Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കാർ ഇൻഷുറൻസിൽ വർഷം തോറും നൂറിലധികം പൗണ്ട് ലാഭിക്കാൻ കഴിയും. എങ്ങനെയെന്നല്ലേ? അതിന് ധാരാളം വഴികളുണ്ട്. നിലവിൽ മിക്കവരും ഒരേ പോളിസിയിൽ തുടരുകയും ആവശ്യത്തിലധികം പണം അടയ്ക്കുകയും ചെയ്യുന്നുണ്ട്. സൈറ്റുകൾ വഴി കാർ ഇൻഷുറൻസ് വിലകൾ താരതമ്യം ചെയ്യുന്നത് എളുപ്പമാണ്. അഞ്ച് മിനിറ്റിനുള്ളിൽ ഏറ്റവും മികച്ച പോളിസി കണ്ടെത്താൻ കഴിയും. പുതിയ ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം നൽകുന്ന മറ്റൊരു ഇൻഷുറൻസിലേക്ക് മാറുന്നത് താരതമ്യേന ലളിതമാണ്. കാർ ഇൻഷുറൻസ് ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന ഒരു മാർഗ്ഗം മാത്രമാണിത്.

മികച്ച പോളിസി തിരഞ്ഞെടുക്കുക

ഇൻഷുറൻസ് പുതുക്കുന്ന സമയം മറ്റ് പോളിസികളുമായി താരതമ്യം ചെയ്ത് നോക്കുക. ‘Compare the Market’ എന്ന സൈറ്റിലൂടെ ഇത് എളുപ്പത്തിൽ സാധ്യമാകും. ഡയറക്ട് ലൈൻ പോലുള്ള സൈറ്റുകളിൽ ഫീച്ചർ ചെയ്യാത്ത ഇൻഷുറൻസ് കമ്പനികളെ തിരിച്ചറിയുന്നതും പ്രധാനമാണ്. പോളിസിയിലെ മാറ്റത്തിനായി അഡ്മിനിസ്ട്രേഷൻ ഫീസ് ഉൾപ്പെടുത്താൻ ഇൻഷുറൻസ് കമ്പനികൾ ശ്രമിക്കും. നിങ്ങൾ വാഹനമോ മേൽവിലാസമോ മാറ്റുകയാണെങ്കിൽ സാധാരണയായി 25 മുതൽ 50 യൂറോ വരെയാണ് ഫീസ്.

ബ്ലാക്ക്ബോക്സ്‌ പോളിസികൾ

നിങ്ങളുടെ ഡ്രൈവിംഗ് നിരീക്ഷിക്കാൻ ഇൻഷുറർ നിങ്ങളുടെ കാറിൽ ഒരു സിസ്റ്റം ഇൻസ്റ്റാൾ ചെയ്യുന്നതാണ് ബ്ലാക്ക് ബോക്സ് പോളിസികൾ. ശ്രദ്ധാപൂർവ്വം വാഹനമോടിക്കുന്നവർക്ക് പ്രതിഫലം നൽകാനാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ ഉപകരണങ്ങളിൽ പലതും ചെറുപ്പക്കാരായ ഡ്രൈവർമാരെ ലക്ഷ്യം വച്ചുള്ളതാണ്. ടെലിമാറ്റിക്സ് എന്ന് വിളിക്കപ്പെടുന്ന ഈ ഉപകരണങ്ങൾ നിങ്ങളുടെ ഡ്രൈവിംഗ് രീതി പരിശോധിക്കും. നിങ്ങൾ ഒരു നല്ല ഡ്രൈവർ ആണെന്ന് തെളിയിക്കാൻ തുടങ്ങിയാൽ പ്രീമിയം ഗണ്യമായി കുറയ്ക്കാനാകും. ഇത്തരം പോളിസി എടുക്കുന്നതിനു ചില ഇൻഷുറൻസ് കമ്പനികൾ മുൻകൂർ ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്നു.

പോളിസിയിൽ ഡ്രൈവറുടെ പേര് മാത്രം

പ്രീമിയം വെട്ടിക്കുറയ്ക്കാനുള്ള മറ്റൊരു മാർഗ്ഗം പോളിസിയിൽ ഡ്രൈവറുടെ പേര് മാത്രം ഉണ്ടാകുക എന്നതാണ്. ചെറുപ്പക്കാരനായ, ഡ്രൈവറെ പോളിസിയിൽ ചേർക്കുന്നത് ഒരു തെറ്റായ നടപടിയാണ്.

വർഷം തോറും അടയ്ക്കുക

ഒരു പുതിയ പോളിസി എടുക്കുമ്പോൾ, ഡ്രൈവർമാർക്ക് ഒരുവർഷത്തേയ്ക്ക് മുൻകൂറായോ പ്രതിമാസ തവണകളായോ അടയ്ക്കാനുള്ള മാർഗം ഉണ്ടാവും. പലരും പ്രതിമാസ പെയ്‌മെന്റുകളാണ് തിരഞ്ഞെടുക്കുന്നത്. എന്നാൽ നിങ്ങളുടെ വാർഷിക പ്രീമിയം മുൻകൂറായി അടയ്ക്കാൻ കഴിയുമെങ്കിൽ അതിലൂടെ പണം ലാഭിക്കാം. പ്രതിമാസ തവണകളായി അടയ്ക്കുമ്പോൾ നിങ്ങൾക്ക് പലിശ ഈടാക്കുമെന്നതിനാലാണിത്.

