UK

ലണ്ടൻ : നമ്മുടെ വിദ്യാലയങ്ങളിലും, സമൂഹത്തിലും മയക്കുമരുന്നിന്റെ ഉപയോഗം വ്യാപകമായി വർദ്ധിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ, വളർന്നു വരുന്ന കുട്ടികൾക്കും, അതിലുപരിയായി മാതാപിതാക്കൾക്കും, ഒരു തിരിച്ചറിവിന്റെ സന്ദേശം പകർന്ന്‌ നൽകാൻ ഗുരുനാഥനിലുടെ സാധിച്ചു.

ലഹരി മരുന്നിന്റെ ഉപയോഗം വഴി ജീവിതം തന്നെ നശിക്കാമായിരുന്ന പെൺകുട്ടിക്ക്, തന്റെ ഗുരുനാഥന്റെ കൃത്യമായ ഇടപെടൽ വഴി നന്മയുടെ പാതയിലേക്ക് തിരികെ വരാൻ കഴിഞ്ഞ നീനുവിന്റെ കഥ പറയുമ്പോൾ.

ജോബി കുര്യക്കോസ്, സ്റ്റാൻലി ജോസഫ്, ഷൈൻ മാത്യു, ബോസ്‌കോ ജോസഫ്, ലിൻസ് ജെയിംസ്, ആന്റണി ജോർജ്, ബിജി ബിജു, സെയ്ഫി നിജോ, സീനിയ ബോസ്‌കോ, ഐവി എബ്രഹാം, റാണി ടിനോ, ഹർഷ റോയ്, കലീന ആന്റണി തുടങ്ങി ഇതിൽ അഭിനയിച്ച എല്ലാവരും അവരവരുടെ മികവ് തെളിയിച്ചു ഭംഗിയാക്കി.

ഷിജോ സെബാസ്റ്റ്യൻ സംവിധാനം ചെയ്ത ഈ ഷോർട്ട് മൂവിയിൽ ക്യാമറയും, എഡിറ്റിങ്ങും ചെയ്തു മനോഹരമാക്കിയത് ജയിബിൻ തോളത്ത് ആണ്. സമൂഹത്തിന് നല്ല സന്ദേശം കൊടുക്കുന്ന കൊച്ചു സിനിമകൾ ഇനിയും ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു.

റജി വർക്കി

“എടാ റെജിയെ… ” നല്ല ഉച്ചത്തിൽ ഉള്ള വിളിയാണ്.

തിരുവോണത്തിന്റെ അന്ന് നല്ല സദ്യയും അകത്താക്കി, അട്ടത്തുനോക്കി പകൽസ്വപ്നവും കണ്ടു വെറും തറടിക്കറ്റിൽ മയങ്ങിക്കിടന്ന എന്നെ വിളിച്ചുണർത്തിയത് ഈ വിളിയാണ്. സാധാരണ ഞാൻ പ്രത്യേകിച്ച് ഒരു പരിപാടിക്കും തിരുവോണത്തിന് തലവെച്ചു കൊടുക്കാറില്ല. ഇതിപ്പോ ആരാണോ എന്തോ.

അല്പം നീരസത്തോടെ ആ കിടപ്പിൽ തന്നെ ചാരിക്കിടന്ന കതകു തുറന്നു നോക്കി.

അപ്പുറത്തെ വീട്ടിലെ സുസമ്മാമ്മ ആണ്.

“എന്താ അമ്മാമ്മേ” – മെല്ലെ എഴുന്നേറ്റിട്ട് ഞാൻ ചോദിച്ചു.

“ആഹാ പുത്തൻ ഉടുപ്പൊക്കെ ആണല്ലോ… ഓണം ആയിട്ട് എന്താണ് പരിപാടി…” അമ്മാമ്മ സോപ്പുംകൊണ്ട് ഇറങ്ങിയിട്ടുണ്ട്..! നമ്മളെക്കൊണ്ട് എന്തോ ആവശ്യമുണ്ട്.

“എടാ അച്ചായൻ വന്നിട്ടുണ്ട് നീ കണ്ടില്ലായിരുന്നോ?”

ഈപ്പറഞ്ഞ അച്ചായൻ സുസമ്മാമ്മയുടെ അപ്പൻ ആണ്.

പുള്ളിക്കാരൻ വന്നത് ഞാൻ കണ്ടിരുന്നു. പക്ഷെ ഭാഗ്യത്തിന് മുന്നിൽ ചെന്ന് പെട്ടില്ല. തമിഴ്‌നാട്ടിൽ ഒക്കെ കാണുന്ന ഒരു പ്രത്യേകതരം വെട്ടുകത്തി ആണ് ആള്. പോരാത്തതിന് എക്സ് മിലിട്ടറിയും. കയ്യിൽ കിട്ടിയാൽ നമ്മളെ വെട്ടിക്കീറി തേച്ചു ഒട്ടിക്കും! അതുകൊണ്ട് ജീവനിൽ കൊതിയുള്ള ആരും ആദ്യത്തിന്റെ മുന്നിൽ സാധാരണ ചെന്ന് പെടാറില്ല!!

പുള്ളിക്കാരൻ തിരുവനന്തപുരത്താണ് താമസം. “കേരളത്തിൽ എന്ത് കാണാൻ ഇരിക്കുന്നു, അങ്ങ് തിരുവനന്തപുരത്തു ചെല്ലണം വല്ലോം കാണണമെങ്കിൽ….!!”

“അപ്പച്ചനെ ഞാൻ കണ്ടിരുന്നു.”

ഒരു ഒഴുക്കൻ മട്ടിൽ ഞാൻ പറഞ്ഞു.

“കുറച്ചു പണി ഉണ്ടായിരുന്നു അതാണ് അങ്ങോട്ട് വരാഞ്ഞത്. എന്ത് പറ്റി?” ഞാൻ ചോദിച്ചു.

