UK

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : യുകെയിൽ ദുരന്തമായി വീശിയടിച്ച യൂനിസ് കൊടുങ്കാറ്റ്, ഒരു മലയാളി യുവാവിന്റെയും ജീവൻ അപഹരിച്ചാണ് മടങ്ങിയെതെന്ന വാർത്ത ഞെട്ടിക്കുന്നതാണ്. കപ്പൽ ജീവനക്കാരനായ എറണാകുളം സ്വദേശി നിഖിൽ അലക്സ് (32) ആണ് മരണപ്പെട്ടത്. കപ്പല്‍ വലിച്ചു കെട്ടിയ കയര്‍ പൊട്ടി വീണാണ് അപകടം. ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നര്‍ കപ്പലുകളില്‍ ഒന്നായ എവര്‍ ഗ്രേഡ് കപ്പല്‍ യുകെയില്‍ കൊടുങ്കാറ്റിനെ തുടര്‍ന്ന് നങ്കൂരമിട്ട വേളയിലാണ് അതിദാരുണ സംഭവം ഉണ്ടായത്.

ശക്തമായ കൊടുങ്കാറ്റിനെ തുടർന്ന് ഫെബ്രുവരി 18നാണ് എവര്‍ ഗ്രേഡ് ഫെലിക്‌സിസ്റ്റോവ് പോര്‍ട്ടില്‍ നങ്കൂരമിട്ടത്. അന്ന് ഉച്ചയ്ക്ക് ശേഷമാണ് അപകടം ഉണ്ടായത്. വടം പൊട്ടിവീണ് തലയ്ക്കു മാരകമായി പരിക്കേറ്റ നിഖില്‍ അലക്‌സിനെ ഉടന്‍ എയര്‍ ലിഫ്റ്റ് ചെയ്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ജപ്പാനിലെ സണ്‍ ലൈന്‍ കമ്പനിയുടെ ഉടമസ്ഥതതയില്‍ ഉള്ളതാണ് ഈ ചരക്കു കപ്പല്‍. അപകടമുണ്ടായ സാഹചര്യത്തെക്കുറിച്ച് കപ്പല്‍ കമ്പനി അധികൃതര്‍ അന്വേഷണം നടത്തുന്നുണ്ട്. കപ്പൽ, കടൽ വിശേഷങ്ങളെല്ലാം സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്ന ആളായിരുന്നു നിഖിൽ. കടലിലെ മഞ്ഞുപാളിയില്‍ നടക്കുന്നത് ഉള്‍പ്പെടെയുള്ള സാഹസിക ചിത്രങ്ങൾ നിഖിൽ പങ്കുവെച്ചിട്ടുണ്ട്.

നിഖിലിന്റെ മരണത്തിൽ മലയാളംയുകെ ന്യൂസിൻെറ അനുശോചനം രേഖപ്പെടുത്തുന്നു.

ജോസ്‌ന സാബു സെബാസ്റ്റ്യൻ

നീണ്ട ഒരു കൊറോണ ഇടവേളയ്ക്ക് ശേഷം സൗത്തെന്റിലെ സ്ത്രീകൾ സൗത്ത് എൻഡ് മലയാളി അസോസിയേഷൻ സംഘ ടിപ്പിച്ച പരിപാടിയിൽ ആട്ടവും പാട്ടും അന്താക്ഷരിയുമായി ഒത്തു കൂടി സന്തോഷം പങ്കിട്ടു ….

ഞങ്ങൾക്കെല്ലാം ഇന്ന് പൂമുഖ വാതിക്കൽ സ്നേഹം വിടർത്താൻ സമയമില്ല ….
കാരണം ഇന്ന് കുടുംബത്തിലെ ദുഃഖത്തിന്റെ മുള്ളുകൾ എടുത്തു കളയാൻ ഞങ്ങളും കൂടി അധ്വാനിക്കേണ്ടതുണ്ട് …
എങ്കിലും കാര്യത്തിൽ മന്ത്രിയും കർമത്തിൽ ദാസിയും രൂപത്തിൽ കഴിയാവുന്നത്ര ലക്ഷ്മിയും അകാൻ ശ്രമിക്കുന്നവരാണ് ഞങ്ങൾ …
ഈ ലക്ഷ്മി ഭാവം പൂർണമായി കളയാതിരിക്കാൻ ഞങൾ ഞങ്ങളെത്തന്നെ ബൂസ്റ്റപ്പ് ചെയ്യാൻ ഇടയ്ക്കിടെ ഈ കണ്ടുമുട്ടലുകൾ കളികൾ ചിരികൾ എല്ലാം ആവശ്യമാണ് ….

പെണ്ണെന്നും അപലകളാണ് എലകളാണ് ഇരകളാണ് എന്നൊക്കെ ആരോ പറഞ്ഞ പഴമൊഴിയിൽ പലവട്ടം തട്ടിവീണിട്ടുള്ളവരാണ് ഞങ്ങൾ പെണ്ണുങ്ങൾ . അതെ അത്രമാത്രം മൂർച്ചയുണ്ടായിരുന്നു ആ വാക്കുകൾക്ക് .

എന്നാൽ കുറച്ചു വൈകിയാണെങ്കിലും ഞങ്ങളാ പഴങ്കഥകളൊക്കെ ശുദ്ധ നുണയാണെന്ന് മനസിലാക്കി . ഞങ്ങളെ ഞങ്ങൾ തന്നെ പലതരത്തിൽ അണിയിച്ചൊരുക്കി മുന്നേറുന്നു.
ഒരു സ്ത്രീ മനുഷ്യവർഗ്ഗത്തിന്റെ പുഷ്പം പോലെയാണ്. വേരില്ലാതെ ചെടിയില്ല, പക്ഷേ പൂവില്ലാതെ ജീവിതത്തിൽ നിലനിൽപ്പില്ല .

അതെ ആ പുഷ്പം ഓരോ കുടുംബത്തിലും അനിവാര്യമാണ് . എന്നാൽ ഇക്കാലത്ത്, സ്ത്രീകൾ പുരുഷന്മാരെപ്പോലെയാകാൻ തീവ്രമായി ശ്രമിക്കുന്നു, കാരണം പുരുഷനെപ്പോലെയായാൽ പൂർണതയായി എന്നവൾ വിശ്വസിക്കുന്നു . ഉടുവസ്ത്രം വികൃതമാക്കുന്നതിലും പുരുഷനെപ്പോലെ സംസാരിക്കുന്നതിലുമൊക്കെ അവൾ തൃപ്തി കണ്ടെത്തുന്നു . എന്നാൽ സ്ത്രീ ജീവിതം മനോഹരമാകണമെങ്കിൽ, ഒരു സ്ത്രീ സമൂഹത്തിൽ അവളുടെ ശരിയായ സ്ഥാനം കണ്ടെത്തണം. അവൾ അവളായി തന്നെ നിന്ന് പ്രശോഭിക്കണം.

