UK

യു.എ.ഇയിൽ 44 രാജ്യങ്ങളിൽനിന്ന് സന്ദർശകരായി എത്തുന്നവർക്ക് സ്വന്തംനാട്ടിലെ ലൈസൻസ് വെച്ചുതന്നെ യു.എ.ഇയിൽ വാഹനമോടിക്കാം. കൂടാതെ ഈ രാജ്യക്കാർക്ക് യു.എ.ഇയിലെ താമസവിസയുണ്ടെങ്കിൽ പ്രത്യേക ഡ്രൈവിങ് പരിശീലനമോ പരീക്ഷയോ ഇല്ലാതെതന്നെ യു.എ.ഇ. ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കുകയുമാവാം. സ്വന്തം രാജ്യത്തെ ഡ്രൈവിങ് ലൈസൻസിന് കാലാവധിയുണ്ടായിരിക്കണം എന്നുമാത്രം.

ഡ്രൈവിങ് ലൈസൻസ് നേടാനുള്ള കുറഞ്ഞ പ്രായവും പൂർത്തിയായിരിക്കണം. വാഹനമോടിക്കുന്നതിനുള്ള ശേഷി തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റും നൽകണം. എസ്തോണിയ, അൽബേനിയ, പോർച്ചുഗൽ, ചൈന, ഹംഗറി, ഗ്രീസ്, യുക്രൈൻ, ബൾഗേറിയ, സ്ലോവാക്യ, സ്ലോവേനിയ, സെർബിയ, സൈപ്രസ്, ലാത്വിയ, ലക്സംബർഗ്, ലിത്വാനിയ, മാൾട്ട, ഐസ്ലാൻഡ്, മോണ്ടിനെഗ്രോ, യു.എസ്, ഫ്രാൻസ്, ജപ്പാൻ, ബെൽജിയം, സ്വിറ്റ്സർലൻഡ്, ജർമനി, ഇറ്റലി, സ്വീഡൻ, അയർലൻഡ്, സ്പെയിൻ, നോർവേ, ന്യൂസീലൻഡ്, റൊമേനിയ, സിങ്കപ്പൂർ, ഹോങ്കോങ്, നെതർലൻഡ്, ഡെൻമാർക്ക്, ഓസ്ട്രിയ, ഫിൻലൻഡ്, യു.കെ, തുർക്കി, കാനഡ, പോളണ്ട്, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിൽനിന്നുള്ള സന്ദർശകർക്കാണ് ഈ ആനുകൂല്യമുള്ളത്.

വിവിധ രാജ്യക്കാരെ യു.എ.ഇയിലേക്ക് സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായാണ് ഡ്രൈവിങ് ലൈസൻസ് നിയമങ്ങൾ ലളിതമാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിനോദ സഞ്ചാരികൾക്കും സന്ദർശകർക്കും ഇതു സംബന്ധിച്ച നിയമാവബോധം ലഭിക്കാൻ മന്ത്രാലയം വെബ്സൈറ്റിൽ പ്രത്യേക സേവനവും ആരംഭിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യൻ ലൈസൻസുള്ള സന്ദർശകർക്കും താമസക്കാർക്കും തത്കാലം ഇളവുകളൊന്നുമില്ല. യു.എ.ഇയിൽ വാഹനമോടിക്കണമെങ്കിൽ ഡ്രൈവിങ് പരിശീലനം പൂർത്തിയാക്കി പരീക്ഷ പാസായി ലൈസൻസ് നേടണം.

ഇന്ത്യയിലെ 18 മുതൽ 30 വയസ് വരെ പ്രായമുള്ള ബിരുദധാരികളായ പൗരന്മാര്‍ക്ക് ബ്രിട്ടനില്‍ രണ്ടു വര്‍ഷം വരെ താമസിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്ന യങ് പ്രൊഫഷണൽ സ്കീം ഫെബ്രുവരി 28 ന് ആരംഭിക്കും. സ്‌കീം മൂന്നു വര്‍ഷത്തേക്കാണ് അനുവദിച്ചിരിക്കുന്നത്.

2023 മാര്‍ച്ച് മുതല്‍ പദ്ധതി പ്രാബല്യത്തില്‍ വരുമെന്നു ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷണര്‍ വിക്രം ദൊരൈസ്വാമി പറഞ്ഞു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് കഴിഞ്ഞ വര്‍ഷം പദ്ധതിയുടെ പ്രഖ്യാപനം നടത്തിയിരുന്നു.

ബാലിയില്‍ നടന്ന ജി20 ഉച്ചകോടിയില്‍ വച്ചാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. പദ്ധതി പ്രകാരം വീസയ്ക്ക് അപേക്ഷിക്കാന്‍ ജോബ് ഓഫര്‍ ആവശ്യമില്ലെന്നും എല്ലാ വർഷവും 3000 ഇന്ത്യക്കാർക്ക് വീസ അനുവദിക്കുമെന്നും സുനക് വ്യക്തമാക്കിയിരുന്നു.

