Specials
കാരൂർ സോമൻ 
 
തിരകള്‍ക്കപ്പുറം

സിസ്റ്റര്‍ കാര്‍മേലിന്‍െറ ഹൃദയം വല്ലാതെ മിടിക്കാന്‍ തുടങ്ങി. തന്റെ പിതാവിന്റെ വീട്ടുപേരും ഇതുതന്നെയാണെല്ലോ? മുഖഭാവം മാറിവന്നു. മനസ്സ് പിതാവിന്റെ ഓര്‍മ്മയില്‍ മുഴുകി. ജാക്കിയെ ശ്രദ്ധയോടെ നോക്കി. ഇവന്‍ താമരക്കുളത്തുകാരനാണോ?
പെട്ടെന്ന് മൊബൈല്‍ കൈമാറി. തിടുക്കത്തോടും സന്തോഷത്തോടും ഷാരോന്റെ നമ്പര്‍ അമര്‍ത്തി. ഷാരോന്റെ ഒച്ച കേട്ടപ്പോള്‍ അവന്റെ മുഖം പൂ പോലെ വിടര്‍ന്നു. “”ഷാരോണ്‍, ഞാനാ ജാക്കി. സുഖമായി ഞാനിവിടെയെത്തി.”

“” ഒ.കെ നീ ഡാനിയല്‍ എന്ന ആളിനൊപ്പമാണോ താമസം”
“” അല്ല. ഇപ്പോള്‍ സിസ്റ്റര്‍ കാര്‍മേലിന്റെ ആശ്രമത്തിലാണ്. ഡാനിയല്‍ സാര്‍ എയര്‍പോര്‍ട്ടില്‍ നിന്നും കൊണ്ടുവന്നത് ഇങ്ങോട്ടാണ്. ഇവിടെ രണ്ടാഴ്ച കാണും. നീ കോശി സാറിനോടും ആന്റിയോടും പറയണം- കേട്ടൊ. ഞാന്‍ പുതിയ ഫോണ്‍ വാങ്ങിയിട്ട് വിളിക്കാം. ഇത് സിസ്റ്ററുടെ ഫോണാണ്. വയ്ക്കുകയാണ്.” സിസ്റ്റര്‍ പുഞ്ചിരിയോടെ അവനെ നോക്കിയിരുന്നു. മനസ്സ് ഇളകിയാടി. ഇവന്‍ സംസാരിച്ചത് അഡ്വക്കേറ്റ് കോശിയെക്കുറിച്ചാണോ? പിതാവ് ഒരിക്കല്‍ പറഞ്ഞത് ഏകമകന്‍ കോശി എല്‍. എല്‍. ബിക്ക് പഠിക്കുന്നു. താന്‍ പ്രതീക്ഷിക്കുന്നതുപോലെ അത് തന്റെ സഹോദരനാണോ? ്. ഇവന്റെ വാക്കുകള്‍ ഇത്രമാത്രം ഹൃദയത്തില്‍ സ്പര്‍ശിച്ചത് എന്തുകൊണ്ടാണ്.? തുറന്നു ചോദിക്കാന്‍ തന്നെ തീരുമമാനിച്ചു.
“”ജാക്കിയുടെ സ്ഥലം മാവേലിക്കര താമരക്കുളമാണോ ? ”
“”അതെ കേരളത്തിലെ ഗ്രാമീണ സുന്ദരമായ ഒരു ഗ്രാമം ”
“‘ജാക്കിയുടെ വീട്ടില്‍ ആരൊക്കെയുണ്ട്? ”
“”വീട്ടില്‍ അച്ഛനുമമ്മയും രണ്ടു സഹോദരിമാരും. അച്ഛനുമമ്മയും കല്‍പ്പണിക്കാരാണ്. എനിക്കും കല്‍പ്പണി വശമാണ്. മൂത്തസഹോദരി വിവാഹിതയും ഇളയ പെങ്ങള്‍ ബാംഗ്ലൂരില്‍ നഴ്‌സിംഗ് പഠിക്കുന്നു.”
“”ഈ കൊട്ടാരം കോശി ജാക്കിയുടെ ആരാണ്? ”
“”കൊട്ടാരം എന്നത് വീട്ടുപേരാണ് അവിടുത്തെ ഒരു സമ്പന്ന കുടുംബം. ഞങ്ങളുടെ പിതാമഹന്മാര്‍ അവിടുത്തെ ജോലിക്കാരായിരുന്നു. കോശിസാര്‍ പേരെടുത്ത വക്കീലാണ്. അദ്ദേഹത്തിന്റെ അച്ഛനും ബ്രിട്ടീഷുകാരുടെ കാലത്ത് വക്കീലായിരുന്നു. രണ്ടുപേരും പാവങ്ങള്‍ക്കായി വാദിക്കുന്നവര്‍. ഷാരോണ്‍ അദ്ദേഹത്തിന്റെ മകളാണ്. കോളേജില്‍ പഠിക്കുന്നു. ഒരു സഹോദരനുള്ളത് ജര്‍മ്മനിയിലാണ്.

എന്റെ കുടുംബം വളരെ പാവപ്പെട്ടതാണ്. എന്റെ സഹോദരിയെ പഠിപ്പിക്കുന്നതും മൂത്ത പെങ്ങളെ കെട്ടിച്ചയയ്ക്കാന്‍ സഹായിച്ചതുമൊക്കെ കോശിസാറാണ്. പല കുട്ടികളെയും പഠിപ്പിക്കുന്നുണ്ട്.” എല്ലാം ശ്രദ്ധയോടെ കേട്ടിരുന്ന സിസ്റ്റര്‍ ചോദിച്ചു. “”ഷാരോണിന്റെ മമ്മി എന്തുചെയ്യുന്നു.” “” സോറി അത് പറഞ്ഞില്ല. ഷാരോണിന്റെ മമ്മി ബ്ലോക്കോഫിസില്‍ ജോലി ചെയ്യുന്നു.” ഹിന്ദുവായിരുന്നു. ഇപ്പോള്‍ ക്രിസ്തിയാനിയാണ്. അവരൊക്കെ ഞങ്ങള്‍ക്ക് കാണപ്പെട്ട ദൈവങ്ങളാണ്. ഞാനിവിടെ വരാന്‍ കാരണവും ആ കുടുംബമാണ്.”

എല്ലാംകേട്ടുകൊണ്ട് ഒരു നിസ്സംഗഭാവത്തോടെ സിസ്റ്റര്‍ ഇരുന്നു. നിശബ്ദയായിരിക്കുന്ന സിസ്റ്ററെ സൂക്ഷിച്ചുനോക്കി. എന്താണ് സിസ്റ്റര്‍ക്ക് മൗനം. എന്തോ അഗാതമായി ചിന്തിക്കുന്നു. ഞാന്‍ എന്തെങ്കിലും അധികപ്പറ്റ് പറഞ്ഞോ? സിസ്റ്റര്‍ ചോദിച്ചതിനുള്ള മറുപടി മാത്രമെ പറഞ്ഞുള്ളു. സിസ്റ്റര്‍ ഒരു സംശയത്തോടെ ചോദിച്ചു.
“” ജാക്കിയുടെ യഥാര്‍ത്ഥ പേരന്താണ്. ” “” ഹരിഹരന്‍ എന്നാണ്.” പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

“” ങേ! ഹരിഹരന്‍ എങ്ങനെ ജാക്കിയായി.” തെല്ലൊരു സംശയത്തോടെ ചോദിച്ചു. “” അതൊരു കഥയാണ് സിസ്റ്റര്‍. ” ചെറുചിരിയോടെ പറഞ്ഞു. “”കഥയോ ? കേള്‍ക്കട്ടെ” ആകാംഷയോടെ നോക്കി. ജാക്കി പുഞ്ചിരിച്ചുകൊണ്ട് കഥ പറഞ്ഞുതുടങ്ങി. “” ഞങ്ങള്‍ക്കൊരു വളര്‍ത്തു പശുവുണ്ടായിരുന്നു. പേര് ലക്ഷ്മി. ഒരു ദിവസം അവള്‍ പെട്ടന്ന് കയറും പൊട്ടിച്ചു കുതറിയോടി. വണ്ടോ മറ്റെന്തോ കടിച്ചതാകും. ഞായറാഴ്ച ആയതിനാല്‍ എല്ലാവരും വീട്ടിലുണ്ടായിരുന്നു. അച്ചന്‍ പിറകേയോടി. ഞാനും അച്ചനു പിറകേയോടി. ലക്ഷ്മി ഓടി പോയത് കൊയ്തു കഴിഞ്ഞുകിടന്ന പാടത്തേക്കാണ്. കോശിസാറും മറ്റ് ചിലരുംകൂടി പാടവരമ്പത്ത് സംസാരിച്ചു നില്ക്കുകയായിരുന്നു. ഞാനും ലക്ഷ്മിയും പാടത്ത് മത്സരച്ചൊടി. ഒടുവില്‍ പശുവിനെ കീഴ്‌പ്പെടുത്തി വരമ്പത്തു കൊണ്ടുവന്നു. അവിടെ പരിഭ്രമത്തോടെ നോക്കി നിന്ന കോശിസാര്‍ വളരെ സന്തോഷത്തോടെ എന്റെ തോളില്‍ തട്ടി പറഞ്ഞു. “” ങ്ഹും! മിടുക്കന്‍, മിടുമിടുക്കന്‍ നീ ആളുകൊള്ളാമല്ലോടാ ചെറുക്കാ. നീ പശുവിനെ പിടിക്കേണ്ടവനല്ല. കുതിരയെ പിടിക്കേണ്ടവനാടാ. നീ ജാക്കിയാണ്.. ജാക്കി……കുതിരയെ ഓടിക്കുന്ന ജാക്കി. അച്ചനും മറ്റുള്ളവരും ചിരിച്ചു കൊണ്ടുനിന്നു. അന്നു മുതല്‍ എന്റെ വിളിപ്പേരാണ് ജാക്കി.”

സിസ്റ്റര്‍ വിടര്‍ന്ന മിഴികളോടെ പറഞ്ഞു. “” കോശി സാര്‍ നല്‍കിയ പേര് സുന്ദരമാണ് ക്രിസ്തിയന്‍ പേര് ” “” അതേ സിസ്റ്റര്‍. ക്രൈസ്തവ ചൈതന്യം അടയാളപ്പെടുത്തിയ പേര്. ” “” ഹരിഹരനും വളരെ ചൈതന്യമുള്ള പേരാണ്. ” സിസ്റ്റര്‍ കൂട്ടി ചേര്‍ത്തു. സിസ്റ്ററുടെ മുഖത്ത് മന്ദസ്മിതം കണ്ടു. എന്നാല്‍ ഉള്ളിന്റെയുള്ളില്‍ വല്ലാത്ത പിരിമുറുക്കമാണുള്ളത്. ജാക്കിയെ അനുകമ്പയോട് നോക്കിയിട്ട് പറഞ്ഞു. “” നമുക്കിനി ഭക്ഷണത്തിന് പോകാം. അതിന് ശേഷം ഞങ്ങള്‍ക്ക് ധ്യാനത്തിനും പ്രാര്‍ത്ഥനയ്ക്കുമുള്ള സമയമാണ്” സിസ്റ്റര്‍ പുറത്തേക്കിറങ്ങി. ജാക്കി വസ്ത്രം മാറി കതകടച്ച് സിസ്റ്റര്‍ക്കൊപ്പം കാന്റീനിലേക്ക് നടന്നു. ആറു മണി കഴിഞ്ഞതേയുളള്ളു. ഇത്ര നേരുത്തെയാണോ ഇവര്‍ ഭക്ഷണം കഴിക്കുന്നത്. സിസ്റ്റര്‍ അതിനുള്ളിലെത്തയപ്പോള്‍ ഉയര്‍ന്ന ശബ്ദമെല്ലാം പെട്ടന്ന് നിലച്ചു. അവര്‍ ആദരവോട് സിസ്റ്ററെ നോക്കി. മുന്‍പ് കണ്ടതിനേക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ മേശക്ക് ചുറ്റുമുണ്ട്. ഞാന്‍ മുന്‍പിരുന്ന മുറിയില്‍ സിസ്റ്റര്‍ പറഞ്ഞതനുസരിച്ച് പോയിരുന്നു. സിസ്റ്റര്‍ മറ്റു സ്ത്രീകളുമായി സംസാരിച്ചുനില്ക്കുന്നത് കണ്ടെങ്കിലും പിന്നീട് കണ്ടില്ല. മനസ്സില്‍ ആശങ്കകളുയര്‍ന്നു. മുന്‍പ് കിട്ടിയതുപോല ഇല വര്‍ഗ്ഗങ്ങളാണോ ഇനിയും കഴിക്കാന്‍ കിട്ടുക. ഹാളിനുള്ളില്‍ എല്ലാവരും നിശബ്ദരാണ്. സിസ്റ്റര്‍ പോയികഴിയുമ്പോള്‍ തുടരുമായിരിക്കുമെന്ന് തോന്നി.

അല്പ സമയത്തിനുള്ളില്‍ ജാക്കിക്കുള്ള ഭക്ഷണവുമായി സിസ്റ്റര്‍ എത്തി. മനസ്സില്ലാ മനസ്സോടെ അവന്‍ തീന്‍മേശയിലേക്ക് നോക്കി.
കുറ്റബോധത്തോടെ അവന്‍ പറഞ്ഞു “”സിസ്റ്റര്‍ ഞാന്‍ എടുക്കാമായിരുന്നു.” “” ഇവിടേക്ക് പുരുഷന്മാര്‍ക്ക് പ്രവേശനമില്ല. ഞങ്ങളുടെ ഗസ്റ്റായി വരുന്നവരെ ഞങ്ങളാണ് സേവിക്കുന്നത്. ഞാന്‍ അവര്‍ക്കൊപ്പമാണ് കഴിക്കുന്നത്. ഭക്ഷണം ഇനിയും ആവശ്യമെങ്കില്‍ കൊടുത്തുവിടാം. ഇപ്പോള്‍ ജാക്കി കഴിക്കൂ” ഉടനടി സിസ്റ്റര്‍ മടങ്ങിപ്പോയി.

ആവശ്യത്തിനുള്ള പരിചാരികമാര്‍ ഉണ്ടായിട്ടും അവരെയൊന്നും ബുദ്ധിമുട്ടിക്കാന്‍ മനസ്സില്ലാത്ത മാലാഖ. അവന്‍ പാത്രത്തിലേക്ക് നോക്കി. മുഖത്ത് സംതൃപ്തി നിറഞ്ഞു. മെര്‍ളിന് ഇന്ത്യാക്കാരുടെ ഭക്ഷണം എന്തെന്നറിയില്ല. സിസ്റ്റര്‍ ഇന്ത്യക്കാരിയായതുകൊണ്ടാണ് ചോറും മറ്റ് കറികളും ഇപ്പോള്‍ വന്നത്. വേവിച്ച മീന്‍ കഷണം മുന്നില്‍. ഒന്നും ചേര്‍ത്തല്ല വേവിച്ചത്. എങ്കിലും നല്ലൊരു കഷണമാണ്. പാശ്ചാത്യര്‍ ഇന്ത്യക്കാരെപ്പോലെ എരിവുള്ള മുളകുകള്‍ കഴിക്കാറില്ലെന്ന് വായിച്ചിട്ടുണ്ട്. ഇവര്‍ക്കറിയില്ലേ എരിവും പുളിയുമൊക്കെ ഔഷധമാണെന്ന്. കേരളത്തില്‍ നിന്നുള്ള കുരുമുളകും ഇഞ്ചിയും സുഗദ്ധദ്രവ്യങ്ങളും മറ്റും ഔഷധമാണെന്ന് അവര്‍ അറിഞ്ഞു വരുന്നതേയുള്ളൂ. മുള്ളുപോലുള്ള ഫോര്‍ക്കുകൊണ്ട് കൈ തൊടാതെ അവന്‍ ഭക്ഷണം കഴിച്ചു തുടങ്ങി.

അവനെ ചിന്താകുഴപ്പത്തിലാക്കിയത് വലിയൊരു ഉരുളന്‍കിഴങ്ങാണ്. പുഴുങ്ങിയ ഒരു കിഴങ്ങ് അവനെ നോക്കിയിരിപ്പുണ്ട്. അതുപോലുള്ളത് കഴിച്ചാല്‍ ആര്‍ക്കും വയര്‍ നിറയും. ഉരുളന്‍കിഴങ്ങ് ഇവരുടെ പ്രധാന ഭക്ഷണമാണെന്നു തോന്നുന്നു. ഇവിടുത്തെ രീതികളോട് പൊരുത്തപ്പെടണം. ഇന്ത്യക്കാരനെന്ന ഭാവമൊന്നും ഇനി വേണ്ട. ജീവിതവും സന്തോഷവും നിലനിര്‍ത്താന്‍ വിശാലമായ ഒരു മനസുണ്ടായാല്‍ മതി. സ്വയം ശരികളുടെ അതീശത്തിന് കിഴ്‌പ്പെടുക.

മലയാളം യുകെ ന്യൂസ് ബ്യൂറോ

സിഗരറ്റ് ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം ദിനംപ്രതി വർധിച്ചുവരികയാണ്. എന്നാൽ ഉപയോഗിച്ചു തീർന്ന ശേഷം വലിച്ചെറിയുന്ന സിഗരറ്റ് കഷണങ്ങൾ പ്രകൃതിക്ക് സമ്മാനിക്കുന്നത് ദുരിതമാണ്. ഇവ ജൈവവൈവിധ്യത്തിന് ഉണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഞെട്ടിപ്പിക്കുന്നവയാണ്. മണ്ണിൽ കിടക്കുന്ന സിഗരറ്റ് കഷണങ്ങൾ സസ്യവളർച്ചയെ ഹാനികരമായി ബാധിക്കുന്നു എന്ന് എയ്ഞ്ചേല റസ്കിൻ യൂണിവേഴ്സിറ്റി നടത്തിയ പഠനങ്ങളിൽ തെളിഞ്ഞു. ക്ലോവർ ചെടികൾ മുളയ്ക്കുന്നത് 27% ആയി കുറയുകയും അതിന്റെ തണ്ട് നീളം 28% കുറയുകയും ചെയ്യും. പുല്ല് മുളയ്ക്കുന്നത് 10% കുറഞ്ഞു. ഒപ്പം അതിന്റെ തണ്ട് നീളത്തിലും 13% കുറവ് സംഭവിച്ചു. എക്കോടോക്സിക്കോളജി ആൻഡ് എൻവയോൺമെന്റൽ സേഫ്റ്റി ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ എആർയുവിലെ സീനിയർ ലെക്ചറർ ഡാനിയേൽ ഗ്രീൻ ആണ് ഇത് വിശദീകരിച്ചത് .

ഒരു തരം ബയോപ്ലാസ്റ്റിക് ആയ സെല്ലുലോസ് അസറ്റേറ്റ് ഫൈബർ ഉപയോഗിച്ചാണ് സിഗരറ്റ് ഫിൽറ്ററുകൾ നിർമിക്കുന്നത്. ഈ സിഗരറ്റ് ഫിൽറ്ററുകൾ നശിക്കാൻ പതിറ്റാണ്ടുകൾ വേണ്ടിവരും. ഓരോ വർഷവും 4.5 ട്രില്യൺ സിഗരറ്റ് ആണ് ആളുകൾ വലിച്ചു തീർക്കുന്നത്. സിഗരറ്റ് ഫിൽറ്ററുകൾ ഒരു തരം പ്ലാസ്റ്റിക് മലിനീകരണത്തിനും കാരണമാകുന്നു. ഉപയോഗിക്കാത്ത സിഗററ്റുകളും ചെടികളുടെ വളർച്ചയിൽ ഇതേ ദൂഷ്യഫലങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് ഗവേഷകർ കണ്ടെത്തി. സിഗററ്റിലൂടെ നിക്കോട്ടിൻ മാത്രം അല്ല ഹാനികരം എന്നും പഠനങ്ങളിലൂടെ തെളിഞ്ഞു. കേംബ്രിഡ്ജ് നഗരത്തിലെ ചുറ്റുപാടുകളിൽ നിന്നാണ് സാമ്പിളുകൾ ശേഖരിച്ചത്. ഒരു ചതുരശ്ര മീറ്ററിൽ കുറഞ്ഞത് 128 ഉപയോഗിച്ച സിഗരറ്റുകൾ കണ്ടെത്തി. ഈ ഒരു പ്രശ്നം കാരണം ചെടിയുടെ വേരിന്റെ ഭാരവും 57% കുറഞ്ഞുവെന്ന് പഠനത്തിലൂടെ കണ്ടെത്തി.

” ഉപയോഗിച്ച സിഗരറ്റ് ഭൂമിയിലേക്ക് വലിച്ചെറിയുന്നത് സാധാരണ കാഴ്ചയാണ്. പക്ഷേ ഇത് സസ്യങ്ങളെ ബാധിക്കുന്നുവെന്ന് കണ്ടെത്തിയത് ഞങ്ങളുടെ പഠനങ്ങളിലൂടെയാണ്. ഞങ്ങൾ പരീക്ഷിച്ച രണ്ട് ഇനങ്ങളായ റൈഗ്രാസ്സ്, വൈറ്റ് ക്ലോവർ എന്നിവ കന്നുകാലികൾക്ക് നല്ല തീറ്റപുല്ലാണ്. മാത്രമല്ല നഗരങ്ങളിൽ ഇത് സാധാരണയായി കാണപ്പെടുന്നു. ഇവ ജൈവവൈവിധ്യത്തിനും ഏറെ ഗുണം ചെയ്യുന്നു. ക്ലോവർ ചെടികൾ നൈട്രജൻ ഫിക്സേഷനും സഹായിക്കുന്നു. ” ഡോ. ഡാനിയേൽ ഗ്രീൻ പറഞ്ഞു. സിഗരറ്റ് ഫിൽറ്ററുകൾ നശിക്കുന്നില്ലെന്നും അവ പ്രകൃതിക്ക് ദോഷകരമാണെന്നും ജനങ്ങളെ ഉത്‌ബോധിപ്പിക്കണമെന്ന് ഗ്രീൻ കൂട്ടിച്ചേർത്തു.തുടർ പഠനങ്ങൾ ആവശ്യമാണെന്നും ഫിൽറ്ററിന്റെ രാസഘടനയാണ് സസ്യവളർച്ചയെ ദോഷകരമായി ബാധിക്കുന്നതെന്നും ഡോ. ബാസ് ബൂട്ട്സ് അഭിപ്രായപ്പെട്ടു

ഐശ്വര്യ ലക്ഷ്മി.എസ്സ്

തിരയാത്ത സ്വപ്നങ്ങൾ.
തീച്ചൂളയിലെഴും നനവിൻ ഗന്ധങ്ങൾ.
തളരാത്ത മോഹങ്ങൾ മിഴിച്ചെപ്പിൻ നാദങ്ങൾ.
തകരുന്നു ഈ പടർപ്പിൻ പാളയങ്ങളിൽ.
ഏറുന്നു ഭാരങ്ങൾ അറിയുന്നു നിശ്വാസങ്ങൾ.
പിളരുന്നു പാരിജാതമെന്നിൽ.
ചെമ്പകപൂമൊട്ടുകൾ പുണർന്നീടുമോ പുൽകീടുമോ ആയിരം രാവിലെ ചിത്രമണികൾ.
തച്ചുടഞ്ഞു വീഴുന്നൊരീ ആമ്പൽമുറ്റത്ത് നീ എരിഞ്ഞു തീരുകയോ ഈ കൽപ്പടവുകളിൽ?
നീലകുപ്പിച്ചില്ലുകൾകൊണ്ടൊരു ജാലകപൂഞ്ചില്ലയിൽ ഞാൻ പുണർന്നീടവേ.

 

ഐശ്വര്യ ലക്ഷ്മി.എസ്സ്.

സ്വദേശം പത്തനംതിട്ട ജില്ലയിലെ കുന്നന്താനം. തിരുവല്ലമാക്ഫാസ്റ്റ് കോളേജിലെ അവസാനവർഷ എം.സി.എ വിദ്യാർഥിനി ആണ് .അച്ഛൻ ശശിധരകൈമൾ.അമ്മ ഇന്ദു കുമാരി. ഇമെയിൽ: [email protected]

ചിത്രീകരണം : ജിഷ എം വർഗീസ്

ഷിജോ ഇലഞ്ഞിക്കൽ

കളിവീടുണ്ടാക്കുമ്പോൾ നിന്നെ സഹായിക്കാനായിരിക്കും അവൾക്ക് കൂടുതൽ താൽപ്പര്യം…

ഒളിച്ചുകളിക്കുമ്പോൾ നിന്നോടോപ്പമായിരിക്കും അവൾ ഒളിക്കുക.

അവളാണ് ഒളിച്ചവരെ പിടിക്കുന്നതെങ്കിലോ! നിന്നെ ആദ്യം കണ്ടാലും അവൾ പിടിക്കുകല്ല, കണ്ണടച്ചുകാണിക്കും.

കഞ്ഞിയും കറിയും വച്ചുകളിക്കുമ്പോൾ നിന്റെ വീട്ടുകാരിയാകാനായിരിക്കും അവൾക്കിഷ്ടം.

പരസ്പരം മണ്ണുവാരിയെറിഞ്ഞു കളിക്കുമ്പോൾ അവളെ പ്രൊട്ടക്ട് ചെയ്യാൻ നീ പ്രത്യേകം ശ്രെദ്ധിച്ചിരുന്നു. എന്നാലും കൂട്ടുകാരൻ എറിഞ്ഞ ഒരുപിടിമണ്ണ് അവളുടെ ദേഹത്തുവീണു, കണ്ണിൽ മണ്ണുപോയ് അവൾ കരയാൻ തുടങ്ങി, അതോടെ കളിനിന്നു; ഇടിതുടങ്ങി, അവളുടെ കണ്ണിൽമണ്ണുവാരിയിട്ടവനെ നീ തിരഞ്ഞുപിടിച്ചിടിച്ചു.

കളികഴിഞ്ഞു തോട്ടിൽകുളിക്കുന്നതിനു മുൻപ് മീൻപിടിക്കാൻ തോർത്തു വിരിക്കുമ്പോൾ നിന്റെ തോർത്തിന്റെ അങ്ങേതലപ്പത് അവൾ പിടിക്കും,

നീ കുളിച്ചുകയറിവരുവോളം കരയ്ക്ക്‌ ഊരിവച്ച നിന്റെ   നിക്കറിലോ ഷർട്ടിലോ ഒരുതുള്ളിവെള്ളം വീഴാതെ അവൾ സൂക്ഷിക്കും.

സന്ധ്യയാകുമ്പോൾ കളിക്കൂട്ടം പിരിയും, തിരികെ വീട്ടിലേക്ക്‌ നടക്കാൻ അവൾ ഓടി നിന്റെയടുത്തുവരും, പിന്നെ ഒരുമിച്ച് വീട്ടിലേക്ക്.

വീട്ടുപടിക്കൽ എത്തുമ്പോൾ അവളുടെ മുത്തശ്ശി വിറയ്ക്കുന്ന സ്വരമുയർത്തി പറയും: “പെണ്ണിന് കളികൂടുന്നുണ്ട് സന്ധ്യക്കുമുന്പ് വീട്ടിൽക്കയറണ്ടേ, വല്ലാത്തകാലമാ “.

“എന്തിനാണമ്മേ പേടിക്കുന്നത് അവൾ ഉണ്ണിയുടെ കൂടയല്ലേ പോകുന്നത് “: അവളുടെ അമ്മ ഇതു പറയുന്നത് നിനക്ക് പടിപ്പുരയുടെ പുറത്തുനിന്നുകേൾക്കാം, അപ്പോൾ നിന്റെ നെഞ്ചുവിരിവ് രണ്ടിഞ്ചു കൂടും.

“ഉണ്ണീ വാ…കയറീട്ട് പോകാം…ശർക്കരയും തേങ്ങയും ചേർത്ത അവലുണ്ട് കഴിച്ചിട്ടുപോകാം”: അവളുടെ അമ്മ സ്നേഹപൂർവ്വം വിളിക്കും.

“വേണ്ടമ്മേ… ഞാൻ നാളെവരാം”.

ഇത്രയും പറഞ്ഞിട്ട് നീ വലതുകാൽ ഉയർത്തിച്ചവിട്ടി വണ്ടി സ്റ്റാർട്ട് ചെയ്തു, പിന്നെ വലതുകൈ തിരിച് ആക്‌സിലേറ്റർകൊടുത്തു. വായിൽനിന്ന് തുപ്പലുചീറ്റുന്നശബ്ദത്തിൽ വണ്ടി റെയ്‌സ് ചെയ്തു. ഇടതുകൈത്തിരിച് ഫസ്റ്റ് ഗിയർഇട്ടു, വായിൽ ശബ്ദവ്യത്യാസം, പിന്നെ സെക്കന്റ് ഗിയർ…തേർഡ് ഗിയർ…ഓട്ടത്തിന്റെ സ്പീഡ് അതനുസരിച്ചു കൂടി, വായിൽനിന്ന് തുപ്പലും ശബ്ദവും സ്പേറേപോലെ ചീറ്റി…

“ഛെ…എന്താണിത് വൃത്തികെട്ട ശബ്ദo കേൾപ്പിക്കുന്നത് “: ഭാര്യയുടെ ശബ്ദo കേട്ട് ഞാൻ ഞെട്ടി.

“ദേ കിറി മുഴുവൻ തുപ്പലൊഴുകിയിരിക്കുന്നു”, അവൾ സ്നേപൂർവം സാരിത്തുമ്പുകോണ്ട് എന്റെ മുഖം തുടച്ചു. “ഇതെന്താ കൊച്ചുകുട്ടികളെ പോലെ വണ്ടിയോടിച്ചുകളിക്കുകയാണോ? വാ, ദേ അത്താഴം വിളമ്പി വച്ചിരിക്കുന്നു.”

മുറ്റത്തുകൈകഴുകാൻ ഇറങ്ങിയപ്പോൾ പടിപ്പുരക്കുപുറത്തുനിന്ന് അവൾ വീണ്ടും വിളിക്കുന്നു:

ഉണ്ണീ… വാ കളിക്കാൻ പോകാം…

അനുജ.കെ

മഴത്തുള്ളികൾ നെറ്റിത്തടത്തിലേക്കു വീണപ്പോളാണ് ഞാൻ കണ്ണ് തുറന്നത്. വീടെത്താറായിരിക്കുന്നു. തിരക്കു പിടിച്ചു ബാഗിൽ നിന്നും കുടയെടുത്തു. ബസ്സിറങ്ങി കുറച്ചു ദൂരം നടക്കണം വീട്ടിലെത്താൻ. നീണ്ട യാത്ര കഴിഞ്ഞതിന്റെ ക്ഷീണത്തിൽ നടപ്പിന് ഒരു വേഗത കിട്ടുന്നില്ല. പെട്ടെന്നാണ് പുറകിൽ നിന്ന് ഒരു കൂക്കു വിളി കേട്ടത്. തിരിഞ്ഞു നോക്കിയപ്പോൾ കടത്തിണ്ണയിൽ മുഷിഞ്ഞ കോട്ടും സ്യൂട്ടുമിട്ടു ഒരാൾ ചിരിച്ചു കൊണ്ട് നിൽക്കുന്നു. ഏറെ നാളുകൾക്കു ശേഷം തമ്മിൽ കാണുകയാണ്.

മഴക്കാലം തുടങ്ങിയിരിക്കുന്നു…. അന്തരീക്ഷം തണുപ്പ് കൊണ്ട് നിറയുകയാണ്. ഞാൻ സാരി തലപ്പ് പുതപ്പാക്കാനുള്ള ശ്രമത്തിനിടയിൽ ചിരിക്കുള്ള മറുപടിയായി “തണുപ്പുണ്ടോ?…… ” എന്നൊരു ചോദ്യം.

നേരം ഒരുപാട് വൈകിയിരിക്കുന്നു…. ഈ തണുപ്പത്ത് അയാൾ എന്ത് ചെയ്യും….. എവിടെ കിടന്നുറങ്ങും….. എന്തായിരിക്കും കഴിക്കുന്നത്…… വ്യാകുലപ്പെടുന്ന മനസ്സിനെ അടക്കിപ്പിടി ച്ചുകൊണ്ടു ചോദ്യത്തിന്റെ മറുപടിക്ക് കാത്തു നിൽക്കാതെ ഞാൻ നടപ്പിന്റെ വേഗം കൂട്ടി…….

അമ്മയുടെ നാട്ടിൽ വലിയൊരു കോലാഹലം സൃഷ്ടിച്ചായിരുന്നു ഞാനും എന്റെ സഹോദരനും ഭൂജാതരായത് .

ഇരട്ടക്കുട്ടികൾ !!! ഞങ്ങൾ ഇരട്ടക്കുട്ടികളാണെന്ന് ഒരു എക്സ്-റേയിലൂടെയാണ് ആശുപത്രി അധികൃതരും വീട്ടുകാരും മനസ്സിലാക്കുന്നത്. ഏറെ വിവാദമായ ആ എക്സ്-റേ പിന്നീട് ഞാനും കണ്ടിട്ടുണ്ട്. എക്സ്-റേയിൽ എന്റെ സഹോദരൻ ഒരു കൂടയ് ക്കുള്ളിലായിരുന്നു. ഞാൻ ജനിച്ച് മൂന്ന് മിനിറ്റിനു ശേഷമാണ് അവനെ പുറത്തേയ്ക്ക് എടുക്കുന്നത്. കൂടയ്ക്കു ഉള്ളിൽ നിന്നും പുറത്തെടുക്കണമല്ലോ !!… പക്ഷേ അവന്റെ വരവ് വലിയ ഉച്ചത്തിൽ നിലവിളിച്ചുകൊണ്ട് ആയിരുന്നു. അപ്പോഴാണ് മൂന്ന് മിനിറ്റ് മുൻപ് പുറത്തുവന്ന ഞാനും കരയുന്നത്. കൂട്ടനിലവിളി…. എനിക്ക് ചെവിക്കു കുഴപ്പമൊന്നുമില്ലയെന്ന് ബന്ധുക്കളുടെ കമന്റ്. ഇരട്ടക്കുട്ടികളിൽ രണ്ടാമത് ജനിച്ചയാളാണ് മൂത്തത് എന്നൊരഭിപ്രായം പരക്കെയുണ്ട്. അങ്ങനെയെങ്കിൽ എന്റെ സഹോദരനാണ് മൂത്തയാൾ. പക്ഷേ ആ മൂന്ന് മിനിറ്റ് കണക്ക് പരിശോധിച്ചാൽ ഞാനാണ് മൂത്തത്. ഞങ്ങൾ തമ്മിൽ മൂത്തയാളാരാരാണെന്നുള്ള തർക്കം ഇന്നും നിലനിൽക്കുന്നു…

എന്റെ ജനനവും കടത്തിണ്ണയിൽ കണ്ടയാളും തമ്മിൽ എന്തു ബന്ധമെന്നോർക്കുന്നുണ്ടാവും. ഒരു മലയോരപ്രദേശത്തു ഒരു പുതിയ സ്കൂൾ തുടങ്ങുന്നതിനായി എത്തിയ അധ്യാപക ദമ്പതികളുടെ അരുമ സന്തതികൾ ആ നാട്ടുകാരുടെ മുഴുവൻ ഓമനകളായിരുന്നു. താലോലിക്കാൻ അപ്പച്ചനും( കടത്തിണ്ണയിൽ കണ്ടയാളെ അങ്ങനെയാണ് നാട്ടിൽ അറിയപ്പെടുന്നത് ) ആവശ്യപ്പെടാറുണ്ടായിരുന്നു.
അച്ഛനോട് കുഞ്ഞുങ്ങളെ എടുക്കാൻ തരണമെന്ന് പറയും. അപ്പോൾ അച്ഛൻ തോർത്തും സോപ്പുമെടു ത്തു കൊടുത്തു കുളിച്ചിട്ടു വരാൻ പറയും. വല്ലപ്പോഴുമേ കുളിയുള്ളൂ…. കുളി കഴിഞ്ഞു വരുമ്പോൾ ഞങ്ങളെ മടിയിൽ വച്ചു കൊടുക്കും. അപ്പോൾ അപ്പച്ചന്റെ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യാത്തതായിരുന്നു എന്ന് അമ്മ പറയാറുണ്ട്…. ആ സ്നേഹമായിരിക്കണം ഇന്നും ആ കൂക്കു വിളിയിൽ.സ്നേഹത്തിന്റെ വിളി….
തണുപ്പിനെ പ്രതിരോധിക്കാൻ ചൂടു കാപ്പിയും മോന്തികൊണ്ട് ഞാൻ വീടിന്റെ ഉമ്മറത്തേയ്‌ക്ക്‌ വന്നപ്പോൾ അപ്പച്ചനുണ്ട് മുറ്റത്തു നിൽക്കുന്നു.

എന്റെ ചോദ്യത്തിനുത്തരം തരാൻ വന്നതാണോ??

അനുജ.കെ

ലക്ചറര്‍, സ്‌കൂള്‍ ടെക്‌നോളജി ആന്റ് അപ്ലൈഡ് സയന്‍സസ്, പത്തനംതിട്ട. 2016, 2018 വര്‍ഷങ്ങളില്‍ കേരള ലളിത കലാ അക്കാദമി, ദര്‍ബാര്‍ ഹാള്‍ കൊച്ചിയില്‍ നടത്തിയ ‘ആര്‍ട്ട് മാസ്‌ട്രോ കോമ്പറ്റീഷന്‍ ആന്റ് എക്‌സിബിഷനില്‍ എന്റെ ‘സണ്‍ഫ്‌ളവര്‍’, ‘വയനാട്ടുകുലവന്‍’ എന്നീ പെയിന്റിംഗുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ജോൺ കുറിഞ്ഞിരപ്പള്ളി

ഈ ജോലി വേണ്ട എന്ന് തീരുമാനിക്കാൻ എനിക്ക് അധികസമയം വേണ്ടിവന്നില്ല.ഞാൻ ആ ഓഫർ ലെറ്റർ ചുരുട്ടിക്കൂട്ടി ചവറ്റുകൂട്ടയിലേക്ക് ഇട്ടു .
ജോൺ ചെറിയാനും ഉണ്ണികൃഷ്ണനും ഒരേ ശബ്ദത്തിൽ ചോദിച്ചു.
“എന്തുവിവരക്കേടാണ് നീ കാണിക്കുന്നത്?”
ഇത് എന്തെങ്കിലും അഭ്യാസമാകാനാണ് വഴി,എന്നായിരുന്നു എൻ്റെ നിഗമനം.
ഇനിയും തക്കം കിട്ടിയാൽ ആ സ്ത്രീ എന്തെങ്കിലും വിളച്ചിൽ കാണിക്കാതിരിക്കില്ല. അവരുടെ കീഴിൽ ജോലി ചെയ്യുക എന്നത് ചിന്തിക്കാൻ പോലും പറ്റില്ല.
പക്ഷെ,ഇനി എന്ത് എന്ന ചോദ്യം ബാക്കിയായി.കയ്യിലെ കാശു തീർന്നു തുടങ്ങുന്നു.എളുപ്പവഴി അമ്മച്ചിയോട് അപ്പച്ചൻ അറിയാതെ കുറച്ചു പൈസ അയച്ചുതരാൻ പറയുകയാണ്.
ഞങ്ങളുടെ സംസാരം കേട്ടുകൊണ്ടിരുന്ന ജോസഫ് മാത്യു എന്ന മലബാർ ലോഡ്ജിലെ ഒരു അന്തേവാസി പറഞ്ഞു.അവന് പരിചയമുള്ള ഒരു കമ്പനിയിൽ വേണമെങ്കിൽ ഒരു ചാൻസ് നോക്കാം എന്ന്.
ജോസഫ് മാത്യു ഇൻഡോറിലുള്ള ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ സെയിൽസ് റെപ്പ്റസൻറ്റിവ് ആണ്.അവരുടെ ബാംഗ്ലൂർ സെയിൽസ് ഡിവിഷനിൽ ആണ് ഇപ്പോൾ ജോലിചെയ്യുന്നത്..
രണ്ടു മീറ്റർ നീളമുള്ള ജോസഫ് മാത്യുവിൻ്റെ ശബ്ദം വളരെ പതുക്കെയാണ്. സംസാരിക്കുമ്പോൾ അല്പം കുനിയുകയും ചെയ്യുന്നതുകൊണ്ട് ഒരു ജിറാഫ് വർത്തമാനം പറയുകയാണ് എന്നേ തോന്നൂ.
ജോലിക്കുള്ള ഉണ്ണികൃഷ്ണന്റെ ഓഫർ മറ്റൊന്ന് കാത്തിരിക്കുന്നു.
മലബാർ ലോഡ്ജി ൻ്റെ ഏറ്റവും വലിയ സൗകര്യം വെള്ളം ഇഷ്ടംപോലെ കിട്ടാനുണ്ട് എന്നതായിരുന്നു.
ലോഡ്‌ജിൻ്റെ മുറ്റത്തുതന്നെയുള്ള കിണറ്റിൽ വെള്ളം സുലഭമായിരുന്നു. അധികം ആഴമില്ല എപ്പോഴും ആവശ്യത്തിനുള്ള വെള്ളം കിട്ടാനുമുണ്ട് .ബാംഗ്ലൂരിലെ ജലക്ഷാമം, കാവേരി നദി മുഴുവൻ അവിടേക്ക് തിരിച്ചുവിട്ടാലും തീരില്ല എന്നോർക്കണം.
ഒരു നൂറുവർഷത്തിൽ കൂടുതൽ പഴക്കമുള്ള കെട്ടിടമാണ് മലബാർ ലോഡ്ജ് എങ്കിലും അവിടെ താമസിക്കാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം വെള്ളത്തി ൻ്റെ സൗകര്യം തന്നെ ആയിരുന്നു.
എൻ്റെ ഡ്രെസ്സകൾ കഴുകുക എന്നത് ഒരു വിരസമായ ജോലിയായി എനിക്ക് തോന്നി.
ജോൺ സെബാസ്റ്റിയനും ഉണ്ണികൃഷ്ണനും അവരുടെ ഷർട്ടുകളും പാൻറ്സുകളും കഴുകുന്നതിനായി ബക്കറ്റിൽ സോപ്പ് വെള്ളത്തിൽ കുറച്ചുസമയം കുതിർത്തു വെക്കുന്ന സ്വഭാവം ഉണ്ട്.അവർ ഇങ്ങനെ കുതിർത്തു കഴുകാനായി വച്ചിരിക്കുന്ന തുണികളുടെ അടിയിൽ ആരും കാണാതെ എൻ്റെ ഷർട്ടും പാൻറ്സും തിരുകിവയ്ക്കും.
അവരുടെ ഷർട്ട് കഴുകാൻ എടുത്തപ്പോൾ അബദ്ധത്തിൽ എൻ്റെ ഡ്രസ്സുകളും എടുത്തുപോയതായിരിക്കും എന്ന ധാരണയിൽ സോറി പറഞ്ഞു അവർ അതുകൂടി വാഷ് ചെയ്തു വെക്കും .
അങ്ങിനെ വലിയ അല്ലലില്ലാതെ കാര്യങ്ങൾ നടന്നുപോകുന്നുണ്ടങ്കിലും സ്ഥിരമായ ഒരു സംവിധാനം ഉണ്ടാക്കുന്നതിനെക്കുറിച്ചു ആലോചിച്ചുകൊണ്ടിരിക്കുമ്പോളാണ് ജിറാഫ് ജോലിക്കാര്യം പറയുന്നത്.
ഇവർക്കെല്ലാം എന്ത് അസുഖമാണെന്ന് മനസിലാകുന്നില്ല.
എന്നേക്കാൾ എനിക്ക് ജോലികിട്ടേണ്ടത് അവരുടെ ആവശ്യമാണ് എന്നുതോന്നുന്നു.
അങ്ങിനെ ജോസഫ് മാത്യു തന്ന അഡ്രസ്സിൽ വിളിച്ചു നോക്കി.അവർ അടുത്ത ദിവസം കാലത്തു പത്തുമണിക്ക് ചെല്ലാൻ പറഞ്ഞു.സിറ്റി മാർക്കറ്റിൽ ചിക്പെട്ട് റോഡിലാണ് അവരുടെ ഓഫിസ്.
റാം അവതാർ ആൻറ് കമ്പനി എന്നാണ് പേര് .
ഒന്ന് പോയി നോക്കുന്നതിൽ തകരാറൊന്നും ഇല്ലല്ലോ.
ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു കാർ ലോഡ്ജിൻ്റെ മുൻപിൽ വന്നു നിന്നു.അതിൽ നിന്നും ഒരു സ്ത്രീ,അന്ന് ഞങ്ങളെ കാറിൽ കയറ്റിയ ആ സ്ത്രീ തന്നെ ,ഇറങ്ങി വരുന്നു.
ആരും ഞെട്ടിപ്പോകും
ഓഫിസിൽ വച്ചുകണ്ടപ്പോൾ പ്രായം തോന്നിയിരുന്നു.ഇത് ഒരു കോളേജ് വിദ്യാർഥിയെപ്പോലെ സ്മാർട്ട് ആയി ഡ്രസ്സ് ചെയ്ത ഒരു പെൺകുട്ടി..

“ഹലോ, മാത്യു, നിന്നെ തേടി വന്നതാണ് ഞാൻ.”
“ഹലോ”
ജോലി മിക്കവാറും വേണ്ട എന്ന് വച്ചിട്ടുണ്ടാകും,അല്ലെ”?
ഇതൊരു വിളഞ്ഞ വിത്തു തന്നെ.ഞാൻ മനസ്സിൽ വിചാരിച്ചു.
“ഹേയ് അങ്ങിനെ തീരുമാനമൊന്നും എടുത്തിട്ടില്ല”
എൻ്റെ CV നോക്കി അഡ്രസ് കണ്ടുപിടിച്ചു വന്നിരിക്കുകയാണ്.
“ഉം ,വെറുതെ കള്ളം പറയണ്ട മത്തായി.മാത്യു,നിനക്ക് എന്നെ അറിഞ്ഞുകൂടാ എങ്കിലും എനിക്ക് നിന്നെ നന്നായി അറിയാം ഞാൻ ശ്രുതി .ശ്രുതി ഡേവിഡ്. നമ്മൾ ഒരേ കോളേജിൽ ഉണ്ടായിരുന്നവരാണ്”
“കണ്ടതായി ഓർമ്മയില്ല”
“.ഞാൻ സയൻസ് ഗ്രുപ്പിലായിരുന്നു. നീ ഇംഗ്ലീഷ് ലിറ്ററേച്ചറും.ശരിയല്ലേ?”
“ശരിയാണ്” .
“പിന്നെ മൂവായിരത്തിൽ അധികം കുട്ടികളുള്ള ഒരു കോളേജിലെ എല്ലാവരും തമ്മിൽ അറിയണമെന്നില്ലല്ലോ.? ഇപ്പോൾ നാടകം കളി ഒന്നും ഇല്ലേ?”
“സത്യം പറഞ്ഞാൽ തമ്മിൽ കണ്ടതായി ഓർമ്മയില്ല”
“നീ കോളേജിൽ പ്രസിദ്ധനായിരുന്നല്ലോ.നമ്മളെല്ലാം പഠിപ്പ് മാത്രം തലയിൽ ഉള്ളവരും”ഒന്ന് നിർത്തിയിട്ട് അവൾ ചോദിച്ചു.
“നീ എന്താ ജോലിക്കൊന്നും ശ്രമിക്കാതിരുന്നത്?”
“നിൻറ്റെ കാഞ്ഞിരപ്പള്ളിയിലെ പപ്പയ്ക്ക് സുഖമല്ലേ?”വിഷയം മാറ്റാനായി ഞാൻ കണ്ട സൂത്രമായിരുന്നു
അവൾ പൊട്ടിച്ചിരിച്ചു.”നിന്റെ അഭ്യാസത്തിന് ഞാൻ ഒരു പൂള് ഇറക്കിയതല്ലേ?”
“ഞാൻ ആ ജോലി അത്ര സീരിയസ്സായി എടുത്തിരുന്നില്ല.എല്ലാവരും നിർബന്ധിച്ചപ്പോൾ വന്നു എന്നേയുള്ളു.”
” മാത്യു നിന്റെ പഴയ കമ്പനിയുമായി കണക്ഷൻ ഉണ്ടോ ഇപ്പോഴും?”അവൾ നിർത്താതെ ഓരോന്ന് ചോദിച്ചുകൊണ്ടിരിക്കുകയാണ്.
ഒരു കാര്യം മനസ്സിലായി.അവൾ എന്നെക്കുറിച്ച് വിശദമായി മനസ്സിലാക്കിയിട്ടുണ്ട്.
അവളുടെ ചോദ്യത്തിന് മറുപടി പറയേണ്ടിവന്നില്ല.ഒരു ഫോൺ കോൾ രക്ഷിച്ചു.
പ്രസാദ് ആണ്.എന്നെ ബാംഗ്ലൂർ കൊണ്ടുവന്നവൻ.
അവന് ഇന്ന് ഫ്രീ ആണ്.ലോഡ്ജിലേക്ക് വരുന്ന വഴിയാണ് എന്ന് .
ഇടക്ക് ഇടക്ക് വിളിച്ചു ക്ഷേമന്യഷണം നടത്താൻ അവൻ മറക്കാറില്ല.ഒരുകണക്കിന് പാവമാണ് അവൻ.
ജീവിക്കാൻവേണ്ടി ഓരോ വേലയിറക്കുന്നു..
“എൻ്റെ സുഹൃത്താണ് .അവൻ കാരണമാണ് ഞാൻ ബാംഗ്ലൂർ വന്നത്.വിവാഹം ഒക്കെ ഉറപ്പിച്ചു കാത്തിരിക്കുകയാണ്.”
അവനോടൊത്തുള്ള രണ്ടു ദിവസത്തെ ജീവിതവും അവൻ്റെ അഭ്യാസങ്ങളും വിവരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ അവൻ ഒരു ഓട്ടോ റിക്ഷയിൽ ലോഡ്ജിനുമുന്പിൽ ഇറങ്ങി.അവൻ നടന്നു വന്ന് ലോഡ്ജിൻ്റെ ഗെയ്റ്റ് തുറന്ന് അകത്തേക്ക് വന്നു.
ശ്രുതി എൻ്റെ കഥയിൽ രസിച്ചു ചിരിച്ചുകൊണ്ട് നിൽക്കുകയായിരുന്നു.
“വിവാഹം ?അതും എന്തെങ്കിലും ഉടക്ക് കേസ് ആയിരിക്കും അല്ലെ?”അവൾ ചോദിച്ചു.
“അറിയില്ല”
“എടാ,മത്തായി………..”
പെട്ടന്ന് അവൻ്റെ ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയ അവൾ സ്തംഭിച്ചുപോയി.
“ഇതാണോ മാത്യു പറഞ്ഞ പ്രസാദ്………….?”
“അതെ:”
അവളെ കണ്ടതും പ്രസാദിനും ഷോക്ക് ഏറ്റതുപോലെ ആയി.
രണ്ടുപേരും മുഖത്തോട് മുഖം നോക്കി ഒരു നിമിഷം നിന്നു.അവൾ പറഞ്ഞു.
“പിന്നെ കാണാം മാത്യു…………. ……….ജനറൽ മാനേജർ…..തെണ്ടി……”
അവസാന വാക്ക് പറഞ്ഞത് പതുക്കെയായിരുന്നു.
അവൾ ചെന്ന് കാറിൽ കയറി.
“ശ്രുതി………….”
“ഞാൻ പിന്നെ വിശദമായി പറയാം ”
അവൾ പോയി.
പ്രസാദ് ചോദിച്ചു.”നീ എല്ലാം അവളോട് പറഞ്ഞു അല്ലെ?”
“അതെ,ഞങ്ങൾ ഒരേ കോളേജിൽ പഠിച്ചതാണ്,നിനക്ക് അവളെഎങ്ങിനെ അറിയാം?”
അവൻ ഒന്നും പറഞ്ഞില്ല.
പ്രസാദിൻ്റെ ഭാവി ഭാര്യ ആകേണ്ടവൾ.
ഒരു നിമിഷം കൊണ്ട് എല്ലാം തകർന്നു.
അവൻ എന്നെ ദയനീയമായി നോക്കി.
ഞാൻ അവൻ്റെ സ്വപ്ങ്ങൾ തകർത്തുകളഞ്ഞ മണ്ടൻ ആയ മത്തായിആണന്നു കരുതുന്നുണ്ടാകും.
ഞാൻ എന്ത് ചെയ്യാൻ?
“അവൾ എന്താ പതുക്കെ പറഞ്ഞത്?”
“തെണ്ടി,എന്നാണ് പറഞ്ഞത്”..
“എങ്കിൽ നിന്നെ വിളിച്ചതാണ് തെണ്ടി എന്ന് .എല്ലാം അവളോട് പറഞ്ഞ നീ ഒരു തെണ്ടി തന്നെ.”.
അവൻ പണിത് ഉയർത്തിയ സ്വപ്നങ്ങളുടെ കൊട്ടാരം തകർന്നു വീണു.
“പക്ഷേ നീ കാണിച്ചത് …?
അവൻ ഒന്നും കേൾക്കാൻ നിന്നില്ല.
ഞാൻ ഒരു ശത്രുവിനെ നേടിയെടുത്തു.
കുനിഞ്ഞ ശിരസ്സുമായി അവൻ ഒന്നും മിണ്ടാതെ നടന്നുപോകുന്നത് നോക്കി നിൽക്കാനേ എനിക്ക് കഴിയുമായിരുന്നുള്ളൂ.
(തുടരും)

“ഒരു മണ്ടൻ്റെ സ്വപ്നങ്ങൾ” അദ്ധ്യായം -3

ജോൺ കുറിഞ്ഞിരപ്പള്ളി

ഷിജോ ഇലഞ്ഞിക്കൽ

അവർ പ്രണയിച്ചുതുടങ്ങിയിട്ട് അന്നേക്ക് ഇരുപത്തിയഞ്ചുവര്ഷം പൂർത്തിയാകുകയായിരിന്നു …
മെഴുകുതിരിവെളിച്ചത്തിൽ അത്താഴ0 കഴിച്ചു, പതിവിലുംകൂടുതൽനേരം വർത്തനമാനം പറഞ്ഞു …
രാവേറെയായ് …ഇനിയുറങ്ങാം: അവൾ പറഞ്ഞു.
അവൻ്റെ നെഞ്ചോടുചേർന്ന്അവൾക്കിടന്നു …
ചേട്ടന്റ്റെഹൃദയമിടിപ്പിന് എന്തോരുശബ്ദമാണ്, എനിക്കിതുകേട്ടിട്ട് ഉറങ്ങാൻപറ്റുന്നില്ല: അവൾ പരിഭവം പറഞ്ഞു.
ഒരൊറ്റദീർഘശ്വാസത്തിൽ അവൻ ഹൃദയമിടിപ്പ്നിറുത്തി; കാരണം അവൻ അവളെ അത്രമേൽ സ്നേഹിച്ചിരുന്നു …
അവൾ സുഖമായി ഉറങ്ങി …
അവനും !!!

ഷിജോ തോമസ്‌ ഇലഞ്ഞിക്കൽ

ഇംഗ്ലഡിലെ രേജിസ്റെർഡ് സോഷ്യൽ വർക്കറാണ്. സൈക്കോളജിയിൽ ബിരുദാനദരബിരുദം.UK യിൽ വിവിധ ഇടവകകളിൽ Children and Youth പേഴ്‌സണാലിറ്റി ഡെവലപ്മെൻറ്, റിട്രീറ്റ് പ്രോഗ്രാമുകൾ നടത്തിവരുന്നു. കൂട്ടിനൊരുദൈവം, നന്മ്മയുടെനിറം, Charge & Change എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭാര്യ: ജിംസി

മക്കൾ: ഹെയ്‌സൽമരിയ, ഹെലേനറോസ്

Email: [email protected]
Mobile: 07466520634

ജോൺ കുറിഞ്ഞിരപ്പള്ളി

കാറിൽ വന്ന ആ സ്ത്രീ ആരാണെങ്കിലും എനിക്ക് എന്താ?അതായിരുന്നു എന്റെ ചിന്ത.പക്ഷേ ഇന്റർവ്യൂ ചെയ്യുന്ന സ്ഥലത്തെങ്ങാനും അവർ എന്നെ കണ്ടാൽ നാ ണക്കേടാകും എന്ന് ഒരു ചിന്ത മനസ്സിനെ അലട്ടാതിരുന്നുമില്ല
ഞാൻ റിസപ്ഷനിൽ റിപ്പോർട്ട് ചെയ്തു.ജോൺ സെബാസ്റ്റ്യൻ ഗേറ്റിൽ ഞാൻ തിരിച്ചുവരുന്നതുവരെ കാത്തു നിൽക്കാം എന്നും തീരുമാനിച്ചു.
ഞാൻ വിചാരിച്ചതിലും വലിയ ഒരു സ്ഥാപനമായിരുന്നു NGEF.റിസപ്ഷനിൽ ഏതാണ്ട് ഇരുപതോളം പേർ ഇന്റർവ്യൂ ന് എത്തിയിട്ടുണ്ട്.എല്ലാവരുടെയും മുഖത്ത് പരിഭ്രമവും ഭയവും തെളിഞ്ഞു കാണാം.എന്നെ സംബന്ധിച്ച് ഇത് ആദ്യത്തെ ഇന്റർവ്യൂ ആണ്.കിട്ടിയാൽ കിട്ടി,പോയാൽ പോട്ടെ എന്ന ഒരു ആറ്റിട്യൂട് ആയിരുന്നു മനസ്സിൽ.
നാട്ടിലെ ക്ലബും ചീട്ടുകളിയും മറ്റുമായിരുന്നു എനിക്ക് ഈ ജോലിയെക്കാൾ പ്രധാനം.
ഒരു ക്ലാർക്ക് വന്ന് എല്ലാവരുടെയും CV വാങ്ങി അകത്തേക്ക് പോയി.
കുറച്ചുകഴിഞ്ഞു ഓരോരുത്തരെയായി ഇന്റർവ്യൂ ന് വിളിച്ചു തുടങ്ങി.
എനിക്ക് മനസ്സിൽ ഭയം ഇല്ലാതില്ല.ഞങ്ങളെ കാറിൽ കയറ്റി ഇവിടെ എത്തിച്ച ആ സ്ത്രീ ഞാൻ ഇവിടെ ഇരിക്കുമ്പോൾ കയറി വന്നാൽ ആകെ നാണക്കേടാകും.അഥവാ അവർ കയറി വന്നാൽ എന്തുചെയ്യണം ?അവരിൽ നിന്നും രക്ഷപ്പെടുന്നത് പ്ലാൻ ചെയ്തുകൊണ്ടിരിക്കുമ്പോൾ ക്ലർക്ക് വന്ന് എന്റെ പേരുവിളിച്ചു.
“മാത്യു എം.എ.”
രക്ഷപെട്ടു.ഇനി അവരെ പേടിക്കണ്ട .തമ്മിൽ കണ്ടാൽ എന്തെങ്കിലും തരികിട കാണിച്ചു രക്ഷപെടാം.
ഞാൻ വാതിൽ തുറന്ന് അകത്തുകയറി.
അഞ്ചുപേരടങ്ങുന്ന ഒരു ഗ്രൂപ് ആയിരുന്നു ഇന്റർവ്യൂ ബോർഡ് .നടുഭാഗത്തെ സീറ്റിൽ ഒരു സ്ത്രീ ഇരിക്കുന്നു.ഞാനൊന്നേ നോക്കിയുള്ളൂ.അത് അവരായിരുന്നു, ഞങ്ങളെ കാറിൽ കയറ്റി കൊണ്ടുവന്ന ആ യുവതി.
അവർ യാതൊരു പരിചയവും കാണിച്ചില്ല.പുരുഷന്മാരിൽ ഒരാൾ ഇരിക്കാൻ പറഞ്ഞു.ഞാൻ കസേരയുടെ ഒരറ്റത്തിരുന്നു.
അവർ എന്നെ തിരിച്ചറിഞ്ഞിട്ടില്ല എന്ന് തോന്നുന്നു. ഒന്നും മനസ്സിലാകുന്നില്ല.ഒരാൾ എന്റെ ബയോ ഡാറ്റ നോക്കിയിട്ട് മദ്ധ്യത്തിൽ ഇരിക്കുന്ന സ്ത്രീയുടെ കയ്യിലേക്ക് കൊടുത്തു.ആരൊക്കെയോ എന്തൊക്കെയോ ചോദ്യങ്ങൾ ചോദിച്ചു.എന്തൊക്കെയോ ഉത്തരങ്ങൾ പറഞ്ഞു.
എങ്ങിനെയെങ്കിലും ഇത് അവസാനിപ്പിച്ചിട്ട് രക്ഷപ്പെട്ടാൽ മതിയെന്നായി.ഇനി ബോർഡ് ചെയർമാന്റെ ഊഴമാണ്.അവർ മലയാളി അല്ലാത്തത്.ഭാഗ്യമായി.ഞങ്ങൾ മലയാളത്തിൽ അവരെക്കുറിച്ചു തമ്മിൽ പറഞ്ഞ വളിച്ച കോമഡി ഏതായലും അവർക്ക് മനസിലായിട്ടില്ല.
പിന്നെ ഒരു ലിഫ്റ്റ് കിട്ടാൻ ഒരു ചീപ് കളി കളിച്ചു.
സാരമില്ല.
ഞാൻ സ്വയം സമാധാനിച്ചു.
അല്ലെങ്കിൽ ഞാൻ എന്തിന് പേടിക്കണം?ഇത് കൊലപാതക കേസ് ഒന്നുമല്ലല്ലോ.
കൂടിവന്നാൽ ഈ ജോലി കിട്ടില്ല. അത്ര തന്നെ.
എന്റെ ബയോ ഡാറ്റയിൽ നിന്ന് മുഖമുയർത്തി അവർ ഒരുചോദ്യം.
“മാത്യു ,പാലാക്കാരൻ ആണ് അല്ലെ”?
ഈശ്വര ഇവർ മലയാളി ആണോ ?വായിലെ ഉമിനീർ വറ്റിപോയി.”കൂട്ടുകാരൻ എവിടെ,?നിങ്ങളുടെ അസിസ്റ്റന്റ്?”
ഒന്നും പറയാതെ ഞാൻ സീറ്റിൽ നിന്നും എഴുനേറ്റു.ഇനി ഇവിടെ ഇരുന്നിട്ട് പ്രയോജനമില്ല.
അവർ പറഞ്ഞു.”ഇരിക്കൂ”
ഞാൻ അറിയാതെ ഇരുന്നുപോയി.അപ്പോൾ ഞാൻ തീരുമാനിച്ചു,ഇവരെ അങ്ങിനെ ജയിക്കാൻ അനുവദിക്കരുത്.
“അല്ല.കാഞ്ഞിരപ്പള്ളിയാണ്”ഞാൻ വെറുതെ തട്ടിവിട്ടു.
“അവിടെ?”
“കൊട്ടാരത്തിൽ ജോസഫ് എന്ന് കേട്ടിട്ടുണ്ടോ?”അറിയുന്ന ഏറ്റവും വലിയ പണക്കാരന്റെ പേര് വെറുതെ പറഞ്ഞതാണ്.
“കേട്ടിട്ടുണ്ട് ,എന്നുമാത്രമല്ല അടുത്തറിയും എൻ്റെ പപ്പയാണ്”അവർ തുടർന്നു.
“പപ്പാ വലിയ തമാശക്കാരനാണ്.”
ഞാൻ ശരിക്കും വിയർത്തുപോയി.അവരെ പറ്റിക്കാൻ കാഞ്ഞിരപ്പള്ളിയിലെ ഏറ്റവും ധനികനായി അറിയപ്പെടുന്ന ആളിന്റെ പേര് പറഞ്ഞതാണ്.
“എൻ്റെ പപ്പയുടെ ഓരോ താമാശുകൾ..അതുപോകട്ടെ ,അപ്പോൾ എന്റെ ജോലിയുടെ കാര്യം എങ്ങിനെ?”
ഇത്രയുമായപ്പോൾ ഞാൻ ധൈര്യം സംഭരിച്ചു ചോദിച്ചു
“പേരെന്താ?”
“നിങ്ങളുടെ തരികിട കളി കണ്ടപ്പോഴേ എനിക്ക് മനസ്സിലായി നിങ്ങൾ മലയാളികളാണെന്ന്”അവർ പറഞ്ഞു.അടുത്ത ചോദ്യത്തിൽ ശരിയ്ക്കും ഞാൻ ചമ്മി.
.”നിങ്ങളുടെ സ്റ്റീയറിങ് കൂട്ടുകാരന്റെ കയ്യിലാണോ?”
“അത് വെറുതെ.വഴി അറിഞ്ഞുകൂടാത്തതുകൊണ്ട് ലോഡ്ജിൽ നിന്നും കൂട്ടികൊണ്ടു വന്നതാണ് അയാളെ..”
അവർ പിന്നെ കൂടുതൽ ഒന്നും ചോദിച്ചില്ല.ബോർഡിൽ ഉള്ളവർ ഞങ്ങൾ സംസാരിക്കുന്നത് ശ്രദ്ധിക്കുന്നതുകൊണ്ടായിരിക്കണം.
ഇന്റർവ്യൂ കഴിഞ്ഞുപുറത്തിറങ്ങിയപ്പോൾ കാഞ്ഞിരപ്പള്ളിയിലുള്ള എൻ്റെ അടുത്ത ഒരു സുഹൃത്ത് ,ജെയിംസിനെ ഓർമ്മ വന്നു.ഏതായാലും അവനെ ഒന്ന് വിളിച്ചു നോക്കാം.
സംസാരമദ്ധ്യേ അവനോട് കാര്യം പറഞ്ഞു,”എടാ നീ കൊട്ടാരത്തിൽ ജോസഫ് ചേട്ടനെ അറിയുമോ?”
“അറിയും.ഞങ്ങളുടെ അടുത്ത ബന്ധു ആണ്”.
“പുള്ളിക്കാരന്റെ മകളെ ഇന്ന് പരിചയപ്പെട്ടു”
“മകളെ?”
“അതെ.ബാംഗ്ലൂരിൽ വച്ച്”
“അതിന് അങ്കിളിന് മകളില്ലല്ലോ”
“നീ എന്താ പറഞ്ഞത്?.മകൾ ഇല്ലന്നോ?”
“അങ്കിളിന് പെണ്മക്കളില്ല.രണ്ട് ആണ്കുട്ടികളേയുള്ളു.”
അപ്പോൾ ഞാൻ വെറും മത്തായി .
ശശി വീണ്ടും ശശി ആയി എന്ന് പറയുന്നതുപോലെ മത്തായി വീണ്ടും വെറും മത്തായി.
എന്നാൽ പോസ്റ്റിൽ അടുത്ത ദിവസം വന്ന ലെറ്റർ തുറന്നു നോക്കിയപ്പോൾ ഞാൻ വീണ്ടും ഞെട്ടിപ്പോയി.
N.G.E.F.ൽ HR ഡിപ്പാർട്മെന്റിൽ അസിസ്റ്റന്റ് ആയി ജോലിക്കുള്ള ഓഫർ ലെറ്റർ ആയിരുന്നു അത്.

(തുടരും)

ഒരു മണ്ടൻ്റെ സ്വപ്നങ്ങൾ”   നോവൽ അദ്ധ്യായം -2

 

ജോൺ കുറിഞ്ഞിരപ്പള്ളി

കാരൂർ സോമൻ

ആമുഖം

ഉത്തരേന്ത്യയില്‍ ജോലി നോക്കിയിരിന്ന കാലത്ത് സാമൂഹിക സേവന രംഗത്ത് പൂര്‍ണമായി അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്ന ധാരാളം കന്യാസ്ത്രീകളുണ്ട്. ദൈവത്തിനുവേണ്ടി മാത്രമല്ല സമൂഹത്തിനായും പ്രവര്‍ത്തിച്ച്, താഴെക്കിടയിലുള്ളവരുടെ ഉന്നമനത്തിലൂടെ കൃതാര്‍ത്ഥരാകുന്നു കന്യാസ്ത്രീകള്‍. ഇവരോടൊപ്പം സഞ്ചരിച്ച് പ്രവര്‍ത്തിക്കുവാന്‍ എനിക്കും പഞ്ചാബില്‍ വെച്ച് അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അതിലൂടെ അവരുടെ നിസ്വാര്‍ത്ഥസേവനങ്ങള്‍ കണ്ടറിഞ്ഞതുമുതല്‍ ഒരു നോവല്‍ എഴുതണമെന്ന ചിന്ത എന്റെ മനസ്സിലുണ്ടായിരുന്നു. ഇന്ത്യ വിട്ട് വിദേശവാസം ചെയ്യുമ്പോഴാണ് ഒരു മലയാളി കന്യാസ്ത്രീ ബ്രിട്ടനില്‍ ലൈഗീക തൊഴിലാളികള്‍ക്ക് താങ്ങും തണലുമാകുന്ന ഒരു വാര്‍ത്ത കണ്ടത്. അത് ഒരു നോവലിലേക്ക്് എന്നെ നയിച്ചു.
കാര്‍മേല്‍ എന്ന കന്യാസ്ത്രീ കേരളത്തിലെ അനാഥാലയത്തില്‍ വളര്‍ന്ന് റോമിലെത്തി വൈദ്യശാസ്ത്രം പഠിച്ചു ലോകത്ത് പല ഭാഗങ്ങളിലായി അവര്‍ കണ്ടെത്തിയ ലൈഗീക തൊഴിലാളികള്‍ക്ക് സ്‌നേഹവും കരുണയും പകര്‍ന്നു നല്‍കി ആരോഗ്യകരമായ ഒരു ജീവിതത്തിലേക്ക്, യഥാര്‍ത്ഥ ജീവിത സൗന്ദര്യങ്ങളിലേക്ക് വഴിനടത്തുന്ന കാര്‍മേലിന്റ ധന്യജീവിതമാണ് പ്രമേയം.
അത്മീയതയും ഭൗതികതയും തമ്മിലുള്ള സഘര്‍ഷങ്ങളിലൂടെയായാണ് യാത്ര. ഗണിതശാസ്ത്രത്തില്‍ കാലത്തിനൊപ്പം വീണുപോകാത്ത ചില കണക്കുകള്‍ എപ്പോഴും ബാക്കിയുണ്ടാകുമെല്ലോ? ജനിതക വൈകൃതങ്ങള്‍ മറയ്ക്കാതെ തന്നെ ആദര്‍ശത്തിന്റ ഏണിപ്പടിയിലൂടെ ഉയരങ്ങളില്‍ അവരെ പ്രതിഷ്ഠിക്കാനാണ് എന്റെ എളിയ ശ്രമം.
നിത്യമായി നടന്നു പോകുന്ന,അല്ലെങ്കില്‍ സംഭവിക്കുന്ന,അതുമല്ലെങ്കില്‍ ഒരിക്കലും സംഭവിക്കരുതെന്ന് നന്മ മനസ്സുകള്‍ കൊതിക്കുന്ന സംഭവങ്ങളും കഥാപാത്രങ്ങളും സവിനയം സമര്‍പ്പിക്കുന്നു. സ്വീകരിച്ചാലും.

സ്‌നേഹപൂര്‍വം,
കാരൂര്‍സോമന്‍

അദ്ധ്യായം – ഒന്ന്

കനലെരിയും വഴിത്താരകള്‍

സാഗരം
ജനസാഗരം
അതൊരു വലിയ സാഗരം പോലെ തോന്നിച്ചു.
പല നിറത്തിലുള്ള മനുഷ്യര്‍ പലഭാഗങ്ങളില്‍ നിന്ന് തിരകളായി തിരയടിക്കുന്ന ഒരു മഹാ സമുദ്രം. ഒന്നിച്ച് യാത്രചെയ്തവരെങ്കിലും പലതീരങ്ങളില്‍ അണയേണ്ടവരെന്നപോലെ പരസ്പരം ശ്രദ്ധിക്കാതെ തിരക്കിട്ട് കടന്നുപോകുന്നു. പേരില്ലാത്തവരുടെ കാലാള്‍പ്പട. പല രാജ്യങ്ങളില്‍ നിന്നു മണിക്കൂറുകളോളം സഞ്ചരിച്ചെത്തിയവര്‍. കറുത്തവര്‍, വെളുത്തവര്‍, ഇരുനിറക്കാര്‍, ആകര്‍ഷകമായി അരമുറി വസ്ത്രം ധരിച്ച സുന്ദരിമാര്‍, അവരുടെ ചുവന്നചുണ്ടുകള്‍ക്കും മിഴികള്‍ക്കും വിടരുന്ന പൂക്കളുടെ മനോഹാരിതയാണ്. അതില്‍ ചിലര്‍ തനത് നാടിന്റെ പ്രാദേശിക സുചകമായി ഉടയാടയണിഞ്ഞവരുണ്ട്. ഒരോ നിമിഷവും ആ സാഗരം പല മടങ്ങായി പലയിടത്തും വലുതായികൊണ്ടിരിന്നു.

ലണ്ടനിലെ പ്രമുഖ ഹിത്രു എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയതുമുതല്‍ ജാക്കി ഏതോ സ്വപനലോകത്തിലകപ്പെട്ടതുപോലെയായിരുന്നു. ജാക്കിയെന്ന് വിളിപേരുള്ള ഹരിഹരന്‍. താന്‍ തന്നെ സ്വയം മറന്നുപോയ തന്റെ സ്വന്തം പേര് – ഹരിഹരന്‍-ങ്ഹാ! അതൊരു രസാവഹമായ കഥയാണ്.

ഹിത്രു വിമാനത്താവളമെന്ന മായാലോകം. എവിടെ നോക്കണം എങ്ങനെ നോക്കണമെന്നറിയാതെ ജാക്കി മിഴിച്ചുനിന്നു. പച്ചപ്പുകള്‍ കരിഞ്ഞുണങ്ങാത്ത നാട്ടില്‍ നിന്നുമെത്തിയവന്‍. മിനിറ്റുകള്‍ക്കിടയില്‍ എത്രയെത്ര അതിമനോഹരങ്ങളായ തിളക്കമാര്‍ന്ന വിമാനങ്ങളാണ് ചിറക് വിടര്‍ത്തി പറന്നെത്തുന്നതും പറന്നുയുരുന്നതും. അവിടെയും സമുദ്രം അലയടിക്കുന്ന ശബ്ദം. ഓരോരോ രാജ്യങ്ങളുടെ കീര്‍ത്തിമുദ്രകളായി നീണ്ടുകിടക്കുന്ന വിമാനങ്ങളെ കൗതുകത്തോടെ നോക്കികൊണ്ട് ജാക്കി എമിഗ്രേഷനിലേക്ക് നടന്നു. അപ്പോഴും മനസ്സില്‍ നിറയെ നിരനിരയായി കിടക്കുന്ന വിമാനങ്ങളായിരുന്നു. ദുബൈ എയര്‍പോര്‍ട്ടിലും ഇത്രമാത്രം വിമാനങ്ങള്‍ കണ്ടില്ല. മുന്നിലൂടെ പ്രണയസമുദ്രത്തിലിളകി മറിഞ്ഞുകൊണ്ട് ഒരു യുവതിയും യുവാവും നടക്കുന്നു. മനസ്സില്‍ നിറയെ പരിഭ്രമമാണ്. ആവശ്യമായ പേപ്പറുകളെല്ലാം കൈവശമുണ്ട്. എങ്കിലും ഇനിയും എന്തൊക്കെ ചോദ്യങ്ങളായിരിക്കുമവര്‍ ചോദിക്കുകയെന്നറിയില്ല. പഠിക്കാന്‍ വന്ന ഒരു വിദ്യാര്‍ത്ഥിയോട് കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കുമോ? ഞാനിവിടെ വന്നത് പഠിക്കാനാണ്, മതവികാരവും മതതീവ്രതയും വളര്‍ത്താനല്ല. എമിഗ്രേഷനിലും തിരമാല വരുന്നതുപോലെ ജനമെത്തുന്നു. ബ്രിട്ടീഷ് – യൂറോപ്യന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് അധികനേരം നില്‍ക്കേണ്ടി വരുന്നില്ല. അവര്‍ക്കെല്ലാം വ്യത്യസ്ഥവാതിലുകളാണ്. ബ്രിട്ടീഷ് പാസ്‌പോര്‍ട്ടുള്ളവര്‍ക്കു അഞ്ചു പ്രത്യേക ഗ്ലാസ് മുറികളില്‍ മെഷിനുകളുണ്ട്. ആ മെഷിനുകളാണ് എമിഗ്രേഷന്‍ ജോലി ചെയ്യുന്നത്. പാസ്‌പോര്‍ട്ടിലെ പ്രധാന പേജ് മെഷീനില്‍ അമര്‍ത്തുമ്പോള്‍ മുന്നിലെ സ്ക്രീനില്‍ മുഖം തെളിയുന്നു. പുറത്തേക്ക് പോകാന്‍ വാതില്‍ തുറക്കുന്നു. അതിന്റെ ഒരു ഭാഗത്ത് ഒരു കറുത്ത സ്ത്രീ സഹായത്തിനായി നില്പുണ്ട്. ക്യാമറകണ്ണുകള്‍ ഓരോരുത്തരുടെയും ചലനങ്ങള്‍ ഒപ്പിയെടുക്കുന്നു. ചില ഭാഗങ്ങളില്‍ പോലീസും നിലയുറപ്പിച്ചിട്ടുണ്ട്. ബ്രിട്ടിഷുകാരന്‍ ഒരു മിനിറ്റുകൊണ്ട് പുറത്തേക്ക് പോകുമ്പോള്‍ മറ്റു രാജ്യക്കാര്‍ ഒരു മണിക്കൂറിലധികം നില്‌ക്കേണ്ടി വരുന്നു. ബ്രിട്ടീഷ് – അമേരിക്കന്‍ പാസ്സ്‌പോര്‍ട്ടുള്ളവര്‍ക്ക് ധാരാളം രാജ്യങ്ങളിലേക്ക് വിസയില്ലാതെ സഞ്ചരിക്കാമെന്നാണ് വിമാനത്തില്‍ എന്റെയടുത്തിരുന്ന സായിപ്പ് പറഞ്ഞത്. മനുഷ്യര്‍ ജാതി പിശാചിന്റെ ക്രൂരതയില്‍ ദുരിതമനുഭവിക്കുന്നത് ഓര്‍മ്മയിലെത്തി. അതുപോലെ ദരിദ്രരാജ്യങ്ങള്‍ അവര്‍ണ്ണവരും സമ്പന്ന രാജ്യങ്ങള്‍ സവര്‍ണ്ണവരുമാണോ? യേശുകൃസ്തു, ഗുരുദേവന്റെ വാക്കുകള്‍ ഓര്‍ത്തു. “” നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ സ്‌നേഹിക്കുക” “” ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ”. മനുഷ്യ മനസ്സിന്റെ ജീര്‍ണ്ണതകളെ തുടച്ചുമാറ്റാന്‍ ഇതിനപ്പുറം ആഴവും അഴകുമുള്ള ആത്മാനന്ദം നല്കുന്ന കര്‍മ്മങ്ങളുണ്ടോ.? ബ്രിട്ടീഷ് അമേരിക്കന്‍ പാസ്സ്‌പോര്‍ട്ടുപോലെ എല്ലാ രാജ്യക്കാര്‍ക്കും എല്ലായിടത്തും സഞ്ചരിക്കാന്‍ തുല്യ നീതി, സ്വാതന്ത്ര്യം ലഭിച്ചാലേ യേശുവിന്റെ സ്‌നേഹം, ഗുരുദേവന്റെ ഒരു ജാതി, രാമന്റെ നന്മയുമൊക്കെ ആഘോഷിക്കാന്‍ സാധിക്കും. ഇല്ലെങ്കില്‍ കാലത്തിന്റ, ജാതിയുടെ അന്തേവാസികളായി തടവുമുറികളില്‍ പാര്‍ക്കേണ്ടിവരുമെന്ന് ജാക്കിക്ക് തോന്നി.

എമിഗ്രേഷന്‍ കഴിഞ്ഞ് മറ്റുള്ളവര്‍ക്കൊപ്പം പെട്ടിയെടുക്കാന്‍ താഴേക്ക് കണ്‍വെയര്‍ ബെല്‍റ്റിലൂടെ പോയി. അപ്പോള്‍ ഒന്നു മനസ്സിലായി. വെള്ളപ്പൊക്കം വന്നാലും ഈ ഭാഗങ്ങള്‍ സംരക്ഷിക്കാന്‍ സാധിക്കും. പെട്ടികളുടെ വരവും കാത്ത് യാത്രികര്‍ നില്ക്കുന്നു. എല്ലായിടത്തും വിമാനത്തിന്റെ നമ്പരും മറ്റും വെളിപ്പെടുത്തുന്നു. ദുബൈയില്‍ നിന്നുള്ള വിമാനത്തിന്റെ നമ്പര്‍ നോക്കി ആ ഭാഗത്തേക്ക് നടന്നു. അല്പസമയത്തിനുള്ളില്‍ പെട്ടിയെടുത്ത് പുറത്തേക്ക് നടക്കുന്നതിനിടയില്‍ എയര്‍പോര്‍ട്ടിനുള്ളിലെ കടകള്‍ നോക്കിനിന്നു. എന്തും വാങ്ങിപുറത്തേക്ക് കൊണ്ടുപോകാം. വ്യത്യസ്ഥങ്ങളായ ധാരാളം കടകള്‍. ഒരു പുസ്തക കടയില്‍ ഏറ്റവും വലിയ തിരക്ക് കണ്ടു. നൂറ്റാണ്ടുകളായി വായിച്ചു വായിച്ചു വളരുന്നവരാണ് ബ്രിട്ടീഷുകാര്‍. ആ സാഹിത്യം അവര്‍ ലോകമെങ്ങും എത്തിക്കുകയും ചെയ്തു. അവരുടെ സംസ്കൃതിയില്‍ പുസ്തവായനക്ക് പ്രധാന പങ്കാണുള്ളത്. ആറു നീന്തിയവനെ ആഴമറിയു എന്നതുപോലെ അറിവുള്ളവനെ ജീവിത പുരോഗതിയുണ്ടാകു.

യാത്രക്കാരെ സ്വീകരിക്കാനായി കാത്തു നില്ക്കുന്നവരിലേക്ക് ജാക്കി മെല്ലെ നടന്നു നീങ്ങി. സഞ്ചാരികളെ സ്വീകരിക്കാനായി പേരെഴുതിയ കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്നവരെ കണ്ടു. പലരുടെയും കൈകളില്‍ പൂക്കൂടകളുമുണ്ട്. അവിടെ എല്ലാ രാജ്യക്കാരേയും കണ്ടു. പെട്ടന്നുപിറകില്‍ നിന്നൊരു വിളികേട്ടു. “” ജാക്കി ” പെട്ടന്നവന്‍ തിരിഞ്ഞുനോക്കി. ജാക്കിയുടെ കണ്ണുകള്‍ സന്തോഷത്താല്‍ വിടര്‍ന്നു. അവന്‍ വിനയപൂര്‍വ്വം ചോദിച്ചു. “” ഡാനിയല്‍ സാറല്ലേ” ഡാനിയല്‍ എന്ന ഡാനി “” അതെ ഞാന്‍ തന്നെ ” സ്ഫുടതയുള്ള മലയാളത്തില്‍ മന്ദഹാസത്തോടുള്ള മറുപടി. ജാക്കി ആദരവോടെ ഡാനിയല്‍ സാറിന്റെ ഇരു കരങ്ങളും കവര്‍ന്നു.

കണ്ണട ധരിച്ച മദ്ധ്യവയസ്ക്കന്‍. കണ്ടാല്‍ ബഹുമാനം തോന്നിപ്പോകുന്ന പ്രസന്ന മുഖഭാവം. ജാക്കിയുടെ തോളില്‍ തട്ടിപറഞ്ഞു. “” വരൂ……പോകാം……..” അവര്‍ മുന്നോട്ട് നടന്ന് ലിഫ്റ്റില്‍ കയറി കാര്‍പാര്‍ക്കിലെത്തി. കാറ് മൂന്നോ നാലോ വളവുകള്‍ താണ്ടി താഴെ വരുമ്പോഴാണ് മനസ്സിലായത് കാര്‍പാര്‍ക്ക് വളരെ ഉയരത്തിലാണന്ന്. ജാക്കിയുടെ യാത്ര, കുടുംബം, കേരളത്തില്‍ ഈ നൂറ്റാണ്ടിലുണ്ടായ പ്രളയവും പേമാരിയും എല്ലാറ്റിനെപ്പറ്റിയും ചോദിച്ചുകൊണ്ടിരിന്നു. അതില്‍ വേദനാജനകമായി പറഞ്ഞത് വെള്ളപ്പൊക്കത്തിലും മണ്ണിടിഞ്ഞുവീണും ധാരാളം ജനങ്ങള്‍ മരിച്ചതാണ്. ചാരുംമൂട്ടിലും താമരക്കുളത്തും ജലപ്രളയമില്ലായിരുന്നു. ജാക്കിയും കൂട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് ചെങ്ങന്നൂരില്‍ പോയിരുന്നു. അതിന് ഡാനി അഭിനന്ദനമറിയിച്ചു. ദുരന്തവേളകളില്‍ യൗവ്വനക്കാര്‍ ഇറങ്ങണം. ഒരു മഹാജലപ്രളയം വേണ്ടിവന്നു ജാതിയും മതവും രാഷ്ട്രിയവും മറന്ന് മലയാളി ഒന്നാകാന്‍. ഇപ്പോള്‍ ജന്മനാടിനെയോര്‍ത്തു വിദേശ മലയാളികള്‍ക്ക് സന്തോഷമുണ്ടു, വെറുതെ ദൈവത്തിന്റ നാട് എന്ന് പറഞ്ഞിട്ട് കാര്യമില്ല. അവിടെ കാണുന്ന അനീതി, അക്രമം തുടങ്ങിയ അശുദ്ധി ഇപ്പോള്‍ വെള്ളത്താല്‍ ശുദ്ധി ചെയ്്‌തെടുത്തിരിക്കുന്നു. ഈ മഹാദുരന്തത്തിന് ജാക്കിയുടെ കണക്കുകൂട്ടല്‍ ഇങ്ങനെയാണ്. “” മനുഷ്യര്‍ പ്രകൃതിയോട് കാട്ടുന്ന ക്രൂരത, സമ്പത്തിലും അഹങ്കാരത്തിലും നീന്തിത്തുടിച്ചവരെ നദി തന്നെ നിലയല്ലാക്കയങ്ങളില്‍ മുക്കി.” ഡാനിയും അതിനെപ്പറ്റിയാണ് ചിന്തിച്ചത്. പ്രകൃതി ഇത്രമാത്രം സംഹാരഭാവത്തോടെ എന്തിനുവന്നു? പ്രകൃതിരമണീയമായ അതീവഭംഗിയുള്ള പച്ചിലകളാല്‍ സമൃദ്ധമായ ഈ ചേതോഹരദേശത്തെ സംഹരിച്ചത് എത്രയാലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ദൈവത്തിന്റെ സ്വന്തം നാട് എത്രവേഗത്തിലാണ് പിശാച് ശൂന്യമാക്കിയത്. സ്വന്തം പ്രാണനെ രക്ഷിപ്പാന്‍ കഴിയാതെ നിലവിളിച്ചവരുടെ പ്രാണഭീതി കാതുകളില്‍ മുഴങ്ങിക്കൊണ്ടിരിക്കെ ജാക്കിയോട് പറഞ്ഞു.
“”ഇത് കലികാലമാണ.് ബാബേല്‍ രാജാവായിരുന്ന നെബുഖദ് നേസര്‍ രാജാവിന്റെ കാലത്ത് യിസ്രായേലിലെ യിരെമ്യാവു പ്രവാചകന്‍ ഫെലിസ്ത്യയിലെ ജനതയോട് യഹോവയിങ്കല്‍ നിന്നുണ്ടായ അരുളപ്പാട് പറയുന്നു. വടക്കു നിന്നും വെള്ളം പൊങ്ങി കവിഞ്ഞൊഴുകുന്ന നദി ദേശത്തിന്‍മേലും അതിലുള്ള സകലത്തിന്മേലും പട്ടണത്തിന്‍മേലും അതില്‍ പാര്‍ക്കുന്നവരില്‍മേലും കവിഞ്ഞൊഴുകും. അപ്പോള്‍ മനുഷ്യര്‍ നിലവിളിക്കും. ദേശനിവാസികളൊക്കയും അലമുറയിടും. ദൈവത്തിന്റെ ദാസനായ യാക്കോബിനോട് പറയുന്നു. യാക്കോബേ നീ ഭയപ്പെടേണ്ട. യിസ്രായേലേ നീ ഭയക്കേണ്ട. നിന്റെ സന്തതിയെ ഞാന്‍ രക്ഷിക്കും. ഞാന്‍ നിന്നോടു കൂടെയുണ്ട് ”. മലയാളികള്‍ ഫെലിസ്ത്യയിലെ ജനങ്ങളെപോലെ ദൈവ ഭയമില്ലാത്തവരും ധിക്കാരികളുമായോ?. ദൈവത്തിന്റ സ്വന്തം നാട്ടില്‍ യാക്കോബേ എന്ന വിളി കേള്‍ക്കാന്‍ എത്രപേരുണ്ടായിരുന്നു? ഇന്ത്യയില്‍ ധാരാളം ദൈവങ്ങളുള്ള നാടായിട്ടും ഈ പ്രളയത്തില്‍ നിന്നും ജനങ്ങളെ രക്ഷപെടുത്താന്‍ ഒരു പ്രവാചകനെയും കണ്ടില്ല. ജാതി-മത-അധികാരശക്തികള്‍ സുഖലോലുപരായി ജീവിക്കുന്ന നാടുകളിലാണ് ദുഃഖ-ദുരിതങ്ങള്‍ കുടുതലും പേമാരിയായി പെയ്തിറങ്ങുന്നത്. ആദ്യം ഒരു ദുരന്തം വരാതിരിക്കാനാണ് ഭരണകൂടം ശ്രദ്ധിക്കേണ്ടത്. രണ്ടാമത് ഒരു ദുരന്തം വന്നാല്‍ അതിനെ എങ്ങനെ നേരിടാമെന്നത് അമേരിക്ക, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളെ കണ്ടുപഠിക്കണം. ഇവിടെ ഒരു വീട് വെക്കുന്നതുപോലും പ്രകൃതിക്ക് ഇണങ്ങും വിധമാണ്. അധികാരികള്‍ക്ക് കിട്ടുന്ന കൈക്കൂലിയുടെ കനത്തില്‍ ഓരോരുത്തരുടെ ഇഷ്ടത്തിന് വീടുവെക്കാന്‍ അനുവദിക്കില്ല. നമുക്കുണ്ടായ ഈ അനുഭവങ്ങള്‍ കേരളത്തെ ഒരു നവകേരളമാക്കി മാറ്റുമെന്ന് ഞാന്‍ പ്രതീക്ഷിയ്ക്കുന്നു. ഈ ദുരന്തത്തില്‍ കണ്ട കരുതലും കൂട്ടായ്മയും തുടര്‍ന്നുമുണ്ടായാല്‍ കേരളം ലോകത്തിനു തന്നെ മാതൃകയാകും അല്ലേ ജാക്കി?” അവനും അത് ശരിവെച്ചു.

“” ഈശ്വരന് ഒരു ദേശത്തേയോ നഗരത്തെയോ നശിപ്പിക്കാന്‍ അധികസമയം വേണ്ട. ഈശ്വരന്റെ പ്രതികാര ദിവസങ്ങളാണ് കണ്ടത്. എന്നാലും മലയാളി പഠിക്കില്ല സാറെ”
യാതൊരു പൊങ്ങച്ചങ്ങളും ജാടകളുമില്ലാത്ത ആത്മീയ സ്വഭാവമുള്ള ഒരു സാധാരണ മനുഷ്യനെ ജാക്കി ഡാനിസാറില്‍ കണ്ടുപിടിച്ചു. യാത്രയില്‍ ജാക്കി സുന്ദരമായ വഴിയോര കാഴ്ചകളില്‍ മയങ്ങിയിരുന്നു. അടുത്തുകൂടി ഒരു പോലീസ് വാഹനം സൈറണ്‍ മുഴക്കി പാഞ്ഞുപോയി. രാജാക്കന്മാരുടെയും രാജ്ഞിമാരുടെയും ഈ മഹാനഗരം ഇത്രമാത്രം ആകര്‍ഷകമെന്ന് കരുതിയില്ല. ആകാശനീലിമയില്‍ നിന്ന് മണ്ണില്‍ പരന്നൊഴുകുന്നത് ചന്ദ്രകിരണങ്ങളോ സൂര്യകിരണങ്ങളോ എന്നതറിയില്ല. എങ്ങും ഒരു നിലാവിന്റെ പ്രതീതി പരന്നു കിടക്കുന്നു.

എയര്‍പോര്‍ട്ടില്‍നിന്നു ഒന്നരമണിക്കൂര്‍ യാത്ര ചെയ്‌തെത്തിയത് പുഞ്ചിരിതൂകി നില്ക്കുന്ന പൂക്കളുടെ ഉദ്യാനത്തിലാണ്. ചുറ്റിലും പച്ചപ്പുകള്‍ നിറഞ്ഞ മരങ്ങളുടെയിടയില്‍ രണ്ടും മൂന്നും നിലകളുള്ള ഏതാനം കെട്ടിടങ്ങള്‍, ഒരു ഭാഗത്ത് പച്ചക്കറിതോട്ടം. മറ്റൊരു ഭാഗത്ത് ഓറഞ്ച,് ആപ്പിള്‍, പിയേര്‍സും വിവിധ നിറങ്ങളില്‍ കണ്ടു. പ്രകൃതി സൗന്ദര്യം തുളുമ്പി നില്ക്കുന്ന കാഴ്ചകള്‍. ശ്രദ്ധാപൂര്‍വ്വം നോക്കി നടത്തുന്ന കായ്കറി വിള നിലങ്ങളാണ്. അവിടേക്ക് ഏതാനം സ്ത്രീകള്‍ നടന്നുനീങ്ങുന്നു.

മനോഹരമായ ഒരു വലിയ കെട്ടിടത്തിന് മുന്നില്‍ കാര്‍ നിന്നു. ജാക്കി കാറില്‍ നിന്നിറങ്ങി ഉത്സാഹത്തോടെ ചുറ്റും നോക്കി. എങ്ങും കൗതുകകാഴ്ചകള്‍ മാത്രം. എല്ലാ കെട്ടിടങ്ങളുടെയും മുന്‍ഭാഗം സുന്ദരവും കണ്ണുകള്‍ക്ക് ആനന്ദം പകരുന്നതുമാണ്. ജനാലകള്‍ ഗ്ലസ്സുകള്‍ പതിച്ചവയാണ്. കാര്‍ പാര്‍ക്കില്‍ ഏതാനം കാറുകള്‍ കിടക്കുന്നു. മറ്റൊരു ഇരുനില കെട്ടിടത്തിന്റെ ജനാലയിലൂടെ ഏതാനും സ്ത്രീകള്‍ താഴെയെത്തിയ ഞങ്ങളെ ശ്രദ്ധയോടെ നോക്കുന്നു. അടുത്തുള്ള ജനാലയിലൂടെ നോക്കുന്നവരുടെ കണ്ണുകളില്‍ എന്തോ ഒരു അപാകത. പറഞ്ഞു കേട്ടതു ഇവിടെയെല്ലാം വേശ്യകളെന്നാണ്. അവരുടെ അംഗചലനങ്ങള്‍ അതാണ് സൂചിപ്പിക്കുന്നത്. കണ്ണുകളിലും ചുണ്ടുകളിലും ഒരു പുരുഷനെ ചുംബിക്കാനും മാറോടണക്കാനുമുള്ള വെമ്പലുണ്ട്.

ഡാനി സാര്‍ കെട്ടിടത്തിന്റെ മുന്‍ വാതിലിലെ കോളിങ്ങ് ബെല്‍ അമര്‍ത്തി. പതിമൂന്ന് മണിക്കൂറിലധികം യാത്ര ചെയ്തുവന്ന ക്ഷീണം ജാക്കിയുടെ മുഖത്ത് കണ്ടില്ല. പ്രസന്നഭാവമാണ്.
മുന്നിലെ ഗ്ലാസിട്ട കതകിന് പിന്നില്‍ ഒരു നിഴല്‍ കണ്ടു. ആദ്യം കരുതിയത് സിസ്റ്റര്‍ കാര്‍മേല്‍ ആയിരിക്കുമെന്നാണ്. പക്ഷെ കതക് തുറന്നത് മദാലസയായ ഒരു മദാമ്മയാണ്. വടിവൊത്ത ശരീരപ്രകൃതി. കൈകളിലും സ്തനങ്ങളുടെ മുകളിലും ഏതോ ചിത്രങ്ങള്‍ വരച്ചിരിക്കുന്നു. പ്രായം മുപ്പതോ മുപ്പത്തിയഞ്ചോ തോന്നും. കഴുത്തില്‍ രുദ്രാക്ഷമാല പോലുള്ള ഒരു മാല തൂക്കിയിട്ടിരിക്കുന്നു. കാതുകളില്‍ കമ്മലുകളില്ല. പുരികങ്ങളുമെഴുതിയിട്ടില്ല. തലമുടി ചെമ്പിച്ചതാണ്. ശരീര സൗന്ദര്യം ആകര്‍ഷകമാണ്. ആംഗ്യ ഭാഷ കാട്ടിയപ്പോഴാണ് സംസാരിക്കാന്‍ കഴിവില്ലാത്തവള്‍ എന്നറിഞ്ഞത്. ഓമനത്തമുള്ള ആ മുഖത്ത് കടുത്ത നിരാശ. അവളുടെ ജീവിതം ആരെങ്കിലും ചവുട്ടിമെതിച്ചതാണോ?

ഞങ്ങളെ മനസ്സിലാക്കിയതുപോലെ അകത്തേക്ക് ക്ഷണിച്ചു. മുറിക്കുള്ളിലെത്തിയപ്പോള്‍ അവിടുള്ള കസേരയില്‍ ഇരിക്കാന്‍ ആംഗ്യം കാട്ടി. ഞങ്ങള്‍ ഇരുന്നു. മുറിക്കുള്ളില്‍ യേശുകൃസ്തുവിന്റെ ക്രൂശിത രൂപം. മെര്‍ളിന്‍ പുറത്തേക്ക് നടന്നു. ജാക്കിയോട് ഡാനി മെര്‍ളിനെപറ്റി വിവരിച്ചു. സിസ്റ്റര്‍ കാര്‍മേലിന്റെ സെക്രട്ടറിയാണ്. ഇവിടുത്തെ എല്ലാ ഓഫീസ് കാര്യങ്ങളും ചെയ്യുന്നത് ഇവരാണ്. “”മെര്‍ളിന്‍ പോയത് നമ്മള്‍ വന്നകാര്യം സിസ്റ്ററെ അറിയിക്കാനാണ്.” ഡാനിയേല്‍ സാര്‍ പറഞ്ഞു. ജാക്കി ടിപോയില്‍ കിടന്ന ഇംഗ്ലീഷ് പത്രങ്ങള്‍ മറിച്ചുനോക്കിയിരുന്നു.

ഡാനി മൊബൈല്‍ ജാക്കിക്ക് കൊടുത്തിട്ട് പറഞ്ഞു “” ഇവിടെ എത്തിയ വിവരം വീട്ടിലുള്ളവരെ അറിയിക്ക് ” ജാക്കി ഭവ്യതയോടെ ഫോണ്‍ വാങ്ങി നാട്ടിലേക്ക് വിളിച്ചു. അച്ഛനോടും അമ്മയോടും സംസാരിച്ചു. ഫോണ്‍ മടക്കി കൊടുത്ത സമയം അവരുടെ മുന്നിലേക്ക് നിറപുഞ്ചിരിയുമായി മാലാഖയെപ്പോലെ ഒരു കന്യാസ്ത്രീ കടന്നു വന്നു. ആ തിളങ്ങുന്ന കണ്ണുകള്‍ ഒരു ദീപംപോലെ ജാക്കിക്ക് തോന്നി. ആ നെഞ്ചത്ത് തൂങ്ങികിടന്ന കുരുശ് സ്വര്‍ണ്ണം പോലെ തിളങ്ങുന്നു. നിലാവിന്റെ ഭംഗിയുള്ള വെള്ള വസ്ത്രം ധരിച്ചിരിക്കുന്നു. അവര്‍ എഴുന്നേറ്റ് നിന്ന് വണങ്ങി. അവരോട് ഇരിക്കാന്‍ ആംഗ്യംകാട്ടി കന്യാസ്ത്രീയും ഇരുന്നു. ജാക്കിയെ മന്ദഹാസത്തോടെ നോക്കി.
“” ങ്ഹാ ! ജാക്കി എത്തിയല്ലോ. ഞാന്‍ സിസ്റ്റര്‍ കാര്‍മേല്‍. യാത്ര സുഖമായിരുന്നോ? ”
“” സുഖമായിരുന്നു ” ജാക്കി മറുപടി പറഞ്ഞു.
ഒരമ്മയുടെ മുന്നിലിരിക്കുന്ന പ്രതീതിയാണ് ജാക്കിക്ക് അനുഭവപ്പെട്ടത്. ദിവ്യതേജസുള്ള ആ മുഖത്തേക്ക് അവന്‍ ഉറ്റുനോക്കിയിരുന്നു. പ്രായമുണ്ടെങ്കിലും ആ കണ്ണുകള്‍ക്ക് എന്ത് തിളക്കമാണ്. ആ നോട്ടം ആരുടെ ഹൃദയത്തിലും ശാന്തി പകരുന്നതാണ്. ആ കണ്ണുകള്‍, ചുണ്ടുകള്‍ എന്തിനൊക്കയോ ആശ്വാസം പകരുന്നതായി തോന്നുന്നു. കുളിര്‍മ്മയുള്ള മനസ്സുമായി ജാക്കി ഇരുന്നു. പക്ഷെ സിസ്റ്റര്‍ കാര്‍മേലിന്റെ മുഖത്ത് യാതൊരു ഭാവ വ്യത്യാസവുമുണ്ടായില്ല. നിറഞ്ഞ ചെറു മന്ദഹാസത്തോടെയുള്ള അതേ ഭാവം. ആ മന്ദഹാസത്തിന് ഒരു കടലിന്റെ ആഴവും പരപ്പുമുണ്ടായിരുന്നു. കടുത്ത മൂടല്‍ മഞ്ഞില്‍ കിടന്നാലും അവിടെമാകെ പ്രകാശപൂരിതമാകും. ധ്യാനവും മൗനവും കൂട്ടിയിഴക്കപ്പെട്ട നിമിഷങ്ങള്‍. മരുഭൂമിയിലും മഞ്ഞുമലകളിലുമിരുന്ന് മറ്റുള്ളവരുടെ ഐശ്വര്യത്തിനായി പ്രാര്‍ത്ഥിക്കുന്ന മണ്ണിലെ ജ്വലിച്ചുനില്‍ക്കുന്ന നക്ഷത്രങ്ങള്‍.

“” എന്റെ അതിഥിയായി ജാക്കിക്ക് ഏതാനം ആഴ്ചകള്‍ ഇവിടെ കഴിയാം. അതിനിടയില്‍ ഒരു ചെറിയ ജോലി, താമസസൗകര്യം കണ്ടെത്താന്‍ ഡാനിസാറിന്റെ സഹായം വേണം ”
“” തീര്‍ച്ചയായും ശ്രമിക്കാം- ജാക്കി നമ്മുടെ കുട്ടിയല്ലേ ? എന്നാല്‍ ഞാനിറങ്ങട്ടെ സിസ്റ്റര്‍ ”
അവര്‍ എഴുന്നേറ്റു. ജാക്കി ഡാനിസാറിന്റെ ഇരു കരങ്ങളും ചേര്‍ത്തു പിടിച്ചു പറഞ്ഞു.
“” വളരെ നന്ദിയുണ്ട് സാര്‍….. വളരെ നന്ദി ”

ഡാനി യാത്ര പറഞ്ഞു പിരിഞ്ഞു. അപ്പോള്‍ മെര്‍ളിന്‍ ഒരു ഫയലുമായി അവിടേക്കുവന്നു. അ ഫയല്‍ മേശപ്പുറത്ത് വെച്ചിട്ട് അവളുടെ കസേരയിലിരുന്നു.
“” ങ്ഹാ ” ജാക്കി ഇതാണ് മെര്‍ളിന്‍. ഇവിടുള്ളവരുടെ ഏക സഹായിയാണ്. ഇവള്‍ക്കൊപ്പം പഠിച്ചവര്‍ പലരും ജോലി ചെയ്യുന്നുണ്ട്. സ്വന്തം കുടുംബത്തിലെ രണ്ടാനച്ഛനില്‍ നിന്നും പീഡനങ്ങള്‍ ഏറ്റുവാങ്ങിയപ്പോള്‍ രക്ഷപ്പെട്ടെത്തിയത് ഇവിടെയാണ്. രണ്ടാനച്ഛന്‍ ഇപ്പോള്‍ ജയിലിലാണ്. സ്ത്രീപീഡകര്‍ക്ക് കഠിന ശിക്ഷയാണ് ഈ രാജ്യത്തുള്ളത്. ഈ സ്ഥാപനത്തിന്റെ പേര് അറിയാമോ? ലേഡീസ് കെയര്‍ ഹോം. ഇവിടെ പുരുഷന്‍മാര്‍ക്ക് പ്രവേശനമില്ല. അറിയാമല്ലോ?
“” അറിയാം സിസ്റ്റര്‍” ജാക്കി ഭവ്യതയോടെ പറഞ്ഞു.

“” ഇതൊരു ചാരിറ്റി സ്ഥാപനമാണ്. അറിഞ്ഞും അറിയാതെയും കടുത്ത സാഹചര്യത്തില്‍പ്പെട്ടും വഴിതെറ്റിപോകുന്ന പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും അവരുടെ ആരോഗ്യജീവിത സംരക്ഷണത്തിനായി അഭയം നല്കുന്ന സ്ഥാപനമാണ്. തെറ്റുകളും പാപങ്ങളും മാത്രം തലച്ചോറില്‍ ഉടക്കിനിര്‍ത്തിയവരെ തിരുത്തുകയെന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാലും മാനസികവും ശാരീരികവുമായി അവരെ ഒപ്പം നിറുത്താനും ചികിത്സ, പഠനം, തൊഴില്‍, പ്രാര്‍ത്ഥന മുതലായ കാര്യങ്ങളില്‍ മുന്നോട്ട് നയിക്കുന്നു. ഇവിടെ നിന്ന് പഠിച്ച് തൊഴില്‍ കിട്ടിയ പലരും കുടുംബജീവിതം നയിക്കുന്നുണ്ട്. ഞാനൊരു ഡോക്ടറായും ശുശ്രൂഷകയായും ഇവിടെ സേവനം ചെയ്യുന്നു. ഇതാണ് ഈ സ്ഥാപനത്തെപ്പറ്റി ചുരുക്കത്തില്‍ പറയാനുള്ളത്.”

സിസ്റ്റര്‍ കാര്‍മേല്‍ പറഞ്ഞതിന്റെ സാമൂഹ്യശാസ്ത്രം മനസ്സിലാക്കി ഉദ്വോഗത്തോടെ ജാക്കി പറഞ്ഞു. “” തീര്‍ച്ചയായും പാവപ്പെട്ട സ്ത്രീകള്‍ക്ക് സിസ്റ്റര്‍ ഒരു രക്ഷകയാണ്.” ചെറു പുഞ്ചിരിയോടെ സിസ്റ്റര്‍ പറഞ്ഞു.
“” രക്ഷകരായാല്‍ മാത്രം പോര. ആ രക്ഷയിലേക്ക് കടന്നുവരണം. കേരളത്തിലുണ്ടായ ജല പ്രളയത്തില്‍ എല്ലാവരും രക്ഷകരായി മുന്നോട്ട് വന്നത് ഞാനിവിടെയിരുന്ന് സന്തോഷത്തോടെയാണ് കണ്ടത്. എനിക്ക് ശമ്പളമില്ല എന്നാലും ഒരു ദിവസം ഉപവാസമെടുത്ത് ദൈവത്തോട് പ്രാര്‍ത്ഥിച്ചു. എന്റെ ജനത്തെ ഈ മഹാ പ്രളയത്തില്‍ നിന്ന് രക്ഷിക്കണമെന്ന്. ”

ജാക്കിയും ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന് പോയതും മറ്റും വിവരിച്ചു “” എല്ലാം ദൈവഹിതമാണ്. ജാക്കിയെ ഇവിടെയെത്തിച്ചതും ദൈവഹിതം. മോന്റെ കാര്യം എന്നോട് പറഞ്ഞത് ഇറ്റലിയില്‍ മെഡിസിന് എന്നോടൊപ്പം പഠിച്ച ഫാദര്‍ മൈക്കിളാണ്. മറ്റാരും ഇവിടെ സഹായത്തിനില്ലെന്നറിഞ്ഞപ്പോള്‍ രണ്ടാഴ്ച ഇവിടെ ഷെല്‍ട്ടര്‍ കൊടുക്കാമെന്ന് ഞാന്‍ പറഞ്ഞു. ഇവിടെ ഗസ്റ്റായി വരുന്നത് സന്യാസജീവിതം നയിക്കുന്നവരാണ്. ജാക്കി മെര്‍ളിനൊപ്പം പോയി എന്തെങ്കിലും കഴിച്ചിട്ട് ഒന്നു കുളിച്ച് ഫ്രഷാകുക. എനിക്കൊരു ക്ലാസിന് പോകണം. നമുക്ക് പിന്നീട് കാണാം. ഓകെ”

സിസ്റ്റര്‍ കാര്‍മേല്‍ കമ്പ്യൂട്ടറില്‍ എന്തോ റ്റൈപ്പ് ചെയ്തുകൊണ്ടിരിക്കുന്ന മെര്‍ളിനോട് ആംഗ്യഭാഷയില്‍ ജാക്കിയുടെ കാര്യം പറഞ്ഞിട്ട് പുറത്തേക്ക് നടന്നു.

സമൂഹത്തില്‍ വഴിതെറ്റി സഞ്ചരിക്കുന്ന സ്ത്രീകള്‍ക്കായി ജീവിതം മാറ്റിവെച്ച, ഒരു മാലാഖയുടെ മനസ്സുള്ള അമ്മയുടെ മുന്നിലിരിക്കാന്‍ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നു. ജനിച്ചുവളര്‍ന്ന മണ്ണില്‍ ഒരപകടമുണ്ടായപ്പോള്‍ ജന്മം നല്കിയ മണ്ണിനെയോര്‍ത്ത് പ്രാര്‍ത്ഥിക്കുന്ന അമ്മ. അതുവെറും പ്രര്‍ത്ഥനയല്ല. ഉപവാസ പ്രാര്‍ത്ഥന. എത്ര സന്യാസി വേഷക്കാര്‍ക്ക് ഇതുപോലെ ഉപവസിച്ച് പ്രാര്‍ത്ഥിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.? ഇതിനൊക്കെ നന്ദി പറയേണ്ടത് ഷാരോണിനോടാണ്. അവളുടെ അമ്മാവന്‍ ഫാദര്‍ മൈക്കിള്‍ ഇറ്റലിയില്‍ ഉള്ളതുകൊണ്ടാണല്ലോ ഇങ്ങനെ ഒരവസരം ലഭിച്ചത്. ആള്‍ ദൈവങ്ങളുടെ അനുഗ്രഹങ്ങള്‍ തേടി ഒരു കൂട്ടര്‍ അലയുമ്പോള്‍ ജാക്കിയുടെ ശിരസ്സ് അഭിമാനം കൊണ്ടുയരുകയാണ്. ഈശ്വരന്റെ ചൈതന്യം തുടിച്ചുനില്‍ക്കുന്ന ഒരു മലയാളി കന്യാസ്ത്രീ, പാപത്തിന്റെ താഴ്‌വാരങ്ങളില്‍ വഴുതിവീണവരെ വിദേശ രാജ്യങ്ങളില്‍ രക്ഷപ്പെടുത്തുന്നു. മറ്റുള്ളവര്‍ക്കായി സ്വയം ഉരുകിയുരുകിതീരുന്ന മെഴുകുതിരികള്‍!

മെര്‍ളിന്‍ അടുത്തുവരുമ്പോഴാണ് ജാക്കിയുടെ ചിന്തകളകന്നത്. അവള്‍ ആംഗ്യംകാട്ടി വിളിച്ചുകൊണ്ട് കാന്റീനിലേക്ക് നടന്നു. അവിടുത്തെ വലിയൊരു ഹാളില്‍ കുറേപേര്‍ ഭക്ഷണം കഴിക്കുന്നു. അവിടെ നടക്കുന്ന ചില സ്ത്രീകള്‍ അര്‍ദ്ധനഗ്നരെക്കാള്‍ നഗ്നരെന്ന് പറയുന്നതാകും നല്ലത്. പാപ ജീവിതം മാത്രം പങ്കിട്ടെടുത്ത വാസവദത്തമാര്‍ക്ക് ഏതു വസ്ത്രം ധരിച്ചാലെന്താണ്? ആ മതിമോഹിനിമാര്‍ ജാക്കിയെ തറപ്പിച്ചുനോക്കി. ഇതിനുള്ളില്‍ ആദ്യമായിട്ടായിരിക്കും ഇവര്‍ ഒരു പുരുഷനെ കാണുന്നത്. മനസ്സ് അസ്വസ്ഥമായി. കാമാര്‍ത്തിയുള്ള അവരുടെ നോട്ടത്തിലും ഭാവത്തിലും മുഖം ചുളിഞ്ഞു. സ്വന്തം ശരീരഭാഗങ്ങള്‍ പുറം ലോകത്തിന് നല്‍കി സമ്പത്തുണ്ടാക്കിയവര്‍, പൂമണം പരത്തുന്ന പട്ടുമെത്തയില്‍ ഒരുങ്ങികിടന്ന് ദീര്‍ഘശ്വാസം വലിച്ചവര്‍. ദീര്‍ഘായുസ്സിനായി പാപകര്‍മ്മങ്ങളില്‍ നിന്നും മാറി വിശുദ്ധ ജീവിതം നയിക്കാനെത്തിയവര്‍. അപ്പോള്‍ ആ കാമ നോട്ടത്തിന് എന്ത് പ്രസക്തിയാണുള്ളത് ?. സ്വന്തം ജീവിതത്തിന്റെ പച്ചപ്പുകള്‍, സൗന്ദര്യം ആത്മഹനനത്തിലൂടെ ഉണക്കിയെടുത്ത് മരുഭൂമി തീര്‍ത്തവരുടെ കണ്ണുകളില്‍ ഇന്ന് കാണുന്നത് ഒരു മരുപച്ചയാണ്. ആ എത്തിനോട്ടം തീവ്രവേദനയുടെ കുണ്ടും കുഴിയും നിറഞ്ഞ നോട്ടമായി കണ്ടാല്‍ മതി.

മെര്‍ളിന്‍ നടന്നെത്തിയത് ഒരു മുറിക്കുള്ളിലാണ്. മനസ്സില്‍ ഉരുണ്ടുകൂടിയ കാര്‍മേഘങ്ങള്‍ അപ്പോഴാണ് മാറിയത്. മുറിക്കുള്ളിലിരുന്നു. അങ്ങുമിങ്ങും നില്ക്കുന്ന അര്‍ദ്ധനഗ്നരായ സ്ത്രീകളെ കാണാം. മെര്‍ളിന്‍ ഇരിക്കാന്‍ ആംഗ്യം കാട്ടിയിട്ട് അടുക്കള ഭാഗത്തേക്ക് പോയി. മുറിയാകെ കണ്ണോടിച്ചു. വേശ്യകളുടെ തീന്‍മേശകള്‍ അവരുടെ പാപങ്ങളെ കഴുകുംവിധം പരിശുദ്ധി നിറഞ്ഞതാണ്. ഓരോ നിമിഷവും തന്നിലെ ജിജ്ഞാസ വര്‍ദ്ധിക്കുകയാണ്. എല്ലാം പുതുമനിറഞ്ഞ കാഴ്ചകള്‍.

അല്‍പനേരം കഴിഞ്ഞ് ഒരു വെളുത്ത ട്രേയില്‍ ആഹാരവുമായി മെര്‍ളിനെത്തി. കഴിക്കൂ എന്നാംഗ്യം കാട്ടിയിട്ട് അവള്‍ പുറത്തേക്ക് പോയി. ജാക്കി ഭക്ഷണത്തിലേക്ക് നിമിഷങ്ങള്‍ നോക്കിയിരുന്നു. ങേ! ഇതെന്ത് ഭക്ഷണം ! അതില്‍ കുത്തികഴിക്കാനുള്ള മുള്ളുപകരണവുമുണ്ട്. സ്വന്തം വീട്ടില്‍ കിട്ടുന്ന ഭക്ഷണം വേണമെന്ന് വാശിപിടിക്കാനാവില്ലല്ലോ. അതില്‍ പച്ചിലകളും പുഴുങ്ങിയ മത്സ്യവും ഉരുളന്‍ കിഴങ്ങുമുണ്ട്. മറ്റുള്ളവ എന്തെന്നറിയില്ല. നല്ല വിശപ്പുണ്ട്. ജാക്കി ഒളി കണ്ണിട്ട് വാതിലിലൂടെ നോക്കി. മുള്ളുപകരണമുപയോഗിച്ച് കഴിക്കാനറിയില്ല. ആരും കാണാതെ പുറത്തേക്ക് നോക്കികൊണ്ട് അതിവേഗതയില്‍ കൈകൊണ്ട് എല്ലാം അകത്താക്കി. ചേര തവളയെ വിഴുങ്ങുന്ന അനുഭവമായിരുന്നു അപ്പോഴുണ്ടായത്. ആരും കാണാതിരുന്നത് ഒരാശ്വസമായി. ഭക്ഷണവും ജ്യൂസും കുടിച്ചു കഴിഞ്ഞതോടെ എല്ലാ വിശപ്പും ദാഹവും മാറി. മെര്‍ളിനെത്തി എന്തോ ആഗ്യം കാട്ടി കാണിച്ചു പറഞ്ഞു. ഒന്നും മനസ്സിലായില്ലെങ്കിലും പുഞ്ചിരിച്ചു കാണിച്ചു. കാന്റീനില്‍ നിന്നും ഓഫിസിലെത്തി പെട്ടികളുമെടുത്ത് ഗസ്റ്റ് റൂമിലെത്തി. സിസ്റ്റര്‍ ഇല്ലെങ്കിലും ആവശ്യമായ സഹായം ചെയ്തു തരാന്‍ മെര്‍ളിന്‍ എന്ന യുവ സുന്ദരി ഒപ്പമുണ്ട്. അവള്‍ ജാക്കിയെ മുറിയിലെത്തിച്ചിട്ട് മടങ്ങിപോയി. കതകടച്ചിട്ട് മുറിയിലാകെ ഒരു നിരീക്ഷണം നടത്തി. വേശ്യകളുടെ താവളമാണ് ശ്രദ്ധയോടിരിക്കണം. കണ്ടവരൊക്കെ തേജസുള്ള സുന്ദരിമാരാണ്. ഭയക്കേണ്ടതില്ല. അവരെ നയിക്കുന്നത് അപൂര്‍വ്വ ദിവ്യതേജസുള്ള കന്യാസ്ത്രീയാണ്.

മുറിയാകെ ഒന്നുകൂടി നോക്കി. രണ്ട് പേര്‍ക്ക് കിടക്കാനുള്ള രണ്ടു ബെഡ്ഡുകള്‍. ഭംഗിയുള്ള സോഫയും മൂന്ന് കസേരകളും ഒരു ഭംഗിയുള്ള മേശപ്പുറത്ത് പുഷ്പകുംഭവും. ഭിത്തിയോട് ചേര്‍ന്ന് രണ്ടു അലമാരകള്‍. ഭിത്തിയുടെ ഒരു ഭാഗത്ത് യേശുകൃസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ ചിത്രമുണ്ട്. വളരെ മനോഹരങ്ങളായ മറ്റ് പല ചിത്രങ്ങളും ഭിത്തികളില്‍ നിറമാര്‍ന്നു കിടക്കുന്നു. സ്യൂട്ട് കേസില്‍ നിന്ന് തോര്‍ത്തും കൈലിമുണ്ടുമെടുത്ത് കുളിമുറിയിലേക്ക് കടന്നു.

കുളികഴിഞ്ഞപ്പോള്‍ ആകെയൊരു ഉന്മേഷം തോന്നി. ടി.വി ഓണ്‍ ചെയ്തു. ബി.ബി.സി ലോക വാര്‍ത്തകള്‍ ടി.വിയില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. മനസ്സാകെ നാട്ടിലായിരുന്നു. അച്ഛനോടും അമ്മയോടും സംസാരിച്ചെങ്കിലും തന്നെ ഇവിടെയെത്തിച്ച ഷാരോണിനോട് എത്തിയ വിവരം പറഞ്ഞില്ല. മനസ്സിന് വല്ലാത്ത കുറ്റബോധമുണ്ട്. പുതിയൊരു ഫോണ്‍ എങ്ങനെയും നാളെത്തന്നെ വാങ്ങണം. ടി.വി ഓഫ് ചെയ്ത് ബെഡ്ഡില്‍ കിടന്നു. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഒന്ന് കണ്ണടക്കാന്‍ കഴിഞ്ഞില്ല. ഷാരോണ്‍ ആണ് അതിന് തടസ്സം നില്ക്കുന്നത്. ചിന്താശകലങ്ങള്‍ തലച്ചോറില്‍ തലങ്ങും വിലങ്ങും സഞ്ചരിച്ചു. പക്ഷെ ഷാരോണ്‍ മാത്രം മനസ്സില്‍ തങ്ങിനില്ക്കുന്നു. മനസ്സുമാത്രമല്ല തൊണ്ടയും വല്ലാതെ വരളുന്നു. മേശപ്പുറത്തിരുന്ന ജഗ്ഗില്‍നിന്ന് വെള്ളമെടുത്ത് കുടിച്ചു. ഈ വേശ്യകളുടെ ആശ്രമവും പരിസരങ്ങളും എല്ലാം ആകര്‍ഷകമാണ്. എന്നിട്ടും മനസ്സാകെ കലങ്ങിമറിയുന്നു. സിസ്റ്റര്‍ വരുമ്പോള്‍ നാട്ടിലൊന്ന് വിളിക്കണമെന്ന് പറയണം. മനസ്സില്‍ നിനച്ചതുപോലെ ആരോ കതകില്‍ മുട്ടുന്നു. അത് സിസ്റ്റര്‍ തന്നെയെന്ന് ഉറപ്പുവരുത്തി ചെന്ന് വാതില്‍ തുറന്നു.

പുഞ്ചിരിയോടെ സിസ്റ്റര്‍ കാര്‍മേല്‍ മുന്നില്‍. സിസ്റ്റര്‍ അകത്തു കടന്നു സോഫയിലിരുന്നിട്ട് ചോദിച്ചു.
“” ഭക്ഷണം കഴിച്ചോ?”
“” ഓ…… കുളിയും കഴിഞ്ഞു സിസ്റ്റര്‍ ” ജാക്കി വിനയപൂര്‍വ്വം പറഞ്ഞു. സിസ്റ്റര്‍ അവനോട് ഇരിക്കാന്‍ ആംഗ്യം കാണിച്ചു. ജാക്കി ഇരുന്നു. “” മോനേ ജാക്കി നാളെത്തന്നെ മെര്‍ളിനെകൂട്ടി യൂണിവേഴ്‌സിറ്റിയില്‍ പോകണം. ഞാനവളോട് പറഞ്ഞിട്ടുണ്ട്. എല്ലാ സര്‍ട്ടിഫിക്കേറ്റുകളും എടുത്തുകൊള്ളണം.” ജാക്കി വിനീതനായി സമ്മതം മൂളി. “” ങ്ഹാ! പിന്നെ സാധാരണ ജീവിതത്തിലേക്ക് വരാന്‍ കുറച്ചു ദിവസങ്ങള്‍ വേണ്ടി വരും. നാട്ടിലേക്ക് വിളിച്ചോ?… ഇതാ ഫോണ്‍ വിളിച്ചോളു ”. മാനം വേണമെങ്കില്‍ മൗനം വെടിയണം എന്ന പഴഞ്ചൊല്ല് ഇവിടെ വേണ്ടി വന്നില്ല. നല്ല മനസ്സോടെ സിസ്റ്റര്‍ ഇങ്ങോട്ട് ആവശ്യപ്പെട്ടിരിക്കുന്നു. ആ മധുരമുള്ള വാക്കില്‍ മനസ്സ് സംതൃപ്തമായി.
“” ഡാനി സാറിന്റെ ഫോണില്‍ നിന്ന് അച്ഛനോടും അമ്മയോടും സംസാരിച്ചിരുന്നു. ഇനിയും വിളിക്കാനുളള്ളത് കൊട്ടാരം കോശിസാറിനെയും അദ്ദേഹത്തിന്റെ മകള്‍ ഷാരോണിനെയുമാണ്”

കൊട്ടാരം എന്ന പേര് കേട്ടപ്പോള്‍ സിസ്റ്റര്‍ കാര്‍മേലിന്റെ തലച്ചോറില്‍ ഒരു ഭൂചലനം, മനസ്സിലെന്നും പ്രകാശിച്ചു നില്ക്കുന്ന പേരാണത്. സിസ്റ്റര്‍ ജാക്കിയുടെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി.
“” എന്താ വീട്ടുപേര്? കൊട്ടാരമോ? സിസ്റ്റര്‍ കാര്‍മേലിന്റെ മനസ്സ് ഗതകാല സ്മരണകള്‍ കൊത്തിവലിച്ചു. ഉദ്വേഗത്തോടെ വീണ്ടും ചോദിച്ചു.
“” വീട്ടുപേര് കൊട്ടാരമെന്നാണോ? ”
“” അതേ…… കൊട്ടാരം വീട്. കൊട്ടാരം കോശിസാര്‍ ഞങ്ങള്‍ക്ക് കാണപ്പെട്ട ദൈവമാണ് ”
ജാക്കി പറഞ്ഞു നിറുത്തിയപ്പോള്‍ സിസ്റ്ററുടെ ശബ്ദം നിശ്ശബ്ദമായി. ഹൃദയമിടിപ്പുകള്‍ കൂടി. പൂര്‍വ്വ ജന്മ ബന്ധങ്ങള്‍ പൂര്‍വ്വാധികം ശക്തി പ്രാപിച്ചു. നിര്‍മ്മലമായ ആ മൂഖം മൗനത്തിലാണ്ടിരുന്നു. ആ കണ്ണുകളില്‍ നിറഞ്ഞത് ആനന്ദമോ ? അതോ സങ്കടമോ ?

അഖിൽ മുരളി

ചിതറി തെറിച്ചിടും
ഓർമ്മകളിലെപ്പോഴോ
എൻ ഹൃത്തിൽ
സൂചികൾ
കുത്തിനിന്നു.

നിനക്കാതെ പോയെൻ
നേരത്തെ ഞാനിന്നു
വിരഹമാർന്ന
കൈകളാൽ
ഓമനിച്ചു.

ഉമ്മറപ്പടിമേലെ എത്തിയെൻ
നേരത്തെ
തട്ടിമാറ്റിയവൻ ഞാനതല്ലോ.

ചിന്നിച്ചിതറിയ വർഷത്തിനിന്നു
എൻ ചാരെ അണയാൻ
ഭയമെന്തിന്

ചന്ദനഗന്ധം നുകർന്നൊരു
മാരുതൻ
അവയേകാൻ ഇന്നെന്തേ മടിച്ചിടുന്നു.

ഭൂതകാലത്തിൻ നിർവൃതിയിൽ
വർഷം എന്തോ
എൻ കാതിൽ
മൊഴിയാനണഞ്ഞു

വർഷകാലത്തിൻ ഗർജനം
ഇന്ന് പ്രാക്കുകൾ ഏറ്റതു
പോലെയായി.

മതിമറന്നു പോയൊരു
കാലത്തിൻ ചേഷ്ഠകൾ
എൻ മുന്നിലായി
പരിഹാസമാടിടുന്നു.

ഇരുകാലു ഉള്ളതിൽ
നാൽക്കാലി പോലെ
വിലസിയ മാത്രകൾ
മൂകമായി.

നിലാവിന്റെ നെഞ്ചിൽ
ചോരവാർന്നൊഴുകുന്ന
നിലവിളികൾ ഏറെ കേൾപ്പിച്ച നാളുകൾ.

ജീവിതമേകിയ ജനനിയെപോലും
നിന്ദിച്ചു നിന്നൊരു
ശാപകാലം
നാമുന്മാദമാടിയ നടനകാലം.

കത്തിജ്വലിച്ചൊരു
കാഴ്ചകളൊക്കയും
ഇന്ന് കത്തിക്കരിഞ്ഞു
കണ്ടിടുന്നു.

ആർത്തിരമ്പിടും പുഴകളും
തിരയും
ശ്രോതസ്സ് വറ്റുമ്പോൾ
വരണ്ടിടുന്നു.

നേരം പലതു കടന്നു
പോയെന്നാകിലും
നേരായി നീങ്ങുവാൻ
ശ്രമിക്കരുതോ?

ഇന്നുനാമാടുന്നീ
വിഡ്ഢി വേഷങ്ങളൊക്കെയും
നാളെയുടെ കഥകളിൽ
നായകനായിടും.

ക്രൂരത എന്നിൽ
വിരൽചൂണ്ടി
ഗർജ്ജിച്ചു
ആരാണ് ഞാനെന്ന് ചൊല്ലിടുക.

ഞാനെന്ന വാക്കിനാൽ
ചെയ്തൊരു തെറ്റുകൾ
എൻ ശിരസ്സിനെ
മണ്ണിൽ സ്പർശിച്ചു നിർത്തി.

നേരമെന്നതു മിഴിചിമ്മിടും
വേഗത്തിൽ
യാത്രയായിടും
പല ചേഷ്ഠകൾക്കായ്.

നേരം ചൊല്ലുന്നേ
കേൾക്കുക മർത്യരെ
നന്മചെയ്യുവാൻ വെക്കുക
എന്നെ നീ…….

ചോരപ്പൂക്കൾ വിരിഞ്ഞൊരു
മാറതിൽ
പനിനീർപുഷ്പത്ത പുഷ്ടിച്ചു
നിർത്തൂ……………….

അഖിൽമുരളി

മൿഫാസ്റ് കോളേജ് തിരുവല്ലയിൽ എംസിഎ അവസാനവർഷ വിദ്യാർത്ഥി. അച്ഛൻ മുരളീധരൻനായർ, അമ്മ കൃഷ്ണകുമാരി ,ജ്യേഷ്ഠൻ അരുൺമുരളി . കാവ്യാമൃതം, പാരിജാതം തുടങ്ങിയ കവിതാസമാഹാരങ്ങളിൽ കവിതകൾ പ്രസിദ്ധികരിച്ചിട്ടുണ്ട്. കവിമൊഴി, ഗ്രന്ഥലോകം തുടങ്ങിയ ആഴ്ചപതിപ്പുകളിൽ സ്ഥിരമായി കവിതകൾ എഴുതാറുണ്ട്. താളിയോലഓൺലൈൻ പ്ബ്ലിക്കേഷന്സിന്റെയും, മലയാളമനോരമ ഓൺലൈൻ പ്ബ്ലിക്കേഷന്സിന്റെയും തിരഞ്ഞെടുക്കപ്പെട്ട എഴുത്തുകാരിൽ ഒരാളാണ് അഖിൽ മുരളി .

 

RECENT POSTS
Copyright © . All rights reserved