UK

റോമി കുര്യാക്കോസ്

ലണ്ടൻ: ലോക് സഭാ തെരഞ്ഞെടുപ്പിൽ യുഡിഫ് സ്ഥാനാർഥികൾക്ക് പിന്തുണയുമായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ (യു കെ) – കേരള ചാപ്റ്റർ. കേരളത്തെയും ഇന്ത്യയെയും സംബന്ധിക്കുന്ന വിഷയങ്ങളിൽ ശക്തമായ നിലപാടെടുക്കുന്ന പ്രവാസ സംഘടനകളിൽ പ്രഥമ സ്ഥാനീയരായ ഐഒസി, 2024 ലോക് സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണരംഗത്തും ഊർജ്ജിതമായ പ്രവർത്തനമാരംഭിച്ചു.

കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലും യുഡിഫ് സ്ഥാനാർഥികളുടെ വൻ വിജയം ഉറപ്പാക്കി രാജ്യത്ത് ‘INDIA’ സഖ്യം, അധികാരത്തിലേറുന്നതിന് സാധ്യമായ എല്ലാ പിന്തുണയും നൽകുന്നതിനും പ്രചാരണ പ്രവർത്തനങ്ങളുടെ ഏകോപനത്തിനുമായി കേരളത്തിലെ വിവിധ മണ്ഡലങ്ങളിൽ നിന്ന് യു കെയിലെത്തിയവരും സൈബർ രംഗത്ത് പ്രാഗൽഭ്യം തെളിയിച്ചവരെയും അണിചേർത്തുകൊണ്ട് ഐഒസി (യു കെ) – കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ ‘മിഷൻ 2024’ തിരഞ്ഞെടുപ്പു പ്രചാരണകമ്മിറ്റി രൂപീകരിച്ചു പ്രവർത്തനമാരംഭിച്ചു.

ഐഒസി (യു കെ) – കേരള ചാപ്റ്ററിന്റെ ‘മിഷൻ 2024′ തിരഞ്ഞെടുപ്പു പ്രചാരണകമ്മിറ്റി ഭാരവാഹികൾ:

സാം ജോസഫ് (കൺവീനർ), റോമി കുര്യാക്കോസ്, സുരജ് കൃഷ്ണൻ, നിസാർ അലിയാർ (കോ – കൺവീനേഴ്‌സ്)

കമ്മിറ്റി അംഗങ്ങൾ: അരുൺ പൗലോസ്, അജി ജോർജ്, അരുൺ പൂവത്തൂമൂട്ടിൽ, വിഷ്ണു പ്രതാപ്, വിഷ്ണു ദാസ്, ജിതിൻ തോമസ്, ജെന്നിഫർ ജോയ്

രാജ്യത്തിന്റെ മതേതര – ജനാതിപത്യ സങ്കല്പം തന്നെ അപകടത്തിലായ സങ്കീർണ്ണസാഹചര്യത്തിൽ നടക്കുന്ന ഈ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം പ്രവാസലോകത്തിനും അവരിലൂടെ വോട്ടർമാരായ നാട്ടിലെ ബന്ധു – മിത്രാധികളിലേക്ക് എത്തിക്കുകയും, കേന്ദ്ര – സംസ്ഥാന സർക്കാരുകൾ പ്രവാസികളോടടക്കം ചെയ്ത ജനദ്രോഹ നടപടികൾ തുറന്നുകാട്ടി, കേരളത്തിലെ ഇരുപതു ലോക്സഭ മണ്ഡലങ്ങളിലും യുഡിഫ് സ്ഥാനാർഥികളുടെ വിജയം ഉറപ്പിക്കുന്ന തരത്തിൽ പ്രചാരണ തന്ത്രങ്ങൾ ഒരുക്കുകയാണ് . മിഷൻ 2024’ തിരഞ്ഞെടുപ്പു പ്രചാരണ കമ്മിറ്റിയുടെ ലക്ഷ്യമെന്ന് ഐഒസി (യു കെ) – കേരള ചാപ്റ്റർ പ്രസിഡന്റ്‌ സുജു ഡാനിയേൽ, വക്താവ് അജിത് മുതയിൽ എന്നിവർ അറിയിച്ചു.

ഐഒസി (യു കെ) – കേരള ചാപ്റ്റർ മീഡിയ കോർഡിനേറ്റർ റോമി കുര്യാക്കോസ്, ഐഒസി (യു കെ) – കേരള ചാപ്റ്റർ സീനിയർ ലീഡർ സുരജ് കൃഷ്ണൻ, കോൺഗ്രസ് പാർട്ടിയുടെ സൈബർ രംഗത്ത് സജീവ സാന്നിധ്യമായ സാം ജോസഫ്, അജി ജോർജ്, നിസാർ അലിയാർ, അരുൺ പൗലോസ്, അരുൺ പൂവത്തുമൂട്ടിൽ, വിഷ്ണു പ്രതാപ്, ജെന്നിഫർ ജോയ്, വിഷ്ണു ദാസ് എന്നിവരടങ്ങുന്ന തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റിയുടെ മികവുറ്റ പ്രവർത്തനം ഇതിനോടകം തന്നെ പ്രവാസലോകത്ത് സജീവ ചർച്ച ആയിട്ടുണ്ട്‌.

തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ നിർണ്ണായക ഘട്ടത്തിലേക്കെത്തുന്ന വരും ദിവസങ്ങളിൽ, കമ്മിറ്റിയുടെ പ്രവർത്തനം കൂടുതൽ വിപുലമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

ഗ്ലാസ്‌ഗോ: ജപ്പാനിൽ വെച്ച് നടന്ന അന്തരാഷ്ട്ര കരാട്ടെ മത്സരത്തിൽ യു കെ ക്കു ചാമ്പ്യൻ പട്ടം. ഒന്നാം സ്ഥാനവും, സ്വർണമെഡലും, മെറിറ്റ് സർട്ടിഫിക്കറ്റും കരസ്ഥമാക്കികൊണ്ടാണ് യു കെ ക്കും, ഒപ്പം മലയാളികൾക്കും അഭിമാനം പകരുന്ന വിജയം ടോം ജേക്കബ് നേടിയെടുത്തത്. ജപ്പാനിൽ ചിബാ-കെനിലെ, മിനാമിബോസോ സിറ്റിയിൽ നടന്ന ഇൻ്റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ, ലോകത്തിലെ ഏറ്റവും പ്രഗത്ഭരായ കരാട്ടെ മത്സരാർത്ഥികൾക്കൊപ്പം രണ്ടു ദിവസം നീണ്ട പോരാട്ടത്തിൽ നിന്നാണ് ടോം ജേക്കബ് ചാമ്പ്യൻ പട്ടം ഉയർത്തിയത്.

ഇന്ത്യയിൽ നിന്നും ഏകദേശം 20 വർഷങ്ങൾക്ക് മുമ്പ് സ്കോട്ലൻഡിലെ ഇൻവർക്ലൈഡിലേക്ക് എത്തിയ ടോം പഠനത്തോടൊപ്പം ആയോധന കലകളും ഒരുമിച്ചു തുടരുകയായിരുന്നു. അന്തരാഷ്ട്ര മത്സരത്തിൽ തന്റെ ഇഷ്‌ട ഇനമായ കരാട്ടെയിൽ വിജയക്കൊടി പാറിക്കുവാൻ കഴിഞ്ഞതിൽ അതീവ സന്തുഷ്ടനാണെന്നും, ലോകത്തിലെ തന്നെ ഏറ്റവും പ്രഗത്ഭരുമായി മത്സരിക്കുവാൻ സാധിച്ചത്, മികച്ച അനുഭവമായിരുന്നുവെന്നും ടോം പറഞ്ഞു. ജപ്പാൻ സന്ദർശനം ഏറെ ആസ്വദിച്ചുവെന്നും, ഏറെ മനോഹരവുമെന്നും, അവിടുത്തെ ജനത ഏറെ അച്ചടക്കവും, നിശ്ചയ ദാർഢ്യം ഉള്ളവരാണെന്നും ആണ് ചാമ്പ്യന്റെ അഭിപ്രായം.

ഗ്ലാസ്‌ഗോ, കിംഗ്സ്റ്റൺ ഡോക്കിൽ ഭാര്യ ജിഷ ഗ്രിഗറിക്കും, അവരുടെ 15 വയസ്സുള്ള മകൻ ലിയോണിനുമൊപ്പം കുടുംബ സമേതം താമസിക്കുന്ന ടോം തൻ്റെ വിജയത്തിനായി ശക്തമായ പിന്തുണയും, പ്രോത്സാഹനവുമായി ഇരുവരും സദാ കൂടെ ഉണ്ടെന്നും പറഞ്ഞു. അർപ്പണ മനോഭാവത്തോടെയുള്ള പരിശീലനം നടത്തി വരുന്ന ടോം, ഇനിയും ആഗോളതലത്തിൽ കരാട്ടെയിൽ അജയ്യനായി തുടരാനുള്ള കഠിനമായ പരിശീലനം തുടരുകയാണ്.

ജപ്പാനിലെ ഒകിനാവ കരാട്ടെ ഇൻ്റർനാഷണൽ സെമിനാറിൽ പങ്കെടുത്തതിന് ശേഷം 2019-ൽ ആയോധനകലയിൽ യുകെ യുടെ അംബാസഡറും, ഇൻ്റർനാഷണൽ ഷോറിൻ-റ്യൂ റൈഹോക്കൻ അസോസിയേഷൻ്റെ ചീഫ് ഇൻസ്ട്രക്ടറുമായി ലഭിച്ച താരത്തിളക്കമുള്ള പദവികളടക്കം നിരവധി അംഗീകാരങ്ങളിലൂടെയും പുരസ്‌കാരങ്ങളിലൂടെയും യു കെ യിൽ ഏറെ പ്രശസ്തനാണ് ടോം ജേക്കബ്.

ദക്ഷിണേന്ത്യയിൽ ജനിച്ച ടോം ജേക്കബ്, ഒമ്പതാം വയസ്സിൽ ആയോധനകല അഭ്യസിച്ചു തുടങ്ങിയിരുന്നു. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം, കേരള സർവ്വകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയത്തിനു പിന്നാലെയാണ് യു കെയിലേക്ക് എത്തിയത്. യു കെ യിൽ നിന്നും മാർക്കറ്റിംഗിൽ എംബിഎ വിജയകരമായി പൂർത്തിയാക്കിയ ടോം, ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ചിട്ടു 17 വർഷം കഴിഞ്ഞിരിക്കുകയാണ്. 2018-ൽ തൻ്റെ അഞ്ചാമത്തെ ഡാൻ ബ്ലാക്ക് ബെൽറ്റ് നേടിയ ടോം കരാട്ടെയിൽ എക്സലന്റ് സർട്ടിഫിക്കറ്റുള്ള പരിശീലകനും കൂടിയാണ്. അതുപോലെ താന്നെ യു കെ യിലെ സർട്ടിഫൈഡ് ബോക്സിങ് കോച്ച് കൂടിയാണ് താരം.

