Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

15 വയസ്സുകാരിയെ കാണാതായതിൻെറ പതിനഞ്ചാം ദിവസം ബ്രിസ്റ്റോളിൽ കണ്ടെത്തി പോലീസ്. ഏപ്രിൽ-26 ന് സൗത്ത്മീഡ് ഏരിയയിലെ തൻെറ വീട്ടിൽ നിന്ന് കാണാതായ മാഡി എന്ന് അറിയപ്പെടുന്ന മാഡിസണിനുവേണ്ടി പോലീസ് വൻ തിരച്ചിലാണ് നടത്തിയിരുന്നത്. കുട്ടിയെ തട്ടിക്കൊണ്ടു പോയവർ എന്ന് സംശയിക്കുന്ന മൂന്ന് പേരെ കുട്ടിയെ കണ്ടെത്തിയ സ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. കുട്ടിയെ കണ്ടെത്താനായുള്ള പൊതുജനങ്ങളുടെ സഹായത്തിന് ഡിറ്റക്ടീവ് ഇൻസ്പെക്ടർ ലോറ മില്ലർ നന്ദി പറഞ്ഞു.

മാഡിസണെ കണ്ടെത്തിയെന്നും ഇതിനോടനുബന്ധിച്ച് മൂന്ന് പേർ പോലീസ് കസ്റ്റഡിയിൽ ആണെന്നും അവരെ ഉടനെതന്നെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുമെന്നും അവർ പറഞ്ഞു. മാഡിയെകുറിച്ചുള്ള തങ്ങളുടെ തെരച്ചിലിൽ പൊതു ജനങ്ങൾ നൽകിയ എല്ലാ പിന്തുണയ്ക്കും ഞങ്ങൾ നന്ദി ഉള്ളവരാണെന്നും അവൾക്കിപ്പോൾ ആവശ്യമായ പരിചരണവും പിന്തുണയും നൽകുന്നുണ്ടെന്ന് ഉറപ്പു നൽകാൻ ആഗ്രഹിക്കുന്നു എന്നും അവർ കൂട്ടിച്ചേർത്തു. മാഡിയെ കണ്ടെത്തിയ വിവരം ഉടനെ തന്നെ പോലീസ് കുടുംബത്തെ അറിയിച്ചിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ന്യൂഡൽഹി : ഉയര്‍ന്ന തുകയുടെ പണം നിക്ഷേപിക്കുന്നതിന് പാൻകാര്‍ഡ് അല്ലെങ്കിൽ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി കേന്ദ്ര സർക്കാർ. ഒരു സാമ്പത്തിക വർഷം നിശ്ചിത തുക നിക്ഷേപിക്കുന്നതിനും പണം പിൻവലിക്കുന്നതിനും പുതിയ നിബന്ധന ബാധകമാകും. നിക്ഷേപം 20 ലക്ഷം രൂപയിൽ കൂടുതലാണെങ്കിലാണ് ഇനി പാൻകാര്‍ഡോ ആധാറോ നിര്‍ബന്ധമാകുന്നത്. ബാങ്കിൽ കറന്റ് അക്കൗണ്ടോ ക്യാഷ് ക്രെഡിറ്റ് അക്കൗണ്ടോ തുറക്കുന്ന സാഹചര്യത്തിലും പാൻ അല്ലെങ്കിൽ ആധാർ നമ്പർ നൽകേണ്ടത് നിർബന്ധമാക്കിയിട്ടുണ്ട്. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് ആണ് മെയ് 10-ന് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. പുതിയ നിയമം 2022 മെയ് 26 മുതൽ പ്രാബല്യത്തിൽ വരും.

വിജ്ഞാപനമനുസരിച്ച് എല്ലാ വ്യക്തികളും ഉയര്‍ന്ന പണം ഇടപാടുകൾ നടത്തുമ്പോൾ, ഇടപാടുമായി ബന്ധപ്പെട്ട രേഖകളിൽ പാൻ നമ്പറോ ആധാർ നമ്പറോ നൽകേണ്ടതാണ്. ഈ പുതിയ നിയമം പോസ്റ്റ് ഓഫീസുകൾക്കും സഹകരണ സംഘങ്ങൾക്കും ബാധകമായിരിക്കും. കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്നതിനും പണം നിക്ഷേപം, പിൻവലിക്കൽ എന്നിവ ട്രാക്കുചെയ്യുന്നതിനും ഇടപാടുകൾ സുതാര്യമാക്കുന്നതിനും വേണ്ടിയാണ് കേന്ദ്ര സർക്കാരിന്റെ ഈ നടപടി.

ഒരു ബാങ്കിലോ പോസ്റ്റ് ഓഫീസിലോ ഉള്ള ഒന്നോ അതിലധികമോ അക്കൗണ്ടുകളിലായി 20 ലക്ഷം രൂപയോ അതിൽ കൂടുതലോ നിക്ഷേപം നടത്തിയവര്‍ക്ക് ഇത് ബാധകമാകും. ഒരു സാമ്പത്തിക വർഷത്തിൽ നടത്തുന്ന നിക്ഷേപമാണ് പരിശോധിക്കുക.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ജീവിതചെലവ് പ്രതിസന്ധി നേരിടുന്നതിന്റെ ഭാഗമായി 90,000 സിവിൽ സർവീസ് ജോലികൾ വെട്ടിക്കുറയ്ക്കാൻ ഉത്തരവിട്ട് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. അഞ്ച് തസ്തികകളിൽ ഒന്ന് വീതം വെട്ടിക്കുറച്ച്, വരും വർഷങ്ങളിൽ ജോലിക്കാരുടെ എണ്ണം 2016 ലെ നിലവാരത്തിലേക്ക് മടങ്ങണമെന്നാണ് പ്രധാനമന്ത്രിയുടെ ആഗ്രഹം. ജീവിതച്ചെലവ് കുറയ്ക്കുന്നതിന് സർക്കാർ ചിലവുകൾ കുറയ്ക്കേണ്ടതുണ്ടെന്ന് ജോൺസൺ വ്യക്തമാക്കി. എന്നാൽ ഈ തീരുമാനം, പാസ്‌പോർട്ട് പ്രോസസ്സിംഗ് പോലുള്ള സേവനങ്ങളെ ബാധിക്കുമെന്ന് ആശങ്കയുണ്ട്.

2016-ൽ സിവിൽ സർവീസ് സേവനങ്ങളിൽ 384,000 ജീവനക്കാർ ജോലി ചെയ്തിരുന്നു. എന്നാൽ ബ്രെക്സിറ്റോടെ എണ്ണം കുതിച്ചുയർന്നു. കഴിഞ്ഞ വർഷം അവസാനം ഇത് 475,000-ൽ എത്തി. ജോലി വെട്ടികുറയ്ക്കുന്നതിന്റെ കാര്യത്തിൽ സർക്കാരിന് തീരുമാനം എടുക്കാം. എന്നാൽ ഈ നീക്കം പാസ്‌പോർട്ടുകൾ, അതിർത്തി നിയന്ത്രണം, ആരോഗ്യം പോലുള്ള വിവിധ സേവനങ്ങളെ ബാധിക്കുമെന്ന് എഫ് ഡിഎ ജനറൽ സെക്രട്ടറി ഡേവ് പെൻമാൻ പറഞ്ഞു.

വിലക്കയറ്റത്തിന്റെ ആഘാതം അനുഭവിക്കുന്നവർക്ക് കൂടുതൽ പിന്തുണ വാഗ്ദാനം ചെയ്യുന്നതിനായി അടിയന്തര ബജറ്റ് അവതരിപ്പിക്കുന്നതിനുപകരം അർഥശൂന്യമായ ഇത്തരം പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പിലാക്കുന്നതെന്ന് ലേബർ പാർട്ടി ആരോപിച്ചു. എന്നാൽ ജീവിതചെലവ് പ്രതിസന്ധി നേരിടാനായി സർക്കാർ കാര്യക്ഷമമായി പ്രവർത്തിക്കുമെന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെന്ന് സർക്കാർ വക്താവ് അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : സാൽമൊണല്ല ഭീതിയെ തുടർന്ന് ചിക്കൻ ഉത്പന്നങ്ങൾ തിരിച്ചു വിളിച്ച് പ്രമുഖ സൂപ്പർമാർക്കറ്റുകൾ. ചിക്കൻ സാൻഡ്‌വിച്ചുകൾ, റാപ്പുകൾ, സാലഡുകൾ തുടങ്ങിയവ വാങ്ങിയ ഉപഭോക്താക്കളോട്, അവ ഭക്ഷിക്കരുതെന്നും റീഫണ്ടിനായി സ്റ്റോറുകളിലേക്ക് മടക്കി നൽകാനും സൂപ്പർമാർക്കറ്റുകൾ നിർദ്ദേശിക്കുന്നു. ടെസ്‌കോ, സെയിൻസ്‌ബറിസ്, ആൽഡി, പ്രെറ്റ് എ മാംഗർ, എം ആൻഡ് എസ്, വെയ്‌ട്രോസ് എന്നിവരാണ് നൂറോളം ചിക്കൻ ഉത്പന്നങ്ങൾ തിരിച്ചുവിളിച്ചത്. ആമസോൺ, കഫെ നീറോ, കോസ്റ്റ, വൺ സ്റ്റോപ്പ്, സ്റ്റാർബക്സ് എന്നിവയുൾപ്പെടെയുള്ളവരും ഉത്പന്നങ്ങൾ തിരിച്ചുവിളിക്കുന്നുണ്ടെന്ന് ഫുഡ് സ്റ്റാൻഡേർഡ് ഏജൻസി (എഫ്എസ്എ) മുന്നറിയിപ്പ് നൽകി. മെയ്‌ 11 മുതൽ 20 വരെ ഉപയോഗിക്കാവുന്ന ഉത്പന്നങ്ങളാണ് പ്രധാനമായും തിരിച്ചുവിളിച്ചത്.