ചെന്ന് കയറിക്കൊടുത്താൽ മതി…

“എടാ അപ്പച്ചന് ഇന്ന് തന്നെ തിരുവനന്തപുരത്തു പോകണം. നീ പോയി വല്ല ഓട്ടോയും കിട്ടുമോ എന്ന് നോക്ക്”

തിരുവല്ല റയിൽവേ സ്റ്റേഷനിൽ പോകണം, അവിടെ നിന്ന് തിരുവനന്തപുരത്തിനുള്ള ട്രെയിൻ ഉണ്ട്- അതാണ് സംഗതി, അല്ലാതെ ആയമ്മ സോപ്പുമായി ഈവഴി വരില്ല.

മൊബൈൽ ഫോൺ ഒന്നും ഞങ്ങളുടെ നാട്ടിൽ കണ്ടുപിടിച്ചിട്ടില്ലാത്ത കാലം ആണ്.

“ഞാൻ പോയി നോക്കാം അമ്മാമ്മേ പക്ഷെ ഇന്ന് തിരുവോണം ആയതുകൊണ്ട് ആരും വരാൻ സാധ്യതയില്ല.”

“നീ ആ കവലയിൽ ഒന്ന് പോയി നോക്ക്, കിട്ടിയില്ല എങ്കിൽ മണിയുടെ വീട്ടിൽ പോയി നോക്ക്.”

അമ്മാമ്മ വിടുന്ന മട്ടില്ല.

ശരി എന്ന് പറഞ്ഞു സ്കൂട്ടറിന്റെ കീ എടുത്തു, ബജാജ് മുതലാളിയുടെ പിതാവിനെ സ്മരിച്ചുകൊണ്ട് സ്കൂട്ടർ ഇടത്തോട്ട് ചരിച്ചു, സ്റ്റാർട്ട് ആക്കി.

കിഴക്കേ കവലയിലും പടിഞ്ഞാറേ കവലയിലും പോയി നോക്കി ആരെയും കണ്ടില്ല. എന്നാൽ ഇനി മണിയുടെ വീട്ടിൽ തന്നെ പോയി നോക്കാം എന്ന് വിചാരിച്ചു, അങ്ങേരുടെ വീട്ടിലേക്കു പോകുന്ന പാടത്തിന്റെ നടുക്ക് കൂടി ഉള്ള വഴിയിലൂടെ സ്കൂട്ടർ ഓടിച്ചു.

വെള്ളത്തിലാശാന്മാരുടെ ഉപദ്രവം ഉള്ളതുകൊണ്ട് സാധാരണ ഞാൻ ഇത്തരം ദിവസങ്ങളിൽ ഒന്നും വണ്ടിയും എടുത്തു പുറത്തിറങ്ങാറില്ല.

പാടത്തിന്റെ നടുക്കുള്ള പാലത്തിൽ കുറെ ആളുകൾ ഇരിപ്പുണ്ട്. എന്റെ കൂടെ പഠിച്ച ചിലരും കൂട്ടുകാരും നാട്ടുകാരും ഒക്കെ ആണ്.

ഭാഗ്യം, പേഴ്‌സ് എടുത്തിട്ടില്ല.

പെട്ടന്ന് കുറെ എണ്ണം ചാടി മുന്നിലേക്ക് വന്നു. ഇത് ഞാൻ പ്രതീക്ഷിച്ചതാണ്. സ്കൂട്ടർ നിർത്തി.

എന്റെ കൂടെ പഠിച്ച പ്രകാശ് അടുത്തേക്ക് വന്നു സ്‌കൂട്ടറിന്റെ താക്കോൽ ഊരിയെടുത്തു.

പെട്ടല്ലോ മാവേലിത്തമ്പുരാനെ…. ഇവന്റെ കയ്യിൽ നിന്ന് ഇനി കീ എങ്ങനെ വാങ്ങും. വെള്ളത്തിലാശാന്മാർ ആണ്. ദേഷ്യം വന്നാൽ താക്കോൽ വല്ല കാട്ടിലേക്കെങ്ങാനും എറിഞ്ഞാൽ നമ്മൾ പെട്ടു.

ഐക്യരഷ്ട്ര തലവൻമാർ കാണിക്കുന്ന ഡിപ്ലോമസിയോടെ ഞാൻ കെഞ്ചി.. ഒരു രക്ഷയും ഇല്ല.

അപ്പോൾ ആണ് കൂട്ടത്തിൽ ഉണ്ടായിരുന്ന, മാർ ക്രിസോസ്റ്റം പറഞ്ഞത്പോലെ, “വേറെ ചില കാരണങ്ങളാൽ” എന്റെ കൂടെ പഠിച്ച മുത്തപ്പൻ എന്ന് ഞങ്ങൾ വിളിക്കുന്ന ബിനോയ് വന്നത്.

വെറുപ്പീരിന്റെ ഉസ്താദ് ആണ് ആള്. ഒരാളെയും തല്ലാത്ത, കോശിസാർ ഇവനെ എപ്പോൾ കണ്ടാലും ഓടിച്ചിട്ട് തല്ലുന്നത് ഈ സ്വഭാവം കൊണ്ടാണ്.

ചൊറിതണം ഒക്കെ ഇവന്റെ മുന്നിൽ വെറും തുളസിയില.

“ഡാ റെജി, നീ കുറേക്കാലം ആയി ചെലവ് ചെയ്യാം എന്ന് പറഞ്ഞു പറ്റിക്കുന്നു. ഇന്ന് ചെയ്തേ പറ്റുള്ളൂ. കാശെടു മോനെ.”

ഞാൻ പറഞ്ഞു – പെട്ടന്ന് ഇറങ്ങിയതാണ്, കാശൊന്നും എടുത്തിട്ടില്ല.

