Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : അഫ് ഗാനിസ്ഥാനിൽ നിന്ന് സൈന്യത്തെ പിൻവലിക്കുന്ന തീരുമാനം 1956 ലെ സൂയസ് പ്രതിസന്ധിക്ക് ശേഷം ബ്രിട്ടന്റെ ഏറ്റവും വലിയ വിദേശനയ ദുരന്തമാണെന്ന് വിദേശകാര്യ സമിതി ചെയർമാൻ വ്യക്തമാക്കി. അഫ് ഗാൻ – താലിബാൻ പ്രശ്നം രൂക്ഷമായപ്പോൾ ഒരു പ്രസ്താവനയും നടത്താത്ത വിദേശകാര്യ സെക്രട്ടറിയെ ടോറി എംപി ടോം തുഗെൻഡാറ്റ് വിമർശിച്ചു. യുകെ “അഫ് ഗാൻ ജനതയെ ഉപേക്ഷിച്ചു” എന്ന് തുഗെൻഡാറ്റ് തുറന്നടിച്ചു. പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ന് ഉച്ചയ്ക്ക് അടിയന്തിര കോബ്രാ കമ്മിറ്റി യോഗം വിളിച്ചു ചേർത്തിരുന്നു. അഫ് ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ബുധനാഴ്ച ഒരു ദിവസം പാർലമെന്റ് തിരിച്ചുവിളിക്കുമെന്ന് സ്പീക്കർ ഓഫീസ് അറിയിച്ചു. അഫ്ഗാനിസ്ഥാൻ തകർന്നപ്പോൾ ബ്രിട്ടീഷ് സർക്കാർ നിശബ്ദമായിരുന്നുവെന്നും ഇത് യുകെയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ പറഞ്ഞു. ഇത് വളരെ സങ്കടകരമായ അവസ്ഥയാണെന്ന് കൂട്ടിച്ചേർത്ത അദ്ദേഹം, ബ്രിട്ടീഷ് ഉദ്യോഗസ്ഥരെയും ജീവനക്കാരെയും സംഘർഷ ഭൂമിയിൽ നിന്നൊഴിപ്പിക്കുക എന്നതാണ് മുൻഗണന എന്ന് അറിയിച്ചു.

2012 -ൽ താലിബാൻ തീവ്രവാദികളുടെ വെടിയേറ്റ് യുകെയിൽ അഭയം തേടിയ സമാധാന നൊബേൽ ജേതാവ് മലാല, ആഗോള, പ്രാദേശിക ശക്തികൾ അടിയന്തര വെടിനിർത്തലിന് ആവശ്യപ്പെടണമെന്നും മാനുഷിക സഹായം നൽകണമെന്നും അഭയാർത്ഥികളെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. “താലിബാൻ അഫ് ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത് ഞാൻ ഞെട്ടലോടെയാണ് കാണുന്നത്. സ്ത്രീകൾ, ന്യൂനപക്ഷങ്ങൾ, മനുഷ്യാവകാശ വക്താക്കൾ എന്നിവരെക്കുറിച്ച് ഞാൻ വളരെയധികം ആശങ്കാകുലയാണ്,” അവൾ പറഞ്ഞു. എംപിയാകുന്നതിന് മുമ്പ് അഫ്ഗാനിസ്ഥാനിൽ സേവനമനുഷ്ഠിച്ച തുഗെൻ‌ഹാട്ട്, ബ്രിട്ടീഷ് സൈന്യത്തിനൊപ്പം സേവനമനുഷ്ഠിച്ച എല്ലാ അഫ്ഗാൻ ജനങ്ങളെയും ഒഴിപ്പിക്കാത്തത് ലജ്ജാകരമാണെന്ന് ചൂണ്ടിക്കാട്ടി.

എന്നാൽ ആരോടും പ്രതികാരം ചെയ്യില്ലെന്ന് താലിബാൻ വക്താവ് സുഹൈൽ ഷഹീൻ ബിബിസിയോട് പറഞ്ഞു. സമാധാനപരമായ അധികാര കൈമാറ്റത്തിനായി കാബൂളിന്റെ പ്രാന്തപ്രദേശത്ത് കാത്തുനിൽക്കാൻ തീവ്രവാദികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദുർബലരായ അഫ്ഗാൻ ജനങ്ങൾക്ക് കഴിയുന്നത്ര അഭയം നൽകാൻ സ്കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയൻ യുകെയോട് ആവശ്യപ്പെട്ടു. അതേസമയം അധികാര കൈമാറ്റം സമാധാനപരമായിരിക്കുമെന്നും കാബൂൾ നിവാസികളുടെ സുരക്ഷ സൈന്യം ഉറപ്പാക്കുമെന്നും അഫ്ഗാൻ ആഭ്യന്തര മന്ത്രിയുടെ ചുമതല വഹിക്കുന്ന അബ്ദുൾ സത്താർ മിർസാക്വാൽ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. അഫ്​ഗാൻ പ്രതിസന്ധി ച‌ർച്ച ചെയ്യാൻ അടിയന്തര യുഎൻ രക്ഷാസമിതി യോഗം വിളിക്കാൻ ശ്രമങ്ങൾ തുടരുകയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കോവിഡ് വാക്സിനേഷൻ സെന്ററുകൾക്ക് സമീപം പതിപ്പിച്ചിരിക്കുന്ന വാക്സിനെതിരെയുള്ള പോസ്റ്ററുകൾക്കടിയിൽ റേസർ ബ്ലേഡുകളും മറ്റും ഒളിപ്പിച്ചിരിക്കുകയാണ് വാക്സിൻ വിരുദ്ധ പ്രചാരകർ. ഇത്തരം പോസ്റ്റുകൾ നീക്കം ചെയ്യുന്നതിനിടയിൽ നിരവധി ആരോഗ്യ പ്രവർത്തകർക്ക് പരിക്കേറ്റു. ഇതേതുടർന്ന് ആരോഗ്യപ്രവർത്തകർ ആവശ്യമായ ജാഗ്രത പാലിക്കണമെന്ന നിർദേശം നൽകി കഴിഞ്ഞു. വാക്സിനേഷൻ കേന്ദ്രങ്ങൾക്ക് സമീപമാണ് ഇത്തരം വാക്സിനെതിരെയുള്ള പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്. ഇതുമൂലം ഇത്തരത്തിലുള്ള പോസ്റ്ററുകൾ നീക്കം ചെയ്യേണ്ടെന്ന നിർദ്ദേശം ആരോഗ്യപ്രവർത്തകർക്ക് നൽകി കഴിഞ്ഞു.