ഹളിലെ ക്രാൻസ്‌വിക്ക് കൺട്രി ഫുഡ്‌സ് പ്രോസസ്സിംഗ് പ്ലാന്റിലെ പരിശോധനയിലാണ് സാൽമൊണല്ലാ ബാക്റ്റീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. ചിക്കൻ ഉൽപ്പന്നങ്ങൾ തിരിച്ചുവിളിക്കാനുള്ള തീരുമാനം ഒരു മുൻകരുതൽ നടപടിയാണെന്ന് സൂപ്പർമാർക്കറ്റുകളുടെ വെബ്സൈറ്റിൽ പറയുന്നു. 33 ഇനങ്ങളാണ് സെയിൻസ്‌ബറി തിരിച്ചുവിളിക്കുന്നത്.

ചിക്കൻ സാൻഡ്‌വിച്ചുകൾ, ചിക്കൻ റാപ്പുകൾ, ചിക്കൻ സാൻഡ്‌വിച്ച് പ്ലേറ്ററുകൾ, പാകം ചെയ്ത ചിക്കൻ തുടങ്ങിയവയാണ് തിരിച്ചുവിളിക്കുന്നതെന്ന് സെയിൻസ്‌ബറിയുടെ വക്താവ് അറിയിച്ചു. “ചിക്കൻ ഉൽപ്പന്നം ഉപയോഗിക്കരുതെന്നും അടുത്തുള്ള സെയിൻസ്ബറി സ്റ്റോറിലേക്ക് തിരികെ നൽകണമെന്നും ഞങ്ങൾ ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നു. അവിടെ അവർക്ക് മുഴുവൻ റീഫണ്ടും ലഭിക്കും. ഉപഭോക്താക്കൾക്ക് ഉണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നു.” അവർ കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

നോട്ടിങ്ഹാം: പതിമൂന്നുകാരിയായ പെൺകുട്ടിയെ മൂന്നു വർഷത്തിലേറെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ചലച്ചിത്രനടിയും ഭർത്താവും കുറ്റക്കാരെന്ന് കോടതി. 2016-ലെ മാർവൽ സൂപ്പർഹീറോ ചിത്രമായ ഡോക്ടർ സ്‌ട്രേഞ്ചിൽ അഭിനയിച്ച സാറാ ഫിതിയനും (36) ഭർത്താവ് വിക്ടർ മാർക്കും (59) ആണ് പ്രതികൾ. 14 ലൈംഗിക കുറ്റകൃത്യങ്ങളിൽ സാറാ കുറ്റക്കാരിയാണെന്ന് നോട്ടിംഗ്ഹാം ക്രൗൺ കോടതി കണ്ടെത്തി. വിക്ടർ 18 കേസുകളിൽ കുറ്റക്കാരനാണ്. മാർഷ്യൽ ആർട്സ് അധ്യാപകനായ വിക്ടർ, പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. 2005 മുതൽ 2008 വരെ ദമ്പതികൾ പെൺകുട്ടിയെ മാസത്തിൽ ഒന്നോ രണ്ടോ തവണ ലൈംഗികമായി ദുരുപയോഗം ചെയ്തു. 2002-നും 2003നും ഇടയിൽ പതിനഞ്ചുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിലും വിക്ടർ പ്രതിയാണ്.

ദമ്പതികൾ എല്ലാ കുറ്റങ്ങളും നിഷേധിച്ചെങ്കിലും 12 ദിവസത്തെ വിചാരണയ്ക്ക് ശേഷം അവർ കുറ്റക്കാരാണെന്ന് ജൂറി വിധിക്കുകയായിരുന്നു. ഇരുവരെയും റിമാൻഡ് ചെയ്തു. മെയ്‌ 16ന് ശിക്ഷ വിധിക്കുമെന്ന് ജഡ്ജി മാർക്ക് വാട്‌സൺ അറിയിച്ചു.

മുൻ ഭാര്യയായ ജൂലിയറ്റിനൊപ്പം വിക്ടർ ആരംഭിച്ച സ്കൂൾ ഓഫ് ചാമ്പ്യൻസ് അക്കാദമിയിൽ സാറാ ചേർന്നതോടെയാണ് ഇരുവരും തമ്മിൽ കണ്ടുമുട്ടുന്നത്. സാറായ്ക്ക് അന്ന് പതിനാലു വയസ്സായിരുന്നു പ്രായം. കാലാക്രമേണ ആ ബന്ധം പ്രണയത്തിലേക്ക് വഴിമാറി. പിന്നീട് സാറയുമായുള്ള വിക്ടറിന്റെ ബന്ധം പരസ്യമായതോടെ ഭാര്യ ജൂലിയറ്റ് വേർപിരിഞ്ഞു. പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സമയം ഇരുവരും വിവാഹിതരായിരുന്നില്ല. 2015ലായിരുന്നു സാറാ – വിക്ടർ വിവാഹം. പീഡനം നടന്ന് വർഷങ്ങൾക്ക് ശേഷം ഇരയായ പെൺകുട്ടികൾ പോലീസിൽ പരാതിപ്പെട്ടതോടെയാണ് താരത്തിന്റെയും ഭർത്താവിന്റെയും ക്രൂരതകൾ ലോകമറിയുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : 184 മില്യൺ പൗണ്ട് യൂറോ മില്യൻസ് ലോട്ടറി അടിച്ചെന്ന അവകാശവാദവുമായി ബ്രിട്ടീഷ് ടിക്കറ്റ് ഉടമ. രാജ്യത്തെ ഏറ്റവും ഉയർന്ന ജാക്ക്പോട്ട് തുകയാണിത്. ചൊവ്വാഴ്ചത്തെ വിജയ സംഖ്യകൾ 3, 25, 27, 28, 29 എന്നിവയായിരുന്നു. ലക്കി സ്റ്റാർ നമ്പറുകളായ 4, 9 എന്നിവയും ഉൾപ്പെടും. റെക്കോർഡ് വിജയം അവകാശപ്പെട്ട് ഒരു ടിക്കറ്റ് ഉടമ മുന്നോട്ട് വന്നതായി നാഷണൽ ലോട്ടറിയുടെ പിന്നിലുള്ള സ്ഥാപനമായ കാംലോട്ട് അറിയിച്ചു. 2004-ൽ യൂറോ മില്യൺസ് ആരംഭിച്ചതിന് ശേഷം യുകെയിലുള്ള 15 പേർ 100 മില്യണിലധികം വരുന്ന തുകയുടെ ജാക്ക്‌പോട്ടുകൾ നേടിയിട്ടുണ്ട്.

ഇത് തികച്ചും അവിശ്വസനീയമായ വാർത്തയാണെന്ന് കാമലോട്ടിന്റെ ആൻഡി കാർട്ടർ പറഞ്ഞു. അവകാശവാദവുമായി എത്തിയ ആൾ നിബന്ധനകളും വ്യവസ്ഥകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നടപടിക്രമങ്ങളുണ്ട്. ഇതിന് ശേഷം വിജയിക്ക് അജ്ഞാതനായി തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കാം. ഈ വർഷം യുകെയിൽ നേടിയ രണ്ടാമത്തെ യൂറോ മില്യൻസ് ജാക്ക്‌പോട്ടാണിത്. ഫെബ്രുവരി 4 ന് നടന്ന നറുക്കെടുപ്പിൽ 109 മില്യൺ പൗണ്ട് ജാക്ക്പോട്ട് നേടിയിരുന്നു.

ഇതുവരെ 170 മില്യൺ പൗണ്ട് ആയിരുന്നു ഏറ്റവും ഉയർന്ന ലോട്ടറി തുക. 2019 ഒക്ടോബറിലായിരുന്നു ഇത്. വിജയി അജ്ഞാതനായി തുടരാൻ തീരുമാനിച്ചു. 2011-ൽ സ്കോട്ട്‌ലൻഡിലെ നോർത്ത് അയർഷയറിൽ നിന്നുള്ള കോളിനും ക്രിസ് വീറിനും 161 മില്യൺ പൗണ്ട് ലോട്ടറി അടിച്ചിരുന്നു.

2019- ല്‍ യൂറോ മില്യണ്‍സ് ലോട്ടറി അടിച്ചതുവഴി 115 മില്യൺ പൗണ്ട് ലഭിച്ച ഫ്രാന്‍സെസ് കൊണോളി, സുഹൃത്തുക്കള്‍ക്ക് നല്‍കിയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയും ഇതുവരെ 60 മില്യണ്‍ പൗണ്ട് ചെലവാക്കിയതായി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ലോട്ടറിയിലൂടെ നേടിയ പണം കൊണ്ട് രണ്ട് ചാരിറ്റബിള്‍ ഫൗണ്ടേഷനാണ് ഇവര്‍ സ്ഥാപിച്ചത്. എന്നാൽ, ലോകത്തിൽ ഏറ്റവുമധികം സമ്മാനത്തുകയുള്ള ലോട്ടറി യുഎസ് പവര്‍ബോൾ ആണ്. സമ്മാനത്തുക 630 മില്യൺ ഡോളറായി വരെ ഉയർന്നിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞതിന്റെ ആശ്വാസത്തിലാണ് ലോകരാജ്യങ്ങൾ . എന്നാൽ വൈറസ് ഭീഷണി പൂർണമായും എന്ന് തുടച്ചു മാറ്റപ്പെടുമെന്നത് ഇന്നും ആരോഗ്യമേഖലയിലെ വിദഗ്ധരുടെ ഉറക്കംകെടുത്തുന്ന ചോദ്യമാണ്. പ്രതിരോധ കുത്തിവയ്പ്പുകളുടെ കാര്യത്തിൽ സമ്പന്ന രാജ്യങ്ങൾ വളരെയേറെ മുന്നേറിയെങ്കിലും പല ദരിദ്ര രാജ്യങ്ങളുടെ അവസ്ഥ പരിതാപകരമാണ്.

കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിൽ വാക്സിനേഷൻ വർധിപ്പിച്ചില്ലെങ്കിൽ പുതിയ കോവിഡ് വേരിയന്റുകളുടെ ആവിർഭാവം ലോകത്തെ മറ്റൊരു വൻ വൈറസ് പ്രതിസന്ധിയിലേയ്ക്ക് തള്ളിവിടുമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് മുൻ യുകെ പ്രധാനമന്ത്രിയായ ഗോർഡൻ ബ്രൗൺ . വ്യാഴാഴ്ച നടക്കുന്ന അന്താരാഷ്ട്ര കോവിഡ് ഉച്ചകോടിക്ക് മുമ്പായാണ് മുൻ യുകെ പ്രധാനമന്ത്രി തൻറെ അഭിപ്രായം ബിബിസിയ്ക്ക് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചത്. ആഗോളതലത്തിൽ പ്രതിരോധകുത്തിവെയ്പ്പുകൾ, പരിശോധനകൾ, ചികിത്സകൾ എന്നിവയുടെ ചെലവ് സമ്പന്ന രാജ്യങ്ങൾ പങ്കിടേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.


യുഎസ് പ്രസിഡൻറ് ജോ ബൈഡൻ വൈറ്റ് ഹൗസിൽ വെർച്വൽ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കും . താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലെ 11 ശതമാനം ജനങ്ങൾക്ക് മാത്രമേ പ്രതിരോധകുത്തിവയ്പ്പ് ലഭിച്ചിട്ടുള്ളു എന്ന കണക്കുകൾ പുറത്തു വന്നിരുന്നു. എന്നാൽ കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിൽ 70 ശതമാനം ജനങ്ങളിലേയ്ക്ക് വാക്സിനേഷൻ എത്തിക്കാനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് ലോകാരോഗ്യസംഘടനയുടെ ആരോഗ്യ ധനകാര്യ അംബാസിഡറായ ബ്രൗൺ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : വിലക്കയറ്റം നിയന്ത്രിക്കാനുള്ള പദ്ധതികൾ ഉൾപ്പെടുത്തിക്കൊണ്ട് സർക്കാരിന് അടിയന്തര ബജറ്റ് അവതരിപ്പിക്കാമെന്ന നിർദേശം തള്ളി മൈക്കൽ ഗോവ്. ജീവിതചെലവ് ലഘൂകരിക്കുന്നതിനുള്ള ആശയങ്ങൾ പരിഗണനയിലാണെന്ന് നമ്പർ 10 ഉറവിടം പറഞ്ഞു. പൊതുജനങ്ങളെ സഹായിക്കാൻ ആവശ്യമായ പദ്ധതികൾ രാജ്ഞിയുടെ പ്രസംഗത്തിൽ അടങ്ങിയിട്ടില്ലെന്ന് ലേബർ പാർട്ടി കുറ്റപ്പെടുത്തി. രാജ്ഞിയുടെ അഭാവത്തിൽ ചാൾസ് രാജകുമാരൻ നടത്തിയ പ്രസംഗത്തിൽ വരും വർഷത്തേക്കുള്ള 38 ബില്ലുകളെപറ്റിയും കരട് ബില്ലുകളെപറ്റിയും പറയുന്നുണ്ട്. എന്നാൽ പ്രതിദിനം വർധിച്ചുവരുന്ന പ്രതിസന്ധി ഒഴിവാക്കാൻ സർക്കാർ അടിയന്തര ബജറ്റ് പ്രഖ്യാപിക്കണമെന്ന ആവശ്യം പല കോണിൽ നിന്നുയർന്നിരുന്നു.

എണ്ണ, വാതക കമ്പനികൾക്ക് വിൻഡ്‌ഫാൾ ടാക്സ് ഏർപ്പെടുത്താൻ ചാൻസലർ ഋഷി സുനക് അടിയന്തര ബജറ്റ് പ്രഖ്യാപിക്കണമെന്നുൾപ്പെടെയുള്ള അഭിപ്രായങ്ങൾ ഉയർന്നു. എന്നാൽ പൊതുജനങ്ങൾക്ക് ആശ്വാസമാകുന്ന നടപടികൾ വരും ദിവസങ്ങളിൽ താനും ചാൻസലറും ചേർന്ന് പറയുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചു.

യഥാർത്ഥ വരുമാനം കുറയുന്നതിലൂടെ രണ്ടര ലക്ഷത്തിലധികം ആളുകൾ ഈ വർഷം ദരിദ്രാവസ്ഥയിലേക്ക് വഴുതിവീഴുമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ച് പറയുന്നു. ബുദ്ധിമുട്ടിനു താത്കാലിക പരിഹാരം എന്ന നിലയിൽ ആഴ്‌ചയിൽ 25 പൗണ്ടിന്റെ ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കാനും ദരിദ്ര കുടുംബങ്ങൾക്ക് ഒറ്റത്തവണയായി 250 പൗണ്ട് നൽകാനും തിങ്ക് ടാങ്ക് ആവശ്യപ്പെട്ടു.

സ്റ്റോക്ക് ഓൺ ട്രെന്റ്: സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന വേൾഡ് മലയാളി കൗൺസിൽ യുകെ  ട്രെഷറർ ആയ ബാബു തോമസിന്റെയും ഷൈജി പൗലോസിന്റെയും മകളായ മരിയ ബാബു (20) അൽപ്പം മുൻപ് സ്റ്റോക്ക് ഓൺ ട്രെന്റ് റോയൽ ആശുപത്രിൽ വച്ച് മരണമടഞ്ഞു.  കുടുംബം ചാലക്കുടി സ്വദേശികളാണ്.

കഴിഞ്ഞ രണ്ടു ദിവസമായി ചികിത്സയിൽ ആയിരുന്ന മരിയയുടെ ആരോഗ്യനില മോശമായിരുന്നു. പനി ബാധിച്ചാണ് ആശുപത്രിയിൽ എത്തിച്ചതെങ്കിലും പിന്നീട് ന്യൂമോണിയ സ്ഥിരീകരിച്ചിരുന്നു.

