UK

മെട്രിസ് ഫിലിപ്പ്

കേരള കത്തോലിക്കാസഭ വി. തോമാശ്ലീഹായുടെ “ദുക്‌റാന തിരുനാൾ” ജൂലൈ 3 ന് ആചരിക്കുന്നു. ശ്ലീഹൻമാരിൽ ഏറ്റവും അധികമായി യേശു, സ്നേഹിച്ചിരുന്നത് തോമസിനെ ആയിരുന്നു എന്ന് ബൈബിളിൽ വിവരിക്കുന്നുണ്ട്. അത് കൊണ്ടാകാം യേശു ഉയർത്തെഴുന്നേറ്റു എന്നറിഞ്ഞിട്ടും, എനിക്ക് കണ്ട്‌ വിശ്വസിച്ചു, സാക്ഷ്യപെടുത്തണം എന്ന ഉറച്ച തീരുമാനം തോമസ് എടുത്തത് തന്നെ. യേശു, തോമസിന്റെ ആഗ്രഹം സാധിച്ചു കൊടുത്തത്, സ്നേഹം കൂടുതൽ ഉള്ളത് കൊണ്ട് തന്നെയാണ് എന്ന് നമുക്ക്‌ മനസിലാക്കാം. എന്നാൽ തോമസ് ഒരു അവിശ്വാസി എന്ന പേരിൽ ആണ് അറിയപ്പെടുന്നത്.

“തോമസിന്റെ സംശയം” എന്നപേരിൽ വി. യോഹന്നാൻ ഇപ്രകാരം വി. ബൈബിളിൽ എഴുതിയിരിക്കുന്നു. “പന്ത്രണ്ടുപേരിലൊരുവനും ദിദിമോസ് എന്ന് വിളിക്കപ്പെടുന്നവനുമായ തോമസ് യേശു വന്നപ്പോൾ അവരോട്കൂടെ ഉണ്ടായിരുന്നില്ല. അതൊകൊണ്ട് മറ്റ് ശിഷ്യൻമാർ അവനോട് പറഞ്ഞു, ഞങ്ങൾ കർത്താവിനെ കണ്ടു. എന്നാൽ, അവൻ പറഞ്ഞു, അവന്റെ കൈകളിൽ ആണികളുടെ പഴുതുകൾ ഞാൻ കാണുകയും, അവയിൽ എന്റെ വിരൽ ഇടുകയും അവന്റെ പാർശ്വത്തിൽ എന്റെ കൈ വയ്ക്കുകയും ചെയ്താൽ അല്ലാതെ ഞാൻ വിശ്വസിക്കുകയില്ല. എട്ട് ദിവസങ്ങൾക്കു ശേഷം വീണ്ടും അവന്റെ ശിഷ്യൻമാർ വീട്ടിൽ ആയിരുന്നപ്പോൾ തോമസും അവരോടുകൂടെയുണ്ടായിരുന്നു. വാതിലുകൾ അടച്ചിരുന്നു. യേശു അവരുടെ മധ്യത്തിൽ നിന്നുകൊണ്ട് പറഞ്ഞു, നിങ്ങൾക്ക് സമാധാനം. അവൻ തോമസിനോട് പറഞ്ഞു, നിന്റെ വിരൽ ഇവിടെ കൊണ്ടു വരുക, എന്റെ കൈകൾ കാണുക, നിന്റെ കൈ നീട്ടി എന്റെ പാർശ്വത്തിൽ വയ്ക്കുക. അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക. തോമസ് പറഞ്ഞു എന്റെ കർത്താവെ എന്റെ ദൈവമേ. യേശു അവനോട് പറഞ്ഞു, നീ എന്നെ കണ്ടത് കൊണ്ട് വിശ്വസിച്ചു, കാണാതെ തന്നെ വിശ്വസിക്കുന്നവർ ഭാഗ്യവാൻമാർ.”(യോഹന്നാൻ 20: 24-29).

‘”തോറാന” എന്ന പേരിൽ ഈ ദിവസം അറിയപ്പെടുന്നുമുണ്ട്. കാരണം, ഇന്നേ ദിവസം തോരാതെ മഴ പെയ്യും എന്ന് വിശ്വസിക്കുന്നു. കല്ലുരുട്ടി മഴ എന്നും പണ്ട് കാലത്ത് ഈ ദിവസം അറിയപ്പെട്ടിരുന്നു.