ഇപ്പോൾ അച്ചടക്കം പഠിപ്പിക്കുകയും, മിക്സഡ് ആയോധന കലകൾ (എംഎംഎ), കിക്ക്ബോക്സിംഗ്, മുവായ് തായ്, യോഗ, ഇന്ത്യൻ ആയോധന കലയായ കളരിപ്പയറ്റ് എന്നിവയിൽ പരിശീലനം നൽകുകയും ചെയ്യുന്നുണ്ട്. വിക്ടോറിയ ബോക്സിംഗ് ക്ലബ്ബിലെ യുവാക്കളെ ആയോധനകലകളിൽ സഹായിക്കുകയും, അതോടൊപ്പം തന്റെ കായിക ഇനത്തിൽ അന്തരാഷ്ട്ര തലത്തിൽ മത്സരിക്കുവാൻ തുടർ പദ്ധതിയിടുകയും ചെയ്യുന്ന ടോം, അടുത്ത വർഷം ജപ്പാനിൽ വെച്ച് നടത്തപ്പെടുന്ന അന്തരാഷ്ട്ര കരാട്ടെ മത്സരത്തിൽ വീണ്ടും മാറ്റുരക്കുവാൻ ഉള്ള തായ്യാറെടുപ്പിലാണ്.

ലണ്ടൻ : ജൂലൈ മാസത്തോടെ ക്രിപ്റ്റോ കറൻസികൾക്കും, സ്റ്റേബിൾകോയിനുകൾക്കുമായി നിയമ നിർമ്മാണം നടപ്പിലാക്കികൊണ്ട് യുകെയിലെ ക്രിപ്‌റ്റോ മേഖലയെ നവീകരിക്കുമെന്ന് സാമ്പത്തിക സെക്രട്ടറി ബിം അഫോലാമിന്റെ വെളിപ്പെടുത്തൽ. ഡിജിറ്റൽ അസറ്റുകളിലും ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യയിലുമുള്ള നവീകരണത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. 

പേയ്‌മെൻ്റ്  സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനും, ഡിജിറ്റൽ ആസ്തികൾക്കും, ബ്ലോക്ക്‌ചെയിനുകൾക്കും റെഗുലേറ്ററി വ്യക്തത നൽകുന്നതിനുമാണ് സർക്കാരിൻ്റെ മുൻഗണനയെന്ന് യുകെ ട്രഷറിയിലെ സാമ്പത്തിക സെക്രട്ടറി ബിം അഫോലാമി പറഞ്ഞു.

 

2024-ലെ ഇന്നൊവേറ്റിവ് ഫിനാൻസ് ഗ്ലോബൽ സമ്മിറ്റിൽ (IFGS) സംസാരിക്കവെ, രാജ്യത്തിൻ്റെ പേയ്‌മെൻ്റ് ലാൻഡ്‌സ്‌കേപ്പ് നവീകരിക്കുന്നതിന് അടിത്തറയിടണമെന്നും, ആഗോള തലത്തിൽ ക്രിപ്റ്റോ വ്യവസായത്തിൽ മത്സരാധിഷ്ഠിതമായി തുടരുന്നതിന് മറ്റ് രാജ്യങ്ങളെപ്പോലെ വേഗത്തിൽ ക്രിപ്‌റ്റോ കറൻസി നിയന്ത്രണങ്ങൾ നടപ്പിലാക്കേണ്ടതിന്റെ പ്രാധാന്യവും ബിം അഫോലാമി എടുത്തു പറഞ്ഞു. 

ഈ മേഖലയിലെ മാറ്റത്തിനായി ഫിൻടെക്ക് ലോകത്തെ നേതാവെന്ന നിലയിൽ നമ്മൾ ക്രിപ്‌റ്റോ അസറ്റുകൾക്കും സ്റ്റേബിൾ കോയിനുകൾക്കുമായി ഒരു റെഗുലേറ്ററി ഭരണകൂടം തന്നെയാണ് അവതരിപ്പിക്കുന്നതെന്നും ഇതിലൂടെ ഉപഭോക്താക്കളെ സംരക്ഷിച്ചുകൊണ്ട് കമ്പനികളെ നവീകരിക്കുക എന്നതാണ് ബ്രിട്ടീഷ് ഗവൺമെൻ്റിൻ്റെ വീക്ഷണമെന്നും അഫോലാമി വ്യക്തമാക്കി.

ഈ നിയമ നിർമ്മാണം നടപ്പിലായി കഴിഞ്ഞാൽ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചുകളിൽ നടക്കുന്ന ട്രേഡിങ്ങ് , ക്രിപ്റ്റോ കസ്റ്റഡി സർവീസ്സസ് മുതലായ എല്ലാ പ്രവർത്തനങ്ങളെയും ക്രിപ്റ്റോ കറൻസി റെഗുലേറ്ററിന്റെ പരിധിയിൽ കൊണ്ടുവരുവാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പതിനാലു ഭാഗങ്ങളുള്ള ബി ജെ പി പ്രകടനപത്രികയിൽ എല്ലാ വീടുകളിലും
പാചകവാതകം പൈപ്പ് ലൈൻ വഴി നൽകും എന്ന വാഗ്ദാനവും…

ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക ബിജെപി പുറത്തിറക്കി. 14 ഭാഗങ്ങളുള്ള പ്രകടനപത്രികയിൽ റേഷൻ, വെള്ളം എന്നിവ അടുത്ത അഞ്ച് വർഷവും സൗജന്യമായി നൽകും, പുതിയ ബുള്ളറ്റ് ട്രെയിനുകളും വന്ദേഭാരത് ട്രെയിനുകളും കൊണ്ടുവരും, ഒരു രാജ്യം ഒരേസമയം തിരഞ്ഞെടുപ്പ് നടപ്പാക്കും, പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി കുറയ്ക്കും, എല്ലാ വീടുകളിലും പാചകവാതകം പൈപ്പ് ലൈൻ വഴി നൽകും, ലോകമാകെ രാജ്യാന്തര രാമായണ ഉത്സവം സംഘടിപ്പിക്കും, ദരിദ്ര വിഭാഗങ്ങൾക്ക് 3 കോടി വീടുകൾ കൂടി നിർമിച്ചുനൽകും. മുദ്ര ലോൺ തുക 10 ലക്ഷത്തിൽ നിന്ന് 20 ലക്ഷമായി ഉയർത്തും, 6ജി നടപ്പാക്കും തുടങ്ങിയ വാഗ്ദാനങ്ങളും ബിജെപി മുന്നോട്ടുവയ്ക്കുന്നു. ബിജെപി ദേശീയ ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ധനകാര്യ മന്ത്രി നിർമല സീതാരാമൻ, ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവർ ചേർന്നാണ് പ്രകടനപത്രിക പുറത്തിറക്കിയത്.