കാർ സുരക്ഷിതമാക്കുക

അലാറം, ഇമോബിലൈസർ അല്ലെങ്കിൽ ട്രാക്കിംഗ് ഉപകരണം എന്നിവ കാറിൽ ഘടിപ്പിച്ചാൽ ഡ്രൈവർമാർക്ക് ഏകദേശം 5 ശതമാനം ഇൻഷുറൻസ് ഡിസ്‌കൗണ്ട് ലഭിക്കും.

കുറഞ്ഞ മൈലേജ്

കുറഞ്ഞ ഇൻഷുറൻസ് ചെലവ് കുറയ്ക്കാൻ കുറഞ്ഞ മൈലേജ് നിങ്ങളെ സഹായിക്കും. കുറച്ചു മൈലുകൾ മാത്രമാണ് ഡ്രൈവ് ചെയ്യുന്നതെങ്കിൽ ഇൻഷുറൻസ് കമ്പനികൾ ഈ കുറഞ്ഞ അപകടസാധ്യതയെ അനുകൂലമായി കാണുകയും നിങ്ങളുടെ പ്രീമിയം കുറയുകയും ചെയ്യും. ഗോകം പെയറിൽ നിന്നുള്ള കണക്ക് പ്രകാരം, നിങ്ങളുടെ മൈലേജ് 10,000 -നെ അപേക്ഷിച്ച് 9,000 ആണെങ്കിൽ കാർ ഇൻഷുറൻസിൽ 13 ശതമാനം വില കുറയും.

കാർ സുരക്ഷിതമായി സൂക്ഷിക്കുക

നിങ്ങളുടെ കാർ ഗാരേജുകളിൽ സൂക്ഷിക്കുന്നത് പ്രധാനമാണ്. റോഡിൽ കാർ സൂക്ഷിക്കുന്നതിലൂടെ മോഷണ സാധ്യത വർധിക്കുകയാണ്. അതിനാൽ ഗാരേജിൽ സൂക്ഷിക്കുന്നത് നിങ്ങളുടെ പ്രീമിയത്തിൽ പ്രതിഫലിക്കും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കോവിഡ് മാനദണ്ഡ പ്രകാരം റെഡ് ലിസ്റ്റിൽ നിന്നും നാല്പത്തേഴു രാജ്യങ്ങളെ കൂടി നീക്കിയതായി യു കെ ട്രാൻസ്‌പോർട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്സ് അറിയിച്ചു. ഒക്ടോബർ 11 തിങ്കളാഴ്ച രാവിലെ 4 മണി മുതൽ പുതിയ മാറ്റങ്ങൾ നിലവിൽവരും. ഇതോടെ റെഡ് ലിസ്റ്റ് ഏഴു രാജ്യങ്ങളായി ചുരുങ്ങിയതായും ട്രാൻസ്‌പോർട്ട് സെക്രട്ടറി അറിയിച്ചു. പുതിയ നിയമങ്ങളോടെ യു കെയിലേക്ക് സൗത്ത് ആഫ്രിക്ക, മെക്സിക്കോ, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള യാത്ര കൂടുതൽ സൗകര്യപ്രദമാക്കും. ഇതോടെ രണ്ട് ഡോസ് വാക്സിൻ എടുത്തവർ ഈ രാജ്യങ്ങളിൽ നിന്നും യുകെയിലേയ്ക്ക് തിരിച്ചുവരുന്നതിനു മുൻപായുള്ള കോവിഡ് ടെസ്റ്റും, തിരിച്ചു വന്നതിനു ശേഷമുള്ള ക്വാറന്റൈനും ആവശ്യമില്ല. എന്നാൽ യുകെയിലെത്തിയ ശേഷം രണ്ടാമത്തെ ദിവസം കോവിഡ് ടെസ്റ്റിനു വിധേയരാകേണ്ടതാണെന്നും ട്രാൻസ്പോർട്ട് സെക്രട്ടറി അറിയിച്ചു.


പുതിയ ഇളവുകൾ നൽകുന്നത് ഡബിൾ- വാക്സിനേറ്റഡ് ആയ കൂടുതൽ ടൂറിസ്റ്റുകളെ യുകെയിലേയ്ക്ക് ആകർഷിക്കുന്നതിനും കൂടിയാണെന്ന് ട്രാൻസ്പോർട്ട് സെക്രട്ടറി വ്യക്തമാക്കി. പുതിയ നിയമങ്ങളെ സന്തോഷപൂർവ്വം സ്വാഗതം ചെയ്യുന്നതായി എയർലൈൻ അധികൃതർ വ്യക്തമാക്കി. തിരിച്ചെത്തിയശേഷം രണ്ടാമത്തെ ദിവസത്തെ പി സി ആർ ടെസ്റ്റ്‌ എന്ന നിബന്ധന ഈ മാസം അവസാനത്തോടെ ഇല്ലാതാകുമെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്. ഇതിനു പകരമായി വ്യക്തികൾ റാപ്പിഡ് ടെസ്റ്റുകൾ ചെയ്താൽ മതിയാകും. പോസിറ്റീവ് ആയാൽ മാത്രം പിസിആർ ടെസ്റ്റ് എന്ന രീതിയിലേക്ക് നടപടികളുണ്ടാകും എന്ന പ്രതീക്ഷയിലാണ് എയർലൈൻ അധികൃതരും.


കൊളംബിയ, ഡൊമിനിക്കൻ റിപ്പബ്ലിക്ക് , ഇക്വഡോർ, ഹെയ്ത്തി, പനാമ, പെറു, വെനസ്വേല എന്നീ ഏഴ് രാജ്യങ്ങൾ ഇപ്പോഴും റെഡ് ലിസ്റ്റിലാണ്. റെഡ് ലിസ്റ്റിൽപ്പെട്ട രാജ്യങ്ങളിൽനിന്ന് യുകെയിൽ എത്തുന്നവർക്ക് 11 ദിവസത്തെ നിർബന്ധിത ക്വാറന്റീൻ വേണമെന്നാണ് ചട്ടം. വരും ദിവസങ്ങളിൽ കൂടുതൽ ഇളവുകൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ ശൈത്യകാലത്തിന് മുന്നോടിയായി പ്രകൃതിവാതകത്തിന്റെ വില വർദ്ധനവ് സാധാരണമാണ് . ശൈത്യത്തിൽ നിന്ന് രക്ഷതേടി വീടുകളിലെ താപനില നിയന്ത്രിക്കാൻ ഗ്യാസ് കൂടുതൽ ചിലവാകുന്നതിനാലുള്ള ഡിമാന്റാണ് വിലവർദ്ധനവിന് കാരണം. എന്നാൽ ഇത്തവണത്തെ ഗ്യാസിന്റെ വില വർദ്ധനവ് കുടുംബ ബജറ്റുകളെ താളം തെറ്റിക്കുന്ന വിധത്തിലാണ്. ചരിത്രത്തിൽ ഇന്നേവരെ ഉണ്ടാകാത്ത വിധത്തിലുള്ള വിലവർദ്ധനവ് താങ്ങാനാവാതെ നിരവധി ഊർജ്ജ വിതരണ കമ്പനികളാണ് പൂട്ടി പോയത്.

ഉപഭോക്‌താക്കളിൽ ഭൂരിഭാഗത്തിനും നിശ്ചിത കാലത്തേയ്ക്ക് മുൻകൂട്ടി ഉറപ്പിച്ച കരാർ പ്രകാരം ഗ്യാസ് നൽകാൻ സാധിക്കാത്തതിനാലാണ് ഊർജ്ജ വിതരണ കമ്പനികൾ പൂട്ടി കെട്ടിയത്. ഇതോടെ പെരുവഴിയിലായ ഉപഭോക്താക്കളെ എനർജി ഓബുഡ് സ് മാന്റെ നേതൃത്വത്തിൽ മറ്റു കമ്പനികളെ ഏൽപ്പിക്കുകയാണ്. എന്നാൽ നിലവിലുള്ള കരാർ വ്യവസ്ഥയിൽ മാറ്റങ്ങളോടെയാണ് പുതിയ കമ്പനികൾ ഉപഭോക്താക്കളെ ഏറ്റെടുക്കുന്നത്. എന്തായാലും യൂറോപ്പിലേയ്ക്കുള്ള ഗ്യാസ് വിതരണം കൂട്ടാമെന്നുള്ള റഷ്യയുടെ തീരുമാനം ഗ്യാസിന്റെ മൊത്തവിലയിലുള്ള കുതിച്ചുകയറ്റത്തിന് തടയിടുന്നുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഒക്ടോബർ 15 വെള്ളിയാഴ്ച മുതൽ കോൺടാക്റ്റ് ലെസ് കാർഡ് പരിധി 100 പൗണ്ടായി ഉയരും. കഴിഞ്ഞ നാല് വർഷത്തിനിടെ യുകെയിലെ സമ്പർക്കരഹിത പണമിടപാടുകൾ ഏഴ് ശതമാനത്തിൽ നിന്ന് 27 ശതമാനമായി ഉയർന്നതായി യുകെ ഫിനാൻസ് വ്യക്തമാക്കി. ഈ നടപടി സമ്പദ്‌വ്യവസ്ഥ ഉയർത്താൻ സഹായിക്കുമെന്ന് സർക്കാരും ബാങ്കുകളും പ്രതീക്ഷിക്കുന്നു. പിൻ നമ്പർ നൽകാതെ തന്നെ കാർഡ് വഴി പണമിടപാട് നടത്താൻ സാധിക്കുമെന്നത് കോൺടാക്റ്റ്ലെസ് കാർഡുകളുടെ ജനപ്രീതി വർധിപ്പിക്കുന്നു. 2020 ഏപ്രിൽ 1 മുതൽ സമ്പർക്കരഹിത പണമിടപാടുകൾ 12 ശതമാനം വർദ്ധിച്ചിരുന്നു.

ഡെബിറ്റ് കാർഡ് പെയ്‌മെന്റുകളുടെ അനുപാതം പകർച്ചവ്യാധി സമയത്ത് ഉയർന്നിരുന്നു. 2019 ൽ അഞ്ചിൽ രണ്ടായിരുന്നത് 2020 സെപ്റ്റംബറിൽ അഞ്ചിൽ മൂന്നായി ഉയർന്നു. കോൺടാക്റ്റ്ലെസ് പേയ്മെന്റ് ഉപഭോക്താക്കൾക്കിടയിൽ വളരെ പ്രചാരമുള്ളതാണെന്നും കോൺടാക്റ്റ്ലെസ് സാങ്കേതികവിദ്യ ഉപയോഗിച്ച് വർദ്ധിച്ച പണമിടപാടുകൾ നടക്കുന്നുണ്ടെന്നും യുകെ ഫിനാൻസിന്റെ ചീഫ് എക്സിക്യൂട്ടീവ് ഡേവിഡ് പോസ്റ്റിംഗ്സ് പറഞ്ഞു. പരിധി 100 പൗണ്ടായി വർദ്ധിപ്പിക്കുന്നത് പൊതുജനങ്ങൾക്ക് കൂടുതൽ സഹായകരമാകുമെന്നും വിലയിരുത്തപ്പെടുന്നു. എന്നാൽ അതുപോലെ തന്നെ സമ്പർക്കരഹിത പണമിടപാട് പരിധിയിലെ വർദ്ധനവ് കൂടുതൽ മോഷണങ്ങൾക്ക് വഴിതുറക്കുമെന്ന് ഭയപ്പെടുന്നവരുമുണ്ട്.

ആപ്പ് വഴി ഉപഭോക്താക്കൾക്ക് അവരുടെ കാർഡ് ഉപയോഗിക്കാനാഗ്രഹിക്കുന്ന വിധത്തിൽ ക്രമീകരിക്കാനാകുമെന്ന് ബാർക്ലെയ്സ് പറഞ്ഞു. നിലവിൽ ഉപഭോക്താക്കൾക്ക് സ്വന്തമായി സമ്പർക്കരഹിത പരിധികൾ സജ്ജമാക്കാൻ പ്രത്യേക ഓപ്ഷനില്ല. നോൺ-കോൺടാക്റ്റ്ലെസ് കാർഡുകളും ബാർക്ലേയ്സ് വാഗ്ദാനം ചെയ്യുന്നുണ്ട്. ടി എസ് ബി ഉപഭോക്താക്കൾക്ക് 100 പൗണ്ട് പരിധി കുറയ്ക്കാൻ കഴിയില്ല. എന്നാൽ ഒരു നോൺ-കോൺടാക്റ്റ്ലെസ് കാർഡ് തിരഞ്ഞെടുക്കാൻ മാർഗ്ഗമുണ്ട്. കോൺടാക്റ്റ്‌ലെസ് ഓണാക്കാനും ഓഫ് ചെയ്യാനും അല്ലെങ്കിൽ സ്വന്തം കോൺടാക്റ്റ്ലെസ് പരിധി നിശ്ചയിക്കാനും ലോയ്ഡ്സ് ബാങ്ക് അനുവദിക്കുന്നുണ്ട്.

കോൺടാക്റ്റ്ലെസ് കാർഡുകൾ എളുപ്പത്തിൽ തിരിച്ചറിയുന്നതിനായി വൈഫൈ ചിഹ്നത്തോടെയാണ് വരുന്നത്. ഇവ ഉപയോഗിക്കാൻ കഴിയുന്ന പിഒഎസ് ടെർമിനലിലും ഈ ചിഹ്നം ഉണ്ടാകും. കാർഡും ചെക്കൗട്ട് ടെർമിനലിലും തമ്മിലുള്ള ആശയവിനിമയം ആരംഭിക്കുന്നതിന് രണ്ടും തമ്മിലുള്ള ദൂരം കുറഞ്ഞത് 4 സെന്റിമീറ്റർ ആയിരിക്കണം. കൂടാതെ ശരിയായി ക്രമീകരിക്കുകയും വേണം.

ലണ്ടൻ: രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ഇന്ത്യക്കാർക്ക് ക്വാറന്റൈൻ ഒഴിവാക്കി യുകെ. തിങ്കളാഴ്ച മുതൽ ഇന്ത്യയിൽ നിന്നെത്തുന്ന യാത്രക്കാർക്ക് (രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർ) ക്വാറന്റൈൻ ഇല്ലെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ അലക്സ് എല്ലിസ് അറിയിച്ചു. കോവിഷീൽഡ് അല്ലെങ്കിൽ യുകെ അംഗീകരിച്ച വാക്സിൻ ഉപയോഗിച്ച് കുത്തിവയ്പ്പ് നടത്തിയവർക്കാണ് ഈ ഇളവ്. കോവിഷീൽഡിന് അം​ഗീകാരം നൽകിയെങ്കിലും ഇന്ത്യയിലെ സർട്ടിഫിക്കേഷൻ രീതി അം​ഗീകരിക്കില്ലെന്ന നിലപാടിലായിരുന്നു യുകെ. ഇതേ തുടർന്ന് ബ്രിട്ടീഷ് പൗരന്മാർക്ക് ഇന്ത്യയും ക്വാറന്റൈൻ നിർബന്ധമാക്കി.

ഇന്ത്യയുൾപ്പെടെ 37 രാജ്യങ്ങളിലെ യാത്രക്കാർക്ക് കൂടി യുകെ ക്വാറന്റൈൻ ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ കോവാക്സിൻ സ്വീകരിച്ച യാത്രക്കാർ തുടർന്നും ക്വാറന്റൈൻ പാലിക്കേണ്ടി വരും. യുകെയുമായുള്ള സഹകരണത്തിന് ഇന്ത്യൻ സർക്കാരിന് എല്ലിസ് നന്ദി പറഞ്ഞു. അതേസമയം 47 രാജ്യങ്ങളെ കൂടി റെഡ് ലിസ്റ്റിൽ നിന്ന് യുകെ ഒഴിവാക്കി.

പനാമ, കൊളംബിയ, വെനിസ്വേല, പെറു, ഇക്വഡോർ, ഹെയ്തി, ഡൊമിനിക്കൻ റിപ്പബ്ലിക്ക് എന്നിവ മാത്രമാണ് ഇപ്പോൾ റെഡ് ലിസ്റ്റിൽ ഉള്ളത്. ദക്ഷിണാഫ്രിക്ക, തായ്ലൻഡ്, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളെ റെഡ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയത് സഞ്ചാരികൾക്കും യാത്രാ സ്ഥാപനങ്ങൾക്കും ഒരുപോലെ ആശ്വാസം പകരുന്നു. സ്‌കോട്ട്‌ലൻഡ്, വടക്കൻ അയർലൻഡ്, വെയിൽസ് എന്നിവർ റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങളുടെ എണ്ണം ഏഴായി കുറയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സർക്കാരിന്റെ ഈ തീരുമാനം പുറത്തുവന്നതോടെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേയ്ക്കുള്ള ബുക്കിങ്ങിലും വലിയ വർദ്ധനവ് രേഖപ്പെടുത്തി.

ലണ്ടൻ : അടുത്ത മൂന്നു വർഷത്തേയ്ക്ക് കൗൺസിൽ ടാക്സ് അഞ്ചു ശതമാനം വീതം ഉയരുമെന്ന് തിങ്ക് ടാങ്ക് മുന്നറിയിപ്പ്. നിലവിലെ സർക്കാർ പദ്ധതികൾക്ക് കീഴിൽ, ടൗൺ ഹാളുകൾക്ക് പ്രവർത്തിക്കാൻ ഓരോ വർഷവും കുറഞ്ഞത് 3.6 ശതമാനം വർദ്ധനവ് ആവശ്യമാണെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിസ്കൽ സ്റ്റഡീസ് (ഐഎഫ്എസ്) അറിയിച്ചു. എന്നാൽ ഇതിലും കൂടുതൽ ഉയരാനാണ് സാധ്യത. കഴിഞ്ഞ മാസം സർക്കാർ പ്രഖ്യാപിച്ച സോഷ്യൽ കെയർ പരിഷ്കാരങ്ങൾക്ക് ഫണ്ടില്ലെന്നും ദീർഘകാലാടിസ്ഥാനത്തിൽ പ്രതിവർഷം 5 ബില്യൺ പൗണ്ട് ചെലവാകുമെന്നും ഐഎഫ്എസ് പറഞ്ഞു. കൗൺസിലുകൾക്ക് പിന്തുണ നൽകുന്നതിനായി കഴിഞ്ഞ 18 മാസങ്ങളിൽ സർക്കാർ ഫണ്ടുകൾ നൽകിയിട്ടുണ്ട്. എന്നാൽ അടുത്ത രണ്ട് വർഷങ്ങളിൽ കൗൺസിലുകൾക്ക് കൂടുതൽ ഫണ്ട്‌ കണ്ടെത്തേണ്ടി വരും. അതുകൊണ്ട് കൗൺസിൽ നികുതി, വർഷത്തിൽ നാല് ശതമാനമോ അതിൽ കൂടുതലോ വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് ഐഎഫ്എസിലെ ഗവേഷണ സാമ്പത്തിക വിദഗ്ധനായ കേറ്റ് ഓഗ്ഡൻ പറഞ്ഞു.

2024/25 ആകുമ്പോഴേക്കും കൗൺസിലുകൾക്ക് അധികമായി 8 ബില്യൺ പൗണ്ട് ആവശ്യമാണെന്ന് ലോക്കൽ ഗവൺമെന്റ് അസോസിയേഷൻ (എൽജിഎ) വ്യക്തമാക്കി. കോവിഡ് സമ്മർദ്ദവും പെട്ടെന്നുള്ള പരിഷ്കാരങ്ങളും കാരണം വരാനിരിക്കുന്ന സാമ്പത്തിക വർഷം പ്രതിസന്ധി നിറഞ്ഞതായിരിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. തദ്ദേശ സ്വയംഭരണ ഫണ്ടിംഗ് സംവിധാനം സർക്കാർ അടിയന്തിരമായി കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും അവർ ഓർമിപ്പിക്കുന്നു.

സാമൂഹിക പരിഷ്കരണത്തിനായി മൂന്ന് വർഷത്തിനിടെ അനുവദിച്ച 5.4 ബില്യൺ പൗണ്ട്, സർക്കാർ പ്രഖ്യാപിത ലക്ഷ്യങ്ങൾ പൂർണ്ണമായി നിറവേറ്റാൻ പര്യാപ്തമായതല്ല. മതിയായ ധനസഹായമില്ലാതെ, പരിപാലനം നടത്തുന്നതിന് നികുതി വർദ്ധനവ് പോലെയുള്ള മാർഗങ്ങൾ കൗൺസിലുകൾ കൈകൊള്ളും. എന്നാൽ കൗൺസിൽ നികുതി വർദ്ധനവിനെ മാത്രം ആശ്രയിക്കാൻ മന്ത്രിമാർക്ക് കഴിയില്ലെന്ന് എൽജിഎ ചൂണ്ടിക്കാട്ടി. പ്രാദേശിക സേവനങ്ങൾ നേരിടുന്ന സാമ്പത്തിക സമ്മർദ്ദങ്ങൾ കൗൺസിൽ നികുതി വരുമാനം കൊണ്ട് മാത്രം പരിഹരിക്കാൻ കഴിയില്ല. എന്നാൽ പകർച്ചവ്യാധിയുടെ തുടക്കം മുതൽ സർക്കാർ കൗൺസിലുകൾക്ക് 12 ബില്യണിലധികം നേരിട്ട് അനുവദിച്ചിട്ടുണ്ടെന്നാണ് സർക്കാർ വാദം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് മഹാമാരിയുടെ സമയത്ത് എൻഎച്ച്‌എസിന്റെ മേലുള്ള അധിക സമ്മർദം ഒഴിവാക്കാനായി സ്വകാര്യ ആശുപത്രികളുമായുണ്ടായ കരാറിനെക്കുറിച്ച് വൻ വിമർശനങ്ങൾ പുറത്തുവന്നു തുടങ്ങി. 5 ബില്യൻ പൗണ്ടിന്റെ കരാറാണ് സർക്കാർ സ്വകാര്യ ആശുപത്രികൾക്ക് നൽകിയത്. എന്നാൽ കോടിക്കണക്കിന് പൗണ്ടിൻെറ ഇടപാട് നടന്നെങ്കിലും ഈ ആശുപത്രികളിൽ ഒരു ദിവസം 8 കോവിഡ് രോഗികളെ മാത്രമേ ചികിത്സിച്ചുള്ളു എന്നുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അതുപോലെതന്നെ ഇടുപ്പും കാൽമുട്ട് മാറ്റിവയ്ക്കൽ പോലുള്ള ശസ്ത്രക്രിയകളും വളരെ കുറച്ചു മാത്രമേ കരാറിൽ ഏർപ്പെട്ട സ്വകാര്യആശുപത്രിയിൽ നടന്നിട്ടുള്ളൂ .

2020 മാർച്ചിൽ ഇംഗ്ലണ്ടിലെ 187 സ്വകാര്യ ആശുപത്രികളിൽ 7956 കിടക്കകൾ ബുക്ക് ചെയ്യുന്നതിനാണ് ഗവൺമെൻറ് ഇത്രയധികം പണം വിനിയോഗിച്ചത്. ഏകദേശം 20,000 ജീവനക്കാരുടെ സേവനത്തിന് പ്രതിമാസം 400 മില്യൺ പൗണ്ടാണ് ചെലവായത് . എന്നാൽ 2021 മാർച്ച് വരെയുള്ള വർഷത്തിലെ 39 ശതമാനം ദിവസങ്ങളിലും സ്വകാര്യ ആശുപത്രികളിൽ ഒരു കോവിഡ് രോഗിയെ പോലും ചികിത്സിച്ചില്ല. രാജ്യത്തെ പൊതുഖജനാവിൽനിന്ന് നല്ലൊരു തുക രോഗി പരിപാലനത്തിനായി സ്വകാര്യ ആശുപത്രികൾക്ക് കൈമാറിയെങ്കിലും ഫലപ്രദമായില്ലന്നതാണ് ഇപ്പോൾ വൻ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : മുൻ ഭാര്യയുടെ ഫോൺ ചോർത്തിയതിന് ഉത്തരവാദിയെന്ന് ഹൈക്കോടതി കണ്ടെത്തിയതിനെ തുടർന്ന് ദുബായ് ഭരണാധികാരിയുമായുള്ള സൗഹൃദം ഉപേക്ഷിക്കാൻ രാജ്ഞി സമ്മർദ്ദം നേരിടുന്നു. യുകെയിലേക്ക് പലായനം ചെയ്ത ഷെയ്ഖ് മുഹമ്മദിന്റെ ആറാം ഭാര്യ ഹയാ ബിന്‍ത് അല്‍ ഹുസൈന്റെ ഫോൺ അദ്ദേഹം ഹാക്ക് ചെയ്തിരുന്നു. ഹയയുടെ അഭിഭാഷക ഫിയോണ ഷാക്കിൾട്ടണിന്റെയും ഇമെയിലുകൾ ചോർത്തിയതിൽ ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അൽ മക്തൂമിന് പങ്കുണ്ടെന്ന് കോടതി വ്യക്തമാക്കി. ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുമായി ദുബായ് ഭരണാധികാരി വളരെ അടുത്ത സൗഹൃദമാണ് കാത്തുസൂക്ഷിക്കുന്നത്. ഇതുകൊണ്ട് തന്നെ ഇപ്പോൾ സൗഹൃദം ഉപേക്ഷിക്കാൻ അമിത സമ്മർദ്ദമാണ് രാജ്ഞി നേരിടുന്നത്.

ദുബായുമായുള്ള യുകെയുടെ ബന്ധത്തെക്കുറിച്ച് വിദേശകാര്യ ഓഫീസ് ശരിയായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും ഇത്തരമൊരു സംഭവം ഒരു ഓർമപ്പെടുത്തലാണെന്നും ലേബർ പാർട്ടി പ്രതികരിച്ചു. രാജകുടുംബവുമായി സൗഹൃദം സൂക്ഷിക്കുന്ന ഷെയ്ഖ് മുഹമ്മദ്, വിശ്വാസവഞ്ചന കാട്ടിയെന്നും അധികാര ദുർവിനിയോഗം നടത്തിയെന്നും കോടതി വ്യക്തമാക്കി. എന്നാൽ ഹാക്കിംഗിൽ തനിക്ക് പങ്കുണ്ടെന്ന വാർത്ത ഷെയ്ഖ് നിഷേധിച്ചു.

ഇസ്രായേലി കമ്പനിയായ എൻ. എസ്. ഒ വികസിപ്പിച്ച ചാര സോഫ്റ്റ്‌വെയർ പെഗാസസ്‌ ഉപയോഗിച്ചാണ് മുൻ ഭാര്യയുടെ ഫോൺ ചോർത്തിയത്. ലണ്ടനിൽ ഹയാ താമസിച്ചിരുന്ന കൊട്ടാരത്തിന് സമീപം ഷെയ്ഖിന്റെ നിർദേശ പ്രകാരം അദ്ദേഹത്തിന്റെ അനുയായികൾ വീട് വാങ്ങാൻ ശ്രമിച്ചിരുന്നതായും കോടതി കണ്ടെത്തി. മുന്‍ ജോര്‍ദാന്‍ രാജാവിന്റെ മകളായ ഹയ പുതിയൊരു ജീവിതം തേടിയാണ് 31 മില്യണ്‍ പൗണ്ടുമായി ദുബായില്‍ നിന്നും മക്കളൊടൊപ്പം യുകെയിലേക്ക് കടന്നത്. സമാധാനപരമായ ജീവിതം ആഗ്രഹിച്ച് 2019ലാണ് ഹയാ ബ്രിട്ടനിലെത്തിയത്. എന്നാൽ ഷെയ്ഖിന്റെ പലതരത്തിലുള്ള ഇടപെടലും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും ഹയാ രാജകുമാരിയുടെ സ്വസ്ഥജീവിതത്തിന് തടസ്സം സൃഷ്ടിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഉയർന്നതോതിലുള്ള പണപ്പെരുപ്പ നിരക്ക് ബ്രിട്ടീഷുകാരുടെ ജീവിതം കൂടുതൽ ചിലവേറിയതാക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . സാധാരണ ഒരു കുടുംബത്തിന് ഏകദേശം 1800 പൗണ്ടിന്റെ അധിക ചിലവ് വാർഷിക അടിസ്ഥാനത്തിൽ ഉണ്ടാകുമെന്നുള്ള കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. കോവിഡ് -19 മൂലമുള്ള സാമ്പത്തികമാന്ദ്യം, തൊഴിലാളികളുടെ ക്ഷാമം മൂലമുള്ള പ്രശ്നങ്ങൾ , ഇന്ധന ചിലവിലുള്ള വർധനവ് മുതലായവയാണ് ഉയർന്ന പണപ്പെരുപ്പ നിരക്കിന് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്.

സെൻറർ ഫോർ എക്കണോമിക്സ് ആൻഡ് ബിസിനസ് റിസർച്ചിന്റെ ഗവേഷണത്തിലാണ് ബ്രിട്ടൻ നേരിടുന്ന പണപ്പെരുപ്പ നിരക്കിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞ 18 മാസമായി കോവിഡ് അനുബന്ധമായ പ്രശ്നങ്ങൾക്കിടയിൽ പ്രയാസപ്പെട്ടിരിക്കുന്ന സാധാരണക്കാർക്ക് നികുതി വർദ്ധിച്ചതും വിവിധ മേഖലകളിൽ വിലകൾ കുതിച്ചുയർന്നതും ഇരുട്ടടിയാകുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.

എന്നാൽ വിലവർദ്ധനവ് താൽക്കാലികം മാത്രമാണെന്നും പണപ്പെരുപ്പ നിരക്കിൽ ആശങ്കപ്പെടേണ്ടതില്ലെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. സാധനങ്ങൾക്ക് വില വർദ്ധിച്ചതോടെ പല കുടുംബങ്ങളും തങ്ങളുടെ പ്രതിദിന ചിലവുകൾ വെട്ടിക്കുറയ്ക്കാൻ നിർബന്ധിതരാകുകയാണ്. ക്രിസ്മസ് തുടങ്ങിയ വിശേഷ അവസരങ്ങളിലെ അധിക ചിലവിലേയ്ക്ക് മിച്ചം വയ്ക്കാൻ ഒരു സാധാരണ കുടുംബത്തിന് ദൈനംദിന ചിലവുകൾ വളരെയേറെ കുറയ്ക്കേണ്ടതായി വരുമെന്നാണ് മണി മെയിൽ നടത്തിയ സർവ്വേ സൂചിപ്പിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് ഒട്ടേറെ പേരുടെ ജീവനാണ് കവർന്നെടുത്തത്. കോവിഡിനോട് പടപൊരുതി ഒട്ടേറെ ആരോഗ്യ പ്രവർത്തകരാണ് ജീവൻ ഹോമിച്ചത് . കോവിഡ് കവർന്നെടുത്ത ഒരു കുഞ്ഞു മാലാഖയുടെ ജീവിതമാണ് ഇന്ന് അവളുടെ മാതാപിതാക്കളെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും കണ്ണീരിലാഴ്ത്തുന്നത്. അവൾക്ക് 10 വയസ്സേ ഉണ്ടായിരുന്നുള്ളൂ. തൻറെ ക്ലാസിലെ ക്ലാസ് നേഴ്സിന്റെ ചുമതലയായിരുന്ന തെരേസ സ്പെറിയ്ക്ക്. രോഗലക്ഷണങ്ങൾ ഉള്ള തൻറെ സഹപാഠികളെ നേഴ്സിങ് റൂമിലേക്ക് കൊണ്ടു പോകുന്ന ചുമതലയാണ് ക്ലാസ് ടീച്ചർ കുഞ്ഞു തെരേസയ്ക്ക് നൽകിയത് . ഇതിനെ തുടർന്ന് കോവിഡ് ബാധിച്ചത് തെരേസയുടെ ജീവൻ നഷ്ടപ്പെടുത്തുകയായിരുന്നു.

തുടക്കത്തിൽ തലവേദനയും പനിയും വിട്ടുമാറാത്ത ചുമയും ആണ് തെരേസയ്ക്ക് രോഗലക്ഷണങ്ങളായി പ്രത്യക്ഷപ്പെട്ടതെന്ന് അവളുടെ പിതാവ് ജെഫ് സ്‌പെറി പറഞ്ഞു. ആളുകൾക്ക് സേവനം ചെയ്യുന്നതും സഹായിക്കുന്നതിലും ഒട്ടേറെ വായിക്കുന്നതിലും തെരേസ സന്തോഷം കണ്ടെത്തിയിരുന്നെന്ന് അവളുടെ പിതാവ് പറഞ്ഞു. വെർജീനിയയിലെ ഹിൽ പോയിൻറ് എലമെന്ററി സ്കൂൾ വിദ്യാർഥിനിയായിരുന്ന തെരേസയെ രോഗലക്ഷണങ്ങൾ കാണിച്ചപ്പോൾ തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നു. ആദ്യ ദിവസങ്ങളിൽ കോവിഡ് നെഗറ്റീവ് ആയിരുന്നെങ്കിലും അവളുടെ മരണ ശേഷമുള്ള പരിശോധനയിലാണ് തെരേസയ്ക്ക് കോവിഡ് പോസിറ്റീവ് ആയിരുന്നു എന്ന് കണ്ടെത്തിയത്. തികച്ചും ആരോഗ്യവതിയായ തെരേസയുടെ മരണം സ്കൂളുകളിൽ കോവിഡിനെതിരെ കൂടുതൽ ജാഗ്രത പാലിക്കണമെന്നതിനെ കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കം ഇട്ടിരിക്കുകയാണ് .

RECENT POSTS
Copyright © . All rights reserved