അകാലത്തിൽ ഉണ്ടായ മരിയയുടെ വേർപാടിൽ മലയാളം യുകെയുടെ അനുശോചനം ദുഃഖാർത്ഥരായ കുടുംബത്തെയും ബന്ധുക്കളെയും അറിയിക്കുകയും വേദനയിൽ പങ്ക്‌ചേരുകയും ചെയ്യുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : “ഇനി എത്ര നാൾ കൂടി ബാക്കിയുണ്ടെന്ന് അറിയില്ല.” – ജീവിതത്തിൽ ഒരിക്കലും എഴുതരുതെന്ന് ആഗ്രഹിച്ച കുറിപ്പ് എഴുതി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്‌ ചെയ്യുമ്പോൾ ഡെബോറ ജെയിംസ് അനുഭവിച്ചത് ഹൃദയം തകരുന്ന വേദനയാകും. അഞ്ചു വർഷമായി ബോവല്‍ കാന്‍സറിനോട് പടപൊരുതിയ ബി ബി സി പോഡ്കാസ്റ്റ് അവതാരക ഡെബോറ (40) കുടുംബത്തോടൊപ്പം ഹോസ്പീസ് കെയറിലേക്ക് മാറിക്കഴിഞ്ഞു. 2016 ലാണ് രോഗനിർണയം നടത്തിയത്. അഞ്ചു വർഷങ്ങൾ കൂടി ജീവിക്കുമെന്ന് ഡോക്ടർമാർ വിധിയെഴുതി. ചികിത്സകള്‍ എല്ലാം അവസാനിപ്പിച്ച് ഇനിയുള്ള നിമിഷങ്ങള്‍ തന്റെ മക്കളുടെയും ഭര്‍ത്താവ് സെബാസ്റ്റ്യന്റെയും കൂടി സന്തോഷത്തെ കഴിയാൻ വീട്ടിലേക്ക് മടങ്ങുകയാണെന്ന് ഡെബോറ പറഞ്ഞു. തന്റെ ഇൻസ്റ്റാഗ്രാം പേജായ @bowelbabe ൽ ആണ് ഹൃദയഭേദകമായ കുറിപ്പ് ഡെബോറ പങ്കുവച്ചത്.

“എല്ലാം ചെയ്തു കഴിഞ്ഞു. ഇനിയും എത്ര നാൾ ബാക്കിയുണ്ടെന്ന് അറിയില്ല. നടക്കാൻ കഴിയുന്നില്ല. ദിവസത്തിൽ കൂടുതൽ സമയവും ഞാൻ ഉറങ്ങുകയാണ് – സ്വപ്നങ്ങൾ കണ്ടുകൊണ്ട്.” കുറിപ്പിൽ പറയുന്നു. ഇനിയും ഇതേ അവസ്ഥയിൽ തുടരാൻ കഴിയില്ലെന്നും ഡെബോറ കൂട്ടിച്ചേർത്തു. ബോവല്‍ ബേബി ഫണ്ട് എന്ന പേരില്‍ കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സാ സഹായം നൽകുന്നതിനായി ഫണ്ട് സമാഹരിക്കുകയാണ് ഡെബോറയിപ്പോൾ.

ക്യാൻസർ റിസർച്ച് ഫണ്ടിലേക്ക് £1 മില്യണിലധികം സംഭാവന ലഭിച്ചുവെന്ന് ഡെബോറ സന്തോഷത്തോടെ പറഞ്ഞു. കുറിപ്പ് പോസ്റ്റ്‌ ചെയ്തതിന് ശേഷം നിരവധി പേരാണ് സംഭാവന നൽകിയത്. ബോവൽ കാൻസറിനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്ന ക്യാമ്പെയ്‌നുകളെ പിന്തുണയ്‌ക്കുമെന്നും ഡെബോറ ഉറപ്പ് പറയുന്നു. ജീവിതത്തിന്റെ അസ്തമയത്തിലേക്ക് സന്തോഷത്തോടെ യാത്ര ചെയ്യുകയെന്നതാണ് ഡെബോറയുടെ ആഗ്രഹം. ഭർത്താവും മക്കളും ഒപ്പമുണ്ട്, പ്രതീക്ഷയുടെ ഒരു പച്ചത്തുരുത്ത് ഇപ്പോഴും ബാക്കിയുണ്ടെന്ന് പറയുന്ന നിരവധിയാളുകളും.

RECENT POSTS
Copyright © . All rights reserved