Spiritual

ഷൈമോൻ തോട്ടുങ്കൽ

ന്യൂ ടൌൺ .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ രണ്ടാം എപ്പാർക്കിയൽ സമ്മേളനം സമാപിച്ചു . വെയിൽസിലെ കഫെൻലി പാർക്ക് കൺവെൻഷൻ സെന്ററിൽ മൂന്നു ദിവസമായി നടന്നു വന്നിരുന്ന സമ്മേളനത്തിൽ വൈദികരും , സന്യസ്തരും , ഡീക്കന്മാരും , അല്മായ പ്രതിനിധികളും ഉൾപ്പടെ നൂറ്റമ്പതോളം പ്രതിനിധികൾ പങ്കെടുത്തു. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ അദ്ധ്യക്ഷതയിൽ മൂന്ന് ദിവസം നീണ്ടു നിന്ന സമ്മേളനത്തിൽ , ബ്രിട്ടനിലെ അപ്പസ്തലിക് നൂൺഷ്യോ ആർച്ച് ബിഷപ് മാർ ക്ലൗഡിയോ ഗുജറോത്തി ഉത്‌ഘാടനം ചെയ്ത സമ്മേളനത്തിൽ “വിശുദ്ധമായത് വിശുദ്ധർക്ക് “എന്ന ആപ്തവാക്യത്തിൽ അധിഷ്ഠിതമായിസീറോ മലബാർ സഭയുടെ ആരാധനക്രമം , ദൈവശാസ്ത്രം , ആധ്യാത്മികത . ശിക്ഷണക്രമം ,സംസ്കാരം , എന്നീ വിഷയങ്ങളിൽ , പൗരസ്ത്യ സഭകൾക്ക് വേണ്ടിയുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ സെക്രട്ടറി ആയി പ്രവർത്തിച്ചിരുന്ന ആർച്ച് മാർ ബിഷപ്പ് സിറിൽ വാസിൽ , റെവ. ഡോ . ജേക്കബ് കിഴക്കേവീട് , റെവ . ഡോ . പോളി മണിയാട്ട്, പ്രശസ്ത സുറിയാനി പണ്ഡിതൻ പ്രൊഫ . . ഡോ . സെബാസ്റ്യൻ ബ്രോക്ക് , പ്രൊഫ . ഡോ . പി. സി . അനിയൻ കുഞ്ഞ എന്നിവർ അവസാനിക്കുന്ന സമ്മേളനത്തിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

 

ഓരോ പ്രബന്ധാവതരണങ്ങൾക്ക് ശേഷം പ്രതിനിധികൾ ഗ്രൂപ്പുകൾ ആയി തിരിഞ്ഞു ചർച്ചകൾ നടത്തുകയും , അഭിപ്രായങ്ങളും , നിർദേശങ്ങളും ,ക്രോഡീകരിച്ചു അവതരിപ്പിക്കുകയും ചെയ്തു , രൂപതയുടെ അടുത്ത അഞ്ചു വർഷത്തേക്കുള്ള പ്രവർത്തനങ്ങൾക്കു വേണ്ടിയുള്ള അഭിപ്രായങ്ങളും , നിർദേശങ്ങളും ,സമ്മേളനത്തിൽ വിശദമായി ചർച്ച ചെയ്തു .പ്രോട്ടോ സിഞ്ചെല്ലൂസ് റെവ. ഡോ .ആൻറണി ചുണ്ടെലിക്കാട്ട് , സിഞ്ചെല്ലൂസുമാരായ ഫാ. സജിമോൻ മലയിൽപുത്തെൻപുര . ഫാ. ജോർജ് ചേലക്കൽ ,. ഫാ. ജിനോ അരീക്കാട്ട് എം. സി .ബി എസ് , ചാൻസിലർ റെവ. ഡോ . മാത്യു പിണക്കാട്ട് , റെവ. ഡോ . ജോൺ പുളിന്താനത്ത് , റെവ. ഡോ . ജോസഫ് കറുകയിൽ . റെവ . ഡോ വർഗീസ്‌ പുത്തൻപുരക്കൽ , ഡോ . മാർട്ടിൻ ആന്റണി ,പാസ്റ്ററൽ കൗൺസിൽ സെക്രെട്ടറി റോമിൽസ് മാത്യു . ജോയിന്റ് സെക്രട്ടറി ജോളി മാത്യു എന്നിവർ പ്രസംഗിച്ചു .

 

 

ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്ര സാക്ഷാത്കാരം ലക്ഷ്യമാക്കി പ്രവൃത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ ഈ മാസത്തെ സത്‌സംഗം വൈശാഖ മാസാചരണ ഉത്സവം ആയി മെയ് 28-ാം തീയതി ക്രോയിഡോണിലെ വെസ്റ്റ് തോൺടൺ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് വൈകിട്ട് 5:30 മുതൽ ആഘോഷിക്കും.

വൈശാഖ പുണ്യമാസം ഗുരുവായൂർ ക്ഷേത്രം അടക്കം മറ്റനേക വൈഷ്ണവ ക്ഷേത്രങ്ങളിലും അതീവ പ്രാധാന്യത്തോടെ ആചരിച്ചു വരുന്നു. പൗര്‍ണ്ണമി ദിനത്തിൽ വിശാഖം നക്ഷത്രം വരുന്ന മാസമാണ് വൈശാഖം. പുണ്യകർമ്മങ്ങൾക്കു ഇരട്ടി പുണ്യം ലഭിക്കുമെന്ന് വിശ്വാസമുള്ള ഈ മാസത്തിൽ ക്ഷേത്ര ദർശനത്തിന് തിരക്കേറും.

ഈശ്വരാരാധനയ്ക്ക്, വിശിഷ്യാ വിഷ്ണു ആരാധനയ്ക്ക്, ശ്രേഷ്ഠമായ മാസങ്ങളാണ് മാഘം, വൈശാഖം, കാർത്തികം എന്നിവ. ഈ മൂന്നുമാസങ്ങളിൽ അതിശ്രേഷ്ഠമാണ് വൈശാഖം. മാധവനായ വിഷ്ണുവിനു പ്രിയങ്കരമായതിനാൽ മാധവമാസം എന്നും വൈശാഖം അറിയപ്പെടുന്നു. പൗർണ്ണമി ദിനത്തിൽ വിശാഖം നക്ഷത്രം വരുന്ന മാസമാണ് വൈശാഖം.

വൈശാഖത്തിലെ സ്നാനം, ദാനം, വിഷ്ണുപൂജ എന്നിവയുടെ മഹിമ വ്യക്തമാക്കുന്ന നിരവധി കഥകൾ പദ്മ / സ്കന്ദ പുരാണങ്ങളിൽ കാണാം. വൈശാഖത്തിൽ പ്രഭാതസ്നാനത്തിനു വളരെയധികം പ്രാധാന്യം കൽപ്പിച്ചിരിക്കുന്നു. മഹാവിഷ്ണു പ്രീതി നേടാൻ വൈശാഖസ്നാനത്തിനു തുല്യമായ മറ്റ് പുണ്യകർമ്മമില്ല. ദാന കർമ്മങ്ങൾക്ക് അനുയോജ്യ മാസവുമാണ് വൈശാഖം. വൈശാഖ ദാനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ജല ദാനമാണ്.

ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ വൈശാഖ മാസാചരണ ഉത്സവ ആഘോഷങ്ങൾ വിപുലമായ പരിപാടികളോടെ വൈകിട്ട് ആഘോഷിക്കും 5:30 മുതൽ ഭജന (LHA), The Queen’s Platinum Jubilee ആഘോഷങ്ങൾ (LHA Juniors), ദീപാരാധന, അന്നദാനം എന്നിവയാണ് ഈ മാസത്തെ കാര്യപരിപാടികൾ.

