Specials

ഷിബു മാത്യൂ.
യുകെയില്‍ പരീക്ഷകളുടെ കാലമായി. ഇനി പഠിച്ചാലും വിജയിക്കാം. പരീക്ഷയില്ലെങ്കില്‍ വിജയമില്ല. പരീക്ഷ വിജയത്തിലേയ്ക്ക് നയിക്കുന്ന ഉപാധിയാണ്. ജോലിത്തിരക്കിനിടയില്‍ മക്കളെ ശ്രദ്ധിക്കാന്‍ കഴിയാതെ പോകുന്നവരാണ് യുകെയിലെ മാതാപിതാക്കളില്‍ ഭൂരിഭാഗവും. പക്ഷേ മക്കള്‍ പരീക്ഷയില്‍ ഉന്നത വിജയം നേടാതെ വരുമ്പോള്‍ അവരെ പഴിചാരുന്നതും ഇതേ മാതാപിതാക്കള്‍ തന്നെ. ഇരുപത്തിനാല് മണിക്കൂറും മക്കളെ ശ്രദ്ധിക്കുന്ന മാതാപിതാക്കള്‍ മക്കള്‍ക്കൊരു ശല്യമാണ്. പ്രശസ്ത ടെലിവിഷന്‍ അവതാരകയും കൊച്ചി ഇടപ്പള്ളി ഗവ. ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ ഗണിത വിഭാഗം അദ്ധ്യാപികയുമായ മായാറാണി പറയുന്നു.

ഏഷ്യാനെറ്റ് കേബിള്‍ വിഷനില്‍ പെണ്ണഴക് എന്ന പരിപാടിയില്‍ എക്‌സാം ടിപ്‌സ് അവതരിപ്പിക്കുകയാണ് മായാറാണി. അഞ്ച് മിനിറ്റ് ദൈര്‍ഘ്യത്തില്‍ നാല് എപ്പിസോഡായി പ്രക്ഷേപണം ചെയ്യുന്ന ഈ പരിപാടിയില്‍ പരീക്ഷകളെ എങ്ങനെ നേരിടാം എന്ന് വ്യക്തമായി പറയുന്നു. യാതൊരു ടെന്‍ഷനുമില്ലാതെ കുട്ടികളെ എങ്ങനെ പരീക്ഷാഹാളിലെത്തിക്കാം എന്ന മാര്‍ഗ്ഗ നിര്‍ദ്ദേശം മാതാപിതാക്കന്മാര്‍ക്ക് നല്‍കുകയാണിവിടെ.

GCSE യും A level പരീക്ഷയും അതീവ ഭീതിയോടെ കാണുന്ന യുകെയിലെ മാതാപിതാക്കള്‍ക്ക് തങ്ങളുടെ കുട്ടികളെ ഒട്ടും ടെന്‍ഷനില്ലാതെ പരീക്ഷാഹാളിലെത്തിക്കാന്‍ ഈ വീഡിയോ പ്രയോജനപ്പെടും.
എക്‌സാം ടിപ്‌സിന്റെ നാലാം ഭാഗം കാണുവാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.

[ot-video][/ot-video]

[ot-video][/ot-video]

[ot-video][/ot-video]

[ot-video][/ot-video]

രാജേഷ്‌ ജോസഫ് 

കൂട്ടുകുടുംബ വ്യവസ്ഥയില്‍ നിന്നും അണുകുടുംബത്തിലേയ്ക്ക് വന്ന പരിണാമം വലിയ മാറ്റങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. നെറ്റിയിലെ കഠിനമായ വിയര്‍പ്പുകൊണ്ട് അപ്പം ഭക്ഷിച്ചിരുന്നവര്‍ അത്രകണ്ട് അധ്വാനിക്കാതെ സമ്പത്ത് കുമിഞ്ഞ് കൂടിയപ്പോള്‍ ജീവിതത്തില്‍ ഉന്നത മൂല്യം കല്പിച്ചിരുന്ന പലതും പടിയിറങ്ങിയിരിക്കുന്നു. രക്തം വെള്ളത്തേക്കാള്‍ ശക്തമാണ് എന്ന വിശ്വാസത്തില്‍ നിന്ന് മാറി രക്തത്തിന്റെ അളവ് കുറയുകയും വെള്ളത്തിന്റെ അളവ് കൂട്ടുകയും ചെയ്തിരിക്കുന്നു. സുഖലോലുപതയും അലസതയും മൂല്യാധിഷ്ഠിത ജീവിതത്തെ കാര്‍ന്ന് തിന്നുന്നു.

ബന്ധങ്ങളില്‍ നിന്നും സൗഹൃദങ്ങളില്‍ നിന്നും സ്നേഹവും കരുണയും വറ്റിയിരിക്കുന്നു. വിദേശ രാജ്യങ്ങളിലേയ്ക്ക് കുടിയേറിയ മലയാളി കയ്യും മെയ്യും മറന്ന് സമ്പാദിച്ച സ്വത്തുകൊണ്ട് നെഞ്ചിന്റെ ഉള്ളിലെ തീവ്രവികാരമായ കാറും വീടും സ്വന്തമാക്കിയെങ്കിലും സാമൂഹ്യമായി ഈ കാലഘട്ടത്തില്‍ ക്ഷീണിതനായിരിക്കുന്നു. മിശ്രസംസ്‌കാരം സമൂലമായ മാറ്റങ്ങളിലേക്ക് നമ്മളെ എല്ലാവരെയും എത്തിച്ചിരിക്കുന്നു. അതിയായ താല്‍പര്യത്തോടെ നേടണമെന്ന് ആഗ്രഹിച്ചവ നേടിയശേഷം, കൂടെ കൊണ്ടുനടന്ന പലതും ഇന്ന് വിരക്തിയായി പ്രതിഷേധമായി മാറിയിരിക്കുന്നു. ആരാധനാലയങ്ങളിലേയും കൂട്ടായ്മകളിലേയും സഹകരണക്കുറവിന് കാരണം മറ്റൊന്നുമല്ല. പരാശ്രയമില്ലാതെ ജീവിക്കുന്ന സ്വയംപര്യാപ്തനായ നവയുഗ മലയാളിയാണ്.

