Middle East

സൗദിയില്‍ ട്രക്ക് വാനുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി മരിച്ചു. മക്കക്കടുത്ത് ജുമൂമിലാണ് അപകടം നടന്നത്. തൃശ്ശൂര്‍ ചാലക്കുടി മാമ്പ്ര ഇറയംകുടി സ്വദേശി കൈനിക്കര ബിനോജ് കുമാര്‍ (49) ആണ് അപകടത്തില്‍ മരിച്ചത്.

അല്‍ശുഐബ റോഡില്‍ ഫൈവ് സ്റ്റാര്‍ പെട്രോള്‍ സ്റ്റേഷന് സമീപമാണ് ബിനോജ് ഓടിച്ചിരുന്ന ട്രക്ക് മറ്റൊരു വാനുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തില്‍ വണ്ടിക്ക് തീപിടിക്കുകയും അതില്‍പെട്ട് സംഭവസ്ഥലത്തു വെച്ച് തന്നെ മരണം സംഭവിക്കുകയും ചെയ്തു. അപകടത്തില്‍ മറ്റു രണ്ട് പേര്‍ കൂടി മരിച്ചിട്ടുണ്ട്. എന്നാല്‍ അവര്‍ ഏതു രാജ്യക്കാരാണെന്ന് വ്യക്തതയില്ല. അപകടത്തില്‍ പരിക്കേറ്റ രണ്ട് പേരെ മക്ക അല്‍നൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മരിച്ച ബിനോജ് പതിമൂന്ന് വര്‍ഷമായി നാദക്ക് കമ്പനിയില്‍ ട്രക്ക് ഡ്രൈവറായി ജോലിചെയ്തു വരികയായിരുന്നു. പിതാവ്: അയ്യപ്പന്‍, മാതാവ്: ദാക്ഷായണി, ഭാര്യ: ഷില്‍ജ, മക്കള്‍: മിലന്ദ് കുമാര്‍, വിഷ്ണു. മക്ക കിങ് അബ്ദുല്‍അസീസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സൗദിയില്‍ തന്നെ ഖബറടക്കുമെന്നാണ് വിവരം.

ദുബായ് ∙ നയതന്ത്ര ബാഗേജിൽ ദുബായിൽ നിന്ന് കേരളത്തിലേയ്ക്കു സ്വർണം കടത്തിയ കേസിലെ പിടികിട്ടാപ്പുള്ളിയായിരുന്ന ഫാസിൽ ഫരീദിനെ തിരിച്ചറിഞ്ഞു. തൃശൂർ കൊടുങ്ങല്ലൂർ മൂന്നുപീടിക സ്വദേശിയാണ് ഇയാൾ. എൻഐഎ റജിസ്റ്റർ ചെയ്ത എഫ്ഐആറിൽ മൂന്നാം പ്രതിയാണ് ഫാസിൽ.

ദുബായിലെ ഖിസൈസിൽ ജിംനേഷ്യം, ആഡംബര വാഹന വർക് ഷോപ് അടക്കമുള്ള സ്ഥാപനങ്ങൾ സ്വന്തമായുള്ള ബിസിനസുകാരനായ ഫാസിൽ, ദുബായ് നഗരപ്രദേശമായ റാഷിദിയ്യയിലാണ് താമസിക്കുന്നത്. ദുബായിലെത്തുന്ന സിനിമക്കാരുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന പ്രതി കോഴിക്കോട്ടെ സ്വർണക്കടത്തുകാരുമായി ബന്ധം പുലർത്തുന്നില്ലെന്നാണ് ഇതുവരെയുള്ള വിവരം.

ഒരു ബോളിവുഡ് താരമാണ് ഫാസിലിന്റെ ജിംനേഷ്യം ഉദ്ഘാടനം ചെയ്തത്. നേരത്തെയും ഫാസിൽ ഫരീദ് ദുബായിൽ നിന്ന് സ്വർണക്കള്ളക്കടത്ത് നടത്തിയിട്ടുണ്ടെന്നാണു സൂചന. കുറഞ്ഞ തോതിൽ സ്വർണം കടത്തി തുടങ്ങിയ ഇയാൾ ഇതാദ്യമായാണ് ഇത്രയും വൻതോതിൽ സ്വർണം കടത്തുന്നതെന്ന് അന്വേഷണസംഘവുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.

തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിന്റെ വിലാസത്തിലാണ് നയതന്ത്ര ബാഗേജിൽ 30 കിലോ സ്വർണം കള്ളക്കടത്ത് നടത്തിയത്. ഇത്രയും വലിയ കള്ളക്കടത്ത് നടത്തിയത് ഇയാൾ ഒറ്റയ്ക്കായിരിക്കില്ലെന്നാണ് കരുതുന്നത്. ഒന്നാം പ്രതി സരിത്തിനെ കഴിഞ്ഞ ദിവസവും ഒളിവിൽ കഴിയുകയായിരുന്ന സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരെ ശനിയാഴ്ചയും എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ഫാസിൽ ഫരീദിനെ കൂടി പിടികൂടുന്നതോടെ കേസിൽ‌ നിർണായക വഴിത്തിരിവ് ഉണ്ടാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

കുവൈത്ത് സിറ്റി∙ കരട് പ്രവാസി ക്വോട്ട ബിൽ ഭരണഘടനാപരമാണെന്ന് ദേശീയ അസംബ്ലിയുടെ നിയമ, നിയമനിർമാണ സമിതി അംഗീകരിച്ചു. ബിൽ അതാത് കമ്മിറ്റിക്ക് കൈമാറേണ്ടതിനാൽ സമഗ്രമായ ഒരു പദ്ധതി തയാറാക്കാനും തീരുമാനിച്ചു.

ഇതുപ്രകാരം വിദേശി ജനസംഖ്യ, സ്വദേശി ജനസംഖ്യക്ക് സമാനമായി പരിമിതപ്പെടുത്തും. ഇതോടെ ഇന്ത്യൻ ജനസംഖ്യ 15 ശതമാനത്തിൽ കൂടാൻ അനുവദിക്കില്ല. ഫലത്തിൽ കുവൈത്തിൽനിന്ന് 8 ലക്ഷത്തോളം ഇന്ത്യക്കാർ ഒഴിവാക്കപ്പെടുമെന്നാണ് കരുതുന്നത്. 14.5 ലക്ഷം ഇന്ത്യക്കാരാണ് ഇവിടെയുള്ളത്.

കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണ്. കോവിഡിന്റെ ആരംഭഘട്ടത്തിൽ രാജ്യത്തെ ഒട്ടേറെ നിയമവിദഗ്ധരും സർക്കാർ ഉന്നതോദ്യോഗസ്ഥരും കുവൈത്തിലെ വർധിച്ച പ്രവാസി സാന്നിധ്യത്തിനെതിരെ ശബ്ദമുയർത്തിയിരുന്നു.

കഴിഞ്ഞ മാസം കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ സബാഹ് രാജ്യത്തെ ആകെ ജനസംഖ്യയിൽനിന്ന് പ്രവാസികളുടെ എണ്ണം 70 ശതമാനത്തിൽനിന്ന് 3 ശതമാനമാക്കാൻ ആഹ്വാനവും ചെയ്യുകയുമുണ്ടായി. കുവൈത്തിലെ നിലവിലെ ജനസംഖ്യ 43 ലക്ഷമാണ്. ഇതിൽ 13 ലക്ഷം സ്വദേശികളും 30 ലക്ഷം വിദേശികളുമാണുള്ളത്.

കുട്ടനാട് സ്വദേശിനിയായ നഴ്‌സ് സൗദിയില്‍ മരിച്ചു. പുളിങ്കുന്ന് പഞ്ചായത്ത് 9–ാം വാര്‍ഡ് പൊള്ളയില്‍ സുരേന്ദ്രന്റെയും ശകുന്തളയുടെയും മകള്‍ പി.എസ്. സുജ (26) ആണു മരിച്ചത്. സൗദിയിലെ അല്‍റാസ ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്തുവരികെയാണ് മരണം സംഭവിച്ചിരിക്കുന്നത്. ജൂണ്‍ 14നു തലവേദനയെ തുടര്‍ന്നു സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ബോധരഹിതയായി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വെന്റിലേറ്ററിലായിരുന്നു.