കഴിഞ്ഞ മാസം ഇരുപത്തൊന്നുകാരിയായ ലയില എന്ന യുവതിക്ക് ഇത്തരത്തിൽ പരിക്കേറ്റിരുന്നു. റേസർ ബ്ലേഡിൽ അണുബാധയുണ്ടാകാമെന്ന സംശയത്തിൽ തനിക്ക് എച്ച് ഐ വി ടെസ്റ്റ് വരെ നടത്തേണ്ടതായി വന്നുവെന്ന് യുവതി പിന്നീട് വ്യക്തമാക്കി. സൗത്ത് വെയിൽസ് പോലീസ് ഇതുസംബന്ധിച്ച് അന്വേഷണം നടത്തിവരികയാണ്. കെന്റിലുള്ള ഒരു പേഷ്യന്റ് സംഘടനയും പോസ്റ്ററുകൾക്കടിയിൽ ബ്ലേഡുകൾ ഒളിപ്പിക്കുന്നത് സംബന്ധിച്ച് മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. ഇത്തരത്തിൽ ആരോഗ്യ പ്രവർത്തകർക്കെതിരെ നടക്കുന്ന പ്രചരണങ്ങൾക്ക് ശക്തമായ പ്രതിഷേധം പലഭാഗത്തുനിന്നും ഉയർന്നുകഴിഞ്ഞു.

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

യു കെ :- ടോക്കിയോ ഒളിമ്പിക്സിൽ 4×100 മീറ്റർ റിലേയിൽ ബ്രിട്ടീഷ് ടീമംഗമായ സി ജെ ഉജഹ് ഉത്തേജകമരുന്ന് പരിശോധനയിൽ പോസിറ്റീവായി. ഇതോടെ ബ്രിട്ടൻ നേടിയ വെള്ളി മെഡൽ നഷ്ടപ്പെടാനുള്ള സാധ്യതയേറി. എന്നാൽ താൻ അറിഞ്ഞുകൊണ്ട് നിരോധിതമായ ഒരു മരുന്നും ഉപയോഗിച്ചിട്ടില്ലെന്ന് ഉജഹ് വ്യക്തമാക്കി. അപ്രതീക്ഷിതമായ വാർത്ത താൻ വളരെയധികം വിഷമത്തോടെയാണ് കേട്ടത്. തനിക്ക് തന്റെ ഉത്തരവാദിത്വത്തെ കുറിച്ച് നല്ല ബോധ്യമുണ്ടെന്നും, അറിഞ്ഞുകൊണ്ട് താൻ ഇത്തരത്തിലൊരു തെറ്റ് ചെയ്യില്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഒളിമ്പിക് സ് ഫൈനൽ കഴിഞ്ഞശേഷം ഉജഹിന്റെ ബ്ലഡ് സാമ്പിൾ പരിശോധനയിൽ ഒസ്റ്റാറിൻ, എസ്‌ 23 എന്നീ നിരോധിതമായ രണ്ടു മസിൽ ബിൽഡിംഗ് മരുന്നുകൾ കണ്ടെത്തിയതായി ഇന്റർ നാഷണൽ ടെസ്റ്റിംഗ് ഏജൻസി വ്യാഴാഴ്ച വ്യക്തമാക്കി. ബ്രിട്ടന് വെള്ളിമെഡൽ നഷ്ടം ആകുകയാണെങ്കിൽ, കാനഡ വെള്ളിമെഡലും, ചൈന വെങ്കല മെഡലും കരസ്ഥമാക്കും. ഉജഹ്, സാർണെൽ ഹ്യുസ്, റിച്ചർഡ് കിൽറ്റി, നേതനീൽ മിച്ചൽ ബ്ലേക്ക് എന്നിവരടങ്ങിയ ബ്രിട്ടീഷ് ടീമിനെ പിന്നിൽ ആക്കി കാനഡയാണ് സ്വർണം നേടിയത്.

ഈ വാർത്ത വളരെ അപ്രതീക്ഷിതമാണെന്ന് മറ്റൊരു ബ്രിട്ടീഷ് കായികതാരം ജെയിംസ് ഗയി പ്രതികരിച്ചു. ഉജഹിന്റെ ഈ വിഷയത്തിൽ അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ല. ഉജഹിനെ പോലെ, ബഹറിൻ, ജോർജിയ, കെനിയ, എന്നീ രാജ്യങ്ങളിലെ ഓരോ കായികതാരവും ഉത്തേജകമരുന്ന് വിവാദത്തിൽ പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് ഉടൻ തീരുമാനമുണ്ടാകുമെന്നു ഇന്റർനാഷണൽ ടെസ്റ്റിംഗ് ഏജൻസി വ്യക്തമാക്കി.

