Middle East

ഖത്തറിലെ ലുവൈനിയയിലുണ്ടായ വാഹനപകടത്തില്‍ മലയാളി വിദ്യാർഥി മരിച്ചു. ഖത്തറിലെ സാമൂഹിക-സാംസ്​കാരിക രംഗത്തെ സജീവ സാന്നിധ്യവും ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി വൈസ്​ പ്രസിഡൻറുമായ കോഴിക്കോട്​ മണിയൂർ കുന്നുമ്മല്‍ അബ്ദുല്‍ സലാമിൻെറ മകൻ മിസ്ഹബ് അബ്ദുല്‍ സലാമാണു (11) മരിച്ചത്.

ദുഖാന്‍ ദോഹ എക്‌സ്പ്രസ് റോഡിലെ ലുവൈനിയയില്‍ വ്യാഴാഴ്​ച വൈകീ​ട്ടോടെയായിരുന്നു അപകടം. സഹോദരങ്ങളും ബന്ധുക്കളും ഉൾപ്പെടെ ആറുപേരുടെ സംഘം സഞ്ചരിച്ച കാർ ദുഖാനിൽ നിന്നും ദോഹയി​ലേക്ക്​ യാത്രചെയ്യവെ നിയന്ത്രണം വിട്ട്​ മറിയുകയായിരുന്നു.

അപകടത്തിൻെറ ആഘാതത്തിൽ പുറത്തേക്ക്​ തെറിച്ച മിസ്​ഹബിന്​ ഗുരുതരമായി പരിക്കേറ്റു. എയർ ആംബുലൻസിൽ ഉടൻ ഹമദ്​ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു. തലക്കേറ്റ ഗുരുതര പരിക്കാണ്​ മരണകാരണമായത്​. അപകടത്തിൽ മറ്റുള്ളവരുടെ പരിക്ക്​ സാരമുള്ളതല്ല. ഒരാൾ ഒഴികെ എല്ലാവരും ഇന്നലെ തന്നെ ആശുപത്രി വിട്ടു.

ദുഖാൻ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് മിസ്​ഹബ്​. മാതാവ്: ആബിദ. സഹോദരങ്ങൾ: സന, ദിൽന, മുഹമ്മദ്, ഫാത്തിമ, മഹദ്​. വെള്ളിയാഴ്​ച വൈകീ​ട്ടോടെ അബൂഹമൂര്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കും.

ഒമാനിൽ വാഹനാപകടത്തിൽ മലയാളിയടക്കം രണ്ട്​ പേർ മരിച്ചു. കൊല്ലം ചാത്തന്നൂർ വിളപ്പുറം താഴം സൗത്തിൽ കാരോട്ട് വീട്ടിൽ അരവിന്ദാക്ഷ​െൻറ മകൻ ജയറാമും (44) തമിഴ്​നാട്​ സ്വദേശിയുമാണ്​ മരിച്ചത്​.

മസ്​കത്തിൽ നിന്ന്​ അഞ്ഞൂറ്​ കിലോമീറ്ററിലധികം ദൂരെ സലാല റോഡിൽ ഹൈമയിൽ വ്യാഴാഴ്​ചയായിരുന്നു അപകടം. സുലോചനയാണ്​ ജയറാമി​െൻറ മാതാവ്​. ഭാര്യ: രശ്​മി. മക്കൾ: നിരഞ്ജന, അർജുൻ.

പൊതു അവധിദിനമായ കഴിഞ്ഞ ചൊവ്വാഴ്​ച ഇവിടെയുണ്ടായ അപകടത്തിൽ മൂന്ന്​ സ്വദേശികൾ മരണപ്പെട്ടിരുന്നു. ഖരീഫ്​ സീസണി​െൻറ ഭാഗമായി കൂടുതൽ പേർ സലാലയിലേക്ക്​ യാത്ര ചെയ്യുന്നതിനാൽ യാത്രികർ ജാഗ്രത പാലിക്കണമെന്ന്​ റോയൽ ഒമാൻ പൊലീസ്​ നിർദേശിച്ചു.

മുൻ കേരള ടെന്നീസ് താരവും എറണാകുളം എളമക്കര സ്വദേശിനിയുമായ തൻവി ഭട്ട് (21) ദുബായിൽ ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു മരണം. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചതായി സാമൂഹിക പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരിയാണ് അറിയിച്ചത്.

