ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ കഴിഞ്ഞ വര്‍ഷം ഒരുക്കിയ സംഗീത് മല്‍ഹാര്‍ യുകെ മലയാളികള്‍ നിറഞ്ഞ മനസ്സോടെയാണ് സ്വീകരിച്ചത്. നിറഞ്ഞു കവിഞ്ഞ സദസ്സില്‍ പ്രശസ്ത പിന്നണി ഗായകന്‍ വിവേകാനന്ദനും തുടര്‍ച്ചയായി 44 മണിക്കൂര്‍ ഡ്രം വായിച്ച റിക്കാര്‍ഡിനുടമയായ ഡ്രമ്മര്‍ ശ്രീധരനും ഒപ്പം യുകെയില്‍ നിന്നുള്ള പ്രമുഖ ഗായകരാണ് കഴിഞ്ഞ വര്‍ഷത്തെ സംഗീത മല്‍ഹാറില്‍ അണിചേര്‍ന്നത്.

ഈ വര്‍ഷവും സംഗീത മല്‍ഹാര്‍ കൂടുതല്‍ മനോഹരമാക്കാനുള്ള അണിയറപ്രവര്‍ത്തനങ്ങളാണ് നടന്ന് വരുന്നത്. പോയ വര്‍ഷം സംഗീത് മല്‍ഹാര്‍ നല്‍കിയ അഭൂത പൂര്‍വ്വമായ വിജയം തങ്ങളില്‍ കൂടുതല്‍ ഉത്തരവാദിത്വമാണ് ഏല്‍പ്പിച്ചതെന്ന് ഗ്രേയ്‌സ് മെലോഡിയസ് മ്യൂസിക്ക് ബാന്‍ഡിന്റെ അമരക്കാരനും അനുഗ്രഹീത ഗായകനുമായ ശ്രീ നോബിള്‍ മാത്യു പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തേത്‌പോലെ സംഗീത് മല്‍ഹാറിന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന നിരവധി ഗായകരെയും സാമൂഹിക പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി വിപുലമായ സംഘാടക സമിതി രുപീകരണത്തിനുള്ള പ്രവര്‍ത്തനങ്ങളും നടന്നു വരുന്നു. സാമൂഹിക സാംസ്‌കാരിക കലാ പ്രവര്‍ത്തനങ്ങളുടെ ഈറ്റില്ലമായ പോര്‍ട്ടസ്മൌത്തില്‍ സംഗീത് മല്‍ഹാറിനെ ഏറെ ആവേശത്തോടെയാണ് പോര്‍ട്ട്‌സ്മൗത്ത് മലയാളികള്‍ സ്വീകരിക്കുന്നത്. യുകെ മലയാളികള്‍ നെഞ്ചോട്‌ ചേര്‍ത്ത് കഴിഞ്ഞ ഈ സംഗീത പരിപാടിയുടെ മീഡിയ പാര്‍ട്ണര്‍ മലയാളം യുകെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആണ്.