Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

സോമർസെറ്റ് : സോമർസെറ്റിലെ നോർട്ടൺ ഫിറ്റ്‌സ്‌വാറനിൽ പാർക്കിംഗിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് അധ്യാപകനും ഭാര്യയും കുത്തേറ്റു മരിച്ചു. സ്റ്റീഫൻ ചാപ്പിൾ (36), ഭാര്യ ജെന്നിഫർ (33) എന്നിവരാണ് അയൽവാസിയുടെ കുത്തേറ്റു മരിച്ചത്. സംഭവത്തെ തുടർന്ന് അയൽവാസിയായ 34 കാരനെയും അദ്ദേഹത്തിന്റെ പിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ പിതാവിനെ അന്വേഷണ വിധേയമായി വിട്ടയച്ചതായി പോലീസ് വ്യക്തമാക്കി. സെക്കൻഡറി സ്കൂളിലെ കമ്പ്യൂട്ടർ അധ്യാപകനാണ് സ്റ്റീഫൻ. ജെന്നിഫർ ഗാർഡൻ സെന്റർ ജീവനിക്കാരിയാണ്. കൊലപാതകം നടക്കുമ്പോൾ അവരുടെ നാലും ഏഴും വയസ്സുള്ള ആൺമക്കൾ വീട്ടിലുണ്ടായിരുന്നു.

എസ്റ്റേറ്റിൽ പാർക്ക് ചെയ്യുന്നതിനെച്ചൊല്ലി അയൽക്കാർ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് അറിയിച്ചു. പിടിയിലായവരിൽ ഒരാൾ സൈനിക പശ്ചാത്തലമുള്ളയാളാണെന്നാണ് വിവരം. രണ്ട് കുടുംബങ്ങളും അഞ്ച് വർഷത്തോളമായി എസ്റ്റേറ്റിൽ താമസിക്കുന്നു. “സംഭവം നടക്കുമ്പോൾ രണ്ട് കൊച്ചുകുട്ടികൾ വീട്ടിലുണ്ടായിരുന്നു. ഭാഗ്യവശാൽ അവർക്ക് പരിക്കൊന്നും ഉണ്ടായിട്ടില്ല.” ഡിറ്റക്ടീവ് ഇൻസ്‌പെക്ടർ നീൽ മീഡ് പറഞ്ഞു.

ഇതുപോലുള്ള സംഭവങ്ങൾ വളരെ അപൂർവമാണെന്നും സമഗ്രമായ അന്വേഷണം നടത്തുമെന്നും പോലീസ് ഉറപ്പ് നൽകി. സ്റ്റീഫന്റെയും ജെന്നിഫറിന്റെയും സഹപ്രവർത്തകരും സുഹൃത്തുക്കളും ആദരാഞ്ജലികൾ അർപ്പിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കാർ ഗ്ലാസുകളിലെ മഞ്ഞും ഐസും മറ്റും നീക്കം ചെയ്യുവാൻ എൻജിനുകൾ ഉപയോഗിക്കുന്നവർക്ക് പിഴ ഈടാക്കുവാൻ ധാരണയായിരിക്കുകയാണ്. എൻജിനുകൾ ഓൺ ചെയ്ത് വാഹനം വഴിയിൽ പാർക്ക് ചെയ്താൽ 20 പൗണ്ട് ഫൈൻ ഈടാക്കാനും, കൃത്യസമയത്ത് പിഴ അടച്ചില്ലെങ്കിൽ ഇത് 40 പൗണ്ട് വരെ ഉയർത്താനും ധാരണയായിട്ടുണ്ട്. ഇത്തരത്തിൽ കാറുകൾ മണിക്കൂറുകളോളം എൻജിനുകൾ ഓൺ ചെയ്ത് ഇടുന്നത് പരിസ്ഥിതിക്ക് വളരെയധികം ദോഷം ചെയ്യുമെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു. ഫൈൻ ഈടാക്കാൻ ലോക്കൽ കൗൺസിലുകൾക്ക് അധികാരങ്ങൾ നൽകുന്നതാണ് പുതിയ നിയമം. ജനങ്ങൾ രാത്രികാലങ്ങളിൽ കാർ ഗ്ലാസ്സുകൾ മൂടി സൂക്ഷിക്കുവാൻ ശ്രമിക്കണമെന്ന് കാർമണി മാർക്കറ്റിങ് ആൻഡ് പാർട്ട്ണർഷിപ്പ്സ് മാനേജർ ആൻട്രു മാർഷൽ വ്യക്തമാക്കി. കാർബൺ ഡൈ ഓക്സൈഡ് എമിഷനുകൾ പരമാവധി കുറയ്ക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് പുതിയ നിയമം.

ഇലക്ട്രിക് കാറുകളും മറ്റും ഉപയോഗിക്കുന്നതോടൊപ്പം തന്നെ ജനങ്ങളുടെ ചെറിയ പ്രവർത്തനങ്ങൾ പോലും പ്രകൃതിയ്ക്ക് അനുയോജ്യമായിരിക്കണമെന്ന് ആൻട്രു മാർഷൽ വ്യക്തമാക്കി. 1988 ലെ റോഡ് ട്രാഫിക് ആക്റ്റിലെ സെക്ഷൻ 42 പ്രകാരം എൻജിനുകൾ ഓൺചെയ്ത് കാറുകൾ വഴിയിൽ ഉപേക്ഷിക്കുന്നത് ശിക്ഷാർഹമാണ്. ജനങ്ങൾ എല്ലാവരും തന്നെ ഇതു സംബന്ധിച്ച് ബോധവാന്മാരാകണമെന്ന നിർദ്ദേശമാണ് അധികൃതർ മുന്നോട്ടുവയ്ക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഇംഗ്ലണ്ടിലെ കെയറിലുള്ള കുട്ടികളുടെ എണ്ണം 2025 ഓടെ ഒരു ലക്ഷമാകുമെന്ന് ഗവേഷണ റിപ്പോർട്ട്‌. ബക്കിംഗ്ഹാംഷെയറിലെ മാർലോയിൽ നടക്കുന്ന ഓർഗനൈസേഷന്റെ വാർഷിക സമ്മേളനത്തിൽ കൗണ്ടി കൗൺസിൽസ് നെറ്റ്‌വർക്കിന്റെ (സിസിഎൻ) ചെയർമാൻ ടിം ഒലിവർ ഈ പ്രശ്നം അവതരിപ്പിക്കും. പ്രാദേശിക അധികാരികൾ കൈകൊള്ളേണ്ട സുപ്രധാന തീരുമാനമാണ് ഒരു കുട്ടിയെ പരിപാലിക്കുക എന്നത്. ഒരു കുട്ടിയെ ചിൽഡ്രൻസ് ഹോമിൽ പാർപ്പിക്കുന്നതിന് ആഴ്ചയിൽ ശരാശരി 4,000 പൗണ്ടിലധികം ചിലവാകും. ഇത് കൗൺസിലുകളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടും. എന്നാൽ കുട്ടികളുടെ പരിചരണം ഉൾപ്പെടെയുള്ള മുൻനിര സേവനങ്ങൾ നിലനിർത്തുന്നതിനായി കൗൺസിലുകൾക്ക് 4.8 ബില്യൺ പൗണ്ട് ധനസഹായം നൽകുന്നുണ്ടെന്ന് സർക്കാർ വക്താവ് പറഞ്ഞു.

2015-ൽ 69,000 കുട്ടികളെ കൗൺസിലുകൾ പരിപാലിച്ചു. എന്നാൽ 2020 മാർച്ചിൽ കുട്ടികളുടെ എണ്ണം 80,080 ആയി. ഇനിയുള്ള മൂന്ന് വർഷത്തിനുള്ളിൽ ഇത് 95,000 -ത്തിൽ എത്തുമെന്ന് സിസിഎൻ ഗവേഷണം വ്യക്തമാക്കുന്നു. റസിഡൻഷ്യൽ കെയർ ഹോമുകളിൽ പ്രവേശിക്കുന്ന കുട്ടികളുടെ എണ്ണത്തിലും വർധനവുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു. പണം ഉൾപ്പെടെയുള്ള പരിമിതികൾ കാരണം കൗൺസിലുകൾക്ക് കുടുംബങ്ങളുമായി നേരിട്ട് ഇടപെടാൻ സാധിച്ചില്ല. കുട്ടികളെ കെയറിൽ അയക്കുന്നതിനു പകരം കുടുംബങ്ങളെ ഒന്നിച്ചു നിർത്താനാണ് ശ്രമിക്കേണ്ടതെന്ന് ഈസ്റ്റ് സസെക്സ് കൗണ്ടി കൗൺസിലിന്റെ കൺസർവേറ്റീവ് നേതാവുമായ കീത്ത് ഗ്ലേസിയർ അഭിപ്രായപ്പെട്ടു.

