Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലോകം മുഴുവനും കോവിഡ്-19 എന്ന മഹാമാരിയുടെ പിടിയിൽ അമർന്നിരിക്കുന്ന ഈ സമയത്ത്, ഇതിന്‍റെ ഭവിഷ്യത്ത് ഏറ്റവും ദോഷകരമായി ബാധിക്കുന്നവരിൽ ഒരു വലിയ ജനവിഭാഗം നമ്മുടെ പ്രവാസി സഹോദരങ്ങളാണ്. കൊച്ചു കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലാണ് പ്രവാസികൾ. ഉറ്റവരെയും ഉടയവരെയും മനസില്ലാമനസോടെ നാട്ടിൽ തനിച്ചാക്കി ലോകത്തിന്റെ പല രാജ്യങ്ങളിലേക്കും ജോലി തേടിപോയവർക്കാണ് ഈ ദുരിതകാലത്തിൽ നാം ആദരമൊരുക്കേണ്ടത്. എന്നാൽ കേരള സർക്കാർ നടപ്പിലാക്കിവരുന്ന ക്വാറന്റീൻ നിയമങ്ങൾ യഥാർത്ഥത്തിൽ പ്രവാസിമലയാളികളുടെ ചെറിയ ചെറിയ സ്വപ്നങ്ങളെയാണ് തട്ടിത്തെറിപ്പിക്കുന്നത്. പ്രവാസികൾക്കുള്ള നിർബന്ധിത ക്വാറന്റീൻ സർക്കാർ ഇതുവരെയും ഒഴിവാക്കിയിട്ടില്ല.

രോഗവ്യാപന ഭീതിയുടെ പേരിൽ നാല് ചുവരുകൾക്കുള്ളിൽ ഏഴ് ദിവസം അടച്ചിടുമ്പോൾ അവർ അനുഭവിക്കേണ്ടിവരുന്ന മാനസിക സംഘർഷം പ്രവാസ ജീവിതത്തേക്കാൾ ദുഷ്കരമാണ്. പ്രതിദിന കോവിഡ് കേസുകൾക്ക് പ്രാധാന്യം നഷ്ടപെട്ട ഈ സാഹചര്യത്തിൽ, നിയന്ത്രണങ്ങൾ വെറും കടലാസിൽ മാത്രം ഒതുങ്ങുന്ന ഈ കാലത്തിൽ, രോഗവ്യാപന ഭീതിയില്ലാതെ പൊതുജനങ്ങൾ തെരുവോരങ്ങൾ കയ്യടക്കുന്ന ഈ കാലത്തിൽ, പ്രവാസികൾക്കുള്ള നിർബന്ധിത ക്വാറന്റീനും ഒഴിവാക്കപ്പെടേണ്ടതുണ്ട്. ഗൾഫ് രാജ്യങ്ങളിലും യുകെ, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിലുമുള്ള പ്രവാസി സഹോദരങ്ങൾ രണ്ടാഴ്ചത്തെ അവധിയ്ക്ക് വേണ്ടിയാവും നാട്ടിലെത്തുന്നത്. അതിൽ ക്വാറന്റീൻ എന്ന നിയന്ത്രണത്തിന് കീഴിൽ വിലപ്പെട്ട ഏഴു ദിനങ്ങൾ ഹോമിച്ചാണ് അവർ പുറത്തെത്തുന്നത്.

മാതാപിതാക്കളുടെ ശവസംസ്കാരത്തിന് എത്തിയവർ അവരുടെ കൂടെ അവസാനമായി ഒന്നിരിക്കാൻ പോലും ഭാഗ്യമില്ലാത്തവരായി മാറുന്ന കാഴ്ചയും നാം കണ്ടുകഴിഞ്ഞു. കേന്ദ്ര- കേരള സർക്കാറുകൾ നിഷ്‌കർഷിക്കുന്ന എല്ലാ നിബന്ധനകളും പാലിച്ചിട്ടും അവസാനമായി സ്വന്തം പിതാവിന് ഒരു അന്ത്യ ചുബനം നൽകാൻ എന്ന് മാത്രമല്ല സെമിത്തേരിയിൽ എത്തി ഒരു പിടി മണ്ണ് ഇടുവാനുള്ള ആഗ്രഹം പോലും നടക്കാതിരുന്ന യുകെയിലെ സ്റ്റോക്ക് ഓൺ ട്രെന്റിനടുത്തുള്ള ക്രൂവിൽ താമസിക്കുന്ന മലയാളിയായ മനു .എൻ . ജോയിയുടെ അനുഭവം മലയാളം യുകെ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