കീത്തിലി. യോർക്ഷയറിലെ കീത്തിലിയിൽ മലയാളികളുടെ പ്രിയ ഭക്ഷണവുമായി ‘ക്യാരി ഫ്രഷ് ‘ സ്റ്റോർ പ്രവർത്തനമാരംഭിച്ചു. ശനിയാഴ്ച്ച രാവിലെ 10.30ന് കീത്തിലി സെൻ്റ് ആൻസ് ചർച്ച് ഇടവക വികാരി മോൺ. ഡേവിഡ് കാനൻ സ്മിത്ത് സ്‌റ്റോർ ആശീർവദിച്ചു. തുടർന്ന് NHS ൽ GPയും ഗായികയും ആങ്കറുമായ ഡോ. അഞ്ചു ഡാനിയേൽ നാട മുറിച്ച് സ്റ്റോർ ഉദ്ഘാടനം ചെയ്തു. മലയാളം യുകെ ന്യൂസ് ഡയറക്ടറും അസ്സോസിയേറ്റ് എഡിറ്ററുമായ ഷിബു മാത്യൂ, റോബിൻ റഫ്രിജനേഷൻ ഡയറക്ടർ റോബിൻ ജോൺ, യുക്മ യോക്ഷയർ ആൻ്റ് ഹംബർ മുൻ റീജണൽ കോർഡിനേറ്റർ ബാബു സെബാസ്റ്റ്യൻ, പ്രതീക്ഷ മലയാളി അസ്സോസിയേഷൻ പ്രസിഡൻ്റ് ജിൻ്റോ സേവ്യർ, സെക്രട്ടറി ചിന്തു പ്രതാപൻ, പ്രതീക്ഷയുടെ മുൻ സെക്രട്ടറി ശ്രീജേഷ് സലിം കുമാർ, കീത്തിലി മലയാളി അസ്സോസിയേഷൻ പ്രസിഡൻ്റ് അലക്സ് എബ്രാഹം എന്നിവർക്കൊപ്പം കീത്തിലിയിലും പരിസരത്തു നിന്നുമായി നൂറ്  കണക്കിന് മലയാളികളും ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു.

 

പ്രധാനമായും കേരളത്തിൽ നിന്നുള്ള പഴവർഗ്ഗങ്ങൾ പച്ചക്കറികൾ മത്സ്യമാംസാധികൾ ബേക്കറി പലഹാരങ്ങൾ കറി പൗഡറുകൾ ഗരം മസാലകൾ സീസണുകളിലുള്ള ആഘോഷങ്ങൾക്കുതകുന്ന ഉല്പന്നങ്ങൾ തുടങ്ങി മലയാള സംസ്കാരവുമായി ബന്ധപ്പെട്ടു നില്ക്കുന്ന എല്ലാവിധ സാധനങ്ങും ഇവിടെ ലഭ്യമാണ്. കൂടാതെ ഹോം ഡെലിവറിയും മുൻകൂർ ഓർഡനുസരിച്ച് ലഭ്യതയുള്ള സാധനങ്ങൾ നാട്ടിൽ നിന്ന് നേരിട്ടെത്തിച്ചു കൊടുക്കുകയും ചെയ്യും. രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെയാണ് പ്രവർത്തന സമയം. സ്റ്റോറിനോട് ചേർന്നും പരിസരത്തുമായി ധാരാളം പാർക്കിംഗ് സൗകര്യവുമുണ്ട്.

കോൺഗ്രസ് അധികാരത്തിൽവന്നാൽ ഒറ്റയടിക്ക് രാജ്യത്തെ ദാരിദ്ര്യം ഇല്ലാതാക്കും:
രാഹുൽ ഗാന്ധി

ജയ്പുർ: കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഒറ്റയടിക്ക് രാജ്യത്തെ ദാരിദ്ര്യം നിർമാർജനം ചെയ്യുമെന്ന് രാഹുൽ ഗാന്ധി. ദാരിദ്ര്യം  അനുഭവിക്കുന്ന കുടുംബത്തിലെ സ്ത്രീക്ക് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് വർഷം ഒരു ലക്ഷം രൂപ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘ന്യായ് പത്’ എന്ന കോൺഗ്രസിന്റെ പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയ മഹാലക്ഷ്മി സംരഭത്തെ സംബന്ധിച്ച് രാജസ്ഥാനിലെ റാലിയിൽ സംസാരിക്കു കയായിരുന്നു രാഹുൽ. നിങ്ങൾ ദാരിദ്ര്യരേഖയ്ക്ക് താഴെ ആണെങ്കിൽ വർഷം ഒരു ലക്ഷം രൂപ (മാസം 8500) നൽകി ഒറ്റയടിക്ക് ഇന്ത്യയിലെ ദാരിദ്ര്യം ഇല്ലാതാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് പ്രകടനപത്രികയിലും
ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

 

 

 

അനിൽ കെ ആന്റണി തോൽക്കണം; ബിജെപിയിൽ പോകുന്ന മക്കളെ കുറിച്ച് എന്നെ
കൊണ്ട് പറയിക്കരുത്; ആ ഭാഷ ശീലിച്ചിട്ടില്ല; പതിവ് രീതികൾ വിട്ട് പൊട്ടിത്തെറിച്ച്
എകെ ആന്റണി;

