Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : പലിശ നിരക്ക് ഒരു ശതമാനമായി ഉയർത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്. 2009 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഗവർണർ ആൻഡ്രൂ ബെയ്‌ലിയുടെ നേതൃത്വത്തിൽ മോണിറ്ററി പോളിസി കമ്മിറ്റി രാജ്യത്തെ പലിശ നിരക്ക് 0.75 ശതമാനത്തിൽ നിന്ന് ഒരു ശതമാനമായി ഉയർത്തി. ഒമ്പതു പേരടങ്ങുന്ന കമ്മിറ്റിയിൽ ആറുപേരും പലിശനിരക്ക് ഒരു ശതമാനമായി ഉയർത്തുന്നതിനെ അനുകൂലിച്ചു. ബാക്കിയുള്ളവർ നിരക്ക് 1.25% ആയി ഉയർത്തണമെന്ന് അഭിപ്രായപ്പെട്ടു. ഡിസംബറിന് ശേഷം തുടർച്ചയായ നാലാമത്തെ വർധനയാണിത്. വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പലിശ നിരക്ക് ഉയർത്തുന്നതെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പറഞ്ഞു. എന്നാൽ ഇത് സാധാരണ കുടുംബങ്ങൾക്ക് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.

യുദ്ധം മൂലം ഇന്ധനം, ഊർജ്ജം, ഭക്ഷണം എന്നിവയുടെ വില കുതിച്ചുയരുന്നതിനാൽ വർഷാവസാനത്തോടെ പണപ്പെരുപ്പം 10% കടക്കുമെന്നാണ് പ്രവചനം. പണപ്പെരുപ്പം മാർച്ചിൽ 7 ശതമാനത്തിലെത്തിയിരുന്നു. ഇതിന്റെ ഫലമായി ചെലവുകളിൽ നിയന്ത്രണം ഏർപ്പെടുത്താൻ കുടുംബങ്ങൾ നിർബന്ധിതരാകും. ചെറുകിട വ്യവസായങ്ങളും അതിജീവിക്കാൻ പാടുപെടുകയാണ്. അതേസമയം, ആഗോളതലത്തിൽ എണ്ണ, വാതക വിലകൾ ഉയരുന്ന സാഹചര്യത്തിൽ പലിശ നിരക്ക് വർധിപ്പിക്കുന്നത് കാര്യമായ ഫലമുണ്ടാക്കില്ലെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ വർഷത്തെ അവസാന മൂന്ന് മാസങ്ങളിൽ യുകെ സമ്പദ്‌വ്യവസ്ഥ ചുരുങ്ങുമെന്നാണ് പ്രവചനം.

