Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- യൂറോമില്യൻ ലോട്ടറിയുടെ ജാക്ക്പോട്ട് സമ്മാന ജേതാക്കളായ ദമ്പതികൾ തങ്ങൾക്കു ലഭിച്ച 184 മില്യൻ പൗണ്ട് സമ്മാനത്തുക ഉപയോഗിച്ച് വേൾഡ് ടൂറിനായി തയ്യാറെടുക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്. നാല്പത്തിഒൻപതുകാരനായ ജോൺ ത്വയ്റ്റിനും ഭാര്യ നാല്പത്തിനാലുകാരി ജെസ്സിനുമാണ് ജാക്ക്പോട്ട് സമ്മാനം ഇത്തവണ ലഭിച്ചത്. ഇരുവരും തങ്ങളുടെ എട്ടുവയസ്സുകാരായ ഇരട്ട മക്കളോടൊപ്പം ഹവായ്, ടെക്സസ് ഉൾപ്പെടെ ലോകരാജ്യങ്ങൾ സന്ദർശിക്കാനുള്ള തയ്യാറെടുപ്പിലാണ്. മെയ്‌ പത്തിനാണ് നറുക്കെടുപ്പിലൂടെ ഇരുവർക്കും 184 മില്യൻ പൗണ്ടിന്റെ ജാക്കിപോട്ട് സമ്മാനം ലഭിച്ചത്. സമ്മാനം ലഭിച്ചതിനു ശേഷം ഇരുവരും 7.25 മില്യൻ വിലവരുന്ന ഒരു മാൻഷൻ വാങ്ങാനുള്ള തയ്യാറെടുപ്പിലുമാണ്. ലോകം ചുറ്റി കാണാനുള്ള തങ്ങളുടെ മക്കളുടെ ആഗ്രഹം നിവർത്തിക്കാനുള്ള അവസരമാണ് ഇപ്പോൾ തങ്ങൾക്ക് കൈവന്നിരിക്കുന്നത് എന്ന് ദമ്പതികൾ പറഞ്ഞു.

ഈ യാത്ര കൊണ്ട് തങ്ങളുടെ മക്കളുടെ മുഖത്ത് ഉണ്ടാകുന്ന സന്തോഷം കാണുവാനാണ് തങ്ങൾ ഇരുവരും ആഗ്രഹിക്കുന്നതെന്ന് അവർ വ്യക്തമാക്കി. തങ്ങൾക്ക് സമ്മാനം ലഭിച്ചതിൽ വളരെയധികം സന്തോഷം ഉണ്ടെന്നും ദമ്പതികൾ പറഞ്ഞു. ഇതിനുമുൻപ് 2019 ലാണ് ഇത്തരത്തിൽ ഒരാൾക്ക് ജാക്ക്പോട്ട് സമ്മാനമായി 170 മില്യൻ പൗണ്ട് ലഭിച്ചത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ബെർമിങ്ഹാം ചിൽഡ്രൻസ് ആശുപത്രിയിൽ മരണമടഞ്ഞ കുഞ്ഞിന് വിഷം നൽകിയതായി സംശയിച്ചു ആശുപത്രി ജീവനക്കാരിയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇരുപത്തേഴുകാരിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ആശുപത്രിയിൽ നിന്ന് പിരിച്ചുവിട്ടതായി അധികൃതർ അറിയിച്ചു. മരണമടഞ്ഞ കുട്ടി പീഡിയാട്രിക് ഇന്റൻസീവ് കെയർ യൂണിറ്റിൽ ചികിത്സയിലായിരുന്നതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. അന്വേഷണങ്ങൾ പുരോഗമിക്കുകയാണെന്നും ഇനിയും ഫോറൻസിക് റിപ്പോർട്ടുകളും മറ്റും ലഭിക്കാൻ ഉണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. മരണമടഞ്ഞ കുട്ടിയുടെ കുടുംബത്തോടൊപ്പം എല്ലാ സഹായവും ഉണ്ടാകുമെന്ന് ബർമിങ്ഹാം വുമൺസ്‌ & ചിൽഡ്രൻസ് എൻ എച്ച് എസ് ഫൗണ്ടേഷൻ ട്രസ്റ്റ് വ്യക്തമാക്കി. കുട്ടികൾക്കുവേണ്ടിയുള്ള പ്രസിദ്ധമായ ആശുപത്രിയാണ് ബർമിങ്ഹാം ചിൽഡ്രൻസ് ഹോസ്പിറ്റൽ.

