UK

ന്യൂസ് ഡെസ്ക് മലയാളം യുകെ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക ബന്ധത്തിന് ക്ഷണിച്ചതിന് യു കെയിൽ മലയാളി വിദ്യാർത്ഥി അറസ്റ്റിലായി. ആലപ്പുഴ കാർത്തികപ്പള്ളി താലൂക്കിലെ രാമപുരം സ്വദേശി 24 വയസ്സുകാരനായ വിദ്യാർത്ഥിയാണ് പിടിയിലായത്. ആദ്യ വാർത്തകൾ പാലാ രാമപുരം സ്വദേശി  എന്നായിരുന്നു.

കുട്ടികൾക്ക് എതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിൻെറ ഭാഗമായി ചൈൽഡ് പ്രൊട്ടക്ഷൻ ഫോഴ്സും പോലീസും ചേർന്ന് സംയുക്തമായാണ് പ്രതിയെ പിടിച്ചത്. സ്റ്റിങ് ഓപ്പറേഷൻെറ ഭാഗമായി 14 വയസ്സുകാരിയുടെ വ്യാജ പ്രൊഫൈൽ നിർമ്മിച്ചായിരുന്നു യുവാവിനെ കുടുക്കിയത്. ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ കാണാനെത്തിയ വിദ്യാർത്ഥിയെ ചൈൽഡ് പ്രൊട്ടക്ഷൻ ടീം പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു .

സ്റ്റുഡന്റ് വിസ നയത്തിൽ ഇളവു വന്നതിനെ തുടർന്ന് ഒട്ടേറെ മലയാളികളാണ് ഉന്നതപഠനത്തിനായി യുകെയിൽ എത്തിച്ചേരുന്നത് . അറസ്റ്റിലായ യുവാവ് നിലവിൽ ഹെർട്ഫോർഡ്ഷെയറിൽ വിദ്യാർത്ഥിയാണ്. ലൂട്ടണിൽ താമസിക്കുന്ന യുവാവ് പെൺകുട്ടിയെ കാണാൻ രണ്ടുമണിക്കൂറോളം ദൂരെയുള്ള ഹെമൽ ഹെംസ്റ്റഡിൽ എത്തി ചേർന്നപ്പോഴാണ് പിടിയിലായത്. വിശദമായ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതി ക്ഷമാപണം നടത്തി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഗുരുതരമായ കുറ്റകൃത്യത്തിന് അറസ്റ്റിലാകുകയായിരുന്നു.

വിമാന യാത്രയ്ക്കിടയിൽ സഹയാത്രികയെ ബലാത്സംഗം ചെയ്ത 40കാരൻ അറസ്റ്റിൽ.ബ്രിട്ടനിലെ ലണ്ടനിലേക്ക് അമേരിക്കയിലെ ന്യൂജഴ്സിയിൽ നിന്നും പോവുകയായിരുന്നു യുനൈറ്റഡ് എയർലൈൻസ് വിമാനത്തിൽ വെച്ചാണ്,

40കാരൻ സഹയാത്രികയെ ബലാത്സംഗം ചെയ്തത്.40കാരൻ ബ്രിട്ടീഷുകാരനാണ് , സഹയാത്രികയും ബ്രിട്ടീഷുകാരി ആണ്.ബിസിനസ് ക്ലാസിലായിരുന്നു ഇരുവരും യാത്ര ചെയ്തിരുന്നത്.ഇരുവരും തമ്മിൽ പരിചയപ്പെടുകയും വിശേഷങ്ങൾ പറയുകയും ചെയ്തിരുന്നു.

രാത്രിയായപ്പോൾ ഇയാൾ സഹയാത്രികയ്ക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു.ഇരുവരും വെവ്വേറെ ക്യാബിനിൽ ആയിരുന്നു ഉണ്ടായിരുന്നത്.മറ്റു യാത്രികർ ഉറങ്ങുന്ന സമയത്ത് ഇയാൾ യുവതിയുടെ ക്യാബിനിലേക്ക് ഇഴഞ്ഞു ചെന്ന് ബലാൽസംഗം ചെയ്തു എന്നാണ് പരാതി.

യുവതി പോലീസിൽ പറഞ്ഞത് യുവതിക്ക് കുറെയേറെ സ്വകാര്യ പ്രശ്നങ്ങൾ ഉണ്ട് എന്നാണ്.സഹയാത്രികനോട്‌ സംസാരിക്കുന്നതിനിടയിൽ താൻ അല്പം അസ്വസ്ഥത യാണെന്ന് പറഞ്ഞിരുന്നു.ലൈറ്റ് ഓഫ് ചെയ്യും മുമ്പ് ഉറങ്ങാനുള്ള മരുന്നുകൾ കഴിച്ചിരുന്നതിനാൽ താൻ പെട്ടെന്ന് ഉറങ്ങിപ്പോയി എന്ന് യുവതി പറയുന്നു.

ഉറക്കത്തിൽ തന്റെ ശരീരത്തിൽ മറ്റൊരാളുടെ സാന്നിധ്യം മനസ്സിലാക്കിയ യുവതി എഴുന്നേറ്റപ്പോഴേക്കുംസഹയാത്രികൻ തന്നെ അർധ നഗ്നനാക്കി ബലംപ്രയോഗിച്ച് കീഴ്പ്പെടുത്തുകയായിരുന്നു.