ജി 20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സുനക് കൂടിക്കാഴ്ച നടത്തി മണിക്കൂറുകള്‍ക്കു ശേഷമാണ് ഈ പ്രഖ്യാപനം നടത്തിയത്. ഇത്തരമൊരു പദ്ധതിയുടെ പ്രയോജനം ലഭിക്കുന്ന ആദ്യത്തെ രാജ്യമാണ് ഇന്ത്യയെന്നും ബ്രിട്ടീഷ് സര്‍ക്കാര്‍ പറഞ്ഞിരുന്നു.

ലണ്ടൻ ∙ ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്ത എയർ ഇന്ത്യ അടിമുടി മാറ്റത്തിന് ഒരുങ്ങുന്നതായുള്ള വാർത്ത പുറത്ത്. ഒറ്റയടിക്ക് 500 പുതിയ വിമാനങ്ങൾ വാങ്ങാനുള്ള തയാറെടുപ്പിലാണ് എയർ ഇന്ത്യ എന്നാണ് പ്രമുഖ ന്യൂസ് ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ഇത് ഏവിയേഷൻ മേഖലയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കരാറാകും. ഒറ്റ കരാറിൽ 460 വിമാനങ്ങൾ വാങ്ങിയ അമേരിക്കൻ എയർലൈൻസിന്റെ റെക്കോർഡാകും എയർ ഇന്ത്യ തിരുത്തിയെഴുതുക. മാത്രമല്ല, പുതിയ വിമാനങ്ങൾ എത്തുന്നതോടെ പ്രധാന റൂട്ടുകളിലെല്ലാം പുത്തൻ എയർക്രാഫ്റ്റുകൾ സ്ഥാനം പിടിക്കുകയും ചെയ്യും. അമേരിക്കയിൽനിന്നും ബ്രിട്ടനിൽനിന്നും മറ്റു യൂറോപ്യൻ രാജ്യങ്ങളിൽനിന്നുമെല്ലാമുള്ള ദീർഘദൂര സർവീസുകൾക്ക് പുത്തൻ വിമാനങ്ങൾ ലഭിക്കുമെന്ന് ഉറപ്പാണ്.

എയർ ഇന്ത്യ കൊച്ചി, അഹമ്മദാബാദ്, ഹൈദരാബാദ്, ബാംഗ്ലൂർ ഗോവ, അമൃത്സർ എന്നിവിടങ്ങളിലേക്ക് ആഴ്ചയിൽ മൂന്നുവീതം ഡയറക്ട് സർവീസുകളും ഡൽഹി, മുംബൈ, എന്നിവടങ്ങളിലേക്ക് അധിക സർവീസും തുടങ്ങിയതിന്റെ ആഹ്ളാദത്തിലാണ് ബ്രിട്ടനിലെ ഇന്ത്യക്കാർ. ഇതിനൊപ്പം പുതിയ എയർക്രാഫ്റ്റുകളും വരുന്നു എന്ന വാർത്ത ഏറെ ആഹ്ളാദകരമാണ്.

400 നാരോ ബോഡി എയർക്രാഫ്റ്റുകളും 100 വൈഡ് ബോഡി എയർക്രാഫ്റ്റുകളും അടങ്ങുന്നതാവും കരാറെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ടു ചെയ്യുന്നത്. 2019ൽ 300 വിമാനങ്ങൾ ഒറ്റയടിക്ക് വാങ്ങാൻ ഇൻഡിഗോ കമ്പനി കരാർ നൽകിയിരുന്നു. എയർ ഇന്ത്യയുടെ കരാർ നടപ്പായാൽ ഈ റെക്കോർഡും പഴങ്കഥയാകും.  നേരിട്ടുള്ള സർവീസിനൊപ്പം പുത്തൻ വിമാനങ്ങൾകൂടി എത്തിയാൽ എമിറേറ്റ്സിനെയോ ഖത്തറിനിയോ നാട്ടിൽ പോകാനായി ഇനി യുകെ മലയാളികൾക്ക് കാത്തിരിക്കേണ്ട വരില്ല.

ലണ്ടൻ : ചാലക്കുടി ചങ്ങാത്തം ക്രിസ്മസ്, ന്യൂഇയർ 2023 ജാനുവരി 14ന് ശനിയാഴ്ച രാവിലെ 11മണി മുതൽ വൈകുന്നേരം 5 മണി വരെ വാൾസാൾ അൽഡ്രെടുജ് കമ്മ്യൂണിറ്റി ഹാളിൽ വച്ചു നടത്തുകയുണ്ടായി. സെക്രട്ടറി ഷാജു മാടപ്പിള്ളി എല്ലാവർക്കും സ്വാഗതം ആശംസിക്കുകയും, പ്രസിഡന്റ്‌ ഷീജോ മൽപ്പാൻന്റ അദ്ധ്യക്ഷ പ്രസംഗത്തോടെ പൊതു യോഗം ആരംഭിച്ചു.തുടർന്ന് ചാലക്കുടി ചങ്ങാത്തം അംഗങ്ങളുടെ, കലാപരിപാടികൾ, കുട്ടികളുടെ ഗെയിം മുതലായവ കൂട്ടായ്‌മക്ക് പുത്തൻ ഉണർവ് നൽകി.