ചികിത്സയിലിരിക്കെ 2ന് പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്നാണു മരണം സംഭവിച്ചതെന്നാണു ബന്ധുക്കള്‍ക്കു ലഭിച്ച വിവരം. 3 തവണ കോവിഡ് ടെസ്റ്റ് നടത്തിയെങ്കിലും നെഗറ്റീവായിരുന്നു. ഒന്നര വര്‍ഷം മുന്‍പാണു സൗദിയിലെത്തിയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ നടന്നുവരുന്നു. സഹോദരി: മായ റിഗേഷ്.

ലോകത്താകമാനം കോവിഡ് 19 വൈറസ് പടര്‍ന്നുപിടിച്ച് ജീവനുകള്‍ കവര്‍ന്നെടുക്കുകയാണ്. അതിനിടെ മഹാമാരിയെ പിടിച്ചുകെട്ടിയെന്ന അവകാശവാദവുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ഉത്തരകൊറിയ. കോവിഡിനെ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞുവെന്ന് ഭരണാധികാരി കിം ജോങ് ഉന്‍ പറഞ്ഞു.

കോവിഡ് വ്യാപനം തടയാന്‍ കഴിഞ്ഞത് വലിയ സന്തോഷം നല്‍കുന്നുവെന്നും നിര്‍ദേശങ്ങള്‍ ജനങ്ങള്‍ അക്ഷരംപ്രതി അനുസരിച്ചതിനാണ് ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതെന്നും കിം കൂട്ടിച്ചേര്‍ത്തു. ഉത്തര കൊറിയയുടെ ഔദ്യോഗിക മാധ്യമമായ കെസിഎന്‍എയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

കോവിഡിനെ പ്രതിരോധിക്കുന്നതിന് ചേര്‍ന്നു പ്രവര്‍ത്തിച്ച പാര്‍ട്ടി സെന്‍ട്രല്‍ കമ്മിറ്റിയെയും തീരുമാനങ്ങള്‍ അക്ഷരംപ്രതി അനുസരിച്ച ജനങ്ങളെയും കിം അഭിനന്ദിച്ചു. ലോകമെമ്പാടും ആരോഗ്യപ്രതിസന്ധി തുടരുന്നതിനിടെയും മാരകമായ വൈറസിനെ പിടിച്ചുകെട്ടാന്‍ പകര്‍ച്ചവ്യാധി വിരുദ്ധ സാഹചര്യം നിലനിര്‍ത്താന്‍ കിം നിര്‍ദേശിച്ചിരുന്നതായി കെസിഎന്‍എ റിപ്പോര്‍ട്ടില്‍ പറയുന്നു.

അയല്‍രാജ്യങ്ങളില്‍ കോവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യമായതിനാല്‍ കഴിയുന്നത്ര മുന്‍കരുതലെടുക്കണമെന്നും ജാഗ്രത പാലിക്കണമെന്നും കിം നിര്‍ദേശിച്ചു. പകര്‍ച്ചവ്യാധി വിരുദ്ധ തയാറെടുപ്പുകളില്‍ ഇളവുകള്‍ വരുത്തുന്നത് ഒരിക്കലും ചിന്തിക്കാന്‍ കഴിയാത്ത തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കാവും വഴിതെളിക്കുകയെന്നും കിം വ്യക്തമാക്കുന്നു.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