വ്യാഴാഴ്ചയാണ് ചികിത്സയിലായിരുന്ന കുട്ടി മരണമടഞ്ഞത്. അന്ന് വൈകുന്നേരം തന്നെയാണ് കുട്ടിക്ക് വിഷം നല്കിയതായി സംശയിച്ച് ആശുപത്രി ജീവനക്കാരിയെ പോലീസ് അറസ്റ്റ് ചെയ്തത്. കുടുംബത്തിന് എല്ലാവിധ സഹായങ്ങൾ ഉണ്ടാകുമെന്ന് ആശുപത്രി അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ സ്റ്റാഫിന്റെ ഭാഗത്തുനിന്നും ഇത്തരത്തിലൊരു വീഴ്ചയുണ്ടായതായി ആശുപത്രി അധികൃതരും വെളിപ്പെടുത്തിയിട്ടുണ്ട്. കുറ്റം ചെയ്തതായി സംശയിക്കപ്പെടുന്ന ജീവനക്കാരിയെ സസ്പെൻഡ് ചെയ്തതായും ആശുപത്രി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : കുരങ്ങുപനി ബാധിതരുമായി അടുത്തിടപഴകുന്നവർ മൂന്നാഴ്ച സെൽഫ് ഐസൊലേഷനിൽ കഴിയണമെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (യുകെഎച്ച്എസ്എ) നിർദേശം. ഇവർ ജോലിയിൽ നിന്ന് വിട്ടുനിൽക്കണമെന്നും രോഗപ്രതിരോധ ശേഷി കുറഞ്ഞവരുമായും ഗർഭിണികളുമായും 12 വയസ്സിന് താഴെയുള്ള കുട്ടികളുമായും സമ്പർക്കം ഒഴിവാക്കണമെന്നും നിർദേശത്തിൽ പറയുന്നു. യുകെയിൽ ഇതുവരെ 20 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, വാരാന്ത്യത്തിലെ കണക്കുകൾ കൂടി ചേർക്കുമ്പോൾ രോഗികളുടെ എണ്ണം ഇനിയും ഉയരാൻ സാധ്യതയുണ്ട്. കുരങ്ങുപനി ബാധിതരുടൊപ്പം ഒരു വീട്ടിൽ താമസിക്കുന്നതും അവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും കിടക്ക മാറ്റി വിരിക്കുന്നതും സുരക്ഷിതമല്ല. രോഗബാധിതരുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ടവരുടെ പട്ടികയിൽ ഇവർ ഉൾപ്പെടും.

രോഗലക്ഷണങ്ങളുള്ളവർ വീട്ടിൽ തന്നെ തുടരണമെന്ന് യുകെഎച്ച്എസ്എയുടെ ചീഫ് മെഡിക്കൽ അഡ്വൈസർ ഡോ സൂസൻ ഹോപ്കിൻസ് പറഞ്ഞു. ശരീരത്തിൽ സംശയാസ്പദമായ രീതിയിൽ ചുണങ്ങുകൾ കണ്ടെത്തിയാൽ ഉടൻ തന്നെ നിങ്ങളുടെ ജിപിയുമായി ബന്ധപ്പെടണം. അതേസമയം, കുരങ്ങുപനിക്കെതിരെ നിർബന്ധിത ക്വാറൻറ്റീൻ ഏർപ്പെടുത്തുന്ന ആദ്യ രാജ്യമാണ് ബെൽജിയം. രോഗബാധിതർ മൂന്നാഴ്ചത്തേക്ക് സെൽഫ് ഐസൊലേഷനിൽ കഴിയണമെന്ന് ബെൽജിയൻ ആരോഗ്യ അധികൃതർ പറഞ്ഞു. രാജ്യത്ത് ഇതുവരെ മൂന്നു കേസുകളാണ് റിപ്പോർട്ട്‌ ചെയ്തത്.

ഓസ്ട്രിയയിലും ഇന്നലെ കുരങ്ങുപനി റിപ്പോർട്ട്‌ ചെയ്തു. ഇതോടെ കുരങ്ങുപനി റിപ്പോർട്ട്‌ ചെയ്ത രാജ്യങ്ങളുടെ എണ്ണം 15 ആയി ഉയർന്നു. സമ്മർ ഫെസ്റ്റിവലുകൾക്ക് പോകുന്ന ബ്രിട്ടീഷുകാർ ആശങ്കപ്പെടേണ്ടതില്ലെന്നും എന്നാൽ ജാഗ്രത പാലിക്കണമെന്നും ഹോപ്കിൻസ് അറിയിച്ചു. 1958-ലാണ് ആദ്യമായി കുരങ്ങുകളിൽ രോഗം സ്ഥിരീകരിച്ചത്. 1970-ലാണ് ആദ്യമായി മനുഷ്യരിൽ രോഗബാധ കണ്ടെത്തിയത്.1970 മുതൽ 11 ആഫ്രിക്കൻ രാജ്യങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ കൊല്ലങ്ങളിൽ മധ്യ, പടിഞ്ഞാറൻ ആഫ്രിക്കൻ ഭാഗങ്ങളിൽ ആയിരക്കണക്കിനാളുകൾക്കാണ് കുരങ്ങുപനി ബാധിച്ചത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : നാടകീയത നിറഞ്ഞ നിമിഷങ്ങൾ, പിറകിൽ നിന്ന ശേഷം അവസാനനിമിഷം തിരിച്ചടിച്ച മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് പ്രീമിയർ ലീഗ് രാജാക്കന്മാരായി. ലീഗിലെ അവസാന മത്സരത്തില്‍ ആസ്റ്റണ്‍ വില്ലയെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് മാഞ്ചസ്റ്റര്‍ സിറ്റി തോല്‍പ്പിച്ചത്. അഞ്ച് മിനിറ്റുകള്‍ക്കിടെ മൂന്ന് ഗോളുകൾ നേടിയാണ് മാഞ്ചസ്റ്റര്‍ സിറ്റി കിരീടമുയർത്തിയത്. കിരീടപ്പോരിൽ ഒപ്പമുണ്ടായിരുന്ന ലിവർപൂൾ വൂൾവറാംപ്‌ടൺ വാണ്ടറേഴ്‌സിനെ 3–1ന്‌ തോൽപ്പിച്ചെങ്കിലും കാര്യമുണ്ടായില്ല. 38 കളി പൂർത്തിയായപ്പോൾ മാഞ്ചസ്റ്റര്‍ സിറ്റി 93 പോയിന്റ്, ലിവർപൂൾ–92. ഒരു പോയിന്റിന്റെ വ്യത്യാസത്തിൽ പെപ്‌ ഗ്വാർഡിയോളയും കൂട്ടരും ഇത്തിഹാദിൽ നെഞ്ചും വിരിച്ചു നിന്നു.

ഗ്വാർഡിയോളയ്ക്കു കീഴിൽ അഞ്ച്‌ സീസണുകൾക്കിടെ സിറ്റിയുടെ നാലാം ലീഗ്‌ കിരീടമാണിത്. സിറ്റിക്കെതിരെ അവരുടെ ഗ്രൗണ്ടില്‍ 69 മിനിറ്റുകള്‍ പിന്നിടുമ്പോള്‍ ആസ്റ്റണ്‍ വില്ല 0-2ന് മുന്നിലായിരുന്നു. മാറ്റി കാഷ്, ഫിലിപെ കുടിഞ്ഞോ എന്നിവരാണ് ഗോള്‍ നേടിയിരുന്നത്. എന്നാല്‍ ഗുണ്ടോഗന്റെ ഇരട്ട ഗോള്‍ സിറ്റിയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. 76-ാം മിനിറ്റിലായിരുന്നു ഗുണ്ടോഗന്റെ ആദ്യ ഗോള്‍. 78-ാം മിനിറ്റില്‍ റോഡ്രി ഒപ്പമെത്തിച്ചു. 81-ാം മിനിറ്റില്‍ ഒരു ഗോള്‍ കൂടി നേടി ഗുണ്ടോഗന്‍ സിറ്റിക്ക് കിരീടം സമ്മാനിച്ചു.

