UK

യുകെയിലെ തന്നെ കരുത്തരായ അസോസിയേഷനുകളിൽ ഒന്നായ മലയാളി അസോസിയേഷൻ ഓഫ് പ്രസ്റ്റൺ (MAP) അണിയിച്ചൊരുക്കുന്ന മൂന്നാമത് ഓൾ യു കെ ബാഡ്മിൻറൺ ടൂർണ്ണമെൻറ് സെപ്റ്റംബർ 23-ാം തീയതി 9 മണി മുതൽ പ്രസ്റ്റൺ കോളേജ് സ്പോർട്സ് ഹാളിൽ (PR2 8UR) വച്ച് നടത്തപ്പെടുന്നു. മെൻസ് ഡബിൾസ് വിഭാഗത്തിലാണ് മത്സരങ്ങൾ നടക്കുക.

ഒന്നാം സമ്മാനം £351 ട്രോഫിയും, രണ്ടാം സമ്മാനം £251 ട്രോഫിയും , മൂന്നാം സമ്മാനം £151 ട്രോഫിയും, നാലാം സമ്മാനം £75 ട്രോഫിയും എന്നിങ്ങനെ അത്യാകർഷകമായ സമ്മാനങ്ങൾ ആണ് വിജയികളെ കാത്തിരിക്കുന്നത്. MAP സംഘടിപ്പിക്കുന്ന ഈ മത്സരങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി പ്രസിഡൻറ് ജോബി ജേക്കപ്പും സെക്രട്ടറി അനീഷ് കുമാറും അറിയിച്ചു.

മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് രജിസ്ട്രേഷനായി ബിനു സോമരാജ് -07828303288.. ഷൈൻ ജോർജ് -07727258403..പ്രിയൻ പീറ്റർ-07725989295. എന്നിവരെ ബന്ധപ്പെടുക. ക്യു ആർ കോഡ് സ്കാൻ ചെയ്തും രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കാവുന്നതാണ്.

യുകെയിലെ ലെസ്റ്ററിൽ താമസിക്കുന്ന സൈബു കാൻ കരാട്ടെ യുകെ ചീഫ് ഇൻസ്ട്രക്ടർ രാജാ തോമസിന്റ്റെ മാതാവ് നാട്ടിൽ നിര്യാതയായി. കണ്ണൂർ ജില്ലയിൽ കാര്യപ്പള്ളി ഇടവക പുതിയാപറമ്പിൽ പി. ജെ. തോമസിന്റെ (തൊമ്മച്ചൻ) ഭാര്യ മേരിക്കുട്ടി തോമസ് (77 വയസ്സ് ) ആണ് മരണമടഞ്ഞത്. പാലാ മണിമല കരിമ്പനാൽ കുടുംബാംഗമാണ് പരേത. രാജ തോമസിനെ (പ്രിൻസ്) കൂടാതെ ഷാജൻ തോമസ് (കാര്യപ്പള്ളി), മിനി സണ്ണി (എറണാകുളം ) എന്നിവർ മക്കളാണ്. സണ്ണി എ എം (എറണാകുളം), ബിജിലി തോമസ് (ലെസ്റ്റർ, യു. കെ ), മായ ഷാജൻ (കാര്യപ്പള്ളി) എന്നിവരാണ് മരുമക്കൾ. പേരക്കുട്ടികൾ : മെർലിൻ സണ്ണി, ഏഞ്ചൽ സണ്ണി, ക്ലിയ സണ്ണി, ഗ്രേസ് ഷാജൻ, അച്ചു ഷാജൻ, ലിയോ രാജ തോമസ്, റിയോ രാജ തോമസ്.

സംസ്കാരം ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് ഇടവക ദേവാലയത്തിൽ നടക്കും.

ലിവർപൂൾ: ലിവർപൂളിൽ താമസിക്കുന്ന അനു ലിബി, അനിത ജിജോ സഹോദരിമാരുടെ  പിതാവ് പി സി ജോൺ  (76 ) നാട്ടിൽ ഇന്ന് നിര്യാതനായി. രണ്ടാഴ്ചയോളം ചികിത്സയിൽ ആയിരുന്ന പി സി ജോൺ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി വന്ന് വീട്ടിൽ റസ്റ്റ് എടുത്തു ഇരിക്കെയാണ് ഹൃദയസ്തംഭനമുണ്ടായത്. ആശുപത്രിയിൽ തിരികെ എത്തുന്നതിന് മുൻപേ മരണം സംഭവിക്കുകയും ചെയ്‌തു.

