Specials

ബിനോയി ജോസഫ്

പാലായുടെ സ്വന്തം മാണിസാർ വിട പറഞ്ഞു.. പാലാക്കാരുടെ ജീവനായ കെ എം മാണി പൊടുന്നനെ നിത്യതയിലേയ്ക്ക് പറന്നകന്നു. കേരളം കണ്ട അതിപ്രഗത്ഭനായ രാഷ്ട്രീയാചാര്യൻ… വാക് ധോരണി കൊണ്ടും നവീനമായ ആശയങ്ങൾ കൊണ്ടും പാണ്ഡിത്യം കൊണ്ടും സംസ്ഥാന ചരിത്രത്തിൽ നിറഞ്ഞു നിന്ന മഹാനായ നേതാവ്… ലക്ഷ്യത്തിലേയ്ക്ക് ഉറച്ച കാൽവയ്പുകളുമായി മുൻപോട്ട് കുതിച്ച സാധാരണ ജനങ്ങളുടെ പടനായകൻ.. തലയുയർത്തി മന്ദസ്മിതവുമായി ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന വിശിഷ്ട വ്യക്തിത്വം.

പാലായോട് എന്നും വിധേയത്വം പുലർത്തിയ ഭരണാധികാരിയായിരുന്നു മാണി സാർ. പാലാക്കാർ ഹൃദയത്തിൽ സൂക്ഷിക്കുന്ന വികാരമാണ് മാണിസാർ. തലമുറകളായി പകർന്നു നല്കപ്പെട്ട ഒരു പേരാണത്. പാലാ ലോകപ്രശസ്തമെങ്കിൽ അതിന്റെ ക്രെഡിറ്റ് കരിങ്ങോഴയ്ക്കൽ കുഞ്ഞു മാണി എന്ന മാണി സാറിന് തന്നെ.. സംഘാടന മികവിലൂടെയും അസാമാന്യമായ വ്യക്തിത്വത്തിലൂടെയും തന്നിലേയ്ക്കും താൻ നേതൃത്വം കൊടുത്ത പ്രസ്ഥാനത്തിലേയ്ക്കും ആയിരങ്ങളെയാണ് മാണിസാർ ആകർഷിച്ചത്.

കർഷകർക്കും അദ്ധ്വാനവർഗത്തിനുമായി എന്നും മുഴങ്ങിയ ശബ്ദമായിരുന്നു കെ.എം മാണിയുടേത്. അദ്ദേഹത്തിന്റെ കരസ്പർശം പതിഞ്ഞ ഓരോ ഉത്തരവുകളും അനേകരുടെ കണ്ണുനീർ ഒപ്പി. അദ്ദേഹത്തിന്റെ ഓരോ ഒപ്പുകളും ആയിരങ്ങളുടെ ഹൃദയത്തിലാണ് ആശ്വാസമായി ആലേഖനം ചെയ്യപ്പെട്ടത്. വൈദ്യുതി വിപ്ളവം മുതൽ കാരുണ്യ പദ്ധതി വരെ കേരള ജനതയ്ക്കായി അദ്ദേഹം ഒരുക്കി.

രാഷ്ട്രീയ തന്ത്രങ്ങളും നയതന്ത്രജ്ഞതയും ഉയർന്ന കാഴ്ചപ്പാടുകളുമായി അരനൂറ്റാണ്ടിലേറെ കേരള രാഷ്ടീയത്തിലെ അതികായനായി മാണിസാർ വിരാജിച്ചു. മധ്യ തിരുവിതാംകൂറിന്റെ രാഷ്ട്രീയ ഭൂപടത്തിൽ എന്നും പ്രഥമസ്ഥാനം അലങ്കരിക്കുന്ന പ്രസ്ഥാനമായി കേരള കോൺഗ്രസിനെ അദ്ദേഹം വളർത്തി. ആയിരക്കണക്കിന് യുവാക്കളെയാണ് ആ പ്രസ്ഥാനം കേരളത്തിന്റെ രാഷ്ട്രീയക്കളരിലേയ്ക്ക് കൈപിടിച്ചു നയിച്ചത്. കെ.എം മാണി എന്നാൽ വെറുമൊരു രാഷ്ടീയ നേതാവായിരുന്നില്ല, മറിച്ച് ഈ തലമുറ ദർശിച്ച ഒരു അനിതരസാധാരണമായ പ്രസ്ഥാനവും പ്രതിഭാസവുമായിരുന്നു.

ഗ്ലാസ് നോസ്റ്റും പെരിസ്ട്രോയിക്കയും ഇന്ത്യൻ ജനതയ്ക്ക് പരിചയപ്പെടുത്തിയ രാഷ്ട്രീയ ഭീമാചാര്യൻ. കേരളത്തിന്റെ ഖജനാവിനെ ഏറ്റവും കാലം നിയന്ത്രിച്ച ധനകാര്യ മന്ത്രി… ആഭ്യന്തരവും റവന്യൂവും നിയമവും വൈദ്യുതിയും ജലസേചനവും തുടങ്ങിയ മിക്ക വകുപ്പുകളും അനായാസം കൈകാര്യം ചെയ്ത മാനേജ്മെന്റ് വിദഗ്ദനായിരുന്നു കെ.എം മാണി. മികച്ച പാർലമെന്റേറിയനായും നിയമ വിദഗ്ദ്ധനായും അദ്ദേഹം പേരെടുത്തു. ഇടത് വലത് പക്ഷങ്ങളോടൊപ്പം അധികാരം പങ്കിട്ട് നാടിനെ സേവിച്ച, അദ്ധ്വാന വർഗ്ഗസിദ്ധാന്തം രചിച്ച കർഷക നേതാവായിരുന്നു അദ്ദേഹം.

പാലായെ സ്വന്തം ജീവനെപ്പോലെ സ്നേഹിച്ചു മാണിസാർ. അവരുടെ ദുഃഖങ്ങളിലും സന്തോഷത്തിലും ഒരു മുതിർന്ന കാരണവരായി ഓടിയെത്തിയിരുന്ന മാണി സാർ. അതെ പാലായെന്ന വലിയ കുടുംബത്തിന്റെ വഴികാട്ടിയായ കുടുംബനാഥനായിരുന്നു അദ്ദേഹം. തന്റെ മണ്ഡലത്തിലുള്ളവരെ അടുത്തറിഞ്ഞ് പേരുവിളിച്ച് സംവദിച്ചിരുന്ന നേതാവായിരുന്നു മാണിസാർ. അദ്ദേഹത്തിന്റെ അനുഗ്രഹ സ്പർശമേറ്റുവാങ്ങാത്ത ജനങ്ങൾ പാലാമണ്ഡലത്തിൽ ഉണ്ടാവാനിടയില്ല.

ഏവർക്കും മാതൃകയായ ഒരു പൊതു പ്രവർത്തകനായിരുന്നു കെ.എം മാണി. എല്ലാ മതസ്ഥരെയും സ്നേഹത്തോടെ ആശ്ളേഷിച്ച വ്യക്തിത്വം. എല്ലാ മത രാഷ്ട്രീയ നേതാക്കളുമായും അടുത്ത സൗഹൃദം പുലർത്തിയിരുന്ന അദ്ദേഹം കേരള രാഷ്ട്രീയ തട്ടകത്തിൽ അനിഷേധ്യ സാന്നിധ്യമായിരുന്നു. താൻ നേതൃത്വം കൊടുത്ത പ്രസ്ഥാനം പലതവണ പിളർന്നപ്പോഴും അണികളെ ഒപ്പം നിർത്തി  രാഷ്ട്രീയ മുഖ്യധാരയിൽ നിർണായക ശക്തിയാകുവാൻ അദ്ദേഹത്തിന് കഴിഞ്ഞു.

സ്വന്തം ജനതയെ എന്നും സ്നേഹിച്ച് സംരക്ഷിച്ച മാണിസാർ വിടപറയുമ്പോൾ ഹൃദയത്തിൽ വിങ്ങിപ്പൊട്ടുകയാണ് പാലാ എന്ന കർഷകനാട്. മാണിസാർ ഇല്ലാത്ത പാലാ ആ ജനതയ്ക്ക് ആലോചിക്കാനേ പറ്റുന്നതല്ല. അതെ,  പാലാക്കാർക്ക് എം എൽഎയും മന്ത്രിയും പ്രധാനമന്ത്രിയും മാണിസാർ തന്നെയായിരുന്നു.. പ്രഗത്ഭനായ ജനനായകൻ വിട പറയുമ്പോൾ… നിശബ്ദമായി ജനസഹസ്രങ്ങൾ ഹൃദയവേദനയോടെ കണ്ണീർ പൊഴിക്കുന്നു. പാലാ കേഴുകയാണ്. അതെ, പാലാക്കാരുടെ എല്ലാമെല്ലാമായ മാണിസാർ… ഇനി ഓർമ്മകളിൽ മാത്രം.

ന്യൂസ് ഡെസ്ക്

മിസോറാമിൽ ഒരു കോഴിക്കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ച കുഞ്ഞ് കയ്യടി നേടുകയാണ്.
വീടിന് സമീപത്തുകൂടി സൈക്കിൾ ഓടിക്കുകമായിരുന്നു സൈരാങ്ക്. അറിയാതെ സൈക്കിളിന്റെ ടയർ കോഴിക്കുഞ്ഞിന് മുകളിലൂടെ കയറിയിറങ്ങി. സങ്കടം സഹിക്കാതെ സൈരാങ്ക് കോഴിക്കുഞ്ഞിനെയും എടുത്ത് അടുത്തുള്ള ആശുപത്രിയിലേക്ക് പാഞ്ഞു.

പത്ത് രൂപയേ സൈരാങ്കിന്റെ പക്കലുണ്ടായിരുന്നുള്ളൂ. ഒരു കയ്യിൽ കോഴിക്കുഞ്ഞും മറ്റേ കയ്യിൽ പത്ത് രൂപയുമുയർത്തി ആശുപത്രി അധികൃതരോട് സൈരാങ്ക് സഹായിക്കണം എന്നാവശ്യപ്പെട്ടു. നിഷ്കളങ്കമായ മുഖവുമായി നിൽക്കുന്ന കുട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയിൽ നിരവധി പേർ പങ്കുവെക്കുന്നുണ്ട്.

60,000,ത്തിലധികം പേരാണ് ചിത്രം ഷെയർ ചെയ്തത്. മുതിർന്നവരിൽ പകുതി പേർക്കെങ്കിലും ഈ കുഞ്ഞിന്റെ ആത്മാർഥതയും സത്യസന്ധതയും ഉണ്ടായിരുന്നെങ്കിൽ ഈ ലോകം എത്ര സുന്ദരമായേനെ എന്ന് സൈരങ്കിന്റെ കഥ കേട്ടവര്‍ പറയുന്നു.

കാരൂര്‍ സോമന്‍

ചുട്ടുപൊള്ളുന്ന വെയിലില്‍ ചൂടപ്പം പോലെ വിറ്റഴിച്ചുകൊണ്ടിരിക്കുന്ന രണ്ട് ഉത്പന്നങ്ങളാണ് നമ്മുടെ ശാസ്ത്രജ്ഞന്മാര്‍ വികസിപ്പിച്ചെടുത്ത വെളുത്ത മേഘങ്ങളിലൂടെ പാഞ്ഞുപോയ അമൂല്യ നിധിയായ ഉപഗ്രഹമിസൈല്‍ പരീക്ഷണം. മറ്റൊന്ന് ബാലക്കോട്ടേ ആക്രമണം. ഇത് ഭീകര താവളമോ, മലയോ, മരുഭൂമിയോ, മരിച്ചവരുടെ എണ്ണമോ ഒന്നും പുറത്തുവന്നിട്ടില്ല. അധികാര മരത്തണലിലിരുന്ന് മരത്തിലെ കായ്കനി പറിച്ചെടുത്തു വിശപ്പടക്കിയതുപോലെയായി കാര്യങ്ങള്‍. രാജ്യം ചുട്ടുപൊള്ളുന്ന പ്രശ്‌നങ്ങളില്‍ നില്‍ക്കുമ്പോഴാണ് ഒരല്പം ആശ്വാസത്തിനായി മരത്തണലില്‍ വന്നത്. മരത്തിന്റ ചുവട്ടിലിരുന്ന് മരമുകളില്‍ കയറുമെന്ന് ആരും കരുതിയില്ല. കോലാടുമ്പോള്‍ കുരങ്ങാടും എന്നൊരു ചൊല്ലുണ്ട്. ഇത് കണ്ടിട്ടാണോ പ്രതിപക്ഷ പാര്‍ട്ടി പറഞ്ഞത് നാടക ദിനത്തിലെ ഏറ്റവും വലിയ കോമാളി വേഷം. സിനിമയില്‍ കോമാളി വേഷങ്ങള്‍ കെട്ടിയാടുന്നവര്‍ എന്തിന് പാര്‍ലമെന്റില്‍ പോകുന്നുവെന്ന് ഒരു നേതാവ് ചോദിച്ചപ്പോള്‍ തണുത്ത മരവിച്ചിരുന്ന ചിലരുടെ രക്തഞ്ഞരമ്പുകള്‍ മുറുകിയതും നമ്മള്‍ കണ്ടു.

മനുഷ്യര്‍ക്ക് പ്രായം കൂടുന്തോറും അനുഭവപാഠങ്ങള്‍ ധാരാളമെന്നാണ് നമ്മള്‍ ധരിച്ചിരിക്കുന്നത്. മരണക്കുഴിയിലേക്കു കാലും നീട്ടിയിരിക്കുന്നവര്‍ അധികാരത്തിലെത്തിയാല്‍ അവരുടെ മനസ്സ് വയസ്സാകുന്തോറും കുട്ടികളുടെതെന്ന് ഇപ്പോഴാണ് മനസ്സിലായത്. അതിനെ നമുക്ക് മീശ നരച്ചാലും ആശ നശിക്കില്ല എന്ന പ്രയോഗംകൊണ്ട് നേരിടാം. എന്നാലും നമ്മുടെ ശാസ്ത്രജ്ഞര്‍ കണ്ടുപിടിച്ചു് ആകാശമേഘങ്ങളിലയച്ച ഉപഗ്രഹ മിസൈല്‍ മടങ്ങി വരുമോ, പൊട്ടിത്തകരുമോ എന്ന നിരാശ അവരിലെ നിശ്വാസവായുവിലും കാണാമായിരുന്നു. ആ വിജയ നിമിഷങ്ങള്‍ സന്തോഷകരമായിരുന്നു. അപ്പോഴിതാ നമ്മുടെ പ്രധാനമന്ത്രി ആ മേഘപാളികളില്‍ നിന്നും ഒരു കഷണം വലിച്ചെടുത്തിട്ട് യൂ.പിയിലെ ഒരു തെരഞ്ഞെടുപ്പ് ഗോദയിലേക് വലിച്ചു നീട്ടി ആര്‍ത്തട്ടഹസിച്ചു പറഞ്ഞു. ‘രാജ്യ രക്ഷ തന്റെ കൈകളില്‍ സുരക്ഷിതമാണ്. കാവല്‍ക്കാരനാണ്. നിങ്ങള്‍ വോട്ടു തരണം’. അഞ്ചു് വര്‍ഷങ്ങള്‍ ഭരിച്ചിട്ടും പത്തു ലക്ഷത്തിന്റ കോട്ടണിഞ്ഞിട്ടും, ലോകം മുഴുവന്‍ ചുറ്റിയിട്ടും ആശ മാറിയില്ല. മറ്റൊരാള്‍ക്ക് കസേര കൊടുക്കാനും തയ്യാറല്ല. ആ വാക്കുകള്‍ വിടര്‍ന്ന നേത്രങ്ങളോടെ ജനങ്ങള്‍ കേട്ടു. ജനങ്ങള്‍ ഉത്കണ്ഠകുലരും ദുരിതത്തിലുമെന്ന് ഈ പ്രധാനമന്ത്രിയറിഞ്ഞില്ല. അദ്ദേഹം തന്നെ സമ്മതിക്കുന്നു ജനം അരഷിതരാണ്. പഠിച്ച പണി പതിനെട്ട് നോക്കിയിട്ടും കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ ഭരിച്ചിട്ടും ജനത്തെ രക്ഷപെടുത്താന്‍ സാധിച്ചില്ല. രക്ഷപെട്ടത് വന്‍കിട കച്ചവട മുതാളിമാരും, മാധ്യമ മുതലാളിമാരും അവര്‍ക്ക് കൂലിപ്പണി ചെയ്ത അധികാരികളുമാണ്.

സാധാരണ ജനം ചോദിക്കുന്നത്. ശാസ്ത്രജ്ഞര്‍ സുരക്ഷിതമായി വികസിപ്പിച്ചെടുത്ത ഉപഗ്രഹമിസൈല്‍ പുറം ലോകത്തോട് പറയുമ്പോള്‍ എന്താണ് ഒരു ശാസ്ത്രജ്ഞനെപ്പോലും ആ വേദിയില്‍ കാണാതിരുന്നത്? അത് അവരോടുള്ള അവഗണനയല്ലേ? അവര്‍ കണ്ടത്തിയ ഉപഗ്രഹമിസൈലിനു വോട്ടു ചോദിക്കുന്ന ഒരു പ്രധാനമന്ത്രിയെ ആദ്യമായി കാണുകയാണ്. ഈ വ്യക്തിയാണോ രാജ്യരക്ഷയെപ്പറ്റി പറയുന്നത്? ഒരു കര്‍ഷകന്‍ വിത്തും വളവുമിറക്കി രാപകല്‍ കഷ്ടപ്പെട്ടു വളര്‍ത്തിയെടുത്ത കാര്ഷികവിളവ് ഒരു കൊടുംകാറ്റില്‍ തകരുന്നതുപോലെയായിരുന്നു ഈ ശാസ്ത്രജ്ഞന്മാരുടെ അവസ്ഥ.. വോട്ടിനുവേണ്ടിയുള്ള ഓരോരോ അജണ്ടകള്‍. ഇതുപോലെ ചുട്ടു പഴുപ്പിക്കുന്ന രാഷ്ട്രീയ അജണ്ടകള്‍ കാലാകാലങ്ങളിലായി ഈ കൂട്ടര്‍ ജനമധ്യത്തില്‍ കത്തിക്കാറുണ്ട്. യൂ.പിയെ പോലെ മത ഭ്രാന്തുള്ള, മതത്തിന്റ പേരില്‍ മനുഷ്യനെ കൊല്ലുന്ന സ്ഥലങ്ങളില്‍ ഇതൊക്കെ കുറെ വിജയിക്കും. വിവേകമുള്ള ഒരു ജനം ഒരിക്കലും ഈ അജണ്ടകളില്‍ വിഴുന്നവരല്ല. മതങ്ങളുടെ സനാതനമൂല്യങ്ങളെ തല്ലിത്തകര്‍ത്താണ് മതമേധവിയും രാഷ്ട്രീയ മേധാവിയും അരമനകളില്‍ കൈകോര്‍ക്കുന്നത്. നല്ലൊരു ഭരണകര്‍ത്താവിനെ ജനം കാണേണ്ടത് സംശയത്തോടെ അവിശ്വാസത്തോടെ ആയിരിക്കരുത്.

രാജ്യ രക്ഷ സുരക്ഷിതമായ കൈകളില്‍ ആയിരിന്നിട്ടാണോ നാല്പത് രാജ്യ രക്ഷ ഭടന്മാര്‍ ഭീകരവാദികളാല്‍ കൊല്ലപ്പെട്ടത്? പട്ടാളക്കാരുടെ എത്രയോ താവളങ്ങളില്‍ ഇവര്‍ കടന്നു കയറുന്നു? ആരാണ് ഇവരെ അയച്ചത്? ഇതില്‍ അധികാരത്തിലുള്ളവരുടെ പങ്ക് എന്താണ്? വീരമൃത്വ വരിച്ച തീരാദുഃഖത്തില്‍ കഴിയുന്ന ആ കുടുംബങ്ങള്‍ക്ക് എന്ത് ലഭിച്ചു? ഇതുപോലെ കാശ്മീരില്‍ ദൈനംദിനം സുരക്ഷ ഭടന്മാര്‍ കൊല്ലപ്പെടുകയല്ലേ? എന്നിട്ട് വീമ്പിളക്കുന്നു തന്റെ കൈകളില്‍ രാജ്യ0 സുരക്ഷിതമെന്ന്. ഇതിന് മുന്‍പും ഇതുപോലുള്ള നാടകങ്ങള്‍ രാജ്യ0 കണ്ടിട്ടുണ്ട്. അത് ‘ബുദ്ധന്‍ ചിരിക്കുന്നു ‘ എന്ന പേരില്‍ നടന്ന പൊക്രാന്‍ ആണവ പരീക്ഷണമാണ്. അന്നും സമരങ്ങളാലും മറ്റും രാജ്യ0 പ്രതിസന്ധി നേരിട്ട സമയമായിരുന്നു. മുന്‍പുള്ള പരീക്ഷണങ്ങള്‍, വിജയങ്ങള്‍ രാജ്യസുരക്ഷയുമായി ബന്ധപ്പെടുത്തി ആരും രാഷ്ട്രീയ അജണ്ടയായി ചുട്ടുപഴുപ്പിച്ചില്ല. ഈ പരിഷണങ്ങളെ രാഷ്ട്രീയ അജണ്ടയാക്കുന്നത് പ്രശ്‌നങ്ങളില്‍ നിന്നും ഒളിച്ചോടാന്‍ വേണ്ടി മാത്രമാണ്. രാഷ്ട്രീയത്തിലെ കുതന്ത്രങ്ങള്‍. കര്‍ത്തവ്യബോധമുള്ള ഒരു പ്രധാനമന്ത്രിക്ക് ചേര്‍ന്നതാണോ ഈ വാക്കുകള്‍? അത് അദ്ദേഹത്തെ ദുര്‍ബലനാക്കുക്കുകയല്ലേ ചെയുന്നത്? ഒരു ശാസ്ത പരീക്ഷണത്തില്‍ വിജയിച്ചതിന് അല്ലെങ്കില്‍ മറ്റൊന്നിന് വോട്ടു ചോദിക്കുന്നത് എത്ര ദയനീയമാണ്. ചുരുക്കത്തില്‍ പട്ടാളക്കാരന്റെ രക്തവും, ശാസ്ത്രജ്ഞന്മാരുടെ കഠിനാധ്വാനവും മുദ്രാവാക്യങ്ങളാക്കി വോട്ടുപെട്ടി യന്ത്രം നിറക്കുന്ന ഇന്ത്യയിലെ ആദ്യ തെരഞ്ഞെടുപ്പ്. എന്തുകൊണ്ട് ജീവന്‍ പൊലിയുന്ന ജവാന്മാരുടെ പേരില്‍ വോട്ട് ചോദിക്കുന്നില്ല?

രാജ്യസുരക്ഷ ഒരിക്കലും സമൂഹത്തില്‍ അരക്ഷിതത്വ0 വളര്‍ത്തുന്നവര്‍ക്ക് നടപ്പാക്കാന്‍ സത്യമല്ല. പാവങ്ങളുടെ ഉയര്‍ച്ചക്ക് വേണ്ടി, പട്ടിണി, ദാരിദ്ര്യം, തൊഴിലില്ലായ്മ, വിലക്കയറ്റം, ആത്മഹത്യകള്‍, കൈക്കൂലി ഇങ്ങനെ സമൂഹത്തില്‍ ചുട്ടു പൊള്ളുന്ന ധാരാളം വിഷയങ്ങളുണ്ട്. ഇതിനെയൊന്നും തുടച്ചുമാറ്റാനോ, അഭിസംബോധന ചെയ്യാനൊ കരുത്തില്ലാത്തവര്‍ ഏത് പാര്‍ട്ടിക്കാരനായാലും ചുമലിലിരുന്ന് പാവങ്ങളുടെ ചെവി തിന്നുന്നവരാണ്. ഇന്ത്യയെ ലോകത്തെ നാലാമത്തെ മിസൈല്‍വേധ ശക്തിയാക്കി മാറ്റിയത് ഇന്ത്യന്‍ ശാസ്ത്രജ്ഞരാണ്. അവര്‍ക്കാവശ്യം ഭരണത്തിലുള്ളവരുടെ കരുതലും, പിന്തുണയുമാണ്. അവര്‍ക്ക് ചിലവാക്കുന്ന പണം ഇന്ത്യന്‍ ജനതയുടേതാണ് അല്ലാതെ ഒരു ഭരണാധികാരിയുടേതല്ല. അതിനപ്പുറം ശാസ്ത്രജ്ഞന്മാരിലെ ശാസ്ത്രജ്ഞനാകരുത്. വരികള്‍ക്കിടയില്‍ വായിക്കുമ്പോള്‍ എല്ലാം രംഗത്തും കാണുന്ന അധികാരാധിപത്യം ശാസ്ത്ര രംഗത്തും കണ്ടുവരുന്നു.

ഇന്ത്യന്‍ ദേശീയതക്കും ജനാധിപത്യത്തിനും മുറിവുണ്ടായിട്ട് കാലങ്ങള്‍ ഏറെയായി. ആ മുറിവ് ആഴത്തിലാകാതിരിക്കണമെങ്കില്‍ നിലവിലുള്ള വ്യവസ്ഥിതിക്ക് മാറ്റമുണ്ടാകണം. ഒരു മാറ്റവും ആഗ്രഹിക്കാത്ത നമ്മുടെ പരമ്പരാഗതമായ വിശ്വാസം പോലെ നമ്മുടെ ജനാധിപത്യമൂല്യങ്ങള്‍ കാറ്റില്‍ പരത്തുന്നതും അതിലെ സമ്പന്നരായ മുഖംമൂടികളാണ്. ഇവര്‍ പാവങ്ങളുടെ രക്ഷകരായി വേഷംകെട്ടുമെങ്കിലും, ഏതു ജാതി മതത്തില്‍ ജനിച്ചാലും ഇവരുടെ മനസ്സ് സവര്‍ണ്ണ വര്‍ഗ്ഗിയ-ഫാസിസത്തിനൊപ്പമാണ്. ആകാശച്ചെരുവില്‍ നിന്നും വലിച്ചെടുത്തു നാട്ടുകാര്‍ക്ക് കൊടുത്ത ആ ഒരു തുണ്ടു മിസൈല്‍ പാവങ്ങളുടെ വിശപ്പ് അടക്കില്ല. അന്തഃപുരത്തിലെ സുഖഭോഗങ്ങളില്‍ കഴിയുന്നവര്‍ക്ക് ഇനിയും വോട്ട് വേണോ?

കാരൂര്‍ സോമന്‍

മതഭ്രാന്ത്, വര്‍ഗീയ ഭ്രാന്ത്, മസ്തിഷ്‌ക ഭ്രാന്ത് ഇങ്ങനെ ഭ്രാന്ത് പലവിധത്തിലുണ്ട്. ഓരോ തെരഞ്ഞെടുപ്പുകളും പ്രതിക്ഷകളും സ്വപ്നങ്ങളും നല്‍കി നമ്മുടെ ഹൃദയവും അപഹരിച്ചുകൊണ്ടുപോകുന്നു. ഡല്‍ഹിയില്‍ 91 വയസ്സുള്ള എല്‍.കെ അദ്വാനിയും, കേരളത്തില്‍ ഏറെ പ്രായമുള്ള തോമസ് മാഷും സീറ്റ് കിട്ടാത്തതില്‍ ഉത്കണ്ഠാകുലരാണ്. അധികാരം പോയാല്‍ പോലീസ് സല്യൂട്ട് ചെയ്യില്ല. സീറ്റ് കിട്ടാത്ത അധികാരത്തിലിരുന്ന് മന്ദഹാസം പൊഴിച്ച ആനന്ദ സാഗരത്തില്‍ മുങ്ങി കുളിച്ച പലരുടെയും മുഖം രക്തം പുരണ്ടതുപോലെയായി. ഇതിലൂടെ മനസ്സിലാകുന്നത് അധികാരം ഈ കൂട്ടരുടെ ഇഷ്ടാനിഷ്ടകള്‍ക്കൊത്ത് വേട്ടയാടുന്നു എന്നുള്ളതാണ്. ഓരോ പാര്‍ട്ടിയിലെ കാലുവാരികള്‍ അറിയേണ്ടത് അവരുടെ ഉപ്പും ചോറും തിന്ന് കൊഴുത്തു തടിച്ചവരൊക്കെ അതിന് വിരുദ്ധമായി സംസാരിച്ചാല്‍, പ്രവര്‍ത്തിച്ചാല്‍ അവരെ എന്താണ് വിളിക്കേണ്ടത്? ഇത് തോമസ് മാഷിന്റ കാര്യം മാത്രമല്ല ഒട്ടുമിക്ക അധികാര ഭ്രാന്തന്മാരുടെ സ്ഥിതിയാണ്. അധികാരം നഷ്ടപ്പെട്ടാല്‍ വിവേകം നഷ്ടപ്പെടുമെന്ന പാഠവും നല്‍കുന്നു. ഇതുപോലുള്ളവരുടെ ഏറ്റവും വലിയ സമ്പാദ്യം എന്തെന്ന് ചോദിച്ചാല്‍ അധികാരത്തിന്റ അപ്പക്കഷണങ്ങള്‍ തന്നെയാണ്. കേരളത്തില്‍ നിന്നും അതിന് മാതൃകയായി കടന്നു വന്നത് എം.എ. ബേബിയും ഉമ്മന്‍ചാണ്ടിയുമാണ്. അവര്‍ യൗവനക്കാര്‍ വരട്ടെയെന്നറിയിച്ചു.

ഇന്ത്യന്‍ ജനാധിപത്യത്തിന്റ ഏറ്റവും വലിയ ദുരവസ്ഥയല്ലേ മരണംവരെ എം.എല്‍.എ., എം.പി ആയി തെരഞ്ഞടുപ്പില്‍ മത്സരിക്കുന്നത്? സുഗന്ധം പൊഴിക്കുന്ന മെത്തയിലും പൂമ്പൊടിപുരണ്ട മുറ്റത്തും മഞ്ഞിന്റ് കുളിര്‍മ്മയുള്ള ശീതകാറ്റിലും കൊട്ടാരപൊയ്കകളിലും അലങ്കരിച്ച വേദികളിലും മറ്റും മഹാപുരുഷന്മാരുടെ വേഷം കെട്ടുമ്പോള്‍ നിരാശപ്പെട്ടിരിക്കുന്ന, ഒരിക്കലെങ്കിലും തെരഞ്ഞടുപ്പില്‍ മത്സരിക്കാനാഗ്രഹിക്കുന്ന യൗവനക്കാരുടെ ആഴമേറിയ ആഗ്രഹങ്ങളെ കാറ്റില്‍ പറത്തുകയല്ലേ മുതിര്‍ന്നവര്‍ ചെയ്യുന്നത്? അവരുടെ യൗവനം വര്‍ദ്ധക്യത്തിലെത്തിക്കുന്നത് ഈ കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന യൗവനക്കാരാണ്. അവരുടെ ഭാവിയെപ്പറ്റി അല്പമെങ്കിലും കരുതലും സ്നേഹവും പുലര്‍ത്തിയിരുന്നെങ്കില്‍ അവര്‍ക്കായി വഴി മാറി കൊടുക്കില്ലേ? ഓരൊ പാര്‍ട്ടികളും ഒന്നോ രണ്ടോ പ്രാവശ്യം മത്സരിച്ചവരെ വീണ്ടും മത്സരിപ്പിക്കാതിരിന്നാല്‍ വരും തലമുറക്ക് അവസരം ലഭിക്കും. രാജ്യത്തിന്റ നട്ടെല്ലായ യൂവതി യൂവാക്കളെ, സ്ത്രീകളെ, ദളിതരെ, അംഗവൈകല്യമുള്ളവരെ രാഷ്ട്രീയത്തില്‍ നിന്നും മാറ്റി നിര്‍ത്തുന്ന ദയനീയാവസ്ഥ എത്രയോ കാലങ്ങളായി ഇന്ത്യയില്‍ തുടരുന്നു. പഴി കേള്‍ക്കാതിരിക്കാന്‍ ചിലരെ നിര്‍ത്തും. ഇവര്‍ എന്നും പാര്‍ട്ടിക്കായി പൂമാല കോര്‍ത്ത് തോഴിമാരായി നിന്നാല്‍ മതിയോ? ജാതി മതത്തിന്റ സംഘടിത കരത്തില്‍ നിന്നുകൊണ്ടല്ലേ പലരും പലപ്പോഴു0 ജയരാവം മുഴക്കുന്നത്? ഇന്ത്യയിലെങ്ങും ജാതി മത വോട്ട് കൊടുത്തു് ദുരാഗ്രഹികളായ ദുര്ബല എം.എല്‍.എ.., എം.പി. മാരെ പറഞ്ഞുവിട്ടാല്‍ എന്ത് പുരോഗതിയുണ്ടാകാനാണ്. അവരുടെ പുരോഗതി കോടിശ്വരന്‍ എന്ന കലവറയാണ്.

നെഹ്റുവും ഈ.എം.എസ്, അച്യുതമേനോന്‍ ഭരിച്ചിരുന്നു കാലങ്ങളിലൊക്കെ ആദര്‍ശശാലികളും സമൂഹത്തിനായി ത്യാഗം ചെയ്തവരും സമ്പന്നരുമായിരുന്നു അധികാരത്തില്‍ വന്നിരുന്നത്. ഇവരാരും കള്ളപ്പണം വോട്ടിനായി തെരഞ്ഞെടുപ്പില്‍ ചിലവാക്കിയതായി അറിവില്ല. അമേരിക്കന്‍ പ്രസിഡന്റ് ആയിരുന്ന അര്‍പ്പണബോധത്തോടെ ജനസേവനത്തിനിറങ്ങിയ ജോണ്‍ എഫ് കെന്നഡി കോടിശ്വരനായിരുന്നു. അദ്ദേഹം ജനപ്രതിനിധി ആയതും ഉന്നത പദവികളിലെത്തിയതും സ്വന്ത0 സമ്പത്തു ചിലവാക്കിയാണ്. ഇന്ത്യയില്‍ തെരഞ്ഞെടുപ്പിന് ചിലവാക്കുന്ന കോടികള്‍ എവിടുന്നു വരുന്നു? അത് കള്ളപ്പണമല്ലേ? ആ കള്ളപ്പണം തന്ന് പാട്ടിലാക്കാന്‍ വരുന്നവരെ വോട്ടിലൂടെ തന്നെ തറ പറ്റിക്കണം. ഇവരാരും സ്വന്തം വീട്ടില്‍ നിന്ന് കൊണ്ടുവന്ന പണമല്ല. ഇതിനെ ഉന്മുലനം ചെയ്യാനുള്ള ഉത്തരവാദിത്വ0 ഓരൊ വോട്ടര്‍മാര്‍ക്കുണ്ട്. വടക്കേ ഇന്ത്യയിലെ പട്ടിണി പാവങ്ങള്‍ക്കും ജാതിക്കോമരങ്ങള്‍ക്കും ഇതൊരു ശീലമായിപ്പോയി.

സ്വാതന്ത്യം കിട്ടി 72 വര്‍ഷമായിട്ടും സമ്പന്നര്‍ സമ്പന്നരായും ദരിദ്രര്‍ ദരിദ്രരരായും മാറുന്ന കാഴ്ച്ചയാണ്. സാധാരണ മനുഷ്യനും ഇതില്‍ നിന്ന് ഭിന്നമല്ല. വലിയ വായില്‍ തീപ്പൊരി പ്രസംഗങ്ങള്‍ ഭരണാധിപന്മാരുടെ പക്കല്‍ നിന്നും കേള്‍ക്കാറുണ്ട് പക്ഷെ പാവങ്ങള്‍ ദുഃഖദുരിതങ്ങളിലാണ് കഴിയുന്നത്. അധികാരത്തില്‍ വരുന്നവരും കുത്തക മുതലാളിമാരും കുട്ടുകച്ചവടം നടത്തി മുതലാളിമാരാകുന്നു. പല സര്‍ക്കാര്‍ വകുപ്പുകളിലും സമ്പദ്‌സമൃദ്ധി കളിയാടുന്നു. അവരും പറയും ഞങ്ങളുടെ വഴികാട്ടികള്‍ അങ്ങ് മുകളിലാണ്. ഈ കൂട്ടരെല്ലാം കുടി രാജ്യസേവനം നടത്തിയാണ് രാജ്യത്തെ കുട്ടിച്ചോറാക്കുന്നത്. ചില എം.പി. മാര്‍ പറയും കേന്ദ്ര0, സംസ്ഥാനത്തിന് അനുവദിച്ചിരിക്കുന്ന പണം മുടക്കി എന്തെങ്കിലും ചെയ്താല്‍ ഇത് ഞാന്‍ കൊണ്ടുവന്ന പ്രൊജക്റ്റ് ആണ്. അത് പൂര്‍ത്തിയാക്കാന്‍ ഒരിക്കല്‍ കുടി ജയിപ്പിക്കണം. ഇത് കേട്ട് ബുദ്ധി മരവിച്ചുപോയവരൊക്കെ വോട്ട് ചെയ്യും. വിവേകമുള്ളവര്‍ വോട്ട് ചെയ്യില്ല. ആ പ്രൊജക്റ്റ് അടുത്ത ആള്‍ വരുമ്പോള്‍ ഏറ്റെടുത്തു നടത്തും. ഒരു കൂട്ടര്‍ മാത്രം അധികാരത്തിലെത്താന്‍ ഭാഗ്യം ചെയ്തവരും മറ്റുള്ളവര്‍ ഭാഗ്യമില്ലാത്തവരുമാകരുത്. തുല്യനീതി തെരഞ്ഞെടുപ്പുകളിലും നടപ്പാക്കണം.

മതത്തിന്റ പേരില്‍ നമ്മേ അടിമകളാക്കി മറ്റുള്ളവരുടെ ആജ്ഞകളെ ശിരസാ വഹിക്കുന്ന സമീപന രീതികള്‍ കാലത്തിനനുയോജ്യമായ വിധത്തില്‍ മാറണം. എന്ത് വിലകൊടുത്തും ഒരു മതേതര സര്‍ക്കാരിനെ നമ്മുടെ മാതൃഭൂമി സംരക്ഷിക്കാന്‍ തെരഞ്ഞെടുക്കണം. ചെപ്പടിവിദ്യക്കാരന്‍ അമ്പലം വിഴുങ്ങുംപോലെ ജീവിതകാലം മുഴുവന്‍ അധികാരം വിഴുങ്ങി ജീവിക്കുന്ന കോടിശ്വരന്മാരെ, അധികാരഭ്രാന്തന്മാരെ ഈ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തിരിച്ചറിയണം. നിര്‍ഭാഗ്യമെന്ന് പറയെട്ടെ രാഷ്ട്രീയ രംഗത്തുള്ളവര്‍ക് പെന്‍ഷന്‍ പ്രായമില്ലാത്തത് അവരുടെ അജ്ഞത വെളിപ്പെടുത്തുന്നു. എന്തിനാണ് ഇതില്‍ നിന്നും അവര്‍ ഒളിച്ചോടുന്നത്?

യുണൈറ്റഡ് സ്‌കോട്‌ലാന്‍ഡ് മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 23 ശനിയാഴ്ച ലിവിംഗ് സ്റ്റണിലുള്ള ഇന്‍വെറാള്‍ മോണ്ട് കമ്യൂണിറ്റി ഹൈസ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തപ്പെട്ട ഒന്നാമത് യുസ്മാ കലാമേള 2019  ബഹുജന പങ്കാളിത്തം കൊണ്ടും സംഘടനാപാടവം കൊണ്ടും നീതിപൂര്‍വമായ വിധി നിര്‍ണ്ണയം കൊണ്ടും സമയനിഷ്ഠമായ അവതരണംകൊണ്ടും സര്‍വ്വോപരി മത്സരാര്‍ത്ഥികളുടെ മികവാര്‍ന്ന കലാ പ്രകടനങ്ങള്‍ക്കൊണ്ടും സമൂഹമധ്യത്തില്‍ വേറിട്ടൊരനുഭവമായി മാറി.

മാര്‍ച്ച് 23 ശനിയാഴ്ച്ച രാവിലെ 11 മണിമുതല്‍ മത്സരത്തിനൊരുക്കമായ എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കി രജിസ്‌ട്രേഷന്‍, ചെസ്റ്റ് നമ്പര്‍ വിതരണങ്ങള്‍ നടത്തി. തുടര്‍ന്ന് നടത്തപ്പെട്ട പ്രൗഡഗംഭീരമായ ഉദ് ഘാടന സമ്മേളനത്തില്‍ യുസ്മ ജനറല്‍ സെക്രട്ടറി അനില്‍ തോമസ് ഏവരെയും സ്വാഗതം ചെയ്തു.കലാമേള കോര്‍ഡിനേറ്റര്‍മാരായ റീന സജി, ഷിബു സേവ്യര്‍, ജെയിംസ് മാത്യു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.സംഘടനാ ഭാരവാഹികള്‍ നിലവിളക്കു കൊളുത്തി ഒന്നാമത് യുസ്മ കലാമേള ഔപചാരികമായി ഉദ് ഘാടനം ചെയ്തു . തുടര്‍ന്ന് 2 സ്‌റേറജുകളിലായി സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍ വിഭാഗങ്ങളിലായി സിംഗിള്‍ ഡാന്‍സ്, സിംഗിള്‍ സോംഗ്, ഉപകരണസംഗീതം, ഗ്രൂപ്പ് ഡാന്‍സ്, ഗ്രൂപ്പ് സോംഗ് ,സ്‌കിറ്റ് എന്നീ വിഭാഗങ്ങളിലുള്ള മത്സരങ്ങള്‍ അരങ്ങേറി.

അത്യന്തം മികവുറ്റതും, മിഴിവാര്‍ന്നതുമായ കലാപ്രകടനങ്ങള്‍ ആണ് മത്സരാര്‍ത്ഥികള്‍ കാഴ്ചവെച്ചത്.ഏറ്റവും മത്സര പ്രിയ ഐറ്റം ആയി മാറിയത് 10 ലധികം മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത സിംഗിള്‍ സോംഗ് മത്സരങ്ങള്‍ ആയിരുന്നു. കണ്ണഞ്ചിപ്പിക്കുന്ന മാസ്മരിക പ്രകടനങ്ങളായിരുന്നു ഡാന്‍സ് ഫ്‌ലോറില്‍ അരങ്ങേറിയത്.
കീ ബോര്‍ഡ്, ഗിത്താര്‍ വിഭാഗം ഉപകരണസംഗീത മത്സരത്തില്‍ 15 ഓളം കലാപ്രതിഭകള്‍ മാറ്റുരച്ചു. സ്‌കോട് ലാന്‍ഡിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും  എഡിന്‍ബര്‍ഗ്ഗ്, ഗ്ലാസ് ഗോ, കിര്‍ക്കാള്‍ഡി, ഫാല്‍കിര്‍ക്ക്, സ്റ്റെര്‍ലിംഗ് ,ലിവിംഗ് സ്റ്റണ്‍ മുതലായ പ്രദേശങ്ങളില്‍ നിന്നും അസോസിയേഷനുകളെ പ്രതിനിധീകരിച്ചും വ്യക്തിഗത അടിസ്ഥാനത്തിലുമായി 75 ലധികം കലാപ്രതിഭകള്‍ മാറ്റുരച്ച അവിസ്മരണീയമായ മുഹൂര്‍ത്തത്തിനാണ് ലിവിംഗ് സ്റ്റണ്‍ ഇന്‍വെറാള്‍ മോഡ് ഹൈസ്‌കൂള്‍ കമ്യൂണിറ്റി ഹാള്‍ സാക്ഷ്യം വഹിച്ചത്.

മത്സരാര്‍ത്ഥികള്‍ക്കും അനുവാചകര്‍ക്കും വിധികര്‍ത്താക്കള്‍ക്കുമായി പാചക നൈപുണ്യതയില്‍ പ്രശസ്തനായ രാജു ക്ലൈഡ് ബാങ്ക് നടത്തിയ ഫുഡ് സ്റ്റാളും ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. മത്സരത്തില്‍ വിജയികളായ എല്ലാവര്‍ക്കും ട്രോഫിയും, സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. സ്‌കോകോട്‌ലാന്‍ഡിലെ മലയാളി സമൂഹത്തിന്റെ വളര്‍ച്ചയുടെ നാള്‍വഴികളില്‍ മറ്റൊരു തിലകക്കുറി ചാര്‍ത്തി കൊണ്ട് സ്‌കോട്‌ലാന്‍ഡ് മലയാളീ കുടിയേറ്റ ചരിത്രത്തില്‍ ഇദംപ്രഥമായി നടത്തപ്പെട്ട കലാമേള ഇന്നേവരെ സ്‌കോട് ലാന്‍ഡ് മലയാളികള്‍ക്ക് പരിചിതമല്ലാത്ത കലോത്സവമാമാങ്കത്തിന്റെ പുതുവസന്ത വര്‍ണ്ണ വിസ്മയ കാഴ്ചകള്‍ വാരി വിതറി. പരാതികള്‍ക്കിടം നല്കാതെയുള്ള വിധി നിര്‍ണ്ണയവും, സംഘടനാ പ്രവര്‍ത്തകരുടെ തോളോടുതോള്‍ചേര്‍ന്ന പ്രവര്‍ത്തനവും, മത്സരാര്‍ത്ഥികളുടെ മികവും, കാണികളുടെ നിര്‍ലോഭമായ പ്രോത്സാഹനവും കൂടി ചേര്‍ന്നപ്പോള്‍ ഒന്നാമത് യുസ്മാ കലാമേള സ്‌കോട്‌ലാന്‍ഡ് മലയാളി കുടിയേറ്റ ചരിത്ര താളുകളില്‍ രജതരേഖ രചിച്ചു.

യുസ് മാ കലാമേള കഴിഞ്ഞ്  മണിക്കൂറുകള്‍ക്കുള്ളില്‍ വരും വര്‍ഷങ്ങളിലെ യുസ്മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങും തണലുമാകന്‍ സന്നദ്ധത പ്രകടിപ്പിച്ച് യുകെ സമുഹത്തിന്റെ വിവിധ ശ്രേണികളിലുള്ളവര്‍ മുന്നോട്ട് വരുന്നത് ഞങ്ങളുടെ ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ വേഗവും ഊര്‍ജ്ജവും പകരും എന്നതില്‍ സംശയമില്ല.

യുസ്മാ കലാമേളയുടെ വിജയത്തിനു ശേഷം സെപ്തംബറില്‍ യുസ്മാ കായികമേള നടത്താനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞതായും സംഘാടകര്‍ അറിയിച്ചു. കലാമേള 2019 ന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച ഏവര്‍ക്കും സംഘടനാ ട്രഷറര്‍ ഡോ.രാജ് മോഹന്‍ നന്ദി അറിയിച്ചു.

കലാമേളയുടെ കൂടുതല്‍ ചിത്രങ്ങള്‍ കാണുവാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.

https://www.facebook.com/groups/622486761500847/permalink/680840392332150/

https://drive.google.com/folderview?id=111P8gelCqgySBl-AZYBlmJmVk6ewlv3P

ബിനോയി ജോസഫ്, നോർത്ത് ലിങ്കൺഷയർ

ഭാരതാംബയുടെ ധീരപുത്രിയായ ഇന്ദിരാഗാന്ധി അംഗരക്ഷകരുടെ നിറതോക്കുകളുടെ ഗർജനത്താൽ രക്തസാക്ഷിത്വം വരിക്കുമ്പോൾ രാഹുലിന് പ്രായം വെറും 14 വയസ്. ഭാരതത്തിന്റെ മനസാക്ഷിയെ നടുക്കിയ തന്റെ മുത്തശിയായ ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിന്റെ തീവ ദു:ഖത്തിലൂടെ ആ കുരുന്നു മനസ് കടന്നു പോയി. തന്നെ ലാളിച്ചു വളർത്തിയ മുത്തശിയുടെ ജീവനറ്റ ശരീരത്തിന് മുൻപിൽ തന്റെ പിതാവിന്റെ മാതാവിന്റെയും കരം ഗ്രഹിച്ച് വിങ്ങിപ്പൊട്ടിയ രാഹുൽ ഇന്ത്യൻ ജനതയുടെ വേദനയുടെ ഭാഗമായി മാറി. തങ്ങളുടെ വഴികാട്ടിയും കുടുംബത്തിന്റെ പ്രകാശവുമായിരുന്ന ഇന്ദിരഗാന്ധിയുടെ മരണത്തിന്റെ അലയൊലികൾ അവസാനിക്കും മുൻപ് തന്നെ തന്റെ പിതാവിന്റെ അകാല മൃത്യുവിനും രാഹുൽ ഗാന്ധി സാക്ഷ്യം വഹിച്ചു. ശ്രീ പെരമ്പദൂരിൽ ചാവേറാൽ ഛിന്നഭിന്നമാക്കപ്പെട്ട ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായ രാജീവ് ഗാന്ധിയുടെ ചിതയ്ക്ക് അഗ്നി പകർന്നപ്പോൾ രാഹുലിൽ 21 വയസ് പ്രായം. ആ കരങ്ങൾ ഇന്ന് ഇന്ത്യൻ ജനതയുടെ ആശയും ആവേശവുമാകുന്നു.

വെല്ലുവിളികൾ നിറഞ്ഞ ചെറുപ്പകാലം രാഹുലിനു നല്കിയത് വിലയേറിയ ജീവിതാനുഭവങ്ങൾ ആയിരുന്നു. ഡെറാഡൂണിൽ സ്കൂൾ വിദ്യാഭ്യാസം ആരംഭിച്ചെങ്കിലും സുരക്ഷാകാരണങ്ങളാൽ ഹോം സ്‌കൂളിംഗിലേയ്ക്ക് പിന്നീട് രാഹുലിനെ മാറ്റേണ്ടി വന്നു. ഫ്ളോറിഡയിലെ റോളിൻസ് കോളജിൽ പഠിച്ചത് മറ്റൊരു പേരിലായിരുന്നു, അതും സുരക്ഷയുടെ പേരിൽ. കേംബ്രിഡ്ജിലും ഹാർവാർഡിലും റോളിൻസിലും പഠിച്ച രാഹുൽ ഇന്റർനാഷണൽ റിലേഷൻസിലും ഡെവലപ്മെന്റ് സ്റ്റഡീസിലും ഡിഗ്രികൾ കരസ്ഥമാക്കി. ഏതാനും വർഷങ്ങൾ ലണ്ടനിൽ ജോലി ചെയ്ത രാഹുൽ ഗാന്ധി സ്വന്തമായി ഒരു കമ്പനി ആരംഭിക്കുകയും ചെയ്തു. നാഷണൽ സ്റ്റുഡൻസ് യൂണിയനിലും യൂത്ത് കോൺഗ്രസിലും സജീവമായി പ്രവർത്തിച്ച രാഹുൽ ഗാന്ധി 2004 ൽ മുഴുസമയ രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങുകയും അമേത്തിയിൽ നിന്ന് പാർമെന്റിലേക്ക് മത്സരിച്ച് വിജയിച്ചു. 2009 ലും 2014ലും അതേ മണ്ഡലത്തിൽ നിന്ന് പാർലമെൻറിലെത്തിയ അദ്ദേഹം 2013ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വൈസ് പ്രസിഡന്റായി. നാലു വർഷങ്ങൾക്കു ശേഷം കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം തന്റെ മാതാവായ സോണിയാ ഗാന്ധിയിൽ നിന്നും ഏറ്റെടുത്തു.

ഇന്ത്യൻ ചരിത്രത്തിൽ എക്കാലവും നെഹ്റു കുടുംബം നിറഞ്ഞു നിന്നിരുന്നു. സ്വാതന്ത്ര്യ സമരത്തിലും സ്വതന്ത്ര ഭാരതത്തിന്റെ ഉയിർത്തെഴുന്നേല്പിലും ഭരണതന്ത്രജ്ഞതയും രാഷ്ട്ര ബോധവും നേതൃത്വപാടവവും പ്രകടിപ്പിച്ച നേതാക്കളെ രാജ്യത്തിന് സംഭാവന ചെയ്ത ഒരു കുടുംബത്തിലെ ഇളം തലമുറയുടെ പ്രതിനിധിയായ രാഹുൽ ഗാന്ധി  രാഷ്ട്രീയ പാരമ്പര്യത്തിനപ്പുറം ആധുനിക ഇന്ത്യയുടെ പ്രതീകമാണ്. കോളനി വാഴ്ച്ചയ്ക്ക് അന്ത്യം കുറിച്ച് ഇന്ത്യാ മഹാരാജ്യത്തിന്റെ ഭരണം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഏറ്റെടുക്കുമ്പോൾ ചോദ്യങ്ങൾ ഏറെ മുന്നിലുണ്ടായിരുന്നു. മതത്തിന്റെ പേരിൽ വിഭജിക്കപ്പെട്ട രാജ്യത്ത് സമാധാനം പുനസ്ഥാപിക്കുക എന്ന ദൗത്യവും ഭരണ നിയമ വ്യവസ്ഥകൾ നടപ്പാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വവും തകർന്നടിഞ്ഞ സാമ്പത്തിക രംഗം പുനരുജ്ജീവിപ്പിക്കുക എന്ന പ്രധാന കടമയും ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റു ഏറ്റെടുത്തു. വിദേശ ശക്തികളുടെ ഭീഷണികളിൽ നിന്ന് രാജ്യത്തിന്റെ പരമാധികാരം കാക്കാൻ ധീരമായ തീരുമാനങ്ങൾ എടുക്കുകയും നടപ്പാക്കുകയും ചെയ്ത ഇന്ദിരാ പ്രിയദർശിനിയുടെ യുഗത്തിൽ ലോകരാജ്യങ്ങളുടെ മുൻനിരയിലേക്ക് ഭാരതം ആനയിക്കപ്പെട്ടു.

വിധ്വംസക പ്രവർത്തനങ്ങളും മതേതരത്വത്തിനെതിരായ ഭീഷണികളും ഉയർന്നു വന്ന കാലഘട്ടത്തിൽ രാജീവ് ഗാന്ധി എന്ന യുവ പ്രധാനമന്ത്രി ഇന്ത്യയെ നയിച്ചു. ആധുനിക സാങ്കേതിക വിദ്യകളുടെ ലോകത്തേക്ക് ഇന്ത്യയെ നയിച്ച രാജീവ് ഗാന്ധി ലോക നേതാക്കളിൽ തലയെടുപ്പോടെ വിരാജിച്ചു. ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും ജീവനുകൾ രാജ്യത്തിന്നായി പൊലിഞ്ഞപ്പോൾ ഭാരതമാകെ നെഹ്റു കുടുംബത്തിലെ ഒരംഗത്തിന്റെ വരവിനായി കാത്തിരുന്നു എന്നത് ഒരു യഥാർത്ഥ്യമാണ്. വിവിധങ്ങളായ സംസ്കാരങ്ങളും ഭാഷകളും മതങ്ങളും നാനാത്വത്തിലെ ഏകത്വവും ഭാരതാംബയെ മനോഹരിയാക്കുമ്പോൾ, ആ ജനതയെ നയിക്കാൻ മതേതര വാദിയായ ദീർഘവീക്ഷണമുള്ള,  ജനാധിപത്യ മൂല്യങ്ങൾക്ക് വില കല്പിക്കുന്ന ഒരു പാരമ്പര്യത്തിനേ കഴിയൂ എന്നതിന് ചരിത്രം തന്നെ സാക്ഷി.

ബാല്യകാലം മുതൽ മാദ്ധ്യമ ദൃഷ്ടിയിൽ ജീവിക്കുന്ന രാഹുൽ ഗാന്ധിയ്ക്ക് സ്വകാര്യത എന്നത് കിട്ടാക്കനിയായിരുന്നു. ഇത്രയധികം സുരക്ഷാ ഭീഷണിയും അതിനിശിതമായ വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്ന ഒരു യുവാവ് ആധുനിക ഇന്ത്യയിൽ ഉണ്ടായിട്ടില്ല. ഒരടിസ്ഥാനവുമില്ലാതെ വളഞ്ഞിട്ടാക്രമിക്കപ്പെട്ട ആ വ്യക്തിത്വം ഓരോ ദിനവും കഴിയുമ്പോഴും കൂടുതൽ പ്രശോഭിതമായി. മുളയിലേ നുള്ളാൻ വെമ്പുന്ന ശക്തികൾക്കെതിരെ സൗമ്യമായി പുഞ്ചിരിയോടെ പോരാടിയ രാഹുൽ ഗാന്ധി എന്ന യുവത്വം പിന്നിട്ട വെല്ലുവിളികൾ ചെറുതല്ല. ഇന്ത്യൻ യുവതയുടെ പ്രതീകമായി ഉയർന്ന രാഹുൽ ഗാന്ധിയെ മുതിർന്ന നേതാക്കളെന്ന് സ്വയം കരുതുന്നവർ പോലും വ്യക്തിഹത്യ ചെയ്യുന്ന രീതിയിൽ വിമർശിച്ചപ്പോഴും അതിനെ കണ്ടില്ലെന്ന് നടിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അടിത്തറ കെട്ടിപ്പടുക്കുന്ന തിരക്കിലായിരുന്നു അദ്ദേഹം.

ഗ്രാമങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേയ്ക്ക് സഞ്ചരിച്ച് ഭാരത ജനതയുടെ ആത്മാവിനെ അടുത്തറിഞ്ഞ് നാളേയ്ക്കുള്ള പദ്ധതികൾക്ക് രൂപം കൊടുക്കാൻ രാഹുലിന്റെ മനസ് തുടിച്ചു കൊണ്ടിരുന്നു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ, ഏറ്റവും പാരമ്പര്യമുള്ള  രാഷ്ട്രീയപ്പാർട്ടിയുടെ അമരക്കാരനായി രാജ്യത്തെ വീണ്ടും ഒന്നിപ്പിക്കാൻ അക്ഷീണം പരിശ്രമിക്കുന്ന രാഹുൽ ഗാന്ധി എന്ന സ്വരം അനേകം യുവഹൃദയങ്ങൾക്ക് സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്കിറങ്ങി രാഷ്ട്ര നിർമ്മാണ പ്രക്രിയയുടെ ഭാഗമാകാൻ പ്രചോദനമായി.

ദേശസ്നേഹവും രാജ്യതന്ത്രജ്ഞതയും നിറഞ്ഞ കുടുംബ പശ്ചാത്തലത്തിൽ അച്ചടക്കത്തോടെ വളർന്ന് ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയ രാഹുൽ ഗാന്ധി ജീവിതാനുഭവങ്ങളിൽ നിന്ന് നേടിയ കരുത്തിന്റെ പിൻബലവുമായാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന ആശയങ്ങളുടെ കൂട്ടായ്മയെ നയിക്കുന്നത്. ആയിരക്കണക്കിന് തലമുതിർന്ന നേതാക്കന്മാർക്ക് നിർദ്ദേശങ്ങൾ നല്കാനും അച്ചടക്കത്തോടെ പാർട്ടിയെ മുന്നോട്ട് നയിക്കാനും രാഹുൽ ഗാന്ധി കാണിക്കുന്നത് അസാമാന്യമായ പാടവമാണ്.

സമ്മർദ്ദങ്ങൾക്ക് അടിപ്പെടാതെ രാഷ്ട്രീയ പ്രബുദ്ധതയുടെ പാഠങ്ങൾ രാജ്യത്തിന് പകർന്നു നല്കി, ലക്ഷ്യം നേടാൻ സധീരം മുന്നേറുന്ന രാഹുൽ ഗാന്ധിയുടെ ഓരോ നീക്കങ്ങളും ലോകജനത സസൂക്ഷ്മം വീക്ഷിക്കുന്നു. അദ്ദേഹത്തിന്റെ ഓരോ വാക്കുകളും സമൂഹത്തിൽ ഊർജമായി പടരുന്നു. സോഷ്യൽ മീഡിയയും ആധുനിക സാങ്കേതിക വിദ്യകളും മാനേജ്മെൻറ് തന്ത്രങ്ങളും തന്റെ വ്യക്തിപ്രഭാവവും വേണ്ട വിധം ഉപയോഗിച്ച് ജനങ്ങളിലേയ്ക്കും പ്രവർത്തകരിലേയ്ക്കും ഇറങ്ങി രാജ്യത്ത് ആവേശത്തിന്റെ തിരമാലകൾ സൃഷ്ടിക്കുകയാണ് രാഹുൽ ഗാന്ധി. രാഹുലിന്റെ സാന്നിധ്യം പകരുന്ന പ്രചോദനത്താൽ ഇന്ത്യയുടെ യുവത്വം രാജ്യത്തെ വീണ്ടെടുക്കാൻ കൈകോർക്കുന്നു. അടുത്ത പിറന്നാൾ രാഹുൽ ഗാന്ധി ആഘോഷിക്കുമ്പോൾ അത് ഇന്ത്യൻ പ്രധാനമന്ത്രിയുടെ ജന്മദിനമായി ഭാരത ജനത ആഘോഷിക്കുന്നതിനുള്ള സാധ്യത അതിവിദൂരമല്ല.  മെയ് 23 ന് ഭാരത ജനത വിധി പ്രഖ്യാപിക്കുമ്പോൾ രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയായി രാഹുൽ ഗാന്ധി അവരോധിക്കപ്പെടാനുള്ള സാധ്യത ആർക്കും തള്ളിക്കളയാവുന്നതല്ല. ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും നയിച്ച രാജ്യത്തിന്റെ അമരക്കാരനാകാൻ രാഹുൽ ഗാന്ധി തയ്യാറെടുത്തു കഴിഞ്ഞു.

കാരൂര്‍ സോമന്‍

ഒരു എഴുത്തുകാരന്റെ കൃതി വായിച്ചു വിലയിരുത്തുന്നത് പോലെയാണ് ഓരോ ഭരണങ്ങളെ ജനങ്ങള്‍ വിലയിരുത്തുന്നത്. സ്വന്തം പോക്കറ്റില്‍ നിന്നും ഒരു ചില്ലി കാശു പോലും ചിലവാക്കാതെ നമ്മുടെ നികുതി പണം കൊണ്ട് എം.എല്‍.എ, എം.പി.ഫണ്ട് വാങ്ങി അവരുടെ പേരെഴുതി ചുവരുകളില്‍ പ്രദര്‍ശിപ്പിച്ച് അധികാരികളാകുന്ന, മറ്റുള്ളവര്‍ക്ക് വഴി മാറികൊടുക്കാതെ മരണംവരെ തെരഞ്ഞടുപ്പില്‍ മത്സരിച്ച് അധികാരഭ്രാന്തില്‍ ജീവിക്കുന്ന നമ്മുടെ നാട്ടില്‍ മത-രാഷ്ട്രീയത്തിന്റ പരിക്കുകളേറ്റു കാലത്തിന്റ ഒഴുക്കിനൊപ്പം സഞ്ചരിക്കുന്ന ഒരു ജനതയുടെ മുന്നില്‍ രണ്ട് കാര്യങ്ങള്‍ 2019 ലോക സഭാ തെരഞ്ഞടുപ്പില്‍ പുറത്തു വന്നു. ഒന്ന് മുതിര്‍ന്ന നേതാക്കന്മാര്‍ മത്സരത്തില്‍ നിന്നും മാറി നില്‍ക്കുന്നു. ഈ മാതൃക നേതാക്കന്മാരുടെ കണ്ണു തുറന്നതില്‍ വരും തലമുറയ്ക്ക് സന്തോഷിക്കാം. രണ്ടാമത് മതത്തിന്റെ, ദൈവത്തിന്റ പേരില്‍ വോട്ടു പിടിക്കരുതെന്ന തെരെഞ്ഞടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ മുന്നറിയിപ്പ്. ഇതിന് മുന്‍പുള്ള തെരഞ്ഞെടുപ്പുകളില്‍ ഓഫീസര്‍ അത് കണ്ടിരിക്കുന്നു. ഇത് രണ്ടും മനുഷ്യന്റെ മനസ്സ് തറക്കുന്ന കുളിരളം വാക്കുകള്‍. ഇത് വടക്കേ ഇന്ത്യയില്‍ ഒന്നു നടപ്പാക്കി തരുമോ തെരഞ്ഞടുപ്പില്‍ കടന്നു വരുന്ന കള്ളപ്പണത്തിന്റ സ്രോതസ്സിനെപറ്റി എന്താണ് ഒന്നും പറയാത്തത്.

കേരള നിയമസഭ 1957 മാര്‍ച്ച് 16ന് നിലവില്‍ വരികയും ഏഷ്യയില്‍ ആദ്യമായി ഒരു കമ്മ്യൂണിസ്റ്റ് മന്ത്രിസഭ 1957 ഏപ്രില്‍ 5ന് ഇ.എം.എസിന്റെ നേതൃത്വത്തില്‍ അധികാരത്തിലെത്തുകയും ചെയ്തു. ആ മന്ത്രിസഭയിലെ അംഗങ്ങള്‍ സി.അച്യുതമേനോന്‍, ജോസഫ് മുണ്ടശ്ശേരി, ടി.വി.തോമസ്, വി.ആര്‍.കൃഷ്ണയ്യര്‍, കെ.പി.ഗോപാലന്‍, കെ.സി.ജോര്‍ജ്, ടി.എ.മജീദ്, കെ.ആര്‍.ഗൗരി, പി.കെ.ചാത്തന്‍, ഡോ.എ.ആര്‍. മേനോന്‍. എന്തിനു ഇതെഴുതി എന്ന് ചോദിച്ചാല്‍ ഇവര്‍ ആരും തന്നെ അധികാരത്തില്‍ വന്നത് മത-ആള്‍ ദൈവങ്ങളുടെ പേരിലല്ലായിരുന്നു. ഇതുപോലുള്ള വ്യക്തിത്വങ്ങളും, ആദര്‍ശാലികളും ഇതിന് ശേഷമുള്ള മന്ത്രിസഭകളില്‍ എന്തുകൊണ്ട് വന്നില്ല അല്ലെങ്കില്‍ എത്രപേരുണ്ട് എന്നത് കാലം അടയാളപ്പെടുത്തേണ്ടതാണ്. അധികാരത്തില്‍ അഭയം തേടുന്ന തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞ 72 വര്‍ഷങ്ങളായി സ്വാതന്ത്ര്യം കിട്ടിയിട്ടും പാവങ്ങള്‍ വിലാപങ്ങളോടെയാണ് ജീവിക്കുന്നത്. ഇതിന് ഒരു മാറ്റം ഈ തിരെഞ്ഞടുപ്പില്‍ സംഭവിക്കുമോ?

ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഇരകളുടെ, വോട്ടു ചെയ്യുന്നവന്റെ സ്ഥാനം എന്നും മുകളിലല്ല താഴെയാണ്. അതിനാല്‍ അവര്‍ എന്നും ഇരകളായി മാറുന്നു. പുഴുവിനെപോലെ ഇഴഞ്ഞു നടക്കുന്നു. കാട്ടിലെ വേട്ടക്കാര്‍ പള്ള നിറക്കാനായി ഇര തേടുമ്പോള്‍ നാട്ടിലെ വേട്ടക്കാര്‍ അല്ലെങ്കില്‍ അധികാരിവര്‍ഗ്ഗം പാവപ്പെട്ട ഇരകളുടെ നൊമ്പരം, ദയനീയാവസ്ഥ, വിശപ്പ് മാറ്റാനായി കള്ളപ്പണവും, മതം പുരണ്ട മധുരകിഴങ്ങുമായി പാവങ്ങളെ തേടിയെത്തുന്നു. എല്ലാ അഞ്ചുവര്‍ഷം കുടുമ്പോഴും ഇരകളെ തേടിയവര്‍ മാവേലിയെപ്പോലെ വരുന്നു, യാചകരെപോലെ വോട്ട് ചോദിക്കുന്നു. മാവേലി മന്നന്മാര്‍ വോട്ട് പെട്ടിയിലാക്കിയിട്ടും പാവങ്ങളുടെ ദുഃഖദുരിതത്തിന് യാതൊരു മാറ്റവുമില്ല. അവര്‍ ജീവിക്കുന്നത് ആഴത്തില്‍ മുറിവേറ്റ മനസ്സുമായിട്ടാണ്. വിശപ്പില്‍ നിന്നും വിശപ്പിലേക്കുള്ള ദുരം കുടുകയല്ലാതെ കുറയുന്നില്ല. കാരണം ഇന്ത്യന്‍ ഭരണയന്ത്രം നീങ്ങുന്നത് കാളയില്ലാത്ത കലപ്പപോലെയാണ്. ആ കലപ്പയുടെ നുകത്തില്‍ കെട്ടി വലിക്കുന്നത് പാവങ്ങളെയാണ്. കാള, കലപ്പ അങ്ങനെ പല ചിഹ്നത്തില്‍ മത്സരിക്കുന്നവര്‍ ഇതിനൊരു മാറ്റം വരുത്തുമോ?

മതമെന്ന വൈകാരിക ഭാവം കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കടന്നു വരികയും ജനാധിപത്യത്തിന്റ മറവില്‍ വിനാശം വിതക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. മതമെന്ന മയക്കുമരുന്ന് ഒരു കാരണവശാലും തെരഞ്ഞെടുപ്പുകളില്‍ വരാന്‍ പാടില്ലാത്തതാണ്. അതിന് മരണത്തിന്റ മണമാണ്. ആ മരണം ചിറകുകളിലേന്തി പറക്കുന്ന കഴുകന്മാര്‍ നമ്മുടെ വീടുകളിലെ മരങ്ങളിരുന്ന് നമ്മെ ഉറ്റു നോക്കുന്നു. മൃഗങ്ങള്‍ ഇരകളെ തേടിയിറങ്ങുന്നതുപോലെ മതഭ്രാന്തന്‍മാര്‍, മതമൗലികവാദികള്‍, കസേര കൊതിയന്മാര്‍ മതമെന്ന അപ്പക്കഷ്ണവുമായി സമൂഹത്തില്‍ ഇരകളെ തേടിയിറങ്ങുന്നു. മതഭ്രാന്ത് ഒരു ഹിംസയാണ്. ആ ഹിംസ മതഭൂതങ്ങളില്‍ ആണിയടിച്ച് ഉറപ്പിച്ചതാണ്. ആ ആണി വലിച്ചൂരിയെറിയാന്‍ അധികാരവും അത്യാഗ്രവുമില്ലാത്തവര്‍ക് മാത്രമേ സാധിക്കു. ഇന്നല്ലെങ്കില്‍ നാളെ അത് സംഭവിക്കും. അറിവോ, തിരിച്ചറിവൊ, രാഷ്ട്രീയബോധമോയില്ലാത്ത ഒരു ജനത ഇരകളായി നിന്ന് വോട്ടുപ്പെട്ടി നിറക്കുന്നു. വോട്ട് കൊടുത്തവന് പിന്നീട് കിട്ടുന്നത് മുഖത്തു ചവിട്ടാണ്. ചുമക്കുന്നവന്റെ തലയില്‍ വീണ്ടും ചുമട് അതാണ് ഇന്നത്തെ പാവങ്ങളുടെ ജീവിതം. ചുട്ട ചട്ടിക്ക് അറിയില്ല അപ്പത്തിന്റ സ്വാദ് എന്നതുപോലെ വോട്ടു ചെയ്തവന് അറിയില്ല അതിന്റ മഹത്വം എന്തെന്ന്. അറിയണമെങ്കില്‍ അറിവും തിരിച്ചറിവവും വിവേകമുള്ള ജനങ്ങളും ഭരണവും ഇന്ത്യയിലുണ്ടാകണം. സ്വയം പുകഴ്ത്തിപ്പറയാത്ത, വാനോളം വാചകമടിക്കാത്ത ഭരണാധികാരികളുണ്ടാകണം, അനീതി ആക്രമമില്ലാത്തവരാകണം. ദേശസ്‌നേഹം പ്രസംഗിക്കാതെ ദേശീയത വളര്‍ത്തുന്നവരാകണം. സംഘടിതശക്തികളുടെ താളത്തിന് തുള്ളുന്നവരാകരുത്. ദുര്‍ബലരായ പൗരന്മാരുടെ ന്യായമായ ആവശ്യങ്ങളില്‍ ബോധപൂര്‍വമായി ഇടപെടുന്നവരാകണം. പരസ്പരം പോരാടിക്കാനും വെട്ടികൊല്ലാനും ജനങ്ങളെ പഠിപ്പിക്കുന്നവരാകരുത്. ഇതുപോലുള്ള കുറെ മൂല്യങ്ങള്‍ നമ്മുടെ ഭരണാധിപന്മാര്‍ക്കുണ്ടായിരുന്നെങ്കില്‍ ഇന്ത്യ എത്രയോ ഉയരങ്ങളില്‍ പറക്കുമായിരിന്നു. കാത്തു കാത്തിരിക്കുന്ന പ്രധാനമന്ത്രിയില്‍ ഈ മൂല്യങ്ങള്‍ കാണുമോ

കൃഷിക്കാര്‍, തൊഴിലാളികള്‍ ആത്മഹത്യ ചെയ്യുന്നു, വിദ്യാസമ്പന്നര്‍ തൊഴില്ലാതെ തെണ്ടി തിരിയുന്നു, വിലകയറ്റത്താല്‍ പാവങ്ങള്‍ നട്ടം തിരിയുന്നു, സ്ത്രീകള്‍ കുഞ്ഞുങ്ങള്‍ പീഡിപ്പിക്കപ്പെടുന്നു ഇങ്ങനെ എല്ലാം മേഖലകളിലും ഇന്ത്യന്‍ ജനാധിപത്യത്തിന്റ ജീര്‍ണ്ണിച്ച മുഖം ലോകം കണ്ടുകൊണ്ടിരിക്കുന്നു. മനുഷ്യനെ ചുഷണം ചെയ്ത് ജീവിക്കുന്ന അധികാരിവര്‍ഗ്ഗം ഇന്നും മേലാളന്മാരും കിഴാളന്മാരുമായി നിന്ന് ജനങ്ങളെ തമ്മില്‍ തല്ലിച്ചുല്ലസിക്കുന്നു. മതമെന്ന അപ്പക്കഷണമാണ് ഈ ഹിംസയ്ക്ക് പ്രധാന കാരണം. മതവികാരം ഒരു പറ്റം മനുഷ്യരില്‍ ആഴത്തില്‍ വേരൂന്നിയിട്ടുണ്ട്. ഇശ്വരജ്ഞാനമോ, വിവേകമോ ഇല്ലാത്ത മനുഷ്യരാണ് ഈ മതഭ്രാന്തിന് അടിമകളാകുന്നത്. എല്ലാ മതങ്ങളുടേയും സൃഷ്ഠികര്‍ത്താക്കള്‍ ആള്‍ദൈവങ്ങളും പുരോഹിതവര്‍ഗ്ഗവുമാണ്. ബുദ്ധനോ, യേശുക്രിസ്തുവോ, ശ്രീരാമകൃഷ്ണനോ, വിവേകാനന്ദനോ, രമണമഹര്‍ഷിയോ, നാരായണഗുരുവോ ഒരു മതവും മണ്ണില്‍ മുളപ്പിച്ചിട്ടില്ല. അവരറിയാതെ ആ പേരുകളില്‍ അത് വളര്‍ന്നു. അതിന് ചുറ്റും വര്‍ഗ്ഗിയതയെന്ന മതിലുകളുയര്‍ന്നു. അതിനുള്ളില്‍ വളരുന്നത് കഞ്ചാവാണ്. നാം കാണുന്ന എല്ലാ മതങ്ങളിലും ഈ ജീര്‍ണ്ണതയുണ്ട്. രാഷ്ട്രീയക്കാര്‍ അവരുടെ കാവല്‍ക്കാരാകുന്നു. വികസിത രാജ്യങ്ങള്‍ അനുനിമിഷം വളര്‍ച്ചയുടെ പടവുകള്‍ താണ്ടി സഞ്ചരിക്കുമ്പോള്‍ ഇന്ത്യക്കാരന്‍ കാണാത്ത ദൈവത്തിന്റ മറവില്‍ വന്യമൃഗങ്ങളെപോലെ ഇരകളെ തേടുന്നു. അങ്ങനെയവര്‍ അധികാരത്തിലെത്തി സമ്പന്നന്മാരാകുന്നു. എവിടുന്നുണ്ടായി ഈ സമ്പത്ത്

ഇന്ത്യയുടെ പല ഭാഗങ്ങളിലായി ജാതി-മതങ്ങള്‍ തെരഞ്ഞെടുപ്പുകളില്‍ അവരുടെ ജാതി കാര്‍ഡ് കളിച്ചാണ് കൊള്ളക്കാരെയും , കൈകൂലികരെയും, കൊലപാതകികളെയും, സ്ത്രീകളെ പിഡിപ്പിച്ചവരെയും, സമ്പന്നരെയും അധികാരത്തിലെത്തിക്കുന്നത്. കേരളവും ഇതില്‍ നിന്ന് മുക്തമല്ല. പുരോഹിതവര്‍ഗ്ഗം സൃഷ്ടിച്ച ദൈവങ്ങളില്‍ പൂജകളും പ്രതിഷ്ടകളും, പ്രാര്‍ത്ഥനകളും നടത്തി സ്വന്തം സുഖത്തിനുവേണ്ടി ദൈവ -രാജ്യ സേവനം നടത്തുന്നവരെയല്ലേ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. സമുഹത്തില്‍ ദുഷ്ടതകള്‍ ചെയ്തു ജീവിക്കുന്ന ഈ പകല്‍ മാന്യന്മാരെ ഈ തെരഞ്ഞെടുപ്പിലെങ്കിലും ജനങ്ങള്‍ തിരിച്ചറിയണം. ഈശ്വരന്‍ എന്ന സങ്കല്പത്തില്‍ മറ്റുള്ളവര്‍ക്ക് നന്മകള്‍ ചെയ്യുന്നവരും സഹ ജീവികളോട് കാരുണ്യം കാണിക്കുന്നവരുമാണ് യഥാര്‍ത്ഥ മത ഭക്തര്‍ അല്ലെങ്കില്‍ ജനസേവകര്‍ അല്ലാതെ ആ പേരില്‍ വോട്ടു ചോദിക്കുന്നവരും ശുഭ്രവസ്ത്രധാരികളുമല്ല. അധികാരത്തിന്റ താക്കോല്‍ കിട്ടി കഴിഞ്ഞാല്‍ മാന്‍പേടയുടെ മുഖം മാറി സിംഹത്തിന്റ മുഖമായി സമൂഹത്തിലെ എല്ലാ കുറ്റകൃത്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കും. അപരാധി നിരപരാധിയായി മാറും. മതത്തിനായി മരകായുധങ്ങള്‍ നിര്‍മ്മിക്കും. ഒരു ഈശ്വരനിലും മതമില്ല എന്നത് ഈ കൂട്ടര്‍ തിരിച്ചറിയുന്നില്ല. ഈ പുണ്യവാന്‍മാരെ തിരിച്ചറിയാന്‍ ശ്രമിക്കുമോ

ഈ തെരഞ്ഞെടുപ്പ് മനുഷ്യ പുരോഗതിയെ മുന്നില്‍ കണ്ടുകൊണ്ടാകണം നാം നേരിടേണ്ടത്. പ്രവര്‍ത്തിയില്ലാതെ ആദര്‍ശം പ്രസംഗിക്കുന്നവരുടെ മര്‍മ്മ സ്ഥാനത്തടിക്കാന്‍ ഇന്ത്യകാരന് കിട്ടിയ അവസരമാണിത്. മതത്തില്‍ നിന്നും പടുത്തുയര്‍ത്തിയ രാഷ്ട്രീയപാര്‍ട്ടികളെ അടിച്ചു തകര്‍ത്ത് അവിടെ മതേതര മതിലുകളാണ് പടുത്തുയര്‍ത്തേണ്ടത്. അവര്‍ക്ക് മാത്രമേ മനുഷ്യ ജീവിതത്തിന്റ ഉപ്പും, ഉറപ്പും സുരക്ഷിതത്വവും നല്കാന്‍ സാധിക്കു. നമ്മുടെ തെരെഞ്ഞടുപ്പുകളില്‍ ദരിദ്രര്‍ ധനികരുടെ നക്കാപ്പിച്ച അനുകുല്യങ്ങള്‍ വാങ്ങി വോട്ടു ചെയ്തതുകൊണ്ടാണ് പട്ടിണി, ദാരിദ്ര്യം മുതലായവ ഇന്നും തുടരുന്നത്. അതിനാല്‍ ശ്വാസം ദീര്‍ഘശ്വാസം വലിക്കുന്നു. മനുഷ്യനെ ജാതി മതത്തിന്റ പേരില്‍ വേറിട്ടു കാണുന്ന ചൂഷകവര്‍ഗ്ഗത്തിന് ഈ തെരഞ്ഞടുപ്പ് ഒരു ചാട്ടവാറടിയാകണം. ചാണകം തളിച്ച് മുറ്റമൊന്നു കഴുകിയാലും തെറ്റില്ല. ഇന്ത്യയിലെ വോട്ടര്‍മാര്‍ വളര്‍ന്നു വരുന്ന കുഞ്ഞുങ്ങളെ ഓര്‍ത്തെങ്കിലും ഈ ചൂഷകരുടെ മുന്നിലെ കഴുതകളും ഭാവിയുടെ അനന്തരഫലങ്ങളറിയാത്ത മണ്ണിലെ വെറും പുഴുക്കളും ചുമടുതാങ്ങികളുമാകരുത്. തിരഞ്ഞെടുപ്പുകളിലെ അജ്ഞാത കാമുകി കാമുകന്മാരെ നാം തിരിച്ചറിയണം. ഈ തെരഞ്ഞടുപ്പ് കാലത്തേ അമര്‍ത്തി ചുംബിക്കുന്ന ജീവന്റെ തുടുപ്പുകളാകട്ടെ.

കാരൂര്‍ സോമന്‍

‘വിങ് കമാന്‍ഡര്‍ അഭിനന്ദന് അഭിനന്ദനങ്ങള്‍ ഒപ്പം ഇന്ത്യന്‍ സൈന്യത്തിനും’ കാറല്‍ മാക്‌സ് മതം കറുപ്പാണ് എന്നും സാഹിത്യകാരന്‍ പൊന്‍കുന്നം വര്‍ക്കി മത പുരോഹിതരെ കരി വാരി തേക്കുന്നു എന്ന് പറഞ്ഞപ്പോള്‍ അതിന് കൊടുത്ത മറുപടി ‘ആ കരി ഞാന്‍ തേച്ചതല്ല. അതവരുടെ മുഖത്തുള്ളതാണ്’. ഇപ്പോള്‍ നടക്കുന്ന ഇന്ത്യാ-പാക് ഏറ്റുമുട്ടലുകള്‍ കാണുമ്പോള്‍ ഇതാണ് ഓര്‍മ്മ വരുന്നത്. തിരുവിതാംകൂര്‍ ദിവാനായിരുന്ന സി.പി.രാമസ്വാമി പൊന്‍കുന്നം വര്‍ക്കിയില്‍ ചാര്‍ത്തിയ കുറ്റം ജനങ്ങളെ വര്‍ഗ്ഗ സമരത്തിന് പ്രരിപ്പിക്കുന്നു എന്നതായിരിന്നു. വര്‍ക്കിയെ ജയിലില്‍ അടച്ചു. അതുപോലെ സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മറ്റ് ഏതെങ്കിലും സാഹിത്യകാരന്മാര്‍, അഭിപ്രായം പറയുന്നവര്‍ വര്‍ക്കിയെപോലെ ജയിലില്‍ പോകേണ്ടിവരുമോ? സര്‍ഗ്ഗപ്രതിഭയുള്ള എഴുത്തുകാര്‍ മാളത്തില്‍ ഒളിക്കുന്നവരല്ല.

ഹിറ്റ്‌ലറും സ്റ്റാലിനും മതത്തിന്റെ പേരില്‍ ധാരാളം പാവങ്ങളെ കൊന്നൊടുക്കിയതുപോലെ പാകിസ്താന്റെ ചരിത്രത്താളുകളില്‍ ധാരാളം ക്രിസ്തിയാനികളെ കൊന്നൊടുക്കിയിട്ടുണ്ട്. ആ ഒരു മത ഭ്രാന്ത് അല്ലെങ്കില്‍ ആ കരി അവരുടെ മുഖത്തുള്ളത് ഇന്ത്യയിലെ ഹിന്ദുക്കളോടും അവര്‍ വെച്ചുപുലര്‍ത്തുണ്ട്. ആ സോക്കേട് ഇന്നു തുടങ്ങിയതല്ല. ഇന്ത്യ-പാക് വിഭജനം മുതലേ നമ്മള്‍ കണ്ടതാണ്. ഈ മത മനോരോഗികള്‍ ഭരണത്തിലായാല്‍ മറ്റുള്ളവരുടെ മേല്‍ എന്തും അടിച്ചേല്‍പ്പിക്കുക, തീപ്പൊരി പ്രസംഗങ്ങള്‍ നടത്തുക, തെറ്റിദ്ധരിപ്പിക്കുക, എന്തും അസഹിഷ്ണതയോട് കാണുക, ഭിന്നിപ്പിച്ച് ഭരിക്കുക ഇതൊക്കെ അവരുടെ സ്വഭാവവിശേഷങ്ങളാണ്. നിരപരാധികളുടെ ജീവന്‍ കവര്‍ന്നെടുക്കുന്ന ഈ കുട്ടര്‍ക്ക് പാകിസ്ഥാനില്‍ പട്ടാളം മാത്രമല്ല മത പൗരോഹിത്യവും കൂട്ടിനുണ്ട്. ഓരൊരൊ സാമ്രാജ്യങ്ങള്‍ മനുഷ്യരെ കൊന്നൊടുക്കി അധികാരം നിലനിര്‍ത്തിയതുപോലെ ഇന്നുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഓരോരോ കൃത്രിമ പദ്ധതികള്‍ തയ്യാറാക്കി അധികാരം നിലനിര്‍ത്താന്‍ ശ്രമിക്കുന്നു. ചെപ്പടി വിദ്യക്കാരന്‍ അമ്പലം വീഴുങ്ങുന്ന ഒരവസ്ഥ. ഇതൊക്കെ വിദ്യാസമ്പന്നരല്ലാത്ത, ദരിദ്ര രാജ്യങ്ങളില്‍ നടക്കുന്ന ഒരു കാഴ്ചയാണ്.

ഇന്ത്യ ആര് ഭരിച്ചാലും ഇന്ത്യകാരന്‍ അഭിമുഖികരിക്കുന്ന പ്രശ്‌നങ്ങളില്‍ പ്രധാനമായും കടന്നു വരുന്നത് ഇന്ത്യന്‍ പട്ടാളം, കാശ്മീരി ജനത സുരക്ഷിതരാണോ എന്നുള്ളതാണ്. എന്തുകൊണ്ട് ഒരു കാശ്മീരി പൗരന്‍ സ്വന്തം പട്ടാളക്കാരെ കൊന്നൊടുക്കാന്‍ ഒരു ചാവേറായി വന്നു? അവിടെ തീവ്രവാദം വളര്‍ത്തുന്നത് ആരാണ്? അവരുടെ മുറിവുകളുണക്കാന്‍ നമ്മള്‍ എന്ത് ചെയ്തു? എന്തുകൊണ്ടാണ് നമ്മുടെ കാവല്‍ ഭടന്മാര്‍ ശത്രു ശക്തികളാല്‍ ജീവന്‍ വെടിയുന്നത്? ആരാണ് യുദ്ധ ഭീതി പരത്തുന്നത്? ആരാണ് ഈ രക്തച്ചൊരിച്ചിലിനെ രാഷ്ട്രീയവത്കരിക്കുന്നത്? പുല്‍വാമ ആക്രമണത്തില്‍ 40 ജീവന്‍ രക്തത്തില്‍ പിടഞ്ഞു മരിച്ചു. എത്രയോ മാതാപിതാക്കള്‍, ഭാര്യമാര്‍, മക്കള്‍ കണ്ണീര്‍ വാര്‍ക്കുന്നു. ഇതുപോലെ ചെറുതും വലുതുമായ എത്രയെത്ര സംഭവങ്ങള്‍ നമ്മുടെ അതിര്‍ത്തികളില്‍ നടക്കുന്നു. എന്തുകൊണ്ടാണിത് തുടരുന്നത്? ആരാണ് ഇതിനുത്തരവാദികള്‍? പുല്‍വാമ സംഭവത്തിന്റെ വിശദാംശങ്ങള്‍ ഒരാള്‍ ചോദിച്ചാല്‍ അതെങ്ങനെ രാജ്യദ്രോഹമാകും? ഇറാഖ് യുദ്ധ കാലത്തു ഞാന്‍ സൗദിയിലുണ്ടായിരുന്നു. എല്ലാ ദിവസവും സന്ധ്യകളില്‍ ബ്രിട്ടീഷ്-അമേരിക്കന്‍ സൈനിക മേധാവികള്‍ അന്നന്നു നടക്കുന്ന സംഭവവികാസങ്ങളെ മധ്യമങ്ങളുടെ, ജനങ്ങളുടെ മുന്നില്‍ വിശദീകരിക്കുമായിരിന്നു. അപ്പോഴും മധ്യമങ്ങള്‍ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരുന്നു. ഇതൊക്കെ വിശദീകരിക്കാന്‍ ഉത്തരവാദിത്വമുള്ളവര്‍ മുന്നോട്ടു വന്നില്ലെങ്കില്‍ ഒരു പൗരന് ഇതൊക്കെ അറിയാന്‍, ചോദിക്കാന്‍ അവകാശമില്ലേ? പാകിസ്ഥാന്‍ നടത്തുന്ന സൈനിക നീക്കത്തിന് മുന്നില്‍ എത്ര നാള്‍ ഇന്ത്യ മൗനിയായി തുടരും?

ലോകത്ത് ഏറ്റവും കൂടുതല്‍ നുണ ഉത്പാദിപ്പിക്കുന്ന രാജ്യം മാത്രമല്ല ഏറ്റവും കൂടുതല്‍ ചാവേറുകളെ ഉത്പാദിപ്പിക്കുന്ന രാജ്യം കൂടിയാണ് പാകിസ്ഥാന്‍. അവരുടെ ചാവേറുകള്‍ ലോകത്തു എല്ലായിടവുമുണ്ട്. അവര്‍ക്ക് ലഭിക്കുന്ന പ്രതിഫലമാകട്ടെ ലക്ഷകണക്കിന് ഡോളറാണ്. ഈ ചാവേറുകളെ, തീവ്രവാദികളെ ഉത്പാദിപ്പതിക്കുന്ന ഫാക്ടറികളാണ് പാകിസ്ഥാന്‍ കാശ്മീരിലുള്ളത്. ഇവര്‍ക് സാമ്പത്തിക സഹായം നല്‍കുന്നത് സൗദി അറേബ്യ അടക്കമുള്ള ചില ഗള്‍ഫ് രാജ്യങ്ങളാണ്. ഈ കൂട്ടരാണ് വെള്ളരി പ്രാവുകളായി ഇന്ത്യയുടെ മുന്നില്‍ പ്രത്യക്ഷപെടുന്നത്. അവര്‍ ഭരണകൂടത്തിന് പണം കൊടുക്കുന്നത് ആതുര- സേവന -മത പഠനം എന്ന പേരിലെങ്കിലും ആ പണം അവരുടെ അറിവോടെ അല്ലെങ്കില്‍ അറിവില്ലാതെ ചെന്നത്തുന്നത് ഈ മത ഭ്രാന്തന്മാരുടെ കൈകളിലാണ്. പെട്രോള്‍ ഉത്പന്നങ്ങള്‍ വഴി ഗള്‍ഫില്‍ സമ്പത്തുണ്ടായ കാലം മുതലാണ് പാകിസ്ഥാനില്‍ ചാവേര്‍ ഫാക്ടറികള്‍ വളര്‍ന്നത്. ഒസാമ ബില്‍ ലാദന്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും ഒളുവില്‍ പോയ സമയം അമേരിക്കന്‍ പ്രസിഡണ്ട് ജോര്‍ജ് ബുഷിന് ഞാനൊരു കത്തയച്ചു. ഈ മത ഭ്രാന്തന്‍ പാകിസ്ഥാനിലുണ്ടെന്ന്. അത് അദ്ദേഹത്തിന് കിട്ടിയോ ഇല്ലയോ എന്നത് എനിക്കറിയില്ല. പാകിസ്ഥാന്‍ മതതീവ്രവാദികളുടെ കോട്ടയും ഒളിസങ്കേതവുമെന്ന് ഇതില്‍ കൂടുതല്‍ തെളിവ് വേണ്ട.

കാര്‍ഗില്‍ യുദ്ധത്തിന് ശേഷം നമ്മുടെ വിദേശ നയം വിജയമോ പരാജയമോ എന്നത് അഗാധമായി ചിന്തിക്കേണ്ടിയിരിക്കുന്നു. അമേരിക്ക ഒപ്പം എന്നത് മിഥ്യയാണ്. പാകിസ്താനിലെ ഭികര ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നതുപോലെ ലോകത്ത് ഏറ്റവും കൂടുതല്‍ നിരപരാധികളുടെ ജീവന്‍ കവര്‍ന്നെടുക്കുന്ന യുദ്ധ ഫാക്ടറികളുള്ളതും അമേരിക്കയിലാണ്. ഈ ഫാക്ടറികളുള്ളവര്‍ക് യുദ്ധം അനിവാര്യമാണ്. ഏത് രാജ്യം യുദ്ധം ചെയ്താലും അവരുടെ യുദ്ധം നീതിയാണ്. അത് അനീതിയല്ല. ചുടുചോരയുടെ, മരണത്തിന്റെ മണം, മുഖം അരമനകളിലിരിക്കുന്ന യുദ്ധക്കൊതിയന്മാര്‍ ഓര്‍ക്കാറില്ല. മനുഷ്യക്കോല നടത്തുന്ന യുദ്ധങ്ങള്‍ അവസാനിപ്പിക്കാന്‍ ബ്രിട്ടനും അമേരിക്കയും ശ്രമിച്ചാല്‍ തീര്‍ച്ചയായും ഭൂമിയില്‍ സമാധാനമുണ്ടാകും. അതുപോലെ ചൈന ശ്രമിച്ചാല്‍ പാകിസ്താനെ വരച്ച വരയില്‍ നിര്‍ത്താന്‍ സാധിക്കും. ഇന്ത്യയുടെ നയതന്ത്ര ബന്ധങ്ങള്‍ ചൈനയുമായി കൂടുതല്‍ ശക്തിയാര്‍ജിക്കേണ്ടിയിരിക്കുന്നു. അതിനാണ് ഇന്ത്യ മുന്‍കൈ എടുക്കേണ്ടത്. ഇന്ത്യ ഭികരരുടെ താവളമല്ല തകര്‍ക്കേണ്ടത് മറിച്ച് അവരുടെ തലയാണ്. അതിനുള്ള തന്ത്രങ്ങളും പോരാട്ടവുമാണ് നടത്തേണ്ടത് അല്ലാതെ മിസൈലും ബോംബുമല്ല. ആഗോള മനസാക്ഷിയെക്കാള്‍, വോട്ടിന്റ വലുപ്പത്തേക്കാള്‍ ഭാരതിയെന്റെ, പട്ടാളക്കാരന്റെ മനസ്സാണ് ഭരണകര്‍ത്താക്കള്‍ തിരിച്ചറിയേണ്ടത്.

കാരൂര്‍ സോമന്‍

കേരളത്തിലെ തെങ്ങില്‍ നിന്നും നല്ല ആദായമായിരിന്നു കര്‍ഷകന് കിട്ടിയത്. ആദായമോ നൂറു വര്‍ഷത്തില്‍ അധികം. നല്ല വളക്കൂറുള്ള മണ്ണിലെ ഇത് വളരൂ. അതുപോലെ നമ്മുടെ രാഷ്ട്രീയ-മതത്തിനു വളരെ വളക്കൂറുള്ള മണ്ണാണ് ഇന്ത്യ. തെങ്ങിന്റെ ആദായം കുറഞ്ഞതുപോലെ മത-രാഷ്ട്രീയക്കാരുടെ ആദായവും കുറഞ്ഞു വരുന്നതിന്റെ ശബ്ദമാണ് ഒരു സാഹിത്യകാരിയില്‍ നിന്നും പുറത്തു വന്നത്. ഒരു ബെല്ലും ബ്രേക്കുമില്ലാത്ത സോഷ്യല്‍ മീഡിയയില്‍ പ്രസ്താവനകള്‍ നടത്താതെ, വികാരാവേശങ്ങള്‍ നടത്താതെ, സൂത്രശാലികള്‍ ആകാതെ നേര്‍വഴിയില്‍ സഞ്ചരിക്കാന്‍ ഗാന്ധിയന്‍ ഉപവാസമുറകള്‍ നല്ലത്. കുറഞ്ഞ പക്ഷം വിശപ്പിന്റെ രുചിയെങ്കിലും അറിയുമല്ലോ.

കേരളത്തിലെ മത-രാഷ്ട്രീയ-സാഹിത്യ -സാംസ്‌കാരിക മേഖലയിലെ എത്രയോ പ്രമുഖരുടെ മുഖം നഷ്ടപ്പെടുന്നതിന്റെ ധാരാളം ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. അവരെ താങ്ങി നടത്തുന്നത് ആനപ്പുറത്തിരിക്കുന്നവരാണ്. ഒരു എഴുത്തുകാരിയുടെ നേര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ നടത്തുന്ന അസഭ്യവാക്കുകള്‍ എത്രയോ ലജ്ജാകരമാണ്. രണ്ടു കൂട്ടര്‍ തമ്മിലുള്ള അമര്‍ഷ-വിമര്‍ശനങ്ങള്‍ അവര്‍ തമ്മില്‍ തീര്‍ക്കുന്നതല്ലേ നല്ലത്. അവിടെ ഫേസ്ബുക്ക് എന്ന യന്ത്രം ഉപയോഗിച്ച് നായ് കുരക്കുന്നതുപോലെയാണ് ഒരു പറ്റം സൈബര്‍ ഗുണ്ടകള്‍ കുരച്ചു കുരച്ചു പിറകേയോടുന്നതും കുറെയോടുമ്പോള്‍ തളര്‍ന്ന് ഇരിക്കുന്നതും. മറ്റൊരു കുട്ടരാകട്ടെ ഞാനാണ് കേമന്‍, മാന്യന്‍ എന്ന ഭാവത്തില്‍ ക്രൂരവും നിന്ദ്യവുമായ വിധത്തില്‍ ആരെയും അധിക്ഷേപിക്കും. ഈ സോഷ്യല്‍ മീഡിയയെന്ന യന്ത്രപ്പെട്ടി മരിച്ചവരെ ഉയിര്‍ത്തുഴുന്നേല്‍പ്പിക്കുമോ?

കാസര്‍ഗോഡ് ഇരട്ടക്കൊലപാതകം മനഃസാക്ഷിയുള്ള ആരും അംഗീകരിക്കില്ല. ഇടതുപക്ഷത്തെ തകര്‍ക്കാന്‍ കൗശലക്കാരായ ആരോ ഇതിന്റെ പിന്നില്‍ ഇല്ലേ എന്ന സംശയം എനിക്കുണ്ട്. എന്തെന്നാല്‍ ഒരു ഇലക്ഷന്‍ പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍ ഉള്ളുപൊള്ളുന്ന ഈ പണി ആരെങ്കിലും ചെയ്യുമോ? എഴുത്തുകാര്‍ കൊലപാതകത്തില്‍ പ്രതികരിക്കാത്തതുകൊണ്ട് ആ നിഷ്ഠൂര ക്രൂരകൃത്യത്തിനു കൂട്ടുനില്‍ക്കുന്നു എന്ന് കരുതരുത്. ചിലരെങ്കിലും പ്രതികരിക്കുന്നില്ലേ? ചിലര്‍ പ്രതികരിക്കാത്തത് അവര്‍ക്കു കിട്ടിക്കൊണ്ടിരിക്കുന്ന, കിട്ടാനിരിക്കുന്ന പദവി, പുരസ്‌ക്കാരങ്ങള്‍ നഷ്ടമാകും എന്നതുകൊണ്ടാണ്. ഈ മിണ്ടാപ്രാണികള്‍ക്ക് ഒരു വാഴപ്പിണ്ടിയെങ്കിലും സമ്മാനമായി കൊടുക്കുന്നതില്‍ തെറ്റൊന്നും കണ്ടിട്ട് കാര്യമില്ല. റഷ്യയിലെ സര്‍ ചക്രവര്‍ത്തി ഭരണകാലത്ത് സാഹിത്യകാരന്‍ മാക്സിം ഗോര്‍ക്കി അന്നത്തെ പോലീസ് വെടിവെപ്പില്‍ വിദ്യാര്‍ഥികളുടെ ചുടുരക്തം നേരില്‍ കണ്ട വ്യക്തിയാണ്. അതിന്റ പേരില്‍ അദ്ദേഹം ഒരു കവിത എഴുതി. ‘തുഫാനി പിതറേല്‍ കാ ഗീത്’ അത് സര്‍ ചക്രവര്‍ത്തിക്കും കൂട്ടര്‍ക്കും ദഹിച്ചില്ല. അദ്ദേഹത്തെ നാടുകടത്താന്‍ ശ്രമം നടന്നു. അവിടെ വിപ്ലവ നേതാവ് ലെനിന്‍ രംഗത്തു വന്നു. ഗോര്‍ക്കിയും പിന്മാറിയില്ല. തോക്ക് കാട്ടി തൂലികയോട് കളിക്കേണ്ട എന്നു സാരം. ആ ദുഷിച്ച ഭരണത്തിനെതിരെ ആഞ്ഞടിച്ചതിനാല്‍ ജയിലിലുമായി. ടോള്‍സ്റ്റോയിയെ എടുത്താലോ. റഷ്യന്‍ വിപ്ലവത്തിന്റെ കണ്ണാടി എന്നാണ് ലെനിന്‍ അദ്ദേഹത്തെ വിളിച്ചത്. എവിടെ സാഹിത്യകാ രന്‍മാരുണ്ടോ, കവികളുണ്ടോ അവിടെ നവോത്ഥാനമുണ്ട്. സത്യമുണ്ട്. നീതിയുണ്ട്. കേരളത്തിലും ഇന്ത്യയിലും എഴുത്തുകാരുണ്ട്. അവര്‍ എവിടെ എന്ന് പലരും ചോദിക്കാറുണ്ട്. ആ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ നമ്മുടെ പൂര്‍വ്വികരായ എഴുത്തുകാര്‍ക്കുണ്ടായിരുന്നു. ആ ദേശീയബോധം നമുക്കു നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. അവര്‍ മത-രാഷ്ട്രീയ മാടമ്പികളുടെ പരിഹാസത്തിനും പുച്ഛത്തിനും ഇരയായവരായിരുന്നു. അവരുടെ ലക്ഷ്യം പദവിയും പുരസ്‌കാരങ്ങളുമായിരുന്നില്ല. സര്‍ഗ്ഗപ്രതിഭയുള്ള എഴുത്തുകാര്‍ സംസ്‌കാരിക ഫാസിസത്തിനെതിരെ രംഗത്ത് വരുന്നവരാണ്. അവര്‍ മാളത്തില്‍ ഒളിക്കുന്നവരല്ല.

എഴുത്തുകാരന്‍ ഏത് പാര്‍ട്ടിക്കാരനായാലും ആ വ്യക്തിയുടെ രചനകളാണ് പ്രധാനം. അവരുടെ വായ് മൂടിക്കെട്ടി അവരെ നിശ്ശബ്ദരാക്കുന്നത് ആനപ്പുറത്തിരിക്കുന്നവരാണ്. അവരുടെ കഴുതകളായിരിക്കാന്‍ എല്ലാം എഴുത്തുകാരെയും കിട്ടില്ല. ഈ കൂട്ടര്‍ വിപ്ലവകാരിയും എഴുത്തുകാരനുമായിരുന്ന ലെനിനെ കണ്ടു പഠിക്കണം. എത്രയോ വര്‍ഷങ്ങളായി നിഷ്പക്ഷമായി എഴുതുന്ന എഴുത്തുകാര്‍ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്തുണയില്ല. അധികാര രാഷ്ട്രീയം എഴുത്തുകാരെ രണ്ടു തട്ടിലാക്കി ഭരിക്കുന്നു. പാര്‍ട്ടിക്ക് ഓശാന പാടുന്നവനേ അപ്പക്കഷണം കിട്ടൂ. കാലം പിഴക്കുമ്പോള്‍ എല്ലാം പിഴക്കുമല്ലോ. രാഷ്ട്രീയ കൊലപാതകങ്ങള്‍ പോലെ സാഹിത്യത്തിലും ഇതുപോലുള്ള കൊലപാതകങ്ങള്‍ നടക്കുന്നുണ്ട്.

രാഷ്ട്രീയ പാര്‍ട്ടികള്‍ രാഷ്ട്രീയ ഗുണ്ടകളെ, രാഷ്ട്രീയ തീവ്രവാദികളെ നിലക്കുനിര്‍ത്തണം. പാവപ്പെട്ട അമ്മമാരുടെ മക്കളാണ് കൊലക്കത്തിക്ക് ഇരയാകുന്നത്. അല്ലാതെ നേതാക്കന്മാരുടെ മക്കളല്ല. ഇത് ജനങ്ങള്‍ തിരിച്ചറിയണം. അധികാരം നിലനിര്‍ത്താന്‍ അമ്മമാരുടെ കണ്ണുനീരും ചുടുരക്തവും ഇവര്‍ക്കാവശ്യമാണ്. അതിനുവേണ്ടി മാതാപിതാക്കള്‍ മക്കളെ വിട്ടുകൊടുക്കരുത്. ഇന്ന് ഇന്ത്യയില്‍ കാണുന്നത് മുന്‍പ് ഭരിച്ചിരുന്ന കൊളോണിയല്‍ യജമാനന്മാരാണ്. മക്കളെ തൊഴിലെടുത്ത് ജീവിക്കാന്‍ പരിശീലിപ്പിക്കുക. മേലാളന്മാരുടെ കീഴാളന്മാരായി മക്കളെ വളര്‍ത്താതിരിക്കുക. രാഷ്ട്രീയ പാര്‍ട്ടികള്‍ പാവപ്പെട്ട യുവാക്കളെ കിറിമുറിക്കുന്നതിനേക്കാള്‍ സ്വയം കീറിമുറിച്ച് ഒരു ആത്മപരിശോധന നടത്തി ജനത്തെ അറിവുള്ളവരാക്കി വളര്‍ത്തുക. ചുടുരക്തത്തില്‍ നിന്നും വര്‍ഗ്ഗീയ ഭീകരരുടെ കരാളഹസ്തങ്ങളില്‍ നിന്നും മലയാളിക്ക് മോചനം കൊടുക്കുക.

കാരൂര്‍ സോമന്‍

മനുഷ്യ മനസ്സിന്റെ ഇരുണ്ട അറകളിലെന്നും വെളിച്ചം വിതറുന്നത് അക്ഷരങ്ങളും ആത്മാവുമാണ്. അത് പ്രഭാതമാരുതനെപ്പോലെ ലോകമെങ്ങും കുളിര്‍കാറ്റായി മഞ്ഞ് പൊഴിക്കുന്നു. ഓരോ സംസ്‌ക്കരാവും ആ കാലത്തിന്റെ നന്മയും തിന്മയും അടയാളപ്പെടുത്താറുണ്ട്. അതില്‍ നൂറ്റാണ്ടുകളായി ആ സംസ്‌ക്കാര വിജ്ഞാനത്തിന്റെ സുവര്‍ണ്ണ ദശയില്‍ ജീവിക്കുന്നവരാണ് ബ്രിട്ടീഷുകാര്‍. ആ മഹത്തായ സംസ്‌ക്കാരം അടയാളപ്പെടുത്തിയിരിക്കുന്നത് അക്ഷരങ്ങളുടെ ലോകത്തെ ഏറ്റവും വലിയ പര്‍വ്വതമായ ബ്രിട്ടീഷ് ലൈബ്രററിയിലാണ്. ഏകദേശം 200 മില്യനടുത്ത് കലാ-സാഹിത്യ-ശാസ്ത്ര രംഗത്തേ പുരാതന ശേഖരങ്ങളാണ് ഇതിനുള്ളിലുള്ളത്. നമ്മുടെ എഴുത്തോലകളുടെ ഡിജിറ്റല്‍ വീഡിയോകള്‍വരെയുണ്ട്. പൗരണിക ഭാവത്തോടെ നില്ക്കുന്ന അക്ഷരങ്ങളുടെ കൊട്ടാരത്തിനു മുന്നില്‍ രാവിലെ തന്നെ ഞാനെത്തി. വാതിലിനടുത്ത് വൈവിദ്ധ്യമാര്‍ന്ന പൂക്കള്‍ പുഞ്ചിരി തൂകി നില്ക്കുന്നു. ക്ഷേത്രദര്‍ശനത്തിന് നില്ക്കുന്ന ഭക്തരെ പോലെ ഭയഭക്തിയോടെയാണ് ഈ സര്‍വ്വവിജ്ഞാന പാഠശാലയുടെ മുന്നില്‍ അകത്തേക്ക് കടക്കാന്‍ ലോകമെങ്ങുമുള്ള സഞ്ചാരികള്‍ വരിവരിയായി നില്ക്കുന്നത്. ചില താടിയും മുടിയുമുള്ളവരെ കണ്ടാല്‍ വൃതമെടുത്ത് വന്നതുപോലുണ്ട്. ഇവരുടെ പൂജാവിഗ്രഹങ്ങള്‍ അക്ഷരമാണ്. ആ സരസ്വതി ദേവിയെയാണവര്‍ ആരാധിക്കുന്നത്. ആ ആരാധന ഇന്‍ഡ്യയിലെ സിനിമകളില്‍ വേഷങ്ങള്‍ കെട്ടിയാടുന്ന നടി നടന്‍ന്മാര്‍ക്ക് കൊടുക്കുന്ന വെറും ആരാധനയല്ല. ഇത് അറിവിലും അന്വേഷണ ഗവേഷണങ്ങളിലുള്ള ഒരു ത്വരയാണ് ആരാധനയാണ്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള ലോകത്തേ എല്ലാ അമൂല്യകൃതികളും ഇവിടെ ലഭ്യമാണ്. ഇപ്പോള്‍ ഒന്നാം സ്ഥാനത്തു വരുന്നത് വാഷിംഗ്ടണ്ണിനിലെ ലൈബ്രററി ഓഫ് കോണ്‍ഗ്രസ്സാണ്. അവിടുത്തെ വിജ്ഞാന ഭണ്ഡാരത്തിലുള്ളത് 164 മില്യനാണ്. അതിനടുത്തായി വരുന്നത് കാനഡയിലെ നാഷണല്‍ ലൈബ്രററി, അസ്റ്റോറിയായിലെ അഡ്‌മോന്റ്, ന്യൂയോര്‍ക്കിലെ പബ്ലിക്ക് ലൈബ്രററികളാണ്. ഇവിടെയെല്ലാം എന്നെ അത്ഭുതപ്പെടുത്തിയത് ജനങ്ങള്‍ വിജ്ഞാനത്തേ കണ്ടെത്താന്‍ നിശബ്ദരായി നീണ്ടനിരയില്‍ നില്ക്കുന്നതാണ്. എന്റെ മനസ്സ് കേരളത്തിലേക്ക് പോയി. അവിടുത്തെ പ്രധാന നീണ്ട നിര കാണുന്നത് മദ്യഷോപ്പുകളുടെ മുന്നിലാണ്. ദാഹവും മോഹവുമായി അവര്‍ ആരാധനയോടെ നില്ക്കുന്നു. നമ്മള്‍ വെറും ക്ഷണിക സുഖങ്ങളിലും ക്ഷണികവാദങ്ങളിലും വിളവ് തിന്നുന്നവരായി മാറുന്നത് എന്താണ്?

സെക്യൂരിറ്റി ചെക്കപ്പ് കഴിഞ്ഞ് അകത്തേക്കു കയറി. ആ വലിയ ഹാളില്‍ ഇടത്തു ഭാഗത്തായി ഒരു റസ്റ്റോറന്റുണ്ട്. ഞാനും അവിടേക്കു ചെന്നു. വിടര്‍ന്ന മിഴികളുമായി ഒരു സുന്ദരി പുഞ്ചിരി തൂകി എന്റെയടുത്ത് വന്ന് എനിക്കാവശ്യമുള്ളത് ചോദിച്ചു. ഓര്‍ഡര്‍ കിട്ടുന്നതുവരെ അവളുടെ കണ്ണുകളും ചുണ്ടുകളും പുഞ്ചിരിച്ചുകൊണ്ടേയിരുന്നു. എത്രവേഗത്തിലാണ് അവളുടെ മുഖത്തെ പ്രസന്നത നഷ്ടപ്പെട്ടതെന്ന് ഒരു നിമിഷം ഓര്‍ത്തിരുന്നു. കോഫി കുടിച്ചിട്ട് ഇന്‍ഫര്‍മേഷന്‍ കൗണ്ടറില്‍ ചെന്നു. അന്‍പതോളം പേര്‍ പത്ത് മണിക്കുള്ള ഗ്രൂപ്പിലുണ്ട്. ഞങ്ങളുടെ ഗൈഡ് എല്ലാവരുമായും മുകളിലെ നിലയിലേക്ക് നടന്നു. പലഭാഗങ്ങളിലായി ചെറിയ മേശകള്‍ക്കു മുകളിലുള്ള കമ്പ്യൂട്ടറുകളില്‍ നോക്കിയും, പേപ്പറില്‍ എഴുതിയും പഠനങ്ങളില്‍ മുതിര്‍ന്ന കുട്ടികള്‍ ഏര്‍പ്പെട്ടിരിക്കുന്നു. നൂറുകണക്കിന് വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥികളല്ലാത്തവരുമാണ് ഓരോരോ ഭാഗങ്ങളിലിരിക്കുന്നത്. അതില്‍ ചുരുക്കം ഏഷ്യക്കാരുമുണ്ട്. ഒരു റിഡര്‍ പാസ്സുണ്ടെങ്കില്‍ 150 മില്യന് മുകളിലുള്ള വിജ്ഞാന വസ്തുക്കള്‍ ഡിജിറ്റലായി കാണാം. ഞങ്ങളെ നയിക്കുന്ന സായിപ്പ് വെറുമൊരു ഗൈഡ് മാത്രമല്ല ഒരു പണ്ഡിതനെന്ന് എനിക്ക് തോന്നി. അറിവിന്റെ അജ്ഞാത തലങ്ങളിലേക്കാണ് അദ്ദേഹം മറ്റുള്ളവരെ നയിക്കുന്നത്. ഇതൊരു അറിവിന്റെ സഞ്ചാരമായി തോന്നി. അറിവില്ലാത്തവന്റെ അജ്ഞത ഇദ്ദേഹത്തിന്റെ മുന്നില്‍ സമ്മതിക്കാതെ നിവര്‍ത്തിയില്ല. എല്ലാ രാജ്‌യത്തു നിന്നുള്ള പുരാതന കൃതികള്‍ ഇവിടെയുണ്ട്. ഞാന്‍ ചോദിച്ചു. ഇന്‍ഡ്യയില്‍ നിന്നുള്ള പുരാതന കൃതികള്‍ എന്താണ് ഇവിടെയുള്ളത്. ഉടനടി അതിനും ഉത്തരം കിട്ടി. ഇന്‍ഡ്യയുടെ പുരാതനന മഹാഭാരതവും, രാമായണവും നിങ്ങള്‍ക്ക് ഇവിടെ ഡിജിറ്റലായി വായിക്കാം. ലോകഭാഷകളിലെ കൈയ്യെഴുത്ത് പ്രതികള്‍, ജേര്‍ണലുകള്‍, പത്രമാസികകള്‍, ചിത്രരചനകള്‍, ലോകസ്റ്റാമ്പുകള്‍, കുട്ടികളുടെ രചനകള്‍, സംഗീതം തുടങ്ങി ധാരാളം കാഴ്ചകളാണ് ഇതിനുള്ളിലുള്ളത്. ആറുനിലകളിലായി കണ്ണാടികൂടുകളിലും ഭൂഗര്‍ഭ അറകളിലുമാണ് ഇതെല്ലാം സൂക്ഷിച്ചിരിക്കുന്നത്. മഹാശിലായുഗത്തിലെ മരത്തോലുകള്‍വരെ ഇവിടെ സൂക്ഷിച്ചിരിക്കുന്നു. ഓരോന്നും ആരെയും അത്ഭുതപ്പെടുത്തുന്ന കാഴ്ചകളാണ്.

ഓരോ നിലകളിലെത്താന്‍ ലിഫ്റ്റുണ്ട്. ചില്ലുപേടകങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന പുസ്തക കൂമ്പാരത്തിനുള്ളിലേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനമില്ല. അവിടെയുള്ള പുസ്തകങ്ങളെപ്പറ്റി ഗൈഡ് വിശദീകരിച്ചു തരും. എവിടെയും ഒരു പഠനമുറിപോലെയാണ്. എങ്ങും ഏകാഗ്രത. ഒരു മുട്ടുസൂചിവീണാലറിയുന്ന നിശബ്ദത. ഇവിടുത്തെ കലാലയങ്ങളില്‍ പഠിച്ചുവന്ന അച്ചടക്കമാണത്. കാലലയങ്ങളില്‍ രാഷ്ട്രീയത്തിന് പ്രവേശനമില്ല. പഠനകാലത്ത് പഠിച്ചാല്‍ മതി. എഴുത്തുകാരന്‍ ബെര്‍തോള്‍ഡ് ബ്രെഹ്ത് പറഞ്ഞതവര്‍ അനുസരിക്കുന്നു. ”വിശക്കുന്ന മനുഷ്യാ, പുസ്തകം കൈയ്യിലെടുക്കു. അതൊരായുധമാണ്”. ആദ്യം വിശപ്പടക്കാന്‍ പഠിക്കുന്നതാണ് നല്ലത്.

അറിവിന്റെ അക്ഷയനിധിയായ ബ്രിട്ടീഷ് ലൈബ്രററിയുടെ ആരംഭം 1753 ലാണ്. മനുഷ്യര്‍ അറിവിലൂടെ വളരാന്‍ ആദ്യം അടിത്തറയിട്ടത് 1066-1087 വരെ ഇംഗ്ലണ്ട് ഭരിച്ച വില്യം ഒന്നാമന്‍ രാജാവാണ്. വിവിധ വിഷയങ്ങളെ പ്രതിപാദിക്കുന്ന ആദ്യ പുസ്തകം ‘ഡോമസ്‌ഡേ’ പുറത്തുവന്നു. ലോകത്ത് ഇറങ്ങുന്ന ആദ്യപുസ്തകത്തിന്റെ ആദ്യകോപ്പി ഇവിടുത്തെ ലൈബ്രററിയില്‍ എത്തണമെന്ന് രാജകല്പനയും പുറപ്പെടുവിച്ചു. പിന്നീടുള്ള നാളുകളില്‍ പുസ്തകങ്ങളുടെ ഒഴുക്കായിരുന്നു. അവസാനമായി ഞങ്ങള്‍ എത്തിയത് അതിവിശാലമായ ഒരു ഹാളിലാണ്. അവിടുത്തെ കണ്ണാടികൂട്ടിനുള്ളില്‍ അതിപുരാതനങ്ങളായ വിവിധ ഭാഷകളിലെ കൃതികള്‍ വിശ്രമം കൊള്ളുന്നു. അതില്‍ വളരെ പ്രസിദ്ധമായ 1215 ല്‍ എഴുതിയ ബ്രിട്ടീഷ് ഭരണഘടനയായ ‘മാഗ്നാകാര്‍ട്ട’ യുമുണ്ട്. ഓരോന്നും കണ്ട് നടക്കുമ്പോള്‍ ഈ ലോകത്തിന്റെ കലാ-സാഹിത്യ സൗന്ദര്യത്തിന്റെ സമഗ്ര സംഭാവനകളാണ് കാണാന്‍ കഴിയുക. നമ്മെ വിസ്മയിപ്പിക്കുന്ന മധുരസ്മൃതികള്‍. എല്ലാറ്റിന്റെ മുകളില്‍ ഇംഗ്ലീഷില്‍ രേഖപ്പെടുത്തിയിരിക്കുന്നു. എന്റെ കണ്ണുകള്‍ പെട്ടന്ന് നിശ്ചലമായി. സ്വന്തം രാജ്യത്തുനിന്നുള്ള പ്രതിഭകളുടെ സൃഷ്ടികള്‍ കണ്ടപ്പോള്‍ മനസ്സിന് അനുഭൂതിമധുരമായ ഒരാനന്ദം തോന്നി. 1630 – 33 ല്‍ ആഗ്രയിലെ ചിത്രകാരനായിരുന്ന ലാല്‍ ചന്ത് വരച്ച പിങ്ക് ലില്ലി എന്ന ചിത്രം ഭിത്തിയില്‍ കാണപ്പെട്ടു.

1590-1600 കാലങ്ങളില്‍ വരച്ച പഞ്ചാബ്, രാജസ്ഥാന്‍, യുപിയിലെ ചിത്രങ്ങളുമുണ്ട്. ഒരു കണ്ണാടിക്കുള്ളില്‍ 1930 മെയ് 18 ന് ജയിലില്‍ കിടന്നുകൊണ്ട് മഹാത്മാഗാന്ധി സ്വന്തം കൈപ്പടയില്‍ ഇന്‍ഡ്യന്‍ വൈസ്രോയിയായിരുന്ന ഇര്‍വിന്‍ പ്രഭുവിനെഴുതിയ കത്തു വായിച്ചു. 25 കിലോ ഭാരമുള്ള ഫ്രഞ്ച്-ലാറ്റിന്‍ ഭാഷയില്‍ കൈകകൊണ്ടെഴുതിയ ചിത്രങ്ങളോടുകൂടിയ പുരാതന ബൈബിളും നമ്മുടെ മഹര്‍ഷിമാരെഴുതിയ ഭഗ്‌വതഗീതയും രാമായണവും ഡിജിറ്റലായി കമ്പ്യൂട്ടറിലും കണ്ടിട്ടാണ് ഞാനവിടെ നിന്നും മടങ്ങിയത്. കേരളത്തില്‍ മദ്യം വിറ്റ് ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കുമ്പോള്‍ ഇവിടെ വിറ്റഴിക്കുന്നത് വിലപ്പെട്ട പുസ്തകങ്ങളാണ്. വില്യംഷേക്‌സ്പിയര്‍, എഴുത്തുകാരി അനന്ത ക്രിസ്റ്റിയുടെ പുസ്തകങ്ങള്‍ വിറ്റഴിക്കപ്പെട്ടത് നാല് ബില്യനാണ്*. അങ്ങനെ എത്രയോ എഴുത്തുകാരുടെ എത്രയോ ബില്യന്‍, മില്യന്‍ പുസ്തകങ്ങള്‍ വിറ്റഴിക്കുന്നു. നമ്മുടെ കണ്ണ് ലാഭത്തിലാണ്. സാംസ്‌കാരിക വകുപ്പിന്റെ കീഴിലാണ് ഈ ലൈബ്രററി. 2017ലെ കണക്കിന്‍ പ്രകാരം 1.43 മില്യന്‍ സഞ്ചാരികളാണ് ഇവിടെ വന്നുപോയത്.

Email: [email protected]

RECENT POSTS
Copyright © . All rights reserved