Spiritual

ഫാ. ഹാപ്പി ജേക്കബ്

ആരാണ് സന്തോഷം ആഗ്രഹിക്കാത്തത് . സർവ്വ ജനവും ആഗ്രഹിച്ചിരുന്നു സന്തോഷം എന്ന് ചിന്തിക്കുമ്പോൾ അത് എത്രയോ വലുതായിരിക്കും. അതിൻറെ കാരണം ആണ് ഏറ്റവും ശ്രദ്ധേയം. വി. ലൂക്കോസിന്റെ സുവിശേഷം 2-ാം അധ്യായം 10-ാംവാക്യത്തിൽ ഓർമിപ്പിക്കുന്നു – “ദൂതൻ അവരോട് : ഭയപ്പെടേണ്ട സർവ്വ ജനത്തിനും ഉണ്ടാകുവാനുള്ളോരു മഹാ സന്തോഷം ഞാൻ നിങ്ങളോട് സുവിശേഷിക്കുന്നു. ”

എന്താണ് ആ സന്തോഷത്തിന് കാരണം. മറ്റൊന്നുമല്ല, ക്രിസ്തു എന്ന രക്ഷിതാവ് നിങ്ങൾക്കായി ജനിച്ചിരിക്കുന്നു നിത്യമായ , ശാശ്വതമായ സന്തോഷം പ്രാപ്യമാകണമെങ്കിൽ ക്രിസ്തു ജനിച്ചിരിക്കണം. മറ്റെവിടെയുമല്ല , സ്വന്തം ജീവിതത്തിൽ തന്നെ ആവണം. പറഞ്ഞറിഞ്ഞ കഥയായല്ല. സ്വന്തം ആയി തന്നെ അനുഭവിക്കണം എന്നാലേ സന്തോഷം യാഥാർഥ്യമാവൂ. ഈ കാലത്തിൽ നാം അനുഭവിച്ചറിയുന്ന സന്തോഷം അല്ല . അതൊക്കെ നമ്മെ വിട്ടു പോയാലും നിത്യമായി നിലനിൽക്കുന്ന ദൈവത്തിലുള്ള സന്തോഷമാണ് ദൂതൻ അരുളി ചെയ്തത്.

മറ്റൊരു ചിന്ത കൂടി നാം ഓർക്കണം. ഈ സന്തോഷം യഥാർത്ഥമാകുവാൻ ഒരു ബലി ആവശ്യമായിവന്നു. ദൈവം ഒരുക്കിയ വലിയ ത്യാഗമാണ് ഈ സന്തോഷത്തിലേയ്ക്ക് നമ്മെ കൊണ്ടു ചെല്ലുന്നത്. 1 കോരിന്ത്യർ 2 : 9 ൽ വായിക്കുന്നു ; “ദൈവം തന്നെ സ്നേഹിക്കുന്നവർക്ക് ഒരുക്കിയിട്ടുള്ളത് കണ്ണ് കണ്ടിട്ടില്ല ചെവി കേട്ടിട്ടില്ല, ഒരു മനുഷ്യൻറെയും ഹൃദയത്തിൽ തോന്നിയിട്ടുമില്ല. ” അപ്രകാരം നാം മനസ്സിലാക്കുമ്പോൾ നമ്മുടെ കാഴ്ചപ്പാടിൽ നിന്നും വളരെ ദൂരെയാണ് ക്രിസ്തുമസ്സിന്റെ സന്തോഷം .

ക്രിസ്തുമസിൽ നമ്മുടെ സന്തോഷം അലങ്കാരങ്ങളും വർണ്ണ പകിട്ടും, വിരുന്നും സൽക്കാരവും ഒക്കെ ആകുമ്പോൾ യഥാർത്ഥ അനുഭവം വിട്ടുകളയുന്നു. ബാഹ്യമായ ആചാരങ്ങളിൽ ഉള്ള ക്രിസ്തുമസേ നമുക്ക് പരിചയം ഉള്ളൂ . എന്നാൽ നാം മനസ്സിലാക്കുക ആ ത്യാഗം എന്തെന്ന് . ഫിലിപ്പ്യർ 2 : 6 – 8 “അവൻ ദൈവ രൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളണം എന്ന് വിചാരിക്കാതെ ദാസ രൂപം എടുത്ത് അദൃശ്യ സാദൃശ്യത്തിലായി തന്നെത്താൻ അഴിച്ച് വേഷത്തിൽ അദൃശ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നെ; അനുസരണമുള്ളവനായി തീർന്നു “.

ഇതിൽ ഏത് ഭാഗത്ത് ആണ് നമ്മുടെ ക്രിസ്തുമസ് സന്തോഷം സന്തോഷം ഉള്ളത്. അപ്പോൾ നാം മനസ്സിലാക്കുക ഈ രക്ഷാകരമായ സന്തോഷത്തിലെ ചില പ്രതീകങ്ങൾ മാത്രമായിരുന്നു നമ്മുടെ ക്രിസ്തുമസ്സ് . എന്നാൽ ഇനി തിരിച്ചറിയുക പ്രതീകങ്ങൾ പിന്തുടരുന്നതിലുള്ള താത്ക്കാലിക സന്തോഷം നാം മാത്രം അനുഭവിക്കുമ്പോൾ സർവ്വ ജനവും സന്തോഷിപ്പാൻ ഉള്ള ഒരു കാരണം അതിൻറെ പിന്നിൽ ഉണ്ടെന്ന് . ആ ത്യാഗത്തിന്റെ അനുഭവം ആണ് സന്തോഷമായി നാം അനുഭവിക്കേണ്ടത്.

ജനത്തിന് അനുഭവം നാം വായിക്കുമ്പോൾ അതിലെ ഓരോ വ്യക്തിത്വങ്ങളും സന്നദ്ധരായി എന്ന് നമുക്ക് കാണാം മറിയവും ജോസഫും ഇടയന്മാരും ജ്ഞാനികളും എല്ലാം ത്യാഗത്തിന്റെ അനുഭവങ്ങളാണ് നമുക്ക് പകർന്ന് നൽകുന്നത്. അവരാരും നമ്മെപ്പോലെ ക്ഷണിക സന്തോഷത്തിന്റെ വക്താക്കൾ ആയിരുന്നില്ല. സർവ്വ മാനവികതയും, സർവ്വ ചരാചരങ്ങളും ഒരുപോലെ ആ സന്തോഷം പങ്കു വച്ചു.

മറ്റൊരു തിരുത്തൽ കൂടി നാം പഠിക്കേണ്ടിയിരിക്കുന്നു ഈ ക്രിസ്തുമസ് കാലയളവിൽ . ദൈവപുത്രൻ സ്വയം താന്നിറങ്ങി മനുഷ്യ വേഷം എടുത്തത് നമുക്കെല്ലാവർക്കും വേണ്ടിയാണ്. അവിടെ സ്വയം എന്നത് ഇല്ല . ആ ജീവിതം ഏവർക്കുമായിട്ടാണ്. നമ്മുടെ സ്നേഹവും ബന്ധങ്ങളും എല്ലാം സ്വയത്തിന്റെ അടിസ്ഥാനത്തിലാണ്. നമ്മുടെ കുഞ്ഞുങ്ങളിലും ഈ അവസ്ഥ കണ്ടു വരുന്നു. എന്റേത് എന്നതിനേക്കാളുപരി നമുക്ക് ഏവർക്കും എന്ന കാഴ്ചപ്പാട് നാം അവരെ പഠിപ്പിക്കുമ്പോൾ ഈ തിരുജനനം അവർക്കും ജീവിതപാഠം ആകും .

ഇനി എങ്കിലും നാം ചിന്തിക്കുക, ബെത് ലഹേമിലെ സന്തോഷം ആണ് യഥാർത്ഥ ക്രിസ്തുമസ് സന്തോഷം എന്നുള്ളതും നമ്മുടെ ആചാരങ്ങളിലുള്ള ക്രിസ്തുമസ് സന്തോഷമല്ല യഥാർത്ഥ സന്തോഷം എന്നും . ആയതിനാൽ ബെത് ലഹേമിലെ സന്തോഷം എന്റേയും സന്തോഷമായി മാറുവാൻ ഈ ത്യാഗത്തിന്റെ അനുഭവങ്ങൾ നാം മനസ്സിലാക്കി നിത്യ സന്തോഷത്തിന്റെ ക്രിസ്തുമസ്സിൽ നമുക്കും പങ്കാളികളാകാം.

കർത്ത്യ ശുശ്രൂഷയിൽ
ഹാപ്പി ജേക്കബ് അച്ചൻ

റവ. ഫാ. ഹാപ്പി ജേക്കബ്ബ്

മലങ്കര ഓർത്ത്ഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ ഭദ്രാസ   സെക്രട്ടിയായി ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു. കൂടാതെ മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകയിലും, ന്യൂകാസിൽ സെൻറ് തോമസ്സ് ഇടവകയിലും, നോർത്ത് വെയിൽസ് സെൻറ് ബെഹന്നാൻസ് ഇടവകയിലും വികാരിയായിട്ട് ശുശ്രൂഷിക്കുന്നു. യോർക്ക്ഷയറിലെ ഹറോഗേറ്റിലാണ് താമസം.

ഷൈമോൻ തോട്ടുങ്കൽ

ലണ്ടൻ . വിശുദ്ധ യൗസേപ്പിതാവിനെ സാർവത്രിക സഭയുടെ പേട്രൺ ആയി പ്രഖ്യാപിച്ചതിന്റെ നൂറ്റി അൻപതാം വാർഷികത്തോടനുബന്ധിച്ച് പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ച സെന്റ് ജോസഫ് ഇയറിന്റെ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ തല സമാപനത്തോടനുബന്ധിച്ചു ബ്രിട്ടനിലെ വിശുദ്ധ യൗസേഫ് പിതാവിന്റെ നാമധേയത്തിലുള്ള ചരിത്ര പ്രസിദ്ധമായ ഫാൻബൊറോ ആബിയിലേക്കു തീർഥാടനം സംഘടി പ്പിച്ചിരിക്കുന്നു.

രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ ഡിസംബർ നാലാം തീയതി ശനിയാഴ്ച മൂന്നു മണിക്ക് നടക്കുന്ന തീർഥാടനത്തിൽ ഗ്രേറ്റ് ബ്രിട്ടനിലെ അപ്പോസ്തലിക് നൂൺഷിയോ ആർ ച്ച്‌ ബിഷപ് മാർ ക്ലൗഡിയോ ഗുജരോത്തി മുഖ്യാതിഥി ആയി പങ്കെടുക്കും .രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ കാർമികത്വത്തിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധ കുർബാനയിൽ രൂപതാ പ്രോട്ടോസിഞ്ചെല്ലൂസ് റെവ. ഡോ . ആൻറണി ചുണ്ടെലിക്കാട്ട് , വികാരി ജെനെറൽമാരായ റെവ.ഫാ. ജിനോ അരീക്കാട്ട് എം. സി. ബി.എസ് , ഫാ. സജിമോൻ മലയിൽ പുത്തൻപുര ,റെവ. ഫാ. ജോർജ് ചേലക്കൽ , രൂപതയുടെ വിവിധ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നുള്ള വൈദികർ എന്നിവരും സഹകാർമ്മികരാകും ,സ്ഥല പരിമിതികൾ മൂലം മുൻകൂട്ടി രജിസ്റ്റർ ചെയ്ത നൂറു പേർക്കാണ് പരിപാടിയിൽ പങ്കെടുക്കുവാൻ അവസരം ഉള്ളതെന്നും , പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായും, വികാരി ജെനെറൽ ഫാ. ജിനോ അരീക്കാട്ട് അറിയിച്ചു .

പരിശുദ്ധ അമ്മയുടെ അമലോത്ഭവ തിരുന്നാളിന് മുന്നോടിയായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ വിമൻസ് ഫോറത്തിന്റെ വാർഷിക സമ്മേളനം ‘ടോട്ട പുൽക്ര’ ഡിസംബർ 4 ന് നടക്കും. നിലവിലെ പ്രത്യേക സാഹചര്യത്തിൽ വാർഷിക സമ്മേളനം വിർച്വൽ പ്ലാറ്റ്ഫോമിൽ ആയിരിക്കും നടക്കുക. ഡിസംബർ 4 ശനിയാഴ്ച വൈകിട്ട് 6 മണിക്കാണ് മീറ്റിംഗ് ക്രമീകരിച്ചിരിക്കുന്നത്. രൂപതയുടെ എല്ലാ മിഷനുകളിൽ നിന്നും ഇടവകകളിൽ നിന്നുമായി വിമൻസ് ഫോറത്തിന്റെ ഭാരവാഹികളും പ്രതിനിധികളും മീറ്റിങ്ങിൽ പങ്കെടുക്കും.

വിമൻസ് ഫോറം രക്ഷാധികാരിയും രൂപതാധ്യക്ഷനുമായ മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം നിർവഹിക്കുന്ന സമ്മേളനത്തിൽ ബിഷപ്പ് മാർ തോമസ് തറയിൽ മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് വിമൻസ് ഫോറം സുവനീർ പ്രകാശനം, വിവിധ യൂണിറ്റുകളുടെ നേതൃത്വത്തിൽ ക്രമീകരിച്ചിരിക്കുന്ന കലാപരിപാടികൾ എന്നിവ അരങ്ങേറും. വിമൻസ് ഫോറം സഹ രക്ഷാധികാരി വികാരി ജനറാൾ റവ. ഫാ. ആന്റണി ചുണ്ടെലിക്കാട്ട്, ചെയർമാൻ റവ. ഫാ. ജോസ് അഞ്ചാനിക്കൽ, ഡയറക്ടർ സിസ്റ്റർ കുസുമം എസ്.എച്ച്, പ്രസിഡന്റ് ജോളി മാത്യു എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകും.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഔദ്യോഗിക യൂട്യൂബ് ചാനലായ CSMEGB യിൽ സമ്മേളനം തത്സമയം സംപ്രേഷണം ചെയ്യുന്നതായിരിക്കും. കൂടാതെ ഏവർക്കും സൂമിൽ പങ്കെടുക്കുവാനുള്ള അവസരവും ഒരുക്കിയിട്ടുണ്ടെന്ന് വിമൻസ് ഫോറം ഭാരവാഹികൾ അറിയിച്ചു.

ഷൈമോൻ തോട്ടുങ്കൽ

ബിർമിംഗ് ഹാം . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ വിമൻസ് ഫോറത്തിന്റെ മൂന്നാമത് വാർഷിക സമ്മേളനം ഡിസംബർ നാലാം തീയതി ശനിയാഴ്ച വെർച്വൽ ആയി നടക്കും . സർവമനോഹരിയായ പരിശുദ്ധ കന്യാ മറിയത്തെ വിശേഷിപ്പിക്കുന്ന “റ്റോട്ട പുൽക്രാ ” എന്ന പേരിലാണ് വാർഷിക സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത് . രൂപതയിലെ മുഴുവൻ ഉള്ള മുഴുവൻ വനിതകളും അംഗങ്ങളായ സംഘടന വിവിധ ഇടവകകളിലും , മിഷനുകളിലും വളരെ കാര്യക്ഷമമായ രീതിയിൽ ഉള്ള പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത് .

ശനിയാഴ്ച വൈകുന്നേരം ആറ് മണി മുതൽ എട്ടര വരെ വെർച്വൽ ആയി വിമൻസ് ഫോറം രൂപതാ പ്രസിഡന്റ് ജോളി മാത്യുവിന്റെ അധ്യക്ഷതയിൽ നടക്കുന്ന വാർഷിക സമ്മേളനം രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉത്‌ഘാടനം ചെയ്യും തുടർന്ന് വിമൻസ് ഫോറത്തിന്റെ സുവനീറും അദ്ദേഹം പ്രകാശനം ചെയ്യും . ചങ്ങനാശേരി അതിരൂപതാ സഹായ മെത്രാൻ മാർ തോമസ് തറയിൽ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നിർവഹിക്കും , രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് റെവ. ഡോ . ആന്റണി ചുണ്ടെലിക്കാട്ട് , വിമൻസ് ഫോറം കമ്മീഷൻ ചെയർമാൻ റെവ. ഫാ. ജോസ് അഞ്ചാനിക്കൽ എന്നിവർ ആശംസകൾ അർപ്പിക്കും .

അടുത്ത പ്രവർത്തന വർഷത്തേക്കായി തിരഞ്ഞെടുക്കപ്പെട്ട പുതിയ കമ്മറ്റിയെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ഡോ . ഷിൻസി മാത്യു സംസാരിക്കും .തുടർന്ന് പുതിയ എക്സിക്യൂട്ടിവ് കമ്മറ്റിക്ക് ഹാൻഡ് ഓവർ സെറിമണിയും നടക്കും .എട്ട് റീജിയനുകളിൽ നിന്നുള്ള കൾച്ചറൽ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട് . വിമൻസ് ഫോറം ഡയറക്ടർ സി . കുസുമം എസ്. എച്ച് .സ്വാഗതവും , വൈസ് പ്രസിഡന്റ് സോണിയ ജോണി നന്ദിയും അർപ്പിക്കും .

ന്യൂസ് ഡെസ്ക് മലയാളം യുകെ

സ്നേഹം എന്ന വ്യാജേന നാം നമ്മുടെ കുട്ടികൾക്ക് എന്താണ് കൊടുക്കുന്നത്? പാരതന്ത്ര്യം…. സ്നേഹത്തേക്കാൾ മനുഷ്യന് മൂല്യമേറിയതും വിലപ്പെട്ടതും സ്വാതന്ത്ര്യം ആകുന്നു. സ്വാതന്ത്ര്യം ഇല്ലാതെ എങ്ങനെയാണ് സ്വയം അവതരിപ്പിക്കുന്നതും പടർന്ന് പന്തലിക്കുന്നതും? നമ്മുടെ കുട്ടികൾക്ക് സ്വയം അവതരിപ്പിക്കുവാനും പടർന്ന് പന്തലിക്കുവാനും ആവുന്നില്ല. അവർക്ക് അതിന് ആഗ്രഹമുണ്ട്; പക്ഷേ അവർ ശക്തമായും അബോധമായും അടിച്ചമർത്തപ്പെട്ടു പോകുന്നു .അവർ കുറുവൃക്ഷം പോലെ ആകുന്നു. ഇത് ഗുരുതരമായ ഒരു പ്രശ്നമാണ്.

തങ്ങളുടെ കുട്ടികൾക്ക് ജീവിതത്തിൽ യാതൊരു പ്രശ്നവും ഉണ്ടാകരുത് എന്ന് മാതാപിതാക്കൾ വാശിപിടിക്കുന്നു. അതിനുവേണ്ട ആസൂത്രണങ്ങളും തയ്യാറെടുപ്പുകളും മുൻകരുതലുകളും അവർ സ്വീകരിക്കുന്നു .ഇത് എത്രമാത്രം ശരിയാണ് ?പ്രശ്നങ്ങളെ നേരിടാതെ കുട്ടികൾ എങ്ങനെയാണ് മന:ക്കരുത്തും തന്റേടവും പക്വതയും ആർജ്ജിക്കുന്നത്? അവർ തങ്ങളുടെ കുട്ടികളുടെ ഭാവിയെ കുറിച്ചും മറ്റും ആശങ്ക പ്രകടിപ്പിക്കുന്നു. ഈ ആശങ്ക(anxiety) ക്രമേണ കുട്ടികളിലേക്ക് പകരുന്നു. വാസ്തവത്തിൽ ഇങ്ങനെയൊരു ആശങ്കയുടെ ആവശ്യമുണ്ടോ? തങ്ങളുടെ കുട്ടികൾ ഏത് വിഷയം പഠിക്കണമെന്നും ഏത് ജോലി സ്വീകരിക്കണമെന്നും എന്തിന് ആരെ വിവാഹം ചെയ്യണമെന്ന് പോലും മാതാപിതാക്കൾ തീരുമാനിക്കുന്നു. അപ്പോൾ സ്വന്തം ജീവിതത്തിൽ കുട്ടികളുടെ റോൾ(role) എന്താണ്? അവർ കഴിവും ഉത്തരവാദിത്വം ഇല്ലാത്തവരായി മാറുന്നു.

കുട്ടികളെ വളർത്തേണ്ടത് മാതാപിതാക്കൾ അല്ല എന്ന് ഞാൻ ശക്തമായി വാദിക്കുന്നു. ഇന്ന് മാതാപിതാക്കൾക്ക് അതിനു സമയം എവിടെ? മാത്രവുമല്ല കുട്ടികൾക്കും മാതാപിതാക്കൾക്കും ഇടയിലുള്ള പ്രായത്തിന്റെ വിടവ് (generation gap) ആര് മാറ്റി കൊടുക്കും? അതുകൊണ്ട് കുട്ടികളെ കുട്ടികളുടെ ഇടയിലേയ്ക്ക് തന്നെ അയക്കുക. 15 വയസ്സുള്ളവൻ 14കാരന്റെ കൂടി കാര്യങ്ങൾ നോക്കട്ടെ ; 14 കാരൻ 13കാരന്റെയും; 13 കാരൻ 12 കാരന്റെയും കൂടി കാര്യങ്ങൾ നോക്കട്ടെ. ഇപ്രകാരം കുട്ടികളെ കുട്ടികൾക്ക് തന്നെ വിട്ടു കൊടുക്കുക. ആധി പിടിക്കേണ്ട കാര്യമില്ല. സോഷ്യലിസ്റ്റ് സാമൂഹിക വ്യവസ്ഥയിൽ അത് എളുപ്പം സാധിക്കാവുന്നതാണ്.

അത് കൊണ്ട് മുതിർന്നവരോടും മാതാപിതാക്കളോടും എനിക്ക് ഒരു കാര്യമേ പറയാനുള്ളൂ.. നിങ്ങൾ കുട്ടികളുടെ കാര്യത്തിൽ ഇടപെടാതിരിക്കുക! നിങ്ങൾക്ക് അതിൽ ഇടപെടാൻ യാതൊരു അവകാശവുമില്ല. നിങ്ങൾ അവരുടെ രക്ഷിതാക്കൾ ചമയാതിരിക്കുക. അതൊക്കെ കാലഹരണപ്പെട്ട സാമൂഹിക വ്യവസ്ഥിതിയുടെ സവിശേഷത ആകുന്നു. ഇന്ന് കാലം മാറിയിരിക്കുന്നു. ഇത് കൂട്ടുകുടുംബത്തിന്റെ കാലമൊന്നുമല്ല. അണുകുടുംബങ്ങൾ പോലും പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു. വ്യക്തിയും അവന്റെ സ്വാതന്ത്ര്യവുമാണ് ഇന്നത്തെ പ്രധാനപ്പെട്ട വിഷയങ്ങൾ. കുട്ടികൾക്ക് ജീവിക്കാനാവാത്ത ഒരു സമൂഹമാണ് നമ്മുടേതെങ്കിൽ ആ സമൂഹത്തെ തിരുത്തുക അല്ലേ നമ്മുടെ കടമ ?കുട്ടികളെ തിരുത്തുന്നതിൽ എന്തർത്ഥം ഇരിക്കുന്നു? അത് ആണുങ്ങൾക്ക് ഭൂഷണമല്ല.

ജീവിതത്തിൽ തങ്ങൾക്കുണ്ടാകുന്ന വെല്ലുവിളികളെ ആണത്തത്തോടെയും ചങ്കൂറ്റത്തോടെയും നേരിട്ട് കൊണ്ട് പുതിയ തലമുറക്ക് ഒരു ദിശാബോധം കൊടുക്കുകയാകുന്നു പ്രായപൂർത്തിയായവരുടെ കടമ. അതിനുള്ള ശക്തി സംഭരിക്കുവാൻ ആവാതെ ഞരമ്പുരോഗികളായിമാറി അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന് പറഞ്ഞ മാതിരി തങ്ങളുടെ പരാജയങ്ങൾക്കും കഴിവുകേടുകൾക്കും ഉള്ള ദേഷ്യം കുട്ടികളോട് തീർക്കുന്ന വികലമായ വ്യക്തിത്വങ്ങളായി പ്രായപൂർത്തിയായവർ മാറുന്നത് കാണുമ്പോൾ ലജ്ജിച്ച് തലതാഴ്ത്തി പോകുന്നു. അല്ലയോ മുതിർന്നവരേ.. നിങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ശ്രദ്ധിക്കുക. കുട്ടികളെ തൊട്ടുപോകരുത്!! അവർക്ക് വേണ്ടത് സ്വാതന്ത്ര്യമാണ്. നിങ്ങളുടെ കപട സ്നേഹം അല്ല. നിങ്ങൾ ഈ കാപട്യം എത്രനാൾ ചിലവാക്കും? നിങ്ങൾക്ക് അവരോട് സ്നേഹം ഇല്ല എന്ന് വ്യക്തമായി കഴിഞ്ഞിരിക്കുന്നു. അവർക്ക് നിങ്ങളോടും സ്നേഹം ഇല്ല എന്ന് അറിഞ്ഞു കൊള്ളുക. അതുകൊണ്ടാണ് വാർദ്ധക്യത്തിൽ അവർ നിങ്ങളെ നോക്കാത്തത്..

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഷൈമോൻ തോട്ടുങ്കൽ

സ്റ്റോക്ക് ഓൺ ട്രെൻറ്റ് . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ഈ വർഷം (2021 -2022 ) ഇടവക വർഷമായി ആചരിക്കും , രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി അഞ്ചാം വർഷം ഇടവക വർഷമായാണ് ആചരിക്കുന്നതിന്റെ ഭാഗമായാണിത് . ഇടവക വർഷത്തിന്റെ ഔദ്യോഗിക ഉത്‌ഘാടനം സ്റ്റോക്ക് ഓൺ ട്രെൻറ്റ് ഔർ ലേഡി ഓഫ് ഹെല്പ് പെർപെച്വൽ മിഷനിലെ സെന്റ് ജോസഫ് ദേവാലയത്തിൽ വച്ച് നടന്ന ചടങ്ങിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നിർവഹിച്ചു . വികാരി ജനറൽമാരായ റെവ. ഫാ. ജിനോ അരീക്കാട്ട് എം. സി. ബി .എസ് ., റെവ. ഫാ. ജോർജ് ചേലക്കൽ , റെവ ഫാ. ഹാൻസ് പുതിയാ കുളങ്ങര , റെവ.ഫാ. ടോമി അടാട്ട് , റെവ. ഫാ. ജോർജ് എട്ടുപറ , രൂപതയുടെ വിവിധ ഇടവകകൾ ,മിഷനുകൾ , എന്നിവിടങ്ങളിൽ നിന്നുള്ള വൈദികർ സന്യസ്തർ , അല്മായ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു .

അടുത്ത ഒരു വർഷക്കാലം രൂപതയിൽ കൂടുതൽ ഇടവകകൾ ഉണ്ടാകുവാനും ,ഇടവക കേന്ദ്രീകൃതമായ കൂടുതൽ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുവാനും ആണ് ഇതിലൂടെ ലക്ഷ്യമിടുന്നത് . ഇതിനായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ രക്ഷാധികാരിയും , വികാരി ജെനറൽ ഫാ. ജിനോ അരീക്കാട്ട് എം. സി. ബി എസ് , രൂപതാ ചാൻസിലർ റെവ. ഡോ . മാത്യു പിണക്കാട്ട് എന്നിവരുടെ നേതൃത്വത്തിൽ എല്ലാ റീജിയനുകളിൽ നിന്നും രണ്ട് അല്മായ പ്രതിനിധികളും ഓരോ വൈദികരും ഉൾപ്പടെ ഇരുപത്തിയേഴ് അംഗ കമ്മറ്റിയേയും തിരഞ്ഞെടുത്തിട്ടുണ്ട് . വരും ദിവസങ്ങളിൽ രൂപതയിലെ ഓരോ ഇടവകകളിലും , മിഷനുകളിലും , റീജിയൺ , രൂപത തലങ്ങളിലും ഇടവക വർഷത്തോടനുബന്ധിച്ചുള്ള വിവിധ പരിപാടികൾ നടക്കും.

സുവാറ 2021 ബൈബിള്‍ ക്വിസ്‌ സെമിഫൈനല്‍ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. മുന്ന്‌ മത്സരങ്ങളായി നടത്തപ്പെട്ട ആദ്യ റൗണ്ടുമത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കുകള്‍ നേടിയ അമ്പതുശതമാനം കുട്ടികളാണ്‌ സെമിഫൈനല്‍ മത്സരങ്ങളിലേക്ക്‌ യോഗ്യത നേടിയിരുന്നത്‌. സെമിഫൈനല്‍ രണ്ടു മത്സരങ്ങളായിട്ടാണ്‌ നടത്തിയത്‌ .

രണ്ടുമത്സരങ്ങളില്‍ നിന്നുംകൂടി ഏറ്റവും കൂടുതല്‍ മാര്‍ക്കുകള്‍ നേടിയ ഓരോ എയ് ജ്‌ ഗ്രൂപ്പില്‍നിന്നുമുള്ള അഞ്ച്‌ മത്സരാര്‍ത്ഥികളാണ്‌ ഫൈനല്‍ മത്സരങ്ങളിലേക്ക്‌ യോഗൃത നേടിയത്‌. സുവാറ2021 ബൈബിള്‍ ക്വിസ്‌ ഫൈനല്‍ മത്സരം മാഞ്ചസ്റ്റര്‍ സെന്റ്‌ ജോസഫ്‌ ചര്‍ച്ച്‌ പാരിഷ്‌ ഹാളില്‍ ഡിസംബര്‍ 11 ന് നടക്കും.

ഗവണ്മെന്റ്‌ നല്‍കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ചായിരിക്കും മത്സരങ്ങള്‍ സംഘടിപ്പിക്കുക. മത്സരങ്ങളുടെ നടത്തിപ്പില്‍ മാറ്റംവരുത്തേണ്ട സാഹചര്യമുണ്ടായാല്‍ മത്സരാര്‍ത്ഥികളെ മുന്‍ക്കൂട്ടി അറിയിക്കുന്നതായിരിക്കും. രൂപത ബൈബിള്‍ അപ്പൊസ്‌റ്റോലറ്റിന്റെ നേതൃത്വത്തിലാണ്‌ സുവാറ 2021 ബൈബിള്‍ ക്വിസ്‌ മത്സരങ്ങള്‍ നടത്തുന്നത്‌. സുവാറാ 2020 മത്സരങ്ങള്‍ പങ്കാളിത്തംകൊണ്ട്‌ ഏറെ ശ്രദ്ധനേടിയതുപോലെതന്നെ സുവാറ രണ്ടാം വര്‍ഷമത്സരങ്ങളും വിശ്വാസികളുടെ ഇടയില്‍ ഏറെ ശ്രദ്ധ നേടി മുന്നേറുകയാണ്‌ .

കഴിഞ്ഞ വര്‍ഷങ്ങളില്‍നിന്നും വ്യത്യസൂമായി മുതിര്‍ന്നവരും മത്സരങ്ങളില്‍ പങ്കെടുക്കുന്നു മത്സരങ്ങളെക്കുറിച്ച്‌ കൂടുതല്‍ അറിയുന്നതിനായി ബൈബിള്‍ അപ്പോസ്റ്ലേറ്റ്‌ വെബ്സൈറ്റ്‌ സന്ദര്‍ശിക്കുകയോ റീജിയണല്‍ കോര്‍ഡിനേറ്റര്‍സുമായിട്ട്‌ ബന്ധപ്പെടുകയോ ചെയ്യേണ്ടാതാണ്‌.

 

ഫാ. ഹാപ്പി ജേക്കബ്

സന്തോഷത്തിന്റെയും സമാധാനത്തിന്റെയും പ്രത്യാശയുടെയും തിരുജനനത്തിന്റെ ഒരുക്ക ശുശ്രൂഷയിലേക്ക് നാം കടക്കുകയാണ്. ഒരു അനുസ്മരണം മാത്രമാണ് തിരുജനനം എങ്കിൽ ആഘോഷങ്ങളിൽ മാത്രം ഒതുങ്ങേണ്ടതാണ്. എന്നാൽ തിരുജനനം അനുഭവം ആണെങ്കിൽ അതിനു വേണ്ടി നാം ഒരുങ്ങേണ്ടിയിരിക്കുന്നു. അവൻ അന്യനൻ ആണെങ്കിൽ പിന്നെ നാം എന്തിന് ഒരുങ്ങണം ? എന്തിന് കാത്തിരിക്കണം ?

തിരുജനനത്തിൻറെ ആദ്യ വാക്കുകൾ വന്നു പതിച്ചത് പരിശുദ്ധ മറിയത്തിന്റെ കാതുകളിലാണ്. കൃപ നിറഞ്ഞവളെ നിനക്ക് സമാധാനം . കർത്താവ് നിന്നോടുകൂടെ. വി. ലൂക്കോസ് 1: 28. ആധുനിക കാലങ്ങളിൽ വിശ്വാസം വ്യതിചലിക്കുകയും ഭൗതികത ആശ്രയം ആകുകയും ചെയ്യുമ്പോൾ നാം അറിയാതെ തന്നെ ഈ മംഗളവാർത്ത നമ്മിൽ നിന്ന് അകലുന്നു. താൻ പേനിമയും ,ആസക്തിയും, മായാ മോഹങ്ങളും ഈ അകൽച്ചയ്ക്ക് ആക്കം കൂട്ടുന്നു. ഒരിക്കൽ നാം അകന്നു കഴിയുമ്പോൾ തിരിച്ചുവരവിന്റെ പാത അന്യമായി തീരുന്നു. “കർത്താവു നിന്നോട് കൂടെ ” എന്ന ദൈവവചനം എന്ന് നമ്മിൽ നിന്ന് മാറുന്നുവോ അന്ന് തുടങ്ങും നമ്മുടെ പതനവും .

വിശുദ്ധ യോഹന്നാന്റെ സുവിശേഷം ഒന്നാം അദ്ധ്യായം ഒന്നാം വാക്യം മുതൽ നാം വായിക്കുന്നു, ആദിയിൽ വചനം ഉണ്ടായിരുന്നു . വചനം ദൈവത്തോടുകൂടെ ആയിരുന്നു, വചനം ദൈവം ആയിരുന്നു . ആ വചനം ആണ് മാലാഖ മറിയത്തോട് അരുളിച്ചെയ്തത് . ആ വചനം സ്വീകരിച്ച് വചനം ജഡമായി അവതരിക്കുവാൻ മറിയം പറഞ്ഞു “ഇതാ ഞാൻ കർത്താവിൻറെ ദാസി, അവിടുത്തെ ഹിതം പോലെ ഭവിക്കട്ടെ ” .

ഇവിടെ നമ്മുടെ ശ്രദ്ധ ആകർഷിക്കുന്നത് പരിശുദ്ധ കന്യാമറിയത്തിന്റെ വിധേയത്വവും വിശ്വാസവുമാണ്. രക്ഷകൻ ജനിക്കുവാനുള്ള അടിസ്ഥാന കാരണങ്ങളായി ഇതിനെ നമുക്ക് കാണാം. ഇനി നമ്മിലേക്ക് ഒന്ന് നോക്കിയാൽ ഇവ രണ്ടും നാം എന്നേ മറന്നൂ. ജീവിത യാത്രയിൽ ഇവ രണ്ടുമില്ലാതെ ഇത്രയും സഞ്ചരിച്ചു. ഒരു തിരിച്ചറിവിനേക്കാൾ കൂടുതലായി പിന്തുടർന്ന വഴികൾ അല്ലേ നമ്മെ കൊണ്ടുപോകുന്നത്.

അവൻ അന്യനല്ല എൻറെ ഇമ്മാനുവേൽ ആണെങ്കിൽ നാം അവനെ നമ്മുടെ ഉള്ളിൽ സ്വീകരിച്ചേ മതിയാവൂ. പഴയനിയമത്തിൽ അവന് ധാരാളം നാമങ്ങൾ നൽകിയിട്ടുണ്ട്. അവൻ രക്ഷകൻ ആണ് , വീണ്ടെടുപ്പ് ആണ് , അത്യുന്നതൻ ആണ് , നല്ലിടയൻ ആണ് അവൻ എല്ലാം എല്ലാം ആണ് .

അത്തരത്തിൽ നാം മനസ്സിലാക്കുമ്പോൾ നമ്മുടെ എല്ലാ ആവശ്യങ്ങൾക്കും , പ്രയാസങ്ങൾക്കും . ആഗ്രഹങ്ങൾക്കും മതിയായവൻ അവൻ തന്നെ . മറ്റെവിടെ നാം പോയാലും നിത്യ സമാധാനം ലഭിക്കണമെങ്കിൽ തിരിച്ച് വന്നേ മതിയാവുകയുള്ളൂ. ‘അവൻ നമ്മോടു കൂടെ ‘ എന്ന അർഥപൂർണമായ വാഗ്ദത്തം നാം ഉൾകൊണ്ടേ മതിയാവുകയുള്ളൂ.

അവൻ ബലവാനും സർവ്വശക്തനും ആണെങ്കിലും നമ്മുടെ വിധേയത്വവും സമർപ്പണവും ഇല്ല എങ്കിൽ എങ്ങനെ ഇമ്മാനുവേൽ ആകും . “ഞാൻ വാതിൽക്കൽ നിന്ന് മുട്ടുന്നു ; ആരെങ്കിലും എൻറെ ശബ്ദം കേട്ട് വാതിൽ തുറന്നാൽ ഞാൻ അവൻറെ അടുക്കൽ ചെന്ന് അവനോടും അവൻ എന്നോടും കൂടെ അത്താഴം കഴിക്കും”. വെളിപാട് 3: 20

ഇമ്മാനുവേൽ എത്ര കാലമായി നമ്മുടെ ഹൃദയ വാതിൽക്കൽ നിൽക്കുന്നു. എത്ര ക്രിസ്തുമസ് നാം പിന്നിട്ടു. അന്യനായി അല്ലേ നാം അവനെ കണ്ടിരുന്നത്. ലോകം മുഴുവൻ മഹാരോഗത്തിൽ വലഞ്ഞപ്പോഴും ഇപ്പോഴും ആശങ്കയും അവ്യക്തതയും നിലനിൽക്കുമ്പോഴും നാം തിരിച്ചറിയുക. ദൈവ പുത്രന് ജനിക്കുവാൻ ഒരിടം വേണം. അവൻ എൻറെ ഹൃദയ വാതിലിൽ നിന്നും മുട്ടുമ്പോൾ വാതിൽ തുറക്കുവാൻ എൻറെ വിശ്വാസവും വിധേയത്വവും കന്യകയെ പോലെ സമർപ്പിക്കുവാൻ കഴിയട്ടെ . നാം ഇന്നും ജീവനോടെ നിലനിൽക്കുന്നുവെങ്കിൽ അവൻ നിലനിർത്തി എങ്കിൽ അവന് ഞാൻ അന്യനല്ല. എനിക്ക് അവൻ എൻറെ ഇമ്മാനുവേൽ .

ലോകരക്ഷകൻ ബലം നൽകി നമ്മെ ആ നല്ല ദിനത്തിലേയ്ക്ക് ഒരുക്കട്ടെ .

പ്രാർത്ഥനയോടെ
ഹാപ്പി ജേക്കബ് അച്ചൻ

റവ. ഫാ. ഹാപ്പി ജേക്കബ്ബ്

മലങ്കര ഓർത്ത്ഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ ഭദ്രാസ   സെക്രട്ടിയായി ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു. കൂടാതെ മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകയിലും, ന്യൂകാസിൽ സെൻറ് തോമസ്സ് ഇടവകയിലും, നോർത്ത് വെയിൽസ് സെൻറ് ബെഹന്നാൻസ് ഇടവകയിലും വികാരിയായിട്ട് ശുശ്രൂഷിക്കുന്നു. യോർക്ക്ഷയറിലെ ഹറോഗേറ്റിലാണ് താമസം.

ഷൈമോൻ തോട്ടുങ്കൽ

ലീഡ്സ്. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ മൂന്നാമത് ഇടവക ദേവാലയമായി മാറി ലീഡ്സ് സെൻറ് മേരീസ് ആൻഡ് സെന്റ് വിൽഫ്രിഡ്സ് ദേവാലയം . ലീഡ്‌സിലെയും , സമീപപ്രദേശങ്ങളിലെയും സീറോ മലബാർ വിശ്വാസികൾ കാലങ്ങളായി പ്രാർത്ഥനാപൂർവം കാത്തിരുന്ന ഇടവകയുടെ ഔദ്യോഗിക പ്രഖ്യാപനവും , ഉത്‌ഘാടനവും ലീഡ്സ് രൂപതാധ്യക്ഷൻ മാർ മാർക്കസ് സ്റ്റോക്കിന്റെ സാനിധ്യത്തിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നിർവഹിച്ചു .

“സീറോ മലബാർ സഭ ഈ ദേവാലയത്തിലേക്ക് വിശ്വാസത്തിന്റെ ജീവൻ തിരികെ കൊണ്ടുവന്നുവെന്നും ,ലീഡ്‌സിലും സമീപ പ്രദേശങ്ങൾക്കും ,പ്രാദേശിക സമൂഹത്തിനും നഷ്ടപ്പെട്ട വിശ്വാസത്തിന്റെ ദീപം , വീണ്ടും ജ്വലിപ്പിക്കുവാൻ ഈ ഇടവക പ്രഖ്യാപനവും അനുദിനമുള്ള തിരുക്കർമ്മങ്ങളും ഇടയാക്കുമെന്നും ലീഡ്സ് രൂപതാധ്യക്ഷൻ മാർ മാർക്കസ് സ്റ്റോക്ക് ഇടവക പ്രഖ്യാപനത്തിനുശേഷം നടത്തിയ ആശംസ പ്രസംഗത്തിൽ പറഞ്ഞു . തുടർന്ന് നടന്ന ആഘോഷമായ വിശുദ്ധ കുർബാനക്ക് മാർ ജോസഫ് സ്രാമ്പിക്കൽ കാർമികത്വം വഹിച്ചു .

“എത്ര അസാദ്ധ്യമായ ഒരു കാര്യമാണെങ്കിലും അസാധ്യമായ സാഹചര്യമാണെങ്കിലും ദൈവം പറഞ്ഞാൽ അത് സാധ്യമാകും , രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ചിട്ടുള്ള ഇടവക വർഷത്തിന്റെ ആരംഭത്തിൽ ആദ്യദിനം തന്നെ ലീഡ്‌സിലെ ദേവാലയം ഇടവകയായി ഉയർത്തുവാൻ കഴിഞ്ഞത് വലിയ ദൈവ കരുണയുടെയും , അഭിഷേകത്തിന്റെയും ,കൃപയുടെയും ഫലമാണ് , മാർ ജോസഫ് സ്രാമ്പിക്കൽ വിശുദ്ധ കുർബാന മദ്ധ്യേ വിശ്വാസികളെ ഉത്‌ബോധിപ്പിച്ചു .” പള്ളിയിൽ വന്നതുകൊണ്ട് അന്ത്യവിധിക്കുശേഷമുള്ള സഭയിൽ നമ്മൾ ഉണ്ടാകുമെന്നു യാതൊരു ഉറപ്പുമില്ല , അന്ത്യവിധിക്കുശേഷമുള്ള സഭയിൽ ഉണ്ടാകുവാൻ വേണ്ടി നാം പ്രാധാന്യം കൊടുക്കണം ,ലോകത്തിന്റെ ഹിതപ്രകാരമല്ലാതെ ദൈവഹിതപ്രകാരം , ദൈവവ വചനമനുസരിച്ച് ജീവിക്കണം .

ജീവിതകാലം മുഴുവനും , മനസും , ശരീരവും ,മുഴുവനായും ദൈവത്തിനായി നൽകണം , തന്നെത്തന്നെ നൽകാതെ അധരവ്യായാമം നൽകിയത് കൊണ്ട് കാര്യമില്ല അദ്ദേഹം കൂട്ടിച്ചേർത്തു .ലീഡ്‌സിലെ ഈ ദേവാലയവും ഇടവകയും സാധ്യമാകുന്നതിനുവേണ്ടി ആദ്യ നേതൃത്വം നൽകിയ റെവ. ഫാ. ജോസഫ് പൊന്നേത്ത് അച്ചനെയും , ഇടവകയിലേക്കുള്ള യാത്രയിൽ കഠിനാധ്വാനം ചെയ്ത റെവ.ഫാ. മാത്യു മുളയോലിൽ അച്ചനെയും , കമ്മറ്റി അംഗങ്ങളെയും അഭിവന്ദ്യ പിതാവ് അനുമോദിക്കുകയും പ്രാർത്ഥനാശംസകൾ നേരുകയും ചെയ്തു ,രൂപതാ വികാരി ജെനെറൽ റെവ. ഫാ. ജിനോ അരീക്കാട്ട് എം. സി. ബി .എസ് .ഇടവക സ്ഥാപനം സംബന്ധിച്ച ഡിക്രി വായിച്ചു .

പ്രെസ്റ്റൻ റീജിയൻ ഡയറക്ടർ ,റെവ. ഫാ. ജോസ് അഞ്ചാനിക്കൽ .റെവ. ഫാ. ജോ മൂലശ്ശേരിൽ വി.സി. ഫാ. ജോസഫ് കിഴക്കര കാട്ട്,ഫാ. കുര്യാക്കോസ് അമ്പഴത്തിനാൽ ,സന്യസ്തർ അല്മായ പ്രതിനിധികൾ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു , വികാരി റെവ. ഫാ. മാത്യു മുളയോലിൽ സ്വാഗതവും , കൈക്കാരൻ ജോജി തോമസ് നന്ദിയും അർപ്പിച്ചു . ഇടവകയുടെ സ്ഥാപനത്തിനായി തുടക്കം മുതൽ നേതൃത്വം നലകിയവരെ മൊമെന്റോ നൽകി ആദരിക്കുകയും ചെയ്തു .ഇടവകയിലെ കൈക്കാരൻമാർ , വിവിധ ഭക്തസംഘടന ഭാരവാഹികൾ , പാരിഷ് കൗൺസിൽ മെംബേർസ് , കുടുംബ കൂട്ടായ്മ ലീഡേഴ്‌സ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

മാത്യൂ ചെമ്പ് കണ്ടത്തില്‍
അന്ത്യവിധിക്കു ശേഷമുള്ള പരിശുദ്ധ സഭയില്‍ ഉണ്ടായിരിക്കുക എന്നതാണ് ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം പരമപ്രധാനമായ കാര്യമെന്ന് സീറോമലബാര്‍ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍. ഇംഗ്ലണ്ടില്‍ യോര്‍ക്ഷിയറില്‍ സീറോമലബാര്‍ വിശ്വാസികള്‍ വാങ്ങിയ ലീഡ്‌സ് സെന്റ് മേരീസ് ആന്‍ഡ് സെന്റ് വില്‍ഫ്രഡ് ആരാധനാലയത്തിന്റെ ഇടവക പ്രഖ്യാപനം നടത്തി അര്‍പ്പിച്ച ദിവ്യബലിയില്‍ മുഖ്യസന്ദേശം നല്‍കുകയായുരുന്നു മാര്‍ ജോസഫ് സ്രാമ്പിക്കല്‍.

ഇന്നു മുതല്‍ ആരംഭിക്കുന്ന മംഗളവാര്‍ത്താ കാലം അവസാനിക്കുന്നത് പള്ളിക്കൂദാശാ കാലത്തിലാണ്. മണവാട്ടിയും പരിശുദ്ധയും ക്രിസ്തുവിന്റെ ശരീരവുമായ അന്ത്യവിധിക്കു ശേഷമുള്ള തിരുസ്സഭയെ പിതാവിന് പുത്രന്‍ സമര്‍പ്പിക്കുന്നതാണ് പള്ളിക്കൂദാശാ കാലം വിളിച്ചറിയിക്കുന്നത്. ദൈവഹിതപ്രകാരം ദൈവവചനമനുസരിച്ച് ജീവിക്കുന്നവരുടെ കൂട്ടായ്മയാണ് തിരുസ്സഭ. ദേവാലയത്തില്‍ സഞ്ചരിച്ച പാദങ്ങള്‍ പ്രകാശത്തിന്റെ സ്ഥലത്ത് സഞ്ചരിക്കാന്‍ ഇടയാകട്ടെ എന്നതായിരിക്കണം നമ്മുടെ പ്രാര്‍ത്ഥന. നമ്മുടെ രൂപതയില്‍ അറുപതിനായിരത്തോളം അംഗങ്ങള്‍ ഉണ്ടെന്ന് നമുക്കറിയാം. എന്നാല്‍ ലക്ഷ്യത്തിലേക്ക് നാം എത്രപേര്‍ എത്തിച്ചേരും എന്നതാണ് പരമപ്രധാനമായ കാര്യം.

തിരുവചനത്തില്‍നിന്ന് നാം പ്രസംഗം കേള്‍ക്കുമ്പോള്‍ ദൈവവചനം നമ്മെ കഴുകുയാണ്. വചനം നമ്മെ കഴുകുന്നില്ലെങ്കില്‍, നമുക്ക് ഈശോമശിഹായോടുകൂടെ പങ്കുണ്ടാവുകയില്ല. മാര്‍പാപ്പയോ മെത്രാപ്പോലീത്തായോ മെത്രാനോ സമര്‍പ്പിതനോ ഈ ലോകത്തിലെ ആരുമാകട്ടെ, വചനം നമ്മെ കഴുകുന്നില്ലെങ്കില്‍ അന്ത്യവിധിക്കു ശേഷമുള്ള സഭയില്‍ പങ്കാളിത്തമുണ്ടാകില്ല.

അന്ത്യവിധിക്കു ശേഷം ഞങ്ങളേപ്പോലെ ശുശ്രൂഷ ചെയ്യുന്ന അനേകരും ഈശോയോടു പറയും നിന്റെ നാമത്തില്‍ ഞങ്ങള്‍ വചനം പ്രസംഗിച്ചിട്ടുണ്ടെന്ന്. എന്നാല്‍ ഒരിക്കല്‍ പോലും ഞാന്‍ നിന്നെ അറിഞ്ഞിട്ടില്ല എന്നായിരിക്കും പലരും കേള്‍ക്കാന്‍ പോകുന്നത്. തന്നെത്തന്നെ നല്‍കിയ ഈശോയ്ക്ക് തന്നെത്തന്നെ നല്‍കാതെ അധരവ്യായമം മാത്രം നടത്തുന്നവര്‍ അന്ത്യവിധിക്കു ശേഷമുള്ള സഭയില്‍ ഉണ്ടാകില്ല.

ദൈവവചനവും ദൈവശക്തിയും അറിയാതവരുന്നതാണ് ജീവിതത്തില്‍ തെറ്റുപറ്റുന്നതിന് കാരണം. ദൈവവചനം വായിക്കാനും പഠിക്കാനും എല്ലാവരും സമയം കണ്ടെത്തണം മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സഭയെ ഓര്‍മ്മിപ്പിച്ചു.

ഈശോമശിഹായുടെ രക്തത്താല്‍ രക്ഷിക്കപ്പെട്ടവരും കഴുകല്‍ പ്രാപിച്ചവരുമായ നമ്മള്‍ എല്ലാവരും ഒരു ശരീരമായിട്ടാണ് മദ്ബഹായിലേക്ക് പ്രവേശിച്ച് ദിവ്യബലി അര്‍പ്പിക്കുന്നത്. ലോകത്തിന്റെ മനോഭാവവും ജഡികവികാരങ്ങള്‍ക്ക് അടിമപ്പെട്ടുള്ള ജീവിതവും നയിക്കുന്നവര്‍ അന്ത്യവിധിക്കു ശേഷമുള്ള സഭയില്‍ ഉണ്ടാകില്ല എന്നത് തിരുവചനമാണ് ബിഷപ് മാര്‍ സ്രാമ്പിക്കല്‍ ദൈവജനത്തെ ഉദ്‌ബോധിപ്പിച്ചു.

സീറോമലബാര്‍ സഭയില്‍ ഏകീകരിച്ച വിശുദ്ധ കുര്‍ബാന മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ആദ്യമായി അര്‍പ്പിച്ചതും ലീഡ്‌സ് സെന്റ മേരീസ് ആന്‍ഡ് സെന്റ് വില്‍ഫ്രഡ് ദേവാലയത്തിലായിരുന്നു. കത്തോലിക്കാ സഭയുടെ ലീഡ്‌സ് രൂപതാ മെത്രാന്‍ മാര്‍ മാര്‍ക്കസ് സ്റ്റോക്ക് ആമുഖ പ്രഭഷണം നടത്തി.

തിരുക്കര്‍മ്മങ്ങള്‍ക്ക് ഇടവക വികാരി ഫാ മാത്യൂ മുളയോലിക്കല്‍ നേതൃത്വം നല്‍കി. സീറോമലബാര്‍ എപ്പാര്‍ക്കിയുടെ വികാരി ജനറാള്‍ മോണ്‍ ജിനോ അരീക്കാട്ട്, സീറോമലബാര്‍ രൂപതയുടെ വിവിധ ഇടവകകളില്‍നിന്നുള്ള വൈദികരും സന്യസ്തരുമായി നിരവധി പേര്‍ സമര്‍പ്പണശുശ്രൂഷയില്‍ പങ്കെടുത്തു. ഇടവക ട്രസ്റ്റി ജോജി തോമസ് നന്ദി പറഞ്ഞു.

 

RECENT POSTS
Copyright © . All rights reserved