Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെ മലയാളിയുടെ പോരാട്ട വീര്യത്തിന് മുന്നിൽ മുട്ടുമടക്കി എയർ ഇന്ത്യ. ടിക്കറ്റ് ബുക്ക് ചെയ്ത് മണിക്കൂറുകൾക്കകം ക്യാൻസൽ ചെയ്തെങ്കിലും പണം തിരിച്ചു നൽകാത്തതിനെതിരെ യുകെ മലയാളിയായ ഡെന്നീസ് മാത്യുവാണ് എയർഇന്ത്യയ്ക്ക് എതിരെ നിയമ യുദ്ധം നടത്തിയത്. ടിക്കറ്റ് ക്യാൻസൽ ചെയ്തപ്പോൾ മുഴുവൻ പണവും തിരിച്ചുനൽകുമെന്നുള്ള എയർഇന്ത്യയുടെ വാഗ്ദാനം നടപ്പിലാകാതെ വന്നതോടെയാണ് ഡെന്നീസിന് കോടതി കയറേണ്ടതായി വന്നത്.

നഷ്ടപരിഹാരമായി എയർ ഇന്ത്യയുടെ ബ്രെന്റ് വൂഡ് ഓഫീസ് ജപ്തി ചെയ്യാനാണ് ബ്രിട്ടനിലെ കൗണ്ടി കോടതി ഉത്തരവിട്ടിരിക്കുന്നത്. കോടതി ചിലവുകൾ സഹിതം നൽകുന്നതിനാണ് ജപ്തി നടപടികൾ എന്നാണ് പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . പ്രോപ്പര്‍ട്ടി മാനേജ്മെന്റ് ബിസിനസ് നടത്തുന്ന ഡെന്നീസിൻെറ സ്വദേശം കേരളത്തിൽ കണ്ണൂരാണ് . കണ്ണൂർ ജില്ലാ കോടതിയിൽ ഏഴ് വർഷത്തോളം അഭിഭാഷകനായി സേവനം അനുഷ്ഠിച്ചപ്പോഴും അനീതിക്കെതിരെ ശബ്ദം ഉയർത്താൻ ഡെന്നീസ് എന്നും മുന്നിലുണ്ടായിരുന്നു. കഴിഞ്ഞ 13 വർഷമായി യുകെയിലുള്ള ഡെന്നീസ് സഹോദരങ്ങളോടൊപ്പംചെല്‍റ്റനാമില്‍ ഗ്രോസറി ഷോപ്പും നടത്തുന്നുണ്ട് .

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഡൗണിംഗ് സ്ട്രീറ്റിലെയും വൈറ്റ്ഹാളിലെയും ലോക്ക്ഡൗൺ പാർട്ടികളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി 50-ലധികം ആളുകൾക്ക് ഇമെയിൽ അയക്കാൻ മെട്രോപൊളിറ്റൻ പോലീസ്. 2020 മെയ്ക്കും 2021 ഏപ്രിലിനും ഇടയിൽ നടന്ന പന്ത്രണ്ട് പാർട്ടികളിൽ പങ്കെടുത്തതായി ആരോപിക്കപ്പെടുന്ന വ്യക്തികൾക്കാണ് ഇമെയിൽ അയക്കുക. പോലീസിന്റെ ചോദ്യങ്ങൾ അടങ്ങിയ മെയിലിന് ഇവർ ഉത്തരം നൽകണം. ഇമെയിൽ ലഭിച്ചവർ സത്യസന്ധമായി ഉത്തരം നൽകണമെന്ന് പോലീസ് പറഞ്ഞു. ഇമെയിൽ അയച്ചവരിൽ പ്രധാനമന്ത്രി ബോറിസ് ജോൺസണും ഭാര്യ കാരിയും ഉണ്ടെന്നാണ് വിവരം.

