UK

സൗദിയിൽ നഴ്സാണ് മിന്നു. ദുബായിലാണ് ഇമ്മാനുവേലിൻ്റെ ജോലി. ഇരിങ്ങാലക്കുട രൂപത, മാള ഇടവകയിലെ മഞ്ഞളി കുടുംബാംഗമാണ് ഇമ്മാനുവേൽ. എറണാകുളം രൂപതയിലെ കൊരട്ടി ഇടവക, ചിറങ്ങര കുന്നത്തുപറമ്പിൽ കുടുംബാംഗമാണ് മിന്നു. ഇവരുടെ വിവാഹ ആലോചന കൊണ്ടുവരുന്നത് ബന്ധുക്കൾ തന്നെയാണ്.

2019 നവംബർ മാസം രണ്ടു പേരും വീഡിയോ കോൾ വഴി പരിചയപ്പെട്ട് വിവാഹം കഴിക്കാമെന്ന തീരുമാനത്തിൽ എത്തുന്നു. നാട്ടിലുള്ള വീട്ടുകാർ പരസ്പരം വീടുകളിൽ ചെന്നു കണ്ട് വിവാഹം ഉറപ്പിക്കുകയും ചെയ്തു. 2021 ജനുവരിയിൽ വിവാഹം നടത്താമെന്നായിരുന്നു വാക്ക് . 2020 ആഗസ്റ്റ് 26. മനുവിൻ്റെ ബർത്ത് ഡേ. വിഷ് ചെയ്യാൻ വിളിച്ച മിന്നുവിനോട് മനു പറഞ്ഞു: “എൻ്റെ വയറിന് വല്ലാത്ത അസ്വസ്ഥത.” അതൊരു തുടക്കമായിരുന്നു. ഗുളികകൾ പലതും കഴിച്ചിട്ടും അസുഖം മാറിയില്ല. ആശുപത്രിയിലെത്തി. പരിശോധനയിൽ ചെസ്റ്റിന് താഴെ ഒരു ട്യൂമർ കണ്ടെത്തി.

ബയോപ്സി റിസൽട്ട് ഞെട്ടിപ്പിക്കുന്നതായിരുന്നു: അക്യുട്ട് ലിംഫോസൈറ്റിക് ലുക്കേമിയ! എല്ലാവർക്കും വിഷമമായി. നിശ്ചയിച്ച വിവാഹം നടത്തണമോ വേണ്ടയോ എന്നുള്ള ചർച്ചകളായി. മനുവിനെ സ്വീകരിക്കണമോ വേണ്ടയോ എന്ന ചർച്ചകൾക്കിടയിൽ മിന്നു സ്വയം പറഞ്ഞു: ”ഈ അസുഖം വിവാഹത്തിനു ശേഷം വന്നാൽ ഞാനത് ഫെയ്സ് ചെയ്യണം. ഈ അസുഖം എനിക്കും വരാം. അതു കൊണ്ട് വിവാഹവുമായ് മുന്നോട്ടു പോകുക തന്നെ.”

2020 സെപ്തംബറിൽ ഇമ്മാനുവേൽ നാട്ടിൽ എത്തി. ലൂക്കേമിയ തന്നെയാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.
ഏത് രോഗത്തെയും പ്രാർത്ഥനകൊണ്ടും ആത്മധൈര്യം കൊണ്ടും നേരിടാം എന്ന വിശ്വാസം ഇമ്മാനുവേലിനുണ്ടായിരുന്നു. രോഗത്തെക്കുറിച്ച് അവൻ ഇങ്ങനെ പറഞ്ഞു: ”എനിക്ക് ക്യാൻസറല്ലേ എന്ന് ഞാൻ ഡോക്ടറോട് ചോദിച്ചപ്പോൾ ഡോക്ടർ ഞെട്ടി. എൻ്റെ അമ്മയ്ക്ക് ഇതേ രോഗമായിരുന്നു. ഇന്ന് അമ്മ ജീവിച്ചിരിപ്പില്ല എന്നും ഞാൻ ഡോക്ടറോട് പറഞ്ഞു….” ഉറച്ച ബോധ്യത്തോടെ ഇമ്മാനുവേൽ തുടർന്നു:

“ദൈവം അറിയാതെ ഒന്നും സംഭവിക്കില്ല. പഠിക്കാൻ ആവറേജ് ആയ എന്നെ ദൈവം ദുബായിൽ എത്തിച്ചു. എനിക്ക് ജോലി നൽകി. ചികിത്സയ്ക്ക് ലക്ഷങ്ങളാണ് ചെലവായത്. എന്നാൽ കുറേയൊക്കെ ഇൻഷുറൻസ് വഴി ലഭിച്ചു. എൻ്റെ അപ്പച്ചനോ, വിവാഹിതയായ ചേച്ചിക്കോ ഈ അസുഖം നൽകാതെ, ദൈവം എനിക്ക് തന്നതിൽ സന്തോഷമേയുള്ളൂ. ദൈവം അറിയാതെ ഒന്നും സംഭവിക്കില്ലെന്ന ദൃഢവിശ്വാസം അന്നും ഇന്നും എനിക്കുണ്ട്….”

2021 ഏപ്രിൽ അവസാനം മിന്നു നാട്ടിലെത്തിയതിനു ശേഷമാണ് ഇരുവരും നേരിൽ കാണുന്നത് തന്നെ. മെയ് 9 ന് മനസമ്മതവും 12 ന് വിവാഹവും കഴിഞ്ഞു. “എന്തിനെയും പോസിറ്റീവായ് സമീപിക്കണം” എന്നതാണ് ഇമ്മാനുവേലിൻ്റെ ആപ്തവാക്യം. ആ ധൈര്യം കണ്ടപ്പോൾ കൂടെ നിൽക്കണമെന്ന് മിന്നുവിനും തോന്നി. നിസാര കാര്യത്തിനുപോലും വിവാഹബന്ധം വേർപെടുത്താൻ തയ്യാറാകുന്ന ദമ്പതികൾക്കും
ജീവിതസുഖത്തിന് ഉദരശിശു തടസമാണെന്ന് വാദിക്കുന്നവർക്കും ഈ യുവ ദമ്പതികൾ വെല്ലുവിളി തന്നെ!