യാത്രയിൽ എല്ലാവരും ഉറങ്ങുന്നതിന് നാലും തന്റെ വായ് പൊത്തി പിടിച്ചിരുന്നു.ഞാൻ ബഹളം വെക്കും എന്ന് ഉറപ്പായപ്പോൾ ഇയാൾ തന്നെ പിന്തിരിയുകയും ആയിരുന്നു.ഉടനെതന്നെ യുവതി എഴുന്നേറ്റ് വിമാന ജീവനക്കാരെയും മറ്റു സഹയാത്രികരെയും വിവരമറിയിച്ചു.

തുടർന്ന് വിമാന കമ്പനി പോലീസിന് ഇക്കാര്യം അറിയിക്കുകയും വിമാനം ലാൻഡ് ചെയ്തപ്പോൾ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.ഉടനെ തന്നെ യുവതിയെ ലൈംഗിക അതിക്രമങ്ങൾക്കുള്ള കൗൺസിൽ സെന്ററിലേക്ക് കൊണ്ടുപോയി.

ഇവരിൽനിന്ന് വിശദമായ വിവരം പോലീസ് ചോദിച്ചറിഞ്ഞു.തുടർന്ന് സംഭവത്തിലെ വിശദമായ അന്വേഷണം നടക്കുമെന്ന് പോലീസ് അറിയിച്ചു.യുവതിയിൽ നിന്ന് സ്വകാര്യതകളോക്കെ മനസ്സിലാക്കിയ സഹയാത്രികൻ രാത്രിയോടെയാണ് യുവതിയെ ബലാൽസംഗം ചെയ്യാൻ നോക്കിയത്.

ഡൽഹി സ്വദേശി ജയവർധന ശർമ (41 ) സൗത്പ്റ്റാണ് അടുത്ത് ന്യൂ മിൽട്ടൺ എന്ന സ്ഥലത്ത് നിര്യാതനായി . കവൻട്രിയിൽ വീട് വാങ്ങി താമസം മാറാനിരിക്കെ വെറും ഒരു മാസം കൊണ്ട് രോഗലക്ഷണം പ്രകടമാവുകയും മരണം അദ്ദേഹത്തെ കവരുകയും ആയിരുന്നു . ഹോട്ടലിൽ ഷെഫ് ആയി ജോലി ചെയ്തിരുന്ന അദ്ദേഹത്തിന്റെ വരുമാനം മാത്രമായിരുന്നു ഭാര്യ ഷെല്ലിക്കും മൂന്നു വയസായ കുഞ്ഞിനും ആശ്രയം .

ഇപ്പോൾ ജീവിതത്തിൽ ഒറ്റയ്ക്കായി പോയ അവർക്കു ന്യൂമിൽട്ടണിലെ ഏതാനും മലയാളി കുടുംബങ്ങളാണ് ആശ്രയം . ജോലിയോ വരുമാനമോ ഇല്ലാത്ത , പെർമനന്റ് റെസിഡൻസിയും ഇല്ലാത്ത ഷെല്ലിയെ സഹായിക്കാൻ യുകെയിലെ മലയാളി സമൂഹത്തിന്റെ കരുണ കൂടി ആവശ്യമായി വന്നിരിക്കുകയാണ് . നിലവിലെ ജോലി രാജി വയ്ക്കുകയും പുതിയ ജോലിയിൽ പ്രവേശിക്കാൻ സാധിക്കാതെയും വന്ന സാഹചര്യത്തിലാണ് ജയവർധനയുടെ മരണം എന്നതും വല്ലാത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത് .

നമ്മോടൊപ്പം സന്തോഷത്തോടെ കഴിയേണ്ട ഒരു കുടുംബം പ്രതിസന്ധിയിൽ സഹായം തേടി തളർന്നു നിൽകുമ്പോൾ , നമ്മളാണ് അവരുടെ പ്രതീക്ഷ . സാധ്യമാകുമെങ്കിൽ ഒരു കൈ സഹായം നല്കണമെന്നഭ്യർത്ഥിക്കുന്നു. https://www.gofundme.com/f/shelly-to-support-her-son-and-husband-funeral

ന്യൂസ് ഡെസ്ക് മലയാളം യുകെ

റഷ്യ :- റഷ്യയിൽ ക്രിപ്റ്റോകറൻസികൾ നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികൾക്ക് റഷ്യൻ ഗവൺമെന്റും സെൻട്രൽ ബാങ്കും ചേർന്ന് രൂപം നൽകിയിരിക്കുകയാണ്. ക്രിപ്റ്റോകറൻസികൾ ഒരുതരത്തിലുള്ള കറൻസികൾ തന്നെയാണെന്നും, അതിനാൽ തന്നെ അവയുടെ ട്രാൻസാക്ഷനുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും റഷ്യ വിലയിരുത്തി. ചൊവ്വാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഗവൺമെന്റ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരം കറൻസികൾ നിരോധിക്കുകയല്ല, മറിച്ച് എല്ലാവിധ ട്രാൻസാക്ഷനുകളും നിയമപരമായി മാത്രമേ നടത്തുവാൻ സാധിക്കുകയുള്ളൂ എന്നാണ് ഗവൺമെന്റ് വ്യക്തമാക്കുന്നത്. നിലവിൽ റഷ്യൻ പൗരൻമാർക്ക് മാത്രമായി 12 മില്യൺ ക്രിപ്റ്റോകറൻസി അക്കൗണ്ടുകളിലായി 26.7 ബില്യൺ ഡോളർ തുകയുടെ നിക്ഷേപമാണ് ഉള്ളത്. ഇതോടൊപ്പം തന്നെ ബിറ്റ് കോയിൻ മൈനിങ്ങിലും മറ്റും രാജ്യം മൂന്നാം സ്ഥാനത്താണ് ഉള്ളത്. ഈ സാഹചര്യത്തിലാണ് ഇത്തരം പ്രവർത്തനങ്ങൾ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്ന് റഷ്യ വിലയിരുത്തുന്നത്.