ചങ്ങനാശ്ശേരി അതിരൂപതയിൽപെട്ട പുതുപ്പള്ളിയിലുള്ള പൂമറ്റം പള്ളി ഇടവകയിലെ പുറത്തെപ്പറമ്പിൽ കുടുംബത്തിലെ അംഗമാണ്  പരേതൻ. സംസ്കാര കർമ്മം ഈ വരുന്ന തിങ്കളാഴ്ച (07/ 08 / 2023 ) ഉച്ചതിരിഞ്ഞു നടത്തുവാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

പ്രിയപ്പെട്ട പിതാവായ പി സി ജോണിന്റെ വേർപാടിൽ  ദുഃഖാർത്ഥരായ  അനുവിനും അനിതക്കും മറ്റ് ബന്ധുമിത്രാതികൾക്കും മലയാളം യുകെയുടെ  അനുശോചനം അറിയിക്കുന്നു.

അപ്പച്ചൻ കണ്ണഞ്ചിറ

മാഞ്ചസ്റ്റർ: 2024 ലെ ഇന്ത്യൻ പാർലിമെന്റ് ഇലക്ഷൻ മുന്നിൽക്കണ്ടുകൊണ്ട് രാജ്യം സുരക്ഷാ കരങ്ങളിൽ എത്തിച്ചു നൽകുന്നതിനായി, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് (യു കെ) ആവിഷ്ക്കരിച്ച പാർലിമെന്റ് തെരഞ്ഞെടുപ്പ് വരെ നീണ്ടു നിൽക്കുന്ന കർമ്മപദ്ധതിക്കു മാഞ്ചസ്റ്ററിൽ തുടക്കം കുറിക്കും. ഐഒസി മാഞ്ചസ്റ്ററിൽ ആരംഭം കുറിക്കുന്ന ‘മിഷൻ 2024’ കർമ്മ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയും ഉദ്‌ഘാടകനുമായി മുതിർന്ന കോൺഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല പങ്കെടുക്കും.

ആഗസ്റ്റ് 25 നു മാഞ്ചസ്റ്ററിൽ നടക്കുന്ന പ്രവാസി സംഗമത്തിൽ യു കെ യുടെ നാനാഭാഗത്ത് നിന്നുള്ള കോൺഗ്രസ്സ് പ്രവർത്തകർ പങ്കു ചേരും. അന്തരിച്ച ഉമ്മൻചാണ്ടി അനുസ്മരണവും തദവസരസത്തിൽ നടത്തപ്പെടുന്നതാണ്.

എഐസിസി സെക്രട്ടറി, നാല് തവണ പാർലിമെന്റ് അംഗം, അഞ്ചു തവണ നിയമസഭാ സാമാജികൻ, NSUI, യൂത്ത് കോൺഗ്രസ് സംഘടനകളിൽ നാഷണൽ പ്രസിഡന്റ് ആയ ഏക മലയാളി, കോൺഗ്രസ്സ് വർക്കിങ് കമ്മിറ്റി മെമ്പർ, KPCC പ്രസിഡന്റ്, കേരള നിയമ സഭയിൽ ആഭ്യന്തര മന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ പദവികളിൽ തിളങ്ങുകയും, കേരളം കണ്ട ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയുമായിരുന്ന രമേഷ് ചെന്നിത്തലക്ക് ഊഷ്‌മളമായ വരവേൽപ്പാണ് മാഞ്ചസ്റ്ററിൽ ഐഒസി ഒരുക്കിയിരിക്കുന്നത്.

രാജ്യം നേരിടുന്ന പ്രതിസന്ധികളും, ദേശത്തു നടമാടുന്ന വർഗ്ഗീയ-വിഭജന രാഷ്ട്രീയം അടക്കം ഭീതികരമായ സമകാലീന വിഷയങ്ങൾ പരിപാടിയിൽ ചർച്ച ചെയ്യപ്പെടും.

കെപിസിസി, പ്രവാസി കോൺഗ്രസ്സ് പ്രസ്ഥാനങ്ങൾക്ക് വേണ്ടി സൈബർ വിങ്ങിൽ പ്രവർത്തിക്കുന്ന ശ്രീ. റോമി കുര്യാക്കോസ് മാഞ്ചസ്റ്ററിൽ നടക്കുന്ന ‘മിഷൻ 2024’ പ്രോഗ്രാമിൽ കൺവീനറായി നേതൃത്വം വഹിക്കും.