മിനു നെയ്‌സൺ പള്ളിവാതുക്കൽ

ചേരുവകൾ

അരി അട – 200 ഗ്രാം
ശർക്കര – 400 ഗ്രാം

തേങ്ങാപ്പാൽ (നേർത്ത പാൽ) – 2 കപ്പ്
തേങ്ങാപ്പാൽ (കട്ടിയുള്ളത് ഒന്നാം പാൽ) – 1 കപ്പ്

കശുവണ്ടി – 50 ഗ്രാം
തേങ്ങ കൊത്ത് – 2 ടേബിൾസ്പൂൺ

ചുക്ക് പൊടി – 1 ടീസ്പൂൺ
ഏലക്ക പൊടി – 1/2 ടീസ്പൂൺ
ജീരകം പൊടി -1/2 ടീസ്പൂൺ

നെയ്യ് – 2 ടേബിൾസ്പൂൺ

ഉപ്പ് – ഒരു നുള്ള്


ഉണ്ടാക്കുന്ന രീതി

ഒരു പാനിൽ വെള്ളം തിളപ്പിക്കുക. അട കഴുകി തിളക്കുന്ന വെള്ളത്തിൽ 20 മിനുട്ട് അല്ലെങ്കിൽ മൃദുവാകുന്നതുവരെ വേവിക്കുക. അതിനുശേഷം തണുത്ത വെള്ളത്തിൽ കഴുകി അരിച്ചെടുത്ത് വെക്കുക.രണ്ടു കപ്പ് വെള്ളത്തിൽ ശർക്കര ഉരുക്കി അരിച്ചെടുക്കുക.ഉരുളിയിൽ ഒരു ടേബിൾസ്പൂൺ നെയ്യ് ചൂടാക്കുക. കശുവണ്ടി, തേങ്ങ കഷ്ണങ്ങൾ എന്നിവ ഒന്നൊന്നായി വറുത്ത് മാറ്റിവെക്കുക.ഉരുക്കിയ ശർക്കര ഉരുളിയിലേക്ക് ഒഴിക്കുക; തിള വന്നതിനുശേഷം വേവിച്ച അടയും, ഒരു ടേബിൾസ്പൂൺ നെയ്യും ചേർത്ത് നന്നായി വരട്ടുക. അതിനുശേഷം നേർത്ത തേങ്ങാപ്പാൽ ചേർത്ത് ഇടത്തരം തീയിയിൽ കട്ടിയാകുന്നത് വരെ ഇളക്കുക. ഇതിലേക്ക് ഒരു നുള്ള് ഉപ്പു ചേർക്കുക.

പിന്നീട് കട്ടിയുള്ള തേങ്ങാപ്പാൽ, ചുക്ക്, ഏലക്ക, ജീരകം പൊടി എന്നിവ ചേർത്ത് യോജിപ്പിച്ചശേഷം, കുറഞ്ഞ ചൂടിൽ 1-2 മിനിറ്റ് വേവിക്കുക.സ്വിച്ച് ഓഫ് ചെയ്യുക. ഇതിലേക്ക് വറുത്ത കശുവണ്ടി, തേങ്ങാ കഷ്ണങ്ങൾ എന്നിവ ചേർത്ത് 15 മിനുട്ട് ഒരു ലിഡ് ഉപയോഗിച്ച് അടച്ചുവെക്കുക.

ചൂടോടെയോ, തണുപ്പിച്ചോ അട പ്രഥമൻ ആസ്വദിക്കുക

മിനു നെയ്‌സൺ പള്ളിവാതുക്കൽ ,ഓസ്ട്രേലിയ

 

ഡോ. ഐഷ വി

നാട്ടിലെ ക്ലബ്ബുകൾ ഓണം വിപുലമായി ആഘോഷിക്കാൻ തുടങ്ങുന്നതിന് മുമ്പ് ഒരോണക്കാലം. ഞങ്ങൾ താമസിക്കുന്ന പ്രദേശത്തെ പല സ്ത്രീകളും കുട്ടികളും ഉച്ചയ്ക്ക് സദ്യയുണ്ട ശേഷം തുണ്ടിൽ വീട്ടിലൊത്തുകൂടി ഓണവിനോദങ്ങളിൽ ഏർപ്പെട്ടിരുന്നു. അച് ഛനെ പേടിയായിരുന്നതു കൊണ്ടും ഞങ്ങളുടെ വീട്ടിലും ലക്ഷ്മി അച്ചാമ്മയുടെ വീട്ടിലുമായി ധാരാളം കുട്ടികൾ ഉണ്ടായിരുന്നതിനാലും മറ്റു വീടുകളിൽ കളിക്കാൻ പോകുന്ന പതിവ് ഞങ്ങൾക്കില്ലായിരുന്നു. രാവിലെ തന്നെ വീട്ടിൽ കുട്ടികളോടൊപ്പം അച് ഛനും ഓണക്കളികൾ തിമർത്തുകളിച്ചതിനാൽ ഉച്ചയ്ക്ക് ഓണസദ്യയ്ക്ക് ശേഷം അച്ഛൻ ഒരുച്ച മയക്കത്തിനു ശേഷം കളിക്കാമെന്ന് പറഞ്ഞു വീടിനകത്തേയ്ക്ക് പോയി. അപ്പോഴാണ് ശ്രീദേവി അപ്പച്ചിയുടെ മകൾ ലീന , തുണ്ടിൽ വീട്ടിൽ നല്ല ഓണാഘോഷമാണെന്ന് പറഞ്ഞ് എന്നെയും കൂട്ടി ആ വീട്ടിലേയ്ക്ക് പോയത്.