2012ൽ ദോഹയിൽ നടന്ന അണ്ടർ14 ഏഷ്യൻ സീരീസിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാമതെത്തിയിരുന്നു. നിരവധി ദേശീയ, സംസ്ഥാന ചാമ്പ്യൻഷിപ്പുകളിൽ സ്വർണം നേടിയിട്ടുണ്ട്. എന്നാൽ പിന്നീട് നട്ടെല്ലിന് പരിക്കേറ്റതിനെ തുടർന്ന് ടെന്നീസ് ലോകത്ത് നിന്ന് പിന്മാറേണ്ടിവന്നു.

ഇതോടെ കടുത്ത മാനസിക വിഷമത്തിലായിരുന്നു താരം. ദുബായ് ഹെരിയറ്റ് വാട്ട് ആന്റ് മിഡ്ൽസെക്‌സ് കോളേജിലെ സൈക്കോളജി വിദ്യാർത്ഥിയായിരുന്നു തൻവി. ഡോ. സഞ്ജയ് ഭട്ടിന്റെയും ലൈലാന്റെയും മകളാണ്. സഹോദരൻ ആദിത്യ.

യന്ത്ര തകരാറിനെ തുടർന്ന് നെടുമ്പാശേരിയിൽ നിന്ന് ഷാർജയിലേക്ക് പോയ വിമാനം തിരിച്ചിറക്കി. എയർ അറേബ്യ വിമാനമാണ് തിരിച്ചിറക്കിയത്. 212 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

വിമാനം പറന്നുയർന്ന് പത്ത് മിനിറ്റനകം യന്ത്രം തകരാറിലായെന്ന് അധികൃതർ പറയുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും അധികൃതർ വ്യക്തമാക്കി. യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി.

എയർ അറേബ്യ എപ്പോൾ പുറപ്പെടും എന്നതിനെ കുറിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. തകരാറുകൾ പരിഹരിച്ച് ഉടൻ തന്നെ പുറപ്പെട്ടേക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട് .

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായ് ബുര്‍ജ് ഖലീഫയുടെ ഉച്ചിയില്‍ നിന്ന് ചിത്രീകരിച്ച എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ പരസ്യ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ദുബായിയുടെ ആകാശം മാത്രം ബാക്ക്ഗൗണ്ടില്‍ നില്‍ക്കെ എയര്‍ലൈനിന്റെ പരസ്യ പ്ലക്കാര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുന്ന എമിറേറ്റിസ് എയര്‍ ഹോസ്റ്റസിന്റെ വീഡിയോയാണ് ആഗോള തലത്തില്‍ വന്‍ പ്രചാരം നേടിയത്.

സ്‌കൈ ഡൈവിംഗ് താരമായ നിക്കോളെ ലുഡ്വിക് സ്മിത്താണ് പരസ്യ ചിത്രത്തില്‍ എയര്‍ ഹോസ്റ്റസായി അഭിനയിച്ചിട്ടുള്ളത്. 828 മീറ്റര്‍ അടി ഉയരമുള്ള ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ മുകളില്‍ നിന്ന്, എമിറേറ്റ്സിന്റെ പരമ്പരാഗത കാബിന്‍ ക്രൂ വേഷം അണിഞ്ഞെത്തിയ ഇവര്‍ ‘ലോകത്തിന്റെ മുകളില്‍ ഫ്ളൈ എമിറേറ്റ്സ്’ എന്ന സന്ദേശം പ്ലക്കാര്‍ഡിലൂടെ പങ്കുവച്ചത്.

ബുര്‍ജ് ഖലീഫയുടെ 160-ാമത്തെ നിലയില്‍ നിന്ന് ഒരു മണിക്കൂര്‍ നേരം കോണിപ്പടികള്‍ കയറിയാണ് അവര്‍ മുകളിലെത്തിയത്. ഇവര്‍ പ്ലക്കാര്‍ഡുകളുമായി നില്‍ക്കുന്ന ചിത്രം ഹെലികോപ്റ്ററില്‍ നിന്നാണ് ചിത്രീകരിച്ചത്. യുഎഇയിലെ ആംബര്‍ പട്ടികയിലേക്ക് മാറ്റിയതോടെ ബ്രിട്ടന്‍ യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചത് ആഘോഷിക്കുന്നതാണ് പരസ്യ ചിത്രം. ആംബര്‍ പട്ടികയിലേക്ക് മാറിയതോടെ ലോകത്തിന്റെ നെറുകയിലെത്തിയത് പോലെ തോന്നുന്നുവെന്ന പ്ലക്കാര്‍ഡിനൊപ്പം, ഫ്‌ളൈ എമിറേറ്റ്‌സ്, ഫ്‌ളൈ ബെറ്റര്‍ എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ അവര്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