ഏഴ് ദിവസത്തിനുള്ളിൽ ഇമെയിലിന് മറുപടി നൽകണമെന്ന് മെറ്റ് പോലീസ് അറിയിച്ചു. എട്ടു തീയതികളിലാണ് പന്ത്രണ്ടു പാർട്ടികൾ നടന്നത്. പ്രധാനമന്ത്രി പങ്കെടുത്ത പാർട്ടികളും ഇതിൽ ഉൾപ്പെടുന്നു. ഓപ്പറേഷൻ ഹിൽമാൻ എന്നറിയപ്പെടുന്ന പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥയായ സ്യൂ ഗ്രേയുടെ കണ്ടെത്തലുകളാണ് പോലീസ് അന്വേഷണത്തിന് വഴിയൊരുക്കിയത്. മാപ്പ് പറഞ്ഞെങ്കിലും പ്രധാനമന്ത്രിയുടെ രാജിക്കായി പ്രതിപക്ഷവും ടോറി വിമതരും മുറവിളി കൂട്ടുകയാണ്. 2020 ഡിസംബർ 15ന് നടന്ന ക്രിസ്മസ് ക്വിസിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രം ഡെയിലി മിറർ പുറത്തുവിട്ടിരുന്നു. ഇത് അന്വേഷിക്കേണ്ടതില്ലെന്ന് മെറ്റ് പോലീസ് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ, ഡൗണിങ് സ്ട്രീറ്റിൽ നടന്ന ക്രിസ്മസ് ക്വിസ് അന്വേഷിക്കേണ്ടതില്ലെന്ന തീരുമാനം പുനഃപരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കി.

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

യു കെ :- സ്തനാർബുദ രോഗികൾക്ക് ആശ്വാസ പ്രദമായ ഒരു വാർത്തയുമായാണ് ഡോക്ടർമാർ മുന്നോട്ടുവന്നിരിക്കുന്നത്. പെമ്ബ്രൊലിസുമബ് എന്ന മരുന്ന് സ്തനാർബുദം സ്ത്രീകളിൽ വീണ്ടും രൂപപ്പെടുന്നത് 37 ശതമാനത്തോളം തടയുമെന്നാണ് പുതിയതായി പുറത്തുവന്നിരിക്കുന്ന പഠനങ്ങൾ തെളിയിക്കുന്നത്. ഇത് എത്രയും വേഗം എൻ എച്ച് എസ് രോഗികൾക്ക് എത്തിക്കണമെന്ന് ബ്രസ്റ്റ് കാൻസർ ചാരിറ്റി സംഘടനകൾ എല്ലാം തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. കീമോതെറാപ്പിയോടൊപ്പം തന്നെ ഈ മരുന്ന് നൽകുന്നത് വളരെയധികം ഫലപ്രദമാണെന്നാണ് ഗവേഷണങ്ങൾ തെളിയിക്കുന്നത്. കെയ്ട്രൂഡാ എന്ന ബ്രാൻഡ് നാമത്തിൽ അറിയപ്പെടുന്ന ഈ മരുന്ന് നിലവിൽ ശ്വാസകോശ കാൻസർ, മെലനോമ, ബ്ലാഡർ ക്യാൻസർ മുതലായവക്കെല്ലാം തന്നെ എൻ എച്ച് എസ് നൽകുന്നുണ്ട്.

ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തി കാൻസർ സെല്ലുകൾക്കെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തുന്ന തരത്തിലാണ് ഈ മരുന്ന് പ്രവർത്തിക്കുന്നത്. ടി സെല്ലുകൾക്ക് മുകളിലുള്ള പി ഡി – 1 എന്ന പ്രോട്ടീനെ ഈ മരുന്ന് തടയുന്നു. ഈ പ്രവർത്തി ടി സെല്ലുകളെ ഉത്തേജിപ്പിക്കുകയും കാൻസർ സെല്ലുകളെ നശിപ്പിക്കുന്നതിന് സഹായിക്കുകയും ചെയ്യും. ക്യൂൻമേരി യൂണിവേഴ്സിറ്റി ഓഫ് ലണ്ടൻ ആണ് പുതിയ ട്രയലുകൾക്ക് നേതൃത്വം വഹിച്ചത്. ഏകദേശം 21 രാജ്യങ്ങളിലായി 1200 ഓളം പേരിലാണ് ഇത്തരത്തിൽ ട്രയലുകൾ നടത്തിയത്.