സംരംഭകയും, ജീവ കാരുണ്യ പ്രവർത്തകയും, കോൺഗ്രസ്സ് വനിതാ നേതാവുമായ ഷൈനി മാത്യൂസ് പരിപാടിക്ക് മുഖ്യ നേതൃത്വം നൽകും. സോണി ചാക്കോ, ബേബികുട്ടി ജോർജ്ജ്, അപ്പച്ചൻ കണ്ണഞ്ചിറ, തോമസ് ഫിലിപ്പ്, ബോബിൻ ഫിലിപ്പ്, സന്തോഷ് ബെഞ്ചമിൻ, ഡോ.ജോഷി ജോസ്, ഇൻസൺ ജോസ്, ബിജു വർഗ്ഗീസ്, ജോർജ്ജ് ജേക്കബ്, അഖിൽ ജോസ്, ജിപ്‌സൺ ഫിലിപ്പ്, ജോൺ പീറ്റർ, സച്ചിൻ സണ്ണി, ഹരികൃഷ്ണൻ, ജെസു സൈമൺ, നിസ്സാർ അലിയാർ, ബേബി ലൂക്കോസ്, അബിൻ സ്കറിയ, ഷിനാസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രോഗ്രാമിന് ശക്തമായ സംഘാടക സമിതി ഒരുക്കിയിട്ടുണ്ട്.

വൈകുന്നേരം അഞ്ചു മണിയോടെ മാഞ്ചസ്റ്റർ പാർസ് വുഡ് ഹൈസ്കൂളിൽ ക്രമീകരിച്ചിരിക്കുന്ന മിഷൻ 2024 ലേക്ക് ഏവരെയും സസ്നേഹം ക്ഷണിച്ചു കൊള്ളുന്നതായി പ്രസിഡണ്ട് സുജു ഡാനിയേൽ, വക്താവ് അജിത് മുതലയിൽ എന്നിവർ അറിയിച്ചു.

സാമൂഹ്യ, സാംസ്കാരിക രാഷ്ട്രീയ നേതാക്കൾ പരിപാടിയിൽ പങ്കു ചേരുമെന്ന് റോമി കുര്യാക്കോസ് അറിയിച്ചു.

Romy Kuriakose: 07776646163
Shinu Mathews: 07872514619
Sony Chacko: 07723306974
Thomas Philip: 07454023115

Venue:-
Parrs Wood Hogh School, Wilmslow Road, Manchester, M20 5PG

 

ന്യൂസ് ഡെസ്ക്. മലയാളം യുകെ

യുകെയിലെത്തിയ മലയാളി കുട്ടികൾ വി. അൽഫോൻസാമ്മയുടെ തിരുനാളിന് പാടിയ സ്തുതിഗീതം വൈറലാകുന്നു. മൂന്ന് ദിനം കൊണ്ട് വീഡിയോ കണ്ടത് പന്തീരായിരത്തിന് മുകളിലാളുകൾ.

സംഭവം നടന്നത് യുകെയിലെ യോർക്ഷയറിൽ. യോർക്ഷയറിലെ പ്രസിദ്ധമായ കീത്തിലി സെൻ്റ്. ആൻസ് ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷ ശുശ്രൂഷകളുടെ സമാപന വേളയിൽ മലയാളി കുട്ടികൾ പാടിയ അൽഫോൻസാ സ്തുതി ഗീതമാണ് ലോക മലയാളികൾ ആവേശത്തോടെ ഇരു കൈയ്യും നീട്ടി സ്വീകരിച്ചത്. മൂന്ന് ദിവസം കൊണ്ട് പന്തീരായിരം പേർ കാഴ്ച്ചക്കാരായി.

കേരള ക്രൈസ്തവർ ലോകമെമ്പാടും വി. അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷിച്ച വാരമാണ് കടന്നു പോയത്. ഭാരതത്തിലെ ആദ്യ വിശുദ്ധ എന്ന നിലയിൽ വി. അൽഫോൻസാമ്മയുടെ തിരുനാളിന് ധാരാളം പ്രത്യേകതകളുണ്ട്. ലോകം മുഴുവനും വ്യാപിച്ച് കിടക്കുന്ന മലയാളി സമൂഹത്തിന് മലയാളത്തിൻ്റെ ആദ്യ വിശുദ്ധയുടെ തിരുനാൾ എന്നും ആവേശമാണ്.