എന്തിനും ഏതിനും എല്ലാവരേയും ആദ്യനാളുകളില്‍ ആശ്രയിച്ച് കഴിഞ്ഞ സമൂഹത്തില്‍ നിന്ന് മാറി ആരേയും ആശ്രയിക്കേണ്ടതായ ജീവിത രീതി പൂര്‍ണമായി നാം ഇന്ന് മാറിയിരിക്കുന്നു. ഗതകാല സ്മരണകളും സ്നേഹവും സൗഹാര്‍ദ്ദവും സോഷ്യല്‍ മീഡിയില്‍ മാത്രം ഒതുക്കി നിര്‍ത്താതെ ഹിമവത്കരിക്കപ്പെട്ടവരാകാതെ, കൈ കോര്‍ത്ത് ചേര്‍ന്ന് നില്‍ക്കാം, പങ്കുവെയ്ക്കാം, നിസ്വാര്‍ത്ഥമായി സ്നേഹിക്കാം, സ്വപ്നങ്ങള്‍ കാണുന്നവരാകാം. ശുഭപ്രതീക്ഷയോടെ ഒത്തൊരുമിച്ച് മുന്നേറാം.

സ്വപ്നങ്ങള്‍ കാണാനുള്ളതാണ്, നടപ്പില്‍ വരുത്താനുള്ളതാണ്. ഭാവി ജീവിതത്തെ കുറിച്ച് ഒരുപാട് പ്രതീക്ഷകളും ആഗ്രഹങ്ങളും ഉള്ളവരാണ് നമ്മുടെ യുവാക്കള്‍. എന്നാല്‍ ജീവിത യാഥാര്‍ത്ഥ്യങ്ങളും കയ്‌പ്പേറിയ അനുഭവങ്ങള്‍ക്കിടയിലും അവര്‍ക്ക് സ്വപ്നങ്ങളെ എത്തിപ്പിടിക്കാന്‍ കഴിയാതെ വരുന്നു. ഇത്തരം നിരാശകള്‍ നമ്മളെ അക്ഷരാര്‍ത്ഥത്തില്‍ ‘കൂട്ടിലിട്ട തത്ത’യുടെ അവസ്ഥയില്‍ എത്തിക്കും. പറഞ്ഞു വരുന്നത് ഒരു പാട്ടിന്റെ പ്രമേയത്തെ പറ്റിയാണ്.

മലയാളം റാപ്പ് ഗാനങ്ങള്‍ ഒരുക്കി ശ്രദ്ധേയനായ ഫെജോ ഒരുക്കിയ ഏറ്റവും പുതിയ ഗാനം ആണ് ‘കൂട്ടിലിട്ട തത്ത’. താന്‍ കടന്നു പോയ അനുഭവങ്ങള്‍ ആണ് പാട്ടിന്റെ വരികള്‍ ആയി രൂപപെട്ടതെന്നു ഫെജോ പറയുന്നു. നിരാശയുടെ പടുകുഴിയില്‍ നില്‍ക്കുമ്പോഴും, സ്വന്തം മനസ്സിലും കഴിവിലും വിശ്വാസം അര്‍പ്പിച്ചു പൊരുതുന്ന, പ്രത്യാശയുടെ നല്ല നാളുകള്‍ തനിക്കായി കാത്തിരിക്കുന്നു എന്നു ഉറച്ചു വിശ്വസിക്കുന്ന,
നായകന്റെ കഥയാണ് ഈ പാട്ടിലൂടെ പറയുന്നത്. ഒപ്പം സമൂഹത്തിന്റെ ചില അവസ്ഥകളും രസകരമായി പാട്ടിലൂടെ പറഞ്ഞു വെക്കുന്നു. പാട്ട് കേള്‍ക്കുന്നവര്‍ക്ക് സ്വന്തം ജീവിതവുമായി ബന്ധം തോന്നുന്ന വരികള്‍ ആണ് ഈ വ്യത്യസ്തമായ മലയാളം റാപ്പ് ഗാനത്തിന്റെ ഹൈ ലൈറ്റ്. പോസ്റ്റ് മലോണ്‍ എന്ന അമേരിക്കന്‍ ഗായകന്റെ റോക്ക്സ്റ്റാര്‍ പാട്ടിന്റെ മലയാളം പതിപ്പായി ഒരുക്കിയ ഗാനം യൂട്യൂബില്‍ നല്ല കാഴ്ചക്കാരെ നേടി മികച്ച അഭിപ്രായവുമായി മുന്നേറുകയാണ്.

വിളകള്‍ക്ക് കണ്ണുകിട്ടാതിരിക്കാന്‍ സണ്ണി ലിയോണിന്റെ പോസ്റ്റര്‍ സ്ഥാപിച്ച് കര്‍ഷകന്‍. അന്‍കിപള്ളി ചെന്‍ചു റെഡ്ഡി എന്ന കര്‍ഷകനാണ് ഈ തന്ത്രം ആദ്യം പരീക്ഷിച്ചത്. തന്റെ പാടത്ത് രണ്ട് വലിയ പോസ്റ്ററുകളാണ് ഇദ്ദേഹം സ്ഥാപിച്ചത്. സണ്ണി ലിയോണിന്റെ ചുവന്ന ബിക്കിനിയിലുള്ള ചിത്രങ്ങളാണ് സ്ഥാപിച്ചിരിക്കുന്നത്. വെറുതെ പോസ്റ്റര്‍ വയ്ക്കുക മാത്രമല്ല, നല്ലൊരു അടിക്കുറിപ്പും അദ്ദേഹം വച്ചു. ‘ എന്നെ നോക്കി അസൂയപ്പെടരുത്’ എന്നാണത്.

ഇത്തവണ തന്റെ പത്ത് ഏക്കര്‍ വരുന്ന പാടത്തുനിന്ന് നല്ല വിളവ് ലഭിച്ചിരിക്കുന്നത്. അതോടെ നാട്ടുകാരും അതുവഴി പോകുന്നവരും പാടത്തേക്ക് തന്നെ നോക്കാന്‍ തുടങ്ങി. അവരുടെ കണ്ണ് തട്ടാതിരിക്കാനുള്ള മാര്‍ഗം ആലോചിച്ചപ്പോഴാണ് തന്റെ തലയില്‍ ഈ ആശയം തെളിഞ്ഞുവന്നതെന്നും റെഡ്ഡി പറയുന്നു.

അത് ഫലിച്ചു. ഇപ്പോള്‍ ആരും പാടത്തേക്ക് നോക്കുന്നില്ല. എല്ലാവരുടേയും കണ്ണ് പോസ്റ്ററിലാണെന്നും റെഡ്ഡി പറഞ്ഞു. കാബേജും കോളിഫ്‌ളവറും മുളകും ഉള്‍പ്പെടെ പലയിനങ്ങള്‍ റെഡ്ഡി കൃഷി ചെയ്യുന്നുണ്ട്. നെല്ലൂര്‍ ജില്ലയിലെ ബന്ദകിന്ദിപള്ളിയിലാണ് റെഡ്ഡിയുടെ പാടം.

‘ഡിജിറ്റല്‍ ഇന്ത്യയെ കുറിച്ച് തനിക്ക് ഉറപ്പില്ല, എന്നാല്‍ സണ്ണി ലിയോണ്‍ ഇന്ത്യയിലെ ഗ്രാമീണ മേഖലയില്‍ എത്തിക്കഴിഞ്ഞു’ എന്നാണ് ഒരാള്‍ ഇതേ കുറിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഫെബ്രുവരി..  അത് പ്രണയത്തിൻറെ മാസം.. ഫെബ്രുവരി 14.. ലോകമെമ്പാടും സ്നേഹത്തിൻറെ.. പരിശുദ്ധ പ്രണയത്തിൻറെ സന്ദേശങ്ങൾ മനസുകൾ കൈമാറും ദിനം. വാലൻൈറൻസ് ഡേ .. 150 മില്യൺ പ്രണയ സന്ദേശങ്ങളാണ് ഇന്ന് കോറിയിടപ്പെടുന്നത്. ക്രിസ്മസ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആശംസാ സന്ദേശങ്ങൾ അയയ്ക്കപ്പെടുന്ന ദിനം. ഇതിൻറെ തുടക്കം പുരാതന റോമാ സാമ്രാജ്യത്തിലാണ്. പുരാതന ക്രൈസ്തവ പാരമ്പര്യവുമായി ഇതിന് ഗാഢമായ ബന്ധമുണ്ട്.

വാലൻറെയിൻ എന്നോ, വാലന്റിനുസ് എന്നോ പേരുള്ള മൂന്നു രക്ത സാക്ഷികൾ കാത്തലിക് ചർച്ചിൽ ഉണ്ട്. ഒരു വിശ്വാസമനുസരിച്ച് വാലൻറെയിൻ ഒരു വൈദികനായിരുന്നു. റോമിൽ മൂന്നാം നൂറ്റാണ്ടിലാണ് അദ്ദേഹം ജീവിച്ചിരുന്നത്. ഒറ്റയ്ക്കു ജീവിക്കുന്ന യുവാവ്, ഭാര്യയോടും കുടുംബത്തോടും ഒപ്പം താമസിക്കുന്നവനെക്കാൾ മികച്ച സൈനികനായിരിക്കും എന്ന് റോമാ സാമ്രാജ്യത്തിൻറെ അധിപൻ ക്ലാഡിയൂസ് രണ്ടാമൻ വിശ്വസിച്ചു. അതിനാൽ യുവാക്കളുടെ വിവാഹം അദ്ദേഹം നിരോധിച്ചു. ഇത് അനീതിയെന്നു മനസിലാക്കിയ വാലൻറെയിൻ പ്രണയിക്കുന്നവർക്ക് പിന്തുണ നല്കുകയും അവരുടെ വിവാഹം രഹസ്യമായി നടത്തിക്കൊടുക്കുകയും ചെയ്തു. വാലൻറെയിനിൻറെ ഈ പ്രവൃത്തി കണ്ടു പിടിക്കപ്പെട്ടു. ക്ലാഡിയൂസ് രണ്ടാമൻ വാലൻറെയിനിനെ മരണ ശിക്ഷയ്ക്കു വിധിച്ചു. ഇതിൻറെ സ്മരണയിൽ വാലൻറെയിൻ ഡേ പിറവിയെടുത്തു.

നിർമ്മല തുഷാര കണങ്ങൾ പോലെ
പരിശുദ്ധമീ ഹൃദയ നൊമ്പരങ്ങൾ…
അറിയാതെ ഉള്ളിൽ നാമ്പെടുത്തിടും
സുഖമുള്ള സ്നേഹത്തിൻ വേദന…

ഒരു നോട്ടം..  ഒരു വാക്ക്.. ഒരു പുഞ്ചിരി
കൊതിക്കുമീ ഹൃദയങ്ങൾ വിണ്ണിലെങ്ങും…
ബാല്യമോ യുവത്വമോ ജീവിത സായാഹ്നമോ
സിരകളിൽ പ്രസരിക്കും ഈ സ്നേഹ സ്പന്ദനം…

മറ്റൊരു വിശ്വാസമനുസരിച്ച് റോമിലെ കൽത്തുറുങ്കുകളിൽ അടയ്ക്കപ്പെട്ട് പീഡനമനുഭവിച്ചിരുന്ന ക്രിസ്ത്യാനികളെ രക്ഷപെടുത്തുവാൻ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ട വ്യക്തിയാണ് വാലൻറെയിൻ. വേറൊരു കഥയനുസരിച്ച് ജയിലിൽ ഏകാന്ത തടവിലായിരുന്ന വാലൻറെയിൻ തന്നെ സന്ദർശിക്കാൻ എത്തിയ ഒരു യുവ സുന്ദരിയുമായി പ്രണയത്തിലായി. അത് ജയിലറുടെ മകളായിരുന്നു. തൻറെ മരണത്തിനു മുൻപ് വാലൻറെയിൻ ആ യുവസുന്ദരിക്ക് ഒരു സ്നേഹ സന്ദേശം അയച്ചു. നിൻറെ വാലൻറെയിനിൽ നിന്നും എന്ന അടിക്കുറിപ്പോടെ. വാലൻറെയിൻ എന്ന വ്യക്തി പ്രഭാവത്തിൻറെ ഉറവിടം സ്പഷ്ടമല്ലെങ്കിലും സഹതാപമുള്ള, ധീരനായ പ്രണയത്തിൻറെ പ്രതീകമായമായാണ് കരുതപ്പെടുന്നത്.

പ്രഭാതത്തിൽ ഊർജമായി, പ്രതീക്ഷയായ്
ഹൃദയത്തിൽ ഉജ്ജ്വലിക്കുമീ പ്രണയം…
അരുതെന്ന് പറയുമ്പോഴും അറിയാതെ
വഴുതി വീഴുന്നോരിന്ദ്രജാലം…

മുകരുക ഈ സ്നേഹ നീരുറവയിൽ നിന്നും
പ്രണയാതുരമായിടട്ടെ ആ മിഴികൾ…
തീരമണയാൻ കൊതിക്കും തിരമാലകൾ പോലെ
പ്രണയമേ വരിക ഒരു കുളിർ തെന്നലായി…

ക്രൈസ്തവ സഭയിൽ വാലൻറയിൻ വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടു. അമേരിക്കയെ കൂടാതെ ക്യാനഡാ, മെക്സിക്കോ, ബ്രിട്ടൺ, ഫ്രാൻസ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ വാലൻറെയിൻസ് ഡേയ്ക്ക് വൻ പ്രചാരമുണ്ട്. പതിനേഴാം നൂറ്റാണ്ടു മുതലാണ് ബ്രിട്ടണിൽ വലൻറയിൻ ദിനാഘോഷം പതിവായി തുടങ്ങിയത്. തുടക്കത്തിൽ പ്രണയിക്കുന്നവരും സുഹൃത്തുക്കളും പരസ്പരം സ്നേഹ സന്ദേശങ്ങൾ ഒരു കടലാസിലെഴുതി കൈമാറിയിരുന്നു. ഇന്ന് അവ ആശംസാ കാർഡുകൾക്ക് വഴിമാറി. തങ്ങളുടെ മനസിൽ രഹസ്യമായി സൂക്ഷിക്കുന്ന പ്രണയം വെളിപ്പെടുത്തുന്ന ദിനമാണ് ചിലർക്ക് വാലൻറെയിൻസ് ഡേ. മറ്റു പലരും തങ്ങളുടെ പ്രണയം സന്ദേശങ്ങൾ വഴി ഊട്ടി ഉറപ്പിക്കുന്നു. സന്തോഷവും സ്നേഹവും പ്രണയവും പ്രകടിപ്പിക്കുന്നതിൻറെ ഭാഗമായി ചുവന്ന റോസപ്പൂക്കളും ചോക്കലേറ്റുകളും ആശംസാ കാർഡുകളും ഇന്ന് കൈമാറപ്പെടുന്നു.

 

 

മണമ്പൂര്‍ സുരേഷ്

ഇന്ന് കമലിന്റെ “ആമി” കണ്ടു, അതിമനോഹരമായ ചിത്രം. റിലീസായ ദിവസം തന്നെ കാണാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. മാധവിക്കുട്ടിയുടെ ജീവിതത്തിലെ ഓരോ സന്ദർഭങ്ങളും – ബാല്യവും, കൗമാരവും, യൗവ്വനവും – ഒരു റോസാ മൊട്ടിന്റെ തുടുത്ത നിറത്തിലും ദൃശ്യ ഭംഗിയിലും ആണ് ചിത്രീകരിച്ചിരിക്കുന്നത്.  മാധവിക്കുട്ടിയുടെ ബാല്യകാലമൊക്കെ ആനുകാലികങ്ങളില്‍ ആവര്‍ത്തിച്ചു ആവര്‍ത്തിച്ചു വായിച്ചു വിരസതയുടെ വക്കില്‍ വരെ എത്തിയ അനുഭവമുണ്ട്. പക്ഷെ ഇവിടെ കമല്‍ എന്ന സംവിധായകന്റെ കരവിരുത് ഞങ്ങള്‍ അനുഭവിക്കുന്നു. 70 കളുടെ തുടക്കം അസുഖ ബാധിതയായി കിടക്കുന്ന മാധവിക്കുട്ടിയുടെ ക്ഷീണിതമാക്കപ്പെട്ട ഓര്‍മ്മകളിലൂടെ ആ ബാല്യകാലത്തേക്ക്‌ നമ്മള്‍ കടക്കുന്നു. മുകളില്‍ എഴുതിയിരിക്കുന്നത് പോലെ ഈ കാലഘട്ടത്തിനുപയോഗിച്ചിരിക്കുന്ന നിറം വളരെ തുടുത്തതാണ്.

മാധവിക്കുട്ടിയുടെ ജീവിതത്തിലെ എല്ലാ പ്രധാന സംഭവങ്ങളും ചിത്രത്തിലുണ്ട്. ശരിക്കും വിവാദങ്ങള്‍ മാത്രം സൃഷ്ട്ടിച്ച “എന്റെ കഥ” എന്ന ആത്മകഥയും അത് ഖണ്ടശ്ശ പ്രസിദ്ധീകരിച്ച മലയാള നാട് വാരികയും വളരെ വിശദമായി ചിത്രത്തില്‍ പ്രാമുഖ്യം നേടുന്നു. പ്രസാധകന്‍ എസ് കെ നായരും പത്രാധിപര്‍ വീ ബീ സീ നായരും ഒക്കെ ആ വിവാദങ്ങളുടെ തിരി എങ്ങനെ കൊളുത്തി വിട്ടു എന്ന് നമ്മള്‍ കാണുന്നു.

ചിത്രത്തില്‍ “എന്റെ കഥ” വായിച്ചു വഴി തെറ്റി എന്ന് അവകാശപ്പെടുന്ന വായനക്കാര്‍ കഥാകാരിയെ കാണാന്‍ വരുന്നതും അവരെ മാധവിക്കുട്ടി ശരിക്കും “നേരിടുന്നതും” രസകരവും എഴുത്തുകാരിയുടെ വ്യക്തിത്വത്തെ പ്രതിഫലിക്കുന്നതുമാണ്.
ഭര്‍ത്താവ് മാധവ ദാസിന്റെ ഈ ഭൂമിയിലെ അവസാന ദിനം ചിത്രീകരിച്ചിരിക്കുന്നത് അവിസ്മരണീയമായ രീതിയിലാകുന്നു. ജീവനറ്റു കിടക്കുന്ന മാധവ ദാസിന്റെ ചുറ്റും നിന്ന് മക്കളെയും അമ്മയെയും ഉള്‍പ്പെടെ എല്ലാപേരെയും ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെടുകയാണ് ആമി എന്ന മാധവിക്കുട്ടി. ഭര്‍ത്താവിനൊപ്പമുള്ള അവസാന ദിനം അവര്‍ക്ക് മാത്രമുള്ളതാണെന്ന് ആമി പറയുന്നു. എല്ലാപേരും മുറി വിട്ടു പോയ ശേഷം മാധവ ദാസിന്റെ ജീവനറ്റ ശരീരത്തോട് ചേര്‍ന്ന് ആ രാത്രിയില്‍ നിലത്തു കിടക്കുന്ന സീന്‍ “ആമി” എന്ന ചിത്രത്തിലെ അവിശ്വസനീയമായ മുഹൂർത്തമാണ്. കാണികളെ സീറ്റിന്റെ വക്കോളം എത്തിക്കുന്ന ഈ ദൃശ്യ ചിത്രീകരണത്തിലെ മിതത്വം അവിസ്മരണീയം തന്നെ.

മാധവിക്കുട്ടി മതം മാറി കമലാസുരയ്യ ആകുന്നതും ആദ്യം ഹിന്ദു തീവ്ര വാദികളുടെ ആക്രമണത്തിനും തുടര്‍ന്ന് മുസ്ലിം പുരോഹിതരുടെ നിയന്ത്രണത്തിനും വിധേയ ആകുന്നതും ഞങ്ങള്‍ കാണുന്നു. കനേഡിയന്‍ പ്രൊഫ: മേരിളീ വീസ്ബോർദ് 10 വർഷം മാധവിക്കുട്ടിയോടൊപ്പം താമസിച്ച ശേഷം എഴുതിയ The Love Queen of Malabar എന്ന പുസ്തകത്തില്‍ എല്ലാ മതങ്ങളും ഒന്നാണെന്നും ഒരു മതത്തിനും ഒരു പ്രത്യേകതയും അവകാശപ്പെടാനില്ല എന്നും കമല സുരയ്യ അവസാന കാലത്ത് വിശ്വസിച്ചിരുന്നതായി പറയുന്നുണ്ട്. പക്ഷെ ഇവിടെ സങ്കല്‍പ്പത്തിലെ കൃഷ്ണനോടൊപ്പം സ്നേഹം പങ്കു വയ്ക്കുന്ന മാധവിക്കുട്ടിയെ ആണ് കമല്‍ ചിത്രീകരിച്ചിരിക്കുന്നത്. മേരിളീ വീസ്ബോർഡിനോട് പറഞ്ഞത് കമല്‍ മറ്റൊരു രീതിയില്‍ ചിത്രീകരിച്ചിരിക്കുന്നു എന്ന് മാത്രം.

കമലിന് ഏറെ ഇഷ്ടമായ മഴയും ഈ ചിത്രത്തിന്റെ അന്തരീക്ഷം ഒരുക്കുന്നത്തിനു സഹായകമാകുന്നു. കവിത തുളുമ്പുന്ന സംഭാഷണമാണ് ഹൃദയത്തിന്റെ ഭാഷയില്‍ സംസാരിക്കുന്ന ഈ സിനിമയില്‍ ഉള്ളത്. മഞ്ജു വാര്യര്‍ ശക്തവും സൗന്ദര്യം തുളുമ്പുന്നതുമായ അഭിനയം കാഴ്ച വയ്ക്കുന്നു. ബാല്യത്തിലെയും യൗവ്വനത്തിലെയും ആമിയും നമ്മോടൊപ്പം തിയേറ്ററില്‍ നിന്നും കൂടെ വരുന്നു. മാധവ ദാസായി മുരളി ഗോപിയും, അവസാന കാല കാമുകനായി അനൂപ്‌ മേനോനും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന കഥാപാത്രങ്ങളായി നമ്മോടൊപ്പം കൂടും. ഹൃദയത്തിന്റെ ഭാഷയില്‍ സംവദിക്കുന്ന ഒരു സിനിമ കാണണമെന്നുണ്ടെങ്കില്‍ കമലിന്റെ “ആമി” കാണൂ.

ന്യൂസ് ഡെസ്ക്

പാട്ട് ആസ്വദിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. സംഗീതത്തിന് മനുഷ്യ മനസ്സിനെ സ്വാധീനിക്കാനുള്ള കഴിവ് ഏറെയാണ്. ജീവിത്തിലെ വിഷമഘട്ടങ്ങളില്‍ പോലും മനസ്സിന് ശാന്തത നല്‍കാന്‍ സംഗീതത്തിന് കഴിവുണ്ട്. ബസ്സിലോ കാറിലോ യാത്ര ചെയ്യുന്ന സമയത്ത് കേള്‍ക്കുന്ന ചില പാട്ടുകള്‍ നമ്മെ ഓര്‍മ്മകളിലേക്ക് തള്ളിവിടാറുണ്ട്. കുട്ടിക്കാലത്തെക്കുറിച്ചോ, വീട്, സുഹൃത്തുക്കള്‍ തുടങ്ങി പലവിധത്തിലുള്ള ഓര്‍മകളിലേക്ക് ചില പാട്ടുകള്‍ നമ്മെ കൊണ്ടെത്തിക്കും. പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ രോമാഞ്ചമുണ്ടാകുന്നത് ചിലരുടെ അനുഭവമാണ്. നിങ്ങള്‍ അങ്ങനെയുള്ള ആളാണോ? എങ്കില്‍ നിങ്ങളുടെ മസ്തിഷ്‌കത്തിന് ചില പ്രത്യേകതകളുണ്ട്.

ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ മുന്‍ അണ്ടര്‍ഗ്രാജുവേറ്റ് മാത്യു സാക്ക്‌സ് നടത്തിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വികാരത്തെയും ഓര്‍മ്മകളെയും ഉണര്‍ത്താന്‍ കഴിയുന്ന സംഗീതത്തിൻറെ അപൂര്‍വ്വമായ കഴിവിനെക്കുറിച്ചാണ് സാക്ക്‌സിൻറെ പഠനം. 20 വിദ്യാര്‍ത്ഥികളിലാണ് പഠനം നടത്തിയത്. വികാരങ്ങളെയും ഓര്‍മ്മകളെയും ഉണര്‍ത്താന്‍ സംഗീതത്തിന് കഴിയുമെന്ന് അറിയിച്ച 10 പേരും പ്രത്യേക മാറ്റമൊന്നും സംഗീതം തങ്ങളിലുണ്ടാക്കുന്നില്ലെന്ന് വ്യക്തമാക്കിയ 10 പേരുമാണ് പഠനത്തില്‍ പങ്കെടുത്തത്.

ഇവരുടെ 20 പേരുടെയും തലച്ചോറിൻറെ സ്‌കാന്‍ റിപ്പോര്‍ട്ടുകള്‍ എടുത്തപ്പോള്‍ സംഗീതവുമായി വൈകാരികവും ഭൗതികവുമായ അടുപ്പം സൂക്ഷിച്ചവരുടെ മസ്തിഷ്‌ക ഘടന വ്യത്യാസമുള്ളതാണെന്ന് വ്യക്തമായി. തലച്ചോറിലെ വികാരങ്ങളെ നിയന്ത്രിക്കുന്ന ഭാഗവും കേള്‍വിയെ നിയന്ത്രിക്കുന്ന ഭാഗവും തമ്മില്‍ നാഡീ കോശങ്ങളാല്‍ ശക്തമായി ബന്ധിപ്പിച്ചിരിക്കുന്നതായി കണ്ടെത്തി. ഈ ഭാഗങ്ങള്‍ തമ്മില്‍ കൂടുതല്‍ ആശയവിനിമയം ഇതു മൂലം സാധ്യമാകുന്നു.

സംഗീതം കേള്‍ക്കുമ്പോള്‍ നിങ്ങളില്‍ രോമാഞ്ചമുണ്ടാകുന്നുണ്ടെങ്കില്‍ ഈ ഘടനയുള്ള മസ്തിഷ്‌കത്തിന് ഉടമയാണ് നിങ്ങളെന്ന് സാരം. പാട്ടുകളില്‍ നിന്ന് ലഭിക്കുന്ന ഇത്തരം ഉണര്‍ച്ചകള്‍ക്ക് മനുഷ്യ മനസ്സില്‍ ആഴ്ന്നു കിടക്കുന്ന ഓര്‍മ്മകളുമായി ഏറെ ബന്ധമുണ്ടെന്ന് മാത്യൂ സാക്ക്‌സ് നടത്തിയ പഠനം വ്യക്തമാക്കുന്നു. നിങ്ങളിലെ ഓര്‍മ്മകളെ ഉണര്‍ത്താനുള്ള കഴിവിനെ സംഗീതം ഉത്തേജിപ്പിക്കുന്നുവെന്ന് ചുരുക്കം. ഇത്തരം കഴിവുകളെ ഒരു ലബോറട്ടറികളിലും നിര്‍മ്മിച്ചെടുക്കുക സാധ്യമല്ല. സംഗീതം ആസ്വദിക്കുന്ന സമയത്തെ തലച്ചോറിന്റെ ചലനം എങ്ങനെയായിരിക്കുമെന്ന പഠിക്കുകയാണ് ഗവേഷണത്തിൻറെ അടുത്ത ഘട്ടത്തില്‍ സാക്ക്‌സ് ലക്ഷ്യമിടുന്നത്. മാനസിക രോഗങ്ങളുടെ ചികിത്സക്ക് ഈ കണ്ടുപിടിത്തം സഹായിക്കുമെന്നാണ് കരുതുന്നത്.

വാഴപ്പഴം കഴിച്ചാല്‍ അതിന്റെ തൊലി എന്ത് ചെയ്യുമെന്നത് ഒരു പ്രശ്‌നമാണ്. അടുത്ത ബിന്‍ കാണുന്നത് വരെ തൊലി കയ്യില്‍തന്നെ സൂക്ഷിക്കേണ്ടി വരും. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു. തൊലിയുള്‍പ്പെടെ കഴിക്കാന്‍ പറ്റുന്ന പുതിയ ഇനം വാഴപ്പഴം കണ്ടുപിടിച്ചിരിക്കുകയാണ് ജപ്പാനിലെ കര്‍ഷകര്‍. വളരെ താഴ്ന്ന താപനിലയിലുള്ള കൃഷിരീതി ആവിഷ്‌കരിച്ചാണ് ഈ പഴങ്ങള്‍ ഉദ്പാദിപ്പിക്കുന്നത്. മോന്‍ഗീ എന്ന് പേരിട്ടിരിക്കുന്ന ഈ ഇനം വാഴപ്പഴം പടിഞ്ഞാറന്‍ ജപ്പാനിലെ ഡി ആന്റ് ടി ഫാം ടെക്‌നിക്കല്‍ ഡെവലപ്‌മെന്റ് മാനേജര്‍ സെറ്റ്‌സുസോ തനാകയാണ് വികസിപ്പിച്ചെടുത്തത്. രാസവളമോ കീടനാശിനകളോ ഉപയോഗിക്കാതെ അതിശീത കാലാവസ്ഥയിലാണ് ഇവ കൃഷി ചെയ്യുന്നത്. മൈനസ് 60 വരെയുള്ള താപനിലയാണ് ഇതിന് അനുയോജ്യം.

സാധാരണ ഗതിയില്‍ രണ്ട് വര്‍ഷമെടുത്ത് ഫലം തരുന്ന വാഴകള്‍ ഇത്രയും കുറഞ്ഞ ഊഷ്മാവില്‍ അതിവേഗത്തില്‍ വളരുന്നു. നാല് മാസത്തിനുള്ളില്‍ വിളവെടുക്കാന്‍ സാധിക്കുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഇത്തരത്തില്‍ വിളവെടുക്കുന്ന വാഴകള്‍ക്ക് സാധാരണ രീതിയില്‍ ഉത്പാദിപിച്ചെടുക്കുന്ന വാഴപ്പഴത്തേക്കാള്‍ സ്വാദും മധുരവും ഉണ്ടാകും. കൂടാതെ പഴത്തിന്റെ തൊലി നൂറ് ശതമാനം ഭക്ഷിക്കാന്‍ കഴിയുന്നതുമായിരിക്കും. സുരക്ഷിതവും സ്വാദിഷ്ടവുമായി വാഴപ്പഴം ഉത്പാദിപ്പിക്കുക എന്നതായിരുന്നു തങ്ങളുടെ ഉദ്ദേശ്യമെന്ന് തനാക പറയുന്നു. ജനങ്ങള്‍ക്ക് ഈ ഇനം പഴങ്ങളുടെ തൊലിയടക്കം കഴിക്കാന്‍ കഴിയും. കാരണം ജൈവ ഉത്പാദന രീതി പിന്തുടര്‍ന്നാണ് ഇവ വികസിപ്പിച്ചെടുത്തിരിക്കുന്നത് ടെറ്റ്‌സുയ തനാക പറയുന്നു.

അതിശയകരം എന്നാണ് മോന്‍ഗീ എന്ന വാക്കിന് ഒക്യാമ ഭാഷയില്‍ അര്‍ത്ഥം. തനാകയുടെ കൃഷിയിടത്തില്‍ നിന്ന് വിളവെടുക്കുന്ന മോന്‍ഗീ ഇവിടുള്ള ചെറിയ മാര്‍ക്കറ്റുകളില്‍ വില്‍പ്പന നടത്തുന്നുണ്ട്. കൂടുതല്‍ കര്‍ഷകരെ സംഘടിപ്പിച്ചു കൊണ്ട് ഈ കൃഷിരീതി വ്യാപിപ്പിക്കാനാണ് ഡി ആന്റ് ടി ഫാം അധികൃതരുടെ ലക്ഷ്യം. ജപ്പാന് പുറത്തേക്കുള്ള കയറ്റുമതി സാധ്യതകളെ ഭാവിയില്‍ ഉപയോഗിക്കാനും ഫാം അധികൃതര്‍ ലക്ഷ്യംവെക്കുന്നുണ്ട്.

ന്യൂസ് ഡെസ്ക്

ലോക ജനതയുടെ ഏറ്റവും പുതിയ ചൂടുള്ള സംസാരവിഷയമായി ക്രിപ്റ്റോ കറൻസി മാറുന്നു. പുതിയ ഡിജിറ്റൽ കറൻസിയെ കുറിച്ച് അറിയാൻ ജനങ്ങൾ ഉത്സാഹത്തോടെ ഇൻറർനെറ്റിൽ സെർച്ച് തുടങ്ങിക്കഴിഞ്ഞു. ബിറ്റ് കോയിൻ, ലിറ്റ് കോയിൻ, ക്രിപ്റ്റോ കാർബൺ എന്നിങ്ങനെ അറിയപ്പെടുന്ന ഈ ക്രിപ്റ്റോ കറൻസികൾ ലോകമെങ്ങും വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. ക്രിപ്റ്റോ കാർബൺ യുകെയിൽ ദിനംപ്രതി ജനകീയമായിക്കൊണ്ടിരിക്കുകയാണ്.

ഡിജിറ്റൽ രൂപത്തിലുള്ള കറൻസിയാണ് ക്രിപ്റ്റോ കറൻസി. ബാങ്കുകളോ മറ്റു സ്ഥാപനങ്ങളോ ഇതിനെ നിയന്ത്രിക്കുന്നില്ല. ഒരു സെൻട്രൽ അതോറിറ്റി നിയന്ത്രിക്കാത്ത ക്രിപ്റ്റോ കറൻസി വികസിപ്പിച്ചെടുത്തത് സോഫ്റ്റ് വെയർ ഡെവലപ്പർമാരാണ്. ഇത് പ്രിൻറ് ചെയ്യപ്പെടുന്നില്ല. സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള മൈനിംഗ് എന്ന പ്രക്രിയയിലൂടെ ക്രിപ്റ്റോ കറൻസി സ്വന്തമാക്കാൻ കഴിയും. നിലവിലുള്ള കറൻസികളുടെ മൂല്യം സ്വർണത്തിന്റെയോ വെള്ളിയുടെയോ മേൽ അധിഷ്ഠിതമാണ്. എന്നാൽ ക്രിപ്റ്റോ കറൻസിയുടെ അടിസ്ഥാനം മാത്തമാറ്റിക്സ് ആണ്. ഡിജിറ്റൽ ഭാഷയിലുള്ള കോഡുകളായാണ് ക്രിപ്റ്റോ കറൻസി സൃഷ്ടിക്കപ്പെടുന്നത്. സോഫ്റ്റ് വെയർ വിദഗ്ദർ മാത്തമാറ്റിക്കൽ ഫോർമുല അടിസ്ഥാനമായുള്ള സോഫ്റ്റ് വെയർ പ്രോഗ്രാമുകൾ ഉപയോഗിച്ച് ആണ് ക്രിപ്റ്റോ കറൻസി സൃഷ്ടിക്കുന്നത്.

FORMER CHANCELLOR OF EXCHEQUER GEORGE OSBORNE

ലെസ്റ്ററിലെ ബ്രാൻസ്റ്റോണിലുള്ള ഓഫ് ലൈസൻസ് ഷോപ്പിൽ ബിറ്റ് കോയിൻ എടിഎം തുടങ്ങിയത് കഴിഞ്ഞ ഡിസംബറിലാണ്. രാകേഷ് ഒടേദ്രയുടെ ഉടമസ്ഥതയിലുള്ള ഈ ഷോപ്പിൽ ആണ് ലെസ്റ്ററിലെ ആദ്യ ബിറ്റ് കോയിൻ കാഷ് പോയിന്റ് സ്ഥാപിക്കപ്പെട്ടത്. കെഷ് വൈൻ ആൻഡ് ന്യൂസ് എന്ന ഈ ഷോപ്പ് ഗട്രിഡ്ജ് ക്രെസന്റിലാണ് സ്ഥിതി ചെയ്യുന്നത്. സ്മാർട്ട് ഫോൺ വാലറ്റ് ഉപയോഗിച്ച് എടിഎമ്മിൽ നിന്ന് ക്രിപ്റ്റോ കറൻസി വാങ്ങുകയും വില്ക്കുകയും ചെയ്യാമെന്ന് ഉടമ പറഞ്ഞു. ക്രിപ്റ്റോ കറൻസി ഒരാളിൽ നിന്ന് മറ്റൊരാളിലേയ്ക്ക് നേരിട്ട് ട്രാൻസ്ഫർ ചെയ്യപ്പെടുകയാണ്. ഒരു ഡിജിറ്റൽ വാലറ്റിൽ സൂക്ഷിക്കപ്പെടുന്ന കറൻസി കമ്പ്യൂട്ടർ വഴിയോ മൊബൈൽ വഴിയോ വിനിമയം ചെയ്യാം.

ഷോപ്പിലെ ബിസിനസ് വർദ്ധിപ്പിക്കാൻ ബിറ്റ് കോയിൻ എടിഎം സഹായിക്കുന്നുണ്ടെന്ന് ഒടേദ്ര പറഞ്ഞു. 250 പൗണ്ട് വരെ ക്രിപ്റ്റോ കറൻസി വാങ്ങാൻ ഉപയോഗിക്കുമ്പോൾ ഐഡൻറിറ്റി പ്രൂഫ് ആവശ്യമില്ല. അതിൽ കൂടുതൽ ആണെങ്കിൽ മൊബൈൽ ഫോൺ സെക്യൂരിറ്റി ആവശ്യമാണ്. 500 പൗണ്ടിൽ കൂടുതൽ ഉപയോഗിക്കുന്നവർ ബിറ്റ് കോയിൻ എടിഎമ്മുമായി രജിസ്റ്റർ ചെയ്തിരിക്കണം.

ലോകത്തിലെ ഏറ്റവും മനോഹരമായ വികാരമാണ് പ്രണയം. എന്നാല്‍ ജീവനേക്കാളേറെ സ്നേഹിച്ച വ്യക്തി ചതിച്ചാല്‍ , കാമുകനും കാമുകിയും പ്രതികാര ദാഹിയാകും എന്നതില്‍ സംശയമൊന്നും ഇല്ല. എന്നാല്‍ തന്നെ പ്രണയിച്ച്‌ വഞ്ചിച്ച കാമുകനോട് യുവതിയുടെ മധുരപ്രതികാരത്തിന്റെ കഥ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. സമൂഹമാധ്യമമായ റെഡ്ഡിറ്റിലാണ് പേരു വെളിപ്പെടുത്താത്ത യുവതി തന്റെ പ്രണയ തകര്‍ച്ച മറികടന്ന കഥ വ്യക്തമാക്കിയത്.

ഒരുദിവസം രാവിലെ കാമുകന് സര്‍പ്രൈസ് നല്‍കാനായി ബ്രേക്ഫാസ്റ്റും അദ്ദേഹത്തിനിഷ്ടപ്പെട്ട വീഡിയോ ഗെയിമുമായി പോയപ്പോള്‍ അവള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. അയാള്‍ തന്റെ മുന്‍കാമുകിക്കൊപ്പം കിടന്നുറങ്ങുന്നു.  ഞാന്‍ വന്നത് അവര്‍ കണ്ടിരുന്നില്ല , ഞാന്‍ പതുക്കെ അവരുടെ ബെഡ്റൂമിന്റെ കതകടച്ച്‌ ബ്രേക്ഫാസ്റ്റും ഗെയിമും ആ വീടു തുറക്കാനായി എനിക്കു നല്‍കിയിരുന്ന കീയും അടുക്കളയില്‍ വച്ച്‌ തിരിച്ചുവന്നു.

വന്നയുടന്‍ സമൂഹമാധ്യമത്തിലെ അക്കൗണ്ടുകള്‍ ഡീആക്റ്റിവേറ്റ് ചെയ്യുകയും അയാളെ മറ്റുള്ളവയില്‍ നിന്നെല്ലാം ബ്ലോക്കും ചെയ്തു. ശേഷം എന്റെ ഫോണ്‍ നമ്പര്‍ മാറ്റാന്‍ തീരുമാനിച്ചു. തുടര്‍ന്ന് എന്റെ ബന്ധുക്കളോടും സുഹൃത്തുക്കളോടുമെല്ലാം അവനുമായി പിരിഞ്ഞ കാര്യം വ്യക്തമാക്കുകയും ചെയ്തു. ശേഷം ആ ആഴ്ചയില്‍ തന്നെ മറ്റൊരു നഗരത്തില്‍ ജോലി വാങ്ങി. അയാളില്‍ നിന്നും എന്നെ പൂര്‍ണമായും മുക്തമാക്കിയതിനൊപ്പം ഒരു ഏറ്റുപറച്ചിലിനുള്ള അവസരം പോലും നല്‍കാതെ ആ ജീവിതത്തില്‍ നിന്നും ഞാന്‍ തിരികെവന്നു.

യുവതി ആരെന്നോ എന്തെന്നോ അറിഞ്ഞില്ലെങ്കിലും തീര്‍ത്തും തകര്‍ന്നു പോയേക്കാവുന്ന ഒരവസ്ഥയെ പോസിറ്റീവായി സ്വീകരിക്കുകയും പ്രതികാരത്തിനോ വിശദീകരണത്തിനോ ഇടനല്‍കാതെ പുതിയ ജീവിതത്തെ വരിക്കുകയും ചെയ്ത പെണ്‍കുട്ടിക്ക് സമൂഹമാധ്യമത്തിലാകെ അഭിനന്ദനങ്ങള്‍ കൊണ്ടുനിറയുകയാണ്. അഞ്ചുവര്‍ഷം യുവതിയെ വഞ്ചിച്ച കാമുകനു നല്‍കിയ ഏറ്റവും ധീരമായ മറുപടിയാണ് ഇതെന്നാണ് പലരും പറയുന്നത്. ഒച്ചയുയര്‍ത്താതെ സംയമനം കൈവിടാതെ ആ സാഹചര്യത്തെ അവള്‍ കൈകാര്യം ചെയ്ത രീതിയാണ് മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാക്കിയത്. ട്വിറ്ററിലും ഷെയര്‍ ചെയ്യപ്പെട്ട പോസ്റ്റിന് ഇതിനകം തന്നെ ലക്ഷങ്ങളോളം ലൈക്കുകളും ഒരുലക്ഷത്തോളം റീട്വീറ്റുകളും ലഭിച്ചു.

RECENT POSTS
Copyright © . All rights reserved