AD 52ൽ കൊടുങ്ങല്ലൂരിൽ, കപ്പലിൽ, വന്നിറങ്ങി തന്റെ പ്രേഷിതയാത്ര, തുടങ്ങിയത്, അവസാനിച്ചത്, മദ്രാസിലെ, മൈലാപൂരിലെ ചിന്നമലയിൽ ആണ്. 7 അര പള്ളികൾ, ഭാരതത്തിൽ, സ്ഥാപിച്ചുകൊണ്ട്, യേശുവിന്റെ വിശ്വാസം ഉറപ്പിച്ചു. സഭയുടെ പിതാവിന്റെ, തിരുനാൾ ആയത്, കൊണ്ട്, കടമുള്ള, ദിവസം കൂടിയാണ് ഇന്ന്.

“ഭാരതത്തിന്റെ അപ്പസ്തോലൻ” എന്നപേരിൽ തോമാ ശ്ലീഹ വിളിക്കപ്പെടുന്നുമുണ്ട്. മലയാറ്റൂർ മലയിൽ തോമാ ശ്ലീഹ പ്രത്യക്ഷപെട്ടിരുന്നു. ശ്ലീഹയുടെ കാൽപാദം പതിഞ്ഞ സ്ഥലത്ത് ഒരു കുരിശുപള്ളി സ്ഥാപിക്കുകയും, വിശ്വാസികൾക്ക് ആ സ്ഥലം കാണുവാൻ അവസരം നൽകിവരുന്നുണ്ട്.

കേരളാ കത്തോലിക്കാ സഭയുടെ ആസ്ഥാനത്തിന്റെ പേര് “St Thomas Mount” എന്നാണ്. കേരളത്തിൽ പള്ളികളും, സ്ഥാപനങ്ങളും St. Thomasന്റെ പേരിൽ ഉണ്ട്. ഇന്ന്, സീറോ മലബാർ സഭയിലെ എല്ലാ പള്ളികളിലും ദുക്‌റാന തിരുനാൾ ആചരിക്കും. ഇന്ന് തോമസ് നാമധാരികളുടെ തിരുനാൾ കൂടിയാണ്. അവർക്കെല്ലാം തിരുനാൾ ആശംസകൾ.

തോമാ ശ്ലീഹ സഭയുടെ മധ്യസ്ഥൻ ആയി നിലകൊണ്ട്, സഭയ്ക്കും നാടിനും, എല്ലാ വിശ്വവാസികൾക്കും, നന്മകൾ ചെയ്തും, സ്നേഹിച്ചും, ജീവിച്ചുകൊണ്ട്, നമുക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ട്, ദുക്‌റാന തിരുനാൾ ആഘോഷിക്കാം. തോമാ ശ്ലീഹയുടെ ജീവിതം പോലെ, പ്രേക്ഷിതചൈതന്യത്തിൽ നിലകൊണ്ടു നമുക്ക് ജീവിതം മുന്നോട്ട് കൊണ്ട് പോകാം. എല്ലാവർക്കും ദുക്‌റാന തിരുനാൾ ആശംസകൾ, പ്രാർത്ഥനകൾ…

ഡയാന രാജകുമാരിയുടെ അറുപതാം ജന്മദിനത്തിൽ കെൻസിംങ്ടൺ പാലസിലെ സൺകെൻ ഗാർഡനിൽ സ്ഥാപിച്ച പ്രതിമ അനാശ്ച്ഛാദനം ചെയ്യാൻ മക്കളായ വില്യം-ഹാരി രാജകുമാരന്മാർ ഒരുമിച്ചെത്തി. ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു അസ്വാരസ്യങ്ങൾ മറന്ന് ഇരുവരും ചേർന്ന് അമ്മയുടെ പ്രതിമ അനാവരണം ചെയ്തത്.

അമേരിക്കയിൽ ,സ്ഥിരതാമസമാക്കിയ ഹാരി രാജകുമാരൻ ഈ ചടങ്ങിനായി മാത്രം കഴിഞ്ഞയാഴ്ചയാണ് ഭാര്യ മെഗാനും രണ്ടു മക്കൾക്കുമൊപ്പം ബ്രിട്ടനിലെത്തിയത്. ഒരാഴ്ചത്തെ ക്വാറന്റൈീനു ശേഷമായിരുന്നു അദ്ദേഹം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്.

എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് ഫിലിപ്പ് രാജകുമാരന്റെ സംസ്കാരചടങ്ങിനും ഹാരി അമേരിക്കയിൽനിന്നും ബ്രിട്ടനിൽ എത്തിയിരുന്നു. അമ്മയുടെ സ്നേഹവും ശക്തിയും ഓർമവരുന്ന നിമിഷങ്ങളിലാണ് ഇപ്പോൾ ഉള്ളതെന്ന് ഇരുവരും ചടങ്ങിനുശേഷം മാധ്യമങ്ങളോടു പറഞ്ഞു.

ഡയാനയുടെ രണ്ടു സഹോദരിമാരും സഹോദരനും ചടങ്ങിൽ സംബന്ധിക്കാനെത്തി. വില്യമിന് പതിനഞ്ചും ഹാരിയ്ക്ക് പന്ത്രണ്ടും വയസ്സ് മാത്രം പ്രായമുള്ളപ്പോഴായിരുന്നു 1997ൽ ഡയാന കാറപകടത്തിൽ മരിച്ചത്.

യുകെയിൽ ജൂലൈ 19നു തന്നെ നിയന്ത്രണങ്ങൾ നീക്കുമെന്ന് സൂചന നൽകി പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ദിവസേന രോഗികളാകുന്നവരുടെ എണ്ണം ഇരുപതിനായിരത്തിന് മുകളിലേക്ക് ഉയർന്നെങ്കിലും മരണസംഖ്യ ഉയരാത്ത സാഹചര്യം കണക്കിലെടുത്താണു നിയന്ത്രണങ്ങൾ മുൻനിശ്ചയപ്രകാരം 19നു തന്നെ പിൻവലിക്കാൻ സർക്കാർ ഒരുങ്ങുന്നത്.

ഇതിനോടകം 18നു മുകളിലുള്ള എല്ലാവർക്കും രണ്ടു ഡോസ് വാസ്കീൻ നൽകി കൂടുതൽ സുരക്ഷ ഉറപ്പാക്കാനാണു സർക്കാർ നീക്കം. കഴിയുന്നിടത്തോളം മഹാമാരിക്കു മുമ്പുള്ള സ്ഥിതിയിലേക്ക് കാര്യങ്ങൾ മടക്കിക്കൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായുള്ള മാർഗരേഖ വരുദിവസങ്ങളിൽ പുറത്തുവിടും.

ചില കരുതൻ നടപടികളോടെയാകും ഈ ഇളവുകൾ പ്രാബല്യത്തിൽ വരുത്തുക. മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും പൂർണമായും ഒഴിവാക്കാൻ സാധ്യതയില്ല. എങ്കിലും ക്വാറന്റീൻ റൂളുകളിലും യാത്രാവിലക്കുകളിലും ഇളവുണ്ടാകും.

വേനൽ അവധിക്കാലത്തു യാത്രകൾക്കായുള്ള ജനങ്ങളുടെ ആഗ്രഹം തനിക്ക് കൃത്യമായി മനസിലാകുന്നുണ്ടെന്നും ഡബിൾഡോസ് വാക്സീനു മാത്രമേ ഇക്കാര്യത്തിൽ രക്ഷകനാകാൻ സാധിക്കൂ എന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. കൂടാതെ ഇയുവുമായി യാത്രാ നിയന്ത്രണങ്ങളിൽ നിലനിൽക്കുന്ന വ്യത്യാസങ്ങൾ സംബന്ധിച്ച് ജോൺസണും മെർക്കലും തമ്മിൽ നിർണായക കൂടിക്കാഴ്ചയും നടക്കുന്നുണ്ട്.

ബോറിസ് ജോൺസൺ ഇന്ന് ഏഞ്ചല മെർക്കലിനെ യുകെയിലേക്ക് സ്വാഗതം ചെയ്യും. തൻ്റെ കൺട്രി വസതിയായ ചെക്കറിലാണ് ജോൺസൺ മെർക്കലിന് ആതിഥേയത്വം വഹിക്കുന്നത്. ഈ വർഷം അവസാനം ജർമ്മൻ ചാൻസലർ സ്ഥാനത്തുനിന്ന് പടിയിറങ്ങുന്ന മെർക്കലിന്റെ അവസാന യുകെ സന്ദർശനമാണിത്. .

കൊറോണ വൈറസ് യാത്രാ നിയന്ത്രണങ്ങൾ പ്രധാന ചർച്ചാ വിഷയമായ കൂടിക്കാഴ്ച വാക്സിൻ പാസ്പോർട്ടും ഇന്ത്യൻ വാക്സിനുകൾ എടുത്തവർക്ക് ഇയു രാജ്യങ്ങളിൽ യാത്രാനുമതിയും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഗണനയ്ക്കെടുക്കും. മെർക്കൽ യൂറോപ്യൻ യൂണിയനോട് യുകെയിൽ നിന്നുള്ള എല്ലാ യാത്രക്കാരെയും വാക്സിനേഷൻ സ്റ്റാറ്റസ് കണക്കിലെടുക്കാതെ വിലക്കണമെന്ന് ആവശ്യപ്പെട്ട സാഹചര്യത്തിൽ ഇന്നത്തെ കൂടിക്കാഴ്ച നിർണായകമാണ്

ന്യൂസ് ഡെസ്ക് മലയാളം യുകെ

തങ്ങളുടെ വലതുകരം ചെയ്യുന്നത് ഇടതു കരം അറിയെരുതെന്നതാണ് പ്രമാണം. കോടികൾ വില വരുന്ന സ്വത്ത് തലചായ്ക്കാൻ ഇടമില്ലാത്തവർക്കായി വിട്ടുകൊടുക്കുമ്പോൾ യുകെയിലെ നോട്ടിംഗ് ഹാമിൽ താമസിക്കുന്ന സാജൻ പൗലോസിന്റെ ആഗ്രഹവും ഇതുതന്നെയായിരുന്നു. എന്നാൽ തങ്ങൾ ചെയ്ത പുണ്യ പ്രവർത്തിയുടെ വലിപ്പം മനസ്സിലാക്കി നിരവധിപേർ അഭിനന്ദനങ്ങളുമായി വിളിക്കുകയും ഇത് മറ്റുള്ളവർക്ക് ഒരു മാതൃകയുമാവുകയാണെങ്കിൽ ഒട്ടിയ വയറുമായി ഉടുതുണിക്ക് മറുതുണിയില്ലാതെ, തലചായ്ക്കാൻ ഒരിടമില്ലാതെ വലയുന്ന ഒരാൾക്കെങ്കിലും ആശ്വാസമായാൽ നല്ല കാര്യമാണല്ലോയെന്ന് ഓർത്താണെന്ന് സാജൻ മലയാളം യുകെയോട് മനസ്സ് തുറന്നത്.

എറണാകുളം കാലടി നീലീശരം അറയ്ക്കൽ പരേതരായ പൗലോസ്, മേരി ദമ്പതികളുടെ മകനായ സാജൻ പൗലോസ് മുൻ പട്ടാള ഉദ്യോഗസ്ഥനാണ്. ആർമിയിൽ 17 വർഷത്തെ സേവനത്തിനു ശേഷമാണ് യുകെയിൽ എത്തിയത്. പിതാവ് പൗലോസും ഇന്ത്യൻ സൈന്യത്തിനു വേണ്ടി ദീർഘകാലം സേവനം ചെയ്തിരുന്നു. സ്‌ഥലം കൂടാതെ 10 ലക്ഷം രൂപയും നൽകാനാണ് സാജൻ തീരുമാനിച്ചിരിക്കുന്നത്. ചിറമേൽ അച്ചന്റെ ചാരിറ്റബിൾ ട്രസ്റ്റിനെയാണ് അർഹരായവരെ കണ്ടെത്തി വീട് പണിയാനുള്ള ചുമതല ഏൽപ്പിച്ചിരിക്കുന്നത് . ചിറമേൽ അച്ചൻെറ ചാരിറ്റി പ്രവർത്തനങ്ങളോടെ ആകൃഷ്ടനായാണ്   കിടപ്പാടമില്ലാത്തവർക്കായി സ്ഥലവും, പണവും അച്ചനെ ഏൽപ്പിക്കാൻ കാരണം. സാജൻ തന്റെ മാതാപിതാക്കളുടെ സ്മരണയ്ക്കായി ആണ് ഈ പുണ്യ പ്രവർത്തിക്ക് മുന്നിട്ടിറങ്ങിയത്.

മക്കളെല്ലാം പ്രവാസലോകത്ത് ആയതു കാരണം പ്രായമായവരെ സംരക്ഷിക്കാൻ ആളില്ലാതെ കേരളത്തിൽ വൃദ്ധസദനങ്ങൾ കൂടുന്ന സാഹചര്യത്തിലും, പ്രായമായ മാതാപിതാക്കളുടെ സ്വത്തു മുഴുവൻ സ്വന്തം പേരിലാക്കിയതിനുശേഷം മാതാപിതാക്കളെ പെരുവഴിയിൽ ആക്കുന്ന വാർത്തകൾ നിരവധി മാധ്യമ ശ്രദ്ധ നേടുന്ന അവസരത്തിലുമാണ് സാജൻ, മിനി ദമ്പതികളുടെ ഈ പുണ്യപ്രവർത്തിയെന്നത് ശ്രദ്ധേയമാണ്.

അങ്കമാലിക്കടുത്ത് മഞ്ഞപ്ര കരിങ്ങേൻ കുടുംബാംഗമായ കെ വി അഗസ്റ്റിൻ്റെയും മേരി അഗസ്റ്റിൻ്റെയും മകളാണ് സാജൻ്റെ ഭാര്യ മിനി. നോട്ടിംഗ്ഹാം യൂണിവേഴ്സിറ്റിയിൽ നേഴ്സിങ് വിദ്യാർഥിനിയായ ആൻമേരിയും, ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ഏയ്ഞ്ചലും, അഞ്ചാം ക്ലാസിൽ പഠിക്കുന്ന ആൽഫ്രഡുമാണ് സാജൻ, മിനി ദമ്പതികളുടെ മക്കൾ. നന്മയുടെയും കാരുണ്യത്തിൻ്റെയും പാതയിൽ മുന്നോട്ടു പോകാൻ ഭാര്യയുടെയും മക്കളുടെയും പൂർണ പിന്തുണ തനിക്ക് ലഭിക്കുന്നുണ്ടെന്ന് സാജൻ മലയാളം യുകെയോട് പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

പ്രവാസി മലയാളികളെ ഒന്നാകെ കടുത്ത ദുഃഖത്തിലാഴ്ത്തി മലയാളി മെഡിക്കൽ വിദ്യാർഥിനിയെ ജർമനിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കടുത്തുരുത്തി അപ്പാച്ചിറ സ്വദേശിയായ നിതിക ബെന്നിയെയാണ് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നികിതയെ കാണാതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ചപ്പോഴാണ് സ്വന്തം മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷം ഉള്ളിൽ ചെന്നാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം . ബുധനാഴ്ച രാത്രി മരണം സംഭവിച്ചതായാണ് ലഭ്യമായ വിവരങ്ങൾ സൂചിപ്പിക്കുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വന്നാൽ മാത്രമേ മരണ കാരണത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളൂ .

പൊലീസ് നടപടികളും അന്വേഷണവും പൂർത്തീകരിച്ചതിനുശേഷമേ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികളിലേയ്ക്ക് കടക്കാനാവുകയുള്ളൂ എന്നാണ് അറിയാൻ സാധിച്ചത്. നികിത ഒരു ഇന്ത്യക്കാരിയുടെ ഒപ്പമായിരുന്നു താമസിച്ചിരുന്നത്. അവർ പഠനത്തിനായുള്ള ഉള്ള പരിശീലനത്തിൻെറ ഭാഗമായി കുറേ നാളായി നിതികയ്ക്കൊപ്പമല്ലായിരുന്നു താമസിച്ചിരുന്നത് എന്നാണ് അറിയാൻ സാധിച്ചത്.   ജർമനിയിൽ പഠനത്തിനായി എത്തിയിട്ട് ആറ് മാസമേ ആയിരുന്നുള്ളൂ.  കീൽ ക്രിസ്ത്യൻ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ ബയോമെഡിക്കൽ വിഭാഗത്തിൽ മെഡിസിൻ ലൈഫ് സയൻസ് ആയിരുന്നു നിതിക പഠിച്ചിരുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടനിൽ എൻഎച്ച്എസ് നൽകിവരുന്ന സൗജന്യ പ്രിസ്ക്രിപ്ഷൻ പ്രായപരിധി 60 -തിൽ നിന്ന് 66 ആയി ഉയർത്തും. കോവിഡ് മഹാമാരി മൂലം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ എൻഎച്ച്എസിന് ഇതുവഴി 300 മില്യൺ പൗണ്ട് അധികവരുമാനം ലഭ്യമാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നിലവിൽ 60 വയസോ അതിൽ കൂടുതലോ പ്രായമുള്ളവർ പ്രിസ്ക്രിപ്ഷൻ ചാർജ് ആയ 9.35 പൗണ്ട് നൽകേണ്ടതില്ല. പ്രിസ്ക്രിപ്ഷൻ പ്രായപരിധി 60 -തിൽ നിന്ന് 66 ആയി ഉയർത്തുന്നതുമൂലമുള്ള അധിക ചികിത്സാ ചെലവ് കുടുംബ ബഡ്ജറ്റുകളുടെ താളം തെറ്റിക്കും .

മഹാമാരിക്ക് ശേഷം വരുമാനം വർധിപ്പിക്കാനുള്ള നിർദ്ദേശത്തിൻെറ ഭാഗമായാണ് സൗജന്യ പ്രിസ്ക്രിപ്ഷനുവേണ്ടിയുള്ള പ്രായ പരിധി ഉയർത്താനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. അതോടൊപ്പം പെൻഷൻ പ്രായത്തിനനുസരിച്ച് പ്രായപരിധി ഉയർത്തുന്ന തീരുമാനത്തിന് ആരോഗ്യവകുപ്പും പൂർണ്ണ പിന്തുണ നൽകുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. 2066 ആകുമ്പോഴേക്കും 65 വയസ്സിനും അതിനുമുകളിലുള്ളവരുടെയും എണ്ണം യുകെയിൽ 8.6 ദശലക്ഷം ആയിരിക്കും എന്നാണ് കരുതപ്പെടുന്നത്. ഇത് മൊത്ത ജനസംഖ്യയുടെ 26 ശതമാനം വരും.

ചുംബന വിവാദത്തിനും രാജിയ്ക്കും ശേഷമുള്ള ഹാനോക്കിൻ്റെ ജീവിതം കാമുകിയോടൊപ്പമെന്ന് റിപ്പോർട്ട്. ഹാനോക്കും കാമുകി ജിന കൊളൻഡാഞ്ജലോയും ലിവിങ് ടുഗതർ ആരംഭിച്ചതായി സൺ പത്രം റിപ്പോർട്ട് ചെയ്തു. ഇരുവരും തമ്മിലുള്ള ഓഫിസ് ഇടനാഴിയിലെ ചുംബന രംഗങ്ങൾ പുറത്തുവിട്ട് മന്ത്രിയുടെ കസേര തെറിപ്പിച്ചതും സൺ പത്രമായിരുന്നു.

വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇരുവരുടെയും വർഷങ്ങൾ നീണ്ട വിവാഹജീവിതം തകർന്നു. തന്റെ മൂന്നു മക്കളുടെ അമ്മയായ മാർത്തയുമായുള്ള വിവാഹബന്ധം വേർപെടുത്താൽ ഹാനോക്കും കോടീശ്വരനായ ഭർത്താവ് ഓലിവർ ട്രസുമായുള്ള ബന്ധം ഉപേക്ഷിക്കാൻ ജീനയും നിയമ നടപടികൾ ആരംഭിച്ചു. ഇരുവർക്കും നിലവിലെ വിവാഹബന്ധത്തിൽ മൂന്നു മക്കൾ വീതമുണ്ട്.

ബ്രിട്ടനിലെ കോവിഡ് പോരാട്ടത്തിൽ പ്രധാനമന്ത്രിക്കൊപ്പം തിളങ്ങിനിന്ന ആരോഗ്യ സെക്രട്ടറി മാറ്റ് ഹാനോക് ആരോഗ്യമന്ത്രാലയത്തിലെ സഹപ്രവർത്തകയായ യുവതിയെ ചുംബിക്കുന്ന രംഗങ്ങൾ പാപ്പരാസികൾ രഹസ്യമായി പകർത്തി പത്രത്താളിലാക്കിയതോടെ ഒറ്റരാത്രികൊണ്ടാണു ഹാനോക് ഹീറോയിൽ നിന്നു സിറോയായി മാറിയത്. ഒരേസമയം ഭാര്യയെയും കുടംബത്തെയും വഞ്ചിക്കുകയും രാജ്യത്തെ സോഷ്യൽ ഡിസ്റ്റൻസിങ് നിയമങ്ങൾ ലംഘിക്കുകയും ചെയ്ത മന്ത്രി ഉടൻ തെറ്റു സമ്മതിച്ചു പരസ്യമായി മാപ്പു പറഞ്ഞെങ്കിലും വിവാദങ്ങൾ അവസാനിച്ചില്ല.

മന്ത്രിയുടെ രാജിക്കായി പ്രതിപക്ഷത്തോടൊപ്പം സ്വന്തം പാർട്ടിയിൽനിന്നും ആവശ്യമുയർന്നപ്പോൾ രാജിയല്ലാതെ ഹാനോക്കിനു വേറെ നിവർത്തിയില്ലെന്നായി. ആദ്യമൊക്കെ മന്ത്രിയെ ന്യായീകരിക്കാൻ പ്രധാനമന്ത്രി ശ്രമിച്ചെങ്കിലും പിന്നീട് ബോറിസും രാജിവയ്ക്കാൻ അദ്ദേഹത്തെ ഉപദേശിക്കുകയായിരുന്നു.

ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിലെ പഠനകാലത്ത് സ്റ്റുഡന്റ് റേഡിയോ സ്റ്റേഷനിൽ ഒരുമിച്ച് പ്രവർത്തിച്ച ജീന കോളെൻഡാഞ്ചലോ എന്ന പഴയ കൂട്ടുകാരിയെ കഴിഞ്ഞ സെപ്റ്റംബറിലാണ് ഹാനോക് ആരോഗ്യ മന്ത്രാലയത്തിൽ നോൺ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ചത്. ഒരുമാസത്തിൽ താഴെമാത്രം ജോലി ചെയ്യേണ്ട ഈ തസ്തികയിലേക്ക് ശമ്പളമായി നിശ്ചയിച്ചത് 15,000 പൗണ്ടും. ഇതും ഹാനോക്കിനെതിരായ കൊലവിളിയ്ക്ക് ആക്കം കൂട്ടി.

യുകെയിലെ നോട്ടിങ്ഹാമിൽ നടന്നുവരുന്ന ബ്രിട്ടീഷ് ബ്ലാസ്റ്റേഴ് സ് ഫുട്ബോൾ അക്കാദമി (ബി ബി എഫ് എ) ഫുട്ബോൾ ക്യാമ്പ് വിജയകരമായി മുന്നേറുന്നു. മുൻ ഇംഗ്ലണ്ട് താരവും മുൻനിര ക്ലബുകളുടെ കോച്ചുമായ പീറ്റ് ബെൻ ആണ് ക്യാമ്പിലെ ഫുട്ബോൾ താരങ്ങളെ പരിശീലിപ്പിക്കുന്നത്.

മുൻ ഇംഗ്ലണ്ട് താരം, നോട്ടിംഗ്ഹാം ഫോറസ്റ്റ് ക്ലബ് കോച്ച് , യുകെയിലെ സെന്റ് ജോർജ് ക്ലബ്ബ്, കമ്മ്യൂണിറ്റി കോച്ച്, സ്കോട്ട്‌ലൻഡ് ഫുട്ബോൾ അക്കാദമി കോച്ച്, യുകെയിലെ ഫുട്ബോൾ അസോസിയേഷൻ പ്രതിനിധി എന്ന നിലയിൽ ഒക്കെ 30 വർഷമായി ഫുട്ബോളിന്റെ വിവിധ മേഖലകളിൽ കളിക്കാരനായും കോച്ചായും തിളങ്ങിയ പീറ്റിന്റെ സേവനം അന്താരാഷ്ട്ര ഫുട്ബോൾ താരങ്ങളെ വാർത്തെടുക്കുവാൻ ഉള്ള ഈ ഉദ്യമത്തിൽ സുപ്രധാന നാഴികക്കല്ലായി മാറുമെന്നതിൽ സംശയമില്ല.

കഴിഞ്ഞ നാളുകളിലെ കോച്ചിംഗ് രംഗത്തെ വൻ വിജയത്തിനുശേഷമാണ് ബ്രിട്ടീഷ് ബ്ലാസ്റ്റേഴ് സ് ഫുട്ബോൾ അക്കാദമി മറ്റൊരു കോച്ചിങ് ക്യാമ്പുമായി എത്തുന്നത്. കായികരംഗത്തെ കഴിവ് കൂടുതൽ വളർത്തിയെടുക്കുവാൻ വേനൽ അവധിക്കാലത്തെ ഈ കോച്ചിങ് ക്യാമ്പ് ഗുണകരമാവും. പ്രമുഖ ചാനലായ ലൈവ് ഇന്ത്യ 24 ഈ കോച്ചിംഗ് ക്യാമ്പുമായി സഹകരിക്കുന്നുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

രാജു ജോർജ് : 07588501409
ബിനോയ് തേവർകുന്നൽ: 07857715236
ജോസഫ് മുല്ലങ്കുഴി : 07780905819
ബൈജു മെനാച്ചേരി; ഫോൺ .07958439474
ജിബി: 07882605030
ബോർഡ് ഓഫ് ഡയറക്ടേഴ്സ് & മാനേജ്മെന്റ്
ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ അക്കാദമി (ബി‌ബി‌എഫ്‌എ)

സ്റ്റോക്ക് ഓൺ ട്രെന്റ്:  സ്റ്റോക്ക് ഓൺ ട്രെന്റിൻെറ മിഷന്റെ കീഴിലുള്ള സെന്റ് മേരീസ് യൂണിറ്റ് ലീഡറായ ശ്രീമതി രേണുക ജോസിന്റെ പിതാവ്, ചാലക്കൽ ദേവസ്യ മാത്യു (76)  കൊടിക്കുളത്തു (തൊടുപുഴ) മരണമടഞ്ഞു. പരേതൻെറ ആത്മാവിന് നിത്യശാന്തി നേരുന്നതായും കുടുംബത്തിൻെറ ദുഃഖത്തിൽ പങ്കുചേരുന്നതായും സെന്റ് മേരീസ് യൂണിറ്റ് അംഗങ്ങൾ അറിയിച്ചു. പിതാവിന്റെ സംസ്‍കാര ചടങ്ങിൽ പങ്കെടുക്കുന്നതിനായി വ്യാഴാഴിച്ച രേണുക നാട്ടിലേക്ക് പുറപ്പെടുക.

സംസ്കാര ചടങ്ങുകളുടെ കൃത്യമായ സമയം പിന്നീട് മാത്രമേ അറിയുവാൻ കഴിയുകയുള്ളു. ചാലക്കൽ ദേവസ്യ മാത്യുവിന്റെ  വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ലോക രാജ്യങ്ങൾ കോവിഡ് യാത്രാ നിയന്ത്രണങ്ങൾ പടിപടിയായി നീക്കിത്തുടങ്ങിയതോടെ വാക്സിൻ പാസ്പോർട്ടുമായി യൂറോപ്യന്‍ യൂണിയൻ രംഗത്ത്. എന്നാൽ ഇയുവിന്റെ വാക്‌സിന്‍ ഗ്രീന്‍ പാസ് പട്ടികയില്‍ കോവിഷീല്‍ഡ് ഇടം നേടിയിട്ടില്ല. ഇതോടെ, കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് യൂറോപ്പില്‍ യാത്രാനുമതി ലഭിക്കില്ല.

യൂറോപ്യന്‍ യൂണിയന്‍ ഗ്രീന്‍ പാസ് നല്‍കിയ വാക്‌സിനുകള്‍ സ്വീകരിച്ചവര്‍ക്ക് മാത്രമാണ് അംഗരാജ്യങ്ങളില്‍ യാത്രാനുമതി. ആഗോള മരുന്ന് നിര്‍മാതാക്കളായ ആസ്ട്രസെനേകയും ബ്രിട്ടനിലെ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും ചേര്‍ന്ന് വികസിപ്പിച്ച വാക്‌സിനാണ് കോവിഷീല്‍ഡ്. ഇന്ത്യയില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് വാക്‌സിന്‍ നിര്‍മിക്കുന്നത്.

യുകെയിലും യൂറോപ്പിലും ആസ്ട്രസെനേക വാക്‌സിന്‍ വ്യാപകമായുണ്ടെങ്കിലും വാക്‌സെവിരിയ എന്ന പേരിലാണ് വാക്‌സിന്‍ അറിയപ്പെടുന്നത്. ആസ്ട്രസെനേകയുടെ സമാന വാക്‌സിനാണ് ഇന്ത്യയില്‍ കോവിഷീല്‍ഡ് എന്ന പേരില്‍ അറിയപ്പെടുന്നത്. എന്നാല്‍, ആസ്ട്രസെനേക വാക്‌സിന്റെ വാക്‌സെവിരിയ വേര്‍ഷന് മാത്രമാണ് യൂറോപ്യന്‍ മെഡിക്കല്‍ ഏജന്‍സി അംഗീകാരം നല്‍കിയിട്ടുള്ളത്.

മൊഡേണ, ഫൈസര്‍-ബയോണ്‍ടെക്, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ വാക്‌സിനുകള്‍ക്കാണ് ആസ്ട്രസെനേക കൂടാതെ യൂറോപ്യന്‍ മെഡിക്കല്‍ ഏജന്‍സി അംഗീകരിച്ചിട്ടുള്ളത്. ഇന്ത്യയുടെ വാക്‌സിനായ കൊവാക്‌സിനും അംഗീകാരമില്ലാത്തത് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും കനത്ത തിരിച്ചടിയാകും.

RECENT POSTS
Copyright © . All rights reserved