അതിനായി ജീവിതത്തിന്റെ സ്‌ത്രൈണ വശങ്ങളായ സംഗീതം, കല, സൗന്ദര്യശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, ശാസ്ത്രം, സാങ്കേതികവിദ്യ എന്നിവ അടങ്ങിയ ഒരു സ്ത്രീ സമൂഹത്തെ നാം സൃഷ്ടിക്കേണ്ടതുണ്ട്.

പണ്ടുള്ളവർ അവളുടെ സുരക്ഷയ്ക്കായി അവളെ വീട്ടിൽ തന്നെ ഒതുക്കിനിർത്താൻ തുടങ്ങി. സുരക്ഷയ്‌ക്കായി ചെയ്‌തത് പിന്നീടൊരു സാധാരണ സമ്പ്രദായമായി മാറി. ആ സമ്പ്രദായം പാടെ മാറ്റാൻ ഇന്ന് കാലം അതിക്രമിച്ചിരിക്കുന്നു . കാരണം സമൂഹത്തിൽ പുരുഷനും സ്ത്രീയും തുല്യ അനുപാതത്തിൽ ഉണ്ടായിരിക്കുക എന്നത് വളരെ പ്രധാനമാണ്. പൂക്കാൻ കഴിയാത്ത ഒരു വേരോ ചെടിയോ സ്വാഭാവികമായും വിഷാദാവസ്ഥയിലാകുന്നു. സ്ത്രീ അവളിലെ ആത്മാവടങ്ങിയ സ്ത്രൈണത പ്രകടിപ്പിക്കുന്നില്ലെങ്കിൽ, അത് തികച്ചും ഒരു സമൂഹത്തിനെ പ്രത്യേകിച്ച് പുരുഷനെ വിഷാദത്തിലേക്ക് നയിക്കാൻ കാരണമാകും .

If the feminine does not find expression, it will lead to depression. An absolutely masculine mind becomes dark, morbid, and depressed. This is what you see in the world today, particularly in the West.

ഉയർന്നതോതിലുള്ള വിവാഹ ബന്ധ വേർപിരിയലുകളും, സ്വാതന്ത്രത്തിനു വേണ്ടിയുള്ള ഒച്ചകളുമൊക്കെ പലതരത്തിൽ പാശ്ചാത്യ രാജ്യങ്ങളിൽ കൊട്ടി ആഘോഷിക്കപ്പെടുന്നുണ്ടെങ്കിലും അവിടെ
മനുഷ്യ മനസ്സ് പലതരത്തിൽ ഇരുണ്ടതും രോഗാതുരവും വിഷാദവുമാണ് എന്നതിന് നമുക്ക് പലർക്കും അറിയാത്ത നല്ല വ്യക്തമായ തെളിവുകൾ ഉണ്ട് . ഇന്ന് കൂടുതൽ ആണുങ്ങളും സ്വയംവർഗ രതിയിലേക്കും chemsex ലേക്കുമൊക്കെ പോകാനുള്ള പ്രധാന കാരണവും ഇവിടെ പെണ്ണുങ്ങളുടെ സ്ത്രൈണസൗന്ദര്യം നഷ്ടപ്പെടുത്തി എന്നത് തന്നെയാണ് .

സ്ത്രീകൾക്കായി മാറ്റിവയ്ക്കപ്പെട്ട ഈ ദിവസത്തിൽ എനിക്കൊന്നേ പറയാനുള്ളു, നിങ്ങളുടെ പെരുമാറ്റങ്ങളിലൂടെ, നടപ്പിലൂടെ നിങ്ങൾ നിങ്ങളിലെ സ്ത്രൈണ ഭാവം നഷ്ടപെടുത്തിയിട്ടുണ്ടെങ്കിൽ പുറമെ നമുക്ക് എല്ലാം തികഞ്ഞതായി തോന്നും പക്ഷേ അത് നമ്മളിൽ ശരിയായി പ്രവർത്തിക്കില്ല. അതിനാൽ നിങ്ങളിലെ സ്ത്രണതയെ നിലനിർത്തിക്കൊണ്ടു തന്നെ നമുക്ക് നമ്മുടെ സ്വാതന്ത്രത്തിനായി അവകാശങ്ങൾക്കായി വിദ്യാഭ്യാസത്തിനായി സാമ്പത്തിക ഭദ്രതയ്ക്കായി പൊരുതാം, നേടിയെടുക്കാം. അതിനാൽ നിങ്ങളിലെ സ്ത്രീത്വം ഒരു പുഷ്പം ഒരു ചെടിക്ക് അലങ്കാരമേകുന്നതുപോലെ നമ്മുടെ കുടുംബത്തിന്റെ നല്ലൊരു പൂക്കാലത്തിനായി നമ്മൾ സ്ത്രീകൾക്കത് തല്ലിക്കൊഴിക്കാതെ കാത്തു സൂക്ഷിക്കാം ….

സ്റ്റാഫോർഡ്/ സ്റ്റോക്ക് ഓൺ ട്രെന്റ്: സ്റ്റോക്ക് ഓൺ ട്രെന്റിനടുത്തുള്ള സ്റ്റാഫ്‌ഫോർഡ് മലയാളികൾക്ക് ഇന്ന് വരെ ഇങ്ങനെ ഒരു സാഹചര്യം ഉണ്ടായിട്ടില്ല. ഇന്ന് രാവിലെ പത്തരയോടെ സ്റ്റോക്ക് ഓൺ ട്രെന്റ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ ചികിത്സയിൽ ഇരുന്ന ബിജു സ്റ്റീഫെൻറെ (47) മരണവാർത്ത. കാരണം ഇന്ന് ഇവർ യുകെയിൽ എത്തിയിട്ട് ഒരു മാസം പൂർത്തിയായപ്പോൾ ഒരായിരം പ്രതീക്ഷകളുമായി യുകെയിൽ എത്തിയ കുടുംബത്തിന്റെ നാഥൻ ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു. ഇവരുടെ ജീവിതത്തിലെ പ്രതിസന്ധികളുടെ കണ്ണീർ കഥകൾ  യുകെയിലെ ഒരു മലയാളിക്കും അനുഭവിക്കേണ്ടിവന്നിട്ടല്ല എന്ന് മലയാളം യുകെ ഉറപ്പിച്ചു പറയുന്നു.