എമിറേറ്റ്‌സിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത പരസ്യ വീഡിയോ മിനുട്ടുകള്‍ക്കകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. എന്നാല്‍ പരസ്യ വീഡിയോയില്‍ എമിറേറ്റ്‌സ് എയര്‍ ഹോസ്റ്റസ് ബുര്‍ജ് ഖലീഫയ്ക്ക് മുകളില്‍ നില്‍ക്കുന്നത് ഒറിജിനലാണോ അതോ വ്യാജോമാണോ എന്ന സംശയവുമായി ആളുകള്‍ രംഗത്തെത്തി. ഗ്രീന്‍സ്‌ക്രീന്‍ പോലുള്ള ഏതെങ്കിലും ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ വ്യാജമായി ഉണ്ടാക്കിയതാണോ ഇതെന്ന സംശയവും പലരും ഉന്നയിച്ചു.

തുടര്‍ന്ന് പരസ്യചിത്രം എങ്ങനെയാണ് ചിത്രീകരിച്ചതെന്ന് കാണിക്കുന്ന ബിഹൈന്‍ഡ് സീന്‍ വീഡിയോയും എയര്‍ലൈന്‍സ് പുറത്തുവിട്ടു. ഉയരമുള്ള കെട്ടിടത്തിന്റെ മുകളില്‍ എങ്ങനെ നില്‍ക്കണം എന്നതടക്കമുള്ള കാര്യങ്ങള്‍ ഈ വീഡിയോയിലുണ്ട്. കെട്ടിടത്തിന്റെ മുകളിലല്‍ നിന്ന് കാല്‍ തെറ്റികുയോ മറ്റോ ചെയ്താല്‍ താഴെ വീഴാതിരിക്കുന്നതിന് അവരുടെ അരക്കെട്ടില്‍ കൊളുത്തിടുന്നതും വീഡിയോയില്‍ കാണിക്കുന്നുണ്ട്.

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 30 കോടി ലഭിച്ചത് മലയാളിയും സിനിമ നടന്‍ ഹരിശ്രീ അശോകന്റെ മരുമകനുമായ സനൂപ് സുനിലിന്. ബിഗ് ടിക്കറ്റ് ഒന്നാം സമ്മാനമായ 30 കോടി രൂപയാണ് സനൂപിന് ലഭിച്ചത്. ജൂലൈ 13 ന് ഓണ്‍ലൈനിലൂടെ എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.

ഹരിശ്രീ അശോകന്റെ മകള്‍ ശ്രീക്കുട്ടിയുടെ ഭര്‍ത്താവാണ് സനൂപ്. ഒന്നാം സമ്മാനം പ്രഖ്യാപിച്ചതിന് ശേഷം സമ്മാനം ലഭിച്ച കാര്യം അറിയിക്കുന്നതിനായി സനൂപുമായി ബന്ധപ്പെട്ടിരുന്നെങ്കിലും കണക്ട് ആയില്ല. ദീര്‍ഘ നേരത്തെ ശ്രമത്തിന് ശേഷമാണ് സംഘാകടകര്‍ സനൂപിനെ ബന്ധപ്പെട്ടത്.

183947 എന്ന ടിക്കറ്റാണ് സനൂപിന് ഭാഗ്യം കൊണ്ടുവന്നത്. ഫലപ്രഖ്യാപിച്ച ശേഷം ബിഗ് ടിക്കറ്റ് സംഘാടക പ്രതിനിധി റിച്ചാര്ഡ് സനൂപിനെ ഫോണിലൂടെ ബന്ധപ്പെടാന് ശ്രമിച്ചിരുന്നു. ഒരു തവണ ഫോണ്‍ കണക്ട് ആയെങ്കിലും സമ്മാനം ലഭിച്ച വിവരം അറിയിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല.

അതേസമയം ഇന്നലെ നടന്ന മറ്റു നറുക്കെടുപ്പില് 10 ലക്ഷം ദിര്‍ഹത്തിന് മലയാളിയായ ജോണ്‍സണ്‍ കുഞ്ഞുകുഞ്ഞു അര്‍ഹനായിരുന്നു. കൂടാതെ ഒരു ലക്ഷം ദിര്‍ഹത്തിന് ഇന്ത്യക്കാരനായ റെനാള്‍ഡ് ഡാനിയിലും അര്‍ഹനായി. സനൂപിന് ഒന്നാം സമ്മാനം നേടിയ വിവരം ബിഗ് ടിക്കറ്റ് അബുദാബി ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.