വരും മാസങ്ങളിൽ ജീവിതച്ചെലവ് പ്രതിസന്ധി രൂക്ഷമാകുമെന്നും ഇത് സമ്പദ്‌വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് നയിക്കുമെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് വ്യക്തമാക്കി. യുദ്ധം മൂലം ലോകത്തിന്റെയും യുകെയുടെയും സാമ്പത്തിക വളർച്ചയിൽ ഭൗതികമായ തകർച്ച ഉണ്ടായതായി ബാങ്ക് നയരൂപകർത്താക്കൾ പറഞ്ഞു. വില വർധനയിൽ പകച്ചു നിൽക്കുന്ന മലയാളി കുടുംബങ്ങൾക്ക് കനത്ത ആഘാതം സൃഷ്ടിക്കുന്ന തീരുമാനങ്ങളാണ് ഇപ്പോൾ ഉണ്ടാകുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു എസ് :- ജോണി ഡെപ്പ് ഫയൽചെയ്ത മാനനഷ്ടക്കേസിൽ ബുധനാഴ്ച ആംബർ ഹേർഡ് തന്റെ ഭാഗം കോടതിക്ക് മുൻപിൽ വെളിപ്പെടുത്തിയിരിക്കുകയാണ്. ഡെപ്പുമായുള്ള ബന്ധത്തിൽ താനനുഭവിച്ച ശാരീരിക പീഡനങ്ങളെ സംബന്ധിച്ച് അവർ കോടതിക്ക് മുൻപിൽ തുറന്നു പറഞ്ഞതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. മറ്റ് സ്ത്രീകളുമായി ബന്ധം പുലർത്തുന്നതായി താൻ കുറ്റപ്പെടുത്തിയപ്പോൾ, തന്നെ വസ്ത്രമഴിച്ച് നഗ്നയാക്കി തന്റെ ശരീരത്തിൽ കൊക്കയിൻ ഉണ്ടോയെന്ന് അദ്ദേഹം പരിശോധിച്ചതായി ഹെഡ്‌ കുറ്റപ്പെടുത്തി. വെർജീനിയയിലെ ഫെയർഫാക്സ് കോടതിയാണ് ഇവർ തമ്മിലുള്ള വാദം കേൾക്കുന്നത്. 2018 വാഷിംഗ്ടൺ പോസ്റ്റിലെ ഓ – പെടിൽ ആംബർ ഹേർഡ് പ്രസിദ്ധീകരിച്ച ലേഖനത്തിൽ താൻ ഗാർഹിക പീഡനത്തിന് ഒരു ഇരയാണെന്ന് തുറന്നു പറഞ്ഞതിനെ തുടർന്നാണ് ഇവർ തമ്മിലുള്ള പ്രശ്നങ്ങൾ ആരംഭിക്കുന്നത്. ഇതിനെ തുടർന്ന് ജോണി ഡെപ്പ് ആംബർ ഹേർഡിനെതിരെ 50 മില്യൺ ഡോളറിന്റെ മാനനഷ്ട കേസ് ഫയൽ ചെയ്തിരുന്നു. ഇതിനെത്തുടർന്ന് ആംബർ ഹേർഡ് ഡെപ്പിനെതിരെ 100 മില്ല്യൻ ഡോളറിന്റെ കേസും ഫയൽ ചെയ്തു. എന്നാൽ താൻ ഒരുതരത്തിലും ഹെഡിനെ ശാരീരികമായി ഉപദ്രവിച്ചിട്ടില്ല എന്നാണ് ഡെപ്പ് വ്യക്തമാക്കുന്നത്. വിവാഹത്തിന്റെ തുടക്കത്തിൽ നിലനിന്നിരുന്ന സന്തോഷങ്ങൾ ഒന്നുംതന്നെ പിന്നെ തങ്ങളുടെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല എന്ന് ഹേർഡ് കോടതിയിൽ വ്യക്തമാക്കി.

ഡെപ്പിന്റെ മുൻ കാമുകിയുടെ പേര് വെളിപ്പെടുത്തുന്ന ഒരു ടാറ്റുവിനെ സംബന്ധിച്ച് താൻ പരിഹസിച്ചപ്പോൾ, തന്റെ മുഖത്തോടാണ് അദ്ദേഹം പ്രതിഷേധം വ്യക്തമാക്കിയതെന്ന് ഹേർഡ് വ്യക്തമാക്കി. 2015 ലാണ് ഇരുവരും വിവാഹിതരായത്. നിരവധി തവണ തന്നെ ശാരീരികമായി വളരെ ക്രൂരമായ രീതിയിൽ ഉപദ്രവിച്ചതായി കണ്ണീരോടെ ആംബർ ഹേർഡ് കോടതിയിൽ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ബ്രിട്ടീഷ് മാനേജ്‌മെന്റ് കൺസൾട്ടിംഗ്, അക്കൗണ്ടിംഗ്, പിആർ സേവനങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് റഷ്യയെ വിലക്കി ബ്രിട്ടൻ. യുകെ പുതുതായി പ്രഖ്യാപിച്ച ഉപരോധങ്ങളിൽ പെടുന്നതാണിത്. റഷ്യൻ സമ്പദ്‌വ്യവസ്ഥയെ തകർക്കാൻ ഈ ഉപരോധത്തിലൂടെ കഴിയുമെന്ന് വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് അഭിപ്രായപ്പെട്ടു. ഇത്തരം ഉപരോധങ്ങളിലൂടെ പുടിന്റെ പരാജയം ഉറപ്പാക്കാൻ കഴിയുമെന്നും ലിസ് കൂട്ടിച്ചേർത്തു. റഷ്യൻ മാധ്യമ സംഘടനകൾക്ക് എതിരെയും അവയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നവർക്കെതിരെയും ഉപരോധം ഏർപ്പെടുത്തി. ഉപരോധം നേരിടുന്ന മാധ്യമ സംഘടനകളിൽ ഓൾ റഷ്യ സ്റ്റേറ്റ് ടെലിവിഷനും റേഡിയോ ബ്രോഡ്കാസ്റ്റിംഗും ഉൾപ്പെടുന്നു. വാർത്താ ഏജൻസിയായ ഇൻഫോറോസ്, വ്യാജ വിവരങ്ങൾ നൽകുന്ന വെബ്‌സൈറ്റായ സൗത്ത്ഫ്രണ്ട്, ഓൺലൈൻ ജേർണലായ സ്ട്രാറ്റജിക് കൾച്ചർ ഫൗണ്ടേഷൻ എന്നിവയും പട്ടികയിലുണ്ട്.

റഷ്യൻ അധിനിവേശത്തിനു ശേഷം, 1,600 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും യുകെ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. പുടിനെതിരെ കൂട്ടമായി ഉപരോധം ഏർപ്പെടുത്തുന്നതിൽ പശ്ചാത്യ രാജ്യങ്ങൾ പരാജയപ്പെട്ടുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഓൺലൈനിലൂടെ യുക്രൈൻ പാർലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുക്രൈനായി 300 മില്യൺ പൗണ്ടിന്റെ അധിക സൈനിക സഹായവും ജോൺസൻ പ്രഖ്യാപിച്ചു.


വരും ആഴ്‌ചകളിൽ യുക്രൈനിലേക്ക് അയയ്‌ക്കുന്ന യുദ്ധോപകരണങ്ങളിൽ കൗണ്ടർ ബാറ്ററി റഡാർ സംവിധാനം, ജിപിഎസ് ജാമറുകൾ, നൈറ്റ് വിഷൻ ഉപകരണം എന്നിവ ഉൾപ്പെടും. ഒറ്റപ്പെട്ടുപോയ യുക്രൈനിയൻ സൈനികർക്ക് സാധനങ്ങൾ എത്തിക്കാൻ കഴിയുന്ന ഹെവി ലിഫ്റ്റ് ഏരിയൽ ഡ്രോണുകളും യുകെ വിതരണം ചെയ്യുന്നുണ്ട്. റഷ്യക്കെതിരെ ചെറുത്തുനിൽപ്പ് തുടരുന്ന യുക്രൈന്റെ പോരാട്ടവീര്യത്തെ പ്രശംസിക്കാനും ജോൺസൻ മറന്നില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ബ്രിട്ടനിൽ ശനിയാഴ്ച മുതൽ താപനില ക്രമാതീതമായി വർദ്ധിക്കുമെന്നും മെയ് പകുതിയോടെ ഉഷ്ണതരംഗത്തിനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഇംഗ്ലണ്ടിന്റെ തെക്കൻ ഭാഗങ്ങളിൽ 23 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്താനുള്ള സാധ്യതകൾ ഉണ്ടെന്നാണ് കാലാവസ്ഥ ശാസ്ത്രജ്ഞനായ മാർക്കോ പെറ്റാഗ്ന വ്യക്തമാക്കിയിരിക്കുന്നത്. ഇപ്പോൾതന്നെ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് താപനിലയിൽ ക്രമാതീതമായ വർധന രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിരവധി ഇടങ്ങളിൽ ഇപ്പോൾ തന്നെ ജനങ്ങൾ വെയിൽ ആസ്വദിക്കാനായി ബീച്ചുകളിലും മറ്റും താമസം ആക്കുന്നുണ്ട്. എന്നാൽ ചിലയിടങ്ങളിൽ ചെറിയ തോതിൽ മഴ ലഭിക്കുന്നുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ലണ്ടനിലും മറ്റും 20 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്താനുള്ള സാധ്യതയാണ് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്.