ഭാര്യ ബിനു, ഒരാൺകുട്ടിയും പെൺകുട്ടിയും അടങ്ങുന്ന സാധാരണ കുടുംബം. ഫ്രബ്രുവരി ഏഴാം തിയതിയാണ് ഇവർ യുകെയിൽ എത്തിയത്. മുൻ സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളി കരുണയില്ലാതെ ഇവരുടെ കയ്യിൽ നിന്നും വാങ്ങിയത് 15 ലക്ഷം രൂപ. വിമാനക്കൂലി, വാടക വീട് മറ്റ് ചെലവുകൾ എല്ലാം കൂടി ഏകദേശം 20 ലക്ഷം മുടക്കി സ്റ്റാഫോഡിൽ എത്തി.

കോവിഡ് മാനദണ്ഡങ്ങൾ നിലനിക്കെയാണ് നാട്ടിൽ നിന്നും യുകെക്ക് വിമാനം കയറുന്നത്. കോവിഡ് ടെസ്റ്റ് നടത്തി ഫലം നെഗറ്റീവ്. മുൻ കഷ്ടകാലങ്ങൾ മാറി എന്ന് വിചാരിച്ചു ഇരിക്കെ യുകെയിൽ ഇറങ്ങി ഇവിടുത്തെ കോവിഡ് നിയമം അനുസരിച്ചുള്ള കോവിഡ് ടെസ്റ്റ് വീണ്ടും. കരിനിഴൽ വീഴ്ത്തി  ബിജുവിനും മൂത്ത ആൺകുട്ടിക്കും കൊറോണ ടെസ്റ്റ് പോസിറ്റീവ്. വാക്‌സിൻ എല്ലാം എടുത്തിരുന്നു എങ്കിലും കൊറോണ പിടിപെട്ടു. കോവിഡ് പിടിപെട്ടതോടെ ഭാര്യയായ ബിനു കുര്യന് ജോലിയിൽ ചേരുന്നതിനു കാലതാമസം ഉണ്ടാവുകയായിരുന്നു. എന്തായാലും രണ്ടാഴ്ച എടുത്തു കോവിഡ് മുകതമാകുവാൻ. തുടന്ന് ഭാര്യ കഴിഞ്ഞ ആഴ്ച്ച നഴ്സിംഗ് ഹോമിൽ ജോലിക്ക് കയറി.

25 തിയതി വെള്ളിയാഴ്ച്ച ബിനുവിന് ചെറിയ ഒരു ശ്വാസം മുട്ടൽ അനുഭവപ്പെടുകയും എന്ത് ചെയ്യണമെന്ന് അറിയാതെ വാടക വീട് കണ്ടെത്താൻ സഹായിച്ച സുഹൃത്തിനെ വിളിച്ചു. കാരണം മറ്റാരെയും അധികം പരിചയമില്ല. പെട്ടെന്ന് തന്നെ ആംബുലൻസ് വിളിക്കാൻ നിർദ്ദേശിച്ച കൂട്ടുകാരന്റെ വാക്കുകൾ അനുസരിക്കുകയും ആംബുലൻസ് പെട്ടെന്ന് തന്നെ എത്തുകയും ചെയ്‌തു. തുടർ പരിശോധനകളിൽ ശ്വാസം മുട്ടൽ കുറയുകയും ഉണ്ടായി. എന്നിരുന്നാലും ആംബുലൻസ് ടീം നടത്തിയ ഇ സി ജി ടെസ്റ്റ് വേരിയേഷൻ കാണിച്ചതോടെ സ്റ്റാഫോർഡ് ആശുപത്രിയിൽനിന്നും തുടർ ചെക്കപ്പിനായി സ്റ്റോക്ക് റോയൽ ആശയുപത്രിയിലേക്ക് അപ്പോൾത്തന്നെ മാറ്റുകയായിരുന്നു.

എക്കോ ചെയ്‌തെങ്കിലും കാരണങ്ങൾ അവ്യക്തമായതോടെ എം ആർ ഐ പരിശോധനയിൽ ഹാർട്ട് ബ്ലോക്ക് ഉണ്ടെന്ന് തിരിച്ചറിഞ്ഞ ഡോക്ടർമ്മാർ ഓപ്പറേഷൻ വേണ്ടിവരുമെന്ന് ബിജുവിനെ  അറിയിക്കുകയായിരുന്നു. തീരുമാനം പിന്നീട് അറിയിച്ചാൽ മതി എന്നും ആശുപത്രി അധികൃതർ ബിജുവിനെ ധരിപ്പിച്ചു. ഇതറിഞ്ഞ ബിജു വളരെയധികം അസ്വസ്ഥനായിരുന്നു. കാരണം ഷുഗറിന്റെ പ്രശ്ങ്ങൾ തന്നെയാണ് ബിജുവിനെ അസ്വസ്ഥനാക്കിയത്. ഇവിടുത്തെ രീതികളെക്കുറിച്ച് വലിയ അറിവില്ലാതിരുന്ന ബിജു കൂട്ടുകാരോട് കാര്യങ്ങൾ തിരക്കുകയും വേണമെങ്കിൽ ഓപ്പറേഷൻ നടത്താൻ പേടിക്കേണ്ട ആവശ്യമില്ല എന്ന്  കൂട്ടുകാർ അറിയിക്കുകയും ചെയ്തു.

ആശുപത്രി നിരീക്ഷണത്തിൽ ഇരുന്ന ബിജുവിന് ഇന്ന് രാവിലെ കാർഡിയാക് അറസ്റ്റ് ഉണ്ടാവുകയും മരണം സംഭവിക്കുകയും ആയിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചത് കാരണം ബിജുവിനെ സന്ദർശിക്കുവാൻ വിലക്കുകൾ ഉണ്ടായിരുന്നു. കാരണം ബിജുവിന്റെ ആരോഗ്യ നില ഗുരുതരമല്ലായിരുന്നു. ഈ പത്തുദിവസത്തിൽ ഒരു ദിവസം മാത്രമാണ് അനുവിന് ഭർത്താവിനെ കാണാൻ സാധിച്ചത്.  ഇന്ന് ജോലിയിൽ ആയിരുന്ന ഭാര്യ ബിനുവിനെ മൂന്നരയോടെ ജോലിസ്ഥലത്തെത്തി സുഹൃത്ത് കൂട്ടിക്കൊണ്ടു ആശുപത്രിൽ എത്തിച്ചത് മരണവിവരം അറിയിക്കാതെയാണ്. കാരണം മരണം അറിയിക്കാനുള്ള വാക്കുകൾ പേടികൊണ്ട് പുറത്തേക്ക് വന്നില്ല എന്നത് തന്നെ ബിജുവിന്റെ മരണത്തിലെ ഷോക്ക് എത്രയധികമെന്ന് വിവരിക്കേണ്ടതില്ല.

