Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ശൈത്യകാലം എത്തുന്നതോടെ ‘വിന്റർ ഡിപ്രഷൻ’ കേസുകൾ ഉയരുമെന്ന് മുന്നറിയിപ്പ്. സീസണൽ അഫക്റ്റീവ് ഡിസോർഡർ (എസ്എഡി) എന്നും അറിയപ്പെടുന്ന കേസുകളുടെ എണ്ണം വർദ്ധിക്കുമെന്ന് വിദഗ്ധർ അറിയിച്ചു. യൂറോപ്പില്‍ ശൈത്യസമയം ഇന്ന് പുലർച്ചെ ആരംഭിച്ചു. ഒരു മണിക്കൂര്‍ പുറകോട്ട് മാറ്റിവെച്ചാണ് വിന്‍റര്‍ സമയം ക്രമീകരിക്കുന്നത്. അതായത് പുലര്‍ച്ചെ മൂന്നു മണിയെന്നുള്ളത് രണ്ടു മണിയാക്കി മാറ്റും. സാധാരണയായി ഒക്ടോബര്‍ മാസത്തിലെ അവസാനത്തെ ഞായറാഴ്ച പുലര്‍ച്ചെയാണ് ഈ സമയമാറ്റം നടത്തുന്നത്. പകലിന് നീളക്കുറവായിരിക്കും എന്നതാണ് ഇതിന്‍റെ അടിസ്ഥാനം. ഈ കാലാവസ്ഥ മാറ്റം മാനസികാരോഗ്യത്തെയും ബാധിക്കുന്നുണ്ട്.

ശൈത്യകാലത്ത് വന്നു പോകുന്ന ഒരവസ്ഥയാണ് വിന്റർ ഡിപ്രഷൻ. ദൈനംദിന പ്രവർത്തനങ്ങളിൽ താല്പര്യം നഷ്ടപ്പെടുക, ക്ഷോഭം, അലസത അനുഭവപ്പെടുക, സാധാരണയേക്കാൾ കൂടുതൽ നേരം ഉറങ്ങുക തുടങ്ങിയവയാണ് പ്രാധാന ലക്ഷണങ്ങൾ. കഴിഞ്ഞ എട്ടു വർഷത്തെ കണക്കുകൾ പ്രകാരം, ഒക്ടോബർ മാസത്തിൽ ഈ അവസ്ഥയിലൂടെ കടന്നുപോയവരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. എന്നാൽ ശൈത്യകാല വിഷാദത്തിനുള്ള പരിഹാരം എൻഎച്ച്എസ് തന്നെ നിർദേശിക്കുന്നു. നീളമേറിയ രാത്രികൾ ആയതിനാൽ മാനസികാവസ്ഥയെക്കുറിച്ച് ശ്രദ്ധാലുവായിരിക്കണമെന്നും വിഷാദം തോന്നി തുടങ്ങിയാൽ ഉടൻ തന്നെ ജിപിയുടെ സഹായം തേടണമെന്നും അവർ പറഞ്ഞു.

എൻ എച്ച് എസിന്റെ പിന്തുണയുള്ള ടോക്കിംഗ് തെറാപ്പിസ് പ്രൊവൈഡർ, ശീതകാലം മുഴുവൻ സോഷ്യൽ മീഡിയ ചാനലുകളിലും വെബ്‌സൈറ്റിലും ലോ മൂഡ് എങ്ങനെ കൈകാര്യം ചെയ്യാം എന്നതിനെക്കുറിച്ചുള്ള ഉപദേശങ്ങൾ നൽകും. പതിവായി വ്യായാമം ചെയ്യുന്നത് മാനസിക സമ്മർദ്ദം കുറയ്ക്കുന്നതോടൊപ്പം സമൂഹവുമായി ബന്ധപ്പെടാനും അവസരം ഒരുക്കുന്നു. ആസ്വദിച്ചു ചെയ്യുന്ന കാര്യങ്ങൾക്കായി സമയം കണ്ടെത്തുക എന്നതാണ് മറ്റൊരു പ്രധാന മാർഗം. യുകെയിൽ ഏകദേശം 13 ലക്ഷം ആളുകൾക്ക് വിന്റർ ഡിപ്രഷൻ ബാധിക്കുന്നുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