കൗൺസിലുകൾ നേരിടുന്ന വെല്ലുവിളികൾ തിരിച്ചറിഞ്ഞുകൊണ്ടാണ് 4.8 ബില്യൺ പൗണ്ട് ധനസഹായം ഉറപ്പാക്കിയതെന്ന് സർക്കാർ വക്താവ് അറിയിച്ചു. കുട്ടികളുടെ സോഷ്യൽ കെയർ ഉൾപ്പടെയുള്ള സേവനങ്ങൾക്കായി പ്രാദേശിക അധികാരികൾക്ക് പണം കൈമാറുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : അടുത്ത വർഷം മുതൽ ഇംഗ്ലണ്ടിലെ പുതിയ വീടുകളിലും കെട്ടിടങ്ങളിലും ഇലക്ട്രിക് വാഹന ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കാൻ ആവശ്യപ്പെടുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഓരോ വർഷവും രാജ്യത്തുടനീളം 145,000 ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. പുതിയതായി നിർമിക്കുന്ന സൂപ്പർമാർക്കറ്റുകൾ, നവീകരണ പ്രവർത്തനങ്ങൾ നടക്കുന്ന കെട്ടിടങ്ങൾ എന്നിവിടങ്ങളിലും ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കും. 2030 മുതൽ പുതിയ പെട്രോൾ, ഡീസൽ കാറുകളുടെ വിൽപ്പന നിരോധിച്ചുകൊണ്ട് ഇലക്ട്രിക് കാറുകളിലേക്ക് പൂർണ്ണമായി മാറാൻ യുകെ ലക്ഷ്യമിടുകയാണ്. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാൻ രാജ്യം തയ്യാറാണെന്ന സൂചനയാണ് പ്രധാനമന്ത്രിയുടെ ഈ പ്രഖ്യാപനത്തിൽ.

ഇന്നലെ നടന്ന കോൺഫെഡറേഷൻ ഓഫ് ബ്രിട്ടീഷ് ഇൻഡസ്ട്രിയുടെ കോൺഫറൻസിലാണ് പുതിയ നിയമങ്ങൾ കൊണ്ടുവരുമെന്ന് ബോറിസ് ജോൺസൻ പ്രഖ്യാപിച്ചത്. ബ്രിട്ടനിൽ നിലവിൽ 25,000 ചാർജിംഗ് പോയിന്റുകൾ ഉണ്ട്. എന്നാൽ 2030-ന് മുൻപായി ഇതിന്റെ പത്തു മടങ്ങ് ചാർജിംഗ് പോയിന്റുകൾ ആവശ്യമായി വരുമെന്ന് കോമ്പറ്റീഷൻ ആൻഡ് മാർക്കറ്റ് അതോറിറ്റി പറഞ്ഞു. ജാഗ്വാർ, വോൾവോ തുടങ്ങിയ നിരവധി പ്രമുഖ കാർ നിർമ്മാതാക്കൾ 2025 മുതൽ 2030 വരെ ഇലക്‌ട്രിക്ക് വാഹനങ്ങൾ വിപണിയിലിറക്കാൻ പദ്ധതിയിടുന്നു. യൂറോപ്പിൽ വിൽക്കുന്ന എല്ലാ വാഹനങ്ങളും 2030-ഓടെ ഇലക്ട്രിക് ആകുമെന്ന് ഫോർഡ് പറഞ്ഞു.

യുകെയിലെ ഇലക്ട്രിക് കാർ വിൽപ്പന വളരുന്നത് ശുഭസൂചനയാണ്. 2020-ൽ വിറ്റ കാറുകളിൽ ഏകദേശം 10% ഇലക്‌ട്രിക് ആയിരുന്നു. 2018 ൽ ഇത് 2.5% ആയിരുന്നു. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ചാർജിംഗ് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തെക്കുറിച്ച് ആശങ്കകൾ ഉയർന്നിട്ടുണ്ട്. ഇലക്ട്രിക് കാർ ചാർജ് ചെയ്യുന്നതിന് അമിത വില ഈടാക്കരുതെന്ന് ട്രാൻസ്‌പോർട്ട് സെലക്ട് കമ്മിറ്റിയിലെ എംപിമാർ പറഞ്ഞു. ചാർജിംഗ് പോയിന്റുകളെക്കുറിച്ചുള്ള പ്രഖ്യാപനത്തിനൊപ്പം, ഗ്ലാസ്‌ഗോയ്ക്ക് സമീപമുള്ള വിൻഡ്‌ഫാമിൽ ഒരു പുതിയ ഹൈഡ്രജൻ പദ്ധതിയ്ക്ക് 10 മില്യൺ പൗണ്ട് ധനസഹായം നൽകുമെന്നും സർക്കാർ വ്യക്തമാക്കി. ഗ്ലാസ്ഗോ ഉച്ചകോടിക്ക് പിന്നാലെ ഉണ്ടായ ഈ പ്രഖ്യാപനങ്ങൾ മറ്റു പല ലോകരാജ്യങ്ങൾക്കും ഒരു മാതൃകയാണ്.

ലണ്ടൻ : യുകെയിലെ സ്കൂളുകളിൽ കോവിഡ് വ്യാപിക്കുന്നതായി റിപ്പോർട്ടുകൾ. മലയാളികൾ അടക്കം ഒട്ടേറെ പേരാണ് രോഗബാധിതരായി കഴിയുന്നത്. സ്‌കൂളുകളില്‍ നിന്നും പ്രൈമറി ക്ലാസ് വിദ്യാര്‍ഥികള്‍ കോവിഡ് ബാധിതരായി മാറിത്തുടങ്ങിയതോടെ വീടുകളിലും രോഗം പടരുന്ന സാഹചര്യമായി. കുട്ടികളെ ശുശ്രൂഷിക്കുന്ന മാതാപിതാക്കള്‍ പിസിആര്‍ ടെസ്റ്റില്‍ പോസിറ്റീവായി മാറുകയാണ്. ഇതോടെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിലും വർദ്ധനയുണ്ടായി. ബൂസ്റ്റർ ഡോസിനും രോഗത്തെ പിടിച്ചുനിർത്താൻ കഴിയില്ലെന്ന് മനസിലായതോടെ ക്രിസ്മസ് നാളുകൾ കൂടുതൽ ആശങ്കയിലേക്ക് നീങ്ങുകയാണ്.

സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ ലഭിച്ച സാഹചര്യത്തില്‍ ഇപ്പോൾ കൊച്ചു കുട്ടികളാണ് രോഗബാധിതരാകുന്നത്. രോഗലക്ഷണങ്ങൾ ഇല്ലാതെ അധ്യാപകർക്കും വിദ്യാര്‍ത്ഥികൾക്കും കോവിഡ് പിടിപെടുന്നു. രോഗികളെ കണ്ടെത്തുന്നതിലുള്ള പ്രധാന വെല്ലുവിളിയും ഇതുതന്നെ. വീടുകളില്‍ കോവിഡ് രോഗി ഉണ്ടെങ്കില്‍ പോലും മറ്റു അംഗങ്ങള്‍ക്ക് ജോലിക്കും സ്‌കൂളിലും പോകാം എന്ന നയം കേസുകൾ ഉയരാൻ കാരണമാകുന്നുവെന്നാണ് വിലയിരുത്തൽ. യുകെയിൽ ഇന്നലെ 44000 ലേറെപ്പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 61 കോവിഡ് മരണങ്ങളും റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്.

ശൈത്യകാലമായതോടെ കോവിഡ് രോഗികള്‍ക്ക് പനിയും ന്യുമോണിയയും പിടിപെടാൻ ഉയർന്ന സാധ്യതയുണ്ട്. ക്രിസ്മസ് നാളുകളിൽ ആശുപത്രികള്‍ വീണ്ടും നിറഞ്ഞു തുടങ്ങും എന്ന ആശങ്കയും ശക്തമാണ്. കോവിഡ് ആഗോള കണക്കുകൾ വർധിക്കുന്നുവെന്ന് ഈ മാസം ആദ്യം ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു. ലോകത്ത് എല്ലായിടത്തും കോവിഡ് വൈറസിനെ നിയന്ത്രിക്കാൻ സാധിക്കുന്നില്ലെങ്കിൽ വൈറസിന് ജനിതകമാറ്റം സംഭവിച്ച് ആഗോള വ്യാപകമാവുമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോ ഗബ്രിയേസസ് വ്യക്തമാക്കി. സാമ്പത്തികമായി മുൻപന്തിയിൽ നിൽക്കുന്ന രാജ്യങ്ങൾ ഇപ്പോഴും കോവിഡിന്റെ പുതിയ വകഭേദങ്ങളുടെ വ്യാപനത്തിന് അതീവ സാധ്യതയുള്ള പട്ടികയിലാണുള്ളത്. നിലവിൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരെ പോലും അത് ബാധിച്ചേക്കാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യുഎസ്, ഉക്രൈൻ, തുർക്കി, ജർമനി, ബ്രസീൽ എന്നീ രാജ്യങ്ങളിലും പുതിയ കോവിഡ് തരംഗങ്ങൾ രൂക്ഷമാവുകയാണെന്നാണ് റിപ്പോർട്ടുകൾ.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- വളരെ നാളുകളായി ആരോഗ്യ പ്രതിസന്ധികൾ മൂലം ഔദ്യോഗിക ചടങ്ങുകളിൽ നിന്നെല്ലാം വിട്ടു നിന്നിരുന്ന എലിസബത്ത് രാജ്ഞി കൊച്ചുമക്കളായ യുജീൻ രാജകുമാരിയുടെയും സാറ ടിന്റലിന്റെയും മക്കളുടെ നാമകരണ ചടങ്ങിൽ പങ്കെടുത്തു. നടുവിന് ബുദ്ധിമുട്ടിൽ ആയിരുന്ന രാജ്ഞി ചടങ്ങിൽ പങ്കെടുക്കുമോ എന്ന ആശങ്കകൾ നിലനിന്നിരുന്നു. ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഒരാഴ്ച മുൻപുള്ള ഞായറാഴ്ച നടന്ന കുർബാനയിൽ നടുവിന് ഉണ്ടായിരുന്ന ബുദ്ധിമുട്ടുമൂലം രാജി പങ്കെടുത്തിരുന്നില്ല. ആൻ രാജകുമാരിയുടെ മകളായ സാറ ടിൻഡലിന്റെയും മൈക്കിന്റെയും മകൻ ലൂക്കസ് ഫിലിപ്പിന്റെയും, ആൻഡ്രു രാജകുമാരന്റെ മകൾ യൂജീനിന്റെയും ജാക്ക് ബ്രൂകസ്ബാങ്കിന്റെയും മകന്റെയും നാമകരണ ചടങ്ങാണ് ഒരുമിച്ച് നടത്തിയത്.

ഒരുമാസത്തോളമായി ഔദ്യോഗിക ചടങ്ങുകളിൽ നിന്നെല്ലാം വിട്ടു നിന്നിരുന്ന എലിസബത്ത് രാജ്ഞി, കഴിഞ്ഞ ബുധനാഴ്ച വിൻസർ കാസ്റ്റിലിൽ വെച്ച് ഡിഫൻസ് ചീഫുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച കുർബാനയിൽ പങ്കെടുക്കുമെന്ന് കൊട്ടാരം അധികൃതർ വ്യക്തമാക്കിയിരുന്നെങ്കിലും രാജ്ഞിക്ക് പങ്കെടുക്കുവാൻ സാധിച്ചിരുന്നില്ല. എലിസബത്ത് രാജ്ഞി ഔദ്യോഗിക ചടങ്ങുകളിൽ പങ്കെടുക്കാതിരിക്കുന്നത് കടുത്ത ആരോഗ്യ പ്രതിസന്ധികൾ മൂലമാണെന്ന് അഭ്യൂഹങ്ങളും നിലനിന്നിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : വംശീയ പ്രവണത വച്ചുപുലർത്തുന്ന മനുഷ്യരുണ്ടെന്നത് നിസ് തർക്കമായ കാര്യമാണ്. എന്നാൽ മെഡിക്കൽ ഉപകരണങ്ങളും വംശീയത പ്രകടമാക്കി തുടങ്ങിയിരിക്കുന്നു. ബ്രിട്ടനിലെ ആശുപത്രികളിൽ ഉപയോഗിക്കുന്ന ഓക്‌സിമീറ്റർ, കറുത്ത വർഗ്ഗക്കാരുടെ ഓക്സിജൻ ലെവൽ കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്ന പഠനം പുറത്തുവന്നതിന് പിന്നാലെ അവലോകനത്തിന് ഉത്തരവിട്ട് ഹെൽത്ത്‌ സെക്രട്ടറി സാജിദ് ജാവിദ്. മെഡിക്കൽ ഉപകരണങ്ങളിലെ വംശീയ പക്ഷപാതം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് ജാവിദ് വ്യക്തമാക്കി. രോഗികൾക്ക് ഉചിതമായ കോവിഡ് ചികിത്സ ലഭിക്കുന്നത് തടയാൻ ഇവ കാരണമായോ എന്ന് മന്ത്രിമാർ അന്വേഷിക്കുന്നു. മെഡിക്കൽ ഉപകരണങ്ങളിലെ തെറ്റായ വിവരങ്ങളാണ് കോവിഡ് കാലത്ത് ആയിരകണക്കിന് വംശീയ ന്യൂനപക്ഷ രോഗികളുടെ മരണത്തിന് കാരണമായതെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.