യുകെയിൽ എത്തി ഒരുമാസം പൂർത്തിയപ്പോൾ ഈ മലയാളി കുടുംബം കടന്നു പോകുന്നത് വിവരണത്തിന് അതീതമായ വേദനകളിലൂടെ…. കാരണം ഇതിനു മുൻപ് 2010 ൽ സ്റ്റുഡന്റ് വിസയിൽ ബിനു യുകെയിൽ എത്തിയെങ്കിലും വർക്ക് പെർമിറ്റ് ലഭിക്കാതെ ഒന്നര വർഷത്തിന് ശേഷം നാട്ടിലേക്ക് മടങ്ങേണ്ടിവന്നു.

രണ്ട് കുട്ടികളെ വളർത്തണം. ബിജുവും ഭാര്യ ബിനുവും വീണ്ടും ശ്രമിച്ചുകൊണ്ടിരുന്നു. അങ്ങനെയാണ് ലിബിയയിലേക്ക് അവസരം ലഭിക്കുന്നത്. നല്ലതല്ല എന്ന അറിവോടെ തന്നെ ലിബിയയിലേക്ക് പുറപ്പെട്ട ബിനുവിന് രണ്ട് വർഷം പോലും പൂർത്തിയാക്കാൻ സാധിക്കുന്നതിന് മുൻപ് അവിടെ യുദ്ധം ഉണ്ടായതോടെ അവിടെനിന്നും പലായനം നടത്തേണ്ടിവന്നു. എല്ലാം കഴിഞ്ഞു ഇല്ലാത്ത പണം ഉണ്ടാക്കി കൊടുത്തു യുകെയിൽ എത്തിയപ്പോൾ തനിക്ക് താങ്ങാവേണ്ട ഭർത്താവ് എന്നന്നേക്കുമായി വിടപറഞ്ഞിരിക്കുന്നു… ബാക്കിയായത് യുകെയിൽ എത്തിയ ഭാരിച്ച ബാധ്യതയും കണ്ണിൽ ഇരുട്ടും… യുകെക്ക് പോവുകയാണെങ്കിൽ എല്ലാവരും ഒരുമിച്ചു എന്ന് വാശിപിടിച്ചു ബിജു ഈ കുടുംബത്തിന് നഷ്ടപ്പെട്ടിരിക്കുന്നു.

പ്രാദേശിക അസ്സോസിയേഷൻ ആയ സ്റ്റാഫോർഡ് കേരളൈറ്റ്സ് ഫണ്ട് ശേഖരത്തിനായുള്ള ശ്രമങ്ങൾ ആരംഭിച്ചതായി അറിയുന്നു. ഗോ ഫണ്ട് മീ വഴിയാണ് എന്നാണ് അറിയുന്നത്. അസ്സോസിയേഷൻ പ്രസിഡന്റ് അനീഷ്, ബിജു സ്റ്റീഫന്റെ അകാല വേർപാടിൽ അനുശോചനം അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ:- ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ലീഫി ഹെയിലിൽ വീടിനു മുമ്പിൽ പാർക്കു ചെയ്തിരുന്ന കാറിൽ വ്യാജ നമ്പർ പ്ലേറ്റ് കണ്ടെത്തി. കാറ് മോഷ്ടിക്കാനുള്ള ശ്രമമാണെന്ന് സംശയിക്കുന്നതായി കാറുടമ വ്യക്തമാക്കി. വീടിനു മുൻപിൽ പാർക്ക് ചെയ്തിരുന്ന തന്റെ വാഹനത്തിലേക്ക് എത്തിയ കാറുടമ ഷാർലറ്റ് ഗ്രന്റി നമ്പർ പ്ലേറ്റിൽ വ്യത്യസ്ത കളർ ശ്രദ്ധിച്ചതിനെത്തുടർന്നാണ് വ്യാജ നമ്പർ പ്ലേറ്റ് ആണെന്ന് കണ്ടെത്തിയത്. കാർ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാകാം ഇത്തരത്തിൽ താൻ ഇത് ശ്രദ്ധിച്ചതെന്ന് അവർ വ്യക്തമാക്കി.

കാറിൽ സ്ഥാപിച്ച പുതിയ നമ്പർ പ്ലേറ്റ് ഡ്രൈവർ ആൻഡ് വെഹിക്കിൾ ലൈസൻസ് ഏജൻസിയുടെ അംഗീകൃത പ്ലേറ്റ് അല്ലെന്നും, അതിനാൽ തന്നെ ക്യാമറകളിൽ ഒന്നും തന്നെ ശ്രദ്ധിക്കപ്പെടാതെ കാർ കടത്തുവാൻ സഹായകരമാകുമെന്നും അധികൃതർ വിലയിരുത്തി. ഇതിനുമുൻപും തന്നെ വാഹനം മോഷ്ടിക്കപ്പെട്ടിട്ടുള്ളതായി ഷാർലറ്റ് പറഞ്ഞു. ഇതേ തുടർന്ന് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമാണ് അധികൃതർ നൽകുന്നത്. സംശയാസ്പദമായ സാഹചര്യത്തിൽ കാണുന്നവരെ സംബന്ധിച്ച് ഉടൻതന്നെ പോലീസിനെ വിവരം കൈമാറണമെന്നും അറിയിപ്പ് നൽകിയിട്ടുണ്ട്.

സുജു ജോസഫ് 

കേരള ഗവൺമെൻറിന്റെ സാംസ്കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന റേഡിയോ മലയാളത്തിന്റെ ഏറ്റവും ജനപ്രിയ പരിപാടികളിൽ ഒന്നായ ‘കിളിവാതിൽ’ എന്ന പേരിൽ നടത്തുന്ന പരിപാടിക്ക് പുതു മാനം നൽകി മലയാളം മിഷൻ യുകെ ചാപ്റ്ററിലെ അധ്യാപകരും വിദ്യാർഥികളും ചേർന്ന് അവതരിപ്പിച്ച സർഗ്ഗ സൃഷ്ടികൾ ഏറെ ശ്രദ്ധേയമായി. വൈവിധ്യമാർന്ന പരിപാടികൾ ഉൾപ്പെടുത്തി ഇക്കഴിഞ്ഞ ഡിസംബർ 27 മുതൽ 30 വരെ ഓരോ ദിവസവും 4 സമയങ്ങളിലായി ക്രിസ്തുമസ് നവവത്സര-സ്പെഷ്യൽ പ്രോഗ്രാമായിട്ടാണ് റേഡിയോ മലയാളത്തിൽ കിളിവാതിൽ സംപ്രേഷണം ചെയ്തത്.

കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെടുന്ന നന്മയുടെ സന്ദേശം നല്കുന്ന ചിന്തോദ്ദീപകമായ ഒരു കഥ മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫ് ഏവർക്കും ആകർഷകമായ രീതിയിൽ ആമുഖമായി അവതരിപ്പിച്ച് പരിപാടികൾക്ക് തുടക്കം കുറിച്ചു.