കോവിഡ് മഹാമാരി ലോകമെങ്ങുമുള്ള ജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിച്ചപ്പോൾ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുകൾ അനുഭവിച്ചത് കുട്ടികളാണ്. ജീവിതത്തിലെ ഏറ്റവും ഊർജ്ജസ്വലമായ പ്രായത്തിൽ സ്കൂളിൽ പോയി കളിയും ചിരിയുമായി കൂട്ടുകാരുമൊത്ത് അടിച്ചുപൊളിച്ചു ജീവിക്കേണ്ട സമയത്ത് വീടിനുള്ളിൽ അടച്ചുപൂട്ടി ഇരിക്കേണ്ട ഗതികേടിലാണ് നമ്മുടെ കുട്ടികൾ.
എന്നാൽ യു.എ.ഇയിലെ ഷാർജയിൽ താമസിക്കുന്ന കോട്ടയം പറവൻതുരുത്ത് സ്വദേശികളായ ജോസ് മോൻ കുടിലിലിന്റെയും വീണയുടെയും മകളായ ഹെലൻ കുടിലിൽ ജോസ് ജീവിതത്തിൻെറ ബാലപാഠങ്ങൾ അഭ്യസിക്കുന്ന തിരക്കിലാണ്.

പാചകത്തിൽ താല്പര്യമുള്ള 11 വയസ്സുകാരി ആയ ഹെലന്റ് നിരവധി പാചക വീഡിയോകൾ ആണ് പുറത്തു വരുന്നത്. ഷാർജ ഇന്ത്യൻ സ്കൂളിലെ മികച്ച വിദ്യാർത്ഥികളെ ഒരാളായ ഹെലന്റ് പാചക വീഡിയോകൾ ലോക്ക്ഡൗൺ കാലഘട്ടത്തിൽ കുട്ടികൾക്ക് സമയം എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം, എന്നും ജീവിതപാഠങ്ങൾ അഭ്യസിക്കാമെന്നതിൻെറയും നേർകാഴ്ചകൾ ആവുകയാണ്.


ഷാർജ ഇന്ത്യൻ സ്കൂളിലെ വിദ്യാർത്ഥിയായ അലനും, ഒന്നരവയസുള്ള മിലനും ആണ് ഹെലൻെറ സഹോദരങ്ങൾ. നാട്ടിൻപുറത്തെ അമ്മമാർ പോലും രുചിയുടെ കാര്യത്തിൽ മാറിനിൽക്കുന്ന ഹെലൻെറ ബീഫ് വരട്ടിയതിൻെറ റെസിപ്പി ആണ് ഇന്ന് മലയാളംയുകെ വായനക്കാർക്കായി പരിചയപ്പെടുത്തുന്നത്.

ബീഫ് വരട്ടിയത്.

ചേരുവകൾ:-
ബീഫ് ഒരു കിലോ.
നെയ്യ് മൂന്ന് സ്പൂൺ.
സവാള അരിഞ്ഞത് രണ്ടെണ്ണം.
തക്കാളി അരിഞ്ഞത് 1
പച്ചമുളക് 3 എണ്ണം
ഇഞ്ചി ഒരു ചെറിയ കഷണം
വെളുത്തുള്ളി 5 അല്ലി.
ചെറിയ ഉള്ളി അഞ്ച് എണ്ണം
കറിവേപ്പില രണ്ട് തണ്ട്.
പെരുംജീരകം ഒരു ടീസ്പൂൺ
ഉലുവ ഒരു ടീസ്പൂൺ
മഞ്ഞൾപ്പൊടി അര ടീസ്പൂൺ മുളകുപൊടി രണ്ട് ടീസ്പൂൺ
മല്ലിപ്പൊടി രണ്ട് ടീസ്പൂൺ
ഗരംമസാല ഒരു ടീസ്പൂൺ.
ഉപ്പ്‌ ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം:-

ഈ ബീഫ് വരട്ടിയത് ഉണ്ടാക്കാൻ നമുക്ക് ഒരു മൺകലം ഉപയോഗിക്കാം വാവട്ടമുള്ള ഒരു മൺകലം അടുപ്പിൽ വച്ചതിനുശേഷം അതിനകത്തേക്ക് രണ്ട്‌ സ്പൂൺ നെയ്യൊഴിക്കുക. അതിനകത്തേക്ക് കഴുകി തയ്യാറാക്കി വച്ചിരിക്കുന്ന ബീഫ് ഇടുക. അതിനു മുകളിലേക്ക് മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപ്പൊടി എന്നിവ ഇടുക. ഇതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും കൂടി ചേർക്കുക. തുടർന്ന് പെരിഞ്ചീരകം, ഉലുവ, ഗരംമസാല എന്നിവ കൂടി ചേർക്കുക. ഇതിനു മുകളിൽ തക്കാളി, പച്ചമുളക്, സവാള എന്നിവ ഇടുക. ഉപ്പ് ആവശ്യത്തിന് ചേർത്തതിനുശേഷം അതിനു മുകളിലൂടെ ഒരു സ്പൂൺ നെയ്യും കൂടി ചേർത്ത് ശേഷം അടച്ചു വച്ച് അതിനു മുകളിൽ ഒരു വെയിറ്റ് വെച്ചതിനു ശേഷം ആവിയിൽ വേവിച്ചെടുക്കുക.10 മിനിറ്റിനു ശേഷം ഇത് തുറന്നു നോക്കുക നന്നായിട്ട് തിളച്ചിട്ടുണ്ടാവും.അത് നന്നായി ഇളക്കി മസാലയും ഇറച്ചിയും കൂടി മിക്സ് ചെയ്ത് യോജിപ്പിക്കുക .തുടർന്ന് തീ കുറച്ചു വച്ചതിനു ശേഷം വീണ്ടും അടച്ചുവച്ച് മുകളിൽ വെയിറ്റ്‌ വച്ച് നന്നായി വേവിച്ചെടുക്കുക. ഇതിൽ കടുക് താളിച്ച് ചെറിയ ഉള്ളിയും കറിവേപ്പിലയും വഴറ്റി ഇതിലേക്ക് ഇട്ട് നന്നായി യോജിപ്പിച്ച ശേഷം അടുപ്പിൽ നിന്നും ഇറക്കി വയ്ക്കുക .ബീഫ് വരട്ടിയത് തയ്യാർ.

 

വന്ദേ ഭാരത് മിഷൻ നാലാം ഘട്ടത്തിന്റെ ഭാഗമായി ജൂലൈ 3 നും 15 നും ഇടയിൽ എയർ ഇന്ത്യ 170 വിമാന സർവീസുകൾ നടത്തും. 17 രാജ്യങ്ങളിലേക്കാണ് സർവീസുകൾ. കേരളത്തിലെ നാല് വിമാനത്താവളങ്ങിലേക്കായി എയർ ഇന്ത്യയുടെ 21 വിമാനസർവീസുകളുണ്ടാവും.

ഗൾഫ് രാജ്യങ്ങളിൽ സൗദിയിൽനിന്നു മാത്രമാണ് കേരളത്തിലേക്കുള്ള എയർ ഇന്ത്യയുടെ വിമാന സർവീസ്. റിയാദ്, ജിദ്ദ, ദാമാം എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്ക് വിമാന സർവീസുകളുണ്ടാവും. യുഎസ് അടക്കമുള്ള മറ്റ് രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്ക് എയർ ഇന്ത്യ സർവീസ് നടത്തും.

കേരളത്തിൽ കൊച്ചിയിലേക്കാണ് ഏറ്റവും കൂടുതൽ വിമാന സർവീസുകൾ. 12 വിമാന സർവീസുകളാണ് കൊച്ചിയിലേക്ക്. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്ക് മൂന്ന് വീതം വിമാന സർവീസുകളാണുള്ളത്.

റിയാദ്, ജിദ്ദ, ദാമാം എന്നിവിടങ്ങളിൽ നിന്ന് ഓരോ സർവീസുകളാണ് തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലേക്കുണ്ടാവുക. കൊച്ചിയിലേക്ക് റിയാദിൽ നിന്നും ദമാമിൽ നിന്നും ഓരോ സർവീസുകളുണ്ടാവും. ജിദ്ദയിൽ നിന്ന് സർവീസുകളുണ്ടാവില്ല. ഗൾഫ് ഇതര രാജ്യങ്ങളിൽ നിന്നാണ് കൊച്ചിയിലേക്കുള്ള 10 സർവീസുകൾ. മുംബൈ, ഡെൽഹി വിമാനത്താവളങ്ങൾ വഴിയുള്ള കണക്ഷൻ ഫ്ലൈറ്റുകളാണ് ഇവ. യുഎസിൽ നിന്ന് മൂന്ന് വിമാനങ്ങൾ കൊച്ചിയിലേക്ക് സർവിസ് നടത്തും.

വന്ദേ ഭാരത് നാലാം ഘട്ടത്തിൽ കാനഡ, യുഎസ്, ബ്രിട്ടൺ, കെനിയ, ശ്രീലങ്ക, ഫിലിപ്പീൻസ്, കിർഗിസ്ഥാൻ, സൗദി അറേബ്യ, ബംഗ്ലാദേശ്, തായ്ലൻഡ്, ദക്ഷിണാഫ്രിക്ക, റഷ്യ, ഓസ്‌ട്രേലിയ, മ്യാൻമർ, പ്പാൻ, ഉക്രെയ്ൻ, വിയറ്റ്നാം, എന്നിവിടങ്ങളിൽ നിന്നാണ് രാജ്യത്തെ വിമാനത്താവളങ്ങളിലേക്ക് എയർ ഇന്ത്യ വിമാന സർവീസ് നടത്തുക. ഇതിൽ സൗദിക്കും യുഎസിനും പുറമേ റഷ്യ, കിർഗിസ്താൻ, കാനഡ, ബ്രിട്ടൻ, ഉക്രെയ്ൻ, കെനിയ എന്നീ രാജ്യങ്ങളിൽനിന്നാണ് കൊച്ചിയിലേക്കുള്ള സർവീസുകൾ.

ഇന്ത്യയ്ക്കും സൗദി അറേബ്യയ്ക്കുമിടയിൽ 26 വിമാനങ്ങളാണ് സർവീസ് നടത്തുക. യുഎസ്, ബ്രിട്ടീഷ് വിമാനത്താവളങ്ങളുമായി ബന്ധിപ്പിച്ച് യഥാക്രമം 38 വിമാനങ്ങളും 32 വിമാനങ്ങളും സർവീസ് നടത്തും. മുഴുവൻ വിമാനങ്ങളുടെയും സമയക്രമം എയർ ഇന്ത്യ വെബ്സൈറ്റിൽ ലഭ്യമാണ് (airindia.in/images/pdf/New-format-VBM-Phase-4-updated-27Jun-20-1400-Hrs-converted.pdf).

കേരളത്തിലേക്കുള്ള വിമാനങ്ങൾ
തിരുവനന്തപുരം

ജൂലൈ 04: റിയാദ്- തിരുവനന്തപുരം
ജൂലൈ 08: ജിദ്ദ- തിരുവനന്തപുരം
ജൂലൈ 09: ദമാം- തിരുവനന്തപുരം
കൊച്ചി

ജൂലൈ 03: നെയ്റോബി- മുംബൈ- കൊച്ചി
ജൂലൈ 04: മോസ്കോ- ഡൽഹി- കൊച്ചി
ജൂലൈ 05: ഷികാഗോ- ഡൽഹി- കൊച്ചി
ജൂലൈ 06: ദമാം- കൊച്ചി
ജൂലൈ 08: ന്യൂയോർക്ക്- ഡൽഹി- കൊച്ചി
ജൂലൈ 09: ബിഷ്കക്- ഡൽഹി- കൊച്ചി
ജൂലൈ 09: സാൻ ഫ്രാൻസിസ്കോ- ഡൽഹി- കൊച്ചി
ജൂലൈ 09: വാൻകൂവർ- ഡൽഹി- കൊച്ചി
ജൂലൈ 10: റിയാദ്- കൊച്ചി
ജൂലൈ 10: ലണ്ടൻ- മുംബൈ- കൊച്ചി
ജൂലൈ 12: കിയേവ്- ഡൽഹി- കൊച്ചി
കോഴിക്കോട്