ഈ വർഷത്തെ വൈശാഖ മാസാചരണ ഉത്സവ ആഘോഷങ്ങളിലേക്ക് എല്ലാ ഭക്തജനങ്ങളായ സഹൃദയരെയും ലണ്ടൻ ഹിന്ദു ഐക്യവേദി സംഘാടകർ ഭഗവത് നാമത്തിൽ സ്വാഗതം ചെയ്ത് കൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്കും പങ്കെടുക്കുന്നതിനുമായി :

സുരേഷ് ബാബു: 07828137478, സുഭാഷ് സർക്കാര: 07519135993, ജയകുമാർ: 07515918523, ഗീത ഹരി: 07789776536, ഡയാന അനിൽകുമാർ: 07414553601.

Event will be conducted in line with government and public health guidance.

Venue: West Thornton Community Centre, 731-735, London Road, Thornton Heath, Croydon CR7 6AU

Email: [email protected]

Facebook: https://www.facebook.com/londonhinduaikyavedi.org

 

 

സ്പിരിച്വൽ ഡെസ്ക്. മലയാളം യുകെ

സുവിശേഷത്തിൽ പ. അമ്മയുടെ രണ്ട് ചോദ്യങ്ങൾ നമ്മൾ കാണുന്നു. ഒന്നാമതായി “ഇതെങ്ങനെ സംഭവിക്കും “?(LK 1:34) വലിയ പ്രതിസന്ധി നിറഞ്ഞ ഒരു സന്ദർഭത്തെയാണ് താൻ നേരിടാൻ പോകുന്നതെന്ന് അമ്മയ്ക്കറിയാമായിരുന്നു. ഒരു തരത്തിലും സ്വബുദ്ധികൊണ്ട് മനസ്സിലാകാത്ത ഒരു കാര്യത്തെ ദൈവത്തിന് അസാദ്ധ്യമായി ഒന്നുമില്ലെന്നും ദൈവം അറിയാതെ ഒന്നും സംഭവിക്കുന്നില്ലന്നും വിശ്വസിച്ച് സ്വയം വിട്ടു കൊടുക്കുന്ന അമ്മ.

രണ്ടാമതായി “മകനേ, നീ ഞങ്ങളോട് ഇങ്ങനെ ചെയ്തതെന്ത്?” (Lk2.48)എന്ന് പരിഭ്രമത്തോടെ ചോദിക്കുന്ന അമ്മ. “ഞാൻ എന്റെ പിതാവിന്റെ കാര്യങ്ങളിൽ വ്യാപൃതനായിരിക്കേണ്ടതാണന്ന് നിങ്ങൾ അറിയുന്നില്ലേ ?” (Lk2.49) മകന്റെ ഈ ചോദ്യത്തിനു മുമ്പിൽ ‘ഇവൻ എന്റേതല്ല, സ്വർഗ്ഗീയ പിതാവിന്റേതാണ് ‘ എന്ന ആഴമായ ബോദ്ധ്യത്തിൽ മകന്റെ മേലുള്ള ഉടമസ്ഥാവകാശം എല്ലാം വിട്ടുകൊടുത്ത് ശാന്തമായി ഹൃദയത്തിൽ സoഗ്രഹിക്കുന്ന നല്ല അമ്മ. രക്ത ബന്ധങ്ങൾക്കും ആത്മീയ ബന്ധങ്ങൾക്കും അപ്പുറമുള്ള ഒരു ദൈവികബന്ധത്തിലേക്കാണ് ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നത് എന്ന് തിരിച്ചറിയുന്നു. പിന്നീട് അമ്മ ഒരു ചോദ്യവും ചോദിക്കുന്നില്ല. പകരം ‘അവൻ പറയുന്നതുപോലെ നിങ്ങൾ ചെയ്യുവിൻ'(Jn 2:5) എന്നു മാത്രം പറഞ്ഞ് ദൈവത്തിന്റെ പ്രവൃത്തികളെ വിശ്വാസപൂർവം നോക്കി കാണുന്നു. ഇങ്ങനെയുള്ള അമ്മയെയാണ് കുരിശിൻ ചുവട്ടിൽ വച്ച് ലോകം മുഴുവന്റെയും അമ്മയാക്കി ഈശോ മാറ്റിയത്.

പ. അമ്മയുടെ ഈ ചോദ്യങ്ങളെയും അമ്മയുടെ സമർപ്പണത്തെയും കുറിച്ച് നമുക്കു ധ്യാനിക്കാം.
പ്രതീക്ഷിക്കാത്ത രീതിയിലുളള രോഗങ്ങൾ, അപകടങ്ങൾ, മുമ്പോട്ടു പോകാൻ സാധിക്കാത്ത രീതിയിലുള്ള കടബാദ്ധ്യതകൾ, പരാജയങ്ങൾ, പ്രിയപ്പെട്ടവരുടെ ആകസ്മികമായ മരണങ്ങൾ എന്നിങ്ങനെ ജീവിതം നീട്ടി തരുന്ന സഹനത്തിന്റെ ഇടവേളകളിൽ നമ്മുടെ മനസ്സിൽ വ്യത്യസ്തങ്ങളായ ചോദ്യങ്ങൾ കടന്നു വന്നേക്കാം. അപ്പോഴെല്ലാം അമ്മയെപ്പോലെ മനസ്സിലുയരുന്ന ചോദ്യങ്ങളെയെല്ലാം ദൈവതിരുമുമ്പിലേക്കുള്ള സമർപ്പണമാക്കി മാറ്റാൻ കഴിയട്ടെ .

ഈശോ തന്റെ ജീവിത വഴികളിൽ കുരിശിൽ കിടന്നുകൊണ്ട് സങ്കീർത്തനം ഉരുവിട്ട് ചോദിച്ചു.” എന്റെ ദൈവമെ, എന്റെ ദൈവമെ എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു?”(Mt27:46)
പിതാവിന്റെയടുക്കൽ നിന്ന് ഒരു ഉത്തരവും ലഭിച്ചില്ല. എന്നാൽ വളരെ പ്രത്യാശയോടെ ഈശോ ഈ ചോദ്യങ്ങളെ സമർപ്പണമാക്കി മാറ്റി.

” പിതാവേ, അങ്ങയുടെ കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു”(Lk 23:46) ഈ ഒരു പ്രത്യാശയോടെയുള്ള സമർപ്പണമാണ് നമ്മൾ നടത്തേണ്ടത്. ഇതിന്റെയെല്ലാം വെളിച്ചത്തിൽ കർത്താവിന്റെ ഈ തിരുവചനം നമുക്കു ശക്തി പകരട്ടെ . ” എന്തു ചെയ്യേണ്ടു എന്ന് ഞങ്ങൾക്കറിയില്ല. എങ്കിലും ഞങ്ങൾ അങ്ങയിൽ അഭയം പ്രാപിക്കുന്നു.”(2 ദിന 20:12) പ്രത്യാശയോടെ പ. അമ്മയുടെ കരത്തിൽ നമുക്കു മുറുകെ പിടിക്കാം.

പ. അമ്മയുടെ മനോഹരമായ ഒരു ഭക്തി ഗാനത്തിൽ ജീവിതത്തിന്റെ ദു:ഖ വേളകളിൽ പ.അമ്മ നമ്മോട് പറയുന്ന ഒരു വചനം നമ്മുടെ കാതുകളിൽ എപ്പോഴും മുഴങ്ങി നില്ക്കട്ടെ. ” കുഞ്ഞേ, നീ വേച്ചു വീഴാതിരിക്കാൻ സ്വർഗ്ഗം നിനക്കു നാട്ടി തരുന്ന കൃപയുടെ വേലിക്കെട്ടാണ് സ്ലീവാ”.

സുകൃതജപം

പ. അമ്മേ, മനസ്സിലുയരുന്ന എന്റെ ചോദ്യങ്ങളെെയല്ലാം സമർപ്പണമാക്കി മാറ്റാൻ എന്നെ പഠിപ്പിക്കണമെ.