അവലോകനം കേവലം ഉപകരണങ്ങളിൽ മാത്രം പോരെന്നും ആരോഗ്യ സംവിധാനത്തിനുള്ളിലെ ഘടനാപരമായ പ്രശ്നങ്ങൾ കൂടി പരിശോധിക്കണമെന്നും ഡോക്ടർമാരുടെ സംഘടനയായ ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (ബിഎംഎ) ആവശ്യപ്പെട്ടു. അതേസമയം യുകെയിലെ അവലോകനം കേവലം പൾസ് ഓക്‌സിമീറ്ററുകളിൽ മാത്രമായി പരിമിതപ്പെടുത്തരുതെന്നും വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ (പിപിഇ) പോലുള്ള മറ്റ് മെഡിക്കൽ ഉപകരണങ്ങളും പരിശോധിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.

മെഡിക്കൽ ഉപകരണങ്ങൾ പരിഷ്കരിക്കാൻ ശ്രമിക്കുകയാണെന്ന് സാജിദ് ജാവിദ് വ്യക്തമാക്കി. സാങ്കേതിക വിദ്യയിലും വിവേചനം കടന്നുവരാമെന്ന് അഭിപ്രായപ്പെട്ട ജാവിദ്, പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പ് നൽകി. മെഡിക്കൽ ഉപകരണങ്ങൾ എല്ലാ വിഭാഗങ്ങളിലും തുല്യമായി പരീക്ഷിച്ച് ഉറപ്പാക്കിയ ശേഷം വ്യാപകമായി
വിൽക്കാനും, ഉപയോഗിക്കാനും വഴിയൊരുക്കുകയാണ് ലക്ഷ്യം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കോവിഡിന്റെ ഫലമായി പ്രമേഹ രോഗികളുടെ എണ്ണത്തിൽ അടുത്ത വർഷത്തോടെ വൻ വർദ്ധനയുണ്ടാകുമെന്ന് മുന്നറിയിപ്പ്. പുതിയ പ്രമേഹ രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു. പ്രമേഹ രോഗികളുടെ ‘സുനാമി’ എന്നാണ് അവർ വിശേഷപിച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രമേഹ രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് കാണപ്പെട്ടുവെന്ന് ജിപിമാർ വെളിപ്പെടുത്തി. സാധാരണ നാം കാണുന്ന പ്രമേഹരോഗികളില്‍ 90 ശതമാനവും ടൈപ്പ് 2 പ്രമേഹത്തിൽ പെട്ടവരാണ്. ജീവിത ശൈലിയും ശീലങ്ങളുമാണ് പലപ്പോഴും ടൈപ്പ് 2 പ്രമേഹത്തിന് കാരണമാകുന്നത്. 49 ലക്ഷം ബ്രിട്ടീഷുകാർ പ്രമേഹ രോഗികൾ ആണെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.

പ്രായം, അമിതഭാരം, വ്യായാമക്കുറവ് എന്നിവയും ടൈപ്പ് 2 പ്രമേഹത്തിന് കാരണമാകും. പലരുടെയും ശരീരഭാരം വർദ്ധിക്കുന്നതിന് കോവിഡും ലോക്ക്ഡൗണും പ്രധാന കാരണമായി. ഒപ്പം ജിപികളെ കാണാനുള്ള അവസരവും കുറഞ്ഞു. ടൈപ്പ് 2 പ്രമേഹ രോഗികളുടെ എണ്ണത്തിൽ 56 ശതമാനം വർദ്ധനവ് ഉണ്ടായതായി പ്രാദേശിക ക്ലിനിക്കൽ കമ്മീഷനിംഗ് ഗ്രൂപ്പുകൾ വ്യക്തമാക്കി. ആശുപത്രിയിൽ പ്രവേശിപ്പിച്ച 20 കോവിഡ് രോഗികളിൽ ഒരാൾക്ക് രോഗം ബാധിച്ച് അഞ്ച് മാസത്തിനുള്ളിൽ പ്രമേഹം പിടിപെട്ടുവെന്ന് പഠനങ്ങൾ സ്ഥിരീകരിക്കുന്നു.