യുകെയിലെ അറിയപ്പെടുന്ന ഗായകനും കവന്ററി കേരള സ്കൂൾ അധ്യാപകനുമായ ഹരീഷ് പാലാ മലയാള നാടിന്റെപ്രകൃതി സൗന്ദര്യം നിറഞ്ഞുനിൽക്കുന്ന ‘കേരളം കേരളം കേളികൊട്ടുയരുന്ന കേരളം’ എന്ന ഗാനംഅതിമനോഹരമായി ആലപിച്ച് മുഴുവൻ ശ്രോതാക്കളുടെയും അഭിനന്ദനമേറ്റുവാങ്ങി. ബേസിംഗ് സ്റ്റോക്ക് മലയാളം സ്കൂളിലെ വിദ്യാർത്ഥിനികളും കൊച്ചു വാനമ്പാടികളുമായ ആൻ എലിസബത്ത്ജോബിയും ആഗ്നസ് തോമസും ആലപിച്ച ഭക്തി സാന്ദ്രമായ ഗാനങ്ങൾ സംഗീതാസ്വാദകർക്ക് ഏറെ ഇഷ്ടമായി.

യുകെയിലെ ഹോർഷം അമ്മ മലയാളം സ്കൂളിലെ വിദ്യാർത്ഥി നവനീത് പ്രശാന്ത്, സ്കൂളിലെ അധ്യാപികയും സ്വന്തം അമ്മയുമായ ദിവ്യ പ്രശാന്തിനൊപ്പം ചേർന്ന് ഹൃദ്യമായി ആലപിച്ച കുമാരനാശാന്റെ കവിത വ്യത്യസ്തതയാർന്ന തലത്തിൽ എത്തിച്ചു. ലണ്ടനിലെ പ്രശസ്ത മലയാളി അസോസിയേഷനായ എം എ യുകെയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന മലയാളം സ്കൂളിലെ വിദ്യാർത്ഥിനി ശ്രേയ മേനോൻ ആലപിച്ച നാടൻ പാട്ടും കൈയ്യടി നേടുകയുണ്ടായി.

ലണ്ടനിലെ ഇതളുകൾ മലയാളം സ്കൂളിലെ ആറ് വയസുകാരിയായ വിദ്യാർത്ഥിനി നിരൂപമ സന്തോഷ് വയലാർ രാമവർമ്മയുടെ വൃക്ഷം എന്ന കവിത ആലപിച്ച് കവിതയെ സ്നേഹിക്കുന്ന ശ്രോതാക്കളെ വിസ്മയിപ്പിച്ചപ്പോൾ ലണ്ടനടുത്തുള്ള സെന്റ് മോണിക്ക മിഷൻ മലയാളം സ്‌കൂളിലെ വിദ്യാർഥി ഡാറിൻ കെവിൻ മധുരിമയാർന്ന ഈണത്തിൽ മനോഹരമായ ഒരു ലളിതഗാനം ആലപിച്ച് ശ്രോതാക്കളുടെ മനം കവർന്നു.

എല്ലാ കൂട്ടുകാർക്കുമായി മനോഹരമായ ഒരു കവിത ആലപിച്ച ബേസിംഗ്‌സ്‌റ്റോക് മലയാളം സ്കൂളിലെ വിദ്യാർഥിയായ ആരോൺ തോമസ് ജോബിയും യുകെയിലെ ന്യൂകാസിലിൽ പ്രവർത്തിക്കുന്ന സമീക്ഷ മലയാളം സ്കൂളിലെ വിദ്യാർത്ഥിനികളും കൊച്ചു ഗായികമാരുമായ മിയ റോസ് ജെപുത്തനും ആദ്യ സിനോജും ആലപിച്ച വ്യത്യസ്തതയാർന്ന ഗാനങ്ങളും പ്രശസ്ത കവി കെ അയ്യപ്പപ്പണിക്കരുടെ പൂക്കാതിരിക്കാൻ എനിക്കാവതില്ലേ എന്ന കവിതയാലപിച്ച പോർസ്‌മൗത്ത് ഹിന്ദു സമാജം മലയാളം സ്‌കൂളിലെ വിദ്യാർത്ഥിനി ശാരദ പിള്ളയും റേഡിയോ മലയാളത്തിന്റെ മുഴുവൻ ശ്രോതാക്കളുടെയും പ്രശംസ നേടി.

 

മലയാളം മിഷന്റെ ഭാഗമായ റേഡിയോ മലയാളത്തിൽ പങ്കെടുക്കുവാൻ യുകെ ചാപ്റ്ററിലെ അധ്യാപകർക്കും പഠിതാക്കൾക്കും അവസരം നൽകിയതിന് റേഡിയോ മലയാളത്തിന്റെ മുഴുവൻ സാരഥികളോടും മലയാളം മിഷൻയുകെ ചാപ്റ്റർ ഭാരവാഹികൾ നന്ദി അറിയിച്ചു.

വ്യത്യസ്തതയാർന്ന സർഗ്ഗസൃഷ്ടികൾ ഉൾപ്പെടുത്തി ചുരുങ്ങിയ സമയത്തിനുള്ളിൽ പരിപാടികളുടെ ഏകോപനംനടത്തി റേഡിയോ മലയാളത്തിന്റെ കിളിവാതിൽ എന്ന സ്പെഷ്യൽ പ്രോഗ്രാമിനെ സമ്പന്നമാക്കുവാൻ സഹായിച്ച അധ്യാപകരെയും കുട്ടികളെയും മാതാപിതാക്കളെയും പരിപാടിയിൽ പങ്കെടുത്ത മുഴുവൻ കലാപ്രതിഭകളെയും മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി. എ ജോസഫ്, സെക്രട്ടറി എബ്രഹാം കുര്യൻ റീജിയണൽ കോർഡിനേറ്റർമാരായ ബേസിൽ ജോൺ, ആഷിക്ക് മുഹമ്മദ് നാസർ, ജയപ്രകാശ് എസ് എസ്, രെഞ്ചു പിള്ള, ബിന്ദു കുര്യൻ, ജിമ്മി ജോസഫ് എന്നിവർ അഭിനന്ദിച്ചു.

റേഡിയോ മലയാളത്തിന്റെ കിളിവാതിൽ പരിപാടിയിൽ ക്രിസ്മസ് പുതുവത്സര സ്പെഷ്യൽ പ്രോഗ്രാമായിമലയാളം മിഷൻ യുകെ ചാപ്റ്ററിലെ അധ്യാപകരും വിദ്യാർത്ഥികളും അവതരിപ്പിച്ച സർഗ്ഗസൃഷ്ടികൾ കേൾക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

 

ലണ്ടൻ : ഹീത്രൂ എയർപോർട്ട് ടെർമിനലുകളിൽ യാത്രക്കാരെ ഡ്രോപ്പ്-ഓഫ് ചെയ്യാൻ £5 പാർക്കിങ് നിരക്ക് ഈടാക്കി തുടങ്ങി.2021 നവംബർ മുതൽ പാർക്കിങ് നിരക്ക് ഈടാക്കിതുടങ്ങിയിട്ടുണ്ടെങ്കിലും പലരും ഇക്കാര്യം അറിഞ്ഞിട്ടില്ല എന്നതാണ് വസ്തുത.