ഫാദർ ബിജു പന്തല്ലൊക്കാരൻ ക്രിസ്മസ്, ന്യൂ ഇയർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടുർന്നുണ്ടായ യോഗത്തിൽ ഏരിയ കോ ഓർഡിനേറ്റർസ് ആയി നോട്ടിൻഹാമിൽ നിന്നുള്ള ബാബു ഔസെപ്പും, ലണ്ടനിൽ നിന്നും ഷീജോ മൽപ്പാനും, മാഞ്ചസ്റ്ററിൽ നിന്നും ജോയ് /ഷൈജിയും, ടെൽഫോഡിൽ നിന്നും ഷാജു മാടപ്പിള്ളിയും, വാൾസാളിൽ നിന്നും സൈബിൻ പാലാട്ടിയും, ബിർമിങ്ങാമിൽ നിന്നും ഷാജു ഔസപ്പും ചുമതലപ്പെടുത്തി.

മ്യൂസിക്കൽ ചെയർ മൽസരത്തിൽ ഫസ്റ്റ് എബിൻ ഷാജുവും, സെക്കന്റ്‌ ജോയൽ ജിയോയും കരസ്തമാക്കി.വിഭവ സമൃദ്ധമായ നാടൻ വിഭവങ്ങളുമായി ടെൽഫോർഡിൽ നിന്നുള്ള മാത്യുച്ചായന്റെ ലൈവ് കിച്ചൺ സർവീസ് എല്ലാവരും ആസ്വദിച്ചു. ഈ വർഷത്തെ വാർഷിക ദിനം ജൂൺ 24 ശനിയാഴ്ച 10മണി മുതൽ 7മണി വരെ വാൾസാളിൽ നടത്താൻ തീരുമാനിച്ചു. ഈ വർഷത്തെ പ്രോഗ്രാം കോ കോർഡിനേറ്ററായി ടാൻസി പാലാട്ടി, ഷൈബി ബാബു, സിനി ബിജു എന്നിവരെ തിരഞ്ഞെടുത്തു. ട്രഷറർ ദീപ ഷാജു എല്ലാവർക്കും നന്ദി അർപ്പിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഭാരവാഹികളുമായി ബന്ധപ്പെടുക.

പ്രസിഡന്റ് ഷീജോ മൽപ്പാൻ, ലണ്ടൻ, 07421264097.
സെക്രട്ടറി ഷാജു മാടപ്പിള്ളി, ടെൽഫോഡ്
07456417678.
ട്രെഷറർ ദീപ ഷാജു, ബിർമിഹാം, 07896553923.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലിവർപൂളിൽ താമസിക്കുന്ന ജോർജ് ജോസഫ് തൊട്ടുകടവിലിൻെറ സഹോദരൻ സെബാസ്റ്റ്യൻ ജോസഫ് (42) നിര്യാതനായി. ദുബായിൽ ജോലി ചെയ്‌തിരുന്ന സെബാസ്റ്റ്യൻ ഹൃദയാഘാതം മൂലമാണ് മരണമടഞ്ഞത്. പരേതൻ ചങ്ങനാശ്ശേരി അതിരൂപതയിലെ കാവാലം നോർത്ത് സെൻ്റ് ജോസഫ് പള്ളി ഇടവകയിലെ തോട്ടുകടവിൽ കുടുംബാംഗമാണ്. ഭാര്യ റിൻസി. പത്തും ആറും മൂന്നും വയസ്സുള്ള മൂന്ന് കുട്ടികളാണ് പരേതനുള്ളത്.

മൃതസംസ്കാര ശുശ്രൂഷകൾ ജനുവരി 19, വ്യാഴാഴ്ച്ച 2.00 ന് കാവാലം നോർത്ത് സെൻ്റ് ജോസഫ് പള്ളിയിൽ നടത്തപ്പെടും.

സെബാസ്റ്റ്യൻ ജോസഫിൻെറ നിര്യാണത്തിൽ മലയാളി യുകെ ന്യൂസിന്റെ അനുശോചനം ബന്ധുമിത്രാദികളെ അറിയിക്കുന്നു.

ഷിബു മാത്യൂ. മലയാളം യുകെ.
ഭക്തിയില്‍ നിറഞ്ഞ് കുറവിലങ്ങാട്!
മൂന്ന് നോമ്പ് തിരുനാള്‍!
പരിശുദ്ധ ദൈവമാതാവ് സ്ഥാനനിര്‍ണ്ണയം നടത്തിയ കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം അര്‍ക്ക ദിയാക്കോന്‍ തീര്‍ത്ഥാടന ദൈവാലയത്തിലെ പ്രധാന തിരുനാളായ മൂന്ന് നോമ്പ് തിരുനാള്‍ 2023 ജനുവരി 30, 31, ഫെബ്രുവരി 1 തീയതികളില്‍ ഭക്ത്യാദരപൂര്‍വ്വം ആചരിക്കുകയാണ്. ചങ്ങനാശ്ശേരി അതിരൂപത ഉള്‍പ്പെടെ കേരളത്തിലെ വിവിധ രൂപതകളിലെ അഭിവന്ദ്യ പിതാക്കന്മാര്‍ ഇത്തവണ മൂന്ന് നോമ്പ് തിരുനാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കും. പതിവിലും വിപരീതമായി അത്യധികം ഭക്ത്യാദരങ്ങളോടെയാണ് ഈ വര്‍ഷത്തെ തിരുനാള്‍ ക്രമീകരിച്ചിരിക്കുന്നത്.

മൂന്ന് നോമ്പ് തിരുനാളിനെ തുടര്‍ന്ന് ദേശത്തിരുനാളും വിശുദ്ധ സെബസ്ത്യാനോസിന്റെ മാദ്ധ്യസ്ഥം തേടി പത്താം തീയതി തിരുനാളും 2023 ഫെബ്രുവരി 12 മുതല്‍ 19 വരെ തീയതികളില്‍ ആചരിക്കുന്നു. അവിഭക്ത നസ്രാണി സഭയ്ക്ക് നേതൃത്വം നല്‍കിയിരുന്നവരും സഭയ്ക്ക് അഭിമാന ഭാജനങ്ങളുമായ അര്‍ക്കദിയാക്കോന്മാര്‍ അന്തിയുറങ്ങുന്ന പകലോമറ്റം തറവാടുപള്ളിയില്‍ സഭൈക്യ വാരം 2023 ജനുവരി 22 മുതല്‍ 28 വരെ തീയതികളിലാണ്. സഭൈക്യ വാരാചരണത്തിന്റെ സമാപന ദിനമായ ജനുവരി 28ന് അര്‍ക്കദിയാക്കോന്മാരുടെ ശ്രാദ്ധവും നടത്തപ്പെടുന്നു. മൂന്ന് നോമ്പ് തിരുനാളിലും തിരുക്കര്‍മ്മങ്ങളിലും പങ്ക് ചേര്‍ന്ന് അനുഗ്രഹം പ്രാപിക്കാന്‍ എല്ലാവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി ആര്‍ച്ച് പ്രീസ്റ്റ് ഡോ. അഗസ്റ്റിന്‍ കൂട്ടിയാനിയില്‍ അറിയ്ച്ചു.

മൂന്ന് നോമ്പ് തിരുന്നാളിന്റെ വിശദമായ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

 

ബിനോയി ജോസഫ്
ബ്രിട്ടണിൽ ജോലി ചെയ്യുന്ന ഹെൽത്ത് വർക്കേഴ്സിന് പെർമനൻ്റ് റസിഡൻസിയ്ക്ക് അപേക്ഷിക്കുന്നതിനുള്ള ഭീമമായ ഫീസിൽ കുറവു വരുത്തണമെന്ന് ആവശ്യപ്പെടുന്ന ഇ – പെറ്റീഷൻ ബ്രിട്ടീഷ് പാർലമെൻ്റ് ചർച്ച ചെയ്യും. ജനുവരി 30 തിങ്കളാഴ്ച വൈകുന്നേരം 4.30 നാണ് പാർലമെൻ്റ് പെറ്റീഷൻസ് കമ്മിറ്റി ഈ വിഷയം പരിഗണിക്കുന്നത്. എം.പിയായ റ്റോണിയ അൻ്റോണിയാസി ഇതിനു നേതൃത്വം നല്കും.  യുകെയിൽ ഭാവിയിൽ പി ആറിന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഇക്കാര്യത്തിൽ അഭിപ്രായം രേഖപ്പെടുത്താനുള്ള സുവർണാവസരം ഇതിൽ പാർലമെൻ്റ് പെറ്റീഷൻസ് കമ്മിറ്റി നൽകിയിട്ടുണ്ട്. ജനുവരി 13 ന് പബ്ളിഷ് ചെയ്തിരിക്കുന്ന സർവേ ലിങ്കിലുള്ള  ചോദ്യങ്ങൾക്ക് നല്കുന്ന പ്രതികരണം  എം.പിമാരുടെ കമ്മിറ്റി പരിഗണിക്കും. ജനുവരി 18 ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് സർവേ അവസാനിക്കും. ഇക്കാര്യങ്ങൾ ക്രോഡീകരിച്ചുള്ള ഒരു ചർച്ചയാകും പാർലമെൻറിൽ നടക്കുന്നത്. പുതിയതായി യുകെയിലേയ്ക്ക് കുടിയേറിയ മലയാളികൾ അടക്കമുള്ളവർക്ക് ഭാവിയിൽ പ്രയോജനം ചെയ്യുന്ന ഒരു പ്രധാന കാര്യമാണ് ബ്രിട്ടീഷ് പാർലമെൻ്റ് ചർച്ചയ്ക്ക് എടുക്കുന്നത്. പ്രധാന തീരുമാനങ്ങൾ എടുക്കുന്നതിനു മുമ്പ് പൊതുജനങ്ങൾക്ക് കാര്യകാരണ സഹിതം വാദങ്ങൾ ഉന്നയിക്കാനുള്ള സുവർണാവസരം നൽകുകയെന്ന മഹത്തായ പാരമ്പര്യമാണ് ബ്രിട്ടൻ പിന്തുടരുന്നത്. 30,000 ലേറെപ്പേർ പങ്കെടുത്ത കൺസൾട്ടേഷനിലൂടെ ഐ ഇ എൽ ടി എസ് സ്കോർ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ എൻഎംസി തീരുമാനിച്ചത് ഇതിനൊരു ഉദാഹരണമാണ്.

