Specials

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയ തെരഞ്ഞത് ഈ ഫോട്ടോഗ്രാഫറെയാണ് , വെറും ഫോട്ടോഗ്രാഫറല്ലാ , വവ്വാൽ ഫോട്ടോഗ്രാഫർ.

തൃശൂർ സ്വദേശി വിഷ്ണുവാണ് മ​നോ​ഹ​ര​മാ​യ ചി​ത്ര​ങ്ങ​ൾ ല​ഭി​ക്കു​വാ​നാ​യി മ​ര​ത്തി​ൽ തൂ​ങ്ങിക്കിട​ന്ന് ‘അ​ൽ​പം‘ സാ​ഹ​സി​ക​ത കാട്ടിയത്. വരന്റെയും,വധുവിന്റെയും ചിത്രങ്ങളെടുക്കാൻ വിഷ്ണു തലകീഴായി കിടന്നപ്പോൾ ചുറ്റുമുള്ളവർ പകർത്തിയത് വിഷ്ണുവിന്റെ ചിത്രങ്ങളാണ്.

ചി​ത്രം പ​ക​ർ​ത്തി​യ​തി​നു ശേ​ഷം ക്യാ​മ​റ വ​ര​ന്‍റെ കൈ​യ്യി​ൽ ന​ൽ​കുന്നതും, ശേ​ഷം ഫോട്ടോഗ്രാഫർ സു​ര​ക്ഷി​ത​മാ​യി താ​ഴേ​ക്ക് ഇ​റ​ങ്ങി​വ​രു​ന്ന​തുമൊക്കെ പരിസരത്തു നിന്ന മറ്റ് ‘ഫോട്ടോഗ്രാഫർമാരും‘ പകർത്തി.ഈ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ നിറഞ്ഞതോടെ ഈ വവ്വാൽ ഫോട്ടോഗ്രാഫർക്ക് കൈയ്യും,മനസ്സും നിറച്ച് ‘സ്മൈലി‘യും കിട്ടി.

ഹെലിക്യാം ഉപയോഗിച്ച് സ്റ്റിൽ ഫോട്ടോ എടുക്കുമ്പോൾ വേണ്ടത്ര ‘പെർഫെക്‌ഷൻ’ കിട്ടാത്തതിനാലാണ് വവ്വാൽ ക്ലിക്ക് വേണ്ടി വന്നതെന്നാണ് വിഷ്ണുവിന്റെ അഭിപ്രായം.

ഇരുപത്തിമൂന്നുകാരനായ വിഷ്ണുവിനു വൈറ്റ് റാംപ് എന്ന പേരിലുള്ള ഫ്രീലാൻസ് സ്റ്റുഡിയോ കൂട്ടായ്മയിലാണു ജോലി. തൃശൂർ തൃത്തല്ലൂർ സ്വദേശി.ടൈൽ പണിക്കാരനായ രവീന്ദ്രന്റെ മകൻ വിഷ്ണു പ്ലസ്ടു കഴിഞ്ഞപ്പോൾ ഇലക്ട്രോണിക്സ് ഡിപ്ലോമയാണ് പഠിച്ചത്. പിന്നീട് ഇഷ്ടം ഫൊട്ടോഗ്രഫിയിലേക്കു തിരിഞ്ഞു. അമ്മ മണി തയ്യൽ ടീച്ചറാണ്.

എന്തായാലും വവ്വാൽ ക്ലിക്കിലൂടെ സോഷ്യൽ മീഡിയ പ്രശസ്തരാക്കിയ വേറെ രണ്ട് പേർ കൂടിയുണ്ട്.മറ്റാരുമല്ല ദുബായിൽ മെയിൽ നഴ്സായ തൃശൂർ പെരിങ്ങോട്ടുകര സ്വദേശി ഷെയ്സ് റോബർട്ടും, എം.കോം വിദ്യാർഥിനിയായ നവ്യയും, ഇവരായിരുന്നു ആ വവ്വാൽ ക്ലിക്കിലെ ദമ്പതികൾ.

 

മൂന്ന് വയസ് തികയാത്ത ഒരു പെണ്‍കുട്ടിയാണ് കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി പാശ്ചാത്യ മാധ്യമലോകത്ത് നിറഞ്ഞു നില്‍ക്കുന്നത്. ബ്രിട്ടീഷ്‌ രാജകുടുംബാംഗമായ ഷാര്‍ലറ്റ് രാജകുമാരിയാണത്. പെണ്ണായാത് കൊണ്ട് മാത്രം കിരീടാവകാശക്രമത്തില്‍ അനിയന്‍മാര്‍ക്ക് പിന്നിലാവാത്ത ആദ്യത്തെ ബ്രിട്ടീഷ്‌ രാജകുടുംബാംഗമായി ഷാര്‍ലറ്റ് എന്നതാണ് കാരണം. കുടുംബത്തില്‍ ഇന്നലെ ഒരു പുതിയ അംഗം കൂടി വന്നു ചേര്‍ന്നതിന്‍റെ പശ്ചാത്തലത്തിലാണ് ഷാര്‍ലറ്റ് ചരിത്രത്തിലെ പുതിയ താരമായി ഉദിച്ചത്. വില്യം രാജകുമാരനും കേറ്റ് രാജകുമാരിക്കും ഇന്നലെ മൂന്നാമത്തെ കുഞ്ഞു ജനിച്ചു. മുത്തച്ഛന്‍ ചാള്‍സ്, അച്ഛന്‍ വില്യം, സഹോദരന്‍ ജോർജ്, സഹോദരി ഷാര്‍ലറ്റ് എന്നിവര്‍ക്ക് ശേഷം ബ്രിട്ടന്‍റെ അഞ്ചാം കിരീടാവകാശിയാകും ആ കുഞ്ഞ്.

ബ്രിട്ടീഷ് ചരിത്രത്തില്‍ ഒരു തിരുത്താണ് പുതിയ രാജകുമാരന്‍റെ ജനനത്തോടെ സംഭവിച്ചിരിക്കുന്നത്. ബ്രിട്ടീഷ് രാജകുടുംബത്തിന്‍റെ (പഴയ) കിരീട പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം (Succession to the Crown Act) കിരീടാവകാശികളായിട്ടുള്ള പെണ്‍കുട്ടികള്‍ക്ക്, കുടുംബത്തിലെ പുരുഷന്മാര്‍ക്ക് ശേഷം മാത്രമേ അവസരം ലഭിച്ചിരുന്നുള്ളൂ. ഉദാഹരണത്തിന്, ഇപ്പോഴത്തെ രാജ്ഞി എലിസബത്തിന്‍റെ മകള്‍ ആന്‍ രാജകുമാരിയ്ക്ക് തന്‍റെ മൂത്ത സഹോദരന്‍ ചാള്‍സ്, അനുജന്മാര്‍ ആന്‍ഡ്രൂ, എഡ്‌വേര്‍ഡ്, ഇവരുടെ ആണ്‍മക്കള്‍ എന്നിവര്‍ കഴിഞ്ഞേ അവസരമുള്ളൂ.

Prince William and Kate Middleton with their third born

കഴിഞ്ഞ ദിവസം ജനിച്ച മകനുമായി വില്യം രാജകുമാരനും കേറ്റ് രാജകുമാരിയും

ഈ നിയമത്തിന് 2013ല്‍ വരുത്തിയ ഭേദഗതി പ്രകാരം പെണ്‍കുട്ടികള്‍ അവര്‍ക്ക് ശേഷം വരുന്ന കിരീടാവാശികളായ ആണ്‍കുട്ടികള്‍ക്ക് വഴി മാറിക്കൊടുക്കേണ്ടതില്ല. നിയമത്തിന് ഭേദഗതി വരുത്തിയിരുന്നെങ്കിലും, ഇന്നലെ ഷാര്‍ലറ്റ് രാജകുമാരിയ്ക്ക് താഴെ ഒരാണ്‍കുട്ടി പിറന്നപ്പോഴാണ് ഇത് പ്രാബല്യത്തില്‍ വരുന്നത്. ഷാര്‍ലറ്റ് രാജകുമാരി നാലാം കിരീടാവകാശിയായിത്തന്നെ തുടരുമ്പോള്‍, ബ്രിട്ടീഷ്‌ രാജകുടുംബത്തില്‍ ലിംഗ നീതിയ്ക്കു വഴിമാറിക്കൊടുക്കുന്ന ആദ്യ പുരുഷനാകും ഇന്നലെ ജനിച്ച ഇനിയും പേരിട്ടിട്ടില്ലാത്ത രാജകുമാരന്‍.

രാജകുടുംബത്തിലെ പുതിയ അംഗത്തിന്‍റെ വരവിന്‍റെ ആഹ്ലാദത്തിലാണ് ബ്രിട്ടന്‍. പുതിയ കിരീടാവകാശിയെ വരവേല്‍ക്കാന്‍ കേറ്റ് രാജകുമാരിയെ പ്രസവത്തിനായി പ്രവേശിപ്പിച്ച ആശുപത്രിയുടെ താഴെ മണിക്കൂറുകളോളം ആളുകള്‍ കാത്തു നിന്നു. മകന്‍റെ ജനനത്തിന് ശേഷം കൈക്കുഞ്ഞുമായി വില്യം രാജകുമാരനും ഭാര്യയും എത്തി പുറത്തു കൂടിയിരുന്നവരെ അഭിവാദ്യം ചെയ്ത് തങ്ങളുടെ കുടുംബത്തിലെ പുതിയ അതിഥിയെ പരിചയപ്പെടുത്തി. ജോർജ് രാജകുമാരനും ഷാര്‍ലറ്റ് രാജകുമാരിയും അതിനു മുന്‍പ് തന്നെയെത്തി അനിയനെ കണ്ടിരുന്നു. മൂന്ന് വയസുകാരി ഷാര്‍ലറ്റാണ് ഏവരുടെയും മനം കവര്‍ന്നത്. കൂടിയിരുന്നവരെ നോക്കി ചിരിച്ചും കൈ ഉയര്‍ത്തിക്കാട്ടിയും ഷാര്‍ലറ്റ് തന്‍റെ സന്തോഷം പങ്കുവച്ചപ്പോള്‍ ക്യാമറകള്‍ക്ക് വിരുന്നായി. ചരിത്ര സന്ധി കൂടി ചേര്‍ന്നപ്പോള്‍ ഷാര്‍ലറ്റ് ഇന്നലെ വാര്‍ത്താലോകത്തെ തലക്കെട്ടുകളില്‍ നിറഞ്ഞു.

ജോസിലിന്‍ തോമസ്, ഖത്തര്‍

ഇന്ന് എന്റെ അമ്മയുടെ ജന്മദിനമാണ്. അമ്മയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസിലേയ്ക്ക് ഒഴുകിയെത്തുന്ന ഓര്‍മ്മകള്‍ക്കെല്ലാം സ്‌നേഹത്തിന്റെ നിറമാണ്. നാമെല്ലാം ഭൂമിയില്‍ പിറന്ന് വീഴുന്നതിന് മുന്‍പ് സ്വന്തം ശരീരത്തിന്റെ ഭാഗമായി മാസങ്ങളോളം നമ്മെ കൊണ്ടു നടന്ന് എല്ലുകള്‍ പൊട്ടിനുറുങ്ങുന്ന തീവ്രവേദന അനുഭവിച്ച് സ്വന്തം കുഞ്ഞിന് ജന്മം നല്‍കാനുള്ള കഴിവ് ഒരു അമ്മയ്ക്ക് മാത്രം അവകാശപ്പെട്ടതാണ്. ആ അവകാശത്തെ ഒരിക്കലും ഒരു അഹങ്കാരമായി കരുതാതെ അഭിമാനമായി കാണുന്നവരാണ് ഉത്തമരായ അമ്മമാര്‍. അങ്ങനെയുള്ള അമ്മമാരുടെ പട്ടികയില്‍ ഒന്നാം നിരയില്‍ തന്നെ സ്ഥാനം പിടിച്ച ഒരമ്മയുടെ മകളായി പിറക്കാന്‍ കഴിഞ്ഞതില്‍ ഞാനും അഭിമാനിക്കുന്നു. ഞാനെന്ന വ്യക്തിയെ കുടുംബത്തിനും സമൂഹത്തിനും സ്വീകാര്യയാക്കിത്തീര്‍ത്തതില്‍ അമ്മയ്ക്ക് മുഖ്യമായ പങ്കുണ്ട്.

എന്റെ അമ്മയില്‍ ഞാന്‍ കാണുന്ന ഏറ്റവും വലിയ ഗുണം നിസ്വാര്‍ത്ഥമായ സ്‌നേഹമാണ്. സ്‌നേഹമെന്ന വികാരത്തിന്റെ കുത്തൊഴുക്കില്‍ കുറ്റപ്പെടുത്തലുകളും, വിദ്വേഷങ്ങളും, തെറ്റിദ്ധ്വാരണകളുമെല്ലാം അലിഞ്ഞ് ഇല്ലാതായി തീരുന്നത് അത്ഭുതകരമായ ഒരു കാഴ്ച തന്നെയാണ്. പല അവസരങ്ങളിലും യാതൊരു അടിസ്ഥാനവുമില്ലാതെ അമ്മയ്‌ക്കെതിരെ കുറ്റാരോപണം
നടത്തുന്നവരോട് പോലും തെളിഞ്ഞ ചിരിയോടെ സംസാരിച്ച് അവരെയും മിത്രങ്ങളാക്കി മാറ്റുന്ന മാജിക് അമ്മയ്ക്ക് മാത്രം സ്വന്തമാണ്. അമ്മയുമായി എന്നെ മാനസികമായി അടുപ്പിക്കുന്ന അനേകം ജീവിതാനുഭവങ്ങളില്‍ നിന്നൊരെണ്ണം ഇവിടെ കുറിക്കട്ടെ. തൊട്ടിലില്‍ കിടക്കുന്ന പ്രായത്തില്‍ പനി കടുത്ത് ഫിറ്റ്‌സ് വന്ന എന്നെയുമെടുത്ത് അമ്മ ഓടിയ മാരത്തോണ്‍ ഓട്ടം മറ്റുള്ളവര്‍ പറഞ്ഞാണറിഞ്ഞതെങ്കിലും എന്റെ മനസില്‍ മായാതെ ഉണ്ട്.

അമ്മയുടെ യൗവനം വീട്ടുകാര്‍ക്കും, ബന്ധുക്കള്‍ക്കും, നാട്ടുകാര്‍ക്കുമായി അമ്മ സന്തോഷപൂര്‍വ്വം ഓടി തീര്‍ത്തു. വീട്ടിലെ തിരക്കിട്ട ജോലികള്‍ക്കിടയിലും ഒന്നാം ക്ലാസ് മുതല്‍ നാലാം ക്ലാസ് വരെ അത്ര അടുത്തല്ലാത്ത ഞാന്‍ പഠിച്ച സ്‌ക്കൂളിലേയ്ക്ക് എനിക്കുള്ള ഉച്ചഭക്ഷണമായി വെയിലത്ത് നടന്നുവരുന്ന അമ്മയുടെ മുഖം എന്റെ മനസില്‍ എന്നും കത്തി നില്‍ക്കുന്ന വിളക്ക് ആണ്. സ്‌കൂളിലെ കൂട്ടുകാര്‍ക്കിടയില്‍ ആവിപറക്കുന്ന കുത്തരിച്ചോറും, മീന്‍ വറുത്തതും, ചക്കക്കുരു മാങ്ങാച്ചാറും, ബീന്‍സ് തോരനുമെല്ലാം കൂട്ടി ഗമയില്‍ ഇരുന്ന് ഉള്ള ചോറൂണ് ഇന്നും എന്നെ കൊതിപ്പിക്കാറുണ്ട്. മക്കളായ ഞങ്ങളോടുള്ള കരുതലും വാത്സല്യവും സ്‌നേഹവുമെല്ലാം മറ്റുള്ളവരോടും അമ്മയ്ക്ക് ഉണ്ടെന്നുള്ളത് അമ്മയുടെ വ്യക്തിത്വത്തിലെ വൈരക്കല്ലാണ്.

അപ്രതീക്ഷിതമായി വരാറുള്ള അഗതികള്‍ അമ്മയെ പലപ്പോഴും പട്ടിണിയില്‍ ആക്കാറുള്ളത് വീട്ടിലുള്ളവര്‍ പോലും അറിയാന്‍ അമ്മ ആഗ്രഹിക്കുന്നില്ല. അയയില്‍ ഉണങ്ങാനിട്ട സാരിയും, കാതില്‍ കിടക്കുന്ന അമ്മയുടെ കമ്മലും ആവശ്യക്കാര്‍ക്ക് അടിയന്തിരഘട്ടങ്ങളില്‍ നല്‍കുവാന്‍ ഒരു മടിയും അമ്മ കാട്ടാറില്ല. വീട്ടിനുള്ളില്‍ കഴിയുമ്പോഴും വിവിധ പ്രായത്തിലുള്ളവരുടെ ഒരു വലിയ സുഹൃത്ത് വലയം അമ്മയ്ക്കുണ്ട്. അവരില്‍ പലരുടെയും അമ്മയായും, ഉപദേശകയായും, ഉറ്റചങ്ങാതിയായും അമ്മ വേഷങ്ങള്‍ മാറി മാറി അണിയാറുണ്ട്. വീട്ടുകാര്യങ്ങള്‍ക്ക് ഒപ്പം തന്നെ സമൂഹ നന്മയ്ക്ക് ഉതകുന്ന അനേകം കാര്യങ്ങള്‍ ചെയ്യുവാന്‍ ഒരു സ്ത്രീക്ക് കഴിയുമെന്ന് തെളിയിച്ച അമ്മയാണ് എക്കാലവും എന്റെ ആത്മസുഹൃത്തും വഴികാട്ടിയും. ഈ ലോകത്ത് ഞാന്‍ നേരിടാന്‍ ഇടയുള്ള ഏത് പ്രതിസന്ധികളുടെ കൊടും ചൂടിലും, വ്യവസ്ഥകളില്ലാത്ത സ്‌നേഹക്കുട ചൂടിക്കാന്‍ അമ്മ കൂടെ ഉണ്ടാകുമെന്നുള്ള തിരിച്ചറിവ് മുന്നോട്ടുള്ള എന്റെ ജീവിതയാത്ര പ്രകാശപൂര്‍ണ്ണമാക്കുന്നു.

പാറ്റ്‌ന: രാജ്യം ഇന്നുവരെ കേട്ടിട്ടില്ലാത്ത ഒരു അപൂര്‍വ പ്രണയകഥയിലെ നായകനായിരുന്നു മഥുക് നാഥ് ചൗധരി. അനവധി ബിഹാറി പ്രണയേതാക്കള്‍ക്ക് ഊര്‍ജം പകര്‍ന്ന കാമുകന്‍. 51-ാം വയസ്സില്‍ ഭാര്യയെപ്പോലും ഉപേക്ഷിച്ച് വിദ്യാര്‍ത്ഥിനിയായ കാമുകിക്കൊപ്പം പുതിയ ജീവിതത്തിന് തുടക്കമിട്ടതോടെയാണ് പ്രൊഫസര്‍ വാര്‍ത്തകളില്‍ നിറയുന്നത്. പൊലീസ് അറസ്റ്റ് പോലും നേരിടേണ്ടിവന്നെങ്കിലും മഥുക്കിന്റെയും ജൂലി കുമാരിയുടെയും പ്രണയം അന്താരാഷ്ട്ര മാധ്യമങ്ങളില്‍വരെ വാര്‍ത്തയായി. എന്നാല്‍ സംഭവം നടന്ന പതിമൂന്ന് വര്‍ഷം പിന്നിടുമ്പോള്‍ മഥുക് ഇന്ന് ഏകാന്തജീവിതത്തിലാണ്.

ലൗകിക കാര്യങ്ങളില്‍ താത്പര്യം നഷ്ടപ്പെട്ട ജൂലി, ഓഷോയുടെ ആശ്രമത്തിലേക്ക് പോയതോടെ, അദ്ദേഹം ജീവിതത്തില്‍ തനിച്ചായി.എങ്കിലും തിരിച്ചടികളില്‍ തളരാന്‍ 64-കാരനായ പ്രൊഫസ്സര്‍ തയ്യാറല്ല. സാഹചര്യങ്ങള്‍ മാറിക്കൊണ്ടേയിരിക്കുമെന്ന് അദ്ദേഹം പറയുന്നു. ഒരു പതിറ്റാണ്ടോളം ഒരുമിച്ച് ജീവിച്ചപ്പോള്‍, ജൂലിക്ക് ആത്മീയ കാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കുകയും അവര്‍ ആ വഴി തിരഞ്ഞെടുക്കുകയും ചെയ്തുവെന്ന് മഥുക് പറയുന്നു. സംഭവിച്ച കാര്യങ്ങളിലൊന്നും തനിക്ക് പ്രത്യേകിച്ച് ദുഃഖമില്ലെന്നും അദ്ദേഹം പറയുന്നു.

പാറ്റ്‌നയിലെ ബിഎന്‍ കോളേജിലെ ഹിന്ദി പ്രൊഫസ്സറായിരുന്നു മഥുക്. അവിടെവച്ചാണ് 21-കാരിയായ ജൂലിയെ 2004-ല്‍ അദ്ദേഹം കണ്ടുമുട്ടിയത്. ഗുരുശിഷ്യ ബന്ധം പിന്നീട് പ്രണയത്തിലേക്ക് നീണ്ടു. സംഭവം വാര്‍ത്തയായതോടെ, മഥുക്കിനെ സര്‍വകലാശാല സസ്പെന്‍ഡ് ചെയ്തു. പിന്നീട് പുറത്താക്കി.

ഉയര്‍ന്ന മാര്‍ക്ക് നല്‍കാമെന്ന് പ്രലോഭിപ്പിച്ച് മഥുക് വിദ്യാര്‍ത്ഥിനികളെ വശത്താക്കാറുണ്ടായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ഭാര്യ ആരോപണം ഉന്നയിച്ചതോടെ പൊലീസ് മഥുക്കിനെ അറസ്റ്റ് ചെയ്തു. പിന്നീട് നീണ്ട നിയമയുദ്ധങ്ങളുടെ നാളുകളായിരുന്നു.

സ്വത്തിന്റെ മൂന്നിലൊന്ന് നല്‍കാന്‍ തയ്യാറായതോടെയാണ് ഭാര്യ വിവാഹമോചനത്തിന് സമ്മതിച്ചത്.സര്‍വകലാശാല തന്നെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടും അദ്ദേഹം കോടതി കയറി. സ്റ്റോക്ക്ഹോമിലുള്ള മകന്‍ പോലും ഉപേക്ഷിച്ച മഥുക്കിന് സുപ്രീം കോടതിയില്‍നിന്നും തിരിച്ചടിയേറ്റു.

ബിഹാര്‍ സര്‍വകലാശാലയില്‍നിന്നും ജെഎന്‍യുവില്‍നിന്നും ബിരുദം നേടിയിട്ടുള്ള ജൂലിക്ക് നാല് വര്‍ഷം മുമ്പാണ് ആത്മീയ പാതയില്‍ സഞ്ചരിക്കണമെന്ന മോഹമുദിച്ചത്. പിന്നീട് പുതുച്ചേരിയിലും ഋഷികേശിലും പുണെയിലെ ഓഷോ ആശ്രമത്തിലുമായി അവര്‍ ജീവിക്കുകയാണ്.

ജൂലി എവിടെയാണെങ്കിലും സന്തോഷത്തോടെ കഴിയട്ടെയെന്നാണ് മഥുക് പറയുന്നത്. പ്രായവ്യത്യാസം തങ്ങള്‍ക്കിടെ ഇപ്പോഴും ഒരു പ്രശ്നമല്ലെന്നും അദ്ദേഹം പറയുന്നു. പട്നയില്‍ വരുമ്പോഴൊക്കെ ഇപ്പോഴും ജൂലി മഥുക്കിനൊപ്പമാണ് താമസിക്കാറ്.

മഥുക്കിനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധം തന്നെ പട്നയില്‍ നടന്നിരുന്നു. ഗവര്‍ണറുടെ വീടിന് മുന്നില്‍ മഥുക് നിരാഹാരമിരുന്നു. കോടതിയിലും സര്‍വകലാശാലയുടെ തീരുമാനം ചോദ്യം ചെയ്തു. 2011-ല്‍ അദ്ദേഹത്തെ സര്‍വകലാശാല തിരിച്ചെടുത്തു. എന്നാല്‍, കഴിഞ്ഞവര്‍ഷം വീണ്ടും സസ്പെന്‍ഡ് ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അദ്ദേഹം നൃത്തംവെക്കുന്ന വീഡിയോ യുട്യൂബില്‍ വന്നതാണ് ഇക്കുറി വിവാദമായത്.

2013ല്‍ സര്‍വകലാശാല ശമ്പളക്കുടിശ്ശിക ഇനത്തില്‍ നല്‍കിയ 20 ലക്ഷം രൂപ ഉപയോഗിച്ച് അദ്ദേഹം ജൂലിയ്ക്ക് ആഡംബരകാര്‍ വാങ്ങി നല്‍കി.വാലന്റൈന്‍ സമ്മാനമായാണ് അദ്ദേഹം കാര്‍ നല്‍കിയത്. ഒക്ടോബറില്‍ സര്‍വകലാശാലയില്‍നിന്ന് വിരമിക്കുന്ന അദ്ദേഹം പട്നയിലെ ശാസ്ത്രി നഗറിലുള്ള അപ്പാര്‍ട്ട്മെന്റില്‍ ഒറ്റയ്ക്കാണ് ഇപ്പോള്‍ താമസം.

വിരമിക്കലിനുശേഷം വിദ്യാര്‍ത്ഥികള്‍ക്ക് പ്രണയത്തിന്റെ പാഠങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ ഭഗല്‍പ്പുരില്‍ പ്രേം പാഠശാലയ്ക്ക് തുടക്കമിടാനുള്ള ഒരുക്കത്തിലാണദ്ദേഹം. എന്തായാലും ഇന്ത്യയിലെ പ്രേമ അധ്യാപകന്‍ തനിച്ചാണെങ്കിലും സന്തോഷത്തിലാണ്.

സ്വന്തം ലേഖകന്‍

മലയാളികളുടെ യാത്രാ ത്വരയ്ക്ക് അറുതിയില്ല. ലാല്‍ജോസിനും സുരേഷ് ജോസഫിനും ബൈജു എന്‍ നായര്‍ക്കും ശേഷം ദീര്‍ഘദൂര ചാരിറ്റി ഡ്രൈവുമായി അടുത്ത മലയാളി ഇറങ്ങുന്നു, ഇവര്‍ നാട്ടില്‍ നിന്നും ലണ്ടനിലേക്കാണ് പോയതെങ്കില്‍ ഇദ്ദേഹം ലണ്ടനില്‍ നിന്നും റോഡ് മാര്‍ഗം കൊച്ചിയിലേക്കാണ് വരുന്നത്. ലണ്ടനില്‍ മാധ്യമ പ്രവര്‍ത്തകനും, ലോകകേരളസഭ അംഗവുമായ രാജേഷ് കൃഷ്ണയാണ് ജൂണ്‍ അവസാനവാരത്തോടെ കേരളത്തിലേക്ക് കാര്‍ യാത്ര നടത്തുന്നത്. ബ്രെയിന്‍ ട്യൂമര്‍ ബാധിതരായ കുട്ടികളുടെ ചാരിറ്റിയായ റയന്‍ നൈനാന്‍ ചില്‍ഡ്രന്‍സ് ചാരിറ്റിയുടെ (http://www.rncc.org.uk) ധനശേഖരണാര്‍ഥമാണ് 45 ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന ഈ സാഹസിക യാത്ര.

യാത്ര തുടങ്ങുന്നത് തനിയെ ആണെങ്കിലും ചില സുഹൃത്തുക്കള്‍ പല രാജ്യങ്ങളിലും അദ്ദേഹത്തോടൊപ്പം യാത്രയില്‍ പങ്കാളികളാകും. സാഹസിക യാത്രകളില്‍ എന്നും ആവേശത്തോടെ പങ്കാളിയായിരുന്ന ഇദ്ദേഹം, 2002 മുതല്‍ ഒരു ദശാബ്ദത്തിലധികം കാലം വിദേശികള്‍ക്കായി തെക്കേ ഇന്ത്യയിലും ഹിമാലയത്തിലും സംഘടിപ്പിച്ചിരുന്ന എന്‍ഡ്യൂറോ ഇന്ത്യ എന്ന റോയല്‍ എന്‍ഫീല്‍ഡ്, അംബാസിഡര്‍ റാലികളുടെ പ്രധാന സംഘാടകനുമായിരുന്നു രാജേഷ്‌. അക്കാലത്ത് നൂറ്റമ്പതോളം റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുടെ ഉടമസ്ഥനുമായിരുന്നു രാജേഷ്.

അദ്ദേഹം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച് ലണ്ടനില്‍ നിന്നും യാത്ര തിരിച്ച് ഫ്രാന്‍സ് ബെല്‍ജിയം ജര്‍മ്മനി ഓസ്ട്രിയ സ്ലോവാക്യ ഹംഗറി സെര്‍ബിയ ബള്‍ഗേറിയ വഴി തുര്‍ക്കിയിലേക്കും അവിടെനിന്നും ഇറാനിലേക്കും പാകിസ്ഥാനിലൂടെ വാഗാ അതിര്‍ത്തിയിലൂടെ ഇന്ത്യയിലേക്കും എത്താനാണ് പ്ലാന്‍. ഈ റൂട്ടില്‍ എന്തെങ്കിലും തടസ്സം നേരിട്ടാല്‍ ഇറാനില്‍ നിന്നും തുര്‍ക്‌മെനിസ്ഥാന്‍ താജിക്കിസ്ഥാന്‍ ചൈന നേപ്പാള്‍ വഴി ഇന്ത്യയിലെത്തും.

കൂടുതല്‍ വിവരങ്ങള്‍ക്ക് Rajesh Krishna https://www.facebook.com/londonrk എന്ന ഫേസ്ബുക്ക് പ്രൊഫൈലോ https://www.facebook.com/londontokerala എന്ന പേജോ പിന്‍തുടരാം..

കാരൂര്‍ സോമന്‍

ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ സ്‌കൂള്‍ വാര്‍ഷികത്തില്‍ ഞാന്‍ എഴുതി അവതരിപ്പിച്ച നാടകം പൊലീസിന്റെ ക്രൂരതകള്‍ തുറന്നു കാട്ടുന്നതായിരുന്നു. ഫലം പൊലീസ് എന്നെ നക്‌സല്‍ ആയി മുദ്രകുത്തി. പണ്ഡിത കവി കെ. കുഞ്ഞുപിള്ള പണിക്കര്‍ സാര്‍ സ്റ്റേഷനില്‍ എത്തി വിശദീകരിച്ചതുകൊണ്ട് നടപടിയുണ്ടായില്ല. പക്ഷേ, അത്യാവശത്തിനു ചീത്ത കേട്ടു. എസ്.ഐയുടെ വക ഒരടിയും കിട്ടി.

1990ല്‍ സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തില്‍നിന്നും പുറത്തു വന്ന എന്റെ ആദ്യ നോവല്‍ കണ്ണീര്‍പ്പൂക്കളിനു അവതാരിക എഴുതിയ തകഴിച്ചേട്ടന്‍ ഈ സംഭവം അറിഞ്ഞപ്പോള്‍ ഉപദേശിച്ചതു ”മറ്റുള്ളവരുടെ ആക്ഷേപങ്ങള്‍ കേട്ട് മനസമാധാനം നഷ്ടപ്പെടുത്തരുത്. നിലയില്ലാത്ത കയങ്ങളില്‍ എത്തി നോക്കരുത്.” ഇന്നു സോഷ്യല്‍ മീഡിയയിലെ ചില കമന്റുകള്‍ കാണുമ്പോള്‍ ഓര്‍ക്കും. അന്നു നാട്ടില്‍ കേട്ട അക്ഷേപവും പൊലീസ് വിളിച്ച ചീത്തയും എത്രഭേദം.

അച്ചടി മാധ്യമത്തില്‍ നിന്നു പുതുതലമുറ ദൃശ്യ, ശ്രവ്യ മാധ്യമങ്ങളിലേക്കു ശ്രദ്ധതിരിച്ചപ്പോഴും കമന്റുകള്‍ക്ക് സംസ്‌കാരമുണ്ടായിരുന്നു. പക്ഷേ, ഫേസ്ബുക്കിലും വാട്ട്‌സാപ്പിലും ബ്ലോഗിലും കഥമാറി. ആര്‍ക്കും ആരേയും ആക്ഷേപിക്കാം. പ്രഭവസ്ഥാനം കണ്ടെത്തുമ്പോഴേക്കും കമന്റുകള്‍ സമുദ്രവും മരുഭൂമിയും താണ്ടി ഭൂഖണ്ഡങ്ങള്‍ക്ക് അപ്പുറം എത്തിയിരിക്കും. വാര്‍ത്ത ‘വൈറല്‍’ ആയി എന്നു പറഞ്ഞാല്‍ വൈറല്‍ പനിപോലെ പടര്‍ന്നു പിടിച്ചെന്നു സാരം.

ജനമനസ്സുകളില്‍ ശക്തമായി ഇടപെടുന്നവരും സ്വാധീനം ചെലുത്തുന്നവരുമാണ് എഴുത്തുകാര്‍. അവരുടെ കൃതികളെ അളന്നുമുറിച്ചു വിധി നിര്‍ണ്ണയം നടത്തുന്ന നിരൂപകര്‍ സാഹിത്യത്തിന് എന്നും ഒരു മുതല്‍ക്കൂട്ടാണ്. ഇന്ന് എഴുത്തുകാരന്റെ ജീവിതം വ്യത്യസ്തമാണ്. ബഹുസ്വരതയുടെ സിംഫണി എന്നതിനെ ലളിതമായി നിര്‍വ്വചിക്കാം. എഴുത്തുകാരന്‍ അവന്റെ സര്‍ഗ്ഗാത്മകമായ സാധ്യതകള്‍ കണ്ടെത്തിയും അനുഭവത്തിന്റെ വെളിച്ചത്തിലും വിവിധ ജ്വാലാമുഖങ്ങള്‍ സൃഷ്ടിക്കുന്നു. അത് നോവല്‍, കഥ, കവിത, നാടകം എന്നീ പാരമ്പര്യനിഷ്ഠവും സര്‍ഗാത്മകവുമായുള്ള മേഖലകളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നില്ല. അവിടേക്ക് ചരിത്രവും ശാസ്ത്രവും മാനസികവിഷയങ്ങളും കടന്നുവരുന്നു. ഇത് സാഹിത്യത്തില്‍ പുതുമയുള്ളതും വൈജ്ഞാനികവുമായ അനുഭവമാണ്. സര്‍ഗ്ഗാത്മകസാഹിത്യവുമായി ബന്ധമുള്ള ഒരാള്‍ ഇത്തരം വൈജ്ഞാനിക രചനകള്‍ കൈകാര്യം ചെയ്യുന്നതിന്റെ ഭംഗി അനുവാചകനു തിരിച്ചറിയാന്‍ കഴിയും. അങ്ങനെ വരുമ്പോള്‍ രചനകള്‍ ശ്രദ്ധേയങ്ങളായിത്തീരും. ഇത്തരം രചനാവേളകളില്‍ എഴുത്തുകാര്‍, ഇന്ന് ആശ്രയിക്കുന്നത് ഇന്റര്‍നെറ്റിനെയാണ്. എന്നാല്‍ ഇന്റര്‍നെറ്റില്‍ നിന്നു ലഭിക്കുന്ന വിവരങ്ങളെ അപ്പാടെ ആശ്രയിക്കാനാവില്ല. അവയില്‍ പലതും തെറ്റായ വിവരങ്ങളുടെ കൂമ്പാരങ്ങള്‍ കൂടിയാണ്. ചതിയില്‍ പെടാനുള്ള സാദ്ധ്യതകള്‍ വളരെക്കൂടുതലാണ്. എന്നാല്‍ എഴുത്തുകാരുടെ വിപുലമായ വിജ്ഞാനബോധം അതിനെ മറികടക്കുന്നുണ്ട്.

വാല്‍മീകി രാമായണത്തെപ്പറ്റിയും വിമര്‍ശനമുണ്ടായിട്ടുണ്ട്. എഴുത്തച്ചന്‍ മലയാള ഭാഷയുടെ പിതാവായി അറിയപെടുമ്പോള്‍ ചെറുശേരി അതിനു തുല്യന്‍ എന്നു വിളിച്ചു പറയുന്നവരുണ്ട്. ഈ വിമര്‍ശന നിരൂപന മേഖലകളില്‍ വിശാലമായ ഒരു നീതിബോധമുണ്ട്. അവര്‍ ഉപയോഗിക്കുന്ന അക്ഷരങ്ങള്‍ പരിശോധിച്ചാല്‍ അതിന്റെ തെളിമ തിട്ടപ്പെടുത്താന്‍ സാധിക്കും. ജനാതിപത്യം പോലെ സാഹിത്യത്തിനും സര്‍ഗ്ഗപരമായ ഒരു മാനമുണ്ട്. ഇന്ന് പ്രവാസികളില്‍ ചൂഷണത്തിന് വിധേയരാകുന്ന പല എഴുത്തുകാരുമുണ്ട്. അവരുടെ ജീവിത കഥകളില്‍ ആകുലതകള്‍ കാണാം. കാവ്യലോകത്തിന്റെ വാതായനങ്ങളിലൂടെ സഞ്ചരിക്കുന്ന പലര്‍ക്കും മാനസികപീഢനങ്ങള്‍ സ്വാഭാവികമാണ്. അവരില്‍ പലരും ശത്രുക്കളെ ഉണ്ടാക്കിയവരുമാണ്. എഴുത്തിലെ ജീര്‍ണതകള്‍ പുറത്തുകൊണ്ടുവരുന്നവരാണ് ഭാഷയെ ചൈതന്യമാക്കുന്നത്. അവിടെ ശത്രുവോ മിത്രമോ ഇല്ല. അവര്‍ സാഹിത്യത്തോടു ദയയും കരുണയുമുള്ളവരാണ്. അക്രമാസക്തിയും അത്യഗ്രഹങ്ങളും അവരില്‍ കാണില്ല. ഇക്കൂട്ടരാണ് വിമര്‍ശക ബുദ്ധി ജീവികള്‍.

വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, ബ്ലോഗ്, ട്വീറ്റര്‍ വീരന്മാര്‍ പൂര്‍വികര്‍ സൃഷ്ടിച്ച മഹത്തായ പാരമ്പര്യം മറക്കുന്നു. ഒരു ലേഖനത്തെയൊ ഗ്രന്ഥത്തെയൊ മറ്റു സാഹിത്യ സൃഷ്ടിയെയോ അച്ചടി മാധ്യമത്തിലൂടെ വിമര്‍ശിക്കുന്നവര്‍ ഇന്നും പാരമ്പര്യം മറക്കുന്നില്ല. അഭിപ്രായവും എതിര്‍വാദവും ആധികാരികമാകുന്നു. ഒരേ വിഷയം അച്ചടിമാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതും ചാനല്‍ ചര്‍ച്ചകളില്‍ വരുന്നതും തമ്മില്‍ എത്ര അന്തരമുണ്ട്? രണ്ടാമത്തേത് പലപ്പോഴും കാര്യമായ ഗൃഹപാഠമില്ലാതെ പറയുന്നതാണ്. എന്നിട്ടും എന്തും പറയാമെന്ന അവസ്ഥ. നാളെ അതു മറന്ന് മറ്റൊന്നില്‍ കയറിപ്പിടിക്കാം എന്ന ചിന്തയാണ് ഇക്കൂട്ടരെ ഭരിക്കുന്നത്.

നമ്മുടെ സാമൂഹിക മാധ്യമങ്ങള്‍ സാഹിത്യത്തോട് കാട്ടുന്നതും ഉത്തരവാദിത്തമില്ലാത്ത സമീപനമാണ്. സാഹിത്യത്തിന്റെ മാധ്യമം ഭാഷയാണ്. അത് ഒരു സംസ്‌കാരവുമാണ്. ആ ഭാഷയില്‍ വിപ്ലവം സൃഷ്ടിക്കുന്നവരാണ് സര്‍ഗപ്രതിഭയുള്ള എഴുത്തുകാര്‍. ഒരു സാഹിത്യകാരന്റെ സൃഷ്ടിയുടെ മൂല്യം ഉരകല്ലില്‍ ഉരച്ചു നോക്കുന്നവരാണ് നിരൂപകര്‍. അവര്‍ പറയുന്നത് ഒരിക്കലും അപ്രിയസത്യമായി മാറുന്നില്ല. ഇന്റര്‍നെറ്റ് യൂഗം അനന്ത സാധ്യതകളാണ് മനുഷ്യന് നല്‍കുന്നത്. എന്നാല്‍ അതില്‍ നിന്നു വരുന്ന ചിലരുടെ വാക്കുകള്‍ മനുഷ്യനും മനുഷ്യനും തമ്മിലുള്ള സ്‌നേഹബന്ധം അകറ്റുന്നു. ആ ഭാഷ അതിര്‍ വരമ്പുകള്‍ കടന്നു ചെളിപുരണ്ട ഭാഷയായി മാറുന്നു. സാഹിത്യത്തിന്റെ അന്തഃസത്ത ഉള്‍ക്കൊള്ളുന്നവര്‍ക്ക് അത് അസാധരണ അനുഭവമാണ്.

വസ്തുനിഷ്ടമായി പഠിച്ചാല്‍ ഓരോ ഭാഷയ്ക്കും അവരുടേതായ അര്‍ഥബോധതലങ്ങളുണ്ട്. അത് മനസിലാക്കുന്ന അര്‍ഥബോധക്ഷമതയുള്ളവരില്‍ കാണുന്ന ആന്തരികമായ ആശയബോധമാണ് സത്യം, ജ്ഞാനം, ആസ്വാദനം മുതലായവ. എന്നാല്‍ ഇവിടെ മറ്റൊന്നുകൂടിയുണ്ട്. ആശയബോധമന്ത്രതന്ത്രങ്ങളായ ആനന്ദം, ആസൂയ, നിരര്‍ത്ഥക ജല്പനങ്ങള്‍ ഇതൊക്കെ പുതിയ അര്‍ത്ഥതലങ്ങളെ കണ്ടെത്തുന്നു.

മധുരമായ ശബ്ദം, സുന്ദരമായ സാഹിത്യരചന, സുന്ദരിയായ പെണ്ണ്. എന്തുകൊണ്ടാണ് നാം ഉപയോഗിക്കുന്ന വാക്കുകളില്‍ ആ മധുരം കടന്നു വരാത്തത്? ഈ പ്രപഞ്ചത്തില്‍ അതല്ലേ നിറഞ്ഞു തൂളുമ്പേണ്ടത്? സാഹിത്യ രചനകള്‍ക്ക് ദിശാബോധവും ആശയങ്ങളും നല്‍കുന്നവരാണ് വിമര്‍ശകര്‍, ആശയങ്ങള്‍ മറ്റുള്ളവര്‍ക് അഴകും ആരോഗ്യവും നല്‍കുമ്പോള്‍ എഴുത്തുകാരനെപ്പോലെ വിമര്‍ശകനും ഒരു പ്രതിഭയായി മാറുന്നു. സൈബര്‍ യുഗത്തില്‍ ആശയങ്ങളെ വികാരപരമായി നേരിടുന്നു. ഓരോ വിഷയവും വിവാദത്തിലേക്ക് വലിച്ചെറിയപ്പെടുന്നു. അല്പബുദ്ധികളില്‍ നിന്നും അധമവാക്കുകള്‍ പുറപ്പെടുന്നു. അതിനെ ആവിഷ്‌കാര സ്വതന്ത്യമായി വികലമനസുള്ളവര്‍ വിലയിരുത്തുന്നു. ഇതു സൂചിപ്പിക്കുന്നത് ആധുനിക ലോകത്തു മനസിനെ അടിമകളാക്കുന്നു എന്നതാണ്.

വലിയ റഫറന്‍സ് ഗ്രന്ഥങ്ങള്‍ എഴുതുമ്പോള്‍ ടീം വര്‍ക്കിന്റെ ആവശ്യകത രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൂടിയായ വിഖ്യാതനായ ഇംഗ്ലീഷ് എഴുത്തുകാരന്‍ ഈയിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. പക്ഷേ, ഈ ടീമിന്റെ വിശ്വാസ്യത പരമപ്രധാനമാണ്. റഫര്‍ ചെയ്യുന്നത് മറ്റു ഗ്രന്ഥങ്ങളാകാം., ലേഖനങ്ങളാകാം, രേഖകളാകാം. അതില്‍ ഏതൊക്കെ വിശ്വസനീയമായതെന്നും ഏതൊക്കെ പൊതു സ്വത്താണെന്നും മനസ്സിലാക്കാനുള്ള വിവേചന ബുദ്ധി ഈ സഹായികള്‍ക്കുണ്ടാകണം. ഇല്ലെങ്കില്‍ ഗ്രന്ഥകാരന്‍ പെട്ടുപോകും.

എഴുത്തിന് ആധികാരികത വരുത്താനാണ് കൂടുതല്‍ റഫറന്‍സ് നടക്കുന്നത്. അതുതന്നെ പാളിയാലോ? എനിക്കും പറ്റിയിട്ടുണ്ട് പാളിച്ച. സഹായസംഘത്തിന്റെ അറിവില്ലായ്മയോ അവിവേകമോ മനപ്പൂര്‍പമായി ചെയ്തതുതന്നെയോ ആകാം. പ്രതികൂട്ടിലാക്കുന്നത് ഗ്രന്ഥകാരന്‍ തന്നെ. സോഷ്യല്‍ മീഡിയ എഴുത്തുകാരെ ആധികാരിക എഴുത്തുകാരുടെ കൂട്ടത്തില്‍ അറിയാതെ ഞാനും കണ്ടുപോയി തെറ്റി ഇനിയില്ല. രണ്ടും തമ്മില്‍ അജഗജാന്തരമുണ്ടെന്നു തിരിച്ചറിയുന്നു. വോട്ടിങ് യന്ത്രം വേണ്ട, ബാലറ്റ് മതിയെന്നു നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ പറഞ്ഞു തുടങ്ങിയിരിക്കന്നു. അച്ചടി മഷി മായാതിരിക്കട്ടെ.

Email : [email protected], www.karoorsoman.com

ഗള്‍ഫ് സ്ട്രീം എന്നറിയപ്പെടുന്ന സമുദ്ര പ്രവാഹത്തിനുണ്ടാകുന്ന തടസങ്ങള്‍ എന്തുവില കൊടുത്തും തടയണമെന്ന് ശാസ്ത്രജ്ഞര്‍. ആഗോള കാലാവസ്ഥയെ സ്വാധീനിക്കുന്ന ഈ പ്രവാഹം എക്കാലത്തെയും ദുര്‍ബലമായ അവസ്ഥയിലാണെന്ന് ഈയാഴ്ച വെളിപ്പെടുത്തലുണ്ടായിരുന്നു. വന്‍ സമുദ്രജല പ്രവാഹങ്ങളിലൊന്നായ ഇതിന് തടസമുണ്ടായ ഘട്ടങ്ങളിലൊക്കെ അതിന്റെ സ്വാധീനം കാലാവസ്ഥയില്‍ പ്രകടമായിരുന്നു. ഈസ്റ്റേണ്‍ യൂറോപ്പില്‍ അതിശൈത്യവും അമേരിക്കയുടെ കിഴക്കന്‍ തീരത്ത് അതിവേഗത്തില്‍ സമുദ്രനിരപ്പ് ഉയരുകയും ആഫ്രിക്കയില്‍ വരള്‍ച്ചയുണ്ടാകുകയുമൊക്കെ ഇതിന്റെ ഫലമായുണ്ടായിട്ടുണ്ട്.

ആഗോളതാപനം ഈ പ്രവാഹത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും ഈ പ്രവാഹത്തിന്റെ ഭാവിയെത്തന്നെ ബാധിക്കുന്ന വിധത്തിലാണ് കാലാവസ്ഥാ മാറ്റമെന്നും പുതിയ പഠനം വ്യക്തമാക്കുന്നു. അറ്റ്‌ലാന്റിക്കിലെ ഉഷ്ണജലത്തെ ഉത്തരധ്രുവം വരെ എത്തിക്കുകയും അവിടെ വെച്ച് തണുക്കുന്ന പ്രവാഹം ദക്ഷിണദിശയിലേക്ക് തിരിച്ചു സഞ്ചരിക്കുകയുമാണ് ചെയ്യുന്നത്. ഉത്തരാര്‍ദ്ധഗോളത്തിന്റെയും അന്തരീക്ഷത്തിന്റെയും കാലാവസ്ഥ നിര്‍ണ്ണയിച്ചുകൊണ്ടിരുന്നത് ഈ പ്രവാഹമായിരുന്നു. അറ്റ്‌ലാന്റിക് മെറിഡിയണല്‍ ഓവര്‍ടേണിംഗ് സര്‍ക്കുലേഷന്‍ അഥവാ അമോക് എന്ന് അറിയപ്പെട്ടിരുന്ന ഈ പ്രവാഹത്തിന് 1950ന് ശേഷം 15 ശതമാനത്തോളം ശക്തി കുറഞ്ഞിട്ടുണ്ട്.

ഗ്രീന്‍ലാന്‍ഡിലെ മഞ്ഞുരുകുന്നതും കടല്‍ ജലത്തിന്റെ ഊഷ്മാവ് വര്‍ദ്ധിക്കുന്നതും ജലത്തിന്റെ സാന്ദ്രതയില്‍ കുറവുണ്ടാക്കുന്നത് ഈ പ്രവാഹത്തെ ബാധിക്കുന്നുണ്ട്. ഈ പ്രതിഭാസങ്ങളും ആഗോള താപനവും മൂലം സമുദ്രജല പ്രവാഹത്തില്‍ കാര്യമായ കുറവുണ്ടാക്കിയിട്ടുണ്ട്. ലോകത്തെ എല്ലാ നദികളുടെയും പ്രവാഹം ഒറ്റയടിക്ക് നിര്‍ത്തിയാലുണ്ടാകാവുന്ന ആഘാതമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. 1600 വര്‍ഷങ്ങള്‍ക്കിടെ ഇങ്ങനെയൊരു അവസ്ഥയുണ്ടായിട്ടില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. പ്രവാഹത്തിന്റെ വേഗത വീണ്ടും കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും ഗവേഷകര്‍ പറയുന്നു. 450 വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന വേഗതയിലാണ് ഗ്രീന്‍ലാന്‍ഡിലെ മഞ്ഞുരുകുന്നതെന്ന് മറ്റൊരു പഠനവും വ്യക്തമാക്കുന്നു. മനുഷ്യ ഇടപെടല്‍ കൊണ്ടുണ്ടായ കാലാവസ്ഥാ ദുരന്തമാണ് ഇത്. അമോകിനെ ബാധിക്കുന്നതിലൂടെ ആഗോള കാലാവസ്ഥയില്‍ വന്‍ മാറ്റങ്ങള്‍ക്ക് ഇത് കാരണമാകും.

അമോകിന്റെ ശക്തി കുറയുന്നത് വെസ്‌റ്റേണ്‍ യൂറോപ്പിലേക്കുള്ള ഉഷ്ണജലപ്രവാഹം കുറയ്ക്കുകയും ശൈത്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഡേ ആഫ്റ്റര്‍ ടുമോറോ എന്ന ചിത്രത്തിന് സമാനമായ കാലാവസ്ഥയായിരിക്കും ഇതുമൂലം ഉണ്ടാകുക. സമുദ്രാന്തര ആവാസ വ്യവസ്ഥയും വ്യാപകമായി തകരും. സമ്മര്‍ ഹീറ്റ് വേവുകള്‍ വര്‍ദ്ധിക്കാനും പ്രവാഹത്തിന്റെ ശക്തി കുറയുന്നത് കാരണമാകും. ഉത്തര ദിശയില്‍ നിന്നുള്ള പ്രവാഹം തണുക്കാന്‍ സമയമെടുക്കുന്നതാണ് ഇതിന് കാരണം. ഉപരിതലത്തിലെ തണുത്ത ജലം അന്തരീക്ഷത്തിലെ ചൂട് വായുവിനെ യൂറോപ്പില്‍ കേന്ദ്രീകരിക്കാന്‍ പ്രേരിപ്പിക്കുകയും 2015ല്‍ സംജാതമായ അതേ കാലാവസ്ഥയ്ക്ക് കാരണമാകുകയും ചെയ്യുമെന്നും ഗവേഷണം വ്യക്തമാക്കുന്നു.

ജോര്‍ജ് ഏബ്രഹാം

പ്രമുഖ രത്‌നബിസിനസുകാരനും സെലിബ്രിറ്റികളുടെ ഇഷ്ട വ്യാപാരിയുമായിരുന്ന നീരവ് മോദി നടത്തിയ ബാങ്ക് വായ്പാ തട്ടിപ്പു കേസ് ഇന്ത്യ കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും വലിയ ബാങ്ക് തട്ടിപ്പും, ധനികരായ ആളുകള്‍ ഭാരതമണ്ണില്‍ സാമ്പത്തിക അഴിമതി നടത്തിയതിന്റെ പ്രത്യക്ഷമായ ഒരു തെളിവും ആണ്. നീരവ് മോദിയും, അയാളുടെ അമ്മാവന്‍ മെഹുല്‍ ചോക്‌സിയും ഇപ്പോള്‍ സി.ബി.ഐ.യുടെയും പഞ്ചാബ് നാഷണല്‍ ബാങ്കിന്റെയും പിടികിട്ടാപ്പുള്ളികളാണ്. ഇരുവരും ചേര്‍ന്ന് വിവിധ വിദേശസ്ഥാപനങ്ങളുടെ പേരില്‍ 2000 മില്യന്‍ ഡോളറാണ് വായ്പയെടുത്തിരിക്കുന്നത്. മുംബൈ ബ്രാഞ്ചിലെ രണ്ടു ജൂനിയര്‍ ഓഫീസര്‍മാര്‍ മോദിയ്ക്കും ചോക്‌സിയ്ക്കും പണം കടം കൊടുക്കുന്നതിനുള്ള നടപടിക്കത്ത് ഇന്ത്യയ്ക്കു പണം കടംകൊടുക്കുന്ന വിദേശ ബ്രാഞ്ചുകള്‍ക്ക് കൈമാറി എന്നാണ് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ പരാതി.

എന്‍.ഡി.റ്റി.വി അടുത്തകാലത്തു നടത്തിയ ഒരന്വേഷണത്തില്‍ ഇന്ത്യന്‍ ബാങ്കുകളും നീരവ് മോദിയുടെ അമേരിക്കന്‍ കമ്പനികളും തമ്മിലുള്ള ധനവിനിമയങ്ങളിലെ അസ്വാഭാവികതകള്‍ പുറത്തുകൊണ്ടുവന്നിരുന്നു. സി.ബി.ഐ.യുടെ അനുമാനം. മോദി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും തന്റെ വിദേശ വ്യാപാരികള്‍ക്കു നല്കുവാനെന്ന വ്യാജേന എടുത്ത പണം മറ്റേതെങ്കിലും ഇടത്തേയ്ക്കു മാറ്റിയിട്ടുണ്ടാകാം എന്നാണ്.

നീരവ് മോദിയുടെ ന്യൂയോര്‍ക്കിലെ രജിസ്റ്റര്‍ ചെയ്ത ബിസിനസ് സംരംഭമായ ഫയര്‍സ്റ്റാര്‍ ഡയമണ്ട് കടക്കാരില്‍നിന്നും സംരക്ഷണം ലഭിക്കുന്നതിനായി ചാപ്റ്റര്‍ 11 സ്വമേധയാ പരാതി നല്കിയിട്ടുണ്ടെന്നാണ് ന്യൂയോര്‍ക്കില്‍നിന്നുള്ള ഏറ്റവുമൊടുവിലത്തെ റിപ്പോര്‍ട്ട്. രാജ്യത്തിന്റെ സംരക്ഷകന്‍ എന്നവകാശപ്പെടുന്ന പ്രധാനമന്ത്രിയാകട്ടെ ഇക്കാര്യത്തില്‍ ഒരു ഒഴുക്കന്‍ പ്രസ്താവന നടത്തി രക്ഷപ്പെടുകയാണ് ചെയ്തത്.

ഇന്ത്യയിലെ ഒരു വ്യാപാരിക്ക് ഇത്ര വലിയ തുക ഒരു ബാങ്കില്‍നിന്നും അടിച്ചുമാറ്റാന്‍ എങ്ങനെയാണ് സാധിക്കുക? തിരിച്ചടവു സംവിധാനങ്ങള്‍ക്കുള്ള സാധ്യത വിലയിരുത്തുന്നതില്‍ ധാര്‍മ്മിക വീഴ്ച സംഭവിച്ചില്ലേ? റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ഉറക്കത്തിലായിരുന്നോ? ഇത്രയും ഭീമമായ കരുതല്‍ ധനം മാറ്റം ചെയ്യപ്പെട്ടപ്പോള്‍ സാമ്പത്തിക മന്ത്രാലയം എന്തുകൊണ്ട് ഒരു മേല്‍നോട്ടം നടത്തിയില്ല? മോദി ഗവണ്‍മെന്റിന്റെ ഉത്തരവാദിത്തം എവിടെ?

വഞ്ചനക്കേസുകളുടെ ഏറ്റവും വലിയ നിഗൂഢത, നീരവ് മോദി ഉള്‍െപ്പടെയുള്ള ഇത്തരം കള്ളന്മാരെ നാടുവിട്ടുപോകുവാന്‍ അനുവദിക്കുന്നു എന്നതാണ്. 2018 ജനുവരി 29ന് പഞ്ചാബ് നാഷണല്‍ ബാങ്ക്, സി.ബി.ഐക്ക് പരാതി നല്‍കുന്നതിനു തൊട്ടുമുമ്പ് നീരവ് മോദിയും സഹചാരികളും ഇന്ത്യ വിട്ടിരുന്നു. 2016 ജൂലൈ 22 വരെ 42 എഫ്.ഐ.ആറുകള്‍ നല്കിയ ഈ കേസിനെപ്പറ്റി പ്രധാനമന്ത്രിയടക്കം ഉള്ള ഉന്നത ഉദ്യോഗസ്ഥാര്‍ക്ക് ബോധ്യമുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. എന്നിട്ടും എന്തുകൊണ്ടാണ് ചോക്‌സി (നീരവിന്റെ അമ്മാവനും ഗീതാഞ്ജലി ജെംസ് ഉടമയും) അടക്കമുള്ളവര്‍ രാജ്യം വിട്ടുപോകാന്‍ അനുവദിച്ചത്? ചോക്‌സിയുടെ നീക്കങ്ങള്‍ സംശയദൃഷ്ടിയോടെ നിരീക്ഷിക്കെപ്പട്ടിരുന്നതായും പറയെപ്പടുന്നു.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ആദ്യമായിട്ടല്ല ഇപ്രകാരം കോടീശ്വരന്മാര്‍ രാജ്യത്തെ വെട്ടിച്ചു വിദേശത്തേക്കു മുങ്ങുന്നതും പിടിക്കെപ്പടാതെ രക്ഷെപ്പടുന്നതും. മദ്യരാജാവ് വിജയ് മല്യ 2016 മാര്‍ച്ചില്‍ വിദേശത്തേയ്ക്കു രക്ഷപ്പെടുമ്പോള്‍ 1.4 ബില്യന്‍ രൂപയുടെ വായ്പയാണ് എടുത്തിരുന്നത്. ഈ കപടനാട്യക്കാര്‍ക്കെല്ലാം ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ നിന്നും രക്ഷെപ്പടുന്നതിന് ഉന്നതന്മാരുടെ സഹായവും അനുമതിയും ലഭിച്ചിട്ടുണ്ടെന്നു വിശ്വസിക്കുന്നതില്‍ തെറ്റില്ല.

പബ്ലിക് സെക്ടര്‍ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഭൂരിഭാഗം ഷെയറുകളും ഗവണ്‍മെന്റിന്റേതാണ്. അതായത് ഇപ്രകാരം ബാങ്ക് വരുത്തിവയ്ക്കുന്ന തിരിച്ചടയ്ക്കെപ്പടാത്ത കിട്ടാക്കടങ്ങള്‍ ഇന്ത്യയിലെ ഷെയര്‍ഹോള്‍ഡര്‍മാരും, ടാക്‌സ് അടയ്ക്കുന്നവരും നല്കുന്ന പണമാണ്.

2012-2013, 2016-2017 വര്‍ഷങ്ങള്‍ക്കിടയില്‍ 22,949 ബാങ്ക് തട്ടിപ്പുകേസുകളിലൂടെ ഇന്ത്യന്‍ ബാങ്കുകള്‍ക്ക് 10.8 ബില്യന്‍ ഡോളറുകളുടെ നഷ്ടമുണ്ടായിട്ടുള്ളതായി കണക്കുകള്‍ വെളിപ്പെടുത്തുന്നു. കഴിഞ്ഞ മൂന്നര വര്‍ഷങ്ങള്‍ക്കുള്ളില്‍ 51,000 കോടി രൂപയുടെ മൂലധനമാണ് ഗവണ്‍മെന്റ് പബ്ലിക് സെക്ടര്‍ ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്നത്. അടുത്ത രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ 2.11 ലക്ഷം കോടി രൂപകൂടി നിക്ഷേപിക്കാമെന്നാണ് പ്രതീക്ഷ. 2017 ജൂണ്‍ വരെ പബ്ലിക് സെക്ടര്‍ ബാങ്കുകളിലെ കിട്ടാക്കടം മാത്രം 7.33 ലക്ഷം കോടി രൂപയാണ്. 2015 മാര്‍ച്ചില്‍ ഇത് 2.78 ലക്ഷം കോടിയായിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ കിട്ടാക്കടം നാലിരട്ടിയായി വര്‍ദ്ധിച്ചുവെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. ഇതില്‍ നല്ല പങ്കും മേല്‍പറയപ്പെട്ട വിധം കോര്‍പറേറ്റുകള്‍ കടമെടുത്തതും തിരിച്ചുകിട്ടാന്‍ സാദ്ധ്യതയില്ലാത്തതും ആണ്. അടുത്ത കാലത്ത് ഏണസ്റ്റ് & യങ്ങ് കമ്പനി നടത്തിയ ഗവേഷണത്തില്‍ പറയുന്നത് ”സാമ്പത്തിക മാന്ദ്യത്തെപഴിച്ചുകൊണ്ട് കോര്‍പറേറ്റുകള്‍ ബാങ്ക് ലോണുകള്‍ തിരിച്ചടയ്ക്കുന്നതിന് ഒഴിവുകഴിവു പറയുമ്പോള്‍ ഇവരുടെ കണക്കുകള്‍ സമയബന്ധിതമായി ഓഡിറ്റു ചെയ്യുമ്പോള്‍ മനസിലാകുന്നത് കടമെടുത്ത പണം വകമാറ്റി മറ്റു പല കാര്യങ്ങള്‍ക്കും ഉപയോഗിച്ചു എന്നതാണ് പ്രതിസന്ധിക്കു വഴിവയ്ക്കുന്നത് അത്തരം നടപടികളാണ്.”

ധനികരും സ്വാധീനമുള്ളവരും ഇപ്രകാരം മനഃപൂര്‍വ്വം നടത്തുന്ന തട്ടിപ്പു നടത്തുന്നതോടൊപ്പം വമ്പിച്ച സാമ്പത്തിക ബാദ്ധ്യതകള്‍ വളര്‍ത്തുന്ന ഇത്തരം സംവിധാനങ്ങളെ നമുക്ക് എങ്ങനെയാണു വിശദീകരിക്കുവാന്‍ സാധിക്കുന്നത്?

വജ്രവ്യാപാര സംബന്ധമായ കാര്യങ്ങളെക്കുറിച്ച് വളരെ കുറച്ചു വിദഗ്ധര്‍ മാത്രമുള്ള ബാങ്കില്‍ നിന്നും 12,000 കോടി രൂപ മാറ്റികൊടുക്കുവാന്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുംബൈ ബ്രാഞ്ചിലെ രണ്ടു ജൂനിയര്‍ ഓഫീസര്‍മാര്‍ തീരുമാനിച്ചു എന്ന് നമ്മള്‍ വിശ്വസിച്ചുകൊള്ളണം എന്നാണു പറയുന്നത്. ഈ വായ്പാസംവിധാനത്തിലുള്ള മറ്റൊരു വിരോധാഭാസം, ഒരു സാധാരണക്കാരനായ ഇന്ത്യന്‍ പൗരന് ഇത്തരം പബ്ലിക് സെക്ടര്‍ ബാങ്കുകളില്‍ ഒരു ചെറിയ തുകയുടെ വ്യക്തിഗത ലോണിന് അപേക്ഷിച്ചാല്‍ അനേക കടമ്പകളാണ് മുന്നിലുള്ളത് എന്നതാണ്. കര്‍ഷകര്‍ പോലും ഒരു ചെറിയ തുകയ്ക്ക് പേക്ഷിച്ചാല്‍ ഭീമമായ സെക്യൂരിറ്റിയും ധാരാളം രേഖകളും നല്‌കേണ്ടതുണ്ട്. തിരിച്ചടവില്‍ ഒരു തവണ മുടങ്ങിയാല്‍ അവര്‍ക്ക് വലിയ മാനസിക പീഡനം അനുഭവിക്കേണ്ടി വരികയും ചില തവണകള്‍ക്കു മുടക്കം വരുമ്പോള്‍ ജപ്തിനടപടി വരെ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. ഇത്തരം സംഘര്‍ഷാവസ്ഥയിലാണ് പലരും ആത്മഹത്യ ചെയ്യാന്‍പോലും നിര്‍ബന്ധിതരാകുന്നത്. പൗരന്മാര്‍ കരമടയ്ക്കുന്ന പണം ബാങ്കിംഗ്, രാഷ്ട്രീയ തലങ്ങളിലുള്ള സ്വാധീനമുപയോഗിച്ച് വന്‍ പ്രോജക്ടുകള്‍ക്കും പദ്ധതികള്‍ക്കുമായി വ്യാജമായി കവര്‍ന്നെടുത്തുകൊണ്ട് തട്ടിപ്പുകാര്‍ വിദേശരാജ്യങ്ങളില്‍ സുഖജീവിതം നയിക്കുകയാണ്.

റോട്ടോമാക് പേനയുടെ നിര്‍മ്മാതാവ് വിക്രം കോത്താരി പബ്ലിക് സെക്ടര്‍ ബാങ്കില്‍നിന്നും 3695 കോടി രൂപയുടെ തട്ടിപ്പു നടത്തിയ സംഭവവും അടുത്തകാലത്ത് പുറത്തുവന്ന വാര്‍ത്തയാണ്. പബ്ലിക് സെക്ടര്‍ ബാങ്കുകള്‍ ഇങ്ങനെ പ്രതിസന്ധിയിലാകുമ്പോള്‍ ഗവണ്‍മെന്റ് എടുക്കുന്ന ഒരു നടപടിയാണ് റീകാപ്പിറ്റലൈസേഷന്‍. അത് ഇപ്രകാരമാണ്. ബജറ്റ് വിഹിതമായി ഗവണ്‍മെന്റിന്റെ കോടിക്കണക്കിനു ഷെയറുകള്‍ വാങ്ങുന്നതോടൊപ്പം ബാങ്കുകളും മാര്‍ക്കറ്റില്‍നിന്നും ഷെയറുകള്‍ വാങ്ങി മൂലധനം വര്‍ദ്ധിപ്പിക്കുന്നു. ബാങ്കുകള്‍ക്ക് കൂടുതല്‍ ഷെയറുകള്‍ വാങ്ങുവാന്‍ പണം ബോണ്ടായി നല്കുവാനും ഗവണ്‍മെന്റ് തയ്യാറാകുന്നു.

മോദി ഭരണകൂടത്തിന്റെ കീഴില്‍ ധനികരായ ആളുകളുടെ കൂട്ടുകെട്ട് ശക്തിെപ്പടുകയും, സാധാരണക്കാരുടെ കരമടവു തുക ധനികരായ കോടീശ്വരന്മാര്‍ക്ക് കണക്കില്ലാതെ കടംകൊടുക്കുകയും ചെയ്യുന്ന രീതിയാണ് നിലവിലുള്ളത്. ഇവരില്‍ അനേകരും മോദിയുടെ സ്വന്തം നാടായ ഗുജറാത്തില്‍ നിന്നുള്ളവരാണ്. അതേസമയം പാവപ്പെട്ടവന്‍ നിര്‍ബന്ധിത മിനിമം ബാലന്‍സ് വ്യവസ്ഥ തെറ്റിച്ചുപോയാല്‍ അവന്റെ പണം ബാങ്ക് കവര്‍ന്നെടുക്കും. പൗരന്മാരുടെ നില ഭദ്രമാക്കുന്നതിനായി സ്‌കൂളുകളോ, പാലങ്ങളോ, ആരോഗ്യസംരക്ഷണ സംവിധാനങ്ങളോ ലഭ്യമാക്കുന്നതിനുള്ള പൊതുഖജനാവിലെ പണമാണ് ഇങ്ങനെ മുതലാളിമാര്‍ തട്ടിയെടുക്കുന്നതെന്നോര്‍ക്കണം.

രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കും സുഖസൗകര്യങ്ങള്‍ക്കും ശവക്കുഴി തോണ്ടുന്ന ഇത്തരം സാമ്പത്തിക തട്ടിപ്പുകള്‍ക്കും വഞ്ചനകള്‍ക്കും അറുതി വരുത്തുന്നതിന് മോദി ഗവണ്‍മെന്റ് ഗൗരവപൂര്‍വ്വം രംഗത്തുവരാന്‍ സമയമായി. നിലവില്‍ ഇന്ത്യയിലെ ബാങ്കുകളുടെ കിട്ടാക്കടം 137 രാജ്യങ്ങളുടേതിലും കൂടുതലാണ്. ഭീമമായ ലോണെടുക്കുന്നവരുടെ സ്ഥാപനങ്ങള്‍ ശരിയായ ഓഡിറ്റിംഗിനു വിധേയമാക്കി തിരിച്ചടവിനുള്ള സാധുത വിലയിരുത്തേണ്ടതാണ്. ഗവണ്‍മെന്റിന് ഈ പ്രതിസന്ധിയെ നേരിടുന്നതിനുള്ള വ്യക്തമായ പരിഹാരമാര്‍ഗ്ഗം ഉണ്ടോ എന്നതാണ് ഇവിടെ ഏറ്റവും പ്രസക്തമായ ചോദ്യം.

ബ്രിട്ടനിലെ ഏറ്റവും പ്രായം കൂടിയ മുത്തശ്ശന്‍മാരായ റോബര്‍ട്ട് വെയ്റ്റണും, ആല്‍ഫ് സ്മിത്തും ജനിക്കുന്നത് 1908 മാര്‍ച്ച് 29നാണ്. ഈ ദീര്‍ഘായുസ്സിന്റെ രഹസ്യമെന്തെന്ന് ചോദിച്ചാല്‍ ഇരുവരും പോറിഡ്ജും സന്തോഷപൂര്‍ണമായ ജീവിതവുമെന്ന് മറുപടി പറയും. ഇരുവരും തമ്മില്‍ ഇതുവരെ കണ്ടിട്ടില്ലെങ്കിലും ജന്മദിനാശംസകള്‍ അറിയിച്ചുകൊണ്ടുള്ള കത്തുകള്‍ കൈമാറാറുണ്ട്. രണ്ട് ലോക മഹായുദ്ധങ്ങള്‍ക്കും 29 ജനറല്‍ ഇലക്ഷനുകള്‍ക്കും സാക്ഷ്യം വഹിച്ച ഈ മുത്തശ്ശന്മാരില്‍ ആരാണ് ആദ്യം ജനിച്ചതെന്ന കാര്യം പക്ഷേ വ്യക്തമല്ല. റോബര്‍ട്ട് വെയ്റ്റണ്‍ ഒരു എന്‍ജിനീയറായിരുന്നു. ഭാഗ്യം പിന്തുണച്ചവരില്‍ ഒരാള്‍ മാത്രമാണ് തനെന്നും അദ്ദേഹം പറയുന്നു.

ജീവിതത്തില്‍ സന്തോഷമായിരിക്കുക അല്ലെങ്കില്‍ ചിരിച്ചുകൊണ്ടിരിക്കുകയെന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. ലോകത്തിലെ വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണം ആളുകള്‍ അതിഗൗരവം നടിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ജപ്പാന്‍, തായ്‌വാന്‍, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ ജീവിച്ചിട്ടുള്ള വെയ്റ്റണ്‍ ഹാംപ്ഷയറിലെ ആല്‍ട്ടണിലുല്‌ള കെയര്‍ ഹോമിലാണ് ഇപ്പോള്‍ താമസിക്കുന്നത്. മൂന്ന് മക്കളുടെ പിതാവായ ഇദ്ദേഹത്തിന് 10 പേരക്കുട്ടികളും അവരുടെ 25 മക്കളും ചേര്‍ന്ന ഒരു വലിയ കുടുംബം തന്നെ കൂടെയുണ്ട്.

ആല്‍ഫ് സ്മിത്ത് തന്റെ നാല് സഹോദരന്മാരോടപ്പം 1927ല്‍ കാനഡയിലേക്ക് കുടിയേറിയെങ്കിലും അഞ്ച് വര്‍ഷത്തിന് ശേഷം ജന്മനാട്ടിലേക്ക് തിരികെ വന്നു. പിന്നീട് തന്റെ സഹോദരന്‍ ജോര്‍ജിനു വേണ്ടി ചരക്കു വണ്ടികള്‍ ഓടിച്ചായിരുന്നു ജീവിത മാര്‍ഗം കണ്ടെത്തിയിരുന്നത്. രണ്ടാം ലോക മഹായുദ്ധത്തില്‍ ഹോം ഗാര്‍ഡായി സേവനം അനുഷ്ഠിച്ചിട്ടുള്ള സ്മിത്തിന്റെ വിവാഹം നടക്കുന്നത് അദ്ദേഹത്തിന് ഏതാണ്ട് 29 വയസ്സ് പ്രായമുള്ളപ്പോഴാണ്. ഭാര്യ ഇസബെല്‍ സ്മിത്ത് പതിനാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരണപ്പെട്ടു. 97 വയസ്സായിരുന്നു. സ്മിത്തും ഇസബെല്ലും ചേര്‍ന്ന് കിന്‍ഫൗണ്‍സില്‍ ഒരു ഫാം നടത്തിയിരുന്നു. അവിടെയാണ് അവരുടെ മക്കളായ ഐറിനും അലനും വളരുന്നത്. മകന്‍ അലന്‍ 40 വര്‍ഷക്കാലത്തോളം പിതാവിനൊപ്പം ഫാമില്‍ ജോലിയെടുത്തു. 2016ല്‍ അലന്‍ മരണപ്പെടുകയും ചെയ്തു.

70-ാം വയസ്സില്‍ ജോലിയില്‍ നിന്ന് റിട്ടയര്‍ ചെയ്‌തെങ്കിലും 80 വയസ്സുവരെ ഫാമില്‍ പോകുകയും അത്യാവശ്യം ചെറുപണികളൊക്കെ സ്മിത്ത് ചെയ്യുമായിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ഒരു അഭിമുഖത്തില്‍ ഇത്രയും പ്രായമായിട്ടും ആരോഗ്യത്തോടെ ജീവിച്ചിരിക്കുന്നതിന്റെ രഹസ്യമെന്തെന്ന് ചോദിച്ചപ്പോള്‍ പോറിഡ്‌ജെന്നായിരുന്നു സ്മിത്തിന്റെ മറുപടി. ഇഷ്ടപ്പെട്ട ജോലി ചെയ്യുന്നതും ആരോഗ്യ സംരക്ഷണത്തിന് ഉതകുമെന്നും സ്മിത്ത് കൂട്ടിച്ചേര്‍ത്തു.

ഷിബു മാത്യൂ.
യോര്‍ക്ഷയര്‍. നാലാമത് പ്രൈഡ് ഓഫ് ഏര്‍ഡെല്‍ അവാര്‍ഡ് ഏര്‍ഡെല്‍ NHS പ്രഖ്യാപിച്ചു. ലീഡര്‍ ഓഫ് ദി ഈയര്‍ വിഭാഗത്തില്‍ മലയാളിയായ റീന മാത്യൂ അവാര്‍ഡ് ജേതാവ്. മദേഴ്‌സ് ഡേയോടനുബന്ധിച്ച് കിട്ടിയ ഈ അവാര്‍ഡ് എന്റെ അമ്മയുടെ പ്രചോദനം മാത്രമാണ്. സ്വര്‍ഗ്ഗത്തിലിരിക്കുന്ന എന്റെ അമ്മയ്ക്കായി ഈ അവാര്‍ഡ് സമര്‍പ്പിക്കുന്നുവെന്ന് റീന മാത്യൂ.
വ്യാഴാഴ്ച വൈകിട്ട് സ്‌കിപ്ടണ്‍ റൊണ്ടെവുസ് ഹോട്ടലില്‍ വെച്ചു നടന്ന അവാര്‍ഡ് നൈറ്റില്‍ പ്രത്യേകം ക്ഷണിക്കപ്പെട്ട സദസ്സിന് മുമ്പാകെയാണ് പ്രൈഡ് ഓഫ് ഏര്‍ഡെല്‍ അവാര്‍ഡ് പ്രഖ്യാപിച്ചത്.

Rena Mathew

അമ്പതില്‍പ്പരം മലയാളികളടക്കം രണ്ടായിരത്തി അഞ്ഞൂറിലധികം പേര്‍ ജോലി ചെയ്യുന്ന യോര്‍ക്ഷയറിലെ പ്രമുഖ NHS ഹോസ്പിറ്റലായ ഏര്‍ഡെല്‍ NHS ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ 2014ല്‍ ഏര്‍പ്പെടുത്തിയതാണ് പ്രൈഡ് ഓഫ് ഏര്‍ഡെല്‍ അവാര്‍ഡ്. ഹോസ്പിറ്റലിലെ എല്ലാ വിഭാഗത്തിലുള്ള സ്റ്റാഫിനെയും ഉള്‍പ്പെടുത്തി പന്ത്രണ്ട് വിഭാഗങ്ങളിലായിട്ടാണ് അവാര്‍ഡ് നിര്‍ണ്ണയം നടത്തുന്നത്. ഹോസ്പിറ്റലിന് പുറത്തുള്ള പ്രത്യേക ജൂറിയാണ് വിധി നിര്‍ണ്ണയം നടത്തുന്നത്. ഒരു വര്‍ഷക്കാലത്തെ സ്റ്റാഫിന്റെ പ്രവര്‍ത്തനങ്ങളെ പ്രത്യക്ഷമായും പരോക്ഷമായും ജൂറി വിലയിരുത്തും. രോഗികളുടെയും ബന്ധുക്കളുടെയും അഭിപ്രായ സര്‍വ്വേയും അവാര്‍ഡ് നിര്‍ണ്ണയത്തിന് പരിഗണിക്കും. അതീവ രഹസ്യമായിട്ടാണ് വിധി നിര്‍ണ്ണയം നടത്തുക. പതിനൊന്നു വിഭാഗങ്ങളിലും പാശ്ചാത്യര്‍ അവാര്‍ഡ് ജേതാക്കളായപ്പോള്‍ ലീഡര്‍ ഓഫ് ദി ഈയര്‍ വിഭാഗത്തില്‍ റീന മാത്യൂ അവാര്‍ഡ് സ്വന്തമാക്കി. ഇത് രണ്ടാം തവണയാണ് പ്രൈഡ് ഓഫ് ഏര്‍ഡെല്‍ അവാര്‍ഡ് മലയാളിയെ തേടിയെത്തുന്നത്. 2016ല്‍ കോട്ടയം അയര്‍ക്കുന്നം സ്വദേശി ബിജുമോന്‍ ജോസഫ് ബെസ്റ്റ് കെയറര്‍ അവാര്‍ഡ് നേടിയിരുന്നു.

പത്തനംതിട്ട ജില്ലയില്‍ പ്രസിദ്ധമായ ചരല്‍ക്കുന്ന് ഗ്രാമത്തില്‍ കുളത്തികൊമ്പില്‍ പരേതരായ മാത്യൂ കുഞ്ഞമ്മ ദമ്പതികളുടെ എക മകളായ റീന 2002ലാണ് യോര്‍ക്ഷയറിലെ ഏര്‍ഡെല്‍ ഹോസ്പിറ്റലിന്റെ ഭാഗമാകുന്നത്. ഇപ്പോള്‍ ഇതേ ഹോസ്പിറ്റലില്‍ തന്നെ ഹെമറ്റോളജി ആന്റ് മള്‍ട്ടി സ്‌പെഷ്യാലിറ്റി വാര്‍ഡിന്റെ മാനേജരായി സേവനമനുഷ്ഠിക്കുന്നു. നീണ്ട പതിനാറ് വര്‍ഷത്തെ സേവനം ഒരുപാട് അറിവുകള്‍ നേടിക്കൊടുത്തു എന്ന് റീന പറയുന്നു. ബാബു സെബാസ്‌ററ്യനാണ് ഭര്‍ത്താവ്. ഡെറിന്‍ സെബാസ്റ്റ്യന്‍, ദിവ്യാ സെബാസ്റ്റ്യന്‍ എന്നിവര്‍ മക്കളാണ്. രണ്ടായിരത്തി രണ്ടു മുതല്‍ കീത്തിലിയില്‍ സ്ഥിരതാമസമാണ് റീനയും കുടുംബവും. കീത്തിലി മലയാളി അസ്സോസ്സിയേഷന്‍ കുടുംബാംഗമാണിവര്‍.

RECENT POSTS
Copyright © . All rights reserved