ഇന്നലെ നടന്ന ബ്രിട്ടനിലെ സീറോ മലബാർ സഭയുടെ ബൈബിൾ കലോത്സവത്തിൻ്റെ സമ്മാനദാന വേദി അച്ഛൻറെയും മകളുടെയും സാന്നിധ്യംകൊണ്ട് കൗതുകമായി. മുതിർന്നവരുടെ പ്രസംഗമത്സരത്തിൽ റീജനൽ തലത്തിൽ ഒന്നാം സമ്മാനത്തിന് അർഹനായ ലീഡ്സിൽ നിന്നുള്ള ജോജി തോമസും 11 മുതൽ 13 വയസ്സുവരെയുള്ള കുട്ടികളുടെ പ്രസംഗമത്സരത്തിൽ റീജനൽ , നാഷണൽ തലത്തിൽ ഒന്നാം സമ്മാനം കരസ്ഥമാക്കിയ ദിയാ ജോജിയുമാണ് ഈ അച്ഛനും മകളും . ഒരേ ഇനത്തിൽ തന്നെ മുതിർന്നവരുടെയും കുട്ടികളുടെയും മത്സരവിഭാഗത്തിൽ ഇരുവരും സമ്മാനാർഹരായതാണ് കൗതുകകരമായത്. ദിയാ മുൻപ് നടന്ന ബൈബിൾ കലോത്സവങ്ങളിൽ പങ്കെടുക്കുകയും ശ്രദ്ധേയമായ പ്രകടനത്തിലൂടെ വിജയിക്കുകയും ചെയ്തിരുന്നു. ലീഡ്സിനടുത്തുള്ള വെയ്ക്ക്ഫീൽഡിൽ താമസിക്കുന്ന ജോജിയും ഭാര്യ മിനി മോളും സെൻ്റ് മേരിസ് സീറോ മലബാർ കാത്തലിക് മിഷനിലെ അംഗങ്ങളാണ്. ദിയയ്ക്ക് രണ്ട് സഹോദരിമാരാണ് ഉള്ളത്. മൂത്ത സഹോദരി ആൻ ഇയർ 10ലും ഇളയ സഹോദരി ലിയ ഇയർ 2വിലും വിദ്യാർഥിനികളാണ്. തൻ്റെ പ്രസംഗകലയിലെ കഴിവുകൾ പുറത്തെടുക്കാനും വളർത്താനും സഭാവേദികളും പ്രത്യേകിച്ച് ബൈബിൾ കലോത്സവവും വഹിച്ച പങ്ക് വളരെ വലുതാണെന്ന് ദിയ മലയാളംയു കെയോട് പറഞ്ഞു.

യുകെയുടെ നാനാ ഭാഗത്തുനിന്നും എത്തിയ നൂറുകണക്കിന് വിജയികളടങ്ങിയ പ്രൗഢഗംഭീരമായ സദസ്സിനെ സാക്ഷ്യം നിർത്തി സീറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലാണ് വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചത്. രൂപത രൂപീകൃതമായതിനുശേഷം നടന്ന മൂന്നു ബൈബിൾ കലോത്സവങ്ങളും ജനപങ്കാളിത്തം കൊണ്ടും സംഘടനാ മികവ് കൊണ്ടും ശ്രദ്ധേയമാകുകയും യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച കലാ സംഗമവേദിയായി മാറുകയും ചെയ്തിരുന്നു.

 

മിനു നെയ്‌സൺ പള്ളിവാതുക്കൽ

ബേസൻ ലഡ്ഡു

ചേരുവകൾ

1/2 കപ്പ് പഞ്ചസാര
2 ഏലക്ക
1/4 കപ്പ് നെയ്യ്
1 കപ്പ് ബേസൻ മാവ് / കടലമാവ്

ബേസൻ ലഡൂ അലങ്കരിക്കാനുള്ള പിസ്ത പൊടിച്ചത്

ഉണ്ടാക്കുന്ന രീതി

ഒരു മിക്സിയിലോ ബ്ലെൻഡറിലോ പഞ്ചസാരയും ഏലക്കയും ചേർത്ത് നന്നായി പൊടിച്ചെടുക്കുക. ഇത് മാറ്റി വയ്ക്കുക.

ഇടത്തരം തീയിൽ ഒരു നോൺസ്റ്റിക് പാനിൽ നെയ്യ് ചൂടാക്കുക. നെയ്യ് ചൂടായി ഉരുകിക്കഴിഞ്ഞാൽ, ബേസൻ ചേർത്ത് ഇളക്കുക. കുറച്ച് മിനിറ്റുകൾക്ക് ശേഷം, ബേസൻ അലുത്തു മിനുസമാർന്ന പേസ്റ്റായി മാറും.

ഇതു അടിയിൽ പിടിക്കാതെയിരിക്കാൻ ഇടത്തരം-കുറഞ്ഞ തീയിൽ നിലനിർത്തി തുടർച്ചയായി ഇളക്കുക.

കുറച്ച് മിനിറ്റുകൾക്ക് ശേഷം,മിശ്രിതത്തിന്റെ സ്ഥിരത ഒരു ദ്രാവകം പോലെയായിരിക്കും. ക്രമേണ, മിശ്രിതം ഇളം മഞ്ഞയിൽ നിന്ന് സ്വർണ്ണ നിറത്തിലേക്ക് മാറുകയും ചെയ്യും. ( 15 മിനിറ്റ് വരെ എടുക്കാം )

തീ ഓഫ് ചെയ്തുകഴിഞ്ഞാൽ മിശ്രിതം 3 മുതൽ 4 മിനിറ്റ് വരെ ഇളക്കുക, അങ്ങനെ മിശ്രിതത്തിന്റെ താപനില പെട്ടെന്ന് കുറയുകയും കൂടുതൽ വേവിക്കാതിരിക്കുകയും ചെയ്യും .

മിശ്രിതം നന്നായി തണുത്തതിനു ശേഷം,പൊടിച്ച പഞ്ചസാര ചേർത്ത്
ഒരു സ്പൂൺ ഉപയോഗിച്ച് ഇളക്കുക. എന്നിട്ട് കൈകൾ ഉപയോഗിച്ച് നന്നായി മിക്സ് ചെയ്യുക.

മിശ്രിതത്തിന്റെ ഒരു ചെറിയ ഭാഗം എടുത്ത് ആവശ്യമുള്ള വലുപ്പത്തിലുള്ള ഉരുളകളാക്കി മാറ്റുക.