പത്തനംതിട്ടയിൽ ബിജെപിക്കായി മത്സരിക്കുന്ന മകൻ അനിൽ കെ ആന്റണി തോൽക്കണമെന്ന് എകെ ആന്റണി. ബിജെപിക്ക് ഇനി കേരളത്തിൽ സുവർണ്ണ കാലഘട്ടം ഉണ്ടാകില്ലെന്നും ആന്റണി വിശദീകരിച്ചു. പതിവ് ശൈലികൾ വിട്ട് രാഷ്ട്രീയ എതിരാളികളെ കടന്നാക്രമിക്കുകയായിരുന്നു ആന്റണി. കോൺഗ്രസിനെ തള്ളി പറയുന്നവരെ കടന്നാക്രമിക്കുകയായിരുന്നു ആന്റണി. അതിനിടെ താൻ പത്തനംതിട്ടയിൽ ജയിക്കുമെന്നും കോൺഗ്രസ് തകരുമെന്നും ആന്റണിക്ക് മറുപടിയായി അനിൽ കെ ആന്റണിയും പ്രതികരിച്ചു. ബിജെപിയുടെ ജയം കണ്ട് ചന്ദ്രനെ നോക്കി കുരയ്ക്കുന്ന പട്ടികളായി കോൺഗ്രസ് നേതാക്കൾ മാറുമെന്നും അനിൽ കെ ആന്റണി തിരിച്ചടിച്ചു.

പത്തനംതിട്ടയിൽ പ്രചരണത്തിന് പോകില്ലെന്ന് അന്റണി പറഞ്ഞു. എന്നാൽ ബിജെപിയേയും അനിൽ കെ ആന്റണിയേയും കടന്നാക്രമിക്കുകയായിരുന്നു കോൺഗ്രസിന്റെ മുതിർന്ന നേതാവ്. കോൺഗ്രസ് നേതാക്കളുടെ മക്കൾ ബിജെപിക്കൊപ്പം ചേരുന്നത് തെറ്റെന്ന് എകെആന്റണി പറഞ്ഞു. കുടുംബം വേറെ രാഷ്ട്രീയം വേറെ എന്നാണ് തുടക്കം മുതൽ നിലപാട്.

20 വയസ്സുകാരിയായ വിദ്യാർത്ഥിനിയെ കേസ് അന്വേഷണത്തിന്റെ ഭാഗമായി വീട്ടിലെത്തിയ പോലീസ് കോൺസ്റ്റന്റ് ബലാത്സംഗം ചെയ്തതായി പരാതി. 2009 ജൂണിൽ നടന്ന സംഭവം പുറത്തുവന്നത് 2021 ഒക്ടോബറിൽ ആണ്. അന്ന് 37 വയസ്സുകാരനായ പ്രതിക്ക് ഇപ്പോൾ 53 വയസ്സായി. സംഭവം നടക്കുമ്പോൾ 20 വയസ്സായിരുന്ന ഇരയ്ക്ക് നിലവിൽ 35 വയസ്സ് പ്രായമായി .

പെൺകുട്ടിയെ മുൻ കാമുകൻ അവളുടെ നഗ്നചിത്രങ്ങൾ ഇൻറർനെറ്റിൽ ഇടുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയതാണ് സംഭവങ്ങളുടെ തുടക്കം. ഇതിനെ തുടർന്ന് അവൾ പോലീസ് സഹായം തേടുകയായിരുന്നു. കേസന്വേഷണത്തിന്റെ ഭാഗമായി വീട്ടിലെത്തിയ ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് കോൺസ്റ്റബിൾ ജെയിംസ് ആൻഡ്രൂസ് പെൺകുട്ടിയെ ബലാൽസംഗം ചെയ്യുകയായിരുന്നു എന്നാണ് പരാതി .

എന്നാൽ ഇപ്പോൾ കോടതിയിൽ വാദം കേൾക്കുന്ന കേസിൽ കുറ്റാരോപിതനായ ജെയിംസ് ആൻഡ്രൂസ് തന്റെ മേലുള്ള ആരോപണം നിഷേധിച്ചു. 15 വർഷങ്ങൾക്ക് ശേഷം ഒരു ബലാത്സംഗ കേസ് ഉയർന്നുവരുന്നത് അപൂർവ്വമാണെന്നാണ് വിലയിരുത്തുന്നത്. പ്രതി കുറ്റം നിഷേധിച്ച സാഹചര്യത്തിൽ അനുബന്ധ തെളിവുകളുടെ അടിസ്ഥാനത്തിൽ ആയിരിക്കും കേസിന്റെ തുടർനടപടികൾ പുരോഗമിക്കുന്നത്.

എച്ച് എം ആർ സി ചൈൽഡ് ബെനഫിറ്റിന് അർഹരായ ആളുകൾക്ക് നൽകുന്ന തുക ഏപ്രിൽ ആറ് മുതൽ വർദ്ധിപ്പിക്കാനുള്ള ഗവൺമെന്റ് തീരുമാനം നടപ്പിലാക്കപ്പെടുമ്പോഴും, ശ്രദ്ധിച്ചില്ലെങ്കിൽ നിരവധി കുടുംബങ്ങൾക്ക് തങ്ങളുടെ ബെനിഫിറ്റ് ഈ സമയം നഷ്ടപ്പെടുകയും ചെയ്യാം. 16 വയസ്സിൽ താഴെയുള്ള കുട്ടികളെയൊ, മുഴുവൻ സമയ വിദ്യാഭ്യാസ കാലഘട്ടത്തിൽ അല്ലെങ്കിൽ അംഗീകൃത പരിശീലന പദ്ധതിയിലോയുള്ള 20 വയസ്സിൽ താഴെയുള്ള കുട്ടികളെയൊ പരിപാലിക്കുന്നവർക്ക് ലഭിക്കുന്നതാണ് ചൈൽഡ് ബെനഫിറ്റ്. ഏപ്രിൽ 6 മുതൽ ഒരു കുട്ടിയുള്ള കുടുംബത്തിന് ആഴ്ചയിൽ ഈ പദ്ധതി പ്രകാരം 25.60 പൗണ്ട് ലഭിക്കും. ഒന്നിൽ കൂടുതൽ കുട്ടികളുള്ളവർക്ക് ഒരു കുട്ടിക്ക് 16.95 പൗണ്ട് അധികമായി ലഭിക്കും. എന്നാൽ ഇത് ലഭിക്കാൻ കുടുംബങ്ങൾ തങ്ങളുടെ വിശദാംശങ്ങൾ സർക്കാർ വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണെന്ന് അധികൃതർ വ്യക്തമാക്കുന്നു. ജൂൺ മാസം മുതൽ ഈ പേയ്‌മെന്റുകൾ കൃത്യമായി ലഭിക്കുവാൻ മെയ് 31 ന് അകം തന്നെ എല്ലാവരും തങ്ങളുടെ വിവരങ്ങൾ കൃത്യമായി അപ്ഡേറ്റ് ചെയ്യേണ്ടതാണ്. എന്നാൽ നിങ്ങൾ കൃത്യസമയത്ത് വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ, ബെനിഫിറ്റ് ക്ലെയിം വൈകുമെന്നത് മാത്രമാണ് പ്രശ്നമെന്ന് എച്ച് എം ആർ സി വക്താവ് വ്യക്തമാക്കി.

16 മുതൽ 20 വയസ്സ് വരെയുള്ള കുട്ടികളിൽ വിദ്യാഭ്യാസം ഉപേക്ഷിക്കുകയോ, 16 വയസ്സിനുശേഷം ആഴ്ചയിൽ 24 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുവാൻ തുടങ്ങുകയോ, വിവാഹം പോലുള്ള മറ്റ് പങ്കാളിത്തങ്ങളിൽ ഉൾപ്പെടുകയോ, ചെയ്താൽ മാതാപിതാക്കൾക്ക് ഈ ക്ലെയിമിനുള്ള അർഹത ഉണ്ടായിരിക്കില്ല. കുട്ടികളുടെ പേര് സംബന്ധിച്ച് എന്തെങ്കിലും മാറ്റം ഉണ്ടെങ്കിലും എച്ച് എം ആർ സിയെ അറിയിക്കേണ്ടത് ആവശ്യമാണ്. എന്നാൽ ഇത് മൂലം ക്ലെയിമിനുള്ള അവകാശവാദങ്ങൾക്ക് യാതൊരു കുറവും സംഭവിക്കില്ല. പൊതുവായി പുതിയ മാറ്റങ്ങൾ എല്ലാം തന്നെ സർക്കാർ സൈറ്റിൽ അപ്ഡേറ്റ് ചെയ്യണം എന്നതാണ് നിയമം നിഷ്കർഷിക്കുന്നത്. ഇത് ചെയ്യാൻ സാധിക്കാത്തവർക്ക് പലപ്പോഴും ബെനിഫിറ്റ് ക്ലെയിം നഷ്ടപ്പെടുന്ന സാഹചര്യമാണ് ഉണ്ടാകുന്നത്. ഇത് മലയാളികൾക്കും ബാധകം ആകയാൽ, മെയ് 31ന് മുൻപ് തന്നെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ശ്രമിക്കുക.

എസ്. എസ്. ജയപ്രകാശ്

ജനാധിപത്യം പ്രവർത്തിക്കുന്നത് മൂന്ന് പ്രധാന ശിലകളിലാണ്.
“The will of the people, Trust in Politicians, and Strong institutions” (Guardian,2016)
അല്ലാതെ മഹദ് ഗ്രന്ഥങ്ങളായ രാമായണത്തിലോ, ബൈബിളിലോ, ഖുർആനിലോ അല്ല.

2024 ഇന്ത്യൻ തിരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ , മേൽ പറഞ്ഞിരിക്കുന്ന മൂന്ന് കാര്യങ്ങൾ വിലയിരുത്തുകയും ഇടത് രാഷ്ട്രീയത്തിന്റെ വർദ്ധിച്ച പ്രസക്തിയെ കുറിച്ച് യുക്തി ഭദ്രമായ വാദഗതികളുമാണ് ഈ ലേഖനം പങ്ക് വെയ്ക്കുന്നത്.

കേരളത്തിൽ മാത്രമാണ് അധികാരത്തിൽ ഉള്ളതെങ്കിലും ദേശയീയ തലത്തിൽ സംഘപരിവാർ രാഷ്ട്രീയത്തിന് എതിരെ ഒരു കനൽത്തരി പോലെ പ്രതിക്ഷേധം ഉയർത്തുന്നത് ഇടത്പക്ഷം മാത്രമാണ്.

മറുവശത്ത് കണ്ണോത്ത് കരുണാകരനും,അറയ്ക്കൽ പറമ്പലിൽ കുര്യൻ മകൻ ആന്റണിയും ചേർന്ന് കെട്ടിപ്പടുത്ത ഇന്ദിരാ കോൺഗ്രസ്, കൂട് വിട്ട് കൂട് മാറുന്ന വെറും രാഷ്ട്രീയ പൈങ്കിളികളുടെ കൂടാരം മാത്രമായി അധഃപ്പിച്ചിരിക്കുന്നു.പദ്മജ പോയി,അനിൽ ആന്റണിയും പോയി….!

കേരളത്തിലെ ജനങ്ങൾ ഈ തിരഞ്ഞടുപ്പിൽ തങ്ങളുടെ വോട്ട് അവകാശം വിവേകപൂർവ്വം ഉപയോഗിച്ചില്ല എങ്കിൽ നമുക്ക് മാത്രമല്ല ഇന്ത്യയിലെ ആകെ ജനങ്ങൾക്ക് ജനാധിപത്യത്തിന്റെ ആദ്യ ശിലയായ “The will of the people” എന്നെന്നേയ്‌ക്കുമായി നഷ്ടപ്പെടും. കോൺഗ്രസ് ആയി ജയിക്കുന്നവർ ആവശ്യം വരുമ്പോൾ ബിജെപി ആയി മാറും എന്ന് കണക്കുകൾ വ്യക്തമാക്കി തരുന്നു.

പണത്തിന്റെയോ സ്ഥാനമാനങ്ങളുടെയോ പേരിൽ കാല് മാറാത്ത രാഷ്ട്രീയ നേതൃത്വം നമ്മുടെ രാജ്യത്ത് ഉണ്ട് എങ്കിൽ ‘Trust in Politicians’ എന്ന ജനാധിപത്യത്തിന്റെ രണ്ടാം തൂൺ പ്രവർത്തിക്കുന്നുണ്ട് എന്ന് പറയാം. ഈ കാര്യത്തിൽ ഉദ്ധരിക്കാൻ പറ്റിയത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത്, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.എസ്.സുരേന്ദ്രന്റെ അഭിപ്രായമാണ്;”കേരളത്തിൽ ബിജെപിയ്ക്ക് 30 സീറ്റിൽ കൂടുതൽ കിട്ടിയാൽ ബിജെപി സർക്കാർ ഉണ്ടാക്കും”. ആരെയാണ് അദ്ദേഹം ഉന്നം വെയ്ക്കുന്നത് എന്നും,എങ്ങനെയാണ് അദ്ദേഹം സർക്കാർ ഉണ്ടാക്കാൻ പോകുന്നത് എന്ന കാര്യവും എല്ലാ മലയാളികൾക്കും വ്യക്തമായത് കൊണ്ട് കൂടുതൽ പറയേണ്ട കാര്യം ഇല്ല എന്ന് വിചാരിക്കുന്നു.

‘Trust in Politicians’ എന്ന ജനാധിപത്യത്തിന്റെ രണ്ടാം തൂൺ, ഇപ്പോൾ ഇടത് പക്ഷത്തിൽ മാത്രമായി ചുരുങ്ങി എന്നതിന് കഴിഞ്ഞ അഞ്ച് വർഷത്തെ ഇന്ത്യൻ പാർലമെന്റ് സാക്ഷിയാണ്.

രാഷ്ട്രീയ നേതൃത്വത്തിന് വിശ്വാസിത ഇല്ലാതെയാകുമ്പോളും, ജനവിരുദ്ധ നിലപാടുകൾ എടുക്കുമ്പോളും ജനത്തിന്റെ ആശാ കേന്ദ്രം ആകുന്നത് ചുവടെ പറയുന്ന സ്ഥാപനങ്ങളാണ്;

ജുഡീഷ്യറി –
തിരഞ്ഞെടുപ്പ് കമ്മീഷനുകൾ –
അഴിമതി വിരുദ്ധ ഏജൻസികൾ –
സെൻട്രൽ ബാങ്കുകളും ഫിനാൻഷ്യൽ റെഗുലേറ്ററി ബോഡികൾ –
മനുഷ്യാവകാശ കമ്മീഷനുകൾ –
സിവിൽ സർവ്വീസ് –
മീഡിയ റെഗുലേറ്ററി ബോഡികൾ-

ഇതൊക്കെയാണ് ജനാധിപത്യ വ്യവസ്ഥ നിലനിൽക്കണം എങ്കിൽ ആവശ്യമായ ശക്തവും നിഷ്പക്ഷവുമായ സ്ഥാപനങ്ങൾ.മേൽ പറഞ്ഞിരിക്കുന്ന സ്ഥാപനങ്ങളുടെ വിഭാഗീയ പ്രവർത്തനത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കേജിരിവാളിനെ ജെയിലിൽ അടച്ചത്.

ഇന്ത്യൻ പാർലമെന്റിന്റെ പുതിയ കെട്ടിടം ഉദ്‌ഘാടനം ചെയ്യുന്നത് സന്യാസിമാർ.രാമക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തുന്നത് ഇന്ത്യൻ പ്രധാന മന്ത്രിയും.

കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ ഏറ്റവും കൂടുതൽ പണപ്പിരിവ് നടത്തിയത് ബിജെപിയാണ്. എന്നാൽ പണപ്പിരിവ് നടത്തിയതിന്റെ പേരിൽ ജയിലിൽ ആയത് ആംആദ്മി പാർട്ടി നേതാവായ കേജിരിവാളാണ്.

സർക്കാർ ഉടമസ്ഥതയിൽ ഉള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും ഇലക്ട്രൽ ബോണ്ട് ആയി മേടിച്ച പണം എത്രയാണ് എന്ന് ബിജെപിയോ ബാങ്കോ വെളിപ്പെടുത്താൻ തയ്യാർ ആയില്ല.ഒടുവിൽ കോടതിയെ സമീപിച്ചപ്പോൾ തീയതി ഇല്ലാതെ രേഖകൾ സമർപ്പിച്ചു.കൂടുതൽ സമയം വേണം എന്ന് ആവശ്യപ്പെട്ടു.

ഇവിടെ രണ്ട് പ്രധാന കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്.

ഒന്ന്,6061 കോടിയ്ക്ക് മേലെ ഉള്ള പണമിടപാടിന് ഒരു ദേശസാൽകൃത ബാങ്കിന്റെ കൈയ്യിൽ ഇപ്പോൾ രേഖയില്ല.കൂടുതൽ സമയം കൊടുത്താൽ തരപ്പെടുത്തി തരാം എന്ന് പറയുന്നു.ഓരോ ചില്ലി പൈസയ്ക്കും പലിശയും പലിശയ്ക്ക് പലിശയും കൂട്ടി ഓരോ മാസവും നോട്ടീസ് അയക്കുന്ന ബാങ്ക് ആണ് 6061കോടിയുടെ തീയതി അന്വേഷിക്കാൻ സമയം ചോദിക്കുന്നത്.

ഇലക്ട്രൽ ബോണ്ട് വകയിൽ ബിജെപിയ്ക്ക് അകെ ലഭിച്ച തുക 8251കോടിയാണ് . പാർലമെന്റിൽ ആകെ 543 സീറ്റ്.ഒരു സീറ്റിൽ പരമാവധി ചിലവാക്കാൻ കഴിയുന്ന തുക 95 ലക്ഷം രൂപ.ഇലക്ട്രൽ ബോണ്ട് വകയിൽ മാത്രം ബിജെപിയ്ക്ക് കുറഞ്ഞത് 2500 കോടി അധികമാണ്.

തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണം ലഭിക്കുന്ന വഴി കൃത്യതയോടെ കണ്ടു പിടിക്കാൻ കേന്ദ്രസർക്കാർ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് കൂടുതൽ അധികാരവും ആൾ ബലവും നൽകി.ഒരുപാട് കേസുകൾ ഇഡി എടുത്തിട്ടുണ്ട്.എന്നാൽ ശിക്ഷിക്കപ്പെട്ട കേസുകൾ വെറും 5% മാത്രമാണ്.മാത്രമല്ല ഒരു കേസും ബിജെപി നേതാക്കൾക്കോ അനുഭാവികൾ ആയ വ്യവസായികൾക്കോ എതിരെ പോലും ഇ.ഡി കേസ് എടുത്തിട്ടില്ല.

ഇ.ഡി എടുത്ത 95% കേസുകളും പ്രതിപക്ഷ നേതാക്കൾക്ക് എതിരേയായിരുന്നു എന്നത് ജനാധിപത്യ വിശ്വാസികൾക്ക് ഏറ്റവും ആശങ്ക ഉണ്ടാക്കുന്ന കാര്യമാണ്.

മാത്രമല്ല,മേല്പരിഞ്ഞിരിക്കുന്ന സ്ഥാപനങ്ങൾ അത്രയും അതി രൂക്ഷമായ വിമർശനങ്ങൾക്ക് വിധേയമാകുന്ന കാഴ്ചകൾ നാം ദിനവും കണ്ടു കൊണ്ടിരിക്കുന്നു.പകരം നമുക്ക് ലഭിച്ചത് ഒരു അയോദ്ധ്യയും അതിൽ ദൈവത്തിന് ഇരിക്കാൻ ഒരു കൊട്ടാര സമാനമായ കെട്ടിടവുമാണ്. എന്നാൽ ഇടതുപക്ഷത്തെ തൊട്ടപ്പോൾ ഒക്കെ ഇ.ഡി ദുര്ബലമാകുന്ന കാഴ്ചയാണ് നാം ഇത് വരെ കണ്ടിട്ടുള്ളത്.

ഇടതുപക്ഷത്തിന്റെ രാഷ്‌ടീയ ബദൽ

ഇതിനോടകം തന്നെ സംഘപരിവാറിന്റെ മത രാഷ്ട്രീയത്തിനും മത രാഷ്ട്രീയ സങ്കൽപ്പത്തിനും എതിരെ I.N.D.I.A എന്ന ഒരു രാഷ്ട്രീയ ബദൽ ഇടതുപക്ഷം മുന്നോട്ട് വെച്ചിട്ടുണ്ട്.I.N.D.I.A മുന്നണിയുടെ ചാലക ശക്തി എന്ന് പറയുന്നത് സിപിഎം നേതൃത്വം നൽകുന്ന ഇടതുപക്ഷമാണ്.

ഈ തിരഞ്ഞെടുപ്പിൽ ബിജെപി 400 സീറ്റ് എന്ന ഒരു ടാർഗെറ്റ് നിശ്ചയിച്ചിട്ടുണ്ട്.

I.N.D.I.A സഖ്യം നിലവിൽ വന്നതോടെ നേരിട്ടുള്ള ഒരു തിരഞ്ഞെടുപ്പിലൂടെ ബിജെപിയ്ക്ക് 400 സീറ്റ് പോലെയുള്ള അതിമോഹം സാധ്യമാകില്ല എന്നത് ഉറപ്പാണ്.മാത്രവുമല്ല,കേജിരിവാളിന്റെ അറസ്റ്റോട് കൂടി അയോദ്ധ്യ പോലും രാഷ്ട്രീയ ഫോക്കസിൽ നിന്നും അകന്നു പോയി.ബിജെപിയ്ക്ക് കേവല ഭൂരിപക്ഷം എന്നത് പോലും വെല്ലുവിളി ഉയർത്തുന്ന ഒരു ലക്ഷ്യമായി മാറി.അതോടെ എല്ലാ സർക്കാർ സംവിധാനങ്ങളെയും ദുരുപയോഗം ചെയ്ത് തങ്ങളുടെ ലക്ഷ്യം നേടുക എന്ന തരം താണ രീതികളിലേയ്ക്ക് ബിജെപി മാറിക്കഴിഞ്ഞു.

ഈ രാഷ്ട്രീയ കാലാവസ്ഥയിൽ ഒരു തിരുത്തൽ ശക്തിയാണ് ഇന്ത്യൻ രാഷ്ട്രീയത്തിന് ഏറെ ആവശ്യമായിട്ടുള്ളത്.അത് നൽകാൻ കഴിയുന്ന ഏക സംസ്ഥാനം കേരളമാണ്.ഇടതുപക്ഷത്തിന് എത്രത്തോളം സീറ്റ് കേരളത്തിൽ കൂടുതൽ കിട്ടുന്നുവോ ബിജെപി അത്രത്തോളം എതിർക്കപെടും എന്നതാണ് വസ്തുത.

എസ്.എസ്.ജയപ്രകാശ് (JP Marayoor) : കോട്ടയം ബസേലിയസ് കോളേജ് യൂണിയൻ ചെയർമാൻ,
എസ്.എഫ്.ഐ കോട്ടയം ഏരിയാ സെക്രട്ടറി , സിപിഎം മൂന്നാർ ഏരിയാ കമ്മറ്റിയംഗം,
സമീക്ഷ യുകെയുടെ മുൻ ദേശീയ സെക്രട്ടറി എന്നീ നിലകളിൽ പൊതുരംഗത്ത് പ്രവർത്തിച്ചിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved