Sports

ഓവല്‍: സന്നാഹ മത്സരത്തില്‍ ചീട്ടു കൊട്ടാരം പോലെ തകര്‍ന്ന് വീണ് ഇന്ത്യന്‍ മുന്‍നിര. ന്യൂസിലാന്‍ഡിന് 180 റണ്‍സിന്റെ വിജയ ലക്ഷ്യം. മധ്യനിരയില്‍ രവീന്ദ്ര ജഡേജ നേടിയ അര്‍ധ സെഞ്ചുറിയുടെ ബലത്തിലാണ് ഇന്ത്യ പൊരുതാവുന്ന സ്‌കോറിലെത്തിയത്.

ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും രണ്ട് റണ്‍സ് മാത്രമെടുത്ത് പുറത്തായി. പിന്നാലെ വന്നവരും ചെറുത്തു നില്‍ക്കാതെ കൂടാരം കയറുകയായിരുന്നു. നായകന്‍ വിരാട് കോഹ്ലി 18 റണ്‍സുമായി പുറത്തായി. കെഎല്‍ രാഹുല്‍ ആറ് റണ്‍സ് മാത്രമെടുത്തു. പിന്നീട് ധോണിയും ഹാര്‍ദ്ദിക് പാണ്ഡ്യയും ചേര്‍ന്നുള്ള കൂട്ടുകെട്ട് ഇന്ത്യയെ തിരികെ കൊണ്ടു വരുമെന്ന് തോന്നിച്ചെങ്കിലും അതുണ്ടായില്ല. ധോണി 42 പന്തുകള്‍ നേരിട്ട് 17 റണ്‍സാണെടുത്തത്. ഹാര്‍ദ്ദിക് പാണ്ഡ്യ അഞ്ചാമനായി എത്തി 37 പന്തില്‍ 30 റണ്‍സ് നേടി. ദിനേശ് കാര്‍ത്തിക്കും രണ്ടക്കം കടന്നില്ല.

ഇതോടെ ഇന്ത്യ വന്‍ ദുരന്തം മുന്നില്‍ കണ്ടു. എന്നാല്‍ അവസാന ഓവറുകളില്‍ രവീന്ദ്ര ജഡേജ മികച്ച ചെറുത്തു നില്‍പ്പ് നടത്തുകയായിരുന്നു. 50 പന്തുകളില്‍ 54 റണ്‍സാണ് ജഡേജ നേടിയത്. കുല്‍ദീപ് യാദവ് 36 പന്തില്‍ 19 റണ്‍സുമായി ജഡേജയ്ക്ക് പിന്തുണ നല്‍കി.

നാല് വിക്കറ്റ് വീഴ്ത്തിയ ട്രെന്റ് ബോള്‍ട്ടാണ് ഇന്ത്യയുടെ നട്ടെല്ലൊടിച്ചത്. 6.2 ഓവര്‍ എറിഞ്ഞ ബോള്‍ട്ട് 33 റണ്‍സ് വിട്ടു കൊടുത്താണ് നാല് വിക്കറ്റെടുത്തത്. രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍,കെഎല്‍ രാഹുല്‍, കുല്‍ദീപ് യാദവ് എന്നിവരുടെ വിക്കറ്റുകളാണ് ബോള്‍ട്ട് നേടിയത്. മൂന്ന് വിക്കറ്റുമായി ജിമ്മി നീഷം ബോള്‍ട്ടിന് മികച്ച പിന്തുണ നല്‍കി.

നാലാം സ്ഥാനാക്കാരനെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇന്ത്യ കിവീസിനെതിരെ ഇറങ്ങിയത്. എന്നാല്‍ ആ സ്ഥാനത്ത് ഇറങ്ങിയ കെഎല്‍ രാഹുല്‍ പരാജയപ്പെട്ടതോടെ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചത്.

നാലാം സ്ഥാനത്ത് ആരെ ഇറക്കുമെന്ന കാര്യത്തില്‍ ഇന്ത്യന്‍ ക്യാമ്പില്‍ ഇതുവരെ വ്യക്തമായൊരു ഉത്തരം കണ്ടെത്താനായിട്ടില്ല. അതിനാല്‍ ഇന്നത്തേയും അടുത്തേയും പരിശീലന മത്സരങ്ങള്‍ ഇന്ത്യയ്ക്ക് ആ നാലാം സ്ഥാനക്കാരനെ കണ്ടെത്താന്‍ ഏറെ നിര്‍ണായകമാണ്. അതേസമയം, മറുവശത്ത് ന്യൂസിലാന്‍ഡിലിന് ടോം ലാഥമിന്റെ അഭാവം തിരിച്ചടിയായേക്കും.

വിരാട് കോഹ്ലി നയിക്കുന്ന ടീമിന് വീണ്ടും ലോകകപ്പ് ഇന്ത്യയിലെത്തിക്കാന്‍ സാധിക്കുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റു നോക്കുന്നത്. അതിനുള്ള എല്ലാ പ്രതിഭയും ഇന്ത്യന്‍ നിരയിലുണ്ട്. ലോക ചാമ്പ്യന്മാര്‍ക്ക് ചേര്‍ന്ന പ്രകടനം പുറത്തെടുക്കുന്നുമുണ്ട്.

ഈ ലോകകപ്പിനെത്തുന്ന ടീമുകളില്‍ കിരീടം ഉയര്‍ത്താന്‍ സാധ്യതയുള്ളവരില്‍ ഏറ്റവും മുന്നിലുള്ള ടീമുകളിലൊന്നാണ് ഇന്ത്യ. അതുകൊണ്ട് തന്നെ പ്രതീക്ഷയുടെ സമ്മര്‍ദ്ദവും ടീമിനു മേലുണ്ട്. അതിനെക്കൂടി അതിജീവിച്ച് വേണം വിരാടും സംഘവും ഇംഗ്ലണ്ടിലിറങ്ങുക. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

ഇംഗ്ലണ്ടില്‍ നടക്കുന്ന ഏകദിന ലോകകപ്പ് ക്രിക്കറ്റിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇംഗ്ലണ്ടിലേക്ക് തിരിച്ചിരുന്നു. ക്യാപ്റ്റന്‍ വിരാട് കോലിയും സംഘവും മുംബൈയിൽ നിന്നാണ് യാത്ര തിരിച്ചത്. ഈ മാസം 30ന് തുടങ്ങുന്ന ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം അടുത്ത മാസം അഞ്ചിന്  ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ്.

ലോകകപ്പിന് മുമ്പ് ശനിയാഴ്ച ന്യുസിലന്‍ഡിനും ചൊവ്വാഴ്ച ബംഗ്ലാദേശിനും എതിരെ ഇന്ത്യ സന്നാഹ മത്സരം കളിക്കും. ഇംഗ്ലണ്ടിലേക്ക് പോകുന്നതിനായി വിമാനം കാത്തിരിക്കുന്ന ഇന്ത്യന്‍ ടീമിന്‍റെ ചിത്രങ്ങള്‍ ബിസിസിഐ ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. ആ ചിത്രങ്ങളില്‍ നിന്ന് മറ്റൊരു കണ്ടെത്താലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ നടത്തിയിരിക്കുന്നത്.

ഇന്ത്യന്‍ താരങ്ങളായ ചഹാലും മുഹമ്മദ് ഷമിയുമെല്ലാം അവരുടെ ടാബ്‍ലറ്റുകളില്‍ ഏറെ ആരാധകരുള്ള പബ്ജിയാണ് കളിക്കുന്നത്. മഹേന്ദ്ര സിംഗ് ധോണിയും ഭുവനേശ്വര്‍ കുമാറും അടക്കമുള്ളവരും അവരുടെ ടാബ്‍ലറ്റുകളില്‍ ഏറെ തിരക്കിലാണ്.

ഒന്നര മാസക്കാലം നീണ്ടുനിന്ന ഐപിഎല്ലിന്‍റെ ക്ഷീണത്തിലാണ് ഇന്ത്യന്‍ താരങ്ങള്‍. ലോകകപ്പ് സ്‌ക്വാഡിലെ മിക്ക താരങ്ങളും 14 മത്സരങ്ങള്‍ വീതം കളിച്ചു. എം എസ് ധോണി, രോഹിത് ശര്‍മ്മ, ജസ്‌പ്രീത് ബുംറ അടക്കമുള്ള താരങ്ങള്‍ ഫൈനല്‍ വരെയും കളിച്ചു. അതിനാല്‍ ലോകകപ്പിന് മുന്‍പ് പ്രത്യേക ടീം ക്യാമ്പൊന്നും ഇന്ത്യന്‍ താരങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല.

ഐപിഎല്‍ കഴിഞ്ഞ് താരങ്ങള്‍ ക്ഷീണിച്ചതിനാല്‍ ലോകകപ്പിന് മുന്‍പ് ടീം ക്യാമ്പ് നടത്തുന്നത് അനുചിതമാകും എന്നായിരുന്നു മാനേജ്‌മെന്‍റിന്‍റെ കാഴ്‌ചപ്പാട്. 2011ൽ അവസാനം ലോകകപ്പ് ജയിച്ച ഇന്ത്യ, കഴിഞ്ഞ തവണ സെമിയിൽ പുറത്തായിരുന്നു. ഇത്തവണ കിരീടത്തില്‍ കുറഞ്ഞതൊന്നും വിരാട് കോലിയെയും സംഘത്തെയും തൃപ്തിപ്പെടുത്തില്ല.

View image on TwitterView image on TwitterView image on TwitterView image on Twitter

BCCI

@BCCI

Jet set to go ✈✈

8,807 people are talking about this

വെല്ലുവിളി നിറഞ്ഞ ലോകകപ്പായിരിക്കും ഇത്തവണത്തേതെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. മുംബൈയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കോലി. ലോകകപ്പിന്റെ ഫോര്‍മാറ്റാണ് ഏറെ വെല്ലിവിളി ഉയര്‍ത്തുകയെന്നും കോലി.

ഇന്ത്യന്‍ ക്യാപ്റ്റന്‍ തുടര്‍ന്നു… ഫോര്‍മാറ്റിന്റെ പ്രത്യേകതക്കൊണ്ട് ചരിത്രത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ലോകകപ്പായിരിക്കും ഇംഗ്ലണ്ടിലേത്. ടീമുകളെല്ലാം ശക്തരാണ്. അഫ്ഗാനിസ്ഥാന്‍ പോലും അടുത്തകാലത്ത് ഒരുപാട് പുരോഗതി കൈവരിച്ചു. അതുക്കൊണ്ട് തന്നെ എല്ലാ മത്സരത്തിലും ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കേണ്ടത് ആവശ്യമെന്നും കോലി.

1992ന് ശേഷം ഇതാദ്യമായാണ് എല്ലാ ടീമുകളും റൗണ്ട് റോബിന്‍ ഫോര്‍മ്മാറ്റില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയുമായിട്ടാണ് ഇന്ത്യയുടെ ആദ്യ മത്സരം.

ഇംഗ്ലിഷ് കായിക പ്രേമികൾക്ക് ഇത് ഉത്സവകാലമാണ്. യുവേഫ ചാംപ്യൻസ് ലീഗ് കിരീടവും യൂറോപ്പ ലീഗ് കിരീടവും എന്തായാലും ഇംഗ്ലണ്ടിലെത്തുമെന്ന് ഉറപ്പാണ്. ഈ മാസം 29നു നടക്കുന്ന യൂറോപ്പ ലീഗ് ഫൈനലിൽ ഇംഗ്ലിഷ് ക്ലബ്ബുകളായ ചെൽസിയും ആർസനലും ഏറ്റുമുട്ടുമ്പോൾ ജൂൺ ഒന്നിനു ചാംപ്യൻസ് ലീഗ് കലാശപ്പോരാട്ടത്തിൽ ലിവർപൂളും ടോട്ടനം ഹോട്സ്പറും കൊമ്പുകോർക്കുന്നു. ഇതിനിടയിൽ 30ന് ലോകകപ്പ് ക്രിക്കറ്റിന് ലണ്ടനിലെ ഓവൽ സ്റ്റേഡിയത്തിൽ കൊടിയുയരുകയും ചെയ്യും.

ഉദ്ഘാടന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ നേരിടുന്ന ആതിഥേയ ടീമിനെക്കുറിച്ചു നാട്ടുകാർക്കു വലിയ പ്രതീക്ഷയാണ്. പലവട്ടം തെന്നിപ്പോയ ലോകകിരീടം ഇക്കുറി ലോർഡ്സിൽ ഇംഗ്ലിഷ് നായകൻ ഉയർത്തുമെന്നു തന്നെയാണ് അവരുടെ വിശ്വാസം. ഇംഗ്ലിഷ് ആരാധകരുടെ പ്രതീക്ഷകൾ അസ്ഥാനത്തല്ലെന്ന് ക്രിക്കറ്റിനെക്കുറിച്ചു ധാരണയുള്ള ആരും സമ്മതിക്കുകയും ചെയ്യും. ലോകകപ്പിനു മുന്നോടിയായി നടക്കുന്ന ഇംഗ്ലണ്ട്– പാക്കിസ്ഥാൻ ഏകദിന പരമ്പരയുടെ കാര്യമെടുക്കാം. പാക്കിസ്ഥാൻ തുടരെ നാലു തവണ മുന്നൂറിലേറെ റൺസ് കുറിച്ചു. പക്ഷേ, നാലു കളികളിലും ഇംഗ്ലണ്ട് അനായാസം ജയിച്ചു.

ഏകദിന ക്രിക്കറ്റിൽ ഒന്നാം റാങ്കിൽ തുടരുന്ന ഇംഗ്ലണ്ടിന്റെ മേധാവിത്തം അത്രമേൽ പ്രകടമാണ് സമീപകാലത്ത്. കണക്കുകൾ പ്രകാരം അവർക്ക് എന്തെങ്കിലും ഭീഷണി ഉയർത്താൻ സാധിക്കുന്ന ഏക ടീം ഇന്ത്യ മാത്രം. കഴിഞ്ഞ ലോകകപ്പ് കളിച്ചവരിൽ ക്യാപ്റ്റൻ മോർഗൻ, ജോസ് ബട്‌ലർ, ജോ റൂട്ട്, ക്രിസ് വോക്സ് എന്നിവർ ഇത്തവണ ഇംഗ്ലണ്ടിന്റെ പ്രാഥമിക പട്ടികയിൽ ഇടം നേടി.

ബാറ്റിങ് നിരയുടെ അസാമാന്യ പ്രഹരശേഷിയാണ് ഇംഗ്ലണ്ടിന്റെ മസിൽ പവർ. ഒന്നോ രണ്ടോ താരങ്ങളല്ല, മിക്കവരും വമ്പനടിക്കാരാണ്. ഓപ്പണർമാരായ ജെയ്സൻ റോയുടെയും ജോണി ബെയർസ്റ്റോയുടെയും നശീകരണ ശേഷി ഇന്ത്യയുടെ രോഹിത് ശർമ– ശിഖർ ധവാൻ ജോടിയെപ്പോലും വിസ്മയിപ്പിക്കും. പിന്നാലെ വരുന്നവരിൽ ക്യാപ്റ്റൻ മോർഗനും ബട്‌ലറും ബെൻ സ്റ്റോക്സും മോയിൻ അലിയുമെല്ലാം ഒന്നിനൊന്നു പ്രശ്നക്കാർ. അൽപമെങ്കിലും മയമുള്ള നിലപാട് പ്രതീക്ഷിക്കാവുന്നത് ക്ലാസിക് ശൈലി ഇനിയും കൈമോശം വരാത്ത മൂന്നാം നമ്പർ ബാറ്റ്സ്മാൻ ജോ റൂട്ടിൽനിന്നു മാത്രം.

1979, 87, 92 ലോകകപ്പുകളിൽ കിരീടത്തിന് അടുത്തെത്തിയ ശേഷം രണ്ടാം സ്ഥാനക്കാരുടെ നെഞ്ചുരുക്കത്തോടെ മടങ്ങേണ്ടി വന്നതാണ് ഇംഗ്ലണ്ടിന്റെ ഭൂതകാലം. ആ ചരിത്രം തിരുത്തിയെഴുതാൻ ഇതിലും മികച്ച സമയമില്ല. ടീമിന്റെ ഫോമും ആതിഥേയരെന്ന നിലയുമെല്ലാം അനുകൂല ഘടകങ്ങളാണ്. ലോകകപ്പ് നേടി കളിജീവിതം അവിസ്മരണീയമാക്കാൻ സീനിയർ താരങ്ങളായ മോർഗൻ, ബട്‌ലർ, റൂട്ട് , വോക്സ് തുടങ്ങിയവർക്ക് മറ്റൊരു അവസരം ലഭിക്കുമോ എന്നും ഉറപ്പില്ല.