പ്രമേഹ രോഗികളുടെ എണ്ണത്തിൽ ഉണ്ടാകുന്ന വൻ വർദ്ധന, ആരോഗ്യ സംവിധാനത്തെ താറുമാറിലാക്കുമെന്ന് ഡോക്ടർമാർ ഭയപ്പെടുന്നു. ഈ പ്രതിസന്ധി 2023 വരെ നീളാൻ സാധ്യതയുണ്ട്. കോവിഡിന്റെ കടന്നുവരവും പരിശോധനകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണവും കൂടുതൽ പ്രതിസന്ധികളിലേയ്ക്ക് നയിച്ചു.

ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹം എന്നിങ്ങനെ പ്രധാനമായും രണ്ട് തരം പ്രമേഹങ്ങളുണ്ട്. കോശങ്ങളിലൂടെ ശരീരത്തിനുള്ളിൽ ഗ്ലൂക്കോസ് കടത്തുന്നതിന് ഇൻസുലിൻ കാരണമാകുന്നു. ടൈപ്പ് 2 പ്രമേഹത്തിൽ, ഇൻസുലിൻ കോശങ്ങളുടെ പ്രതികരണം കുറയുന്നതിനാൽ, ഈ പ്രവർത്തനം തകരാറിലാകുന്നു. ഇത് മൂലം ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കപ്പെടുന്നില്ല. ടൈപ്പ് 2 പ്രമേഹത്തിന്റെ ചില സാധാരണ കാരണങ്ങൾ ജീനുകൾ, അമിതഭാരം , ഇൻസുലിൻ പ്രതിരോധം, ശാരീരിക നിഷ്‌ക്രിയത്വം എന്നിവയാണ്. ദാഹം, ക്ഷീണം, വിശപ്പ്, കാഴ്ചശക്തി കുറയുന്നു, മുറിവ് ഉണങ്ങുന്നതിലെ താമസം എന്നിവയൊക്കെയാണ് മുന്നറിയിപ്പ് അടയാളങ്ങൾ.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കുടുബത്തോടൊപ്പം അവധി ആഘോഷിക്കാനായി പോയ 39 കാരിക്ക് ദാരുണാന്ത്യം. തൻെറ 11 വയസ്സുള്ള മകൻ ആൽഫിക്കും ഭർത്താവിനോടൊപ്പം നോർത്ത് വെയിൽസിൽസിൽ വാരാന്ത്യം ആഘോഷിക്കാനായി പോയ ക്ലെയർ മച്ചിന് പുലർച്ചെ തലവേദനയനുഭവപ്പെട്ടിരുന്നു, രണ്ടാഴ്ചയ്ക്ക് ശേഷം ലിവർപൂളിലെ ഹ്യൂടണിൽ ക്ലെയർ മരിക്കുകയായിരുന്നു. യാത്ര ചെയ്ത വേളയിൽ ക്ലെയറിന് ഭയങ്കരമായ തലവേദന അനുഭവപ്പെട്ടിരുന്നുവെന്നും കുഴഞ്ഞു വീഴുന്നതിന് മുമ്പ് ആംബുലൻസിനെ വിളിക്കുവാൻ പറഞ്ഞിരുന്നുവെന്നും 52 കാരനായ ക്ലെയറിന്റെ കസിൻ ജാക്കി പറഞ്ഞു. ക്ലെയറിനെ ആദ്യം വെയിൽസിലെ ഗ്ലാൻ ക്ലൈഡ് ഹോസ്പിറ്റലിലേയ്ക്കാണ് കൊണ്ടുപോയത്. പിന്നീട് റോയൽ സ്റ്റോക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലേയ്ക്ക് മാറ്റിയിരുന്നു. രണ്ട് ഓപ്പറേഷനുകൾ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ക്ലെയറിൻെറ തലച്ചോറിൽ സബാരക്നോയിഡ് രക്തസ്രാവമാണ് സംഭവിച്ചതെന്ന് ഡോക്ടർമാർ കുടുംബത്തോട് പറഞ്ഞു. എൻഎച്ച്എസ് പറയുന്നതനുസരിച്ച് മസ്തിഷ്കത്തിന്റെ ഉപരിതലത്തിൽ രക്തസ്രാവം മൂലമുണ്ടാകുന്ന അസാധാരണമായ സ്ട്രോക്ക് ആണ് സബാരക്നോയിഡ് രക്തസ്രാവം. ഇത് മരണംവരെ കൊണ്ടെത്തിക്കാവുന്ന ഗുരുതരമായ അവസ്ഥയാണ്. ഇതിൻറെ പ്രധാന ലക്ഷണങ്ങൾ കഴുത്തുവേദന, ബോധം നഷ്ടപ്പെടൽ, ഹൃദയാഘാതം സാധാരണ അനുഭവപ്പെടുന്നതിൽ നിന്ന് വ്യത്യസ്തമായ കഠിനമായ തലവേദന എന്നിവ ഉൾപ്പെടുന്നു. ക്ലെയറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഏകദേശ രണ്ടാഴ്ചയ്ക്കുശേഷം മരിക്കുകയായിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഇംഗ്ലണ്ടിൽ പുനരുപയോഗിക്കാൻ കഴിയാത്ത പ്ലാസ്റ്റിക് ഉത്പ്പന്നങ്ങൾ നിരോധിക്കാൻ നീക്കം. പ്ലേറ്റുകൾ, ഗ്ലാസുകൾ, കത്തി, മുള്ള്‌, പോളിസ്റ്റൈറൈൻ കപ്പുകൾ തുടങ്ങി ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കൾക്കാണ് നിരോധനം ഏർപ്പെടുത്തുക. ‘വലിച്ചെറിയൽ സംസ്കാരം’ ഉപേക്ഷിക്കേണ്ട സമയമാണിതെന്ന് പരിസ്ഥിതി സെക്രട്ടറി ജോർജ്ജ് യൂസ്റ്റിസ് പറഞ്ഞു. ഈ വിഷയത്തിൽ മന്ത്രിമാർ പൊതു കൂടിയാലോചന നടത്തും. പുനരുപയോഗിക്കാൻ കഴിയാത്ത 1.1 ബില്ല്യൺ പ്ലേറ്റുകളും 4.25 ബില്യൺ കട്ട്ലറി ഇനങ്ങളും പ്രതിവർഷം ഉപയോഗിക്കുന്നുണ്ട്. വികസിത പോളിസ്റ്റൈറൈൻ ഉപയോഗിച്ച് നിർമ്മിച്ച പ്ലാസ്റ്റിക് കട്ട്ലറി, ഡ്രിങ്ക് സ്റ്റിറർ, ഫുഡ് കണ്ടെയ്‌നറുകൾ എന്നിവയ്ക്ക് 2022 ജൂൺ മുതൽ സ്കോട്ട്‌ലൻഡ് നിരോധനം ഏർപ്പെടുത്തി.