ബ്രിട്ടണിൽ കഴിഞ്ഞമാസം ലഭിക്കേണ്ട അളവിനേക്കാൾ കുറവ് മഴയാണ് ലഭിച്ചത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില ലണ്ടനിലെ സെന്റ് ജെയിംസ് പാർക്കിൽ ദുഃഖവെള്ളിയാഴ്ച രേഖപ്പെടുത്തിയ 23.4 ഡിഗ്രി സെൽഷ്യസ് ആണ്. സാധാരണരീതിയിൽ ഉള്ളതിനേക്കാൾ കൂടുതൽ ചൂട് ഈ വർഷം ബ്രിട്ടണിൽ അനുഭവപ്പെടുമെന്നാണ് പൊതുവേ കാലാവസ്ഥ നിരീക്ഷകർ വ്യക്തമാക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

എൻഫീൽഡ് : അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെ തിളച്ച എണ്ണ ദേഹത്തു വീണു ഗുരുതരമായി പൊള്ളലേറ്റു ചികിത്സയിലായിരുന്ന യുവതി മരിച്ചു. എൻഫീൽഡിൽ താമസിക്കുന്ന കോഴിക്കോടു സ്വദേശിനി നിഷാ ശാന്തകുമാര്‍ (49) ആണ് മരിച്ചത്. പൊള്ളലേറ്റു മൂന്നാഴ്ചയോളം തീവ്ര പരിചരണത്തിലായിരുന്നു. ആശുപത്രിയിലെ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരികെ വരുമെന്ന പ്രതീക്ഷയ്ക്കിടയിലാണ് പെട്ടെന്നുള്ള മരണം. വെല്ലൂര്‍ സ്വദേശിയായ ഭര്‍ത്താവ് ശാന്തകുമാര്‍ എം ആര്‍ ഐ സ്‌കാനിങ് ഡിപ്പാര്‍ട്‌മെന്റ് സൂപ്പര്‍വൈസറാണ്. വിദ്യാര്‍ത്ഥികളായ സ്‌നേഹ (പ്ലസ് വണ്‍) ഇഗ്ഗി (ഒമ്പതാം ക്ലാസ്സ്) എന്നിവരാണ് മക്കൾ.

എന്‍ഫീല്‍ഡില്‍ എത്തിയിട്ട് പതിനഞ്ചു വര്‍ഷത്തോളമായ നിഷ മലയാളികൾക്കേവർക്കും പരിചിതയായിരുന്നു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം എന്‍ഫീല്‍ഡില്‍ തന്നെ സംസ്‌കരിക്കാനാണ് കുടുംബം ശ്രമിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- കഴിഞ്ഞവർഷം ഇംഗ്ലണ്ടിലെയും വെയിൽസിലെയും യൂണിവേഴ്സിറ്റികളിലുള്ള കോഴ്സുകളെ സംബന്ധിച്ച് വിദ്യാർത്ഥികളുടെ പരാതികൾ റെക്കോർഡ് കണക്കിലെന്നുള്ള പുതിയ റിപ്പോർട്ട് പുറത്തു വന്നിരിക്കുകയാണ്. ലഭിച്ചിരിക്കുന്ന പരാതികളിൽ മൂന്നിലൊന്ന് ഭാഗവും കോവിഡ് മൂലം ഉണ്ടായിരിക്കുന്ന പ്രതിസന്ധികളെ സംബന്ധിച്ചാണ്. വിദ്യാർഥികൾക്ക് മാത്രം ലഭിച്ചിരിക്കുന്ന നഷ്ടപരിഹാരത്തുക 1.3 മില്യൺ പൗണ്ടിലധികമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. സ്റ്റാഫുകളുടെ പ്രശ്നങ്ങളും, കോവിഡ് മൂലം പരാതികളും മറ്റും നൽകുന്നതിൽ വന്ന താമസവും എല്ലാമാണ് ഇത്രയും ഉയർന്ന കണക്കുകൾ രേഖപ്പെടുത്തുന്നതിന് ഇടയായത് എന്നാണ് നിഗമനം. ഓഫീസ് ഓഫ് ദി ഇൻഡിപെൻഡന്റ് അഡ് ജൂഡികേറ്ററിനാണ് വിദ്യാർഥികൾ എല്ലാംതന്നെ പരാതി നൽകിയിരിക്കുന്നത്. സാധാരണരീതിയിൽ പ്രതീക്ഷിച്ചതു പോലെയുള്ള ഒരു പഠനാനുഭവം ലഭിച്ചില്ലെന്ന് ഭൂരിഭാഗം വിദ്യാർത്ഥികളും പരാതികളിൽ ഉന്നയിക്കുന്നുണ്ട്. 2021 ൽ മാത്രം വിദ്യാർത്ഥികൾ നൽകിയ പരാതികൾ മുൻവർഷത്തേക്കാൾ 6 ശതമാനം കൂടുതലാണ്.