അതിനുശേഷം ബേസൻ ലഡു പിസ്ത പൊടിച്ചത് ഉപയോഗിച്ച് അലങ്കരിച്ചു ആസ്വദിക്കുക.

ബേസൻ ലഡൂ 5 ദിവസം വരെ ഒരു എയർടൈറ്റ് കണ്ടെയ്നറിൽ (at room temperature) സൂക്ഷിക്കാം.
ദീപാവലി പോലെയുള്ള വിശേഷാവസരങ്ങൾ ലഡു ഇല്ലാതെ അപൂർണ്ണമാണ്.

മിനു നെയ്‌സൺ പള്ളിവാതുക്കൽ ,ഓസ്ട്രേലിയ

 

 

 

ഡോ. ഐഷ വി

പ്രദർശന നഗരി കൊല്ലം എസ് എൻ കോളേജായിരുന്നു . പ്രദർശനത്തെ സംബന്ധിച്ച പത്രവാർത്ത കണ്ടിട്ടാണ് അച്ഛൻ ഞങ്ങളോട് പറഞ്ഞത് നാളെ രാവിലെ എക്സിബിഷന് കൊണ്ടുപോകാം . എല്ലാവരും രാവിലെ എഴുന്നേറ്റ് പോകാൻ തയ്യാറാകണം. ഞങ്ങൾ അതിരാവിലെ തന്നെ കുളിച്ചൊരുങ്ങി. ശ്രീദേവിയപ്പച്ചിയുടെ മകൾ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന മീനാകുമാരിയും ഞങ്ങളോടൊപ്പം വരുന്നുണ്ട്. ആറാം ക്ലാസ്സുകാരിയായ ഞാൻ വേഗം ചെന്ന് നിലവിളക്ക് കത്തിച്ചു . വിളക്കിനടുത്തായി സൂക്ഷിച്ചിരുന്ന ചന്ദനമെടുക്കാൻ കൈ നീട്ടിയതും വിളക്കു തിരിയിൽ നിന്നും ചൂടുള്ള ഒരു തുള്ളി എണ്ണ എന്റെ കൈയ്യിൽ വീണു. ഒരു മഴത്തുള്ളിയുടെ ആകൃതിയിൽ വലതു കൈത്തണ്ട പൊള്ളി. നല്ല നീറ്റൽ . കുറച്ച് പച്ചവെള്ളമൊഴിച്ച് പൊള്ളിയ ഭാഗം കഴുകി. എക്സിബിഷന് പോകാനുള്ള ആവേശത്തിൽ ഞങ്ങൾ യാത്രയായി.

ഉളിയനാടു വരെ നടന്ന് കൊല്ലത്തേയ്ക്കുള്ള ബസ്സിൽ കയറി. അപ്പോൾ പൊള്ളിയ ഭാഗത്തെ നീറ്റൽ സഹിക്കവയ്യാതായപ്പോൾ അമ്മയോട് കാര്യം പറഞ്ഞു. വീട്ടിൽ വച്ച് പറഞ്ഞിരുന്നെങ്കിൽ കോഴി നെയ്യ് തേയ്ക്കാമായിരുന്നെന്ന് അമ്മ മറുപടി നൽകി. അടുക്കളയിൽ വച്ച് സംഭവിക്കുന്ന ചെറിയ പൊള്ളലുകൾക്കൊക്കെ അമ്മയുടെ ഒറ്റമൂലിയായിരുന്നു കോഴി നെയ്യ് . നല്ല നെയ് വച്ച നാടൻ കോഴിയെ കറിവയ്ക്കാനെടുക്കുമ്പോൾ അതിന്റെ നെയ്യുരുക്കി ഒരു കുപ്പിയിൽ സൂക്ഷിയ്ക്കുകയായിരുന്നു അമ്മയുടെ പതിവ്. ഇടയ്ക്കിടെ കൈയ്യിലേക്കൂതിയും കൊച്ചേച്ചി (മീന) യോട് വർത്തമാനം പറഞ്ഞിരുന്നും കൊല്ലം എസ് എൻ കോളേജ് ജങ്ഷനിലെത്തി. എസ് എൻ കോളേജ് കോമ്പൗണ്ടിലുള്ള പ്രദർശന നഗരിയിലേയ്ക്ക് നടക്കുമ്പോൾ അച്ഛൻ പറഞ്ഞു തന്നു. വ്യവസായം കൊണ്ട് സമ്പന്നരാകാൻ ആഹ്വാനം ചെയ്ത ശ്രീനാരയണ ഗുരുവിന്റെ ഒരുത്തമമായ ആശയമായിരുന്നു എക്സിബിഷൻ സംഘടിപ്പിക്കുക എന്നത്.

ആദ്യ കാലത്ത് തിരുവിതാംകൂറിൽ ഈ എക്സിബിഷനുകൾ പുത്തനനുഭവമായിരുന്നു. വാണിജ്യപ്രാധാന്യമുള്ള പുതുമയുള്ള ഒട്ടേറെ ഉത്പന്നങ്ങളെ പരിചയപ്പെടാനും വിപണനത്തിനും ഇത്തരം എക്സിബിഷനുകൾ വേദിയൊരുക്കി. വൈവിധ്യമായിരുന്നു ആ എക്സിബിഷന്റെ മുഖമുദ്ര.1977-78 കാലഘട്ടത്തിൽ നടന്ന എക്സിബിഷനിൽ അന്ന് നാട്ടിൽ സുപരിചിതമല്ലാത്ത ഒട്ടേറെ ഉത്പന്നങ്ങൾ കണ്ടു. മിക്സി, ഗ്രൈന്റർ, ക്ലോസ്ഡ് സർക്യൂട്ട് ടി വി മുതലായവ അവയിൽ ചിലതായിരുന്നു. കറങ്ങുന്ന ദണ്ഡിൽ കുഴച്ച കളിമണ്ണ് വാരി വച്ച് കരവിരുതുകൊണ്ട് മൺകലവും മൺ നിലവിളക്കുമൊക്കെയുണ്ടാക്കുന്ന വിദ്യ കൗതുകകരമായിരുന്നു. കടലവറുത്തത് വറുത്ത ചോളം ചായ, വട , തുടങ്ങിയ ഉത്പന്നങ്ങളും പ്രദർശന നഗരിയിലുണ്ടായിരുന്നു. പാമ്പുകളെ പരിചയപ്പെടുത്തുന്ന വിഭാഗമെത്തി. അതിന്റെ നടത്തിപ്പുകാരൻ ഒരു പെരുമ്പാമ്പിനേയുമെടുത്ത് എന്റെയരികിലെത്തി. പേടിക്കേണ്ട പാമ്പിനെയൊന്ന് തൊട്ടു നോക്കാൻ പറഞ്ഞു. ഞാൻ തൊട്ടു നോക്കി. ആ ശീതരക്ത ജീവിയുടെ ശരീരത്തിന്റെ തണുപ്പ് ആദ്യമായി ഞാനറിഞ്ഞു. എല്ലാം പുതുമയും കൗതുകവും നിറഞ്ഞതായിരുന്നു. മെഡിക്കൽ കോളേജിന്റെ സ്റ്റാളും ഗംഭീരമായിരുന്നു. അമ്മ എല്ലാവർക്കും പൊതിച്ചോർ കൊണ്ടു വന്നത് ഞങ്ങൾ ഒരിടത്തിരുന്നു കഴിച്ചു. പിന്നെയും കാണാനും ബാക്കി . ചിത്രരചന. ഫോട്ടോഗ്രഫി, ചെടികൾ, മുടി വളരാനുള്ള എണ്ണ, വിവിധ തരം പലഹാരങ്ങൾ മുതലായ വിഭാഗങ്ങൾ കണ്ടു കഴിഞ്ഞപ്പോൾ ഞങ്ങൾ തളർന്നു. അങ്ങനെ ഞങ്ങൾ തിരികെ പോന്നു. ദീർഘദർശിയായ ഒരു ഗുരുവര്യൻ തുടങ്ങി വച്ച പ്രദർശനം പിറകേ വന്നവർ നല്ല രീതിയിൽ തുടർന്ന് പോകുന്നതിൽ വളരെ സന്തോഷം തോന്നി. വീട്ടിലെത്തിയപ്പോൾ എന്റെ കൈയ്യിലെ പൊള്ളലിൽ അമ്മ കോഴി നെയ്യ് പുരട്ടിത്തന്നു.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കൊച്ചി : യുകെയിലേയ്ക്ക് വ്യാജ വിസയില്‍ വിദ്യാര്‍ത്ഥികളെ കടത്തുന്ന മാഫിയ കേരളത്തിൽ പിടിമുറുക്കുന്നതായി റിപ്പോർട്ട്‌. കേരളത്തിലും അന്യ സംസ്ഥാനങ്ങളിലും മാത്രമല്ല യുകെയില്‍ വരെ പിടിമുറുക്കിയിരിക്കുകയാണ് അവർ. കഴിഞ്ഞ ദിവസം വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകളുമായി മൂന്നു യുവാക്കള്‍ കൊച്ചിയിൽ പിടിയിലായതോടെയാണ് കേരള പോലീസ് അന്വേഷണം ഊർജിതമാക്കിയത്. യുകെ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് നടക്കുന്ന വിദ്യാർത്ഥിക്കടത്ത് വർദ്ധിച്ചുവരികയാണെന്ന് അന്വേഷണത്തിൽ നിന്നും വ്യക്തമായി. എറണാകുളത്തേയും കോട്ടയത്തെയും റിക്രൂട്ട് എജന്‍സികള്‍, ട്രാവല്‍ ഏജന്റുമാര്‍, ഐഇഎല്‍ടിഎസ് പഠന കേന്ദ്രങ്ങള്‍, ഇമ്മിഗ്രേഷന്‍ ഏജന്‍സികള്‍ തുടങ്ങി ഒട്ടേറെ പേരാണ് പോലീസിന്റെ സംശയനിഴലിൽ ഉള്ളത്.

ഇത്തരം കുറ്റകൃത്യങ്ങൾ ഏറി വരുന്നത് ബ്രിട്ടീഷ് സർക്കാർ നൽകി വരുന്ന സ്റ്റുഡന്റ് വിസ ആനുകൂല്യത്തെയാണ് യഥാർത്ഥത്തിൽ ബാധിക്കുന്നത്. എയര്‍പോര്‍ട്ട് എമിഗ്രേഷന്‍ വിഭാഗത്തിന്റെ ചോദ്യം ചെയ്യലിലാണ് യുവാക്കൾ കുടുങ്ങിയത്. അറസ്റ്റിലാ യ വിദ്യാര്‍ത്ഥികളില്‍ നിന്നുമാണ് ഇടനിലക്കാരനെ പറ്റിയുള്ള വിവരങ്ങൾ പോലീസ് അറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പാലക്കാട് തൃത്താല കല്ലുങ്കല്‍ നഫ് സല്‍ എന്ന ഇടനിലക്കാരന്‍ അറസ്റ്റിലായി. ലണ്ടനില്‍ മുമ്പ് ഹോട്ടല്‍ ജീവനക്കാരനായിരുന്ന നഫ് സല്‍ യുകെയില്‍ വച്ചു പരിചയപ്പെട്ട ഹൈദരാബാദ് സ്വദേശി വഴിയാണ് സര്‍ട്ടിഫിക്കറ്റുകള്‍ നൽകിയിരുന്നത്.

മഹാരാഷ്ട്രയില്‍ നിന്നുമാണ് വ്യാജ പ്ലസ് ടു സര്‍ട്ടിഫിക്കറ്റുകള്‍ എത്തിക്കുന്നത്. 90000 രൂപയാണ് സർട്ടിഫിക്കറ്റ് വിലയായി വാങ്ങുന്നത്. ആദ്യം അറസ്റ്റിലായ മൂന്നു പേരെ കൂടാതെ മറ്റു നാലു വിദ്യാര്‍ഥികള്‍ കൂടി അറസ്റ്റിലായെന്നാണ് പോലീസ് നല്‍കുന്ന സൂചന. എറണാകുളം റൂറല്‍ എസ് പി കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചാണ് കേസ് അന്വേഷണം നടത്തുന്നത്. വ്യാജ സര്‍ട്ടിഫിക്കറ്റ് റാക്കറ്റിനുള്ളിൽ വൻ സംഘമാണുള്ളതെന്ന് പോലീസ് വ്യക്തമാക്കി. കേരളത്തിനൊപ്പം യുകെയിലും സംഘം പിടിമുറുക്കുന്നതായി പോലീസ് സംശയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ബ്രെക്‌സിറ്റിനു ശേഷമുള്ള മത്സ്യബന്ധന അവകാശങ്ങളെച്ചൊല്ലി ഫ്രാൻസുമായുള്ള തർക്കത്തിൽ യൂറോപ്യൻ യൂണിയൻ-യുകെ വ്യാപാര കരാർ ലംഘിച്ചേക്കാമെന്ന് ഭയപ്പെടുന്നതായി പ്രധാനമന്ത്രി ബോറിസ് ജോൺസൻ. ലൈസൻസ് സംബന്ധിച്ച തർക്കം പരിഹരിച്ചില്ലെങ്കിൽ യുകെ ബോട്ടുകൾ തങ്ങളുടെ തുറമുഖങ്ങളിൽ ഇറങ്ങുന്നത് തടയുമെന്ന് ഫ്രാൻസ് വ്യക്തമാക്കി. രാജ്യത്തിന്റെ താൽപ്പര്യങ്ങൾ ഉറപ്പാക്കാൻ ആവശ്യമായതെല്ലാം സർക്കാർ ചെയ്യുമെന്നാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. ജലാതിർത്തി ലംഘിച്ചെത്തിയ ലൈസൻസില്ലാത്ത ബ്രിട്ടീഷ്​ മത്സ്യബന്ധന ബോട്ട് ഫ്രാൻസ്​ കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു. അതിർത്തി ലംഘിച്ചതിന്​ മറ്റൊരു ബോട്ടിന്​ പിഴ ചുമത്തിയിട്ടുണ്ട്. ബ്രെക്​സിറ്റിനു ശേഷം യൂറോപ്യൻ യൂണിയനും ​ബ്രിട്ടനും തമ്മിൽ ജലാതിർത്തി സംബന്ധമായ തർക്കങ്ങൾ കൂടുതൽ രൂക്ഷമായി.

സമുദ്രമേഖലയിലെ നിയന്ത്രിത മേഖലകൾ കടന്ന് പരസ്പരം മത്സ്യബന്ധനമോ ചരക്കുനീക്കമോ നടത്തരുതെന്ന ധാരണ തെറ്റിച്ചെന്ന പേരിലാണ് പുതിയ തർക്കം രൂക്ഷമായത്. കഴിഞ്ഞ മാസം ബ്രിട്ടന്റെ മേഖലയിൽ പ്രവേശിക്കാനുള്ള ലൈസൻസിനായി അപേക്ഷിച്ച നിരവധി ഫ്രഞ്ച് കമ്പനികളെ തിരിച്ചയച്ച നടപടിയുടെ പ്രതികാരമാണ് ഇപ്പോൾ ഫ്രാൻസ് നടത്തിയതെന്നാണ് ബ്രിട്ടൺ ആരോപിക്കുന്നത്. ലൈസൻസ് നൽകുന്നത് ബ്രെക്‌സിറ്റ് കരാർ ലംഘനമാണെന്ന് യുകെ വിശദീകരിച്ചു. ചൊവാഴ്‌ച്ചയ്‌ക്കുള്ളിൽ ബ്രിട്ടൻ നിലപാട് മാറ്റിയില്ലെങ്കിൽ ഫ്രാൻസിലെ ഒരു തുറമുഖത്തിലും ബ്രിട്ടീഷ് കപ്പലുകളേയും മത്സ്യബന്ധന കപ്പലുകളേയും പ്രവേശിപ്പിക്കില്ലെന്ന് ഫ്രാൻസ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

കർശനമായ നടപടികളുമായി ഫ്രാൻസ് മുന്നോട്ട് പോയാൽ യൂറോപ്യൻ യൂണിയനുമായി പ്രശ്ന പരിഹാര നടപടികൾ ആരംഭിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ബ്രിട്ടീഷ് സർക്കാർ അറിയിച്ചു. ഫ്രാൻസ് പിടിച്ചെടുത്ത കോർനെലിസ് ഗെർട്ട് ജാൻ കപ്പലിന് ലൈസൻസ് ഇല്ലായിരുന്നുവെന്ന് ഫ്രഞ്ച് അധികൃതർ അറിയിച്ചെങ്കിലും ബോട്ടിന്റെ ഉടമസ്ഥർ ഇത് നിഷേധിച്ചു. ജി20 ഉച്ചകോടിയ്ക്ക് ലോകരാജ്യങ്ങൾ ഒരുമിക്കാനിരിക്കേയാണ് ബ്രിട്ടൻ – ഫ്രാൻസ് തർക്കം മുറുകുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- എലിസബത്ത് രാജ്ഞിയ്ക്ക് രണ്ടാഴ്ച കൂടി വിശ്രമം നിർദ്ദേശിച്ചിരിക്കുകയാണ് ഡോക്ടർമാർ. ഈ കാലഘട്ടത്തിൽ ഔദ്യോഗിക ചുമതലകളിൽ നിന്നെല്ലാം രാജ്ഞി വിട്ടുനിൽക്കുമെന്ന് ബെക്കിങ്ഹാം പാലസ് വക്താവ് അറിയിച്ചു. ചില വിർച്വൽ കോൺഫറൻസുകളിൽ പങ്കെടുക്കുക പോലുള്ള ചെറിയ ചില ചുമതലകൾ മാത്രമേ രാജ്ഞി ഈ സമയത്ത് നിർവഹിക്കുകയുള്ളൂ. ഒക്ടോബർ 20ന് രാജ്ഞി താൻ ആശുപത്രിയിലെത്തി തന്റെ പ്രാഥമിക പരിശോധനകൾ എല്ലാം തന്നെ നടത്തിയിരുന്നു. ചൊവ്വാഴ്ചയോടു കൂടി രാജ്ഞി തന്റെ ഔദ്യോഗിക ചുമതലകൾ നിർവഹിക്കുവാൻ ആരംഭിച്ചിരുന്നു. ചൊവ്വാഴ്ച അംബാസഡറുമാരുമായി വീഡിയോകോൺഫറൻസിങ് നടത്തിയിരുന്നു. എന്നാൽ ഗ്ലാസ്ഗോയിൽ വച്ച് നടക്കുന്ന കോപ് 26 കാലാവസ്ഥ ഉച്ചകോടിയിൽ രാജ്ഞി പങ്കെടുക്കുകയില്ലെന്ന് രാജകുടുംബ വക്താവ് അറിയിച്ചിട്ടുണ്ട്.


ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് പകരമായി, തന്റെ സന്ദേശം രാജ്ഞി റെക്കോർഡ് ചെയ്ത് അയക്കുമെന്നും അറിയിച്ചിട്ടുണ്ട്. ചെറിയ ചുമതലകൾ നിർവഹിക്കാൻ ഡോക്ടർമാർ അനുവദിച്ചിട്ടുണ്ടെങ്കിലും, ഔദ്യോഗിക യാത്രകൾക്ക് ഒന്നുംതന്നെ അനുമതിയില്ല. രാജ്ഞിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിൻെറ ഭാഗമായുള്ള മുൻകരുതലുകൾ മാത്രമാണ് ഇതെന്ന് രാജകുടുംബ വക്താവ് വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കവന്‍ട്രി: യുകെയിലെ ക്രൈസ്തവ വിശ്വാസികളുടെ എല്ലാമെല്ലാമായ ഫാ. സോജി ഓലിക്കലിന്റെ പൗരോഹിത്യ ശുശ്രൂഷ ഇനി ഇന്ത്യയിൽ. കരിസ്മാറ്റിക് ധ്യാനത്തിലൂടെയും മൂല്യാധിഷ്ഠിതമായ ജീവിതത്തിലൂടെയും വിശ്വാസികൾക്ക് അഭയസ്ഥാനമായിരുന്ന അച്ചന്റെ മടക്കം യുകെ മലയാളികൾക്ക് വേദനയുളവാക്കുന്നു. യുകെ പ്രവാസി മലയാളികൾ നെഞ്ചിലേറ്റിയ രൂപമാണ് സോജിയച്ചന്റേത്. കവന്‍ട്രി കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന ഫാ. സെബാസ്റ്റിയന്‍ അരീക്കാടിന്റെ സഹായിയായി എത്തിയ ഫാ. സോജി ഓലിക്കൽ വളരെ വേഗം തന്നെ ക്രൈസ്തവ വിശ്വാസികളുടെ പ്രീതി നേടിയെടുത്തു. കരിസ്മാറ്റിക് ധ്യാനത്തിലൂടെ ആയിരങ്ങളെയാണ് അദ്ദേഹം ഒരുമിച്ചു ചേർത്തത്. അതിൽ മലയാളികൾ മാത്രമല്ല, തമിഴ്, തെലുങ്ക്, ഫിലിപ്പിനോ, ശ്രീലങ്ക സ്വദേശികളും ബ്രിട്ടീഷുകാരും ഉൾപ്പെടുന്നു.

ബിര്‍മിങ്ഹാം കേന്ദ്രമാക്കി നടന്നു വന്നിരുന്ന രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനുകളിലെ പതിനായിരങ്ങളുടെ പങ്കാളിത്തം സഭയ്ക്ക് ആകമാനം ഗുണം ചെയ്തു. ബിര്‍മിങ്ഹാമില്‍ സെഹിയോന് വേണ്ടി ഒരാസ്ഥാനം സൃഷ്ടിക്കാൻ അച്ചന് സാധിച്ചു. ‘ധ്യാനത്തിങ്കൽ തീ കത്തി’ എന്നു പറയുമ്പോലെ ഓലിക്കൽ അച്ചന്റെ ധ്യാനത്തിലേയ്ക്ക് നിരവധി പേരാണ് ആശ്വാസം തേടി എത്തിയത്. അച്ചന്റെ ശുശ്രൂഷയിൽ ആകൃഷ്ടരായി പൗരോഹിത്യ വേലയിൽ എത്തിയവരും ഏറെയാണ്. അധികമാരും അറിയാതെയാണ് ജനകീയനായിരുന്ന ഈ വൈദികൻ മടങ്ങിയത്. കോവിഡ് കാലത്തുള്ള അച്ചന്റെ മടക്കം അവിശ്വസനീയമാണെന്ന് വിശ്വാസികൾ പറയുന്നു.

അതേസമയം സോജിയച്ചന്റെ ഇന്ത്യയിലേക്കുള്ള വരവ് വടക്കേ ഇന്ത്യന്‍ വിശ്വാസികള്‍ക്ക് ഗുണം ചെയ്യും. ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര നേതൃത്വം നല്‍കുന്ന ഫരീദാബാദ് രൂപതയിലേക്കാണ് സോജിയച്ചന്‍ അടക്കം 14 വൈദികര്‍ എത്തിയിരിക്കുന്നത്. പ്രധാനമായും ഇവർക്കാണ് മിഷൻ പഞ്ചാബിന്റെ ചുമതല. പാലക്കാട്, മാനന്തവാടി, തലശേരി കോട്ടയം രൂപതകളില്‍ നിന്നുള്ള പത്തു വൈദികരാണ് മിഷന്‍ പഞ്ചാബ് ഏറ്റെടുത്തിരിക്കുന്നത്. ലുധിയാന കേന്ദ്രീകരിച്ചാണ് പഞ്ചാബ് മിഷന്റെ ഏകോപനം. പഞ്ചാബിലെ 34 മിഷന്‍ സെന്ററുകള്‍ 14 അംഗ വൈദിക സംഘത്തിന് വീതം വച്ച് നല്‍കിയാകും പ്രവര്‍ത്തനം. ഏകദേശം 4000 വിശ്വാസികളെ ഏകോപിപ്പിച്ചാണ് ഈ മിഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്.

ബ്രിട്ടന്‍ ആയാലും ഫരീദാബാദ് ആയാലും തന്റെ നിയോഗം ഒന്നുതന്നെയെന്ന തിരിച്ചറിവാണ് ഈ വൈദികനെ ശക്തനാക്കുന്നത്. സോജിയച്ചന്റെ നേതൃത്വഗുണവും ധ്യാനവും തീക്ഷണമായ വചനങ്ങളും മനസ്സിൽ സൂക്ഷിക്കുകയാണ് യുകെ മലയാളികൾ.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : രോഗ പ്രതിസന്ധിയുടെ കാലത്തെ അക്ഷീണ പരിശ്രമത്തിന് ആദരവ്. കൊറോണ വൈറസിനെതിരെ പടപൊരുതിയ നേഴ്സുമാരെ പ്രശംസിച്ച് ചാൾസ് രാജകുമാരൻ. ഈ വർഷത്തെ നേഴ്‌സിംഗ് ടൈംസ് അവാർഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് പോരാട്ടത്തിലെ മുന്നണിപ്പോരാളികളായ നേഴ്സുമാർ പൂർണ്ണ സമർപ്പണത്തോടെയാണ് ജോലി ചെയ്തതെന്ന് രാജകുമാരൻ കൂട്ടിച്ചേർത്തു. ലണ്ടനിലെ ഗ്രോസ്‌വെനർ ഹൗസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ വീഡിയോയിലൂടെയായിരുന്നു അദ്ദേഹം മുഖ്യസന്ദേശം നൽകിയത്. യുകെയിലെ നേഴ്സുമാർ ഓരോ ദിനവും അവരുടെ രോഗികൾക്ക് മികച്ച പരിചരണമാണ് നൽകുന്നതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ആ പ്രയത്നത്തിനുള്ള അംഗീകാരമാണ് നേഴ്‌സിംഗ് ടൈംസ് അവാർഡുകൾ.

ലിവർപൂൾ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് എൻഎച്ച്എസ് ഫൗണ്ടേഷനാണ് ഈ വർഷത്തെ വിജയി. തീവ്രപരിചരണ വിഭാഗത്തിന് പുറത്തുള്ള കോവിഡ് രോഗികൾക്ക് നോൺ-ഇൻവേസിവ് വെന്റിലേഷൻ നൽകുന്നതിനായി നേഴ്സുമാർക്ക് ദ്രുത പരിശീലന പരിപാടി സംഘടിപ്പിച്ചതിനാലാണ് ലിവർപൂൾ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസിന് ഈ അവാർഡ് ലഭിച്ചത്. ഈ വർഷം ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട എല്ലാവരെയും രാജകുമാരൻ അഭിനന്ദിച്ചു. ആഗോള പകർച്ചവ്യാധിയെ അഭിമുഖീകരിക്കുമ്പോൾ, നേഴ്‌സുമാർ നൽകിയ പരിചരണം ശ്രേഷ്ഠമാണ്. വെല്ലുവിളി നേരിട്ട പുതിയ സാഹചര്യത്തോട് അവർ വളരെ വേഗം പൊരുത്തപ്പെട്ടതായി ചാൾസ് പറഞ്ഞു.

കഴിഞ്ഞ 18 മാസമായി നഴ്സുമാർ സഹിച്ച ത്യാഗങ്ങൾക്ക് നന്ദി അർപ്പിച്ച രാജകുമാരൻ, അവാർഡ് ചടങ്ങ് അവർക്കുള്ള അംഗീകാരമാണെന്നും കൂട്ടിച്ചേർത്തു. “ഞങ്ങൾക്കെല്ലാവർക്കും വേണ്ടി നിങ്ങൾ ചെയ്യുന്ന പ്രയത്നത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.” അദ്ദേഹം വ്യക്തമാക്കി.

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

യു കെ :- യുകെയുടെ റെഡ് ലിസ്റ്റിൽ നിലവിലുള്ള ഏഴ് രാജ്യങ്ങളെകൂടി തിങ്കളാഴ്ചയോടു കൂടി നീക്കം ചെയ്യുവാൻ തീരുമാനിച്ചിരിക്കുകയാണ്. ഇതോടെ ഇക്വഡോർ, ഡോമിക്കൻ റിപ്പബ്ലിക്, കൊളംബിയ, പെറു, പനാമ, ഹെയ്ത്തി, വെനസ്വല എന്നീ രാജ്യങ്ങളിൽ നിന്നും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചശേഷം ബ്രിട്ടണിലെത്തുന്നവർക്ക് ഹോട്ടലിൽ ക്വാറന്റൈനിൽ കഴിയേണ്ട ആവശ്യമില്ല. എന്നാൽ രാജ്യങ്ങളിൽ കേസുകളുടെ എണ്ണം വർദ്ധിച്ചാൽ വീണ്ടും റെഡ് ലിസ്റ്റിലേക്ക് അവയെ ഉൾപ്പെടുത്താനും തീരുമാനമുണ്ട്. യാത്രക്കാർക്കും, ട്രാവലർ ഇൻഡസ്ട്രി ജീവനക്കാർക്കുമെല്ലാം ഊർജ്ജം നൽകുന്നതാണ് പുതിയ തീരുമാനമെന്ന് ട്രാൻസ്പോർട്ട് സെക്രട്ടറി ഗ്രാൻഡ് ഷാപ്സ് വ്യക്തമാക്കി.കൊറോണ വൈറസ് വേരിയന്റുകൾ പുതിയതായി ഒന്നും തന്നെ കണ്ടെത്താത്തതാണ് ഇത്തരമൊരു തീരുമാനം എടുക്കുവാൻ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇതോടൊപ്പംതന്നെ കൂടുതൽ രാജ്യങ്ങളുടെ കോവിഡ് വാക്സിനുകൾ അംഗീകരിക്കാനുള്ള തീരുമാനവും കൈക്കൊണ്ടിട്ടുണ്ട്. ഇതോടെ 135 ൽ അധികം രാജ്യങ്ങളുടെ കോവിഡ് വാക്സിനുകൾ യുകെയിൽ അംഗീകൃതമാകും. തിങ്കളാഴ്ചയോടുകൂടിയാണ് പുതിയ തീരുമാനങ്ങൾ നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നത്. ബ്രിട്ടൻ അറിയിച്ചിരിക്കുന്ന മാറ്റങ്ങൾ സ്കോട്ട്‌ലൻഡ്, വെയിൽസ്, നോർത്തേൺ അയർലണ്ട് എന്നിവിടങ്ങളിലും നടപ്പാക്കുമെന്ന് അതാത് ഗവൺമെന്റുകൾ അറിയിച്ചിട്ടുണ്ട്. മൂന്നാഴ്ച കൂടുന്തോറും റെഡ് ലിസ്റ്റ് പുനപരിശോധിക്കുമെന്നും ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാൻസ്പോർട്ട് അധികൃതർ അറിയിച്ചിട്ടുണ്ട്. ഇതോടൊപ്പംതന്നെ പുതിയ വേരിയന്റുകൾ മറ്റു രാജ്യങ്ങളിൽ ഉണ്ടാകുന്നുണ്ടോ എന്നത് സംബന്ധിച്ചും സൂക്ഷ്മമായ നിരീക്ഷണം ഉണ്ടാകും. ടൂറിസം ഇൻഡസ്ട്രിക്ക് പുതിയ തീരുമാനങ്ങൾ ഊർജ്ജം നൽകുമെന്ന് സ്കോട്ട്‌ലൻഡ് ട്രാൻസ്പോർട്ട് മിനിസ്റ്റർ ഗ്രേയ്മ് ഡേ വ്യക്തമാക്കി. പകർച്ചവ്യാധി അവസാനിച്ചിട്ടില്ലെന്നും, സാഹചര്യങ്ങൾ കൂടുതൽ സൂക്ഷ്മതയോടെ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

RECENT POSTS
Copyright © . All rights reserved