യൂറോപ്പിൻ്റെ ഭൂപടത്തിൽ യോർക്ഷയറിന് വലിയ സ്ഥാനമുണ്ട്. രണ്ടായിരം മുതലാണ് യോർക്ഷയറിൽ മലയാളികൾ എത്തിതുടങ്ങിയത്. യോർക്ഷയറിലെ ചെറിയ നഗരമായ കീത്തിലിയിൽ 2002 ൽ എത്തിയ ആദ്യ കാല മലയാളികൾ ഒരാശ്രയമായി തേടിപ്പോയത് ലാറ്റിൻ റൈറ്റിലുള്ള കീത്തിലി സെൻ്റ്. ആൻസ് ദേവാലയത്തിലായിരുന്നു. പൗരസ്ത്യ ദേശത്തു നിന്നുള്ള ക്രൈസ്തവരെ പാശ്ചാത്യ സമൂഹം അതിശയത്തോടെ കണ്ടെങ്കിലും കൂടത്തിൽ നിർത്തി. ആ സൗഹൃദം വളർന്ന് ഒരു വലിയ സമൂഹമായി കീത്തിലി സെൻ്റ്. ആൻസ് ദേവാലയം മാറി. 2013 ൽ സെൻ്റ്. ആൻസ് ദേവാലയത്തിൽ വികാരിയായി എത്തിയ കാനൻ മൈക്കിൾ മക്രീഡി അന്ന് കീത്തിലിയിൽ ഉണ്ടായിരുന്ന മലയാളി സമുഹവുമായി ചേർന്ന് വിശുദ്ധ അൽഫോസാമ്മയുടെ രൂപം സെൻ്റ് ആൻസ് ദേവാലയത്തിൽ സ്ഥാപിച്ചു. തുടർന്ന് അന്നു മുതൽ ഇന്നോളം വിശുദ്ധ അൽഫോൻസാമ്മയുടെ ഓർമ്മ ദിനം സെൻ്റ് ആൻസ് ദേവാലയത്തിൽ ഭക്തിനിർഭരമായി ആഘോഷിക്കുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ കീത്തിലിയിൽ മുന്നൂറോളം മലയാളി കുടുംബങ്ങളെത്തി. അവരുടെ ആദ്ധ്യാത്മീക ആവശ്യങ്ങൾ നിറവേറ്റുന്നതിന് സെൻ്റ് ആൻസ് ദേവാലയം തുണയായി. ജൂലൈ മുപ്പത് ഞായറാഴ്ച്ച വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ മലയാളി സമൂഹത്തിനോടൊപ്പം പാശ്ചാത്യവിശ്വാസികളും ആഘോഷിച്ചു.

പുതുതായി എത്തിയ മലയാളികളും അതൊരാഘോഷമാക്കി. തിരുനാൾ ശുശ്രൂഷകൾ പൂർണ്ണമായും ഇംഗ്ലീഷിലായിരുന്നെങ്കിലും അവസാനം മലയാളി കുട്ടികൾ വി. അൽഫോസാമ്മയോടുള്ള സ്തുതി ഗീതം മലയാളത്തിൽ പാടി. ഈ ഗാനമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ കീഴിലുള്ള പല ദേവാലയങ്ങളിലും വി. അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷിച്ചെങ്കിലും ലാറ്റിൻ റൈറ്റിലുള്ള കീത്തിലി സെൻ്റ് ആൻസ് ദേവാലയിൽ വളരെ ലളിതമായ രീതിയിൽ ആഘോഷിച്ച തിരുനാൾ ശ്രദ്ധേയമായി.

സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ കാണാൻ താഴെയുള്ള ലിങ്ക് തുറക്കുക.
https://m.facebook.com/story.php?story_fbid=pfbid02RtWs5Dspny6fqZRhdUB97zpVwNaE1owUtU5YT4ov717nuf5h8dhvis8ooHSjmU83l&id=100005785604108&sfnsn=scwspwa

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഉയർന്ന വിലക്കയറ്റവും പണപ്പെരുപ്പവും തടയുവാനുള്ള ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ അക്ഷീണ പ്രയത്നത്തിന്റെ ഭാഗമായി പതിനാലാം തവണയും പലിശ നിരക്കുകൾ ഉയർത്തുവാനുള്ള സാധ്യതയാണ് ഇപ്പോൾ പ്രവചിക്കപ്പെട്ടിരിക്കുന്നത്. ബാങ്ക് തങ്ങളുടെ അടിസ്ഥാന നിരക്ക് നിലവിലെ 5 ശതമാനത്തിൽ നിന്നും 5.25 ശതമാനമായി ഉയർത്താനുള്ള തീരുമാനം വ്യാഴാഴ്ച ഉണ്ടാകുമെന്നാണ് ഭൂരിഭാഗം സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇത്തരത്തിൽ പലിശ നിരക്കുകൾ വർദ്ധിപ്പിക്കുന്നത് ഗുണദോഷ സമ്മിശ്ര ഫലങ്ങളാണ് ഉണ്ടാക്കുന്നത്. ലോണുകൾ എടുത്തിട്ടുള്ളവർക്കും, മോർട്ട്ഗേജ് ഉടമകൾക്കും പലിശ നിരക്ക് വർദ്ധനവ് ആശങ്കയുളവാക്കുന്നതാണ്. എന്നാൽ സേവിങ്സ് നിരക്കുകൾ വർദ്ധിക്കും എന്നുള്ളത് ജനങ്ങൾക്ക് ആശ്വാസം നൽകുന്നതുമാണ്. ബ്രിട്ടനിൽ പണപ്പെരുപ്പവും, വിലവർധനയുമെല്ലാം ക്രമാതീതമായി ഉയർന്ന അവസ്ഥയിലാണ് നിലനിൽക്കുന്നത്. ഇത് സാധാരണ ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നുമുണ്ട്. ഇതിനു മുൻപ് ഇത്തരത്തിൽ പലിശ നിരക്കുകൾ 5.25 ശതമാനത്തിൽ എത്തിയത് 15 വർഷങ്ങൾക്ക് മുൻപ് സാമ്പത്തിക മാന്ദ്യം ഉണ്ടായ 2008 ഏപ്രിൽ മാസത്തിലാണ്. എന്നാൽ പലിശനിരക്കുകളിൽ വളരെ ചെറിയ മാറ്റം മാത്രം പ്രവചിക്കപ്പെടുന്നത്, വിലക്കയറ്റത്തിൽ ആശ്വാസകരമായ കുറവുകൾ രേഖപ്പെടുത്തി തുടങ്ങിയെന്നാണ് സൂചിപ്പിക്കുന്നത്.