ലബോറട്ടറികളും മറ്റും വിദ്യാർഥികൾക്ക് സൗകര്യപ്രദമായ രീതിയിൽ ഉപയോഗിക്കാൻ സാധിച്ചില്ലെന്നുള്ളതും പരാതികളിൽ വ്യക്തമാക്കുന്നുണ്ട്. അതോടൊപ്പം തന്നെ വിദഗ്ധരായ സ്റ്റാഫുകളുടെ സേവനവും വിദ്യാർത്ഥികൾക്ക് ലഭിച്ചില്ല എന്ന പരാതിയുമുണ്ട്. നിരവധി വിദ്യാർത്ഥികൾക്ക് വളരെയധികം തുക നഷ്ടപരിഹാരം നൽകേണ്ടതായും വന്നിട്ടുണ്ട്. എന്നാൽ കോവിഡിനോട് ക്രിയാത്മകമായി പ്രതികരിച്ചു എന്നാണ് യൂണിവേഴ്സിറ്റികൾ നൽകുന്ന വിശദീകരണം.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : വീടുകളിലെ മോഷണം തടയാൻ പല വഴികളുണ്ട് – നിർദേശിക്കുന്നത് മാറ്റാരുമല്ല, ഇരുപതിനായിരത്തോളം വീടുകളിൽ മോഷണം നടത്തിയിട്ടുണ്ടെന്ന് സ്വയം അവകാശപ്പെടുന്ന ഡാറിൽ കെന്നഡി ആണ്. മോഷ്ടാക്കളിൽ നിന്ന് വീടിനെ എങ്ങനെ സംരക്ഷിക്കാമെന്നാണ് തന്റെ അനുഭവത്തിലൂടെ അദ്ദേഹം പറയുന്നത്. ഒൻപത് വയസ്സ് മുതൽ മോഷണം ആരംഭിച്ച ആളാണ് കെന്നഡി. പ്രൊഫഷണൽ കൊള്ളസംഘത്തിന്റെ തലവൻ കൂടിയാരുന്നു അദ്ദേഹം. ഇപ്പോൾ മോഷണം എല്ലാം ഉപേക്ഷിച്ചു.

മോഷണം തടയാനായി അയൽക്കാർ തമ്മിൽ നല്ല സഹകരണം ഉണ്ടാകണമെന്നാണ് അദ്ദേഹത്തിന്റെ ആദ്യത്തെ ഉപദേശം. വീടുകൾ പരസ്പരം നിരീക്ഷിച്ചാൽ മോഷണം ഒരു പരിധി വരെ തടയാം. സിസിടിവിയിലൂടെ വീടുകൾ പരസ്പരം നിരീക്ഷിക്കാമെന്നും അദ്ദേഹം പറയുന്നു.