നഷ്ടപ്പെടാൻ ഒന്നുമില്ലാത്തതിനാൽ അവസാന നിമിഷം വരെ പോരാടിയെന്ന് പ്രീമിയർ ലീഗ് പ്ലെയർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ട ബെൽജിയൻ മിഡ്ഫീൽഡർ കെവിൻ ഡി ബ്രൂയ്ൻ പറഞ്ഞു. ഇത് ഇതിഹാസങ്ങളുടെ ടീമാണെന്ന് പെപ് ഗാർഡിയോള പ്രതികരിച്ചു. ലിവര്‍പൂള്‍ 92 പോയിന്റുമായി രണ്ടാമതായി. 74 പോയിന്റുള്ള ചെല്‍സിയാണ് മൂന്നാം സ്ഥാനത്ത്. 71 പോയിന്റുള്ള ടോട്ടന്‍ഹാം നാലാ സ്ഥാനത്താണ്. ഇവര്‍ യുവേഫ ചാംപ്യന്‍സ് ലീഗിന് യോഗ്യത നേടി. 69 പോയിന്റുള്ള ആഴ്‌സനല്‍ അഞ്ചാമതാണ്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ആറാമതും. ബേണ്‍ലി, വാറ്റ്‌ഫോര്‍ഡ്, നോര്‍വിച്ച് സിറ്റി എന്നിവര്‍ തരം താഴ്ത്തപ്പെട്ടു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ടെക്സസിൽ ലാൻഡ്സ്കേപ്പിങ് നടത്തുന്ന അമ്പത്തിമൂന്നുകാരൻ വ്യാഴാഴ്ച തേനീച്ചകളുടെ കുത്തേറ്റ് മരിച്ചു. ടെക്സസിലെ ഓസ്റ്റിനിൽ ഒരു കസ്റ്റമറുടെ വീടിന്റെ പുറകുവശത്ത് ജോലി ചെയ്യുമ്പോഴാണ് ഫ്രാൻകോ ഗാൽവൻ മാർട്ടിനെസിനു അപകടമുണ്ടായത്. മരത്തിൽനിന്ന് തൂക്കിയ കൊളുത്തിൽ നിന്നാണ് ഇദ്ദേഹം ജോലിചെയ്തിരുന്നത്. അതിനാൽ തന്നെ തേനീച്ചകളുടെ കുത്തിൽ നിന്നും രക്ഷപ്പെടുവാൻ സാധിക്കാതെ, പത്ത് മിനിറ്റോളം ഇദ്ദേഹത്തിന് കുത്തേറ്റു. തേനീച്ചകളുടെ ആക്രമണം കണ്ട് പെട്ടെന്നുണ്ടായ പരിഭ്രാന്തിയിൽ അദ്ദേഹം നിന്നിരുന്ന ഗോവണി അദ്ദേഹം തന്നെ തള്ളിക്കളഞ്ഞു. അതിനാൽ ഈച്ചകളുടെ കുത്തേറ്റ മുഴുവൻ സമയവും അദ്ദേഹം കൊളുത്തിൽ തൂങ്ങി കിടക്കുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ സുഹൃത്ത് ജോ മാൽടൊനാടോ മാധ്യമങ്ങളോട് പറഞ്ഞു. ധാരാളം തേനീച്ചകൾ ഉണ്ടായിരുന്നതായും അത് എല്ലാം തന്നെ മാർട്ടിനെസിന്റെ ശരീരത്തിൽ പൊതിഞ്ഞതായും ജോ പറഞ്ഞു.