ജൂലൈ 03: റിയാദ്- കോഴിക്കോട്
ജൂലൈ 04: ദമാം- കോഴിക്കോട്
ജൂലൈ 06: ജിദ്ദ- കോഴിക്കോട്
കണ്ണൂർ

ജൂലൈ 03: ദമാം- കണ്ണൂർ
ജൂലൈ 05: ജിദ്ദ- കണ്ണൂർ
ജൂലൈ 07: റിയാദ്- കണ്ണൂർ

ജോയ് അറയ്ക്കല്‍ ജീവനൊടുക്കിയ വാര്‍ത്തയറിഞ്ഞ് അത്ഭുതപ്പെട്ടിരുന്ന മലയാളി ബിസിനസുകാരന്‍ ടി.പി. അജിതും കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തതാണെന്ന് ഷാര്‍ജ പൊലീസ് സ്ഥിരീകരിച്ചു. എന്നാല്‍ ആത്മഹത്യ ചെയ്യാനുണ്ടായ കാരണം കണ്ടെത്താനായില്ല. പോലീസ് അന്വേഷണം തുടരുകയാണ്.

തിങ്കളാഴ്ച രാവിലെയാണ് അജിതിനെ ഷാര്‍ജ അബ്ദുല്‍ നാസര്‍ സ്ട്രീറ്റിലെ ബഹുനില കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 55 വയസ്സായിരുന്നു. കണ്ണൂര്‍ പനങ്കാവ്, ചിറയ്ക്കല്‍ ടിപി ഹൗസില്‍ ടി.പി.അജിത് ദുബായ് മെഡോസിലെ വില്ലയിലാണ് താമസം.

ദുബായില്‍ നിന്ന് ഷാര്‍ജയിലെത്തിയ ഇദ്ദേഹത്തെ ബുഹൈറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെടുന്ന അബ്ദുല്‍ നാസര്‍ സ്ട്രീറ്റിലെ ടവറില്‍ നിന്ന് വീണ് മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. ഉടന്‍ തന്നെ അല്‍ ഖാസിമി ആശുപത്രിയിലേക്കെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പിന്നീട് ഫോറന്‍സിക് ലബോറട്ടറിയിലേയ്ക്ക് മാറ്റി.

കഴിഞ്ഞ 30 വര്‍ഷമായി യുഎഇയിലുള്ള ഇദ്ദേഹം ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌പേസ് സൊലുഷന്‍സ് ഇന്റര്‍നാഷനല്‍ ഗ്രൂപ്പ് ഡയറക്ടറായിരുന്നു. സാമ്പത്തികമായി ഉയര്‍ന്ന നിലയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. സ്‌പേസ് സൊലൂഷന്‍സ് ഇന്റര്‍നാഷനലിന് കീഴില്‍ ഗോഡൗണ്‍, ലോജിസ്റ്റിക്ക്, വര്‍ക്ക് ഷോപ്പ്, കോള്‍ഡ് സ്റ്റോറേജ് സൗകര്യം തുടങ്ങിയ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റായ കേരളാ പ്രിമിയര്‍ ലീഗ് (കെപിഎല്‍-ദുബായ്) ഡയറക്ടറായിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബം ദുബായിലുണ്ട്. ഭാര്യ: ബിന്ദു. മകന്‍ അമര്‍ എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കി അജിതിന്റെ കൂടെ ബിസിനസ് നോക്കിനടത്തുന്നു. മകള്‍ ലക്ഷ്മി വിദ്യാര്‍ഥിയാണ്.

പ്രമുഖ വ്യവസായി ആയിരുന്ന ജോയ് അറയ്ക്കല്‍ ജീവനൊടുക്കിയ വാര്‍ത്തയറിഞ്ഞപ്പോള്‍ അദ്ദേഹം എന്തിന് ഇതു ചെയ്‌തെന്ന് അജിത് അത്ഭുതപ്പെട്ടിരുന്നതായി അദ്ദേഹത്തിന്റെ സുഹൃത്ത് പറയുന്നു. ഒരിക്കലും ജോയ് അതു ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും ഏതു പ്രതിസന്ധികളെയും തരണം ചെയ്യാന്‍ ഒരു ബിസിനസുകാരന്‍ മാനസിക കരുത്ത് നേടണം എന്നുമായിരുന്നു അജിതിന്റെ അഭിപ്രായം. എന്നാല്‍ അറയ്ക്കല്‍ ജോയി പോയ വഴിയ്ക്ക് തന്നെ അജിതും പോയി.

കണ്ണൂര്‍ സ്വദേശി ഷാര്‍ജയില്‍ മരിച്ചു. കണ്ണൂര്‍ ആലക്കോട് സ്വദേശി അബ്ദുല്‍ഖാദറാണ് മരിച്ചത്. ചികിത്സക്ക് നാട്ടില്‍ പോകാന്‍ എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കവെയാണ് മരണം സംഭവിച്ചത്. കടുത്ത വൃക്കരോഗവും അര്‍ബുദവുമുണ്ടായിരുന്നു എന്ന് തിരിച്ചറിഞ്ഞതിന് തൊട്ടുപിന്നാലെ ആയിരുന്നു മരണം.

നടുവേദനയെ തുടര്‍ന്ന് നടക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇദ്ദേഹം നാട്ടിലേക്ക് പോകാന്‍ അപേക്ഷ നല്‍കിയത്. നാട്ടില്‍ നല്ല ചികിത്സ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അബ്ദുല്‍ഖാദര്‍. എന്നാല്‍ അപേക്ഷ നല്‍കി ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായി.

തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് അബ്ദുള്‍ഖാദറിനെ ഷാര്‍ജ അല്‍ഖാസിമിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ വെച്ച് നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന് അര്‍ബുദ രോഗമുണ്ടെന്ന് തിരിച്ചറിഞ്ഞു. തൊട്ടുപിന്നാലെ ഞായറാഴ്ച അദ്ദേഹം മരണത്തിന് കീഴടങ്ങി.

ചികില്‍സക്ക് നാട്ടിലെത്താന്‍ അബ്ദുള്‍ഖാദറും കുടുംബവും പലതരത്തിലും ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. 30 വര്‍ഷമായി യു.എ.ഇയില്‍ കഴിയുന്ന അബ്ദുള്‍ഖാദറിന്റെ മൃതദേഹം ഒടുവില്‍ ഷാര്‍ജയില്‍ തന്നെ ഖബറടക്കാന്‍ ബന്ധുക്കള്‍ തീരുമാനിക്കുകയായിരുന്നു.

തിരുവമ്പാടി ∙ കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന മലയാളി കന്യാസ്ത്രീ മെക്സിക്കോയിൽ മരിച്ചു. പൊന്നാങ്കയം നെടുങ്കൊമ്പിൽ പരേതനായ വർക്കിയുടെ മകൾ സിസ്റ്റർ അഡൽഡയാണ് (ലൂസി – 67) മരിച്ചത്. മദർ തെരേസ സ്ഥാപിച്ച സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി സന്യാസ സഭയിലെ അംഗമായിരുന്ന സിസ്റ്റർ ലൂസി മെക്സിക്കോയിൽ മിഷനറിയായി സേവനം ചെയ്തു വരികയായിരുന്നു.

കോവിഡ് ബാധിച്ച് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്. സഹോദരങ്ങൾ: മേരി ജോസ് കല്ലറയ്ക്കൽ (വാലില്ലാപ്പുഴ), പരേതനായ മാത്യു, പരേതനായ വക്കച്ചൻ (കോടഞ്ചേരി), അച്ചാമ്മ, ജെസി വർഗീസ് മാവേലിൽ (കരുളായി – നിലമ്പൂർ), സൈമൺ, പയസ്.

RECENT POSTS
Copyright © . All rights reserved