അണ്ണൻ ഉണ്ടോ സമ്മതിക്കുന്നു. അവനു പരിശോധിക്കണം. തോമാച്ചന്റെ ആളാണ്. കാണാതെ വിശ്വസിക്കില്ല.

ഇവന്റെ പോക്കറ്റിൽ കാണുമെന്നും പറഞ്ഞു, സ്കൂട്ടറിൽ ഇരുന്നിരുന്ന, എന്റെ ഷർട്ടിന്റെ പോക്കറ്റിൽ തപ്പാൻ വന്നതും മഴ പെയ്തത് പോലെ വാള് വച്ചതും ഒന്നിച്ചായിരുന്നു.

ഓണത്തിന്, ചേച്ചി തന്ന പുത്തൻ ഷർട്ടും മുണ്ടും… പൂക്കളം ഇട്ടിട്ട് അധികം വന്ന പൂക്കൾ വാരി വിതറിയ പോലെ “മനോഹരമായി”. പോരാത്തതിന് നാറ്റവും.

അടുത്തെങ്ങാനും വെള്ളം വല്ലോം കിട്ടുമോ, ഒരു അമ്പലക്കുളം ആണ് അടുത്തുള്ളത്. അതിലെങ്ങാനും ഞാൻ ചാടിയാൽ വെള്ളമടിച്ചു പൂസായ വർക്കിച്ചൻ അമ്പലക്കുളം നശിപ്പിച്ചേ എന്നുപറഞ്ഞു നാട്ടുകാർ കൈവയ്ക്കും.

എന്റെ അവസ്ഥ കണ്ട പ്രകാശൻ, സഹതാപ തരംഗണിതനായി താക്കോൽ തിരികെ തന്നു.

എന്റെ പുതിയ ഷർട്ടിൽ വാളുവച്ച ബിനോയ് ചേകവർ അങ്കക്കലി കൊണ്ട് നിൽക്കുന്നത് കണ്ട ഞാൻ, ഇനി അടുത്ത വാള് വരുന്നതിന് മുമ്പ് കിട്ടിയ തക്കത്തിന് സ്ഥലം വിട്ടു.

ഇനി എങ്ങനെ ആണ് മണിയുടെ വീട്ടിൽ പോകുന്നത്?

ഓടലംപറമ്പിലെ വർക്കിച്ചൻ വെള്ളമടിച്ചു പൂസായി, വാളും വച്ച് വീട്ടിൽ വന്നു കയറി എന്ന് മണി പറഞ്ഞില്ലേലും, അദ്യത്തിന്റെ വാമഭാഗമായ, ഞങ്ങൾ നാട്ടുകാർ ഒടുക്കത്തെ സ്നേഹത്തോടെ മൈക്ക് രമണി എന്ന് വിളിക്കുന്ന രമണിചേച്ചി അത് പാട്ടും പാരഡിയും ഒക്കെ ആയി നാട്ടിൽ എവിടെയും എത്തിക്കും. അങ്ങനെ ഞങ്ങളുടെ കുടുമ്പത്തിലെ മൊത്തം വർക്കിമാരും വെള്ളത്തിൽ ആശാന്മാർ ആകും.

ഇനി അതുകൂടി മാത്രമേ എന്നെക്കുറിച്ചു പറയാനുള്ളു. ബാക്കിയെല്ലാം പണ്ടേ തികഞ്ഞു.

പത്രക്കാരെ കാണുമ്പോൾ മുങ്ങുന്ന രാഷ്ട്രീയക്കാരെപ്പോലെ, രമണിയേച്ചിയുടെ മുന്നിൽ പെടാതെ ഞാൻ വീട്ടിലേക്കു പോയി.

സുസമ്മാമ്മയോട് എന്ത് പറയും?

മണിയുടെ വീട്ടിൽ ചെന്നു പക്ഷെ അയാൾ സഥലത്തില്ലായിരുന്നു എന്ന് പറയാം.

വീട്ടിൽ ചെന്ന് കയറി.

ഓട്ടോ വിളിക്കാൻ പോയ സല്പുത്രൻ വാളും കൊണ്ട് പെട്ടന്ന് കുളിക്കാൻ പോകുന്നത് കണ്ട അമ്മ “എന്റെ മോൻ പിഴച്ചു പോയേ” എന്ന അമ്മമാരുടെ പരമ്പരാഗത കോറസ് ഇടുന്നതിനു മുൻപ്, മൊത്തം കാര്യം വള്ളി പുള്ളി തെറ്റാതെ പറഞ്ഞു കേൾപ്പിച്ചു.

എന്തോ ഒരു വിശ്വാസക്കുറവ് പോലെ.

ഏതോ സിനിമയിൽ ജഗതി സോപ്പ് തേക്കുന്നത് പോലെ തേച്ചു പിടിപ്പിച്ചു കുളിച്ചിട്ടും, എന്തോ ഒരു ഉളുമ്പ് മണം ബാക്കി നിൽക്കുന്നു.

വേറെ ഉടുപ്പൊക്കെ ഇട്ടു, അളിയൻ കൊണ്ടുവന്ന മൊത്തം സ്പ്രേയും കൂടി അടിച്ചു, വലിയ കുഴപ്പം ഇല്ല എന്ന് തോന്നുന്നു.

പെട്ടെന്ന് സൂസമ്മാമ്മ കയറി വന്നു.

ഞാൻ പറഞ്ഞു- ഓട്ടോ കിട്ടിയില്ല അമ്മാമ്മേ, മണി അവിടെ ഇല്ല.ഓണമല്ലേ, എവിടോ പോയിരിക്കുന്നു അപ്പച്ചനോട് നാളെ പോകാമെന്നു പറ.

അമ്മാമ്മ ഉണ്ടോ വിടുന്നു:

“ഒരു കാര്യം ചെയ്യ് നീ നിന്റെ സ്‌കൂട്ടറിൽ അപ്പച്ചനെ റെയിൽവെസ്റ്റേഷനിൽ കൊണ്ടാക്ക്.”

“അമ്മാമ്മേ അതിനു അപ്പച്ചൻ സ്‌കൂട്ടറിൽ ഒക്കെ കയറുമോ?” ഞാൻ ഒഴിയാൻ നോക്കി.

“പിന്നേ, അപ്പച്ചൻ പഴയ മിലിട്ടറി അല്ലെ.”

സംഗതി ശരിയാണ് അപ്പച്ചൻ എക്സ് മിലിട്ടറി ആണ്. ഞാൻ പിന്നേം പെട്ടു കൂട്ടുകാരെ….

അപ്പച്ചനോട് ചോദിച്ചപ്പോൾ,

പിന്നേ ഇന്ത്യ പാക്ക് യുദ്ധത്തിൽ പാറ്റൺ ടാങ്ക് ഓടിച്ച എന്നോട്, ഇതൊക്കെ എന്ത് എന്ന മട്ട്.

“പണ്ട് ഞാൻ ലഡാക്കിൽ ആയിരുന്നപ്പോൾ…” അപ്പച്ചൻ തന്റെ വീരകഥയുടെ കെട്ടഴിക്കാൻ തുടങ്ങുക ആണ്…. അലെർട്… ഞാൻ പെട്ടന്ന്, താക്കോൽ എടുത്തു വരാം എന്നുപറഞ്ഞു നൈസായി വലിഞ്ഞു.

എന്റെ ഒരു അവസ്ഥ! ഒരു തിരുവോണം ആയിട്ട്, ഒരു ചൊറിയൻ ബിനോയി ചേകവരുടെ വാളിന് ഇരയായി, ഇപ്പോഴിതാ പട്ടാളത്തിന്റെ കത്തിയും!!

അപ്പച്ചന്റെ തള്ളിന്റെ ഗുണം കൊണ്ടാണോ, അതോ റോഡിൽ ആരും ഇല്ലാത്തതു കൊണ്ടാണോ എന്നറിയില്ല പെട്ടെന്ന് തിരുവല്ലയിൽ എത്തി.

അപ്പച്ചനെ ട്രെയിൻ കയറ്റി വിട്ടിട്ടു, തിരിച്ചു വന്നു.

തിരുവല്ല എത്തുന്നത് വരെ കത്തിയുടെ പെരുന്നാൾ ആയിരുന്നു.

ഇതിലും ഭേദം ആ പാറ്റൺ ടാങ്ക് കയറ്റി കൊല്ലുന്നത് ആയിരുന്നു.

വീട്ടിൽ വന്നു കയറി, സ്കൂട്ടർ വച്ചിട്ട് തിരിച്ചു നടക്കുമ്പോഴുണ്ട്,

നമ്മുടെ സുസമ്മാമ്മ അയൽപക്കത്തുള്ള ഇച്ചേയിയോട് ഉച്ചത്തിൽ പറയുന്നു…

“അവന്റെ ഒരു ഒടൻകൊല്ലി സ്കൂട്ടർ ഉണ്ടായിരുന്നത് കൊണ്ട് അച്ചായനെ തിരുവല്ലയിൽ കൊണ്ട് വിടാൻ പറ്റി!!”

അപ്പോൾ തിരുവോണമായിട്ട് ഞാൻ ആരായി…

വാമനേട്ടാ, മഹാബലിക്ക് പകരം ഇതിനെയൊക്കെ…. !!

റജി വർക്കി :   ഡിജിറ്റൽ മീഡിയ രംഗത്തു പ്രവർത്തിക്കുന്ന റജി, വിവിധ കഥകളും കവിതകളും എഴുതിയിട്ടുണ്ട്. ചിലതൊക്കെ മനോരമയുടെ ലിറ്ററേച്ചർ വിഭാഗത്തിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. വർഷങ്ങൾ ആയി പ്രവാസ ജീവിതം നയിക്കുന്ന റജി, തന്റെ എഴുത്തുകളിൽ ഒരു പ്രവാസിയുടെ മനോഭാവം പലപ്പോഴും വരച്ചു കാട്ടാറുണ്ട്. സമയം കിട്ടുമ്പോഴൊക്കെ ബ്ലോഗുകൾ ആയും മറ്റും എഴുതി തുടങ്ങിയ റജി ഇപ്പോൾ ഇംഗ്ലണ്ട് വിൽട്ഷെയറിൽ ഉള്ള സാൾസ്ബറിയിൽ താമസിക്കുന്നു. ഭാര്യ ജിഷ വർക്കി സാൾസ്ബറി എൻ എച്ച് എസ് ഹോസ്പിറ്റലിൽ നേഴ്സ് ആണ്. റജി എൻ എച്ച് എസ് ഹോസ്പിറ്റലിൽ തന്നെ അഡ്മിൻ വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഒരു മകൻ, ബേസിൽ ജേക്കബ് വർക്കി

സ്വന്തം ലേഖകൻ

കൊച്ചി : ക്രിപ്റ്റോ കറൻസിയും അവ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയും ഒരു യാഥാർഥ്യമാണ് അതിനെ അവഗണിക്കുന്നതിനു പകരം ഒരു ആഗോള ചട്ടക്കൂട് ഉണ്ടാക്കി അവയെ നിയന്ത്രിക്കുകയാണ് വേണ്ടതെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ദക്ഷിണാഫ്രിക്കയിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുത്ത് ഇന്ത്യയിൽ തിരിച്ചെത്തിയ പ്രധാനമന്ത്രി മോദി കഴിഞ്ഞ ശനിയാഴ്ച ബിസിനസ് ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ക്രിപ്‌റ്റോകറൻസി നിയന്ത്രണത്തെക്കുറിച്ച് സംസാരിച്ചത്.

സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള മാറ്റത്തിന്റെ വേഗത ഒരു യാഥാർത്ഥ്യമാണ് – അത് അവഗണിക്കുകയോ ആഗ്രഹിക്കുകയോ ചെയ്യുന്നില്ല. പകരം, ദത്തെടുക്കൽ, ജനാധിപത്യവൽക്കരണം , ഏകീകൃത സമീപനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഒരു ആഗോള ചട്ടക്കൂടും നിയന്ത്രണങ്ങളും കൊണ്ടുവരിക എന്നതാണ് ഇപ്പോൾ ആവശ്യമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഊന്നിപ്പറഞ്ഞു.

അതേസമയം, ഈ നിയമങ്ങളും നിയന്ത്രണങ്ങളും ചട്ടക്കൂടുകളും ഒരു രാജ്യത്തിന്റെയോ ഒരു കൂട്ടം രാജ്യങ്ങളുടെയോ ആയിരിക്കരുത്. അതിനാൽ ക്രിപ്‌റ്റോ മാത്രമല്ല, വളർന്നുവരുന്ന എല്ലാ സാങ്കേതികവിദ്യകൾക്കും ആഗോള ചട്ടക്കൂടും നിയന്ത്രണങ്ങളും ആവശ്യമാന്നെന്ന് ഇന്ത്യൻ പ്രധാനമന്ത്രി പറഞ്ഞു.

നിലവിൽ G20 അധ്യക്ഷസ്ഥാനം വഹിക്കുന്ന ഇന്ത്യ കഴിഞ്ഞ ഒമ്പത് മാസങ്ങളിൽ, ക്രിപ്റ്റോ കറൻസിയുടെ സാമ്പത്തിക സ്ഥിരത , അതിന്റെ വിശാലമായ മാക്രോ ഇക്കണോമിക് പ്രത്യാഘാതങ്ങൾ , വളർന്നുവരുന്ന വിപണികളെയും , വികസ്വര സമ്പദ്‌വ്യവസ്ഥകളെയും എങ്ങനെ സംരക്ഷിക്കാം തുടങ്ങിയവയെക്കുറിച്ച് പഠിക്കാൻ G 20 യിൽ സമവായത്തിലെത്തിയെന്നും , അതിനായി സ്റ്റാൻഡേർഡ് സെറ്റിംഗ് ബോഡികളെ നയിച്ചുകൊണ്ട് ക്രിപ്‌റ്റോ ആസ്തികളെക്കുറിച്ചുള്ള ആഴത്തിലുള്ള ഉൾക്കാഴ്‌ചകൾ സമ്പുഷ്ടമാക്കുന്ന സെമിനാറുകളും ചർച്ചകളും ഞങ്ങളുടെ പ്രസിഡൻസിയിൽ തുടരുകയാണെന്നും ഇന്ത്യൻ പ്രധാനമന്ത്രി ഉപസംഹരിച്ചു.

ക്രിപ്‌റ്റോ അസറ്റുകൾക്കായി ഒരു ആഗോള ചട്ടക്കൂട് സ്ഥാപിക്കുന്നതിനുള്ള ഒരു റോഡ്‌ മാപ്പ് ഈ മാസം ആദ്യം ഇന്ത്യ പ്രസിഡൻസി നോട്ടായി പുറത്തിറക്കിയിരുന്നു. ജൂലൈയിൽ, ഫിനാൻഷ്യൽ സ്റ്റെബിലിറ്റി ബോർഡ് (FSB) ക്രിപ്‌റ്റോ അസറ്റുകൾക്കായുള്ള ആഗോള നിയന്ത്രണ ചട്ടക്കൂടിനുള്ള നിർദ്ദേശിത മാർഗ്ഗനിർദ്ദേശങ്ങൾ പ്രസിദ്ധീകരിച്ചു. ഏപ്രിലിൽ, G20 ധനമന്ത്രിമാരും സെൻട്രൽ ബാങ്ക് ഗവർണർമാരും ക്രിപ്‌റ്റോ നിയന്ത്രണം ലോകത്തിന്റെ ഒരു ഭാഗത്ത് പരിമിതപ്പെടുത്താൻ കഴിയില്ലെന്ന് സമ്മതിച്ചുകൊണ്ട് ആഗോള നയം ആവശ്യമാണെന്നും വിലയിരുത്തിയിരുന്നു.

പല രാജ്യങ്ങളും ഡോളറിനെ ഒഴിവാക്കിയുള്ള ബിസ്സിനസ്സ് സാധ്യതകളെ ഉപയോഗപ്പെടുത്തി തുടങ്ങിയതും,  ക്രിപ്റ്റോ കറൻസികളെ ഉദ്യോഗിക കറസികളായി അംഗീകരിച്ചു തുടങ്ങിയതും , ഓരോ രാജ്യവും അവരവരുടെ ഡിജിറ്റൽ കറൻസികൾ ഉപയോഗിച്ച് തുടങ്ങിയതും ഒക്കെ ക്രിപ്റ്റോ കറൻസിക്ക് വേണ്ടി ഒരു പൊതു നയം കൊണ്ടുവരേണ്ട സാഹചര്യത്തിലേക്കാണ് ലോക രാജ്യങ്ങളെ എത്തിച്ചിരിക്കുന്നത്.

ഒരു ആഗോള ചട്ടക്കൂടിൽ അധിഷ്‌ഠിതമായ നിയമങ്ങളും , നിയന്ത്രണങ്ങളും നടപ്പിലാക്കുന്നതോട് കൂടി ഒരു രാജ്യത്തിനും നേരിട്ട് നിയന്ത്രണമില്ലാത്ത വികേന്ത്രീകൃത നാണയം എന്ന യാഥാർഥ്യം ലോകത്ത് നിലവിൽ വരുകയും അങ്ങനെ ക്രിപ്റ്റോ കറൻസികൾക്ക് ഇന്നത്തേതിനേക്കാൾ കൂടുതൽ സ്വീകാര്യതയും , സാധ്യതയും ലഭിക്കുമെന്നാണ് ബിസ്സിനസ് ലോകം വിലയിരുത്തുന്നത്.

യുകെയിലെ സിനിമാസ്നേഹികളായ മലയാളികൾ ചേർന്നു രൂപീകരിച്ച ഒരു കൂട്ടായ്മയാണ് “ഡെസ്പരാഡോസ് ഫിലിം കമ്പനി”

കൂട്ടായ്മയുടെ ആദ്യസംരംഭമായി നിർമ്മിക്കുന്ന ഷോർട്ട് ഫിലിമിന്റെ ട്രെയിലർ ഇന്നലെ പുറത്തിറങ്ങി.

യുകെയിലെ മലയാളി സിനിമാസ്നേഹികളുടെ കൂട്ടായ്മ, ഡെസ്പരാഡോസ് ഫിലിം കമ്പനിയുടെ ബാനറിൽ രഞ്ജിത്ത് വിജയരാഘവൻ നിർമ്മിച്ച് പ്രശാന്ത് നായർ പാട്ടത്തിൽ രചനയും സംവിധാനവും നിർവ്വഹിക്കുന്ന മലയാളം ഷോർട്ട് ഫിലിം ‘ദി നൈറ്റ്’ ന്റെ ട്രൈലർ പുറത്തിറങ്ങി.

പൂർണ്ണമായും യുകെയിൽ ചിത്രീകരിക്കുന്ന ഈ ഷോർട്ട് ഫിലിമിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് കിഷോർ ശങ്കർ ആണ്, എഡിറ്റിംഗ് ശ്യാം കൈപ്പിള്ളി. ജയലക്ഷ്മി ദീപക്, അതുല്യ ജനനികുമാർ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ മാത്തുക്കുട്ടി ജോൺ, ആർട്ട് ഷൈൻ അഗസ്റ്റിൻ. വസ്ത്രാലങ്കാരം ചിപ്പി മോഹൻ.

ട്രൈലർ ലിങ്ക് :

ന്യൂസ് ഡെസ്ക് മലയാളം യുകെ

അയർലൻഡിൽ താമസിക്കുന്ന ലിജുവിന്റെയും ജിൻസിയുടെയും മകൾ ലിയാന മോൾ മരണമടഞ്ഞു. ഏഴുവയസ്സുകാരിയായ ലിയാന മോൾ ബ്രെയിൻ ട്യൂമർ ബാധിച്ച് ചികിത്സയിലായിരുന്നു. പാസ്റ്റർ ജോസഫ് കെ. ജോസഫിന്റെ കൊച്ചുമകളും ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് പാസ്റ്റർ ലിജോ കെ ജോസഫിന്റെ സഹോദര പുത്രിയുമാണ്.

ലിയാന മോളുടെ അകാല നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

അപ്പച്ചൻ കണ്ണഞ്ചിറ

സ്റ്റീവനേജ്: ലണ്ടനിലെ ശ്രദ്ധേയമായ ഓണാഘോഷങ്ങൾ നടക്കുന്ന വേദിയെന്ന നിലയിൽ പ്രശംസ പിടിച്ചു പറ്റിയ സ്റ്റീവനേജിൽ ഈ വർഷത്തെ’സർഗ്ഗം പൊന്നോണം’ സെപ്തംബർ 17 ന് ഞായറാഴ്ച നടത്തപ്പെടും.

മുഖ്യാതിഥിയായെത്തുന്ന കൗൺസിലർ ടോം ആദിത്യ രണ്ടു തവണ ബ്രിസ്റ്റോൾ ബ്രാഡ്‌ലി സ്റ്റോക്ക് കൗൺസിലിൽ മേയറായിരുന്നു. ഇന്റർ ഫെയ്ത് കോർഡിനേറ്ററും, കൺസർവേറ്റിവ് പാർട്ടി നേതാവുമായ ടോം വാഗ്മിയും, സാമൂഹ്യ പ്രവർത്തകനും, സംരംഭകനുമാണ്.

സ്റ്റീവനേജ് ബോറോ കൗൺസിൽ മേയർ കൗൺസിലർ മൈല ആർസിനോ ആശംസകൾ അർപ്പിച്ചു സംസാരിക്കും. സ്റ്റീവനേജ് യൂത്ത് ഡെപ്യൂട്ടി മേയറും സർഗ്ഗം മെമ്പറുമായ അനീസ മാത്യു മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുന്നതാണ്.

സെപ്തംബർ രണ്ടു മുതൽ രണ്ടാഴ്ചയോളം നീണ്ടു നിൽക്കുന്ന ഇൻഡോർ-ഔട്ഡോർ മത്സരങ്ങളിൽ ഓണപ്പന്ത്, ഫുട്ബോൾ, ക്രിക്കറ്റ്,വടം വലി,ഖോ ഖോ മുതൽ ചെസ്സ്, കാരംസ്, ശീട്ട് അടക്കം നിരവധി ഇനങ്ങളിലുള്ള മത്സരങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.സെന്റ് നിക്കോളാസ് ഗ്രൗണ്ടിലും, സെന്റ് നിക്കോളാസ് കമ്മ്യുണിറ്റി സെന്ററിലുമായാണ് മല്‍സരങ്ങൾ നടക്കുക.

ഓണാഘോഷത്തിലെ ഏറ്റവും പ്രമുഖമായ ഓണസദ്യയ്ക്ക് 21 ഇനം വിഭവങ്ങൾ ആണ് ‘കറി വില്ലേജ്’ തൂശനിലയിൽ വിളമ്പുക.

സെപ്തംബർ 17 ന് ബാർക്ലെയ്‌ സ്കൂൾ ഓഡിറ്റോറിയത്തിൽ ചെണ്ട മേളത്തിന്റെ അകമ്പടിയോടെ മാവേലി മന്നനെ വരവേൽക്കും. ‘സർഗ്ഗം പൊന്നോണ’ കലാസന്ധ്യക്ക്‌ തിരികൊളുത്തുമ്പോൾ നൃത്തനൃത്യങ്ങളും കോമഡി സ്കിറ്റുകളും ഗാനമേളയും മിമിക്രിയും അടക്കം നിരവധി ഐറ്റങ്ങളുമായി ആഘോഷരാവിനെ വർണ്ണാഭമാക്കുവാൻ പ്രഗത്ഭരായ കലാകാരുടെ താര നിരയാണ് അണിനിരക്കുന്നത്.

സർഗ്ഗം മലയാളി അസ്സോസ്സിയേഷൻ തിരുവോണത്തെയും, കേരള കലകളേയും വിദേശികൾക്കിടയിൽ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി സ്റ്റീവനേജിലെ ലിസ്റ്റർ ഹോസ്പിറ്റലിൽ വെച്ച് ഓഗസ്റ്റ് 31നു ഒരുക്കുന്ന ‘ലൈവ് കേരള- ലവ് കേരള’യിൽ കേരളത്തനിമയുള്ള വിഭവങ്ങളും കലാവിരുന്നും ക്രമീകരിച്ചിട്ടുണ്ട്.

‘സ്റ്റീവനേജ് ഡേ’യിൽ സർഗ്ഗം മലയാളി അസ്സോസ്സിയേഷന്റെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു.

സ്റ്റീവനേജിന്റെ സൗഹൃദവേദിയിൽ കലാവിരുന്നും ഓണസദ്യയും ആസ്വദിക്കുവാൻ ‘സർഗ്ഗം പൊന്നോണം 2023’ ആഘോഷത്തിലേക്ക് ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നു.

ഓണാഘോഷത്തിൽ പങ്കു ചേരുവാൻ ആഗ്രഹിക്കുന്നവർ പ്രവേശനം ഉറപ്പാക്കുവാൻ മുൻകൂട്ടി തന്നെ സീറ്റ് റിസർവ്വ് ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് സർഗ്ഗം സ്റ്റീവനേജ് സെക്രട്ടറിയുമായി ബന്ധപ്പെടാവുന്നതാണ്.
ആദർശ് പീതാംബരൻ (സെക്രട്ടറി)- 07429178994

Venue:
Barclays Academy, Walkern Road, Stevenage, SG1 3RB

 

യുകെയിൽ നടന്ന ജിസിഎസ്ഇ പരീക്ഷയുടെ കൂടുതൽ റിസൾട്ടുകൾ അറിയും തോറും മലയാളി വിദ്യാർഥികൾ മികച്ച പ്രകടനവുമായി കളം നിറയുകയാണ്. വെയിൽസിലെ സ്വാൻസിയിൽ നിന്നുമാണ് മറ്റൊരു ഫുൾ എ സ്റ്റാർ വിജയ വാർത്ത വന്നിരിക്കുന്നത്. സ്വാൻസി സെൻറ് ജോസഫ്സ് കാത്തലിക് സ്കൂൾ വിദ്യാർഥിനിയായ എൽസ മരിയ ബിനോജിയാണ് എല്ലാ വിഷയങ്ങൾക്കും എ സ്റ്റാർ നേടി നാടിനും സ്കൂളിനും അഭിമാനമായിരിക്കുന്നത്.

കുട്ടനാട് എടത്വാ പച്ച സ്വദേശികളായ ബിനോജി ആന്റണി (മോൻ വള്ളപ്പുരയ്ക്കൽ) ലൂർദ്ദ് ബിനോജി എന്നിവരാണ് എൽസ മരിയയുടെ മാതാപിതാക്കൾ. സ്വാൻസിയിൽ ‘ബിനോജീസ് കിച്ചൺ’ എന്ന കാറ്ററിംഗ് സ്ഥാപനം നടത്തുകയാണ് ബിനോജി. ലൂർദ്ദ് മോറിസ്റ്റൻ ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സ് ആണ്. എൽസയുടെ സഹോദരി ലൌബി ബിനോജി സൌത്താംപ്റ്റൻ യൂണിവേഴ്സിറ്റിയിൽ കാർഡിയാക് ഫിസിയോളജി വിദ്യാർഥിനിയും സഹോദരൻ ബ്ലെസൻ ബിനോജി ലെസ്റ്റർ യൂണിവേഴ്സിറ്റിയിൽ ഫിസിയോ തെറാപ്പി വിദ്യാർഥിയും ആണ്.

മികച്ച വിജയം നേടിയ എൽസ ബിനോജിയ്ക്ക് മലയാളം യുകെ ന്യൂസ് ടീമിന്റെ അഭിനന്ദനങ്ങൾ. അഭിമാനാർഹമായ വിജയം കരസ്ഥമാക്കിയ കുട്ടികളുടെ വിവരങ്ങൾ മലയാളം യുകെ ന്യൂസിനെ അറിയിക്കുക . ഇമെയിൽ വിലാസം [email protected]

ജിസിഎസ്ഇ പരീക്ഷകളിൽ 11 വിഷയങ്ങളിലും എ സ്റ്റാറിന് തുല്യമായ ഗ്രേഡ് 9-ൽ നേടി സായൂജ് മേനോൻ സഞ്ജയ് . ബക്കിംഗ്‌ഹാംഷെയറിലെ അമർഷാമിലുള്ള ഡോ.ചലോണേഴ്‌സ് ഗ്രാമർ സ്‌കൂളിലെ വിദ്യാർത്ഥിയാണ് സായൂജ്.

സായൂജിൻെറ മാതാപിതാക്കളായ സഞ്ജയ് മേനോൻ ബാങ്കിലും അമ്മ രശ്മി നായർ ഇൻവെസ്റ്റ്മെന്റ് ഫെമിലും ആണ് ജോലി ചെയ്യുന്നത്. നാട്ടിൽ തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയാണ് സഞ്ജയ് മേനോൻ. അമ്മ രശ്മി നായർ പാലക്കാട് വടക്കഞ്ചേരി സ്വദേശിയാണ് . ഭാഷകളെ സ്നേഹിക്കുകയും 5 ലധികം ഭാഷകൾ സംസാരിക്കുകയും ചെയ്യുന്ന സായൂജ്, അമർഷാം മ്യൂസിക് സെന്ററിൽ ക്ലാരിനെറ്റ് വായിക്കുന്നു, അതേ സ്കൂളിൽ ഗണിതം, ബയോളജി, കെമിസ്ട്രി, സ്പാനിഷ് എന്നിവ പഠിക്കുന്നത് തുടരും .

യുകെയിൽ ജിസിഎസ്ഇ പരീക്ഷയുടെ കൂടുതൽ റിസൾട്ട്കൾ പുറത്ത് വന്നപ്പോൾ അഭിമാന വിജയം നേടിയ കൂടുതൽ മലയാളി കുട്ടികളുടെ വിവരങ്ങളാണ് അറിയുന്നത്.  ജിസിഎസ്ഇയിൽ 12 വിഷയങ്ങളിൽ 12 എ സ്റ്റാർ നേടിയാണ് ലാനെല്ലിയിലെ സ്റ്റെഫി സജി സ്കൂളിന്റെ അഭിമാനമാകുന്നത്.

ആലപ്പുഴ ജില്ലയിലെ വെളിയനാട് സ്വദേശികളായ സജി സ്കറിയയുടെയും സിനി സജിയുടെയും രണ്ടാമത്തെ മകളാണ് സ്റ്റെഫി.സ്റ്റെഫിയുടെ മാതാപിതാക്കൾ പ്രിൻസ് ഫിലിപ്പ് ഹോസ്പിറ്റലിലാണ് ജോലി ചെയ്യുന്നത്. സ്റ്റെഫി സജിയുടെ ജിസിഎസ്ഇയിൽ ഫുൾ എ* നേടിയത് അവളുടെ അർപ്പണബോധത്തിന്റെയും കഠിനാധ്വാനത്തിന്റെയും ദൈവത്തിലുള്ള വിശ്വാസത്തിന്റെയും തെളിവാണെന്ന് മാതാപിതാക്കൾ പറയുന്നു.

ലാനെല്ലിയിലെ സെന്റ് ജോൺ ലോയ്ഡ് കോംപ്രിഹെൻസീവ് സ്കൂളിലെ സ്റ്റെഫിയുടെ ടീച്ചർമാർ അവളെക്കുറിച്ച് അങ്ങേയറ്റം അഭിമാനിക്കുന്നുവെന്നും, സ്കൂളിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഗ്രേഡാണിതെന്നും  പറഞ്ഞു.

സ്റ്റെഫിയുടെ സഹോദരി പ്ലിമൗത്തിൽ ബിഡിഎസിലും അവളുടെ സഹോദരൻ എട്ടാം ക്ലാസിലുമാണ് പഠിക്കുന്നത്. തന്റെ പ്രൈമറി, സെക്കൻഡറി സ്‌കൂളിലെ ഹെഡ് ഗേൾ എന്ന നിലയിൽ സ്റ്റെഫി മറ്റ് വിദ്യാർത്ഥികൾക്ക് എന്നും മാതൃകയാണ്. ഇപ്പോൾ, തന്റെ അക്കാദമിക് ജീവിതത്തിന്റെ അടുത്ത അധ്യായത്തിലേക്ക് കടക്കുമ്പോൾ, എ ലെവൽ ബയോളജി, കെമിസ്ട്രി, സൈക്കോളജി, ഇംഗ്ലീഷ് സാഹിത്യം എന്നിവ പഠിക്കാൻ ഗവർ കോളേജ് സ്വാൻസിയിൽ ചേരാൻ ഒരുങ്ങുകയാണ് സ്റ്റെഫി സജി . ഭാവിയിൽ മെഡിസിൻ പഠിക്കാനാണ് സ്റ്റെഫിയുടെ താത്പര്യം.

 

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

സ്വാൻസീ : യുകെയിൽ ഇന്ന്  ജിസിഎസ്ഇ പരീക്ഷ ഫലം പുറത്ത് വന്നപ്പോൾ പതിവ് പോലെ മികച്ച വിജയം കരസ്ഥമാക്കി മലയാളി കുട്ടികൾ. മുഴുവൻ വിഷയങ്ങൾക്കും എ സ്റ്റാർ നേടി ഉന്നത വിജയം നേടിയവരിൽ വെയിൽസിലെ സ്വാൻസി ബിഷപ്പ് വോൺ കാത്തലിക് സ്കൂളിലെ ആന്റോ ഫ്രാൻസിസും.  എല്ലാ വിഷയങ്ങൾക്കും ഗ്രേഡ് എ സ്റ്റാർ നേടിയാണ് ആന്റോ ഫ്രാൻസിസ്  ഉന്നത വിജയം കരസ്ഥമാക്കിയത്.

ഫ്രാൻസിസ് പോളിൻെറയും ഡയാന ഫ്രാൻസിസിൻെറയും മകനാണ് ആന്റോ ഫ്രാൻസിസ്. മികച്ച വിജയം നേടിയ ആന്റോ ഫ്രാൻസിസിനും എല്ലാ കുട്ടികൾക്കും മലയാളം യുകെ ന്യൂസ് ടീമിൻറെ അഭിനന്ദനങ്ങൾ.

അഭിമാനാർഹമായ വിജയം കരസ്ഥമാക്കിയ കുട്ടികളുടെ വിവരങ്ങൾ മലയാളം യുകെ ന്യൂസിനെ അറിയിക്കുക . ഇമെയിൽ വിലാസം [email protected]

Copyright © . All rights reserved