Specials

ബെന്നി അഗസ്റ്റിന്‍

യുകെയിലെ കാര്‍ഡിഫ് കലാകേന്ദ്രയും റണ്ണിംഗ് ഫ്രൈയിംസ് ചേര്‍ന്നൊരുക്കുന്ന ‘ഓര്‍മ്മയില്‍ ഒരു ഗാനം’ എന്ന പരിപാടിയുടെ പുതിയ ഒരു എപ്പിസോഡിലേക്ക് സ്വാഗതം. 1963ല്‍ റിലീസായ ‘മൂടുപടം’ എന്ന ചിത്രത്തിലെ തളിരിട്ട കിനാക്കള്‍ എന്ന ഗാനമാണ് ഇന്നത്തെ എപ്പിസോഡില്‍. അര നൂറ്റാണ്ടിനുമേല്‍ പഴക്കമുള്ള ഈ ഗാനം ഇന്നും മലയാളികളുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്നത് ആ ഗാനത്തിന്റെ മനോഹാരിത ഒന്നുകൊണ്ടണ്. പുതിയ തലമുറയിലേക്ക് ഇങ്ങനെയുള്ള അനശ്വരഗാനങ്ങളുടെ ആലാപന ശൈലി എത്തിക്കുക എന്നുളള ഒരു ലക്ഷ്യംകൂടി ഈ പരിപാടിക്കുണ്ട്.

മലയാള ചലച്ചിത്ര ഗാന രചനയുടെ പിതൃസ്ഥാനീയന്‍ എന്നു പറയാവുന്ന പി. ഭാസ്‌കരന്‍ മാസ്റ്റര്‍ രചന നിര്‍വഹിച്ച് ഗസല്‍ കവാലി എന്നീ ഹിന്ദുസ്ഥാനി സംഗീത ശൈലി മലയാളത്തിനു സംഭാവന ചെയ്ത എം. എസ്. ബാബുരാജ് സംഗീത സംവിധാനം നിര്‍വഹിച് എസ. ജാനകിയമ്മ പാടിയ ”തളിരിട്ട കിനാക്കള്‍” എന്ന മനോഹരമായ ഗാനമാണ് ഇന്നിവിടെ അവതരിപ്പിക്കുന്നത്.

ഈ ഗാനം നമ്മുക്കായി ആലപിക്കുന്നത് ന്യുപോര്‍ട്ടിലുള്ള അലീന കുഞ്ചെറിയ ആണ്. കുഞ്ചെറിയ ജോസഫിന്റെയും ഷാന്റി ജയിംസിന്റെയും മൂത്ത പുത്രിയാണ് അലീന. അലീന ഹില്‍ഫോഡ് സാറേ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്നു.

https://www.facebook.com/815773181831892/videos/1477340722341798/

കാരൂര്‍ സോമന്‍
ഓരോ വ്യക്തിക്കും ദേശത്തിനും രാജ്യത്തിനും ഓരോരോ സംസ്‌കാരങ്ങളുണ്ട്. ഭാരതീയ സംസ്‌കാരം പുരാണ ഇതിഹാസങ്ങളില്‍നിന്നും നമ്മുടെ പൂര്‍വ്വപിതാക്കളില്‍നിന്നും ലഭിച്ചിട്ടുള്ള വൈവിധ്യമാര്‍ന്ന സംസ്‌കാരമാണ്. ആത്മാഭിമാനമുളള ദേശസ്‌നേഹികള്‍ അതെന്നും ഒരു സമ്പത്തായി സൂക്ഷിക്കുന്നു. നമ്മുടെ സംസ്‌കാരധാരയില്‍ പ്രധാനമായും കടന്നുവരുന്നത് പരസ്പര സ്‌നേഹം, സത്യം, അഹിംസ, വിവേകം, ബഹുമാനം, അച്ചടക്കം, സ്വാതന്ത്ര്യം മുതലായവയാണ്. ഈ സംസ്‌കാരമിന്ന് ഓരോരുത്തരുടെ സുഖസൗകര്യങ്ങള്‍ക്കായി മാറ്റപ്പെടുന്നു. ഈ സംസ്‌കാരം സാഹിത്യത്തിലുമുണ്ട്. ചരിത്രത്തില്‍ സാഹിത്യകാരന്മാര്‍, കവികള്‍ എന്നും പീഡിതര്‍ക്കൊപ്പമാണ് ജീവിച്ചിട്ടുള്ളത്. അതിന് ഏറ്റവും ധീരമായ ഇടപെടലുകളും സാഹിത്യസൃഷ്ടികളുമാണ് വികസിത രാജ്യത്തെ എഴുത്തുകാരില്‍നിന്നും ലഭിച്ചിട്ടുള്ളത്. അതില്‍ ചെറുകഥയുടെ ഉത്ഭവം അമേരിക്കയിലെങ്കിലും ചെറുകഥ സാഹിത്യത്തിന്റെ പിതാവായി അറിയപ്പെടുന്ന ഫ്രഞ്ച് സാഹിത്യകാരനായ മോപ്പസാങ്ങിനെയെടുക്കാം. ഫ്രാന്‍സിലെ ടോര്‍വില്‍ എന്ന തുറമുഖ നഗരത്തില്‍ അദ്ദേഹം ജനിച്ചു. ചെറുപ്പം മുതലെ ഭരണത്തിലുള്ളവരടക്കം ബൂര്‍ഷ്വ മുതലാളിമാരുടെ വാലാട്ടികളായി കൈകോര്‍ത്തു പിടിച്ചുകൊണ്ടുള്ള ഒരു രാജ്യത്തെയാണ് മോപ്പസാങ് (ഹെന്‍ട്രി റെനി ആല്‍ബര്‍ട്ട് ഗൈ, ജനനം 8 ആഗസ്റ്റ് 1850, മരണം 6 ജൂലൈ 1893) കണ്ടത്. സമ്പത്തുള്ളവര്‍ പാവപ്പെട്ട ജനങ്ങളെ ദരിദ്രരായും അടിമകളായും കണ്ടു. അദ്ദേഹം വളര്‍ന്നുവന്ന സാമൂഹ്യ ചുറ്റുപാടുകളില്‍ നിറഞ്ഞു നിന്നത് വേദനയും നൊമ്പരങ്ങളുമായിരുന്നു. വളരുന്തോറും സ്‌കൂളുകളില്‍ സമ്പന്നരുടെ മക്കളുമായി ഏറ്റുമുട്ടുക, ക്ലാസ്സില്‍നിന്ന് ശിക്ഷകള്‍ ഏറ്റുവാങ്ങുക, അതിന്റെ ഭാഗമായി മാതാപിതാക്കളെ ധിക്കരിക്കുക ഇതെല്ലാം സമൂഹത്തോടുള്ള പ്രതിഷേധങ്ങളായിരുന്നു. ഏകാന്തത, നിരാശ, വിദ്വേഷം ഇതെല്ലാം ആത്മനൊമ്പരങ്ങളായി വളര്‍ന്നു. പഠിക്കുന്ന കാലത്തും സംഗീതവും സാഹിത്യവും ഏറെ സ്വാധീനിച്ചു. പാരീസില്‍ സംഗീതവും നാടകവും കാണാന്‍ പോകുമ്പോഴൊക്കെ തനിക്ക് മുന്നേ നടന്നവരുടെ പുസ്തകങ്ങളും സ്വന്തമാക്കുമായിരുന്നു.

പുതിയതായിറങ്ങുന്ന പുസ്തകങ്ങള്‍ക്ക് വില കൂടുതലായതിനാല്‍ വില കുറഞ്ഞ പഴയ പുസ്തകങ്ങളാണ് കൂടുതലും വാങ്ങി വായിച്ചത്. സ്വന്തം രാജ്യത്തെ യുദ്ധക്കെടുതിയിലേക്ക് വലിച്ചെറിയുന്ന ഭരണാധിപന്മാരോടും വെറുപ്പായിരുന്നു. ജര്‍മ്മനിയും ബ്രിട്ടനുമായുള്ള പല യുദ്ധങ്ങളിലും ഫ്രാന്‍സ് പരാജയപ്പെടുക മാത്രല്ല ജനങ്ങളും കൊല്ലപ്പെട്ടു. യൗവത്തിലെത്തിയതോടെ ഒരു പുതിയ കാലത്തിന്റെ ശബ്ദമായി മാറണമെന്ന് ഫ്രഞ്ച് സംസ്‌കാരത്തിന് ആഘാതമേല്‍പ്പിക്കുന്ന സുഖലോലുപരായ ബൂര്‍ഷ്വകളെ, ഭരണാധിപന്മാരെ ചാട്ടവാറുകൊണ്ടടിക്കണമെന്നും മനഃപൂര്‍വ്വം മനസ്സും മന്ത്രിച്ചു. തലച്ചോറില്‍ കയറിക്കൂടിയത് അക്ഷരങ്ങളായിരുന്നു. രാജ്യം നേരിടുന്ന വിപത്തുകളപ്പറ്റി എഴുതിക്കൊണ്ടിരിക്കെ മനസ്സിന്റെ ഭാവം മാറി തീവ്രാനുഭൂതിയിലേക്ക് വഴുതി വീഴുക മാത്രമല്ല ഉന്നതരെ വെല്ലുവിളിക്കയും ചെയ്തു. എഴുതി കൂട്ടിയതെല്ലാം ആദ്യം കാണിക്കുന്നത് പാരിസിലുണ്ടായിരുന്ന പ്രശസ്ത നോവലിസ്റ്റ് ഗുസ്താവൂ ഫ്‌ലോബേറെയാണ്. അദ്ദേഹം ഗുരുതുല്യനായിരുന്നു. പാരീസ് നഗരത്തിന്റെ ഉന്മാദ സൗന്ദര്യത്തെക്കുറിച്ചെഴുതിയ കഥകള്‍ അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെട്ടു. ഫ്രാന്‍സിലെ ബൂര്‍ഷ്വകള്‍ ഉല്പാദിപ്പിക്കുന്ന ഹിംസാത്മക പ്രവര്‍ത്തങ്ങള്‍ക്കെതിരെയും അതിന് കൂട്ടു നില്‍ക്കുന്ന ഭരണത്തിനെതിരെയും മോപ്പസാങ് തുറന്നെഴുതി. സമൂഹത്തില്‍ വേട്ടയാടപ്പെടുന്ന ഇരകള്‍ക്ക് ഒരാശ്വാസമായി അദ്ദേഹത്തിന്റെ കഥകള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. 1872 മുതല്‍ 1880 വരെ സര്‍ക്കാര്‍ ജോലി ചെയ്യുമ്പോഴും ആകാശംമുട്ടെ എന്ന ഭാവത്തില്‍നിന്നു അഹങ്കാരികളായ ഉന്നത ഉദ്യോഗസ്ഥന്മാരോട് കലഹിച്ച് ജോലി ഉപേക്ഷിച്ചു. അധികാരത്തിന്റെ ഈ സമ്പല്‍സമൃദ്ധിയില്‍ ആനന്ദിച്ചു കഴിഞ്ഞവരെയെല്ലാം മോപ്പസാങ്ങിന്റെ കഥകള്‍ ഒരു വാള്‍പോലെ അരിഞ്ഞു വീഴ്ത്തി. നിത്യ ദുരിതമനുഭവിച്ചുകൊണ്ടിരുന്ന ജനത്തിന്റെ ഉറ്റതോഴനായി മാറി. ആയിരങ്ങള്‍ അണി നിരക്കുന്ന സമരവീരപോരാളികളെപോലെ ഓരോ കഥകളും ജനങ്ങളില്‍ ആവേശമുണര്‍ത്തി. അധികാരസുഖത്തിന്റെ മധുരലഹരിയില്‍ ജീവിച്ചവര്‍ക്ക് ഭാവിയും ഉത്കണ്ഠയുമേറി വന്നു.