ഇതോടെ ആറ് ലക്ഷം റൂബിളിന് മുകളിലുള്ള ട്രാൻസാക്ഷനുകൾ എല്ലാംതന്നെ ഉപഭോക്താക്കൾ വെളിപ്പെടുത്തേണ്ടതായി വരും. ഇത് വെളിപ്പെടുത്താത്ത പക്ഷം അത് ക്രിമിനൽ പ്രവർത്തനത്തിലേക്ക് വഴിതെളിക്കും എന്നാണ് ഇപ്പോൾ രൂപപ്പെടുത്തിയ നിയമം വ്യക്തമാക്കുന്നത്. ക്രിപ്റ്റോകറൻസികളെ സംബന്ധിച്ച റഷ്യൻ ഗവൺമെന്റിന്റെ തീരുമാനം മാസങ്ങളായി അനിശ്ചിതത്വത്തിൽ ആയിരുന്നു. എന്നാൽ ചിലർ ഇത് ക്രിപ്റ്റോ കറൻസികൾക്ക് ലഭിക്കുന്ന അംഗീകാരമായാണ് കണക്കാക്കുന്നത്. ക്രിപ്റ്റോകറൻസികളെ ഒരു വിഭാഗം കറൻസികൾ ആയിത്തന്നെ അംഗീകരിച്ചുകൊണ്ടാണ് റഷ്യ പുതിയ നിയമം രൂപപ്പെടുത്തിയിരിക്കുന്നത്. ജനുവരിയിൽ രാജ്യം മുഴുവനും ക്രിപ്റ്റോകറൻസികൾ നിരോധിക്കണമെന്ന ആവശ്യമാണ് റഷ്യൻ ബാങ്ക് മുന്നോട്ടു വച്ചിരുന്നത്. എന്നാൽ ബാങ്കിന്റെ ഈ തീരുമാനത്തോട് റഷ്യൻ ധനകാര്യവകുപ്പ് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

ക്രിപ്റ്റോകറൻസികൾ നിരോധിക്കുകയല്ല മറിച്ച് നിയന്ത്രിക്കുകയാണ് വേണ്ടത് എന്ന നിലപാടിലാണ് ഇപ്പോൾ റഷ്യ എത്തിനിൽക്കുന്നത്. ഇതോടൊപ്പം തന്നെ ക്രിപ്റ്റോകറൻസികളുടെ മൈനിങ്ങും നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികൾ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന അഭ്യൂഹങ്ങളും പുറത്തുവരുന്നുണ്ട്.

ജോസ്‌ന സാബു സെബാസ്റ്റ്യൻ

വർഷങ്ങൾക്ക് മുമ്പ് മാതാപിതാക്കളെയും സഹോദരങ്ങളെയും കൂട്ടുകാരെയുമൊക്കെ വിട്ട് വല്യ വിമാനം കേറിയവരാണ് ഞങ്ങൾ പ്രവാസികൾ ….
ഇത് നമ്മുടെ നാട്ടിൽ ജീവിക്കാനുള്ള ആസ്തി ഇല്ലായ്മകൊണ്ടൊന്നുമായിരുന്നില്ല …മറിച്ചു ഞങ്ങളൊക്കെ മത്സത്തിൽ ഓടാൻ തുടങ്ങിയപ്പോളേ സ്വയം മടുത്തതുകൊണ്ടാണ് …

അത്യാവശ്യം തരക്കേടില്ലാതെ ജീവിച്ചു പോകാനുള്ള ജീവിത ചുറ്റുപാടുകളും ജോലിയുമൊക്കെയുണ്ടായിട്ടും മാതാപിതാക്കളെ കണ്ണീർ അണിയിച്ചുകൊണ്ട് വണ്ടികേറേണ്ടി വന്നിട്ടുണ്ടെങ്കിൽ അതിന് തക്കതായ കാരണവും ഞങ്ങൾ പ്രവാസികൾക്ക് പറയാനുണ്ടാകും… അപ്പോൾ കാര്യത്തിലേക്ക് വരാം.

