Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

മാഞ്ചസ്റ്റർ: മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ട അഞ്ചു വയസുകാരിക്ക് ടോയ്‌ലെറ്റ് അനുവദിക്കാതെ ടെസ്കോ. പരാതിയുമായി അമ്മ. ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ഓഫർടണിൽ താമസിക്കുന്ന സാറാ ബ്രൂക്‌സ് (35) സ്റ്റോക്ക്‌പോർട്ടിലെ ടെസ്‌കോ എസ്സോ എക്‌സ്‌പ്രസിൽ തന്റെ മകൾ മിയയുമായി സാധനങ്ങൾ വാങ്ങാൻ എത്തിയതാണ്. അവിടെ വെച്ചാണ് മിയക്ക് കലശലായ വേദന അനുഭവപ്പെട്ടത്. മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും മാർക്കറ്റിലെ ജീവനക്കാരൻ ടോയ്‌ലെറ്റ് ഉപയോഗിക്കാൻ അനുവദിച്ചില്ലെന്ന് സാറാ പറയുന്നു. “എന്റെ മകൾ കരഞ്ഞുകൊണ്ടാണ് പറഞ്ഞത്. അവൾക്ക് അത്രയും വേദന ഉണ്ടായിരുന്നു.” സാറാ കൂട്ടിച്ചേർത്തു.

ഇത് സ്റ്റാഫിന് വേണ്ടിയുള്ള ടോയ്‌ലെറ്റ് ആണെന്നും അത്യാവശ്യമെങ്കിൽ റോഡിന് അപ്പുറത്തുള്ള പബ്ബിലേക്കോ മക്‌ഡൊണാൾഡിലേക്കോ പോകാണമെന്നും ജീവനക്കാരൻ പറഞ്ഞു. പരുഷമായ പ്രതികരണത്തിൽ തനിക്ക് വെറുപ്പുണ്ടെന്നും ടെസ്‌കോയോട് പരാതിപ്പെട്ടിട്ടുണ്ടെന്നും സാറ പറഞ്ഞു. എൻഎച്ച്എസ് പ്രവർത്തകയായ സാറാ ടെസ്‌കോയുടെ ഫെയ്‌സ്ബുക്ക് പേജിൽ ഈ പ്രശ്നത്തെക്കുറിച്ച് പരാതിപ്പെട്ടു.

എന്നാൽ പല ഉപഭോക്താക്കളും മോശമായ രീതിയിലാണ് പ്രതികരിച്ചത്. ഇതോടെ സാറാ പോസ്റ്റ്‌ പിൻവലിച്ചു. പൊതുജനങ്ങളിൽ നിന്നുള്ള പ്രതികരണം വെറുപ്പുളവാക്കുന്നതായിരുന്നുവെന്ന് സാറാ പറഞ്ഞു. മകളെ പുല്ലിൽ മൂത്രമൊഴിക്കാൻ അനുവദിക്കണമെന്നായിരുന്നു ഒരാൾ പറഞ്ഞത്. “ഞാൻ വാർഡുകളിൽ ജോലി ചെയ്യുന്ന ഒരു എൻഎച്ച്എസ് പ്രവർത്തകയാണ്. ഞങ്ങൾക്ക് പേഷ്യന്റ് ടോയ്‌ലറ്റുകളും സ്റ്റാഫ് ടോയ്‌ലറ്റുകളും ഉണ്ട്. രോഗിയുടെ ബന്ധു സന്ദർശിക്കാൻ വന്നാൽ അവർ ആശുപത്രിയിലെ പ്രധാന ടോയ്‌ലറ്റുകൾ ഉപയോഗിക്കേണ്ടി വരും. എന്നാൽ ഒരു കുട്ടിയോ പ്രായമായ വ്യക്തിയോ ആണെങ്കിൽ ഞങ്ങൾ സ്റ്റാഫ്‌ ടോയ്‌ലെറ്റുകൾ ഉപയോഗിക്കാൻ അനുവദിക്കും.” സാറാ വ്യക്തമാക്കി. സംഭവിച്ചതിൽ ഖേദമുണ്ടെന്നു ടെസ്കോ വക്താവ് പ്രതികരിച്ചു. കുട്ടികൾ, ഗർഭിണികൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് ടെസ്കോയിലെ ഏതു ടോയ്‌ലെറ്റും ഉപയോഗിക്കാമെന്ന് അദ്ദേഹം അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ആംസ്റ്റർഡാം : ഈസിജെറ്റ് വിമാനങ്ങൾ തുടർച്ചയായി റദ്ദാക്കിയതിനെ തുടർന്ന് നാട്ടിലെത്താൻ കഴിയാതെ ഹണിമൂണിന് പോയ നവദമ്പതികൾ. ആംസ്റ്റർഡാമിൽ ഹണിമൂൺ ആഘോഷിക്കാൻ പോയ നതാഷയും ക്രിസ് സ്റ്റുവർട്ടുമാണ് വിമാനം റദ്ദാക്കിയതിനെ തുടർന്ന് പ്രതിസന്ധിയിലായത്. വിമാനത്താവളത്തിൽ 14 മണിക്കൂർ കാത്തിരിക്കേണ്ടതായും വന്നു. ഏപ്രിൽ 22 വെള്ളിയാഴ്ച ആംസ്റ്റർഡാമിലെ ഷിഫോൾ എയർപോർട്ടിൽ നതാഷയും ക്രിസും നാട്ടിലെത്താനുള്ള വിമാനം കാത്തിരിക്കുകയായിരുന്നു. എന്നാൽ വിമാനങ്ങൾ തുടർച്ചയായി റദ്ദാക്കപ്പെട്ടതോടെ ദമ്പതികൾ പ്രതിസന്ധിയിലായി. പിന്നീട്, നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു ഹോട്ടലിൽ താമസിച്ച ശേഷം അവർ ഞായറാഴ്ച വൈകുന്നേരം 5.35 ന് നാട്ടിലേക്ക് പോകാൻ വിമാനത്താവളത്തിൽ എത്തിയെങ്കിലും ഫ്ലൈറ്റ് വീണ്ടും റദ്ദാക്കിയ വിവരം ലഭിച്ചു.

എയർ ട്രാഫിക് കൺട്രോൾ നിയന്ത്രണങ്ങൾ കാരണമാണ് ഫ്ലൈറ്റ് റദ്ദാക്കിയതെന്നാണ് ഈസിജെറ്റ് അധികൃതർ നൽകുന്ന വിവരം. ‘ഹണിമൂൺ പൂർത്തിയായതിന് ശേഷവും വീട്ടിൽ പോകാൻ ഞങ്ങൾക്ക് സാധിക്കുന്നില്ല. ബെൽഫാസ്റ്റിൽ നിന്ന് പുറപ്പെട്ടതിന് ശേഷം ഏകദേശം 14 മണിക്കൂർ ഞങ്ങൾ ഒരു വിമാനത്താവളത്തിൽ ചെലവഴിച്ചു. ഈ പ്രതിസന്ധി ഞങ്ങളുടെ ഹണിമൂൺ യാത്രയെ പൂർണമായും നശിപ്പിച്ചു.” ക്രിസ് പ്രതികരിച്ചു.

യാത്രക്കാർക്ക് ഉണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നുവെന്ന് ഈസിജെറ്റ് പറഞ്ഞു. നവദമ്പതികളോടും അവർ ക്ഷമാപണം നടത്തി. 24 മണിക്കൂറിനുള്ളിൽ പ്രശ്നം പരിഹരിക്കുമെന്ന് കമ്പനി അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- പ്രമുഖ സോഷ്യൽ നെറ്റ്‌വർക്കിംഗ് പ്ലാറ്റ് ഫോമായ ട്വിറ്റർ 44 ബില്യൺ ഡോളറിനു (34.5 ബില്യൺ പൗണ്ട് ) വാങ്ങാൻ ഇലോൺ മസ്ക് മുന്നോട്ടുവെച്ച ഓഫർ ട്വിറ്റർ ബോർഡ് അംഗീകരിച്ചിരിക്കുകയാണ്. രണ്ടാഴ്ച മുൻപാണ് ഇത്തരത്തിലൊരു വാഗ്ദാനം മസ്ക് മുന്നോട്ടുവെച്ചത്. വളരെയധികം സാധ്യതകളുള്ള ഒരു പ്ലാറ്റ് ഫോമാണ് ട്വിറ്ററെന്നും, കൂടുതൽ മാറ്റങ്ങൾ ഉൾപ്പെടുത്തുവാൻ താൻ ആഗ്രഹിക്കുന്നുണ്ടെന്നും മസ്ക് വ്യക്തമാക്കിയിരുന്നു. എന്നാൽ ട്വിറ്റർ തുടക്കത്തിൽ മസ്കിന്റെ ഓഫർ തള്ളിക്കളഞ്ഞിരുന്നു. ഇപ്പോൾ വീണ്ടും നിരവധി ചർച്ചകൾക്ക് ശേഷമാണ് ബോർഡ് ഈ തീരുമാനം അംഗീകരിച്ചതെന്നാണ് റിപ്പോർട്ട്. ടെസ്‌ല, സ്പേസ് എക്സ് എന്നിവയുടെ മേധാവി ആയിരിക്കുന്ന ഇലോൺ മസ്ക്, ഫോബ്സ്‌ മാസികയുടെ കണക്കുകൾ പ്രകാരം ലോകത്തിലെതന്നെ ഏറ്റവും കോടീശ്വരനായ വ്യക്തിയാണ്. 273.6 ബില്യൺ ഡോളർ ആസ്തി മസ്കിന് ഉണ്ടെന്നാണ് ഫോബ്സ്‌ മാസിക റിപ്പോർട്ട് ചെയ്തത്.

ജനാധിപത്യത്തിന്റെ ഏറ്റവും കാതലായ പ്രത്യേകത സ്വതന്ത്രമായ ആവിഷ്കാര സ്വാതന്ത്ര്യം ആണ്. ഇത്തരത്തിൽ ജനങ്ങൾക്ക് ഏറ്റവും കൂടുതൽ തങ്ങളുടെ അഭിപ്രായങ്ങളും ആശയങ്ങളും പ്രകടിപ്പിക്കുവാൻ സാധിക്കുന്ന ഒരു ഡിജിറ്റൽ പ്ലാറ്റ് ഫോമാണ് ട്വിറ്ററെന്ന് മസ്ക് വ്യക്തമാക്കി. ഇതോടൊപ്പംതന്നെ ട്വിറ്ററിൽ കൂടുതൽ പുതിയ പ്രത്യേകതകൾ കൊണ്ടുവരുവാനും താൻ ആഗ്രഹിക്കുന്നുണ്ടെന്ന് മസ്ക് വ്യക്തമാക്കിയിരുന്നു. അടുത്തിടെ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുന്ന വിവരങ്ങളെ നിയന്ത്രിക്കുവാനുള്ള രാഷ്ട്രീയനേതാക്കളുടെയും മറ്റ് സംഘടനാ നേതാക്കളുടെയും ശ്രമങ്ങളെയാണ് മസ്ക് എതിർക്കുന്നത്. കമ്പനിയുടെ ഒൻപത് ശതമാനത്തിൽ കൂടുതൽ ഓഹരി നേരത്തെതന്നെ മസ്ക് സ്വന്തമാക്കിയിരുന്നു.

ട്വിറ്റർ ഏറ്റെടുത്തത് സംബന്ധിച്ച് വൈറ്റ്ഹൗസ് ഔദ്യോഗികമായ പ്രസ്താവനകൾ ഒന്നും തന്നെ നടത്തിയില്ല. സോഷ്യൽ മീഡിയ രംഗത്തെ മറ്റൊരു നിർണായകമായ ചുവടുവെപ്പാണ് ഇതെന്ന് യുകെ ഡിജിറ്റൽ, കൾച്ചർ, മീഡിയ ആൻഡ് സ്പോർട്സ് കമ്മിറ്റി എം പി ജൂലിയൻ നൈറ്റ്‌ ട്വിറ്ററിൽ കുറിച്ചു.

ആഷ്ഫോര്‍ഡ്‌ : ആഷ്ഫോര്‍ഡ്‌ മലയാളികളെ വേദനയിലാഴ്ത്തി രണ്ടാഴ്ച മുൻപ് മരണത്തിന് കീഴടങ്ങിയ നേഹ രാജു (23) വിന്റെ സംസ്കാരം നാളെ. കെന്റിലെ ആഷ്ഫോഡില്‍ താമസിക്കുന്ന മണര്‍കാട് സ്വദേശികളായ ദമ്പതികളുടെ മകളാണ് നേഹ. ഇന്ന് വൈകിട്ട് ആറു മുതൽ എട്ടുവരെ പ്രിയപ്പെട്ടവർക്ക് അന്ത്യാജ്ഞലി അർപ്പിക്കാൻ അവസരമുണ്ട്. നാളെ ഉച്ചയ്ക്ക് സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാകും. ഇരു ചടങ്ങുകളും ആഷ്ഫോര്‍ഡിലെ സെന്റ് തെരേസ പള്ളിയിലാണ് നടക്കുക. തുടർന്ന് നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് മൃതദേഹം ബൈബ്റൂക് സെമിത്തേരിയില്‍ സംസ്കരിക്കും.

മികച്ച മാർക്കോടെ യൂണിവേഴ്സിറ്റി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ നേഹ ജോലി സംബന്ധമായി അകലെയുള്ള പട്ടണത്തിലാണ് താമസിച്ചിരുന്നത്. നേഹയുടെ മരണം സംബന്ധിച്ച് ‘താമസ സ്ഥലത്തു മരിച്ച നിലയില്‍ കാണപ്പെട്ടു’ എന്ന വിവരമാണ് പോലീസിൽ നിന്ന് ലഭിക്കുന്നത്. എല്ലാവരുമായി നല്ല സ്നേഹബന്ധം പുലർത്തി ജീവിച്ചിരുന്ന നേഹയുടെ അപ്രതീക്ഷിത മരണം ഒരു കുടുംബത്തെ മാത്രമല്ല, ഒരു നാടിനെ ഒട്ടാകെ പിടിച്ചുലച്ചു.

ജോലി സ്ഥലത്തും മറ്റും ഏവര്‍ക്കും പ്രിയപ്പെട്ട പെരുമാറ്റ രീതിയായിരുന്നു നേഹയുടേത്. ആഷ്ഫോഡ് മലയാളികൾ നേഹയുടെ മരണം ഞെട്ടലോടെയാണ് കേട്ടത്. തുടർന്ന്, നേഹയുടെ മാതാപിതാക്കളെയും സഹോദരങ്ങളെയും ആശ്വസിപ്പിക്കാന്‍ ഉള്ള ശ്രമത്തിലായിരുന്നു ആഷ്ഫോഡ് മലയാളികൾ .

നേഹ രാജുവിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

 

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

മോസ്കോ : റഷ്യ-യുക്രൈൻ യുദ്ധത്തിൽ യുക്രൈനിൽ നിന്നുള്ള കടുത്ത പ്രതിരോധത്തിനും പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ കടുത്ത ഉപരോധത്തിനും ഇടയിൽ റഷ്യ അവരുടെ പുതിയ ഇന്റർ കോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈൽ (ഐസിബിഎം) സർമാറ്റ് ബുധനാഴ്ച പരീക്ഷിച്ചു. ഭൂമിയിലെവിടെയും ഏതു ലക്ഷ്യത്തെയും ആക്രമിക്കാൻ സാധിക്കുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണ് റഷ്യയുടെ ആർഎസ്–28 സാർമാറ്റ്. സാത്താൻ-II എന്നാണ് നറ്റോ ഈ മിസൈലിനെ വിശേഷിപ്പിക്കുന്നത്. രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലയായ പ്ലെസെറ്റ്സ്കിൽ നിന്നാണു മിസൈൽ വിജയകരമായി പരീക്ഷിച്ചത്. സാർമാറ്റ് മിസൈൽ അടുത്ത വർഷത്തോടെ റഷ്യൻ സായുധ സേനകളുടെ ഭാഗമായി മാറുമെന്നാണു വിലയിരുത്തൽ. ഇതിന്റെ ഭാഗമായുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നു.

രാജ്യത്തിന്റെ ശത്രുക്കളെ ചിന്തിപ്പിക്കുന്ന ആയുധമാണ് ഇതെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പറഞ്ഞു. റഷ്യയുടെ എതിർ ചേരിയിലുള്ള യുഎസ്, യുകെ, നാറ്റോ ശക്തികളെ ഉന്നമിട്ടാണ് പുടിന്റെ ഈ അഭിപ്രായപ്രകടനം. ഹിരോഷിമയെ ഇല്ലാതാക്കിയ ബോംബിനേക്കാൾ 3,000 മടങ്ങ് പ്രഹരശേഷി ഉണ്ടെന്നും ബ്രിട്ടന്റെ ഇരട്ടി വലിപ്പമുള്ള പ്രദേശം നശിപ്പിക്കാൻ കഴിയുമെന്നും മെട്രോ ന്യൂസ്‌ റിപ്പോർട്ട്‌ ചെയ്തു.

18,000 കിലോമീറ്റർ ആക്രമണ റേഞ്ചുള്ള സാർമാറ്റ് മിസൈലിന് 10 ആണവ പോർമുനകൾ വഹിക്കാൻ സാധിക്കും. 10 ടണ്ണോളമാണ് ഇതിന്റെ മൊത്തം വാഹകശേഷി. റഷ്യയുടെ അടുത്ത തലമുറ മിസൈലുകളെ “അജയ്യം” എന്നാണ് പുടിന്‍ വിളിക്കുന്നത്, അതിൽ കിൻസാൽ, അവാൻഗാർഡ് ഹൈപ്പർസോണിക് മിസൈലുകളും ഉൾപ്പെടുന്നു. ഇതിനൊപ്പമാണ് സാത്താന്‍ 2 എന്ന് വിശേഷിപ്പിക്കപ്പെടുന്ന സർമാറ്റ് ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈൽ ചേരുന്നത്.

വെയിൽസ് : ബ്രിട്ടീഷ് പാർലമെന്റിലെ ആദ്യ ട്രാൻസ് ജൻഡർ എംപിയാണ് ജാമി വാലിസ്. കോമൺസിൽ വച്ചാണ് താൻ ട്രാൻസ് വ്യക്തിയാണെന്ന് വാലിസ് പ്രസ്താവിച്ചത്. ഒരു ട്രാൻസ് വ്യക്തി എന്ന നിലയിൽ താൻ ബലാത്സംഗത്തിനും ബ്ലാക്ക് മെയിലിംഗിനും ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. 2019 മുതൽ ബ്രിഡ് ജൻഡ് എംപിയാണ് വാലിസ്. യഥാർഥ വ്യക്തിത്വം വെളിപ്പെടുത്തിയതിന് ശേഷം തനിക്ക് അവിശ്വസനീയമായ പിന്തുണയാണ് ലഭിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഒരു വർഷം വരെ, തന്റെ വ്യക്തിത്വം മറച്ചുവെച്ചാണ് വാലിസ് കഴിഞ്ഞത്. എന്നാൽ ഇതിൽ ലജ്ജിക്കേണ്ട കാര്യമില്ലെന്ന് സ്വയം മനസ്സിലാക്കിയതോടെ വെളിപ്പെടുത്തൽ നടത്തി.

ജെൻഡർ ഐഡന്റിറ്റി പ്രതിസന്ധി നേരിടുന്നവരോട്, സ്വയം കണ്ടെത്താൻ ശ്രമിക്കണമെന്നും അതിനുവേണ്ടി തിരക്ക് കൂട്ടരുതെന്നും എംപി നിർദേശിച്ചു. 2020-ൽ ഒരു വ്യക്തി തന്റെ കുടുംബത്തിലേക്ക് ചിത്രങ്ങൾ അയച്ച് 50,000 പൗണ്ട് ആവശ്യപ്പെട്ടതായി വാലിസ് വെളിപ്പെടുത്തി. ഭീഷണിപ്പെടുത്തിയ ആൾക്ക് പിന്നീട് തടവ് ശിക്ഷ ലഭിച്ചു. ബലാത്സംഗത്തിനിരയായെങ്കിലും അതുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ആക്രമണത്തെക്കുറിച്ചുള്ള പേടിസ്വപ്നങ്ങൾ ഇപ്പോഴും തന്നെ അലട്ടുന്നുണ്ടെന്ന് വാലിസ് പറഞ്ഞു.

കോമൺസിലെ പ്രസ്താവനയ്ക്ക് പിന്നാലെ പ്രധാനമന്ത്രിയും ലേബർ നേതാവ് കെയർ സ്റ്റാർമറും വാലിസിനെ അഭിനന്ദിച്ചു. ഞങ്ങൾ എല്ലാവരും താങ്കളോടൊപ്പം നിൽക്കുന്നുവെന്നും സ്വതന്ത്രമായി ജീവിക്കാൻ ആവശ്യമായ പിന്തുണ നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. “എന്റെ സഹപ്രവർത്തകനായ ജാമി വാലിസിന്റെ വെളിപ്പെടുത്തലിൽ അഭിമാനിക്കുന്നു. ധീരമായ പ്രസ്താവന മറ്റുള്ളവർക്ക് പ്രചോദനമാകും.” ടോറി പാർട്ടി ചെയർമാൻ ഒലിവർ ഡൗഡൻ അഭിപ്രായപ്പെട്ടിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഫ്രാൻസ് :- ഫ്രാൻസിൽ നിലവിലെ പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിനു അഞ്ചുവർഷം കൂടി വീണ്ടും ഭരണത്തുടർച്ച ലഭിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പിൽ എതിരാളി മറീൻ ലെ പെന്നിനെ പരാജയപ്പെടുത്തിയാണ് മാക്രോൺ വീണ്ടും പ്രസിഡന്റ് പദവിയിൽ എത്തിച്ചേർന്നിരിക്കുന്നത്. 58.55 ശതമാനം വോട്ടുകൾ മാക്രോൺ നേടിയപ്പോൾ, 41.45 ശതമാനം വോട്ടുകൾ മാത്രമാണ് ലെ പെന്നിന് നേടാനായത്. മാക്രോണിനോട് പരാജയം സമ്മതിക്കുമ്പോഴും, തന്റേത് ഉജ്ജല വിജയമാണെന്ന് ലെ പെൻ അവകാശപ്പെട്ടു. താൻ ഉയർത്തി കാട്ടിയ നാഷണൽ റാലിയുടെ ആശയങ്ങളുടെ വിജയമാണ് തനിക്ക് ലഭിച്ച വോട്ട് ശതമാനത്തിലുള്ള വൻ വർദ്ധനവെന്ന് ലെ പെൻ മാധ്യമങ്ങളോട് പറഞ്ഞു. മാക്രോണിന്റെ വിജയത്തിൽ ലോകനേതാക്കൾ എല്ലാവരും തന്നെ അദ്ദേഹത്തെ അഭിനന്ദിച്ചു. വലതുപക്ഷ ചിന്തയുള്ള ലെ പെന്നിന്റെ വിജയം ഫ്രാൻസും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ബന്ധം വഷളാക്കുമെന്ന് ഭയപ്പെട്ടിരുന്ന യൂറോപ്യൻ നേതാക്കൾക്ക് എല്ലാവർക്കും തന്നെ മാക്രോണിന്റെ വിജയം ആശ്വാസകരമായി.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും മാക്രോണിന്റെ വിജയത്തിലുള്ള സന്തോഷം പ്രകടിപ്പിച്ചു. ഉക്രൈൻ പ്രസിഡന്റ് സെലൻസ്കിയും തന്റെ അടുത്ത സുഹൃത്തിന്റെ വിജയത്തിലുള്ള ആശംസകളും സന്തോഷവും മാധ്യമങ്ങളോട് അറിയിച്ചു. ജീവിത ചിലവുകളുടെ വർദ്ധനവും ഉക്രൈൻ യുദ്ധവുമെല്ലാം ഈ തിരഞ്ഞെടുപ്പിൽ നിർണായകമായ ഘടകങ്ങളായിരുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : പാർട്ടിഗേറ്റ് വിവാദത്തിൽ പെട്ട ബോറിസ് ജോൺസണെ ഡൗണിംഗ് സ്ട്രീറ്റിൽ നിന്ന് നീക്കം ചെയ്യുന്നത് രാജ്യത്ത് അസ്ഥിരതയ്ക്കും അനിശ്ചിതത്വത്തിനും കാരണമാകുമെന്ന് കൺസർവേറ്റീവ് പാർട്ടി ചെയർമാൻ ഒലിവർ ഡൗഡൻ. ജോൺസൻ രാജി വെച്ച് ഒഴിയണമെന്ന ആവശ്യം ശക്തമാണെങ്കിലും ഇത്തവണ പ്രധാനമന്ത്രിയെ ന്യായീകരിച്ചുകൊണ്ടാണ് പാർട്ടി ചെയർമാൻ രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോൾ പ്രധാനമന്ത്രിയെ മാറ്റുന്നത് ദേശീയ താൽപ്പര്യത്തിന് നിരക്കുന്നതല്ലെന്ന് ഒലിവർ ഡൗഡൻ വിശദമാക്കി. 2020 ജൂണിൽ നിയന്ത്രണങ്ങൾ ലംഘിച്ച് ജന്മദിനം ആഘോഷിച്ചതിന് ബോറിസ് ജോൺസനും ധനമന്ത്രി ഋഷി സുനാക്കിനും എതിരേ പോലീസ് ചുമത്തിയ പിഴ ഇരുവരും അടച്ചിരുന്നു.

അതേസമയം, ലോക്ക്ഡൗൺ ലംഘിച്ച് ഡൗണിംഗ് സ്ട്രീറ്റിൽ നടന്ന പാർട്ടികളെ കുറിച്ച് കോമൺസ് അന്വേഷണത്തിന് അനുമതി ലഭിച്ചു. പ്രിവിലേജ് കമ്മിറ്റിയാണ് അന്വേഷണം നടത്തുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം നടന്നിട്ടില്ലെന്ന് പറഞ്ഞ ബോറിസ് ജോണ്‍സൺ ജനപ്രതിനിധി സഭയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നോ എന്ന് ഇവർ അന്വേഷിക്കും.

ഇതിൽ കുറ്റക്കാരനായി കണ്ടെത്തിയാൽ മാപ്പ് പറയാനും, സസ്പെൻഡ് ചെയ്യാനും, ചിലപ്പോൾ കോമൺസിൽ നിന്ന് പുറത്താക്കാനും വരെ ശുപാർശ ചെയ്യാൻ കഴിയും. നടപടിയിന്മേൽ എംപിമാരുടെ അംഗീകാരം ആവശ്യമാണ്. ജോൺസന്റെ ജന്മദിന ആഘോഷത്തിന്റെ പേരിലാണ് ഇപ്പോൾ പിഴ ചുമത്തിയിരിക്കുന്നത്. മറ്റുള്ള വിഷയങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

അടുത്തടുത്ത ഫ്ലാറ്റുകളിലുള്ള സ്ത്രീയേയും പുരുഷനേയും മരിച്ചനിലയിൽ എമർജൻസി സർവീസുകൾ കണ്ടെത്തി. സൗത്ത് മാഞ്ചസ്റ്ററിലെ ഒരു വിലാസത്തിലേക്കുള്ള വിളി ലഭിച്ചതിനെത്തുടർന്ന് പാരാമെഡിക്കുകൾ സംഭവ സ്ഥലത്തെത്തിയപ്പോഴാണ് മൃതശരീരങ്ങൾ കണ്ടെത്തിയത്. തൻെറ വീട്ടുവളപ്പിൽ മരിച്ചനിലയിൽ സ്ത്രീയെ കണ്ടെത്തുകയും തുടർന്ന് അടുത്തുള്ള ഫ്ലാറ്റിൽ മരിച്ച നിലയിൽ ഒരു പുരുഷനെ കണ്ടെത്തുകയുമായിരുന്നു. സംഭവസ്ഥലത്ത് വാതകചോർച്ച റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് അഗ്നിശമനസേനാംഗങ്ങൾ സമീപത്തെ കടകൾ ഒഴിപ്പിച്ചു. എൻ ഡബ്ല്യു എ എസ് ഏകദേശം വൈകുന്നേരം 4:20 ന് വീട്ടുവളപ്പിൽ ഒരു സ്ത്രീ മരിച്ചു കിടക്കുന്നതായി അറിയിച്ചതായി ഗ്രേറ്റ് മാഞ്ചസ്റ്റർ പോലീസ് വക്താവ് അറിയിച്ചു. പോലീസ് ഓഫീസർമാർ അയൽ ഫ്ലാറ്റുകളുടെ ക്ഷേമം അന്വേഷിക്കാനായി ബന്ധപ്പെട്ടപ്പോഴാണ് അതിനുള്ളിൽ മരിച്ച ആളെ കണ്ടെത്തിയത്.

രണ്ട് മരണങ്ങളെക്കുറിച്ചും അന്വേഷണം നടന്നുവരികയാണ്. സംഭവസ്ഥലത്ത് ഗ്യാസ് ചോർച്ച പരിശോധിക്കാൻ ജി എം എഫ് ആർ എസ് സ്ഥലത്തെത്തി. പൊതു സുരക്ഷ ഉറപ്പാക്കുന്നതിനായി സമീപത്തെ കടകൾ ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അന്വേഷണം പ്രാരംഭഘട്ടത്തിൽ ആണെന്നും സമൂഹത്തിന് ഭീഷണിയായി ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നും ഗ്രേറ്റ് മാഞ്ചസ്റ്റർ ഫയർ റെസ്ക്യൂ സർവീസിൻെറ വക്താവ് അറിയിച്ചു. 2022 ഏപ്രിൽ 23 ശനിയാഴ്ച വൈകുന്നേരം ഏകദേശം 7:52 ന് വിതിംഗ്‌ടൺ, സാൽഫോർഡ് ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള ഫയർ എഞ്ചിനുകൾ മാഞ്ചസ്റ്ററിൽ പ്രിൻസസ് റോഡിലെ ഒരു ഫ്ലാറ്റിൽ ഗ്യാസ് ചോർച്ച ഉണ്ടായതായി അറിയിപ്പ് ലഭിച്ചതായും അഗ്നിശമനസേനാംഗങ്ങൾ ഗ്യാസ് ഡിറ്റക്ടറുകൾ ഉപയോഗിച്ച് നാശനഷ്ടമുണ്ടായ സമീപത്തെ സ്വത്തുക്കൾ പരിശോധിക്കുകയും ഗ്രേറ്റ് മാഞ്ചസ്റ്റർ പോലീസ്, നോർത്ത് വെസ്റ്റ് ആംബുലൻസ് സർവീസ് എന്നിവയുടെ സഹപ്രവർത്തകരെ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്തതായി അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

വാർസോ : യുക്രൈൻ അഭയാർഥികൾക്ക് സാനിറ്ററി പാഡുകൾ വിതരണം ചെയ്ത് ബ്രിട്ടീഷ് വിദ്യാർത്ഥിനി. അഭയാർഥികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് എസെക്സിലെ ചെംസ്ഫോർഡ് സ്വദേശിയായ എല്ല ലാംബെർട്ട് (22) ഏപ്രിൽ 18 ന് പോളണ്ടിലെ വാർസോയിൽ എത്തിയത്. ഒരാഴ്ചയ്ക്കുള്ളിൽ 1,000 ഡിസ്പോസിബിൾ സാനിറ്ററി ഉൽപ്പന്നങ്ങൾ വാർസോയിലെ അഭയാർഥികൾക്ക് കൈമാറി. തുണികൊണ്ടുള്ളതും പുനരുപയോഗിക്കാവുന്നതുമായ ആയിരം പാഡുകൾ യുക്രൈൻ ആശുപത്രികളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് എല്ല ഇപ്പോൾ. പാഡുകൾ വലിയ രീതിയിൽ ആവശ്യമാണെന്ന് എല്ല അറിയിച്ചു.

ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റി വിദ്യാർഥിയായ എല്ല, 2020 മാർച്ചിൽ പച്ചമാമ പ്രൊജക്റ്റ് ആരംഭിച്ചു. ഈ പ്രൊജക്റ്റിലൂടെ, സന്നദ്ധപ്രവർത്തകർ അഭയാർത്ഥികൾക്കായി തുണികൊണ്ടുള്ള പാഡുകൾ നിർമിക്കുന്നു. യുക്രൈൻ യുദ്ധം ആരംഭിച്ചപ്പോൾ ഈ സംഘടന ‘പാഡ് 4 റെഫ്യൂഗീസു’ മായി ചേർന്ന് അഭയാർഥികളായ സ്ത്രീകൾക്ക് സാനിറ്ററി ഉൽപ്പന്നങ്ങൾ വിതരണം ചെയ്തു. ഇതുവരെ 3,000 ഡിസ്പോസിബിൾ പാഡുകൾ യുക്രൈനിലെ ലിവിവിലേക്ക് അയച്ചിട്ടുണ്ടെന്ന് അവൾ പറഞ്ഞു.

“ഇത് ഹൃദയഭേദകമാണ്. എവിടെക്കെന്ന് അറിയാതെ ആയിരക്കണക്കിന് ആളുകളാണ് അഭയകേന്ദ്രങ്ങളിൽ എത്തുന്നത്. ഇത് സമ്പൂർണ്ണ പ്രതിസന്ധിയാണ്.” എല്ല വ്യക്തമാക്കി. പുനരുപയോഗിക്കാവുന്ന പാഡുകൾ യുക്രൈനിലേക്ക് അയയ്ക്കുന്നതിനായി താൻ നിലവിൽ യോർഗാസ് ഫൗണ്ടേഷനുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്ന് അവൾ പറഞ്ഞു. ആർത്തവകാല ദാരിദ്ര്യം ഇല്ലാതാക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് എല്ല ആവർത്തിച്ച് പറയുന്നു. “ആർത്തവത്തെ പറ്റി സംസാരിക്കാൻ ഇപ്പോഴും ആളുകൾക്ക് മടിയാണ്. ആർത്തവകാല ആവശ്യങ്ങളെപ്പറ്റി ആരും തുറന്ന് പറയുന്നില്ല. എന്നാൽ അത് തിരിച്ചറിഞ്ഞുകൊണ്ട് ഞങ്ങളുടെ സംഘടന പ്രവർത്തിക്കുന്നു.” എല്ല ദൃഢനിശ്ചയത്തോടെ പറഞ്ഞു.

RECENT POSTS
Copyright © . All rights reserved