കേരളത്തിലാദ്യമായി 1932ല്‍ എം. പി പോളിന്റെ ചെറുകഥാപ്രസ്ഥാനം പുറത്തുവരുന്നതിന് മുന്‍പ് തന്നെ അദ്ദേഹത്തിന്റെ വാക്കുകള്‍ ഒരു സിംഹഗര്‍ജ്ജനമായി കേരളത്തിലെങ്ങും അലയടിച്ചതുപോലെയാണ് മോപ്പസാങ്ങിന്റെ അക്ഷരങ്ങള്‍ സിംഹഗര്‍ജനമായി ഫ്രാന്‍സിലെങ്ങും അലയടിച്ചത്. സമൂഹത്തിലെ ദുഷ്ടശക്തികള്‍ക്കെതിരെ ഒരെഴുത്തുകാരന്റെ സാഹിത്യസംസ്‌കാരം എന്തായിരിക്കണമെന്ന് കാണിച്ചുകൊടുക്കുക മാത്രമല്ല ആ കഥകളിലൂടെ ഒരു കഥയുടെ ആശയലോകം എങ്ങനെ ആവിഷ്‌കരിക്കണമെന്നുകൂടി അടയാളപ്പെടുത്തുന്നതായിരുന്നു. ജീവിത ദര്‍ശനമോ, അനുഭവ വിജ്ഞാനമോ ഇല്ലാത്തവര്‍ക്ക് സാഹിത്യകാരനോ കവിയോ ആകാന്‍ സാധ്യമല്ലെന്നും അങ്ങനെയുള്ളവര്‍ ആശയ ദാരിദ്ര്യമനുഭവിക്കുന്നവരെന്നും അദ്ദേഹത്തിന്റെ എഴുത്തുകളില്‍ നിന്ന് പഠിക്കാന്‍ സാധിക്കും. 1880 ലാണ് അദ്ദേഹത്തിന്റെ ആദ്യകഥ (ബാള്‍ ഓഫ് ഫാറ്റ്) പുറത്തു വരുന്നത്. ആദ്യത്തെ കഥ തന്നെ 1939-ല്‍ അമേരിക്കയിലെ സിനിമ സംവിധായകന്‍ ജോണ്‍ ഫോര്‍ഡ് ‘സ്റ്റേജ് കോച്ച്’ എന്ന പേരില്‍ സിനിമയാക്കി. സമൂഹത്തിലെ അധികാരികള്‍ക്കും സമ്പന്നര്‍ക്കും മുകളില്‍ മോപ്പസാങ് ഒരു കഴുകനെപ്പോലെ പറന്നു. അധികാരികള്‍ വെച്ചുനീട്ടിയ ആനുകൂല്യങ്ങളിലൊന്നും അദ്ദേഹം വീണില്ല. അവരുടെ ഉറ്റ തോഴനായി കഴിഞ്ഞിരുന്നെങ്കില്‍ ധാരാളം ബഹുമതികള്‍ ലഭിക്കുമായിരുന്നു. അധികാരത്തിലുള്ളവരുടെ വീട്ടുവേലക്കാരനല്ല സര്‍ഗ്ഗധനരായ സാഹിത്യകാരന്മാര്‍ എന്നദ്ദേഹം തെളിയിച്ചു. ആ സാഹിത്യ സംസ്‌കാരം അദ്ദേഹം പഠിച്ചത് മണ്‍മറഞ്ഞ മഹാന്മാരായ ബ്രിട്ടന്‍, ഗ്രീസ്, ഇറ്റലി, റഷ്യ, അമേരിക്ക, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലെ എഴുത്തുകാരില്‍ നിന്നാണ്. അക്ഷരം മൂലധനമായി ലഭിച്ചവന് അതിനെക്കാള്‍ വലിയ ധനം എന്താണെന്നാണ് അദ്ദേഹം ഒരിക്കല്‍ ലണ്ടനില്‍ വന്നു പോയപ്പോള്‍ പത്രക്കാരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്. അദ്ദേഹത്തിന്റെ കഥകളിലും നോവലുകളിലും നിറഞ്ഞു നിന്നത് പാവങ്ങളുടെ ദിനരോധനങ്ങളും നീതി നിഷേധങ്ങളുമാണ്. അധികാരത്തിലുള്ളവര്‍ യാതൊരു അദ്ധ്വാനവുമില്ലാതെ സമ്പന്നരുടെ തിന്മകള്‍ക്ക് കൂട്ടുനിന്ന് നീതി നിഷേധങ്ങള്‍ നടത്തി സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നത് കണ്ടിരിക്കാന്‍ മോപ്പസാങിന്റെ സാഹിത്യ സംസ്‌കാരം അനുവദിച്ചില്ല. സാഹിത്യ ലോകത്ത് ഒരു വിപ്ലവ സോഷ്യലിസ്റ്റായും അദ്ദേഹത്തെ കാണുന്നവരുണ്ട്.


മലയാള സാഹിത്യത്തിലും ചുഷക വര്‍ഗ്ഗത്തിന്റെ ജീര്‍ണ്ണതയെ തുറന്നു കാട്ടിയ ഹൃദയവിശാലതയുള്ള ധാരാളം എഴുത്തുകാരുണ്ടായിരുന്നു. കേസരി ബാലകൃഷ്ണപിള്ള, എം.പി. പോള്‍, ആശാന്‍, വള്ളത്തോള്‍, ചങ്ങമ്പുഴ, മുണ്ടശ്ശേരി, തകഴി, പൊന്‍കുന്നം വര്‍ക്കി, തോപ്പില്‍ ഭാസി, വയലാര്‍, ചെറുകാട്, പുരുഷ ചൂഷക വര്‍ഗ്ഗത്തിനെതിരെ ആഞ്ഞടിച്ച ലളിതാംബിക അന്തര്‍ജനം, കെ. സരസ്വതിയമ്മ. ഇന്നത്തെ കാവ്യ സംസ്‌കാരം പലതുമായി കെട്ടുപിണഞ്ഞു കിടക്കുന്നു. എഴുത്തുകാരന്റെ ശക്തിയും തേജസ്സും തിളക്കവും സാമൂഹ്യ അനാചാരങ്ങള്‍ക്കെതിരെയോ, അരാജകത്വത്തിനെതിരെയോ, കടന്നുവരാതെ താളത്തിനൊത്ത് ഈണം പോലെ ചില പ്രസ്ഥാനങ്ങളുടെ സേവകരായി മാറുന്നു. മറ്റൊന്നുള്ളത് ഈ കൂട്ടകരുടെ സര്‍ഗ്ഗസാമര്‍ത്ഥ്യങ്ങള്‍ സാഹിത്യസൃഷ്ടിയിലൂടെ പ്രകടമാകുന്നില്ല. ഒരാവാര്‍ഡില്‍ എല്ലാം തികഞ്ഞവരായി മാറുന്നു. ഈ കൂട്ടര്‍ക്ക് കൃത്രിമ സൗന്ദര്യം നല്കിക്കൊണ്ട് ചാനലുകളും മാധ്യമങ്ങളും അവരെ പ്രബലരാക്കുന്നു. ഇത് ‘കമ്പോള സാഹിത്യസംസ്‌കാരത്തിന്റെ ദയനീയ മുഖമാണ് വെളിപ്പെടുത്തുന്നത്. അതിനൊപ്പം ഞെട്ടിപ്പിക്കുന്ന ഒന്നാണ് എഴുത്തുകാരെ പത്രക്കാരെ കൊല്ലുക. ഈ ഫാസിസ്റ്റ് ഫ്യൂഡല്‍ ശക്തികളെ വളര്‍ത്തുന്നതില്‍ അധികാരികള്‍ക്കും അവരുടെ അപ്പ കഷണം തിന്ന് കൊഴുത്തു തടിക്കുന്ന സങ്കുചിത മനസ്സുള്ള എഴുത്തുകാരനും പങ്കുണ്ട്. കൂടുതലും ജന്മസിദ്ധമായ സര്‍ഗ്ഗപ്രതിഭയുള്ളവരാണ് എഴുത്തുകാരാകുന്നത്. സത്യത്തില്‍ അവരാണ് ഒരു ഭാഷയുടെ പ്രതിനിധികളാകേണ്ടത്. അവരുടെ സൃഷ്ടികള്‍ അനുഭൂതിയുടെ അറിവിന്റെ അഗാധ തലങ്ങളിലാകും മനുഷ്യനെ നയിക്കുന്നു. ഈ അറിവിന്റെ ആദ്യപാഠം പഠിച്ചവരാണ് വികസിത രാജ്യങ്ങളിലെ ജനങ്ങള്‍. എത്രയോ നൂറ്റാണ്ടുകളായി അധികാര – ആള്‍ദൈവവിശ്വാസങ്ങള്‍ക്കെതിരെ അവര്‍ എഴുതുന്നു. അവരെ കൊലചെയ്യുന്നതായി അറിയുന്നില്ല. ദരിദ്രരാജ്യങ്ങളില്‍ അറിവിനായി അധികാരികള്‍ ഒന്നും ചെയ്യുന്നില്ല. അതിനാല്‍ അരാജകത്വവും അനീതിയും വളരുന്നു. അത് തുറന്നു കാണിക്കുന്ന എഴുത്തുകാര്‍ ഈ ഫാസിസ്റ്റ് ഭരണങ്ങളിലുള്ളവര്‍ക്ക് ഉപദ്രവകാരികളായി മാറുന്നു. അധികാരികള്‍ക്കൊപ്പം നില്‍ക്കുന്ന എഴുത്തുകാരന് ഒരു പോറലുമുണ്ടാകുന്നില്ല. സാഹിത്യ സംസ്‌കാരം മേലാളന്മാരുടെ സേവനത്തിനുള്ളതല്ലെന്ന് വിപ്ലവകാരിയായ സാഹിത്യകാരനറിയാം. അവര്‍ എന്നും ഇരക്കൊപ്പമാണഅ വേട്ടക്കാരനൊപ്പമല്ല. ഒരെഴുത്തുകാരന്റെ മരണം ഒരു ഭാഷയുടെ മരണമാണ്. ഒരു സംസ്‌കാരത്തിന്റെ മരണമാണ്. ഒരു മന്ത്രി മരിച്ചാല്‍ പകരത്തിന് മന്ത്രിയുണ്ടാകും. ഒരെഴുത്തുകാരന്‍ മരിച്ചാല്‍ പകരം വെക്കാനാകില്ല. ഒരു പ്രതിഭയ്ക്ക് ഒരിക്കലും മരണമില്ല. ആ സാഹിത്യ സംസ്‌കാരമാണ് ഈ വികസിത രാജ്യങ്ങളില്‍ ജീവിച്ചിട്ടുള്ള എനിക്ക് കാണാന്‍ കഴിഞ്ഞത്. അനീതിയുടെ ചൂഷണത്തിന്റെ നരകക്കുഴിയില്‍നിന്ന് മനുഷ്യനെ സംരക്ഷിക്കുന്ന എഴുത്തുകാരന്‍ എന്നുമെന്നും ജനങ്ങളുടെ നാവാണ്. അതുകൊണ്ടാണ് മോപ്പസാങ്ങിനെപ്പോലുള്ള മഹാന്മാര്‍ ജനഹൃദയങ്ങളില്‍ നൂറ്റാണ്ടുകളായി ജീവിക്കുന്നത്. ആ വൈവിധ്യമാര്‍ന്ന ഏകത്വ സാഹിത്യ സംസ്‌കാരമാണ് ഇന്നാവശ്യം. അല്ലാതെ ഇന്‍ഡ്യയുടെ ദാരിദ്ര്യം പോലെ ഒരു ദരിദ്ര സംസ്‌കാരമല്ല സാഹിത്യത്തിനാവശ്യം.

സ്വന്തം ലേഖകന്‍

ലണ്ടന്‍ : ദി കിംഗ്‌ സിനിമയില്‍ മമ്മൂട്ടി പരിഹസിക്കുന്നതുപോലെ രാഷ്ട്രീയക്കാര്‍ക്ക് വേണ്ടി ഒളിക്യാമറകള്‍ വെച്ച് വാര്‍ത്തകള്‍ ഉണ്ടാക്കി ലക്ഷങ്ങള്‍ സമ്പാദിക്കുന്ന ” വരിയുടയ്ക്കപ്പെട്ട  മാധ്യമപ്രവര്‍ത്തകരില്‍ ” നിന്ന് വ്യത്യസ്തനായി, പത്രസ്വാതന്ത്ര്യം എന്ന പദവിയെ അങ്ങേയറ്റം പൌരബോധത്തോട് ഉള്‍ക്കൊണ്ടുകൊണ്ട് ഇന്ന് കേരളത്തെ പിടിച്ചു കുലുക്കിയിരിക്കുന്ന തോമസ്‌ ചാണ്ടി എന്ന എം എല്‍ എ നടത്തിയ കായല്‍ കൊള്ള അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിലൂടെ പുറത്ത് കൊണ്ടുവന്ന പ്രസാദ് ടി വി എന്ന ഏഷ്യാനെറ്റ് ചാനലിന്റെ ചീഫ്‌ റിപ്പോര്‍ട്ടര്‍ കേരളത്തിലെയും അതോടൊപ്പം തന്നെ ഇന്ത്യയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇടയിലും താരമാകുന്നു.

പ്രസാദ് ടി വി എന്ന ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ പുറത്ത് കൊണ്ടുവന്ന അഴിമതി വാര്‍ത്ത ഒരു സാധാരണ രാഷ്ട്രീയക്കാരന്റെ അഴിമതി അല്ല, മറിച്ച് കേരളത്തിലെ എം എല്‍ എ മാരെയെല്ലാം വിലയ്ക്കെടുക്കാന്‍ കഴിവുള്ള ഒരു ബിസിനസ്സുകാരന്റെ അഴിമതി എന്നതാണ് പ്രസാദ് ടി വിയെ ഇത്രയധികം ജനപ്രിയനാക്കിയത്. ഈ അടുത്തകാലത്ത് ഏഷ്യാനെറ്റ് എന്ന ചാനലിന് ഇത്രയധികം റേറ്റിംഗ് ഉണ്ടാക്കി കൊടുത്ത ഒരു വാര്‍ത്തയാണ് ഈ അഴിമതി വാര്‍ത്ത എന്ന് ഉറപ്പിച്ചു പറയാം.

കഴിഞ്ഞ ഒന്നര മാസമായി പതിവ് അഴിമതിവിരുദ്ധ പുണ്യാളന്മാരായി ഇടതുപക്ഷവും, വലതുപക്ഷവും, ബി ജെ പിയും വെറും അധരവ്യായാമങ്ങള്‍ നടത്തിയപ്പോഴും, കലക്ടറുടെ അന്വേഷണം എന്ന കടമ്പയിലൂടെ തോമസ്‌ ചാണ്ടിയെ രക്ഷപെടുത്താന്‍ ശ്രമിച്ചപ്പോഴും ഇവരെ ശരിക്കും മുട്ട് കുത്തിച്ചത് പ്രസാദ് ടി വി എന്ന ധീരനായ മാധ്യമപ്രവര്‍ത്തകന്‍ ദിനംപ്രതി പുറത്ത് കൊണ്ടുവന്ന റിപ്പോര്‍ട്ടുകളാണ്. തോമസ് ചാണ്ടി നിയമലംഘനങ്ങളുടെ ഘോഷയാത്ര തന്നെ നടത്തിയെന്ന് സ്ഥിരീകരിച്ചിരിക്കുന്നവയായിരുന്നു ഓരോ റിപ്പോര്‍ട്ടുകളും. ഏകദേശം 25 ഇൻവസ്റ്റിഗേഷൻ സ്റ്റോറികളാണ് പ്രസാദ് ടി വി ഈ കഴിഞ്ഞ മാസങ്ങളില്‍ ഏഷ്യാനെറ്റിനായി തയ്യാറാക്കിയത്. ഈ ഓരോ റിപ്പോര്‍ട്ടുകളും തോമസ്‌ ചാണ്ടിയെ കുരുക്കുകളില്‍ നിന്ന് കൂടുതല്‍ കുരുക്കുകളിലേയ്ക്ക് എത്തിക്കുന്നവയായിരുന്നു

പ്രസാദ് കണ്ടെത്തിയതിലും കൂടുതൽ നിയമലംഘനങ്ങൾ ആലപ്പുഴ കലക്ടറായ ടി വി അനുപമയും സംഘവും കണ്ടെത്തുകയും ചെയ്തപ്പോള്‍ പ്രസാദ് എന്ന മാധ്യമപ്രവര്‍ത്തകനും അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ക്കും കൂടുതല്‍ ജനപിന്തുണയും സ്വീകാര്യതയും ഉണ്ടായി. കേരളത്തിലെ പ്രമുഖനായ ബിസിനസ്സുകാരന്‍ മന്ത്രിക്കെതിരെ സത്യസന്ധമായ തെളിവുകളോടെ റിപ്പോർട്ട് കൊടുക്കാനുള്ള തന്റേടമാണ് പ്രസാദിനെ മറ്റ് മാധ്യമപ്രവര്‍ത്തകരില്‍ നിന്നും വ്യത്യസ്തനാക്കിയത്. ഒരു സെന്റ്‌ ഭൂമി കയ്യേറിയിട്ടുണ്ടെങ്കില്‍ താന്‍ എം എല്‍ എ സ്ഥാനം വരെ രാജിവയ്ക്കുമെന്ന് വീരവാദം മുഴക്കിയ മന്ത്രി തോമസ് ചാണ്ടിക്ക് പ്രസാദ് പുറത്ത് കൊണ്ടുവന്ന തെളിവുകളുടെ മുന്‍പില്‍ പിടിച്ചു നില്‍ക്കാന്‍ പറ്റാതെ വരുകയും അവസാനം താന്‍ കായല്‍ നികത്തിയതായി പരസ്യമായി സമ്മതിക്കണ്ടിയും വന്നു.

ഇവിടെയാണ് ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ പ്രസാദ് ടി വി വിജയിച്ചത്. അതോടൊപ്പം തന്റെ ജീവനുവരെ ഭീഷണിയാകുന്ന രീതിയില്‍ ആക്രമണങ്ങള്‍ ഉണ്ടായപ്പോഴും താന്‍ കണ്ടെത്തിയ സത്യങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട് പൊതുസമൂഹത്തിന്റെ മനസാക്ഷിക്കൊപ്പം ധീരമായി പോരാടുകയും ചെയ്തു. സത്യത്തില്‍ പ്രസാദ് ഈ അഴിമതി വാര്‍ത്ത പണം വാങ്ങിയോ, ഭീഷണിയുടെ മുന്‍പിലോ അവസാനിപ്പിച്ചിരുന്നു എങ്കില്‍ തോമസ്‌ ചാണ്ടി എന്ന കായല്‍ രാജാവിന്റെ കായല്‍ കയ്യേറ്റം എന്നേ ഒരു സാധാരണ വാര്‍ത്ത മാത്രമായി അവസാനിച്ചേനെ.

അതിനുള്ള ഏറ്റവും വലിയ തെളിവുകളാണ് തോമസ് ചാണ്ടി കായല്‍ കയ്യേറി എന്ന് തെളിവുകള്‍ അടക്കം കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടും ഈ ബിസ്സിനസ്സുകാരനെതിരെ നടപടിയെടുക്കാന്‍ ഭയക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും, കലക്ടറുടെ റിപ്പോര്‍ട്ടും ആരോപണങ്ങളും മുഴുവനും വിശ്വസിക്കണോ എന്ന് ചോദിക്കുന്ന സി പി എം ന്റെ സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും , ജനത്തിനെ ബോധിപ്പിക്കാന്‍ വേണ്ടി മാത്രം പ്രതികരണവും, പ്രതിഷേധവും നടത്തുന്ന ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കോണ്‍ഗ്രസ്സും, അഴിമതിയില്‍ മുങ്ങി കുളിച്ചു നില്‍ക്കുന്ന ബി ജെ പിക്കാരുടെ അഴിമതി വിരുദ്ധ പോരാട്ടവും ഒക്കെ. ഇവരെല്ലാം തോമസ്‌ ചാണ്ടിയുടെ അച്ചാരം വാങ്ങുന്ന വെറും നാലാംകിട രാഷ്ട്രീയ സഹകരണ സംഘങ്ങള്‍ ആണെന്ന് അവര്‍ തന്നെ തെളിയിച്ചിരിക്കുന്നു.

ഇവരെ ഒക്കെ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിലൂടെ തെളിവുകള്‍ക്ക് മുന്‍പില്‍ അടിയറവ്  പറയിച്ച്, തോമസ് ചാണ്ടി കായല്‍ കയ്യേറിയ കള്ളനാണ് എന്ന് പറയിപ്പിക്കാന്‍ കാരണക്കാരനായ പ്രസാദ് ടി വി എന്ന മാധ്യമപ്രവര്‍ത്തകനെയും, ഏഷ്യാനെറ്റ് എന്ന ചാനലിനെയും എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഇതുപോലെ ധീരതയും , സാമൂഹ്യ പ്രതിബദ്ധതയും ഉള്ള മാധ്യമപ്രവര്‍ത്തകരുടെ കുറവാണ് ഇന്ന് ഇന്ത്യ മഹാരാജ്യം അഭിമുഖീകരിക്കുന്ന വലിയൊരു പോരായ്മയും. അതുകൊണ്ട് തന്നെ വിറ്റഴിക്കപ്പെട്ട ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് വ്യത്യസ്തരായി സാധാരണക്കാരന്റെ ശബ്ദവും,  ആശ്രയവും , പ്രതീക്ഷയുമായ ഇതുപോലെയുള്ള മാധ്യമപ്രവര്‍ത്തകരെ സംരക്ഷിക്കേണ്ടതും, അഭിനന്ദിക്കേണ്ടതും , പ്രോല്‍സാഹിപ്പിക്കേണ്ടതും നമ്മുടെ ഓരോരുത്തരുടെയും കടമയാണെന്ന് ഇനിയെങ്കിലും തിരിച്ചറിയുക. ഇതുപോലെയുള്ള ആയിരക്കണക്കിന് പ്രസാദുമാര്‍ ഇനിയും ഇന്ത്യന്‍ മണ്ണില്‍ ജനിക്കട്ടെ…

പ്രിയ പ്രസാദ് ടി വി….

താങ്കള്‍ നടത്തുന്ന അഴിമതിവിരുദ്ധ പോരാട്ടത്തിനും , സാധാരണക്കാരന് വേണ്ടിയുള്ള ധീരമായ മാധ്യമപ്രവര്‍ത്തനത്തിനും മലയാളം യുകെ.കോം ഓണ്‍ലൈന്‍ പത്രത്തിന്റെ അണിയറ പ്രവര്‍ത്തകരായ ഞങ്ങള്‍ ഓരോരുത്തരും പിന്തുണയും അഭിനന്ദനങ്ങളും അറിയിക്കുന്നു….

 

 

 

ബിജു ആന്റണി, കേംബ്രിഡ്ജ്

ഏകദേശം 21 വര്‍ഷങ്ങള്‍ക്ക് മുമ്പ് മെനിഞ്ചൈറ്റിസ് രോഗത്തില്‍ നിന്നും മാസങ്ങള്‍ നീണ്ട ആശുപത്രി വാസത്തിനുശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്ന ഫ്‌ളോറന്‍സ് എന്ന വീട്ടമ്മ, വീണ്ടും ജിവിതത്തിലും മരണത്തിനുമിടയിലുള്ള നൂല്‍പ്പാലത്തില്‍ എത്തപ്പെട്ടിരിക്കുന്നു

നിരന്തരമായ ചികിത്സകള്‍ക്കൊടുവില്‍ തങ്ങള്‍ക്കൊരു കുട്ടിയെ ലഭിക്കില്ലെന്നറിഞ്ഞ ഫ്‌ളോറന്‍സും ഭര്‍ത്താവും ജീവിതത്തില്‍ സന്തോഷം കണ്ടെത്തുന്നതിനായി ഒരു പെണ്‍കുട്ടിയെ ദത്തെടുത്തു. പതിയെപ്പതിയെ സന്തോഷത്തോടെ പൊയ്‌ക്കൊണ്ടിരുന്ന അവരുടെ ജീവിതത്തിലേക്ക് ക്യാന്‍സറിന്റെ രൂപത്തില്‍ (Aplastic Anemia) വിധിയുടെ ക്രൂരത വീണ്ടും അശനിപാതംപോലെ കൊഞ്ഞനം കുത്തുന്നു

ഒരു മാസം ഏകദേശം Rs 80,000/- മരുന്നുകള്‍ക്കുവേണ്ടി മാത്രം ചെലവഴിക്കുന്ന അവര്‍, അവരുടെ സമ്പത്തിന്റെ ഓരോ ഭാഗം വിറ്റുകിട്ടുന്ന രൂപ കൊണ്ടാണ് പണം കണ്ടെത്തുന്നത്

ഏകദേശം 18-20 ലക്ഷം രൂപയാണ് (Bone Marrow Transplant) ചികിത്സയ്ക്കായി ആവശ്യമുള്ള പണം അതുകണ്ടെത്തുന്നതിനായി ഇനിയും നന്മ വറ്റിയിട്ടില്ലാത്ത, നിങ്ങള്‍ സഹായിക്കില്ലേ തക്കസമയത്ത് ചികിത്സ ലഭിക്കുകയാണെങ്കില്‍ ഫ്‌ളോറന്‍സിനു വീണ്ടും ജീവിതത്തിലേക്കു തിരിച്ചുവരുവാന്‍ കഴിയും അതിനായി നമുക്കും ഒരു ”കൈത്തിരി” ആകുവാന്‍ ശ്രമിക്കാം

കിരണ്‍ ജോസഫ് 

യുകെയിലെ ബാഡ്മിന്ടന്‍ പ്രേമികള്‍ക്ക് മാറ്റുരയ്ക്കാന്‍ ലെസ്റ്ററില്‍ വേദിയൊരുങ്ങുന്നു. ലെസ്റ്റര്‍ ബാഡ്മിന്ടന്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഓള്‍ യുകെ തലത്തിലുള്ള മികച്ച ടൂര്‍ണ്ണമെന്‍റ്  നവംബര്‍ മാസം 18നു ശനിയാഴ്ച നടക്കും. ഇതിനായുള്ള  ഒരുക്കങ്ങള്‍ എല്ലാം ഇതിനകം തന്നെ പൂര്‍ത്തിയായി കഴിഞ്ഞു.

മൂന്നു കാറ്റഗറികളിലായി അന്‍പത്തി രണ്ട് ടീമുകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാവുന്ന രീതിയിലാണ് സംഘാടകര്‍ മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇന്റര്‍മീഡിയറ്റ് മെന്‍സ് ഡബിള്‍‍സില്‍ (20 വയസ്സിനും 45 വയസ്സിനും ഇടയില്‍) 32 ടീമുകള്‍ക്കും, നാല്പത്തിയഞ്ച് വയസ്സിനു മുകളില്‍ പ്രായമുള്ളവരുടെ ഡബിള്‍‍സില്‍ 10 ടീമുകള്‍ക്കും, ഇരുപത് വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള സിംഗിള്‍സ് മത്സരത്തില്‍ 10 പേര്‍ക്കും മത്സരിക്കാന്‍ അവസരമുണ്ടായിരിക്കും. ക്യാഷ് അവാര്‍ഡുകളും ട്രോഫിയും ഉള്‍പ്പെടെ നല്‍കപ്പെടുന്ന ടൂര്‍ണ്ണമെന്റില്‍ ടീമുകള്‍ക്ക് യഥാക്രമം 30 പൗണ്ട്, 20 പൗണ്ട്, 10 പൗണ്ട്  എന്നിങ്ങനെ രജിസ്ട്രേഷന്‍ ഫീസ്‌ ഉണ്ടായിരിക്കും.

യുകെയുടെ ഏകദേശം മദ്ധ്യ ഭാഗത്ത് സ്ഥിതി ചെയ്യുന്ന നഗരം എന്ന നിലയില്‍ എല്ലാ ഭാഗത്ത് നിന്നും കളിക്കാര്‍ക്കും കാണികള്‍ക്കും വളരെ എളുപ്പം എത്തിച്ചേരാവുന്ന സ്ഥലമാണ്‌ ലെസ്റ്റര്‍. അത് കൊണ്ട് തന്നെ ധാരാളം മികച്ച ടീമുകള്‍ ഈ ടൂര്‍ണ്ണമെന്റില്‍  പങ്കെടുക്കുമെന്നത് ഉറപ്പാണ്‌. മികച്ച ഒരു ടൂര്‍ണ്ണമെന്‍റ്  കളിക്കാന്‍ ആഗ്രഹിക്കുന്നവര്‍  അതിനാല്‍ നേരത്തെ  തന്നെ സംഘാടകരുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യുന്നത് നന്നായിരിക്കും. ടൂര്‍ണ്ണമെന്‍റ്  സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും രജിസ്റ്റര്‍      ചെയ്യുന്നതിനും താഴെയുള്ള നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

ജോര്‍ജ്ജ് : 07737654418

കിരണ്‍ : 07912626438

വിജി : 07960486712

മെബിന്‍ : 07508188289

മത്സരങ്ങള്‍ നടക്കുന്ന വേദിയുടെ അഡ്രസ്സ് :

Beauchamp College,
Ridge Way, Oadby,
Leicester LE2 5TP 

 

മണമ്പൂര്‍ സുരേഷ്

കേന്ദ്ര, കേരള സാഹിത്യ അവാര്‍ഡുകളും വയലാര്‍ അവാര്‍ഡും, ആശാന്‍ പ്രൈസും നേടിയ പ്രഗത്ഭകവി പ്രഭാ വര്‍മ്മ ബ്രിട്ടനിലെ പ്രമുഖ കലാ സാഹിത്യ സാംസ്‌കാരിക സംഘടനയായ കലയുടെ വാര്‍ഷികത്തില്‍ മുഖ്യാതിഥി ആയിരിക്കും. പത്രാധിപരും, ടിവി ന്യൂസ് എഡിറ്ററും അവതാരകനും ആയ പ്രഭാവര്‍മ്മ 9 കവിതാ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധ കഥകളി നടന്‍ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരിക്ക് ഒക്ടോബര്‍ 28 ശനിയാഴ്ച 2.30 മുതല്‍ 10.30 വരെ Berkhamsted School, Centenary theatre, Kings Road, Berkhamsted, HP4 3BGയില്‍ നടക്കുന്ന കല വാര്‍ഷികത്തില്‍ വച്ച്, ഈ വര്‍ഷത്തെ കല പുരസ്‌കാരം സമ്മാനിക്കും. കഥകളിയിലെ ജരാസന്ധന്‍, ബാലി, സുഗ്രീവന്‍, ദുശാസ്സനന്‍ തുടങ്ങിയ ചുവന്ന താടി വേഷങ്ങളില്‍ തിളങ്ങി നില്‍ക്കുന്ന നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി ”നരകാസുര വധം” കഥകളിയുടെ പ്രധാന ഭാഗങ്ങളും അവതരിപ്പിക്കും.

പ്രഭാ വര്‍മ്മയുടെ കവിതകളുടെ ദൃശ്യാവിഷ്‌കാരം, പ്രഭാ വര്‍മ്മയുമായുള്ള മുഖാമുഖം, ഒഎന്‍വി കവിതയുടെ നൃത്താവിഷ്‌കാരം, ഗാനമേള തുടങ്ങിയ കലാ പരിപാടികളും ഡിന്നറും കല വാര്‍ഷികത്തില്‍ ഉണ്ടായിരിക്കും. പ്രവേശനം പാസ് മൂലം നിയന്ത്രിക്കും.

വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

ഡോ. ബാബുരാജ് 07766 207992, രേണുക നായര്‍ 07816 959424

കലാ സാംസ്കാരിക പ്രവര്‍ത്തകര്‍ക്കെതിരെ  അക്രമങ്ങളുണ്ടാായാല്‍ ആദ്യം പ്രതികരിക്കുന്ന കലാകാരന്മാരിലൊരാളാണ് അലന്‍സിയര്‍. സംവിധായകന്‍ കമല്‍ പാക്കിസ്ഥാനില്‍ പോകണമെന്ന് ആര്‍എസ്എസ്സുകാര്‍ പറഞ്ഞപ്പോള്‍  പ്രതികരണവുമായെത്തിയ ഈ നടന്‍ ഇത്തവണയും പതിവ് കൈവിട്ടില്ല. സിപിഎമ്മുകാരുടെ കണ്ണു കുത്തിപ്പൊട്ടിക്കുമെന്ന ബിജെപി നേതാവ് സരോജ് പാണ്ഡെയുടെ പ്രസ്താവനയ്ക്കു പ്രതിഷേധവുമായാണ് അദേഹം കണ്ണ് കെട്ടി ചവറയിലെ പോലീസ് സ്‌റ്റേഷനിലെത്തിയത്.

കണ്ണ് രണ്ടും കറുത്ത തുണി കൊണ്ട് കെട്ടിയായിരുന്നു അലന്‍സിര്‍ എത്തിയത്. എന്നാല്‍ പോലീസ് സ്‌റ്റേഷനിലെത്തിയ അലന്‍സിയറോട് താങ്കള്‍ക്ക് വേറെ പണിയൊന്നുമില്ലേയെന്ന് പോലീസുകാര്‍ ചോദിച്ചതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അലന്‍സിയര്‍ പ്രതികരണം നടത്തിയിട്ടില്ല. പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരെ മന്ത്രി എം.എം മണി നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെയും അലന്‍സിയര്‍ ഒറ്റയാന്‍ പ്രതിഷേധം നടത്തിയിരുന്നു. മന്ത്രിയുടെ വിവാദ പ്രസ്താവനയ്‌ക്കെതിരെ അലന്‍സിയര്‍ പ്രതിഷേധ നാടകം അവതരിപ്പിച്ചു. കളക്ടീവ് ഫേസിന്റെ ബാനറില്‍ ബി. അജിത് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചായിരുന്നു അലന്‍സിയറിന്റെ പ്രതിഷേധം.

അതസേമയം നവമാധ്യമങ്ങളിലാകെ ബിജെപി നേതാവിന്റെ പ്രസ്താവനക്കെതിരെ സിപിഎം അണികള്‍ രൂക്ഷമായ പ്രതികരണമാണ് ഉയര്‍ത്തുന്നത്. ‘ഗൗജ് ഗാ’ എന്ന ഹാഷ് ടാഗുമായിട്ടാണ് പ്രചരണം.

മീ ടൂ ക്യാമ്പയിന്‍ കൂടുതല്‍ കൂടുതല്‍ തുറന്നു പറച്ചിലുമായി മുമ്പോട്ടു പോയിക്കോണ്ടിരിക്കുകയാണ്. പീഡനത്തിന് ഇരയായവരുടെ മാത്രമല്ല അതിജീവിച്ചവരുടെയും തുറന്നു പറച്ചിലുകള്‍ മീ ടു ക്യാമ്പയിനെ കൂടുതല്‍ ശക്തമാകുകയാണ്. അരുണിമ ജയലക്ഷ്മി എന്ന് പെണ്‍കുട്ടിയുടെ തുറന്നു പറച്ചിലാണ് ഇത്. തനിക്കു നേരിട്ട് അതിക്രമത്തെക്കുറിച്ചും അതിനെ ധീരമായി അതീജീവിച്ചതിനെക്കുറിച്ചുമാണ് ഈ പെണ്‍കുട്ടി പറയുന്നത്. എന്നു മാത്രം എഴുതിയിട്ടിട്ടു പോകാന്‍ മനസ്സ് സമ്മതിക്കുന്നില്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ നേരിട്ട, പിന്നീടങ്ങോട്ടുള്ള എന്റെ ജീവിതത്തിന്റെ തന്നെ താളം തെറ്റിച്ച ദുരനുഭവത്തിന്റെ ഓര്‍മ്മയാണിത്. ഭയമായും വിഷാദമായും സങ്കടമായും ഇടക്കിടെയെത്തി എന്നെ ഇപ്പോഴും ഭ്രാന്തു പിടിപ്പിക്കുന്ന ദിവസങ്ങളുണ്ട് പിറകില്‍.. സംഭവിച്ചതെല്ലാം അതിന്റെ തീവ്രതയില്‍ തുറന്നു പറയാന്‍ കഴിയാതെ ഒരു പുഴുത്ത വ്രണം പോലെ മനസ്സിലിട്ടു നീറ്റി നടന്ന ഒരു പെണ്‍കുട്ടിയുണ്ട് പിറകില്‍ ..

ധീരമായ അതിജീവനത്തിന്റെ ഞെട്ടിക്കുന്ന ആ വെളിപ്പെടുത്തലുകൾ……

uploads/news/2017/10/156603/meetoo.gif

എന്റെ ഒമ്പതാം ക്ലാസ്സ് കാലം. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസ്സില്‍ ഇന്നുള്ളതിനേക്കാള്‍ കട്ടികൂടിയ കാടുണ്ടായിരു അന്ന് .. സ്‌കൂള്‍ ഗ്രൗണ്ടിനെ ചുറ്റിയുള്ള കാട്ടിലൂടെ സ്‌കൂളിലേക്ക് ചെറിയ വെട്ടുവഴികളുണ്ട്. വീട്ടില്‍ നിന്നും വൈകിയിറങ്ങിയ ഒരുദിവസം ആ വഴികളിലൊന്നിലൂടെ ഓടിയിറങ്ങുന്ന എന്നെ ഒരാള്‍ തടഞ്ഞു നിര്‍ത്തുന്നു.. വായ് പൊത്തിപ്പിടിച്ചു കുറ്റിക്കാട്ടിലേക്ക് വലിച്ചിഴക്കുന്നു .. എനിക്ക് ആര്‍ത്തവം ആരംഭിച്ച കാലമായിരുന്നു അത് . ശരീരത്തെ കുറിച്ചും അത് നേരിട്ടേക്കാവുന്ന അതിക്രമങ്ങളെ കുറിച്ചും വലിയ ധാരണയില്ലാത്ത പെണ്‍കുട്ടി, ഒരാള്‍ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നു എന്ന ബോധത്തില്‍ നിന്നുകൊണ്ട് അവള്‍ക്കാവുംപോലെ ചെറുത്തു.. ഉരുണ്ടു മറിഞ്ഞു നിലത്തു വീണുപോയ എനിക്ക് മുമ്പില്‍ അയാളുടെ ഉദ്ധരിച്ച ലിംഗം കണ്ടു . പ്രണയിക്കുന്ന പുരുഷന്റെയല്ലാതുള്ള ഒരു ലിംഗം എത്രത്തോളം വലിയ വൃത്തികേടാണെന്നു ഇപ്പോഴെനിക്കറിയാം.

അന്ന് ജീവിതത്തിലാദ്യമായി ഒരു പുരുഷ ലിംഗം കണ്ട്, അതിന്റെ സ്പര്‍ശത്തെ ഭയന്ന് അറപ്പോടെ പിന്നോട്ട് മറിഞ്ഞു വീണു.. മുടിക്ക് കുത്തിപ്പിടിച്ച് അയാള്‍ എന്നെ എഴുന്നേല്‍ക്കാന്‍ സഹായിച്ചു.. പിടിവലിക്കിടയില്‍ യൂണിഫോമിന്റെ തുന്നലുകള്‍ വിടുന്നതും പിന്നിപ്പോകുന്നതും ഞാന്‍ അറിയുന്നുണ്ടായിരുന്നു. എന്റെ കഴുത്തില്‍ പിടി മുറുകുകയാണ്.. അയാളുടെ കൈകള്‍ എന്റെ പാവാടയുടെ അടിയിലേക്ക് ഇഴയുകയാണ് ( ഇതു വായിക്കുന്നവരില്‍ ആര്‍ക്കെങ്കിലും ഏതെങ്കിലും രീതിയില്‍ പ്രകോപനം ഉണ്ടാവുന്നെങ്കില്‍ ക്ഷമിക്കുക . എനിക്കിതു പറയാതെ വയ്യ. പറയാനുള്ള ആര്‍ജ്ജവത്തിലേക്കു ഞാനെത്തിയത് ഇപ്പോഴാണ്).

അയാളുടെ മുതുകില്‍ ദുര്‍ബലതയുടെ അങ്ങേയറ്റത്തു നിന്നുകൊണ്ടുതന്നെ ഞാന്‍ ആഞ്ഞു കടിച്ചു. ഒരു നിമിഷം അയാള്‍ പിടിവിട്ടതും ഞാനോടി … പിടഞ്ഞോടി രക്ഷപ്പെടുകയായിരുന്നു .. ശരീരം മുഴുവന്‍ നൊന്തിരുന്നു.. രക്തം പൊടിഞ്ഞിരുന്നു..

ആരോടെങ്കിലും പറയാവുന്ന ഒരു കാര്യമല്ലെന്ന് ധരിച്ച് മനസ്സിലിട്ടു കൊണ്ടുനടന്നു… ഭീകരമായ ഇന്‍സെക്യൂരിറ്റി അനുഭവിച്ച കാലം. ഉണര്‍വ്വിലും ഉറക്കത്തിലും ഞെട്ടിക്കൊണ്ടിരുന്ന ദിവസങ്ങള്‍. ചിരിയും വര്‍ത്തമാനവും മുറിഞ്ഞും മാഞ്ഞും പോയി. മനുഷ്യരെ മുഴുവന്‍ പേടിയായി. ഒറ്റക്കിരിക്കാന്‍ മാത്രം ഇഷ്ട്ടപ്പെടുന്ന കുട്ടിയായി… പത്താം ക്ലാസ്സിന്റെ കാല്‍ ഭാഗം വരയെ സ്‌കൂളില്‍ തുടരാനായുള്ളൂ. സഹപാഠികള്‍ക്കിടയില്‍ പോലും ഇരിക്കാന്‍ കഴിയാത്ത വിധത്തിലേക്ക് മാറിപ്പോയി. കൂട്ടുകാര്‍ ഇല്ലാണ്ടായി. തീര്‍ത്തും ഒറ്റയായി.. എന്റെ ക്ലാസ്സിന്റെ മുന്‍വാതില്‍ കടന്ന് എന്റെ ബെഞ്ച് വരെ കുട്ടികള്‍ക്കിടയിലൂടെ നടന്നെത്താന്‍ എനിക്ക് പറ്റുമായിരുന്നില്ല.

അപകര്‍ഷതയും ഭയവും വിഷാദവും. ആ കൊല്ലത്തെ SSLC പരീക്ഷ എഴുതിയില്ല . ഡിപ്രഷന്റെ ഏറ്റവും മാരകമായ ഒരു വേര്‍ഷന്‍ അനുഭവിച്ചുകൊണ്ട് വീട്ടിലെ ഒരു മുറിക്കുള്ളിലായിരുന്നു ഞാന്‍ .
പിന്നീട് നിരന്തരമായ കൗണ്‍സിലിംഗുകള്‍.. മരുന്നുകള്‍ .. എന്നെ മറികടന്നു പോകുന്നവരില്‍ ആ മനുഷ്യന്റെ മുഖം മാത്രം തിരഞ്ഞുകൊണ്ടേയിരുന്നു.
കോളേജ് കാലം അവസാനിക്കും വരെയും വലിയ മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നു. സഭാകമ്പവും ആള്‍ക്കൂട്ടത്തോടുള്ള ഭയവും ഒരു മാറാ വ്യാധിപോലെ ഈയടുത്ത കാലം വരെയും എനിക്കൊപ്പം ഉണ്ടായിരുന്നു.

പിജി ചെയ്യാന്‍ വീണ്ടും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസ്സില്‍ എത്തിയപ്പോള്‍ ആ പഴയ വഴികളിലൂടെ ഞാന്‍ നടന്നുകൊണ്ടിരുന്നു . ഇപ്പോഴും ഞാന്‍ തിരഞ്ഞെടുക്കാറ് ആ വഴിയാണ്. ആ വഴിയില്‍ അയാളെ വെട്ടിനുറുക്കുന്ന ചിലപ്പോള്‍ വെടിവെച്ചു വീഴ്ത്തുന്ന എന്നെ ഇതിനകം എത്രയോ തവണ ഞാന്‍ കണ്ടിരിക്കുന്നു …

ഭ്രാന്തിന്റെയും വിഷാദത്തിന്റെയും ചുഴികള്‍ എന്നില്‍ തുടങ്ങിവെച്ച അജ്ഞാതാ.., എന്റെ കൗമാര ദശയുടെ പുള്ളിച്ചിറകുകള്‍ അരിഞ്ഞുകളഞ്ഞവനെ.., ഞാനിന്നു ആ പഴയ പെണ്‍കുട്ടിയല്ല. നിന്നെയെനിക്ക് കാണുകയും വേണ്ട . പകയല്ല , പകരം പുച്ഛമാണ്. ഇനി ഭയപ്പെടുകയുമില്ല. നീയെന്നില്‍ കുത്തിനിറച്ച പേടിയും അപകര്‍ഷതയുമെല്ലാം ഞാന്‍ എന്നോട് തന്നെ പടവെട്ടി തൂത്തെറിഞ്ഞിരിക്കുന്നു.. വേദനയുടെ കാലത്ത് എന്നെ വിടാതെ ചേര്‍ത്ത് നിര്‍ത്തിയ ചുരുക്കം പേരുണ്ട് .. അച്ഛന്‍ , അമ്മ , ചേച്ചി , ബാലകൃഷ്ണന്‍ ഡോക്ടര്‍, എന്റെ സഭാകമ്പം പൊടിക്കൈ മരുന്ന് തന്നു മാറ്റിയ രാജന്‍ ഡോക്ടര്‍ … സ്‌നേഹത്തിന്റെ ആ കൈകള്‍ക്കു ഒരു നൂറുമ്മകള്‍ .. ❤️❤️

കാരൂര്‍ സോമന്‍
ഒരു ചെറുഗ്രാമത്തിലേക്കുള്ള വഴി പോലെയാണ് അതു തോന്നിച്ചത്. തികഞ്ഞ നിശബ്ദത തളം കെട്ടി നില്‍ക്കുകയായിരുന്നു എങ്ങും. ഒരിടത്തും വലിയ തിരക്ക് അനുഭവപ്പെട്ടതേയില്ല. ഒരു ചെറിയ ഡാബയില്‍ നിന്നും ചായ തിളപ്പിക്കുന്നതിന്റെ പുക ഉയരുന്നു. വൃത്തിയില്ലാത്ത ആ സമോവര്‍ തന്നെയായിരുന്നു, ഇതൊരു ടൂറിസ്റ്റ് കേന്ദ്രം അല്ലെന്നതിന്റെ ഏറ്റവും വലിയ തെളിവ്.

പുതിയ ഇരുനൂറു രൂപ നോട്ടിന്റെ മുറതലയ്ക്കല്‍ സാഞ്ചി സ്തൂപം കണ്ടപ്പോള്‍ മുതല്‍ക്കു തോന്നിയ ആഗ്രഹമായിരന്നു ഇവിടേക്കുള്ള വരവ്. ലോകത്തിലെ തന്നെ ഏറ്റവും പ്രാചീനമായ ബുദ്ധമത സ്മാരകങ്ങളാണ് സാഞ്ചി എന്ന ചെറുഗ്രാമത്തെ വിശ്വപ്രസിദ്ധമാക്കുന്നത്. മദ്ധ്യപ്രദേശിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഭോപ്പാലിനു വടക്കുകിഴക്കായി 46 കിലോമീറ്ററകലെ. ക്രിസ്തുവിനു മുമ്പ് മൂന്നാം നൂറ്റാണ്ടു മുതല്‍ ക്രിസ്തുവിനു പിന്‍പ് പന്ത്രണ്ടാം നൂറ്റാണ്ടു വരെ നിലനിന്നിരുന്ന ബുദ്ധമതകേന്ദ്രമായിരുന്നുവത്രേ ഈ പുണ്യസ്ഥലം, സാഞ്ചി. പഴയ ബുദ്ധമത കേന്ദ്രത്തിന്റെ അവശിഷ്ടങ്ങളായി ഇപ്പോളും സാഞ്ചിമലക്കു മുകളില്‍ സ്തൂപങ്ങളും, മറ്റു ബൗദ്ധസ്മരകങ്ങളും സഞ്ചാരികളെ കാത്തിരിക്കുന്നു.

ഭോപ്പാലില്‍ നിന്നും ഇത്താര്‍സി വരെ പോകുന്ന വിന്ധ്യാചല്‍ എക്‌സ്പ്രസ് സാഞ്ചി സ്റ്റേഷനില്‍ നിര്‍ത്തും. പിന്നെ ചില പ്രാദേശിക വണ്ടികളും. ഗോതമ്പ് പാടങ്ങള്‍ പടര്‍ന്നു നില്‍ക്കുന്ന പാടങ്ങള്‍ക്ക് നടുവിലൂടെയുള്ള ചെറു റോഡിലൂടെ ഹൈവേയിലേക്ക് കയറാം. അതിനു മുന്‍പ് തന്നെ ശ്രീലങ്കയെ മഹാബോധി സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള ശ്രീലങ്കന്‍ മഹാബോധി ക്ഷേത്രം കാണാം. ഗുപ്ത സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന വിദിഷയിലേക്കുള്ള ഹൈവേ മറി കടന്നുവേണം സാഞ്ചി സ്തൂപം സ്ഥിതി ചെയ്യുന്നിടത്തേക്കു പോകാന്‍. സാഞ്ചിയില്‍ നിന്നും വെറും പത്തു കിലോമീറ്റര്‍ യാത്ര ചെയ്താല്‍ വിദിഷയില്‍ എത്താം. മദ്ധ്യകാലഘട്ടത്തില്‍ ഭെല്‍സ എന്നും വിളിച്ചിരുന്ന വിദിഷയ്‌ക്കൊരു പ്രത്യേകതയുണ്ട്. ഇവിടുത്തെ ജനങ്ങളുടെ സാക്ഷരത 86.88 ശതമാനമാണ്. ഇത് ദേശീയ ശരാശരിയായ 74.04 ശതമാനത്തേക്കാള്‍ കൂടുതലാണ്. പുരുഷന്മാരുടെ സാക്ഷരത 92.29 ശതമാനവും സ്ത്രീകളുടേത് 80.98 ശതമാനവുമാണ്. വിദിഷയിലെ ആകെ ജനസംഖ്യയുടെ 15 ശതമാനം പേര്‍ ആറുവയസിനു താഴെയുള്ളവരാണ്. ഗുപ്തകാലത്തിന്റെ പെരുമ പേറുന്ന വിദിഷയില്‍ നിന്നും സാഞ്ചിയിലേക്ക് വരാം.


റോഡ് മറികടന്ന് വീണ്ടും ഗോതമ്പ് പാടത്തിനു നടുവിലൂടെ കടന്നു പോകുന്ന വീതി കുറഞ്ഞ വഴി. നല്ല വെയില്‍ക്കാറ്റ്. ഒരു പെരുവഴിയമ്പലം പോലെ പോസ്റ്റോഫീസ് പതുങ്ങി തളര്‍ന്നു കിടക്കുന്നു.

ബേത്വ നദിയില്‍ നിന്നാണ് കാറ്റ് വരുന്നത്. സാഞ്ചി സ്തൂപം നില്‍ക്കുന്ന ചെറിയ കുന്ന് ദൂരെ നിന്നേ കാണാം. അതിനപ്പുറത്താണ് വേത്രാവതി, ശുക്തിവതി എന്നീ പേരുകളിലും അറിയപ്പെടുന്ന യമുനാ നദിയുടെ ഒരു പോഷനദിയായ ബേത്വ ഒഴുകുന്നത്. ഭോപ്പാല്‍ നഗരത്തിന് പുറത്തുള്ള മാന്‍ഡിദീപ് വ്യവസായ മേഖലയിലാണ് ഈ നദിയുടെ ഉദ്ഭവസ്ഥാനം. ഹംരിപൂറിനടുത്ത്‌വച്ച് യമുനയോട് ചേരുന്നു. ഇതിഹാസമായ മഹാഭാരതത്തില്‍ ചര്‍മന്‍വതി നദിയോടൊപ്പം ബേത്വ നദിയേക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ഇവ രണ്ടും യമുനയുടെ പോഷകനദികളാണ്. ചേദി രാജവംശത്തിന്റെ തലസ്ഥാനം ബേത്വ നദിയുടെ തീരത്തായിരുന്നു സ്ഥിതി ചെയ്തിരുന്നത്. ഇന്ത്യയുടെ നദീ സംയോജനപദ്ധതിയുടെ ആദ്യപടിയായി ബേത്വാ നദിയെ മദ്ധ്യപ്രദേശിലെ തന്നെ കെന്‍ നദിയുമായി യോജിപ്പിച്ചുകൊണ്ടിരിക്കുകയാണ്.


മുന്നില്‍ ഇന്ത്യന്‍ സാംസ്‌ക്കാരിക പൈതൃകത്തിന്റെ പൊന്‍വെളിച്ചം തൂവി സാഞ്ചി സ്തൂപം. ആകാശത്തിന് ഭൂമിയുടെ സന്ദേശം നല്‍കുന്നതു പോലെ, ചെറു കാറ്റിനു പോലും അളന്നു കുറിച്ചെടുക്കുന്ന മൗനത്തിന്റെ വലിയൊരു വില സമ്മാനിക്കുന്നതു പോലെ അന്തരീക്ഷം ധ്യാനത്തിലാണ്ടിരിക്കുന്നു. ഇവിടെ ശ്രീബുദ്ധന്റെ നിശ്വാസഗതികള്‍ തീര്‍ത്ത വിദിശയില്‍നിന്ന് പടര്‍ന്നു പന്തലിക്കുന്ന ആദ്ധ്യാത്മീക തേജസ് പ്രകടം.

മുന്നോട്ടു നോക്കുമ്പോള്‍ കാണാനാവുന്ന കുന്നിന്‍ മുകളിലാണ് മഹാസ്തൂപം പ്രകടമായി തലയെടുപ്പോടെ നില്‍ക്കുന്നത്. അടിഭാഗത്ത് 115 അടി വ്യാസവും 50 അടി ഉയരവും ഉള്ള കൂറ്റന്‍ ശിലാനിര്‍മിതി. മൂന്നാം നൂറ്റാണ്ടിലായിരിക്കണം ഇതു നിര്‍മ്മിച്ചത്. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ശിലാനിര്‍മ്മിതിയാണത്രേ ഇത്. അതു കൊണ്ടു തന്നെയാവണം, സാംസ്‌ക്കാരിക പൈതൃകത്തിന്റെ മുഖപത്രമായി സാഞ്ചിയില്‍ സ്തൂപം നിലകൊള്ളുന്നത്. ഭൂമിയെ ഉള്‍ക്കൊള്ളുന്ന ആകാശത്തിന്റെ പ്രതീകമായി നിര്‍മ്മിച്ചിട്ടുള്ള ഇതിന്റെ അടിവശത്തിന് അണ്ഡം എന്നാണ് പേര്. അണ്ഡത്തിനു മുകളിലായി 50 അടിവ്യാസമുള്ള അടിത്തറയില്‍ ചതുരാകൃതിയില്‍ ഹര്‍മിക നിര്‍മ്മിച്ചിരിക്കുന്നു, അതിനു മുകളില്‍ ഒരു കൊടിമരവുമുണ്ട്. കൊടിമരത്തിന്മേല്‍ ദേവലോകത്തിന്റെ വിവിധതലങ്ങളെ സൂചിപ്പിക്കുന്ന കുടകള്‍, ഛത്രാവലി എന്നാണ് ഇതിന്റെ പേര്.
കുന്ന് കയറി മുകളിലെത്തി. വിശാലമായ പുല്‍ത്തകിടി താഴെ കാണാം. ദൂരെ മാനവും ഭൂമിയും ആവേശത്തോടെ ആശ്ലേഷം ചെയ്യുന്നു. അണ്ഡത്തില്‍ നിന്ന് 16 അടി ഉയരത്തില്‍ കല്ലുപാകിയ ഒരു ചുറ്റുനടപ്പാതയുണ്ട്, നടപ്പാതയുടെ വശങ്ങളിലായി നിരവധി ശിലാവാതിലുകളുണ്ട്. തോരണങ്ങളെന്നാണ് ഇവയ്ക്ക് പറയുക. ചരാചരങ്ങളെയെല്ലാം ഏക ഭാവത്തില്‍ ദര്‍ശിക്കുന്ന ഒരു ദാര്‍ശനിക ചിഹ്നസഞ്ചയമാണ് സാഞ്ചിയിലെ മഹാസ്തൂപം.

മനുഷ്യജീവിതം ദുഃഖവും ബുദ്ധിമുട്ടുകളും കൊണ്ടു നിറഞ്ഞതാണെന്നും, മനുഷ്യന്റെ ആശകളും ഒടൂങ്ങാത്ത ആഗ്രഹങ്ങളുമാണ് ഈ ദുഃഖങ്ങള്‍ക്കു കാരണം എന്നും ബുദ്ധന്‍ പഠിപ്പിച്ചതിന്റെ സാരാംശം ഇവിടെ പ്രകടം. ഇത്തരം ആഗ്രഹങ്ങളെ ബുദ്ധന്‍ തന്‍ഹ എന്നു വിളിച്ചു. എല്ലാ കാര്യങ്ങളിലും മിതത്വം പുലര്‍ത്തി ഈ ആഗ്രഹങ്ങളില്‍ നിന്നും മോചനം നേടണമെന്നും അദ്ദേഹം ഉപദേശിക്കുന്നതിന്റെ പൊരുള്‍ ശിലാലിഖിതങ്ങളില്‍ ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നു.

മൃഗങ്ങള്‍ ഉള്‍പ്പെടെയുള്ള സഹജീവികളോട് ദയ കാണിക്കണമെന്നും അവരുടെ ജീവനെ ബഹുമാനിക്കണമെന്നും ബുദ്ധന്‍ പഠിപ്പിച്ചത് ഓര്‍മ്മിപ്പിക്കുന്ന ഒട്ടേറെ ശിലാചിത്രങ്ങളാല്‍ മുഖരിതമാണ് സ്തൂപിന്റെ ഭിത്തികളെല്ലാം തന്നെ. ജീവിതത്തില്‍ മനുഷ്യന്‍ ചെയ്യുന്ന കര്‍മ്മങ്ങളുടെ ഫലം, അവ നല്ലതോ ചീത്തയോ ആയാലും, അവ പിന്നീടുള്ള ജീവിതത്തിലും വരും ജന്മങ്ങളിലും അവനെ ബാധിക്കുമെന്നും അതു കൊണ്ട് തന്നെ നന്മ ചെയ്തു മാത്രം മുക്തി പ്രാപിക്കാന്‍ ഓര്‍മ്മപ്പെടുത്തുന്ന രേഖാചിത്രങ്ങള്‍.

ധര്‍മ്മപദത്തില്‍ ഇരുപത്തിനാലദ്ധ്യായങ്ങളില്‍ അടങ്ങിയിരിയ്ക്കുന്ന ബുദ്ധമതത്തിന്റെ സാരം ഇവിടെയും കാണാം. ബുദ്ധമതം എന്നു വെച്ചാല്‍ ബുദ്ധന്‍ പ്രസംഗിച്ച പ്രകാരത്തിലുള്ള തത്ത്വങ്ങളും ആദികാലങ്ങളില്‍ ധര്‍മ്മം എന്ന വിശേഷനാമത്തോടുകൂടിയുള്ള മതവുമാകുന്നുവെന്നാണല്ലോ വെയ്പ്. സാഞ്ചിയിലെ സ്തൂപിന്റെ നടവഴികളിലൂടെ നടക്കുമ്പോള്‍ ബുദ്ധന്റെ പാത പിന്തുടര്‍ന്നെത്തിയ അശോക ചക്രവര്‍ത്തിയെ ഓര്‍ത്തുപോയി. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ ഏകദേശം മുഴുവന്‍ ഭാഗവും ഇദ്ദേഹത്തിന്റെ അധീനതയിലായിരുന്നു. അനേകം യുദ്ധങ്ങള്‍ ചെയ്ത അശോകന്‍ ഇപ്പോഴത്തെ ഇറാന്റെയും അഫ്ഗാനിസ്ഥാന്റെയും അതിര്‍ത്തി പ്രദേശങ്ങള്‍ വരെ സാമ്രാജ്യം വ്യാപിപ്പിച്ചു. തെക്കുഭാഗത്ത് ഉത്തരകേരളത്തിന്റെ ഭാഗവും അശോകസാമ്രാജ്യത്തിന്റെ അധീനതയിലായിരുന്നു. സ്‌നേഹം, സത്യം, ക്ഷമ, ശുദ്ധി, ഇവയോടും കൂടി ഇരിയ്ക്കുവാന്‍ ഉദ്‌ബോധിപ്പിച്ച ഈ അശോകചക്രവര്‍ത്തിയാണ് സാഞ്ചി ബുദ്ധമത സങ്കേതം നിര്‍മ്മിച്ചതെന്ന് പറയപ്പെടുന്നു.

അശോകചക്രവര്‍ത്തിയുടെ മകനും ശ്രീലങ്കയിലെ ബുദ്ധമത പ്രചാരകനുമായിരുന്ന മഹേന്ദ്രന്റെ ചില കുറിപ്പുകളിലാണ് സാഞ്ചിയെക്കുറിച്ച് പരാമര്‍ശങ്ങളുള്ളത്.
ചന്ദ്രഗുപ്ത മൗര്യന്റെ കാലത്തിനു ശേഷം പ്രതാപമായി തുടര്‍ന്നിരുന്ന കലിംഗ രാജ്യം മാത്രം അശോകചക്രവര്‍ത്തിയെ അനുസരിക്കാന്‍ തയ്യാറായിരുന്നില്ല. അങ്ങനെ അശോകന്‍ കലിംഗയെ ആക്രമിച്ചെങ്കിലും അത് അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറ്റി മറിച്ചു. പിന്നീടത് ഇന്ത്യയുടെയും ലോകത്തിന്റെയും തന്നെയും ചരിത്രത്താളുകളിലെ അവിസ്മരണീയ അധ്യായമായി മാറിയതിന് സാക്ഷ്യം കൂടിയാണ് സാഞ്ചിയിലെ സ്തൂപം.

മൗര്യ സാമ്രാജ്യത്തില്‍ നിന്നും ക്ഷാത്രപരും കുശാനന്മാരും മാള്‍വാ പ്രദേശം പിടിച്ചടക്കിയപ്പോള്‍ സാഞ്ചിയുടെ പ്രതാപം മങ്ങി. പിന്നീട് ക്രി.പി നാലാം നൂറ്റാണ്ടില്‍ ഗുപ്തവംശം ഭരണം പിടിച്ചടക്കിയതോടെയാണ് വീണ്ടും സാഞ്ചിക്ക് നല്ലകാലം വന്നത്. ഈ കാലഘട്ടത്തില്‍ ഇവിടെ കൂടുതല്‍ ക്ഷേത്രങ്ങളും സ്തൂപങ്ങളുമൊക്കെ സ്ഥാപിക്കപ്പെട്ടു. ഗുപ്തവംശത്തിനു ശേഷം പല രാജവംശങ്ങളും മാള്‍വ കീഴടക്കി ഭരിച്ചു. ഇതില്‍ ഹര്‍ഷവര്‍ദ്ധനന്റെ കാലത്തുമാത്രമാണ് (എ.ഡി. 606-647) സാഞ്ചിക്ക് പ്രത്യേകശ്രദ്ധ കിട്ടിയത്. ബ്രാഹ്മണ മതം ശക്തിപ്രാപിച്ചതോടെ ഇന്ത്യയിലെമ്പാടും ബുദ്ധമതത്തിനുണ്ടായ തളര്‍ച്ച തന്നെയാവണം സാഞ്ചിയെയും ബാധിച്ചത് എന്നു കരുതപ്പെടുന്നു.
നൂറ്റാണ്ടുകളോളം വിസ്മൃതിയിലാണ്ട് കിടന്ന സാഞ്ചിയിലെ മഹാസ്തൂപവും മറ്റ് അമൂല്യ സ്മാരകങ്ങളും വീണ്ടെടുത്തത് 1818ല്‍ ജനറല്‍ ടെയ്‌ലറാണ്. എങ്കിലും 1912 നും 1919 നും ഇടയ്ക്കുള്ള കാലഘട്ടത്തില്‍ സര്‍ ജോണ്‍ മാര്‍ഷലിന്റെ മേല്‍നോട്ടത്തിലാണ് സാഞ്ചിയിലെ സ്മാരകങ്ങള്‍ പുനരുദ്ധരിക്കപ്പെട്ടത് . ഇന്നിപ്പോള്‍ സാഞ്ചിയില്‍ ഏകദേശം അന്‍പതോളം സ്മാരകങ്ങളുണ്ട്, ഇവയില്‍ മൂന്നു സ്തൂപങ്ങളും ഏതാനും ക്ഷേത്രങ്ങളും ഉള്‍പ്പെടും. 1989 തൊട്ട് യുനസ്‌കോയുടെ ലോകപൈതൃകകേന്ദ്രങ്ങളുടെ പട്ടികയില്‍ സാഞ്ചിയുമുണ്ട്. ഏറെ കാണാനുണ്ട് സാഞ്ചിയില്‍. ഗോതമ്പ് പാടങ്ങളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ചെറുഗ്രാമം ഒരു കാലത്ത് ലോകത്തിന്റെ തന്നെ സാംസ്‌ക്കാരിക തലസ്ഥാനമായിരുന്നുവെന്ന് ഓര്‍ത്തപ്പോള്‍ ശരീരത്തില്‍ ഒരു ചെറുകുളിര് അനുഭവപ്പെട്ടു. സ്തൂപത്തിനു സമീപം ഒട്ടനവധി ബുദ്ധക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചിരുന്നു. എന്നാല്‍ ഇന്ന് അതില്‍ വിരലില്‍ എണ്ണാവുന്നത് മാത്രമാണ് കാലപഴക്കത്തെ അതിജീവിച്ചു നിലകൊള്ളുന്നത്. ടെംപിള്‍ 17, ടെംപിള്‍ 18 എന്നിങ്ങനെ രണ്ടു ക്ഷേത്രങ്ങള്‍. ഗുപ്തകാലത്തില്‍ നിര്‍മ്മിച്ചതെന്നു കരുതുന്ന ആരാധനയില്ലാത്ത മറ്റൊരു ക്ഷേത്രം. ഒരു ബുദ്ധ മൊണാസ്ട്രിയും ഇതിനോടടുത്തു കാണാം. ശിലയില്‍ പാകിയെടുത്ത നിരവധി കെട്ടിടാവശിഷ്ടങ്ങള്‍ സാഞ്ചിയില്‍ ഉണ്ട്. ഓരോ ശിലയിലും കൊത്തിയെടുത്തിയിരിക്കുന്ന കരവിരുത് കാലത്തിന്റെ മുന്നില്‍ മുട്ടുമടക്കി തുടങ്ങിയിരിക്കുന്നു. ഇന്ത്യയിലെ ബുദ്ധമത പ്രഭാവകാലത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെയുള്ള എല്ലാ കാലഘട്ടങ്ങളിലെയും വിവരങ്ങള്‍ സാഞ്ചിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സാധാരണഗതിയില്‍ മിക്ക ബുദ്ധമതകേന്ദ്രങ്ങളും ശ്രീബുദ്ധന്റെ ജീവിതവുമായി ബന്ധമുള്ളവയാണ് പക്ഷേ സാഞ്ചി ശ്രീബുദ്ധന്‍ സന്ദര്‍ശിച്ചിട്ടു പോലുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം. സ്തൂപത്തിന്റെ അടുത്തു നിന്നും ഏകദേശം രണ്ടു കിലോമീറ്റര്‍ മാറിയാണ് ഗ്രാമം. തുടര്‍ന്നങ്ങോട്ട് കണ്ണെത്താദൂരത്തോളം പടര്‍ന്നു കിടക്കുന്ന സ്വര്‍ണ്ണമണികളോടു കൂടിയ ഗോതമ്പ് പാടങ്ങളുടെ വിശാലദൃശ്യം.

മടങ്ങുമ്പോള്‍, ‘നാശം എല്ലാ പദാര്‍ത്ഥങ്ങള്‍ക്കും സഹജമായിട്ടുള്ളതാണ്. അറിവിനെ തേടി, ശ്രദ്ധയോടുകൂടി മോക്ഷത്തിനായി പ്രയത്‌നംചെയ്യുക’ എന്ന ബുദ്ധവാക്യം അന്തരീക്ഷത്തില്‍ മുഴങ്ങുന്നതായി തോന്നി. ‘ശരീരം മലിനവസ്തുക്കളാല്‍ നിറഞ്ഞതാണെന്ന വസ്തുത എപ്പോഴും ഓര്‍ക്കുക. സുഖവും ദുഃഖവും തരുന്ന വസ്തുതകളെ തുടര്‍ച്ചയായി മനനം ചെയ്യുക. മമതാബന്ധങ്ങളില്‍ നിന്നുണ്ടാകുന്ന ദോഷങ്ങളെ വിലയിരുത്തുക. ഇതില്‍ നിന്നും പുറത്തുകടക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളെ കുറിച്ച് ആലോചിക്കുക.’ സ്മൃതിവാക്യങ്ങള്‍ നിറഞ്ഞ ശിലാലിഖിതങ്ങള്‍ ഒരു നിമിഷം കൂടി ഓര്‍മ്മയില്‍ നിറയവേ, ഒരിക്കല്‍ കൂടി സാഞ്ചിയെ നോക്കി ഹൃദയത്തില്‍ വണങ്ങി.

രാജേഷ്‌ ജോസഫ് 

ഇണയും തുണയുമായി ദൈവം സൃഷ്ടിച്ച മനുഷ്യന് നന്മ തിന്മകളെ വേര്‍തിരിക്കാനുണ്ടായ വൃക്ഷമാണ് സഭ. സഭയുടെ അടിസ്ഥാന ശില പിതാ – പുത്ര- പരിശുദ്ധ ദൈവമാണ്. ഗോത്ര വര്‍ഗ പാരമ്പര്യങ്ങളില്‍നിന്നും ഇന്ന് കാണുന്ന സംഘടിതമായ സ്ഥിതിയിലേക്ക് എത്തിയതിന്റെ പിന്നിലെ ചരിത്രം വാക്കുകള്‍ക്കും വര്‍ണനകള്‍ക്കും അതീതമാണ്.
തങ്ങളുടെ ഭാഷയും, പാരമ്പര്യങ്ങളും, ആരാധന രീതികളും, ആചാര അനുഷ്ടാനങ്ങളും നെഞ്ചോടു ചേര്‍ത്ത് പരിപാലിച്ചിരുന്ന ഒരു സമൂഹം പിറന്ന നാടും, മണ്ണും, ബന്ധുക്കളെയും ഉപേക്ഷിച്ച് കേരളത്തിന്റെ മണ്ണില്‍ കുടിയേറിയതിന്റെ പിന്നിലെ ചേതോവികാരം സഭയാകുന്ന വൃക്ഷത്തെ പടുത്തുയര്‍ത്താനാണ്.

സഭാ തരുവിനെ മറന്നുള്ള ഒരു മിഷനും തളിരിടില്ല എന്നുള്ളത് പരമമായ സത്യമാണ്. കാരണം അവ ദൈവ നിവേശിതമല്ല. 17 നൂറ്റാണ്ടുകളായി വിവിധതരം ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുമ്പോഴും 400പേര്‍ മാത്രമായി വന്നവര്‍ രണ്ടു ലക്ഷം വ്യക്തികളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഭയോട് ചേര്‍ന്ന് നില്‍ക്കുന്നുണ്ടങ്കില്‍ അത് സഭ ആത്മാവില്‍ അഗ്‌നിയായി സൂക്ഷിക്കുന്നതുകൊണ്ടാണ്. സ്വന്തം ഭാഷയും, ആരാധന രീതികളും ഒരു മടിയും കൂടാതെ തദ്ദേശീയരായ ജനതയ്ക്ക് നല്‍കിയ സമുദായം 17 നൂറ്റാണ്ടുകളും അപ്പുറം തങ്ങളുടെ പാരമ്പര്യങ്ങളില്‍ അടിയുറച്ച വിശ്വാസം സംരക്ഷിക്കാന്‍ ഇന്നും കുരിശുയുദ്ധം നടത്തിക്കൊണ്ടേയിരിക്കുന്നു.
സീറോ മലബാര്‍ സഭ എന്ന വിത്ത് പാകി നനച്ചു വളര്‍ത്തി ഇന്ന് വലിയ വൃക്ഷമാക്കാന്‍ സഹായിച്ച കോട്ടയം രൂപതയേയും ക്‌നാനായ സമുദായത്തെയും അവയുടെ വ്യതിരക്തതകളോടെ മനസിലാക്കി നിലനിര്‍ത്തിക്കൊണ്ടുള്ള പോകുവാനുള്ള ചുമതല സീറോ മലബാര്‍ സഭയ്ക്കുണ്ട്. നാനാത്വത്തില്‍ ഏകത്വം നാം ഇന്ന് എല്ലാ മേഖലകളിലും കാണുന്നു. ഓരോ വൃക്തികളെയും, സമുദായങ്ങളെയും, സംഘടനകളെയും അവയുടെ വ്യതിരക്തതകളോടെ അംഗീകരിക്കുമ്പോഴാണ് വളര്‍ച്ച ഉണ്ടാകുന്നത്. ഇത് തന്നെയാണ് സുവിശേഷത്തിലും പ്രതിപാദിക്കുന്നത്. തന്നോടുള്ള സമാനത നിലനിര്‍ത്തേണ്ടത് കാര്യമായി പരിഗണിക്കാതെ പരിപൂര്‍ണ മനുഷ്യനായി ക്രിസ്തു സ്ത്രീയില്‍നിന്നും ജാതനായി.
ഒരു വര്‍ഷം പിന്നിട്ട യുകെയിലെ സീറോ മലബാര്‍ സഭയുടെ മെല്ലെ പോക്കിന് ഒരു കാരണം ക്‌നാനായ സമുദായ അംഗങ്ങളുടെ പരോക്ഷമായ നിസ്സഹകരമാണ്.

സഭയോട് ചേര്‍ന്ന് മുന്നോട്ടു നീങ്ങുവാന്‍ സമുദായ അംഗങ്ങള്‍ മുന്നോട്ടു വരണം. ഏതൊരു വൃവസ്ഥിതിയില്‍ മാറ്റം ഉണ്ടാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ എങ്കില്‍ ആ വ്യവസ്ഥിതിയുടെ ഭാഗം ആയി മാറണം. സഭാ നേതൃത്വം തുറന്ന മനസോടു കൂടി കാര്യങ്ങളെ സമീപിക്കണം. കാലാകാലങ്ങളായി കോട്ടയം രൂപതയും അതുമായി ബന്ധപ്പെട്ട തീരുമാനങ്ങളും സിനഡ് എടുക്കുമ്പോള്‍ അവയൊക്കെ പരിശുദ്ധ സിംഹാസന കേന്ദ്രികൃതവും ഇതര രൂപത വികസന തീരുമാനങ്ങള്‍ സിനഡ് കേന്ദ്രികൃത രീതികളും ആകുമ്പോള്‍ ഉണ്ടാക്കുന്ന തുടര്‍ചലനങ്ങളാണ് ഈ പരോക്ഷമായ നിസ്സഹകരണത്തിനു അടിസ്ഥാനം.

തങ്ങള്‍ പൊന്നുപോലെ കാത്തുപരിപാലിച്ച ചില അനുഷ്ടാനങ്ങള്‍ (സ്വവംശ വിവാഹം ഒഴികെ) ഇതര സഭാ സമൂഹങ്ങളുമായി പങ്കുവെയ്ക്കുന്നതില്‍ സമുദായ അംഗങ്ങള്‍ ആശങ്കപ്പെടരുത്. അവ പ്രേഷിത പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. പങ്കു വെയ്ക്കാതെ വിഭജിക്കപ്പെടാതെ അപ്പം വിശുദ്ധ കുര്‍ബാന ആകില്ല.
സീറോ മലബാര്‍ സഭയെ വളര്‍ത്താന്‍ ക്‌നാനായ മിഷനുകള്‍ ഈ കാലഘട്ടത്തില്‍ ആവശ്യമാണ്. വ്യക്തി, കുടുംബ വളര്‍ച്ചയില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്താന്‍ മിഷനുകള്‍ക്ക് സാധിക്കും. മക്കള്‍ക്ക് നല്ല മാതൃകകള്‍ നല്‍കി വിശ്വാസ ജീവിതത്തില്‍ അടിയുറച്ച ഉത്തമ പൗരന്മാരായി മാറുവാനുള്ള കളരിയായി കുടുംബങ്ങളെ പോലെ മിഷനുകളും മാറണം. സഭയെ ഒഴിവാക്കി ആത്മീയ നേതൃതത്തെ തിരസ്‌കരിച്ചുള്ള മിഷന്‍ പ്രവര്‍ത്തനം വെറും വ്യക്തി താല്പര്യം മുന്‍നിര്‍ത്തിയുള്ള ഇന്നത്തെ രാഷ്ട്രീയ സംഘടന പ്രവര്‍ത്തനം പോലെ ആകും. എല്ലാവരെയും ഉള്‍കൊള്ളുന്ന, അംഗീകരിക്കുന്ന, നാനാത്വത്തില്‍ ഏകത്വം കാത്തു സൂക്ഷിക്കുന്ന മിഷനുകള്‍ ഉണ്ടാക്കട്ടെ എന്ന് പ്രത്യാശിക്കാം.

(ഈ ലേഖനത്തില്‍ കൊടുത്തിരിക്കുന്ന കാര്യങ്ങള്‍ ലേഖകന്റെ മാത്രം അഭിപ്രായമാണ്)

RECENT POSTS
Copyright © . All rights reserved