ജനനം മുതൽ തങ്ങൾക്ക് ചുറ്റും കണ്ടുവളരുന്ന പലവിധ മത്സരയിനങ്ങളായ…
കുട്ടികളുടെ പഠന ഫീസ്…
ഏറ്റവും കൂടുതൽ ഫീസുള്ളിടത്ത് പഠിപ്പിക്കാനുള്ള തത്രപ്പാട് …
സ്‌കൂളിൽ ഒന്നാമതാകാൻ ട്യൂഷൻ ഫീസ് മുടക്കിയുമുള്ള തത്രപ്പാട് അങ്ങനെ അങ്ങനെ …

സ്‌കൂളിൽ പോകുന്ന തന്റെ കുഞ്ഞിൻെറ സ്‌കൂൾ ബാഗ് കുട എന്തിനേറെ പെൻസിൽ ബോക്സുവരെ മറ്റുള്ളവരെക്കാൾ ഒരു പിടി കൂടിനിന്നില്ലങ്കിൽ ഒരു ഉറക്കക്കുറവ് അനുഭവിക്കുന്നവരാണ് നമ്മൾ മാതാപിതാക്കളും കുട്ടികളും .

എന്നാലും ഇന്നും ഒരുമാറ്റവുമില്ലാതെ ഏറ്റവും കൂടുതൽ ട്രെൻഡിൽ ഓടിക്കൊണ്ടിരിക്കുന്നത് മലയാളിയുടെ വീടും, ജോലിയും കല്യാണവുമാണ് . ഇപ്പോൾ ഇതൊന്നും കൂടാതെ സേവ് ദി ഡേറ്റ് കൂടി അകമ്പടി പാലിച്ചിട്ടുണ്ട് ….

എന്നാൽ ഒരു സാധാ മലയാളി നമ്മുടെ നാട്ടിൽ ജോലിചെയ്താൽ കിട്ടുന്നത് 20,000 രൂപ ആയിരിക്കാം . ആ കിട്ടുന്നതിൽ നിന്നു പെട്രോൾ, ബസ് കൂലി , അയലോക്കത്തെ കല്യാണം, നൂലുകെട്ട് ,പേരിടൽ അല്ലെങ്കിൽ മരണം ഇവയ് ക്കെല്ലാം മറ്റുള്ളവർ കൊടുക്കുന്നതിനേക്കാൾ ഇത്തിരി കൂട്ടി കൊടുത്തില്ലെങ്കിൽ നഷ്ടമാകുന്ന മാനവും മനഃസമാധാനവും. ഇതെല്ലം കഴിഞ്ഞ്‌ വീട്ടിലെത്തുമ്പോൾ കഞ്ഞി മുളകുകൂട്ടി കഴിക്കാൻ പറ്റിയാലായി.

ഇനി ഈ മേല്പറഞ്ഞതൊക്കെ സാധിച്ചു പ്രസ്റ്റീജ് മേടിച്ചെടുക്കണമെങ്കിൽ നമ്മൾ യുദ്ധം ചെയ്യേണ്ടിവരുക വീട്ടിലെ പേസ്റ്റിനോടും, തേഞ്ഞു തീർന്ന ബ്രഷിനോടും സോപ്പിനോടും കൂടാതെ വർഷങ്ങൾ പഴക്കമുള്ള അണ്ടർവെയറിനോടും ബനിയനോടുമൊക്കെയാണ് . അതാവുമ്പോൾ ഇതൊന്നും ആരും കാണുന്നില്ലല്ലോല്ലേ? …..

അതിനിടയിൽ വീട്ടിലൊരാൾക്ക് അസുഖം കൂടി വന്നാൽ പേരുകേട്ട ഹോസ്പിറ്റലിൽ പോയില്ലെങ്കിലൊരു ഗുമ്മില്ല…അവസാനം ബ്ലേഡുകാരൻ, ലോൺ, ചിട്ടി അങ്ങനെ അങ്ങനെ …..പിന്നീടുള്ള അവന്റെ ജീവിതം മുഴുവൻ കടം വീട്ടൽ കൂടി അവന്റെ നിരന്തര സഹപാഠിയായി കൂടെ കൂടും …

അങ്ങനെ ശ്വാസം കിട്ടാതെ അലഞ്ഞ മലയാളി എങ്ങനെങ്കിലുമൊരു പുറം രാജ്യത്തെത്തിയാൽ പിന്നെ അവന്റെ ഓട്ടത്തിന്റെ ഗതി അവൻ തന്നെ മാറ്റി ശ്വാസമൊരു മന്ദഗതിയിൽ കൊണ്ടുവരും …
അവനൊന്ന് റിലാക്സ് ചെയ്യാൻ തുടങ്ങും .. കാരണം അവിടെ അവനെ അറിയുന്നവരാരുമില്ല..
ഇനി അവനു ശാന്തമായി അവനായി ജീവിക്കാം ..
മക്കളെ സർക്കാർ സ്‌കൂളുകളിൽ വിടാം …
മത്സര പരീക്ഷകളുടെ ഭാരങ്ങളില്ല …
സർക്കാർ ഹോസ്‌പിറ്റലുകളിൽ പോകാൻ മടിയേതുമില്ല …
മതം നോക്കാതെ ഇഷ്ടമുള്ളവരെ പ്രണയിക്കാം…കല്യാണം കഴിക്കാം… ഒഴിവാക്കാം…
കുട്ടികൾ വേണമെന്നോ വേണ്ടന്നോ വക്കാം …
ഇഷ്ടമുള്ള വിശ്വാസം കാത്തുസൂക്ഷിക്കാം …
ഇഷ്ടമുള്ള വസ്ത്രം ധരിക്കാം….
ഇഷ്ട ഭക്ഷണം കഴിക്കാം …

പ്രായപരിധികൾ എണ്ണിപ്പറയാതെ ഇഷ്ടമുള്ള ജോലി …അല്ലെങ്കിൽ കിട്ടുന്ന ജോലി എന്തും ചെയ്യാം ..
ചാരിറ്റി ഷോപ്പിൽ നിന്നോ സെക്കൻഹാന്റായോ ഉടുതുണിമുതൽ വാഹനങ്ങൾ വരെ മേടിക്കാം …
അവിടെ ആരും അവനോട് ചോദിക്കില്ല…
തിരക്കില്ല നമ്മുടെ ഒരു കഥയും ….
മലയാളി ഒഴികേ….

എന്നാലും അണ്ണാൻ മരം കേറ്റം മറക്കുമോ എന്ന പഴഞ്ചൊല്ല് മറക്കാൻ പറ്റാത്ത ചിലർ ഇവിടെനിന്നും നാട്ടിൽ താമസിക്കാനാളില്ലാതെ മണിസൗധങ്ങൾ കെട്ടിവയ്ക്കുന്നു …
ആസ്തികൾ വാങ്ങിക്കൂട്ടുന്നു …
ജോലി ചെയ്തു മരിക്കുന്നു …
മത്സരം മാത്രമറിയാവുന്ന…
ജീവിക്കാൻ മറക്കുന്ന മലയാളി …

(ഒന്ന് മനസിലാക്കുക…ഇന്ന് മത്സരഭീതിയിൽ നെഞ്ചിടിപ്പ് കൂടി മാതൃരാജ്യം വിട്ടു വണ്ടികേറുന്ന യുവതലമുറയുടെ എണ്ണം ഭീമമാണ് …
ഏറ്റവും കൂടുതൽ ചെറുപ്പക്കാർ ഉള്ള സ്ഥലം നമ്മുടെ ഇന്ത്യയാണ് ( 50- 53%).അവരുടെ എനർജി ലെവൽ is at the peak. This is more than enough to bring our nation to the top in everything.
പക്ഷെ അവരെ പിടിച്ചു നിർത്താൻ, അവരുടെ എനർജി ലെവൽ മതിയാവുന്നത്ര ഉപയോഗിക്കാൻ ..പഴയ പല പൊങ്ങച്ച രീതികളും, പഴഞ്ചൻ രാഷ്ട്രീയ കാഴ്ചപ്പാടുകളുമുള്ള കസേര ഒഴിഞ്ഞു നമ്മുടെ ചോരത്തിളപ്പുള്ള യുവാക്കൾക്കായി മാറിനിന്നാൽ നമുക്കെത്താം മാനസികമായും രാജ്യപരമായുമൊക്കെ ഒന്നാമത് തന്നെ .)

 

ടോം ജോസ്

ലിവർപൂളിന്റെ കുഞ്ഞു മാലാഖ അമല മേരിയ്ക്ക് വെള്ളിയാഴ്ച ലിവർപൂൾ മലയാളി സമൂഹം കണ്ണീരോടെ വിടനൽകും . കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലിവർപൂൾ നോട്ടിആഷിൽ താമസിക്കുന്ന ആശിഷ് പീറ്റർ പരിയാരത്തിന്റെയും എയ്ഞ്ചൽ ആശിഷിന്റയും മകൾ അമല മേരി (5 ) ഈ ലോകത്തോട് വിടപറഞ്ഞത്.
മരണം അറിഞ്ഞനിമിഷം മുതൽ ലിവർപൂൾ മലയാളി സമൂഹം എല്ലാ സഹായവുമായി ആശിഷിനൊപ്പമുണ്ടായിരുന്നു .

വരുന്നവെള്ളിയാഴ്ച (ഫെബ്രുവരി 11 തീയതി) ലിവർപൂൾ സെന്റ് മേരീസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് പള്ളിയിലാണ് ചടങ്ങുകൾ നടക്കുന്നത്. രാവിലെ 11.00 am മുതൽ 2.30 pm വരെയുള്ള സമയമാണ് ദൈവാലയത്തിലെ ശിശ്രൂഷകൾ നടത്തുവാനും പൊതുദർശനത്തിനുമായി ക്രമീകരിച്ചിരിക്കുന്നത്.കഴിയുന്നവർ പള്ളിയിലെത്തി ചടങ്ങുകളിൽ പങ്കെടുക്കുക. പള്ളിയിലെ ചടങ്ങുകൾക്കു ശേഷം അലെർട്ടെൻ സിമിത്തേരിയിൽ ശവസംസ്കാരം നടക്കും. കഴിഞ്ഞ രണ്ടു വർഷമായി അമല മേരി ലുക്കിമിയ ബാധിച്ചു ചികിത്സയിൽ ആയിരുന്നു . മരണം സ്ഥിരീകരിച്ചതുമുതൽ കുട്ടിയുടെ ആത്മശാന്തിക്കുവേണ്ടി ആശിഷിന്റെ വീട്ടിൽ എല്ലാദിവസവും വൈകുന്നേരം പ്രാർത്ഥന നടന്നിരുന്നു. ആശിഷ് പിറവം ,പാഴൂർ പരിയാരത്തു മെരിലാൻഡ് കുടുംബാംഗമാണ്.

പള്ളിയുടെ അഡ്രസ്സ് താഴെ കൊടുക്കുന്നു

St. Davids church, Rocky lane, Liverpool, L16 1JA)

പിറവം: ന്യൂസിലാൻഡിൽ മണരണമടഞ്ഞ ദിവ്യ മനോജിന് 31 (നാക്കോലിക്കരയിൽ)  ജന്മനാടിന്റെ യാത്രാമൊഴി. ഇന്ന് രാവിലെ കൊച്ചിയിലെത്തിയ ഭൗതീകദേഹം സ്വദേശമായ രാമമംഗലത്തു എത്തിച്ചിരുന്നു. ഇന്ത്യൻ സമയം നാല് മണിയോടെ സംസ്ക്കാര ചടങ്ങുകൾ ആരംഭിക്കുകയും ചെയ്തു. തുടർന്ന് ഇടവക ദേവാലയ സെമിത്തേരിയിൽ സംസ്ക്കാരകർമ്മം പൂർത്തിയാക്കി.

ഫെബ്രുവരി മൂന്നിന് ന്യൂസിലാൻഡ് ഹാമിൽട്ടൺ മലയാളികൾക്കായി പൊതുദർശനം പ്രാർത്ഥനയും  നടത്തിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്‌ച തന്നെ ഭർത്താവായ മനോജ്  രണ്ട് കുട്ടികളെയും ആയി നാട്ടിലേക്ക് പുറപ്പെട്ടിരുന്നു. തുടന്ന് ഏഴാം തിയതിയാണ് ദിവ്യയുടെ ഭൗതീകദേഹം നാട്ടിലേക്കു അയച്ചത്. ദുബായ് വഴി ഇന്ന് (9/02/2022) രാവിലെ നെടുമ്പാശ്ശേരി എയർപോർട്ടിൽ ബോഡി എത്തിയപ്പോൾ സഹോദരനായ ഡിലു സൈമൺ ബന്ധുക്കളോടൊപ്പം തന്റെ സഹോദരിയുടെ മൃതദേഹം രാവിലെ ഒൻപത് മണിയോടെ ഏറ്റുവാങ്ങി.

സംസ്ക്കാരച്ചങ്ങുകൾക്കായി വലിയൊരു ജനം തന്നെ എത്തിച്ചേർന്നിരുന്നു. വലിയ പ്രതീക്ഷകളോടെ ഒന്നര വർഷം മുൻപ് പുറപ്പെട്ട നാട്ടുകാരുടെയും ബന്ധുക്കളുടെയും പ്രിയപ്പെട്ടവളുടെ ചേതനയറ്റ ശരീരം കണ്ടപ്പോൾ പലരും പൊട്ടിക്കരയുന്ന അതിലേറെ ഹൃദയം തകർക്കുന്ന എട്ടും പൊട്ടും തിരിയാത്ത രണ്ട് കുഞ്ഞുങ്ങൾ… മൂത്ത കുട്ടിയുടെ അന്ത്യ ചുംബനം… തന്റെ അമ്മക്കായി നൽകുമ്പോൾ ഇങ്ങനെ ഒരു സാഹചര്യം ആർക്കും കൊടുക്കരുതേ എന്ന് മനസ്സറിയാത്ത പ്രാർത്ഥിച്ചുപോകുന്ന നിമിഷങ്ങൾ… ആരെ ആശ്വസിപ്പിക്കും എന്നുപോലും അറിയാതെ കണ്ണ് നിറഞ്ഞു ഭർത്താവായ മനോജ്… കാണുന്നവരുടെ കരളലിയിക്കും..

ജനുവരി 30 നു ആണ് ന്യൂസിലാൻഡ് മലയാളികളെ ഞെട്ടിച്ചുകൊണ്ട്  ദിവ്യ മനോജിന്റെ മരണം നടക്കുന്നത്. ജോലി കഴിഞ്ഞു തിരിച്ചെത്തി കുളി കഴിഞ്ഞു പുറത്തേക്കിറങ്ങിയ ദിവ്യ ഭർത്താവിന്റെ കൈകളിലേക്ക് കുഴഞ്ഞു വീഴുകയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.  മൂന്ന് വർഷത്തെ ക്രിട്ടിക്കൽ പർപ്പസ് വർക്ക് വിസ നേഴ്സ് ആയിരുന്നു മരണമടഞ്ഞ ദിവ്യ. കഴിഞ്ഞ വർഷം ജനുവരിയിലാണ് ദിവ്യ ന്യൂസിലൻഡിൽ എത്തിയത്.

വീഡിയോ കാണാം

ഏറ്റവും കൂടുതൽ കാലം ബ്രിട്ടിഷ് രാജസിംഹാനത്തിലിരുന്ന വ്യക്തിയെന്ന റെക്കോർഡ് സ്വന്തമായുള്ള എലിസബത്ത് രാജ്‍ഞി ഇന്ന് മറ്റൊരു നാഴികക്കല്ലു കൂടി പിന്നിടുന്നു – രാജപദവിയുടെ സപ്തതി. 1952 ഫെബ്രുവരി ആറിന് രാജ്ഞിയായ എലിസബത്തിന് ഇപ്പോൾ 95 വയസ്സുണ്ട്. പിതാവ് ജോർജ് ആറാമന്റെ ചരമദിനം കൂടിയായതിനാൽ ഇന്ന് 70–ാം വാർഷികാഘോഷങ്ങളില്ല. ജൂണിൽ 4 ദിവസം നീളുന്ന പൊതു ആഘോഷച്ചടങ്ങുകളുണ്ടാകും.

63 വർഷം രാജ്ഞിയായിരുന്ന വിക്ടോറിയയുടെ റെക്കോർഡ് 7 വർഷം മുൻപ് എലിസബത്ത് മറികടന്നു. പല യൂറോപ്യൻ നാടുകളിലെയും രാജകുടുംബാംഗങ്ങൾ കാലം മാറിയതനുസരിച്ച് പദവി ഉപേക്ഷിച്ചെങ്കിലും, 1000 വർഷം പിന്നിട്ട സംവിധാനം ബ്രിട്ടനിൽ ഇപ്പോഴും നിലനിൽക്കുന്നു, ഏറെക്കുറെ ജനപ്രിയമായിത്തന്നെ. രാജ്ഞിയുടെ ഭർത്താവ് ഫിലിപ് രാജകുമാരൻ കഴിഞ്ഞ വർഷം 99–ാം വയസ്സിലാണ് അന്തരിച്ചത്. മക്കൾ: ചാൾസ്, ആൻ, ആൻഡ്രൂ, എഡ്വേഡ്.

ബ്രിട്ടിഷ് രാജ പദവിയിലെത്തിയ നാൽപതാമത്തെ വ്യക്തിയാണ് എലിസബത്ത്. അമേരിക്കൻ വനിതയെ വിവാഹം ചെയ്യാൻ, പിതൃസഹോദരൻ എഡ്വേഡ് എട്ടാമൻ സ്ഥാനത്യാഗം ചെയ്തതിനെത്തുടർന്നാണ് എലിസബത്തിന്റെ പിതാവ് ജോർജ് ആറാമൻ രാജാവായത്. അദ്ദേഹത്തിന്റെ മരണത്തോടെ അധികാരം എലിസബത്തിനു വന്നു ചേർന്നു.

എലിസബത്ത് രാജ്ഞിയുടെ ഭരണകാലത്ത് വിൻസ്റ്റൺ ചർച്ചിൽ മുതൽ 14 പേർ ബ്രിട്ടിഷ് പ്രധാനമന്ത്രിമാരായി. ലോകത്ത് ഏറ്റവും കൂടുതൽ കറൻസികളിൽ പടമുള്ള ഭരണാധികാരിയെന്ന നിലയിൽ ഗിന്നസ് ബുക്കിൽ രാജ്ഞി ഇടംപിടിച്ചിട്ടുണ്ട്.

ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം രാജാധികാരത്തിലിരുന്നത് സ്വാസിലാൻഡിലെ സൊഹൂസ രാജാവാണ് – 1899 മുതൽ 1982 വരെ 82 വർഷവും 254 ദിവസവും. ആധുനിക കാലത്ത് തായ്‍ലൻഡിലെ ഭൂമിബോൽ അതുല്യതേജ് 1946 മുതൽ 2016 ൽ മരിക്കുന്നതു വരെ രാജാവായിരുന്നു. 126 ദിവസം കൂടി പിന്നിട്ടാൽ എലിസബത്ത് രാജ്ഞി അതുല്യതേജിനെ മറികടക്കും.

ഔദ്യോഗിക ചുമതലകൾ വഹിക്കുന്നുണ്ടെങ്കിലും എലിസബത്ത് രാജ്ഞി സമീപകാലത്തായി പൊതുചടങ്ങുകളിൽ പങ്കെടുക്കാറില്ല. കഴിഞ്ഞ ഒക്ടോബറിൽ ആശുപത്രിയിൽ ഒരു രാത്രി പ്രവേശിപ്പിച്ചിരുന്നു. അസുഖമെന്താണെന്ന കാര്യം പുറത്തു വിട്ടിട്ടില്ല.

ഹരിഗോവിന്ദ് താമരശ്ശേരി

തെന്നിന്ത്യയിലെ സംഗീത പ്രേമികളുടെ മനം കവർന്നിരിക്കുകയാണ് മലയാളികളൊരുക്കിയ മ്യൂസിക് ആൽബം “സായ”. യുകെയിലെ മലയാളികളായ ഒരുപറ്റം കലാകാരന്മാരുടെ സ്വപ്ന സാക്ഷാത്കാരമാണ് വെയിൽസിൻ്റെ ദൃശ്യ ചാരുതയിൽ “സായ” യായി ആസ്വാദക ഹൃദയങ്ങളിൽ ഇടം നേടിയത്. വെറും രണ്ടാഴ്ചയിൽ 2 മില്യണിലധികം ആളുകളാണ് “സായ” യെ ഇരുകൈകളും നീട്ടി സ്വീകരിച്ചത്. തമിഴിലും മലയാളത്തിലുമായി പുറത്തിറങ്ങിയ മ്യൂസിക് വീഡിയോയുടെ തമിഴ് പതിപ്പിന് ഇതിനോടകം തന്നെ 2 മില്യണും, മലയാളത്തിന് 8 ലക്ഷ്യത്തിലധികവും വ്യൂസ് ഉണ്ട്.

സാധാരണയിൽ നിന്നും വ്യത്യസ്തമായി തൻ്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും നിറവേറ്റുവാൻ ഒരു പെൺകുട്ടി സഞ്ചരിക്കുന്ന ലളിതവും രസകരവുമായ യാത്രയുടെ ദൃശ്യാവിഷ്കാരമാണ് “സായ”. മ്യൂസിക് ഇൻഡസ്ട്രിയിലെ അതികായരായ സരിഗമ ഇന്ത്യ ലിമിറ്റഡാണ് സായ റിലീസ് ചെയ്തത്. റിലീസിന് ശേഷം #saaya ട്വിറ്റർ പോലുള്ള സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ്ങിൽ ഒന്നാംസ്ഥാനത്തെത്തിയിരുന്നു.

ലണ്ടനിൽ നിന്നുള്ള കൃപ ഗിവാനെ, ഇസ്മായേൽ നോറിസ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഉയരെ എന്ന് തുടങ്ങുന്ന മനോഹരമായ ഗാനം ആലപിച്ചിരിക്കുന്നത് അനുഗ്രഹീത ഗായിക ശിവാങ്കി കൃഷ്ണകുമാറാണ്. നടിയും ഗായികയുമായ ശിവാങ്കി ഈ മ്യൂസിക് വീഡിയോയിലൂടെ ഇതിനോടകം പ്രശസ്തയായിക്കഴിഞ്ഞു. തൊടുപുഴയാണ് ശിവാങ്കിയുടെ ജന്മദേശം. സംഗീത സംവിധായകനും ഗായകനും, പിയാനിസ്റ്റുമായ മിഥുൻ ഈശ്വറാണ് സായയുടെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. മലയാള സിനിമ മേഖലയിൽ അസ്സിസ്റ്റന്റ്റ് ഡയറക്ടറായി പ്രവർത്തിച്ചു വരുന്ന കോതമംഗലം സ്വദേശി റോണു സക്കറിയ റോയ് ആണ് സായ സംവിധാനം ചെയ്തിരിക്കുന്നത്. റോണു കാര്ഡിഫിലാണ് സ്ഥിരതാമസം. ഡ്രാമ, പത്തുകൽപ്പനകൾ തുടങ്ങിയ സിനിമകളുടെ അണിയറയിൽ പ്രവർത്തിച്ച കുമളി സ്വദേശി ഷിൻസ് കെ ജോസാണ് സായയുടെ ഡയറക്ക്റ്റർ ഓഫ് ഫോട്ടോഗ്രഫി. ഡ്രോൺ പൈലറ്റ് ലൈസൻസുള്ള അപൂർവ്വം മലയാളി ഛായാഗ്രാഹകരിൽ ഒരാൾകൂടിയാണ് ഷിൻസ്. പ്രൊജക്റ്റ് ഡിസൈൻ എബി ജോസഫും, ക്രിയേറ്റിവ് ഡയറക്ഷൻ ചിണ്ടു ജോണിയും , ഛായാഗ്രഹണം ജൈസൺ ലോറൻസും, എഡിറ്റിങ് റിനോ ജോസഫും, കളറിംഗ് ആദർശ് കുര്യനും, മേക്കപ്പ് ശാലു ജോര്ജും നിർവഹിച്ചിരിക്കുന്നു. “സായ” ഇതിനോടകം ഇന്ത്യയിലാകമാനം സൂപ്പർ ഹിറ്റായതിൻ്റെ സന്തോഷത്തിലാണ് അണിയറപ്രവർത്തകർ.

എസക്‌സ്: കോള്‍ചെസ്റ്ററില്‍ വര്‍ഷങ്ങളായി താമസിക്കുന്ന മലയാളിയും ജോണ്‍സ് ടൂര്‍സ് കമ്പനിയുടെ ഉടമയുമായ ലിന്റോ ജോസിന്റെ പിതാവ് വടക്കേപീടിക ജോസ് (70) നിര്യാതനായി. ഇന്ന് രാവിലെഇന്ത്യന്‍ സമയം മൂന്നരയോടുകൂടിയാണ് മരണമടഞ്ഞത്. ചാലക്കുടി ആളൂര്‍ സ്വദേശിയുംവടക്കേപീടികയില്‍ കുടുംബാംഗമാണ്.

സംസ്‌ക്കാര കര്‍മ്മം ഞായറാഴ്ച വൈകുന്നേരം 4. 30 ന് ആളൂര്‍ സെന്റ് ജോസഫ് സെമിത്തേരിയത്തില്‍ നടക്കൂം. ഭാര്യ: മേഴ്‌സി, മക്കള്‍: ലിന്റോ, ലൈജോ, ലിജിന്‍. മരുമക്കള്‍: രാജി ലിന്റോ (പ്രസിഡന്റ്, കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി), കൊച്ചു മക്കള്‍: റയാന്‍ ജോണ്‍, ലൂയി ജോണ്‍.

പരേതന്റെ നിര്യാണത്തില്‍ കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി കമ്മറ്റി അംഗങ്ങള്‍ അനൂശോചനം രേഖപ്പെടുത്തിയതായി സെക്രട്ടറി ജോര്‍ജ് കളപ്പുരയ്ക്കല്‍ അറിയിച്ചു.

 

RECENT POSTS
Copyright © . All rights reserved