ഈ മാസം ആദ്യം സർക്കാരിന്റെ പരിസ്ഥിതി ബിൽ പാർലമെന്റ് പാസാക്കിയിരുന്നു. ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉത്പന്നങ്ങൾക്ക് പുതിയ നിരക്കുകൾ ഏർപ്പെടുത്താൻ പരിസ്ഥിതി നിയമത്തിന്റെ അധികാരങ്ങൾ ഉപയോഗിക്കാമെന്ന് സർക്കാർ അറിയിച്ചു. പ്ലാസ്റ്റിക് അടങ്ങിയിരിക്കുന്ന വെറ്റ് വൈപ്പുകൾ, സഞ്ചികൾ എന്നിവയുടെ ഉപയോഗം എങ്ങനെ പരിമിതപ്പെടുത്താമെന്നും ആലോചിക്കും. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് സ്‌ട്രോ, കോട്ടൺ ബഡ്‌സ് എന്നിവ കഴിഞ്ഞ വർഷം നിരോധിച്ചിരുന്നു.

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ മൂലമുണ്ടാകുന്ന പരിസ്ഥിതി പ്രശ്നം നേരിടാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ് പരിസ്ഥിതി സെക്രട്ടറി വ്യക്തമാക്കി. സർക്കാരിന്റെ പുതിയ തീരുമാനം പരിസ്ഥിതി പ്രവർത്തകർക്ക് സന്തോഷം പകരും. രാജ്യത്തിന്‍റെ പരിസ്ഥിതിയെത്തന്നെ ഗുരുതരമായി ബാധിച്ചേക്കാവുന്ന ഒരു വിപത്തിന് തടയിടാനാണ് സർക്കാർ സംവിധാനം ശ്രമിക്കുന്നത്.

RECENT POSTS
Copyright © . All rights reserved