സർവേയിൽ പേരോ ഈ മെയിൽ അഡ്രസോ നൽകേണ്ടതില്ല. സർവേയിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ ചുരുക്കം പാർലമെൻറിൻ്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും എം.പിമാരുമായി ഷെയർ ചെയ്യുകയും ചെയ്യും. മൂന്നും അഞ്ചും ചോദ്യങ്ങളിൽ പി ആർ ഫീസ് എന്തുകൊണ്ട് കുറയ്ക്കണമെന്ന വാദമുഖങ്ങൾ ഇംഗ്ലീഷിൽ ടൈപ്പ് ചെയ്ത് നൽകാവുന്നതാണ്. യുകെയിലേയ്ക്ക് കുടിയേറിയിരിക്കുന്നവരിൽ ഭൂരിഭാഗവും പി ആറിന് അപേക്ഷിക്കുമ്പോൾ, ഡിപ്പൻഡൻ്റായിട്ടുള്ളവർക്കും ഇത്രയും ഉയർന്ന ഫീസ് നൽകേണ്ടി വരുന്നത് വൻ സാമ്പത്തിക ഭാരം ഉണ്ടാക്കുമെന്നതും ഇതുകൂടാതെ വിസാ അപ്പോയിൻ്റ്മെൻറ് ഫീസ്, ഫാസ്റ്റ് ട്രാക്കിംഗ് ഫീസ്, ലൈഫ് ഇൻ ദി യുകെ ടെസ്റ്റ് ഫീസ്, ഇംഗ്ലീഷ് ടെസ്റ്റ് ഫീസ് എന്നിവയും യുകെയിലെ ഉയർന്ന ജീവിതച്ചെലവ്, ഇൻഫ്ളേഷൻ എന്നിവയടക്കമുള്ള വാദങ്ങളും നിരത്താൻ കഴിയും. ഇപ്പോഴത്തെ പി ആർ അപേക്ഷ നിരക്ക് 2404 പൗണ്ടാണ്. ഇതനുസരിച്ച് നാലുപേരുള്ള ഒരു കുടുംബത്തിന് പി ആർ ലഭിക്കാൻ 9616 പൗണ്ട് ഫീസായി നൽകണം. ഇതു പോലെയുള്ള ഉദാഹരണങ്ങളും സർവേയിൽ ഉൾപ്പെടുത്താവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട ഇ- പെറ്റീഷൻ തയ്യാറാക്കിയ സമയത്തെ ഡാറ്റാ പ്രകാരം പി ആർ ആപ്ളിക്കേഷൻ പ്രോസസ് ചെയ്യാൻ ഹോം ഓഫീസിന് വരുന്ന ചെലവ് 243 പൗണ്ടായിരുന്നു. നവംബർ 2022 ലെ നിരക്കനുസരിച്ച് ഇതിപ്പോൾ 491 പൗണ്ടാണ്. അതായത് അഡ്മിനിസ്ട്രേറ്റീവ് ചെലവിൻ്റെ അഞ്ചിരട്ടിയോളമാണ് നിലവിൽ ഫീസായി ഈടാക്കുന്നത്. ഇക്കാര്യം അഞ്ചാമത്തെ ചോദ്യത്തിന് മറുപടിയായി നൽകാൻ കഴിയും. ബ്രിട്ടണിൽ ജോലി ചെയ്യുന്ന എല്ലാവരെയും പോലെ തന്നെ ടാക്സും നാഷണൽ ഇൻഷുറൻസും നൽകുന്ന ഹെൽത്ത് സെക്ടറിലുള്ളവരുടെ പി ആർ അപേക്ഷയ്ക്ക് ഇത്രയും ഉയർന്ന ഫീസ് ഈടാക്കുന്നത് നീതീകരിക്കാവുന്നതല്ലെന്ന് സ്ഥാപിച്ചെടുക്കാൻ കഴിഞ്ഞാൽ തീർച്ചയായും ഇക്കാര്യത്തിൽ മാറ്റമുണ്ടാവും. കൂടാതെ പി ആർ ലഭിക്കുന്നതു വരെ പബ്ളിക് ഫണ്ടുകൾ പ്രയോജനപ്പെടുത്താൻ സാധിക്കുകയില്ലെന്ന നിബന്ധനയും വിസയിൽ പറഞ്ഞിട്ടുണ്ടെന്നതും എടുത്തു പറയാവുന്നതാണ്. അഞ്ചു വർഷം ഫുൾ ടൈം ജോലി ചെയ്തതിനു ശേഷം ആർജിച്ചെടുക്കുന്ന പി ആർ എന്ന അവകാശം ഔദ്യോഗിക രേഖയാക്കുമ്പോൾ അപേക്ഷകരെ സാമ്പത്തിക ബുദ്ധിമുട്ടിലാക്കുന്ന നയം ഗവൺമെൻ്റ് തിരുത്തണമെന്ന വാദവും ഉന്നയിക്കാവുന്നതാണ്.