ഹീത്രൂ എയർപോർട്ട് ടെർമിനലുകളിൽ വിമാനയാത്രക്കാരെ ഡ്രോപ്പ്-ഓഫ് സോണിൽ കൊണ്ടുവരുന്നതിന് മുൻപോ പിറ്റേന്ന് രാത്രിക്കു മുൻപോ പാർക്കിങ് ചാർജ്ജായ £5 അടക്കേണ്ടതാണ്. അല്ലാത്തപക്ഷം നോൺ-പേയ്‌മെന്റ് കുറ്റത്തിന് പിഴയായി £80 പാർക്കിംഗ് ചാർജ് നോട്ടീസ് (PCN) ലഭിക്കുന്നതായിരുക്കും.

ഈ പിഴ 14 ദിവസത്തിനുള്ളിൽ അടച്ചാൽ £40 ആയി കുറയും. ലണ്ടൻ ഗാറ്റ്‌വിക്കും ലണ്ടൻ ലൂട്ടണും ഇതിനകം തന്നെ വിമാനത്താവളത്തിൽ ഇറക്കാൻ യാത്രക്കാരിൽ നിന്ന് പണം ഈടാക്കുന്നുണ്ട്.ഡ്രൈവർമാരെ ട്രാക്ക് ചെയ്യുന്നതിന് എയർപോർട്ട് ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (ANPR) ഉപയോഗിക്കും.

പണമടയ്ക്കാൻ മൂന്ന് വഴികളുണ്ട്: ഓൺലൈനായി, ഓട്ടോമേറ്റഡ് ടെലിഫോൺ സേവനത്തിലൂടെ, അല്ലെങ്കിൽ നിങ്ങൾ ഓട്ടോപേ വഴിയും. കാർഡ് വഴി മാത്രമേ പണമടയ്ക്കാൻ കഴിയൂ. പണവും ചെക്ക് പേയ്മെന്റുകളും സ്വീകരിക്കില്ല.

പ്രൊഫ .ബാബു പൂഴിക്കുന്നേൽ 

എൻറെ പ്രിയ സഹോദരി ജസ്ലി ജോൺസൺ പുത്തൻ കളത്തിൽ ഇന്ന് വെളുപ്പിന് (28 -02-2022) ഇംഗ്ലണ്ടിലെ പോർസ്മൗത്തിൽ വെച്ച് ഈ ലോകത്തോട് വിടപറഞ്ഞു. ക്യാൻസർ രോഗത്തിൻ്റെ ചികിത്സയിലായിരുന്ന പ്രിയ ജസ്സി ആരോടും പരിഭവമില്ലാതെ, ഒന്നിനേക്കുറിച്ചും പരാതി പറയാതെ ഞങ്ങൾക്ക് സ്നേഹവും സന്തോഷവും പ്രസരിപ്പും മാത്രം സമ്മാനിച്ച് യാത്രയായി. ഞങ്ങളുടെ സഹോദര വല്ലരിയിൽ നിന്നും കൊഴിഞ്ഞുവീഴുന്ന ആദ്യ പുഷ്പം.

ജെസ്സി എന്നേക്കാൾ രണ്ടു വയസ്സിന് ഇളയതാണ്. മൂത്ത സഹോദരങ്ങളെ ഒക്കെ ദുഃഖത്തിലാഴ്ത്തി ഞങ്ങളുടെ പെങ്ങൾ സ്വർഗ്ഗ തീരത്തേയ്ക്ക് യാത്രയാകുന്നു. ജീവിതത്തെ വളരെ സ്നേഹിച്ച ഒരു വ്യക്തിയായിരുന്നു അവൾ . പഠിക്കണം, ജോലി സമ്പാദിക്കണം, സാമ്പത്തിക സ്വാതന്ത്ര്യത്തോടെ ജീവിക്കണം ഇതെല്ലാം ചെറുപ്പകാലം മുതലുള്ള അവളുടെ ആഗ്രഹങ്ങളായിരുന്നു. ബി.സി.എമ്മിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം സ്വർണ്ണഖനികളുടെ നാടായ കോളറിലാണ് അവൾ നേഴ്സിംഗ് പഠനം നടത്തിയത്. ബാംഗ്ലൂർക്കുള്ള ഐലൻ്റ് എക്സ്പ്രസിൽ കയറി ബംഗാരപ്പേട്ട എന്ന സ്റ്റേഷനിലിറങ്ങി കോളാറിലേക്കുള്ള ബസ് പിടിച്ച് പോയ ചിത്രങ്ങളൊക്കെ എൻറെ മനസ്സിൽ തെളിയുന്നു . ആദ്യമായി സാരിയുടുത്ത് ഇൻറർവ്യൂ വിജയിച്ച് അഡ്മിഷൻ കിട്ടിയ അഭിമാനത്തോടെ നാട്ടിലേയ്ക്ക് യാത്രയാക്കിയ ജസ്സിയുടെ ചിരിക്കുന്ന മുഖം ഇപ്പോഴും എൻറെ മനസ്സിൽ ദീപ്തമാണ്. വിവാഹത്തിനുശേഷം കുവൈറ്റിലേയ്ക്കുള്ള വിസാ സ്റ്റാമ്പു ചെയ്യുവാൻ വേണ്ടി ഞാനും ജസ്സിയും കൂടി ബോംബെയിലെത്തി കറുകപ്പറമ്പിൽ ഫിലിപ്പ് ചേട്ടൻറെ വീട്ടിലും ലിസി ലാസറാഡോയുടെ ഫ്ലാറ്റിലും താമസിച്ച ഓർമ്മകൾ . …പിന്നീട് മകൾ ചിന്നുവിനെ വളർത്താൻ ഞങ്ങളെ ഏൽപ്പിച്ച അവൾ ബഹറിനിലേക്ക് കൂടുമാറിപ്പോകുമ്പോൾ ചിന്നുവിൻ്റെ ഒരു കുഞ്ഞുടുപ്പ് മണത്തു വിതുമ്പുന്ന ജസ്സിയുടെ ചിത്രവും ഞാൻ ഓർമ്മിക്കുന്നു.

