Sports

കോപ അമേരിക്ക ഫുട്ബോളില്‍ അര്‍ജന്റീനയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി . ആദ്യമല്‍സരത്തില്‍ കൊളംബിയ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് അര്‍ജന്റീനയെ തോല്‍പിച്ചു. രണ്ടാം പകുതിയിലായിരുന്നു കൊളംബിയയുടെ ഗോളുകള്‍.

പതിവുതെറ്റിയില്ല. അര്‍ജന്റീന ജേഴ്സിയില്‍ കളിമറന്ന മെസിയും കൂട്ടരും കോപ്പയിലെ ആദ്യമല്‍സരത്തില്‍ തോറ്റുമടങ്ങി. ആദ്യ പകുതിയില്‍ മെസി കാഴ്ച്ചക്കാരനായപ്പോള്‍ കൊളംബിയന്‍ പ്രതിരോധത്തിലേയ്ക്ക് പന്തെത്തിക്കാന്‍ പോലും അര്‍ജന്റീനയ്ക്കായില്ല . രണ്ടാം പകുതിയില്‍ അര്‍ജന്റീന താളംകണ്ടെത്തിയപ്പോഴേയ്ക്കും കൊളംബിയയുടെ ആദ്യഗോളെത്തി. പരുക്കേറ്റ ലൂയിസ് മ്യൂരിയലിന് പകരമെത്തിയ റോജര്‍ മാര്‍ട്ടീനസ് കരുത്തുറ്റഷോട്ട് ഗോളാകുന്നത് അര്‍ജന്റീന പ്രതിരോധം നോക്കിനിന്നു

മെസിയിലൂടെ ഒരു മടങ്ങിവരവ് സ്വപ്നം കണ്ടുതുടങ്ങിയപ്പോഴേയ്ക്കും കൊളംബിയയുടെ രണ്ടാം പ്രഹരം. കളിയവസാനിക്കാന്‍ നാലുമിനിറ്റ് ശേഷിക്കെ ഡുവാന്‍ സപാറ്റയുടെ ഗോള്‍. താരതമ്യേന ദുര്‍ബലരായ പരാഗ്വയും ഖത്തറുമാണ് അര്‍ജന്റീനയുടെ അടുത്ത എതിരാളികള്‍ എന്നതിനാല്‍ നോക്കൗട്ട് പ്രതീക്ഷ അവസാനിച്ചിട്ടില്ല.

കോപ്പ അമേരിക്കയിൽ ജയത്തുടക്കവുമായി വമ്പന്മാരായ ബ്രസീൽ. ഉദ്ഘാടന മത്സരത്തിൽ ബൊളീവിയയെയാണ് ബ്രസീൽ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ബ്രസീലിന്റെ ജയം. ഫിലിപ്പെ കുട്ടിഞ്ഞോയുടെ ഇരട്ട ഗോൾ മികവിലായിരുന്നു ബ്രസീൽ ബൊളീവിയയെ പരാജയപ്പെടുത്തിയത്. കോപ്പ അമേരിക്കയുടെ ചരിത്രത്തിലെ ബ്രസീലിന്റെ 100-ാം ജയം കൂടിയാണ് സാവോ പോളയിൽ പിറന്നത്.

പരമ്പരാഗത മഞ്ഞ ജേഴ്സിക്ക് പകരം വെള്ളയും നീലയും ജേഴ്സിയിൽ ഇറങ്ങിയ ബ്രസീൽ മത്സരത്തിന്റെ തുടക്കം മുതൽ ആധിപത്യം കണ്ടെത്തി. എന്നാൽ വിരസമായ ആദ്യ പകുതിയിൽ ഗോൾ കണ്ടെത്താൻ ഇരു ടീമുകൾക്കും സാധിച്ചില്ല. നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ലക്ഷ്യം പൂർത്തികരിക്കാൻ ഫിർമിഞ്ഞോയും കുട്ടിഞ്ഞോയും അടങ്ങുന്ന വമ്പന്മാരുടെ നിരക്ക് സാധിച്ചില്ല. പരിക്കേറ്റ് പുറത്തായ നായകൻ നെയ്മറിന്റെ അഭാവം മത്സരത്തിൽ വ്യക്തമായിരുന്നു. കളി തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിൽ ബ്രസീൽ തുടർച്ചയായി പരാജയപ്പെട്ടു.

ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഗോളിലൂടെയും ബ്രസീൽ കളിയിൽ ആധിപത്യം സൃഷ്ടിച്ചു. 50-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെയാണ് ബ്രസീൽ മത്സരത്തിൽ മുന്നിലെത്തിയത്. ബൊളീവിയയുടെ മധ്യനിര താരം ജസ്റ്റീനിയായുടെ കൈയ്യിൽ പന്ത് തട്ടിയതോടെ റഫറി അനുവദിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് കുട്ടിഞ്ഞോ കോപ്പയിലെ ആദ്യ ഗോൾ സ്വന്തം അക്കൗണ്ടിൽ ചേർത്തു.

രണ്ടാം ഗോളിനായി കാത്തിരിക്കേണ്ടി വന്നത് മൂന്ന് മിനിറ്റ്. 53-ാം മിനിറ്റിൽ വീണ്ടും കുട്ടിഞ്ഞോയുടെ ഗോൾ. ബൊളീവിയൻ പ്രതിരോധം തകർത്ത് ഫിർമിഞ്ഞോ നൽകിയ പാസ് ക്ലോസ് റേഞ്ചിൽ നിന്ന് വലയിലെത്തിച്ച് ബ്രസീലിന്റെ ലീഡ് കുട്ടീഞ്ഞോ രണ്ടായി ഉയർത്തി. രണ്ട് ഗോൾ വഴങ്ങിയതോടെ സമ്മർദ്ദത്തിലായ ബൊളീവിയയെ ഞെട്ടിച്ച് എവർട്ടന്റെ വക മൂന്നാം ഗോൾ. മത്സരത്തിന്റെ 85-ാം മിനിറ്റിലായിരുന്നു എവർട്ടന്റെ വലംകാൽ ഷോട്ട് ബ്രസീൽ ഗോൾ പട്ടിക പൂർത്തിയാക്കിയത്.

ഇനിയുള്ള 23 നാള്‍ ലോകം സാംബ താളത്തിനൊത്ത് ചുവടുവയ്ക്കും.കോപ്പ അമേരിക്ക ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിന് നാളെ തുടക്കം . ആദ്യമല്‍സരത്തില്‍ ബ്രസീല്‍ ബൊളീവിയയെ നേരിടും. പുലര്‍ച്ചെ ആറുമണിക്കാണ് മല്‍സരം. നെയ്മറില്ലാതെ ബൊളീവിയക്കെതിരെ ഇറങ്ങുന്ന ബ്രസീലിനെ നയിക്കുന്നത് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഗോളടിവീരന്‍മാരായ ഗബ്രിയല്‍ ജിസ്യൂസ്, ഫിര്‍മിനോ റിച്ചാര്‍ലിസന്‍ എന്നിവരിലാണ് . ഹോണ്ടുറാസിനെ എതിരില്ലാത്ത ഏഴുഗോളുകള്‍ക്ക് തകര്‍ത്തായിരുന്നു ബ്രസീലിന്റെ മുന്നൊരുക്കം .

കുട്ടിഞ്ഞോയ്ക്കൊപ്പം മധ്യനിരയില്‍ കളിനിയന്ത്രിക്കേണ്ട ആര്‍തറിന് പരുക്കേറ്റെങ്കിലും ആദ്യമല്‍സരത്തിന് ഇറങ്ങുമെന്നാണ് പ്രതീക്ഷ. ഒന്‍പത് മാസത്തിനിടെ കളിച്ച ആറുമല്‍സരങ്ങളു ബൊളീവിയ പരാജയപ്പെട്ടിരുന്നു . അതിഥിടീമുകളായി എത്തുന്ന ജപ്പാന്‍ ആദ്യമല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ചിലെയെയും ഖത്തര്‍ പരാഗ്വായെയും നേരിടും . ഞായറാഴ്ച പുലര്‍ച്ചെ 3.30ന് നടക്കുന്ന അര്‍ജന്റീന കൊളംബിയ മല്‍സരമാണ് കോപ്പയിലെ ആദ്യ സൂപ്പര്‍ പോരാട്ടം

മു​ന്‍ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ ബാ​ഡ്മി​ന്‍റ​ണ്‍ താ​രം ലീ ​ചോംഗ് വീ ​വി​ര​മി​ച്ചു. കാ​ന്‍സ​റി​നെ​ത്തു​ട​ര്‍ന്നു​ള്ള ചി​കി​ത്സ​യി​ലാ​യി​രു​ന്ന ചോം​ഗ് വീ ​പൂ​ര്‍ണ ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കാ​ത്ത​തി​നാ​ലാ​ണ് വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ച​ത്. ക​ഴി​ഞ്ഞ വ​ര്‍ഷ​മാ​ണ് താ​ര​ത്തി​ന് മൂ​ക്കി​ല്‍ കാ​ന്‍സ​ര്‍ ക​ണ്ടെ​ത്തി​യ​ത്. ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ ജ​നു​വ​രി​യി​ല്‍ തി​രി​ച്ചു​വ​ര​വി​ന് ശ്ര​മി​ച്ചു. എ​ന്നാ​ല്‍, ഡോ​ക്ട​ര്‍മാ​രു​ടെ ഉ​പ​ദേ​ശ​ത്തെ​ത്തു​ട​ര്‍ന്ന് ബാ​ഡ്മി​ന്‍റ​ണി​ല്‍നി​ന്ന് വി​ര​മി​ക്കു​ക​യാ​യി​രു​ന്നു. 348 ആ​ഴ്ച പു​രു​ഷ റാ​ങ്കിം​ഗി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തു തു​ട​ര്‍ന്ന ചോം​ഗ് വീ​ക്ക് ലോ​ക ചാ​മ്പ്യ​ന്‍ഷി​പ്പ്, ഒ​ളി​മ്പി​ക് സ്വ​ര്‍ണ​മെ​ഡ​ലു​ക​ള്‍ നേ​ടാ​നാ​യി​ട്ടി​ല്ല. ര​ണ്ടു ചാ​മ്പ്യ​ന്‍ഷി​പ്പി​ലും മൂ​ന്നു പ്രാ​വ​ശ്യം വീ​തം ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ചെ​ങ്കി​ലും തോ​ല്‍വി​യാ​യി​രു​ന്നു. ചൈ​ന​യു​ടെ ലി​ന്‍ ഡാ​ന്‍ ആ​യി​രു​ന്നു മ​ലേ​ഷ്യ​ന്‍ താ​ര​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ എ​തി​രാ​ളി. 2014ലെ ​ലോ​ക ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ഉ​ത്തേ​ജ​ക​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ചതി​നെ​ത്തു​ട​ര്‍ന്ന് വി​ല​ക്ക് നേ​രി​ടേ​ണ്ടി​വ​ന്നു. എ​ന്നാ​ല്‍, 2015ല്‍ ​ബാ​ഡ്മി​ന്‍റ​ണ്‍ കോ​ര്‍ട്ടി​ല്‍ തി​രി​ച്ചെ​ത്തി.

ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ചോർത്തി മഴ ‘കളി’ തുടരുന്നു. ആരാധകരുടെ പ്രാർഥനകളോട് നിർദ്ദാക്ഷിണ്യം മുഖം തിരിച്ച് നോട്ടിങ്ങാമിലെ ട്രെന്റ്ബ്രിജിൽ മഴമേഘങ്ങൾ നിന്നു പെയ്തതോടെ ഇന്ത്യ–ന്യൂസീലൻഡ് മൽസരവും ഉപേക്ഷിച്ചു. ടോസ് ഇടാൻ പോലും സാധിക്കാതെയാണ് മൽസരം ഉപേക്ഷിച്ചത്. ഇന്ത്യൻ സമയം വൈകിട്ട് 7.30ന് നടത്തിയ പരിശോധനയിലും കളി നടക്കില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ഉപേക്ഷിക്കുന്നതായി അംപയർമാർ അറിയിച്ചത്. ഇതോടെ ഇരു ടീമുകളും പോയിന്റ് പങ്കുവച്ചു. ഈ ലോകകപ്പിൽ അജയ്യരെന്ന പരിവേഷവും ഇന്ത്യയും ന്യൂസീലന്‍ഡും നിലനിർത്തി. ആദ്യത്തെ മൂന്നു കളികളും ജയിച്ച ന്യൂസീലൻഡ് ഏഴു പോയിന്റുമായി ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ, ഇന്ത്യ മൂന്നു കളികളിൽനിന്നും അഞ്ചു പോയിന്റുമായി മൂന്നാം സ്ഥാനത്തേക്കു കയറി.

ഓവറുകൾ വെട്ടിച്ചുരുക്കിയിട്ടെങ്കിലും മൽസരം നടത്താനാകുമോയെന്ന് പലതവണ പരിശോധിച്ചെങ്കിലും എല്ലാം വെറുതെയായി. പെയ്തും തോർന്നും വീണ്ടും പെയ്തും മഴ ‘കളം പിടിച്ചതോടെ’ കളി ഉപേക്ഷിക്കാൻ അംപയർമാർ നിർബന്ധിതരായി. ഇതോടെ ഈ ലോകകപ്പിൽ മഴമൂലം ഉപേക്ഷിക്കപ്പെട്ട മൽസരങ്ങളുടെ എണ്ണം നാലായി. ബംഗ്ലദേശും ശ്രീലങ്കയും തമ്മിലുള്ള കഴിഞ്ഞ മൽസരം ഉപേക്ഷിച്ചപ്പോൾ തന്നെ ഏറ്റവും കൂടുതൽ മൽസരങ്ങൾ മഴ മൂലം ഉപേക്ഷിക്കപ്പെട്ട ലോകകപ്പെന്ന ‘റെക്കോർഡ്’ ഈ ലോകകപ്പിനു സ്വന്തമായിരുന്നു. ശ്രീലങ്ക–പാക്കിസ്ഥാൻ, ദക്ഷിണാഫ്രിക്ക – വെസ്റ്റിൻഡീസ് മൽസരങ്ങളും മഴ മൂലം ഉപേക്ഷിരുന്നു.

ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ രണ്ടാമത്തെ മാത്രം മൽസരമാണ് മഴമൂലം ഉപേക്ഷിക്കപ്പെടുന്നത്. 1992ലെ അഞ്ചാം ലോകകപ്പിൽ ശ്രീലങ്കയുമായുള്ള മൽസരമാണ് ഇതിനു മുൻപ് മഴ മൂലം പൂർത്തിയാക്കാനാകാതെ പോയത്. ഓസ്ട്രേലിയയിലെ മക്‌കേയ്‍യായിരുന്നു വേദി. മൽസരത്തലേന്നും രാവിലെയുമായി പെയ്ത കനത്ത മഴമൂലം ഗ്രൗണ്ടില്‍ വെള്ളം കെട്ടിക്കിടന്നു. അഞ്ചു മണിക്കൂറിനുശേഷം 20 ഓവറായി പരിമിതപ്പെടുത്തി മൽസരം തുടങ്ങാന്‍ പിന്നീട് തീരുമാനിച്ചു.

ടോസ് നേടിയ ലങ്ക ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ഓവർ ചുരുക്കിയതോടെ പരമാവധി റൺസ് നേടുക എന്ന ലക്ഷ്യത്തോടെ ശ്രീകാന്തിനൊപ്പം ഓപ്പണറായത് കപിൽദേവ്. ആദ്യ ഓവറിലെ രണ്ടു പന്തുകൾ കഴിഞ്ഞപ്പോൾത്തന്നെ വീണ്ടും മഴയെത്തി. രണ്ടു പന്തുകൾ നേരിട്ട ഇന്ത്യ ഒരു റൺസുമായി നിൽക്കവേ മൽസരം ഉപേക്ഷിക്കപ്പെട്ടതായി പ്രഖ്യാപനം വന്നു.

ഓസ്ട്രേലിയയ്ക്കെതിരായ ലോകകപ്പ് മൽസരത്തിൽ ഇഞ്ചോടിഞ്ചു പോരാടിയ പാക്കിസ്ഥാന് 41 റൺസിന്റെ പരാജയം. ഓസ്ട്രേലിയ ഉയർത്തിയ 308 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ 45.4 ഓവറിൽ 266 റൺസിന് എല്ലാവരും പുറത്തായി. മികച്ച റണ്‍റേറ്റ് ഉണ്ടായിരുന്നെങ്കിലും അനാവശ്യമായി വിക്കറ്റുകൾ വലിച്ചെറിഞ്ഞതാണ് പാക്കിസ്ഥാന് വിനയായത്. 48 പന്തിൽ 45 റൺസുമായി പിടിച്ചുനിന്ന സർഫറാസ് പത്താമനായി റണ്ണൗട്ടായി. അർധസെഞ്ചുറി നേടിയ ഓപ്പണർ ഇമാം ഉൾ ഹഖാണ് പാക്കിസ്ഥാന്റെ ടോപ് സ്കോറർ. നേരത്തെ, ഓപ്പണർമാരായ ഡേവിഡ് വാർണറിന്റെ സെഞ്ചുറിയുടെയും ആരോൺ ഫിഞ്ചിന്റെ അർധസെഞ്ചുറിയുടെയും കരുത്തിലാണ് ഓസീസ് 49 ഓവറിൽ 307 റൺസെടുത്തത്. വാർണറാണ് കളിയിലെ കേമൻ.

200 റണ്‍സിനിടെ ഏഴു വിക്കറ്റ് നഷ്ടമാക്കിയ പാക്കിസ്ഥാനെ എട്ടാം വിക്കറ്റിൽ 64 റൺസ് കൂട്ടുകെട്ടുമായി സർഫറാസ് അഹമ്മദ് – വഹാബ് റിയാസ് സഖ്യം കരകയറ്റിയതാണ്. 44 ഓവർ പൂർത്തിയാകുമ്പോൾ ഏഴു വിക്കറ്റ് നഷ്ടത്തിൽ 263 റൺസ് എന്ന നിലയിലായിരുന്നു പാക്കിസ്ഥാൻ. മൂന്നു വിക്കറ്റും 36 പന്തും ബാക്കിയിരിക്കെ വിജയത്തിലേക്കു വേണ്ടിയിരുന്നത് 45 റൺസ് മാത്രം. എന്നാൽ, മിച്ചൽ സ്റ്റാർക്ക് എറിഞ്ഞ 45–ാം ഓവറിന്റെ രണ്ടാം പന്തിൽ റിയാസ് പുറത്തായത് വഴിത്തിരിവായി. സ്റ്റാർക്കിന്റെ പന്തിൽ അലക്സ് കാരി റിയാസിനെ പിടികൂടിയെങ്കിലും അംപയർ ഔട്ട് നിഷേധിച്ചതാണ്. എന്നാൽ, അംപയറുടെ തീരുമാനം റിവ്യൂ ചെയ്ത ഓസീസ് വിക്കറ്റും വിജയവും ‘പിടിച്ചെടുക്കുകയായിരുന്നു’. 39 പന്തിൽ രണ്ടു ബൗണ്ടറിയും മൂന്നു സിക്സും സഹിതം 45 റൺസെടുത്ത റിയാസ് പോയതോടെ പാക്കിസ്ഥാന്റെ പോരാട്ടവും അവസാനിച്ചു. മുഹമ്മദ ആമിർ നേരിട്ട രണ്ടാം പന്തിൽ സംപൂജ്യനായതിനു പിന്നാലെ സർഫറസ് റണ്ണൗട്ടായി.

ഫഖർ സമാൻ (പൂജ്യം), ശുഐബ് മാലിക്ക് (പൂജ്യം), ആസിഫ് അലി (അഞ്ച്) എന്നിവർക്കു തിളങ്ങാനാകാതെ പോയതും പാക്കിസ്ഥാനു തിരിച്ചടിയായി. ബാബർ അസം (28 പന്തിൽ 30), മുഹമ്മദ് ഹഫീസ് (49 പന്തൽ 46), ഹസൻ അലി (15 പന്തിൽ 32) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. ഷഹീൻ അഫ്രീദി ഒരു റണ്ണുമായി പുറത്താകാതെ നിന്നു. ഓസീസിനായി പാറ്റ് കമ്മിൻസ് 10 ഓവറിൽ 33 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റു വീഴ്ത്തി. മിച്ചൽ സ്റ്റാർക്ക്, കെയ്ൻ റിച്ചാർഡ്സൻ എന്നിവർ രണ്ടും നേഥൻ കോൾട്ടർനൈൽ, ആരോൺ ഫി‍ഞ്ച് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി

ലോകകപ്പ് ക്രിക്കറ്റ് തുടങ്ങിയത് മുതല്‍ വില്ലനായിരിക്കുകയാണ് മഴ. ഏറെ കാത്തിരുന്ന ലോകകപ്പ് എത്തിയപ്പോഴാണ് മഴ കളിക്കുന്നതെന്നത് ആരാധകരെ ചെറുതായൊന്നുമല്ല വിഷമിപ്പിക്കുന്നത്. മൂന്ന് മത്സരങ്ങള്‍ ഇപ്പോൾ തന്നെ ഉപേക്ഷിക്കേണ്ടതായി വന്നു. ചൊവ്വാഴ്ച ശ്രീലങ്ക-ബംഗ്ലാദേശ് മത്സരമായിരുന്നു മഴ കളിച്ച അവസാനത്തെ മത്സരം. ഒരൊറ്റ പന്ത് പോലും എറിയാനാവാതെയാണ് ഈ മത്സരം ഉപേക്ഷിച്ചത്.

ഇത്ര വലിയ ടൂര്‍ണമെന്റ് ആയിട്ടും കാലാവസ്ഥ മുന്‍ കണക്കിലെടുക്കാതെ ഷെഡ്യൂള്‍ ചെയ്തതിനെ ആരാധകര്‍ ചോദ്യം ചെയ്യുന്നുണ്ട്. ഇംഗ്ലണ്ടില്‍ അല്ലാതെ മറ്റ് എവിടെയെങ്കിലും മത്സരം വയ്ക്കാമായിരുന്നെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.

പലരും ഐസിസിക്കെതിരെ സോഷ്യൽ മീഡിയയില്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. കൂടാതെ ഐസിസിയെ ട്രോള്‍ ചെയ്തും പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. ഈ ലോകകപ്പില്‍ മഴയെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് ചിലര്‍ പറഞ്ഞത്. ലോകകപ്പ് ട്രോഫിക്ക് മുകളില്‍ കുട പിടിപ്പിച്ച പുതിയ ട്രോഫി രൂപകല്‍പന ചെയ്യണമെന്നും ചിലര്‍ പറയുന്നുണ്ട്.

കനത്ത മഴയില്‍ മത്സരം ഉപേക്ഷിക്കുന്നത് ടീമുകളുടെ സെമി സാധ്യതയെയും സാരമായി ബാധിക്കും. പ്രാഥമിക ഘട്ടത്തില്‍ റിസർവ് ദിനം ഒഴിവാക്കിയതാണ് ഫലമില്ലാ മത്സരങ്ങളുടെ എണ്ണം കൂടാന്‍ കാരണം. ഇതിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്.

ഇതാദ്യമായാണ് ഒരു ലോകകപ്പിലെ മൂന്ന് മത്സരങ്ങള്‍ ഫലമില്ലാതെ അവസാനിക്കുന്നത്. റൗണ്ട് റോബിന്‍ ഘട്ടത്തില്‍ മഴ മുടക്കുന്ന കളികളില്‍ പോയിന്റ് പങ്കുവയ്ക്കുക‌യാണ് ചെയ്യുന്നത്. എന്നാല്‍ സെമി ഫൈനലിനും ഫൈനലിനും റിസര്‍വ് ദിനമുണ്ട്. റിസര്‍വ് ദിനത്തിലും കളി നടന്നില്ലെങ്കില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ കൂടുതല്‍ പോയിന്റ് നേടിയ ടീം ഫൈനലിന് യോഗ്യത നേടും. ഇനി സെമിഫൈനല്‍ സമനിലയിലായാല്‍ സൂപ്പര്‍ ഓവറിലൂടെയാകും വിജയികളെ കണ്ടെത്തുക.

മത്സരങ്ങള്‍ മഴയില്‍ മുങ്ങിയാല്‍ കൂടുതല്‍ ടീമുകള്‍ക്ക് ഒരേ പോയിന്റ് വരാനുള്ള സാധ്യത കൂടുതലാണ്. അങ്ങനെ വന്നാല്‍ കൂടുതല്‍ വിജയമുള്ള ടീമിനാണ് സെമി ഫൈനലിലേക്ക് പ്രഥമ പരിഗണന. പിന്നെ നെറ്റ് റണ്‍റേറ്റ് നോക്കും. ഇതുരണ്ടും തുല്യമാണെങ്കില്‍ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ജയിച്ച ടീം സെമിയില്‍ കടക്കും. ഇതിലും തുല്യമാണെങ്കില്‍ ലോകകപ്പിലെ സീഡിങ് ആകും പരിഗണിക്കുക.

ലോകകപ്പ് ഫൈനല്‍ ദിനവും റിസര്‍വ് ദിനവും കളി തടസപ്പെട്ടാല്‍ കിരീടം പങ്കുവയ്ക്കും. 2007 ലെ കരീബിയന്‍ ലോകകപ്പിലും 99 ല്‍ ഇംഗ്ലണ്ട് തന്നെ ആതിഥേയത്വം വഹിച്ച ലോകകപ്പിലും റിസര്‍വ് ദിനം ഏര്‍പ്പെടുത്തിയിരുന്നു.

 

 

ലോകകപ്പിന് മഴ കനത്ത ഭീഷണി സൃഷ്ടിക്കുന്നു. മൂന്ന് മല്‍സരങ്ങളാണ് മഴകാരണം ഉപേക്ഷിച്ചത്. പല ടീമുകളുടേയും നെഞ്ചിടിപ്പ് കൂട്ടുന്നതാണ് കാലാവസ്ഥാ പ്രവചനം.

ആകെ മൊത്തം മഴയാണ് ഇവിടെ കേരളത്തിലും പിന്നെ കാതങ്ങളകലെയുള്ള ഇംഗ്ലണ്ടിലും. വേനല്‍ മാറി മഴയെത്തിയതിന്റെ ത്രില്ലിലാണ് നമ്മളെങ്കില്‍ ഇംഗ്ലണ്ടുകാര്‍ക്കും ക്രിക്കറ്റ് ടീമുകള്‍ക്കും മഴയത്ര രസിച്ചിട്ടില്ല. ലോകകപ്പില് മഴകാരണം ഉപേക്ഷിക്കുന്ന മൂന്നാംമല്‍സരമാണ് ശ്രീലങ്ക– ബംഗ്ലദേശ് കളി.

ഏറ്റവും തിരിച്ചടി ലങ്കയ്ക്ക് തന്നെ. രണ്ട് മല്‍സരമാണ് മഴയില്‍ ഒലിച്ചുപോയത്. ജൂണ്‍ ഏഴിന് പാക്കിസ്ഥാനെതിരായ മല്‍സരമായിരുന്നു ആദ്യത്തേത്. ഇന്നലെ ദക്ഷിണാഫ്രിക്ക–വെസറ്റ് ഇന്‍ഡീസ് മല്‍സരവും ഉപേക്ഷിക്കേണ്ടി വന്നിരുന്നു. ആരാധകരുെട െനഞ്ചിടിപ്പ് കൂട്ടുന്ന വാര്‍ത്തകളാണ് ഇംഗ്ലണ്ടില്‍ നിന്ന് വരുന്നത്.

പ്രത്യേകിച്ചും ഇന്ത്യന്‍ ആരാധകരുടെ.ട്രെന്റ്ബ്രിഡ്ജില്‍ വ്യാഴാഴ്ച നടക്കാനരിക്കുന്ന ഇന്ത്യ–ന്യൂസീലന്‍ഡ് മല്‍സരവും മല ഭീഷണഃിയിലാണ്. മല്‍സര ദിവസം ഉച്ചവരെ മഴയ്ക്ക് സാധ്യതയുണ്ട്. അതിനാല്‍ 50 ഓവര്‍ മല്‍സരം സാധ്യമായേക്കില്ലെന്നാണ് സൂചന. നോട്ടിങ്ഹാമില്‍ ഈ ആഴ്ച മുഴുവനും യെല്ലോ അലേര്‍ട്ട് നല്‍യിട്ടുണ്ട്. ഓള്‍ഡ് ട്രാഫോഡില്‍ നടക്കാനിരിക്കുന്ന ഇന്ത്യ–പാക് മല്‍സരത്തിനും മഴവെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. കടുത്ത മല്‍സരക്രമമായതിനാല്‍ പ്രവചനാതീതമായ കാലാവസ്ഥയുമായതിനാല്‍ പ്രാഥമിക റൗണ്ട് മല്‍സരങ്ങള്‍ മാറ്റിവയ്ക്കാനാകില്ല. അതിനാല്‍ സെമി ഫൈനലിസ്റ്റുകളെ തീരുമാനിക്കുന്നതില്‍ റണ്‍റേറ്റ് നിര്‍ണായകമാകുമെന്ന് ഉറപ്പ്.

ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ പരുക്കേറ്റതിനെത്തുടര്‍ന്ന് ലോകകപ്പ് ക്രിക്കറ്റില്‍നിന്ന് ഇന്ത്യൻ താരം ശിഖര്‍ ധവാന്‍ പുറത്ത്. കൈവിരലിനാണ് പരുക്ക്. ധവാന് മൂന്നാഴ്ചത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. പാറ്റ് കമ്മിന്‍സിന്റെ പന്തിലാണ് പരുക്കേറ്റത്. പ്രാഥമിക ചികില്‍സ നേടിയ ശേഷം ധവാന്‍ ബാറ്റിങ് തുടര്‍ന്നുവെങ്കിലും ഫീല്‍ഡിങ്ങിന് ഇറങ്ങിയിരുന്നില്ല . ധവാന്റെ സെഞ്ചുറി മികവിലാണ് ഇന്ത്യ ഓസ്ട്രേലിയയെ തോല്‍പിച്ചത്. ട്രെന്‍ഡ്ബ്രിഡ്ജില്‍ മറ്റന്നാളാണ് ഇന്ത്യ ന്യൂസിലന്‍ഡ് മല്‍സരം . ധവാന്റെ അഭാവത്തിൽ രോഹിത് ശര്‍മയ്ക്കൊപ്പം കെ.എല്‍.രാഹുല്‍ ഓപ്പണ്‍ ചെയ്യും

ഐസിസി ടൂർണമെന്റുകളിൽ മികച്ച റെക്കോർഡുള്ള ധവാന്റെ പരുക്ക് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ്. ഓസ്ട്രേലിയയ്ക്കെതിരായ മൽസരത്തിൽ സെഞ്ചുറി നേടിയ ധവാൻ ഫോം തെളിയിച്ചതിനു പിന്നാലെയാണ് നിരാശാജനകമായ ഈ വാർത്ത വരുന്നത്. ഓസീസിനെതിരെ ഓവലിൽ 109 പന്തിൽ 117 റൺ‌സ് നേടിയ ധവാനാണ് മാൻ ഓഫ് ദ് മാച്ച് പുരസ്കാരം നേടിയത്. കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയതും ധവാനായിരുന്നു.

ഓസീസിനെതിരെ ബാറ്റു ചെയ്യുമ്പോൾ പരുക്കേറ്റ ധവാൻ, വേദന സഹിച്ചും ബാറ്റു ചെയ്ത് സെഞ്ചുറിയുമായാണ് തിരികെ കയറിയത്. അതേസമയം, ഓസീസ് മറുപടി ബാറ്റിങ്ങിന് ഇറങ്ങിയപ്പോൾ ധവാൻ ഫീൽഡിങ്ങിന് ഇറങ്ങിയിരുന്നില്ല. പകരം രവീന്ദ്ര ജഡേജയാണ് ഫീൽഡിങ്ങിനെത്തിയത്. മൽസരത്തിനുശേഷം നടത്തിയ വിശദമായ സ്കാനിങ്ങിലാണ് കൈവിരലിനു പൊട്ടലുണ്ടെന്ന് തെളിഞ്ഞത്. ഇതോടെ മൂന്ന് ആഴ്ചത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഈ മാസം നടക്കേണ്ട ലോകകപ്പ് മൽസരങ്ങളെല്ലാം ധവാനു നഷ്ടമാകുമെന്ന് ഉറപ്പായി.

പാകിസ്ഥാനിലെ ടി വി പരസ്യത്തിലാണ് അഭിനന്ദനെ പരിഹസിച്ചുകൊണ്ടുള്ള പരസ്യം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ലോകകപ്പ് ക്രിക്കറ്റ് മൽസരങ്ങൾ സംപ്രേഷണം ചെയ്യുന്ന ജാസ് ടിവിയുടേതാണ് വിവാദ പരസ്യം. ജൂൺ 16ന് മാഞ്ചസ്റ്ററിൽ നടക്കുന്ന ഇന്ത്യ – പാക്കിസ്ഥാൻ മൽസരത്തിനു മുന്നോടിയായി നൽകിയ പരസ്യത്തിലാണ് ഇന്ത്യയുടെ അഭിമാനമായി മാറിയ അഭിനന്ദനെ പരിഹസിക്കുന്നത്. .

അഭിനന്ദൻ വർധമാനെപ്പോലെ തോന്നിക്കുന്ന ഒരാളാണ് ദൃശ്യത്തിൽ. അഭിമനന്ദന്റെ പ്രത്യേക തരത്തിലുള്ള മീശയും ഉണ്ട്. ഇയാളോട് ഇന്ത്യയുടെ പ്ലേയിങ് ഇലവനെക്കുറിച്ചും ടോസ് കിട്ടിയാൽ ടീം സ്വീകരിക്കാൻ പോകുന്ന തന്ത്രങ്ങളെക്കുറിച്ചും ഒരാൾ ചോദിക്കുന്നു. എല്ലാ ചോദ്യങ്ങൾക്കും ‘ക്ഷമിക്കണം, ഇതേക്കുറിച്ച് നിങ്ങളോടു വെളിപ്പെടുത്താൻ എനിക്കാകില്ല’ എന്ന അഭിനന്ദന്റെ പ്രശസ്തമായ മറുപടിയാണ് ഇയാൾ നൽകുന്നത്.

ഒടുവിൽ, ചായ എങ്ങനെയുണ്ടെന്ന ചോദ്യവുമുണ്ട്. കൊള്ളം എന്ന മറുപടിക്കു പിന്നാലെ ഇയാളെ പോകാൻ അനുവദിക്കുന്നു. രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിൽ പുറത്തേക്കു നീങ്ങുന്ന ഇയാളെ പിടിച്ചുനിർത്തി ചായക്കപ്പ് തിരികെ വാങ്ങുന്നു. തൊട്ടുപിന്നാലെ, കപ്പ് നമുക്കു നേടാം എന്ന അർഥത്തിൽ ‘LetsBringTheCupHome എന്ന ഹാഷ്ടാഗോടെ പരസ്യം പൂർണമാകുന്നു.ഇന്ത്യ–പാക് മൽസരം ജാസ് ടിവിയിൽ കാണാമെന്നും അറിയിക്കുന്നു.
ഇന്ത്യ–പാക്ക് ക്രിക്കറ്റ് പോരാട്ടങ്ങളുടെ സമയത്ത് പരസ്പരം കളിയാക്കുന്ന വിഡിയോകൾ ചാനലുകളിൽ പതിവാണെങ്കിലും ഇത്തവണ തീരെ നിലവാരമില്ലെന്നാണ് വിമർശനം. പാക്കിസ്ഥാൻ സൈന്യം അഭിനന്ദനെ ചോദ്യം ചെയ്തെങ്കിലും ഔദ്യോഗിക രഹസ്യങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയാറായിരുന്നില്ല. ‘ക്ഷമിക്കണം, ഇതേക്കുറിച്ച് നിങ്ങളോടു വെളിപ്പെടുത്താൻ എനിക്കാകില്ല’ എന്നാണ് പല ചോദ്യങ്ങൾക്കും അദ്ദേഹം ഉത്തരം നൽകിയത്. ഇതിനെ പരിഹസിച്ചുകൊണ്ടാണ് പരസ്യം ആവിഷ്കരിച്ചിരിക്കുന്നത്.
പരസ്യത്തിനെതിരെ പല ഭാഗത്തുനിന്നും നിരവധി വിമർശനമാണ് ഉയർന്നിരിക്കുന്നത്. ഇന്ത്യ കളിച്ച് തന്നെ ഇതിന് മറുപടി നൽകുമെന്നാണ് ഒരാള്‍ കുറിച്ചിരിക്കുന്നത്. നിങ്ങൾ ചായകപ്പ് ആസ്വദിക്കൂ, ഞങ്ങൾ ലോകകപ്പ് ആസ്വദിക്കാമെന്നാണ് ചിലർ കുറിച്ചിരിക്കുന്നത്. മലയാളികളും പരസ്യത്തിനെ വിമര്‍ശിച്ച് കമന്റ് ചെയ്തിട്ടുണ്ട്.

 

RECENT POSTS
Copyright © . All rights reserved