പണപ്പെരുപ്പത്തിൽ ജൂൺ മാസത്തിൽ പ്രതീക്ഷിച്ചതിലും അധികം കുറവ് രേഖപ്പെടുത്തിയത് ആശ്വാസകരമാണ്. എന്നാൽ ഇപ്പോഴും ബാങ്ക് ലക്ഷ്യമിടുന്ന നിരക്കിനേക്കാൾ രണ്ട് ശതമാനം ഉയർന്നാണ് പണപ്പെരുപ്പ നിരക്ക് തുടരുന്നത്. ഇത്തരത്തിൽ പണപ്പെരുപ്പത്തിൽ രേഖപ്പെടുത്തിയ കുറവ് മൂലം, പലിശ നിരക്കുകളിൽ ക്രമാതീതമായ വർദ്ധനവ് ഉണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് സാമ്പത്തിക വിദഗ്ധരും ജനങ്ങളും. നിരക്ക് തുടർന്ന് വർദ്ധിപ്പിക്കുന്നതിന് മുമ്പ് ബാങ്ക് മുൻകാല പലിശ നിരക്ക് വർദ്ധനവിന്റെ അനന്തരഫലങ്ങൾ പ്രാബല്യത്തിൽ വരുന്നതുവരെ കാത്തിരിക്കണമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എക്കണോമിക് അഫയേഴ്സ് അഭിപ്രായപ്പെട്ടു.

സ്വന്തം ലേഖകൻ 

നോർത്താംപ്ടൺ : വേറിട്ട ആശയങ്ങൾ നടപ്പിലാക്കി പരിചയ സമ്പന്നരായ നോർത്താംപ്ടണിലെ മലയാളികൾ ഗ്ലോബൽ പ്രീമിയർ ക്രിക്കറ്റ് ലീഗ് എന്ന പുതിയ ആശയം നടപ്പിലാക്കുന്നു. യുകെയിലെ ക്രിക്കറ്റ് പ്രേമികൾക്ക് ഗ്ലോബൽ വേദികളിൽ ക്രിക്കറ്റ് കളിക്കുവാനുള്ള പുതിയൊരു അവസരമായി ഈ ക്രിക്കറ്റ് മാമാങ്കം മാറുകയാണ്. അടുത്ത വർഷം മുതൽ 10 രാജ്യങ്ങളിൽ GPL ലീഗ് എന്ന പേരിൽ ക്രിക്കറ്റ് മത്സരങ്ങൾ നടത്തുന്നതിന്റെ തുടക്കമാണ് ഓഗസ്റ്റ് 20 ന് യുകെയിൽ ആരംഭിക്കുന്നത്. ഈ മത്സരങ്ങൾ സ്പോൺസർ ചെയ്യുവാനായി മുന്നോട്ട് വന്നിരിക്കുന്നത്  എം ഐസ് ധോണിയും , സഞ്ജു സാംസണും , ബേസിൽ തമ്പിയും ബ്രാൻഡ് അംബാസിഡർമാരായ സിംഗിൾ ഐഡിയും ,ടെക് ബാങ്കുമാണ്.

നോർത്താംപ്ടണിലെ ഓവർസ്‌റ്റോൺ പാർക്ക് ക്രിക്കറ്റ്‌ ക്ലബ്ബിലാണ് ഗ്ലോബൽ പ്രീമിയർ ക്രിക്കറ്റ് ലീഗിന് വേദി ഒരുങ്ങുന്നത്. ഓഗസ്റ്റ് 20 നും സെപ്റ്റംബർ 10 നുമാണ് മത്സരങ്ങൾ നടക്കുന്നത് . വിജയികളായ നാല് ടീമുകൾക്ക് സമ്മാനങ്ങൾ നൽകുന്നുണ്ട് . ഒന്നാം സമ്മാനമായി 1500 പൗണ്ടും , രണ്ടാം സമ്മാനമായി 750 പൗണ്ടും , മൂന്നാം സമ്മാനമായി 250 പൗണ്ടും , നാലാം സമ്മാനമായി 250 പൗണ്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഓഗസ്റ്റ് 20 ന് നടക്കുന്ന മത്സരം യുകെയിലെ മലയാളി ടീമുകൾക്ക് മാത്രമായിട്ടാണ് സംഘടിപ്പിച്ചിരിക്കുന്നത് . ഈ മത്സരത്തിൽ പങ്കെടുത്ത് ഗ്ലോബൽ മത്സരങ്ങളുടെ ഭാഗമാകാൻ ആഗ്രഹിക്കുന്ന ടീമംഗങ്ങൾ ഉടൻ തന്നെ താഴെയുള്ള നമ്പറിൽ ബന്ധപ്പെട്ട് രെജിസ്റ്റർ ചെയ്യേണ്ടതാണ്.

07872067153

07515731008

സ്വന്തം ലേഖകൻ

ലണ്ടൻ: ചങ്ങനാശേരി അതിരൂപത പ്രവാസികൾക്കായി ഏർപ്പെടുത്തിയിട്ടുള്ള പ്രവാസി കീർത്തി പുരസ്കാരം ന്യൂ കാസിൽ മലയാളിയായ ഷൈമോൻ തോട്ടുങ്കലിന്. കഴിഞ്ഞദിവസം ചങ്ങനാശേരി കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ നടന്ന പ്രവാസി സംഗമം ചടങ്ങിൽ വച്ച് ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അവാാർഡ് സമ്മാനിച്ചു.

ബ്രിട്ടണിൽ സാമൂഹ്യ- രാഷ്ട്രീയ രംഗത്തും മാധ്യമരംഗത്തും നിറഞ്ഞുനിൽക്കുന്ന ഷൈമോൻ, സീറോ മലബാർ സഭയോടു ചേർന്ന് നടത്തുന്ന പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അവാർഡിന് തിരഞ്ഞെടുത്തത്. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ പാസ്റ്ററൽ കൌൺസിൽ അംഗവും അസോസിയേറ്റ് പി.ആർ.ഓയുമാണ് ഷൈമോൻ.രൂപതയുടെ വിവിധ കമ്മീഷനുകളിലും അംഗമായി പ്രവർത്തിക്കുന്നു .ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത രൂപീകൃതമാകുന്നതിന് മുൻപ് ചങ്ങനാശേരി അതിരൂപതയിൽനിന്നും യുകെയിലുള്ള പ്രവാസികളെ ഏകോപിപ്പിച്ച് ലിവർപൂൾ, ലെസ്റ്റർ, സ്കോട്ട്ലൻഡ്, ന്യൂകാസിൽ എന്നിവിടങ്ങളിൽ പലവർഷങ്ങളിലായി നടത്തിയ സമ്മേളനങ്ങൾക്ക് നേതൃത്വം നൽകി. 2018ലെ പ്രളയകാലത്ത് കേരളത്തിലെ വിവിധ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പ്രളയത്തിൽ സർവതും നഷ്ടപ്പെട്ട ഇടുക്കി നിയോജക മണ്ഡലത്തിലെ നിരവധി കുടുംബങ്ങളെ സഹായിക്കാനുള്ള പദ്ധതികൾ ഏകോപിപ്പിച്ചു. ഓഖി ദുരന്തകാലത്തും സമാനമായ സേവനങ്ങൾക്ക് നേതൃത്വം നൽകി.