ട്രയൽ നടത്തിയ എല്ലാ രോഗികൾക്കും ട്രിപ്പിൾ നെഗറ്റീവ് ബ്രെസ്റ്റ് കാൻസർ ഉള്ളവർ ആയിരുന്നു എന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്. ഇതിൽ മൂന്നിൽ രണ്ട് വിഭാഗം പേർക്കാണ് സർജറിക്കു മുൻപും ശേഷവും കീമോതെറാപ്പിയോടൊപ്പം ഈ മരുന്ന് നൽകിയത്. മറ്റൊരു ശതമാനം പേരിൽ ഈ മരുന്ന് നൽകാതെയുമാണ് ട്രയലുകൾ നടത്തിയത്. ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിനിൽ പ്രസിദ്ധപ്പെടുത്തിയ പഠനറിപ്പോർട്ടിൽ ഈ മരുന്ന് നൽകിയ 84.5 ശതമാനം പേരിലും മൂന്നു വർഷത്തിനു ശേഷവും ഈ രോഗം തിരികെ എത്തിയിട്ടില്ല എന്നതാണ് പ്രതീക്ഷ നൽകുന്നത്. എന്നാൽ കീമോതെറാപ്പി മാത്രം നൽകിയവരിൽ ഈ കണക്ക് 76.8 ശതമാനം മാത്രമാണ്. അതിനാൽ തന്നെ എത്രയും വേഗം ഇത് രോഗികളിൽ എത്തിക്കണമെന്ന ആവശ്യമാണ് ആരോഗ്യവിദഗ്ധർ ഉന്നയിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

രണ്ടുവർഷമായി മഹാമാരിയെ ചെറുക്കാൻ ഏർപ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും പടിപടിയായി ബ്രിട്ടൻ പിൻവലിക്കുകയാണ്. ഏറ്റവും അവസാനമായി കോവിഡ് പോസിറ്റീവ് ആയവരുടെ ഒറ്റപ്പെടൽ നിർദ്ദേശവും ഈ മാസം അവസാനത്തോടെ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ അറിയിച്ചു. ഇതോടെ എല്ലാ കോവിഡ് നിയമങ്ങളും പിൻവലിക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി ബ്രിട്ടൻ മാറും.

നിലവിലെ നിയമമനുസരിച്ച് കോവിഡ് പോസിറ്റീവ് ആയവർ കുറഞ്ഞത് 5 ദിവസമെങ്കിലും ഒറ്റപ്പെടലിന് വിധേയമാകണം. നിയന്ത്രണങ്ങൾ മാർച്ച് 24 വരെ നിലനിൽക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഒരു മാസം മുന്നേ അതായത് ഈ മാസം അവസാനത്തോടെ നിയന്ത്രണങ്ങൾ എടുത്തു മാറ്റാനാണ് രാഷ്ട്രീയ നേതൃത്വം മുന്നിട്ടിറങ്ങുന്നത്.


നാളെ മുതൽ യുകെയിലേക്ക് വരുന്ന യാത്രക്കാർക്കും നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിട്ടുണ്ട്. പൂർണ്ണമായ വാക്സിനേഷൻ എടുത്തവർ വീണ്ടും കോവിഡ് ടെസ്റ്റ് നടത്തുന്നതിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. വാക്സിനേഷൻ എടുക്കാത്തവർ കോവിഡ് ടെസ്റ്റ് നടത്തേണ്ടിവരുമെങ്കിലും ഐസലേഷൻ ആവശ്യമായി വരില്ല. വിദേശത്തേക്ക് പോകുന്ന ബ്രിട്ടീഷുകാർ അതാത് രാജ്യങ്ങളുടെ നിയമങ്ങൾ പാലിക്കേണ്ടതായി വരും

പിറവം: ന്യൂസിലാൻഡിൽ മണരണമടഞ്ഞ ദിവ്യ മനോജിന് 31 (നാക്കോലിക്കരയിൽ)  ജന്മനാടിന്റെ യാത്രാമൊഴി. ഇന്ന് രാവിലെ കൊച്ചിയിലെത്തിയ ഭൗതീകദേഹം സ്വദേശമായ രാമമംഗലത്തു എത്തിച്ചിരുന്നു. ഇന്ത്യൻ സമയം നാല് മണിയോടെ സംസ്ക്കാര ചടങ്ങുകൾ ആരംഭിക്കുകയും ചെയ്തു. തുടർന്ന് ഇടവക ദേവാലയ സെമിത്തേരിയിൽ സംസ്ക്കാരകർമ്മം പൂർത്തിയാക്കി.

ഫെബ്രുവരി മൂന്നിന് ന്യൂസിലാൻഡ് ഹാമിൽട്ടൺ മലയാളികൾക്കായി പൊതുദർശനം പ്രാർത്ഥനയും  നടത്തിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്‌ച തന്നെ ഭർത്താവായ മനോജ്  രണ്ട് കുട്ടികളെയും ആയി നാട്ടിലേക്ക് പുറപ്പെട്ടിരുന്നു. തുടന്ന് ഏഴാം തിയതിയാണ് ദിവ്യയുടെ ഭൗതീകദേഹം നാട്ടിലേക്കു അയച്ചത്. ദുബായ് വഴി ഇന്ന് (9/02/2022) രാവിലെ നെടുമ്പാശ്ശേരി എയർപോർട്ടിൽ ബോഡി എത്തിയപ്പോൾ സഹോദരനായ ഡിലു സൈമൺ ബന്ധുക്കളോടൊപ്പം തന്റെ സഹോദരിയുടെ മൃതദേഹം രാവിലെ ഒൻപത് മണിയോടെ ഏറ്റുവാങ്ങി.

സംസ്ക്കാരച്ചങ്ങുകൾക്കായി വലിയൊരു ജനം തന്നെ എത്തിച്ചേർന്നിരുന്നു. വലിയ പ്രതീക്ഷകളോടെ ഒന്നര വർഷം മുൻപ് പുറപ്പെട്ട നാട്ടുകാരുടെയും ബന്ധുക്കളുടെയും പ്രിയപ്പെട്ടവളുടെ ചേതനയറ്റ ശരീരം കണ്ടപ്പോൾ പലരും പൊട്ടിക്കരയുന്ന അതിലേറെ ഹൃദയം തകർക്കുന്ന എട്ടും പൊട്ടും തിരിയാത്ത രണ്ട് കുഞ്ഞുങ്ങൾ… മൂത്ത കുട്ടിയുടെ അന്ത്യ ചുംബനം… തന്റെ അമ്മക്കായി നൽകുമ്പോൾ ഇങ്ങനെ ഒരു സാഹചര്യം ആർക്കും കൊടുക്കരുതേ എന്ന് മനസ്സറിയാത്ത പ്രാർത്ഥിച്ചുപോകുന്ന നിമിഷങ്ങൾ… ആരെ ആശ്വസിപ്പിക്കും എന്നുപോലും അറിയാതെ കണ്ണ് നിറഞ്ഞു ഭർത്താവായ മനോജ്… കാണുന്നവരുടെ കരളലിയിക്കും..

ജനുവരി 30 നു ആണ് ന്യൂസിലാൻഡ് മലയാളികളെ ഞെട്ടിച്ചുകൊണ്ട്  ദിവ്യ മനോജിന്റെ മരണം നടക്കുന്നത്. ജോലി കഴിഞ്ഞു തിരിച്ചെത്തി കുളി കഴിഞ്ഞു പുറത്തേക്കിറങ്ങിയ ദിവ്യ ഭർത്താവിന്റെ കൈകളിലേക്ക് കുഴഞ്ഞു വീഴുകയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.  മൂന്ന് വർഷത്തെ ക്രിട്ടിക്കൽ പർപ്പസ് വർക്ക് വിസ നേഴ്സ് ആയിരുന്നു മരണമടഞ്ഞ ദിവ്യ. കഴിഞ്ഞ വർഷം ജനുവരിയിലാണ് ദിവ്യ ന്യൂസിലൻഡിൽ എത്തിയത്.