കേരളത്തിൽ അങ്ങോളമിങ്ങോളം ഉത്സവങ്ങളും പെരുന്നാളുകളും നടക്കുന്നു. ചന്തയിൽ ആളുകൾ കൂട്ടംകൂടി കുശലം പറയുന്നു. സിനിമാശാലകൾ തുറന്ന് പ്രവർത്തിക്കുന്നു. വിവാഹ സൽക്കാരങ്ങൾ ആഘോഷപൂർവ്വം നടത്തപ്പെടുന്നു. എന്തിനേറെ പറയുന്നു തിരഞ്ഞെടുപ്പും പ്രകടനങ്ങളും ഡിജെ പാർട്ടികളും വരെ നടന്നുകഴിഞ്ഞു. എന്നാലോ… വിദേശത്തുനിന്ന് എത്തുന്നവർക്ക് മാത്രം നിർബന്ധിത ക്വാറന്റീൻ. ഇന്ത്യയിൽ കേരളത്തിൽ മാത്രമാണ് ഈ നിയന്ത്രണം നിലവിൽ നടപ്പാക്കിവരുന്നത്. എന്തിനാണ്​ കേരളത്തിൽ പ്രവാസികൾക്ക്​ മാത്രം ക്വാറന്റീൻ ? നെഗറ്റിവ്​ സർട്ടിഫിക്കറ്റുമായി വിദേശത്തുനിന്ന്​ എത്തിയാൽ ക്വാറന്റീൻ ഒഴിവാക്കുന്ന സംവിധാനം ഏർപ്പെടുത്തണം. നാട്ടിൽ സാധാരണപോലെ എല്ലാം നടക്കുന്ന സാഹചര്യത്തിൽ പ്രവാസികൾക്ക്​ മാത്രം നിർബന്ധിത ക്വാറൻന്റീൻ അനീതിയാണ്​. ഇന്ത്യയിലെ മറ്റ്​ സംസ്ഥാനങ്ങളിൽ ക്വാറന്റീൻ ഒഴിവാക്കിയിട്ടുണ്ടെന്നതും ഇതിനോട്​ ചേർത്ത്​ വായിക്കണം. പ്രിയപെട്ടവരോടൊപ്പമിരിക്കാൻ എത്തുന്ന പ്രവാസികൾക്ക്​ വിമാനത്താവളത്തിൽ പരിശോധന നടത്തുകയും ഫലം നെഗറ്റിവായാൽ നാട്ടിലിറങ്ങി നടക്കാനുമുള്ള സൗകര്യം നൽകേണ്ടതുണ്ട്. ചില നിയമങ്ങളൊക്കെ തിരുത്തിയെഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

കോട്ടയം ജില്ലാ പഞ്ചായത്ത്‌ മെമ്പറും പി. സി. ജോർജിന്റെ മകനുമായ അഡ്വ. ഷോൺ ജോർജ് ഈ വിഷയത്തിൽ തന്റെ നിലപാട് അറിയിച്ചുകഴിഞ്ഞു. പ്രവാസികൾക്ക് മാത്രമായുള്ള ക്വാറന്റീൻ അനീതിയാണെന്നും മുഖ്യമന്ത്രി ഈ വിഷയത്തിൽ ഉചിതമായ തീരുമാനം കൈകൊള്ളണമെന്നും അദ്ദേഹം അറിയിച്ചു. അഡ്വ. ഷോൺ ജോർജിന്റെ വീഡിയോ സന്ദേശം താഴെ കാണാം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ചിട്ടിരിക്കുന്ന പബ്ബുകളും റസ്റ്റോറന്റുകളും ജൂലൈ വരെ തുറക്കാൻ സാധ്യതയില്ല എന്ന് റിപ്പോർട്ടുകൾ. കോവിഡ് ലോക്ക്ഡൗണിൻെറ ഭാഗമായി കൗൺസിലുകൾക്ക് നൽകിയിരിക്കുന്ന അധികാരങ്ങൾ നീട്ടാൻ സർക്കാർ തീരുമാനിച്ച സാഹചര്യത്തിലാണിത്. ലോക്ക് ഡൗൺ അവസാനിച്ചാലും പല കാര്യങ്ങളിലും ഭാഗിക നിയന്ത്രണം രാജ്യത്ത് നിലനിൽക്കുമെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ. അതേസമയം നിലവിലെ ലോക്ക്ഡൗൺ സമ്മറിലേയ്ക്ക് നീളാനുള്ള സാധ്യതകൾ തള്ളിക്കളയാൻ ഡൗണിങ് സ്ട്രീറ്റ് വിസമ്മതിച്ചു.