യുകെയിൽ എത്തിയ കാലം മുതൽ സീറോ മലബാർ കൂട്ടായ്മകൾ രൂപീകരിക്കുന്നതിനും മിഷൻ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനും വൈദികരോടു ചേർന്നു പ്രവർത്തിച്ചു.ഗ്രേറ്റ് ബ്രിട്ടൺ രൂപത രൂപീകരിക്കുന്നതിനു മുമ്പുണ്ടായിരുന്ന സീറോ മലബാർ യുകെ കോ-ഓർഡിനേഷൻ കമ്മിറ്റി അംഗമായിരുന്നു. ന്യൂ കാസിൽ ഔർ ലേഡി ക്വീൻ ഓഫ് ദ റോസറി മിഷന്റെ മുൻ ട്രസ്റ്റിയായിരുന്നു .ദൃശ്യ- അച്ചടി മാധ്യമ രംഗങ്ങളിൽ റിപ്പോർട്ടറായി പ്രവർത്തിക്കുന്ന ഷൈമോൻ ബ്രിട്ടണുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചാനൽ ചർച്ചകളിലെ സജീവ സാന്നിധ്യമാണ്. കോവിഡ് കാലത്ത് ബ്രിട്ടണിൽനിന്നുള്ള ഷൈമോന്റെ റിപ്പോർട്ടുകൾ ഏറെ ശ്രദ്ധേയമായിരുന്നു. നേരത്തെ കേരളത്തിൽ ഗ്രാമവികസന മന്ത്രിയായിരുന്ന സി.എഫ് തോമസിന്റെപേഴ്സണൽ സ്റ്റാഫ് അംഗവും വിദ്യാർഥിയായിരുന്നപ്പോൾ കെ.എസ്.സി (എം) യുടെയും പിന്നീട് യൂത്ത് ഫ്രണ്ടിന്റെയും നേതാവായിരുന്നു. ഇപ്പോൾ പ്രവാസി കേരള കൊണ്ഗ്രെസ്സ് ( എം ) യു കെ ഘടകം പ്രസിഡന്റ് ആയും പ്രവർത്തിക്കുന്നു .

നിലവിൽ ബ്രിട്ടണിലെ ലൈഫ് ലൈൻ പ്രോട്ടക്ട് ലിമിറ്റഡിൽ അഡ്വൈസറായി ജോലി ചെയ്യുന്നു ഭാര്യ സിമി. വിദ്യാർഥികളായ സിറിയക്, ജേക്കബ് എന്നിവരാണ് മക്കൾ. ചങ്ങനാശ്ശേരി അതിരൂപത പ്രവാസി അപ്പൊസ്‌തലേറ്റിന്റെ നേതൃത്വത്തിൽ നടത്തിയ പ്രവാസി സംഗമം പരിപാടിയിൽ വച്ചാണ് വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രവാസികളായ അതിരൂപത അംഗങ്ങളെ ആദരിച്ചത് . ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരത്തോളം പ്രാവാസികൾ പങ്കെടുത്ത പരിപാടി ഗോവ ഗവർണർ അഡ്വ. പി എസ ശ്രീധരൻപിള്ള ആണ് ഉത്‌ഘാടനം ചെയ്തത് . ആർച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം , തിരുവല്ല രൂപതാദ്ധ്യക്ഷൻ ഡോ . തോമസ് മാർ കൂറിലോസ് , ആർച് ബിഷപ് മാർ ജോർജ് കോച്ചേരി , റെവ. ഫാ. ജോസഫ് വാണിയപ്പുരക്കൽ , റെവ. ഡോ .സി ലിസ് മേരി എഫ് സി സി ,റെവ. ഫാ. റ്റെജി പുതുവീട്ടിൽകളം , റെവ. ഫാ. ജിജോ മാറാട്ടുകളം , ജോ കാവാലം , ഷെവ. സിബി വാണിയപ്പുരക്കൽ തുടങ്ങിയവർ സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.

കൈരളി യുകെ മലയാളി ഷെഫ്‌ ഈ വർഷം സ്റ്റോക്ക്‌ ഓൺ ട്രെന്റിൽ സെപ്റ്റംബർ 24, 2023 ഞായറാഴ്ച നടത്തപ്പെടും. യുകെയിൽ ആദ്യമായി യുകെ മലയാളികൾക്കായി ദേശീയതലത്തിൽ ഒരു പാചക മത്സരം 2022ൽ കൈരളി യുകെ സംഘടിപ്പിച്ചപ്പോൾ വലിയ ആവേശത്തോടെയാണു യുകെ മലയാളികൾ വരവേറ്റത്‌. മലയാളികളുടെ രുചി സങ്കൽപ്പങ്ങൾക്ക്‌ പുതിയ മാനം നൽകിയ ലക്ഷ്മി നായർ, ഷെഫ്‌ ജോമോൻ, ഷെഫ്‌ ബിനോജ്‌ എന്നിവർ വിധികർത്താക്കളായ മത്സരം ഒരു പുത്തൻ അനുഭവമായി.

കേരളത്തിന്റെ തനതായ പാചകപാരമ്പര്യത്തിന്റെ രുചിവൈവിദ്ധ്യങ്ങളുടെ ആഘോഷമെന്നതിലുപരി മലയാളതനിമ നിറഞ്ഞൊരു വേദിയിൽ യുകെ മലയാളികൾക്ക് ഒത്തു ചേരാനൊരു അവസരമൊരുക്കുകയാണ് ഈ പാചക മാമാങ്കത്തിലൂടെ കൈരളി യുകെ. സെപ്റ്റംബർ 24 സ്റ്റോക്ക്‌ ഓൺ ട്രെന്റിൽവച്ചാണ് മത്സരം നടക്കുന്നത്. സെലിബ്രിറ്റി വിധികർത്താക്കൾ വിജയികളെ നിർണ്ണയിക്കുന്ന മത്സരത്തിൽ വിജയികളാകുന്നവർക്ക് ക്യാഷ് പ്രൈസ്സും മറ്റ് ആകർഷകമായ സമ്മാനങ്ങളുമുണ്ടാകും.

കൈരളിയുടെ യൂണിറ്റുകൾ മുഖേനയോ നേരിട്ടോ രണ്ട് വ്യക്തികൾ വീതമുള്ള ടീമുകൾക്ക്‌ രജിസ്റ്റർ ചെയ്യാവുന്നതാണു. അവസാന റൗണ്ടിൽ പത്ത്‌ ടീമുകൾ മാത്രം മത്സരിക്കുന്നതിനാൽ, ഒരേ പ്രദേശത്ത്‌ ഒന്നിലധികം ടീമുകൾ വന്നാൽ പ്രാദേശിക തലത്തിൽ മത്സരം ഉണ്ടായിരിക്കും. ഈ വർഷം ഇഞ്ചിക്കറിയും, പാലടപ്പായസവും, അവിയലും ആയിരിക്കും അവസാന റൗണ്ടിലെ മത്സരവിഭവങ്ങൾ.

ഈ മത്സരം കൈരളി യുകെയുടെ അംഗങ്ങൾക്ക് മാത്രമുള്ള ഒന്നല്ല. മറിച്ച് ഏതൊരു വ്യക്തിക്കും പങ്കെടുക്കാവുന്ന സൗഹൃദവേദിയാണ്. മത്സരത്തിന്റെ കൂടുതൽ വിശദാംശങ്ങൾക്കായി ഞങ്ങളുമായി ബന്ധപ്പെടുക –
https://www.facebook.com/KairaliUK

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കുഞ്ഞുങ്ങളെ അപായപ്പെടുത്താൻ തീവ്രവാദികൾ പാലിൽ വിഷം കലർത്തുമെന്ന് രോഗിയോട് പറഞ്ഞ മിഡ്‌വൈഫിനെ പുറത്താക്കി. ഗുരുതര അപവാദ പ്രചരണം നടത്തിയ അന്ന സെമെനെങ്കോയെ ഈ മാസം ആദ്യം ജോലിയിൽ നിന്ന് വിലക്കിയിരുന്നു. സെമെനെങ്കോയുടെ അഭിപ്രായങ്ങൾ തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതും അനുചിതവുമാണെന്ന് നേഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ (എൻഎംസി) കണ്ടെത്തി. രോഗിയോട് മാന്യമായി പെരുമാറുന്നതിൽ അവൾ പരാജയപ്പെട്ടുവെന്ന് അതിൽ പറയുന്നു. ന്യൂപോർട്ടിലെ റോയൽ ഗ്വെന്റ് ഹോസ്പിറ്റലിലും അബർഗവെന്നിയിലെ നെവിൽ ഹാൾ ഹോസ്പിറ്റലിലും ഇവർ ജോലി ചെയ്തിട്ടുണ്ട്.

സംഭവത്തിന്‌ പിന്നാലെ മറ്റ് അനേകം പരാതികൾ ഇവർക്കെതിരെ ഉയർന്നു. ക്ലിനിക്കൽ കാരണമോ സമ്മതമോ ഇല്ലാതെ ഒരു രോഗിയുടെ സ്വകാര്യ ഭാഗങ്ങളുടെ ചിത്രം എടുത്തുവെന്ന ആരോപണവും സെമെനെങ്കോയ്ക്കെതിരെ ഉയർന്നു. രോഗികളുടെ സുരക്ഷയിലും രോഗികളുടെ ആവശ്യങ്ങൾക്ക് മറുപടി നൽകുന്നതിലും അവർ പരാജയപ്പെട്ടുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

“ഈ കേസിലെ കണ്ടെത്തലുകൾ സെമെനെങ്കോയുടെ പ്രവർത്തനങ്ങൾ ഗൗരവമുള്ളതാണെന്ന് തെളിയിക്കുന്നു. അവളെ പരിശീലനം തുടരാൻ അനുവദിക്കുന്നത് പ്രൊഫഷനിലും എൻഎംസിയിലുമുള്ള ജനങ്ങളുടെ വിശ്വാസത്തെ ദുർബലപ്പെടുത്തും. ” റിപ്പോർട്ടിൽ പറയുന്നു.

RECENT POSTS
Copyright © . All rights reserved