മാർട്ടിനെസിന്റെ കൂടെയുണ്ടായിരുന്ന രണ്ട് ജോലിക്കാർ അദ്ദേഹത്തെ രക്ഷപ്പെടുത്താൻ ശ്രമിച്ചുവെങ്കിലും തേനീച്ചകളുടെ നിരന്തരമായ ആക്രമണം മൂലം അത് സാധിക്കാതെ വരികയായിരുന്നു. ടെക്സസിലെ തേനീച്ചകളിൽ ഭൂരിഭാഗവും ഹൈബ്രിഡ് വെറൈറ്റിയിൽ ഉൾപ്പെടുന്നതാണ്. ആക്രമണ സ്വഭാവം കുറവുള്ള യൂറോപ്യൻ തേനീച്ചകളുടെയും, ആക്രമണ സ്വഭാവം വളരെ ഏറെയുള്ള ആഫ്രിക്കൻ ബീച്ചുകളുടെയും കൂടിയുള്ള ഹൈബ്രിഡ് വെറൈറ്റികളാണ് സാധാരണയായി ടെക്സസിൽ വളർത്തപ്പെടുന്നത്. പിന്നീട് ഫയർഫോഴ്സ് അധികൃതർ സ്ഥലത്തെത്തി ഈച്ചകളെ തുരത്തുവാൻ ശ്രമിച്ചതായി ദൃക്സാക്ഷികൾ വ്യക്തമാക്കി. ഇത്തരത്തിൽ ഒരു തേനീച്ച കൂടിനെ സംബന്ധിച്ച് സ്ഥലവാസികൾക്ക് അറിവ് ഉണ്ടായിരുന്നെങ്കിലും ഇത് നീക്കം ചെയ്യുവാൻ യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല. പ്രൈവറ്റ് പ്രോപ്പർട്ടികളിലുള്ള അപകടകരമായ തേനീച്ചക്കൂടുകൾ നീക്കം ചെയ്യുവാനുള്ള സർവീസുകൾ ഓസ്റ്റിൻ ഗവൺമെന്റും നടത്തുന്നില്ല. മരണമടഞ്ഞ മാർട്ടിനെസിനു ഭാര്യയും രണ്ടു മക്കളും കൊച്ചുമക്കളുമുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ഈ വർഷം ഒക്ടോബറോടെ ഉപഭോക്താക്കളിൽ പകുതിയും ഇന്ധന ദാരിദ്ര്യം നേരിടുമെന്ന മുന്നറിയിപ്പുമായി ഇയോൺ. ഊർജ വില കുതിച്ചുയർന്നതോടെ രാജ്യത്തെ നിരവധി കുടുംബങ്ങൾ പ്രതിസന്ധിയിലായെന്നും ഇയോൺ യുകെ ബോസ് മൈക്കൽ ലൂയിസ് പറഞ്ഞു. അടിയന്തര ഇടപെടൽ ആവശ്യമാണെന്നാണ് യുകെയിലെ ഏറ്റവും വലിയ ഊർജ്ജ വിതരണക്കാരിൽ ഒരാളായ ഇയോൺ സർക്കാരിനോട് ആവശ്യപ്പെട്ടത്. തങ്ങളുടെ ഉപഭോക്താക്കളിൽ എട്ടിൽ ഒരാൾ ബില്ലടയ്ക്കാൻ ബുദ്ധിമുട്ടുന്നുണ്ടെന്ന് ലൂയിസ് കൂട്ടിച്ചേർത്തു. ഒക്ടോബറിൽ പുതിയ ഊർജ്ജ വില പരിധി പ്രാബല്യത്തിൽ വരുന്നതിന് മുമ്പുതന്നെ സ്ഥിതി ഗുരുതരമാകുമെന്ന് അദ്ദേഹം വിലയിരുത്തി.

വരുമാനത്തിന്റെ 10 ശതമാനമോ അതിൽ കൂടുതലോ ഊർജത്തിനായി ചെലവഴിക്കേണ്ടി വരുമ്പോഴാണ് ഒരു കുടുംബം ഇന്ധന ദാരിദ്ര്യത്തിലാകുന്നത്. “ഉപഭോക്താക്കളിൽ അഞ്ചിലൊന്ന് പേരും ഇതിനകം ഇന്ധന ദാരിദ്ര്യത്തിലാണ്. ഈ വർഷാവസാനം അത് ഗണ്യമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.” ലൂയിസ് പറഞ്ഞു. എനർജി റെഗുലേറ്റർ ഓഫ്‌ഗം ഏപ്രിലിൽ ഗ്യാസ്, വൈദ്യുതി ബില്ലുകളുടെ വില പരിധി ഉയർത്തിയിരുന്നു. ഇതോടെ ശരാശരി ഗാർഹിക ഊർജ്ജ ബിൽ 1,971 പൗണ്ടായി ഉയർന്നു.

ഇതിനു പിന്നാലെ പണപ്പെരുപ്പ നിരക്ക് 40 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കായ 9 ശതമാനത്തിലെത്തി. ഗ്യാസിന്റെയും വൈദ്യുതിയുടെയും വില നിശ്ചയിച്ചിരിക്കുന്നത് എനർജി റെഗുലേറ്റർ ഓഫ്‌ഗം ആണ്. അതിനാൽ പരിമിതമായ സഹായം മാത്രമേ ഉപഭോക്താക്കൾക്ക് നൽകാൻ സാധിക്കൂ എന്നും ലൂയിസ് അവകാശപ്പെട്ടു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- കോവിഡ് മൂലം ക്യാൻസൽ ആയ ഫ്ലൈറ്റ് ബുക്കിംഗുകൾക്ക് യാത്രക്കാർ വൗച്ചറുകൾക്ക് പകരം റീഫണ്ട് ആവശ്യപ്പെട്ടതോടെ ബ്രിട്ടീഷ് എയർവെയ്സ് പ്രതിസന്ധിയിലായിരിക്കുകയാണ്. കഴിഞ്ഞ രണ്ടു വർഷമായി ബ്രിട്ടീഷ് എയർവെയ്സ് പണം തിരിച്ചുനൽകുന്നതിന് പകരമായി, 3.3 മില്യനോളം വൗച്ചറുകൾ നൽകുവാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ഭൂരിഭാഗം യാത്രക്കാരും ഈ പ്രവർത്തിയിൽ അതൃപ്തി രേഖപ്പെടുത്തിയതോടെയാണ് ഇപ്പോൾ റീഫണ്ട് നൽകുവാൻ തീരുമാനിച്ചിരിക്കുന്നത്. വൗച്ചറുകൾ ഉപയോഗിക്കാൻ പറ്റാത്ത യാത്രക്കാർക്ക് റീഫണ്ട് നൽകാൻ തീരുമാനിച്ചതായി ബ്രിട്ടീഷ് എയർവെയ്സ് അധികൃതരും അറിയിച്ചിരുന്നു.


2020 ൽ ബ്രിട്ടീഷ് എയർവെയ്സിൽ ബുക്ക് ചെയ്ത് തന്റെ അഞ്ചു ടിക്കറ്റുകളുടെയും റീഫണ്ട് ലഭിച്ചതായി ഒരു യാത്രക്കാരൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇനിയും റീഫണ്ട് നൽകാൻ ധാരാളം ആളുകൾ ഉണ്ട് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഏറ്റവും കൂടുതൽ ആളുകൾ യാത്ര ചെയ്യുന്ന സമ്മർ കാലത്ത് സ്റ്റാഫുകളുടെ കുറവ് മൂലം ഫ്ലൈറ്റുകൾ ക്യാൻസൽ ചെയ്ത ബ്രിട്ടീഷ് എയർവെയ്സിന്റെ നടപടി വീണ്ടും വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. എന്നാൽ യാത്രക്കാരുടെ എല്ലാ ആവശ്യങ്ങളും പരിഗണിക്കുമെന്നും, തുടക്കത്തിൽ ഏറ്റവും അത്യാവശ്യമുള്ള റീ ഫണ്ടുകൾ ആണ് നൽകുന്നതെന്നും ബ്രിട്ടീഷ് എയർവെയ്സ് അധികൃതർ അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

സ്കോട്ട് മോറിസൺ സഖ്യത്തെ പുറത്താക്കിക്കൊണ്ട് ഏകദേശം ഒരു ദശാബ്ദത്തിനൊടുവിൽ ഓസ്ട്രേലിയയിൽ ലേബർ പാർട്ടി നേതാവ് ആന്റണി അൽബനീസ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. തൻെറ വിജയം ഓസ്ട്രേലിയയിലെ ജനത മാറ്റത്തിനു വേണ്ടി വോട്ടു ചെയ്തതിൻെറ ഫലമാണെന്ന് അൽബനീസ് പറഞ്ഞു. എന്നാൽ ഇദ്ദേഹത്തിന് ഭൂരിപക്ഷം ലഭിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ആളുകളെ ഒരുമിച്ച് കൊണ്ടുവരുമെന്നും സാമൂഹിക സേവനങ്ങളിൽ നിക്ഷേപം നടത്തുമെന്നും മധ്യ ഇടതുപക്ഷ നേതാവ് പ്രതിജ്ഞയെടുത്തു. തൻെറ വിജയത്തിന് കാരണമായ ഓസ്ട്രേലിയൻ ജനതയോട് അദ്ദേഹം നന്ദി പറയുകയും ചെയ്തു.

സിഡ്‌നിയിലെ പാർട്ടിയുടെ വിജയത്തിനു പിന്നാലെ തനിക്ക് രാജ്യത്തെ നയിക്കാനായത് വലിയ ബഹുമതി ആണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഓസ്ട്രേലിയൻ ജനതയെ ഒരുമിച്ചു കൊണ്ടുവരാൻ തൻറെ പാർട്ടി എല്ലാദിവസവും പ്രയത്നിക്കുമെന്നും ഓസ്ട്രേലിയയിലെ ജനങ്ങൾക്ക് യോഗ്യമായ ഒരു സർക്കാരിനെ തങ്ങൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ജപ്പാൻ, ഇന്ത്യ, യുഎസ് രാജ്യങ്ങളിലെ നേതാക്കളുമായുള്ള ഉച്ചകോടിക്കായി അൽബനീസ് തിങ്കളാഴ്ച ടോക്കിയോയിലേക്ക് പോകും. ഓസ്ട്രേലിയയിലെ പ്രധാനമന്ത്രിയുടെ സ്ഥാനത്തുനിന്നാണ് അദ്ദേഹം ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. അതിനാൽ തന്നെ ഉടനെ തന്നെ അദ്ദേഹത്തിൻെറ സത്യപ്രതിജ്ഞ ഉണ്ടാകും. ഓസ്ട്രേലിയയിൽ ഏറ്റവും കൂടുതൽ കാലം സേവിച്ച രാഷ്ട്രീയപ്രവർത്തകരിൽ ഒരാളായ അൽബനീസ് 2013-ൽ കെവിൻ റൂഡിന്റെ ഉപപ്രധാനമന്ത്രിയായി ഹ്രസ്വകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാത്രമല്ല അദ്ദേഹം പാർട്ടിയുടെ മുൻനിര നേതാക്കളിൽ ഒരാളാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കോവിഡ് – 19ന് എതിരായ പ്രതിരോധകുത്തിവെപ്പുകൾ ഇതുവരെയും സ്വീകരിക്കാത്തവർക്ക് നെഗറ്റീവ് പി.സി.ആറോ ആന്റിജൻ ടെസ്റ്റോ ഉണ്ടെങ്കിൽ സ്പെയിനിലേക്ക് ഇനി യാത്ര ചെയ്യാം. വാക്സിനേഷൻ എടുക്കാത്ത യാത്രക്കാർക്ക് ശനിയാഴ്ച മുതൽ രാജ്യത്തേക്ക് പ്രവേശിക്കാമെന്ന് സ്പാനിഷ് സർക്കാർ സ്ഥിരീകരിച്ചിരുന്നു. പൂർണമായും വാക്സിനേഷൻ എടുത്ത യാത്രക്കാർക്ക് ഇപ്പോഴും വാക്സിനേഷൻ സ്വീകരിച്ചതിൻെറ തെളിവ് കാണിക്കേണ്ടതുണ്ട്. മാർച്ച് 18 ഓടെ യുകെ സർക്കാർ എല്ലാ അന്താരാഷ്ട്ര തലത്തിലുള്ള കോവിഡ് യാത്രാ നിയന്ത്രണങ്ങളും നീക്കം നിയന്ത്രണങ്ങളും നീക്കം ചെയ്തിരുന്നു. ഇതിൽ പാസഞ്ചർ ലൊക്കേറ്റർ വാക്സിനേഷൻ സ്വീകരിക്കാത്ത യാത്രക്കാരുടെ അനുമതിയും ഉൾപ്പെടുന്നു.ഓസ്ട്രിയ, ഗ്രീസ്, സ്വിറ്റ്സർലൻഡ്, ബൾഗേറിയ, ക്രൊയേഷ്യ, ലിത്വാനിയ, സ്വീഡൻ, സെർബിയ, സ്ലൊവേനിയ, സ്ലൊവാക്യ എന്നിവിടങ്ങളിലും നിലവിൽ കോവിഡ് യാത്രാ നിയന്ത്രണങ്ങളൊന്നുമില്ല.

നേരത്തെ ആക്ഷൻ സർട്ടിഫിക്കേഷനുകൾ ഉണ്ടെങ്കിൽ മാത്രമേ യുകെ യാത്രക്കാർക്ക് സ്പെയിനിൽ പ്രവേശിക്കാൻ അനുവാദം ഉണ്ടായിരുന്നുള്ളൂ എന്നാൽ ഇപ്പോൾ പുതിയ തരംഗത്തിൻെറ തോത് കുറഞ്ഞതോടെ യുകെ സന്ദർശകരെ സ്വാഗതം ചെയ്ത് ലോകമെമ്പാടുമുള്ള രാജ്യങ്ങൾ തങ്ങളുടെ കോവിഡ് നിയന്ത്രണങ്ങൾ മാറ്റിയിരിക്കുകയാണ്. മെയ് 21 മുതൽ സ്പെയിനിലേക്ക് വ്യോമ സമുദ്ര അതിർത്തികളിലൂടെ പ്രവേശിക്കുന്ന എല്ലാ സന്ദർശകർക്കും താഴെപ്പറയുന്ന മൂന്ന് സർട്ടിഫിക്കറ്റുകളിൽ ഒന്ന് നൽകേണ്ടതായുണ്ട്.

1 . സർക്കാരിന്റെ ആവശ്യകതകൾ നിറവേറ്റുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റ്
2 . ഒരു നെഗറ്റീവ് ടെസ്റ്റ് സർട്ടിഫിക്കറ്റ്
3 . പോസിറ്റീവ് പരിശോധനയ്ക്കുശേഷം കുറഞ്ഞത് പത്തു ദിവസമെങ്കിലും കഴിഞ്ഞ് രോഗം പൂർണമായി മാറി എന്നതിൻറെ സർട്ടിഫിക്കറ്റ്.

കോവിഡ് – 19 വാക്സിനേഷൻ സ്വീകരിച്ചതായുള്ള സർട്ടിഫിക്കറ്റ് ഡിജിറ്റലായോ അല്ലെങ്കിൽ ഡൗൺലോഡ് ചെയ്തതോ സ്പെയിൻ സ്വീകരിക്കും. സ്പെയിനിലേക്ക് പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പെങ്കിലും പി.സി.ആർ ടെസ്റ്റുകൾ നടത്തണം അല്ലെങ്കിൽ പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് ആന്റിജൻ ടെസ്റ്റ് നടത്തണം. റിക്കവറി സർട്ടിഫിക്കറ്റുകളുടെ തെളിവ് പോസിറ്റീവ് ടെസ്റ്റ് തീയതി മുതൽ 150 ദിവസത്തേക്ക് ഉപയോഗിക്കാം. 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് യാതൊരുവിധ സർട്ടിഫിക്കറ്റുകളും സമർപ്പിക്കേണ്ട ആവശ്യമില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

പുതുവത്സര ആഘോഷത്തിനിടെ യാതൊരു പ്രകോപനവും ഇല്ലാതെ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പുരുഷന്മാർക്കും ഒരു കൗമാരക്കാരനും ജീവപര്യന്തം തടവ് ശിക്ഷ നൽകി. ഫോറൻസിക് തെളിവുകൾ നശിപ്പിക്കാൻ വേണ്ടി കുറ്റവാളികൾ വില്യം ‘ബില്ലി’ ഹെൻഹാമിന്റെ ശരീരം ബ്ലീച്ചിൽ മുക്കിയിട്ടതായി കോടതിയിൽ കണ്ടെത്തി.

കൊലപാതകം നടക്കുന്നതിന് മണിക്കൂറുകൾക്കു മുമ്പ് 24-കാരനായ ഹെൻഹാമിന്റിനെ ബ്രൈറ്റണിലെ ഒരു നിശാക്ലബ്ബിൽ ആണ് അവസാനമായി കണ്ടത്. എന്നാൽ 2020 ജനുവരി ഒന്നിന് നേരം പുലരുമ്പോഴേക്കും പൊട്ടിയ ഗോവണി പടികളിൽ നിന്നുള്ള മാരകമായ ആക്രമണത്തിനു വിധേയമായ രീതിയിൽ 67 വ്യത്യസ്ത പരിക്കുകളുമായുള്ള ശരീരമാണ് കണ്ടെത്താനായത്.

മൃതശരീരത്തിൽ ഇരുവശങ്ങളിലുമായി 11 വാരിയെല്ലുകൾ, തലയോട്ടിയിലെ മുഖത്തിലും കഴുത്തിലും വ്യാപകമായ ചതവ്, നെറ്റിയിൽ ആഴത്തിലുള്ള മുറിവ്, മസ്തിഷ്ക ക്ഷതം എന്നിവ കണ്ടെത്തി. തെക്ക് കിഴക്കൻ ലണ്ടനിലെ റാവൻസ്‌ബോൺ സർവകലാശാലയിലെ ഫിലിം, ഫോട്ടോഗ്രാഫി പഠനങ്ങളിൽ നിന്ന് ഇടവേള എടുത്ത് വെസ്റ്റ് സസെക്സിലെ ഹെൻഫീൽഡിൽ മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്ന ഹെൻഹാമിനെ 11 അടി ഉയരത്തിൽ നിന്ന് താഴേക്ക് ഇടുകയായിരുന്നു. യുവാവ് ധരിച്ചിരുന്ന ചുവന്ന ഹ്യൂമ ട്രെയിനഴ്‌സ് ഒഴികെയുള്ള വസ്ത്രങ്ങൾ ഒന്നും തന്നെ വീണ്ടെടുക്കാൻ ഇതുവരെയും സാധിച്ചിട്ടില്ല. മരിച്ച യുവാവിൻെറ തലമുടിയിൽ നിന്ന് അണുനാശിനിയുടെ അംശവും കണ്ടെത്തിയിരുന്നു.

RECENT POSTS
Copyright © . All rights reserved