Spiritual

ഷൈമോൻ തോട്ടുങ്കൽ

ബിർമിംഗ്ഹാം . രണ്ടായിരത്തി ഇരുപത്തി മൂന്നിൽ റോമിൽ നടക്കുന്ന സാർവത്രിക സൂനഹദോസിന് മുന്നോടിയായി എല്ലാവരെയും കേൾക്കുക എന്ന പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാന പ്രകാരം ( സിനഡാലിറ്റി ) ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ അംഗങ്ങൾ ആയ ഐ ടി മേഖലയിൽ ജോലി ചെയ്യുന്ന പ്രൊഫഷനുകളുടെയും , വിദ്യാർഥികളുടെയും ഒരു കൂട്ടായ്മ രൂപീകരിക്കുന്നു. രൂപതയുടെ വിവിധ ഇടവകകളിലും ,മിഷനുകളിലും ,മറ്റ് പ്രദേശങ്ങളിലും താമസിക്കുന്നവരും , വിവിധ യൂണിവേഴ്സിറ്റികളിൽ പഠനം നടത്തുകയും ചെയ്യുന്ന വിദ്യാർഥികൾ മറ്റ് ഐ ,ടി പ്രൊഫഷനലുകൾ എന്നിവരുമായി ആശയങ്ങൾ പങ്കു വെക്കുവാനും , കേൾക്കുവാനും ആണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത് .ഇതിനായി ഡിസംബർ ഇരുപത്തി മൂന്നാം തീയതി വൈകിട്ട് എട്ട് മുപ്പതിന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്തിൽ നടക്കുന്ന ഈ മീറ്റിങ്ങിലേക്ക് ഈ മേഖലയിൽ ജോലി ചെയ്യുന്ന എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി രൂപതാ കേന്ദ്രത്തിൽ നിന്നും അറിയിച്ചു . മീറ്റിങ്ങിൽ പങ്കെടുക്കുവാനായി താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക .

https://docs.google.com/forms/d/e/1FAIpQLSdEOp7dnyUYlp5O6Kx3oQNnXPXK8J2cfRXyDcYrxn4qLS_-aQ/viewform

ജോർജ്‌ മാത്യു

ദൈവഭയമുള്ള തലമുറ വളന്നുവരേണ്ടതിന്റെ പ്രസക്തി വർത്തമാനകാലത്തു വർദ്ധിച്ചിരിക്കുകയാണെന്ന് മലങ്കര ഓർത്തഡോക്സ്‌ സഭ യുകെ ,യൂറോപ്പ് ,ആഫ്രിക്ക ഭദ്രാസനഅധിപൻ ഡോ : മാത്യൂസ് മാർ തിമോത്തിയോസ് . ബിർമിങ്ഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ്‌ ദേവാലയത്തിന്റെ മൂറോൻ കൂദാശക്ക് മുഖ്യ കാർമികത്വം വഹിച്ചു അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം . വെള്ളിയാഴ്ച വൈകിട്ട് സന്ധ്യപ്രാർത്ഥന ,കല്ലിടല്‍ ശൂശ്രുഷ .മൂറോൻ കൂദാശയുടെ ഒന്നാം ഭാഗവും നടന്നു .

സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ്‌ സ്രാമ്പിക്കൽ മുഖ്യാതിഥിയായി ചടങ്ങുകൾക്ക് ആശംസ സന്ദേശം നൽകി .സഭകൾ തമ്മിലുള്ള സൗഹർദ്ധവും ,ഐക്യവും ശക്തിപ്പെടുത്തേണ്ടതിന്റെ അവശ്യകത പിതാവ് ചൂണ്ടികാട്ടി .ശനിയാഴ്ച രാവിലെ പ്രഭാത നമസ്കാരം ,മൂറോൻ കൂദാശയുടെ രണ്ടാം ഭാഗം ,വി .കുർബാന ,ആശിർവാദം ,പൊതുസമ്മേളനം തുടർന്ന് ഭക്ഷണത്തോടെ ചടങ്ങുകൾ സമാപിച്ചു .

സഭയുടെ പരമാധ്യക്ഷ്യൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാബാവ ആശംസാസന്ദേശം തത്സമയം നൽകി അനുഗ്രഹിച്ചു. പൊതുസമ്മേളനത്തിൽ ഇടവക മെത്രാപ്പോലിത്ത ഡോ . മാത്യൂസ് മാർ തിമോത്തിയോസ് അധ്യക്ഷത വഹിച്ചു .ഷെല്‍ടന്‍ കൗൺസിലർ പോൾ ടിൽസ്ൽലി ഉത്ഘാടനം ചെയ്യ്തു .ട്രസ്റ്റി രാജൻ വർഗീസ് ഇടവകയുടെ ലഘു ചരിത്രം അവതരിപ്പിച്ചു .ഭദ്രാസന സെക്രട്ടറി ഫാ .ഹാപ്പി ജേക്കബ് , മുൻ വികാരി ഫാ.മാത്യൂസ് കുര്യാക്കോസ് ,ഫാ.ടെറിൻ മുല്ലകര ,ഫാ .ബിജു ചിറ്റുപറബില്‍ ,ബ്രദർ .ബ്രിയൻ,രാജൻ ഫിലിപ്പ് ,ലിജിയ തോമസ് ,ഷിബു ജോർജ്‌ ,മോൻസി എബ്രഹാം എന്നിവർ പ്രസംഗിച്ചു . ഇടവക വികാരി ഫാ എൽദോ വർഗീസ് സ്വാഗതവും സെക്രട്ടറി എബ്രഹാം കുര്യൻ നന്ദിയും പറഞ്ഞു .

ഇടവകയുടെ നാൾവഴികൾ വിവരിക്കുന്ന വീഡിയോ പ്രദർശനം ശ്രദ്ദേയമായി . പള്ളിയുടെ പുതിയ വെബ് സൈറ്റിന്റെ ഉത്ഘാടനം തിരുമേനീ നിർവഹിച്ചു . ജെ.ക്യൂബ് മുൾട്ടീമീഡിയ ലണ്ടൻ ചടങ്ങുകൾ തത്സമയം സംപ്രേഷണം ചെയ്തു . കേരള തനിമയും ,പൈതൃകവും വിളിച്ചോതിക്കൊണ്ട് വിനോദ് നവധാരയുടെ നേതൃതത്തിൽ മേളപ്പൊലിമ (കോവെന്ററി ) യുടെ ചെണ്ട മേളം ആകർഷകമായിരുന്നു .ഇടവക വികാരി ഫാ .എൽദോ വർഗീസ് , ട്രസ്റ്റി രാജൻ വർഗീസ് ,സെക്രെട്ടറി എബ്രഹാം കുര്യൻ ,മാനേജിങ് കമ്മിറ്റി അംഗങൾ , അദ്ധ്യാത്മിക സംഘടന ഭാരവാഹികൾ എന്നിവർ ദേവാലയ പുനർ പ്രതിഷ്ഠ ചടങ്ങുകൾക്ക് നേതൃത്വം നൽകി .

 

 

 

ഷൈമോൻ തോട്ടുങ്കൽ

ലണ്ടൻ . സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവുമായി വീണ്ടുമൊരു ക്രിസ്മസ് കൂടി സമാഗതമാവുമ്പോൾ ക്രിസ്മസിന് ഏറെ പ്രാധാന്യമുള്ള കാര്യമാണ് ക്രിസ്മസ് കരോൾ ഗാനങ്ങൾ . ലോകത്ത് മലയാളി എവിടെയൊക്കെ ഉണ്ടോ അവിടെ എല്ലാം പള്ളികളിലും സംഘടനകളുടെയും , ചെറിയ ചെറിയ കൂട്ടായ്മകളുടെയും ഒക്കെ ക്രിസ്മസ് ആഘോഷങ്ങളും ഉണ്ടാകും , ക്രിസ്മസ് രാത്രിയിലെ പാതിരാകുർബാനയും ഏതൊരാൾക്കും മനസ്സിൽ ശാന്തി നിറക്കുന്ന ഒന്നാണ് . ക്രിസ്മസ് രാത്രിയിലെ വിശുദ്ധ കുർബാനക്കും മറ്റ് തരത്തിലുള്ള ഈ ആഘോഷ രാവുകൾക്കും , കരോൾ മത്സരങ്ങൾക്കും ഒക്കെ മാറ്റി നിർത്താനാവാത്ത ഒന്നാണ് കരോൾ ഗാനങ്ങൾ .

ഈ ക്രിസ്മസ് കാലത്തെ ആഘോഷമാക്കാൻ പതിവുപോലെ ഇത്തവണയും ഒരു സൂപ്പർഹിറ്റ് കരോൾ ഗാനവുമായി ലണ്ടൻ ആസ്ഥാനമായുള്ള ട്യൂട്ടേഴ്സ് വാലി മ്യൂസിക് അക്കാദമി രംഗത്തെത്തിയിരിക്കുന്നു . ഇത്തവണത്തെ ട്യൂട്ടേഴ്സ് വാലിയുടെ ക്രിസ്മസ് ഗാനം ലോകമെമ്പാടുമുള്ള ട്യൂട്ടേഴ്സ് വാലിയുടെ കുട്ടികളോടൊപ്പം ആലപിച്ചിരിക്കുന്നത് മലയാളത്തിന്റെ പ്രിയപ്പെട്ട പിന്നണി ഗായിക സുജാത മോഹൻ ആണ് , മിന്നി മിന്നി എന്ന എല്ലാവർക്കും ആലപിക്കാവുന്ന രീതിയിൽ ക്രിസ്മസിന്റെ എല്ലാ മൂഡും കോർത്തിണക്കി അതിമനോഹരമായി ഈ ഗാനത്തിന്റെ രചനയും , സംഗീതവും നിർവഹിച്ചിരിക്കുന്നത് ക്രിസ്തീയ ഭക്തിഗാന രംഗത്ത് സമാനതകൾ ഇല്ലാതെ നാലായിരത്തോളം ഗാനങ്ങൾക്ക് രചനയും സംഗീതവും നിർവഹിച്ച റെവ . ഫാ. ഷാജി തുമ്പേചിറയിൽ ആണ് .ഈ ഗാനത്തിന്റെ ലോഞ്ചിങ് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിൽ കൂടി നടന്ന ചടങ്ങിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നിർവഹിക്കുകയും ക്രിസ്മസ് സന്ദേശം നൽകുകയും ചെയ്തു , ട്യൂട്ടേഴ്സ് വാലി മ്യൂസിക് അക്കാദമി ഡയറക്ടർ നോർഡി ജേക്കബ് സ്വാഗതം ആശംസിച്ച ചടങ്ങിൽ ഗായിക സുജാത , ഫാ. ഷാജി തുമ്പേചിറയിൽ . സംഗീത സംവിധായകൻ ബേർണി , കൗൺസിലർമാരായ ഫിലിപ്പ് എബ്രഹാം , ടോം ആദിത്യ , ട്യൂട്ടേഴ്സ് വാലി മ്യൂസിക് അക്കാദമിയിലെ അധ്യാപകർ , വിദ്യാർഥികൾ മറ്റു മേഖലയിലെ പ്രമുഖർ എന്നിവർ പങ്കെടുത്തു .

ലോകത്തെ വിവിധ രാജ്യങ്ങളിലെ ക്രിസ്മസ് കാഴ്ചകൾ ഉൾപ്പെടുത്തി നിർമ്മിച്ചിരിക്കുന്ന ഗാനത്തിന്റെ വീഡിയോയും വളരെ മനോഹരമായാണ് ചിത്രീകരിച്ചിരിക്കുന്നത് . ഇതിനോടകം ഇനിയും വരാനിരിക്കുന്ന പല കരോൾ മത്സരങ്ങൾക്കും ഒരുങ്ങുന്ന ടീമുകളുടെ ആവശ്യ പ്രകാരം ഗാനത്തിന്റെ കരോക്കെയും ഉടൻ തന്നെ ട്യൂട്ടേഴ്സ് വാലിയുടെ യു ട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യും . സ്കറിയ ജേക്കബ് ആണ് ഈ ഗാനത്തിന്റെ ഓർക്കസ്‌ട്രേഷൻ നിർവഹിച്ചിരിക്കുന്നത് . ശശീന്ദ്രൻ പട്ടുവത്തിന്റെ നേതൃത്വത്തിലുള്ള അധ്യാപകർ കുട്ടികളെ അഭ്യസിപ്പിക്കുകയും ,ഋഥ്വിക് അശോക് ഏകോപനവും നിർവഹിച്ചു . ഈ ഗാനം കേൾക്കുവാനും കാണുവാനും താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഷൈമോൻ തോട്ടുങ്കൽ

ബിർമിങ്ഹാം . “വിശുദ്ധിയാണ് സൗന്ദര്യം , സമ്പൂർണ്ണമായി വചനം ശ്രവിക്കുന്നതിലൂടെയാണ് ഒരു വ്യക്തിക്ക് വിശുദ്ധിയും സൗന്ദര്യവും ലഭിക്കുന്നത് . ഇത് ഒന്നാമതായി പരിശുദ്ധ അമ്മയ്ക്കും , പിന്നീട് അമ്മയോട് ചേർന്ന് വചനം ശ്രവിക്കുന്ന എല്ലാവരിലേക്കും ലഭിക്കുന്ന ഒരു കാര്യമാണ് ” എന്ന് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ വുമൺസ് ഫോറം മൂന്നാമത് വാർഷിക സമ്മേളനം ” ടോട്ട പുൽക്രാ ” ഉത്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം , ആമ്മേൻ പറയുന്ന ഒരു സ്ത്രീയാണ് പുതിയ നിയമത്തിന്റെ തുടക്കം , എല്ലാവരും പരിശുദ്ധ അമ്മയെപ്പോലെ തന്നെ തന്നെ വിട്ടുകൊടുത്തു ദൈവത്തിന് പ്രവർത്തിക്കാൻ അവസരം കൊടുക്കണം . സ്ത്രീയുടെ മാതൃക സ്ത്രീ തന്നെയാണ് .

ഈ മംഗളവാർത്ത കാലത്ത് പരിശുദ്ധ അമ്മയുടെ വിശ്വാസം , സ്നേഹം , കരുണ എന്നിങ്ങനെ എല്ലാ കാര്യങ്ങളും മാതൃകയാക്കണം അദ്ദേഹം കൂട്ടിച്ചേർത്തു . വുമൺസ് ഫോറം പ്രസിഡന്റ് ജോളി മാത്യു അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ചങ്ങനാശേരി അതിരൂപതാ സഹായ മെത്രാൻ മാർ തോമസ് തറയിൽ മുഖ്യ പ്രഭാഷണം നടത്തി . നമ്മൾ വിശ്വസിക്കുന്നത് കൊണ്ട് നമ്മുടെ കുടുംബ ജീവിതത്തിന് നന്മ ഉണ്ടാകണം .അതുപോലെ നമ്മുടെ മാനസിക ആരോഗ്യം പോലെ തന്നെ ആത്മീയ ആരോഗ്യവും ഉണ്ടാകണം , വിശ്വാസം ഉണ്ടെങ്കിൽ മാത്രമേ ആത്മീയ ആരോഗ്യം ഉണ്ടാകൂ .ആത്മീയ ആരോഗ്യം കൂടുന്തോറും നമ്മുടെ ഉള്ളിൽ ശാന്തതയും ധൈര്യവും കൂടും , ഇത് കുടുംബ ജീവിതങ്ങളെയും ശക്തിപ്പെടുത്തും മുഖ്യ പ്രഭാഷണത്തിൽ മാർ തോമസ് തറയിൽ പറഞ്ഞു .

വുമൺസ് ഫോറം രൂപതാ എക്സിക്യൂട്ടിവ് അംഗങ്ങളുടെ പ്രാർഥനയോടെ ആരംഭിച്ച സമ്മേളനത്തിന് രൂപതാ ഡയറക്ടർ സി.കുസുമം എസ് . എച്ച് സ്വാഗതം ആശംസിച്ചു . സെക്രട്ടറി ഷൈനി സാബു റിപ്പോർട്ട് അവതരിപ്പിച്ചു . രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് റെവ.ഡോ . ആന്റണി ചുണ്ടെലിക്കാട്ട് , വുമൺസ് ഫോറം കമ്മീഷൻ ചെയർമാൻ റെവ.ഫാ. ജോസ് അഞ്ചാനിക്കൽ ,പുതിയ വുമൺസ് ഫോറം പ്രസിഡന്റ് ഡോ . ഷിൻസി മാത്യൂസ് എന്നിവർ ആശംസകൾ അർപ്പിച്ചു ,എട്ടു റീജിയനുകളിൽ നിന്നുമുള്ള വിവിധ കൾച്ചറൽ പരിപാടികളും സമ്മേളനത്തോടനുബന്ധിച്ച് അരങ്ങേറി .വൈസ് പ്രസിഡന്റ് സോണിയ ജോണി നന്ദിയർപ്പിച്ചു . മിനി നെൽസൺ ആയിരുന്നു സമ്മേളന പരിപാടികൾ ആങ്കർ ചെയ്തത് .

ബാസിൽഡൺ സീറോ മലബാർ സമൂഹത്തിന്റെ ചിരകാല ആഗ്രഹമായിരുന്ന സീറോ മലബാർ മിഷൻ എന്ന സ്വപ്നം സാക്ഷാൽകരിക്കപ്പെട്ടു. ഡിസംബർ 11 ശനിയാഴ്ച 3 മണിക്ക് നടന്ന കുർബാന മദ്ധ്യേ മാർ. ജോസഫ് സ്രാമ്പിക്കൽ മിഷൻ പ്രഖ്യാപനം നടത്തി. “മേരി ഇമാക്കുലേറ്റ് മിഷൻ” എന്ന നാമകരണം ചെയ്തു. മിഷൻ ഡയറക്ടർ ഫാദർ ജോസഫ് മുക്കാട്ട്, വിവിധ മിഷനുകളുടെ ഡയറക്ടർമാരായ വൈദികർ, മറ്റ് അത്മായ നേതാക്കൾ തുടങ്ങിയവരും മിഷൻ അംഗങ്ങൾക്കൊപ്പം തിരുകർമ്മങ്ങളിലും അനുബന്ധ ചടങ്ങുകളിലും സംബന്ധിച്ചു.

ബാസിൽഡൺ സമൂഹത്തിന്റെ ചിരകാല അഭിലാഷമായിരുന്ന മിഷൻ പ്രഖ്യാപന ശുശ്രൂഷയിലും തുടർന്ന് നടന്ന സ്നേഹവിരുന്നിലും എല്ലാ വിശ്വാസികളും സംബന്ധിച്ചു. ഡയറക്ടർ ഫാ. ജോസഫ് മുക്കാട് , ട്രസ്റ്റി അംഗങ്ങളായ ബിന്ദു ബിജു, മോൻസ് സക്കറിയാസ്, വിനോ മാത്യു, കമ്മിറ്റി അംഗങ്ങളും നേതൃത്വം വഹിച്ചു . മിഷൻ പ്രഖ്യാപനത്തിനായി പള്ളികമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടന്നിരുന്നത്.

ഫാ. ഹാപ്പി ജേക്കബ്

സ്നേഹം എന്ന ആശയം ധാരാളം. നാം കേട്ടിട്ടുള്ളതും നാം അത്  പരിപാലിക്കുന്നവരുമാണ് എന്നാണ് നാം ധരിച്ചിട്ടുള്ളത്. അഗാധമായി പലരോടും പലതിനോടും നാം സ്നേഹം കാണിക്കാറുമുണ്ട്.  ശക്തി കൊണ്ടും ബലം കൊണ്ടും കീഴ്പ്പെടുത്തുവാൻ പറ്റാത്ത പല ഇടങ്ങളിലും സ്നേഹം അതിൻ്റെ ഭാവം പ്രകടിപ്പിക്കുന്നത് നാം അനുഭവിക്കുമാറുണ്ട്.

ക്രിസ്തുമസ് സ്നേഹത്തിൻ്റെ പ്രതീകമാണ് . തൻ്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ച് പോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നൽകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു (. യോഹന്നാൻ  3 : 16 ).  ദൈവം നമ്മെ കരുതുകയും സ്നേഹിക്കുകയും ചെയ്യുന്നു എന്ന് ഇതിനേക്കാൾ വേറെ എന്ത് തെളിവ് നമുക്ക് വേണം.  ഈ സ്നേഹമാണ് ക്രിസ്തു ജനനത്തിന്  ആധാരം. ഈ സ്നേഹം തന്നെയാണ് ഇന്നും ക്രിസ്തുമസിന്റെ പ്രസക്തി .

നമ്മുടെ ജീവിതകാലത്ത് നാം പലതരം സ്നേഹബന്ധങ്ങളിൽ ആയി തീരാറുണ്ട്.  ചിലത് ബന്ധനങ്ങളും ആവും .  ആത്മാർത്ഥമായി നാം സ്നേഹിച്ച പലരും നമുക്ക് തിരികെ തരുന്നത് അവഗണനയും കണ്ണീരും ആയിരിക്കും. നമ്മുടെ സ്നേഹം ചിലപ്പോൾ അവർക്ക് ആവശ്യം വേണമെന്നില്ല;  എന്നാൽ ചിലപ്പോഴാകട്ടെ സ്നേഹം നടിക്കുകയും ചെയ്യും.  ഇങ്ങനെ ഏറ്റക്കുറച്ചിലുകൾ നിറഞ്ഞ സ്നേഹബന്ധങ്ങളിൽ ജീവിക്കുന്ന നാം അറിയണം ദൈവസ്നേഹം എന്താണ് എന്നും അതിൻറെ മഹത്വം എന്താണ് എന്നും . ആ സ്നേഹം നമുക്ക് മനസ്സിലാക്കി തരുന്ന അവസരമാണ് ക്രിസ്തുമസ്.

ക്രിസ്തുമസ് കാലയളവിൽ ഈ സ്നേഹ പ്രതീകങ്ങളായി നാം പങ്കുവയ്ക്കാറുണ്ട്.  കാർഡുകൾ കൈമാറ്റം ചെയ്യും, സമ്മാനങ്ങൾ കൊടുക്കും, ഭക്ഷണങ്ങൾ പങ്കുവയ്ക്കും. എന്നാൽ ഇതെല്ലാം നാം ചെയ്യുന്നത് സ്നേഹം കൊണ്ടാണ് എന്ന് കരുതാൻ വയ്യ.  കാരണം തിരികെ നമുക്ക് ലഭിക്കും എന്ന പ്രതീക്ഷയോടെ ആണ് നാം സമ്മാനങ്ങൾ നൽകുക.  അല്ലാതെ ഒരാൾക്ക് സ്നേഹം പകരുക എന്ന ഭാവം നമ്മളിൽ ഉണ്ടാവുകയില്ല. എന്നാൽ നമ്മുടെ പങ്കുവയ്ക്കലിലൂടെ ഒരാളുടെ എങ്കിലും മനസ്സിൽ പ്രത്യാശ  നിറയുകയും അല്ലായെങ്കിൽ ഒരാളുടെ എങ്കിലും മുഖത്ത് പുഞ്ചിരി വരുത്തുകയും ചെയ്താൽ നാം അറിയാതെ തന്നെ അവർക്ക് നമ്മിലൂടെ ദൈവസ്നേഹം ലഭിക്കും. ഇത്  നാം അറിയണമെങ്കിൽ പ്രേക്ഷിത കാലത്ത് കർത്താവിന്റെ കൂടെ ഉണ്ടായിരുന്നവർ ആരൊക്കെയാണ് എന്ന് നോക്കിയാൽ മതി. ചുങ്കക്കാരും , വേശ്യമാരും , പാപികളും രോഗികളും സമൂഹത്തിന്റെ  അടിത്തട്ടിൽ ഉള്ള എല്ലാവരും അവൻ്റെ സ്നേഹിതർ ആയിരുന്നു.  അവർക്ക് ആവശ്യമായ സ്നേഹം, സമാധാനം , സൗഖ്യം എല്ലാം അവൻ നൽകി അവരെ തൃപ്തരാക്കി .  അവർക്ക് വേണ്ടുന്ന സമ്മാനവും അത് തന്നെയായിരുന്നു.

മറ്റൊരു തരത്തിൽ നാം ചിന്തിക്കുമ്പോൾ ലോകത്തിന് മുഴുവനായി പിതാവ് തന്ന സ്നേഹമാണ്, സമ്മാനമാണ്  ക്രിസ്തു എന്ന രക്ഷിതാവ് . ഈ സമ്മാനത്തെ ഭാഗമാക്കുവാനോ ആവശ്യാനുസരണം ഭിന്നിപ്പിക്കുവാനോ  നമുക്ക് അവകാശമില്ല. ആയ തിനാലാണ് ഈ സ്നേഹം നമ്മളിൽ പിറക്കുകയും വളരുകയും  ചെയ്യണമെന്ന് സഭ ആവശ്യപ്പെടുന്നത്.  ഇങ്ങനെ നമ്മളിൽ ദാനമായി ലഭിച്ച സ്നേഹത്തെയാണ് ക്രിസ്തുമസ് സന്ദേശമായി നാം മറ്റുള്ളവരുടെ മുൻപിൽ അവതരിപ്പിക്കുന്നത്.

നമ്മുടെ സ്നേഹത്തിന് വില കല്പിക്കാൻ ആളില്ലാതിരിക്കട്ടെ,  നമ്മുടെ കരുതലിനെ അവഗണിക്കട്ടെ, നമ്മെ ഒഴിവാക്കട്ടെ, നിരാശപ്പെടേണ്ട : കാരണം നമ്മെ  കരുതുന്ന ദൈവസ്നേഹം ഇതിലും എത്രയോ വലുതാണ്. നമ്മെ നിലനിർത്തുന്ന കരുതൽ എത്രയോ ശ്രേഷ്ടമാണ്.  സർവ്വചരാചരങ്ങൾക്കും സന്തോഷമായി ഈ ജനനം ഭവിക്കട്ടെ . ഇന്നും ഈ സദ്‌വാർത്ത ദാനം നമ്മളിലൂടെ മുഴങ്ങട്ടെ.

ഈ ക്രിസ്തുമസിൽ  നാം തിരുത്തേണ്ടതായ ചില കാര്യങ്ങളും ഇതോടൊപ്പം ചേർത്ത് ചിന്തിക്കണം .  1 യോഹന്നാൻ 4 : 19 – 21 “അവൻ ആദ്യം സ്നേഹിച്ചത് കൊണ്ട് നാം സ്നേഹിക്കുന്നു . ഞാൻ ദൈവത്തെ സ്നേഹിക്കുന്നു എന്ന് പറയുകയും തൻ്റെ സഹോദരനെ  വെറുക്കുകയും ചെയ്യുന്നവൻ കള്ളനാകുന്നു.  താൻ കണ്ടിട്ടുള്ള സഹോദരനെ സ്നേഹിക്കാത്തവന് കണ്ടിട്ടില്ലാത്ത ദൈവത്തെ സ്നേഹിപ്പാൻ കഴിയുകയില്ല.  ദൈവത്തെ സ്നേഹിക്കുന്നവൻ സഹോദരനേയും സ്നേഹിക്കണം. ”

ഇതായിരിക്കണം ക്രിസ്തുമസ് . ദൈവം സ്നേഹിച്ചത് പോലെ നാമും നമ്മുടെ സഹജീവികളെ സ്നേഹിക്കുമ്പോൾ ക്രിസ്തുമസ് യാഥാർഥ്യമാകുന്നു. ചുറ്റുമുള്ള സഹജീവികളിൽ ദൈവസ്നേഹം നാം പകരുക. യാതൊരു പ്രതിഫലേച്ഛയും ഇല്ലാതെ തന്നെ സ്നേഹിക്കുക.  ദൈവസ്നേഹം അനുഭവിച്ച് അറിയുകയും സഹജീവികളിൽ കാരുണ്യം വർഷിക്കുകയും ചെയ്തു കൊണ്ട് തിരുജനനത്തിന്റെ പ്രസക്തി നമുക്ക് ആചരിക്കാം.

സമാധാനത്തിന്റെ , സ്നേഹത്തിൻ്റെ, സൗഖ്യത്തിന്റെ, പാപമോചനത്തിന്റെ, ആസക്‌തികളിൽ നിന്നുള്ള  മോചനത്തിന്റെ ക്രിസ്തുമസ് ആകട്ടെ ഈ വർഷം . ദൈവസ്നേഹം വാക്കുകളിലൂടെ  പകർന്ന്  കൊണ്ട്
കർതൃ ശുശ്രൂഷയിൽ

ഹാപ്പി ജേക്കബ് അച്ചൻ

റവ. ഫാ. ഹാപ്പി ജേക്കബ്ബ്

മലങ്കര ഓർത്ത്ഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ ഭദ്രാസ   സെക്രട്ടിയായി ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു. കൂടാതെ മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകയിലും, ന്യൂകാസിൽ സെൻറ് തോമസ്സ് ഇടവകയിലും, നോർത്ത് വെയിൽസ് സെൻറ് ബെഹന്നാൻസ് ഇടവകയിലും വികാരിയായിട്ട് ശുശ്രൂഷിക്കുന്നു. യോർക്ക്ഷയറിലെ ഹറോഗേറ്റിലാണ് താമസം

ജോർജ് മാത്യു

ബിർമിങ്ഹാം സ്റ്റീഫൻസ് ഓർത്തഡോക്സ്‌ പള്ളിയുടെ ധന്യമായ മൂറോൻ കൂദാശ ഇന്നും (വെള്ളി ),നാളെ യുമായി (ശനി ) നടക്കുന്നു .കൂദാശ ചടങ്ങുകൾക്ക് യുകെ ,യൂറോപ്പ് ,ആഫ്രിക്ക ഭദ്രാസന മെത്രാപോലിത്ത ഡോ .മാത്യൂസ് മാർ തിമോത്തിയോസ് മുഖ്യ കാർമികത്വം വഹിക്കും .ഇന്ന് വൈകിട്ട് 6 -ന്സന്ധ്യാനമസ്കാരം, 7.30ന് മൂറോൻ കൂദാശയുടെ ഒന്നാം ഭാഗവും തുടർന്ന് മുഖ്യാഥിതി സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ്‌ സ്രാമ്പിക്കൽ പിതാവ് ആശംസ സന്ദേശം നൽകും .ശനിയാഴ്ച്ച രാവിലെ 7.30ന് പ്രഭാതനമസ്കാരം ,മൂറോൻ കൂദാശയുടെ രണ്ടാം ഘട്ട ശുശ്രൂഷയും ,വി .കുർബാനയും .ആശിർവാദവും ,പൊതുസമ്മേളനവും നടക്കും .തുടർന്ന് ഉച്ചഭക്ഷണത്തോടെ ചടങ്ങുകൾ സമാപിക്കും .

പരിപാടിയുടെ വിജയത്തിനായി വിവിധ സബ്‌കമ്മിറ്റികൾ ഏകോപിപ്പിച്ചു പ്രവർത്തിക്കുന്നു. യുകെയിലെ വിവിധ ഇടവകകളിൽ നിന്ന് വൈദീകരും ,വിശാസികളും ചടങ്ങിൽ സബന്ധിക്കും .ജെക്യൂബ് മുൾട്ടീമീഡിയ ലണ്ടൻ കൂദാശയുടെ തത്സമയ ചടങ്ങുകൾ സംപ്രേഷേണം (ഫേസ്ബുക് ,യൂട്യൂബ് ) ചെയ്യുന്നു . ദേവാലയ പുനർപ്രതിഷ്ഠ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഇടവക വികാരി ഫാ:എൽദോ വർഗീസ് ,ട്രസ്റ്റി രാജൻ വർഗീസ് .സെക്രെട്ടറി എബ്രഹാം കുര്യൻ എന്നിവർ അറിയിച്ചു .

 

കോവിഡിന്റെ ഭയാശങ്കകളിൽ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ വീണ്ടും ഓൺലൈനിൽ നടത്തപ്പെടുന്നു .
തിരുപ്പിറവിയുടെ മഹിമയെ പ്രഘോഷിച്ചുകൊണ്ട് ഡിസംബർ ‌ മാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നാളെ (11/12/2021) നടക്കും . സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും കത്തിപ്പടർന്ന വിവിധങ്ങളായ ശുശ്രൂഷകൾക്ക് ജീവവായുവായി നിലനിൽക്കുന്ന , സെഹിയോൻ യുകെ സ്ഥാപക ഡയറക്ടർ റവ. ഫാ . സോജി ഓലിക്കൽ തുടക്കമിട്ട , പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ പതിവിൽ നിന്നും വ്യത്യസ്തമായി ഇത്തവണ വൈകിട്ട് 4 നാണ് ആരംഭിക്കുക . രാത്രി 8.30 ന് അവസാനിക്കും .

പ്രശസ്‌ത വചന പ്രഘോഷകനും ആധ്യാത്മിക ശുശ്രൂഷകനുമായ സെഹിയോൻ യുകെയുടെ ആത്മീയ പിതാവ് റവ.ഫാ. ഷൈജു നടുവത്താനിയിൽ നയിക്കുന്ന , വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്ന , കൺവെൻഷനിൽ ബർമിങ്ഹാം അതിരൂപത സഹായ മെത്രാൻ റവ .സ്റ്റീഫൻ റൈറ്റ് പങ്കെടുക്കും. സെഹിയോൻ മിനിസ്ട്രിയുടെ മുഴുവൻ സമയ ശുശ്രൂഷക മിലി തോമസും ഇത്തവണ ശുശ്രൂഷ നയിക്കും .

മഹാമാരിയുടെ പ്രതികൂല സാഹചര്യത്തെ തരണം ചെയ്യാൻ പ്രാർത്ഥനയിലൂടെയും പരിത്യാഗത്തിലൂടെയും , മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാനകാലത്തിന്റെ ആവശ്യകതയെ മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിലാണ് പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും നടക്കുക .

അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന കൺവെൻഷൻ യുകെ സമയം വൈകിട്ട് 4 മുതൽ കുട്ടികളുടെ ശശ്രൂഷയോടെ ആരംഭിക്കും .5 മണിക്ക് ഇംഗ്ലീഷ് ശുശ്രൂഷയും 6 മുതൽ രാത്രി 8.30 വരെ മലയാളം കൺവെൻഷനും നടക്കും . യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും.

WWW.SEHIONUK.ORG/LIVE എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.8894210945 എന്ന ZOOM പ്രയർ ലൈൻ നമ്പർ വഴി സ്പിരിച്വൽ ഷെയറിങ്ങിനും കൺവെൻഷനിലുടനീളം സൗകര്യമുണ്ടായിരിക്കും.

രോഗ പീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന , വി. കുർബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് നാളെ ശനിയാഴ്ച്ച വൈകിട്ട് 4 മുതൽ സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്

ജോൺസൺ ‭+44 7506 810177‬
അനീഷ് ‭07760 254700‬
ബിജുമോൻ മാത്യു ‭07515 368239‬

ബിനോയ് എം. ജെ.

അടിച്ചമർത്തപ്പെടുന്ന വ്യക്തിത്വങ്ങൾക്ക് ആത്മാവിഷ്കാരത്തിനുള്ള കഴിവ് നഷ്ടപ്പെടുന്നു. ആത്മാവിഷ്കാര ത്തിനുള്ള കഴിവ് നഷ്ടപ്പെടുമ്പോൾ അവർക്ക് യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാനാകാതെ വരുന്നു. യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാൻ ആകാത്തവർ സ്വപ്ന ലോകത്തിലേക്ക് പിൻവാങ്ങുന്നു .ഇതല്ലേ നമ്മുടെ കുട്ടികൾക്ക് സംഭവിക്കുന്നത്? അവർ സ്വപ്നലോകത്തിൽ ജീവിക്കുന്നു. ഇത് അവരുടെ പ്രകൃതം ആണെന്ന് കരുതേണ്ടാ .. മറിച്ച് അതിന്റെ പുറകിൽ ഒരു കാരണം കിടക്കുന്നു .ആ കാരണം അടിച്ചമർത്തലും ആകുന്നു.

ജനിക്കുമ്പോൾ മുതൽ കുട്ടികൾ സ്വപ്നലോകത്തിൽ ആണോ ജീവിക്കുന്നത് എന്നത്, പരിശോധിക്കേണ്ട ഒരു വസ്തുതയാണ് . തങ്ങൾക്ക് വിവേചനശക്തി കിട്ടുമ്പോൾ കുട്ടികൾ മനസ്സിലാക്കുന്ന ഒരു വലിയ സത്യമുണ്ട്. ഈ ലോകം തങ്ങളുടേത് അല്ല …ഈ ലോകത്തിൽ തങ്ങൾക്ക് ജീവിക്കുവാൻ ആവില്ല… അത് അവർക്കൊരു വലിയ പ്രഹരം തന്നെയാണ്. അപകർഷതയും ഭയവും നിസ്സഹായതയും അവരെ വിഴുങ്ങുന്നു. അവർ മുതിർന്നവരെ അനുകരിച്ച് തുടങ്ങുന്നു! അപകർഷതയിൽ നിന്നും ആരംഭിക്കുന്ന ഈ അനുകരണം ഒരു അർബുദം പോലെ അവരുടെ വ്യക്തിത്വങ്ങളെ ബാധിക്കുന്നു. അതിനുശേഷം അവരിൽനിന്നും സമൂഹത്തിന് കാര്യമായ സംഭാവന ഒന്നും കിട്ടുവാൻ പോകുന്നില്ല. ഇതാണ് മനുഷ്യ ജീവിതത്തെ ബാധിക്കുന്ന ഏറ്റവും വലിയ ദുരന്തം. ഇതിൻറെ കൂടെ അധ്യാപകരുടെയും മുതിർന്നവരുടെയും ക്രൂരമായ സമീപനങ്ങളും, വികലമായ വിദ്യാഭ്യാസത്തിന്റെ ചുമക്കാനാവാത്ത ഭാരവും കുട്ടികളെ കുരിശു ചുമക്കുന്ന ക്രിസ്തുവിനു തുല്യരാക്കുന്നു. ഇത് ഒന്നോ രണ്ടോ വർഷത്തെ കഥയല്ല. നീണ്ട രണ്ടു പതിറ്റാണ്ടുകൾ ഇങ്ങനെ പോകുന്നു. എവിടെയാണ് നമുക്ക് തെറ്റ് പറ്റിയിരിക്കുന്നത്?

അടിസ്ഥാനപരമായ തെറ്റ് നമ്മുടെ അജ്ഞത തന്നെ. കുട്ടികളെ കുറിച്ച് നമുക്ക് യാതൊന്നും അറിഞ്ഞുകൂടാ. ആകെക്കൂടി നമുക്ക് അറിയാവുന്നത് അവർ നമ്മെക്കാൾ ചെറിയവരാണ് എന്നതാകുന്നു. അവർ കഴിവ് കുറഞ്ഞവരാണ് എന്നും അതിനാൽ തന്നെ നമ്മുടെ സംരക്ഷണം അവർക്ക് ആവശ്യം ഉണ്ട് എന്നും നാം ധരിച്ചു വശായിരിക്കുന്നു. ഈ ഉത്കർഷതാ ബോധം(Superiority Complex) പ്രശ്നങ്ങളെ കൂടുതൽ വഷളാക്കുകയേ ചെയ്യുന്നുള്ളൂ. കാര്യങ്ങളുടെ നിജസ്ഥിതി ഇതിൽനിന്നും എത്രയോ ഭിന്നമാണ് . കുട്ടികൾ നമുക്ക് തുല്യരാണെന്ന് നാം ഒരിക്കലും സമ്മതിച്ചു കൊടുക്കുകയില്ല. അത് നമുക്ക് ഒരു വാശിപോലെയാണ് .അവർ നമുക്ക് തുല്യർ മാത്രമല്ല, ചിലയിടങ്ങളിൽ നമ്മെക്കാൾ ശ്രേഷ്ഠരുമാണ് .എട്ടു വയസ്സിനു ശേഷം കുട്ടികൾ കാര്യമായി വളരുന്നില്ല എന്ന് മന:ശ്ശാസ്ത്രജ്ഞൻമാർ പറയുന്നു. അവിടെ അവർക്ക് തിരിച്ചറിവായി കഴിഞ്ഞു .അതിനപ്പുറത്തേക്ക് വളരുവാൻ അവർക്ക് കഴിയുന്നില്ല. അഥവാ വളരണമെങ്കിൽ അവർക്ക് സ്വാതന്ത്ര്യം കിട്ടിയേ തീരൂ …എന്തിനുള്ള സ്വാതന്ത്ര്യം? എന്തിനും! അത് നിർവചിക്കാനാവാത്ത താണ് .അതവർക്കേയറിയൂ.. നമുക്കറിഞ്ഞുകൂടാ.

അവിടെ ആരംഭിക്കണം കുട്ടികളുടെ ആത്മാവിഷ്ക്കാരം. അത് അത്ഭുതത്തോടു കൂടി നോക്കി കണ്ടുകൊണ്ടിരിക്കുവാനേ നമുക്കാവൂ.. അത് എന്താണെന്ന് നമുക്ക് പൂർണമായി മനസ്സിലായിക്കൊള്ളണമെന്നില്ല. ഒരു പക്ഷെ ഒട്ടുംതന്നെ മനസ്സിലായെന്നും വരികയില്ല .അതുകൊണ്ടാണ് കുട്ടികൾ നമ്മെക്കാൾ ശ്രേഷ്ഠരാണെന്ന് ഞാൻ സൂചിപ്പിച്ചത് .അവരുടെ ആത്മാവിഷ്കാരം ആത്മസാക്ഷാത്കാരത്തിലേക്കുള്ള വാതിൽ തുറന്നിടുന്നു. എട്ടുവയസ്സു വരെ വളർന്ന അതേ വേഗതയിൽ തുടർന്നും അവർ വളർന്നാൽ മദ്ധ്യവയസ്സിൽ എത്തുമ്പോഴേക്കും അവർ ജീവിതത്തിൽ അത്ഭുതകരമായ പുരോഗതി ആർജ്ജിച്ചെടുത്ത് കഴിഞ്ഞിരിക്കും .അവരിൽ ചിലരെങ്കിലും ആത്മസാക്ഷാത്കാരത്തിൽ എത്തുകയും ചെയ്യും. സമൂഹത്തെയും ജീവിത സാഹചര്യങ്ങളെയും അടിമുടി മാറ്റാനുള്ള ശക്തി അവർക്ക് ഉണ്ടായിരിക്കും. പിന്നീട് നമുക്ക് ഒന്നിനെക്കുറിച്ചും ദു:ഖിക്കേണ്ടതായി വരികയില്ല.

ആത്മസാക്ഷാത്കാരത്തിൽ എത്തുവാനായി കഠിനസാധന ചെയ്യുന്നവരാണ് നമ്മളിൽ ചിലരെങ്കിലും. കാരണം ഈ ലോകത്തിന്റേതായ മൂഢതകളും തിന്മകളും നമ്മുടെ വ്യക്തിത്വത്തിൽ പണ്ടേ പ്രവേശിച്ച് കഴിഞ്ഞിരിക്കുന്നു. അവയെ പിഴുതെറിയുക എത്രയോ ദുഷ്കരം . എന്നാൽ കുട്ടികളെ നൈസർഗ്ഗികമായി വളരുവാൻ വിട്ടാൽ ഇത് സംഭവിക്കുകയില്ല. പിറന്ന് വീഴുന്ന ഓരോ കുഞ്ഞും ഒരുപരിധിവരെ നിഷ്കളങ്കൻ ആണ് .ആ നിഷ്കളങ്കത അവർ കാത്തു സൂക്ഷിക്കട്ടെ! അപ്പോൾ സാധന എന്ന പ്രക്രിയയുടെ പോലും ആവശ്യം ഉണ്ടായിരിക്കുകയില്ല .അവർ ആത്മസാക്ഷാത്കാരത്തിലേക്ക് താനെ വളർന്നുകൊള്ളും.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ബാസില്‍ഡണ്‍ സീറോ മലബാര്‍ സമൂഹത്തിന്റെ ചിരകാല ആഗ്രഹമായി രുന്ന സീറോ മലബാര്‍ മിഷന്‍ എന്ന സ്വപ്നം സാക്ഷാല്‍കരിക്കുകയാണ്‌. ഡിസംബര്‍ 11 ശനിയാഴ്ച 3 മണിക്ക്‌ നടക്കുന്ന കുര്‍ബാന മദ്ധ്യേ മാര്‍. ജോസഫ്‌ സ്രാമ്പിക്കല്‍ മിഷന്‍ പ്രഖ്യാപനവും “മേരി ഇമാക്കുലേറ്റ്‌ മിഷന്‍” എന്ന നാമകരണവും നടത്തും. മിഷന്‍ ഡയറക്ടര്‍ ഫാദര്‍ ജോസഫ്‌ മുക്കാട്ട, വിവിധ മിഷനുകളുടെ ഡയറക്ടര്‍മാരായ വൈദികര്‍, സനൃസ്തര്‍, മറ്റ്‌ അത്മായ നേതാക്കള്‍ തുടങ്ങിയവരും മിഷന്‍ അംഗങ്ങള്‍ക്കൊപ്പം തിരുകര്‍മ്മങ്ങളിലും അനുബന്ധ ചടങ്ങുകളിലും സംബന്ധിക്കുന്നു.

മിഷന്‍ പ്രഖ്യാപനത്തിനും നാമകരണത്തിനും ശേഷം സ്നേഹവിരുന്ന്‌ ഉണ്ടായിരിക്കും. ബാസില്‍ഡണ്‍ സമൂഹത്തിന്റെ ചിരകാല അഭിലാഷമായിരുന്ന മിഷന്‍ പ്രഖ്യാപന ശുശ്രൂഷയില്‍ എല്ലാ വിശ്വാസികളും പങ്കെടുക്കണമെന്ന്‌ ഇടവക ഡയറക്ടര്‍ ഫാ. ജോസഫ്‌ മുക്കാട , ട്രസ്റ്റി അംഗങ്ങളായ ബിന്ദു ബിജു, മോന്‍സ്‌ സക്കറിയാസ്‌, വിനോ മാത്യു തുടങ്ങിയവര്‍ അഭ്യര്‍ഥിച്ചു. മിഷന്‍ പ്രഖ്യാപനത്തിനായി പള്ളികമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിപുലമായ ഒരുക്കങ്ങളാണ്‌ നടക്കുന്നത്‌.

RECENT POSTS
Copyright © . All rights reserved