കൊച്ചി സ്വദേശി വിനോദ് സക്കറിയ നൊമ്പരമാകുന്നു. സാമൂഹിക പ്രവര്‍ത്തകന്‍ അഷറഫ് താമരശ്ശേരിയാണ് ഉള്ളുംപൊള്ളിക്കുന്ന മരണവാര്‍ത്ത പങ്കുവെച്ചത്.

വിനോദ് സക്കറിയയുടെ മൃതദേഹം എംബാമിംഗ് കഴിഞ്ഞ് പെട്ടിയിലെടുത്ത് വെക്കുമ്പോള്‍, അയാളുടെ ഒരു കൂട്ടുകാരന്‍ പറഞ്ഞത് ഓര്‍ത്ത് പോയി, ഒരു ജോലി അവന് വളരെ അത്യാവശ്യമായിരുന്നു. അത് അന്വേഷിക്കുവാന്‍ വേണ്ടിയാണ് അയാള്‍ ഈ രാജ്യത്ത് വന്നത്. മരിച്ച് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് വിനോദിന്റെ മൃതദേഹം മാറ്റുമ്പോള്‍, ജോലിക്കുളള ഓഫര്‍ ലെറ്റര്‍ വന്നു. ഇനി ഒരു അനുമതിക്കും കാത്ത് നില്‍ക്കാതെ വിനോദ് മടങ്ങി. ഒരിക്കലും തിരിച്ച് വരാന്‍ കഴിയാത്ത ലോകത്തേയ്‌ക്കെന്ന് അദ്ദേഹം വേദനയോടെ കുറിച്ചു.

കൊച്ചി സ്വദേശിയായ വിനോദ് ഒരു ജോലി സ്വപ്ന കണ്ടാണ് അറബ് നാട്ടിലെത്തിയത്. സന്ദര്‍ശക വിസയിലായിരുന്നു എത്തിയത്. വിസായുടെ കാലാവധി തീരാറായപ്പോള്‍ നാട്ടിലേക്ക് പോകുവാനുളള തയ്യാറെടുപ്പിലിരിക്കുമ്പോഴാണ് മരണം അതിഥിയായി വന്ന് വിനോദിനെ കൊണ്ട്‌പോയത്. ബാത്ത് റൂമിലേക്ക് കുളിക്കാന്‍ പോയ സമയം, തലചുറ്റി താഴെ വീണു, ആ വീഴ്ച മരണത്തിലേയ്ക്കായിരുന്നുവെന്ന് അഷ്‌റഫ് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ഇന്ന് രണ്ട് മയ്യത്തുകളാണ് നാട്ടിലേക്ക് അയച്ചത്. അതില്‍ ഒരു മയ്യത്ത് കൊച്ചി സ്വദേശിയായ വിനോദ് സക്കറിയുടെതായിരുന്നു.രണ്ട് മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് സന്ദര്‍ശക വിസയില്‍ വന്ന് ജോലി അന്വേഷിച്ച് വിസായുടെ കാലാവധി തീരാറായപ്പോള്‍ നാട്ടിലേക്ക് പോകുവാനുളള തയ്യാറെടുപ്പിലിരിക്കുമ്പോഴാണ് മരണം അതിഥിയായി വന്ന് വിനോദിനെ കൊണ്ട്‌പോയത്.ബാത്ത് റൂമിലേക്ക് കുളിക്കാന്‍ പോയതാണ്,തലചുറ്റി താഴെ വീണു,പിന്നെ എഴുന്നേറ്റിട്ടില്ല.മരണം അങ്ങനെയാണ്.എപ്പോള്‍ എവിടെ വെച്ച് ആര്‍ക്കും പ്രവചിക്കുവാന്‍ കഴിയില്ല.
24 തീയതി( അതായത് ഇന്നലെ)നാട്ടിലേക്ക് പോകുവാന്‍ Air India (IX 434) Ticket എടുത്തിരുന്നു. വിധി മറിച്ചായിരുന്നു.മനുഷ്യന്‍ ഒന്ന് ചിന്തിക്കുന്നു.ദൈവം മറ്റൊന്ന് ചിന്തിക്കുന്നു. ആരോടും ഒന്നും പറയാതെ ടിക്കറ്റ് ഒന്നും വേണ്ടാത്ത മറ്റൊരു ലോകത്തേക്ക് വിനോദ് സക്കറിയ യാത്രയായി.
ഈ അടുത്ത കാലത്തായി ഒട്ടനവധി പ്രവാസികളാണ് ഈ ഗള്‍ഫ് രാജ്യത്ത് മരിച്ച് വീഴുന്നത്.വിസയുളളവരും,അല്ലാത്ത വരുമായി ഒട്ടനവധി പേര്‍, ഈ അടുത്ത കാലത്തായി ഫോണ്‍ ശബ്ദിക്കുമ്പോള്‍ വല്ലാത്ത ഒരു ഭയം,മരണ വാര്‍ത്ത കേള്‍ക്കുമ്പോള്‍ നെഞ്ച് പിടഞ്ഞു പോകും ആ മരിച്ചവരില്‍ ഇന്നലെ തമാശ പറഞ്ഞ് ചിരിച്ച പരിചയക്കാര്‍ ഉണ്ടാകും,അല്ലെങ്കില്‍ ആരോരും സഹായിക്കുവാന്‍ ഇല്ലാത്ത അപരിചിതരുടെ മരണ വാര്‍ത്തയാകും കേള്‍ക്കുവാന്‍ കഴിയുക.
മരണത്തെ കുറിച്ച് നമ്മള്‍ എപ്പോഴും ചിന്തിക്കുക. ഇന്ന് നമ്മള്‍ അനുഭവിക്കുന്ന സാഹചര്യങ്ങള്‍ വെച്ച് നോക്കുമ്പോള്‍,കണ്ണെത്താദൂരത്ത് നമ്മളുടെ റൂഹിനെ പിടിക്കുവാനുളള അനുമതിക്കായി അവന്‍ കാത്ത് നില്‍പ്പുണ്ട്,ഇന്നലെങ്കില്‍ നാളെ അത് സംഭവിച്ചെ മതിയാകു.ആയതിനാല്‍ മനുഷ്യന്‍ വിദ്വേഷവും, വെറുപ്പും ഒക്കെ വെടിഞ്ഞ് സന്തോഷത്തോടെയും സ്‌നേഹത്തോടെയും കഴിയുക.അടുത്ത ഊഴം നമ്മുക്കുളളതാണെന്ന് കരുതിയാല്‍ തീരാവുന്നതെയുളളു,മനുഷ്യന്റെ മനസ്സിന്റെയുളളില്‍ കുമിഞ്ഞ് കിടക്കുന്ന വിദ്വേഷം.
ഞാന്‍ ഇങ്ങനെയൊക്കെ എഴുതുവാന്‍ കാരണം, ഈ കാലഘട്ടത്തില്‍ നമ്മുക്ക് അറിയാവുന്ന, അല്ലെങ്കില്‍ ഒട്ടനവധി പേരാണ് നമ്മെ വിട്ട് പടച്ചവന്റെ സന്നിതിലേക്ക് പോയത്.ഒരിക്കലും നമ്മള്‍ ചിന്തിച്ചിട്ട് പോലും ഉണ്ടാകില്ല,എത്രകാലം ഈ ലോകത്ത് ജീവിക്കേണ്ടവര്‍,അവരുടെയൊക്കെ സ്വപ്നങ്ങള്‍ ആഗ്രഹങ്ങള്‍ ഒന്നും പൂര്‍ത്തിയാക്കുവാന്‍ പോലും ആര്‍ക്കും കഴിഞ്ഞിട്ടില്ല.ഈ സത്യം മനസ്സിലാക്കി കൊണ്ട് നമ്മള്‍ ജീവിക്കുക.
വിനോദ് സക്കറിയയുടെ മൃതദേഹം എംബാമിംഗ് കഴിഞ്ഞ് പെട്ടിയിലെടുത്ത് വെക്കുമ്പോള്‍, അയാളുടെ ഒരു കൂട്ടുകാരന്‍ പറഞ്ഞത് ഓര്‍ത്ത് പോയി,ഒരു ജോലി അവന് വളരെ അത്യാവശ്യമായിരുന്നു.അത് അന്വേഷിക്കുവാന്‍ വേണ്ടിയാണ് അയാള്‍ ഈ രാജ്യത്ത് വന്നത്.മരിച്ച് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് വിനോദിന്റെ മൃതദേഹം മാറ്റുമ്പോള്‍,ജോലിക്കുളള ഓഫര്‍ ലെറ്റര്‍ വന്നു.ഇനി ഒരു അനുമതിക്കും കാത്ത് നില്‍ക്കാതെ വിനോദ് മടങ്ങി.ഒരിക്കലും തിരിച്ച് വരാന്‍ കഴിയാത്ത മറ്റൊരു ലോകത്തേക്ക്
വിനോദ് സക്കറിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.
അഷ്‌റഫ് താമരശ്ശേരി

ലണ്ടന്‍: ഇന്ത്യയടക്കം “റെഡ്‌ ലിസ്‌റ്റി”ല്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന തങ്ങളുടെ പൗരന്‍മാര്‍ക്ക്‌ മൂന്നു വര്‍ഷത്തെ യാത്രാ വിലക്ക്‌ ഏര്‍പ്പെടുത്താനൊരുങ്ങി സൗദി അറേബ്യ. ലോകമെങ്ങും അതിവേഗം വ്യാപിക്കുന്ന കോവിഡിന്റെ ഡെല്‍റ്റാ വകഭേദത്തെ ചെറുക്കുന്നതു ലക്ഷ്യമിട്ടാണ്‌ നീക്കം.

മുന്‍കൂട്ടിയുള്ള അനുമതിയില്ലാതെ യാത്ര ചെയ്യാന്‍ കഴിഞ്ഞ മേയില്‍ ലഭിച്ച അവസരം പൗരന്‍മാരില്‍ ചിലര്‍ ദുരുപയോഗം ചെയ്‌ത സാഹചര്യത്തിലാണു നടപടി. ഇന്ത്യക്കു പുറമേ അഫ്‌ഗാനിസ്‌ഥാന്‍, അര്‍ജന്റീന, ബ്രസീല്‍, ഈജിപ്‌ത്‌, എത്യോപ്യ, ഇേന്താനീഷ്യ, ലബനന്‍, പാകിസ്‌താന്‍, ദക്ഷിണാഫ്രിക്ക, തുര്‍ക്കി, വിയറ്റ്‌നാം, യു.എ.ഇ. എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രയാണ്‌ വിലക്കിയിരിക്കുന്നത്‌.

വിമാനങ്ങള്‍ തമ്മില്‍ ഉരസിയതുമൂലം ദുബായ് വിമാനത്താവളത്തിലെ ഒരു റണ്‍വെ കുറച്ചുസമയത്തേക്ക് അടച്ചു. ബഹ്റിന്റെ ഗള്‍ഫ് എയർ വിമാനത്തിന്റെ പിന്‍ഭാഗം ഫ്ളൈ ദുബായ് വിമാനത്തിലാണ് ഇടിച്ചത്. ആർക്കും പരുക്കില്ല.

ഇന്ന് രാവിലെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ടാക്സിവേയിലാണ് സംഭവം. കിര്‍ഗിസ്ഥാനിലേക്ക് യാത്ര പുറപ്പെട്ട സമയത്താണ് ബോയിങ് 737-800 വിമാനം അപകടത്തില്‍പ്പെട്ടതെന്ന് ഫ്ളൈ ദുബായ് അറിയിച്ചു. ഇതേ തുടർന്ന് റണ്‍വെയുടെ പ്രവർത്തനം രണ്ടുമണിക്കൂർ നിർത്തിവച്ചു. ഇതിന് ശേഷം പുനരാരംഭിച്ചുവെന്നും ദുബായ് വിമാനത്താവള അധികൃത‍ർ വ്യക്തമാക്കി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ പെയ്തു. ഇടിയോടും മിന്നലോടും കൂടിയാണ് മഴ പെയ്തത്. അബുദാബി, ദുബായ്, ഷാ‍‍‍ർജ, റാസല്‍ ഖൈമ, അലൈന്‍ എന്നിവിടങ്ങളിലാണ് ക്ലൗഡ് സീഡിംഗിന്റെ ഫലമായി മഴ പെയ്തത്.

പലയിടങ്ങളിലും ശനിയാഴ്ച രാവിലെ യെല്ലോ അലർട്ടും നല്‍കിയിട്ടുണ്ട്. താപനിലയിലും കുറവ് രേഖപ്പെടുത്തി. പലയിടത്തും അന്തരീക്ഷം മേഘാവൃതമായിരിക്കും. പൊടിക്കാറ്റടിക്കാനുളള സാധ്യതയുമുണ്ട്.

RECENT POSTS
Copyright © . All rights reserved