ഒപ്പം ചിന്തിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. ഏത് രോഗത്തെയും ശാപമായും പാപത്തിൻ്റെ പ്രതിഫലമായുമെല്ലാം കാണുന്നവരുണ്ടല്ലോ? യഹൂദർക്കിടയിലും അത്തരം ചിന്താഗതിക്കാർ ഉണ്ടായിരുന്നു. അതുകൊണ്ടാണ് ജന്മനാ അന്ധനായ ഒരുവനെ നോക്കിക്കൊണ്ട്; ഇവൻ അന്ധനായ് ജനിച്ചത് ആരുടെ പാപം കൊണ്ടാണെന്ന് അവർ ചോദിക്കുന്നതും. “…ആരുടെയും പാപം നിമിത്തമല്ല, പ്രത്യുത, ദൈവത്തിന്റെ പ്രവൃത്തികള്‍ ഇവനില്‍ പ്രകടമാകേണ്ടതിനാണ്‌ ” (യോഹ 9 : 3) എന്നായിരുന്നു ക്രിസ്തുവിൻ്റെ മറുപടി.

വ്യക്തിപരമായ ജീവിതത്തിലെയും കുടുംബ ജീവിതത്തിലെയും പ്രതിസന്ധികളും രോഗാവസ്ഥകളും ദൈവത്തിന് ഇടപെടാനുള്ള അവസരങ്ങളായ് കാണുമ്പോൾ മാത്രമേ വിശ്വാസ ജീവിതം സഫലമാകൂ എന്ന സത്യം നമുക്ക് മറക്കാതിരിക്കാം. രണ്ട് പേരെയും നന്നായി അറിയുന്ന ഫാദർ ജെൻസൺ പറഞ്ഞു നിർത്തുന്നു സോഷ്യൽ മീഡിയയിൽ.

വീഡിയോ കാണാം

https://youtu.be/xVM_oek9JBA

യുകെ കോവിഡ് വേരിയൻ്റുകളുടെ വിളനിലമായേക്കുമെന്ന് വിദഗ്ദരുടെ മുന്നറിയിപ്പ്. നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിക്കൊണ്ട് ബോറിസ് ജോൺസൺ സർക്കാർ ഇതിനുള്ള അനുകൂല സാഹചര്യം സൃഷ്ടിച്ചതായാണ് വിമർശനം. വേരിയൻ്റുകളുടെ വരവ് ജനങ്ങളെ രക്ഷിക്കാനുള്ള വാക്സിനുകളുടെ കഴിവ് ദുർബലപ്പെടുത്തിക്കൊണ്ടായിരിക്കുമെന്നും വിദഗ്ദർ ഓർമ്മിപ്പിക്കുന്നു.

ജനസംഖ്യയിൽ നല്ലൊരു ശതമാനത്തിനും രണ്ട് ഡോസ് വാക്സിൻ്റെ സംരക്ഷണം ലഭിക്കാത്തതിനാൽ വേനൽക്കാലത്ത് മറ്റൊരു തരംഗം ഉണ്ടായാൽ പ്രതിദിന രോഗികളുടെ എണ്ണം ഒരു ലക്ഷംവരെ ഉയരാം. പ്രശ്നക്കാരാകോവിഡ് വകഭേദങ്ങൾ അതിവേഗത്തിൽ വ്യാപിക്കുന്നവയാണ്. ഇന്ത്യയിൽ ആദ്യമായി തിരിച്ചറിഞ്ഞ ഡെൽറ്റ വേരിയൻറ് ചൈനയിൽ പൊട്ടിപ്പുറപ്പെട്ട വൈറസിന്റെ യഥാർത്ഥ രൂപത്തേക്കാൾ ഇരട്ടി വേഗത്തിൽ വ്യാപിക്കുന്നതായിരുന്നു എന്നത് ഉദാഹരണം.

അതിനിടെ ബ്രിട്ടനിലെ പ്രതിദിന കൊറോണ വൈറസ് കേസുകൾ തുടർച്ചയായ നാലാം ദിവസവും കുറഞ്ഞു. കഴിഞ്ഞയാഴ്ചയിൽ നിന്ന് 41 ശതമാനം ഇടിവ്. മൂന്നാം തരംഗം അടുത്തയാഴ്ച കേസുകൾ വീണ്ടും ഉയർത്തുമെന്ന മുന്നറിയിപ്പിനിടെ ഉണ്ടാകുന്ന സ്ഥിരമായ ഇടിവ് പ്രതീക്ഷകൾ നൽകുന്നതാണ്. പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ (പിഎച്ച്ഇ) കണക്കുകൾ പ്രകാരം യുകെയിൽ 31,795 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 46,519,998 പേർക്ക് ഇപ്പോൾ ഒരു വാക്സിൻ ആദ്യ ഡോസും 36,953,691 പേർക്ക് രണ്ടാമത്തെ ഡോസും ലഭിച്ചു.

വടക്കൻ അയർലണ്ടിൽ 1,520 കേസുകളും ഒരു മരണവും റിപ്പോർട്ട് ചെയ്തു. തീവ്രപരിചരണ വിഭാഗത്തിൽ 163 കോവിഡ് പോസിറ്റീവ് രോഗികളാണ് ഉണ്ടായിരുന്നത്. വടക്കൻ അയർലണ്ടിൽ ആകെ 2,200,125 പേർക്ക് ഇതുവരെ വാക്സിനുകൾ നൽകി. ശരത്കാലം വരെ രാജ്യത്തുടനീളം കേസുകൾ തുടരുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ തിങ്കളാഴ്ച ഇംഗ്ലണ്ടിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞതോടെ രോഗം പടരുന്നത് തുടരുമെന്ന് ലണ്ടൻ സ്‌കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിൻ, സയന്റിഫിക് അഡ്വൈസറി ഗ്രൂപ്പ് ഫോർ എമർജൻസി (സേജ്) എന്നിവയിലെ പ്രൊഫസർ ജോൺ എഡ്മണ്ട്സ് പറഞ്ഞു.

 

യുകെയിൽ റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കുള്ള ഹോട്ടൽ ക്വാറന്റൈൻ നിരക്കുകൾ കൂട്ടിയേക്കും. റെഡ് ലിസ്റ്റ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള അനാവശ്യ യാത്രകൾ അവസാനിപ്പിക്കാനുള്ള എം‌പിമാരുടെ പദ്ധതി പ്രകാരം തിരിച്ചെത്തുന്നവർക്ക് ഹോട്ടൽ ക്വാറന്റൈനിനായി 500 പൗണ്ട് അധികമായി നൽകേണ്ടിവരും.

രണ്ട് പി‌സി‌ആർ കോവിഡ് ടെസ്റ്റുകൾ, വിമാനത്താവളത്തിൽ നിന്ന് ഹോട്ടലിലേക്കുള്ള ഗതാഗതം, അവരുടെ എല്ലാ ഭക്ഷണവും എന്നിവ ഉൾപ്പെടുന്ന താമസത്തിനായി യാത്രക്കാർ നിലവിൽ ഒരാൾക്ക് 1,750 പൗണ്ട് നൽകുന്നു. നിരക്കുകൾ വർദ്ധിപ്പിച്ചാൽ ഒരാൾക്ക് 2,250 പൗണ്ട് വീതം നൽകേണ്ടി വരും.

സിംബാബ്‌വെ, ക്യൂബ, ഇന്തോനേഷ്യ എന്നിവയുൾപ്പെടെ 60 ഓളം രാജ്യങ്ങളെ ഇപ്പോൾ ചുവപ്പ് വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നേരത്തെ തന്നെ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ ലിസ്റ്റിലുണ്ടായിരുന്നു. പദ്ധതി ആരംഭിച്ചതുമുതൽ 30,000 ത്തോളം ഹോളിഡേ മേക്കർമാർ സർക്കാർ അംഗീകാരമുള്ള ഹോട്ടലുകളിൽ ക്വാറന്റൈനിൽ താമസിച്ചിട്ടുണ്ടെന്ന് ദി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു.

റെഡ് ലിസ്റ്റ് രാജ്യങ്ങൾ സന്ദർശിക്കരുതെന്ന് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്സ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ആളുകൾ റെഡ് ലിസ്റ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നും സർക്കാർ ക്വാറന്റൈനിലേക്ക് മടങ്ങിവരേണ്ട ഒരേയൊരു ആളുകൾ ബ്രിട്ടീഷ് അല്ലെങ്കിൽ ഐറിഷ് പൗരന്മാരാണ്, അല്ലെങ്കിൽ സ്ഥിരമായി താമസിക്കാനുള്ള അവകാശമുള്ള ആളുകൾ മാത്രമാണെന്നും കോമൺസിൽ സംസാരിക്കവെ ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി.

കോവിഡിന്റെ അപകട സാധ്യത കുറയ്ക്കുന്നതിനുള്ള മൂർച്ചയുള്ള ഉപകരണമായി ഹോട്ടൽ ക്വാറന്റൈൻ 2021 ഫെബ്രുവരിയിലാണ് നടപ്പിലാക്കിയത്. കൂടാതെ ഏതെങ്കിലും പുതിയ വകഭേദങ്ങളും യുകെയിലേക്ക് കൊണ്ടുവരുന്നത് തടയുന്നതിനുമുള്ള മാർഗ്ഗമായും കൂടിയാണ് സർക്കാർ ഹോട്ടൽ ക്വാറന്റൈൻ അവതരിപ്പിച്ചത്.

ഡബ്ലിന്‍: അയർലണ്ടിലെ മലയാളികൾക്ക് ദുഃഖം നൽകി  ഡബ്ലിന്‍ നാഷണല്‍ ഫോറന്‍സിക് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സായ ജിഷ സൂസന്‍ ജോണ്‍ (39) മരണമടഞ്ഞു. ഡബ്ലിന്‍ ബ്‌ളാക്ക് റോക്ക് കോണല്‍സ്‌കോട്ടിലെ രജീഷ് പോളിന്റെ ( സെന്റ് ഗബ്രിയേല്‍ അപ്പാര്‍ട്ട്‌മെന്ട്) ഭാര്യയാണ് പരേത. മൂവാറ്റുപുഴ പാലക്കുഴ ഓലിക്കൽ പുത്തൻപുരയിൽ കുടുംബാംഗമാണ് ജിഷ സൂസൻ.

തിരുവനന്തപുരം തിരുമല തെന്നടിയിൽ നവമന്ദിരം ജോൺ ഫിലിപ്പോസിന്റെയും മറിയാമ്മയുടെയും മകളാണ് ജിഷ. ബ്ളാക്ക്റോക്കിലെ മലയാളി സമൂഹത്തില്‍ സജീവ സാന്നിധ്യമായിരുന്ന ജിഷ. അസുഖത്തെ തുടര്‍ന്ന് ഒരാഴ്ചയോളമായി ഹോസ്പിറ്റലില്‍ ചികിത്സയിൽ ആയിരുന്നു. ഇന്നലെ വൈകിട്ട് 5 മണിയോടെ ഡബ്ലിന്‍ സെന്റ് വിന്‍സെന്റ്‌സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ വെച്ചാണ് ജിഷ മരണമടഞ്ഞത്.

ഡബ്ലിന്‍ സെന്റ് വിന്‍സെന്റ്‌സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സാണ് ജിഷയുടെ ഭർത്താവ് രജീഷ് പോൾ. അയർലണ്ടിലെ അത്ലോണിലും,ഡബ്ലിനിലെ സെന്റ് ജോണ്‍ ഓഫ് ഗോഡ് ഹോസ്പിറ്റലിലും ജിഷ സൂസൻ ജോൺ നഴ്‌സായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സ് ആയി ജോലി ചെയ്യവേ ആണ് അയർലണ്ടിലേക്ക് കുടിയേറിയത്.

ഡബ്ലിന്‍ സെന്റ് ഗ്രീഗോറിയോസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അംഗമാണ്. ശവസംസ്ക്കാരം സംബന്ധിച്ച വിവരം തീരുമാനമായിട്ടില്ല. ജിഷയുടെ മരണത്തിൽ മലയാളം യുകെയുടെ അനുശോചനങ്ങൾ ബന്ധുമിത്രാദികളെ അറിയിച്ചുകൊള്ളുന്നു.

യുകെയിൽ 16 മേഖലകളിലെ ജീവനക്കാർക്ക് സെൽഫ് ഐസോലേഷനിൽ ചട്ടങ്ങളിൽ ഇളവ്. കോവിഡ് പോസിറ്റീവായ വ്യക്തിയുമായി സമ്പർക്കമുണ്ടായതിന് ശേഷം ക്വാറൻ്റീനിൽ പോകുന്നതിൽ നിന്ന് 2 ഡോസ് വാക്സിനെടുത്ത ജീവനക്കാർക്കാണ് ഇളവ് ലഭിക്കുകയെന്ന് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.

ഊർജ്ജം, സിവിൽ ന്യൂക്ലിയർ, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, ഭക്ഷ്യ ഉൽപാദനവും വിതരണവും, മാലിന്യങ്ങൾ, വെള്ളം, വെറ്റിനറി മരുന്നുകൾ, അവശ്യ രാസവസ്തുക്കൾ, അവശ്യ ഗതാഗതം, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, ക്ലിനിക്കൽ ഉപഭോഗ വിതരണങ്ങൾ, അടിയന്തര സേവനങ്ങൾ, അതിർത്തി നിയന്ത്രണം, അവശ്യ പ്രതിരോധ സേവനങ്ങൾ, തദ്ദേശ സ്വയംഭരണം എന്നീ മേഖലകൾക്കാണ് പുതിയ ഇളവ് ബാധകം.

ഈ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് അവരുടെ സെൽഫ് ഐസോലേഷൻ മതിയാക്കി ജോലിസ്ഥലത്തേക്ക് പോകാനും ദിവസേനയുള്ള കോവിഡ് ടെസ്റ്റിൽ നെഗറ്റീവ് ആണെങ്കിൽ ജോലി തുടരാനും അനുമതിയുണ്ട്. എന്നാൽ ടെസ്റ്റിൽ പോസിറ്റീവ് ഫലമാണ് ലഭിക്കുന്നതെങ്കിൽ വീട്ടിൽ തന്നെ തുടരുകയും ക്വാറൻ്റീൻ ചട്ടങ്ങൾ പാലിക്കുകയും വേണം.

പൂർണ്ണമായും പ്രതിരോധ കുത്തിവയ്പ് എടുക്കുന്ന തൊഴിലാളികൾക്ക് മാത്രമേ ഇളവുകൾ ബാധകമാകൂ. മാത്രമല്ല ഇവർ രണ്ടാമത്തെ ഡോസ് എടുത്ത് 14 ദിവസം കഴിഞ്ഞിരിക്കണം. ക്വാറൻ്റീനിൽ നിന്ന് ഒഴിവാക്കാവുന്ന നിർണായക ജോലികളുടെ ഒരു പട്ടിക പ്രസിദ്ധീകരിക്കുമെന്ന് സർക്കാർ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ മേൽപ്പറഞ്ഞ മേഖലകൾ ഒഴികെ ജോലികളെക്കുറിച്ച് ഉത്തരവിൽ ഒന്നും പറയുന്നില്ല.

ഉത്തരവിലെ അവ്യക്തത മൂലം നിർണായക സേവനങ്ങളിൽ പരിമിതമായ ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്ക് മാത്രമേ ഈ ഇളവുകൾ ലഭ്യമാകൂ എന്നാണ് സൂചന. മാത്രമല്ല, ഓഗസ്റ്റ് 16 വരെ മാത്രമാണ് ഈ ഇളവുകൾക്ക് പ്രാബല്യം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇന്നലെ ബ്രിട്ടനിൽ ഔദ്യോഗിക കണക്കുപ്രകാരം 39,906 പേരാണ് കോവിഡ് പോസിറ്റീവ് ആയത്. കഴിഞ്ഞ വ്യാഴാഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 17.8 ശതമാനം കുറവാണ്. എന്നാൽ കോവിഡ് ബാധിതരുടെ എണ്ണത്തിലെ കുറവ് താൽക്കാലികം മാത്രമാണെന്ന് വിദഗ്ധർ മുന്നറിയിപ്പുനൽകി. ഈസ്റ്റ് ആംഗ്ലിയ സർവകലാശാലയിലെ എപ്പിഡെമിയോളജിസ്റ്റ് പ്രൊഫസർ പോൾ ഹണ്ടറിൻെറ അഭിപ്രായത്തിൽ പ്രതിദിന കോവിഡ് വ്യാപനത്തിൽ കുറവ് കാണിക്കുന്നുണ്ട്. പക്ഷേ ജൂലൈ 19 -ന് ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചതിനുശേഷമുള്ള രോഗവ്യാപനം നിലവിലെ കണക്കുകളിൽ പ്രതിഫലിച്ചിട്ടില്ല എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. വരും ആഴ്ചകളിൽ രോഗവ്യാപനം ക്രമാതീതമായി ഉയരാനുള്ള സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇതിനിടെ എൻഎച്ച്എസ് കോവിഡ് -19 ആപ്ലിക്കേഷനിൽ നിന്നുള്ള സുരക്ഷാ മുന്നറിയിപ്പ് മൂലം ഒറ്റപ്പെടലിന് വിധേയരാകേണ്ടി വന്നതു മൂലമുള്ള ജീവനക്കാരുടെ ക്ഷാമം പരിഹരിക്കുന്നതിന് 16 മേഖലകളിൽ ജോലി ചെയ്യുന്നവരെ ക്വാറന്റീനിൽ നിന്ന് ഒഴിവാക്കി ഗവൺമെൻറ് മാർഗ്ഗനിർദ്ദേശം പുറത്തിറക്കിയിരുന്നു. ഭക്ഷ്യോല്പാദനവും വിതരണവും, ജലം, വെറ്റിനറി മരുന്നുകൾ, അവശ്യ രാസവസ്തുക്കൾ, അത്യാവശ്യ ഗതാഗതം , മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ, ക്ലിനിക്കൽ ഉപഭോഗ സപ്ലൈസ്, അടിയന്തര സേവനങ്ങൾ, അതിർത്തി നിയന്ത്രണം, ഊർജം, സിവിൽ ന്യൂക്ലിയർ, ഡിജിറ്റൽ ഇൻഫ്രാസ്‌ട്രക്ചർ, വേസ്റ്റ്, ആവശ്യമായ പ്രതിരോധ പ്രവർത്തനം, പ്രാദേശിക ഗവൺമെന്റ് എന്നീ മേഖലകളിൽ ജോലി ചെയ്യുന്നവർക്കാണ് ഇളവുകൾ ബാധകം. ഈ മേഖലകളിലെ ജോലിക്കാർക്ക് ഐസൊലേഷൻ ഉപേക്ഷിച്ച് ജോലിസ്ഥലത്തേയ്ക്ക് പോകാനും ദൈനംദിന പരിശോധനയ്ക്ക് ശേഷം ജോലി ചെയ്യാനും കഴിയും. പക്ഷേ പരിശോധന ഫലം പോസിറ്റീവ് ആണെങ്കിൽ നേരിട്ട് വീട്ടിലേക്ക് തന്നെ പോകുകയും ക്വാറന്റീനിൽ പ്രവേശിക്കുകയും വേണം.

സ്റ്റോക്ക് ഓണ്‍ ട്രെന്ഡ്:  സ്റ്റോക്ക് ഓൺ ട്രെന്റിലെ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് വിശ്വാസികളുടെ ചിരകാല അഭിലാഷത്തിന് സാക്ഷാൽക്കാരം. യുകെയിലേക്കുള്ള പ്രവാസജീവിത നാളുകലും വർഷങ്ങളും കടന്നു പോയിട്ടും തങ്ങളുടെ വിശ്വാസ ജീവിത സാഹചര്യങ്ങൾക്ക് ഒരു പള്ളി വേണം എന്ന ചിന്തയും അതിനുള്ള ശ്രമങ്ങളുമാണ് ഇപ്പോൾ ഫലപ്രാപ്തിയിലെത്തിയിരിക്കുന്നത്.

യുകെ – അയർലൻഡ് ഇടവകകളുടെ പാത്രിയാർക്കൽ വികാരി അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്തയാണ് ഇതിനുള്ള അനുമതി കൊടുത്തിരിക്കുന്നത്. ‘സെന്റ് കുര്യയാക്കോസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് കോൺഗ്രിഗേഷൻ’ എന്നാണ് സ്റ്റോക്ക് ഓൺ ട്രെന്റ് ഇടവകയെ നാമകരണം ചെയ്‌തിരിക്കുന്നത്‌. ഇരുപതോളം കുടുംബങ്ങൾ ആണ് സ്റ്റോക്ക് ഓൺ ട്രെന്റിൽ ഇപ്പോൾ ഉള്ളത്. ഇടവക ഇൻചാർജ് ആയി ഫാദർ ഗീവർഗ്ഗീസ് തണ്ടായതിനാണ് ഇപ്പോഴുള്ള താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്. സ്റ്റോക്ക് ഓൺ ട്രെന്റിലെ വിശ്വാസികളുടെ  നടത്തിയ നിരന്തരമായ ശ്രമങ്ങളുടെ ആകെതുകയാണ് സ്റ്റോക്ക് വിശ്വാസ സമൂഹത്തിന് ഉണ്ടായ ഇപ്പോഴത്തെ ആഗ്രഹ സഫലീകരണം. മാസത്തിലെ എല്ലാ മൂന്നാം ഞായറാഴ്ച്ചയും സ്റ്റോക്ക് ഓൺ ട്രെന്റിൽ കുർബാന ഉണ്ടാകുന്നതാണ്.

വിശ്വാസികൾ ആയിരിക്കുന്ന സ്ഥലത്തു തന്നെ ഒരു പള്ളി ലഭിച്ചപ്പോൾ അതിയായ സന്തോഷം ഇടവക അംഗങ്ങൾ പങ്കുവെക്കുന്നു. കേരളത്തിലെ സാമൂഹിക ചുറ്റുപാടുകളിൽ നിന്നും പ്രവാസികളായി യുകെയിലേക്കു പറിച്ചു നടപ്പെട്ട ആദ്യകാലങ്ങളിൽ ആര്ക്കും ഇല്ലാതിരുന്ന ആശങ്കകൾക്ക് തുടക്കം കുറിച്ചത് കുട്ടികൾ ഉണ്ടാകുകയും, അവരുടെ വളർച്ചയിൽ മാതാപിതാക്കൾ പിന്തുടർന്ന് വളർന്ന ജീവിത സാഹചര്യങ്ങളും മൂല്യങ്ങളും എങ്ങനെ പകർന്നു നൽകും എന്ന ചിന്ത ഉടലെടുത്തതോടെയാണ്.

കുട്ടികളുടെ ജീവിതത്തിൽ സ്വാധീനിക്കുന്നത് അവർ കാണുന്നതും ജീവിക്കുന്നതുമായ സമൂഹത്തിലെ സാമൂഹിക ചുറ്റുപാടുകൾ ആണ്. ഇത്തരം പ്രതികൂല സാഹചര്യങ്ങളിലും നല്ലതേത് ചീത്തയേത് എന്ന തിരിച്ചറിവ് കുട്ടികളിൽ എത്തിക്കാൻ ഒരു പരിധിവരെ വിശ്വാസങ്ങൾക്ക് കഴിയുമെന്ന് തെളിയിക്കപ്പെട്ട വസ്തതുതയാണ്.

പള്ളിയുടെ ട്രസ്റ്റിയായി ബിനോയി കുര്യനും (07525013428) സെക്രട്ടറി ആയി റെയ്‌നു തോമസും (07916292493) സേവനം ചെയ്യുന്നു. എല്ലാ ശിശ്രുഷകൾക്കും സ്റ്റാഫോർഡ് ഷെയറിലെയും സമീപ പ്രദേശങ്ങളിലെയും എല്ലാ  വിശ്വാസികളെയും അംഗങ്ങളെയും  പ്രാർത്ഥനാപൂർവ്വം ക്ഷണിച്ചുകൊള്ളുന്നതായും പള്ളി കമ്മിറ്റി അറിയിച്ചിട്ടുണ്ട്.

നീരവ് മോദിക്ക് ആത്മഹത്യാപ്രവണത ഉണ്ടെന്നും ഇന്ത്യയിലേക്ക് അയച്ചാല്‍ അദ്ദേഹത്തിന്റെ മാനസികാരോഗ്യത്തെ അത് ബാധിക്കുമെന്നും അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. മുംബൈ ആര്‍തര്‍ ജയിലിലെ മോശം സാഹചര്യങ്ങളും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ നീതിയുക്തമായ വിചാരണ ആയിരിക്കില്ല നടക്കുകയെന്നും അഭിഭാഷകര്‍ എഡ്വേര്‍ഡ് ഫിറ്റ്സ്ജെറാള്‍ഡ് വാദിച്ചു.

കോവിഡ് രോഗികളുള്ള ജയിലില്‍ എത്തിക്കുന്നത് തന്നെ മോശം കാര്യമാണ്. ജയിലില്‍ എങ്ങനെയുള്ള പരിഗണനയാണ് ലഭിക്കുന്നതെന്ന് അറിയില്ല. ഇന്ത്യയ്ക്ക് കൈമാറുന്നത് അടിച്ചമര്‍ത്തലാവുമെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

ലണ്ടനിലെ വാന്റ്‌സ്വര്‍ത്ത് ജയിലില്‍ വിചാരണ തടവുകാരനാണ് ഇപ്പോൾ നീരവ് മോദി. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് വ്യാജരേഖകള്‍ ചമച്ച് കോടികളുടെ വായ്പാത്തട്ടിപ്പ് നടത്തിയെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്.

സുധീഷ് തോമസ്

18 കുട്ടികൾ വെള്ള വസ്ത്രമണിഞ്ഞ് മുടിയും ചൂടി മാലാഖമാരെപ്പോലെയും 12 അപ്പസ്തോലന്മാരെ പ്രതിനിധീകരിക്കുമാറ് 12 അൾത്താര ബാലിക ബാലന്മാരും പരിശുദ്ധ ത്രിത്വത്തിന്റെ പ്രതീകമായി മുഖ്യകാർമ്മികൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെയും സഹകാർമികരായി ഫാ. ജോ മൂലച്ചേരി, ഫാ. ജോർജ് എട്ടുപറയിൽ എന്നിവരുടെ കൂട്ടായ്മയിലും ശുഭ വസ്ത്രങ്ങൾ അണിഞ്ഞ വിശുദ്ധ ഗണത്തിനു പ്രതീകാത്മകമായ വിശ്വാസികളുടെ സാന്നിധ്യവും കുട്ടികളുടെ വസ്ത്രത്തിന് യോജിച്ച വിധത്തിൽ വെള്ളയും പച്ചയും കലർന്ന പുഷ്പ ലതാതികൾ കൊണ്ട് അലങ്കരിച്ച ദേവാലയത്തിൽ സ്വർഗീയ സംഗീതം ആലപിച്ച ഗായക സംഘത്തിന്റെ ഗാനങ്ങളുടെ പശ്ചാത്തലത്തിൽ ദിവ്യകാരുണ്യ തിരുകർമ്മങ്ങൾക്ക് സ്റ്റോക്ക് ഓൺ ട്രെൻഡിലെ സെൻറ് ജോസഫ് ദേവാലയം വേദിയായപ്പോൾ സാക്ഷാൽ സ്വർഗ്ഗം താഴ്ന്നിറങ്ങി ദേവാലയത്തിൽ സമ്മേളിച്ച സ്വർഗ്ഗീയാനുഭൂതി ഉളവാക്കി.

സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ ഏറ്റവും വലിയ മിഷനുകളിൽ ഒന്നായ അവർ ലേഡി ഓഫ് പെർപ്പച്വൽ ഹെൽപ്പ് മിഷൻ സ്റ്റോക്ക് ഓൺ ട്രെൻഡിൽ ജൂലൈ മാസം പതിനെട്ടാം തീയതി ഉച്ചകഴിഞ്ഞ് 2. 30 pm സ്റ്റോക്ക് ഓൺ ട്രെൻഡിലുള്ള സെൻറ് ജോസഫ് ദേവാലയത്തിൽ വച്ച് നടന്ന 18 കുട്ടികളുടെ ദിവ്യകാരുണ്യ സ്വീകരണം മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിൻറെ മുഖ്യകാർമികത്വത്തിലും ഫാ. ജോ മൂലച്ചേരി (ബിഷപ്പ് സെക്രട്ടറി), മിഷൻ വികാരി ഫാ. ജോർജ് എട്ടു പറയിൽഎന്നിവരുടെ സഹകാർമികത്വത്തിലും നടത്തപ്പെട്ടു. 2. 30 pm ന് 18 കുട്ടികൾ പ്രദിക്ഷിണമായി മാർ ജോസഫ് പിതാവിന്റെയും മറ്റ് വൈദികരുടെയും അൾത്താര ശുശ്രൂഷകരുടെയും അധ്യാപകരുടെയും ഒപ്പം ദേവാലയത്തിൽ പ്രവേശിച്ചപ്പോൾ ദിവ്യകാരുണ്യ തിരുകർമങ്ങൾക്ക് തുടക്കംകുറിച്ചു.

 

കഴിഞ്ഞ മൂന്നര മാസത്തോളമായി മതബോധന അധ്യാപകരായ ജാസ്മിൻ സജി ടീച്ചർ, ജസ്റ്റിൻ കുര്യൻ സാർ എന്നിവരുടെ ശിക്ഷണത്തിൽ ആണ് ദിവ്യകാരുണ്യ സ്വീകരണത്തിനു വേണ്ടി കുട്ടികളെ ഒരുക്കിയത്. 23 ഘട്ടങ്ങളായി കുട്ടികളെ എങ്ങനെ വിശ്വാസജീവിതത്തിൽ വിശുദ്ധ കുർബാനയ്ക്കും ദിവ്യകാരുണ്യത്തിനും വിശുദ്ധ കുമ്പസാരത്തിനും അതോടൊപ്പം ദൈവപ്രമാണങ്ങൾക്കും മറ്റു കൂദാശകൾക്കുമുള്ള പ്രാധാന്യത്തെപ്പറ്റി കുട്ടികളെ ബോധ്യപ്പെടുത്തുകയും ചെയ്തു. ജ്ഞാനത്തിലും പ്രായത്തിലും യേശു വളർന്നുവന്നത് പോലെ ഈ കുട്ടികൾ സഭയ്ക്കും സമൂഹത്തിലും കുടുംബത്തിനും മാതൃകാപരമായി വിശുദ്ധ ജീവിതം നയിക്കുവാൻ പ്രചോദനമേകുന്ന തരത്തിൽ അവരെ ഒരുക്കുകയും ചെയ്തു.

367 കുട്ടികൾ മതബോധനം അഭ്യസിക്കുന്ന ഓഫ് മിഷനിൽ 39 കുട്ടികളെ ദിവ്യകാരുണ്യ സ്വീകരണത്തിന് ഒരുക്കുകയും അതിൽ 18 കുട്ടികൾ അന്നേദിവസം പ്രഥമ ദിവ്യകാരുണ്യം സ്വീകരിക്കുകയും ചെയ്തു. ദിവ്യകാരുണ്യ സ്വീകരണ ദിവ്യബലി സന്ദേശത്തിൽ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് ദിവ്യകാരുണ്യ സ്വീകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് ബോധ്യപ്പെടുത്തിക്കൊടുത്തു. ദിവ്യകാരുണ്യ സ്വീകരണത്തിലൂടെ നമുക്ക് ലഭിക്കുന്ന മൂന്ന് പ്രധാന അനുഗ്രഹമായ പാപത്തിൽ നിന്നുള്ള മോചനം നിത്യമായ രക്ഷ നിത്യമായ ജീവിതം ഇവ കുട്ടികൾക്ക് വിവരിച്ചു കൊടുക്കുകയും ചെയ്തു. അതുകൂടാതെ സർവ്വാധിപനായ പിതാവ്, പുത്രൻ പരിശുദ്ധാത്മാവായ ത്രീ ഏക ദൈവം നമ്മളിൽ വന്ന് വസിക്കുന്ന സമയമാണ് ദിവ്യകാരുണ്യ സ്വീകരണം. പാപമാണ് നമ്മളെ ഈശോയിൽ നിന്നും അകറ്റുന്നത് എന്നും ഉദ്ബോധിപ്പിക്കുകയുണ്ടായി . വിശുദ്ധ കുർബാന എന്നത് സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിവരുന്ന ജീവനുള്ള അപ്പമാണ്.

ദിവ്യബലിക്കുശേഷം മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് കുട്ടികൾക്ക് വിശുദ്ധ വസ്തുക്കൾ വെഞ്ചരിച്ചു നൽകുകയും അതോടൊപ്പം ദിവ്യകാരുണ്യ സാക്ഷ്യപത്രം, ബൈബിൾ എന്നിവ നൽകുകയും, കുട്ടികൾക്കും മാതാപിതാക്കൾക്കുമൊപ്പം ഫോട്ടോ എടുക്കുകയും ചെയ്തു . കേക്ക് മുറിച്ച് കുട്ടികൾക്ക് നൽകുകയും ചെയ്തു. തുടർന്ന് മിഷൻ വികാരി ഫാ.ജോർജ് എട്ടുപറയിൽ തന്റെ നന്ദി പ്രകാശന സമയത്ത് മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ ശുശ്രൂഷകൾക്കും സഹായങ്ങൾക്കും സ്നേഹത്തിനും പ്രത്യേകം നന്ദി അറിയിക്കുകയും, പിതാവ് നമുക്ക് ആത്മീയ അപ്പനാണെന്ന കാര്യം ഓർമിപ്പിക്കുകയും ചെയ്തു.അതുപോലെ തന്നെ പിതാവിൻറെ സെക്രട്ടറിയായ ഫാ.ജോ മൂലച്ചേരിയുടെ സഹകാർമികത്വത്തിനും സഹായത്തിനും പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു.കൂടാതെ ഈ ദിവ്യകാരുണ്യ സ്വീകരണം ഒരു സ്വർഗ്ഗീയ അനുഭൂതി ആക്കിയ വിവിധ കമ്മിറ്റി അംഗങ്ങൾക്ക് അച്ഛൻ പ്രത്യേക നന്ദി അറിയിച്ചു.വിവിധ ഉത്തരവാദിത്വങ്ങൾ വഹിച്ച സൺഡേസ്കൂൾ ഹെഡ് ടീച്ചർ,മതബോധന അധ്യാപകർ,അൾത്താര ശുശ്രൂഷകർ,അവരെ ഒരുക്കിയ സഹായികൾ,ദേവാലയം മനോഹരമായി അലങ്കരിച്ച മാതൃവേദി അംഗങ്ങൾ,മനോഹരമായി സ്വർഗ്ഗീയ ഗാനം ആലപിച്ച ഗായകസംഘങ്ങൾ,ദിവ്യകാരുണ്യ സ്വീകരണത്തിൽ സഹായിച്ച 3 കൈക്കാരന്മാർ, കൂടാതെ ദിവ്യകാരുണ്യ സ്വീകരണത്തിന് എല്ലാവിധ സഹായങ്ങളും ഈ കൂട്ടായ്മയിൽ വച്ച് ദിവ്യകാരുണ്യ സ്വീകരണം നടത്തിയ കുട്ടികളുടെ മാതാപിതാക്കൾ എന്നിവരെ പ്രത്യേകം നന്ദി അറിയിച്ചു കൊണ്ട് ദിവ്യകാരുണ്യ തിരുകർമ്മങ്ങൾക്ക് തിരശീലവീണു.കൂടാതെ ഈ സുശ്രൂഷകൾ മിഷൻറെ ഫേസ്ബുക്ക് പേജിലും യൂട്യൂബിലും ലൈവായി ടെലികാസ്റ്റ് ചെയ്യുകയുമുണ്ടായി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഡർബി സെന്റ് ഗബ്രിയേൽ മിഷനിലെ സീറോ മലബാർ വിശ്വാസ സമൂഹം ഒന്നായി ദൈവത്തിന് നന്ദി പറയുന്ന ദിവസമാണ് 2021 ജൂലൈ 22. സീറോ മലബാർ സമൂഹത്തിൽ നിന്നുള്ള യൂജിൻ ജോസഫ് ഇന്ന് പുരോഹിതനായി അഭിഷിക്തനാക്കപ്പെടുകയാണ്. അമേരിക്കയിലെ കൊളംബസ് രൂപതയ്ക്ക് വേണ്ടി വൈദീകനാകുന്ന യൂജിൻ, ബിർമിങ്ഹാം കത്തീഡ്രലിൽ വച്ചാണ് പട്ടമേൽക്കുന്നത്. തുടർന്ന് ജൂലൈ 25 ഞായറാഴ്ച ബ്രിട്ടീഷ് സമയം മൂന്നു മണിക്ക്, സീറോ മലബാർ ക്രമത്തിലുള്ള വിശുദ്ധ കുർബ്ബാന നവവൈദികൻ ഡെർബി സെന്റ് ജോസഫ് ദൈവാലയത്തിൽ അർപ്പിക്കുന്നു. ഈ അസുലഭ മുഹൂർത്തത്തെ സമൂഹത്തിന്റെ ആഘോഷമാക്കി മാറ്റാൻ പ്രയത്നിക്കുന്നതും നേതൃത്വം നൽകുന്നതും യുവജനങ്ങളാണ്. യുവജനങ്ങൾ നയിക്കുന്ന ഗായക സംഘം വിശുദ്ധ കുർബ്ബാനയുടെ സവിശേഷതയാകും. കൂടാതെ കുട്ടികൾ മാത്രം അൾത്താര ശുശ്രൂഷയും അന്നേ ദിവസത്തെ ക്രമീകരണങ്ങളും നടത്തുന്നു.

പലതും ത്യജിച്ചുള്ള ഒരു പ്രയാണമാണ് ഇന്ന് സാക്ഷാത്കരിക്കപ്പെടുന്നത്. വൈദിക ജീവിതത്തിലേക്കുള്ള യൂജിന്റെ കാൽവയ്പ്പ്, പ്രവാസി മലയാളികൾക്കും സീറോ മലബാർ വിശ്വാസ സമൂഹത്തിനും ഒന്നടങ്കം സന്തോഷം പകരുന്നതാണ്. പാലാ തിടനാട് പൊട്ടനാനിയിൽ ജോസഫ്- സാലമ്മ ദമ്പതികളുടെ മൂത്തമകനായ യൂജിൻ കുടുംബത്തോടൊപ്പം യുകെയിൽ എത്തുന്നത് 2002ലാണ്. ബ്രട്ടൺ ഓൺ ട്രെന്റിൽ താമസമാക്കി. ഇളയ സഹോദരൻ ഏയ്‌ബൽ ജോസഫും ഒപ്പമുണ്ടായിരുന്നു. പത്തു വയസ്സുള്ളപ്പോൾ ബ്രിട്ടനിലെത്തിയ യൂജിൻ പഠനത്തിൽ മുൻപന്തിയിലായിരുന്നു. നാട്ടിൽ വക്കീലായിരുന്ന പിതാവ് ജോസഫ്, യുകെയിൽ എത്തിയ ശേഷം റോയൽ മെയിൽ ഉദ്യോഗസ്ഥനായി. മാതാവ് സാലമ്മ ക്വീൻസ് ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്സായി ജോലി ചെയ്തു. സ്കൂൾ വിദ്യാഭ്യാസം നല്ല മാർക്കോടുകൂടി പൂർത്തിയാക്കിയ ശേഷം കെ. പി. എം. ജിയിൽ പ്രവേശനം നേടിയെടുത്തു. എന്നാൽ ആ വഴിയിൽ തുടരാൻ യൂജിൻ തയ്യാറായില്ല. ഒരു വർഷത്തിന് ശേഷം വൈദികവഴിയിലേക്ക് തിരിയുകയാണെന്ന തീരുമാനം സ്വീകരിച്ചു. അതിനുശേഷം ലണ്ടൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ദൈവശാസ്ത്രത്തിൽ ബിരുദം. 2015 മുതൽ 2021 വരെ സെമിനാരി വിദ്യാഭ്യാസം. 2019ൽ ഡീക്കനായെങ്കിലും കോവിഡ് പ്രതിസന്ധി മൂലം പൗരോഹിത്യ സ്വീകരണം വൈകുകയായിരുന്നു.

സ്വയം തിരഞ്ഞെടുത്ത പാതയിൽ നിലയുറപ്പിച്ച് നിന്ന വ്യക്തിയാണ് യൂജിൻ ജോസഫ്. യുകെയിൽ ഒരുപാട് ആളുകളെ ആത്മീയതയിലേക്ക് കൈപിടിച്ചു നടത്തിയ സോജി ഓലിക്കൽ അച്ചന്റെ ധ്യാനത്തിലൂടെയാണ് മകൻ വൈദീകവഴിയിലേക്ക് കടന്നതെന്ന് മാതാവ് സാലമ്മ ജോസഫ് മലയാളം യുകെയോട് പറഞ്ഞു . വൈദികനാവാനുള്ള ആഗ്രഹം വീട്ടിൽ അറിയിച്ചപ്പോൾ, ബിരുദം പൂർത്തിയാക്കിയതിന് ശേഷം തീരുമാനമെടുക്കാൻ പിതാവ് അവശ്യപ്പെട്ടു. മകന്റെ തീരുമാനം ഉറച്ചതാണെന്ന് തിരിച്ചറിഞ്ഞ ജോസഫും സാലമ്മയും യൂജിന് പൂർണ്ണ പിന്തുണ നൽകി ഒപ്പം നിന്നു. “എന്റെ പിതാവിന്റെയും മാതാവിന്റെയും കൂടെ നിന്നാണ് ഏഴു വയസുവരെ യൂജിൻ വളർന്നത്. ചാച്ചൻ കാണിച്ചുകൊടുത്ത നല്ല ജീവിതമാതൃകയും അവനെ സ്വാധീനിച്ചിട്ടുണ്ട്.” തീക്കോയി ഞായറുകുളം കുടുംബാംഗമായ സാലമ്മ പറഞ്ഞു. നിരവധി വൈദീകരും കന്യാസ്ത്രീകളും അടങ്ങുന്ന കുടുംബത്തിൽ നിന്നാണ് ഇപ്പോൾ പുതുതലമുറയിലെ വൈദീകനായി യൂജിൻ പട്ടമേൽക്കുന്നത്. ഇളയസഹോദരൻ ഏയ്‌ബൽ ദൈവശാസ്ത്ര ബിരുദ വിദ്യാർത്ഥിയാണ്.

കോവിഡ് നിയന്ത്രണങ്ങൾക്ക് ഇളവ് ലഭിച്ചിട്ടുണ്ടെങ്കിലും വിശുദ്ധ കുർബ്ബാനയിലും തുടർന്നുള്ള സ്നേഹവിരുന്നിലും പങ്കെടുക്കുന്ന എല്ലാവരും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് പള്ളിക്കമ്മറ്റി അറിയിച്ചിട്ടുണ്ട്. ബ്രിട്ടീഷ് സമയം ഇന്ന് വൈകുന്നേരം 7:30നാണ് പൗരോഹിത്യ സ്വീകരണം.

ഇന്നത്തെ പൗരോഹിത്യ ശുശ്രൂഷയുടെ തിരുക്കർമ്മങ്ങൾ കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://www.stchadscathedral.org.uk/

ഇരുപത്തിയഞ്ചാം തീയതി ഫാ.യൂജിൻ ജോസഫ് ഡെർബിയിലെ സെന്റ് ജോസഫ് പള്ളിയിൽ അർപ്പിക്കുന്ന കുർബാനയിൽ പങ്കെടുക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://m.youtube.com/watch?v=xjMYu2unRno

RECENT POSTS
Copyright © . All rights reserved