ഇതിനിടെ സ്കൂളുകൾ എന്ന് തുറക്കാൻ സാധിക്കുമെന്ന് വ്യക്തത വരുത്തണമെന്ന ആവശ്യവുമായി ടോറി എം.പിമാർ രംഗത്തുവന്നു. കുട്ടികളുടെ വിദ്യാഭ്യാസം തടസ്സപ്പെടുന്നതിന്റെ പ്രത്യാഘാതങ്ങൾ ആശങ്ക ഉണർത്തുന്നതിനാൽ സ്കൂളുകൾ വീണ്ടും തുറക്കുന്നതിനെ കുറിച്ച് വിശദമായ റൂട്ട് മാപ്പ് വേണമെന്നാണ് ടോറി എം.പിമാരുടെ ആവശ്യം.

ജനുവരി 5 -ന് ദേശീയ ലോക്ക് ഡൗൺ ആരംഭിച്ചതുമുതൽ ദുർബലരായ വിദ്യാർത്ഥികൾക്കും കീ വർക്കേഴ്സിന്റെ മക്കൾക്കും ഒഴികെ മറ്റെല്ലാവർക്കും ഓൺലൈൻ ക്ലാസുകളിലൂടെയാണ് പഠനം മുന്നോട്ടു പോകുന്നത് . സ്കൂളുകൾ തുറക്കുന്നതിന് മുൻപ് രണ്ടാഴ്ചത്തെ നോട്ടീസ് നൽകുമെന്നും ഈസ്റ്ററിന് മുമ്പ് സ്കൂളുകൾ തുറക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസ് പറഞ്ഞു.

സ്വന്തം ലേഖകൻ

യു കെ :- ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ സ്വാതന്ത്ര്യത്തെ ഭയക്കുന്നുവെന്നും, മേയിലെ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ സ്കോട്ട്ലൻഡിലെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള റഫറണ്ടം ഉടനുണ്ടാകുമെന്ന് പ്രധാനമന്ത്രി നിക്കോള സ്റ്റർജിയോൺ. ബ്രിട്ടീഷ് പ്രധാനമന്ത്രി സ്കോട്ട്ലാൻഡിലെ ജനങ്ങളുടെ തീരുമാനത്തെ ഭയക്കുകയാണ്. അതിനാലാണ് ഇത്തരം റഫറണ്ടങ്ങളെ എതിർക്കുന്നത് എന്ന് അവർ ആരോപിച്ചു. എന്നാൽ ഈ പകർച്ചവ്യാധിയുടെ സമയത്ത് ഇത്തരം വിവാദങ്ങൾ ഉണ്ടാക്കുന്നത് അനാവശ്യമാണെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. റഫറണ്ടത്തിലേക്ക് നയിക്കുന്നതിനായി ഒരു 11 ഘട്ട പദ്ധതി സ്കോട്ടിഷ് നാഷണൽ പാർട്ടി പ്രഖ്യാപിച്ചിരുന്നു.


പകർച്ചവ്യാധിക്കിടയിലും റഫറണ്ടം നടത്തണം എന്നുള്ളതാണ് സ്കോട്ടിഷ് നാഷണൽ പാർട്ടിയുടെ ആവശ്യം. റഫറണ്ടത്തെ എതിർത്തുള്ള യുകെ ഗവൺമെന്റിന്റെ ഭാഗത്തുനിന്നുള്ള ഏതു നീക്കത്തെയും ചെറുത്തു നിൽക്കും എന്ന് പാർട്ടി അറിയിച്ചിട്ടുണ്ട്. പല രാജ്യങ്ങളിലും ഈ പകർച്ചവ്യാധിക്കിടയിലും ഇലക്ഷനുകളും മറ്റും നടക്കുന്നുണ്ട്.

രാജ്യത്തു 49 ശതമാനത്തോളം ആളുകൾ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നുണ്ട് എന്നാണ് സർവ്വേ ഫലങ്ങൾ വ്യക്തമാക്കുന്നത്. സ്കോട്ടിഷ് നാഷണൽ പാർട്ടിയുടെ ഈ തീരുമാനത്തെ പ്രതിപക്ഷ പാർട്ടികളെല്ലാം തന്നെ നിരാകരിച്ചിട്ടുണ്ട്.

ഹൾ: ഹള്ളിലുള്ള ഡൽഹി സ്ട്രീറ്റിലെ വീടിന് തീപിടിച്ചു നാല് പേർക്ക് പൊള്ളലേറ്റു.  ഇന്ന് വെളുപ്പിന് 4:31 ന് ആണ് സംഭവം എന്നാണ് ഫയർ ആൻഡ് റെസ്ക്യൂ ടീം അറിയിച്ചിരിക്കുന്നത്. മലയാളികളാണ് താമസിച്ചിരുന്നതെന്നും സ്റ്റുഡന്റസ് ആണെന്നും ഉള്ള വിവരങ്ങളാണ് ഹള്ളിലുള്ള മലയാളികളിൽ നിന്നും കിട്ടുന്ന വിവരം. എന്നാൽ ഇത് സംബന്ധിച്ച സ്ഥിരീകരണം ആയിട്ടില്ല.

നാല് പേരാണ് വീട്ടിൽ ഉണ്ടായിരുന്നതെന്നും അതിൽ രണ്ടു പേരെ ഫയർ ഫോഴ്‌സ് ആണ് പുറത്തെത്തിച്ചത് എന്നും പോലീസ് അറിയിച്ചു. നാല് പേർക്കും പൊള്ളലും ഒപ്പം വിഷ പുകയും ശ്വസിച്ചതിനാൽ പ്രഥമിക ചികിത്സ നൽകി ആശുപത്രിയിലേക്ക് മാറ്റിയിക്കുന്നു. സാരമായ പൊള്ളൽ ഉണ്ടെന്നാണ് അറിയുന്നത്. മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും ആണ് ഉണ്ടായിരുന്നത്.

തീപിടുത്തം എങ്ങനെ ഉണ്ടായി എന്നുള്ള വിശകലനം ഫയർ ഫോഴ്‌സും പോലിസിസും ചേർന്ന് നടക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.

 

ലണ്ടൻ: കൊറോണയുടെ വരവോടെ ഒരുപിടി മരണങ്ങൾ കണ്ടു മരവിച്ച വർഷമായിരുന്നു കടന്നുപോയത്. എന്നാൽ പുതുവർഷത്തിൽ കൊറോണയുടെ വകഭേദം കൂടുതൽ ആക്രമണകാരിയായപ്പോൾ മരിക്കുന്നത് ആയിരങ്ങൾ ആണ്.  യുകെ മലയാളികൾക്ക് വീണ്ടും ആഘാതം ഏല്പിച്ചുകൊണ്ട് ഒരു മലയാളികൂടി കൊറോണയുടെ പിടിയിൽ അമർന്നിരുന്നു. ഗ്രെയ്റ്റര്‍ ലണ്ടനിലെ ഹെയ്‌സില്‍ താമസിച്ചിരുന്ന തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശി സുജ പ്രേംജിത്ത് (46) ആണ് ഇന്ന് മരണത്തിന് കീഴടങ്ങിയത്.

ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഹോസ്പിറ്റലില്‍ ചികിത്സ തേടിയ സുജക്ക് പിന്നീട് കോവിഡ് പിടിപെടുകയായിരുന്നു എന്നാണ് അറിയുന്നത്. വെറും നാല് ദിവസം മുമ്പാണ് കോവിഡ് മൂലമുള്ള അസ്വസ്ഥതകളെ തുടര്‍ന്ന് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയത്.

പെട്ടെന്ന് തന്നെ രോഗം വഷളാവുകയും,  ശ്വാസതടസത്തെ തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെ ആയിരുന്നു പിന്നീട് സുജ എന്നാണ് പുറത്തുവരുന്ന വിവരം.

എന്നാൽ  ഇന്ന് രാവിലെ ആരോഗ്യനില കൂടുതല്‍ വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. തിരുവനന്തപുരം വെങ്ങാനൂര്‍ ദീപാഞ്ജലി ഹൗസില്‍ പ്രേംജിത്ത് ആണ് ഭര്‍ത്താവ്. ഏകമകള്‍ സ്കൂൾ വിദ്യാർത്ഥിനിയായ അനന്യ നായര്‍ ( 13). സുജ ചടയമംഗലം സ്വദേശിയാണ്.

സുജയുടെ ആകസ്മിക മരണത്തെത്തുടര്‍ന്ന് ഹെയ്‌സിലെ മലയാളി സമൂഹം സഹായഹസ്തവുമായി കുടുംബത്തോടൊപ്പം ഉണ്ട്. ശവസംസ്‌കാരം സംബന്ധിച്ചുള്ള വിവരങ്ങള്‍ അറിവായിട്ടില്ല. നാട്ടിൽ കൊണ്ടുപോകാനുള്ള ശ്രമവും നടക്കുന്നതായി അറിയുന്നു.
സുജയുടെ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് -19 പ്രതിരോധ കുത്തിവെയ്പ്പ് ലഭിച്ച ആളുകളിൽനിന്ന് വൈറസ് മറ്റുള്ളവരിലേയ്ക്ക് പകരാൻ സാധ്യതയുണ്ടെന്ന് ഇംഗ്ലണ്ടിലെ ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫസർ ജോനാഥൻ മുന്നറിയിപ്പുനൽകി. ഇത് മുന്നിൽ കണ്ട് പ്രതിരോധകുത്തിവെയ്പ്പിൻെറ ആദ്യഗഡു ലഭിച്ചവർ ലോക്ക്ഡൗൺ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. സൺഡേ ടെലിഗ്രാഫിൽ എഴുതിയ ലേഖനത്തിൽ പ്രതിരോധകുത്തിവെയ്പ്പ് നേടിയവരിൽ നിന്നുള്ള വൈറസ് വ്യാപനത്തെ കുറിച്ച് കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന് പ്രൊഫസർ വാൻ-ടാം ചൂണ്ടിക്കാണിച്ചു. വാക്‌സിനുകൾ പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും അണുബാധയുടെ നിരക്ക് കുറയ്ക്കാൻ കഴിയണം.

 

ഇംഗ്ലണ്ടിൽ ഉടനീളം 32 വാക്സിൻ സൈറ്റുകൾ കൂടി ഈ ആഴ്ച ആരംഭിക്കുകയാണ്. ഒരു വാക്‌സിനും ഇതുവരെ 100% ഫലപ്രദമായിട്ടില്ല. അതിനാൽ തന്നെ വാക്‌സിൻ ലഭിച്ചാലും ജാഗ്രതയ്ക്ക് കുറവുണ്ടാവരുത്. ഒരു ഡോസ് ലഭിച്ചതിന് ശേഷം രണ്ടോ മൂന്നോ ആഴ്ചകൾക്കുള്ളിൽ വൈറസ് പിടിപെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. പ്രതിരോധ കുത്തിവെയ്പ്പ് ലഭിച്ചാലും പ്രായമായവരിൽ രോഗപ്രതിരോധം ലഭിക്കാൻ കുറഞ്ഞത് മൂന്ന് ആഴ്ചയെങ്കിലും വേണ്ടിവരുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. രാജ്യമെങ്ങും യുദ്ധകാലടിസ്ഥാനത്തിൽ വാക്സിൻ വിതരണം പുരോഗമിക്കുമ്പോഴും ആരോഗ്യരംഗത്തെ വിദഗ്ധരുടെ ഇടയിൽ പല കാര്യങ്ങളിലും അവ്യക്തത നിലനിൽക്കുന്നുണ്ട്. ഉദാഹരണത്തിന് ഫൈസർ വാക്‌സിൻെറ ഒന്നും രണ്ടും ഡോസുകൾ തമ്മിലുള്ള കാലദൈർഘ്യം 12 ആഴ്ചയിൽ നിന്ന് 6 ആഴ്‌ചയായി കുറയ്ക്കണമെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു.

സ്വന്തം ലേഖകൻ

യു കെ :- ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പുതിയതായി സ്ഥാനമേറ്റ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി ആദ്യമായി ഫോൺ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളും തമ്മിൽ നീണ്ടുനിൽക്കുന്ന ഒരു ശക്തമായ ബന്ധം ഉണ്ടായിരിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് അമേരിക്കൻ പ്രസിഡന്റായി ജോ ബൈഡനും, വൈസ് – പ്രസിഡന്റായി കമല ഹാരിസും സ്ഥാനമേറ്റത്. ഇവർ ഇരുവരും അധികാരമേറ്റത് യുഎസിനെ ഒരുപടികൂടി മുൻപിലേക്ക് നയിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി വിശ്വാസം പ്രകടിപ്പിച്ചു.

പാരിസ് കാലാവസ്ഥാവ്യതിയാന കരാറിലും, വേൾഡ് ഹെൽത്ത്‌ ഓർഗനൈസേഷനിലും തിരികെ ചേരാനുള്ള യുഎസിന്റെ തീരുമാനത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്വാഗതം ചെയ്തു. ജോ ബൈഡെന്റെ മുൻഗാമി ആയിരുന്ന ഡൊണാൾഡ് ട്രംപ് ഈ രണ്ട് തീരുമാനങ്ങളും തള്ളിയിരുന്നു. കാലാവസ്ഥ വ്യതിയാനം തടുക്കുന്നതിനായി, പുതിയ തീരുമാനങ്ങൾ എടുക്കുവാൻ ഉത്സാഹിക്കുന്ന ബൈഡന്റെ നിലപാട് പ്രശംസനീയം ആണെന്ന് പ്രധാനമന്ത്രി അറിയിച്ചതായി വക്താവ് രേഖപ്പെടുത്തി.

ഇരു രാജ്യങ്ങൾ തമ്മിൽ ഒരു സ്വതന്ത്ര വ്യാപാര കരാർ ഉണ്ടാക്കുന്നത് സംബന്ധിച്ചും രണ്ട് നേതാക്കളും ചർച്ച ചെയ്തു. ആദ്യത്തെ വനിതാ വൈസ് പ്രസിഡന്റായി സ്ഥാനമേറ്റ കമല ഹാരിസിനെ ബ്രിട്ടീഷ് പ്രധാനമന്ത്രി അഭിനന്ദിച്ചു.

സ്വന്തം ലേഖകൻ

ഒരു ചാനലിന്റെ മാരീഡ് അറ്റ് ഫസ്റ്റ് സൈറ്റ് പരിപാടിയിലൂടെ വിവാഹിതയായ ദമ്പതിമാരാണ് സ്റ്റെഫും ജോനാഥനും. ഒരുമിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ സാധ്യമല്ല എന്ന് മനസ്സിലായതോടെ ഇരുവരും രണ്ടു വർഷം മുൻപ് പിരിഞ്ഞിരുന്നു. എന്നാൽ ജോനാഥൻ ഇപ്പോഴും ഡിവോഴ്സ് പേപ്പറിൽ ഒപ്പിടാൻ തയ്യാറല്ലാത്തത് സ്റ്റെഫിനെ വലയ്ക്കുകയാണ്.

2019ൽ നടന്ന ചാനൽ പരിപാടിക്കിടെയാണ് ഇരുവരും വിവാഹിതരായത്. ഹണിമൂൺ സമയത്ത് ഇരുവരും തമ്മിൽ ഒത്തു പോകില്ല എന്ന് മനസ്സിലായതോടെ പിരിയാൻ തീരുമാനിച്ചു. ജോനാഥൻ ഇപ്പോഴും ബന്ധം തുടരാൻ ശ്രമിക്കുന്നതും പേപ്പർ നൽകാത്തതും ‘ ദുസ്വപ്നം’ പോലെയാണെന്ന് സ്റ്റെഫ് പറയുന്നു.

തുടരേണ്ട എന്ന് തീരുമാനിച്ചിട്ടും ജോനാഥൻ ഇടയ്ക്കിടെ പിറന്നാൾ ദിനത്തിലും ആനിവേഴ്സറി ദിനത്തിലും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ ആശംസകാർഡുകൾ അയക്കാറുണ്ടായിരുന്നു. ഇതിനെപ്പറ്റി സ്റ്റെഫ് പ്രൊഡ്യൂസേഴ്സിനോട് പരാതിപ്പെട്ടിരുന്നു. ഇരുവരുടെയും കാഴ്ചപ്പാട് വ്യത്യസ്തമാണെന്ന് മനസ്സിലാക്കിയപ്പോൾ തന്നെ സ്റ്റെഫ് പിരിയാൻ മുൻകൈയെടുത്തു. എന്നാൽ ജോനാഥൻ രണ്ടാഴ്ച കൂടി സമയം തരൂ എന്ന് ആവർത്തിച്ച് ആവശ്യപ്പെട്ട് വലിച്ചുനീട്ടി കൊണ്ടുപോവുകയായിരുന്നു. അതിനിടയിൽ ഇരുവരും പ്രമുഖ റിലേഷൻഷിപ്പ് കൺസൾടന്റിനെ സമീപിച്ചിരുന്നു. അവിടെനിന്നും പിരിയുന്നതാണ് നല്ലത് എന്ന നിർദ്ദേശം തന്നെയാണ് ലഭിച്ചത്.

” സ്വന്തം ജീവിതം, നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്തതിൽ അങ്ങേയറ്റം വേദനയും ബുദ്ധിമുട്ടും ഉണ്ടെന്ന് സ്റ്റെഫ് പറഞ്ഞു.

ഡോ. ഐഷ വി

ചിറക്കര ത്താഴത്ത് താമസമായപ്പോൾ ആദ്യ കുറച്ച് ദിവസങ്ങളിൽ ഞങ്ങൾ മര്യാദ രാമന്മാരായിരുന്നു. യാതൊരു കുരുത്തക്കേടുകളും ഇല്ല. വല്ല കുരുത്തക്കേടും കാണിച്ച് അച്ഛനമ്മമാരിൽ നിന്നും അടി വാങ്ങുന്നത് അപ്പുറത്തെ കുട്ടികൾ കണ്ടാൽ നാണക്കേടല്ലേ എന്ന ചിന്തയായിരുന്നു ഈ മര്യാദ രാമത്വത്തിന് പിന്നിൽ. അതൊക്കെ കാറ്റിൽ പറന്നത് വളരെ വേഗത്തിലായിരുന്നു. ശ്രീദേവി അപ്പച്ചിയുടെ ‘മകൾ ബേബി അപ്പച്ചിയുടെ കൈയ്യിൽ നിന്നും ഞങ്ങൾ കാൺകെ അടി മേടിച്ചപ്പോൾ. അന്ന് വൈകിട്ട് കിളിമരചോട്ടിലെ പൂജയുടെ വട്ടം കൂട്ടുകയായിരുന്നു ശ്രീദേവി അപ്പച്ചി . അതിനിടയിൽ ബേബി എന്തോ കുരുത്തക്കേട് കാണിച്ചതിനാണ് അടി കൊണ്ടത്. ലക്ഷ്മി അച്ഛാമ്മയുടെ അകാലത്തിൽ ചരമമടഞ്ഞ മകളുടെ ശ്രാദ്ധ ദിവസമായിരുന്നു അന്ന്. കിളിമരചോട്ടിലായിരുന്നു അവരെ അടക്കിയിരുന്നത്. അവിടെ ശ്രാദ്ധദിവസം എല്ലാ വർഷവും ലക്ഷ്മി അച്ഛാമ്മ പൂജ നടത്തിയിരുന്നു. അരിയട, അവൽ, കരിക്ക്, ശർക്കര, കൽക്കണ്ടം, തേങ്ങ എന്നിവയുണ്ടായിരുന്നു. പൂജ കഴിയുമ്പോൾ ഇതെല്ലാം എല്ലാവർക്കുമായി വീതിച്ച് നൽകും.

ലക്ഷ്മി അച്ഛാമ്മയ്ക്ക് എന്റെ അനുജനോട് അല്പം സ്നേഹം .കൂടുതലായിരുന്നോ എന്നെനിയ്ക്ക് തോന്നീട്ടുണ്ട്. ഇത്രയും പെൺകുട്ടികൾക്കിടയിലെ രണ്ടാൺ തരികളിൽ ഒരാളല്ലേ എന്ന പരിഗണനയാവാം. രണ്ട് വീട്ടിലും കൂടി മൊത്തം 16 കുട്ടികൾ. പതിനാല് പെൺകുട്ടികൾക്ക് തലനിറയെ മുല്ലപ്പൂ ചൂടാനായി മുറ്റത്തിനരികിലെ കിളിമരത്തിൽ പടർന്ന് പന്തലിച്ച് കിളിമരത്തെ ഇപ്പുറത്തെ പറമ്പിലേയ്ക്ക് ചായ്ച്ച് നിർത്തിയിരുന്ന നിത്യ ഹരിതയായ ഒരു മുല്ല . ഈ മുല്ലയുടെ പ്രത്യേകത അരിമുല്ലയേക്കാൾ വല്യ നീണ്ട കുടുമുല്ലയേക്കാൾ നീളം കൂടി വണ്ണം കുറഞ്ഞ പൂക്കളായിരുന്നു. . കുട്ടികളുടെ കൂട്ടത്തിൽ പ്രായോഗിക ബുദ്ധി കൂടിയ കതിയാമ്മചേച്ചി കിളിമരച്ചുവട്ടിൽ ഒരു കമഴ്ത്തിയോട് വച്ച് മഴ നനയാതെ വിളക്ക് കത്തിയ്ക്കാനുള്ള സംവിധാനം കമനീയമാക്കി.

ഫെബ്രുവരി പകുതി മുതൽ ഏപ്രിൽ പകുതി വരെയാണ് മുല്ലപൂക്കുന്ന കാലം. മാർച്ച് പകുതി കഴിയുമ്പോൾ പൂക്കളുടെ അളവ് വളരെ കൂടും. ഉയരങ്ങളിൽ നിൽക്കുന്ന മുല്ലപ്പൂ കേടുപാടില്ലാതെ പറിച്ചെടുക്കാനുമുണ്ട് കതിയാമ്മ ചേച്ചിയുടെ പ്രായോഗിക ബുദ്ധി. ഓലമെടയുന്നവർ ചീകിയിടുന്ന മടൽ പ്പൊളികൾ പുള്ളിക്കാരി സംഘടിപ്പിയ്ക്കും. അതിൽ പച്ച ഈർക്കിൽ വച്ച് കെട്ടി തൈപ്പുണ്ടാക്കും. ആദ്യം പാകമാകുന്നത് മൂന്ന് മുല്ലപ്പൂ മൊട്ടുകൾ ഉള്ള ഒരു ഞെട്ടിലെ നടുക്കു നിൽക്കുന്നത് ആയിരിയ്ക്കും. വളരെ സൂക്ഷ്മതയോടെ പിഞ്ചു മൊട്ടുകൾക്ക് കേട് പാട് പറ്റാതെ പറിച്ചെടുക്കാനും കതിയാമ്മ ചേച്ചിയ്ക്ക് പ്രത്യേക വൈദഗ്ദ്യമുണ്ട്.

കൊച്ചു കുട്ടികൾ പിച്ചിയെടുത്ത മുല്ലമൊട്ടുകൾ തിണ്ണയിൽ വച്ചിരിയ്ക്കുന്ന തൂശനിലയിൽ ഇടും. മുല്ലമൊട്ടുകൾ കെട്ടാനുള്ള വാഴവള്ളികൾ നേരത്തേ തന്നെ മുറിച്ചെടുത്ത് ഒരു ബക്കറ്റിലെ വെള്ളത്തിൽ കുതിർക്കാൻ വച്ചിട്ടുണ്ടാകും. അതിൽ നിന്ന് കെട്ടാൻ പാകത്തിലുള്ള നാരുകൾ വേർപെടുത്തി മുതിർന്ന കുട്ടികൾ മുല്ലമൊട്ടുകൾ ചന്തത്തിൽ കെട്ടി വാഴയിലയിൽ പൊതിഞ്ഞ് വീടിന്പുറത്ത് വച്ച് മഞ്ഞ് കൊള്ളിച്ചാൽ രാവിലെ നല്ല മുല്ലപ്പൂ മാല തയ്യാർ. രാവിലെ കതിയാമ്മ ചേച്ചി കത്രിക വച്ച് മാല നിശ്ചിത നീളത്തിൽ മുറിച്ച് നൽകും. കുട്ടികൾ അതും ചൂടിയാകും സ്കൂളിൽ പോവുക. ഒരിക്കൽ ധാരാളം മുല്ലപൂക്കൾ ചൂടി സ്കൂളിൽ പോയ എന്നെ ചില പൂവാലന്മാർ കല്യാണപ്പെണ്ണെന്ന് വിളിച്ച് കളിയാക്കിയിരുന്നു. മുല്ലയുടെ ഉണങ്ങിയ ചെറു ചില്ലകൾ കൊണ്ട് കുട്ടികളുടെ കണ്ണും ദേഹവുമൊക്കെ മുറിഞ്ഞ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അച്ഛന്റെ കരുതലും സ്നേഹവും ഞങ്ങൾ മനസ്സിലാക്കിയ ഒരു സന്ദർഭം അനുജത്തിയുടെ കണ്ണ് ഇതു പോലെ മുറിഞ്ഞ വേളയിലാണ്.

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved