Social Media

യുദ്ധത്തിന്റെ കെടുതികള്‍ ബാധിക്കുന്നത് എപ്പോഴും താഴെക്കിടയിലുള്ളവരെയാണെന്ന് പറയാറുണ്ട്. യുദ്ധം കഴിയുമ്പോള്‍ നേതാക്കന്മാര്‍ കൈകൊടുത്ത് പിരിയും. എന്നാല്‍ മക്കളെ കാത്തിരിക്കുന്ന അമ്മമാരും മാതാപിതാക്കളെ കാത്തിരിക്കുന്ന കുട്ടികളുമൊക്കെ യുദ്ധത്തിന്റെ ബാക്കി പത്രങ്ങളാകും.

ഇതുവരെ സ്വന്തമാക്കിയതും പ്രിയപ്പെട്ടതുമായ എല്ലാമുപേക്ഷിച്ച് തിരിച്ചിനി എന്ന് എന്നറിയാതെ അഭയാര്‍ഥികളായി മറ്റൊരു രാജ്യത്ത് തുടരേണ്ടി വരിക എന്ന ദൗര്‍ഭാഗ്യകരമായ അവസ്ഥയിലൂടെയാണ് ഉക്രെയ്ന്‍ ജനത കടന്ന് പോകുന്നത്. മക്കളെ പറഞ്ഞയയ്ക്കുന്ന അമ്മമാരും സഹോദരങ്ങളെ പിരിയേണ്ടി വരുന്ന കുട്ടികളുടേതുമൊക്കെയായി അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നുള്ള പല കാഴ്ചകളും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയെ ഈറനണിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ കരഞ്ഞ് കൊണ്ട് അതിര്‍ത്തി കടക്കുന്ന ഒരു ബാലന്റെ ഹൃദയഭേദകമായ വീഡിയോയാണ് കാഴ്ചക്കാരെ കണ്ണീരിലാഴ്ത്തുന്നത്.

ഹൃദയം പൊട്ടി കരയുന്ന കുട്ടി തന്റെ സാധനങ്ങള്‍ ബാഗിലാക്കി വലിച്ചിഴയ്ക്കുന്നതാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് പങ്ക് വച്ച വീഡിയോയിലുള്ളത്. ഉക്രെയ്ന്‍ അതിര്‍ത്തിയിലെ പോളിഷ് ഗ്രാമമായ മെഡിസ്‌കയില്‍ നിന്നുള്ളതാണ് വീഡിയോ. റഷ്യന്‍ അധിനിവേശത്തില്‍ നിന്ന് രക്ഷപെടാന്‍ പോളണ്ടിലേക്ക് പലായനം ചെയ്യുന്ന ഉക്രെയ്‌നിയന്‍കാര്‍ ഈ ഗ്രാമത്തിലൂടെയാണ് സഞ്ചരിക്കുന്നത്.

കുട്ടി തന്നെയാണോ സഞ്ചരിക്കുന്നത് അതോ കൂടെ ആരെങ്കിലുമുണ്ടോ എന്ന് വ്യക്തമല്ല. വലിയൊരു ബാഗും തന്റെ പാവയുമെല്ലാമായാണ് അവന്‍ നടക്കുന്നത്. വഴി നീളെ വിതുമ്പുന്നുമുണ്ട്. കുട്ടിയുടെ അവസ്ഥ കണ്ടിട്ട് സഹിക്കാനാവുന്നില്ല എന്നാണ് വീഡിയോയുടെ താഴെ എല്ലാവരും തന്നെ കമന്റ് ചെയ്യുന്നത്. ചിലര്‍ കുട്ടിയെ അവരുടെ വീടുകളിലേക്ക് കൊണ്ടുവരാമെന്ന് പോലും വാഗ്ദാനം ചെയ്തു. “ചുറ്റുമുള്ള ആളുകള്‍ അവനെ അവഗണിക്കുന്നില്ലെന്നും ഈ കുഞ്ഞ് തനിയെ അല്ല നടക്കുന്നതെന്നും ദയവായി ഒന്ന് പറയൂ. അവനെ എങ്ങനെ എന്റെ വീട്ടിലേക്ക് കൊണ്ട് വരാമെന്ന് ആരെങ്കിലും ഒന്ന് പറഞ്ഞ് തരൂ. തീര്‍ത്തും ഗുരുതരമാണിത്.” ഒരാള്‍ ട്വീറ്റ് ചെയ്തു.

റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് ഇതുവരെ പന്ത്രണ്ട് ലക്ഷത്തിലധികം ആളുകളാണ് ഉക്രെയ്‌നില്‍ നിന്ന് പലായനം ചെയ്തതെന്നാണ് യുഎന്നിന്റെ കണക്കുകള്‍. ഭൂരിഭാഗം ആളുകളും പോളണ്ടിലാണ് അഭയം പ്രാപിച്ചിരിക്കുന്നത്. ഏകദേശം പന്ത്രണ്ട് ലക്ഷത്തോളം ഉക്രെയ്ന്‍ പൗരന്മാരാണ് പോളണ്ടിലുള്ളത്.

 

അധികൃതരുടെ കണ്ണ് വെട്ടിച്ച് വിമാനത്തില്‍ ഒളിച്ചുകടന്ന് ഒന്‍പത് വയസ്സുകാരന്‍
യാത്ര ചെയ്തത് 2,700 കിലോമീറ്റര്‍ ദൂരം. ബ്രസീല്‍ സ്വദേശിയായ ഇമ്മാനുവല്‍ മാര്‍ക്വെസ് ഡി ഒലിവേരയാണ് ആ വിരുതന്‍. ഇത്രയും ദൂരം ഒരു കുഞ്ഞുബാലന്‍ എങ്ങനെ യാത്ര ചെയ്തു എന്നുള്ളത് കൗതുകം തന്നെയാണ്.

ബ്രസീലിലെ മനൗസിലെ വീട്ടില്‍ നിന്ന് ഓടിപ്പോയ കുട്ടി ഗ്രേറ്റര്‍ സാവോപോളോയിലേക്കാണ് ഒളിച്ചുകടന്നത്. ലാതം എയര്‍ലൈന്‍സ് വിമാനത്തില്‍ കയറിയാണ് കുഞ്ഞു ഇമ്മാനുവല്‍ യാത്ര ചെയ്തത്. എങ്ങനെ ആരുടെയും കണ്ണില്‍ പെടാതെ യാത്ര ചെയ്യാമെന്ന് ഗൂഗിളില്‍ നോക്കിയതിന് ശേഷമാണ് ഇമ്മാനുവല്‍ യാത്ര ആരംഭിച്ചത്.

വിമാനത്തില്‍ കയറുന്നത് വരെ കുട്ടി ആരുടെയും ശ്രദ്ധയില്‍ പെട്ടില്ലായിരുന്നു. വിമാനത്താവളത്തിലെ എല്ലാ സുരക്ഷാ സംവിധാനങ്ങളും മറികടന്നാണ് ഇമ്മാനുവല്‍ യാത്ര ചെയ്തിരിക്കുന്നത്. എന്നാല്‍ യാത്ര ആരംഭിച്ചതിന് ശേഷമാണ് ഒപ്പം ആരുമില്ലാത്ത പ്രായപൂര്‍ത്തിയാകാത്ത കുട്ടി ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഉടന്‍ തന്നെ പോലീസിനെയും ഗാര്‍ഡിയന്‍ഷിപ്പ് കൗണ്‍സിലിനെയും വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെക്കുറിച്ചുള്ള അന്വേഷണവും ആരംഭിച്ചു.

അതേസമയം, കുട്ടിയുടെ വീട്ടിലും മകനെ കാണാതായതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. രാത്രി പത്തുമണിയോടെയാണ് കുട്ടിയെ കുറിച്ചുള്ള വിവരങ്ങള്‍ അറിയുന്നത്. എയര്‍പോര്‍ട്ട് അഡ്മിനിസ്ട്രേറ്റര്‍ക്കും എയര്‍ലൈന്‍സിനും എതിരെ കേസ് ഫയല്‍ ചെയ്യുമെന്നുമാണ് കുട്ടിയുടെ അമ്മ പ്രതികരിച്ചത്. മകന്‍ യാതൊരു രേഖകളുമില്ലാതെ എങ്ങനെ ഇത്രയും ദൂരം യാത്ര ചെയ്തതെന്നും കുട്ടിയുടെ അമ്മ ചോദ്യം ചെയ്തു. വിമാനത്താവള അധികൃതരും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കുട്ടിയുടെ വീട്ടിലെ ചുറ്റുപാടിനെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. കുട്ടി ഏതെങ്കിലും തരത്തില്‍ ഗാര്‍ഹിക പീഡനം നേരിടുന്നുണ്ടോ എന്ന തരത്തിലും അന്വേഷണം നടന്നിരുന്നു. എന്നാല്‍ മറ്റ് ബന്ധുക്കളോടൊപ്പം സാവോപോളോയില്‍ താമസിക്കാനുള്ള ആഗ്രഹമാണ് കുട്ടിയെ ഇത്രയും ദൂരം യാത്രയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍.

മഴയ്ക്കൊപ്പം പെയ്തിറങ്ങിയ ഒരു വിചിത്ര ജീവിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. തുമ്പിക്കൈ പോലെ നീണ്ട അവയവവും ചാരനിറവുമുള്ള വിചിത്ര ജീവിയുടെ വിഡിയോയാണ് പ്രചരിക്കുന്നത്. ഓസ്ട്രേലിയയുടെ കിഴക്കൻ തീരത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഴപ്പെയ്ത്തായിരുന്നു. ഇവിടുത്തെ പല പ്രദേശങ്ങളും കടുത്ത വെള്ളപ്പൊക്കത്തിന്റെ പിടിയിലാണ്.

സിഡ്നിയിലാണ് തകർത്തു പെയ്യുന്ന മഴയ്ക്കൊപ്പം വിചിത്ര ജീവിയും പെയ്തിറങ്ങിയത്. ഫെബ്രുവരി 28ന് പ്രഭാത സവാരിക്കിറങ്ങിയ പ്രദേശവാസിയായ ഹാരി ഹായസ് എന്ന യുവാവാണ് ഈ വിചിത്ര ജീവിയെ ആദ്യം കണ്ടത്. ഒറ്റ നോട്ടത്തിൽ തന്നെ അന്യഗ്രഹജീവിയാണെന്ന് തോന്നിപ്പിക്കുന്ന രൂപമായിരുന്നു ജീവിയുടേത്.

ഉടൻതന്നെ ഹാരി ഇതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തി. ഏതെങ്കിലും ജീവികളുടെ ഭ്രൂണമാകാം ഇതെന്നും ഹാരി സംശയം പ്രകടിപ്പിച്ചു. എടുത്ത ദൃശ്യം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു. ജന്തുശാസ്ത്ര ഗവേഷകയായ എല്ലിയും ദൃശ്യം കണ്ടിരുന്നു. എന്നാൽ ഇവർക്കും ഈ ജീവി ഏതാണെന്ന് തിരിച്ചറിയാനായില്ല. ന്യൂ സൗത്ത് വെയ്ൽസ് സർവകലാശാലയും ജീവിയെക്കുറിച്ച് കൃത്യമായ വിശദീകരണങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

 

 

View this post on Instagram

 

A post shared by @_harryhayes

ശാസ്ത്രലോകത്ത് തുടര്‍ച്ചയായ പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന വിഷയങ്ങളാണ് മരണവും മരണാനന്തര ജീവിതവുമെല്ലാം. മരണസമയത്ത് മനുഷ്യരില്‍ യഥാര്‍ഥത്തില്‍ സംഭവിക്കുന്നതെന്ത് എന്നതിനെപ്പറ്റി അവിടെയും ഇവിടെയും തൊടാതെ ഒരുപാട് പഠനറിപ്പോര്‍ട്ടുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും കൃത്യമായ ഉത്തരം ഇനിയും നമുക്ക് ലഭിച്ചിട്ടില്ല എന്നതാണ് വാസ്തവം. എന്നാല്‍ മരണം എന്നാലെന്താണെന്നും മരണത്തിന് ശേഷം എന്തെന്നുമുള്ള ഉത്തരത്തിലേക്ക് നാം എത്തിക്കൊണ്ടിരിക്കുന്നു എന്ന സൂചന തരുന്ന ചില കണ്ടുപിടിത്തങ്ങളും ശാസ്ത്രം നടത്തിയിട്ടുണ്ട്. അത്തരത്തിലൊരു വാര്‍ത്തയാണ് പുതുതായി എത്തിയിരിക്കുന്നത്.

മരണസമയത്ത് മസ്തിഷ്‌കത്തിലുണ്ടാകുന്ന സംഭവവികാസങ്ങള്‍ രേഖപ്പെടുത്തിയ ഒരു പഠനത്തില്‍ മരണസമയത്ത് നമ്മുടെ ജീവിതത്തില്‍ അതുവരെ നടന്ന പ്രധാന സംഭവങ്ങളെല്ലാം മനസ്സില്‍ മിന്നിമറയുമെന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. 87 വയസ്സുള്ളയാളില്‍ നടത്തിയ പഠനത്തിലാണ് സുപ്രധാന കണ്ടുപിടിത്തം.

അപസ്മാരം ബാധിച്ച ഇദ്ദേഹത്തിന്റെ തലച്ചോറിനെ ഇലക്ട്രോ എന്‍സെഫലോഗ്രാഫി ഉപയോഗിച്ച് ചികിത്സിക്കാന്‍ ശ്രമിക്കുകയായിരുന്നു ഡോക്ടര്‍മാര്‍.എന്നാല്‍ ഈ റെക്കോര്‍ഡിംഗുകള്‍ക്കിടയില്‍ പ്രതീക്ഷിക്കാതെ രോഗി ഹൃദയാഘാതം വന്ന് മരണപ്പെട്ടു. ഇതോടെ മരണത്തിന് മുമ്പായി അദ്ദേഹം കടന്നുപോയ നിമിഷങ്ങളെ രേഖപ്പെടുത്താന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചു. മരിക്കുന്നതിന് തൊട്ട് മുമ്പ് ആ മനുഷ്യനില്‍ കണ്ടെത്തിയ മസ്തിഷ്‌ക തരംഗങ്ങള്‍ ശാസ്ത്രജ്ഞര്‍ പഠനത്തിന് വിധേയമാക്കി. ഇതാദ്യമായാണ് മരണസമയത്തെ തലച്ചോറിന്റെ പ്രവര്‍ത്തനം റെക്കോര്‍ഡ് ചെയ്യപ്പെടുന്നത്. മനുഷ്യര്‍ സ്വപ്‌നം കാണുമ്പോഴോ ഓര്‍മകള്‍ അയവിറക്കുമ്പോഴോ ഉണ്ടാകുന്ന അതേ മാറ്റങ്ങള്‍ തന്നെയാണ് ഈ തരംഗങ്ങളിലും രേഖപ്പെടുത്തിയതെന്നാണ് അവര്‍ കണ്ടെത്തിയത്.

മരണസമയത്തെ 900 സെക്കന്‍ഡ് നേരത്തെ മസ്തിഷ്‌ക പ്രവര്‍ത്തനമാണ് ശാസ്ത്രജ്ഞര്‍ അളന്നത്. ഹൃദയമിടിപ്പ് നിലച്ചതിന് ശേഷമുള്ള 30 സെക്കന്‍ഡും പഠനവിധേയമാക്കി. ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ചതിന് ശേഷവും അതിന് തൊട്ട് മുമ്പും മസ്തിഷ്‌ക പ്രവര്‍ത്തനങ്ങളില്‍ മാറ്റം കണ്ടുവെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.

“രോഗിയുടെ ഹൃദയം മസ്തിഷ്‌കത്തിലേക്ക് രക്തം പമ്പ് ചെയ്യുന്നത് നിര്‍ത്തുന്നതിന് മുമ്പുള്ള 30 സെക്കന്‍ഡുകള്‍, സ്വപ്‌നം കാണുമ്പോഴോ അല്ലെങ്കില്‍ ഓര്‍മകള്‍ അയവിറക്കുമ്പോഴോ ഉണ്ടാകുന്ന അതേ മസ്തിഷ്‌ക തരംഗങ്ങളുടെ പാറ്റേണ്‍ ആണ് കാണിച്ചത്. ഇത് ഒരുപക്ഷേ അയാളുടെ ജീവിതാനുഭവങ്ങളുടെ അവസാന ഓര്‍മപ്പെടുത്തലാകാം. മരിക്കുന്നതിന് മുമ്പുള്ള അവസാന നിമിഷങ്ങളില്‍ ഈ ഓര്‍മകള്‍ നമ്മുടെ തലച്ചോറിലൂടെ വീണ്ടും പ്ലേ ചെയ്യുന്നു” പഠനത്തിന് നേതൃത്വം നല്‍കിയ യുഎസിലെ ലൂയിവില്ലെ യൂണിവേഴ്‌സിറ്റിയിലെ ഡോ.അജ്മല്‍ സെമ്മര്‍ പറഞ്ഞു.

ജീവിതത്തില്‍ നടന്ന സംഭവങ്ങളെ, പ്രിയപ്പെട്ടവരെ ആവാം ഒരു വ്യക്തി അയാളുടെ ജീവിതത്തിന്റെ അവസാന നിമിഷങ്ങളില്‍ ചിലപ്പോള്‍ ഓര്‍ക്കുക എന്നാണ് പഠനം പറഞ്ഞു വയ്ക്കുന്നത്. ഒരു തിരശീലയില്‍ എന്ന പോലെ ആ ഓര്‍മകള്‍ അയാളുടെ മനസ്സിലൂടെ മിന്നി മറയുന്നു. ഇതില്‍ കൂടുതല്‍ ആശ്ചര്യകരമായ കാര്യം, മരണത്തിന്റെ അവസാന നിമിഷങ്ങളിലും, അതിനുശേഷവും നമ്മുടെ മസ്തിഷ്‌കം സജീവമായി നിലകൊള്ളാമെന്നതാണ്. അതുകൊണ്ട് തന്നെ ഹൃദയമിടിപ്പ് നിലക്കുമ്പോഴോ, തലച്ചോറിന്റെ പ്രവര്‍ത്തനം നിലക്കുമ്പോഴോ ഒരു വ്യക്തി മരിക്കുന്നത്? എന്ന പ്രസക്തമായ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ഈ പഠനത്തിന് കഴിഞ്ഞിട്ടില്ല.

 

മലേഷ്യൻ എയർലൈൻസിന്റെ എംഎച്ച് 370 വിമാനം കാണാതായത് പിന്നിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ . വിമാനം കാണാതായതിന് പിന്നിൽ പൈലറ്റിന്റെ ആത്മഹത്യ ശ്രമമാണെന്നും കൂടാതെ കൊലപാതക ഗൂഢാലോചനയുമാണെന്ന് ഉന്നത ഏവിയേഷൻ ചീഫ് ഫ്ളൈറ്റ് സേഫ്റ്റി ഓഫീസറും റിട്ടയേർഡ് പൈലറ്റുമായ ജോൺ കോക്സ് പറഞ്ഞു. യു.കെയിൽ പ്രവർത്തിക്കുന്ന സ്കൈ ന്യൂസ് എന്ന മാധ്യമത്തിൽ വന്ന എംഎച്ച് 370 എന്ന ഡോക്യുമെന്ററിയിലാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

വിമാനം കാണാതായതിന് പിന്നിൽ പല തരത്തിലുള്ള ദുരൂഹത നിലനിൽക്കുന്നുണ്ടെന്നും വിമാന പാതയെ കുറിച്ച് വിദഗ്ദ്ധമായ അറിവും കഴിവുമുള്ള ഒരാൾക്ക് മാത്രമേ വിമാന പാതയിലൂടെ സഞ്ചരിക്കാൻ കഴിയൂ എന്നും വിമാന പാത തെറ്റായ ദിശയിലേക്ക് പോകാനുള്ളതിന്റെ ഉത്തരവാദി പൈലറ്റും ഫസ്റ്റ് ഓഫീസറുമാണെന്നും ഇക്കാരണങ്ങൾ കൊണ്ട് ഇവരെ സംശയിക്കാൻ കാരണമായി എന്നും ജോൺ കോക്സ് പറഞ്ഞു. ഇതേ ഡോക്യുനെന്ററിയിൽ കനേഡിയൻ ഏവിയേഷൻ ക്രാഷ് ഇൻവെസ്റ്റിഗേറ്ററായ ലാറി വാൻസിന്റെ അഭിപ്രായത്തിൽ ഇതിന് പിന്നിലുള്ളത് ഒരു ക്രിമിനൽ പ്രവൃത്തിയാണെന്നും വിമാനം മനഃപൂർവം ഉപേക്ഷിച്ചതാണെന്നുമാണ്.

2014 മാർച്ച് എട്ടിന് 239 പേരുമായി ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിലൂടെ സഞ്ചരിച്ച മലേഷ്യൻ എയർലൈൻസ് വിമാനം പെട്ടന്ന് കാണാതാവുകയായിരുന്നു. വിമാനത്തിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള സംശയങ്ങളാണ് പലരും ഉന്നയിച്ചിരുന്നത്. മെക്കാനിക്കൽ തകാറു മൂലമാണെന്നും സമുദ്രത്തിലേക്ക് പതിച്ചതാണെന്നും തുടങ്ങിയ അഭ്യൂഹങ്ങളും ഉണ്ടായിരുന്നു. എന്നാൽ യാത്രാ വിമാനം തകർന്നതിന്റെ കാരണം വ്യോമയാനത്തിന്റെ ഏറ്റവും വലിയ രഹസ്യങ്ങളിലൊന്നായി ഇപ്പോഴും തുടരുന്നു എന്നാണ് വാർത്താമാധ്യമങ്ങൾ പറയുന്നത്. ഈ സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള പുതിയ വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്.

ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉത്തര്‍പ്രദേശില്‍ പറന്നിറങ്ങുന്ന വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. യുപിയില്‍ വികസനം ഉയര്‍ത്തിക്കാട്ടി വോട്ട് പിടിക്കുന്ന ബിജെപിയെ പ്രതിരോധത്തിലാക്കുകയാണ് ഈ വീഡിയോ. കാറ്റടിച്ചാല്‍ പൊളിഞ്ഞുവീഴുന്നതാണ് യോഗിയുടെ വികസനമെന്നാണ് പ്രധാന ആരോപണം.

വിമര്‍ശനത്തിന് ഇടയാക്കിയ വീഡിയോയിലെ ഉള്ളടക്കം ഇങ്ങനെ. ബിജെപി ദേശീയ പ്രസിഡന്റ് ജെപി നദ്ദ ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയില്‍ ഹെലിക്കോപ്റ്ററില്‍ എത്തുകയായിരുന്നു. പറന്നിറങ്ങുന്ന ഹെലിക്കോപ്റ്ററിന്റെ ശക്തമായ കാറ്റടിച്ച് ഇവിടുത്തെ ഒരു ഇന്റര്‍മീഡിയേറ്റ് കോളേജിന്റെ മതില്‍ തകര്‍ന്നു വീഴുകയായിരുന്നു.

ബല്ലിയ ജില്ലയിലെ ഫേഫ്‌ന നിയമസഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഉപേന്ദ്ര തിവാരിയുടെ പ്രചാരണത്തിനായി ആയിരുന്നു നദ്ദ എത്തിയത്. ഇവിടുത്തെ രത്സാര്‍ ഇന്റര്‍ കോളേജ് ഗ്രൗണ്ടിലായിരുന്നു നദ്ദയുടെ ഹെലിക്കോപ്റ്റര്‍ ഇറങ്ങാന്‍ ഹെലിപ്പാഡ് തയ്യാറാക്കിയിരുന്നത്. താഴ്ന്നിറങ്ങുന്ന ഹെലിക്കോപ്റ്ററില്‍ നിന്നും ശക്തമായുള്ള കാറ്റടിച്ച് കോളേജ് മതില്‍ തകര്‍ന്നു വീഴുകയായിരുന്നു.

സ്വരൂപിച്ച് കൂട്ടിയ നാണയങ്ങളുമായി സ്വന്തം സ്‌കൂട്ടറെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കി യുവാവ്. ചാക്കിലാക്കി കെട്ടികൊണ്ടു വന്ന നാണയങ്ങളുമായി ഷോറൂമിലെത്തിയാണ്
ഇരുചക്രവാഹനമെന്ന സ്വപ്‌നം ഈ യുവാവ് സാക്ഷാത്കരിച്ചിരിക്കുന്നത്.

ആസാമിലെ സ്‌റ്റേഷനറി ജീവനക്കാരനാണ് തന്റെ കുഞ്ഞു സമ്പാദ്യത്തില്‍ നിന്നും മിച്ചം പിടിച്ച് സ്വന്തം വാഹനം യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്. യൂട്യൂബര്‍ ഹിരക് ജി ദാസ് എന്നയാളാണ് സംഭവം തന്റെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെ പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം മാതൃകയായി ഈ വീഡിയോ സൈബര്‍ ലോകത്ത് വൈറലായിരിക്കുകയാണ്.

ചാക്കിലാക്കി കെട്ടികൊണ്ടു വന്ന നാണയങ്ങള്‍ അഞ്ച് കുട്ടകളിലായി നിറച്ചിരിക്കുകയാണ്. ഷോറൂമിലെ സ്റ്റാഫുകള്‍ നാണയങ്ങള്‍ എല്ലാം എണ്ണി തിട്ടപ്പെടുത്തിയ ശേഷം
കൃത്യം തുകയുണ്ടെന്ന് ബോധ്യമായി വാഹനം വാങ്ങുന്നതിനായുള്ള മറ്റ് നടപടികള്‍ കൈക്കൊണ്ടു. ഒടുവില്‍ യുവാവ് സ്‌ക്കൂട്ടറെന്ന സ്വപ്നം നേടി.

യുവാവിന്റെ ഏഴ്-എട്ട് മാസങ്ങളായുള്ള പരിശ്രമമാണിതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തിന്റെ വിഡിയോ ഇപ്പോള്‍ വൈറലായതോടെ യുവാവിന് പിന്തുണയും ഏറുകയാണ്.

പുത്തന്‍ സ്‌ക്കൂട്ടറുമായുള്ള യുവാവിന്റെ ചിത്രവും പുറത്തുവന്നു. യുവാവിന്റെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവന്നിട്ടില്ല. എന്നിരുന്നാലും സ്വപ്നങ്ങള്‍ തേടിയുള്ള പലരുടെയും യാത്രയില്‍ ഈ യുവാവ് മാതൃകയാകുന്നെന്നാണ് സോഷ്യല്‍ ലോകം അഭിപ്രായപ്പെടുന്നത്.

പോർഷെ, ഒൗഡി, ലംബോർഗിനി തുടങ്ങിയവയുടെ ആഡംബര കാറുകളടക്കം അയ്യായിരത്തോളം വാഹനങ്ങൾ കയറ്റിയ ചരക്കുകപ്പലിന് തീപിടിച്ചു. അറ്റ്‌ലാന്റിക് സമുദ്രത്തിലെ അസോറസ് ദ്വീപിനു സമീപമാണ് ഫെലിസിറ്റി ഏസ് എന്ന പനാമ കാർഗോ കപ്പലിന് തീപീടിച്ചത്. 22 ഓളം ജീവനക്കാരെ പോർച്ചുഗീസ് നാവികസേനയും വ്യോമസേനയും ചേർന്ന് കരയിലെത്തിച്ചു. ഇവരെ സമീപത്തെ ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

കപ്പലിൽ ഫോക്സ് വാഗണിന്റെ 3,965 വാഹനങ്ങൾ ഉണ്ടായിരുന്നതായി ഫോക്സ്‌വാഗൺ യുഎസ് അറിയിച്ചു. പോർഷെയുടെ 1,100 കാറുകളാണ് ഉണ്ടായിരുന്നത്. അപകടത്തെ തുടർന്ന്, ബുക്ക് ചെയ്തിട്ടുള്ള ഉപഭോക്താക്കൾക്ക് വാഹനം ലഭിക്കാൻ വൈകുമെന്ന് വാഹന നിർമാതാക്കൾ അറിയിച്ചു.

ആദ്യമായല്ല ആഡംബര വാഹനങ്ങളടങ്ങിയ കപ്പലിന് തീപിടിക്കുന്നത്. 2019ൽ ഗ്രാൻഡെ അമേരിക്കയിൽ സമാനമായ സംഭവം നടന്നിരുന്നു. അന്ന് ഔഡി, പോർഷെ തുടങ്ങിയ 2000 ത്തോളം ആഡംബര വാഹനങ്ങളാണ് കപ്പലിൽ ഉണ്ടായിരുന്നത്.

ഓർഡർ ചെയ്ത പൂക്കൾ പൂക്കള്‍ പറഞ്ഞ സമയം വിരിഞ്ഞില്ലെന്ന പേരിൽ നിരവധി തോട്ടക്കാരെ ഉത്തര കൊറിയൻ ഭരണാധികാരി കിം തടവിലാക്കി എന്ന് റിപ്പോർട്ടുകൾ. രാജ്യത്തെ വടക്കന്‍ റിയാംഗംഗ് പ്രവിശ്യയിലെ സാംസു കൗണ്ടിയില്‍ നിന്നുള്ള ഫാം മാനേജരായ ഹാന്‍ എന്നയാളെയും കിം ആറ് മാസത്തേക്ക് ജയിലിലടച്ചു. ഇതോടൊപ്പം മറ്റൊരു ഫാം ഗാര്‍ഡനറായ 40 കാരനായ ചോയെയും ലേബര്‍ ക്യാമ്പില്‍ മൂന്ന് മാസം തടവിന് ശിക്ഷിച്ചു. ഗ്രീന്‍ ഹൗസ് ബോയിലറുകളുടെ ഊഷ്മാവ് കൃത്യമായി സജ്ജീകരിച്ചിരുന്നില്ലെന്നാണ് ഇയാള്‍ക്കെിരായ ആരോപണം.

കിമ്മിന്റെ പിതാവിന്റെ ജന്‍മവാര്‍ഷികദിനമായ ഫെബ്രുവരി 16 ലെ ആവശ്യത്തിന് വേണ്ടിയാണ് പൂക്കള്‍ ഓര്‍ഡര്‍ ചെയ്തിരുന്നത്. ആ തിയതിക്ക് മുൻപായി അവ വിരിയുമെന്നായിരുന്നു തോട്ടക്കാർ ഉറപ്പ് പറഞ്ഞത് . പക്ഷെ പൂക്കള്‍ പറഞ്ഞ സമയത്ത് വിരിഞ്ഞില്ല. ഇതിനെ തുടർന്നാണ് കിം ഇവരെ ലേബര്‍ ക്യാമ്പിലേക്ക് അയച്ചത് എന്നാണ് ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

തിളങ്ങുന്ന നക്ഷത്ര ദിനം എന്നാണ് ഉത്തരകൊറിയയില്‍ പിതാവിന്റെ ജന്മദിനം അറിയപ്പെടുന്നത്. ആനി ദിവസം ഉത്തര കൊറിയന്‍ നഗരങ്ങളിലെ തെരുവുകള്‍ മുഴുവന്‍ കിംജോംഗിലിയ എന്ന് വിളിക്കപ്പെടുന്ന ചുവന്ന പൂക്കള്‍ കൊണ്ട് അലങ്കരിക്കുന്ന പതിവുണ്ട്. 1988-ല്‍ കിം ജോങ് ഇല്ലിന്റെ ജന്മദിനം പ്രമാണിച്ച് ജാപ്പനീസ് സസ്യശാസ്ത്രജ്ഞനായ കാമോ മോട്ടോട്ടെരു ഉണ്ടാക്കിയെടുത്തതാണ് ‘അനശ്വര പുഷ്പം’ എന്നും അറിയപ്പെടുന്ന കിംജോംഗിലിയാസ്.

മലേഷ്യയിലെ ക്വലാലംപുരില്‍നിന്ന് തവൗവിലേക്കുള്ള വിമാനത്തിലാണ് കഴിഞ്ഞ വ്യാഴാഴ്ച പാമ്പിനെ കണ്ടെത്തിയത്. വിമാനത്തിനുള്ളിലെ പാമ്പിന്റെ ദൃശ്യങ്ങള്‍ യാത്രക്കാര്‍ പകര്‍ത്തുകയും സാമൂഹ്യമാധ്യമങ്ങളില്‍ ഇത് പ്രചരിക്കുകയും ചെയ്തിട്ടുണ്ട്. വിമാനത്തില്‍ മുകള്‍ഭാഗത്ത് ലഗ്ഗേജുകള്‍ വെക്കുന്നതിന് ഉള്ളിലായിരുന്നു പാമ്പ്. സുതാര്യമായ ഒരു ഭാഗത്തുകൂടിയാണ് ഉള്ളിലുള്ള പാമ്പിനെ യാത്രക്കാര്‍ കണ്ടത്. ‘സ്‌നേക്‌സ് ഓണ്‍ എ പ്ലെയ്ന്‍’ എന്ന ഹോളിവുഡ് സിനിമയെ അനുസ്മരിപ്പിക്കുന്ന വിദമായിരുന്നു സംഭവം.

വിമാനത്തില്‍ പാമ്പുണ്ടെന്നറിഞ്ഞ് യാത്രക്കാര്‍ പരിഭ്രാന്തരായി. അടിയന്തര സാഹചര്യം പരിഗണിച്ച് പൈലറ്റ് വിമാനം വഴിതിരിച്ചുവിടുകയും കുച്ചിങ് വിമാനത്താവളത്തില്‍ ഇറക്കുകയും ചെയ്തു. തുടര്‍ന്ന് ഇവിടെവെച്ച് ജീവനക്കാര്‍ വിമാനം പരിശോധിക്കുകയും പാമ്പിനെ പിടികൂടുകയും ചെയ്തു. അതിനുശേഷം വിമാനം തവൗവിലേക്കുള്ള യാത്ര തുടര്‍ന്നു. യാത്രക്കാരില്‍ ആര്‍ക്കും പാമ്പ് മൂലം അപായമൊന്നും സംഭവിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

പാമ്പ് എങ്ങനെയാണ് വിമാനത്തില്‍ കയറിക്കൂടിയതെന്ന് വ്യക്തമല്ല. ബാഗുകളില്‍ കയറിപ്പറ്റിയ പാമ്പ് വിമാനത്തിനുള്ളില്‍ എത്തിയതാകാമെന്നാണ് നിഗമനം. എന്നാല്‍ യാത്രക്കാരില്‍ ആരെങ്കിലും രഹസ്യമായി ബാഗിനുള്ളില്‍ ഒളിപ്പിച്ച് പാമ്പിനെ കടത്താന്‍ ശ്രമിച്ചതാകാമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. ഏതായാലും, പുറത്തുവന്നിരിക്കുന്ന പാമ്പിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്.

RECENT POSTS
Copyright © . All rights reserved