ഞങ്ങളുടെ വീടിന്റെ പടിഞ്ഞാറ് ഭാഗത്തായി ഒരു പറമ്പ് കഴിഞ്ഞാണ് തുണ്ടിൽ വീട് സ്ഥിതി ചെയ്യുന്നത്. അയൽപക്കമാണെങ്കിലും തുണ്ടിൽ വീട്ടിലെ ആരെയും അന്നെനിയ്ക്ക് പരിചയമില്ലായിരുന്നു. ഞാനും ലീനയും കൂടി തുണ്ടിൽ വീട്ടിലെത്തി. ഞാനാദ്യമായാണ് അവിടെയെത്തിയത്. അവിടെത്തിയപ്പോൾ മുറ്റം നിറയെ ആൾക്കാർ . സ്ത്രീകളും കുട്ടികളുമാണ് ഭൂരിഭാഗവും പുരുഷന്മാർ ഇടവഴിയിൽ പലയിടത്തായി പലവിധ കളികളിൽ ഏർപ്പെട്ടിരിയ്ക്കുകയാണ് . ഞങ്ങൾ കേറി ചെല്ലുമ്പോൾ തന്നെ സ്ത്രീകളുടെ പാട്ടുകേൾക്കാമായിരുന്നു. “ആരെ കൈയ്യിലാരെ കൈയിലാ മാണിക്യ ചെമ്പഴുക്ക ?
ആ കൈയ്യിലീ കൈയിലാമാണിക്യ ചെമ്പഴുക്ക ?
എന്റെ വലം കൈയിലോ മാണിക്യചെമ്പഴുക്ക .?”… പാട്ടും കളികളും അങ്ങനെ നീണ്ടു. ഞങ്ങൾ ചെല്ലുമ്പോൾ തുണ്ടിൽ വീട്ടിലെ ഗൃഹനാഥയായ ചെല്ലമ്മ അക്കയും ഭർത്താവും ഉമ്മറത്തു തന്നെ ഓണവിനോദങ്ങൾ കണ്ടാസ്വദിച്ചിരിക്കയായിരുന്നു.

തുണ്ടിൽ വീട്ടിലെ ചെല്ലമ്മ അക്കയുടെ മക്കളെ അവിടൊക്കെ കണ്ടപ്പോൾ ലീന എനിക്കവരുടെ പേരുകൾ പറഞ്ഞു തന്നു. ചെല്ലമ്മ അക്കയുടെ മക്കളെല്ലാം “‘ പൂപോലെ യഴകുള്ളവർ ആയിരുന്നു” എന്നു വേണം പറയാൻ. കുറേ പാട്ടും കുരവയുമൊക്കെ കഴിഞ്ഞപ്പോൾ സ്ത്രീകൾ തുമ്പിതുള്ളൽ നടത്താൻ പദ്ധതിയിട്ടു. തുമ്പിയായി എന്നേക്കാൾ മുതിർന്ന ഒരു കുട്ടിയെ നടുക്കിരുത്തി സ്ത്രീകൾ ചുറ്റും വട്ടമിട്ടിരുന്നു. “എന്തേ തുമ്പീ തുള്ളാത്തേ… ” എന്നു തുടങ്ങുന്ന പാട്ട് സ്ത്രീകൾ പാടാൻ തുടങ്ങി. പാട്ടങ്ങിനെ നീണ്ടപ്പോൾ തുമ്പി തെങ്ങിൻ പൂക്കുല തലയിൽ ചേർത്ത് പിടിച്ച് തുള്ളാൻ തുടങ്ങി. അപ്പോഴാണ് ഞങ്ങളുടെ അടുത്തു നിന്ന ഒരു സ്ത്രീ മറ്റൊരു സ്ത്രീയോട് തുമ്പിയായിരിക്കുന്ന കുട്ടിയേതാണെന്ന് അന്വേഷിച്ചത്. അതാ ” കുതിര കോവാലന്റെ” മകൾ ബാലമ്മയാണ്.. മറ്റേ സ്ത്രീ പറഞ്ഞു. ശ്രീമാൻ ഗോപാലൽ കുതിരയെ വളർത്തിയിരുന്ന ആളാണ്. അങ്ങനെയാണ് ആ പേരു വീണത്. തുമ്പി തിമർത്തു തുള്ളി ക്കഴിഞ്ഞപ്പോൾ ഞങ്ങൾ അവിടെ നിന്നും സ്ഥലം വിട്ടു. അച്ഛന്റെ ഉച്ചയുറക്കത്തിന്റെ ദൈർഘ്യത്തെ കുറിച്ച് ഏകദേശ ധാരണയുണ്ടായിരുന്നതിനാൽ അച്ഛൻ ഉണരുന്നതിന് മുമ്പ് ഞങ്ങൾ തിരിച്ചെത്തി. കറക്ട് ടൈമിംഗ്.

(തുടരും.)

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

കാബൂൾ : അഫ് ഗാനിസ്ഥാന്റെ ഭൂരിഭാഗവും താലിബാൻ നിയന്ത്രണത്തിൽ ആയതോടെ പൗരന്മാരെ ഒഴിപ്പിക്കാനുള്ള നീക്കം ആരംഭിച്ചു ബ്രിട്ടീഷ് സർക്കാർ. കാണ്ഡഹാര്‍, ഹെറാത്ത് നഗരങ്ങളുടെ നിയന്ത്രണമേറ്റെടുത്ത താലിബാന്‍, അഫ് ഗാന്‍ തലസ്ഥാനമായ കാബൂള്‍ ലക്ഷ്യംവച്ച് നീങ്ങുകയാണ്. തലസ്ഥാനമായ കാബൂളിന്റെ തെക്ക് ഭാഗത്തുള്ള ലോഗർ പ്രവശ്യ മുഴുവൻ താലിബാൻ പിടിച്ചെടുക്കുകയും പ്രാദേശിക ഉദ്യോഗസ്ഥരെ തടഞ്ഞുവെയ്ക്കുകയും ചെയ്തു. അഫ് ഗാനിസ്ഥാന്റെ വടക്ക് ഭാഗത്തുള്ള അവസാനത്തെ പ്രധാന നഗരമായ മസാർ-ഇ-ഷെരീഫ് താലിബാൻ ആക്രമണത്തിന് കീഴിലാണ്. ബ്രിട്ടീഷുകാരെയും മുൻ അഫ് ഗാൻ ജീവനക്കാരെയും ഒഴിപ്പിക്കുന്നതിന് 600 ട്രൂപ്പുകളെ അയക്കുമെന്ന് ബ്രിട്ടീഷ് സർക്കാർ അറിയിച്ചിട്ടുണ്ട്. ആവശ്യം വേണ്ടവരൊഴികെ യുകെ എംബസിയിൽ ഇനി ഉദ്യോഗസ്ഥരാരും ഉണ്ടാകില്ല.

കാബൂള്‍ നഗരത്തിന് 7 മൈൽ അടുത്തു വരെ താലിബാൻ എത്തിയെന്നാണ് റിപ്പോര്‍ട്ട്. അഫ് ഗാനിസ്ഥാനിലെ 34 പ്രവിശ്യകളില്‍ പകുതിയിലേറെയും അവരുടെ നിയന്ത്രണത്തിലായി. അമേരിക്ക മൂവായിരം സൈനികരെ കാബൂളില്‍ ഇതിനകം വിന്യസിച്ചിട്ടുണ്ട്. ബാക്കിയുള്ളവർ ഞായറാഴ്ചയോടെ എത്തിച്ചേരും. ജനങ്ങളെ മനഃപൂർവം യുദ്ധത്തിലേക്ക് തള്ളിവിടാൻ കഴിയില്ലെന്ന് പ്രസിഡന്റ് അഷ്റഫ് ഗനി വ്യക്തമാക്കി. മുതിർന്നവരും രാഷ്ട്രീയ നേതാക്കളുമായും സമൂഹത്തിന്റെ വിവിധ തലങ്ങളിലെ പ്രതിനിധികളുമായും അന്താരാഷ്ട്ര സഖ്യകക്ഷികളുമായും കൂടിയാലോചനകൾ ആരംഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അഫ് ഗാനിസ്ഥാനിൽ ‘ഒരു സൈനിക പരിഹാരം’ കാണുന്നില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഇന്നലെ പറഞ്ഞിരുന്നു. എന്നാൽ അഫ് ഗാനിസ്ഥാനിൽ വർദ്ധിച്ചുവരുന്ന അഭയാർഥി പ്രതിസന്ധി ലഘൂകരിക്കുന്നതിന് ഒരു സഹായ പ്രവർത്തനം ആരംഭിക്കുന്നത് ബ്രിട്ടൻ പരിഗണിക്കണമെന്ന് മുൻ സൈനിക മേധാവി ചൂണ്ടിക്കാട്ടി. സ്ഥിതി അതീവഗുരുതരമാണെന്നും അയൽ രാജ്യങ്ങളോട് അതിർത്തി തുറക്കണമെന്നും ഐക്യരാഷ്ട്രസഭ അഭ്യർത്ഥിച്ചു.

ന്യൂസ് ടീം മലയാളം യുകെ.

ലീഡ്സ് ലിവർപൂൾ കനാൽ തീരമുണർന്നു..
സ്ത്രീകളും കുട്ടികളുമടക്കം ഇരുപത്തഞ്ചോളം പേർ 30 മൈൽ താണ്ടി ലീഡ്സിലേയ്ക്ക്…
കനാൽ തീരത്ത് പാശ്ചാത്യ സമൂഹത്തിൻ്റെ അഭിനന്ദന പ്രവാഹം..
യുകെ മലയാളികൾ NHSനോടൊപ്പം.

ബ്രിട്ടണിലേയ്ക്ക് കുടിയേറാൻ മലയാളിയെ സഹായിച്ച NHS ന് പൂർണ്ണ പിന്തുണയുമായി യുകെ മലയാളികൾ.  NHS ൻ്റെ ചാരിറ്റി ഫണ്ടിലേയ്ക്ക് മലയാളി സമൂഹം ഒരു പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെ യോർക്ക്ഷയറിൽ നിന്നുള്ള മലയാളികളായ ഷിബു മാത്യുവും ജോജി തോമസ്സും നേതൃത്വം നൽകുന്ന കനാൽ വാക്കിന് ലീഡ്സ് ലിവർപൂൾ കനാലിൻ്റെ ചരിത്രപ്രസിദ്ധമായ സ്കിപ്ടണിൽ വർണ്ണാഭമായ തുടക്കം. യുക്മ നേഴ്സിംഗ് ഫോറം സെക്രട്ടറി ലീനുമോൾ ചാക്കോയും ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത വിമൻസ് ഫോറം പ്രസിഡൻ്റ് ജോളി മാത്യുവും ചേർന്ന്
ഇന്ത്യയുടെയും ബ്രിട്ടൻ്റെയും ദേശീയ പതാകകൾ ചാരിറ്റി വാക്കിന് നേതൃത്വം നൽകുന്ന ഷിബു മാത്യുവിനും ജോജി തോമസിനും കൈമാറി കനാൽ വാക്ക് ഔദ്യോഗികമായി ഫ്ലാഗ് ഓഫ് ചെയ്തു. യുകെ മലയാളികൾ NHS നൊപ്പം നിൽക്കേണ്ടത് ഈ കാലഘട്ടത്തിൻ്റെ ആവശ്യമാണെന്ന് ലീനുമോൾ ചാക്കോയും, NHS നോടുള്ള കർമ്മനിരതരായ മലയാളികളുടെ അർപ്പണമനോഭാവം ഒരിക്കലും അവസാനിപ്പിക്കരുതെന്നു ജോളി മാത്യുവും ഫ്ലാഗ് ഓഫ് നിർവ്വഹണത്തിൽ പറഞ്ഞു.

മാഞ്ചെസ്റ്റർ, ബോൾട്ടൺ, ബേൺലി, കീത്തിലി, ലീഡ്സ്, വെയ്ക്ഫീൽഡ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് കനാൽ വാക്കിന് പിന്തുണയുമായിയെത്തിയവർ ഫ്ലാഗ് ഓഫ് കർമ്മത്തിന് സാക്ഷികളായി. തുടർന്ന് ചരിത്രമുറങ്ങുന്ന മനോഹരമായ ലീഡ്സ് ലിവർപൂൾ കനാൽ തീരത്തിലൂടെ 30 മൈൽ ദൈർഘ്യമുള്ള സ്പോൺസേർഡ് വാക്ക് ആരംഭിച്ചു. വൈകുന്നേരം ഏഴ് മണിയോടെ കനാൽ വാക്ക് ലീഡ്സിൽ എത്തിച്ചേരും. സ്കൂൾ വിദ്യാർത്ഥികളായ ആര്യ ഷിബുവും ജോർജി സോളമനും മുഴുവൻ ദുരം നടക്കുന്നു എന്നത് സഹയാത്രികർക്ക് കൂടുതൽ പ്രചോദനമേകും. ഇന്ത്യൻ ഓർത്ത് ഡോക്സ് ചർച്ച് മാഞ്ചെസ്റ്റർ ഇടവകയുടെ പൂർണ്ണമായ സഹകരണം കനാൽ വാക്കിന് ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു. കനാൽ വാക്കിൽ പങ്കെടുക്കുന്ന ഇടവക ജനങ്ങളോടൊപ്പം ഇടവക വികാരി റവ. ഫാ. ഹാപ്പി ജേക്കബ് പങ്കെടുക്കുന്നു എന്നതും ശ്രദ്ധേയമാണ്. നൂറ് കണക്കിന് പൗണ്ടുകൾ ഇടവക സമൂഹത്തിൽ നിന്നും NHSൻ്റെ ചാരിറ്റി അക്കൗണ്ടിലേയ്ക്ക് ഇതിനോടകം എത്തിക്കഴിഞ്ഞു.

 

കലാകേരളം ഗ്ലാസ്കോ  സ്കോട്ലാൻ്റിനെ പ്രതിനിധീകരിച്ച് കനാൽ വാക്കിന് പിന്തുണയുമായി രംഗത്തുണ്ട്.

കനാൽ വാക്കിൻ്റെ പ്രധാന സ്പോൺസറായ ലീഡ്സിലെ തറവാട് റെസ്റ്റോറൻ്റിനോടൊപ്പം യൂറോപ്പിലെ നിരവധി സ്ഥാപനങ്ങൾ ഈ സംരംഭത്തിന് പൂർണ്ണ പിന്തുണയറിയ്ച്ച് മുന്നോട്ട് വന്നിട്ടുണ്ട്. ഇന്ന് വൈകുന്നേരം ഏഴ് മണിയോടെ മുപ്പത് മൈൽ ദൈർഘ്യമുള്ള കനാൽ വാക്ക് ലീഡ്സിൽ എത്തിച്ചേരുമ്പോൾ തറവാട് റെസ്റ്റോറൻ്റ് മാനേജിംഗ് ഡയറക്ടർ സിബി ജോസ്, ലീഡ്സ് മലയാളി അസ്സോസിയേഷൻ പ്രസിഡൻ്റ് ജേക്കബ് കുയിലാടൻ എന്നിവർ ചേർന്ന് കനാൽ വാക്കിനെ ലീഡ്സിൽ വരവേല്ക്കും. കനാൽ വാക്കിൻ്റെ സ്പോൺസർഷിപ്പ് നാലായിരത്തി അഞ്ഞൂറ് പൗണ്ട് കടന്നു എന്നത് മലയാളികൾക്ക് NHS നോടുള്ള ആത്മാർത്ഥതയുടെ വ്യക്തമായതെളിവാണ്. കനാൽ വാക്കിന് സ്പോൺസർ ചെയ്യുവാൻ താല്പര്യമുള്ളവർ താഴെയുള്ള ലിങ്ക് ഓപ്പൺ ചെയ്ത് നിങ്ങളുടെ സംഭാവനകൾ ട്രാൻസ്ഫർ ചെയ്യുമല്ലോ! മലയാളം യുകെ ന്യൂസാണ് കനാൽ വാക്കിൻ്റെ മീഡിയാ പാട്ണർ.

കനാൽ വാക്കിൽ പങ്കെടുക്കുന്നവരുടെ പേര് വിവരങ്ങൾ ചുവടെ ചേർക്കുന്നു.

Fr. Happy Jacob, Shibu Mathew,  Joji Thomas, Aarya Shibu, Jomesh Augustine, Sreejesh Salimkumar, Saritha Sebastian, Reby Jacob, Jessy Baby, Dr. Anju Varghese,  Shinta Tom, Gintu Martin, Vinish Mathew,  Babu Sebastian, Georgy Solomon, Joel Solomon,Byju John,
Aniyankuj Sachariah,Shibu Varghese
Jissy Sony, Litto Titus, Mathew Azhakathu, Amala Mathew, Kamlesh Zore, Kalpana Zore, Benoyi Mathew.

കനാൽ വാക്കിൻ്റെ കൂടുതൽ വിശേഷങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.

നിങ്ങളുടെ സംഭാവനകൾ ഡൊണേറ്റ് ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Hello! My friend Joji and Shibu is fundraising for NHS Charities Together. Here’s their JustGiving page, if you’d like to donate

 

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : യുകെയിൽ കോവിഡിന്റെ ആദ്യ തരംഗം തീവ്രമാകാൻ കാരണം ആശുപത്രികൾക്കുള്ളിലെ രോഗവ്യാപനമെന്ന് വിശകലന റിപ്പോർട്ട്‌. കോവിഡ് ഉള്ള ആശുപത്രിയിൽ 10 ൽ ഒന്നിൽ കൂടുതൽ ആളുകൾ യഥാർത്ഥത്തിൽ അവിടെയുണ്ടായിരുന്നപ്പോൾ വൈറസ് ബാധിതരായെന്ന് റിപ്പോർട്ട്‌ ചൂണ്ടിക്കാട്ടുന്നു. ഒൻപത് യുകെ സർവകലാശാലകൾ ചേർന്ന് നടത്തിയ പഠനം ലാൻസെറ്റിലാണ് പ്രസിദ്ധീകരിച്ചത്. ആദ്യ തരംഗത്തിൽ രോഗബാധിതരായ മൂന്നിൽ രണ്ട് വിഭാഗം ആളുകളുടെയും ആശുപത്രി വിവരങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പഠനം പുറത്തുവന്നത്. 5,700 മുതൽ 11,900 വരെ ആളുകൾ ആശുപത്രിയിൽ വച്ചു രോഗബാധിതരായാതായി അവർ കണക്കാക്കുന്നു.

“ആരോഗ്യ പ്രശ്നവുമായി ആശുപത്രിയിലെത്തിയ ആളുകൾ കോവിഡ് ബാധിതരായി മരണപ്പെട്ടിട്ടുണ്ട്.” ലിവർപൂൾ സർവകലാശാലയിലെ ഗവേഷകരിൽ ഒരാളായ പ്രൊഫ. കാലം സെമ്പിൾ വെളിപ്പെടുത്തി. രോഗവ്യാപനത്തിന്റെ പ്രാരംഭ ഘട്ടത്തിൽ പിപിഇ കിറ്റ്, പരിശോധന, ആശുപത്രികളുടെ രൂപകൽപ്പന അടക്കം ധാരാളം വെല്ലുവിളികൾ നിലനിന്നിരുന്നു. സ്പെഷ്യലിസ്റ്റ് റെസിഡൻഷ്യൽ ആശുപത്രികൾക്ക് വലിയ വെല്ലുവിളികൾ നേരിടേണ്ടി വന്നിരുന്നു. മാനസികാരോഗ്യ ആശുപത്രികളിലെ കോവിഡ് കേസുകളിൽ ഭൂരിഭാഗം പേരിലും കോവിഡ് പടർന്നുപിടിച്ചത് അവിടെ നിന്നാണ്.

എന്നാൽ ഇപ്പോൾ കാര്യങ്ങൾ കൂടുതൽ മെച്ചപ്പെട്ടിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. ആദ്യ തരംഗത്തിൽ ആശുപത്രിയിൽ വച്ച് പിടിപെട്ട കേസുകളുടെ ശരാശരി അനുപാതം 11% ആയിരുന്നു. എന്നാൽ അത് ഇപ്പോൾ 2-5% ആണ്. ആദ്യ തരംഗത്തിന്റെ സമയത്ത് ആശുപത്രികളിലെ ഈ ഉയർന്ന പകർച്ചാ നിരക്കിന്റെ അടിസ്ഥാന കാരണങ്ങൾ അന്വേഷിക്കുന്നതുവഴി നമ്മുടെ രോഗികളുടെ സുരക്ഷയും ഫലങ്ങളും മെച്ചപ്പെടുത്താൻ കഴിയുമെന്ന് ഡോ. ഡോഹെർട്ടി അഭിപ്രായപ്പെട്ടു. എന്നാൽ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് ആശുപത്രികളിൽ കോവിഡ് വ്യാപനം കുറവാണെന്ന് തെളിഞ്ഞതായി എൻഎച്ച്എസ് ഇംഗ്ലണ്ടിന്റെ വക്താവ് പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- സ്ഥിരമായ വയറുവേദനയും ചുമയുമെല്ലാം ക്യാൻസറിന്റെ ലക്ഷണങ്ങൾ ആകാമെന്നും, ഇവയെയൊന്നും തന്നെ അവഗണിക്കരുതെന്നും ജനങ്ങളെ ഓർമ്മിപ്പിച്ചിരിക്കുകയാണ് എൻഎച്ച്എസ് ഇംഗ്ലണ്ട് പുതിയ മേധാവി. ആവശ്യമായ മെഡിക്കൽ സഹായം കൃത്യസമയത്ത് ലഭിക്കാത്തതിനാൽ ജീവൻ നഷ്ടപ്പെടുന്ന നിരവധി പേർ നമുക്ക് ചുറ്റുമുണ്ടെന്ന് അമാൻഡ പ്രിറ്റ്ചാർഡ് വ്യക്തമാക്കി. ആദ്യ സ്റ്റേജുകളിൽ കണ്ടു പിടിക്കപ്പെടുന്ന ക്യാൻസർ വളരെവേഗം ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. ജനങ്ങളിൽ കുറച്ചു വിഭാഗത്തിന് ക്യാൻസർ ലക്ഷണങ്ങൾ തിരിച്ചറിയാൻ സാധിക്കുന്നില്ല. ലക്ഷണങ്ങൾ തിരിച്ചറിയാൻ സാധിക്കുന്നതിൽ, അഞ്ചിൽ മൂന്ന് പേരും ഇത്തരം ലക്ഷണങ്ങളെ അവഗണിക്കുകയാണ് പതിവ്. പുതിയ മാർഗ്ഗങ്ങൾ പ്രയോജനപ്പെടുത്തി ക്യാൻസർ ചികിത്സ കാര്യക്ഷമമായ രീതിയിൽ എൻഎച്ച്എസ്‌ മുന്നോട്ടുകൊണ്ടു പോകുന്നുണ്ടെന്നും എൻ എച്ച് എസ്‌ ഇംഗ്ലണ്ട് ചീഫ് എക്സിക്യൂട്ടീവ് വ്യക്തമാക്കി.