പരിശുദ്ധ ദൈവമാതാവിൻ്റെ സ്തുതിപ്പ് ഗാനം കേൾക്കാൻ താഴെയുള്ള ലിങ്ക് തുറക്കുക.

https://youtu.be/tlC1w9EVrmY

ബിനോയ് എം. ജെ.

മനുഷ്യന്റെയുള്ളിൽ ഈശ്വരൻ വസിക്കുന്നു. അതിനാൽതന്നെ അവൻ എപ്പോഴും പൂർണ്ണനാണ്. എന്നാൽ താൻ അപൂർണ്ണനാണെന്ന് എല്ലാവരും തന്നെ കരുതുന്നു. ഇതിൽനിന്നും പൂർണ്ണനാകുവാനുള്ള ആഗ്രഹവും അതിനുവേണ്ടിയുള്ള പരിശ്രമങ്ങളും ആരംഭിക്കുന്നു. ഈ ആഗ്രഹവും പരിശ്രമങ്ങളും എന്നെങ്കിലും സഫലമാകുന്നുണ്ടോ? ശരിക്കും അവൻ അപൂർണ്ണനായിരൂന്നുവെങ്കിൽ ഈ പരിശ്രമങ്ങൾ അർത്ഥവ്യത്തും ഫലവത്തും ആകുമായിരുന്നു. എന്നാൽ ഈ അപൂർണ്ണത സാങ്കൽപികം മാത്രമാണെങ്കിൽ പൂർണ്ണനാകുവാനുള്ള ഓരോ പരിശ്രമവും അത്തരമൊരു സങ്കൽപത്തെ ദൃഢപ്പെടുത്തുകയും അതിനാൽതന്നെ ഒരിക്കലും ഫലം ചൂടാതെ വരികയും ചെയ്യുന്നു. കുറെകൂടി വ്യക്തമായി പറഞ്ഞാൽ മനുഷ്യൻ അപൂർണ്ണനായി കാണപ്പെടുന്നതിന്റെ അടിസ്ഥാനപരമായ കാരണം പൂർണ്ണനാകുവാനുള്ള ഈ ആഗ്രഹവും അതിനുവേണ്ടിയുള്ള പരിശ്രമങ്ങളുമാണ്. അതുകൊണ്ട് തന്നെ ആഗ്രഹമാണ് എല്ലാ ദു:ഖങ്ങളുടെയും കാരണമെന്ന് ശ്രീബുദ്ധൻ പറഞ്ഞുവക്കുന്നു.

ഇതിനെ ഞാനൽപംകൂടി വിശദീകരിക്കാം. പൂർണ്ണനാകുവാനുള്ള ഓരോ പരിശ്രമവും സംഭവിക്കണമെങ്കിൽ അതിനു മുമ്പേതന്നെ ഞാൻ അപൂർണ്ണനാണെന്ന് സ്വയം സങ്കൽപിക്കേണ്ടിയിരിക്കുന്നു. ഈ സങ്കല്പം കാലക്രമത്തിൽ ദൃഡപ്പടുകയും അപൂർണ്ണത മനുഷ്യന്റെ ലക്ഷണമാവുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെയാണ് സഹസ്രാബ്ദങ്ങളിലൂടെ മനുഷ്യസമൂഹം പൂർണ്ണതയ്ക്കുവേണ്ടി പരിശ്രമിച്ചിട്ടും അതിൽ വിജയം കാണാതെ പോകുന്നത്. ഇവിടെ വേണ്ടത് പലരും കരുതുന്നത് പോലെ കൂടുതൽ കഠിനമായ പരിശ്രമങ്ങളല്ല മറിച്ച് മനോഭാവത്തിലുള്ള അടിസ്ഥാനപരമായ ഒരു മാറ്റമാണ്.

താൻ അപൂർണ്ണനാണ് എന്നുള്ള മൂഢമായ ചിന്തയിൽ നിന്നാണ് മനുഷ്യന്റെ എല്ലാ ക്ലേശങ്ങളും ദു:ഖങ്ങളും ഉരുത്തിരിയുന്നത്. ഇത് തീർച്ചയായും നിഷേധാത്മകമായ ഒരു ചിന്തയാണ്. അപൂർണ്ണനായ ഒരുവന് പൂർണ്ണനാകുവാൻ ശ്രമിക്കേണ്ടിയിരിക്കുന്നു. ഇവിടെ സ്വാർത്ഥതയും ആഗ്രഹവും ജനിച്ചുവീഴുന്നു. താൻ അപൂർണ്ണനും പാപിയുമാണെന്ന് പഠിപ്പിക്കുന്ന മതസമ്പ്രതായങ്ങളും ചിന്താപദ്ധതികളും മനുഷ്യന് ഗുണത്തെക്കാളേറെ ദോഷമേ ചെയ്യൂ. അങ്ങിനെ ചിന്തിക്കുവാൻ എളുപ്പമാണ്. എന്നാൽ അതവനെ തീരാദു:ഖത്തിൽ കൊണ്ടുവന്ന് ചാടിക്കുന്നു.

പൂർണ്ണനാകുവാൻ മനുഷ്യന് തീർച്ചയായും കഴിയും. കാരണം അവൻ എന്നും പൂർണ്ണൻ തന്നെയാണ്. അതിനാൽ തന്നെ മനോഭാവത്തിൽ മാറ്റം വരുത്തുവാൻ പഠിക്കുവിൻ. യാഥാർഥ്യമെന്തെന്നറിയുവിൻ. ആ അറിവ് നിങ്ങളിൽ നിർണ്ണായകമായ ആ മാറ്റം കൊണ്ടുവരുന്നു. നിങ്ങൾക്ക് മറ്റൊരാളാവേണ്ട ആവശ്യമില്ല. യാതൊന്നും ആർജ്ജിച്ചെടുക്കേണ്ട ആവശ്യമില്ല. പുരോഗതിയുടെ ആവശ്യമില്ല. വ്യക്തിത്വ വികസനത്തിന്റെ ആവശ്യമില്ല. മൂല്യങ്ങൾ ആർജ്ജിച്ചെടുക്കേണ്ട ആവശ്യമില്ല. ആകപ്പാടെ ഒരുമൂല്യമേ നിങ്ങൾക്കാവശ്യമുള്ളൂ..നിങ്ങളോടുതന്നെയുള്ള അളവറ്റ ബഹുമാനവും ആദരവും. നിങ്ങളെത്തന്നെ പൂർണ്ണമായി സ്വീകരിക്കൂവാനുള്ള സന്നദ്ധത. നിങ്ങൾക്ക് നിങ്ങളാകുവാനുള്ള തന്റേടം. അതിന്റെ പിറകേ എല്ലാ മൂല്യങ്ങളും വന്നു ചേരുന്നു. മൂല്യങ്ങൾ ഓരോന്നായി ആർജ്ജിച്ചെടുക്കുന്നത് അശാസ്ത്രീയമായ കാര്യമാണ്. മഠയന്മാരേ അതിനു മുതിരൂ. മൂല്യങ്ങൾ എല്ലാം നിങ്ങളുടെ ഉള്ളിൽ തന്നെയുണ്ട്. ഈശ്വരൻ നിങ്ങളുടെ ഉള്ളിൽ വസിക്കുന്നു. ആ ഈശ്വരനെ ഒന്നു കാണുവിൻ. അപ്പോൾ നിങ്ങളുടെ തൃഷ്ണകളെല്ലാം തിരോഭവിക്കുന്നു. നിങ്ങളിലെ അപകർഷത കത്തി ചാമ്പലാകുന്നു.

എയ്‌ൽസ്‌ഫോർഡ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന അഞ്ചാമത് എയ്‌ൽസ്‌ഫോർഡ് മരിയൻ തീർത്ഥാടനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. മെയ് 25 ശനിയാഴ്ച രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ ആത്മീയ നേതൃത്വത്തിൽ നടക്കുന്ന വിശ്വാസതീർത്ഥാടനത്തിലും തിരുന്നാൾ തിരുക്കർമങ്ങളിലും രൂപതയുടെ വിവിധഭാഗങ്ങളിൽ നിന്നുമായി നിരവധി വിശ്വാസികളെയാണ് ഈ വർഷം പ്രതീക്ഷിക്കുന്നത്. ലണ്ടൻ റീജിയണിലെ മിഷനുകളും ഇടവകകളും കേന്ദ്രീകരിച്ചു തീർത്ഥാടനത്തിന്റെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങളാണ് നടത്തിവരുന്നത്.

ഇംഗ്ലണ്ടിന്റെ ആരാമമായ കെന്റിലെ പുണ്യപുരാതന മരിയൻ തീർഥാടനകേന്ദ്രമാണ് എയ്‌ൽസ്‌ഫോർഡ് പ്രയറി. പരിശുദ്ധ ദൈവമാതാവ് വിശുദ്ധ സൈമൺ സ്റ്റോക്ക് പിതാവിന് പ്രത്യക്ഷപ്പെട്ട് ഉത്തരീയം (വെന്തിങ്ങ) നൽകിയ വിശുദ്ധ ഭൂമിയും ലോകമെമ്പാടുമുള്ള മരിയഭക്തരുടെ ആത്മീയ സങ്കേതവുമാണ് എയ്‌ൽസ്‌ഫോർഡ്. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ ആത്മീയ ജീവിതവുമായി അഭേദ്യം ബന്ധപെട്ടു നിൽക്കുന്ന വെന്തിങ്ങയുടെ ഉത്ഭവസ്ഥാനം എന്ന നിലയിൽ ബ്രിട്ടനിലെ സുറിയാനി ക്രിസ്ത്യാനികളുടെ അനുഗ്രഹാരാമം കൂടിയാണ് ഈ പുണ്യഭൂമി.

മെയ് 28 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ തീർത്ഥാടന പതാക ഉയർത്തുന്നതോടുകൂടി തിരുക്കർമ്മങ്ങൾക്ക് തുടക്കമാകും. തുടർന്ന് രൂപതയിലെ വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ എയ്‌ൽസ്‌ഫോർഡിലെ പ്രശസ്തമായ ജപമാലരാമത്തിലൂടെ കർമ്മലമാതാവിനെയും സംവഹിച്ചുകൊണ്ടുള്ള കൊന്തപ്രദിക്ഷണം നടക്കും. ഉച്ചയ്ക്ക് 1.20 ന് വിശുദ്ധ കുർബാനയ്ക്ക് മുന്നോടിയായിട്ടുള്ള പ്രദിക്ഷണത്തിൽ കർമ്മലമാതാവിന്റെ സ്കാപുലർ ധരിച്ച പ്രസുദേന്തിമാരും, അൾത്താരബാലന്മാരും, വൈദികരും അഭിവന്ദ്യ പിതാവും പങ്കുചേരും. തുടർന്ന് പ്രസുദേന്തി വാഴ്ചയും അതിനു ശേഷം തീർത്ഥാടനത്തിന്റെ ഔദ്യോഗികമായിട്ടുള്ള ഉദ്ഘാടനവും നടക്കും. അഭിവന്ദ്യ പിതാവിനോടൊപ്പം എയ്‌ൽസ്‌ഫോർഡ് പ്രയറി പ്രിയോർ റവ. ഫാ. ഫ്രാൻസിസ് കെംസ്‌ലി, രൂപതയിലെ വികാരി ജനറാൾമാർ എന്നിവർ തീർത്ഥാടനത്തിന്റെ തിരി തെളിയിക്കും.

ഉച്ചയ്ക്ക് 1 .30 ന് അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷപൂർവ്വമായ തിരുന്നാൾ കുർബാന നടക്കും. സ്വർഗ്ഗാരോപിതമാതാവിന്റ ഗ്രോട്ടോയ്‌ക്ക്‌ മുൻപിൽ പ്രത്യേകം തയ്യാറാക്കിയ ബലിപീഠത്തിലായിരിക്കും വിശുദ്ധ കുർബാന അർപ്പിക്കുക. രൂപതയുടെ എല്ലാ റീജിയനുകളിൽനിന്നും വിശ്വാസികൾക്കൊപ്പം എത്തുന്ന വൈദികർ തിരുക്കർമ്മങ്ങൾക്ക് സഹകാർമ്മികരാകും. വിശുദ്ധകുർബാനയ്ക്കു ശേഷം വിശ്വാസപ്രഘോഷണത്തിന്റെ പ്രതീകമായി വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി കർമ്മലമാതാവിന്റെയും മറ്റു വിശുദ്ധരുടെയും തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള ആഘോഷമായ തിരുന്നാൾ പ്രദിക്ഷണം നടക്കും. പ്രദിക്ഷണത്തിന്റെ ഒടുവിൽ ഓപ്പൺ പിയാസയുടെ മുന്നിൽ പ്രത്യേകം തയാറാക്കിയ കുരിശുംതൊട്ടിയിൽ സമാപനശീർവാദം നടക്കും. തീർത്ഥാടകർക്ക് എല്ലാ വർഷവും നൽകിവരാറുള്ള കർമ്മലമാതാവിന്റെ ഉത്തരീയം പ്രദിക്ഷണത്തിനു ശേഷം വിതരണം ചെയ്യുന്നതാണ്. തുടർന്ന് തീർത്ഥാടകരായി എത്തിയിട്ടുള്ള എല്ലവർക്കും സ്നേഹക്കൂട്ടായ്മയുടെ ഭാഗമായി സ്‌നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്.

തീർത്ഥാടനത്തോടനുബന്ധിച്ചു തിരുനാൾ പ്രസുദേന്തിയാകുന്നതിനും നേർച്ചകാഴ്ചകൾ സമർപ്പിക്കുന്നതിനും, കഴുന്ന്, മുടി, എന്നിവ എഴുന്നള്ളിക്കുന്നതിനും അടിമ വയ്ക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും. തീർത്ഥാടകർക്കായി കാറുകളും കോച്ചുകളും പാർക്ക് ചെയ്യുന്നതിന് പാർക്കിംഗ് അറ്റൻഡർമാരുടെ നിയന്ത്രണത്തിൽ വിശാലമായ പാർക്കിങ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ രാവിലെ 10 മണി മുതൽ മിതമായ നിരക്കിൽ ലഘുഭക്ഷണശാലയും ക്രമീകരിച്ചിട്ടുണ്ട്.

കർമ്മലമാതാവിന്റെ പ്രത്യക്ഷീകരണത്താൽ അനുഗ്രഹീതവും വിശുദ്ധിയുടെ വിളനിലവുമായ ഈ പുണ്യഭൂമിയിൽ വച്ച് നടക്കുന്ന മരിയൻ തീർത്ഥാടനത്തിലേക്ക് എല്ലാ വിശ്വാസികളെയും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നതായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ തന്റെ സന്ദേശത്തിൽ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

റവ. ഫാ. ടോമി എടാട്ട് (07438434372), റോജോ കുര്യൻ (07846038034), ലിജോ സെബാസ്റ്റ്യൻ (07828874708)

Addres of the Venue: The Friars, Aylesford, Kent, ME20 7BX

സ്പിരിച്വൽ ഡെസ്ക്. മലയാളം യുകെ

അനുഗ്രഹീതമായ മെയ് മാസത്തിലൂടെ കടന്നു പോകുമ്പോൾ പരിശുദ്ധ അമ്മയുടെ ജീവിതം നമ്മൾ ധ്യാന വിഷയമാക്കുകയാണ്. മെയ് മാസത്തിൽ മാതാവിൻ്റെ തിരുസ്വരൂപം അലങ്കരിക്കാൻ ഞങ്ങൾ മത്സരിച്ച് ഓടുന്ന കൊച്ചു നാളുകൾ ഓർമ്മിക്കുകയാണ്. മാതാപിതാക്കളും എന്റെ സഹോദരങ്ങളും മാതാവിൻ്റെ ഭക്തരാണ്. മെയ് മാസ വണക്കവും നിത്യേനയുള്ള ഭക്തിനിർഭരമായ ജപമാലയർപ്പണവും പരിശുദ്ധ അമ്മയോട് കൂടുതൽ അടുക്കാൻ എന്നെ സഹായിച്ചു. പരിശുദ്ധ അമ്മയ്ക്ക് ദൈവം നൽകിയ വലിയ ഭാഗ്യവും കൃപയുമായിരുന്നു ദൈവമാതൃത്വം . ദൈവത്തോട് സർവാത്മനാ സഹകരിച്ചുകൊണ്ട് മറ്റൊരു മനുഷ്യ വ്യക്തിക്കും സാധിക്കാത്ത വിധത്തിലുള്ള ഒരു ഐക്യം മറിയത്തിന് ദൈവവുമായുണ്ടായി. ദൈവപുത്രനെ സ്വയം നഷ്ടപ്പെടുത്തുവാൻ തയ്യാറായാണ് അമ്മ ഈശോയെ പരസ്യ ജീവിതത്തിലേക്ക് പ്രവേശിപ്പിക്കുന്നത്.

ഈശോയുടെ രക്ഷാകര പ്രവർത്തനത്തിന്റെ നിർണ്ണായക നിമിഷങ്ങളിൽ പരിശുദ്ധ അമ്മയുടെ സാന്നിധ്യം ശ്രദ്ധേയമാണ്. പരിശുദ്ധാത്മാവിനെ സ്വീകരിക്കുവാൻ ശ്ലീഹന്മാരെ ഒരുക്കുന്നതും ആത്മാവിനാൽ പൂരിതയായ അമ്മ തന്നെയാണ്. സമയത്തിൻ്റെ സമാപ്തിയിലും അവൾ സന്നിഹിതയാണ്. ദൈവവചനത്തിനുള്ള സമ്പൂർണ്ണ സമർപ്പണമാണ് മറിയത്തിന്റെ മഹിമയ്ക്ക് നിദാനം. ഏറ്റവും വലിയ മരിയ ഭക്തനായിരുന്ന ബിഷപ്പ് ഫുൾട്ടൻ ജെ. ഷീനിന്റെ ഒരു സങ്കല്പ കഥയുണ്ട് . അദ്ദേഹം മരിച്ച് ഈശോയുടെ സവിധേ എത്തി. തന്നെ ഈശോയ്ക്ക് പരിചയപ്പെടുത്താൻ തുടങ്ങിയപ്പോൾ ഈശോ പറഞ്ഞു, എനിക്ക് അങ്ങയെ അറിയാം … എൻ്റെ അമ്മ അങ്ങയെപ്പറ്റി എന്നോട് പലപ്പോഴും പറഞ്ഞിട്ടുണ്ട്.

” അവൻ യോഹന്നാനോട് പറഞ്ഞു ; ഇതാ നിൻ്റെ അമ്മ ” . ( യോഹ: 19:27) മക്കൾ അനാഥരാകാതിരിക്കുവാൻ ഈശോ കനിഞ്ഞ് നൽകിയ സ്വന്തം അമ്മ. ലോകം മുഴുവൻ്റെയും അമ്മയായി കുരിശിൽ വച്ച് ഈശോ തന്ന അമ്മ നിത്യസഹായ മാതാവാണ്. അപേക്ഷിച്ച ഒരുവനെയും ഉപേക്ഷിക്കാത്ത പരിശുദ്ധ അമ്മയെ സൗജന്യ ദാനമായി ഈശോ നമുക്കു തന്നു . നമുക്കു വേണ്ടി ഈശോയുടെ പക്കൽ മാദ്ധ്യസ്ഥ്യം അപേക്ഷിക്കുന്ന ഒരമ്മ നമുക്കുണ്ട് എന്നത് വലിയ ആശ്വാസജനകമാണല്ലോ. എനിക്കും ഈശോയ്ക്കും ഒരേയമ്മ . ആ അമ്മയുടെ ശക്തമായ മാദ്ധ്യസ്ഥ്യം നമുക്ക് അപേക്ഷിക്കാം.

സുകൃതജപം

എൻറെയും ഈശോയുടെയും പ്രിയപ്പെട്ട അമ്മേ, എൻറെ ഹൃദയം അങ്ങേ പ്രിയപുത്രന് അനുയോജ്യമായ വാസസ്ഥലമാക്കണമെ.

പരിശുദ്ധ ദൈവമാതാവിൻ്റെ സ്തുതിപ്പ് ഗാനം കേൾക്കാൻ താഴെയുള്ള ലിങ്ക് ഓപ്പൺ ചെയ്യുക.

https://youtu.be/TuKSfA50tWc

ലണ്ടൻ . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ 2022 -2027ലെ പഞ്ച വത്സര അജപാലന പദ്ധതിയുടെ രൂപീകരണത്തിനായുള്ള രണ്ടാം എപ്പാർക്കിയൽ സമ്മേളനം വെയിൽസിലെ കഫെൻലി പാർക്ക് കൺവെൻഷൻ സെന്ററിൽ ആരംഭിച്ചു. രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ അധ്യക്ഷതയിൽ വൈദികരും ഡീക്കന്മാരും സന്യസ്തരും അൽമായ പ്രതിനിധികളും പങ്കെടുത്ത സമ്മേളനം ഗ്രേറ്റ് ബ്രിട്ടനിലെ അപ്പോസ്തലിക് നൂൺഷ്യോ ആർച്ച് ബിഷപ് മാർ ക്ലൗഡിയോ ഗുജറോത്തി ഉത്‌ഘാടനം ചെയ്തു. ബ്രിട്ടനിലേക്ക് കുടിയേറിയെത്തിയ സീറോ മലബാർ വിശ്വാസികളുടെ ആരാധനാക്രമ ജീവിതവും പ്രവർത്തനങ്ങളും തദേശീയരെ പ്രചോദിതരാക്കുന്ന വിധത്തിൽ സഭയുടെ തനത് സ്വഭാവമായ പ്രേഷിത പ്രവർത്തന പരമാണെന്ന് ഉത്‌ഘാടന പ്രസംഗത്തിൽ ആർച്ച് ബിഷപ്പ് ഗുജറോത്തി നിർദേശിച്ചു .

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ രണ്ടാം എപ്പാർക്കിയൽ സമ്മേളനം ഗ്രേറ്റ് ബ്രിട്ടനിലെ അപ്പസ്തോലിക് നൂൺഷ്യോ മാർ ക്ലൗഡിയോ ഗുജറോത്തി ഉത്‌ഘാടനം ചെയ്യുന്നു . രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ , ആർച്ച് ബിഷപ് മാർ സിറിൽ വാസിൽ , പ്രൊഫ .ഡോ . സെബാസ്റ്റ്യൻ ബ്രോക്ക് , റെവ. ഡോ . ആന്റണി ചുണ്ടെലിക്കാട്ട് . ഫാ. സജിമോൻ മലയിൽ പുത്തൻപുര ,ഫാ. ജോർജ് ചേലക്കൽ , ഫാ .ജിനോ അരീക്കാട്ട് എം. സി .ബി . എസ് . റെവ. ഡോ . മാത്യു പിണക്കാട്ട് , പാസ്റ്ററൽ കൗൺസിൽ സെക്രെട്ടറി റോമിൽസ് മാത്യു , ജോയിന്റ് സെക്രെട്ടറി ജോളി മാത്യു എന്നിവർ സമീപം

മിശിഹായുടെ സഭയുടെ അവിഭാജ്യ ഘടകമായ മാർത്തോമാ മാർഗം അറിയുകയും ജീവിക്കുകയും മറ്റുള്ളവരിലേക്ക് പകരുകയും ചെയ്യുക എന്നതാണ് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ദൗത്യം . ഇതിലൂടെ സഭയുടെ വൈവിധ്യവും സാർവത്രികതയും പ്രഘോഷിക്കപ്പെടുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു . പ്രോട്ടോ സിഞ്ചെല്ലൂസ് റെവ. ഡോ .ആൻറണി ചുണ്ടെലിക്കാട്ട് , സിഞ്ചെല്ലൂസുമാരായ ഫാ. സജിമോൻ മലയിൽപുത്തെൻപുര . ഫാ. ജോർജ് ചേലക്കൽ ,. ഫാ. ജിനോ അരീക്കാട്ട് എം. സി .ബി എസ് ചാൻസിലർ റെവ. ഡോ . മാത്യു പിണക്കാട്ട്, റെവ . ഡോ വർഗീസ്‌ പുത്തൻപുരക്കൽ, റെവ. ഡോ . ജോസഫ് കറുകയിൽ, റെവ. ഡോ . ജോൺ പുളിന്താനത്ത്, ഡോ . മാർട്ടിൻ ആന്റണി ,പാസ്റ്ററൽ കൗൺസിൽ സെക്രെട്ടറി റോമിൽസ് മാത്യു ,ജോയിന്റ് സെക്രെട്ടറി ജോളി മാത്യു എന്നിവർ പ്രസംഗിച്ചു.

രൂപതയുടെ മുൻപോട്ടുള്ള പ്രവർത്തനങ്ങൾക്കുതകുന്ന രീതിയിൽ “വിശുദ്ധമായത് വിശുദ്ധർക്ക് “എന്ന ആപ്തവാക്യത്തിൽ അധിഷ്ഠിതമായിസീറോ മലബാർ സഭയുടെ ആരാധനക്രമം ദൈവശാസ്ത്രം ആധ്യാത്മികത ശിക്ഷണക്രമം സംസ്കാരം എന്നീ വിഷയങ്ങളിൽ ആർച്ച് ബിഷപ് സിറിൽ വാസിൽ, പ്രൊഫ .ഡോ . സെബാസ്റ്യൻ ബ്രോക്ക്,റെവ . ഡോ . പോളി മണിയാട്ട് ,റെവ. ഡോ . ജേക്കബ് കിഴക്കേവീട് , പ്രൊഫ . ഡോ . പി. സി . അനിയൻകുഞ്ഞ് എന്നിവർ ഇന്ന് അവസാനിക്കുന്ന സമ്മേളനത്തിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

 

 

 

 

 

സ്പിരിച്വൽ ഡെസ്ക്. മലയാളം യുകെ

പരി. അമ്മ എൻ്റെ അഭയവും സംരക്ഷകയുമാണ്. ഇന്നുവരെ ഈ സംരക്ഷണം ഞാനനുഭവിച്ച് പോരുന്നു. ഓരോ നിമിഷവും കൈ പിടിച്ച് നടത്തുന്ന പരി. അമ്മയ്ക്ക് ആയിരം നന്ദി. ഏറ്റവും ശക്തിയേറിയ ആയുധമായ ജപമാല പ്രാർത്ഥനയിലൂടെ പരി. അമ്മയോടുള്ള സ്നേഹവും ബഹുമാനവും നാൾക്ക് നാൾ വർദ്ധിച്ചു വരുന്നു. ഓരോ പ്രതിസന്ധിയിലും വിഷമഘട്ടങ്ങളിലും സഹനങ്ങളിലും ഏക ആശ്രയം ജപമാലയാണ്. ജപമാല ഭക്തിയിൽ വളരാൻ സഹായിച്ച ഓരോ വ്യക്തികളേയുമോർത്ത് നന്ദി പറയുന്നു. പ്രത്യേകിച്ചും എൻ്റെവല്യപ്പച്ചനും വല്യമ്മച്ചിയും മാതാപിതാക്കളും കുടുംബാംഗങ്ങളേയുമെല്ലാം പരി. അമ്മയുടെ സംരക്ഷണത്തിനായി സമർപ്പിക്കുന്നു. പരി. അമ്മയുടെ മധ്യസ്ഥതയാൽ രോഗാവസ്ഥയിലും ബുദ്ധിമുട്ടിലും പ്രയാസങ്ങളിലും ശക്തിയും ധൈര്യവും കൃപയും ലഭ്യമായിട്ടുണ്ട്. കുടുംബത്തിൽ എല്ലാവരും ഒരുമിച്ചുള്ള ജപമാല പ്രാർത്ഥന വലിയ അനുഗ്രഹവും സംരക്ഷണവും നൽകുന്നു.

മാതാവിൻ്റെ സംരക്ഷണവും അനുഗ്രഹവും വളരെ വ്യക്തമായി മനസ്സിലാക്കാൻ എൻ്റെ മാതാപിതാക്കൾ പ്രത്യേകിച്ച് എൻ്റെ അമ്മച്ചിയുടെ ജീവിതം ഉദാഹരണമാണ്. വർഷങ്ങളായി രോഗത്താൽ വലയുന്ന അമ്മച്ചിക്ക് എപ്പോഴും ജപമാല മുടങ്ങാതെ പ്രാർത്ഥിക്കുവാനുള്ള കൃപ മാതാവ് നൽകിയിട്ടുണ്ട്. എല്ലാം നല്ല സമചിത്തതയോടെ ക്ഷമയോടെ പരാതിയും കൂടാതെ ശാന്തമായി സഹിക്കാനുള്ള കൃപ കുരിശിൻ ചുവട്ടിൽ നിശബ്ദയായി സഹിച്ചു കൊണ്ട് പിതാവിൻ്റെ ഇഷ്ടം നിറവേറ്റിയ പരി. അമ്മ നൽകുന്ന കൃപയാണ്. അമ്മയുടെ സംരക്ഷണം അനുദിന ജീവിതത്തിലും വ്യക്തിജീവിതത്തിലും എൻ്റെ കുടുംബത്തിലും വളരെ വ്യക്തമാണ്. എൻ്റെ ജീവിതത്തിൽ ഞാൻ ഏറ്റവും അധികം ഇഷ്ടപ്പെടുന്നതും പ്രാർത്ഥിക്കുന്നതുമായ പ്രാർത്ഥനയാണ് ജപമാല. ജപമാല കൈയ്യിലുള്ളത് ഒരു ധൈര്യമാണ്. ഇന്ന് ഈ സന്യാസ സഭയിൽ ഞാനായതിന് കാരണം പരി. അമ്മയാണെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. പരി. അമ്മയോടൊപ്പം എനിക്ക് പറയാൻ സാധിക്കും സർവ്വ ശക്തനായ ദൈവം എന്നിൽ വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു. ജീവിതത്തിൽ ഉടനീളം പരി. അമ്മയുടെ സാന്നിധ്യവും സംരക്ഷണവും അനുഭവിക്കാൻ ഇടയായിട്ടുണ്ട്. ഏറ്റവും ശക്തിയേറിയ ജപമാല പ്രാർത്ഥനയിലൂടെ ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദി. ഇനിയും ജീവിതത്തിലുടനീളം അമ്മയുടെ സംരക്ഷണത്തിൽ നയിക്കപ്പെടുവാൻ വേണ്ടി പ്രാർത്ഥിക്കാം.

സുകൃതജപം

പരി. അമ്മേ, മാതാവേ…അവിടുത്തെ നീല അങ്കിക്കുള്ളിൽ പൊതിഞ്ഞ് ഞങ്ങളെ സംരക്ഷിക്കണമേ..
പിതാവിൻ്റെ ഇഷ്ടം നിറവേറ്റിയ അമ്മേ, ഞങ്ങളേയും സഹായിക്കണമേ.. ഈശോയിലേക്കടുപ്പിക്കേണമേ..
തിന്മയിൽ നിന്ന് രക്ഷിക്കേണമേ..

പരി. ദൈവമാതാവിൻ്റെ സ്തുതിപ്പ് ഗാനം കേൾക്കാൻ താഴെയുള്ള ലിങ്ക് ഓപ്പൺ ചെയ്യുക.

https://youtu.be/LvOBM42T7HI

സ്പിരിച്വൽ ഡെസ്ക്. മലയാളം യുകെ

” എന്നെ ശക്തനാക്കുന്നവനിലൂടെ എനിക്ക് എല്ലാ കാര്യം ചെയ്യാൻ സാധിക്കുന്നു.” എന്ന ഈ തിരുവചനമാണ് എന്റെ ജീവിതത്തിൽ അന്വർത്ഥമായി കൊണ്ടിരിക്കുന്നത്. എന്റെ ജീവതത്തിൽ ഈ നിമിഷം വരെ ഉണ്ടായി കൊണ്ടിരിക്കുന്ന എല്ലാ പ്രതികൂല സാഹചര്യങ്ങളെയും അതിജീവിക്കു വാൻ സാധിച്ചത് പരി. അമ്മയിലുള്ള ആശ്രയം ഒന്ന് കൊണ്ട് മാത്രമാണ്.

ഞാൻ ആനി ടോം , ഒരു കത്തോലിക്ക വിശ്വാസമുള്ള കുടുംബത്തിൽ ജനിക്കുവാനും മാതാപിതാക്കളും സഹോദരങ്ങളുമായി സ്നേഹത്തിൽ ജീവിക്കുവാനും സാധിച്ചു. അതോടൊപ്പം വ്യാകുല മാതാവിന്റെ പള്ളിയിൽ പോയി അമ്മയോട് പ്രാർത്ഥിച്ചതിന്റെ ഫലമായി നല്ല ദൈവാനുഗ്രഹം നിറഞ്ഞ ജീവിത പങ്കാളിയെ ലഭിക്കുകയും നാല് മക്കൾക്ക് ജന്മം നൽകുവാനും അവരെ വിശ്വാസത്തിൽ വളർത്തുവാനും സാധിച്ചു.

എന്റെ ജീവിതത്തിൽ ഒത്തിരി പ്രതിസന്ധികളും വിഷമതകളും ഉണ്ടായിട്ടുണ്ട് , ആ അവസ്ഥയിൽ എല്ലാം അതിജീവിക്കുവാൻ സാധിച്ചത് പരി. അമ്മയിലുള്ള ജപമാല ഭക്തി ഒന്ന് കൊണ്ട് മാത്രമാണ്. എനിക്ക് ചെറുപ്പം മുതൽ നിത്യ സഹായ മാതാവിന്റെ നൊവേനയിൽ പങ്കെടുക്കുകയും അമ്മയോടും തിരുക്കുമാരനോടും ചേർന്ന് നില്ക്കുവാനും സാധിച്ചിരുന്നു.

ജീവിതത്തിലെ ഏത് പ്രതിസന്ധി ഘട്ടത്തിലും 7 നന്മ നിറഞ്ഞ മറിയമേ , 7 എത്രയും ദയയുള്ള മാതാവേ എന്ന പ്രാർത്ഥനകൾ ചൊല്ലി പ്രാർത്ഥിച്ചാൽ ഏത് കാര്യവും സാധിച്ച് കിട്ടും. എന്റെ അമ്മേ, എന്റെ ആശ്രയമേ എന്ന പ്രാർത്ഥന എന്റെ ജീവിതത്തിൽ ഓരോ നിമിഷവും ഉരുവിടാൻ സാധിക്കുന്നത് പരി. അമ്മയിലുള്ള ആശ്രയം ഒന്ന് കൊണ്ട് മാത്രമാണ്. ഇനിയുള്ള ജീവിതം പരി. അമ്മയോട് ചേർന്ന് മാത്രമാണ്.

സുകൃതജപം

നിത്യസഹായ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണേ.

പരിശുദ്ധ ദൈവമാതാവിൻ്റെ സ്തുതിപ്പ് ഗാനം കേൾക്കാൻ താഴെയുള്ള ലിങ്ക് ഓപ്പൺ ചെയ്യുക.

https://youtu.be/LvOBM42T7HI

സ്പിരിച്വൽ ഡെസ്ക്. മലയാളം യുകെ

പ്രതിസന്ധികളിൽ എന്നെ ചേർത്ത് നിർത്തി പരിഹാരം നല്കുന്ന പരിശുദ്ധ അമ്മ. പ്രലോഭനങ്ങളിൽ നരക പിശാചിനെതിരെ ശക്തമായി പോരാടുന്ന എൻ്റെ പരിശുദ്ധ അമ്മ ഏതൊരു വ്യക്തിയുടെ ജീവിതത്തിലും ഉന്നതമാണ്. വി. കത്തോലിക്കാ സഭയിൽ നിന്ന് കൊണ്ട് ത്രിത്വത്തിൽ വിശ്വസിക്കുന്ന ആർക്കും ത്രിത്വത്തിൽ രണ്ടാമത്തെ വ്യക്തിയായ ക്രിസ്തുവിനെ അവതരിപ്പിച്ച പരി. അമ്മയെ തിരസ്കരിക്കാൻ സാധിക്കുകയില്ല. മനുഷ്യജീവിതത്തിലെ ഒട്ടുമിക്ക പ്രതിസന്ധികളും കഷ്‌ടപ്പാടുകളും ബുദ്ധിമുട്ടുകളും തരണം ചെയ്ത് കടന്നു പോയവളാണ് പരി. അമ്മ. ജീവിത യാഥാർത്യങ്ങളുമായി മല്ലിട്ട് പ്രതിസന്ധികളിലൂടെയും കഷ്ടപ്പാടുകളിലൂടെയും വേദനകളിലൂടെയും കടന്നു പോകുന്നവരെ ചേർത്ത് പിടിക്കാനും ആശ്വസിപ്പിക്കാനും പരി. അമ്മയ്ക്കല്ലാതെ ആർക്കാണ് സാധിക്കുക.

ദൈവപുത്രൻ്റെ അമ്മയാകാൻ ദൈവം മാലാഖയിലൂടെ അറിയിച്ചപ്പോൾ ഇതാ കർത്താവിൻ്റെ ദാസി എന്ന് പറഞ്ഞ് അമ്മ സമ്മതം പറഞ്ഞ നിമിഷം മുതൽ അമ്മയുടെ ജീവിതത്തിലേയ്ക്ക് കടന്നു വന്ന പ്രതിസന്ധികൾ ഒരു പാടാണ്. സമൂഹത്തിൻ്റെ മുമ്പിൽ അപഹാസിതയായി തീരുമായിരുന്ന അമ്മ . കാലിത്തൊഴുത്തിൽ സ്വന്തം പുത്രന് ജന്മം കൊടുക്കേണ്ടി വരുന്ന അമ്മ. ഈജിപ്റ്റിലേയ്ക്കുള്ള പാലായനം, അവിടെ നിന്നുള്ള തിരിച്ചുവരവ്, സ്വന്തം പുത്രൻ്റെ സഹനങ്ങളും കുരിശുമരണവും. അവൻ്റെ കുരിശിൻ്റെ പിന്നാലെ നടന്ന് അവസാനം സ്വപുത്രൻ്റെ മൃതശരീരം മടിയിൽ കിടത്തി ഹൃദയം നുറുങ്ങിയ അമ്മ കിസ്തുനാഥൻ കാൽവരിയിൽ അർപ്പിച്ച ബലിയോട് ഐക്യദാർഢ്യം പുലർത്തി. രക്ഷാകര ദൗത്യത്തിൻ്റെ പൂർത്തീകരണത്തിലാണ് പരി. അമ്മയുടെ സഹനത്തിൻ്റെ പൂർത്തീകരണം.

പ്രതിസന്ധി ഘട്ടങ്ങളിലെ ആയുധം ജപമാലയാണ്. ജപമാലയിലൂടെ അമ്മയുടെ മടിയിൽ ഇരുന്ന് ക്രിസ്തുവിനെ നോക്കി അവൻ്റെ ദിവ്യരഹസ്യങ്ങളെ ധ്യാനിക്കുവാൻ ലഭിക്കുന്നത് അമൂല്യമായ അവസരങ്ങളാണ്. നാം അപമാനിതരാവാൻ പരി. അമ്മ ഒരിക്കലും അനുവദിക്കില്ല. കാനായിലെ കല്യാണ വേളയിൽ ആ കുടുംബത്തിൻ്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് ചെയ്തു കൊടുത്ത അമ്മ വലിയ അപമാനത്തിൽ നിന്ന് അവരെ രക്ഷിച്ചു. അതേ വികാരവായ്പോടെ നമ്മുടെ പ്രതിസന്ധികളിലേയ്ക്കും കടന്നു വരുന്നു. സ്വപുത്രൻ്റെ ജീവരക്തം കൊടുത്ത് രക്ഷിക്കപ്പെട്ടവരാണ് നാം ഓരോരുത്തരും.

ഒരു ഹോളി ഫാമിലി സന്യാസിനി എന്ന നിലയിൽ ഞങ്ങളുടെ സഭാ സ്ഥാപക വിശുദ്ധ വി. മറിയം ത്രേസ്യായ്ക്ക് പരി. അമ്മയോടുള്ള അടുപ്പവും ഭക്തിയും എൻ്റെ സന്യാസജീവിതത്തിന് പ്രചോദനമായി ഇപ്പോഴും നിലകൊള്ളുന്നു. കുഞ്ഞു പ്രായത്തിൽ തന്നെ വി. മറിയം ത്രേസ്യാ പരി. കന്യാമറിയത്തെ അമ്മയായി തിരഞ്ഞെടുത്തു. ചെറുപ്പത്തിൽ അമ്പത്തിമൂന്നു മണി ജപമാല എത്തിക്കുന്ന വിധം ഇവൾക്ക് അറിയില്ലായിരുന്നു. എങ്കിലും ജപമാല കൈയ്യിൽ പിടിച്ച് നമസ്കരിച്ചിരുന്നു. ഒരിക്കൽ പരി. കന്യകമറിയം കാണപ്പെട്ട് ജപമാല കൈയ്യിൽ പിടിച്ച് ഇവളോടുകൂടി നമസ്‌ക്കരിക്കുകയും ജപമാല എത്തിക്കേണ്ട വിധം ഇവളെ പഠിപ്പിക്കുകയും ചെയ്തു. അന്ന് അവൾക്ക് മുന്നോ നാലോ വയസ്സ് പ്രായമേ ഉണ്ടായിരുന്നുള്ളൂ.

പന്ത്രണ്ടാമത്തെ വയസ്സിൽ സ്വന്തം അമ്മ മരിച്ചപ്പോൾ ഇവൾ പരിശുദ്ധ അമ്മയെ സ്വന്തം അമ്മയായി തിരഞ്ഞെടുത്തു. വി. മറിയം ത്രേസ്യായ്ക്ക് പിശാചിൻ്റെ പരീക്ഷണങ്ങളിൽ പലതരത്തിൽ ഞെരുക്കങ്ങൾ ഉണ്ടാകുമ്പോൾ ഒരു സ്ത്രീ ചോര ഒലിക്കപ്പെട്ടതും സർവ്വാംഗം മുറിവേൽക്കപ്പെട്ടിട്ടുമുള്ള ഒരാളെ മടിയിൽ കിടത്തി കൊണ്ട് വി. മറിയം ത്രേസ്യായുടെ അടുക്കൽ വന്നിരിക്കും. പുത്രനെ മടിയിൽ കിടത്തിയിരിക്കുന്ന വ്യാകുലാംബികയുടെ സാന്നിധ്യം പുത്രൻ്റെ പീഡനങ്ങളോട് മറിയം ത്രേസ്യായുടെ സഹനങ്ങളെ തുലനം ചെയ്തു കൊണ്ട് ശക്തിപ്പെടുകയാണ് മാതാവ്.

ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ എൻ്റെ അമ്മ മാതാവിൻ്റെയും ഈശോയുടെയും രൂപത്തിൽ നോക്കി കണ്ണീരൊഴുക്കി പ്രാർത്ഥിക്കുന്നത് ചെറുപ്പത്തിൽ ധാരാളം ഞാൻ കണ്ടിട്ടുണ്ട്. ആ അനുഭവം ഇന്നും എൻ്റെ ജീവിതത്തിന് ഒരു മുതൽക്കൂട്ടാണ്. എൻ്റെ വീടിന് മുമ്പിൽ മാതാവിൻ്റെ ഒരു കപ്പേളയുണ്ട്. ആ പരിസരത്തുള്ളവർ മാതാവിൻ്റെ മുഖം കണ്ടു കൊണ്ടാണ് ദിനചര്യകൾ ആരംഭിക്കുന്നത്. ആ കപ്പേളയുടെ മുമ്പിലൂടെ കടന്നുപോകുന്നവർ ജാതി മത വ്യത്യാസമില്ലാതെ അമ്മയുടെ മുമ്പിൽ വന്ന് തല കുനിച്ച് അമ്മയെ വണങ്ങി മെഴുകുതിരികൾ കത്തിച്ചും പൂമാല ചാർത്തിയും അവരുടെ വേദനകളും പ്രയാസങ്ങളും കണ്ണീരോടെ അമ്മയുടെ മുമ്പിൽ സമർപ്പിച്ച് അനുഗ്രഹങ്ങൾ ഏറ്റ് വാങ്ങി പോകുന്നത് ഞാൻ കണ്ട് നിന്നിട്ടുണ്ട്. കപ്പേളയ്ക്ക് ചുറ്റുമുള്ള വീടുകളിലെ കുഞ്ഞുങ്ങൾ തങ്ങളുടെ അമ്മമാരുടെ കൈ പിടിച്ച് മാതാവിൻ്റെ അരികിൽ വരാൻ വാശി പിടിക്കുന്നു. ഇതൊക്കെ പരി. അമ്മയ്ക്ക് ഇവർ കൊടുക്കുന്ന വണക്കത്തേയും ആദരവിനെയും സൂചിപ്പിക്കുന്നു.

ഈ വണക്കമാസ നാളുകളിൽ അമ്മയുടെ വാത്സല്യം നമ്മെ പൊതിയട്ടെ. ജപമാല കൈയ്യിലെടുത്ത് അമ്മയുടെ കരം പിടിച്ച് പുത്രനോട് ചേർന്ന് നമ്മുടെ ജീവിതത്തെ ആനന്ദമാക്കാം.

സുകൃതജപം

പരിശുദ്ധ അമ്മേ.. സ്വർഗ്ഗരാജ്ഞി, ഞാൻ സ്വർഗ്ഗത്തിൽ എത്തുന്നതു വരെ എന്നെ കൈവിടല്ലേ…

പരി. മാതാവിൻ്റെ സ്തുതിപ്പ് ഗാനം കേൾക്കാൻ താഴെയുള്ള ലിങ്ക് തുറക്കുക.

https://youtu.be/hj_5rSKklQk

RECENT POSTS
Copyright © . All rights reserved