പുതുതായി വീട് വാങ്ങുന്നവർ ആൾതാമസം ഉള്ള സ്ഥലങ്ങൾ തിരഞ്ഞെടുക്കുന്നതാണ് ഉചിതമെന്ന് അദ്ദേഹം നിർദേശിക്കുന്നു. ഒറ്റപെട്ട വീടുകളാണ് മോഷ്ടാക്കൾ പലപ്പോഴും ലക്ഷ്യമിടുന്നത്. മോഷണത്തിന് ദൃക്സാക്ഷികൾ ഉണ്ടാവില്ല എന്നത് തന്നെയാണ് വലിയ പ്രയോജനം. സ്വർണം, പണം പോലുള്ള വിലപിടിപ്പുള്ള വസ്തുക്കൾ ഒളിപ്പിക്കാൻ പറ്റിയ ഇടമാണ് ബീൻബാഗെന്ന് കെന്നഡി പറഞ്ഞു. കാരണം, മോഷ്ടാക്കൾ ഇത്തരം ഇടങ്ങൾ തിരയാനുള്ള സാധ്യത കുറവാണ്. ബീൻബാഗുകൾ കുട്ടികളുടെ മുറിയിൽ വയ്ക്കാം.

“വീടിനുള്ളിൽ കടന്നാൽ ഞാൻ നേരെ പോകുന്നത് മാസ്റ്റർ ബെഡ്‌റൂമിലേക്കാണ്. വിലപിടിപ്പുള്ള വസ്തുക്കൾ അവിടെയാണെന്ന് എല്ലാവരും കരുതും. ആരും കുട്ടികൾ കിടക്കുന്ന മുറിയിലേക്ക് പോകാറില്ല. കുട്ടികളെ ഉണർത്താൻ മോഷ്ടാക്കൾ ശ്രമിക്കാറില്ല.” സ്വന്തം അനുഭവത്തിൽ നിന്ന് കെന്നഡി വിശദമാക്കി. അതിനാൽ വിലപ്പെട്ട സാധനങ്ങൾ കുട്ടികളുടെ മുറിയിൽ സുരക്ഷിതമായി ഒളിപ്പിക്കുന്നത് ബുദ്ധിപരമായ കാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രിട്ടനിൽ മോഷണം ഏറിവരികയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മലയാളികളുടെ വീടുകളെയാണ് കൂടുതൽ പേരും ലക്ഷ്യമിടുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു എസ് :- യുഎസിൽ അബോർഷൻ നിയമങ്ങളെ സംബന്ധിക്കുന്ന ഡ്രാഫ്റ്റ് മാധ്യമങ്ങൾക്ക് ചോർന്ന സംഭവത്തിൽ യഥാർത്ഥ ഡ്രാഫ്റ്റ് തന്നെയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്. എന്നാൽ ഇത് കോടതിയുടെ അന്തിമതീരുമാനം അല്ലെന്നും ചീഫ് ജസ്റ്റിസ് ജോൺ റോബെർട്സ് വ്യക്തമാക്കി. ഇത്തരം പ്രധാന രേഖകൾ ചോർന്ന സംഭവത്തിൽ അന്വേഷണം നടത്താൻ കോടതി ഉത്തരവായിട്ടുണ്ട്. പുറത്തായ ഡ്രാഫ്റ്റ് പ്രകാരം 1973 ൽ യു എസ് കോടതി കൈകൊണ്ട അബോർഷൻ നിയമങ്ങളെ പൂർണമായും ഇല്ലാതാക്കുന്ന തരത്തിലാണെന്നത് ആശങ്ക ഉളവാക്കുന്നുണ്ട്. 1973 ലെ വിധിപ്രകാരം സ്ത്രീകൾക്ക് തങ്ങളുടെ അബോർഷന്റെ കാര്യത്തിൽ അധികം ഇടപെടലുകൾ ഇല്ലാതെ സ്വന്തമായ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം നൽകുന്നതായിരുന്നു. ഇപ്പോൾ മാധ്യമങ്ങൾക്ക് ലഭിച്ചിരിക്കുന്ന ആദ്യത്തെ ഡ്രാഫ്റ്റ് എന്ന് വിശ്വസിക്കുന്ന ഈ രേഖ കോടതിയുടെ പൊതുവായ താൽപര്യമാണ് എന്നാണ് വിലയിരുത്തൽ. എന്നാൽ കോടതിയുടെ ഇത്തരത്തിലുള്ള തീരുമാനങ്ങൾ ജനങ്ങളുടെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി.

1973 ലെ വിധി തെറ്റാണെന്നുള്ള രീതിയിലാണ് പുറത്ത് വന്നിരിക്കുന്ന ആദ്യ ഡ്രാഫ്റ്റിൽ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ഇത് അന്തിമതീരുമാനം അല്ലെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഈ ഡ്രാഫ്റ്റ് പ്രകാരം തീരുമാനങ്ങൾ നടപ്പിലാക്കിയാൽ യുഎസിലെ പകുതിയോളം ഫെഡറൽ സ്റ്റേറ്റുകൾക്ക് അബോർഷൻ പൂർണമായും നിരോധിക്കാൻ സാധിക്കും. ഈ രേഖ പുറത്തുവന്നതോടെ നിരവധി വിമർശനങ്ങളും ഉയർന്നുവന്നിട്ടുണ്ട്. 1973 ലെ വിധി ഇല്ലാതാക്കിയാൽ 36 മില്യനോളം സ്ത്രീകൾക്ക് അബോർഷനുള്ള അവകാശം നഷ്ടപ്പെടുമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : 2035ഓടെ ആദ്യത്തെ ബഹിരാകാശ പവർ സ്റ്റേഷൻ വിക്ഷേപിക്കാൻ യുകെ. സ്‌പേസ് എനർജി ഇനിഷ്യേറ്റീവ് (SEI) എന്ന പ്രൊജക്റ്റിലൂടെയാണ് ഇത് സാധ്യമാവുന്നത്. രാജ്യത്തെ ഊർജ്ജ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇതിലൂടെ കഴിയുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഭാരം കുറഞ്ഞ സോളാർ പാനലുകളും പാനലുകളിലേക്ക് സൂര്യപ്രകാശം കേന്ദ്രീകരിക്കാൻ മിറർ സംവിധാനവും ഉള്ള ഉപഗ്രഹങ്ങൾ കൊണ്ടാണ് ഇത് നിർമ്മിക്കുക. ഉപഗ്രഹത്തിൽ ഏകദേശം 3.4 ജിഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കും. 2040 – 2045 ഓടെ ബഹിരാകാശ നിലയത്തിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി 30 ജിഗാവാട്ടിലെത്തും. യുകെയുടെ വൈദ്യുതി ആവശ്യത്തിന്റെ 30 ശതമാനം വരെ നിറവേറ്റാൻ ഇതിലൂടെ കഴിയും.

രാജ്യം നേരിടുന്ന ഊർജ പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ് ഇതെന്ന് കൺസർവേറ്റീവ് എംപിയും എസ്ഇഐയുടെ അഡ്വൈസറി ബോർഡ് ചെയർമാനുമായ മാർക്ക് ഗാർണിയർ പറഞ്ഞു. പല രാജ്യങ്ങളിലേക്കുള്ള ഗ്യാസ് വിതരണം റഷ്യ വെട്ടിക്കുറച്ചത് കാരണം വില കുതിച്ചുയർന്നതിനാൽ ബ്രിട്ടൻ ഊർജ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് ശുഭപ്രതീക്ഷ നൽകി ഈ വാർത്ത വരുന്നത്. പോളണ്ടിലേക്കും ബള്‍ഗേറിയയിലേക്കുമുള്ള പ്രകൃതിവാതക വിതരണം റഷ്യ കഴിഞ്ഞാഴ്ച വെട്ടിക്കുറച്ചിരുന്നു.

യുക്രെയ്നിലെ യുദ്ധം രൂക്ഷമാകുമ്പോള്‍ റഷ്യയില്‍ നിന്നു കൂടുതല്‍ ഇന്ധനം വെട്ടിക്കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നേരത്തെ ഉയര്‍ന്നിരുന്നു. ബ്രിട്ടനിലെ ഗ്യാസിന്റെ അഞ്ച് ശതമാനം മാത്രമാണ് റഷ്യയിൽ നിന്ന് എത്തുന്നതെങ്കിലും ആഗോള പ്രതിസന്ധി ഉടലെടുത്തതോടെ രാജ്യത്തും ഊർജ ക്ഷാമം ഉണ്ടായി. ഈ പുതിയ പ്രൊജക്റ്റിലൂടെ ബ്രിട്ടനിൽ ഊർജ സുരക്ഷ വർദ്ധിപ്പിക്കാൻ സാധിക്കുമെന്നും അധിക ഊർജ്ജം കയറ്റുമതി ചെയ്യുന്നതിലൂടെ യുകെയ്ക്ക് ലാഭം നേടാമെന്നും ഗാർണിയർ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ബ്രിട്ടനിലെ ആരോഗ്യമേഖലയെ കാക്കുന്ന വിദേശ നേഴ്സുമാരുടെ യോഗ്യത പരീക്ഷകൾ അശാസ്ത്രീയവും വിവേചനപരവുമെന്ന് ആരോപണം. ഭാഷാ പരീക്ഷയുടെ പേരിൽ വിദേശ നേഴ്‌സുമാർ ജോലിയിൽ വിലക്ക് നേരിടുന്നുണ്ട്. വിദേശത്ത് നിന്ന് എൻഎച്ച്എസ് റിക്രൂട്ട് ചെയ്ത ആയിരക്കണക്കിന് യോഗ്യതയുള്ള നേഴ്സുമാർ ബുദ്ധിമുട്ടുള്ള ഭാഷാ പരീക്ഷകൾ കാരണം അവിദഗ്ധ ജോലികൾ ചെയ്യുകയാണെന്ന് ഗവേഷകർ പറയുന്നു. സാൽഫോർഡ് സർവ്വകലാശാല നടത്തിയ സർവേയിൽ പങ്കെടുത്ത 857 പേരിൽ 600-ലധികം പേർ ബ്രിട്ടീഷ് പൗരത്വം ഉള്ളവരാണ്. 79% പേർ ഒരു ദശാബ്ദത്തിലേറെയായി യുകെയിൽ താമസിക്കുന്നവരും 17 പേർ നേഴ്‌സിംഗിൽ ബിരുദാനന്തര ബിരുദം നേടിയവരുമാണ്. എന്നാൽ അവർക്ക് നേഴ്‌സുമാരായി പ്രാക്ടീസ് ചെയ്യാൻ കഴിയുന്നില്ല. ഒഇടി, ഐഇഎൽടിഎസ് പോലുള്ള ഭാഷാ പരീക്ഷകൾ വിജയിക്കാൻ കഴിയുന്നില്ലെന്നതാണ് കാരണം.

2007-ൽ ഇന്ത്യയിൽ നിന്ന് യുകെയിലെത്തിയ 43 കാരിയായ ജിനി ജോയ് നിരവധി തവണ ഒഇടി പരീക്ഷ എഴുതുന്നതിനായി 3,500 പൗണ്ട് ചെലവഴിച്ചതായി വെളിപ്പെടുത്തി. പരീക്ഷയിലെ സ്പീക്കിംഗ്, റൈറ്റിംഗ് എന്നിവ പാസായെങ്കിലും കോംപ്രിഹെൻഷൻ വിഭാഗത്തിലാണ് ബുദ്ധിമുട്ട് നേരിട്ടത്. “ഞങ്ങൾ നേഴ്‌സുമാരുടെ അതേ ജോലിയാണ് ചെയ്യുന്നത്, പക്ഷേ കുറഞ്ഞ ശമ്പളത്തിന്. ഇത് ന്യായമല്ല.” – ഇപ്പോൾ ഒരു എൻഎച്ച്എസ് ട്രസ്റ്റിൽ അസിസ്റ്റന്റ് പ്രാക്ടീഷണറായി ജോലി ചെയ്യുന്ന ജിനി പറഞ്ഞു.

എൻഎംസിയുടെ ടെസ്റ്റുകൾ പുനഃപരിശോധിക്കണമെന്നും അത് വിവേചനപരമാണെന്നും ആരോഗ്യ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടി. യുകെയിലെ നേഴ്സിങ് ക്ഷാമം കൂടുതൽ വഷളാകാൻ ഇതൊരു കാരണമാണെന്നും അവർ പറയുന്നു. എൻ എച്ച് എസിന് നിലവിൽ 40,000 നേഴ്‌സുമാരുടെ കുറവുണ്ട്.

RECENT POSTS
Copyright © . All rights reserved