അന്തിമ ടീമിൽ വെസ്റ്റ് ഇൻഡീസ് വംശജനായ ഓൾറൗണ്ടർ ജോഫ്ര ആർച്ചർ ഉൾപ്പെട്ടില്ലെങ്കിൽ ബോളിങ് നിരയിലെ നിഗൂഢ ഘടകം നഷ്ടമാകും. പേസ് ബോളർമാരായ ക്രിസ് വോക്സ്, ലിയാം പ്ലങ്കറ്റ്, ഡേവിഡ് വില്ലി, മാർക്ക് വുഡ്, ടോം കറൻ എന്നിവരെല്ലാം ഭേദപ്പെട്ട ബോളർമാരണെങ്കിലും ദക്ഷിണാഫ്രിക്കയുടെ കഗീസോ റബാദയെയോ ഇന്ത്യയുടെ ജസ്പ്രിത് ബുമ്രയെയോ പോലെ ഏതു ഘട്ടത്തിലും ഒരു പോലെ തിളങ്ങാൻ ശേഷിയുള്ളവരല്ല. ബാറ്റിങ് മികവിന്റെ തണലിലാണു പല കളികളിലും ബോളർമാർ പിടിച്ചു നിൽക്കുന്നത്.

ലഹരി മരുന്ന് ഉപയോഗത്തെത്തുടർന്ന് അലക്സ് ഹെയ്‌ൽസ് 15 അംഗ ടീമിൽനിന്നു പുറത്തായതു ടീമിന്റെ ഒരുമയെ ലോകകപ്പിൽ ബാധിക്കുമോ എന്ന ആശങ്കയുണ്ട്. സ്ഥിതിവിവരക്കണക്കുകൾ നൽകുന്ന അമിത ആത്മവിശ്വാസം അപകടത്തിലേക്കു നയിച്ചാലും പ്രശ്നമാണ്. മികച്ച പ്രകടനത്തിനു ശേഷം അടുത്ത കളിയിൽ നിറം മങ്ങുന്ന പ്രവണത മുൻ ലോകകപ്പുകളിൽ ഇംഗ്ലണ്ടിന്റെ ദൗർബല്യമായിരുന്നു. പരുക്കിൽനിന്ന് അടുത്ത കാലത്തു മാത്രം മോചിതരായ താരങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമോ എന്ന ആശങ്കയും ഉണ്ട്.

പാക്കിസ്ഥാനെതിരെ അവസാന ഏകദിനത്തിലും ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം. ലീഡ്‌സില്‍ നടന്ന മത്സരത്തില്‍ 54 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 351 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ സന്ദര്‍ശകര്‍ 46.5 ഓവറില്‍ 297ന് എല്ലാവരും പുറത്തായി. ക്രിസ് വോക്‌സ് ഇംഗ്ലണ്ടിനായി അഞ്ച് വിക്കറ്റ് വീഴ്ത്തി.

സര്‍ഫറാസ് അഹമ്മദ് (97), ബാബര്‍ അസം (80) എന്നിവര്‍ മാത്രമാണ് പാക്കിസ്ഥാന്‍ നിരയില്‍ തിളങ്ങിയത്. ഫഖര്‍ സമാന്‍ (0), അബിദ് അലി (5), മുഹമ്മദ് ഹഫീസ് (0), ഷൊയ്ബ് മാലിക് (4), അസിഫ് അലി (22), ഇമാദ് വസീം (25), ഹാസന്‍ അലി (11), മുഹമ്മദ് ഹസ്‌നൈന്‍ (28) എന്നിവരാണ് പുറത്തായ മറ്റു പാക് താരങ്ങള്‍. ഷഹീന്‍ അഫ്രീദി (19) പുറത്താവാതെ നിന്നു. ആദില്‍ റഷീദ് ഇംഗ്ലണ്ടിനായി രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തെ, ജോ റൂട്ട് (84), ഓയിന്‍ മോര്‍ഗന്‍ (76) എന്നിവരാണ് ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

പാക്കിസ്ഥാനായി ഷഹീന്‍ അഫ്രീദി നാല് വിക്കറ്റ് വീഴ്ത്തി. ജയിംസ് വിന്‍സെ (33), ജോണി ബെയര്‍സ്‌റ്റോ (32), ജോസ് ബട്‌ലര്‍ (34), ബെന്‍ സ്റ്റോക്‌സ് (21), മൊയീന്‍ അലി (0), ക്രിസ് വോക്‌സ് (13), ഡേവിഡ് വില്ലി (14) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ടോം കുറന്‍ (29), ആദില്‍ റാഷിദ് (2) എന്നിവര്‍ പുറത്താകാതെ നിന്നു. തുടര്‍ച്ചയായി നാലാം തവണയാണ് ഇംഗ്ലണ്ട് 340 റണ്‍സിലധികം നേടുന്നത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ടീമാണ് ഇംഗ്ലണ്ട്. അഫ്രീദിക്ക് പുറമെ ഇമാദ് വസീം പാക്കിസ്ഥാനായി മൂന്ന് വിക്കറ്റ് വീഴ്ത്തി. അഞ്ച് മത്സരങ്ങളുടെ പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നു.

ബയേൺ മ്യൂണിക്കിന് തുടർച്ചയായ ഏഴാം തവണയും ബുണ്ടസ് ലീഗ കിരീടം സമ്മാനിച്ച് മൈതാനത്തു നിന്നും ‘റോബറി’ മടങ്ങി. അവസാന മത്സരത്തിൽ ബയേൺ മ്യൂണിക്കിനായി ഓരോ  ഗോൾ വീതം നേടി ടീമിന് കിരീടവും സമ്മാനിച്ചാണ് ആര്യൻ റോബനും ഫ്രാങ്ക് റിബറിയും ബയേണിന്റെ പടിയിറങ്ങിയത്. അലയൻസ് അരീനയിൽ ഫ്രാങ്ക് ഫർട്ടിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്തായിരുന്നു ഇതിഹാസ താരങ്ങളുടെ പടിയിറക്കം.

ഈ സീസണോടെ ബയേൺ മ്യൂണിക്കിനോട് വിടപറയുമെന്ന് താരങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നു. ബയേണിന്റെ കുതിപ്പിന് കരുത്ത് പകർന്ന് കഴിഞ്ഞ 12 വർഷമായി റിബറിയും 10 വർഷമായി റോബനും ഒപ്പമുണ്ടായിരുന്നു.2007 ൽ ബയേണിലെത്തിയ റിബറി 273 മത്സരങ്ങളിൽ ബൂട്ടണിഞ്ഞിട്ടുണ്ട്. 86 ഗോളുകളാണ് സമ്പാദ്യം. 200 മത്സരങ്ങളിൽ നിന്നായി 99 ഗോളുകളാണ് ബയേണിൽ റോബന്റെ സമ്പാദ്യം.

 

2019 ലോകകപ്പ് ക്രിക്കറ്റിന്റെ ഔദ്യോഗിക ഗാനം പുറത്തിറങ്ങി. പോപ്പ് ഗായിക ലോറനും , റൂഡിമെന്റലും ചേര്‍ന്നാണ് സ്റ്റാന്‍ബൈ എന്ന ഗാനം ഒരുക്കിയത്.

ലോകം ക്രിക്കറ്റ് ആവേശത്തിലേക്ക്. ആരവങ്ങള്‍ക്ക് നിറം പകരാന്‍ലോകകപ്പിന്റെ ഔദ്യോഗിക ഗാനം ആരാധകരിലേക്ക്. ബ്രിട്ടനിലെ പ്രമുഖ മ്യൂസിക് ബാന്‍ഡായ ‘റുഡിമെന്റലാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ആലാപനം പോപ്പ് ഗായിക ലോറിന്‍ സൈറസും.

വെള്ളിയാഴ്ച ലോകകപ്പിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഗാനം ഐസിസി പുറത്തുവിട്ടത്. മെയ് മുപ്പതിന് ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്ക പോരാട്ടത്തോടെയാണ് ലോകകപ്പിന് തുടക്കമാവുക.

ഇംഗ്ലണ്ടില്‍ ഈ മാസം തുടങ്ങുന്ന ഏകദിന ലോക കപ്പിനുളള സമ്മാനത്തുക ഐസിസി പ്രഖ്യാപിച്ചു. കിരീട വിജയികള്‍ക്ക് നാല് മില്യണ്‍ ഡോളറാണ് (29 കോടി രൂപ) കാത്തിരിക്കുന്നത്. രണ്ടാം സ്ഥാനക്കാര്‍ക്ക് രണ്ട് മില്യണ്‍ ഡോളറും (15 കോടി രൂപ) ലഭിക്കും. 10 ടീമുകളാണ് ഇപ്രാവശ്യത്തെ ലോക കപ്പില്‍ മത്സരിക്കുന്നത്.

10 മില്യണ്‍ ഡോളറാണ് ആകെ സമ്മാനത്തുക. ഏകദിന ലോക കപ്പുകളുടെ ചരിത്രത്തില്‍ കിരീടം നേടുന്ന ടീമിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണ് ഇത്തവണത്തേത്.

സെമിഫൈനലില്‍ പരാജയപ്പെടുന്ന ടീമുകള്‍ക്ക് 800,000 ഡോളര്‍ വീതമാണ് ലഭിക്കുക. ലീഗ് ഘട്ടത്തിലെ ഓരോ മത്സരങ്ങളിലും ജയിക്കുന്ന ടീമുകള്‍ക്ക് 40,000 ഡോളര്‍ വീതം ഇന്‍സെന്റീവായി ഐസിസി നല്‍കും. ലീഗ് ഘട്ടം കടന്നെത്തുന്ന ടീമുകള്‍ക്ക് ബോണസെന്ന രീതിയില്‍ 100, 1000 ഡോളറും അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ഇത്തവണ നല്‍കും.

ലോക കപ്പില്‍ ലീഗ് ഘട്ടത്തില്‍ മാത്രം 45 മത്സരങ്ങളാണുള്ളത്. മെയ് 30 മുതല്‍ ജൂലൈ 14 വരെ ഇംഗ്ലണ്ടിലെ 11 വേദികളിലായാണ് ഇത്തവണ ലോക കപ്പ് നടക്കുന്നത്.

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചപ്പോള്‍ യുവതാരം ഋഷഭ് പന്തിന് പകരം ദിനേശ് കാര്‍ത്തിക്കിനെ ടീമിലുള്‍പ്പെടുത്തിയത് ആരാധകരെ തെല്ലൊന്ന് അമ്പരപ്പിക്കുന്നതായിരുന്നു. എന്തുകൊണ്ടാണ് അത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിയത് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. മുന്‍ നായകന്‍ എംഎസ് ധോണി ഒന്നാം വിക്കറ്റ് കീപ്പറും ദിനേശ് കാര്‍ത്തിക് പകരക്കാരനുമായുമാണ് ടീം തിരഞ്ഞെടുത്തത്.

”അനുഭവ സമ്പത്തും സ്ഥിരതയുമാണ് പന്തിന് പകരം കാര്‍ത്തിക്കിനെ തിരഞ്ഞെടുക്കാന്‍ കാരണമായതെന്ന് വിരാട് കോഹ്ലി പറയുന്നു. ”സമ്മര്‍ദ്ദഘട്ടങ്ങളില്‍ നന്നായി കളിക്കാന്‍ ദിനേശിന് സാധിക്കും. അതുകൊണ്ട് എല്ലാവരും കാര്‍ത്തിക്കിനെ തിരഞ്ഞെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. നല്ല അനുഭവ സമ്പത്തുണ്ട്. ധോണിയില്ലാതെ വന്നാല്‍ വിക്കറ്റ് കീപ്പറാകാനും സാധിക്കും. ഫിനിഷര്‍ എന്ന നിലയിലും മികച്ച പ്രകടനമാണ്. അതുകൊണ്ട് ഇത്ര വലിയൊരു ടൂര്‍ണമെന്റാകുമ്പോള്‍ കാര്‍ത്തിക്ക് മതിയെന്ന് തീരുമാനിക്കുകയായിരുന്നു”. വിരാട് പറഞ്ഞു.

മെയ് 30 മുതലാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുക. മെയ് 23 വരെ ടീമില്‍ മാറ്റം വരുത്താനുള്ള അവസരമുണ്ട്. 2004 ലാണ് ദിനേശ് കാര്‍ത്തിക് ഇന്ത്യക്കായി അരങ്ങേറുന്നത്. 91 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള താരത്തെ അഞ്ച് ഏകദിനങ്ങള്‍ മാത്രം കളിച്ചിട്ടുള്ള പന്തിനേക്കാള്‍ മികച്ച സെലക്ഷനായി കരുതുകയായിരുന്നു. ബാറ്റിങ് ഓര്‍ഡറില്‍ എവിടെ വേണമെങ്കിലും കളിക്കാന്‍ സാധിക്കുമെന്നതും കാര്‍ത്തിക്കിനെ തിരഞ്ഞെടുക്കാനായുള്ള കാരണമായി മാറി.

”മികച്ച താരങ്ങളെയാണ് ഒഴിവാക്കേണ്ടി വന്നത്. കഴിവുറ്റ താരങ്ങളില്‍ നിന്നും 15 പേരെ മാത്രം തിരഞ്ഞെടുക്കുക എളുപ്പമുള്ള ജോലിയല്ല. അവരോട് പറയുന്നത്, ഇപ്പോള്‍ കളിക്കുന്നത് പോലെ തന്നെ കളിക്കുക. തയ്യാറായിരിക്കുക എന്നാണ്” തീരുമാനത്തെ കുറിച്ച് ഇന്ത്യന്‍ പരിശീലകനായ രവി ശാസ്ത്രി പറഞ്ഞു.

ലോകകപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീമിന്റെ ഏറ്റവും പോസിറ്റീവായ ഘടകം താരങ്ങളെല്ലാവരും ആത്മവിശ്വാസമുള്ളവരാണ് എന്നതാണ്. തങ്ങളുടെ ഏറ്റവും മികച്ച കളി പുറത്തെടുക്കാന്‍ അവര്‍ക്ക് കഴിയുമെന്ന് വിശ്വസിക്കുന്നവരാണ് എല്ലാവരുമെന്ന് നായകന്‍ വിരാട് കോഹ്ലി പറയുന്നു.

ഐപിഎൽ ക്രിക്കറ്റ് കഴിഞ്ഞ് ലോകകപ്പിനു വേണ്ടിയുള്ള കാത്തിരിപ്പാണെങ്കിലും കളിക്കാർക്ക് വിശ്രമമില്ല. ലോകകപ്പിനു മുൻപ് എതിരാളികളെ വിലയിരുത്താനും ഇംഗ്ലണ്ടിലെയും വെയ്ൽസിലെയും പിച്ചുകളുമായി പരിചയപ്പെടാനുമുള്ള സന്നാഹ മത്സരങ്ങൾക്ക് ഇറങ്ങുകയാണ് ടീമുകൾ. ഐപിഎല്ലിന്റെ ദൈർഘ്യം മൂലം ഇന്ത്യയുൾപ്പെടെ പല ടീമുകൾക്കും ഒരു മാസത്തിലേറെയായി ഏകദിന മത്സരങ്ങൾ കളിക്കാൻ കഴിഞ്ഞിട്ടില്ല.

ഐപിഎല്ലിൽ ഇല്ലാത്തത് ശരിക്കും മുതലെടുത്തത് പാക്കിസ്ഥാൻ ടീമാണ്. മറ്റു ടീമുകളെല്ലാം സന്നാഹ മത്സരങ്ങൾക്ക് ഒരുങ്ങുമ്പോൾ ഇംഗ്ലണ്ടുമായി ഏകദിന പരമ്പര കളിച്ചു കൊണ്ടിരിക്കുകയാണ് അവർ. വെസ്റ്റ് ഇൻഡീസ്, അയർലൻഡ്, ബംഗ്ലദേശ് ടീമുകളും ഇപ്പോൾ അയർലൻഡിൽ ത്രിരാഷ്ട്ര പരമ്പര കളിക്കുന്നു. നിലവിലെ ചാംപ്യൻമാരായ ഓസ്ട്രേലിയ അയൽക്കാരായ ന്യൂസീലൻഡുമായി അഞ്ചു മത്സരങ്ങളുടെ അനൗദ്യോഗിക പരമ്പരയിലാണ്. അതു പക്ഷേ ഓസീസ് മണ്ണിൽ തന്നെ.

വിലക്കു നീങ്ങിയ സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും ടീമിലേക്കു തിരിച്ചെത്തിയത് ഓസീസിന് ആശ്വാസം പകരുന്നു. സ്മിത്ത് പരമ്പരയിൽ ഫോമിലാവുകയും ചെയ്തു. 24 മുതലാണ് ഇംഗ്ലണ്ട് മണ്ണിൽ സന്നാഹ മത്സരങ്ങൾ‌ക്കു തുടക്കം. ഇന്ത്യയുടെ ആദ്യ മത്സരം 25ന് ലണ്ടൻ കെന്നിങ്ടൻ ഓവലിൽ ന്യൂസീലൻഡിനെതിരെ. 28ന് കാർഡിഫിൽ ബംഗ്ലദേശുമായിട്ടാണ് ഇന്ത്യയുടെ രണ്ടാം സന്നാഹം. സ്റ്റാർ സ്പോർട്സിൽ തൽസമയ സംപ്രേഷണമുണ്ട്.

ലോകകപ്പ് ക്രിക്കറ്റിനൊരുങ്ങുന്ന ഇന്ത്യൻ താരങ്ങളുടെ ഐപിഎൽ പ്രകടനം പ്രതീക്ഷാജനകമാണോ? ട്വന്റി20യും ഏകദിനവും രണ്ടാണെങ്കിലും, 1983ലെ ലോകകപ്പ് ജേതാവായ ശാസ്ത്രിക്ക് ചില കണക്കുകൾ തലവേദനയുണ്ടാക്കുമെന്നുറപ്പ്.

ഐപിഎല്ലിൽ ഇന്ത്യൻ താരങ്ങളുടെ പ്രകടനങ്ങൾ ഏറ്റവും ശ്രദ്ധാപൂർവം വിലയിരുത്തിയതും ദേശീയ ടീമിന്റെ മുഖ്യപരിശീലകൻ തന്നെയാകും. മുൻനിര ബാറ്റ്സ്മാന്മാരായ ക്യാപ്റ്റൻ വിരാട് കോഹ്‍ലി, വൈസ് ക്യാപ്റ്റൻ രോഹിത് ശർമ, ശിഖർ ധവാൻ എന്നിവരുടെ സാങ്കേതികപ്പിഴവുകൾ എതിരാളികൾ ലോകകപ്പിൽ മുതലെടുക്കുമോ.?

ബാറ്റ്സ്മാനെന്ന നിലയിൽ കോഹ‌്‌ലി ഐപിഎല്ലിൽ മോശമല്ലാത്ത പ്രകടനം നടത്തിയിട്ടുണ്ട്. 14കളികളിൽ ഒരു സെഞ്ചുറിയടക്കം 464 റൺസ്. പക്ഷേ, താരം പുറത്തായ രീതികളാണ് എതിരാളികൾ നോട്ടമിട്ടിട്ടുണ്ടാവുക. ലെഗ്സ്പിന്നർമാരുടെ ഗൂഗ്ലിക്കു മുന്നിൽ പല തവണയാണ് ഇന്ത്യൻ നായകൻ കുടുങ്ങിയത്. ഓഫ്സ്റ്റംപിനു പുറത്തു പോകുന്ന പന്തിൽ എഡ്ജ് ചെയ്തു പുറത്താകുന്നതും ഇടയ്ക്കിടെ കണ്ടു.

പ്രതീക്ഷ: ട്വന്റി20യിലും ഏകദിനങ്ങളിലും രണ്ടു രീതിയിലാണ് കോഹ്‌ലി ബാറ്റ് ചെയ്യുന്നത്. ഐപിഎല്ലിൽ ഓപ്പണറായി ഇറങ്ങി എല്ലാ പന്തിലും സ്കോർ ചെയ്യാനുള്ള ശ്രമത്തിലാണ് പിഴവുകൾ സംഭവിച്ചത്. ഏകദിനങ്ങളിൽ മൂന്നാം നമ്പറിൽ ഇറങ്ങുന്ന താരം ഗ്രൗണ്ട് സ്ട്രോക്കുകളിലൂടെ താളം കണ്ടെത്തിയ ശേഷമേ വമ്പനടികൾക്കു മുതിരാറുള്ളൂ.

മുംബൈ ഇന്ത്യൻസിനെ കിരീത്തിലേക്കു നയിച്ച ക്യാപ്റ്റൻ രോഹിത് ശർമ ബാറ്റിങ്ങിൽ നിലവാരത്തിന് ഒപ്പമെത്തിയില്ല. 15 കളികളിൽ 405 റൺസ്. സ്പിന്നർമാരെ, പ്രത്യേകിച്ച് ഓഫ് സ്റ്റംപിനു പുറത്തേക്കു പന്തു തിരിക്കുന്നവരെ നേരിടാൻ വിഷമിച്ചു.

പ്രതീക്ഷ: ക്യാപ്റ്റൻസിയുടെ അമിതഭാരം ഐപിഎല്ലിൽ രോഹിതിന്റെ ബാറ്റിങ്ങിൽ പ്രകടമായിരുന്നു. ശ്രദ്ധാപൂർവം ബാറ്റ് ചെയ്യാൻ കഴി‍ഞ്ഞില്ല. ഏകദിനങ്ങളിൽ തുടക്കത്തിൽ നിലയുറപ്പിച്ച ശേഷമാണ് രോഹിത് വൻ ഷോട്ടുകൾ കളിക്കാറുള്ളത്.

16 കളികളിൽ 521 റൺസ് അടിച്ചു കൂട്ടിയ ശിഖർ ധവാൻ ഐപിഎല്ലിൽ ഉജ്വല ഫോമിലായിരുന്നു. പക്ഷേ, ക്രോസ് ബാറ്റഡ് ഷോട്ടുകൾ കളിക്കുന്ന പ്രവണത പലപ്പോഴും വിനയായി. ഓഫ് സ്പിന്നർമാരെ നേരിടാനും വിഷമിച്ചു.

പ്രതീക്ഷ: അതിവേഗം സ്കോർ ചെയ്യാൻ ബോധപൂർവം നടത്തിയ ശൈലിമാറ്റമാണ് ഐപിഎല്ലിൽ വിനയായത്. ഏകദിനങ്ങളിൽ സ്ട്രെയ്റ്റ് ബാറ്റ് ശൈലിയാണു ധവാന്റേത്. വമ്പനടികൾക്കു പകരം ഫീൽഡിലെ വിടവുകൾ മുതലെടുത്തുള്ള സ്കോറിങ് പിഴവുകൾക്കു സാധ്യത കുറയ്ക്കും.

ഈ ലോകകപ്പിൽ ഇന്ത്യയ്ക്കു മേൽക്കൈ നൽകുന്നത് കൈക്കുഴ സ്പിന്നർമാരായ കുൽദീപ് യാദവ്– യുസ്‌വേന്ദ്ര ചാഹൽ സഖ്യത്തിന്റെ മികവാണ്. ഇവരുടെ അടവുകൾ എതിരാളികൾ പഠിച്ചെടുത്തു കഴിഞ്ഞോ ?

14 കളികളിൽ 18 വിക്കറ്റ് വീഴ്ത്തിയ ചാഹൽ ആണ് ഇത്തവണയും റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ മികച്ച ബോളർ, പക്ഷേ, മുൻകാലങ്ങളിലേത് പോലെ മാച്ച്‍വിന്നിങ് പ്രകടനങ്ങൾ അധികമുണ്ടായല്ല. കൊൽക്കത്തയ്ക്കു വേണ്ടി 9 കളികളി‍ൽ 4 വിക്കറ്റ്. കുൽദീപിന്റെ പ്രകടനം നിരാശാജനകമായി.

പ്രതീക്ഷ: ബോളിങ് ദുർബലമായ കൊൽക്കത്ത, ബാംഗ്ലൂർ ടീമുകളിൽ കുൽദീപിനും ചാഹലിനും മികച്ച പിന്തുണ കിട്ടിയതേയില്ല. പിന്തുണ കിട്ടുമ്പോഴാണ് കുൽ–ചാ സഖ്യം അപകടകാരികളാകുന്നത്. ലോകകപ്പിൽ ഇന്ത്യയുടെ ബോളിങ് നിര ഭേദമായതിനാൽ സ്പിൻ ഇരട്ടകൾ താളത്തിലെത്തിയേക്കും.

ലോകകപ്പിൽ നാലാം നമ്പർ ബാറ്റിങ് സ്ഥാനത്തേക്കു തിരഞ്ഞെടുത്ത വിജയ് ശങ്കറും ആറാം നമ്പർ ബാറ്റ്സ്മാൻ കേദാർ ജാദവും തീർത്തും നിറംമങ്ങിയത് ഇന്ത്യയുടെ തന്ത്രങ്ങളെ ബാധിക്കുമോ ?

ജാദവ് ചെന്നൈ സൂപ്പർ കിങ്സിനു വേണ്ടി 162 റൺസും ശങ്കർ സൺറൈസേഴ്സിനു വേണ്ടി 244 റൺസും മാത്രമാണ് സ്കോർ ചെയ്തത്. അപ്രതീക്ഷിതമായ നിറംമങ്ങൽ. ജാദവിനു പരുക്കേറ്റതും ആശങ്കയുയർത്തുന്നു.

പ്രതീക്ഷ: നാലാം നമ്പറിൽ തിളങ്ങാൻ ശേഷിയുളള താരമാണ് താനെന്ന് കെ.എൽ. രാഹുൽ തെളിയിച്ചിരിക്കുന്നു. ശങ്കറിനു പകരം ലോകകപ്പിന്റെ തുടക്കം മുതൽ രാഹുലിനെ പരീക്ഷിച്ചാലും അദ്ഭുതപ്പെടാനില്ല. ജാദവ് പരുക്കിൽനിന്നു മോചിതനാകാതെ വരികയോ, സന്നാഹ മത്സരങ്ങളിൽ ഫോം വീണ്ടെടുക്കാൻ കഴിയാതെ വരിക ചെയ്താൽ പകരക്കാരനായി ദിനേഷ് കാർത്തിക്കിനെ ഉപയോഗപ്പെടുത്താം.

RECENT POSTS
Copyright © . All rights reserved