2003-ൽ അവൾ പോർട്ട്സ് മൗത്തിലേക്ക് പറിച്ചു നടപ്പെട്ടു . യുകെയിലെ വാസം ജസ്സിക്ക് കൂടുതൽ ഉണർവും ഉന്മേഷവും നൽകി. ബ്രിട്ടീഷ് പൗരത്വം നേടി അവൾ സുരക്ഷിതയായി . 2010-ൽ പോർട്ട്സ് മൗത്തിലെ അവളുടെ സ്വന്തം വീട്ടിൽ രണ്ടാഴ്ചക്കാലം ഞാൻ താമസിക്കുകയുണ്ടായി. പള്ളിയിലെ പ്രേഷിത പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്ന എൻ്റെ പ്രിയ സഹോദരിയെ അഭിമാനത്തോടെ നോക്കിക്കണ്ടു. അവളുടെ ആത്മവിശ്വാസം എന്നെ അത്ഭുതപ്പെടുത്തി. ആ ഇംഗ്ലീഷ് പള്ളിയിൽ കുർബാന നൽകുന്ന വോളൻ്റിയേഴ്സിൻ്റെ ലീഡറായിരുന്നു അവൾ. പ്രാർത്ഥനയുടെ കൃപാവരത്തിൽ ആ കുടുംബമാകെ ചൈതന്യമുള്ളതായി എനിക്ക് അനുഭവപ്പെട്ടു . ചെറുപ്പത്തിൽ കുസൃതിക്കുറുമ്പനായിരുന്ന കെവിൻ അൾത്താര ബാലൻ്റെ വേഷത്തിൽ ദേവാലയ ശുശ്രൂഷകളിൽ ഭക്തിപൂർവ്വം ഭാഗഭാക്കാകുന്നത് എന്നെ കോരിത്തരിപ്പിച്ചു. പോർട്ട്സ് മൗത്ത് നഗരത്തിൻ്റെ മുക്കുംമൂലയും കാണുവാൻ അവൾ എന്നെ കൂട്ടിക്കൊണ്ടുപോയി. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഭവനങ്ങളിൽ നടന്ന അത്താഴ വിരുന്നുകളിൽ സ്വന്തം ആങ്ങളയെ അഭിമാനത്തോടെ അവൾ അവതരിപ്പിച്ചു.

ആതിര മോളുടെയും അനഘ മോളുടെയും വിവാഹത്തിൻ്റെ എല്ലാ ചടങ്ങുകളിലും സജീവമായി പങ്കെടുത്ത് അവൾ കുടുംബാന്തരീക്ഷത്തിൻ്റെ സന്തോഷത്തിന് കലവറയില്ലാതെ സൗരഭ്യം പകർന്നു . പരാതി പറയാതെ ആരെയും കുറ്റപ്പെടുത്താതെ സദാ ചിരിക്കുന്ന ജസ്സി പോസിറ്റീവ് എനർജിയുടെ ആൾരൂപമായിരുന്നു. ആത്മീയതയുടെ ചൈതന്യം അവളുടെ മുഖശ്രീയായിരുന്നു. ജസ്സിയാൻറി എല്ലാ മക്കൾക്കും പ്രിയപ്പെട്ടവളായിരുന്നു. തുറന്നടിച്ച് സംസാരിച്ചിരുന്നുവെങ്കിലും പുത്തൻ കളത്തിൽ കുടുംബാംഗങ്ങൾക്ക് ജസ്സി പ്രിയപ്പെട്ടവളായിരുന്നു. ജോയിച്ചായനേക്കുറിച്ചും റോയിച്ചായനേക്കുറിച്ചും ആൻസി ചേച്ചിയെക്കുറിച്ചും ജസ്സിയെക്കുറിച്ചും അവൾ ആദരപൂർവ്വമാണ് സംസാരിച്ചിരുന്നത്.

അപ്പച്ചൻ്റെയും അമ്മച്ചിയുടെയും ചരമവാർഷികത്തിന് അവൾ ജോൺസനേയും കൂട്ടി വന്നു. അന്ന് ഞങ്ങൾ സഹോദരങ്ങളെല്ലാം പൂഴിക്കുന്നേൽ വീട്ടിൽ ഒന്നിച്ചുകൂടി; വേളാങ്കണ്ണിയിലേക്ക് തീർത്ഥാടനം നടത്തി; അപ്പച്ചൻ്റെയും അമ്മച്ചിയുടെയും കല്ലറയിൽ പൂക്കളർപ്പിച്ച് പ്രാർത്ഥിച്ചു; ചടങ്ങിൽ പങ്കെടുത്ത ബന്ധുക്കൾക്കും മിത്രങ്ങൾക്കും പൗര പ്രമുഖന്മാർക്കും കുടുംബത്തിൻറെ കൃതജ്ഞത അർപ്പിച്ചു. അന്നു സന്ധ്യയിൽ സഹോദരങ്ങളെല്ലാം അവരവരുടെ കൂടുകളിലേക്ക് മടങ്ങി . കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്ത് ഞങ്ങൾ യാത്ര പറഞ്ഞു. പിന്നെ അങ്ങനെയൊരു സഹോദരസംഗമം നടന്നിട്ടില്ല.

അവസാനമായി അവൾ കോട്ടയത്തു വരുന്നത് 2018 ഫെബ്രുവരിയിലാണ്. കൊച്ചു മകൾ സാറയുടെ മാമോദീസായ്ക്ക് . ഹോട്ടൽ ഐഡായുടെ ചെറിയ ഹാളുകളിൽ ആ സന്ധ്യ ഞങ്ങൾ സുന്ദര സുരഭിലമാക്കി . സാറായുടെ മാമോദീസാ അവിസ്മരണീയമായി. പൂഴിക്കുന്നേലേയും പുത്തൻ കളത്തിലേയും കൂന്തമറ്റത്തിലേയും കുടുംബാംഗങ്ങൾ ഒന്നിച്ചു കൂടിയ ആ മംഗള മുഹൂർത്തം ലളിത സുന്ദര ദീപ്തമായ മറ്റൊരു സമാഗമത്തിന് വഴിയൊരുക്കി.

ഈ മനോഹര തീരത്തു നിന്നും….. സ്വർഗ്ഗീയ തീരത്തേയ്ക്ക് യാത്രയാകുന്ന പ്രിയ പെങ്ങളെ , നിനക്കു ഞാനൊരു മുത്തം തരട്ടെ.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

തുടർച്ചയായ മരണത്തിൻറെ ഞെട്ടലിലാണ് യുകെ മലയാളികൾ. മാഞ്ചസ്റ്ററിന് സമീപം ലീയിൽ താമസിക്കുന്ന സനിൽ സൈമണാണ് കാൻസർ രോഗബാധിതനായി മരണത്തിന് കീഴടങ്ങിയത് .കേരളത്തിൽ കോട്ടയം കാരിത്താസ് ആണ് സ്വദേശം. സനിൽ രണ്ട് വർഷത്തോളമായി ക്യാൻസറിനുള്ള ചികിത്സയിലായിരുന്നു.

കേതനല്ലൂർ (ചാമക്കാല ) ചിറക്കര പറമ്പിൽ അനു ആണ് സനിലിൻ്റെ ഭാര്യ. സനിലിൻ്റെ മാതാപിതാക്കളായ ഉഴവൂർ വെട്ടിക്കാനാർ സൈമണും സിസിലിയും (കരിങ്കുന്നം വടക്കേക്കര കുടുംബം) ലീയിൽ തന്നെയാണ് താമസം. ഏക സഹോദരി സലോണി ജോസഫ് ബർമിംഗ്ഹാമിലാണ് താമസിക്കുന്നത്.

സനിൽ സൈമണിൻെറ നിര്യാണത്തിൽ മലയാളംയുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിലെ മലയാളി കൂട്ടായ്മയിൽ നിന്ന് ഒരു മാലാഖ കൂടി വിടപറഞ്ഞു. പുത്തൻ കുളത്തിൽ പി സി ജോൺസൻെറ ഭാര്യ ജെസി ജോൺസൺ (61 ) ഫെബ്രുവരി 28 രാവിലെ 1 .40 ന് പോര്‍ട്‌സ്മൗത്തിൽ വച്ച് നിര്യാതയായി. ഒരു വർഷമായി ക്യാൻസർ ചികിത്സയിലായിരുന്നു. കഴിഞ്ഞ 18 വർഷമായി ഇവർ പോര്‍ട്‌സ്മൗത്തിലാണ് താമസിക്കുന്നത്. ജെസി ജോൺസൺ പോര്‍ട്‌സ്മൗത്ത് ക്യൂന്‍ അലക്‌സാന്‍ഡ്ര ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സായിരുന്നു. സംസ്കാരം പിന്നീട് . മകൾ: ചിന്നു അജോ കുത്തമറ്റത്തിൽ, മകൻ: കെവിൻ ജോൺസൺ, മരുമകൻ: അജോ കുത്തമറ്റത്തിൽ.

കേരളത്തിൽ കുമരകമാണ് സ്വദേശം. പരേതയായ ജെസി ജോൺസൺ സംക്രാന്തി പൂഴിക്കുന്നേൽ കുടുംബാംഗമാണ്.   എഴുത്തുകാരനും പ്രഭാഷകനും അധ്യാപകനുമായ ബാബു പൂഴിക്കുന്നേലിൻെറ സഹോദരിയാണ്. മറ്റു സഹോദരങ്ങൾ: അന്നമ്മ മാത്യു, ലൂക്കോസ് തോമസ്, ടെസി ജിമ്മി , ടോം സാജൻ .

മേരി ജോൺസൻെറ നിര്യാണത്തിൽ മലയാളംയുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ആരോടും പരിഭവമില്ലാതെ ഒന്നിനെക്കുറിച്ചും പരാതി പറയാതെ ഞങ്ങൾക്ക് സ്നേഹവും സന്തോഷവും പ്രസരിപ്പും മാത്രം സമ്മാനിച്ച് പ്രിയ സഹോദരി വിട പറഞ്ഞതായി പ്രൊഫ. ബാബു പൂഴിക്കുന്നേൽ ജെസി ജോൺസനെ അനുസ്മരിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : റഷ്യയുടെ യുക്രൈൻ അധിനിവേശത്തെ തുടർന്ന് റഷ്യൻ കമ്പനിയായ റോസ്നെഫ്റ്റിൽ നിന്നും ഓഹരി നിക്ഷേപം പിൻവലിച്ച് ബ്രിട്ടീഷ് പെട്രോളിയം. റഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ കമ്പനിയായ റോസ്നെഫ്റ്റിലെ 19.75% ഓഹരി നിക്ഷേപമാണ് ബിപി പിൻവലിച്ചത്. യുകെ സർക്കാരിന്റെ കടുത്ത സമ്മർദ്ദത്തെ തുടർന്നാണ് ഈ നീക്കം. ബിപി ചീഫ് എക്സിക്യൂട്ടീവ് ബെർണാഡ് ലൂണി റോസ്നെഫ്റ്റ് ബോർഡിൽ നിന്ന് രാജിവെച്ചു. 2020 മുതൽ റോസ്‌നെഫ്റ്റ് ബോർഡിലെ അംഗമായിരുന്നു ലൂണി. റഷ്യൻ വാർത്താ ഏജൻസികളിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം ബിപിയുടെ തീരുമാനത്തെ റോസ്നെഫ്റ്റ് കുറ്റപ്പെടുത്തി. മുപ്പത് വർഷത്തെ സഹകരണം അവസാനിച്ചുവെന്ന് അവർ പറഞ്ഞു.

റോസ്‌നെഫ്റ്റിന്റെ ചെയർമാൻ ഇഗോർ സെച്ചിൻ പ്രസിഡന്റ് പുടിന്റെ അടുത്ത സുഹൃത്താണ്. റഷ്യൻ സൈന്യത്തിന് ഇന്ധനം വിതരണം ചെയ്യുന്നതും റോസ്നെഫ്റ്റ് ആണ്. റഷ്യയ്‌ക്കെതിരായ ഉപരോധം തങ്ങളുടെ ബിസിനസിനെ ഗുരുതരമായി ബാധിക്കുമെന്ന് ബിപി കഴിഞ്ഞ വർഷം അറിയിച്ചിരുന്നു. 2014ൽ റഷ്യ ക്രിമിയ പിടിച്ചടക്കിയതു മുതൽ റോസ്‌നെഫ്റ്റ് യുഎസിന്റെയും യൂറോപ്യൻ യൂണിയന്റെയും ഉപരോധത്തിന് കീഴിലാണ്.

ബിപിയുടെ പുതിയ തീരുമാനം പ്രകാരം, റോസ്‌നെഫ്റ്റുമായുള്ള സാമ്പത്തിക ബന്ധം വിച്ഛേദിക്കുകയും ലാഭവിഹിതം എടുക്കുന്നത് നിർത്തുകയും ചെയ്യും. ഒപ്പം ബോർഡിലെ രണ്ട് സീറ്റുകളിൽ നിന്നും പിന്മാറുകയാണെന്നും ബിപി വ്യക്തമാക്കി. റഷ്യ-യുക്രൈൻ യുദ്ധം തുടങ്ങിയതിന് പിന്നാലെ ആഗോളതലത്തിൽ ഓഹരിവിപണിയിൽ വൻ തകർച്ചയാണ് ഉണ്ടായത്. 2014ന് ശേഷം ആദ്യമായി ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നു. നിക്ഷേപകർ ഓഹരികളിൽ നിന്ന് കൂട്ടത്തോടെ പിൻവലിയുന്നതും വലിയ തിരിച്ചടിയ്ക്ക് കാരണമായി.

RECENT POSTS
Copyright © . All rights reserved