വീഡിയോ കാണാം

ന്യൂസ് ഡെസ്ക് മലയാളം യുകെ

വിമാനത്തിൽ വച്ച് യുവതിയെ ബലാത്സംഗം ചെയ്തതായുള്ള പരാതിയെ തുടർന്ന് 40 വയസ്സുകാരനെ അറസ്റ്റ് ചെയ്തു . എയർപോർട്ടിൽ വച്ചാണ് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ന്യൂജേഴ്സിയിൽ നിന്ന് ലണ്ടനിലേയ്ക്കുള്ള യാത്രാമധ്യേയാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.

പ്രതിയും പീഡനത്തിനിരയായ യുവതിയും ബിസിനസ് ക്ലാസ്സ് യാത്രക്കാരായിരുന്നു. മറ്റുള്ളവർ ഉറങ്ങുന്ന സമയത്താണ് പ്രതി കുറ്റകൃത്യം നടത്തിയത്. ബിസിനസ് ക്ലാസിൽ യുവതി പീഡനത്തിനിരയായ സംഭവം വിമാനയാത്രയിൽ സ്ത്രീ സുരക്ഷയെ സംബന്ധിച്ച് വൻ വിമർശനങ്ങളാണ് ഉയർത്തിയിരിക്കുന്നത്. യുണൈറ്റഡ് വിമാനം ലാൻഡ് ചെയ്തതിനുശേഷം ഉദ്യോഗസ്ഥർ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബിർമിംഗ്ഹാം : ഹോളിവുഡ് സൂപ്പർതാരം ടോം ക്രൂസ് ബിർമിംഗ്ഹാമിലെ മോസ്‌ലിയിൽ വീട് പണിയാൻ ഒരുങ്ങുന്നതായി അഭ്യൂഹങ്ങൾ. ബിർമിംഗ്ഹാം സിറ്റി സെന്ററിൽ നിന്ന് നാല് മൈൽ അകലെയാണ് മോസ്‌ലി. പ്രമുഖ റെസ്റ്റോറന്റുകളും പാർക്കുകളും പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങളും ഉൾപ്പെടുന്ന നഗരപ്രദേശമാണ് ഇത്. ടോം ക്രൂസിന്റെ ഭവന നിർമ്മാണ പദ്ധതികളെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതുമുതൽ, ആളുകൾ സമൂഹ മാധ്യമങ്ങളിൽ അഭിപ്രായങ്ങൾ പോസ്റ്റ് ചെയ്യുകയാണ്. ട്വിറ്ററിൽ വന്ന ഒരു ട്വീറ്റ് ഇങ്ങനെ: “ടോം ക്രൂസ് മോസ്‌ലിയിൽ ഒരു വീട് പണിയുന്നുവെന്നത് മോസ്‌ലിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സംഭവമായിരിക്കും.”

ടോം ക്രൂസിന് നഗരത്തോടൊരു പ്രത്യേക ഇഷ്ടമുണ്ടെന്നും അദ്ദേഹത്തിന്റെ ഇഷ്ട ഭക്ഷണമായ ചിക്കൻ ടിക്ക മസാല അവിടെ ലഭിക്കുമെന്നും ഉൾപ്പെടെയുള്ള അഭിപ്രായങ്ങൾ ട്വിറ്ററിൽ സജീവമാണ്. മോസ്‌ലിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന 300 വർഷം പഴക്കമുള്ള പാർക്കും കുളവും പ്രധാന ആകർഷണമാണ്. മോസ്‌ലി ഹാൾ എസ്റ്റേറ്റിന്റെ ഭാഗമായി പ്രശസ്ത ലാൻഡ്‌സ്‌കേപ്പ് ഗാർഡനർ ഹംഫ്രി റെപ്റ്റൺ രൂപകൽപ്പന ചെയ്‌ത പാർക്കും കുളവും ഒരു ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : യുദ്ധവും പട്ടിണിയും കൊണ്ട് പൊറുതിമുട്ടുന്ന രാജ്യങ്ങളിൽ നിന്ന് ഒരു ജീവിത മാർഗം തേടി യുകെ പോലുള്ള പടിഞ്ഞാറൻ രാജ്യങ്ങളിൽ എത്തുന്നവരാണ് അഭയാർഥികൾ. നിയമ പരിരക്ഷയില്ലെങ്കിലും ജീവിക്കാൻ ഒരു നിവൃത്തിയുമില്ലാത്ത സാഹചര്യത്തിലാണ് അവർ പലായനം ചെയ്യുന്നത്. ആഫ്രിക്കൻ, അറബ് രാജ്യങ്ങളിൽ നിന്നാണ് ഏറ്റവുമധികം അഭയാർഥികൾ എത്തുന്നത്. എന്നാൽ യുകെയിൽ ഇപ്പോൾ കേരളത്തിൽ നിന്നുള്ള അഭയാർഥികൾ ഉണ്ടെന്നതാണ് ഞെട്ടിക്കുന്ന കാര്യം. ഗൾഫ് വഴി കരമാർഗം യൂറോപ്പിലും അവിടെ നിന്ന് ബോട്ട് മാർഗം ഇംഗ്ലണ്ടിലേക്കും എത്തുകയാണ് ഇവർ. അനധികൃത കുടിയേറ്റക്കാർ ആയതിനാൽ ബംഗ്ലാദേശ്, പാകിസ്ഥാൻ സ്വദേശികളുടെ കച്ചവടസ്ഥാപങ്ങളിൽ പാർട്ട്‌ ടൈം ജോലി ലഭിക്കും. മണിക്കൂറിൽ 3 പൗണ്ട് ആണ് പ്രതിഫലം. (ബ്രിട്ടീഷ് സർക്കാർ അംഗീകരിച്ച മിനിമം വേതനം 10 പൗണ്ട്)

