പറയുന്നു. ഈ വര്‍ഷം ഇനിയും നാല് ഉഷ്ണ തരംഗങ്ങള്‍ കൂടി ഉണ്ടാകുമെന്ന് മെറ്റ് ഓഫീസ് അറിയിച്ചിരുന്നു . പശ്ചിമ യൂറോപ്പില്‍ താപനില വര്‍ദ്ധിക്കുന്നതിനനുസരിച്ച് സ്‌പെയിനില്‍ നിന്നും ബ്രിട്ടനിലേക്ക് ഉഷ്ണവായു പ്രവാഹമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത് .

RECENT POSTS
Copyright © . All rights reserved