Obituary

പ്രവാസി മലയാളി നേഴ്സ് റോമിൽ വച്ച് മരണമടഞ്ഞു . ചിങ്ങവനം സ്വദേശിനിയായ സിമി ജിനോ(41വയസ്സ് ) ആണ് വിട പറഞ്ഞത് . ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു മരണം. റോമിലെ വിയലെ ടിബിയയിലാണ് ജോലി ചെയ്തിരുന്നത് . ശേഖർ കോളേജ് ഓഫ് നേഴ്‌സിംഗിലെ 2001 ബാച്ച് വിദ്യാർത്ഥിയായിരുന്നു. ജിനോയാണ് ഭർത്താവ്.

സിമി ജിനോയുടെ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

പ്രമുഖ ചലച്ചിത്ര പിന്നണി ഗായിക (Playback Singer) സംഗീത സചിത് (Sangeetha Sachith) അന്തരിച്ചു. 46 വയസായിരുന്നു. വൃക്കരോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്ത് സഹോദരിയുടെ വീട്ടിൽ ഞായറാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. ശവസംസ്കാരം വൈകിട്ട് മൂന്നു മണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ നടക്കും. മലയാളം,തമിഴ്,തെലുങ്ക്,കന്നഡ ഭാഷകളിലായി ഇരുനൂറോളം സിനിമകളില്‍ പാടിയ സംഗീത തമിഴില്‍ ‘നാളൈതീര്‍പ്പി’ലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.

എ.ആര്‍.റഹ്മാന്റെ സംഗീതസംവിധാനത്തിന്‍ കീഴില്‍ ‘മിസ്റ്റർ റോമിയോ’യില്‍ പാടിയ ‘തണ്ണീരും കാതലിക്കും’ വലിയ ഹിറ്റായി. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ‘എന്ന് സ്വന്തം ജാനകിക്കുട്ടി’യിലെ ‘അമ്പിളിപൂവട്ടം പൊന്നുരുളി’എന്ന ഗാനമാണ് സംഗീത മലയാളത്തില്‍ ആദ്യമായി പാടിയത്. ‘പഴശ്ശിരാജ’യിലെ ‘ഓടത്തണ്ടില്‍ താളം കൊട്ടും’, ‘രാക്കിളിപ്പാട്ടി’ലെ ‘ധും ധും ധും ദൂരെയേതോ’ ‘കാക്കക്കുയിലി’ലെ ‘ആലാരേ ഗോവിന്ദ’,’അയ്യപ്പനും കോശിയി’ലെ ‘താളം പോയി തപ്പും പോയി’ തുടങ്ങിയവ ശ്രദ്ധേയ ഗാനങ്ങളാണ്. ‘കുരുതി’യിലെ തീം സോങ് ആണ് മലയാളത്തില്‍ ഒടുവിലായി പാടിയത്.

കെ.ബി.സുന്ദരാംബാള്‍ അനശ്വരമാക്കിയ ‘ജ്ഞാനപ്പഴത്തെ പിഴിന്ത്’ അവരുടെ ശബ്ദത്തെ അനുസ്മരിപ്പിക്കും വിധം ആലപിക്കാനുള്ള അപാരമായ സിദ്ധിയും സംഗീതയെ പ്രശസ്തയാക്കി. തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരവിതരണച്ചടങ്ങില്‍ സംഗീത ഈ കീര്‍ത്തനം ആലപിക്കുന്നതിന് സാക്ഷിയായ അന്നത്തെ മുഖ്യമന്ത്രി ജയലളിത വേദിയിലേക്ക് കയറിവന്ന് തന്റെ കഴുത്തിലുണ്ടായിരുന്ന പത്തുപവന്റെ സ്വര്‍ണമാല ഊരി സമ്മാനിച്ചു.

മലയാളത്തിലും തമിഴിലുമായി നൂറിലേറെ ഓഡിയോ കാസറ്റുകള്‍ക്കുവേണ്ടിയും പാടിയിട്ടുണ്ട്. കര്‍ണാടക സംഗീതജ്ഞ എന്ന നിലയിലും പേരെടുത്ത സംഗീത എല്ലാ പ്രമുഖ ഗായകര്‍ക്കുമൊപ്പം വിദേശത്ത് ഗാനമേളകളും അവതരിപ്പിച്ചു. ” അടുക്കളയിൽ പണിയുണ്ട് “എന്ന സിനിമയുടെ സംഗീതസംവിധായകയുമാണ്.

കോട്ടയം നാഗമ്പടം ഈരയില്‍ പരേതനായ വി.ജി.സചിത്തിന്റെയും രാജമ്മയുടെയും മകളായ സംഗീത ചെന്നൈയിലായിരുന്നു സ്ഥിരതാമസം. അപര്‍ണ ഏക മകളാണ്. സഹോദരങ്ങൾ: സ്വപ്ന ശ്യാമപ്രസാദ്, സ്മിത അനിൽ.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഗെയിൻസ്ബറോ: യുകെ മലയാളികളെ കണ്ണീരിലാഴ്ത്തി മറ്റൊരു മരണം. ലിങ്കൺഷയറിലെ ഗെയിൻസ്ബറോയിൽ താമസിക്കുന്ന മലയാളി നേഴ്സാണ് മരണമടഞ്ഞത്. ചെങ്ങന്നൂർ മുളക്കുഴ കോട്ട ശ്രീശൈലം വീട്ടിൽ റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ വേണുഗോപാലിൻ്റെ ഭാര്യ റിട്ട. നേഴ്സിംഗ് സൂപ്രണ്ട് സതി വേണുഗോപാലാണ് അന്തരിച്ചത്. 63 വയസ്സായിരുന്നു.

യുകെയിൽ കഴിഞ്ഞ 17 വർഷമായി ജോലി ചെയ്ത് വരികയായിരുന്നു. ഇന്നലെ രാവിലെ ഹൾ കാസിൽ ഹിൽ ഹോസ്പിറ്റലിൽ വച്ചായിരുന്നു അന്ത്യം. മകൻ വിപിൻ കുമാറിനും ഭാര്യ പാർവ്വതി വിപിനും കൊച്ചുമകൻ അവതീഷിനുമൊപ്പം ഗെയിൻസ്ബറോയിൽ ആണ് താമസിച്ചിരുന്നത്. പരേതനായ വിശാൽ മറ്റൊരു മകനാണ്.

മൃതദേഹം കേരളത്തിലേയ്ക്ക് കൊണ്ടുപോവാനുള്ള തയ്യാറെടുപ്പുകൾ നടന്നുവരികയാണ്. കുടുംബത്തിന് എല്ലാവിധ പിന്തുണയുമായി ഗെയിൻസ്ബറോ മലയാളി സമൂഹം ഒപ്പമുണ്ട്.

സതി വേണുഗോപാലിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

42 വയസ്സ് മാത്രം പ്രായമുള്ള ജെയ്മോൻ പോൾ മരണത്തിനു കീഴടങ്ങിയതിന്റെ ഞെട്ടലിലാണ് യുകെയിലെ മലയാളി സമൂഹം . ക്ഷീണം തോന്നുന്നു എന്ന് ഭാര്യയോട് പറഞ്ഞ് കിടക്കാൻ പോയ ജെയ്മോനെ മരണം തട്ടിയെടുത്തതിന്റെ തേങ്ങലിലാണ് ഭാര്യയും രണ്ടു കുട്ടികളും .

മലയാളി അസോസിയേഷൻ ഓഫ് നോർത്താംപ്ടൻറെ ആദ്യകാല മെമ്പറായ ജെയ്മോൻെറ നിര്യാണം അറിഞ്ഞ് ഓടിയെത്തുകയാണ് സുഹൃത്തുക്കൾ. കേരളത്തിൽ മൂവാറ്റുപുഴ കുന്നേക്കാൽ സ്വദേശിയായ ജെയ്മോൻ 15 വർഷത്തോളമായി യുകെയിലെത്തിയിട്ട് . മരണത്തിൻെറ കാരണത്തെകുറിച്ച് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല . യുകെയിലെ നോർത്താംപ്ടണിൽ താമസിക്കുന്ന ജെയ്മോൻ സെന്റ് മാത്യൂസ് ഹെൽത്ത് കെയറിൽ ഡെപ്യൂട്ടി മാനേജരായി ജോലി ചെയ്തു വരികയായിരുന്നു.

ജെയ്മോൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ ( യു എ ഇ ) പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ അന്തരിച്ചു. 2004മുതല്‍ യു.എ.ഇ പ്രസിഡന്റായിരുന്ന അദ്ദേഹത്തിന്റെ മരണം വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് പ്രസിഡന്‍ഷ്യല്‍ അഫേഴ്‌സ് മന്ത്രാലയം അറിയിച്ചത് 74 വയസായിരുന്നു.

രാഷ്ട്ര പിതാവും പ്രഥമ യു.എ.ഇ പ്രസിഡന്റുമായിരുന്ന ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാന്റെ മരണത്തെ തുടര്‍ന്നാണ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ രണ്ടാമത്തെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

യുണൈറ്റഡ് അറബ് എമിറേറ്റ്സ് സായുധ സേനയുടെ പരമോന്നത കമാന്‍ഡറും സൂപ്രീം പെട്രോളിയം കൗണ്‍സിലിന്റെ ചെയര്‍മാനുമായിരുന്നു.യു എ ഇയില്‍ നാല്‍പ്പത് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്

സ്റ്റോക്ക് ഓൺ ട്രെന്റ്: സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന വേൾഡ് മലയാളി കൗൺസിൽ യുകെ  ട്രെഷറർ ആയ ബാബു തോമസിന്റെയും ഷൈജി പൗലോസിന്റെയും മകളായ മരിയ ബാബു (20) അൽപ്പം മുൻപ് സ്റ്റോക്ക് ഓൺ ട്രെന്റ് റോയൽ ആശുപത്രിൽ വച്ച് മരണമടഞ്ഞു.  കുടുംബം ചാലക്കുടി സ്വദേശികളാണ്.

കഴിഞ്ഞ രണ്ടു ദിവസമായി ചികിത്സയിൽ ആയിരുന്ന മരിയയുടെ ആരോഗ്യനില മോശമായിരുന്നു. പനി ബാധിച്ചാണ് ആശുപത്രിയിൽ എത്തിച്ചതെങ്കിലും പിന്നീട് ന്യൂമോണിയ സ്ഥിരീകരിച്ചിരുന്നു.

അകാലത്തിൽ ഉണ്ടായ മരിയയുടെ വേർപാടിൽ മലയാളം യുകെയുടെ അനുശോചനം ദുഃഖാർത്ഥരായ കുടുംബത്തെയും ബന്ധുക്കളെയും അറിയിക്കുകയും വേദനയിൽ പങ്ക്‌ചേരുകയും ചെയ്യുന്നു.

ഗാനമേളവേദികളിൽ സ്ത്രീശബ്ദം മനോഹരമായി അനുകരിച്ചിരുന്ന ഗായകൻ കൊല്ലം ശരത്ത് (എആർ ശരത്ചന്ദ്രൻ നായർ-52) അന്തരിച്ചു.

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉടനെ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. തിരുവനന്തപുരം സരിഗയിലെ ഗായകനായിരുന്നു.പാടിക്കൊണ്ടിരുന്ന പാട്ട് മുഴുവനാക്കാൻ വിധി അനുവദിക്കാതെയാണ് ശരത്തിനെ കവർന്നത്. കോട്ടയത്ത് അടുത്തബന്ധുവിന്റെ വിവാഹപാർട്ടിക്കിടെ ഗാനമേളയിൽ ആറാമത്തെ പാട്ടുപാടികൊണ്ടിരിക്കവെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.

അടുത്തബന്ധുവിന്റെ അഭ്യർഥനപ്രകാരം ചാന്തുപൊട്ടിലെ ‘ആഴക്കടലിന്റെ….’ എന്ന പാട്ടുപാടിക്കൊണ്ടിരിക്കെ പക്ഷാഘാതംവന്ന് തളർന്നുവീഴുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു.

എസ് ജാനകിയുടെ ശബ്ദം അനുകരിച്ചു പാടുന്നതിലൂടെ പ്രശസ്തനായിരുന്നു ശരത്ത്. കൊല്ലം കുരീപ്പുഴ മണലിൽ ക്ഷേത്രത്തിനുസമീപം വയലഴകത്ത് വടക്കേത്തൊടിയിൽ കുടുംബാംഗമാണ്. അവിവാഹിതനാണ്. അമ്മ: രാജമ്മ. സഹോദരി: കുമാരിദീപ. സംസ്‌കാരം തിങ്കളാഴ്ച മുളങ്കാടകം ശ്മശാനത്തിൽ.

ദുബായ് : ഒരാഴ്ച നീണ്ടുനിന്ന ചെറിയ പെരുന്നാൾ അവധി ദിനങ്ങൾ ആഘോഷിക്കുവാൻ പോയ മലയാളി നേഴ്സും കുടുംബവും അപകടത്തിൽ പെട്ട് മരണമടഞ്ഞു . യുഎഇയുടെ ആരോഗ്യമേഖലയ്ക്ക് വീണ്ടും കറുത്ത ദിനങ്ങൾ സമ്മാനിച്ചു കൊണ്ട് എറണാകുളം സ്വദേശിനിയായ ടിൻ്റു പോൾ (36) ആശുപത്രിയിൽ മരണമടഞ്ഞത് .

അപകടം നടന്ന ഉടൻ തന്നെ റാസൽഖൈമ പോലീസും ആംബുലൻസ് സംഘവും സ്ഥലത്തെത്തുകയും പരിക്കേറ്റവരെ അൽസ് കാർ ഹോസ്പിറ്റലിൽ എത്തിക്കുകയും ചികിത്സയിലിരിക്കെ ടിൻ്റു പോൾ മരണപ്പെടുകയും ആയിരുന്നു.

ഭർത്താവും മൂത്ത കുട്ടിയും ഗുരുതരമായി പരിക്കേറ്റ നിലയിൽ റാസൽഖൈമയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഭർത്താവ് കൃപാ ശങ്കർ , കുട്ടികളായ കൃതിൻ ശങ്കർ (10) ആദിൻ ശങ്കർ (1) കൃപാ ശങ്കറിൻ്റെ മാതാവ് എന്നിവരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. യുഎഇ യിലെ ഏറ്റവും ഉയർന്ന മലനിരകൾ ആയ ജബൽ ജയ്സ് കാണുവാൻ പോകുന്ന വഴി ഓടിച്ചിരുന്ന വാഹനത്തിന് നിയന്ത്രണം നഷ്ടപ്പെടുകയും മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് അപകടം സംഭവിക്കുകയുമായിരുന്നു .

രണ്ട് ദിവസങ്ങൾക്ക് മുൻപ് അബുദാബി ക്ലീവ് ലാൻഡ് ക്ലിനിക്കിൽ RN ആയി ജോലി നോക്കിയിരുന്ന ഷേബാ മേരി തോമസ് (33) കുടുംബവും സഞ്ചരിച്ച വാഹനം ഈദ് അവധി ആഘോഷിക്കാൻ ഒമാനിലെ സലാലയിലേക്ക് പോകുന്ന വഴി അപകടത്തിൽ പെടുകയും ഷേബാ മേരി മരണപ്പെടുകയും ചെയ്തിരുന്നു.

ടിൻ്റു പോളിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

സ്വന്തം ലേഖകൻ

സാലിസ്ബറി : യുകെ മലയാളികൾക്കിടയിലെ സജീവ സാന്നിധ്യവും , മലയാളം യുകെ ന്യൂസ് ഡയറക്‌ടർ ബോർഡ് അംഗവുമായ ബിജു മൂന്നാനപ്പള്ളിയുടെ മാതാവ് അന്നമ്മ തോമസ് ( അമ്മിണി ) ( 81 ) വയസ്സ് , വാദ്ധ്യക്യ സഹജമായ രോഗത്താൽ നാട്ടിൽ വച്ച് നിര്യാതയായി. കോട്ടയം ചോലത്തടം മൂന്നാനപ്പള്ളീൽ തോമസിന്റെ  ( തൊമ്മച്ചൻ ) ഭാര്യയാണ് അന്നമ്മ തോമസ് . കാഞ്ഞിരപ്പള്ളി നീറുവേലിൽ കുടുംബാംഗമാണ് പരേത.  മക്കൾ റെജി , ബിനോയി , ബിജു ( യുകെ ) , റോബിൻസ് ( അബുദാബി ) . മരുമക്കൾ മോളി, ലാലി, രാജി, റ്റിൻസി . ശവസംസ്‌കാരം  തിങ്കളാഴ്ച 09 / 05 / 22  ചോലത്തടം സെന്റ് മേരീസ് പള്ളിയിൽ വച്ച് നടത്തപ്പെടുന്നതായിരിക്കും. മാതാവിന്റെ ശവസംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കുവാനായി ബിജുവും കുടുംബവും ഇന്ന് നാട്ടിലേയ്ക്ക് തിരിക്കും.

ബിജുവിന്റെ മാതാവിന്റെ നിര്യാണത്തിൽ മലയാളം യുകെ ഡയറക്‌ടർ ബോർഡ് അംഗങ്ങളുടെ പ്രത്യേക അനുശോചനം അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യുകെ മലയാളികൾക്കിടയിൽ ഒരു അസ്വാഭിക മരണം കൂടി. ഒറ്റയ്ക്ക് താമസിച്ചിരുന്ന ഏറ്റുമാനൂർ സ്വദേശിയായ ജോണിയെ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. 60 വയസ്സ് പ്രായമുള്ള ഇദ്ദേഹത്തിന് കാര്യമായ ശാരീരിക അസ്വസ്ഥതകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. കഴിഞ്ഞ പത്ത് വർഷത്തിലേറെയായി കേംബ്രിഡ്ജ് കിങ്സ് എന്ന സ്ഥലത്താണ് ഇദ്ദേഹം താമസിച്ചിരുന്നത്. പരേതൻറെ സഹോദരങ്ങളും അടുത്ത ബന്ധുക്കളും നാട്ടിൽ ആയതിനാൽ അടിയന്തര നടപടികള്‍ കുടുംബത്തിന്റെ കൂടി അഭിപ്രായം മാനിച്ചായിരിക്കും.

ഇന്നലെ രാവിലെ കൊച്ചിയിൽ എയർഇന്ത്യ വിമാനത്തിൽ നാട്ടിലെത്താൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന ജോണിയെ സ്വീകരിക്കാനായി വിമാനത്താവളത്തിലെത്തിയ ബന്ധുക്കൾ വിമാനത്തിൽ ജോണി യാത്ര ചെയ്തിട്ടില്ല എന്ന് മനസ്സിലാക്കിയതിനെ തുടർന്നാണ് യുകെയിലെ പോലീസുമായി ബന്ധപ്പെത്. ഈ അന്വേഷണത്തിനൊടുവിലാണ് രണ്ട് ദിവസത്തോളം പഴക്കംചെന്ന രീതിയിലുള്ള മൃതശരീരം പോലീസ് കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് രജിസ്റ്റർ ചെയ്ത പോലീസ് അടിയന്തര നടപടികൾക്കായി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. മറ്റുള്ളവരുമായി അധികം സൗഹൃദവലയം സൃഷ്ടിക്കുന്ന സ്വഭാവക്കാരനല്ലായിരുന്നതിനാൽ ജോണിയുടെ മരണത്തെപ്പറ്റി ആരും അറിഞ്ഞിരുന്നില്ല.

ജോണിയുടെ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

RECENT POSTS
Copyright © . All rights reserved