രേഖകളില്ലാതെ പത്തു വർഷം പിടിച്ചുനിന്ന് യു കെ സർക്കാർ നൽകുന്ന താമസരേഖകൾ സ്വന്തമാക്കാനും അല്ലെങ്കിൽ യു കെ പൗരത്വമുള്ള സ്ത്രീകളെ വിവാഹം ചെയ്ത് എളുപ്പത്തിൽ രേഖകൾ സ്വന്തമാക്കാനും അവർ ശ്രമിക്കുന്നു. മതിയായ താമസരേഖകൾ ഇല്ലാത്ത ഒരു ലക്ഷത്തിലേറെ ഇന്ത്യക്കാർ നിലവിൽ യു കെയിൽ ഉണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. പഞ്ചാബ്, ഹരിയാന, ജമ്മു കാശ്മീർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള അവിദഗ്ധ തൊഴിലാളികളാണ് ഏറെയും. വടക്കൻ ആഫ്രിക്ക വഴിയും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ വഴിയുമാണ് ഇവർ യു കെയിലേക്ക് അനധികൃതമായി കടക്കുന്നത്.

സ്റ്റുഡന്റ് വിസയിൽ വന്ന് വിസയുടെ കാലാവധി കഴിഞ്ഞതിനുശേഷം അനധികൃതമായി രാജ്യത്ത് തങ്ങുന്ന യുവാക്കളുടെ എണ്ണത്തിലും കുറവില്ല. ഇവരിൽ മലയാളി വിദ്യാർത്ഥികളും ഉൾപ്പെടുന്നു. യുകെയിലേക്ക് വ്യാജ വിസയിൽ വിദ്യാർത്ഥികളെ കടത്തുന്ന മാഫിയ കേരളത്തിൽ പിടിമുറുക്കുന്നതായി മലയാളംയുകെ റിപ്പോർട്ട്‌ ചെയ്തിരുന്നു. യുകെയിലേക്കുള്ള വിദ്യാർത്ഥി കടത്ത് വർധിച്ചുവരികയാണെന്ന് കേരള പോലീസ് പറയുന്നു. ലണ്ടൻ നഗരഭാഗമായ സൗത്ത് ഹാളിൽ മാത്രം ഏകദേശം പതിനായിരക്കണക്കിന് അനധികൃത ഇന്ത്യൻ താമസക്കാർ ഉണ്ടെന്നാണ് 2008ൽ ബിബിസി നടത്തിയ അന്വേഷണത്തിൽ നിന്ന് വ്യക്തമായത്. കുടിയേറ്റക്കാരോട് വളരെ ക്രൂരമായ രീതിയിലാണ് തൊഴിലുടമകൾ പെരുമാറുന്നത്.

ഒൻപത് മലയാളി വിദ്യാർത്ഥികളെ തൊഴിലിന്റെ മറവിൽ ചൂഷണം ചെയ്ത മലയാളി യുവ ദമ്പതികൾ ബ്രിട്ടീഷ് പോലീസിന്റെ പിടിയിലായത് കഴിഞ്ഞ വർഷം അവസാനമാണ്. ആധുനിക അടിമകച്ചവടം എന്നാണ് പോലീസ് വിശേഷിപ്പിച്ചത്. കെയർ ഹോമുകളിലേക്ക് കെയർ അസിസ്റ്റന്റുമാരായി വിദ്യാർത്ഥികളെ നൽകിയ ദമ്പതികൾ അവർക്കായി മോശം താമസ സൗകര്യമാണ് ഒരുക്കിയത്. സ്റ്റുഡന്റസ് വിസയിൽ എത്തുന്ന നിരവധി മലയാളി വിദ്യാർത്ഥികൾ സമാന സാഹചര്യത്തിൽ കഴിയുന്നുണ്ടെന്നാണ് വിവരം.

രേഖകളില്ലാതെ താമസിക്കുന്നവർക്ക് വാടകവീടുകളോ മറ്റ് താമസസ്ഥലങ്ങളോ ലഭിക്കില്ല. ആരോഗ്യപരിരക്ഷയും ഇവർക്കില്ല. ബ്രെക്സിറ്റ് നിലവിൽ വന്നതിനെ തുടർന്ന് 2020 ഡിസംബർ 31 നു ശേഷം ബ്രിട്ടൻ ശക്തമായ സുരക്ഷാസംവിധാനമാണ് രാജ്യത്തിന്റെ അതിർത്തികളിൽ ഏർപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിൽ നിന്നും ബ്രിട്ടനിലേക്കുള്ള അനധികൃതകുടിയേറ്റം ഒരു തുടർക്കഥയാവുകയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

സന്തോഷകരമായ ദാമ്പത്യം ആരോഗ്യവുമായി ബന്ധമുണ്ടോ? ഉണ്ടെന്നാണ് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്കിൻെറ കണ്ടെത്തൽ. കണക്കുകൾ പ്രകാരം ബ്രിട്ടനിൽ അവിവാഹിതരായ പുരുഷന്മാരുടെയും സ്ത്രീകളുടെയും മരണനിരക്ക് വിവാഹിതരായവരെ അപേക്ഷിച്ച് ഇരട്ടിയോളമാണെന്നാണ് കണ്ടെത്തപ്പെട്ടത്. ഇംഗ്ലണ്ടിലെയും വെയിൽസിലെയും 20 വയസ്സിന് മുകളിലുള്ള 5 ദശലക്ഷം മരണങ്ങൾ വിശകലനം ചെയ്താണ് കണ്ടെത്തൽ നടത്തിയത്. 2010 -നും 2019 -നും ഇടയിലുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്.

വിവാഹമോചനം നേടിയ പുരുഷന്മാരിലാണ് മരണനിരക്ക് സ്ത്രീകളെ അപേക്ഷിച്ച് കൂടുതലായി കണ്ടെത്തിയത്. ഒരു ലക്ഷം പേരിൽ അവിവാഹിതരെയും വിവാഹമോചനം നേടിയവരെയും കണക്കിലെടുക്കുമ്പോൾ 2319 ആണ് മരണനിരക്കെങ്കിൽ അത് വിവാഹിതരായ പുരുഷന്മാരിൽ 1073 മാത്രമായിരുന്നു. സ്ത്രീകളിൽ അവിവാഹിതരും വിവാഹമോചനം നേടിയവരുടെയും മരണനിരക്ക് ഒരു ലക്ഷത്തിൽ 1307 ആണ്. എന്നാൽ വിവാഹിതരായവരുടെ മരണനിരക്ക് ഒരു ലക്ഷത്തിൽ 699 മാത്രമാണ്.

വിവാഹിതരായാൽ താരതമ്യേന ദീർഘവും ആരോഗ്യപരവുമായ സന്തുഷ്ട ജീവിതം നയിക്കാമെന്ന മുൻ പഠനങ്ങളെ സാധൂകരിക്കുന്ന കണക്കുകളാണ് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റസ്റ്റിറ്റിക്സിൻെറ കണ്ടെത്തലിലുള്ളത് . പങ്കാളികൾ തങ്ങളുടെ പ്രിയപ്പെട്ടവരെ പരിചരിക്കുകയും മറ്റ് രോഗങ്ങൾ ഉണ്ടാകുമ്പോൾ ആരോഗ്യ പരിശോധന നടത്താൻ പ്രേരിപ്പിക്കുകയും ചെയ്യുന്നതാണ് ഇതിന് പ്രധാന കാരണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. ഒറ്റയ്ക്ക് ജീവിക്കുന്നത് പലരെയും ഏകാന്തതയിലേയ്ക്കും വിഷാദത്തിലേയ്ക്കും തള്ളി വിടാനും കാരണമാകുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : വീടുകൾ കൊള്ളയടിക്കാൻ പുതിയ തന്ത്രവുമായി മോഷ്ടാക്കൾ. ഏതൊക്കെ വീടുകളിൽ മോഷണം നടത്തണമെന്നത് മുൻകൂട്ടി തീരുമാനിക്കും; അതും വ്യത്യസ്തമായ രീതിയിലൂടെ. രാത്രി വാതിൽപടികളിൽ കിഡ്നി ബീൻസ് ഒഴിക്കുന്ന മോഷ്ടാക്കൾ പിറ്റേന്ന് അത് വീട്ടുടമസ്ഥർ വൃത്തിയാക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കും. വീടുകളിൽ ആൾതാമസം ഉണ്ടോയെന്ന് അറിയാനുള്ള ശ്രമമാണിതെന്ന് ഹോം സെക്യൂരിറ്റി വിദഗ്ധർ പറഞ്ഞു. കിഡ്നി ബീൻസ് നീക്കം ചെയ്യാതെ കിടക്കുന്ന വീടുകൾ കേന്ദ്രീകരിച്ചാണ് മോഷണം നടക്കുക.

കേൾക്കുമ്പോൾ വിചിത്രമായി തോന്നുമെങ്കിലും ഇത്തരം മോഷണ രീതി ഇപ്പോൾ വ്യാപകമാണെന്ന് ഹോം സെക്യൂരിറ്റി വിദഗ്ധർ മുന്നറിയിപ്പ് നൽകി. മലയാളികൾ ഉൾപ്പെടെയുള്ള ഏഷ്യൻ വംശജർ പാർക്കുന്ന വീടുകളെയാണ് മോഷ്ടാക്കൾ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. സ്വർണവും പണവും ഉൾപ്പെടുള്ള വിലപിടിപ്പുള്ള വസ്തുക്കൾ വീട്ടിനുള്ളിൽ ഉണ്ടാകുമെന്ന് മോഷ്ടാക്കൾ കരുതുന്നു.

 

അതിനാൽ വിചിത്രമായ അടയാളങ്ങൾ ശ്രദ്ധിക്കാനും സാധ്യമായ ഇടങ്ങൾ വൃത്തിയാക്കാനും ആളുകൾ ശ്രദ്ധിക്കണം. മാഞ്ചസ്റ്ററിലാണ് ഈ മോഷണ രീതി വ്യാപകമായി കണ്ടുവരുന്നത്‌. മുൻവാതിലിന്റെ താക്കോൽ ദ്വാരത്തിന് മുകളിൽ സെല്ലോടേപ്പ് സ്ട്രിപ്പ് ഒട്ടിച്ചു ആളുകൾ വീട്ടിനുള്ളിൽ ഉണ്ടോയെന്നു പരിശോധിക്കുന്ന രീതിയും തുടർന്നുവരുന്നു. കുടുംബാംഗങ്ങളോടോ വിശ്വസ്തരായ അയൽക്കാരോടോ വീട് നിരീക്ഷിക്കാൻ ആവശ്യപ്പെട്ട ശേഷം ദൂരയാത്ര പോകുന്നതാണ് ഉചിതമെന്നും ഹോം സെക്യൂരിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു.

RECENT POSTS
Copyright © . All rights reserved