പെർമനൻ്റ് റെസിഡൻസിയ്ക്കുള്ള അപേക്ഷാ ഫീസ് കുറയ്ക്കണമെന്നാവശ്യപ്പെട്ട് മലയാളി നഴ്സ് തുടങ്ങിയ ഇ – പെറ്റീഷൻ 34,392 പേർ ഒപ്പുവച്ചിട്ടുണ്ട്. 10,000 ഒപ്പുകൾ എന്ന ടാർജറ്റ് കഴിഞ്ഞപ്പോൾ ഹോം ഓഫീസ് ഇതിൽ പ്രതികരിച്ചിരുന്നു. ലൂട്ടണിൽ താമസിക്കുന്ന മലയാളി നഴ്സായ മിക്ടിൻ ജനാർദ്ദനൻ പൊൻമലയാണ് ബ്രിട്ടണിലെ ഏറ്റവും ജനാധിപത്യപരമായ പബ്ളിക് റെസ്പോൺസ് സിസ്റ്റമായ ഇ – പെറ്റീഷനിലൂടെ എൻഎച്ച്എസിലെ ഹെൽത്ത് കെയർ വർക്കേഴ്സിനായി സുഹൃത്തുകളുടെ പിന്തുണയോടെ പോരാട്ടത്തിനിറങ്ങിയത്. പൊതുജന താത്പര്യമുള്ള വിഷയങ്ങളാണ് ഇ – പെറ്റീഷനിലൂടെ ഗവൺമെൻ്റിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ കഴിയുന്നത്. വിഷയത്തിൻ്റെ ഹ്രസ്വമായ വിവരണം ഇ – പെറ്റീഷൻ കമ്മിറ്റിയ്ക്ക് സമർപ്പിക്കുകയാണ് ആദ്യമായി ചെയ്യുന്നത്. ബ്രിട്ടണിൽ താമസക്കാരായ ആർക്കും ഇ – പെറ്റീഷൻ തുടങ്ങാം. ഇ – പെറ്റീഷൻ കമ്മിറ്റി അപ്രൂവ് ചെയ്ത് കഴിഞ്ഞാൽ സോഷ്യൽ മീഡിയയിലൂടെ ക്യാമ്പയിൻ നടത്താം. ഇത് തികച്ചും നിയമപരമായ കാര്യമാണ്. ഇതിൽ ഒപ്പുവയ്ക്കുന്നത് ഒരിക്കലും ഗവൺമെൻ്റിനെതിരായ നടപടിയല്ല.

പൊതുജനാവശ്യങ്ങൾ ഗവൺമെൻ്റിൻ്റെ സത്വര ശ്രദ്ധയിൽ കൊണ്ടുവരാൻ ഗവൺമെൻ്റ് തന്നെ നല്കിയിരിക്കുന്ന മാർഗമാണ് ഇ – പെറ്റീഷനുകൾ. ഇതിൽ ഒപ്പുവയ്ക്കുന്നത് ജോലിയ്ക്കോ ഭാവിയിലെ വിസാ ആപ്ളിക്കേഷനുകൾക്കോ ഒരു തടസവും ഉണ്ടാക്കുകയില്ല. ഇൻഡെഫിനിറ്റ് ലീവ് ടു റിമെയ്ന് അപേക്ഷിക്കുമ്പോൾ ഒരാൾക്ക് 2396 പൗണ്ടാണ് ഹോം ഓഫീസ് ഈടാക്കുന്നത്. നാല് പേരടങ്ങുന്ന ഒരു കുടുംബം അപേക്ഷിക്കുമ്പോൾ ആകെ തുക 10,000 പൗണ്ട് കടക്കും. വിസാ ഫീസിന് പുറമേ വിസാ അപ്പോയിൻ്റ്മെൻറ് ഫീസ്, ആപ്ളിക്കേഷൻ ഫാസ്റ്റ് ട്രാക്കിംഗ് ഫീസ് തുടങ്ങിയവ വേറെയും. യുകെയിൽ പുതുതായി എത്തുന്ന ഒരു നഴ്സിന് ഏകദേശം 25,000 പൗണ്ടോളമേ ശമ്പളം കിട്ടുന്നുള്ളൂ. ഇവിടെ അഞ്ച് വർഷം പൂർത്തിയാക്കിക്കഴിയുമ്പോൾ ശമ്പളം അല്പം കൂടി കൂടിയേക്കാം. എന്നാൽ ടാക്സും നാഷണൽ ഇൻഷുറൻസും റെൻ്റും മറ്റു ജീവിതച്ചിലവുകളും കഴിയുമ്പോൾ മിച്ചം വയ്ക്കാൻ കാര്യമായൊന്നും ഉണ്ടാവില്ല. അതിനൊപ്പം ഭീമമായ വിസാ ഫീസ് ഈടാക്കുന്നത് കുറയ്ക്കണമെന്നാണ് മിക്ടിൻ ഇ – പെറ്റീഷനിൽ ആവശ്യപ്പെട്ടിരുന്നത്. പെർമനൻ്റ് റെസിഡൻസി ആപ്ളിക്കേഷൻ പ്രോസസ് ചെയ്യുന്നതിന് 243 പൗണ്ട് മാത്രമേ ഹോം ഓഫീസിന് ചിലവുള്ളൂ.

ബ്രിട്ടീഷ് ആംഡ് ഫോഴ്സസിൽ ജോലി ചെയ്യുന്ന ഓവർസീസ് സിറ്റിസൺസിൻ്റെ വിസാ ആപ്ളിക്കേഷൻ ഫീയിൽ ഹോം ഓഫീസ് ഇളവ് നല്കിയിരുന്നു. വളരെ നാളുകൾ നീണ്ടു നിന്ന ആ ക്യാമ്പയിനിൻ്റെ വിജയം എൻഎച്ച്എസിലെ ഹെൽത്ത് കെയർ വർക്കേഴ്സിനായുള്ള ഈ നീക്കത്തിനും ഊർജം പകരുന്നതാണ്. എൻഎച്ച്എസിലെ ഹെൽത്ത് കെയർ വർക്കേഴ്സും അവരുടെ കുടുംബാംഗങ്ങളും യുകെയിൽ നിലവിൽ പെർമനൻ്റ് റസിഡൻസി ലഭിച്ചിട്ടുള്ളവരും സിറ്റിസൺഷിപ്പ് നേടിയവരും വിവിധ മലയാളി സംഘടനകളും കൂട്ടായി പരിശ്രമിച്ചാൽ പി ആർ ഫീസ് കുറയ്ക്കാനുള്ള പോരാട്ടം ഫലപ്രാപ്തിയിലെത്തും.

ബ്രിട്ടീഷ് പാർലമെൻ്റിൻ്റെ ഈ സർവേയിൽ പങ്കെടുക്കുന്നതിനും അഭിപ്രായം രേഖപ്പെടുത്തുന്നതിനും താഴെയുള്ള ലിങ്കിൽ ക്ളിക്ക് ചെയ്യുക. കൂടാതെ മറ്റുള്ളവർക്കും ഇതിൻ്റെ ലിങ്ക് ദയവായി ഷെയർ ചെയ്യുക.

പി ആർ ഫീസ് കുറയ്ക്കണമെന്ന പെറ്റീഷനിൽ പാർലമെൻ്റ് സർവേ. ഡെഡ് ലൈൻ ജനുവരി 18. അടിയന്തിരമായി അഭിപ്രായം രേഖപ്പെടുത്തൂ.

ഈ ലിങ്കിൽ ക്ലിക്ക് ചെയ്‌ത്‌ നിങ്ങളുടെ അഭിപ്രായം രേഖപെടുത്താം

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

രാജപുരം: ഒടയംചാല്‍ ചെമ്പകത്തടത്തില്‍ ഏലിയാമ്മ ജോസഫ് (92) നിര്യാതയായി. മൃതസംസ്‌കാരം നാളെ (ഞായറാഴ്ച- 15/01/23) വൈകു. 4 മണിക്ക് ഒടയംചാല്‍ സെന്റ് ജോര്‍ജ്ജ് ദേവാലയത്തില്‍. മക്കള്‍: പരേതനായ ജോസ് , ആലി അഞ്ചുകണ്ടത്തില്‍ (മാലക്കല്ല്), മേരികുട്ടി പടേട്ട് (മടമ്പം), ലിസ്സി മുകളേല്‍ (അലക്‌സ് നഗര്‍), സണ്ണി (അബുദാബി), തങ്കച്ചന്‍, ലാലി താവളത്തില്‍ (കണ്ണൂര്‍), ജെസ്സി തറപ്പുതൊട്ടി (ചുള്ളിക്കര), റെജി അരീകുന്നേല്‍ (വെള്ളോറ), നിഷ പുല്ലുവട്ടത്ത് (യു.കെ).

മരുമക്കള്‍: മേരി, ജോസ് അഞ്ചുകണ്ടത്തില്‍ മാലക്കല്ല്, പരേതനായ ജെയിംസ് പടേട്ട് മടമ്പം, പരേതനായ തോമസ് മുകളേല്‍ അലക്‌സ്‌നഗര്‍, സൂസന്‍, ബീന, പൗലോസ് താവളത്തില്‍ (കണ്ണൂര്‍), ബേബി തറപ്പുതൊട്ടിയില്‍ (ചുള്ളിക്കര), ബേബി അരീകുന്നേല്‍ (വെള്ളോറ), ബിനോയി പുല്ലുവട്ടത്ത് (യു.കെ).

ബ്രിട്ടണില്‍ കൊല്ലപ്പെട്ട മലയാളി നഴ്സ് അഞ്ജുവിന്റേയും മക്കളായ ജാന്‍വി, ജീവ എന്നിവരുടേയും മൃതദേഹങ്ങള്‍ നാട്ടിലെത്തി. ഇന്ന് രാവിലെ 8.05-നെത്തുന്ന എമിറേറ്റ്സ് വിമാനത്തിലാണ് മൃതദേഹം കൊണ്ടുവന്നത്.

വിമാനത്താവളത്തിലെ നടപടിക്രമങ്ങള്‍ക്ക് ശേഷമായിരിക്കും മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങുക. അഞ്ജുവിന്റെ സഹപ്രവര്‍ത്തകനായ മനോജാണ് മൃതദേഹങ്ങള്‍ക്കൊപ്പം അനുഗമിക്കുന്നത്.

മൃതദേഹങ്ങള്‍ ഏറ്റുവാങ്ങുന്നതിനായി അഞ്ജുവിന്റെ ജന്മനാട്ടിലെ ജനപ്രതിനിധികളടക്കമുള്ളവര്‍ വിമാനത്താവളത്തില്‍ എത്തിയിട്ടുണ്ട്. മൂന്ന് ആംബുലന്‍സുകളിലായാണ് കൊണ്ടുപോകുന്നത്. ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്കാണ് അഞ്ജുവിന്റേയും മക്കളുടേയും സംസ്കാരം.

ഒരാഴ്ച മുന്‍പായിരുന്നു മൃതദേഹങ്ങള്‍ ബ്രിട്ടീഷ് പൊലീസ് ഫ്യുണറല്‍ ഡയറക്ടേഴ്സിന് കൈമാറിയത്. കെറ്ററിങ്ങില്‍ പൊതുദര്‍ശനത്തിന് വച്ചിരുന്നു. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനായി 30 ലക്ഷത്തോളം രൂപയാണ് ആവശ്യമായി വന്നത്.

കഴിഞ്ഞ ഡിസംബര്‍ 15-നായിരുന്നു ബ്രിട്ടണിലെ കെറ്ററിങ്ങില്‍ വച്ച് ഭര്‍ത്താവ് സാജു അഞ്ജുവിനേയും മക്കളേയും കൊലപ്പെടുത്തിയത്. ശ്വാസം മുട്ടിച്ചാണ് സാജു കൊലപാതകം നടത്തിയതെന്നാണ് ബ്രിട്ടീഷ് പൊലീസ് അഞ്ജുവിന്റെ കുടുംബത്തെ അറിയിച്ചത്.

ഷോള്‍ അല്ലെങ്കില്‍ കയറായിരിക്കണം കഴുത്തു ഞെരിക്കാന്‍ ഉപയോഗിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. അഞ്ജുവിന്റെ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നതായും പൊസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രിട്ടീഷ് പൊലീസിന്റെ കസ്റ്റഡിയിലുള്ള സാജുവിന്റെ വിചാരണ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് വിവരം.

കൂട്ടക്കൊലയില്‍ തുടരന്വേഷണത്തിനായി രണ്ടംഗ ബ്രിട്ടിഷ് പൊലീസ് സംഘം കേരളത്തിലെത്തും. കേസന്വേഷണത്തിനു നേതൃത്വം നല്‍കുന്ന പൊലീസ് ഉദ്യോഗസ്ഥരില്‍ ഒരാളും നോര്‍ത്താംപ്റ്റണ്‍ഷെയര്‍ പൊലീസിലെ ചീഫ് ഇന്‍വവെസ്റ്റിഗേഷന്‍ ഓഫിസറുമാണ് കേരളത്തിലേക്ക് എത്തുന്നത്.

അഞ്ജുവിന്റെയും കുട്ടികളുടെയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് എത്തിക്കുന്നതിനൊപ്പം എത്താനിരുന്ന ഇരുവരും അവസാന നിമിഷം ഹോം ഓഫിസിന്റെ ചില ക്ലിയറന്‍സുകള്‍ കിട്ടാതിരുന്നതിനാല്‍ യാത്ര മാറ്റിവയ്ക്കുകയായിരുന്നു. എന്നാല്‍ ഹോം ഓഫിസിന്റെ അന്തിമ അനുമതി ലഭിച്ചാലുടന്‍ ഇരുവരും കേരളത്തില്‍ എത്തുമെന്നാണു വിവരം.

വനിത ഐപിഎൽ ഫ്രാഞ്ചൈസിയിൽ താല്പര്യം പ്രകടിപ്പിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഉടമകളായ ഗ്ലേസേഴ്സ് കുടുംബം. ഐഎൽടി20 ദുബായിയിൽ ഡെസേര്‍ട് വൈപ്പേഴ്സിന്റെ ഉടമകള്‍ കൂടിയാണ് ഗ്ലേസേഴ്സ് കുടുംബം.

ഐഎൽടി20യിൽ പങ്കാളിത്തം ഉറപ്പാക്കിയതോടെ ക്രിക്കറ്റിലെ മറ്റ് സാധ്യതകളും നോക്കുന്നുണ്ട് അതിൽ വനിത ഐപിഎലും ഉള്‍പ്പെടുന്നുവെന്നാണ് ഡെസേര്‍ട് വൈപ്പേഴ്സിന്റെ സിഇഒ ആയ ഫിൽ ഒളിവര്‍ വ്യക്തമാക്കിയത്.

എന്നാൽ ഇതിനുള്ള ടെണ്ടര്‍ വാങ്ങിയോ എന്നത് വ്യക്തമാക്കുവാന്‍ അദ്ദേഹം തുനിഞ്ഞില്ല. ആ വിശദാംശങ്ങള്‍ തനിക്കിപ്പോള്‍ പുറത്ത് വിടാനാകില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.

RECENT POSTS
Copyright © . All rights reserved