കഴിഞ്ഞവർഷം സാധാരണയിൽ നിന്നും 10% കുറവ് ആളുകൾ മാത്രമാണ് ക്യാൻസർ ചികിത്സ തേടിയത്. ഈ അവസ്ഥ മുന്നോട്ടു പോകരുതെന്നും, ലക്ഷണങ്ങൾ ശ്രദ്ധിക്കുന്നവർ ഉടൻ തന്നെ എൻഎച്ച് എസ്‌ സഹായം തേടണമെന്നും അവർ ഓർമ്മിപ്പിച്ചു. ആമാശയ ക്യാൻസറും, യൂറോളജിക്കൽ ക്യാൻസറുമാണ് പലപ്പോഴും കണ്ടു പിടിക്കപ്പെടാതെ പോകുന്നത്. ഇംഗ്ലണ്ടിലെ 44% ക്യാൻസർ ഡയഗ്നോസിസുകളും ഈ വിഭാഗത്തിൽ പെടുന്നു. അഞ്ചിൽ രണ്ട് പേർ ഇത്തരത്തിലുള്ള ക്യാൻസർ ബാധിച്ച് മരിക്കുന്നതായും എൻഎച്ച്എസ് മേധാവി ഓർമിപ്പിച്ചു.

മൂത്രത്തിൽ രക്തത്തിന്റെ സാന്നിധ്യം, തുടർച്ചയായുള്ള വയറിളക്കം, തുടർച്ചയായി വയറിലുണ്ടാകുന്ന അസ്വസ്ഥതകൾ എല്ലാംതന്നെ ആമാശയ ക്യാൻസറിന്റെ ലക്ഷണങ്ങൾ ആകാം. മൂന്ന് ആഴ്ചയിൽ കൂടുതൽ ഈ ലക്ഷണങ്ങൾ നീണ്ടുനിന്നാൽ ഉടൻതന്നെ ഡോക്ടറുമായി ബന്ധപ്പെടേണ്ടതാണ്. മൂന്നാഴ്ചയിലധികം നീണ്ടുനിൽക്കുന്ന ചുമ, രക്തം ഛർദ്ദിക്കുക, ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ എന്നിവയെല്ലാം ശ്വാസകോശ ക്യാൻസറിന്റെ ലക്ഷണങ്ങളാകാം. ജനങ്ങൾക്ക് തങ്ങളുടെ എല്ലാ ആവശ്യത്തിനും എൻഎച്ച് എസിനെ സമീപിക്കാവുന്നതാണ് എന്ന് അവർ ഓർമിപ്പിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിലേയ്ക്ക് എത്തുന്ന വിദേശ യാത്രക്കാർക്കുള്ള കോവിഡ് ടെസ്റ്റിനുള്ള നിരക്ക് എൻഎച്ച്എസ് കുറച്ചു. 88 പൗണ്ടിൽ നിന്ന് 68 പൗണ്ട് ആയാണ് കോവിഡ് ടെസ്‌റ്റിന്റെ നിരക്ക് കുറച്ചത് . ഗ്രീൻ ലിസ്റ്റിലും ആംബർ ലിസ്റ്റിലും ഉൾപ്പെട്ട രാജ്യങ്ങളിൽനിന്ന് വരുന്ന രണ്ട് ഡോസ് പ്രതിരോധ വാക്സിൻ സ്വീകരിച്ചവർക്കാണ് ഈ നിരക്ക് ബാധകമാകുക. എന്നാൽ രണ്ട് ഡോസ് പ്രതിരോധ കുത്തിവെയ്പ്പുകളും എടുക്കാതെ ആംബർ ലിസ്റ്റ് രാജ്യങ്ങളിൽനിന്ന് എത്തുന്ന യാത്രക്കാർ 136 പൗണ്ടാണ് എൻ എച്ച് എസ് കോവിഡ് ടെസ്റ്റുകൾക്കായി നൽകേണ്ടത് . ഇത് നേരത്തെ 170 പൗണ്ട് ആയിരുന്നു.

പിസിആർ ടെസ്റ്റുകൾ നടത്തുന്ന സ്ഥാപനങ്ങൾ അമിതമായി ചൂഷണം ചെയ്യുന്നതായുള്ള പരാതികളെ തുടർന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദിന്റെ നിർദേശത്തെതുടർന്നാണ് കോവിഡ് ടെസ്റ്റുകളുടെ നിരക്ക് പുനർ നിർണയിച്ച് ഏകീകരിച്ചത് . സർക്കാർ നിരക്കുകൾക്ക് വിരുദ്ധമായി പണം ഈടാക്കുന്നവരെയും ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കാത്തവരെയും ഗവൺമെൻറ് അംഗീകൃത പട്ടികയിൽനിന്ന് ഒഴിവാക്കുമെന്ന് ആരോഗ്യ സെക്രട്ടറി അറിയിച്ചു . ഇത് രണ്ടാം തവണയാണ് എൻഎച്ച്എസ് ടെസ്റ്റുകളുടെ നിരക്ക് കുറയ്ക്കുന്നത്. ആദ്യം ടെസ്റ്റുകൾക്ക് നൽകേണ്ടിയിരുന്ന തുക 210 പൗണ്ട് ആയിരുന്നു. കോവിഡ് ടെസ്റ്റുകൾക്ക് അന്യായമായ നിരക്കാണ് ഈടാക്കുന്നതെന്ന പരാതി വ്യാപകമായിട്ടുണ്ടായിരുന്നു. പിസിആർ ടെസ്റ്റിൻെറ നിരക്ക് 20 പൗണ്ട് മുതൽ 500 പൗണ്ട് വരെ ഈടാക്കിയിരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ടെസ്റ്റ് റിസൾട്ടുകൾ സമയത്ത് ലഭിക്കുന്നില്ലെന്ന പരാതിയും വ്യാപകമായിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved